രാഷ്ട്രീയ വെട്ടുക്കിളികളെ സ്പർശിക്കാത്ത കാലാവസ്ഥാ മാറ്റങ്ങൾ

കോവിഡും യാതൊരു തയ്യാറെടുപ്പുമില്ലാതെ പ്രഖ്യാപിച്ച ലോക്ക്ഡൗണും ഇന്ത്യയുടെ കാർഷിക മേഖലയ്ക്ക് കനത്ത ആഘാതമാണ് ഏൽപ്പിച്ചത്. ഇതിനിടയിൽ വെട്ടുക്കിളികളുടെ ആക്രമണംകൂടി വന്നത് കർഷകരുടെ ദുരിതത്തിന്റെ ആക്കംകൂട്ടി. ഉത്തരേന്ത്യയിൽ വൻതോതിൽ നാശം വിതച്ച വെട്ടുക്കിളികൾ കേരളത്തിലെ വയനാട്ടിലും എത്തി. കേരളത്തിലെത്തിയപ്പോഴേക്കും അവയുടെ തീവ്രത കുറഞ്ഞുവന്നതിനാൽ വൻനാശനഷ്ടം ഒഴിവായി. എന്നാൽ ജൂൺ-ജൂലൈ മാസങ്ങളിൽ വെട്ടുക്കിളികളുടെ ആക്രമണത്തിന്റെ രണ്ടാംതരംഗമുണ്ടാകാമെന്ന മുന്നറിയിപ്പ് കർഷകരെ ഭീതിയിലാഴ്ത്തുന്നുണ്ട്. 27 വർഷത്തിനിപ്പുറം വീണ്ടുമൊരു വെട്ടുക്കിളി ആക്രമണം ഇന്ത്യയിലുണ്ടാവുന്നതിലേക്കു വഴിവെച്ച കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ചും കാർഷിക മേഖല അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികളെക്കുറിച്ചും പരിശോധിക്കുകയാണ് ഡോ. സ്മിത പി.കുമാർ

വിനോദ സഞ്ചാരത്തിന് പേരുകേട്ട വയനാട്ടിൽ ഈ ലോക്ക്ഡൗൺ കാലത്ത് ഒട്ടും പ്രതീക്ഷിക്കാത്ത അതിഥികളെത്തി! കൂട്ടത്തോടെ വന്നെത്തിയ ഈ അതിഥികൾ പക്ഷേ വയനാട്ടിലെ കർഷകരുടെ നെഞ്ചിടിപ്പേറ്റുകയാണ് ചെയ്തത്. മെയ്മാസത്തിന്റെ അവസാനത്തിലാണ് പുൽപള്ളിയിലും പരിസരപ്രദേശത്തുമുള്ള കർഷകർ തങ്ങളുടെ കാപ്പി-കൊക്കോ തോട്ടങ്ങളിൽ പറന്നുനടക്കുന്ന വെട്ടുക്കിളിക്കൂട്ടങ്ങളെ കണ്ടത്. ഉത്തരേന്ത്യയിൽ നാശം വിതച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന വെട്ടുക്കിളിക്കൂട്ടങ്ങളെക്കുറിച്ച് മാധ്യമങ്ങളിൽ നിന്നുള്ള അറിവ് മാത്രമുള്ള വയനാടൻ കർഷകർക്ക് ഇവയെ എങ്ങിനെ നേരിടണമെന്ന നിശ്ചയമുണ്ടായിരുന്നില്ല. കൃഷി വിദഗ്ധരാകട്ടെ അവ വെട്ടുക്കിളികളല്ലെന്നും പുൽച്ചാടികളാണെന്നും ഉള്ള ന്യായവാദത്തിന്മേൽ ഉറച്ചുനിൽക്കുകയായിരുന്നു. ജനുസ്സ് ഏതായിരുന്നാലും അവ തങ്ങളുടെ വിളകൾക്ക് നാശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് കർഷകർക്കറിയാം.

പഞ്ചാബ്-ഹരിയാന-മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ഇന്ത്യയുടെ വിവിധ മേഖലകളിലെ കാർഷിക വിളകൾ നശിപ്പിച്ചുകൊണ്ട് മുന്നേറിയ വെട്ടുക്കിളിക്കൂട്ടങ്ങൾ കർണ്ണാടകത്തിലൂടെ കേരളത്തിലെത്തിയപ്പോഴേക്കും അവയുടെ തീവ്രത കുറഞ്ഞുവന്നത് ഒരുതരത്തിൽ കർഷകർക്ക് ആശ്വാസമായി. കാരണം അത്തരമൊരു കീടാക്രമണത്തെ നേരിടാനുള്ള ഒരു സംവിധാനവും -അറിവോ, അനുഭവമോ- നമുക്കില്ലെന്നതാണ് സത്യം. അതേസമയം, വെട്ടുക്കിളി ആക്രമണത്തിന്റെ രണ്ടാം തരംഗം ജൂൺ-ജൂലൈ മാസങ്ങളിൽ വീണ്ടും ഉണ്ടാകാമെന്ന മുന്നറിയിപ്പ് അവരുടെ ഉറക്കം കെടുത്തുന്നുണ്ട്.

