മോദിയുടെ ബോണ്ട്, എസ്ബിഐയുടെ പാക്കിംഗ്, തുറന്നേ പറ്റൂവെന്ന് സുപ്രീം കോടതി

എല്ലാ ഇലക്‌ടറൽ ബോണ്ടുകളിലും ഒരു ആൽഫാ ന്യൂമെറിക്കൽ കോഡ് ഉണ്ട്. ഇതൊരു രഹസ്യ നമ്പറാണ്. ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്കിനാണ് രൂപയുടെ പരമാധികാരവും വിനിമയ നിയന്ത്രണങ്ങളുമെല്ലാം ഉള്ളത്‌. എന്നാൽ രാജ്യത്തിന്റെ ഈ ഏക സെൻട്രൽ ബാങ്കിനു പോലും ഇലക്‌ടറൽ ബോണ്ടുകൾ ഡീകോഡ് ചെയ്യാനുള്ള രഹസ്യനമ്പറില്ല..?!

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ന് ( മാർച്ച് 18 ) രാവിലെ കോടതി നടപടികൾ തുടങ്ങിയ ശേഷം എസ്ബിഐക്ക് വേണ്ടി ഇലക്ടറൽ ബോണ്ട് കേസിൽ ഹാജരായ അഭിഭാഷകനോട് ആദ്യം തന്നെ ചോദിച്ചത്, ''എല്ലാ ബോണ്ടുകളിലും കാണുന്ന ആൽഫാ ന്യൂമെറിക്കൽ കോഡിൻ്റെ ഉദ്ദേശവും ആവശ്യകതയും എന്താണ്'' എന്നതായിരുന്നു.

'ഇത് ഒരു സുരക്ഷാ കോഡ് ആണെന്നും ഇന്ത്യൻ കറൻസി നോട്ടുകളിൽ പ്രിൻ്റ് ചെയ്തിട്ടുള്ള നമ്പറുകൾക്ക് തുല്യമാണ് ഇലക്ടറൽ ബോണ്ടുകളിലെ കോഡുകളെന്നും' എസ്ബിഐക്ക് വേണ്ടി അഭിഭാഷകൻ മറുപടി നൽകി. തുടർന്ന് കോടതി ഇതേപ്പറ്റി വീണ്ടും ചില ചോദ്യങ്ങൾ ഉന്നയിക്കുകയും എസ്ബിഐക്കു വേണ്ടി മറുപടി നൽകപ്പെടുകയുമുണ്ടായെങ്കിലും കോടതി ആ മറുപടികളിൽ തെല്ലും തൃപ്തിപ്പെട്ടില്ല. തുടർന്നാണ് ഈ വ്യാഴാഴ്ച ( 21 ന് ) ഇക്കാര്യത്തിൽ വിശദമായ അഫിഡവിറ്റ് സമർപ്പിക്കാൻ എസ്ബിഐയോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്. അഹിതകരമായ ചോദ്യശരങ്ങളെ പ്രതിരോധിക്കാൻ സുപ്രീം കോടതിയിൽ പോലും നുണക്കൂമ്പാരങ്ങൾക്ക് പിന്നിലൊളിക്കാൻ കേന്ദ്ര സർക്കാരും അവർക്ക് വേണ്ടി കങ്കാണിവേഷം കെട്ടുന്ന എസ്ബിഐയും ഒരുപാട് വിയർപ്പൊഴുക്കുന്നുണ്ടെങ്കിലും  യാതൊന്നിനും പക്ഷേ, അവരെ രക്ഷിക്കാനാകുന്നില്ല. 

2017 ഫെബ്രുവരി ഒന്നിന് അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്ലി ലോക്സഭയിൽ മണി ബില്ലായി അവതരിപ്പിച്ച് രാജ്യസഭ അറിയാതെ പാസാക്കിയെടുത്ത ദുർഭൂതമാണ് ഇലക്ടറൽ ബോണ്ട് സ്കീം. ഇതിൽ, സുപ്രീം കോടതി ഇന്ന് ചെവിക്ക് പിടിച്ച ആൽഫാ ന്യൂമെറിക്കൽ കോഡിൻ്റെ ചില നിഗൂഢതകൾ സവിശേഷമായി നാം ശ്രദ്ധിക്കേണ്ടതുണ്ട്.

