ഫോട്ടോ: മുഹമ്മദ് ഹനാൻ

കടൽപ്പണിക്കാരുടെ കടൽ

പ്രവചനത്തിനും അപ്പുറത്താണ്​

കടൽപ്പണിക്കാരുടെ കടൽ തന്നെയാണോ കാലാവസ്​ഥാ പ്രവചനക്കാരുടെ കടൽ? കടൽപ്പണിക്കാരുമായുള്ള സംവാദങ്ങളിലൂടെ, അനുഭവങ്ങളിലെയും പ്രവചനങ്ങളിലെയും കടൽ കാലാവസ്​ഥയെക്കുറിച്ച്​ വേറിട്ട ഒരു ഗവേഷണ പഠനം

വിൽസൺ ഫ്രാങ്ക്‌ളിൻ, സ്‌കൂളിൽ പഠിക്കുന്ന സമയം മുതലേ എന്റെ സുഹൃത്താണ്. എന്റെ സ്വന്തം നാടായ പുതുക്കുറിച്ചി എന്ന തീരദേശഗ്രാമത്തിലെ ഒരു പരമ്പരാഗത കടൽപ്പണിക്കാരനാണ്​ വിൽസൺ. നീണ്ട ഇടവേളയ്ക്കുശേഷം അഞ്ചുകൊല്ലം മുമ്പ് തിരുവനന്തപുരത്തെത്തിയ ഞാൻ പുതുക്കുറിച്ചി കടപ്പുറത്ത്​ വിൽസണെ കണ്ടെത്തി. കടൽപ്പണിക്കാർ എങ്ങനെയാണ് മൺസൂൺ കാലത്തെ കടൽക്ഷോഭത്തെ നേരിടുന്നത് എന്നൊരു പഠനം നടത്താനുള്ള സാധ്യതയും അങ്ങനെയൊരു പഠനത്തിന്റെ സാധുതയും വിലയിരുത്തുകയായിരുന്നു ഞാനപ്പോൾ.

"മഴക്കാലത്ത് രണ്ടുംകൽപ്പിച്ചുള്ള പോക്കാണ്,' വിൽസൺ ചിരിച്ചുകൊണ്ട്​ പറഞ്ഞു.
ഒരു കടൽപ്പണിക്കാരന്റെ ഉപജീവനവുമായി ഇഴചേർന്ന ധർമസങ്കടം നാലു വാക്കുകളിലൊതുക്കിയ ഒരുവാക്യം.
അതെന്നെ വല്ലാതെ സ്പർശിച്ചു.
ലണ്ടനിൽ ഒരു സമ്മേളനത്തിലെ എന്റെ പ്രഭാഷണത്തിൽ ഞാൻ ഈ അനുഭവം പങ്കുവെച്ചു. ആ സെഷൻ കഴിഞ്ഞയുടനെ അമേരിക്കയിലെ പേരുകേട്ട നാല് പ്രൊഫസർമാർ എന്നെ സമീപിച്ചു. എന്റെ പഠനം വിലയിരുത്തുകയും അതിന്റെ രീതികൾ പറഞ്ഞുതരികയും ചെയ്യുകയായിരുന്നു അവർ. കൂട്ടത്തിൽ ഒരു വിലപ്പെട്ട ഉപദേശവും; കടൽപ്പണിക്കാരുമൊത്ത്​വ്യത്യസ്ത സീസണുകൾ ചെലവഴിക്കുക.

കടൽപ്പണിയിലെ പ്രധാന കഥാപാത്രം എപ്പോഴും മീനാണ്. കാലാവസ്ഥാ പ്രവാചകരും മറ്റും അത്രമാത്രം പ്രാധാന്യമില്ലാത്ത വേഷങ്ങളാണ്. ഹോളിവുഡ് ശൈലിയിൽ പറഞ്ഞാൽ ‘മീനുണ്ട്, പിടിക്കും' എന്നതാണ് അതിന്റെയൊരു രീതി.

ഒരു വർഷത്തോളം ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിൽ പഠിപ്പിച്ചശേഷം ഞാൻ മുമ്പ് ഗവേഷണം ചെയ്തിരുന്ന സസ്സെക്‌സ് സർവകലാശാലയിൽ തിരികെയെത്തി. കടൽ കാലാവസ്ഥാ ഗവേഷണത്തിനായി നാട്ടിലേക്കുള്ള യാത്രകൾക്കിടയിൽ ഈ ഗവേഷണം ഇപ്പോൾ നയിക്കുന്ന മുതിർന്ന നരവംശശാസ്ത്രജ്ഞൻ ഫിലിപ്പോ ഒസെല്ല എന്നോട് പറഞ്ഞു: ‘ഒരു ജീവനെങ്കിലും രക്ഷിച്ചാൽ നമ്മുടെ ഈ ശ്രമങ്ങളെല്ലാം ഫലപ്രദമാകും.'
ദേശീയ- സംസ്ഥാന തലങ്ങളിൽ കാലാവസ്ഥ- സമുദ്രാവസ്ഥ പ്രവചനത്തിലും ദുരന്തനിവാരണത്തിലും പ്രധാന പങ്ക് വഹിക്കുന്ന ഇന്ത്യൻ ദേശീയ സമുദ്ര വിവരസേവന കേന്ദ്രം (ഇൻകോയിസ്), ഇന്ത്യൻ കാലാവസ്ഥാ വിഭാഗം (ഐ.എം.ഡി), സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എസ്​.ഡി.എം.എ) എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധരും, കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ (കുസാറ്റ്) അന്തരീക്ഷ ശാസ്ത്രജ്ഞരുമൊത്ത്​ ഉപഗ്രഹചിത്രങ്ങളും, കാലാവസ്ഥാ നിരീക്ഷണങ്ങളും, തീരത്തെ സംഭാഷണങ്ങളും ഉൾപ്പെടുത്തി ഞങ്ങൾ ഈ പഠനം 2018 മുതൽ മുന്നോട്ടുകൊണ്ടുപോകുകയാണ്. ഒരു കൂട്ടം ഗവേഷണ ലേഖനങ്ങൾ തയ്യാറാക്കുന്നതിനിടെ, ചില ഉൾക്കാഴ്ചകൾ പങ്കുവെക്കട്ടെ.

ഒന്നാമതായി, കടൽപ്പണിക്കാർ കാലാവസ്ഥാപ്രവചനങ്ങളുടെ അറിവും പരിചയവുമുള്ള ഉപയോക്താക്കളാണ്. അവർ പ്രവചനങ്ങൾ പല ഉറവിടങ്ങളിലും തേടി കണ്ടുപിടിച്ച്​ ഉപയോഗിക്കുന്നു. രണ്ടാമതായി, അവർക്കു പലപ്പോഴും ആവശ്യമായ വിവരങ്ങൾ തക്കസമയത്ത് ലഭിക്കുന്നില്ല. തദ്ദേശീയ വിശദാംശങ്ങൾ, മനസ്സിലാകുന്ന ഭാഷ, ലഭ്യമായ വിവരങ്ങളുടെ അർത്ഥവും പ്രസക്തിയുമെല്ലാം പലപ്പോഴും അവർക്കന്യമാണ്. മൂന്നാമതായി, കടൽപ്പണിയിലെ പ്രധാന കഥാപാത്രം എപ്പോഴും മീനാണ്. കാലാവസ്ഥാ പ്രവാചകരും മറ്റും അത്രമാത്രം പ്രാധാന്യമില്ലാത്ത വേഷങ്ങളാണ്. ഹോളിവുഡ് ശൈലിയിൽ പറഞ്ഞാൽ ‘മീനുണ്ട്, പിടിക്കും' എന്നതാണ് അതിന്റെയൊരു രീതി.

കാലാവസ്ഥാ പ്രവചനങ്ങളുടെ ആവശ്യകതയും ഉപയോഗവും

ഓഖി  ചുഴലിക്കാറ്റിൽ മരിച്ചവരും  കാണാതായവരുമായ കടൽപ്പണിക്കാരുടെ ബന്ധുക്കളും അയൽവാസികളും ഏറ്റവും ദുരിതബാധിത ഗ്രാമങ്ങളിലൊന്നായ തിരുവനന്തപുരത്തുള്ള പൂന്തുറയിലെ സെന്റ് തോമസ് പള്ളിയിൽ 2018 ലെ പുതുവത്സരാവിൽ ഒരു അനുസ്മരണ ശുശ്രൂഷയിൽ പങ്കെടുക്കുന്നു. കടൽകാലാവസ്ഥാ പ്രവചനങ്ങളുടെ ഗുണനിലവാരവും ആശയവിനിമയവും ഉപയോഗവും മെച്ചപ്പെടുത്താൻ ഓഖി ഒരു നിമിത്തമായി മാറി . / ചിത്രം: ഡോ. മാക്‌സ് മാർട്ടിൻ
ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരും കാണാതായവരുമായ കടൽപ്പണിക്കാരുടെ ബന്ധുക്കളും അയൽവാസികളും ഏറ്റവും ദുരിതബാധിത ഗ്രാമങ്ങളിലൊന്നായ തിരുവനന്തപുരത്തുള്ള പൂന്തുറയിലെ സെന്റ് തോമസ് പള്ളിയിൽ 2018 ലെ പുതുവത്സരാവിൽ ഒരു അനുസ്മരണ ശുശ്രൂഷയിൽ പങ്കെടുക്കുന്നു. കടൽകാലാവസ്ഥാ പ്രവചനങ്ങളുടെ ഗുണനിലവാരവും ആശയവിനിമയവും ഉപയോഗവും മെച്ചപ്പെടുത്താൻ ഓഖി ഒരു നിമിത്തമായി മാറി . / ചിത്രം: ഡോ. മാക്‌സ് മാർട്ടിൻ

