കാലാവസ്​ഥാ ദുരന്തത്തിന്റെ
​മുനമ്പിലേക്ക്​ അതിവേഗം...

കഴിഞ്ഞവർഷം ജൂലൈയിൽ യൂറോപ്പിലെ പല രാജ്യങ്ങളും വലിയ വെള്ളപ്പൊക്കത്തിലായിരുന്നുവെങ്കിൽ ഈ ജൂലൈയിൽ 37-40 ഡിഗ്രി സെൽഷ്യസിന് അടുത്തുനിൽക്കുന്ന താപനിലയും ആളിപ്പടരുന്ന കാട്ടുതീയും മൂലം പല യൂറോപ്യൻ രാജ്യങ്ങളും അക്ഷരാർത്ഥത്തിൽ തീച്ചൂളയിലാണ്.

കാലാവസ്ഥാ വ്യതിയാനം മാനവരാശിയുടെ നിലനിൽപ്പിന് വെല്ലുവിളി ഉയർത്തുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി വളർന്നുകഴിഞ്ഞു. അരനൂറ്റാണ്ടിലേറെയായി ശാസ്ത്രസമൂഹം തുടർച്ചയായി നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കുന്നതിന്റെ പരിണിതഫലമാണ് നമ്മൾ എത്തിനിൽക്കുന്ന പ്രതിസന്ധി.

ഭൗമ താപനില വ്യവസായ പൂർവ്വഘട്ടത്തെ അപേക്ഷിച്ച് 1.1 ഡിഗ്രി സെൽഷ്യസ് വർധിച്ചപ്പോൾതന്നെ അത് വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. അതിരൂക്ഷമായ ആഘാതങ്ങൾ ഒഴിവാക്കാൻ താപവർധന 1.5 ഡിഗ്രി സെൽഷ്യസ് എന്ന പരിധിയിൽ നിർത്തണമെന്ന്, കാലാവസ്​ഥാ വ്യതിയാനം സംബന്ധിച്ച ഐക്യരാഷ്​ട്രസംഘടനാ സമിതിയുടെ (ഐ.പി.സി.സി.) റിപ്പോർട്ടിലുൾപ്പെടെ പറഞ്ഞിരുന്നുവെങ്കിലും അത് ഇനി മിക്കവാറും അസാധ്യമാണെന്നാണ് കരുതപ്പെടുന്നത്. താപവർധന 2 ഡിഗ്രി സെൽഷ്യസിനുള്ളിൽ പരിമിതപ്പെടുത്തണമെങ്കിൽപോലും മനുഷ്യരുടെ വികസനസങ്കല്പങ്ങളിലും ജീവിതരീതികളിലും അടിയന്തരമായി ആഴത്തിലുള്ള തിരുത്തലുകൾ വരുത്തിയേ മതിയാകൂ. നിർഭാഗ്യവശാൽ മിക്ക ലോകരാഷ്ട്രങ്ങളും ശാസ്ത്രസത്യങ്ങൾക്ക് വിരുദ്ധ ദിശയിലാണ് സഞ്ചരിക്കുന്നത്. കുട്ടികളുടെയും യുവജനങ്ങളുടെയും മുൻകൈയിലുള്ള ചില നീക്കങ്ങൾ മാറ്റിനിർത്തിയാൽ ഭരണകൂടങ്ങളെ തിരുത്തുവാൻ പൊതുസമൂഹത്തിൽനിന്നുള്ള ഇടപെടലുണ്ടാകുന്നില്ല.

