Photo: Fisheries Department, Kerala

കേരള മോഡലിൽ നിന്ന്​ അദൃശ്യരാക്കപ്പെട്ടവർ;

എത്ര മത്സ്യത്തൊഴിലാളി നേതാക്കന്മാർക്ക് രാഷ്ട്രീയ പാർട്ടികൾ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയിട്ടുണ്ട്​?

മത്സ്യത്തൊഴിലാളികൾ

കേരളത്തിന്റെ ഔപചാരിക വ്യവഹാരങ്ങളിൽ വേണ്ടവിധം ഉൾപ്പെടുത്തപ്പെടാതെ പോയ തദ്ദേശീയ ജനതയാണ് കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹം. കേരളത്തിൽ നടന്ന ഭൂരിപക്ഷം പഠനങ്ങളിലും പല ഔദ്യോഗിക കണക്കുകളിലും ഇടങ്ങളിലും ഇനിയും ശരിയായി രേഖപ്പെടുത്തപ്പെടാത്തവരാണ് മത്സ്യത്തൊഴിലാളികൾ, പ്രധാനമായും പരമ്പരാഗത മീൻപിടിത്തസമൂഹങ്ങൾ. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ വിഷയങ്ങൾ അനുഭാവപൂർവം ചർച്ച ചെയ്തു തുടങ്ങിയത് 2018 ലെ പ്രളയത്തിനുശേഷമാണ്. അത്തരത്തിൽ കേരളീയരുടെ കണ്ണ് തുറപ്പിച്ചത് പ്രളയമായിരുന്നു. കേരളത്തിലെ വികസന- ശാക്തീകരണ ശ്രമങ്ങളൊക്കെയും കരകേന്ദ്രീകൃതമായിരുന്നു എന്നു പറയേണ്ടിവരും, കടലിന്റെ/ മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ പക്ഷത്തു നിന്ന് ചിന്തിക്കുമ്പോൾ.

കേരള ഫിഷറീസ് ഡിപ്പാർട്‌മെന്റിന്റെ കണക്കനുസരിച്ച് വർഷംതോറും 5008ഓളം കോടി രൂപയുടെ മീൻ ഉല്പന്നങ്ങൾ കയറ്റുമതി ചെയ്ത് വിദേശനാണ്യം നേടിത്തരുന്നതിൽ പങ്കുവഹിക്കുന്ന മത്സ്യത്തൊഴിലാളികളെയും അവരുടെ തൊഴിലും സംരക്ഷിക്കാൻ സർക്കാരുകൾ നൽകിവരുന്ന സാമ്പത്തിക പിന്തുണ കർഷകർക്ക് അഥവാ കരകേന്ദ്രീകൃത സമൂഹങ്ങൾക്ക് നൽകിവരുന്ന സാമ്പത്തിക പിന്തുണയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. ഇവരുടെ ഉല്പന്നങ്ങൾക്ക് താങ്ങുവിലയില്ല. കൃഷിനാശം സംഭവിച്ചാൽ കിട്ടുന്ന സപ്പോർട്ടില്ല. ഓഖിയെ സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടു എന്ന്​ തെളിഞ്ഞതിനുശേഷം നിരന്തരമായി പുറപ്പെടുവിച്ചുകൊണ്ടിരുന്ന കാലാവസ്ഥാമുന്നറിയിപ്പുകൾ മൂലം (False Warning ഉൾപ്പെടെ) കടലിൽ പണിക്കുപോകാനാവാതെ ദിവസങ്ങളോളം കഴിയേണ്ടിവന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വിശപ്പകറ്റുന്നതിനുപോലുമുള്ള പദ്ധതിയോ പിന്തുണയോ എങ്ങു നിന്നും വന്നില്ല എന്നത് ഒരു ഉദാഹരണം മാത്രം.

മത്സ്യത്തൊഴിലാളികൾ എന്ന നിലയിലുള്ള സംവരണം ആകെ ഏർപ്പെടുത്തിയിട്ടുള്ളത് ധീവര സമൂഹത്തിന് മാത്രമാണ്. മറ്റുള്ളവർക്ക് മതന്യൂനപക്ഷങ്ങൾ എന്ന നിലയിലുള്ള സംവരണത്തിനു മാത്രമാണ് അർഹത. അതും അതാത് വിഭാഗങ്ങളിലെ പ്രബലർ കൈക്കലാക്കിക്കൊണ്ടിരിക്കുകയാണ്.

