കപ്പലപകടങ്ങൾ വലിയ തോതിലുള്ള പാരിസ്ഥികാഘാതമുണ്ടാക്കുമെന്ന് The International Maritime Organization- ന്റെ പഠനങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 1992 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ 3680 കപ്പലപകടങ്ങളുണ്ടായി എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 1972-ലെ The International Regulations for Preventing Collisions at Sea എന്ന അന്താരാഷ്ട്ര കരാർ പ്രകാരം കപ്പലപകടങ്ങൾ കുറയ്ക്കാനും നിയന്ത്രിക്കാനുമുള്ള പദ്ധതി അവതരിപ്പിച്ചിരുന്നു. കപ്പലപകടങ്ങൾ മൂലമുണ്ടാകുന്ന പരിസ്ഥികാഘാതത്തെ കുറിച്ചുള്ള പഠനങ്ങളിൽ പ്രധാനമായും അഞ്ചു തരം ആഘാതങ്ങളെ കുറിച്ചാണ് പറയുന്നത്. ഇതിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന അപകടങ്ങളുമുണ്ട്.
പ്രധാനപ്പെട്ട അഞ്ചു തരം അപകടങ്ങളും അവയുടെ പ്രത്യാഘാതങ്ങളും പരിശോധിക്കാം:
1.കപ്പലുകളിൽ നിന്നുള്ള എണ്ണ ചോർച്ച: പരിസ്ഥിതിക്ക് ഗുരുതര ദോഷം ചെയ്യുന്ന അപകടമാണിത്. കാരണം, എണ്ണ സമുദ്രത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും വ്യാപിക്കും. ഇത് സമുദ്രജീവികളുടെ നാശത്തിനും അതുവഴി ആവാസവ്യവസ്ഥയുടെ തകർച്ചയ്ക്കും കാരണമാകും. എണ്ണ വളരെക്കാലം സമുദ്രത്തിൽ നിലനിൽക്കുന്നതിനാൽ പരിസ്ഥിതിയിൽ ദീർഘകാല പ്രത്യാഘാതമുണ്ടാക്കും.

2. രാസചോർച്ച: പുറത്തുവിടുന്ന രാസവസ്തുക്കളുടെ അളവിനെ ആശ്രയിച്ച്, കപ്പലിലെ ചോർച്ചകൾ പരിസ്ഥിതിക്ക് ഗുരുതര ദോഷം ചെയ്യും. രാസചോർച്ച മനുഷ്യർക്കും മൃഗങ്ങൾക്കും സമുദ്രജീവികൾക്കും ദോഷം വരുത്തും. മണ്ണ്, ജലം, വായു എന്നിവയെ മലിനമാക്കും.
3.ആവാസവ്യവസ്ഥയെ നശിപ്പിക്കുന്ന അപകടങ്ങൾ: കൂട്ടിയിടികൾ അല്ലെങ്കിൽ നിലംപൊത്തൽ പോലുള്ള സമുദ്ര അപകടങ്ങൾ പവിഴപ്പുറ്റുകൾ, കടൽപ്പുല്ല്, മറ്റ് നിർണായക സമുദ്ര ആവാസ വ്യവസ്ഥകൾ എന്നിവയെ ഭൗതികമായി നശിപ്പിക്കും. ഈ ആവാസ വ്യവസ്ഥ വീണ്ടെടുക്കാൻ വർഷങ്ങളോ പതിറ്റാണ്ടുകളോ എടുത്തേക്കാം.
4. ശബ്ദമലിനീകരണം: തിമിംഗലങ്ങൾ, ഡോൾഫിനുകൾ, മറ്റ് സമുദ്ര സസ്തനികൾ തുടങ്ങിയ സമുദ്രജീവികളെ കപ്പലുകളുടെ ശബ്ദം ശല്യപ്പെടുത്തിയേക്കാം. ഇത് ആശയവിനിമയം നടത്താനും സഞ്ചരിക്കാനുമുള്ള അവയുടെ കഴിവിനെ തടസ്സപ്പെടുത്തിയേക്കാം.