Kerala Floods 2018 - Angamaly / Wikimedia Commons

ജീവിതത്തിന്റെ സമസ്തമേഖലകളെയും കാലാവസ്ഥാ പ്രതിസന്ധി സ്വാധീനിക്കുന്നുണ്ട്. എന്നാൽ ജനങ്ങൾ ഇത് ഏറ്റവും ഉൾക്കൊള്ളുന്നത് വർധിക്കുന്ന ജല- കാലാവസ്ഥാ ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ്. അതിവൃഷ്ടിയും അനാവൃഷ്ടിയും സൃഷ്ടിക്കുന്ന ആഘാതങ്ങൾക്കും ദുരന്തങ്ങൾക്കും പുറമേ ഉയരുന്ന കടൽജലനിരപ്പും ഉരുകുന്ന മഞ്ഞുമലകളും എല്ലാം ജലമേഖലയിൽ കാലാവസ്ഥ പ്രതിസന്ധിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആഘാതങ്ങളാണ്.

ജല- കാലാവസ്​ഥാ ദുരന്തങ്ങൾ ഇരട്ടിയാകുന്നു

സമീപകാലത്ത് ലോകത്ത് പ്രകൃതിദുരന്തങ്ങളുടെ എണ്ണത്തിൽ വൻവർധനവാണ് ഉണ്ടാകുന്നത് എന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. എമർജൻസി ഈവൻറ്​സ്​ ഡാറ്റബേസിനെ (Emergency Events Database) ഉദ്ധരിച്ച് ഒരു എ.ബി.ഡി. പേപ്പർ പറയുന്നത്, 1975-നും 1984-നും ഇടയിൽ 1300-ൽ പരം പ്രകൃതിദുരന്തങ്ങളുണ്ടായ സ്ഥാനത്ത് 2005 - 14 കാലഘട്ടത്തിൽ മൂന്നിരട്ടി വർധിച്ച്,​3900-ലധികം ദുരന്തങ്ങളുണ്ടായി എന്നാണ്. ഇതിൽ ഭൂരിഭാഗവും ജല- കാലാവസ്ഥാ ദുരന്തങ്ങളാണ്. (Vinod Thomas, Ramon Lopez -ADB Economics Working Paper Series No. 466, Nov, 2015)

കഴിഞ്ഞവർഷം ജൂലൈയിൽ യൂറോപ്പിലെ പല രാജ്യങ്ങളും വലിയ വെള്ളപ്പൊക്കത്തിലായിരുന്നുവെങ്കിൽ ഈ ജൂലൈയിൽ 37-40 ഡിഗ്രി സെൽഷ്യസിന് അടുത്തുനിൽക്കുന്ന താപനിലയും ആളിപ്പടരുന്ന കാട്ടുതീയും മൂലം പല യൂറോപ്യൻ രാജ്യങ്ങളും അക്ഷരാർഥത്തിൽ തീച്ചൂളയിലാണ്.

പരിസ്ഥിതി പക്ഷത്തുനിന്നുകൊണ്ടുള്ള ചില നിർണായക അന്താരാഷ്ട്ര ഉടമ്പടികൾ ഒപ്പുവയ്ക്കുകയോ നിലവിൽ വരികയോ ചെയ്ത വർഷമാണ് 2015. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാൻ ലക്ഷ്യമിടുന്ന പാരീസ് കരാർ ഒപ്പുവെച്ചതും എസ്.ഡി.ജി. (SDG) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്നതുമായ സുസ്ഥിര വികസന ലക്ഷ്യങ്ങളും ദുരന്തസാധ്യതാ ലഘൂകരണത്തിനായുള്ള സെണ്ടായി ഫ്രെയിം വർക്കും (Sendai Framework) നിലവിൽവന്നതും 2015-ലാണ്. എന്നാൽ ആഗോള ശരാശരി താപനില രേഖപ്പെടുത്താൻ തുടങ്ങിയശേഷമുള്ള ഏറ്റവും ചൂട് ഏറിയ ഏഴുവർഷങ്ങളായിരുന്നു 2015 - 2021. അതിലുപരി ഹരിതഗൃഹവാതക ഉദ്വമനം ഏറ്റവും ഉയർന്ന നിലയിൽ തുടരുകയാണ്. 2021-ലെ കാർബൺ ഡയോക്‌സൈഡ് ഉദ്വമനം 36.2 ബില്യൻ ടൺ എന്ന റെക്കോർഡ് നിരക്കിലായിരുന്നു. സ്വാഭാവികമായും ജല- കാലാവസ്ഥാ ദുരന്തങ്ങൾ 2015-നുശേഷവും വലിയതോതിൽ വർധിക്കുന്നതായാണ് അനുഭവങ്ങൾ കാണിക്കുന്നത്.