എല്ലാ ഇലക്‌ടറൽ ബോണ്ടുകളിലും ഒരു ആൽഫാ ന്യൂമെറിക്കൽ കോഡ് ഉണ്ട്. ഇതൊരു രഹസ്യ നമ്പറാണ്. ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്കിനാണ് രൂപയുടെ പരമാധികാരവും വിനിമയ നിയന്ത്രണങ്ങളുമെല്ലാം ഉള്ളത്‌. എന്നാൽ രാജ്യത്തിന്റെ ഈ ഏക സെൻട്രൽ ബാങ്കിനു പോലും ഇലക്‌ടറൽ ബോണ്ടുകൾ ഡീകോഡ് ചെയ്യാനുള്ള രഹസ്യനമ്പറില്ല..?! പക്ഷേ, എസ്‌ബിഐയുടെ ഹെഡ് ഓഫീസിനും ദേശീയ ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിനും ( ഇക്കണോമിക് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ്‌ ) ഡീകോഡിങ് കീ അറിയുകയും ചെയ്യും. നോക്കൂ, ഇന്ത്യൻ കറൻസി പ്രിന്റ് ചെയ്‌ത്‌, രാജ്യത്തിന്റെ സമ്പദ്‌ഘടനയ്‌ക്ക് അനുപൂരകമായി രൂപയുടെ ചലന നിയമങ്ങളെ നിയന്ത്രിക്കുന്ന ഭരണഘടനാ സ്‌ഥാപനമാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. ഈ കേന്ദ്ര ബാങ്കിന് പക്ഷേ, ഇലക്‌ടറൽ ബോണ്ടുകളിന്മേൽ യാതൊരു വിധ അധികാരങ്ങളുമില്ല, ബോണ്ടുകൾ ഡീകോഡ് ചെയ്യാനുമാവില്ല..? ഇന്ത്യൻ പാർലമെന്റിനോ സംസ്‌ഥാന നിയമസഭകൾക്കോ, റിസർവ്വ് ബാങ്കിനോ, ഇപ്പോൾ ഈ കേസിൽ അന്തർദ്ദേശീയ പ്രാധാന്യം നേടിയ വിധി പ്രസ്താവം നടത്തിയ സുപ്രീം കോടതിക്കു പോലുമോ നൽകാൻ തയാറാകാത്ത ഒരു വലിയ അധികാരം എസ്‌ബിഐ എന്ന ബാങ്കിനും ദേശീയ ധനമന്ത്രാലയത്തിനും മാത്രമായി യഥേഷ്‌ടമിങ്ങനെ നൽകപ്പെടുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്ന ഇന്ത്യയിലാണ് ഈ പണാധിപത്യ വാഴ്ച്ച നിർബാധം നടപ്പായത്.

2017 ലെ യൂണിയൻ ബജറ്റിന്റെ അനുബന്ധമായി, ഒരു മണി ബിൽ ആയിട്ടാണല്ലോ ഇലക്‌ടറൽ ബോണ്ട് പദ്ധതി വന്നത്‌. മണി ബില്ലുകൾക്ക്‌  മറ്റൊരു ഹിഡൻ അജൻഡയുമുണ്ട്‌.

