വിഴിഞ്ഞത്ത് തുറമുഖത്തിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശം / Photo: asgeorge 666, flickr

മാഞ്ഞുപോകാനൊരുങ്ങുകയാണ് മത്സ്യബന്ധന ഗ്രാമങ്ങൾ

മൺസൂൺ വിളിപ്പാടകലെ എത്തിക്കഴിഞ്ഞിട്ടും നമ്മുടെ സംവിധാനങ്ങൾ നിസ്സംഗത വെടിയാൻ തയ്യാറായില്ലെങ്കിൽ പൊഴിയൂരിനെയും പൂന്തുറയെയും പോലുള്ള നിരവധി മത്സ്യബന്ധന ഗ്രാമങ്ങളിലും വരും വർഷങ്ങളിൽ ഇക്കഴിഞ്ഞയാഴ്ച സംഭവിച്ചതു പോലുള്ള ദുരിതങ്ങൾ നാം കാണേണ്ടി വരും.

‘‘ഓരോ വർഷവും കുറഞ്ഞത് 50 വീടുകൾ വീതം കടലെടുത്തുപോകുന്നൊരു നാട് ഇന്നേക്ക് അഞ്ച് വർഷങ്ങൾക്കപ്പുറം നിങ്ങളുടെയൊക്കെ ഓർമകളിൽ നിന്നുപോലും മാഞ്ഞുപോകാനൊരുങ്ങുകയാണ്. ഇവിടെയൊരു കടപ്പുറം ഉണ്ടായിരുന്നെന്നും അവിടെ നമുക്കൊരു വീടുണ്ടായിരുന്നെന്നും പഴയ ഫോട്ടോകളും ഓർമയിൽ ബാക്കിയായ ദൃശ്യങ്ങളും പൊടിതട്ടിയെടുത്തുമാത്രം വർഷങ്ങൾക്കപ്പുറം വളർന്നു വലുതാവുന്ന മക്കളോട് പറഞ്ഞുകൊടുക്കേണ്ട ഗതികേടിലാണ് ഞങ്ങളൊക്കെയുള്ളത്.''; തിരുവനന്തപുരം വിമാനത്താവളത്തിനടുത്തുള്ള കൊച്ചുതോപ്പ് എന്ന ചെറിയൊരു മത്സ്യബന്ധന ഗ്രാമത്തിലെ താമസക്കാരിയായ മേരി ചേച്ചി കഴിഞ്ഞ വർഷം ഓണത്തിന്റെ പിറ്റേന്ന് എന്നോട് പറഞ്ഞതാണിത്.

കൊച്ചുതോപ്പിൽ കടൽ കരയിലേക്ക് ഇരച്ചുകയറി നിരവധി വീടുകൾ പൂർണമായോ ഭാഗികമായോ തർന്നിട്ടുണ്ടെന്ന വാർത്തയറിഞ്ഞ് അവരെ വിളിച്ചതായിരുന്നു ഞാൻ. അന്ന് തോപ്പിലുള്ള സെൻറ്​ റോക്‌സ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലിരുന്നാണ് മേരി ചേച്ചി എന്നോട് സംസാരിച്ചത്.

ഏഴുവർഷങ്ങൾക്കുമുൻപ്, അതായത് വരാന്തയിലെ വാതിലുകൾ നേരെ കടലിലേക്കുതുറക്കുന്ന വീടുകൾ ഇന്നത്തെപ്പോലെ കടലിനെ പേടിച്ചു തുടങ്ങുന്നതിനൊക്കെ മുമ്പാണ് മേരി കൊച്ചുതോപ്പിലെ കടപ്പുറത്ത് മൂന്നുസെൻറ്​ ഭൂമി വാങ്ങിയത്. 2017ൽ അവിടെയൊരു വീടും വച്ചു. പക്ഷേ അതിനുപിന്നാലെ, മേരിയുടെ വാക്കുകളിൽ തന്നെ പറഞ്ഞാൽ, വിഴിഞ്ഞത്തെ തുറമുഖ നിർമാണത്തിന് കടലിൽ കല്ലടുക്കിയതിനുപിന്നാലെയാണ് തങ്ങളുടെ വീടുകളിലേക്ക് കടൽ നിനച്ചിരിക്കാത്ത നേരങ്ങളിൽ കടന്നുവന്നു തുടങ്ങിയതെന്ന് മേരി ഓർക്കുന്നു.