5.കപ്പലുകൾ പുറന്തള്ളുന്ന വെള്ളത്തിൽ തദ്ദേശീയമല്ലാത്ത ജീവിവർഗ്ഗങ്ങളെ കാണാം. ഈ ജീവിവർഗ്ഗങ്ങൾ തദ്ദേശീയ ജീവിവർഗങ്ങളുമായി മത്സരിക്കുകയും ആവാസവ്യവസ്ഥയുടെ തകർച്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നു (Rodriguez, S., 2023, Maritime accidents affect the environment, Cognitive Sustainability, 2(3)).
മൽസ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുന്ന സംവിധാനം ശാസ്ത്രീയമാക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. അവരുടെ തൊഴിൽ നഷ്ടവും ജൈവവിഭവങ്ങൾക്കുണ്ടായ നാശവും അടിസ്ഥാനമാക്കി വേണം നഷ്ടപരിഹാരം നിശ്ചയിക്കേണ്ടത്.
കേരള തീരത്ത് സമീപകാലത്തുണ്ടായ രണ്ടു കപ്പലപകടങ്ങളും ഇത്തരം ആഘാതങ്ങൾ സൃഷ്ടിക്കുന്നവയാണ്. സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവ് പ്രകകാരം (G.O.(Ms)No.11/2025/DMD Dated 29-05-2025,Thiruvananthapuram), 2025 മെയ് 25 ന് ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളിക്ക് സമീപം കേരള തീരത്ത് 643-ലധികം കണ്ടെയ്നറുകളുമായി പോയ MSC ELSA-3 എന്ന കപ്പലിനുണ്ടായ അപകടം, ഗുരുതരമായ പാരിസ്ഥിതിക ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. അതിൽ എണ്ണ ചോർച്ചയും ചരക്ക് ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ കേരള തീരത്തേക്ക് ഒഴുകിപ്പോകാനുള്ള സാധ്യതയും ഉൾപ്പെടുന്നു. കപ്പൽ അവശിഷ്ടത്തിന്റെ ഗുരുതരമായ പാരിസ്ഥിതിക- സാമൂഹിക- സാമ്പത്തിക ആഘാതം കണക്കിലെടുത്ത്, ഈ അപകടത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഇതേ ഉത്തരവിൽ സൂചിപ്പിച്ച മറ്റൊരു കാര്യം, ശാസ്ത്ര സാങ്കേതിക വകുപ്പു സെക്രട്ടറിയ്ക്ക് പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ ഉപദേഷ്ടാവിന്റെ അധികാരം നൽകി, ദുരന്ത നിവാരണ വകുപ്പുമായി സഹകരിച്ച്, കപ്പലപകടത്തിന്റെ ആഘാതം ഉചിതമായി നേരിടുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിനെയും ജില്ലാ ഭരണകൂടത്തെയും സഹായിക്കാനുള്ള ചുമതല നൽകി. ഒപ്പം, ദുരന്ത ആഘാതം കുറക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്നും നിർദേശിച്ചു.
അപകടം നടക്കുമ്പോൾ കപ്പലിൽ ഏകദേശം 367 ടൺ ഹെവി ഫ്യൂവൽ ഓയിലും (HFO) 64 ടൺ ഡീസൽ ഓയിലും ഉണ്ടായിരുന്നു എന്ന് മറ്റൊരു ഉത്തരവിൽ പറയുന്നുണ്ട്. കേരള തീരത്തിനോട് വളരെ അടുത്താണ് ഈ അവശിഷ്ടം എന്നതിനാൽ, എണ്ണ ചോർച്ചയ്ക്കുള്ള സാധ്യത കൂടുതലാണ് എന്നും പറയുന്നു. കൂടാതെ, കാൽസ്യം കാർബൈഡ് വഹിക്കുന്ന IMDG 4.3 കാർഗോയുടെ 13 കണ്ടെയ്‌നറുകളും പ്ലാസ്റ്റിക് പാലറ്റുകൾ നിറച്ച 65- 70 കണ്ടെയ്‌നറുകളും അപകടകരമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കപ്പലിൽ കൊണ്ടുപോയ അഞ്ച് IMDG കണ്ടെയ്‌നറുകൾ ഒഴുകിപ്പോയതുമൂലം, സമുദ്രത്തിലെ ജൈവവൈവിധ്യത്തിനും തീരദേശ ആവാസവ്യവസ്ഥയ്ക്കും പ്രാദേശിക മത്സ്യബന്ധനത്തിനും ഗുരുതര പ്രത്യാഘാതമുണ്ടാക്കിയേക്കാം (SITREP – 6, 2000 hrs on 28/05/2025).

