സഭയ്​ക്കും ഭരണകൂടത്തിനുമിടയിലെ മത്സ്യത്തൊഴിലാളികൾ, അവരുടെ സമരം

വിഴിഞ്ഞത്ത്​ സമരം ചെയ്യുന്ന മൽസ്യത്തൊഴിലാളികളുടെ ജീവിതത്തെ രണ്ട് അധികാരങ്ങളാണ് നിയന്ത്രിക്കുന്നത്; ഒന്ന് ലാറ്റിൻ കാത്തലിക്​ റിലിജിയസ് ഇൻസ്റ്റിറ്റ്യൂഷനും മറ്റൊന്ന് ഭരണകൂടവും. അതുകൊണ്ട് അവർക്ക് സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്നില്ല. വർഷങ്ങളായി ഈ അവസ്ഥയിലാണ് അവർ ജീവിക്കുന്നത്. അതുകൊണ്ടുകൂടിയാണ് ഈ സമരത്തിനെ പൊതുസമൂഹം വലിയ ഗൗരവമായി കാണാത്തത്. പക്ഷേ സമരത്തിന്റെ ആവശ്യങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. വർഷങ്ങളായി ജീവിച്ചിരുന്ന ഇരിപ്പിടത്തെയും തൊഴിലിനെയും ഇല്ലായ്മ ചെയ്യുന്ന വികസനത്തിനെ ചോദ്യം ചെയ്യുകതന്നെ ചെയ്യണം.

"ജീവിക്കാൻ വേണ്ടി പൊരുതുകയും പോരാടുകയും ഉള്ളിൽ സംഘർഷം അനുഭവിക്കുകയും ചെയ്യുന്ന ഒരു ജനതയുടെ കഥയാണ് ഇത്'- മത്സ്യത്തൊഴിലാളികൾക്ക്, അവരുടെ ജീവിതത്തിന് ബർഗ്​മാൻ തോമസ് എന്ന എഴുത്തുകാരൻ കൊടുത്ത ആമുഖം ഇങ്ങനെയാണ്. 2011 ലാണ് "പുറങ്കടൽ' എന്ന നോവൽ പ്രസിദ്ധീകരിച്ചത്. പ്രവാസി എഴുത്തുകാരൻ കൂടിയായ അദ്ദേഹം തന്റെ ജനതയുടെ ജീവിതയാതനകളെ ഒരു നോവലാക്കി മാറ്റി. കൊച്ചുതുറ സ്വദേശിയായ എഴുത്തുകാരൻ തീരദേശ ജനതകളുടെ ജീവിതആഴങ്ങളിലേക്ക് നമ്മെ ക്ഷണിക്കുന്നു.

നവ ഉദാരണവൽക്കരണവും, നവ കോളണിയലിസവും, മുതലാളിത്തവും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം ഇല്ലായ്മ ചെയ്യുന്നു. വലിയ വിദേശ കപ്പലുകൾ പുറത്തുനിന്ന് മീൻ പിടിക്കാൻ വരുന്നതുകൊണ്ട് കടലിനെ നമ്പി കാലങ്ങളായി ജീവിച്ചുവരുന്ന തീരദേശ ജനതയുടെ ജീവിതം ചോദ്യചിഹ്നമാകുന്നു.

കടലിനെ മൂന്നു കടൽ മേഖലകളായി തിരിക്കാം; കരക്കടൽ, നടുകടൽ, ആഴക്കടൽ. മൂന്നു ഭാഗത്തും മീൻ സമ്പത്ത് അല്ലെങ്കിൽ മീനുകളുടെ വളർച്ച വ്യത്യസ്തമായ രീതിയിലാണ്. വലിയ യന്ത്രക്കപ്പലുകൾ ഈ സമ്പത്തിനെ നശിപ്പിക്കയാണ്. ഇത്തരത്തിലുള്ള കപ്പലുകളുണ്ടാക്കുന്ന വലിയ ശബ്ദങ്ങളും, ചലനങ്ങളും കൊണ്ട് മത്സ്യബന്ധനം അല്ലെങ്കിൽ മത്സ്യത്തിന്റെ വളർച്ച വൻതോതിൽ ബാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. അദ്ദേഹത്തിന്റെ
"പുറങ്കടൽ' നോവൽ വളരെ കൃത്യമായി ഈ കാര്യങ്ങളെ പരാമർശിക്കുന്നു