ടോട്ടെ ചുഴലിക്കാറ്റിനുമുന്നോടിയായി കടൽ പ്രക്ഷുബ്ധമാവുകയും കേരളത്തിന്റെ തെക്കേയറ്റത്തുള്ള പൊഴിയൂരിലും തിരുവനന്തപുരം നഗരത്തോടുചേർന്ന പൂന്തുറയിലുമൊക്കെ കടലേറ്റം ഉണ്ടായെന്നും നിരവധി വീടുകൾ തകർന്നെന്നും അറിഞ്ഞതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ഞാൻ വീണ്ടും മേരി ചേച്ചിയെ വിളിച്ചു.

ടോട്ടെ ചുഴലിക്കാറ്റിൽ തകർന്ന തോപ്പിലെ തീരപ്രദേശം
ടോട്ടെ ചുഴലിക്കാറ്റിൽ തകർന്ന തോപ്പിലെ തീരപ്രദേശം

അവരും കുടുംബവും ഇപ്പോഴും സെൻറ്​ റോക്ക്‌സ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ തന്നെയാണ്. ഒരു മാസത്തിനുള്ളിൽ പുതിയ വീട്ടിലേക്കോ സർക്കാർ നിർമിച്ച പുനർഗേഹം പാർപ്പിട സമുച്ചയത്തിലേക്കോ മാറ്റി പാർപ്പിക്കാം എന്ന ഉറപ്പിലാണ് കഴിഞ്ഞ വർഷം മേരിയുടേതുൾപ്പെടെ പത്തോളം കുടുംബങ്ങളെ സെൻറ്​ റോക്ക്‌സ് സ്‌കൂളിലെത്തിച്ചത്. ഇപ്പോൾ വർഷം ഒന്നാവാറായി. എന്നിട്ടും അവർ അതേ സ്‌കൂളിൽ തന്നെ അഭയാർത്ഥികളെപ്പോലെ കഴിയുന്നു. ഇതിനിടയിൽ തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞുപോയി. എന്നിട്ടും ഇവരെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമങ്ങൾ എങ്ങും എത്തിയിട്ടില്ല. കോവിഡിനെത്തുടർന്ന് സ്‌കൂളുകളിൽ അധ്യയനം നടക്കാത്തതും ഇവരുടെ കാര്യത്തിൽ ദ്രുതഗതിയിൽ നടപടി എടുക്കാതിരിക്കുന്നതിന് കാരണമായി എന്നുവേണം കരുതാൻ.

കടലിൽ അശാസ്​ത്രീയ നിർമാണം

കടൽ കയറ്റവും അതിനെത്തുടർന്ന് വീടുകൾ തകരുന്നതും മാധ്യമങ്ങളിലെ സ്ഥിരം വാർത്താതലക്കെട്ടായി മാറാൻ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. ഒരു കാലത്ത് നിരനിരയായി വീടുകൾ കടലെടുത്ത് പോവുന്നത് കണ്ടുനിൽക്കേണ്ടി വന്ന മനുഷ്യരെ വലിയതുറയിലും പൂന്തുറയിലുമൊക്കെ പോയാൽ കാണാം. രണ്ടും മൂന്നും വർഷങ്ങൾ വലിയതുറ ഫിഷറീസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ തള്ളിനീക്കിയതിന് ശേഷം മാത്രം സർക്കാർ നിർമിച്ചുനൽകിയ 400 മുതൽ 600 സ്‌ക്വയർ ഫീറ്റ് വരെ വലിപ്പമുള്ള കുടുസു ഫ്ളാ​റ്റുകളിലേക്ക് മാറിയത് 150ഓളം കുടുംബങ്ങളാണ്. പരിചയമുള്ള പലരും വർഷങ്ങളോളം ഇത്തരത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നരകിച്ച് താമസിച്ചതിന്റെ അനുഭവങ്ങൾ തലയ്ക്കുമുകളിൽ ഉള്ളതുകൊണ്ടാണ് പൊഴിയൂർ പോലുള്ള മത്സ്യബന്ധന ഗ്രാമങ്ങളിൽ കടലേറ്റം രൂക്ഷമായിത്തുടങ്ങും മുൻപേ, സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി രണ്ടുമാസം മുമ്പേ ജനം സമരം ആരംഭിച്ചത്. കലക്ടറും സംഘവും എത്തിയതിനെ തുടർന്ന് താൽക്കാലികമായി അവസാനിപ്പിച്ച ആ സമരത്തിൽ പങ്കെടുത്തവരിൽ പലർക്കും കഴിഞ്ഞയാഴ്​ച കടലേറ്റത്തിൽ വീടുകൾ പൂർണമായി നഷ്ടപ്പെട്ടു കഴിഞ്ഞു.