കോവിഡ് മഹാമാരിയും, അനുബന്ധ ലോക്ക്ഡൗണും കാർഷിക മേഖലയിൽ കനത്ത ആഘാതമാണ് ഏൽപ്പിച്ചത്. ഇന്ത്യൻ കർഷകരുടെ മേൽ മറ്റൊരു മഹാദുരന്തം കൂടി വെട്ടുക്കിളികളുടെ രൂപത്തിൽ പറന്നിറങ്ങി. യാതൊരു തയ്യാറെടുപ്പുകൾക്കും ഇട കൊടുക്കാതെ അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട അടച്ചുപൂട്ടൽ ഇന്ത്യയിലെ കർഷകരെ സംബന്ധിച്ചിടത്തോളം അവർ അനുഭവിച്ചുവരുന്ന ദുരിതങ്ങളുടെ ആക്കം വർധിപ്പിക്കുകയാണുണ്ടായത്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വിളനഷ്ടങ്ങൾ ഉത്പന്നങ്ങളുടെ വിലയിടിച്ചൽ, വർധിക്കുന്ന കാർഷിക ചെലവും കടങ്ങളും ഇതെല്ലാം കൂടി നടുവൊടിച്ച കർഷകർക്കുമേൽ കോവിഡ് അടച്ചുപൂട്ടൽ അക്ഷരാർത്ഥത്തിൽ ഇരുട്ടടി ആയിരുന്നു. വിളഞ്ഞു പാകമായ വയലുകൾ കൊയ്‌തെടുക്കാനാവാതെയും, വിളവെടുത്തവ വിപണികളിൽ എത്തിച്ചു വിൽക്കാൻ സാധിക്കാതെയും വന്ന കർഷകരെയും, സംഭരണം മുടങ്ങിയതിനാൽ പാഴായി പോയ കാർഷികോല്പന്നങ്ങളുടെയും, കൃഷിക്ക് ചെലവാക്കിയ മുടക്കുമുതൽ പോയിട്ട് കാർഷികോല്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ വേണ്ടി വന്ന ചെലവുപോലും തിരിച്ചു കിട്ടാതെ ചന്തയിൽ നിന്ന് മടങ്ങേണ്ടി വന്ന കർഷകരുടെയും ചിത്രങ്ങൾ വാർത്തകളിലും, സമൂഹമാധ്യമങ്ങളിലും നമ്മൾ കണ്ടിരുന്നു. സമ്പൂർണ്ണ അടച്ചു പൂട്ടൽ രണ്ടാഴ്ചയോളം പിന്നിട്ട ശേഷമാണ് ചില സംസ്ഥാനങ്ങളെങ്കിലും കാർഷിക ആവശ്യങ്ങൾ പരിഗണിച്ചു കൊണ്ട് ചില ഇളവുകൾ അനുവദിച്ചു നൽകാൻ തയ്യാറായത്.

വെട്ടുക്കിളി ഭീഷണി സംബന്ധിച്ച FAO യുടെ മുന്നറിയിപ്പ്‌
വെട്ടുക്കിളി ഭീഷണി സംബന്ധിച്ച FAO യുടെ മുന്നറിയിപ്പ്‌

ലോക്ക്ഡൗൺ കാലയളവിൽ വളരെ കുറഞ്ഞ കാർഷികോത്പന്നങ്ങൾ മാത്രമേ വിപണിയിൽ എത്തിയുള്ളൂ. കൂടാതെ മിനിമം താങ്ങു വിലയേക്കാൾ കുറഞ്ഞ നിരക്കാണ് വിപണിയിൽ ഗോതമ്പിനുണ്ടായിരുന്നത്. ആയതുകൊണ്ടുതന്നെ ആ വിലനിലവാരത്തിൽ തന്നെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കർഷകർ നിർബന്ധിതരാക്കപ്പെട്ടു. ഈവിധം ക്ലേശങ്ങൾ ഒഴിയാതെ നിന്ന കൃഷിയിടങ്ങളിൽ പിന്നീട് പറന്നെത്തിയ ദുരിതമായിരുന്നു വെട്ടുക്കിളിക്കൂട്ടങ്ങൾ. നിമിഷങ്ങൾക്കകം വിളഞ്ഞുനിന്ന പാടങ്ങൾ ഒന്നൊഴിയാതെ അവ തിന്നു തീർക്കുന്നത് നോക്കി നിൽക്കേണ്ടി വന്നു കർഷകർക്ക്.

കഴിഞ്ഞ ജനുവരിയിൽ തന്നെ വർഷാവസാനം സംഭവിക്കാൻ സാധ്യതയുള്ള വെട്ടുക്കിളി ആക്രമണത്തെ കുറിച്ച് FAO മുന്നറിയിപ്പ് നൽകിയിരുന്നു. 2019 ഡിസംബർ 18 ന് വന്ന FAOയുടെ ബുള്ളറ്റിനിൽ കിഴക്കൻ എത്യോപിയയിലും, അടുത്തുള്ള സൊമാലിയയിലും വെട്ടുക്കിളികളുടെ പ്രജനനം പുരോഗമിക്കുകയാണെന്നും, അവ ആഫ്രിക്കയിൽ ഒന്നാകെയും, പിന്നീട് യമൻ, സൗദി അറേബിയ, ഈജിപ്ത് എന്നിവിടങ്ങളിലേക്കും വ്യാപിക്കാമെന്നും, ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിൽ അതിന്റെ തീവ്രത കുറയുമെന്നും സൂചിപ്പിച്ചിരുന്നു. ഡിസംബർ അവസാന വാരത്തിൽ ആണ് പാകിസ്ഥാനിൽ വഴി ഗുജറാത്തിലേക്കു വെട്ടുക്കിളികൾ പ്രവേശിച്ചത്. തുടർന്നുള്ള മാസങ്ങളിലായി രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിലായി നൂറിലധികം ജില്ലകളിൽ രൂക്ഷമായ വെട്ടുക്കിളി ആക്രമണം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.

ജൂൺ പകുതിക്കു ശേഷം വീണ്ടും കനത്ത വെട്ടുക്കിളി ആക്രമണ സാധ്യത നിലനിൽക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. 1950, 1993 എന്നീ രണ്ടു വർഷങ്ങളിൽ കനത്ത വെട്ടുക്കിളി കീടബാധ ഇന്ത്യയിൽ സംഭവിച്ചിരുന്നു. പക്ഷേ ഇരുപത്തിയേഴു വർഷങ്ങൾക്ക് ശേഷം അതിരൂക്ഷമായ ആക്രമണം ഉണ്ടാകുന്നതു ഇപ്പോഴാണെന്നു കർഷകരും, കണക്കുകളും സൂചിപ്പിക്കുന്നു. 2019-20 കാലയളവിൽ ഏതാണ്ട് 100 കോടിയുടെ നഷ്ടമാണ് കാർഷിക മന്ത്രാലയം കണക്കാക്കിയത്. ഈ കഴിഞ്ഞ മെയ് മാസത്തിൽ തന്നെ ഏതാണ്ട് രണ്ടു ലക്ഷം ഹെക്ടർ കൃഷിയിടമാണ് വെട്ടുക്കിളി ആക്രമണത്തിൽ നശിച്ചത്. കൊറോണ മഹാമാരി മൂലം നീണ്ടു പോകുന്ന സാമ്പത്തിക മേഖലയിലെ സ്തംഭനാവസ്ഥയും, ഭക്ഷ്യ വിതരണ ശൃംഖലയുടെ തകർച്ചയും വരും നാളുകളിൽ ഭക്ഷ്യ പ്രതിസന്ധി തീവ്രമാക്കാൻ സാധ്യതയുണ്ട്.