ഭരണകക്ഷിക്ക് തങ്ങളുടെ ഭൂരിപക്ഷത്തിന്റെ ബലത്തിൽ ലോക്‌സഭയിൽ ഇത് പാസാക്കാനായാൽ പിന്നെ രാജ്യസഭയിൽ അവതരിപ്പിക്കാതെ തന്നെ പ്രസ്തുത ബില്ല് നിയമമാക്കാൻ സാധിക്കും എന്നതാണത്. ബിജെപി മുന്നണി 2014 ൽ അധികാരത്തിൽ എത്തിയത് മുതൽ ഇതുവരേയും രാജ്യസഭയിൽ ന്യൂനപക്ഷമാണ്‌. അതിനാലാണ് ഇലക്‌ടറൽ ബോണ്ട് സ്‌കീം മണി ബില്ലായി അവതരിപ്പിച്ചത്. പക്ഷേ, ഘടനാപരവും സുപ്രധാനവുമായ ഒരു പുതിയ സംവിധാനം ഇലക്ടറൽ ഫണ്ടിങ്ങിൻ്റെ പേരിൽ രാജ്യത്താകെ നടപ്പാക്കാനൊരുങ്ങുമ്പോൾ, പാർലമെന്റിന്റെ ഇരുസഭകളുടേയും അംഗീകാരത്തോടെ വേണം അത് നടപ്പാക്കേണ്ടത്. ഭരണഘടനാ നൈതികതയുടേയും രാഷ്ര്‌ടീയ ധാർമ്മികതയുടേയും അടിസ്ഥാന ഉത്തരവാദിത്തമാണത്‌. എന്നാൽ  ഇലക്‌ടറൽ ബോണ്ട് പദ്ധതിയിൽ ഇതാകെ അട്ടിമറിക്കപ്പെട്ടു. ഇതിലൂടെ നമ്മുടെ ജനാധിപത്യ വ്യവസ്‌ഥിതിയുടെ അടിസ്‌ഥാന മൂല്യങ്ങളെത്തന്നെ ലംഘിക്കുകയും മറികടക്കുകയുമാണ് മോദി സർക്കാർ ചെയ്‌തത്‌.

 മറ്റൊരു പ്രധാന വിപത്തുമുണ്ട്‌. ഇലക്‌ടറൽ ബോണ്ടുകൾ ആര് വാങ്ങിയാലും അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തേണ്ടതില്ല എന്നതാണ് നിലവിലുള്ള നിയമം. ആകയാൽ, വൻകിട കോർപറേറ്റ് മാനേജ്‌മെൻറുകൾക്ക്‌, തങ്ങളുടെ വിലാസം ഒരിക്കലും പൊതു സമൂഹം അറിയുകയില്ല എന്ന ഉറപ്പോടെ തന്നെ ഭരണകക്ഷിക്കും പ്രതിപക്ഷ പാർട്ടികൾക്കും ശത കോടികൾ സംഭാവനയായി നൽകാനും അതിന് പ്രത്യുപകാരമായി സർക്കാർ നയങ്ങൾ തങ്ങൾക്ക് അനുകൂലമാം വിധം നടപ്പാക്കി എടുക്കുന്നതിനും ബോണ്ടുകളുടെ മറവിലൂടെ അനായാസം സാധിക്കുന്നു എന്നതാണത്.

റെപ്രസന്റേഷൻ ഓഫ് ദ് പീപ്പിൾ ആക്‌ട് 1951 എന്ന ജനപ്രാതിനിധ്യ നിയമം, ഇൻകംടാക്‌സ് ആക്‌ട് 1961, ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്‌ട് 2010 (എഫ്‌സിആർഎ), കമ്പനീസ് ആക്‌ട് 2013 എന്നിങ്ങനെ പാർലമെന്റ് വിവിധ കാലങ്ങളിൽ പാസാക്കിയ നാല് നിയമനിർമ്മാണങ്ങളെ ഒന്നിച്ച് ഭേദഗതി ചെയ്‌തുകൊണ്ടാണ്‌  ഇലക്‌ടറൽ ബോണ്ട് പദ്ധതി മോദി സർക്കാർ  2018 ജനുവരി രണ്ട് മുതൽ നടപ്പാക്കിയത്. 