കടലേറ്റത്തിൽ തകർന്ന തീരദേശ റോഡ്
കടലേറ്റത്തിൽ തകർന്ന തീരദേശ റോഡ്

തിരുവനന്തപുരം ജില്ലയിൽ മാത്രം നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 154 കുടുംബങ്ങളിലെ 561 പേർ ഇപ്പോഴും കഴിയുന്നുണ്ട്. ഇവരിൽ ബഹുഭൂരിപക്ഷവും വീടുകൾ പൂർണമായി തകർന്നവരോ സുരക്ഷിതമായി താമസിക്കാനാവാത്ത വിധം വീടുകൾക്ക് കേടുപാട് സംഭവിച്ചവരോ ആണ്. പൊഴിയൂർ യു.പി സ്‌കൂൾ, വിരാലി വിമല ഹൃദയ ഹൈസ്‌ക്കൂൾ, പൊഴിയൂർ സെന്റ് മാത്യൂസ് ഹയർസെക്കണ്ടറി സ്‌കൂൾ എന്നീ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലും കഴിയുന്ന മനുഷ്യരിലേറെ പേരും പൊഴിയൂർ തെക്കേ കൊല്ലങ്കോട്, പരുത്തിയൂർ, പൊഴിക്കര പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. ഈ മേഖലയിലെ പ്രധാന പാതയായ തീരദേശ റോഡും കടലേറ്റത്തിൽ പൂർണമായി തകർന്നുകഴിഞ്ഞു. ഈ ദുരിതങ്ങൾക്ക് കാരണമായി തീരദേശത്തുനിന്ന് തന്നെയുള്ള പലരും ചൂണ്ടിക്കാണിക്കുന്നത് കടലിലും തീരത്തും നടത്തുന്ന അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങളാണ്.

2018ലെ മഹാപ്രളയത്തോടെ കേരളമാകെ പരിസ്ഥിതി ലോല പ്രദേശമായി മാറിയതായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിലയിരുത്തിയിരുന്നു. മാനുഷിക ഇടപെടലുകളും കേരളത്തിന്റെ തീരത്തിനും കടലിനുമുള്ള ചില സ്വാഭാവിക സവിശേഷതകളും പാരിസ്ഥികാഘാതത്തിന് കാരണമായിട്ടുണ്ട്.

കടൽഭിത്തി പോലയോ അതിനെക്കാൾ ഗുരുതരമോ ആയ ഭവിഷ്യത്താണ് ഹാർബറുകളും പുലിമുട്ടുകളും ഉണ്ടാക്കുന്നതെന്നും പല പഠനങ്ങളും തെളിയിച്ചു കഴിഞ്ഞു.