ദുരന്തനിവാരണ വകുപ്പിന്റെ ഇടപെടൽ ഈ വിഷയത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. അതോടൊപ്പം; തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ 78,498 തദ്ദേശ തൊഴിലാളികൾക്കും 27,020 പദ്ധതിയിട തൊഴിലാളികൾക്കും ഇടക്കാലാശ്വാസമായി 1000 രൂപയും ആറു കിലോ അരിയും നൽകാൻ തീരുമാനമായി (ഇത് തീരെ അപര്യാപ്തമായ നഷ്ടപരിഹാരമാണെന്ന് ചൂണ്ടിക്കാട്ടി ട്രൂകോപ്പി തിങ്കിൽ എഴുതിയ ലേഖനം വായിക്കാം: https://truecopythink.media/coastal-issues/kerala-ship-disasters-and-false-justifications-for-compensation-s-mohammed-irshad-writes).
സർക്കാറിന്റെ ഇത്തരം ‘നാമമാത്ര’ ഇടപെടലുകളും കുറഞ്ഞ നഷ്ടപരിഹാരവും കപ്പൽ കമ്പനിയെ വലിയ സാമ്പത്തിക ബാധ്യതയിൽ നിന്നു രക്ഷിച്ചു എന്നു പറയാം. ആദ്യ കപ്പലപകടം നടന്ന് ഒരു മാസം തികയുന്നതിനിടെയാണ് രണ്ടാമത്തെ അപകടം. എന്നാൽ ആദ്യ അപകടത്തെക്കാൾ വലിയ നാശനഷ്ടങ്ങൾ രണ്ടാമത്തെ അപകടത്തിലുണ്ടായി.
വലിയ തോതിലുള്ള നഷ്ടപരിഹാരം ഈടാക്കാൻ THE MERCHANT SHIPPING ACT-ൽ നിരവധി കടമ്പകളുണ്ട്. മനഃപൂർവമല്ലാത്ത അപകടങ്ങളിൽ കപ്പലുടമ പൂർണ്ണമായും നഷ്ടപരിഹാരം നൽകേണ്ടതില്ല എന്നാണ് നിയമത്തിൽ പറയുന്നത്.
ദുരന്ത നിവാരണ അതോറിറ്റിയുടെ രേഖകൾ പ്രകാരം WAN HAI- 503 എന്ന സിംഗപ്പുർ പതാകയേന്തിയ കണ്ടെയ്നർ കപ്പൽ ജൂൺ ഒമ്പതിന് സ്ഫോടനത്തെ തുടർന്ന് കത്തി. ഇന്ത്യൻ തീരപ്രദേശത്തിന് തെക്ക് പടിഞ്ഞാറ് ഭാഗത്തായി, അഴീക്കലിൽ നിന്ന് 44 നോട്ടിക്കൽ മൈൽ (nm) അകലെയാണ് അപകടമുണ്ടായത്. കപ്പലിൽ 1754 കണ്ടെയ്‌നറുകൾ ഉണ്ടായിരുന്നു. അവയിൽ 1083 എണ്ണം ഡെക്കിന് താഴെയും 671 എണ്ണം ഡെക്കിലുമാണുണ്ടായിരുന്നത്. അവയിൽ കത്തുന്ന ദ്രാവകങ്ങളും ഖരവസ്തുക്കളും, സ്വയമേവ കത്തുന്ന പദാർത്ഥങ്ങൾ, വെള്ളവുമായി സമ്പർക്കം വരുമ്പോൾ കത്തുന്ന വാതകങ്ങൾ പുറപ്പെടുവിക്കുന്ന പദാർത്ഥങ്ങൾ, വിഷവസ്തുക്കൾ തുടങ്ങിയ അപകടകരമായ വസ്തുക്കളാണുള്ളത് (SITREP – 3, 2000 Hrs on 10/06/2025). ഈ അപകടത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടില്ല.