സുരക്ഷിതമായ മത്സ്യബന്ധനത്തിന് വിശദവും പ്രാദേശികവൽക്കരിച്ചതും പ്രസക്തമായതുമായ പ്രവചനങ്ങൾ ആവശ്യമാണ്. പരമ്പരാഗത കടൽപ്പണിക്കാരുടെ ഏറ്റവും വലിയ ആവാസ കേന്ദ്രങ്ങളിലൊന്നാണ് തെക്കുപടിഞ്ഞാറൻ തീരത്തിന്റെ തെക്കേയറ്റം. ഈ പ്രദേശത്ത്, തിരുവനന്തപുരം ജില്ലയുടെ വടക്കൻ ഭാഗത്തുള്ള അഞ്ചുതെങ്ങു മുതൽ കന്യാകുമാരിയുടെ വടക്കൻ പ്രദേശത്തുള്ള ഇനയം വരെയുള്ള ഗ്രാമങ്ങളിലാണ് ഞങ്ങൾ ഗവേഷണം തുടരുന്നത്. മത്സ്യത്തൊഴിലാളികൾ കരയിൽനിന്ന് വ്യത്യസ്ത ദൂരങ്ങളിൽ പലതരത്തിലുള്ള മത്സ്യബന്ധന രീതികളിലും മറ്റു കടൽപ്പണികളിലും ഏർപ്പെട്ടു ജീവിക്കുന്നു.

കടൽപ്പണിക്കാർ വിവിധ സ്രോതസ്സുകളിൽ നിന്നുള്ള കാലാവസ്ഥാവിവരങ്ങൾ, അവരുടെ സ്വന്തം അനുഭവം, ധാരണകൾ, മുതിർന്നവരും പൂർവ്വികരും നൽകിയ പ്രാദേശിക അറിവുകൾ എന്നിവ പൊരുത്തപ്പെടുത്തി അപകട സാധ്യതകളെപ്പറ്റി ഒരു പൊതുധാരണയിലെത്തുന്നു.

കടൽത്തീരത്ത് കമ്പവലപ്പണിയിൽ ഏർപ്പെട്ടിരിക്കുന്ന പ്രായമായ കടൽപ്പണിക്കാർ, പൊഴികളിലും അഴികളിലും വല വീശുന്ന മത്സ്യത്തൊഴിലാളികൾ, കരയോടുചേർന്ന പാറക്കെട്ടുകളിൽ നിന്ന് ചിപ്പികളും ശംഖുകളും ശേഖരിക്കുന്ന മുങ്ങൽ വിദഗ്ധർ (ഫ്രീ ഡൈവേ​ഴ്​സ്), കട്ടമരം ചങ്ങാടങ്ങൾ തുഴഞ്ഞും, ചെറിയ ഫൈബർ ഗ്ലാസ് ഓടങ്ങളിൽ ഔട്ട്‌ബോർഡ് എഞ്ചിൻ ഘടിപ്പിച്ചുമൊക്കെ 10 നോട്ടിക്കൽ മൈലിനുള്ളിൽ (18.52 കിലോമീറ്റർ) മീൻപിടിക്കുന്നവർ, 30 അടിമുതൽ നീളമുള്ള ഫൈബർ ഗ്ലാസ്​/പ്ലൈവുഡ് വള്ളങ്ങളിൽ 9 മുതൽ 40 വരെ കുതിരശക്തിയുള്ള ഔട്ട്‌ബോർഡ് എഞ്ചിനുകൾ ചേർത്തുവെച്ച്​ 60 നോട്ടിക്കൽ മൈൽ ദൂരത്തോ അതിനപ്പുറമോ പോകുന്നവർ, പാരുകൾക്കു മേലെയും, ഉൾക്കടലിലും ചൂണ്ടപ്പണിയിലേർപ്പെടുന്നവർ, തട്ടുമടിയ്ക്കായി ഒന്നിലധികം യാനങ്ങൾ ഉപയോഗിക്കുന്ന മത്സ്യത്തൊഴിലാളികൾ, ഇനിയും കൂടുതൽ ദൂരം പോകുന്ന 38 അടി തങ്ങൽ വള്ളങ്ങളിൽ ഒരാഴ്ചയോളം കടലിൽ കഴിയുന്നവർ, വടക്കൻ കന്യാകുമാരിയിലെ പരമ്പരാഗതവും എന്നാൽ യന്ത്രവൽകൃതവുമായ 48 അടി ഉരുക്കു വള്ളങ്ങളിൽ നാലോ അഞ്ചോ ആഴ്ച ദൂരക്കടലിൽ കഴിയുന്ന സ്രാവ് വേട്ടക്കാർ എന്നിങ്ങനെ വൈവിധ്യമാർന്ന സമൂഹമാണ് തെക്കുകിഴക്കൻ തീരത്തെ കടൽപ്പണിക്കാരുടേത്. ഈ മത്സ്യത്തൊഴിലാളികൾക്ക് തീരവും, തീരക്കടലും, ആഴക്കടലും, ദൂരക്കടലും എല്ലാം തൊഴിലിടങ്ങളാണ്.

ഈ കടൽഭാഗങ്ങളിൽ സഞ്ചരിക്കുമ്പോൾ, കടൽപ്പണിക്കാർ വിവിധ സ്രോതസ്സുകളിൽ നിന്നുള്ള കാലാവസ്ഥാവിവരങ്ങൾ, അവരുടെ സ്വന്തം അനുഭവം, ധാരണകൾ, മുതിർന്നവരും പൂർവ്വികരും നൽകിയ പ്രാദേശിക അറിവുകൾ എന്നിവ പൊരുത്തപ്പെടുത്തി അപകട സാധ്യതകളെപ്പറ്റി ഒരു പൊതുധാരണയിലെത്തുന്നു. അതിനർത്ഥം വിൽസന്റെ നാലുവാക്കുകളുള്ള വാക്യം മത്സ്യത്തൊഴിലാളിയുടെ ദാർശനികതയെ തുറന്നുകാട്ടുന്നതിലുമപ്പുറം കടൽപ്പണിയിൽ അടങ്ങിയ ഒരു വലിയ സത്യത്തെ മറയ്ക്കുന്നുവെന്നാണ്. ഒരു കഥയുടെ ആഴമേറിയ അർത്ഥം ഉപരിതലത്തിൽ പ്രകടമാകരുതെന്ന് അമേരിക്കൻ എഴുത്തുകാരൻ ഏണസ്റ്റ് ഹെമിംഗ്‌വേ പറഞ്ഞുവെച്ചതുപോലെയാണത്. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കൽ പ്രക്രിയകളുടെ വിപുലമായതും, സമയമെടുക്കുന്നതുമായ ഒരു രീതിശാസ്ത്രത്തിന്റെ രൂപരേഖയാണ് വിൽസൺ കോറിയിടുന്നത്. ലോകത്തിലെ ഏറ്റവും അപകടകരമായ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരും, അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ അപകടസാധ്യതകളോട് ദിവസം തോറുമെന്നോണം പ്രതികരിക്കുന്നവരുമായ കടൽപ്പണിക്കാരുടെ ഒരു മന്ത്രമാണത്.

 “തീരത്തെ കടൽ പരന്നതായി തോന്നാം. എന്നിട്ടും (മോട്ടോറുകൾ) വേണ്ടത്ര തള്ളിയില്ലെങ്കിൽ, പെട്ടെന്ന് തിരമാലകൾ വള്ളത്തെ തട്ടിമാറ്റിയേക്കാം."  / Photo: Muhammad Hanan
“തീരത്തെ കടൽ പരന്നതായി തോന്നാം. എന്നിട്ടും (മോട്ടോറുകൾ) വേണ്ടത്ര തള്ളിയില്ലെങ്കിൽ, പെട്ടെന്ന് തിരമാലകൾ വള്ളത്തെ തട്ടിമാറ്റിയേക്കാം." / Photo: Muhammad Hanan

നൂതന സുരക്ഷാ മാനദണ്ഡങ്ങളുള്ള യു.കെ.പോലുള്ള വികസിത രാജ്യങ്ങളിൽപ്പോലും മത്സ്യത്തൊഴിലാളികൾ ആനുപാതികമല്ലാത്ത രീതിയിൽ ഉയർന്നതൊഴിൽ അപകടങ്ങളെ അഭിമുഖീകരിക്കുന്നു. കടലിൽനിന്ന് ഉപജീവനത്തിനായി ദിവസേന റിസ്‌ക് എടുക്കുന്നതിനായി കാറ്റ്, തിരമാലകൾ, വേലിയേറ്റമിറക്കങ്ങൾ , നീരൊഴുക്ക് എന്നിവയെക്കുറിച്ചുള്ള സങ്കീർണമായ ധാരണ ഒരു കടൽപ്പണിക്കാരന് ആവശ്യമാണ്. ഈ ധാരണ പരിമിതമായ ഡാറ്റയിൽ നിന്നാണ് വരേണ്ടത്, കൂടാതെ മത്സ്യത്തൊഴിലാളികൾക്ക് ഈ വിവരങ്ങൾ ഒരു ദിവസം പല പ്രാവശ്യം ലഭിക്കുകയും വേണം.