വർഷങ്ങളായി ആവർത്തിക്കുന്ന കടലേറ്റങ്ങളെയും അനുബന്ധ ദുരിതങ്ങളെയും കൈകാര്യം ചെയ്യാൻ നാളിതുവരെ ഒരു തീരസംരക്ഷണ നയം തയ്യാറാക്കാൻ പോലും ഫിഷറീസ് വകുപ്പോ മറ്റ് സർക്കാർ സംവിധാനങ്ങളോ തയ്യാറായിട്ടില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കടലേറ്റം ഉണ്ടാവുന്ന പ്രദേശങ്ങളിൽ കടൽഭിത്തി കെട്ടി താൽക്കാലിക പരിഹാരം കണ്ടെത്തുന്നു. ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ട് ഈ കടൽഭിത്തികൾ മണ്ണിലാഴ്ന്നു പോവുകയോ തിരയടിയിൽ തന്നെ തകരുകയോ ചെയ്യുന്നു. തുടർന്ന് വീണ്ടും തൊട്ടുമുൻപ് പാകിയ കല്ലിനുമീതേ വീണ്ടും കടൽഭിത്തി കെട്ടിപ്പൊക്കുന്നു. വർഷങ്ങളായി ആവർത്തിക്കുന്ന ഈ പ്രഹസനം കൊണ്ടുമാത്രം ഇനിയും നമുക്ക് മുന്നോട്ടു പോവാനാവില്ലെന്നാണ് ആവർത്തിക്കുന്ന കടലേറ്റ ദുരന്തങ്ങൾ വ്യക്തമാക്കുന്നത്.

കടൽഭിത്തി പോലയോ അതിനെക്കാൾ ഗുരുതരമോ ആയ ഭവിഷ്യത്താണ് ഹാർബറുകളും പുലിമുട്ടുകളും ഉണ്ടാക്കുന്നതെന്നും പല പഠനങ്ങളും തെളിയിച്ചു കഴിഞ്ഞു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2010 ൽ പുറത്തിറക്കിയ ഹാർബറുകളുടെയും തുറമുഖങ്ങളുടെയും നിർമാണം സംബന്ധിച്ച രേഖയിൽ പറയുന്നത് പുലിമുട്ട് നിർമ്മാണവും സമുദ്രത്തിലെ ഡ്രഡ്ജിങ് പോലുള്ള പ്രവർത്തനങ്ങളും കടൽ കയറ്റത്തിന് കാരണമാവുമെന്നാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി പോലൊരു മെഗാ പുലിമുട്ടിടൽ പ്രോജക്ട് സംസ്ഥാന ഭരണസിരാകേന്ദ്രത്തിൽ നിന്ന് വളരെ അകലെയല്ലാതെ പണിതുകൊണ്ടിരിക്കുമ്പോൾ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുന്നത് പൂന്തുറയും വലിയതുറയും ശംഖുമുഖലും കൊച്ചുതോപ്പും ഉൾപ്പെടുന്ന വിഴിഞ്ഞത്തിന് വടക്കുള്ള തീരങ്ങളിൽ താമസിക്കുന്ന മനുഷ്യരാണ്.

തീരശോഷണത്തിനുകാരണം കൃത്രിമ തുറമുഖങ്ങൾ

തിരുവനന്തപുരത്തെ തീരദേശ മേഖലയിൽ നിന്നുള്ള ഗവേഷകനും സാമൂഹിക പ്രവർത്തകനുമായ ജോസഫ് വിജയൻ ഇതിനെ സാധൂകരിക്കുന്ന ചില നിഗമനങ്ങൾ പലപ്പോഴായി ചൂണ്ടിക്കാണിക്കുകയുണ്ടായി. തിരുവനന്തപുരം ജില്ലയിൽ അടുത്ത കാലങ്ങളിൽ കടലേറ്റം അനുഭവിച്ച പ്രദേശങ്ങളെ മൂന്നായി തിരിക്കാമെന്ന് അദ്ദേഹം പറയുന്നു.

2016ൽ വിഴിഞ്ഞത്തെ അന്താരാഷ്ട്ര തുറമുഖ നിർമാണത്തിന് അദാനി ഗ്രൂപ്പും കടലിൽ കല്ലിടാൻ ആരംഭിച്ചതോടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനലിനുസമീപത്ത് സ്ഥിതി ചെയ്യുന്ന തോപ്പ് മുതൽ കൊച്ചുവേളി വരെയുള്ള ഗ്രാമങ്ങളെ കൂടി കടൽ വിഴുങ്ങാൻ തുടങ്ങി.