വെട്ടുക്കിളി ഭീഷണി മുന്നറിയിപ്പ് നൽകിക്കൊണ്ട് FAO തയ്യാറാക്കിയ മാപ്പ്‌
വെട്ടുക്കിളി ഭീഷണി മുന്നറിയിപ്പ് നൽകിക്കൊണ്ട് FAO തയ്യാറാക്കിയ മാപ്പ്‌

കാലാവസ്ഥ വ്യതിയാനം മൂലം മുൻപ് തന്നെ തകർച്ച നേരിട്ട് കൊണ്ടിരുന്ന കാർഷിക മേഖലയിലെ പ്രതിസന്ധികൾ നിലവിലെ കോവിഡ് ഭീഷണിയിൽ കൂടുതൽ വഷളായിരിക്കുകയാണ്. കൂട്ടത്തിൽ എത്തിയ വെട്ടുക്കിളി ആക്രമണം ഭക്ഷ്യ സുരക്ഷയെ വീണ്ടും അപകടത്തിലാക്കിയിരിക്കുന്നു. ഭക്ഷ്യ സുരക്ഷയ്ക്ക് വിഘാതം വരുത്തുന്ന ഒരു പ്രധാന കാരണമായി വെട്ടുക്കിളി ആക്രമണം ഉൾപ്പെടെയുള്ള കീടബാധയെ FAO കണക്കാക്കുന്നുണ്ട്. FAO യുടെ കണക്കനുസരിച്ചു ഓരോ വർഷവും കീടാക്രമണം മൂലം 20-40 ശതമാനം വരെ വിളനാശം സംഭവിക്കുന്നതായി കരുതുന്നു. കാലാവസ്ഥ സാഹചര്യങ്ങളോട് ഏറ്റവും സംവേദനം കാണിക്കുന്ന ഒന്നാണ് കൃഷി എന്നതുകൊണ്ട് തന്നെ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താനുള്ള നടപടികൾ കാലാവസ്ഥ വ്യതിയാനങ്ങളുമായി ബന്ധപ്പെടുത്തിയല്ലാതെ ആസൂത്രണം ചെയ്യാൻ സാധിക്കയില്ല. നിലവിലെ കീടാക്രമണവും സൂചിപ്പിക്കുന്നത് കാലാവസ്ഥ വ്യതിയാനങ്ങളെ പരിഗണിച്ചു കൊണ്ടല്ലാതെ കാർഷിക പ്രശ്‌നങ്ങളുടെ പരിഹാര നിർവഹണം അസാധ്യമാണ് എന്നതാണ്.

സമുദ്രാന്തരീക്ഷ നിലയുമായി ബന്ധപ്പെട്ട കാലാവസ്ഥ വ്യതിയാനങ്ങൾ വിദഗ്ധർ ഇനിയും വേണ്ടത്ര പരിഗണ നൽകിയിട്ടില്ലാത്ത മേഖലയാണ്. മനുഷ്യ പ്രവൃത്തികൾ മൂലം ഉണ്ടാകുന്ന ആഗോള കാലാവസ്ഥ മാറ്റങ്ങൾ സമുദ്ര ആവാസ വ്യവസ്ഥയിൽ മുൻപെങ്ങും ഇല്ലാത്ത വിധം വലിയ ആഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. സമുദ്രോപരിതലത്തിലെ വായുപ്രവാഹത്തിന്റെ തീവ്രതയിലും, ദിശയിലും വരുന്ന മാറ്റങ്ങൾ പല കാർഷിക കീടങ്ങളുടെയും, പ്രാണി വർഗ്ഗത്തിൽപെട്ട ജീവികളുടെയും സമുദ്രാന്തര-ദേശാന്തര ഗമനത്തിന്റെ സാധ്യത വർധിപ്പിക്കുന്നുണ്ട് എന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. സമുദ്രതീരങ്ങളോട് ചേർന്ന് കിടക്കുന്ന ഉൾനാടൻ പ്രദേശങ്ങളിലെ കൃഷിയെ ദോഷകരമായി ബാധിക്കും വിധം ഇത്തരം ദേശാടനങ്ങൾ മാറിയിരിക്കുന്നു. അതിലേറ്റവും പുതിയ കീടബാധയാണ് ഈയടുത്തുണ്ടായ വെട്ടുക്കിളി ആക്രമണം.

കടൽ കടന്നെത്തിയ വെട്ടുക്കിളിക്കൂട്ടങ്ങൾ

കഴിഞ്ഞ ഒന്ന് രണ്ടു മാസങ്ങളിലായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പരക്കെ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന കീടങ്ങളാണ് വെട്ടുക്കിളികൾ. മരുഭൂമിയിൽ കാണപ്പെടുന്ന പുൽച്ചാടിയുടെ ഗണത്തിൽ പെട്ടവയാണ് വെട്ടുക്കിളികൾ (Schistocerca Gregaria ). ലോകത്തിൽ പടിഞ്ഞാറൻ

മുട്ടകൾ മണ്ണിൽമൂടുന്ന വെട്ടുക്കിളികൾ
മുട്ടകൾ മണ്ണിൽമൂടുന്ന വെട്ടുക്കിളികൾ

ആഫ്രിക്കക്കും ഇന്ത്യയ്ക്കും ഇടയിൽ അറുപത്തി അഞ്ചോളം രാജ്യങ്ങളിൽ കാണപ്പെടുന്ന ഈ പുൽച്ചാടി വർഗം പൊതുവിൽ ഏകാന്തവാസം നടത്തുന്നവരാണ്. മുട്ടയിടാൻ ഈർപ്പം നിറഞ്ഞ മണ്ണ് വേണം എന്നതുകൊണ്ട് തന്നെ മഴയ്ക്ക് ശേഷമാണ് വെട്ടുക്കിളികൾ പ്രജനനം നടത്താറുള്ളത്. മഴ അധികമാവുന്ന സാഹചര്യത്തിൽ ഉയർന്ന ജനനനിരക്ക് സംഭവിക്കുകയും ഈ മരുപുൽച്ചാടികൾ ഏകാന്തവാസം വെടിഞ്ഞു സംഘം ചേരാൻ തുടങ്ങുകയും ചെയ്യുന്നു. വേട്ടയാടുന്നതിനോ, ഒന്നിച്ചു ഭക്ഷണം കണ്ടെത്തി കഴിക്കുന്നതിനോ വേണ്ടി പറ്റം ചേർന്ന് വലിയ കൂട്ടമായി സഹവാസം (Gregariousness) തുടങ്ങുക എന്നതു ചില പ്രാണികളിൽ കണ്ടു വരുന്ന ഒരു പ്രവണതയാണ്. വെട്ടുക്കിളികളുടെ സംഘ രൂപീകരണം നടക്കുന്നതിനു ചില രാസപ്രേരകങ്ങൾ കാരണമാകുന്നുണ്ട്. പ്രാണികൾ അവയുടെ പുറംകാലുകൾ പരസ്പരം ഉരസുമ്പോൾ സെറാടോണിൻ എന്ന രാസവസ്തുക്കൾ പുറത്തുവിടുന്നു. മനുഷ്യനിലും, മറ്റു ജീവ ജാലങ്ങളിലും ഒരേ പോലെ സുഖാനുഭൂതിയും, സന്തോഷവും നൽകാൻ കഴിയുന്ന രാസവസ്തുവാണ് സെറാടോണിൻ. സെറാടോണിന്റെ പ്രവർത്തനഫലമായാണ് പുൽച്ചാടികൾ ചെറു സംഘങ്ങൾ ആവുകയും പിന്നീട് അത്തരം സംഘങ്ങൾ ഒന്നുചേർന്ന് വലിയ പ്രാണിസമൂഹങ്ങൾ രൂപപ്പെടുകയും ചെയ്യുന്നത്.