സർക്കാർ രേഖകൾ പ്രകാരം വലിയ തോതിലുള്ള പാരിസ്ഥിതിക നാശം സൃഷ്ടിക്കാൻ പോന്നതാണ് രണ്ട് അപകടങ്ങളും. ഈ അപകടങ്ങളെ തുടർന്ന് ദുരന്ത നിവാരണ വകുപ്പ് കരയിലും കടലിലും അടിയുന്ന വസ്തുക്കളെ സംബന്ധിച്ച് സര്ക്കാരിന് വിവരം നൽകുന്നതിനായി ഒരു സംവിധാനം ഒരുക്കിയിരുന്നു. പൊതുജനങ്ങൾക്ക് സർക്കാരിന് വിവരം നൽകാം എന്നതാണ് ഇതിന്റെ പ്രത്യകത.

രണ്ടപകടങ്ങളും പ്രധാനമായും ബാധിക്കുന്നത് മൽസ്യത്തൊഴിലാളികളെയാണ്. എന്നാൽ ഇതുവരെ ദുരന്തനിവാരണ വകുപ്പോ സർക്കാരോ മൽസ്യത്തൊഴിലാളികൾക്കുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് കാര്യമായ അവലോകനം നടത്തിയിട്ടില്ല.
കേരള ഹൈകോടതിയാണ് ഇക്കാര്യത്തിൽ ഗൗരവകരമായ ഇടപെടൽ നടത്തിയത്. 1958-ലെ THE MERCHANT SHIPPING ACT പ്രകാരം കോടതിക്ക് ഇടപെടാൻ അവകാശമുണ്ട്. MSC ELSA-3 കപ്പലിൽ കയറ്റിയയച്ച കശുവണ്ടിക്ക്, അപകടത്തെതുടർന്ന് 74 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി എന്ന ഒരു വ്യക്തിയുടെ പരാതിയിൽ, കപ്പൽ കമ്പനി ഇതേ തുകയ്ക്കുള്ള ഡ്രാഫ്റ്റ് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കശുവണ്ടിക്കമ്പനിയുടമകളുടെ നഷ്ടം പരിഹരിക്കാൻ ആറു കോടി രൂപ കപ്പലുടമകൾ കോടതിയിൽ കെട്ടി വയ്ക്കണം എന്നും കോടതി ഉത്തരവിട്ടു.
WAN HAI 503 എന്ന കപ്പലുണ്ടാക്കിയ പാരിസ്ഥിക നാശം എന്താണ് എന്ന് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ‘മനഃപൂർവമല്ലാത്ത അപകടം’ എന്ന ന്യായത്തിൽ ഉടമകൾക്ക് വലിയ നഷ്ടപരിഹാരം നൽകേണ്ടിവരില്ല.
