കേരളത്തിലെ മത്സ്യബന്ധന മേഖലയെ തകർക്കുന്ന കടൽ മണൽ ഖനനത്തിന്റെ ടെണ്ടർ നടപടി പൂർത്തിയാകുന്ന ഫെബ്രുവരി 27 സംസ്ഥാന വ്യാപകമായി തീരദേശ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനും തീരദേശ ജനതയുടെ തൊഴിലവകാശം സംരക്ഷിക്കുന്നതിനുമാണ് പ്രക്ഷോഭമെന്ന് കേരള ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റി വ്യക്തമാക്കി.
ഗുജറാത്തിലെ പോർബന്തറിൽ മൂന്നു ബ്ലോക്കുകളിൽ നിന്ന് ചുണ്ണാമ്പും ചെളിയും കേരളത്തിൽ കൊല്ലത്തെ മൂന്നു ബ്ലോക്കുകളിൽ നിന്നും നിർമ്മാണ ആവശ്യങ്ങൾക്കുള്ള കടൽമണലും, ആന്റമാനിലെ ഏഴു ബ്ലോക്കുകളിൽ നിന്നും പോളിമെറ്റാലിക് നൊഡ്യൂൾസ് എന്നറിയപ്പെടുന്ന ധാതു വിഭവങ്ങളും, കൊബാൾട്ടും ഖനനം ചെയ്തെടുക്കാനാണ് കേന്ദ്ര പദ്ധതി. ഖനനത്തിന്റെ പൊതു അവകാശം പൊതുമേഖലയ്ക്കായിരിക്കണമെന്ന 2002-ലെ ഖനന നിയമം 2023ൽ ഭേദഗതി ചെയ്യുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. തീരദേശത്തുള്ള കരിമണൽ ഖനനത്തിന് സംസ്ഥാന സർക്കാരിനും പൊതുമേഖലയ്ക്ക് മുള്ള അവകാശവും കേന്ദ്രം നിയമഭേദഗതി വഴി ഏറ്റെടുത്തിട്ടുണ്ട്. ഇനി ഖനന ത്തിനും സംസ്ക്കരണത്തിനും വിപണനത്തിനും സ്വകാര്യ മേഖലയ്ക്കുകൂടി അവകാശം ഉറപ്പിച്ചുകൊണ്ടാണ് നിയമ ഭേദഗതി. ഇതേത്തുടർന്ന് ഇതുമായി ബന്ധപ്പെട്ട് മൂന്ന് നിയമങ്ങൾ കൂടി കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം കൊണ്ടുവന്നിട്ടുണ്ട്. പോർബന്തറിലേയും കൊച്ചിയിലേയും ശില്പശാലയും തീരുമാനങ്ങളും ഇതിന്റെ തുടർച്ചയായിരുന്നുവെന്ന് കമ്മിറ്റി ചെയർമാൻ ടി.എൻ. പ്രതാപനും ജനറൽ കൺവീനർ പി.പി. ചിത്തരഞ്ജനും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

കേരളത്തിൽ അഞ്ചു സെക്ടറുകളിലായി 745 ദശലക്ഷം കടൽ മണൽ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തൽ. ഇതിൽ കൊല്ലം സെക്ടറിലാണ് ഇപ്പോൾ ഖനനം നടത്തുക. തീരത്തുനിന്നും 33 കിലോമീറ്റർ അകലെയുള്ള 1-ാം ബ്ലോക്കിൽ 23 മിനറൽ ബ്ലോക്കുകളുണ്ട്. ഇവിടെ നിന്നും 100.33 ദശലക്ഷം ടൺ മണലാണ് ഊറ്റുക. രണ്ടാം സെക്ടർ 30 കിലോമീറ്റർ അകലെയാണ്. അവിടെനിന്നും 100.64 ദശലക്ഷം ടൺ മണലും 27 കിലോമീറ്റർ അകലെയുള്ള മൂന്നാം സെക്ടറിൽ നിന്നും 101.45 ദശലക്ഷം ടൺ മണലും ഖനനം ചെയ്യും. മൊത്തത്തിൽ 242 ചതുരശ്ര കിലോമീറ്ററിലായി 302.5 ദശലക്ഷം ടൺ മണലൂറ്റുന്നതിനാണ് ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്. വർക്കല മുതൽ അമ്പലപ്പുഴ വരെ 85 കിലോമീറ്ററിലായും 3300 ചതുരശ്ര കിലോ മീറ്റർ വിസ്തൃതിയിലും പരന്നുകിടക്കുന്ന കൊല്ലം പരപ്പ് എന്ന ക്വയിലോൺ ബാങ്കിൽ നിന്നാണ് ഖനനം നടക്കുക.