സംഘ രൂപീകരണം അവയുടെ ബാഹ്യ രൂപത്തിലും, ശക്തിയിലും മാറ്റങ്ങൾ ഉളവാക്കുന്നുണ്ട്. സംഘമായി രൂപപ്പെട്ടാൽ അവയുടെ ചലനം ഒന്നിച്ചായിരിക്കും. വിശപ്പ് തീർക്കാനായി ഇത്തരം വലിയ സംഘങ്ങൾ ഒന്നിച്ചു സഞ്ചരിക്കുകയും, കൃഷിയിടങ്ങളെ ആക്രമിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷന്റെ കണക്ക് പ്രകാരം ഒരു സ്‌ക്വയർ കിലോമീറ്റർ പരിധിവരുന്ന വെട്ടുക്കിളിക്കൂട്ടത്തിനു ഏതാണ്ട് മുപ്പത്തിഅയ്യായിരം ആളുകൾക്ക് ഒരു ദിവസം വേണ്ട ഭക്ഷണം തിന്നു തീർക്കാൻ സാധിക്കും. അത്യാർത്തിയുള്ള വെട്ടുക്കിളികൾക്ക് അവരുടെ ഭാരത്തിനു തുല്യമായ ഏകദേശം രണ്ട് ഗ്രാം ഭക്ഷണം ദിവസേന ഭക്ഷിക്കാൻ സാധിക്കും. ഒരു സ്‌ക്വയർ കിലോമീറ്ററിനകത്തു ഏതാണ്ട് നാൽപതു മില്യൺ വെട്ടുക്കിളികൾ ഉണ്ടാവും എന്നതുകൊണ്ട്, ചുരുങ്ങിയ സമയത്തിനുള്ളിൽ അവർ വരുത്തുന്ന നാശങ്ങൾ അതിഭീമമായിരിക്കും. വെട്ടുക്കിളി സംഘത്തിന് ഒരു ദിവസം 120-130 കിലോമീറ്റർ ദൂരം സഞ്ചരിക്കാനും, ഏറെ നേരം വായുവിൽ തങ്ങിനിൽക്കാനും കഴിയും. 1988ൽ വെട്ടുക്കിളികൂട്ടങ്ങൾ പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്ന് കരീബിയൻ തീരത്തേക്ക് പത്തു ദിവസമെടുത്തു സഞ്ചരിച്ചു തീർത്തത് 5000 കിലോമീറ്റർ ആണ്. മരുപുൽച്ചാടികളുടെ ആയുർ ദൈർഘ്യം മൂന്നു തൊട്ടു അഞ്ചു മാസങ്ങൾ വരെയാണ്. ഈ കാലയളവിനുള്ളിൽ പെൺമരുപുൽച്ചാടി മൂന്നു തവണയെങ്കിലും മുട്ടയിടും. മൂന്നു മാസത്തിനുള്ളിൽ തന്നെ ഒരു വെട്ടുക്കിളിക്കൂട്ടത്തിനു അതിന്റെ അംഗസംഖ്യ ഇരുപതു മടങ്ങു വർധിപ്പിക്കാനുള്ള ശേഷിയുണ്ട്.