ജില്ലയുടെ തെക്കേയറ്റവും തമിഴ്‌നാടിനോട് അതിർത്തി പങ്കിടുന്ന പ്രദേശവുമായ പൊഴിയൂർ - കൊല്ലങ്കോട് തീരം, മധ്യഭാഗത്തായി വിഴിഞ്ഞത്തിനുവടക്ക് പനത്തുറ മുതൽ കൊച്ചുവേളി വരെയുള്ള തീരം, ജില്ലയുടെ വടക്കേയറ്റത്ത് മുതലപ്പൊഴി ഹാർബറിന് വടക്ക് ഭാഗത്തുള്ള താഴമ്പള്ളി മുതൽ അഞ്ചുതെങ്ങ് വരെയുള്ള തീരം എന്നിവയാണവ. പുലിമുട്ടുകളുടെ സഹായത്തോടെ നിർമിച്ച മൂന്ന് കൃത്രിമ തുറമുഖങ്ങളാണ് ഈ മേഖലകളിൽ തീരശോഷണത്തിന് കാരണമാവുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. തമിഴ്‌നാട്ടിലെ തേങ്ങാപ്പട്ടണത്ത് നിർമിച്ച ഹാർബറാണ് പൊഴിയൂരിലെ കടലേറ്റത്തിന് കാരണമായതെങ്കിൽ 1970ൽ വിഴിഞ്ഞത്ത് നിർമിച്ച മത്സ്യബന്ധന തുറമുഖത്തിന്റെ വരവോടെയാണ് പനത്തുറയിലും പൂന്തുറയിലും കടൽ കയറ്റവും തീരശോഷണവും വ്യാപകമായതെന്നും ഈ തീരങ്ങൾ വർഷങ്ങളെടുത്ത് ക്രമേണ അപ്രത്യക്ഷമാവുകയാണെന്നും നിരീക്ഷിക്കാനാവും.

പൊഴിയൂർ- നീരോടി തീരത്തിന്റെ ഗൂഗിൾ എർത്ത് വ്യൂ. കരയിലും കടലിലുമായി കാണുന്ന വരയാണ് കേരള തമിഴ്‌നാട് അതിർത്തി. വലതുഭാഗത്ത് അടുത്തിടെ നിർമിച്ച മൂന്ന് ചെറു പുലിമുട്ടുകൾ കാണാം.
പൊഴിയൂർ- നീരോടി തീരത്തിന്റെ ഗൂഗിൾ എർത്ത് വ്യൂ. കരയിലും കടലിലുമായി കാണുന്ന വരയാണ് കേരള തമിഴ്‌നാട് അതിർത്തി. വലതുഭാഗത്ത് അടുത്തിടെ നിർമിച്ച മൂന്ന് ചെറു പുലിമുട്ടുകൾ കാണാം.

2016ൽ വിഴിഞ്ഞത്തെ അന്താരാഷ്ട്ര തുറമുഖ നിർമാണത്തിന് അദാനി ഗ്രൂപ്പും കടലിൽ കല്ലിടാൻ ആരംഭിച്ചതോടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനലിനുസമീപത്ത് സ്ഥിതി ചെയ്യുന്ന തോപ്പ് മുതൽ കൊച്ചുവേളി വരെയുള്ള ഗ്രാമങ്ങളെ കൂടി കടൽ വിഴുങ്ങാൻ തുടങ്ങി. രണ്ട് വർഷങ്ങൾക്ക് മുൻപ് മുതലപ്പൊഴിയിൽ ഫിഷിങ് ഹാർബർ നിർമിച്ചതോടെയാണ് അഞ്ചുതെങ്ങ് മേഖല അതുവരെ പരിചിതമല്ലാതിരുന്ന അത്ര വ്യാപകമായ തോതിൽ കടലേറ്റം അനുഭവിച്ചു തുടങ്ങിയത്. എറണാകുളം ജില്ലയിലെ ചെല്ലാനത്തും സ്ഥിതി വ്യത്യസ്തമല്ല. ചെല്ലാനത്ത് ഫിഷിങ് ഹാർബർ വന്ന ശേഷമാണ് അവിടുത്തെ തീരശോഷണം രൂക്ഷമായതെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നുണ്ട്. ഇവിടെ 1.07 കിലോമീറ്റർ തീരപ്രദേശം കടലെടുത്തതായി പഞ്ചായത്ത് തന്നെ സ്ഥിരീകരിച്ചു കഴിഞ്ഞു.