ന്യൂയോർക് നഗരത്തെ ഉൾപ്പെടെ ബാധിച്ച 2021 ഓഗസ്റ്റിലെ ഐഡ കൊടുങ്കാറ്റ് (Hurricane Ida) ഏകദേശം 5 ലക്ഷം കോടി രൂപയുടെ സാമ്പത്തികനഷ്ടം വരുത്തി എന്നാണ് കണക്ക്. 2021 ജൂലൈ 20-ന് ചൈനയിൽ ഹെനൻ പ്രവിശ്യയിലെ ഷെങ്​സോ നഗരത്തിൽ മണിക്കൂറിൽ 209 മില്ലിമീറ്റർ മഴയാണ് പെയ്തത്. (മണിക്കൂറിൽ 100 മില്ലിമീറ്റർ ആയാൽ അത് മേഘവിസ്‌ഫോടനമായി.) കഴിഞ്ഞവർഷം ജൂലൈയിൽ യൂറോപ്പിലെ പല രാജ്യങ്ങളും വലിയ വെള്ളപ്പൊക്കത്തിലായിരുന്നുവെങ്കിൽ ഈ ജൂലൈയിൽ 37-40 ഡിഗ്രി സെൽഷ്യസിന് അടുത്തുനിൽക്കുന്ന താപനിലയും ആളിപ്പടരുന്ന കാട്ടുതീയും മൂലം പല യൂറോപ്യൻ രാജ്യങ്ങളും അക്ഷരാർഥത്തിൽ തീച്ചൂളയിലാണ്.

ഐഡ കൊടുങ്കാറ്റ് / Photo : Wikimedia Commons

ജലദുരന്തങ്ങൾ ധാരാളമായി നേരിടുന്ന രാജ്യമാണ് ഇന്ത്യയും. 2013-ലെ ഉത്തരാഖണ്ഡ് പ്രളയം മുതലെങ്കിലും ഓരോ വർഷവും രാജ്യത്തിന്റെ വിവിധ മേഖലകളിൽ തീവ്ര കാലാവസ്ഥാ അനുഭവങ്ങളുണ്ടാകുന്നു. കേരളത്തിൽ 2018-ലെ വെള്ളപ്പൊക്കം ഉൾപ്പെടെ കഴിഞ്ഞ ആറുവർഷമായി തുടർച്ചയായി അസാധാരണ വർഷകാലമാണ് നമ്മൾ അനുഭവിക്കുന്നത്. 2018-നുശേഷമുള്ള വർഷങ്ങളിൽ നമ്മൾ അനുഭവിച്ചത് വരാനിരിക്കുന്ന വലിയ ദുരന്തങ്ങളുടെ സൂചകങ്ങൾ മാത്രമാണെന്ന്​ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുകയും കൂടി ചെയ്യുമ്പോൾ കേരളത്തിന്റെ സ്ഥിതി അതിസങ്കീർണമാണ് എന്ന് പറയാതെവയ്യ. തെറ്റായ ഭൂവിനിയോഗം മൂലം പശ്ചിമഘട്ടമേഖലയാകെ അതിദുർബലമായിരിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് 2015 മുതൽ ഇന്ത്യയിൽ ആകെയുണ്ടായ 3782 ഉരുൾപൊട്ടലുകളിൽ 2259 എണ്ണം (59%) കേരളത്തിലായിരുന്നു എന്ന് ലോക്സ​ഭയിൽ ഒരു ചോദ്യത്തിന് ഭൗമശാസ്ത്ര വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് നൽകിയ മറുപടി. മഴയുടെ കാലവും താളവും മേഘങ്ങളുടെ ഘടനയും എല്ലാം മാറുകയാണ്. ഏതുസമയത്തും എവിടെയും ചുരുങ്ങിയ സമയത്തിൽ മേഘവിസ്‌ഫോടന സമമായ അതിശക്തമായ മഴ പെയ്യാം എന്ന സ്ഥിതിയാണ്. മലയിടിച്ചിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കടലാക്രമണവും തുടർക്കഥയാകുകയാണ്. കാലാവസ്ഥാപ്രതിസന്ധിയും നമ്മുടെ പ്രവൃത്തികളും ചേർന്ന് കേരളത്തെ ദുരന്തത്തിന്റെ സ്വന്തം നാടായിമാറ്റിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യയിൽ കൊൽക്കത്തയും മുംബയും കൊച്ചിയും ഉൾപ്പെടെ നിരവധി തീരനഗരങ്ങൾ ഭീഷണിയിലാണ്. നഗരങ്ങൾക്കപ്പുറം അന്നത്തെ അന്നത്തിന് കടലിനോട് മല്ലിടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഇന്ന് അക്ഷരാർഥത്തിൽ ചെകുത്താനും കടലിനും ഇടയിലാണ്.