ഈ കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യയിൽ ഉണ്ടായ വെട്ടുക്കിളി ആക്രമണം പതിവില്ലാത്തതും അതി തീവ്രവും കൂടുതൽ വ്യാപകവും ആയിരുന്നെന്ന് വെട്ടുക്കിളി ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പുകൾ നൽകുന്ന LWO (Locust Warning Organisation- LWO) എന്ന സ്ഥാപനം ചൂണ്ടിക്കാട്ടുന്നു. മുൻപ് സൂചിപ്പിച്ച പോലെ ഈറൻ മണലും, ഊഷരമായ പ്രദേശത്തെ പച്ചപ്പും ആണ് വെട്ടുക്കിളികളുടെ പ്രജനനത്തിനു അനുകൂലമായ സാഹചര്യം ആവുന്നത്. 2019ൽ ആഫ്രിക്കയിലെയും, അറേബ്യൻ ഉപദ്വീപുകളിലെയും മരുപ്രദേശങ്ങളിൽ ലഭിച്ച കനത്ത വർഷപാതം ആണ് ഈ വിധം വർധിച്ച തോതിൽ വെട്ടുക്കിളികളുടെ പ്രജനനത്തിനുള്ള അനുകൂല സാഹചര്യം പ്രദാനം ചെയ്തത്. വർധിച്ച തോതിലുള്ള ഈ വർഷപാതം പശ്ചിമേന്ത്യൻ സമുദ്രത്തിൽ പടിഞ്ഞാറും കിഴക്കും വ്യത്യസ്ത ഊഷ്മനിലകൾ രൂപപ്പെടാൻ കാരണമായി. ആഗോളതാപനത്തിന്റെ തോത് കൂടിയതും ഈ ധ്രുവീകരണത്തിന്റെ സാധ്യത വർധിപ്പിച്ചു. താരതമ്യേന ചൂട് പിടിച്ച പശ്ചിമേന്ത്യൻ സമുദ്രാന്തരീക്ഷവും, ഇന്ത്യയിലൊട്ടാകെ ഈ വർഷം പരക്കെ ലഭിച്ച വർഷകാലപൂർവ്വ മഴയും വെട്ടുക്കിളികൾക്ക് ഇന്ത്യയിലേക്ക് പലായനം നടത്താനുള്ള അനുകൂല അന്തരീക്ഷം സംജാതമാക്കി. മൺസൂണിനു മുൻപ് തന്നെ മരുപ്രദേശങ്ങളിൽ പച്ചപ്പ് നിറഞ്ഞതോടെ രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേക്ക് ഇറാൻ പാകിസ്ഥാൻ വഴി വെട്ടുക്കിളിക്കൂട്ടങ്ങൾ പറന്നെത്തി. മെഡിറ്ററേനിയൻ സമുദ്രത്തിലോ, അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ മധ്യ പശ്ചിമ ഭാഗത്തോ സംഭവിച്ച പതിവിൽ കൂടുതലായ ന്യൂനമർദ്ദങ്ങൾ ആണ് ഇത്തവണ ഇന്ത്യയിൽ വ്യാപകമായി വർഷകാലപൂർവ്വ മഴ ശക്തമായി ലഭിക്കാൻ ഇടയാക്കിയത്. ഈ പടിഞ്ഞാറൻ അസ്വസ്ഥതകൾ അടിക്കടിയുള്ള ധ്രുവചുഴലിക്കാറ്റുകൾക്കും കാരണമാകുന്നുണ്ട്. 2019 ൽ മാത്രം ഇന്ത്യൻ സമുദ്രത്തിൽ ഏതാണ്ട് എട്ടോളം സൈക്ലോണുകളാണ് ഉണ്ടായത്. അറേബ്യൻ ഉപദ്വീപുകളിലും, ആഫ്രിക്കയുടെ മരുപ്രദേശങ്ങളിലും പതിവിൽ കൂടുതൽ മഴ ലഭിക്കാൻ ഈ സാഹചര്യം സഹായിച്ചു. ഇതാണ് മരുഭൂമിയിൽ വെട്ടുക്കിളികളുടെ വർധനവിനിടയാക്കിയത്. ഈയൊരവസ്ഥ വരും വർഷങ്ങളിലും നിലനിൽക്കാൻ സാധ്യതയുണ്ടെന്നാണു കരുതപ്പെടുന്നത്. ജൂൺ മാസത്തിന്റെ പകുതിയോടെ വെട്ടുക്കിളികളുടെ ഇളം തലമുറ പൂർണ്ണവളർച്ചയെത്തുകയും, അത്യാർത്തിയുള്ള മറ്റൊരു കൂട്ടം മുതിർന്ന വെട്ടുക്കിളിക്കൂട്ടങ്ങളായി മാറാനും സാധ്യതയുണ്ട്. പ്രജനനത്തിന്റെ അടുത്ത ഘട്ടം കൂടുതൽ ഭീമമായ നഷ്ട്ങ്ങൾ ആയിരിക്കും ആഫ്രിക്കൻ രാജ്യങ്ങളിലും, അറേബ്യൻ ഉപദ്വീപുകളിലും, ഇന്ത്യയിലും വരുത്തിവെക്കുന്നുണ്ടാവുക.

ഭക്ഷ്യ സുരക്ഷയെ അപകടകമായി ബാധിച്ചു എന്നത് കൊണ്ട് തന്നെ വെട്ടുക്കിളി ആക്രമണത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ പാകിസ്ഥാൻ, സോമാലിയ എന്നീ രാജ്യങ്ങൾ നിർബന്ധിതരായിരിക്കുകയാണ്. ഫെബ്രുവരി 2നാണ് പാകിസ്ഥാൻ വെട്ടുക്കിളി ആക്രമണത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഡിസംബറോടു കൂടി തന്നെ നാൽപത്തിയഞ്ചു ശതമാനം ഭക്ഷ്യവിളകളാണ് വെട്ടുക്കിളി ആക്രമണത്തിൽ ആ രാജ്യത്തിന് നഷ്ടമായത്. ഇന്ത്യയിലും സമാനമായ സാഹചര്യം സംഭവിക്കാൻ സാധ്യത നിലനിൽക്കുന്നുണ്ട്. നിലവിൽ വളർച്ചയെത്തിയ കീടങ്ങൾ പ്രജനനത്തിലേക്കു കടന്നാൽ കൂടുതൽ കീടങ്ങൾ മുട്ട വിരിഞ്ഞിറങ്ങാനും, കൂടുതൽ വിളനഷ്ടം ഉണ്ടാക്കാനും ഇടയായേക്കാം.

കാലാവസ്ഥ വ്യതിയാനവും, കീടബാധയും

കാലാവസ്ഥ വ്യതിയാനത്തിന് ഇത്തരം കീടബാധയിൽ നിർണ്ണായക പങ്കുണ്ട്. നേരത്തെ സൂചിപ്പിച്ചതു പോലെ നിലവിലെ വെട്ടുക്കിളി ആക്രമണം കാലാവസ്ഥ വ്യതിയാനം നിമിത്തം സമുദ്രാന്തരീക്ഷത്തിലെ മാറ്റങ്ങളും ഉൾനാടൻ തീരദേശങ്ങളും തമ്മിലുള്ള ബന്ധമാണ് ചൂണ്ടിക്കാട്ടുന്നത്. തെക്കൻ ഏഷ്യയുടെ ഭാഗങ്ങളിൽ മുൻകാലങ്ങളെ അപേക്ഷിച്ചു സൈക്ലോണുകളുടെ എണ്ണവും, തീവ്രതയും കൂടിയിട്ടുണ്ട്. അറേബ്യൻ സമുദ്രത്തിൽ രണ്ടു സൈക്ലോൺ സീസൺ ആണ് പൊതുവിൽ ഉള്ളത്. സാധാരണ വർഷത്തിൽ ഒരു ചുഴലിക്കാറ്റിനുള്ള സാധ്യതയാണ് മുൻപ് നിലനിന്നിരുന്നത്. ആഗോള കാലാവസ്ഥ വ്യതിയാനം ഈ "സാധാരണ സാഹചര്യങ്ങളിൽ' വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. 2018ൽ അസാധാരണമാം വിധം ശക്തമായ മൂന്നു സൈക്ലോണുകളാണ് ഈ സമുദ്ര ഭാഗത്തു ഉണ്ടായത്. സൈക്ലോൺ രൂപീകരണത്തിന് അനുയോജ്യമായ സമുദ്രോപരിതല ഊഷ്മാവാണ് ഇവിടെ ഉണ്ടായതു എന്നതുകൊണ്ട് തന്നെ സൈക്ലോണിന്റെ എണ്ണം വർധിക്കുകയും ചെയ്തു.