ഇരുപതിനായിരം രൂപയ്‌ക്കുമേൽ സംഭാവന നൽകുന്ന എല്ലാ വ്യക്‌തികളുടേയും സ്‌ഥാപനങ്ങളുടേയും വിശദവിവരങ്ങൾ അതത് രാഷ്ര്‌ടീയപാർട്ടികൾ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് നിർബ്ബന്ധമായും നൽകണം എന്നതായിരുന്നു ജനപ്രാധിനിത്യ നിയമം 1951 പ്രകാരം, 2017 ഫെബ്രുവരി ഒന്ന് വരെ നിലനിന്നിരുന്ന വ്യവസ്‌ഥ. ഇലക്‌ടറൽ ബോണ്ട് വഴി എത്ര പണം നൽകിയാലും പണം നൽകുന്ന വ്യക്‌തികളോ സ്‌ഥാപനങ്ങളോ, അത് കൈപ്പറ്റുന്ന പാർട്ടികളോ, ആർക്കും ഒരു വിവരവും നൽകേണ്ടതില്ല എന്ന് ഭേദഗതി വരുത്തിയാണ് ഈ നിയമം മാറ്റി എഴുതിയത്‌. അതുപോലെതന്നെ കമ്പനീസ് ആക്‌ട് 2013 (സെക്ഷൻ 182) ൽ പാർലമെന്റ് ഭേദഗതി വരുന്നതിനു മുൻപുവരെ നിലനിന്നിരുന്ന നിയമപ്രകാരം തുടർച്ചയായി മൂന്നു വർഷം ലാഭത്തിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിക്ക് മാത്രമേ ഏതെങ്കിലും രാഷ്ര്‌ടീയ പാർട്ടിക്ക് ഫണ്ട് നൽകാൻ സാധിക്കുകയുള്ളൂ. അതും ആ കമ്പനിയുടെ പരമാവധി അറ്റാദായത്തിന്റെ ഏഴര ശതമാനം വരെ തുക മാത്രമേ പറ്റുകയുമുള്ളൂ. പണം കൊടുക്കുന്ന കമ്പനിയുടേയും അത് കൈപ്പറ്റുന്ന രാഷ്ര്‌ടീയ പാർട്ടിയുടേയും വിശദ വിവരങ്ങൾ ഇലക്ഷൻ കമ്മീഷന് വീഴ്ച കൂടാതെ ഇതിൻ്റെ ഭാഗമായി സമർപ്പിക്കുകയും വേണം. ഇതേ നിയമ വ്യവസ്‌ഥകൾ തന്നെയാണ് ഇൻകം ടാക്‌സ് ആക്‌റ്റ് 1961 (സെക്ഷൻ 133എ) യിലും പാർലമെന്റ് ഭേദഗതിക്ക് മുമ്പ് വരെ പ്രാബല്യത്തിൽ ഉണ്ടായിരുന്നത്‌. ഇപ്പറഞ്ഞ രണ്ട് നിയമങ്ങളിലേയും വ്യവസ്‌ഥകളെല്ലാം മാറ്റി, ഇലക്‌ടറൽ ബോണ്ട് വാങ്ങുന്നവർക്കും അത് സ്വീകരിക്കുന്ന രാഷ്ര്‌ടീയ പാർട്ടികൾക്കും ഈ നിയമങ്ങൾ ബാധകമല്ല എന്നുതന്നെ പുതിയ വ്യവസ്‌ഥയിൽ എഴുതി ചേർത്തു.

ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്‌റ്റ് 2010 (എഫ്‌സിആർഎ) ന്റെ ധനകാര്യ ബിൽ ഭേദഗതി പ്രകാരം ഇന്ത്യയിലെ രാഷ്ര്‌ടീയ പാർട്ടികൾക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് പണമായി ലഭിക്കുന്ന എല്ലാ സംഭാവനകളും ദേശീയ സർക്കാരിന്റെ നിയമ-ധനകാര്യ വകുപ്പുകളുടെ പരിശോധനകളിൽ നിന്ന് പൂർണമായി മുക്‌തമാക്കി.