കടൽനിരപ്പ്​ ഉയരുന്നു, മഞ്ഞുരുക്കം തീവ്രമാകുന്നു

കടൽ ജലനിരപ്പ് അതിവേഗം ഉയരുന്നതാണ് മറ്റൊരു പ്രതിസന്ധി. 1993-2002 കാലത്ത് കടൽനിരപ്പ് പ്രതിവർഷം ശരാശരി 2.1 മി. മീറ്റർ തോതിലാണ് ഉയർന്നത്. തൊട്ടടുത്ത ദശകത്തിൽ ഇത് ശരാശരി 2.9 മി. മീറ്ററായും 2013-2021 വർഷങ്ങളിൽ പ്രതിവർഷം ശരാശരി 4.4 മി. മീറ്ററായും ഉയർന്നു. ഈ തോത് ഇനിയും ഉയരും എന്ന കാര്യത്തിൽ ശാസ്ത്രജ്ഞർ ഏകാഭിപ്രായത്തിലാണ്. 2100 ഓടെ കടൽ ജലനിരപ്പ് 1.1 മീറ്റർ വരെ ഉയരാം എന്നാണ് ഐ.പി.സി.സി. പറയുന്നത്. ലോകത്തെ നിരവധി വൻ നഗരങ്ങൾ സമീപഭാവിയിൽ കടലിനടിയിലാകും എന്നാണ് പറയുന്നത്. ബാങ്കോക്ക്, ആംസ്റ്റർഡാം, ഹോചിമിൻ സിറ്റി, കാർഡിഫ്, ന്യൂ ഓർലിയൻസ്, മനില, ലണ്ടൻ, ഹമ്പർഗ്, ദുബായ് തുടങ്ങിയ നഗരങ്ങളെല്ലാം ഏറ്റവും ഭീഷണി നേരിടുന്നവയാണ്. ഇന്ത്യയിൽ കൊൽക്കത്തയും മുംബയും കൊച്ചിയും ഉൾപ്പെടെ നിരവധി തീരനഗരങ്ങൾ ഭീഷണിയിലാണ്. നഗരങ്ങൾക്കപ്പുറം അന്നത്തെ അന്നത്തിന് കടലിനോട് മല്ലിടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഇന്ന് അക്ഷരാർഥത്തിൽ ചെകുത്താനും കടലിനും ഇടയിലാണ്. വിഴിഞ്ഞം തുറമുഖം പോലുള്ള വിനാശപദ്ധതികൾ തീരങ്ങളുടെയും തീരവാസികളുടെയും നാശം വേഗത്തിലാക്കുന്നു.