"നിങ്ങൾ കടൽ കണ്ടിട്ടുണ്ടോ? ഞങ്ങൾക്ക് സ്വന്തം എന്ന് പറയാൻ കടൽ എങ്കിലും ഉണ്ട്. നിങ്ങൾക്കോ? കടൽ ഞങ്ങളുടെ ജീവനാണ്, ജീവിതമാണ്, കടൽ ഞങ്ങളുടെ തുടിപ്പാണ്, ഞങ്ങളുടെ താളമാണ്, ഞങ്ങളുടെ ആവേശമാണ് ഉന്മാദമാണ് ' ഈ വരികൾക്ക് ഈ കാലത്തിലും പ്രസക്തിയുണ്ട്. തീരദേശ ജനതയുടെ ജീവിതം എന്നും പോരാട്ടം നിറഞ്ഞതാണ്. കരയിൽ ജീവിക്കുന്നവർക്ക് അത് എന്നും വിനോദമാണ്, അത്ഭുതമാണ്. ചില സമയത്ത് അതുവെറും കാഴ്ച മാത്രമാണ്. വിഴിഞ്ഞത്തിൽ തുറമുഖം വരുമ്പോൾ അത് എങ്ങനെ തീരദേശവാസികളെ ബാധിക്കും എന്ന് ചിലർക്ക് തോന്നലുണ്ടാവാം. ആ സംശയം ന്യായമായ സംശയമാണ്. കാരണം, ആഗോളവൽക്കരണത്തിന്റെ ഭാഗമായി ഒരു ജനതയെ കടൽ എടുക്കുന്നു എന്നതിനെ കുറിച്ചുള്ള ചിന്താഗതി നമ്മളിൽ പലർക്കും ഇല്ലാത്തതുകൊണ്ടാണത്.

ഒരു മത്സ്യത്തൊഴിലാളിയുടെ അപ്പനും അപ്പൂപ്പനും അല്ലെങ്കിൽ അവരുടെ പരമ്പരയിൽ ഇന്നുവരെ ജീവിച്ചിരിക്കുന്ന എല്ലാവർക്കും ഒരുപാട് കടൽ മരണത്തെക്കുറിച്ച് പറയാനുണ്ടാവും. എല്ലാ കർക്കടകമാസവും (ആനി, ആടി ) തുറയിൽ മരണങ്ങൾ പതിവാണ്. പണ്ട് വേലു അരയൻ ഇതിനുവേണ്ടിയാണ് സമരം നടത്തിയത്. അന്ന് അദ്ദേഹം ആവശ്യപ്പെട്ടത് മുക്കുവർക്ക് കടലെടുക്കാതെ താമസിക്കാൻ കരയിലെ ഒരു സ്ഥലം എന്നതായിരുന്നു. കടലോട് ചേർന്നിരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ വീടുകൾ എല്ലാക്കാലത്തും കടൽ വേലിയേറ്റം കൊണ്ടുപോകും. പിന്നീട് അവർ സർക്കാർ ക്യാമ്പുകളിലും അടുത്തുള്ള ഗ്രാമങ്ങളിലുള്ള ബന്ധുക്കളുടെ വീടുകളിലും കഴിഞ്ഞുകൂടേണ്ടി വരും. അങ്ങനെ രണ്ടുവർഷത്തിനു മുമ്പ് ഒരു വേലിയേറ്റ സമയത്ത് വീടും തൊഴിൽ സാധനങ്ങളും നഷ്ടപ്പെട്ട ഒരുപാട് മത്സ്യത്തൊഴിലാളികൾ ഇന്നും തിരുവനന്തപുരം സർക്കാർ ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെ വളരെ ദയനീയ അവസ്ഥയിൽ ജീവിതം നയിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് പഠിക്കാൻ പോലും പറ്റാത്ത സാഹചര്യം ഇന്നും നിലനിൽക്കുന്നു. അതുകൊണ്ടാണ് അവർ വിഴിഞ്ഞം തുറമുഖത്തെ കുറിച്ച് ഇത്രയേറെ വീർപ്പുമുട്ടുന്നത്.