ഉദാഹരണത്തിന് ഉൾക്കടലിലെ കാറ്റിന്റെ അവസ്ഥ എന്താണെന്ന് ഒരു മത്സ്യത്തൊഴിലാളിയ്ക്ക് എളുപ്പത്തിൽ അറിയാൻ കഴിയില്ല. കടൽനില (സമുദ്രാവസ്ഥ) പെട്ടെന്നു മാറാം – തീരത്തുപോലും. അടുത്തിടെ നടന്ന ഒരു സംഭാഷണത്തിൽ തിരുവനന്തപുരത്തെ പുതിയതുറ ഗ്രാമത്തിലെ ഒരു മത്സ്യത്തൊഴിലാളി പറഞ്ഞതുപോലെ: “തീരത്തെ കടൽ പരന്നതായി തോന്നാം. എന്നിട്ടും (മോട്ടോറുകൾ) വേണ്ടത്ര തള്ളിയില്ലെങ്കിൽ, പെട്ടെന്ന് തിരമാലകൾ വള്ളത്തെ തട്ടിമാറ്റിയേക്കാം. ചില സമയങ്ങളിൽ എഞ്ചിനുകൾ ലോഡ് എടുക്കുന്നില്ല. പിന്നെ, തിരിച്ചുവരുമ്പോൾ (തിരയടിക്കുന്ന) കോണിനെ (ആംഗിൾ) ശ്രദ്ധിക്കാതെ കരയിലേക്ക് അടുക്കുകയാണെങ്കിൽ പിന്നിൽ നിന്നുയരുന്ന തിരമാലകൾ വള്ളത്തെ മറികടക്കും. വള്ളത്തെ ഉയർത്തിയടിക്കും. അല്ലെങ്കിൽ അവ വെള്ളം നിറച്ച് വള്ളം മുക്കും.”

ഓഖി അതിതീവ്ര ചുഴലിക്കാറ്റിന്റെ സമയത്ത്​ കടലിലുണ്ടായിരുന്നവർ പറഞ്ഞത് അവർ രണ്ടുനില കെട്ടിടത്തേക്കാൾ (6 മീറ്ററിലേറെ) ഉയരത്തിലുള്ള തിരകളിൽപ്പെട്ടുവെന്നാണ്.

പ്രാദേശികമായ കാറ്റ്, ഉൾക്കടലിലെ കാറ്റ്, കാറ്റിന്റെ മാറുന്ന ദിശ, വേഗത, പെട്ടെന്നുണ്ടാകുന്ന കാറ്റുകൾ, തീരത്തെ തിരമാലകൾ, ഉൾക്കടലിലെ ഓളങ്ങൾ(ഒയവ്), നീരൊഴുക്ക്, തീരപ്രവാഹങ്ങൾ, ആഴത്തിലും ഉപരിതലത്തിലുമുള്ള നീരൊഴുക്ക് എന്നിവയാണ് മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കേണ്ട ചില പ്രതിഭാസങ്ങൾ. ചെറിയ വള്ളങ്ങളും, അവയിലെ കടൽപ്പണിക്കാരും ഈ പ്രതിഭാസങ്ങളെ നിരന്തരം നേരിടുന്നു. ഒരു കപ്പലിലെ കപ്പിത്താനോ, വിമാനം പറത്തുന്ന പൈലറ്റിനോ ലഭിക്കുന്ന പരിശീലനമോ, ഡാറ്റ ബാക്കപ്പോ, സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളോ, ഗ്രൗണ്ട് കൺട്രോൾ സംവിധാനങ്ങളോ, സാധാരണഗതിയിൽ ഒരു ലൈഫ്ജാക്കറ്റ് പോലുമോ ഇല്ലാതെയാണ് ഒരു പരമ്പരാഗത കടൽപ്പണിക്കാരൻ തിരകളോട് മല്ലിടുന്നത്. അത് രണ്ടുംകൽപ്പിച്ചുള്ള പോക്കുതന്നെയാണ്.

മത്സ്യത്തൊഴിലാളികൾക്ക് അവരുടെ വള്ളങ്ങളുടെ പരിധി അറിയാം. മഴക്കാലത്ത് കാറ്റ്, തിരമാലകൾ, മൂടൽമഞ്ഞ്, മിന്നൽ എന്നിവ കടലിലെ അപകടങ്ങളിൽപെടുന്നു. ചെറിയ ബോട്ടിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് കാറ്റ് ഏറ്റവും അപകട സാധ്യതയുള്ള ഘടകമാണ്. മത്സ്യത്തൊഴിലാളികൾ 25 നോട്ട് (മണിക്കൂറിൽ 45 കിലോമീറ്റർ) വേഗതയിൽ കാറ്റടിക്കുമ്പോൾ ജോലി നിർത്തുന്നുവെന്ന് അന്താരാഷ്ട്ര പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ബ്യൂഫോർട്ട് സ്‌കെയിലിൽ, 21- 27 നോട്ട് (മണിക്കൂറിൽ 39- 49 കിലോമീറ്റർ) വരെയുള്ള കാറ്റിന്റെ പരിധിയെ ‘ശക്തമായ കാറ്റ്’ എന്നുവിളിക്കുന്നു. ഔട്ട്‌ബോർഡ് മോട്ടോർ ഘടിപ്പിച്ച 30- 34 അടി വള്ളങ്ങൾ സാധാരണ ഗതിയിൽ ഈ വേഗതയിൽ കാറ്റുള്ളപ്പോൾ മീൻ പിടിക്കാൻ പോകാറില്ലെന്നാണ് തിരുവനന്തപുരത്തെ കടൽപ്പണിക്കാർ ഞങ്ങളോടു പറഞ്ഞത്.
കാറ്റ് അപകടകരമായ തിരകളുയർത്താനും കാരണമാകും.

ഒരു ലൈഫ്ജാക്കറ്റ് പോലും ഇല്ലാതെയാണ് ഒരു പരമ്പരാഗത കടൽപ്പണിക്കാരൻ തിരകളോട് മല്ലിടുന്നത്. അത് രണ്ടുംകൽപ്പിച്ചുള്ള പോക്കുതന്നെയാണ്. / Photo: Muhammad Hanan
ഒരു ലൈഫ്ജാക്കറ്റ് പോലും ഇല്ലാതെയാണ് ഒരു പരമ്പരാഗത കടൽപ്പണിക്കാരൻ തിരകളോട് മല്ലിടുന്നത്. അത് രണ്ടുംകൽപ്പിച്ചുള്ള പോക്കുതന്നെയാണ്. / Photo: Muhammad Hanan

ഉപരിതല തിരമാലകളാണ് ഏറ്റവും സാധാരണമായത്, കാറ്റ് വീശുമ്പോൾ തിരമാലകൾ ഉയർന്ന് ക്രമാനുഗതമായി വെള്ളത്തിനു മേലെ ഒരു ചലനം സൃഷ്ടിക്കുന്നു. ഇത്തരം ഉപരിതല തരംഗങ്ങൾ ലോകമെമ്പാടും നിരന്തരം സംഭവിക്കുന്നു. ഇതാണ് സാധാരണ അവസ്ഥയിൽ നമ്മൾ തീരത്തു കാണുന്ന തിരമാലകൾ. പ്രതികൂല കാലാവസ്ഥ വലുതും അപകടകരവുമായ തിരകളുണ്ടാക്കുന്നു. തിരകളുടെയും വള്ളത്തിന്റെയും വലുപ്പം തമ്മിലുള്ള ഒരു അനുപാതമാണ് ഒരു പരിധിവരെ വള്ളത്തിനു അവ കൈകാര്യം ചെയ്യാൻകഴിയുമോ എന്ന് നിർണയിക്കുന്നത്.

തിരമാലകൾ വരുന്ന ദിശയും വള്ളത്തിന്മേൽ അടിക്കുന്ന ദിശയും വള്ളം ഉരുളുന്നുണ്ടോ(റോളിങ്ങ്) ഇല്ലയോ എന്ന് തീരുമാനിക്കും. ഉദാഹരണത്തിന്, ഒരു വള്ളത്തിന്റെ മുന്നിലോ പിന്നിലോ അടിക്കുന്ന തിരമാല അതിനെ തട്ടിമാറ്റാനുള്ള സാധ്യത വളരെ കുറവാണ്. തിരമാലകൾ ഒരു നിശ്ചിത ഉയരത്തിലായി വള്ളത്തിന്റെ ഒരുവശത്തേക്ക് തട്ടുകയോ തള്ളുകയോ ചെയ്താൽ വള്ളം ഉരുണ്ടുമറിഞ്ഞുപോകും. തിരകൾ ഒരു പരിധിക്കപ്പുറം ഉയരുമ്പോൾ അവ മടങ്ങിയടിക്കുന്നു. വലിയ തിരമാലകൾ ആഴമില്ലാത്ത വെള്ളത്തിൽ പ്രവേശിക്കുമ്പോൾ അത്തരം തിരകൾ സംഭവിക്കുമെങ്കിലും, നീരൊഴുക്കിനെതിരായി വീശുന്ന കാറ്റും അവയ്ക്ക് കാരണമാകും. ചില അഴിമുഖങ്ങളിൽ കൂറ്റൻ തിരകളുണ്ടാകുന്നതിന്റെ ഒരു കാരണം അവിടെ എത്തിച്ചേരുന്ന നദിയൊഴുക്കിന്റെ തള്ളലാണ്. തിരകൾ മടങ്ങിയടിക്കാൻ തുടങ്ങുമ്പോൾ ബോട്ടിലേക്ക് വെള്ളം ശക്തിയായി കോരിയെറിയുകയും അതിനെ മുക്കുകയും ചെയ്യും.