സാമ്പത്തിക സഹായം നൽകാൻ കോർപ്പറേറ്റീവ് ബാങ്കുകളില്ല, ബാങ്കുകളിൽ ഈടുവയ്ക്കാൻ ഭൂമിയുമില്ല. വർധിച്ചുവരുന്ന മണ്ണെണ്ണച്ചെലവ് താങ്ങാനും മാത്രമുള്ള സബ്‌സിഡിയുമില്ല, മീൻപിടിത്ത ഉപകരണങ്ങൾ വാങ്ങാനുമില്ല മതിയായ സാമ്പത്തിക സഹായം. കൂടാതെ ഒരു മത്സ്യത്തൊഴിലാളിയെ രൂപപ്പെടുത്താൻ സർക്കാരിന് ഒരു ഇൻവെസ്റ്റ്‌മെന്റും നടത്തേണ്ടി വരുന്നില്ല. മത്സ്യത്തൊഴിലാളി കടലിൽ പണിയെടുക്കുന്നതിനാവശ്യമായ നൈപുണിയും വൈദഗ്ധ്യവും സ്വയം ആർജ്ജിക്കുകയാണ് ചെയ്യുന്നത്. സർക്കാരിന് വിത്തോ വളമോ, ആടോ, കോഴിയോ പരിശീലനമോ മത്സ്യത്തൊഴിലാളിക്ക് നൽകേണ്ടി വരുന്നില്ല. അവരുടെ ഉൽപ്പന്നങ്ങൾ ഏറ്റെടുക്കേണ്ടിയും വരുന്നില്ല. നീന്താനും വള്ളം നിയന്ത്രിക്കാനും എഞ്ചിൻ കൈകാര്യം ചെയ്യാനും മീൻ പിടിക്കാനുമുള്ള വൈദഗ്ധ്യം പരമ്പരാഗതമായി ആർജ്ജിക്കുന്നതാണ്. ഇത്തരത്തിൽ ഒരു മത്സ്യത്തൊഴിലാളിയെ രൂപപ്പെടുത്തുന്നതിനുള്ള സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തുനിന്നുള്ള ഇൻവെസ്റ്റ്‌മെന്റ് സീറോയാണ്.

മത്സ്യബന്ധനത്തിനുശേഷം വള്ളം കരയ്ക്ക് അടുപ്പിക്കുന്ന തൊഴിലാളികൾ. / Photo: James Bryant

സംവരണത്തിന്റെ ആനുകൂല്യങ്ങളും വേണ്ടവിധത്തിൽ ലഭ്യമാകാത്ത ഒരു സമൂഹമാണ് മത്സ്യത്തൊഴിലാളികൾ. മത്സ്യത്തൊഴിലാളികൾ എന്ന നിലയിലുള്ള സംവരണം ആകെ ഏർപ്പെടുത്തിയിട്ടുള്ളത് ധീവരസമൂഹത്തിന് മാത്രമാണ്. മറ്റുള്ളവർക്ക് മതന്യൂനപക്ഷങ്ങൾ എന്ന നിലയിലുള്ള സംവരണത്തിനു മാത്രമാണ് അർഹത. അതും അതാത് വിഭാഗങ്ങളിലെ പ്രബലർ കൈക്കലാക്കിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ സംവരണം ലഭിക്കുന്നവരിൽ ഭൂരിഭാഗവും മത്സ്യത്തൊഴിലാളി പശ്ചാത്തലം ഉള്ളവരല്ല. മെച്ചപ്പെട്ട സാമൂഹിക-സാമ്പത്തിക ചുറ്റുപാടുകളുള്ള അവർക്ക് താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ച് സംവരണാനുകൂല്യങ്ങൾ കൈക്കലാക്കാൻ കഴിയുന്നതിൽ അത്ഭുതവുമില്ല. സർക്കാർ ഉദ്യോഗങ്ങളിലെ മത്സ്യത്തൊഴിലാളി സമൂഹ പ്രാതിനിധ്യത്തിന്റെ അവസ്ഥ ഇങ്ങനെയാണ്. മുന്നോക്ക സമുദായങ്ങൾക്കു പോലും സംവരണം അവകാശമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ്, പഞ്ചായത്ത് മേഖലയിൽ 2.5 ഏക്കറിൽ താഴെയും മുനിസിപ്പാലിറ്റിയിൽ 75 സെന്റിൽ താഴെയും കോർപ്പറേഷൻ മേഖലയിൽ 50 സെന്ററിൽ താഴെയും ഭൂമിയുള്ളവർ സംവരണത്തിന് അർഹരാകുമ്പോഴാണ് ഒരു സെന്റിന്റെ പോലും പട്ടയമോ ഉടമസ്ഥാവകാശമോ ഇല്ലാത്ത മത്സ്യത്തൊഴിലാളി സംവരണത്തിന് അർഹത നേടാതെ പോകുന്നത്, സംവരണപട്ടികയ്ക്ക് പുറത്താകുന്നത്. കേരളം കൊട്ടിഘോഷിക്കുന്ന ഭൂപരിഷ്‌കരണ നിയമത്തിന്റെ ഫലം ഒട്ടുമേ കിട്ടാതെ പോയ ഒരു സമൂഹമാണിവർ. സ്വന്തമായി ഭൂമിയില്ലാത്തവരും ഉള്ള ഒന്നര സെന്റ് ഭൂമിയിൽ ഉടമസ്ഥാവകാശം ഇല്ലാത്തതുമായ മത്സ്യത്തൊഴിലാളികളും ഇന്നത്തെ വികസിത കേരളത്തിന്റെ ഭാഗമാണ്. കുടുംബസ്വത്തായി കൈമാറാനോ, മക്കൾക്ക് വീതം വയ്ക്കാനോ വായ്പ്പകൾക്കായി ബാങ്കിൽ ജാമ്യമായി നൽകാനോ സ്വന്തമായി ഭൂമിയില്ലാത്തവർ.

മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന പുനർഗേഹം പദ്ധതി യാഥാർത്ഥത്തിൽ കുടിയൊഴിപ്പിക്കലിനായുള്ള പുതുതന്ത്രമാണ്. മത്സ്യത്തൊഴിലാളിക്ക് നഷ്ടമാകുന്നത് അവരുടെ കമ്മ്യൂണിറ്റി ലൈഫ് ആണ്. കടപ്പുറം അവനെ സംബന്ധിച്ചിടത്തോളം മീൻപിടിക്കാൻ പോകാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തേണ്ട ഇടമാണ്.