Photo : Wikimedia Commons
Photo : Wikimedia Commons

നമ്മൾ വികസനം എന്ന പേരിൽ ചെയ്യുന്ന പ്രവൃത്തികളുടെ ആഘാതം ഏറ്റുവാങ്ങുന്നത് അവരായിരിക്കും. കടലിന്റെ മക്കൾക്ക് കടൽ തൊഴിലിടം മാത്രമല്ല, അവരുടെ ജീവിതത്തിന്റെ എല്ലാമാണ്. കടലിനെ അവർ കാമുകിയായും അമ്മയായും സമ്പത്തായും സ്വന്തമായും കണ്ടുവരുന്നു. അതുകൊണ്ടുതന്നെ അവരുടെ കടലിനെ പരിക്കേൽപ്പിച്ചൽ തിരിച്ച് കടൽ പരിക്കേൽപ്പിക്കും എന്ന വിശ്വാസം അവരെ അലട്ടുന്നു .അതൊരിക്കലും അശാസ്ത്രീയമല്ല. കെട്ടുകഥയല്ല, ഒരു ശാസ്ത്രമാണ്. പരിസ്ഥിതിയെ നമ്മൾ നോവിക്കുമ്പോൾ തിരിച്ച്​ അതിന്റെ പതിന്മടങ്ങ് നമ്മൾ അനുഭവിക്കേണ്ടിവരും. കേരളത്തിലെ ഓരോ മഴക്കാലങ്ങളിലും ആ കാഴ്ചകൾ നമ്മൾ കണ്ടുവരുന്നു. അതുപോലെതന്നെയാണ് മത്സ്യത്തൊഴിലാളികളുടെ ജീവിതവും. തീരത്തോട് ഒതുങ്ങി ജീവിക്കുന്ന അവരുടെ ജീവിതത്തെ പൊതുസമൂഹം അത്രമേൽ ശ്രദ്ധിക്കാറില്ല .

2018 ൽ പ്രളയം വന്നപ്പോളാണ് കേരള സമൂഹത്തിൽ പലരും മത്സ്യത്തൊഴിലാളികളെ അവരുടെ സമരങ്ങളെ അവരുടെ ജീവിതങ്ങളെ കുറിച്ച് ചിന്തിക്കാൻ തുടങ്ങുന്നത്. അപ്പോഴാണ് വാസ്തവത്തിൽ അവർ നമ്മുടെ നാവികസേന ആവുന്നത്. നമ്മുടെ കാവലാളാവുന്നത്. എല്ലാ കർക്കടക മാസത്തിലും കടൽമക്കളുടെ ജീവിതം ഇങ്ങനെയാണ്. എപ്പോൾ കടൽ നമ്മുടെ വീടെടുത്തുകൊണ്ടുപോകും എന്ന ഭീഷണിയിലാണ് ഓരോ മൽസ്യത്തൊഴിലാളിയും. മനസിൽ സംഘർഷത്തോടെ അവർ ആ കാലം കഴിച്ചുകൂട്ടുന്നു. ട്രോളിംഗ് സീസണിൽ മത്സ്യത്തൊഴിലാളികളുടെ ഗ്രാമങ്ങൾ പട്ടിണിയാവും. തൊട്ടടുത്ത് വരുന്ന കാലാവർഷം അവരുടെ ജീവിതം തകർക്കും. അതൊക്കെ തരണം ചെയ്തുവേണം ഒരു മത്സ്യത്തൊഴിലാളി എപ്പോഴും ജീവിതത്തിലേക്ക് തിരിച്ചുവരേണ്ടത്. കടലിൽ പോകുന്ന അവർ കരയിലേക്ക് തിരിച്ചു വരുന്നതുപോലും ഒരു വലിയ കാത്തിരിപ്പിന്റെ ഒടുവിലാണ്. ഇങ്ങനെ ദൈനംദിന ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ നേരിടുന്നവരാണ് മൽസ്യ തൊഴിലാളികൾ.