അഞ്ചിലൊന്ന് അപകടങ്ങൾ വള്ളങ്ങൾ തിരമാലകൾ മുറിച്ചുകടക്കുമ്പോഴാണ് സംഭവിച്ചത്. വള്ളംമറിയൽ (ക്യാപ്‌സൈസ്) 13 ശതമാനവും തുറമുഖ അപകടങ്ങൾ ഏഴ് ശതമാനവുമാണ്.

ചില സന്ദർഭങ്ങളിൽ, തിരകൾ ആഴത്തിലുള്ള വെള്ളത്തിൽ സംഭവിക്കാം. കൊടുങ്കാറ്റ് കടലിൽ കൂറ്റൻ തിരമാലകൾ സൃഷ്ടിക്കാം. ഓഖി അതിതീവ്ര ചുഴലിക്കാറ്റിന്റെ സമയത്ത്​ കടലിലുണ്ടായിരുന്നവർ പറഞ്ഞത് അവർ രണ്ടുനില കെട്ടിടത്തേക്കാൾ (6 മീറ്ററിലേറെ) ഉയരത്തിലുള്ള തിരകളിൽപ്പെട്ടുവെന്നാണ്. കടലിലെ തിരമാലകൾ അവയെ സൃഷ്ടിക്കുന്ന കൊടുങ്കാറ്റിനെ മറികടക്കുന്നു. ഉയരത്തിലും ഇടവേളയിലും മാറ്റമില്ലാതെ ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കാൻ ഈ തിരമാലകൾക്കുകഴിയും. ഈ തിരമാലകൾ കടലിൽ മിനുസമാർന്ന ചെറിയ തിരമാലകളായി കാണപ്പെടാമെങ്കിലും ചില ഭീമൻ കൊടുങ്കാറ്റുകളുടെ ഫലമായുണ്ടാകുന്ന ഈ തിരമാലകൾ തീരത്തെത്തി ഉയർന്നടിച്ചു നാശനഷ്ടങ്ങളുണ്ടാക്കാം.

മഴക്കാലം ആരംഭിക്കുന്ന ദിവസങ്ങളിലും ചില മഴക്കാല ദിവസങ്ങളിലും തിരമാലകളും കാറ്റും ഏറ്റവും കൂടുതലായിരിക്കും. അതാണ് കടൽപ്പണിക്കാരുടെ അപായകാലം.  / Photo: Prasoon Kiran
മഴക്കാലം ആരംഭിക്കുന്ന ദിവസങ്ങളിലും ചില മഴക്കാല ദിവസങ്ങളിലും തിരമാലകളും കാറ്റും ഏറ്റവും കൂടുതലായിരിക്കും. അതാണ് കടൽപ്പണിക്കാരുടെ അപായകാലം. / Photo: Prasoon Kiran

ഇന്ത്യൻ തീരത്ത് നിന്ന് 9000 കിലോമീറ്റർ അകലെയുള്ള തെക്കൻമഹാസമുദ്രത്തിൽ 2018 ഏപ്രിലിലുണ്ടായ കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ തിരമാലകൾ അഞ്ചു ദിവസം കടലിലൂടെ സഞ്ചരിച്ചു തിരുവനന്തപുരം തീരത്തു വലിയ തിരകളായി ആഞ്ഞടിച്ചു വീടുകളും, കരയിൽ സൂക്ഷിച്ചിരുന്ന വള്ളങ്ങളും നശിപ്പിച്ചു.

മഴക്കാലം ആരംഭിക്കുന്ന ദിവസങ്ങളിലും ചില മഴക്കാല ദിവസങ്ങളിലും തിരമാലകളും കാറ്റും ഏറ്റവും കൂടുതലായിരിക്കും. അതാണ് കടൽപ്പണിക്കാരുടെ അപായകാലം. 2011–2016 കാലയളവിൽ കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളിൽ മത്സ്യബന്ധനയാനങ്ങൾ ഉൾപ്പെട്ട 643 അപകടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അപകടങ്ങളിൽ/സംഭവങ്ങളിൽ 75 ശതമാനവും ഈ പ്രദേശത്ത് ഭൂരിഭാഗം വരുന്ന പരമ്പരാഗത കടൽപ്പണിക്കാരുടെ ഔട്ട്‌ബോർഡ് മോട്ടോർ ഘടിപ്പിച്ച ചെറുവള്ളങ്ങളാണ്. അഞ്ചിലൊന്ന് അപകടങ്ങൾ വള്ളങ്ങൾ തിരമാലകൾ മുറിച്ചുകടക്കുമ്പോഴാണ് സംഭവിച്ചത്. വള്ളംമറിയൽ (ക്യാപ്‌സൈസ്) 13 ശതമാനവും തുറമുഖ അപകടങ്ങൾ ഏഴ് ശതമാനവുമാണ്. ഈ ചെറിയ വള്ളങ്ങൾ തീരത്തണയുന്നവയാണ് (ബീച്ച്ക്രാഫ്റ്റ്) .എന്നിരുന്നാലും വലിയ തിരകളുണ്ടാകുന്ന മഴക്കാലത്ത് കടൽപ്പണിക്കാർ മത്സ്യബന്ധന തുറമുഖങ്ങളിലാണ് വള്ളമിറക്കുന്നതും അണയ്ക്കുന്നതും. തുറമുഖ രൂപകൽപ്പനയിലെ കുറവുകൾ മറ്റു പ്രശ്‌നങ്ങളിലേക്കു നയിക്കാം. ഉദാഹരണത്തിന് അപ്രതീക്ഷിതമായ ഉയർന്ന തിരകൾ കാരണം മുതലപ്പൊഴി തുറമുഖത്ത് നിരവധി അപകടങ്ങളും ആളപായവുമുണ്ടായിട്ടുണ്ട്.

പ്രവചനങ്ങളും പരിമിതികളും

വാന നിലയുടെയും (ദിനാവസ്ഥ അതായത് വെതർ) കടൽനില (സമുദ്രാവസ്ഥ) യുടെയും നിരന്തരം മാറുന്ന സ്വഭാവം കണക്കിലെടുത്ത് കടൽപ്പണിക്കാർ അവ മനസ്സിലാക്കുന്നതിനായി ചില തന്ത്രങ്ങൾ പ്രയോഗിക്കുന്നു. ഇവയറിയാൻ മൂന്ന് വഴികളുണ്ട്. ആദ്യമായി അവർ പൊതുവായി ലഭ്യമായ കാലാവസ്ഥാ വിവരസ്രോതസ്സുകൾ ഉപയോഗിക്കുന്നു. സർക്കാർ ഏജൻസികളുടെ (ഐ.എം.ഡി, ഇൻകോയിസ്, ഫിഷറീസ്, കോസ്റ്റൽ പൊലിസ്, ദുരന്ത നിവാരണ അതോറിറ്റി, ജില്ല ഭരണകൂടം) ഔപചാരിക മുന്നറിയിപ്പുകൾ, പ്രവചനങ്ങൾ, സ്വകാര്യ കമ്പനികളും വിദേശ അന്താരാഷ്ട്ര ഏജൻസികളും ഓൺലൈനിൽ നൽകുന്ന വിവരങ്ങൾ, അമേച്വർ കാലാവസ്ഥാ നിരീക്ഷകരും ഗവേഷകരും മറ്റും സോഷ്യൽ മീഡിയയിലും, ഓൺലൈനായും വയർലെസ്​ നെറ്റ്‌വർക്കിലൂടെയും നൽകുന്ന വിവരങ്ങൾ എന്നിവയാകാം ഈ വിവര സ്രോതസ്സുകൾ.