ഈ സാഹചര്യങ്ങൾ ആണ് അറേബ്യൻ പെനിൻസുലയിൽ പതിവിനു വിപരീതമായി കൂടുതൽ മഴ ലഭിക്കാനും, അതുവഴി വെട്ടുക്കിളികളുടെ പ്രജനനത്തിനു ഏറ്റവും അനുകൂലമായ അന്തരീക്ഷ സ്ഥിതി ഉണ്ടാകുകയും ചെയ്തത്. കാലാവസ്ഥാ മാറ്റങ്ങൾ കീടങ്ങളുടെയും, പ്രാണികളുടെയും തീവ്രത വർധിപ്പിക്കുന്നതോടൊപ്പം തന്നെ അവയുടെ ദേശാന്തര സഞ്ചാരത്തിനും ഇടയാക്കുന്നു. ആഗോള താപനവും, കീടബാധയുടെ വർധനവും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിൽ തന്നെ അറിഞ്ഞിരിക്കേണ്ടതുണ്ട്.

ആഗോള താപനം കീടങ്ങളുടെ എണ്ണത്തിൽ മാത്രമല്ല, അവയുടെ വിശപ്പും ആർത്തിയും കൂടി വർധിപ്പിച്ചിരുന്നു എന്ന് പറയാം. രണ്ടു രീതിയിലാണ് കാലാവസ്ഥ വ്യതിയാനം പ്രാണികളുടെയും, കീടങ്ങളുടെയും സ്വഭാവത്തിലും, പ്രവർത്തനത്തിലും മാറ്റം വരുത്തുന്നത്. ഒന്ന് താപനിലയിൽ ഉണ്ടാകുന്ന വർധനവ് കീടങ്ങളുടെ ദഹനശേഷി തീവ്രമാക്കുന്നു. ഇത് വേഗത്തിൽ വിളകൾ നശിക്കുന്നതിനു കാരണമാകുന്നു. രണ്ടാമത്തേത് മിതശീതോഷ്ണ മേഖലയിലെ അന്തരീക്ഷ ഊഷ്മാവ് വർധിക്കുന്നത് നിമിത്തം അവിടങ്ങളിലെ കീടങ്ങൾ കൂടുതൽ സജീവമാകുന്നു. ഒപ്പം പ്രത്യുല്പാദന നിരക്ക് വർധിക്കുകയും ചെയ്യുന്നു. ചുറ്റുപാടുകൾക്ക് അനുസൃതമായി ശരീരോഷ്മാവ് ക്രമീകരിക്കാൻ കഴിവുള്ള ജീവികളാണ് കീടങ്ങൾ എന്നത് കൊണ്ട് തന്നെ അവയുടെ അതിജീവന ശേഷി കൂടുതലാണ്. അന്തരീക്ഷ താപനിലയിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ കീടങ്ങളുടെ വ്യാപനം (distribution), കീടബാധയുടെ തോത് എന്നിവ കൂട്ടുന്നു.

ധ്രുവാഭിമുഖമായുള്ള (Poleward) കീടങ്ങളുടെ സഞ്ചാരം കാലാവസ്ഥ വ്യതിയാനം കൊണ്ട് സംഭവിക്കുന്നതാണ്. കാർഷിക കീടങ്ങളുടെയും, മറ്റു രോഗാണുക്കളുടെയും ദേശാന്തരഗമനത്തെ കുറിച്ചുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത് അവ വർഷത്തിൽ ഏകദേശം 2.7 കിലോമീറ്റർ ദൂരമാണ് ധ്രുവാഭിമുഖമായി സഞ്ചരിക്കുന്നത് എന്നാണ്. രോഗാണുക്കളുടെ ഈ വിധമുള്ള ചലനമാണ് ചില പ്രദേശങ്ങളിലെ അസാധാരണമായ കീടബാധയ്ക്കും, അധിനിവേശ കീടങ്ങൾ പ്രാദേശിക കാർഷിക മേഖലയിൽ വ്യാപകമാവുന്നതിനും കാരണമാകുന്നത്. ദേശാതിർത്തികൾ വിട്ടു സഞ്ചരിക്കുന്ന കീടങ്ങൾ ഒരേ സമയം തന്നെ വിവിധ ദേശങ്ങളിലോ, രാജ്യങ്ങളിലോ, ഭൂഖണ്ഡങ്ങളിലോ കൃഷി നഷ്ടം വ്യാപകമാക്കുന്നു. പലപ്പോഴും മുന്നപായസൂചനകളെയോ, ശമന നിയന്ത്രണ മാർഗ്ഗങ്ങളെയോ നിഷ്ഫലമാക്കി കൊണ്ട് വിളകളെ മുച്ചൂടും നശിപ്പിച്ചു അവ മുന്നേറി കൊണ്ടിരിക്കും.

ഭൂപ്രദേശങ്ങൾക്കും, അന്തരീക്ഷ സാഹചര്യങ്ങൾക്കും അനുസരിച്ചു സമ്മിശ്ര പ്രതികരണങ്ങളാണ് കീടങ്ങൾ പ്രകടിപ്പിക്കുന്നത് എന്നത് കൊണ്ട് കീടബാധയുടെ നിയന്ത്രണം എപ്പോഴും കാർഷികമേഖലയ്ക്ക് വെല്ലുവിളി ഉയർത്തുന്ന പ്രശ്‌നമാണ്. കീടബാധയെ സംബന്ധിച്ചു പൊതുവായ നിഗമനങ്ങളിൽ എത്താൻ പ്രയാസമാണ് എന്നതുകൊണ്ട് കീട നിയന്ത്രണ മാർഗ്ഗങ്ങൾ കർഷകന് കൂടുതൽ കൂടുതൽ ചെലവ് വർധിപ്പിക്കുന്ന ഒന്നായി മാറുകയും ചെയ്യുന്നു.

