താനൂർ ബോട്ടപകടം: മലപ്പുറം തീരത്തെ ഹൈജാക്ക്​ ചെയ്യുന്ന ലാഭേച്​ഛ ടൂറിസം

മലപ്പുറത്തെ തീരദേശ മേഖല കേന്ദ്രീകരിച്ച് വിപുലമായി വരുന്ന ടൂറിസം നാളിതുവരെ അധികൃതരുടെ കാര്യമായ പരിഗണനയൊന്നുമില്ലാതെയാണ്​ വളര്‍ന്ന് വന്നിട്ടുള്ളത്​. അതുകൊണ്ടുതന്നെ അനധികൃതമായ തരത്തില്‍ പെട്ടെന്ന് മുതല്‍മുടക്ക് തിരിച്ചുകിട്ടാവുന്ന ഹ്രസ്വകാല ലാഭേച്ഛയാണ് നിക്ഷേപകരെ നയിക്കുന്നത്. അതിന് മാറ്റം വന്നേ തീരൂ.

ലപ്പുറം ജില്ലയിലെ തീരദേശപ്രദേശം സാംസ്‌കാരികമായി വലിയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്ന മേഖലയാണ്. നേരത്തെ കടലില്‍ പോകാനും ഇരുട്ട് വീണാല്‍ മലവിസര്‍ജ്ജനത്തിന് പോകാനും ഉപയോഗിച്ചിരുന്ന തീരപ്രദേശങ്ങള്‍, പതുക്കെ വിനോദസഞ്ചാരികളെ കൂടി ആകര്‍ഷിക്കുന്ന തരത്തില്‍ മാറ്റം വന്നു തുടങ്ങി. ഈ മാറ്റത്തിന് നന്ദി പറയേണ്ടത്, അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട്​ തീരപ്രദേശങ്ങളില്‍ നടന്ന അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്കും അതാത് പഞ്ചായത്തുകള്‍ക്കും ഭരണസമിതികള്‍ക്കുമൊക്കെയാണ്. ഈ മേഖലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പ്രാദേശികമായി അവശ്യം വേണ്ട സൗകര്യങ്ങളെ പറ്റി ബോധവാന്മാരായതോടെ, പ്രാദേശിക വികസനം കൂടുതല്‍ എളുപ്പത്തിലായി.

സോഷ്യല്‍ മീഡിയ വ്യാപനം കൂടിയായതോടെ, സാധാരണ വീട്ടില്‍ ഒതുങ്ങിക്കഴിഞ്ഞ്, ബന്ധുസന്ദര്‍ശനത്തില്‍ പരിമിതപ്പെട്ടിരുന്ന മലപ്പുറത്തെ ഇതരപ്രദേശത്തുള്ളവരും തീരദേശ മേഖലകളിലേക്ക് വന്നു തുടങ്ങി. ഈ അവസരം മുതലെടുത്ത് പ്രദേശത്തെ സമ്പന്നർ, ഫിഷിംഗ് ബോട്ടുകള്‍ ഹൗസ് ബോട്ടുകളാക്കി മാറ്റി. എല്‍ ഇ ഡി ലൈറ്റും മ്യൂസിക്ക് സിസ്റ്റവും സ്​ഥാപിച്ച്​ ഓട്ടോറിക്ഷയുടെ പഴയ ടയര്‍ പെയിന്റുമടിച്ച് സൈഡില്‍ തൂക്കി സന്ദര്‍ശകരെ മാടി വിളിച്ചു. ഇമ്മാതിരി മരണത്തിലേക്ക് വിളിക്കുന്ന സ്ഥലങ്ങള്‍ ജില്ലയിലെ പൊന്നാനി, പടിഞ്ഞാറെക്കര, താനൂരിലെ ഒട്ടുമ്മല്‍ കടപ്പുറം തുടങ്ങി വള്ളിക്കുന്ന്, കടലുണ്ടി എന്നിവിടങ്ങളിലൊക്കെ കാണാം.

മാര്‍ക്കറ്റ് സ്വഭാവം വെച്ച്, ഡിമാന്റിനനുകൂലമായി നിക്ഷേപകര്‍ അവസരം മുതലെടുത്തതാണ് ഈ ഹൗസ്‌ബോട്ടുകള്‍ എന്ന് നിരീക്ഷിയ്ക്കാന്‍ കഴിയും. പക്ഷേ അവയെ റെഗുലേറ്റ് ചെയ്യേണ്ടവര്‍, ജനത്തിന്റെ സുരക്ഷയെ പറ്റി എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ഒരിക്കലുമുണ്ടായിട്ടില്ല എന്ന് നിസ്സംശയം കാണാം.

ഇത് ആദ്യ സംഭവമല്ല. രണ്ടുവര്‍ഷം മുമ്പ്​, രണ്ട് ഫിഷിംഗ് ബോട്ടുകള്‍ കെട്ടിക്കൂട്ടിയുണ്ടാക്കിയ ഹൗസ് ബോട്ട്, പടിഞ്ഞാറെക്കരയിലെ ശക്തമായ ഒഴുക്കില്‍ പെട്ട് കയര്‍ പൊട്ടി കടലിലേക്ക് പോയി ജനത്തെ സംഭ്രാന്തിയിലാക്കിയിരുന്നു. എന്നിട്ടും അവിടെ ചില ടൂറിസം സഹകരണസംഘങ്ങളുടെ മറവില്‍ സുരക്ഷിതമാനദണ്ഡങ്ങളില്ലാതെ സന്ദര്‍ശകരെ കയറ്റി കാശുണ്ടാക്കുന്നുണ്ട്.