വിഴിഞ്ഞം ഫിഷിങ്ങ് ഹാർബർ
വിഴിഞ്ഞം ഫിഷിങ്ങ് ഹാർബർ

വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുമ്പോൾ വിദേശ കപ്പലുകളുടെ വരവ് വ്യാപകമാവും. തീരത്ത് മൽസ്യബന്ധനത്തെ മാത്രം ആശ്രയിച്ച് ജീവിതം നയിക്കുന്ന ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടും. അല്ലെങ്കിൽ അവർക്ക് സ്വാതന്ത്രമായി തൊഴിലിൽ ഇടപെടാൻ പറ്റാത്ത സാഹചര്യമുണ്ടാവും. വേലിയേറ്റം സ്ഥിരം സംഭവവമായി മാറുന്നതോടുകൂടി അവരുടെ ജീവിതം അവതാളത്തിലാവും. അവരുടെ വീടുകളെ കടൽ കവർന്നെടുക്കും. ഇപ്പോൾ നയിക്കുന്നതിനേക്കാൾ വളരെ ദുഃഖകരമായ ജീവിതം നയിക്കേണ്ടിയും വരും. വൻകിട മുതലാളിമാരുടെ അടിമകളായി ജീവിക്കേണ്ടിവരും. പാരമ്പര്യമായി അവർ പിന്തുടരുന്ന സാംസ്കാരം നശിച്ചുപോകും. അവരുടെ പാരമ്പര്യ തൊഴിൽ ഇല്ലാതാവും. അവരുടെ ഇരിപ്പിടം ഇല്ലാതാവും. ചിലപ്പോൾ പാരമ്പര്യ മത്സ്യത്തൊഴിലാളികൾ അവിടെ നിന്ന്​ കുടിയിറക്കപ്പെടും. ഇത്തരത്തിൽ ഒരു വലിയ സാധ്യതയും മുന്നിൽ കണ്ടു കൊണ്ടാണ് അവർ കടലിൽ ഇറങ്ങിയും കരയിൽ കുത്തിയിരുന്നും സമരം ചെയ്യുന്നത്. ഈ സമരം വികസനത്തിന് എതിരല്ല. മറിച്ച് മത്സ്യത്തൊഴിലാളികളുടെ അതിജീവന പോരാട്ടമാണ്. ഈ പോരാട്ടം നവ ഉദാരവൽക്കരണം എന്ന മുതലാളിത്തത്തിന്റെ കുടിലതന്ത്രത്തെ ചോദ്യം ചെയ്യുന്നു. ഭരണകൂടം അദാനിയെ മാത്രം സംരക്ഷിച്ചാൽ മതിയോ?. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ അവരുടെ ജീവിതത്തത്തെ അവരുടെ തൊഴിലിനെ, അവർക്ക് നഷ്ടപ്പെടാൻ പോകുന്ന അവരുടെ സ്വാതന്ത്ര്യത്തെ അവരുടെ സംസ്കാരത്തെ സംരക്ഷിക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. അതിൽ സംശയമുണ്ടായ ഘട്ടത്തിലാണ് അവർ സമരം ചെയ്യാൻ നിർബന്ധിതരായത്. മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ അനുവദിക്കുന്ന പദ്ധതികൾ അതിന്റെ ഗുണങ്ങൾ അവർക്ക് കിട്ടുന്നുണ്ടോ എന്നത് സംശയമാണ്.