കടലേറ്റത്തെ തടുക്കാനുള്ള മാർഗങ്ങളെക്കാൾ ഊന്നൽ കൊടുക്കേണ്ടത് തീരങ്ങൾ സൃഷ്ടിക്കാനും അവ സംരക്ഷിക്കാനുമുള്ള വഴികൾക്കാണ്.

ഇവിടെ ഓർത്തിരിക്കേണ്ട മറ്റു ചില വസ്തുതകളുമുണ്ട്. പൊഴിയൂരിനുവടക്ക് പൂവാർ മുതൽ വിഴിഞ്ഞം വരെയുള്ള ഗ്രാമങ്ങളിലും സെൻറ്​ ആൻഡ്രൂസിനും പെരുമാതുറയ്ക്കും ഇടയിലുള്ള ഗ്രാമങ്ങളിലും ഇത്തരത്തിൽ കടലേറ്റം ഉണ്ടാവുകയോ വീടുകൾ തകരുകയോ ചെയ്യുന്ന സാഹചര്യമില്ല. മുൻപ് സൂചിപ്പിച്ച മൂന്ന് തീരമേഖലകളുടെ ഇടയിൽ വരുന്ന രണ്ട് മേഖലകളാണ് ഇവ. ഇവിടങ്ങളിൽ ഒരിടത്തും കടൽഭിത്തി കാണാനാവില്ലെന്ന് മാത്രമല്ല, വിശാല മണൽപ്പരപ്പുള്ള കടപ്പുറങ്ങളാണ് ഈ പ്രദേശങ്ങളുടെ പ്രത്യേകത. അതുകൊണ്ടുതന്നെ മൺസൂണിലും കർക്കിടക നാളുകളിലും കടപ്പുറങ്ങളെയും കടന്ന് കടൽ വീട്ടകങ്ങളിലേക്ക് എത്തുന്നതിന്റെ ദുരിതത്തിൽ നിന്ന് ഈ മേഖലയിൽ താമസിക്കുന്നവർ സുരക്ഷിതരാണ്.

സ്വഭാവിക തീരങ്ങൾ ഏക പോംവഴി

ഇത്രയും വിശദമായി പറഞ്ഞുവന്നത് ആത്യന്തികമായി കടലേറ്റത്തെ ചെറുക്കാനുള്ള മാർഗം കൺമുന്നിൽ തന്നെയുണ്ടെന്ന് വ്യക്തമാക്കാനാണ്.
കടലിനെ ചെറുക്കാൻ നമ്മൾ നിക്ഷേപിക്കുന്ന കല്ലിനോ പുലിമുട്ടുകൾക്കോ ഒരു പരിധിയിൽക്കവിഞ്ഞ് സാധിക്കില്ലെന്ന് ഫിഷറീസ് അധികൃതർ ഇനിയെങ്കിലും മനസിലാക്കണമെന്നാണ് കടലേറ്റ ഭീഷണിയില്ലാത്ത കരുംകുളം എന്ന മത്സ്യബന്ധന ഗ്രാമത്തിൽ നിന്നുള്ള ചെവനിങ് സ്‌കോളർ കൂടിയായ കുമാർ സഹായരാജു എന്ന ഗവേഷകൻ ചൂണ്ടിക്കാണിക്കുന്നത്. കടലേറ്റത്തെ തടുക്കാനുള്ള മാർഗങ്ങളെക്കാൾ ഊന്നൽ കൊടുക്കേണ്ടത് തീരങ്ങൾ സൃഷ്ടിക്കാനും അവ സംരക്ഷിക്കാനുമുള്ള വഴികൾക്കാണ്. സ്വാഭാവിക തീരങ്ങൾക്ക് കടലേറ്റത്തിൽ നിന്ന് തീരത്തെ സംരക്ഷിച്ച് നിർത്താനുള്ള ശേഷി ഇപ്പോഴുമുണ്ട്. കടൽഭിത്തികളില്ലാത്ത ഇത്തരം ഗ്രാമങ്ങളിലും മൺസൂൺ കാലത്ത് ശക്തമായ തിരമാലകൾ ഉണ്ടാവാറുണ്ടെന്നതാണ് വാസ്തവം. കടൽ കരയിലേക്ക് കയറിയാലും മണൽ ഒഴുകിപ്പോവുന്നില്ലെന്നും ഒഴുകിപ്പോയാൽത്തന്നെ മൺസൂൺ കഴിയുന്നതോടെ കടലെടുത്ത് കൊണ്ടുപോയ മണൽ കടൽ തന്നെ തിരികെ നിക്ഷേപിക്കുന്ന രീതിയാണ് ഇവിടങ്ങളിലുള്ളത്. തീരം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഇനിയെങ്കിലും നാം മനസിലാക്കണം.