2013ലെ പ്രളയത്തിന് ശേഷം, ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ നിന്നുള്ളൊരു ആകാശ ചിത്രം / Photo : Wikimedia Commons

മഞ്ഞുരുക്കമാണ് ജലമേഖല നേരിടുന്ന മറ്റൊരു പ്രത്യാഘാതം. ഗ്രീൻലാൻഡ് മഞ്ഞുപാളിയുടെ തലപ്പത്ത് ചരിത്രത്തിലാദ്യമായി കഴിഞ്ഞവർഷം ആഗസ്റ്റിൽ മഴ പെയ്തു. കഴിഞ്ഞ ഒമ്പതുവർഷത്തിനിടയിൽ മൂന്നാംതവണയാണ് ഗ്രീൻലാൻഡ് ഐസ് ഷീറ്റിൽ മഞ്ഞുരുക്കം ഉണ്ടാകുന്നത്. ഇരുപതാം നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം മഞ്ഞുരുക്കമുണ്ടായ സ്ഥാനത്താണിത്. ഹിമാലയത്തിലെ മഞ്ഞുരുക്കം ആദ്യഘട്ടത്തിൽ ഗംഗയിലും ബ്രഹ്മപുത്രയിലും എല്ലാം പ്രളയതീവ്രത വർധിപ്പിക്കുകയും പിൽക്കാലത്ത് ഈ നദീതടങ്ങളെ വലിയ ജലദൗർലഭ്യത്തിലേക്ക് തള്ളി വിടുകയും ചെയ്യാം എന്നാണ് കരുതുന്നത്.

കാലാവസ്ഥാ പ്രതിസന്ധി ഇനിയും രൂക്ഷമായാൽ അത് ഭൂമിയിലെ ജലപ്രകൃതി ആകെത്തന്നെ മാറ്റിമറിക്കപ്പെടാനിടവരുത്തും. ജലമേഖലയിലെ മാറ്റങ്ങൾ മറ്റു മേഖലകളിലും വിശേഷിച്ച് കാർഷിക മേഖലയിലും വലിയ മാറ്റങ്ങൾക്കിടവരുത്തും.

ഒരുഘട്ടം വരെ മനുഷ്യർ അധികമായി അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളാണ് ഭൗമതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും വഴിവച്ചതെങ്കിൽ, ഇതിനകം വർധിച്ച ചൂടിന്റെ ഫലമായ ചില ഘടകങ്ങൾ ഇനി ഭൗമ താപവർധന അതിവേഗത്തിലാക്കാൻ സാധ്യതയുണ്ട്. അന്തരീക്ഷത്തിൽ എത്തുന്ന കാർബൺഡയോക്‌സൈഡിൽ 23% കടൽജലം ആഗിരണം ചെയ്യുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ജലത്തിന് ചൂട് വർധിക്കുമ്പോൾ കാർബൺ ഡയോക്‌സൈഡ് ആഗിരണം ചെയ്യാനുള്ള കടലിന്റെ ശേഷി കുറയുന്നു. ഇത് അന്തരീക്ഷത്തിൽ കാർബൺഡെ ഓക്സൈഡ് അളവ് വർധിപ്പിക്കുന്നതിനും ഭൗമതാപനം വേഗത്തിലാക്കുന്നതിനും ഇടയാക്കുന്നു. ധ്രുവങ്ങളിലെ മഞ്ഞുരുക്കം അതിനു താഴെ ഖനീഭവിച്ചിരിക്കുന്ന, തണുത്തുറഞ്ഞ മണ്ണും ലവണങ്ങളും എല്ലാം കൂടിച്ചേർന്ന മിശ്രിതമായ പെർമാഫ്രോസ്​റ്റ്​ ഉരുകുവാനിടയാക്കും എന്നും ഇത് അവയിൽ നിന്ന്​ വലിയ തോതിൽ കാർബൺഡയോക്‌സൈഡും മീഥേനും അന്തരീക്ഷത്തിലെത്തുന്നതിന് വഴിവയ്ക്കും എന്നും ശാസ്ത്രജ്ഞർ ഭയപ്പെടുന്നു.