ഗൗതം അദാനി. / Photo :  Wikimedia Commons
ഗൗതം അദാനി. / Photo : Wikimedia Commons

അത്തരത്തിൽ ഉള്ള വീഴ്ചകൾ പരിഗണിക്കാൻ സർക്കാർ ഒരു മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കേണ്ടതാണ്. എന്നും മാറ്റിനിർത്തപ്പെടുന്ന അവരുടെ ജീവിതത്തെ മുൻനിരയിലെത്തിക്കേണ്ടത് സർക്കാരിന്റെ കടമയാണ്. അതുകൊണ്ട് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും മത്സ്യത്തൊഴിലാളികളുടെ ജീവിതം പഠിക്കാൻ കൂടുതൽ പദ്ധതികൾ രൂപീകരിക്കണം. ശാസ്ത്രീയമായി അവരുടെ വീടുകൾ കടലിന്റെ അടുത്തുനിന്നും മാറ്റി സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് അവരെ പാർപ്പിക്കണം. അവരുടെ തൊഴിൽ നഷ്ടപ്പെടാതെ നോക്കണം. ഇത്തരത്തിലുള്ള കാര്യങ്ങളിൽ ഭരണകൂടം ആത്മാർത്ഥമായി ഇടപെട്ടാൽ മാത്രമേ തീരദേശ ജനതയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയൂ. പരമ്പരാഗത മത്സ്യബന്ധനം തുടർന്നാൽ മത്സ്യം എന്ന സമ്പത്ത്​ സംരക്ഷിക്കാൻ കഴിയും. അല്ലെങ്കിൽ, കടലിലെ മത്സ്യത്തിന്റെ വളർച്ച കുറഞ്ഞ്​ പിന്നീട് പൂർണമായും മത്സ്യസമ്പത്ത് നശിച്ചേക്കാം. വലിയ തുറമുഖങ്ങൾ വരുമ്പോൾ സംഭവിക്കുന്ന വിപത്തുകളിൽ ഒന്നതാണ്. കരയിലെ കാലാവസ്ഥയും കടലിലെ കാലാവസ്ഥയും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ പരമ്പരാഗത കടലറിവ് നേടിയവർക്കുമാത്രം മത്സ്യങ്ങളുടെ ഗുണമേന്മയും ലഭ്യതയുടെ രഹസ്യങ്ങളും മനസിക്കാൻ സാധിക്കും.

60%ത്തിലേറെ മലയാളികൾക്ക് ഇഷ്ട ഭക്ഷണം മീനാണ്. മീനില്ലാത്ത ഊണ്​ സങ്കൽപ്പിക്കാൻ പോലും കഴിയാത്തവരാണ് നമ്മളിൽ പലരും. വിദേശ കപ്പലുകൾ മീൻ പിടിക്കാൻ വരുന്ന സമയത്ത് പരമ്പരാഗത മത്സ്യബന്ധനം ഇല്ലാതാവും. അതായത്, ചെറിയ വള്ളങ്ങളിൽ അധിക ലാഭം പ്രതീക്ഷിക്കാതെ ദൈനംദിന ജീവിതം നയിക്കാൻവേണ്ടി മാത്രം മീൻ പിടിക്കാൻ പോകുന്ന ഒരു മത്സ്യത്തൊഴിലാളി കൊണ്ടുവരുന്ന മീനിൽ മായങ്ങൾചേർക്കാൻ ഇടയില്ല. കാരണം അവർ ആ തൊഴിലെ വെറും കച്ചവടമായി മാത്രമല്ല കാണുന്നത്. അവരുടെ കടമയായിട്ടാണ് കാണുന്നത്. മറിച്ച് അദാനിക്കോ വൻകിട മുതലാളിമാർക്കോ അങ്ങനെ കാണേണ്ട ആവശ്യമില്ല. അതുകൊണ്ട് ഇന്ന് കിട്ടുന്നതുപോലെ ഗുണമേന്മയുള്ള പോഷകങ്ങൾ അടങ്ങിയ മത്സ്യങ്ങൾ കിട്ടുമോ? എന്നത് ചോദ്യചിഹ്നമായി മാറിയിരുക്കയാണ്. വിഴിഞ്ഞം തുറമുഖം വരുമ്പോൾ അത് കവർന്നെടുക്കാൻ പോകുന്നത് ആയിരം വർഷങ്ങൾ പഴക്കമുള്ള ഒരു കടൽ സംസ്കാരത്തെയാണ്. ഈ ഭീതിയാണ് സമരത്തിലേക്ക് ആ ജനതയെ നയിച്ചത്. ജീവിതം തിരിച്ചു പിടിക്കാനുള്ള അവരുടെ ഈ സമരം അതിജീവന പോരാട്ടമാണ്. അതുകൊണ്ട് കേരളീയർ സമരത്തോട് ഐക്യപ്പെടണം.