ഔട്ട്ബോർഡ്  മോട്ടോർ ഘടിപ്പിച്ച  ഒരു ചെറുവള്ളത്തിലെ പണിക്കാർ തെക്കൻ തിരുവനന്തപുരത്തെ കരുംകുളം തീരത്തുനിന്നും രാത്രിയിൽ മീൻ പിടിക്കാനായി ഒരു യാത്രയ്‌ക്കൊരുങ്ങുന്നു. മണൽത്തീരങ്ങൾ സുരക്ഷിതമായി വള്ളമിറക്കാനും അണയ്ക്കാനും സഹായിക്കുന്നു. / ചിത്രം: ഡോ. മാക്‌സ് മാർട്ടിൻ
ഔട്ട്ബോർഡ് മോട്ടോർ ഘടിപ്പിച്ച ഒരു ചെറുവള്ളത്തിലെ പണിക്കാർ തെക്കൻ തിരുവനന്തപുരത്തെ കരുംകുളം തീരത്തുനിന്നും രാത്രിയിൽ മീൻ പിടിക്കാനായി ഒരു യാത്രയ്‌ക്കൊരുങ്ങുന്നു. മണൽത്തീരങ്ങൾ സുരക്ഷിതമായി വള്ളമിറക്കാനും അണയ്ക്കാനും സഹായിക്കുന്നു. / ചിത്രം: ഡോ. മാക്‌സ് മാർട്ടിൻ

രണ്ടാമതായി, പരമ്പരാഗത പ്രാദേശിക പ്രായോഗിക അറിവുകളെ അടിസ്ഥാനമാക്കി അവർ വാന നിലയും കടൽ നിലയും മുൻകൂട്ടിക്കാണാൻ ശ്രമിക്കുന്നു. പൂർവ്വികരിൽ നിന്നും മുതിർന്നവരിൽ നിന്നും നേടിയ പരമ്പരാഗത അറിവും, അവരുടെ സ്വന്തം അനുഭവവും, സമപ്രായക്കാരുമായും സഹപ്രവർത്തകരുമായുള്ള കൂടിയാലോചനകളുമാണ് ഈ രീതിയിലുള്ള അറിവുനേടലിനായി കടൽപ്പണിക്കാരുപയോഗിക്കുന്നത്.
മൂന്നാമതായി, കടലിലായിരിക്കുമ്പോൾ മൊബൈൽ ഫോണുകളിലും വയർലെസിലും എപ്പോഴും ഒരു തത്സമയ ക്രോസ്‌ചെക്കിംഗും അപ്‌ഡേറ്റിംഗും ഉണ്ടാവും. മത്സ്യത്തൊഴിലാളികൾ തീരുമാനമെടുക്കാൻ ഒന്നിലധികം ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ വളരെ കാര്യക്ഷമമായി ഉപയോഗിക്കുന്നു എന്ന് പഠനങ്ങൾ കാണിക്കുന്നു.

അവർ വള്ളമിറക്കുന്നതിനു മുമ്പ്​പേരക്കുട്ടികളെയോ, മക്കളെയോ, അവരുടെ സുഹൃത്തുക്കളെയോ വിളിച്ചു ചോദിക്കാറുണ്ട്; ഓൺലൈനായും ‘വിൻഡി’ പോലുള്ള അപ്ലിക്കേഷനുകളിലൂടെയും അവർ കണ്ടെത്തിയതെന്താണെന്ന്.

"ഡു ഓർ ഡൈ' മനോഭാവത്തെക്കുറിച്ചുള്ള വിൽസന്റെ പ്രസ്താവന ഈ വസ്തുതകൾ മറച്ചുവെച്ചുവെങ്കിലും, മഴക്കാലത്തു പ്രവചനങ്ങൾ വളരെയേറെ ഉപയോഗപ്രദമാകുമെന്നും അതിനെപ്പറ്റി കൂടുതൽ ഗവേഷണം വേണമെന്നും വിൽസണും സുഹൃത്തുക്കളും പിന്നീടുള്ള സംഭാഷണങ്ങളിൽ വിശദീകരിച്ചു.

ലഭ്യമായ പ്രവചനങ്ങളും നിരീക്ഷണങ്ങളും മികച്ച രീതിയിൽ മത്സ്യത്തൊഴിലാളികൾ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നു. ഉദാഹരണത്തിന്, തെക്കൻ തിരുവനന്തപുരത്ത്​ പുതിയതുറയിലുള്ള പ്രായമായ മത്സ്യത്തൊഴിലാളികൾ എന്നോട് പറഞ്ഞിട്ടുണ്ട്; അവർ വള്ളമിറക്കുന്നതിനു മുമ്പ്​പേരക്കുട്ടികളെയോ, മക്കളെയോ, അവരുടെ സുഹൃത്തുക്കളെയോ വിളിച്ചു ചോദിക്കാറുണ്ട്; ഓൺലൈനായും ‘വിൻഡി’ പോലുള്ള അപ്ലിക്കേഷനുകളിലൂടെയും അവർ കണ്ടെത്തിയതെന്താണെന്ന്. ‘വിൻഡി’ ഇവിടങ്ങളിൽ പെ​ട്ടെന്ന് വളരെ പ്രചാരത്തിലായിരിക്കുന്നു. അതുപോലെതന്നെ വയർലെസ്​ സെറ്റുകളുടെ ഉപയോഗവും.

വെതർ ഫോർകാസ്റ്റിംഗ് സേവനമായ വിൻഡിയുടെ ഹോം പേജ്. / windy.com
വെതർ ഫോർകാസ്റ്റിംഗ് സേവനമായ വിൻഡിയുടെ ഹോം പേജ്. / windy.com

പല വള്ളങ്ങൾക്കും ഒന്നോ അതിലധികമോ യുവാക്കളുടെ ഒരു ടീം ഇത്തരം സാങ്കേതിക കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാനുണ്ടാവാറുണ്ട്. കോളേജിലും മറ്റും പഠിച്ചിട്ടുള്ള ഈ യുവാക്കളിൽ പലരും കടലിൽ പണിക്കുപോകുന്നവരാണ്. ചിലർ ഒമാൻ പോലെയുള്ള ഗൾഫ് രാജ്യങ്ങളിൽ മത്സ്യത്തൊഴിലാളികളായോ മറ്റു പണികളിലേർപ്പെട്ടോ വർഷങ്ങൾ ചെലവഴിച്ചവരായിരിക്കും. ഓഖിയ്ക്ക് ശേഷം വിവരസാങ്കേതിക സംവേദന രംഗത്തും, കാലാവസ്ഥാ പ്രവചങ്ങൾ ഉപയോഗിക്കുന്ന രീതിയിലും തിരുവനന്തപുരം, കന്യാകുമാരി തീരങ്ങളിലുണ്ടായ ഒരു വലിയ മാറ്റത്തിന്റെ ചിഹ്നങ്ങളാണിതെല്ലാം. "കടലിൽ ഞങ്ങൾക്കുണ്ടായിരുന്ന വിശ്വാസമെല്ലാം ആ ഒരൊറ്റ സംഭവം തകർത്തെറിഞ്ഞു കളഞ്ഞു,' മധ്യവയസ്‌കനായ ഒരു മത്സ്യത്തൊഴിലാളി എന്നോട് പറഞ്ഞു.

വടക്കൻ കന്യാകുമാരി മുതൽ തിരുവനന്തപുരം നഗരത്തിനടുത്തുള്ള പൂന്തുറ വരെയുള്ള ഗ്രാമങ്ങളിൽ ഞങ്ങൾ നടത്തിയ ഒരു മാപ്പിംഗ് പ്രകാരം മത്സ്യത്തൊഴിലാളികൾക്ക് നിരവധി കാലാവസ്ഥാ സേവനങ്ങൾ ലഭ്യമാണ്.

കടൽപ്പണിക്കാർ യന്ത്രവത്കൃത ബോട്ടുകളിലും തേങ്ങാപട്ടണത്തുനിന്നും കൊല്ലത്തു നിന്നും കടലിൽ പോകുന്ന വലിയ ട്രോളറുകളിലും നിന്നും കടൽനില വിവരങ്ങൾ ശേഖരിക്കുന്നു. വയർലെസിലൂടെയുള്ള സംഭാഷണത്തിൽ നിന്ന്​അകലെ നിന്നെത്തുന്ന കാറ്റിന്റെ വിവരം അവർക്കെളുപ്പം ലഭ്യമാക്കും. എന്നാൽ വയർലെസ് സെറ്റൊന്നുമില്ലാത്ത ചെറിയ വള്ളങ്ങൾക്ക് ഈ സൗകര്യമില്ല. തീരത്തുനിന്ന്​ 10 കിലോമീറ്ററിനുള്ളിൽ മൊബൈൽ ഫോൺ സിഗ്നൽ ലഭ്യമാണ്. ഈ തത്സമയ വിവരങ്ങൾ അവരെ അപകട വഴിയിൽ നിന്ന് മാറി നീങ്ങാൻ സഹായിക്കുന്നു. 2017ലെ ഓഖി ചുഴലിക്കാറ്റിനുശേഷം തെക്കൻ തിരുവനന്തപുരം ഗ്രാമങ്ങളിൽ വയർലെസ് സെറ്റുകളുടെ ഉപയോഗം വളരെയധികം വർദ്ധിച്ചു. ഔട്ട്‌ബോർഡ് മോട്ടോർ ഘടിപ്പിച്ച മിക്ക ബോട്ടുകളും വഴികാട്ടിയായി ജോഗ്രഫിക്കൽ ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ജി.പി.എസ്) ഉപയോഗിക്കുന്നു. ഫിഷ്‌ഫൈൻഡർ മുതലായ വിലയേറിയ സാങ്കേതികവിദ്യകളും ഇന്ന് കടൽപ്പണിക്കാർക്ക് ലഭ്യമാണ്.