സാമൂഹികരാഷ്ട്രീയ മേഖലകളിലെ പ്രാതിനിധ്യത്തിന്റെ സ്വഭാവവും ഇങ്ങനെ തന്നെ. എത്ര മത്സ്യത്തൊഴിലാളി നേതാക്കന്മാർക്ക് രാഷ്ട്രീയ പാർട്ടികൾ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയിട്ടുണ്ടെന്ന് പരിശോധിച്ചാൽ ഇതു വ്യക്തമാകും. മതമേലധ്യക്ഷന്മാർവഴി സമീപിക്കേണ്ട വോട്ടു ബാങ്കുകളാണ് രാഷ്ട്രീയപ്പാർട്ടികളെ സംബന്ധിച്ച്​ മത്സ്യത്തൊഴിലാളിസമൂഹങ്ങൾ. കേരളാ മോഡൽ വികസനത്തിന്റെ മേന്മകൾ ഒന്നും ലഭിക്കാതിരുന്നിട്ടുകൂടിയും വികസന പദ്ധതികൾക്കുവേണ്ടി കുടിയൊഴിഞ്ഞുകൊടുക്കേണ്ടി വരുന്നവരും ത്യാഗങ്ങൾ സഹിക്കാൻ നിർബന്ധിതരാകുന്നവരുമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹങ്ങൾ. വികസനത്തിന്റെ അനന്തരഫലങ്ങളായ ദുരിതങ്ങൾ തലമുറകളോളം പേറേണ്ടിവരുന്നവർ.

തിരുവനന്തപുരം വിമാനത്താവളത്തിനുവേണ്ടി, വിക്രം സാരാഭായ് സ്‌പേസ് സെന്ററിനുവേണ്ടി, കൊച്ചുവേളിയിലെ ടൈറ്റാനിയം ഫാക്ടറിക്കായി, കൊച്ചിൻ പോർട്ടിനുവേണ്ടി, ചെല്ലാനത്ത് നിന്നും കരിമണൽ ഖനനം നടത്താനായി ആലപ്പാട് നിന്നും, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എൽ.പി.ജി ടെർമിനലിനുവേണ്ടി പുതുവൈപ്പിനിൽ നിന്നും, ഇനിയിപ്പോൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനുവേണ്ടി, പൂന്തുറ, വലിയതുറ, ശംഖുമുഖം എന്നിവിടങ്ങളിൽ നിന്നും നിർദ്ദിഷ്ട വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തേക്ക് അദാനിക്ക് പാറകൊണ്ടുപോകാൻ മുതലപ്പൊഴി ഡ്രഡ്ജ് ചെയ്യുന്നതിനുവേണ്ടി താഴംപള്ളി, പൂത്തുറ, അഞ്ചുതെങ്ങ് എന്നിവിടങ്ങളിൽ നിന്നുമൊക്കെ ഒഴിഞ്ഞു മാറിക്കൊടുക്കേണ്ടവർ. അതിനായി കിടപ്പാടവും തൊഴിലും ജനിച്ചുവളർന്ന ഇടവും പലപ്പോഴും ജീവനും ബലികൊടുത്ത് പലായനം ചെയ്യേണ്ടിവന്നവർ. അശാസ്ത്രീയമായ കടൽ നികത്തൽ മൂലം പാർപ്പിടം നഷ്ടപ്പെട്ട് ഉടമസ്ഥാവകാശമില്ലാത്ത ഫ്‌ളാറ്റുകളിലേക്ക് കുടിയേറേണ്ടിവന്നവർ. ഇവരെയൊക്കെ പുനരധിവസിപ്പിക്കുന്ന പുനർഗേഹം പദ്ധതി യാഥാർത്ഥത്തിൽ കുടിയൊഴിപ്പിക്കലിനായുള്ള പുതുതന്ത്രമാണ്. കടൽ എന്ന പ്രകൃതി വിഭവത്തിനും കടപ്പുറത്തിനും മേൽ അവർക്കുണ്ടായിരുന്ന അവകാശങ്ങൾ ഉറപ്പുവരുത്താതെയുള്ളതാണ് ഈ പുനരധിവസിപ്പിക്കൽ. ഇങ്ങനെ നിർബന്ധിതനാകുമ്പോൾ മത്സ്യത്തൊഴിലാളിക്ക് നഷ്ടമാകുന്നത് അവന്റെ കമ്മ്യൂണിറ്റി ലൈഫ് ആണ്. കടപ്പുറം അവനെ സംബന്ധിച്ചിടത്തോളം മീൻപിടിക്കാൻ പോകാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തേണ്ട ഇടമാണ്.

യഥാർത്ഥത്തിൽ ഭീമമായ മറ്റൊരു കടബാധ്യതയിലേക്കാണ് ഭരണകൂടം മത്സ്യത്തൊഴിലാളി കുടുംബങ്ങളെ തള്ളിവിടുന്നത്, വീട് പൂർത്തിയാക്കാൻ കൊള്ളപ്പലിശയ്ക്ക് പണം കടമെടുക്കേണ്ടിവരുന്ന അവസ്ഥയിലേക്ക്.