ചെല്ലാനം ഫിഷിങ് ഹാർബർ
ചെല്ലാനം ഫിഷിങ് ഹാർബർ

കേരളത്തിലെ തീരദേശ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികൾ തങ്ങളുടെ മണ്ഡലങ്ങളിലെല്ലാം ഓരോ മത്സ്യബന്ധന ഹാർബറെങ്കിലും വേണമെന്ന് സ്വയം ആഗ്രഹിക്കുന്നവരാണ്. ഈ ചിന്തയാണ് ഇന്ന് കേരളത്തിൽ എവിടെ തിരിഞ്ഞാലും ഹാർബറുകൾ കാണാനിടയാക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്കനുസരിച്ച് കേരളത്തിൽ 15 ഹാർബറുകൾ പ്രവർത്തിക്കുന്നുണ്ട്. വിഴിഞ്ഞവും മുതലപ്പൊഴിയും ഉൾപ്പെടെ ഒമ്പത് ഹാർബറുകൾ നിർമാണഘട്ടത്തിലാണ്. പൊഴിയൂരിൽ ഉൾപ്പെടെ രണ്ടിടത്ത് പുതുതായി ഹാർബർ നിർമിക്കാൻ പദ്ധതിയിടുകയുമാണ്. കടലിന്റെ സ്വാഭാവിക ചലനത്തെയും മണലൊഴുക്കിനെയും കാര്യമായി ബാധിക്കുന്ന ഇത്തരം നിർമാണ പ്രവർത്തനങ്ങൾ പ്രസ്തുത മത്സ്യബന്ധന ഗ്രാമങ്ങളെയും അവയുടെ സമീപ പ്രദേശങ്ങളെയും എത്രകണ്ട് ബാധിക്കുമെന്ന് പഠിച്ചിട്ട് തന്നെയാണോ ഹാർബർ നിർമാണവുമായി സർക്കാർ മുന്നോട്ടു പോവുന്നതെന്ന് വ്യക്തമാവേണ്ടതുണ്ട്. കിലോമീറ്ററുകൾക്കകലെ തമിഴ്‌നാട്ടിലെ നീരോടിയിൽ ഒരു ഹാർബർ നിർമിച്ചതിന്റെ കെടുതികളാണ് പൊഴിയൂരിലെ നൂറുകണക്കിന് മനുഷ്യരെ ഭവനരഹിതരാക്കിയത്. അതേ പൊഴിയൂരിൽ ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ ഹാർബർ വരുന്നതോടെ സമീപ ഗ്രാമങ്ങൾ കൂടി കടലെടുത്ത് പോയേക്കുമെന്ന് ന്യായമായും ഭയപ്പെടേണ്ടി വരും. ഇതുവരെയുള്ള അനുഭവങ്ങളെല്ലാം ആ ഭയത്തെ ഊട്ടിയുറപ്പിക്കുന്നവ തന്നെ.