ഇന്ത്യയിലുള്ള 22 മത്സ്യസങ്കേതങ്ങളിൽ ഏറ്റവും ഉല്പാദന ക്ഷമതയുള്ള പ്രദേശമാണ് കൊല്ലം പരപ്പ്. ആയിരത്തോളം ട്രോൾ ബോട്ടുകളും, അഞ്ഞൂറോളം ഫൈബർ വള്ളങ്ങളും നൂറോളം ഇൻ-ബോർഡ് വള്ളങ്ങളും ഇവിടെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. കേരളത്തിലെ രണ്ട് ലക്ഷത്തോളം സജീവ മത്സ്യത്തൊഴിലാളികളിൽ നാലിലൊന്നും ഇവിടെയാണ് കേന്ദ്രീകരിക്കുന്നത്. ഖനനം നടന്നാൽ, കടലിലെ മത്സ്യങ്ങളുടെ പ്രജനനവും വളർച്ചയും തടസ്സപ്പെടും. മത്സ്യ സമ്പത്ത് അവശേഷിക്കുന്ന അറബിക്കടലിനേയും, ബംഗാൾ ഉൾക്കടലിനേയും തകർക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാറിന്റേതെന്ന് പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു. ഇപ്പോൾ തന്നെ കടലാമയുടെ പേരിലും, സസ്തനികളുടെ പേരിലും കയറ്റുമതിക്ക് നിരോധനം നേരിടുന്ന മേഖലയാണിത്. മത്തിയുടെ തകർച്ചയിൽ നിന്നും ഇതുവരേയായിട്ടും മോചനം ലഭിച്ചിട്ടുമില്ല. ഇങ്ങനെ പ്രതിസന്ധി നിറഞ്ഞ മേഖലയെ പൂർണ്ണമായും തകർക്കുന്ന നടപടിയാണ് ഡ്രഡ്ജിംഗ്. ഓഖിക്കുശേഷം തീരത്ത് ആവർത്തിക്കുന്ന ദുരന്ത പ്രക്രിയ വേഗത്തിലാകും.
Read: കോർപറേറ്റ് പ്രോപ്പർട്ടിയാകുന്ന കടൽ
കേരളം ഇന്ത്യയിൽ ഏറ്റവും കൂടുതൽ മത്സ്യം കഴിക്കുന്നവരുടെ നാടാണ്. പ്രതിശീർഷ ഉപഭോഗം ഏകദേശം 32 കിലോഗ്രാം വരും. കേരളത്തിലുള്ളവർ പ്രതിവർഷം 9.12 ലക്ഷം ടൺ മത്സ്യം കഴിക്കുന്നുണ്ട്. അതിന്റെ 60 ശതമാനവും ഇവിടത്തന്നെ പിടിക്കുന്നതാണ്. കഴിഞ്ഞ വർഷം ഇന്ത്യ കയറ്റി അയച്ച 63,963.14 കോടി രൂപയുടെ മത്സ്യത്തിൽ കേരളത്തിന്റെ പങ്ക് 8,285.03 കോടിയാണ്. ഇന്ത്യൻ തീരത്തിന്റെ 8 ശതമാനമാണ് കേരളത്തിന്റെ കടൽത്തീരം. എന്നാൽ, പിടിക്കുന്ന മത്സ്യത്തിന്റെ 15-20 ശതമാനവും കേരളത്തിന്റെ പങ്കാണ്. അതുകൊണ്ട്, കടൽ മണൽ ഖനനം മത്സ്യത്തൊഴിലാളികളെ മാത്രമല്ല പൊതുജനങ്ങളുടെ കൂടി ആരോഗ്യത്തെയാണ് ബാധിക്കുക.

കേന്ദ്ര സർക്കാർ പിൻതുടരുന്ന കോർപ്പറേറ്റുകളുമായി ബന്ധപ്പെട്ട സമീപനവു മായിക്കൂടി ഈ വിഷയം ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി. ഛത്തീസ്ഗഡിലെ അരാന്ത- ഹാസ്ദേവ് എന്നീ നദികൾക്കിടയിലെ വിശാലമായ വനമേഖലകൾ ഭരണഘടനയെത്തന്നെ ഭേദഗതി ചെയ്തുകൊണ്ട് കൽക്കരി ഖനനത്തിനായി അദാനിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ആദിവാസികളെയാണ് ഇതുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കുക. കടൽ ഖനനവുമായി ബന്ധപ്പെട്ട ഭേദഗതിക്കു തൊട്ടുമുമ്പ് അദാനി കമ്പനി പുരി ഹെവി മിനറൽസ് ലിമിറ്റഡ് ഒറീസ്സയിലും, അലൂവിയൽ ഹെവി മിനറൽസ് ലിമിറ്റഡ് എന്നീ കമ്പനികൾ സ്ഥാപിക്കു കയുണ്ടായി. ഖനനത്തിനായി അദാനി കമ്പനിയുടെ കപ്പൽ സമൂഹത്തെ തന്നെയാണ് കേന്ദ്ര സർക്കാർ നിയോഗിച്ചിട്ടുള്ളത്. ഇത് ഫാഷിസമല്ലാതെ മറ്റെന്താണ്?
കേന്ദ്ര സർക്കാർ തീരുമാനമായതുകൊണ്ട് ചെറുത്തു നിൽപ്പ് എളുപ്പമല്ല എന്നു കരുതുന്നവരുമുണ്ട്. തമിഴ്നാട്ടിലെ മധുര ജില്ലയിൽ മേലൂർ നായ്ക്കർ പട്ടിയിൽ 2015 ഹെക്ടർ സ്ഥലം ടങ്ങ്സ്റ്റൺ എന്ന അയിരിന് വേണ്ടി വേദാന്ത എന്ന കുത്തക കുത്തിപ്പൊളിക്കാനിറങ്ങിയപ്പോൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് അതിനെ പരാജയപ്പെടുത്തി യത്. കേരളത്തിലെ പ്രധാനപ്പെട്ട മത്സ്യസങ്കേതത്തെ, ഉപജീവനകേന്ദ്രത്തെ തകർക്കാനുള്ള നടപടികളെ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് പ്രസ്താവന പറയുന്നു. സംസ്ഥാനങ്ങളുടെ അവകാശവും തൊഴിലവകാശവും സംരക്ഷിക്കുന്നതിന് ഒറ്റക്കെട്ടായി ജീവന്മരണ പോരാട്ടത്തിനിറങ്ങേണ്ട സന്ദർഭമാണിതെന്ന് കേരള ഫിഷറീസ് കോ- ഓർഡിനേഷൻ കമ്മിറ്റി പറഞ്ഞു.