പൂർണ വളർച്ചയെത്തിയ വെട്ടുക്കിളി
പൂർണ വളർച്ചയെത്തിയ വെട്ടുക്കിളി

അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡിന്റെ വർധനവ് ഇലകളിലെ ലഘു പഞ്ചസാര തന്മാത്രകളുടെ അളവ് കൂട്ടുകയും, നൈട്രജൻ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഇത് കീടബാധ മൂലമുള്ള നാശം തീവ്രമാക്കുന്നുണ്ട്. കീടങ്ങൾക്ക് അവയുടെ ചയാപചയ പ്രവർത്തനങ്ങൾക്കായുള്ള നൈട്രജൻ ലഭ്യമാകുന്നത് ഇലകളിൽ നിന്നാണ്. കാലാവസ്ഥാ മാറ്റങ്ങൾ മൂലം ഇലകളിലെ നൈട്രജൻ അളവ് കുറയുമ്പോൾ, ആവശ്യമായ നൈട്രജൻ ലഭിക്കാനായി കൂടുതൽ ഇലകൾ കീടങ്ങൾ ഭക്ഷിക്കുകയും, അതുവഴി ഭീമമായ കാർഷിക നഷ്ടം സംഭവിക്കാനും ഇടയാകുന്നു. വർധിക്കുന്ന കാർബൺ ഡൈ ഓക്‌സൈഡ് അന്തരീക്ഷ താപനില ഉയർത്തുന്നു എന്നതുകൊണ്ട് കീടങ്ങളുടെ ശീതകാല അതിജീവനവും എളുപ്പം സാധ്യമാകുന്നു.

കാലാവസ്ഥ വ്യതിയാനം കീടങ്ങളുടെ സ്വാഭാവിക ശത്രുക്കളെയും ദോഷകരമായി ബാധിക്കുന്നുണ്ട്. വിളകളിലെ കീടങ്ങളുടെ സ്വാഭാവിക ശത്രുക്കൾ ആയ ചെറിയ പരാദ ജീവികൾ, പക്ഷികൾ, ചില സസ്തനികൾ എന്നിവയുടെയെല്ലാം എണ്ണത്തിലും കാലാവസ്ഥ മാറ്റങ്ങൾ സ്വാധീനം ചെലുത്തുന്നുണ്ട്. കീടങ്ങളെ മാത്രം മുൻനിർത്തിയുള്ള കീടനിയന്ത്രണ മാതൃകകൾ ആണ് കൂടുതലായി വികസിപ്പിച്ചെടുക്കുന്നത്. ഇത് പ്രശ്‌നത്തെ ലഘൂകരിക്കലാണ്. അന്തരീക്ഷ ഊഷ്മാവിലുണ്ടാകുന്ന അതേ മാറ്റങ്ങൾ കീടങ്ങൾക്കൊപ്പം തന്നെ, അവയുടെ ആതിഥേയ സസ്യങ്ങളെയും, സ്വാഭാവിക കീട ശത്രുക്കളെയും ബാധിക്കും. കീടനിയന്ത്രണ മാതൃകകൾ പലപ്പോഴും വളരെ പ്രാധാന്യമുള്ള ഇത്തരം പാരിസ്ഥിതിക ബന്ധങ്ങളെ അവഗണിക്കുകയാണ് പതിവ്. വർധിക്കുന്ന ഊഷ്മാവും, CO2 നിലയും കീടനാശിനികളോടുള്ള കീടങ്ങളുടെ പ്രതികരണ ശേഷിയിലും പ്രകടമായ വ്യതിയാനങ്ങൾ വരുത്തുന്നുണ്ട്. ഉയർന്ന ഊഷ്മനില കീടനാശിനികളുടെ കാര്യക്ഷമത കുറയ്ക്കുന്നു. കീടങ്ങളിൽ കീടനാശികളോടുള്ള പ്രതിരോധം വർധിച്ചു വരുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രതിരോധശേഷി കുറയുന്ന വിളകളും, അതിജീവന ശേഷി വർധിക്കുന്ന കീടങ്ങളും തമ്മിലുള്ള പോരാട്ടമാണ് നിലവിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇത് കാർഷികോല്പാദനത്തെ മാത്രമല്ല, ആഹാരശൃംഖലയുടെ ഒരു തട്ടിൽ വരുന്ന മനുഷ്യന്റെ ആരോഗ്യപൂർണമായ നിലനിൽപ്പിനും ഭീഷണി ഉയർത്തുന്നുണ്ട്.

കാലാവസ്ഥയിലെ തകിടം മറിച്ചിലുകൾ കീടങ്ങളിൽ മാത്രമല്ല ആതിഥേയ സസ്യങ്ങളിലും മാറ്റങ്ങൾ വരുത്തുന്നുണ്ട്. ആതിഥേയ സസ്യങ്ങളുടെ പ്രതിരോധശേഷി കുറഞ്ഞുവരുന്നു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനം വിളകളിലെ പോഷകാംശങ്ങളിൽ ഗണ്യമായ കുറവ് വരുത്തുന്നുണ്ട്. ഇത് സ്വാഭാവികമായും മനുഷ്യരിലെ പോഷകാഹാരക്കുറവ് പ്രശ്‌നത്തെ കൂടുതൽ ഗുരുതരമാക്കുന്നു. മനുഷ്യ ശരീരത്തിന്റെ നിർമാണത്തിനും, പ്രവർത്തനത്തിനും ആവശ്യമായ പ്രോട്ടീൻസ്, സിങ്ക്, അയേൺ തുടങ്ങിയവയെല്ലാം വലിയൊരളവിൽ പ്രദാനം ചെയ്യുന്നത് സസ്യങ്ങളാണ്. ദീർഘ കാലം അമിതമായ അന്തരീക്ഷ കാർബൺ ഡൈ ഓക്‌സൈഡ് നിലയിൽ വളരേണ്ടി വരുന്ന വിളകളിൽ മേൽപറഞ്ഞ പോഷക ഘടകങ്ങൾ കുറഞ്ഞ അളവിലേ നിർമ്മിക്കപ്പെടുന്നുള്ളു എന്ന് കണ്ടെത്തിയിട്ടുണ്ട്. അന്തരീക്ഷ കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് ശരാശരി 550 ppmലേക്ക് എത്തിയാൽ ആഗോള പോഷകാഹാരകുറവിൽ ഉണ്ടായേക്കാവുന്ന ഇടിച്ചിൽ പഠന വിധേയമാക്കിയിട്ടുണ്ട് . CO2 ന്റെ അളവ് 550 ppm ആവുമ്പോൾ ഗോതമ്പ്, നെല്ല്, ചോളം എന്നീ ഭക്ഷ്യ വിളകളിലെ ഇരുമ്പ്, പ്രോട്ടീൻ, സിങ്ക് എന്നീ പോഷകഘടകങ്ങളുടെ അളവിൽ 3.17 ശതമാനം വരെ കുറവ് സംഭവിക്കും. വിളകളിൽ സംഭവിക്കുന്ന പോഷക ഘടകങ്ങളുടെ കുറവ് സ്വാഭാവികമായും ആളുകളിലെ പോഷകദാരിദ്രത്തെ കൂടുതൽ വഷളാക്കും.