തീരത്തെ തീറെഴുതി കൊടുക്കാൻ ഒരുങ്ങുന്നവർ ആലോചിക്കുക, വികസനം എന്നത് സമൂഹത്തിൽ എല്ലാ ജനതകൾക്കും ഗുണം ചെയ്യുന്നതായിരിക്കണം. ഒരു ജനതയുടെ ജീവിതത്തെ ഇല്ലായ്മ ചെയ്തിട്ടുള്ള വികസനം അതിക്രമമാണ്, കടന്നുകയറ്റമാണ്. വിഴിഞ്ഞത്തിലെ സമരക്കാർ വികസന വിരോധികളല്ല, മറിച്ച് അവർ ആവശ്യപ്പെടുന്നത് സാമൂഹിക സുരക്ഷയാണ്. തങ്ങൾക്ക് മതിയായ സുരക്ഷയുണ്ടെന്ന് തോന്നിയാൽ ആരും വികസനത്തെ തള്ളിപ്പറയില്ല.

മത്സ്യത്തൊഴിലാളികൾ സമൂഹത്തിൽ എവിടെയും തഴയപ്പെടുന്നു. 30 ദിവസത്തിലേറെ അവർ നടത്തിവരുന്ന ഈ സമരം തുറമുഖ നിർമാണത്തിന് എതിരല്ല. തുറമുഖ നിർമ്മാണത്തിലെ അശാസ്ത്രീയതയെ മുൻനിർത്തിയുള്ള ഭീതിയാണ് അവരിലുള്ളത്. തീരത്തെ അദാനിക്ക് തീറെഴുതിയതായി അവർ കരുതുന്നു. മാത്രമല്ല, മൽസ്യത്തൊഴിലാളികളുടെ ജീവിതത്തെ രണ്ട് അധികാരങ്ങളാണ് നിയന്ത്രിക്കുന്നത്; ഒന്ന് ലാറ്റിൻ കാത്തലിക്​ റിലിജിയസ് ഇൻസ്റ്റിറ്റ്യൂഷനും മറ്റൊന്ന് ഭരണകൂടവും. അതുകൊണ്ട് അവർക്ക് സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്നില്ല. വർഷങ്ങളായി ഈ അവസ്ഥയിലാണ് അവർ ജീവിക്കുന്നത്. അതുകൊണ്ടുകൂടിയാണ് ഈ സമരത്തിനെ പൊതുസമൂഹം വലിയ ഗൗരവമായി കാണാത്തത്. പക്ഷേ സമരത്തിന്റെ ആവശ്യങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. വർഷങ്ങളായി ജീവിച്ചിരുന്ന ഇരിപ്പിടത്തെയും തൊഴിലിനെയും ഇല്ലായ്മ ചെയ്യുന്ന വികസനത്തെ ചോദ്യം ചെയ്യുകതന്നെ ചെയ്യണം.


Summary: വിഴിഞ്ഞത്ത്​ സമരം ചെയ്യുന്ന മൽസ്യത്തൊഴിലാളികളുടെ ജീവിതത്തെ രണ്ട് അധികാരങ്ങളാണ് നിയന്ത്രിക്കുന്നത്; ഒന്ന് ലാറ്റിൻ കാത്തലിക്​ റിലിജിയസ് ഇൻസ്റ്റിറ്റ്യൂഷനും മറ്റൊന്ന് ഭരണകൂടവും. അതുകൊണ്ട് അവർക്ക് സ്വതന്ത്രമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്നില്ല. വർഷങ്ങളായി ഈ അവസ്ഥയിലാണ് അവർ ജീവിക്കുന്നത്. അതുകൊണ്ടുകൂടിയാണ് ഈ സമരത്തിനെ പൊതുസമൂഹം വലിയ ഗൗരവമായി കാണാത്തത്. പക്ഷേ സമരത്തിന്റെ ആവശ്യങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. വർഷങ്ങളായി ജീവിച്ചിരുന്ന ഇരിപ്പിടത്തെയും തൊഴിലിനെയും ഇല്ലായ്മ ചെയ്യുന്ന വികസനത്തിനെ ചോദ്യം ചെയ്യുകതന്നെ ചെയ്യണം.


പ്രഭാഹരൻ കെ. മൂന്നാർ

ഗവേഷകൻ, അധ്യാപകൻ. മാർക്​സിസം, പോസ്റ്റ് കൊളോണിയലിസം എന്നീ വിഷയങ്ങളെ മുൻനിർത്തി​ക്കൊണ്ടുള്ള വിമർശനാത്മക സാഹിത്യനിരൂപണമാണ് താത്പര്യവിഷയം.

Comments