അട്ടിമറിക്കപ്പെടുന്ന ജലപ്രകൃതി

കാലാവസ്ഥാ പ്രതിസന്ധി ഇനിയും രൂക്ഷമായാൽ അത് ഭൂമിയിലെ ജലപ്രകൃതി (Waterscape) ആകെത്തന്നെ മാറ്റിമറിക്കപ്പെടാനിടവരുത്തും. ജലമേഖലയിലെ മാറ്റങ്ങൾ മറ്റു മേഖലകളിലും വിശേഷിച്ച് കാർഷിക മേഖലയിലും വലിയ മാറ്റങ്ങൾക്കിടവരുത്തും. തുടർക്കഥയാകുന്ന ജലദുരന്തങ്ങളുടെ സാമൂഹിക- സാമ്പത്തിക- പാരിസ്ഥിതിക ആഘാതങ്ങൾ നമുക്ക് താങ്ങാൻ കഴിയുന്നതിലും ഏറെയായിരിക്കും. ഇതിനകം അന്തരീക്ഷത്തിലെത്തിച്ചേർന്ന ഹരിതഗൃഹ വാതകങ്ങളുടെ പ്രഭാവം കൊണ്ടുതന്നെ ഇനിയും കുറേ വർഷങ്ങളിൽ ഭൗമ താപനില ഉയരും എന്നതുറപ്പാണ്. അതിനാൽ, പ്രത്യാഘാതങ്ങളും വർധിക്കും എന്നുറപ്പ്. താപവർധനവിന്റെ തോത് ഏറ്റവും പരിമിതപ്പെടുത്തുക എന്നത് മാത്രമാണ് നമുക്കുമുന്നിലെ വഴി. ഇതിനായി വ്യക്തിതലം മുതൽ അന്താരാഷ്ട്രതലം വരെ ഒറ്റയ്ക്കും കൂട്ടായുമുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണ്.

നഗരങ്ങൾക്കപ്പുറം അന്നത്തെ അന്നത്തിന് കടലിനോട് മല്ലിടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ഇന്ന് അക്ഷരാർത്ഥത്തിൽ ചെകുത്താനും കടലിനും ഇടയിലാണ് / Photo: Pixabay

ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് അടിയന്തരമായി
കുറച്ചുകൊണ്ടുവരാനാകണം. ആവാസവ്യവസ്ഥകളുടെ പുനഃസ്ഥാപനം മുഖ്യ വികസനലക്ഷ്യമാകണം. ജലമേഖലയിൽ നദികളുടെയും മറ്റു ജലാശയങ്ങളുടെയും, അവയെ നിലനിർത്തുന്ന ആവാസവ്യവസ്ഥകളുടെയും പുനരുജീവനം പ്രഥമപരിഗണനയിൽ വരണം. കാലാവസ്ഥാപ്രതിസന്ധിയെ കണക്കിലെടുത്തുള്ള ജലപരിപാലനരീതികൾ (Climate resilient water management) വികസിപ്പിക്കണം. ദുരന്തനിവാരണത്തിൽ ഒന്നാമത്തെയും രണ്ടാമത്തെയും മുൻഗണന യഥാക്രമം ദുരന്തസാധ്യത ലഘൂകരണത്തിനും ദുരന്തം ഉണ്ടായാൽ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾക്കും ആയിരിക്കണം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


എസ്​.പി. രവി

പരിസ്ഥിതി പ്രവർത്തകൻ, ചാലക്കുടി പുഴ സംരക്ഷണ സമിതി സെക്രട്ടറി

Comments