മീൻപിടിത്ത ഉപകരണങ്ങൾ താമസസ്ഥലത്തിനു നേരെ താഴെയായി സൂക്ഷിക്കേണ്ട ഇടമാണ്. വില്ക്കാനാവാതെ ബാക്കിയാകുന്ന മീൻ ഉണക്കേണ്ട ഇടമാണ്, വൈകുന്നേരങ്ങളിൽ ഒത്തു കൂടേണ്ട ഇടമാണ്. കുഞ്ഞുങ്ങളുടെ കളിസ്ഥലമാണ് അങ്ങനെ എല്ലാമാണ്. ഇവ്വിധം മത്സ്യത്തൊഴിലാളിയുടെ, മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ മാനസികാരോഗ്യം നിലനിർത്താൻ അത്യന്താപേക്ഷിതമായ ഒരു പൊതുയിടം (space) ആണ് കടപ്പുറങ്ങൾ. തിരുവനന്തപുരത്തെ അടിമലത്തുറയിൽ നിർദിഷ്ട അദാനി പോർട്ട് പ്രോജക്ടിന്റെ മൗത്ത് വരുന്ന പ്രദേശത്തെ നോൺ ഫിഷിംഗ് സോണായി പ്രഖ്യാപിച്ചുകൊണ്ട് പ്രദേശവാസികളായ കടൽപ്പണിക്കാർക്ക് നഷ്ടപരിഹാരമായി ഒരു തുക നൽകി അവരുടെ തൊഴിലവകാശം തീറെഴുതി വാങ്ങിയിരിക്കുകയാണ്.

ശംഖുമുഖം കടപ്പുറത്തെ തീരശോഷണം

ഇനിമുതൽ കടലിൽ പോയി മീൻ പിടിത്തത്തിനിടെ അപകടത്തിൽ പെടുകയോ മരിക്കുകയോ ചെയ്താൽ മത്സ്യത്തൊഴിലാളികൾക്ക് കിട്ടാറുള്ള ഇൻഷുറൻസ് തുകയ്ക്കുപോലും ഇനി അർഹരല്ല എന്ന് റേഷൻ കാർഡുകളിൽ മുദ്ര പതിപ്പിച്ച് കടൽപ്പണിക്കാരെ കടലിൽ നിന്നും കടപ്പുറത്തു നിന്നും തന്ത്രപൂർവം ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. വികസനപദ്ധതികൾക്കുവേണ്ടി എന്നും സ്വന്തം ഇടങ്ങളിൽ നിന്നും ഒഴിഞ്ഞുകൊടുക്കേണ്ടവരാണ് മത്സ്യത്തൊഴിലാളികൾ എന്ന ധാരണ മാറി മാറി വരുന്ന സർക്കാരുകൾ വച്ചുപുലർത്തുന്നതെന്തുകൊണ്ടാവാം? ഇവർക്കും വേണ്ടികൂടിയുള്ളതാകണ്ടേ വികസനം, ഇവരും ഈ ഭൂമിയുടെതന്നെ അവകാശികളല്ലേ? തങ്ങളൊഴികെയുള്ള മറ്റുള്ളവരുടെ മെച്ചപ്പെട്ട ജീവിതത്തിനായി ജീവിച്ചിരിക്കുന്നതിൽ നിന്നും പരിമിതമായ സൗകര്യങ്ങളോടുകൂടിയ ഇടങ്ങളിലേക്ക് മാറാൻ വിധിക്കപ്പെടുന്നത് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവുകളെപ്പോലും അവഗണിച്ച് വികസനപദ്ധതികൾ കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ഇടങ്ങളായ തീരദേശങ്ങളിൽത്തന്നെ ഭരണകൂടങ്ങൾ നടപ്പിലാക്കുന്നത് മത്സ്യത്തൊഴിലാളികളെ കേരള ഭൂപടത്തിൽനിന്നും തുടച്ചുമാറ്റി മുഖം മിനുക്കുന്നതിനായിരിക്കുമോ? മാത്രവുമല്ല മൂന്ന് സെന്റ് വസ്തുവിനും വീടിനുമായി 10 ലക്ഷം രൂപ ധനസഹായം അനുവദിക്കുമ്പോൾ അത് യാഥാർത്ഥ്യബോധത്തോടെയുള്ള ഒരു വകയിരുത്തലല്ല എന്നു തിരിച്ചറിയേണ്ടിരിക്കുന്നു. യഥാർത്ഥത്തിൽ ഭീമമായ മറ്റൊരു കടബാധ്യതയിലേക്കാണ് ഭരണകൂടം മത്സ്യത്തൊഴിലാളി കുടുംബങ്ങളെ തള്ളിവിടുന്നത്, വീട് പൂർത്തിയാക്കാൻ കൊള്ളപ്പലിശയ്ക്ക് പണം കടമെടുക്കേണ്ടിവരുന്ന അവസ്ഥയിലേക്ക്.