ഇന്നലെ, 22 പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നയിടത്ത് രാത്രിയിലും ആളുകളെ കയറ്റി എന്നറിയുവാന്‍ കഴിഞ്ഞു. ഇതൊന്നും നിരീക്ഷിയ്ക്കാന്‍ സംവിധാനങ്ങളില്ല. വിലയേറിയ 25 മിനിറ്റിനുശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്, അപ്പോഴേക്കും അപകടത്തിന്റെ വ്യാപ്തി പതിന്മടങ്ങായി.

ഇനിയെങ്കിലും നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുന്ന തീരദേശ പോലീസ് സ്റ്റേഷന്‍, കോസ്റ്റ് ഗാര്‍ഡിന്റെ ഓഫീസ്, ടൂറിസം വകുപ്പിന്റെ പ്രാദേശിക കേന്ദ്രം എന്നിവ പെട്ടെന്ന് സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്.

ദുരന്തങ്ങളോടുള്ള ഉടൻ പ്രതികരണങ്ങളെ, പലപ്പോഴും അത്തരം പ്രദേശങ്ങളിൽ വളര്‍ന്നുവരുന്ന സാമ്പത്തിക സാഹചര്യങ്ങളെ മുളയില്‍ നുള്ളുന്ന തരത്തില്‍ പലപ്പോഴും അധികൃതര്‍ വളച്ചൊടിക്കാറുണ്ട്​. അത്തരം നീക്കങ്ങള്‍ പ്രാദേശികമായി ഉണ്ടായി വരുന്ന സാമ്പത്തിക സാഹചര്യങ്ങള്‍ക്ക് ആഘാതം സൃഷ്ടിക്കാറുമുണ്ട്.

മലപ്പുറത്തെ തീരദേശ മേഖല കേന്ദ്രീകരിച്ച് വിപുലമായിവരുന്ന ടൂറിസം നാളിതുവരെ അധികൃതരുടെ കാര്യമായ പരിഗണനയൊന്നുമില്ലാതെയാണ്​ വളര്‍ന്ന് വന്നിട്ടുള്ളത്​. അതുകൊണ്ടുതന്നെ അനധികൃതമായ തരത്തില്‍ പെട്ടെന്ന് മുതല്‍മുടക്ക് തിരിച്ചുകിട്ടാവുന്ന ഹ്രസ്വകാല ലാഭേച്ഛയാണ് നിക്ഷേപകരെ നയിക്കുന്നത്. അതിന് മാറ്റം വന്നേ തീരൂ. അതിനായി നിക്ഷേപകര്‍ക്കും വിനോദത്തിനായി വരുന്നവര്‍ക്കും സർക്കാർ സഹായം അനിവാര്യമാണ്​. ആദ്യപടിയായി, നിലവിലെ അവസ്ഥ വിലയിരുത്തി ധവളപത്രം പുറപ്പെടുവിക്കുകയാണ്​ വേണ്ടത്​.

ഏതൊരു വാണിജ്യ- വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്കും അതാത് ഗവണ്മെന്റിന്റെ കാര്യക്ഷമമായ ഇടപെടലുകള്‍ അത്യന്താപേക്ഷിതമാണ്. അത്തരം ഇടപെടലുകള്‍ നിലവില്‍ ടൂറിസം മേഖലയില്‍ നിലനില്‍ക്കുന്ന മോശം പ്രവണതകളെ, താല്‍പര്യങ്ങളെ മാറ്റി നിര്‍ത്താനുതകുന്ന പോളിസി ഫ്രെയിംവര്‍ക്കുകള്‍ സൃഷ്ടിയ്ക്കുക വഴി കൊണ്ടുവരാന്‍ കഴിയും. അത്തരം നീക്കങ്ങള്‍ മൂലധന നിക്ഷേപവുമായും ടെക്‌നോളജിയുമായും ഫിസിക്കല്‍ അസറ്റുമായും ഈ മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവരുമായും ബന്ധപ്പെടുത്തിയുള്ളതായിരിക്കണം.

അത്തരം നീക്കങ്ങള്‍ പ്രാദേശികമായി സാമ്പത്തിക ഉണര്‍വ്വും സമൃദ്ധിയും കൊണ്ടു വരിക തന്നെ ചെയ്യും. 23 പേർ മരിച്ച ഈ ദുഃഖകരമായ സാഹചര്യം ഈ സാമ്പത്തിക മേഖലയെ തകർക്കുംവിധമുള്ള പ്രതിലോമകരമായ നീക്കത്തില്‍ചെന്നവസാനിക്കാതിരിക്കട്ടെ.


ഇബ്രു മംഗലം

ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദധാരി. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ്.

Comments