വടക്കൻ കന്യാകുമാരി മുതൽ തിരുവനന്തപുരം നഗരത്തിനടുത്തുള്ള പൂന്തുറ വരെയുള്ള ഗ്രാമങ്ങളിൽ ഞങ്ങൾ നടത്തിയ ഒരു മാപ്പിംഗ് പ്രകാരം മത്സ്യത്തൊഴിലാളികൾക്ക് നിരവധി കാലാവസ്ഥാ സേവനങ്ങൾ ലഭ്യമാണ്. ഇൻകോയിസ് ടെക്‌സ്റ്റ് സന്ദേശങ്ങൾ, റിലയൻസ് ഫൗണ്ടേഷന്റെയും, എം.എസ്​. സ്വാമിനാഥൻ ഫൗണ്ടേഷന്റെയും, റേഡിയോ മൺസൂണിന്റെയും സൗജന്യ ഫോൺ സന്ദേശങ്ങൾ, തീരദേശ പൊലീസിന്റെ അലേർട്ടുകൾ, കടൽനില അപകടകരമാകുമ്പോൾ ഫിഷറീസ് വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വകയായി വിന്യസിക്കുന്ന മൊബൈൽ ഉച്ചഭാഷിണികൾ, പള്ളിയിൽ നിന്നുള്ള വിളിച്ചുപറയൽ എന്നിവ വിവിധ വാർത്താവിനിമയ മാർഗങ്ങളിൽപ്പെടുന്നു.

ഇന്റർനെറ്റ് നോക്കാനറിയാത്ത കടൽപ്പണിക്കാർക്കു ലഭിക്കുന്ന പ്രസക്തമായ വിശദാംശങ്ങൾ പലപ്പോഴും പരിമിതമാണ്. / Photo: Prasoon Kiran
ഇന്റർനെറ്റ് നോക്കാനറിയാത്ത കടൽപ്പണിക്കാർക്കു ലഭിക്കുന്ന പ്രസക്തമായ വിശദാംശങ്ങൾ പലപ്പോഴും പരിമിതമാണ്. / Photo: Prasoon Kiran

കാറ്റിന്റെ വേഗത 45 കിലോമീറ്റർ പ്രതീക്ഷിക്കുമ്പോൾ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുതെന്ന് ഐ.എം.ഡി നിർദ്ദേശിക്കുന്നു. വിദൂരമായ കൊടുങ്കാറ്റുകളുടെ ഗതിയും വേഗതയുമെല്ലാം ഈയിടെയായി മാധ്യമക്കുറിപ്പുകളായും മറ്റും കടൽപ്പണിക്കാർക്കു വേണ്ടി നൽകാറുണ്ട്. അതുപോലെ തന്നെ 3.5 മീറ്ററോ അതിൽ കൂടുതലോ ഉയരമുള്ള തിരമാലകൾ ഉള്ളപ്പോൾ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ഇൻകോയിസ് നിർദ്ദേശിക്കുന്നു. ദൂരത്തുനിന്നു വരുന്ന വൻ തിരകളെപ്പറ്റിയും ഇൻകോയിസ് ദിവസങ്ങൾക്കുമുമ്പേ മുന്നറിയിപ്പ് നൽകാറുണ്ട്.

100 കിലോമിറ്ററിനപ്പുറമുള്ള കാറ്റ് കൊടുങ്കാറ്റല്ലെങ്കിൽ അത് 20 കിലോമീറ്ററിനുള്ളിൽ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളിയെ സംബന്ധിച്ച്​അപ്രസക്തമാണ്.

കടൽ നിലയും വാന നിലയുമറിയാൻ ഇത്രയും സമ്പന്നമായ ഉറവിടങ്ങളുണ്ടെങ്കിലും, സാധാരണക്കാരായ, ഇന്റർനെറ്റ് നോക്കാനറിയാത്ത കടൽപ്പണിക്കാർക്കു ലഭിക്കുന്ന പ്രസക്തമായ വിശദാംശങ്ങൾ പലപ്പോഴും പരിമിതമാണ്. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടുന്ന പ്രദേശങ്ങളെക്കുറിച്ചും കാലാവസ്ഥയുടെ മാറുന്ന സ്വഭാവത്തെക്കുറിച്ചും വിശദാംശങ്ങൾ നൽകാൻ ടെക്‌സ്റ്റ് സന്ദേശങ്ങളും ഫോൺവിളികളും, ഉച്ചഭാഷിണി പ്രഖ്യാപനങ്ങളും പലപ്പോഴും അപര്യാപ്തമാണ്. "കേരള തീരത്ത് മണിക്കൂറിൽ 45 കിലോമീറ്ററിൽ ഉയർന്ന കാറ്റുണ്ട്, അതിനാൽ ‘മത്സ്യബന്ധനത്തിനു പോകരുത്' എന്നതുപോലുള്ള പഞ്ചായത്തിന്റെയോ, പൊലീസിന്റെയോ പള്ളിയുടെയോ ഒരു പ്രഖ്യാപനം വളരെ അവ്യക്തമാണ്.

കേരള തീരത്തിന് 590 കിലോമീറ്ററോളം നീളമുണ്ട്. ചെറുവഞ്ചിയിൽ പോകുന്ന പരമ്പരാഗത കടൽപ്പണിക്കാർ ഏകദേശം 100 കിലോമീറ്റർ ആരത്തിനപ്പുറം(റേഡിയസ്) പോകാറേയില്ല. ഫെബർഗ്ലാസ് ഓടങ്ങളിലും മറ്റും മീൻപിടിക്കാൻ പോകുന്നവരാകട്ടെ സാധാരണഗതിയിൽ 20 കിലോമിറ്ററിനപ്പുറം കടക്കാറില്ല. ഈ സാഹചര്യത്തിൽ 100 കിലോമിറ്ററിനപ്പുറമുള്ള കാറ്റ് കൊടുങ്കാറ്റല്ലെങ്കിൽ അത് 20 കിലോമീറ്ററിനുള്ളിൽ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളിയെ സംബന്ധിച്ച്​അപ്രസക്തമാണ്. അത് തിരുവനന്തപുരത്തു നിന്ന്​ ദൂരക്കടലിൽ പോകുന്ന തങ്ങൽ വള്ളക്കാർക്കും യഥാർത്ഥത്തിൽ കാറ്റടിക്കുന്ന കടലിനടുത്തുനിന്ന്​ പോകുന്ന തദ്ദേശീയ കടൽപ്പണിക്കാർക്കും മാത്രമേ പ്രസക്തമാകുന്നുള്ളൂ. എന്നാൽ കേരള തീരത്തോ ഉൾക്കടലിലോ എവിടയോ ഉണ്ടാകാൻ സാധ്യതയുള്ള കാറ്റിന്റെ പേരിൽ മത്സ്യബന്ധനം തടയുകയാണ് സർക്കാർ ഏജൻസികൾ പലപ്പോഴും ചെയ്യുന്നത്.

കഥയെല്ലാം മത്സ്യത്തെപ്പറ്റിയാണ്

ചുരുക്കത്തിൽ കടൽപ്പണിക്കാർക്ക് കൂടുതൽ വിശദവും പ്രാദേശികവൽക്കരിച്ചതുമായ പ്രവചനങ്ങൾ അത്യാവശ്യമാണ്. എന്നാൽ അതിശയകരമെന്നു പറയട്ടെ, പ്രവചനങ്ങളോ യഥാർത്ഥ കാലാവസ്ഥയോ കടലിന്റെ അപകട സാധ്യതയോ അല്ല മത്സ്യബന്ധനത്തെപ്പറ്റിയുള്ള തീരുമാനങ്ങളുടെ പിന്നിലുള്ള പ്രധാനഘടകം. അത് മത്സ്യത്തിന്റെ ലഭ്യതയാണ്. അത്രയും ശാന്തമല്ലാത്ത കടലുള്ള ഒരു കാറ്റുള്ള ദിവസത്തിൽ, വ്യക്തമായി കൊടുങ്കാറ്റിനും വലിയ കടൽക്കോളിനും സാധ്യത ഇല്ലാത്തിടത്തോളം, കടൽപ്പണിക്കാർ പോയി മത്സ്യബന്ധനം നടത്താനാണ് ഇഷ്ടപ്പെടുന്നത്. മൺസൂൺ സമയത്ത്​ മിക്കപ്പോഴും മീൻപിടിക്കാൻ വേണ്ടി അവർ ഗണ്യമായ തോതിൽ റിസ്‌ക് എടുക്കുന്നു. വിരോധാഭാസമെന്നു പറയട്ടെ, മൺസൂണിന്റെ കാറ്റും, മഴയും, തണുപ്പും, ഒഴുക്കുമെല്ലാമുള്ള മൺസൂൺ സീസണിൽ അറബിക്കടലിൽ ധാരാളം മത്സ്യം ലഭ്യമാണ്. ദൈനംദിന മത്സ്യബന്ധന തീരുമാനങ്ങളെ സഹായിക്കുന്നതിൽ അവസാന മൈലിൽ (ലാസ്റ്റ്‌മൈൽ – സേവനങ്ങൾ എത്തിക്കേണ്ട അങ്ങേയറ്റത്തെ സ്ഥലം) ലഭ്യമാകുന്ന കാലാവസ്ഥാ പ്രവചനങ്ങൾ പലപ്പോഴും വളരെ അപര്യാപ്തമാണ്. എന്നാൽ നല്ല പ്രവചനം ലഭിച്ചാൽപ്പോലും വ്യത്യസ്ത ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് കടൽപ്പണിക്കാർ മത്സ്യബന്ധന തീരുമാനങ്ങൾ എടുക്കുന്നത് എന്നതാണ് വസ്തുത.