പിന്നെയുള്ള സാമ്പത്തിക സഹായം മത്സ്യത്തൊഴിലാളികളുടെ മക്കൾ എന്ന നിലയിലുള്ള വിദ്യാഭ്യാസാനുകൂല്യമാണ്, ഫിഷറീസ് സ്‌റ്റൈപ്പന്റ്. ഈ ആനുകൂല്യം ലഭിക്കണമെങ്കിൽ ഓരോ തവണയും സമുദായാംഗമാണ് എന്ന് തെളിയിക്കുന്നതിന് അച്ഛന്റെയും അമ്മയുടെയും സ്‌കൂൾ സർട്ടിഫിക്കറ്റും ക്ഷേമനിധി അംഗത്വ രേഖകളും ഹാജരാക്കിക്കൊണ്ടിരിക്കണം. മാതാപിതാക്കൾ നേരിട്ട് മീൻപിടിത്തത്തിലോ മീൻകച്ചവടത്തിലോ ഏർപ്പെടുന്നെങ്കിൽ മാത്രമേ അതും ലഭിക്കൂ. ഇങ്ങനെ ഓരോ തവണയും സമുദായ അംഗത്വം തെളിയിക്കേണ്ട ഗതികേട് മറ്റ് ഏതൊക്കെ സമൂഹങ്ങൾക്കാണ് ഉള്ളത്? കുലത്തൊഴിൽ ചെയ്താൽ മാത്രം ആനുകൂല്യം ലഭിക്കുന്ന രീതി മറ്റാർക്കൊക്കെയാണ് ബാധകമായിട്ടുള്ളത്?
മത്സ്യത്തൊഴിലാളികളുടെ ജീവനും ജീവിതവും സുരക്ഷിതമാക്കാൻ എന്ത് നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്? കടലിലെ അപകടങ്ങളിൽ നിന്ന് ഇവരെ രക്ഷിക്കേണ്ട മറൈൻ ആംബുലൻസുകളായ പ്രത്യാശയും കാരുണ്യയും പ്രതീക്ഷയും വെള്ളത്തിലിറക്കാനാവാത്ത അവസ്ഥയിലാണുള്ളത്.

രക്ഷാപ്രവർത്തനം വൈകിച്ചപ്പോൾ, രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളെ ഒപ്പം കൂട്ടാൻ തയ്യാറാകാതിരുന്നപ്പോൾ ഭരണകൂടം മനപൂർവ്വമായ നരഹത്യതന്നെയല്ലേ നടത്തിയത്? അഭിലാഷ് ടോമിയെ കണ്ടെത്താനുള്ള സർവ്വസന്നാഹവും നടത്തിയ അതേ ഭരണകൂടം തന്നെയാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിൽ ഇത്രയും അനാസ്ഥ കാണിച്ചത്.

ഓഖിയിൽ പെട്ട് പോയവരോട്, അവരെ രക്ഷിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ കാണിച്ച അനാസ്ഥ, അഞ്ചാം ദിവസംപോലും ജീവനോടെ മനുഷ്യരെ കടലിനുള്ളിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞു എന്ന് പറയുമ്പോൾ രക്ഷിക്കാൻ ആരെങ്കിലും എത്താതിരിക്കില്ല എന്ന പ്രതീക്ഷയോടെ തടിക്കഷണങ്ങളെ കെട്ടിപ്പിടിച്ചും പ്ലാസ്റ്റിക് കന്നാസുകളെ ദേഹത്ത് വരിഞ്ഞു മുറുക്കിയും കാത്തുകിടന്ന എത്ര ജീവനുകൾ വീണ്ടെടുത്ത് കരയിലെത്തിക്കാമായിരുന്നു എന്ന് ആലോചിക്കാവുന്നതേയുള്ളൂ.

വിഴിഞ്ഞം തുറമുഖത്തെ ഡ്രഡ്ജിംഗ്

രക്ഷാപ്രവർത്തനം വൈകിച്ചപ്പോൾ, രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളെ ഒപ്പം കൂട്ടാൻ തയ്യാറാകാതിരുന്നപ്പോൾ ഭരണകൂടം മനപൂർവ്വമായ നരഹത്യതന്നെയല്ലേ നടത്തിയത്? അഭിലാഷ് ടോമിയെ കണ്ടെത്താനുള്ള സർവ്വസന്നാഹവും നടത്തിയ അതേ ഭരണകൂടം തന്നെയാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിൽ ഇത്രയും അനാസ്ഥ കാണിച്ചത്. ഏറ്റവുമൊടുവിൽ കൊറോണ പടർന്നു പിടിച്ചപ്പോൾ അതിർത്തികൾ അശ്രദ്ധമായി തുറന്നിട്ടത് മറയ്ക്കാൻ സാമൂഹ്യവ്യാപനത്തിന്റെ ഉത്തരവാദിത്തം തലയിൽ പേറേണ്ടി വന്നവർ, അതിന്റെ അടിസ്ഥാനത്തിൽ അടിസ്ഥാന ആവശ്യങ്ങൾപോലും നിഷേധിക്കപ്പെട്ടപ്പോൾ ഭക്ഷണത്തിനായി തെരുവിൽ ഇറങ്ങേണ്ടി വന്നവർ, അങ്ങനെ ഇറങ്ങിയപ്പോൾ സർക്കാർ പട്ടാളത്തെക്കൊണ്ട് കൈകാര്യം ചെയ്തവർ. ഓഖിയുടെ സമയത്തും കൊറോണ പടർന്നു പിടിച്ചപ്പോഴും നിരവധി വംശീയ അധിക്ഷേപങ്ങൾക്ക് ഇടയാകേണ്ടി വന്നവർ കൂടിയാണ് മത്സ്യത്തൊഴിലാളികൾ. ഓഖി ചുഴലിക്കാറ്റിൽപ്പെട്ട പ്രിയപ്പെട്ടവർ മരിച്ചോ, ജീവനോടെയിരുപ്പുണ്ടോ എന്ന് നിശ്ചയമില്ലാതെ അലമുറയിട്ടുകരഞ്ഞ മത്സ്യത്തൊഴിലാളി സ്ത്രീകളെ വിശേഷിപ്പിച്ചത് "അവർ അഭിനയിക്കുകയാണ്' എന്നാണ്. കൊറോണ പടർന്നുപിടിച്ചപ്പോൾ കൊറോണ വ്യാപാരികൾ എന്നും വിളിച്ച് അധിക്ഷേപിക്കപ്പെട്ടവരാണ് മത്സ്യത്തൊഴിലാളികൾ. മറ്റേതെങ്കിലും സമൂഹങ്ങളെയാണ് ഇങ്ങനെ വംശീയമായി അധിക്ഷേപിച്ചത് എങ്കിൽ മന്ത്രിമാർക്ക് അടക്കം നിയമനടപടികൾ നേരിടേണ്ടിവരുമായിരുന്നില്ലേ? കേരളത്തിലെ പൊതുസമൂഹവും മേല്പറഞ്ഞ പരാമർശങ്ങളെ ഏറ്റെടുത്ത് പ്രതികരിച്ചതായോ പ്രതിഷേധിച്ചതായോ കണ്ടതുമില്ല. ആരും വംശീയാധിക്ഷേപത്തിന്റെയോ മനപൂർവമായ നരഹത്യയുടേയോ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു മന്ത്രിയുടെയും രാജിയും ആവശ്യപ്പെട്ടില്ല.