എന്നാൽ വലിയ തോതിലുള്ള നഷ്ടപരിഹാരം ഈടാക്കാൻ THE MERCHANT SHIPPING ACT-ൽ നിരവധി കടമ്പകളുണ്ട്. മനഃപൂർവമല്ലാത്ത അപകടങ്ങളിൽ കപ്പലുടമ പൂർണ്ണമായും നഷ്ടപരിഹാരം നൽകേണ്ടതില്ല എന്നാണ് നിയമത്തിൽ പറയുന്നത്. ഈ സാഹചര്യത്തിൽ കപ്പലുടമക്ക് ഹൈക്കോടതിയിൽ നിശ്ചിത തുക കെട്ടിവച്ച് വലിയ നഷ്ടപരിഹാരം നൽകുന്നതിൽ നിന്ന് രക്ഷപ്പെടാനാകും. കോടതി നിർദ്ദേശിച്ച ആറു കോടി രൂപ കയറ്റുമതി വ്യവസായികൾക്ക് നൽകാനും കഴിയും. നിലവിൽ ഈ കപ്പലിനുമേൽ മറ്റ് ബാധ്യതകളൊന്നും ആരോപിക്കപ്പെട്ടിട്ടില്ല. കയറ്റുമതി വ്യവസായികൾക്ക് അവരുടെ നഷ്ടം പരിഹരിക്കാൻ കഴിഞ്ഞു. എന്നാൽ ഇതുണ്ടാക്കിയ പാരിസ്ഥിതിക പ്രശ്നം എന്താണ് എന്നും മൽസ്യസമ്പത്തിനെ ഏതെങ്കിലും തരത്തിൽ ബാധിച്ചോ എന്നും ഇതുവരെ സർക്കാരും, മൽസ്യബന്ധനവകുപ്പും വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ മൽസ്യത്തൊഴിലാളികൾക്ക് താൽക്കാലിക ആശ്വാസമായി സർക്കാർ നൽകിയ 1000 രൂപയിലും ആറു കിലോ അരിയിലും നഷ്ടപരിഹാരം ഒതുങ്ങും.

WAN HAI 503 എന്ന കപ്പലുണ്ടാക്കിയ പാരിസ്ഥിക നാശം എന്താണ് എന്ന് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ‘മനഃപൂർവമല്ലാത്ത അപകടം’ എന്ന ന്യായത്തിൽ ഉടമകൾക്ക് വലിയ നഷ്ടപരിഹാരം നൽകേണ്ടിവരില്ല. സമുദ്ര ജൈവവൈവിധ്യത്തെ ബാധിക്കുന്ന ദീർഘകാല പ്രത്യാഘാതങ്ങൾ, തീരദേശത്തെ വിവിധ തൊഴിൽ വിഭജനങ്ങളുടെ അടിസ്ഥാനത്തിലുള്ള സാമൂഹിക നഷ്ടങ്ങൾ എന്നിവ പരിഹരിക്കുന്നതും പാരിസ്ഥിതിക നീതിയും കോർപ്പറേറ്റ് ഉത്തരവാദിത്വവും ഉറപ്പാക്കുന്നതുമായ സമഗ്രമായ നഷ്ടപരിഹാര പദ്ധതിയാണ് വേണ്ടത്. എന്നാൽ, ഇതുറപ്പാക്കുന്നതിൽ നിലവിലെ സംവിധാനങ്ങൾക്ക് വലിയ പരിമിതികളുണ്ട്.
മൽസ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുന്ന സംവിധാനം ശാസ്ത്രീയമാക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. അവരുടെ തൊഴിൽ നഷ്ടവും ജൈവവിഭവങ്ങൾക്കുണ്ടായ നാശവും അടിസ്ഥാനമാക്കി വേണം നഷ്ടപരിഹാരം നിശ്ചയിക്കേണ്ടത്. WAN HAI 503 അപകടത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം. അതോടൊപ്പം, ഇത്തരം അപകടങ്ങളെ ബ്ലൂ ഇക്കോണമിയുടെ വ്യാപനത്തിന്റെ ഭാഗമായി കണ്ട്, പ്രാദേശിക മൽസ്യവിപണിയെയും തൊഴിലിനെയും പ്രതികൂലമായി ബാധിക്കുന്ന ആഘാതം കുറക്കാനുള്ള നടപടികളും അനിവാര്യമാണ്.
(അഭിപ്രായങ്ങൾ വ്യക്തിപരം).