കാലാവസ്ഥയോ  കടലിന്റെ അപകട സാധ്യതയോ അല്ല മത്സ്യബന്ധനത്തെപ്പറ്റിയുള്ള തീരുമാനങ്ങളുടെ പിന്നിലുള്ള പ്രധാനഘടകം. അത് മത്സ്യത്തിന്റെ ലഭ്യതയാണ്.  / Photo: Muhammad Hanan
കാലാവസ്ഥയോ കടലിന്റെ അപകട സാധ്യതയോ അല്ല മത്സ്യബന്ധനത്തെപ്പറ്റിയുള്ള തീരുമാനങ്ങളുടെ പിന്നിലുള്ള പ്രധാനഘടകം. അത് മത്സ്യത്തിന്റെ ലഭ്യതയാണ്. / Photo: Muhammad Hanan

അഞ്ചുതെങ്ങ് ഗ്രാമത്തിലുള്ള, കൃത്യമായി കാലാവസ്ഥാ അറിയിപ്പുകൾ കേൾക്കുന്ന ഒരു മത്സ്യത്തൊഴിലാളി എന്നോട് പറഞ്ഞത്​ ഇങ്ങനെയാണ്​: “മത്സ്യമില്ലെങ്കിൽ 35 കിലോമീറ്റർ വേഗതയിൽ ഉയർന്ന കാറ്റുണ്ടാകുമെന്നറിഞ്ഞാൽ ഞങ്ങൾ പറയും, പോകരുത്. അതേദിവസം തന്നെ ഒരു വലിയ മീൻപിടിത്ത സാധ്യതയെപ്പറ്റി ഞങ്ങൾക്ക് ബോധ്യമുണ്ടെങ്കിൽ, ഞങ്ങൾ പറയും, അവിടെ കുറച്ച് കാറ്റുണ്ടാകാം, പക്ഷേ നമുക്ക് പോകാം.”

പരമ്പരാഗത മത്സ്യബന്ധന പ്രാദേശിക സമൂഹങ്ങളുടെ ഉപജീവന മാർഗം കേരള വികസന മാതൃകയുടെ പുറമ്പോക്കുകളിലുള്ള ഒരു സംരംഭമാണ്.

അതുപോലെ തന്നെ ഉയർന്ന കാറ്റുകാരണം വിലക്കുള്ള ദിവസങ്ങളിൽപ്പോലും ചില വള്ളങ്ങളിലെ പണിക്കാർ ധൈര്യമായിപ്പോയി നിറയെ മീനുമായി വരാറുണ്ട്. ഇത് മറ്റുള്ളവർക്കും പോകാനുള്ള ഒരു പ്രചോദനമാകും; സമപ്രായക്കാരുടെ സമ്മർദ്ദം (പിയർ പ്രഷർ) എന്നൊക്കെപറഞ്ഞതുപോലെ.
ഒരു മത്സ്യത്തൊഴിലാളിയുടെ ജോലി വളരെ അപകടം പിടിച്ചതാണ്; എന്നാൽ പതിവായി ജോലി ചെയ്യുന്നത് പ്രധാനവുമാണ്. മത്സ്യത്തൊഴിലാളികൾ വളരെ തിരക്കേറിയ പരിതഃസ്ഥിതിയിൽ പലപ്പോഴും ദാരിദ്ര്യത്തെയും അരക്ഷിതാവസ്ഥയെയും മുന്നിൽക്കണ്ടാണ് ജീവിക്കുന്നത്. ആരോഗ്യ സേവനങ്ങളിലും വിദ്യാഭ്യാസത്തിലും, ഭൂമിയുടെ ഉടമസ്ഥാവകാശത്തിലും മറ്റും മത്സ്യത്തൊഴിലാളികൾക്കുള്ള സ്ഥാനം സംസ്ഥാന ശരാശരിയേക്കാൾ താഴെയാണ്. മാത്രമല്ല, മത്സ്യബന്ധനച്ചെലവ് ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മത്സ്യബന്ധന രീതികൾ മാറുന്നതോടെ വള്ളത്തിനും വലയ്ക്കും ശക്തിയേറിയ എഞ്ചിനുകൾക്കും സാങ്കേതികവിദ്യകൾക്കുമുള്ള ചെലവ് വളരെ കൂടുതലാണ്. ഒരു 30 അടി വള്ളമിറക്കാൻ മൂന്നു മുതൽ അഞ്ചുലക്ഷം രൂപ വരെ ചെലവാകാം.

പലപ്പോഴും ഈ പൈസ വരുന്നത് കൊള്ളപ്പലിശയ്ക്കുള്ള സ്വകാര്യ വായ്പയിലൂടെയാണ്. വള്ളത്തിനായി ബാങ്ക് വായ്പകൾ അത്രയെളുപ്പം ലഭ്യമല്ല. വള്ളങ്ങൾക്കുള്ള ഇൻഷുറൻസ് സൗകര്യം പരിമിതമാണ്. കടപ്പുറത്തും പുറമ്പോക്കിലുമുള്ള വീടുകൾക്ക്​ പട്ടയമുണ്ടാവില്ല. അവ ഈടായി നൽകാനും പറ്റില്ല. മീൻ എളുപ്പം കേടുവരുന്ന ഭക്ഷ്യോൽപ്പന്നമാണ്. അതിന്റെ സംഭരണവും വിപണനവും കടൽപ്പണിക്കാരുടെ നിയന്ത്രണത്തിലല്ല. ഈ അനിശ്ചിതാവസ്ഥയിൽ മീനുള്ളപ്പോൾ കഴിയുന്നത്ര പിടിക്കുക എന്ന രീതിയാണ് പ്രായോഗികം. അങ്ങനെ വരുമ്പോൾ രണ്ടും കല്പിച്ചുള്ള കടലിൽപ്പോക്ക്​ സാധാരണപോലെയുള്ള ഇടപാടായി (‘ബിസിനസ്​ ആസ് യൂഷ്വൽ’) മാറുന്നു. പരമ്പരാഗത മത്സ്യബന്ധന പ്രാദേശിക സമൂഹങ്ങളുടെ ഉപജീവന മാർഗം കേരള വികസന മാതൃകയുടെ പുറമ്പോക്കുകളിലുള്ള ഒരു സംരംഭമാണ്. ഭൂമിശാസ്ത്രപരമായി മാത്രമല്ല രാഷ്ട്രീയ സമ്പദ് വ്യവസ്ഥാപരമായും തീരങ്ങൾ പലപ്പോഴും ഭൂപടത്തിന്റെ അരികുകളിലാണ്.

ചുരുക്കിപ്പറഞ്ഞാൽ, പ്രതികൂല കാലാവസ്ഥയിൽ മത്സ്യബന്ധനത്തിനും അപകടങ്ങൾക്കുമുള്ള സാധ്യത വ്യക്തമായി മനസ്സിലാക്കിത്തന്നെയാണ് കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മുന്നോട്ടു പോകുന്നത്. ഈ പോക്ക് ധിക്കാരമോ ധൈര്യപ്രകടനമോ അല്ലെന്നാണ് നൂറോളം കടൽപ്പണിക്കാരുമായി സംഭാഷണങ്ങളിലും സംവാദങ്ങളിലുമേർപ്പെട്ട ശേഷം ഞാൻ മനസ്സിലാക്കുന്നത്. ഇത് ഒരു ജീവിതരീതിയും ഉപജീവനമാർഗവുമാണ്. അരികുകളിലുള്ള ജീവിതത്തിന്റെ അനിവാര്യതയാണ്.

കൂടുതൽ കൃത്യവും പ്രസക്തവുമായ പ്രവചനങ്ങളിലേക്ക്:

ആദ്യമായി മികച്ച പ്രവചന വൈദഗ്ധ്യത്തിന്റെ വ്യക്തമായ ആവശ്യമുണ്ട്, കൃത്യവും വിപുലവുമായ നിരീക്ഷണങ്ങൾ, മോഡലിംഗ്, വിശകലനം എന്നിവ കാലാവസ്ഥ പ്രവചിയ്ക്കാൻ അവശ്യം വേണ്ട ഘടകങ്ങളാണ്. വ്യത്യസ്ത സമയങ്ങളുള്ള പുതിയതും മെച്ചപ്പെട്ടതുമായ ഈ ഘടകങ്ങൾ തടസ്സമില്ലാത്ത പ്രവചനത്തിലേക്ക് നയിക്കും. അതായത് ഭൂമിശാസ്ത്രപരമായ നിർദ്ദിഷ്ട പ്രദേശങ്ങൾക്കും ഉപയോക്താക്കളുടെ വിഭിന്ന ഗ്രൂപ്പുകൾക്കുമായി ദിവസേനയും, കൃത്യമായ ഇടവേളകളിലും പ്രവചനങ്ങൾ നല്കാനാവണം.