ഇനി മാനവവികാസ സൂചികയുടെ കാര്യമെടുത്താൽ, അക്കാര്യത്തിൽ ഒന്നാമതായ കേരളത്തിലെ തീരദേശഗ്രാമങ്ങളുടെ അവസ്ഥ കേരളത്തിന്റെ പറയപ്പെടുന്ന പൊതു അവസ്ഥയുടെ അടുത്തെങ്ങുമെത്തുന്നതല്ല എന്നു കാണാം. കേരളത്തിലെ ഡോക്ടർമാരുടെ സേവനവും അനുപാതവും ലോകാരോഗ്യ സംഘടന നിർദേശിക്കുന്നതിനേക്കാളും (1 :1000) മെച്ചപ്പെട്ടതാണെന്ന് (1 :400 ) പറയുമ്പോഴും തീരദേശഗ്രാമങ്ങളിലെ അവസ്ഥ പരിശോധിച്ചാൽ ആ ഗ്രാമങ്ങൾ കേരളത്തിൽ അല്ലെന്ന് പറയേണ്ടിവരും. ജനസാന്ദ്രതയേറിയ പല ഇടങ്ങളിലും ഒരു പഞ്ചായത്തിന് ഒരു ആശുപത്രി, ഒരു ആശുപത്രിയിൽ രണ്ടോ മൂന്നോ ഡോക്ടർമാർ എന്നതാണ് അവസ്ഥ. അതും എല്ലായ്‌പ്പോഴും എല്ലാ ഡോക്ടർമാരുടെയും സേവനം ലഭ്യമാകണമെന്നുമില്ല. സ്‌കൂളുകളുടെ കാര്യവും അത്തരത്തിൽ തന്നെ. ഓരോ കിലോമീറ്ററിനുള്ളിലും ഒരു പ്രൈമറി സ്‌കൂൾ ഉണ്ടെന്ന് കേരളം അവകാശപ്പെടുന്നു.

കോവിഡ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി പൂന്തുറയിൽ അടിസ്ഥാന ആവശ്യങ്ങൾപോലും നിഷേധിക്കപ്പെട്ടപ്പോൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയവർ

സ്‌കൂളുണ്ട്, സർക്കാർ സ്‌കൂൾ അല്ലന്നേ ഉള്ളൂ. എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകളുണ്ട്. തീരദേശമേഖലയിലെ എയ്ഡഡ് സ്‌കൂളുകൾക്ക് ലഭിക്കുന്നതാകട്ടെ രണ്ടാംതരം പരിഗണനയും. സർക്കാർ പ്രോജക്ടുകൾ, ധനസഹായങ്ങൾ, പുതിയ സ്‌കൂൾ കെട്ടിടങ്ങൾ, സ്‌പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ, പ്രൊജക്ടറുകൾ പോലുള്ള സംവിധാനങ്ങൾ എന്നിവ ഏറ്റവും ഒടുവിലെത്തേണ്ട ഇടങ്ങളാണ് തീരദേശങ്ങളിലെ എയ്ഡഡ് സ്‌കൂളുകൾ. ചിലപ്പോൾ ഇവയിൽ പലതും ഒരിക്കലും എത്തിയില്ലെന്നും വരാം. സാക്ഷരതയുടെ കാര്യവും ഇങ്ങനെ തന്നെ. സ്വന്തം പേര് പോലും എഴുതാനോ വായിക്കാനോ കഴിയാത്ത തലമുറകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് തീരദേശഗ്രാമങ്ങളിൽ, കേരളത്തിലെ സാക്ഷരതാ പ്രവർത്തനങ്ങളുടെ മേന്മ അവകാശപ്പെടാനില്ലാത്തവർ.