ജിയോ ട്യൂബുകളുടെ ഭാവി

കടൽഭിത്തിക്ക് ബദലായി നിലവിൽ പൂന്തുറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പരീക്ഷിച്ച ജിയോ ട്യൂബുകളുടെ ഭാവിയും കട്ടപ്പുറത്താവാനാണ് സാധ്യത. നാലുമീറ്റർ വരെ നീളവും വ്യാസവുമുള്ള ട്യൂബിൽ ഉയർന്ന മർദ്ദത്തിൽ മണൽ അടിച്ചു കയറ്റിയാണ് ജിയോ ട്യൂബ് തയാറാക്കുന്നത്. ഇവ കല്ലുകൾ കൊണ്ട് നിർമിക്കുന്ന ഭിത്തിക്ക് സമാനമായി തീരത്ത് നിരത്തി തിരമാലകളുടെ ശക്തി കുറയ്ക്കാനാകും. എന്നാൽ മൂന്നുവർഷം മാത്രമാണ് ഇവയുടെ ആയുസ് എന്നതും വള്ളവും മത്സ്യബന്ധന ഉപകരണങ്ങളും നശിക്കാൻ ഇവ ഇടയാക്കുമെന്നതും ജിയോ ട്യൂബുകളുടെ ഭാവിയെ ചോദ്യചിഹ്നത്തിലാക്കുന്നു. തീരദേശവാസികൾക്ക് സുപരിചിതമായ മരങ്ങൾ കൊണ്ടും മറ്റും ജൈവവേലികൾ കെട്ടി തീരം സംരക്ഷിക്കുക എന്ന പോംവഴിയാണ് ചില വിദഗ്ധർ മുന്നോട്ടു വയ്ക്കുന്നത്. ഈ വഴി മുൻപും പലയിടത്തും പരീക്ഷിച്ച് നോക്കിയിട്ടുണ്ടെങ്കിലും ഇതിന്റെ ഫലമായി ചെളി കെട്ടുന്നത് കൊതുക് വർധിക്കാനും പാമ്പ് പോലുള്ള ജീവികൾ പെരുകാനും ഇടയാക്കുന്നുവെന്ന തീരദേശവാസികളുടെ പരാതികളെ തുടർന്ന് ആ മാർഗവും ഫലവത്തായില്ല.

ഭൂമിശാസ്ത്രപരമായും തൊഴിൽപരമായും ഏറെ പ്രത്യേകതകളുള്ള കേരളത്തിന്റെ തീരങ്ങളിൽ രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും പരീക്ഷിച്ച് വിജയിച്ച മാർഗങ്ങൾ എത്രമാത്രം ഫലപ്രദമാവുമെന്നത് ആശങ്കയുയർത്തുന്നുണ്ട്. എന്നിരുന്നാലും ആത്യന്തികമായി നമ്മുടെ തീരങ്ങളെ സംരക്ഷിക്കാനും അവ നഷ്ടപ്പെടാതെ നോക്കാനുമാണ് ഊന്നൽ നൽകേണ്ടത് എന്ന തിരിച്ചറിവ് സജി ചെറിയാന്റെ നേതൃത്വത്തിൽ അടുത്ത അഞ്ച് വർഷം പ്രവർത്തിക്കേണ്ട ഫിഷറീസ് വകുപ്പിന് ഉണ്ടാവുക തന്നെ വേണം. അടുത്ത മൺസൂൺ വിളിപ്പാടകലെ എത്തിക്കഴിഞ്ഞിട്ടും നമ്മുടെ സംവിധാനങ്ങൾ നിസ്സംഗത വെടിയാൻ തയ്യാറായില്ലെങ്കിൽ പൊഴിയൂരിനെയും പൂന്തുറയെയും പോലുള്ള നിരവധി മത്സ്യബന്ധന ഗ്രാമങ്ങളിലും വരും വർഷങ്ങളിൽ ഇക്കഴിഞ്ഞയാഴ്ച സംഭവിച്ചതു പോലുള്ള ദുരിതങ്ങൾ നാം കാണേണ്ടി വരും.▮


സിന്ധു മരിയ നെപ്പോളിയൻ

തീരദേശ- മത്സ്യബന്ധന ​മേഖലയുമായി ബന്ധപ്പെട്ട് പഠനവും അന്വേഷണവും നടത്തുന്നു. സ്വതന്ത്ര മാധ്യമപ്രവർത്തക. യൂണിവേഴ്​സിറ്റി ഓഫ്​ സസ്സക്​സിൽ റിസർച്ച്​ അസിസ്​റ്റൻറ്​. തിരുവനന്തപുരം ജില്ലയിലെ മത്സ്യബന്ധന ഗ്രാമമായ പുല്ലുവിളയാണ് സ്വദേശം.

Comments