ഇന്ത്യയിൽ നിലവിൽ തന്നെ ന്യൂന പോഷണം രൂക്ഷമാണ്. 2050ഓടെ അധികമായി 5കോടി ആളുകളിൽ കൂടി സിങ്ക് ന്യൂന്യതയും, സ്ത്രീകളും, കുട്ടികളും അടങ്ങുന്ന 5.2 കോടി ജനങ്ങളിൽ അയേൺ കുറവും അധികരിക്കാം എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. പരസ്പരബന്ധിതമായ ആവാസ വ്യവസ്ഥകളും, അവയിലെ പരസ്പരാശ്രിതത്വങ്ങൾ നിലനിർത്തുന്ന ആഹാര ബന്ധങ്ങളും ഒരേപോലെ കാലാവസ്ഥ വ്യതിയാനത്തിന് വിധേയമാകാതിരിക്കില്ല. അതിന്റെ ആഘാതങ്ങളിൽ നിന്ന് വിളകൾക്ക് മാത്രമല്ല, മനുഷ്യനും വിടുതൽ ഇല്ല എന്നുള്ള തിരിച്ചറിവാണ് കോവിഡാനന്തര ലോകത്തെ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താൻ സഹായിക്കൂ.

ശാസ്ത്രീയ പഠനങ്ങളുടെയോ മുന്നറിയിപ്പുകളുടെയോ അഭാവമല്ല പുതുതായി ഉയർന്നുവരാൻ പോകുന്ന കീടാക്രമണം പോലുള്ള പ്രതിസന്ധികൾക്ക് കാരണം. മറിച്ച്, ഈ പ്രതിസന്ധികൾക്ക് ഇടയാക്കുന്ന അടിസ്ഥാന കാരണങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യും എന്നത് സംബന്ധിച്ച കൂട്ടായ ആലോചനകളുടെയോ തീരുമാനങ്ങളുടെയോ അഭാവമാണ്. കാലാവസ്ഥാ പ്രതിസന്ധി എന്നത് ഏതെങ്കിലും ഒരു സംസ്ഥാനത്തിന് ഒറ്റയ്ക്ക് പരിഹരിക്കാവുന്ന വിഷയമല്ല. അതിന് രാഷ്ട്രങ്ങൾ തമ്മിലുള്ള കൂടിയാലോചനകളും പരിശ്രമങ്ങളും മാത്രമേ പരിഹാരമാകുകയുള്ളൂ. ദീർഘകാല പദ്ധതികളും ആസൂത്രണങ്ങളും ആവശ്യമായ ഒന്നാണത്. താൽക്കാലിക രാഷ്ട്രീയ നേട്ടങ്ങൾ മാത്രം ലക്ഷ്യമിടുന്ന ഭരണനേതൃത്വങ്ങൾക്ക് ഒട്ടും ആകർഷകമല്ലാത്ത ഒരു മേഖലയാണത് എന്നതാണ് ഭാവിയെ സംബന്ധിച്ച പ്രതീക്ഷകളെ ഇരുട്ടിലാഴ്ത്തുന്നത്.

ഈയടുത്ത ദിവസം വയനാട്ടിലെ ഒരു ആദിവാസി യുവാവ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് വാർത്തയായിരുന്നു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിനടുത്ത് കൈതച്ചക്കയിൽ പൊതിഞ്ഞ പടക്കം കടിച്ചതിനെത്തുടർന്ന് ഒരു ആന ചെരിഞ്ഞത് ദേശീയ പ്രാധാന്യമുള്ള വാർത്തയായതും നാം കണ്ടു. വനമേഖലയോട് ചേർന്നുകിടക്കുന്ന മനുഷ്യവാസ പ്രദേശങ്ങളിൽ വർധിച്ചുവരുന്ന മനുഷ്യ-മൃഗ സംഘർഷങ്ങൾ കർഷകരുടെ ജീവനും കൃഷിക്കും വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. സാമ്പത്തിക പ്രയാസങ്ങളും വന്യജീവി ആക്രമണങ്ങളും കൊണ്ട് പൊറുതിമുട്ടിയ കർഷകർ രണ്ടാമതൊരു വെട്ടുക്കിളി ആക്രമണത്തെ അതിജീവിക്കുന്നതെങ്ങിനെയെന്നത് വലിയ ചോദ്യമാണ്. പ്രകൃതിയുടെ ജൈവതാളത്തിൽ സംഭവിച്ച അട്ടിമറികളാണ് മേൽസൂചിപ്പിച്ച രണ്ട് പ്രതിസന്ധികളുടെയും മൂലകാരണം. ദീർഘവീക്ഷണത്തോടും അവധാനതയോടും കൂടി മാത്രം കൈകാര്യം ചെയ്യപ്പെടേണ്ട വിഷയങ്ങളാണ് ഇവ.


Summary: കോവിഡും യാതൊരു തയ്യാറെടുപ്പുമില്ലാതെ പ്രഖ്യാപിച്ച ലോക്ക്ഡൗണും ഇന്ത്യയുടെ കാർഷിക മേഖലയ്ക്ക് കനത്ത ആഘാതമാണ് ഏൽപ്പിച്ചത്. ഇതിനിടയിൽ വെട്ടുക്കിളികളുടെ ആക്രമണംകൂടി വന്നത് കർഷകരുടെ ദുരിതത്തിന്റെ ആക്കംകൂട്ടി. ഉത്തരേന്ത്യയിൽ വൻതോതിൽ നാശം വിതച്ച വെട്ടുക്കിളികൾ കേരളത്തിലെ വയനാട്ടിലും എത്തി. കേരളത്തിലെത്തിയപ്പോഴേക്കും അവയുടെ തീവ്രത കുറഞ്ഞുവന്നതിനാൽ വൻനാശനഷ്ടം ഒഴിവായി. എന്നാൽ ജൂൺ-ജൂലൈ മാസങ്ങളിൽ വെട്ടുക്കിളികളുടെ ആക്രമണത്തിന്റെ രണ്ടാംതരംഗമുണ്ടാകാമെന്ന മുന്നറിയിപ്പ് കർഷകരെ ഭീതിയിലാഴ്ത്തുന്നുണ്ട്. 27 വർഷത്തിനിപ്പുറം വീണ്ടുമൊരു വെട്ടുക്കിളി ആക്രമണം ഇന്ത്യയിലുണ്ടാവുന്നതിലേക്കു വഴിവെച്ച കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ചും കാർഷിക മേഖല അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികളെക്കുറിച്ചും പരിശോധിക്കുകയാണ് ഡോ. സ്മിത പി.കുമാർ


Comments