ശുദ്ധജല വിതരണവും കാര്യക്ഷമമല്ലതന്നെ. കുടിവെള്ളത്തിനായി പൈപ്പിൻ ചുവടുകളിൽ കാത്ത് കിടക്കുന്ന കുടങ്ങളുടെ നീണ്ടനിര കുറച്ചുകാലം മുൻപുവരെയും തീരദേശ ഗ്രാമങ്ങളിലെ സ്ഥിരംകാഴ്ചയായിരുന്നു. ഇപ്പോഴും ആ പ്രശ്‌നം പൂർണമായ തോതിൽ പരിഹരിക്കപ്പെട്ടിട്ടില്ല. ലിറ്ററ് കണക്കിന് വെള്ളം കാശ് കൊടുത്ത് വാങ്ങേണ്ടി വരുന്ന അവസ്ഥയും കുഴൽകിണർ കുഴിച്ച് അത്ര ശുദ്ധമല്ലാത്ത വെള്ളം കുടിക്കേണ്ട സാഹചര്യവും നിലനിൽക്കുന്നു.
തങ്ങളുടെ അവകാശങ്ങളെ സംബന്ധിച്ച ബോധവത്കരണം പോലും മറ്റു സമൂഹങ്ങൾക്കിടയിൽ നടന്നതുപോലെ ഫലപ്രദമായിരുന്നില്ല. അത്തരം ബോധവത്കരണശ്രമങ്ങളും കേന്ദ്രീകൃത സ്വഭാവത്തോടു കൂടിയതായിരുന്നു, വികസനശ്രമങ്ങളെന്നതു പോലെ. അത്തരത്തിൽ സ്വന്തം ഇടവും തൊഴിലും പാർപ്പിടവും സംരക്ഷിക്കാനും അവയ്ക്കു നേരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനും കഴിയാതെ പോയവർ. ജീവനോപാധിയായ കടലും മത്സ്യസമ്പത്തും കൊള്ളയടിക്കപ്പെടുന്നത്, ഇല്ലാതാക്കപ്പെടുന്നത് നോക്കിനിൽക്കേണ്ടി വരുന്ന, ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ ട്രോളറുകളെ അനുവദിക്കുകയെന്ന സർക്കാർ സ്‌പോൺസേഡ് ചൂഷണത്തിന് ഇരകളാകേണ്ടി വരുന്ന മത്സ്യത്തൊഴിലാളികൾ. ഇ.എം.സി.സി കരാറിലൂടെ ആഴക്കടൽ മത്സ്യബന്ധനത്തെ സ്വകാര്യവത്കരിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കാൻ ഒരു ദാക്ഷണ്യവും കാണിക്കാത്ത ജനാധിപത്യ കേരളത്തിലെ നിസ്സാരരാക്കപ്പെട്ട മനുഷ്യർ.

ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പരിധിയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ പ്രധാന ഭക്ഷണവും വരുമാനവും ആരോഗ്യവുമായ മീൻ ഉൾപ്പെടുത്തിയിട്ടുപോലുമില്ല. ആരുടേതാണ് "ഭക്ഷണം' എന്നു നിർവചിക്കേണ്ടിയിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് കേരളത്തിലെ വികസന ശാക്തീകരണ ശ്രമങ്ങൾ കര കേന്ദ്രീകൃതമായിരുന്നു എന്ന് പറയേണ്ടി വരുന്നത്. മത്സ്യത്തൊഴിലാളികളെ അപേക്ഷിച്ച് തൊഴിൽ ജീവിതം മെച്ചപ്പെടുത്താൻ താരതമ്യേന കൂടുതൽ കൈത്താങ്ങ് കിട്ടുന്ന കർഷകരുടെ പ്രശ്‌നങ്ങളോട് അനുഭാവം കാണിക്കുമ്പോഴും കാലാവസ്ഥാ വ്യതിയാനം മൂലം, മനുഷ്യ ഇടപെടൽ മൂലം കടലിനും ജീവജാലങ്ങൾക്കും ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പഠിക്കാനോ അഭിമുഖീകരിക്കാനോ കടൽ പരിസ്ഥിതിക്കുണ്ടാകുന്ന പ്രശ്‌നങ്ങൾ, കടലിലേക്ക് ഒഴുകിയെത്തുന്ന മാലിന്യക്കൂമ്പാരങ്ങൾ എന്നിവയെ അഭിമുഖീകരിക്കാനോ അശാസ്ത്രീയ നിർമാണങ്ങൾ മൂലം നഷ്ടപ്പെടുന്ന കരയെ, പുതുതായി ഉണ്ടാകുന്ന കരയുടെ പാരിസ്ഥിതിക പ്രശ്‌നങ്ങളെ, നശിച്ചുകൊണ്ടിരിക്കുന്ന മീനിന്റെ ആവാസയിടങ്ങളെ പഠിക്കാനോ അവയ്ക്ക് പരിഹാരം കാണാനോ ശ്രമങ്ങൾ നടക്കുന്നില്ല. അതുകൊ ണ്ടാണ് പരമ്പരാഗത മത്സ്യമേഖലയുടെ യഥാർത്ഥ വിഷയങ്ങൾ രേഖപ്പെടുത്തപ്പെടുന്നില്ല എന്നും അവശസമൂഹങ്ങളുടെ കൂട്ടത്തിൽ പോലും പലപ്പോഴും മത്സ്യത്തൊഴിലാളി സമൂഹങ്ങളെ ഉൾച്ചേർക്കുന്നില്ല എന്നും പറയേണ്ടി വരുന്നത്.