ഇരുണ്ട മഴമേഘങ്ങൾ ഒരു പെരുംമഴയായ് പെയ്തൊഴിയാൻ തുടങ്ങുമ്പോൾ  തിരുവനന്തപുരത്തെ കരുംകുളം ഗ്രാമത്തിൽ ഒറ്റപ്പെട്ട ഒരു വള്ളം പുറപ്പെടാൻ പോകുകയാണ്. പലപ്പോഴും കാറ്റിനും മഴയ്ക്കുമെല്ലാമുപരി മീനിന്റെ ലഭ്യതയാണ് കടൽപ്പണിയിലെ തീരുമാനങ്ങളെ സ്വാധീനിക്കുന്നത്. / ചിത്രം: ഡോ. മാക്‌സ് മാർട്ടിൻ
ഇരുണ്ട മഴമേഘങ്ങൾ ഒരു പെരുംമഴയായ് പെയ്തൊഴിയാൻ തുടങ്ങുമ്പോൾ തിരുവനന്തപുരത്തെ കരുംകുളം ഗ്രാമത്തിൽ ഒറ്റപ്പെട്ട ഒരു വള്ളം പുറപ്പെടാൻ പോകുകയാണ്. പലപ്പോഴും കാറ്റിനും മഴയ്ക്കുമെല്ലാമുപരി മീനിന്റെ ലഭ്യതയാണ് കടൽപ്പണിയിലെ തീരുമാനങ്ങളെ സ്വാധീനിക്കുന്നത്. / ചിത്രം: ഡോ. മാക്‌സ് മാർട്ടിൻ

രണ്ടാമതായി, തീവ്രകാലാവസ്ഥാ പ്രതിഭാസങ്ങളുടെ പശ്ചാത്തലത്തിൽ, ദുരന്തനിവാരണ പ്രക്രിയകളുടെ നിർണായക ഘട്ടങ്ങളിൽ ആദ്യകാല മുന്നറിയിപ്പ് സംവിധാനങ്ങളിൽ ( ‘ഏർലി വാണിംഗ് സിസ്റ്റം’) ഉപയോഗിക്കുന്ന അളവുകൾ ഉപയോഗിച്ച് പ്രവചനങ്ങൾ കാര്യക്ഷമമാക്കേണ്ടതുണ്ട്. ഓരോ കൂട്ടം കടൽപ്പണിക്കാർക്കും ഉപയോഗിക്കാവുന്ന മുന്നറിയിപ്പ് മുൻകൂട്ടി നൽകുന്നത് അവയുടെ പ്രസക്തി, ഫലപ്രാപ്തി, ഏറ്റെടുക്കൽ എന്നിവ ഗണ്യമായി വർദ്ധിപ്പിക്കും. പ്രവചന ഉപയോക്താക്കൾക്ക് അത്യാവശ്യ സമയങ്ങളിൽ ധനസഹായവും നഷ്ടപരിഹാരവും ഉൾപ്പെടെ വ്യത്യസ്ത പ്രതികരണ നടപടികൾ സ്വീകരിക്കാനുള്ള സൗകര്യങ്ങളൊരുക്കണം.

ഞങ്ങളുടെ തുടരുന്ന ഗവേഷണം കാണിക്കുന്നത് ഈ രംഗത്ത് മാറി വരുന്ന ചിന്താഗതിയനുസരിച്ച് കാലാവസ്ഥാ പ്രവചനത്തിലേർപ്പെടുന്നവർ സാമൂഹ്യ യാഥാർഥ്യങ്ങളുമായി കൂടുതൽ പൊരുത്തപ്പെടണമെന്നാണ്.

മൂന്നാമതായി, ഉപയോഗപ്രദമായ കാലാവസ്ഥാ വിവര ഉൽപ്പന്നങ്ങൾ സഹകരിച്ച് നിർമിക്കുന്നതിന് പ്രാദേശിക സമൂഹങ്ങൾ, പ്രാദേശിക ഉദ്യോഗസ്ഥർ, പ്രവചകർ, ശാസ്ത്രജ്ഞർ എന്നിവർക്കിടയിൽ ഒരു സമന്വയം വളർത്തിയെടുക്കേണ്ടതുണ്ട് . പ്രാദേശികവും പ്രായോഗികവുമായ അറിവുകൾക്ക് അത്തരം സഹനിർമാണത്തെ മുന്നോട്ടു നയിക്കാൻ കഴിയും. അത്തരമൊരു ഇന്റർഫേസ് പ്രവാചകർക്ക് പ്രാദേശിക ആവശ്യങ്ങളെക്കുറിച്ചും പ്രവചന ഏറ്റെടുക്കൽ നിർണയിക്കുന്ന സാംസ്‌കാരിക ഘടകങ്ങളെക്കുറിച്ചും മികച്ച ഗ്രാഹ്യം നൽകും.
ഞങ്ങളുടെ ഗവേഷണത്തിൽ പങ്കുചേർന്ന മത്സ്യത്തൊഴിലാളികളുടെ ശുപാർശകളിൽ ഇനിപ്പറയുന്ന പ്രധാനകാര്യങ്ങൾ ഉൾപ്പെടുന്നു:
i) തക്കസമയത്തും പ്രാദേശിക തലങ്ങളിലും കൂടുതൽ കൃത്യമായ പ്രവചനങ്ങൾ.
ii) വി.എച്ച്.എഫ് റേഡിയോയും, മൊബൈൽ ഫോണും അടക്കം ഒന്നിലധികം മാധ്യമങ്ങളിലൂടെ പ്രവചന പ്രചാരണം; അച്ചടി, ഇലക്​ട്രോണിക്​സ്​ ഡിസ്‌പ്ലേ ബോർഡുകൾ, ഓൺലൈൻ ചാനൽ, റേഡിയോ എന്നിവയിലൂടെ സാമൂഹ്യ മാധ്യമങ്ങളുടെ വികാസം.
iii) മത്സ്യത്തൊഴിലാളികളുടെ ജീവിത യാഥാർത്ഥ്യങ്ങളും സാമൂഹിക സാമ്പത്തിക പരിമിതികളും, അവരുടെ പഠന പ്രക്രിയകളും, മത്സ്യബന്ധന രീതികളും സംസ്‌കാരങ്ങളും കണക്കിലെടുക്കുന്ന പ്രവചനങ്ങൾ.

ഞങ്ങളുടെ തുടരുന്ന ഗവേഷണം കാണിക്കുന്നത് ഈ രംഗത്ത് മാറി വരുന്ന ചിന്താഗതിയനുസരിച്ച് കാലാവസ്ഥാ പ്രവചനത്തിലേർപ്പെടുന്നവർ സാമൂഹ്യ യാഥാർഥ്യങ്ങളുമായി കൂടുതൽ പൊരുത്തപ്പെടണമെന്നാണ്. അതേസമയം, കാലാവസ്ഥാ സംഘടനകൾ അവരുടെ അടിസ്ഥാന സൗകര്യങ്ങളും പ്രവചന വൈദഗ്ദ്ധ്യവും മെച്ചപ്പെടുത്തണം. പാരിസ്ഥിതിക വിവരങ്ങൾ ശേഖരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഗവേഷകർ പുതിയ സമീപനങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. അതിനായി ആശയവിനിമയ മാർഗങ്ങളും, സഖ്യങ്ങളും, പങ്കാളിത്തങ്ങളും കൂടുതൽ സംവേദനാത്മകവും, ക്രിയാത്മകവും, അനൗപചാരികവും സമന്വയിപ്പിക്കുന്നവയുമായി മാറ്റിത്തീർക്കണം. ▮

(‘ട്രാൻസിഷൻ സ്റ്റഡീസ്’ പ്രസിദ്ധീകരിക്കുന്ന കടൽ-കര-കാലാവസ്ഥ കടലെടുക്കുന്ന കേരളം എന്ന പുസ്തകത്തിൽ നിന്നുള്ള അധ്യായം. ഈ ഗവേഷണ സരംഭത്തിലെന്നോടൊപ്പമുള്ള കുമാർ സഹായരാജുവിനും, പ്രൊഫ. എസ്. അഭിലാഷിനും, ഞങ്ങളുടെ വഴികാട്ടികളായ തിരുവനന്തപുരത്തെ പരമ്പരാഗത കടൽപ്പണിക്കാർക്കും പ്രൊഫ. ഫിലിപ്പോ ഒസെല്ലയ്ക്കും നന്ദി)


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ. മാക്‌സ് മാർട്ടിൻ

ഭൂമിശാസ്ത്രജ്ഞൻ. കാലാവസ്ഥാ വ്യതിയാനവും തീവ്രകാലാവസ്ഥാ പ്രതിഭാസങ്ങളും ഇവയെക്കുറിച്ചുള്ള പ്രവചനങ്ങളും ആശയവിനിമയവുമാണ് പഠനവിഷയങ്ങൾ. സസ്സെക്‌സ് സർവകലാശാലയിലെ റിസർച്ച് ഫെല്ലോയും കൊച്ചിയിലെ ‘കുസാറ്റ്’ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്‌ഫെറിക് റഡാർ റിസർച്ചിലെ സന്ദർശക ഗവേഷകനുമാണ്. ക്ലൈമറ്റ്, എൻവയോൺമെന്റൽ ഹസാഡ്‌സ് ആൻഡ് മൈഗ്രേഷൻ ഇൻ ബംഗ്ലാദേശ് (റൗട്ട്‌ലെഡ്ജ് 2018), ജ്യോഗ്രഫി ഇൻ ബ്രിട്ടൺ ആഫ്റ്റർ വേൾഡ് വാർ II– നേച്ചർ, ക്ലൈമറ്റ് ആൻഡ് ദി എച്ചിങ്‌സ് ഇൻ ടൈം (പാൽഗ്രേവ് 2019) എന്നിവയാണ്​ പ്രധാന പുസ്​തകങ്ങൾ.

Comments