മത്സ്യബന്ധത്തിനു മുന്നോടിയായുള്ള തൊഴിലാളികളുടെ തയ്യാറെടുപ്പ് / Photo: പി.പി. യൂനസ്‌

മത്സ്യത്തൊഴിലാളികൾ ഒഴിവാക്കപ്പെടുന്ന ഇടങ്ങൾ വേറെയും ധാരാളമുണ്ട്. തദ്ദേശീയജനതയ്ക്ക് ഐക്യരാഷ്ട്രസഭ നൽകുന്ന നിർവചനത്തിലെ എല്ലാ കാര്യങ്ങളും യോജിക്കുന്നവരായിട്ടുകൂടിയും കേരളത്തിലെ തദ്ദേശീയ ജനതകളുടെയിടയിൽ ഇനിയും പട്ടികപ്പെടുത്തിയിട്ടില്ലാത്തവർ, കേരളത്തിന്റെ ജൈവവൈവിധ്യ ചർച്ചകളിൽ ഇനിയും കടലിന്റെ ജൈവവൈവിധ്യം രേഖപ്പെടുത്തിയിട്ടില്ല. കേരളത്തിൽ ബയോഡൈവേഴ്‌സിറ്റി രജിസ്റ്ററുകളുണ്ട്, പക്ഷെ മറൈൻ ബയോഡൈവേഴ്‌സിറ്റി രജിസ്റ്ററുകൾ തയ്യാറാക്കാൻ വലിയ പ്രോത്സാഹനങ്ങളില്ല. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പരിധിയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ പ്രധാന ഭക്ഷണവും വരുമാനവും ആരോഗ്യവുമായ മീൻ ഉൾപ്പെടുത്തിയിട്ടുപോലുമില്ല. ആരുടേതാണ് "ഭക്ഷണം' എന്നു നിർവചിക്കേണ്ടിയിരിക്കുന്നു.

കേരളത്തിന്റെ പരിസ്ഥിതി ചർച്ചകളിലും കടലിനും കടൽമനുഷ്യർക്കും ഇതുവരെയും അർഹമായ പ്രവേശനം കിട്ടിയിട്ടില്ല. ജീവവായു പ്രധാനം ചെയ്യുന്നതിലും കാർബൺ ആഗിരണത്തിലൂടെ കാലാവസ്ഥാ ക്രമീകരണത്തിലും (Climate Regulation) കടൽ വഹിക്കുന്ന പങ്കും ഒരു പാഠപുസ്തകത്തിലും ഇതുവരെയും ബോധപൂർവമോ അബോധപൂർവമോ ഉൾപ്പെടുത്തപ്പെട്ടിട്ടില്ല. കേരള- സ്‌കൂൾ- ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതികളിൽ നിന്നും കടലും കടൽ മനുഷ്യരും ഒഴിവാക്കപ്പെട്ടിരിക്കുന്നു.

നാട്ടറിവു പഠനങ്ങളും മറ്റെല്ലാ വിഭാഗങ്ങളുടെയും പരമ്പരാഗത അറിവനുഭവങ്ങളെ പരിഗണിച്ചപ്പോഴും കടലറിവോ അനുഭവങ്ങളോ പഠിക്കപ്പെട്ടില്ല. കടൽ പാട്ടുകൾ ഇന്നും നാടൻ പാട്ടു സാഹിത്യശാഖയുടെ ഭാഗമായി ഉൾച്ചേർക്കപ്പെട്ടിട്ടില്ല.
ഇത്തരത്തിൽ എല്ലായിടങ്ങളിൽ നിന്നും ഒഴിവാക്കപ്പെടുന്നവരാണീ കടൽ മനുഷ്യർ. സ്വന്തമായി ഭൂമിയില്ലാത്തവർ, ഉള്ള ഭൂമിയിൽ ഉടമസ്ഥാവകാശം ഇല്ലാത്തവർ, അർഹമായ സംവരണം തൊഴിലിലോ, വിദ്യാഭ്യാസമേഖലയിലോ ലഭിച്ചിട്ടില്ലാത്തവർ, സാമൂഹിക രാഷ്ട്രീയ ഇടങ്ങളിൽ പ്രാതിനിധ്യമില്ലാത്തവർ. ഈ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടണമെങ്കിൽ അർഹമായ തൊഴിൽ വിദ്യാഭ്യാസ സംവരണങ്ങൾ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാക്കണം. അതുവഴി സമൂഹത്തിന്റെ വ്യത്യസ്ത തുറകളിൽ, ശ്രേണികളിൽ അവരും എത്തപ്പെടണം. തൊഴിലിന്റെ അടിസ്ഥാനത്തിൽ, മതന്യൂനപക്ഷം എന്ന നിലയിലല്ല. മത്സ്യത്തൊഴിലാളി സമൂഹങ്ങളോട് മുഖ്യധാരയ്ക്കുള്ള സമീപനം മാറണമെങ്കിൽ അവർ അവരുടെ സംഭാവനകൾ ശരിയായി അടയാളപ്പെടേണ്ടതുണ്ട്. അത്തരത്തിലുള്ള ബോധപൂർവ്വമായ അടയാളപ്പെടുത്തലുകൾക്ക് ഗവേഷകസമൂഹം തയ്യാറാകേണ്ടതുണ്ട്.▮

(ഭീംയാന കളക്ടീവും നീലം കൾച്ചറൽ സെന്ററും സംയുക്തമായി സാഹിത്യ അക്കാദമിയിൽ മാർച്ച് 20, 21 തീയതികളിൽ സംഘടിപ്പിച്ച Redefining Kerala Model പരിപാടി ഉദ്ഘാടനം ചെയ്​ത്​ അവതരിപ്പിച്ച പ്രബന്ധം)


ഡോ. ലിസ്ബ യേശുദാസ്

തുമ്പ സെൻറ്​ സേവ്യേഴ്‌സ് കോളേജിൽ അസിസ്റ്റൻറ്​ പ്രൊഫസർ. മത്സ്യത്തൊഴിലാളി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്നു.

Comments