ഇലക്‌ടറൽ ബോണ്ടുകൾ യാഥാർഥ്യമായതോടെ അവയുടെ നിർവ്വഹണ ചുമതല ദേശീയ ധനമന്ത്രാലയത്തിനും ഇതിൻ്റെ വിൽപ്പന ഉൾപ്പെടെയുള്ള നടത്തിപ്പ് ചുമതലകൾ രാജ്യത്തെ എല്ലാ സംസ്‌ഥാന തലസ്‌ഥാനങ്ങളിലുമുള്ള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 29 ബ്രാഞ്ചുകൾ വഴി മാത്രം ആയിരിക്കുമെന്നും പ്രത്യേക ഗസറ്റ് ഉത്തരവിലൂടെ വിജ്‌ഞാപനം ചെയ്യപ്പെട്ടു. നിശ്‌ചയിക്കപ്പെട്ട എസ്‌ബിഐ ശാഖകളിൽ നിന്ന് എല്ലാവർക്കും ജനുവരി, ഏപ്രിൽ, ജൂലൈ, ഒകേ്‌ടാബർ മാസങ്ങളിലെ ഒന്നു മുതൽ പത്തുവരെയുള്ള തീയതികളിലാണ് ബോണ്ടുകൾ വാങ്ങാനാവുക. ആയിരം, പതിനായിരം, ഒരു ലക്ഷം, പത്ത് ലക്ഷം, ഒരു കോടി രൂപ വീതം വിലയുള്ള ഇലക്‌ടറൽ ബോണ്ടുകളാണ് ആവശ്യക്കാർക്ക് ബാങ്കിലൂടെ ലഭിക്കുക. ഇന്ത്യൻ പൗരന്മാരോ ഇന്ത്യയിൽ രജിസ്‌റ്റേഡ് ഓഫീസുള്ള വിദേശ കമ്പനികളോ വിദേശപൗരന്മാരോ ആയ ആർക്കും ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബാങ്കിൽ കെ വൈ സി (നോ യുവർ കസ്‌റ്റമർ) അക്കൗണ്ട് ഉണ്ടെങ്കിൽ, അവർക്ക് ആവശ്യമുള്ളിടത്തോളം ഇലക്‌ടറൽ ബോണ്ടുകൾ വാങ്ങുകയും ഇന്ത്യയിൽ ഔദ്യോഗിക അംഗീകാരമുള്ള ഏതെങ്കിലും രാഷ്ര്‌ടീയ പാർട്ടിക്കോ / പാർട്ടികൾക്കോ ആ ബോണ്ടുകൾ സംഭാവനയായി നൽകുകയും ചെയ്യാം. വർഷത്തിൽ നാലുതവണയായി നിശ്‌ചിത മാസങ്ങളിലെ ആദ്യ പത്തുദിവസമാണ് ബോണ്ട് വില്‌പ്പന എന്നു പറഞ്ഞുവല്ലോ. ഇതിന് പുറമേ ദേശീയ / സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് ഒരു മാസം മുൻപേയും  പത്ത് ദിവസത്തെ പ്രത്യേകമായ ഇലക്ടറൽ ബോണ്ട് വിൽപ്പനയും നടത്തും. ഒരു വ്യക്‌തിയോ സ്‌ഥാപനമോ ബോണ്ട് ബാങ്കിൽനിന്ന് വാങ്ങിയാൽ, ആ തീയതി മുതൽ 15 ദിവസത്തിനകം ഇതിന്റെ സ്വീകർത്താക്കളായ രാഷ്ര്‌ടീയ പാർട്ടികൾ താന്താങ്ങളുടെ ബാങ്കുകളിൽ ബോണ്ട് ഹാജരാക്കി പണം കൈപ്പറ്റണം. 15 ദിവസം കഴിഞ്ഞുപോയാൽ ബോണ്ട് അസാധുവാകും.

ഇലക്ടറൽ ബോണ്ടേ സംബന്ധിച്ച് ഈ ലേഖകന്‍ എഴുതിയ (പീപ്പിൾ എഗെൻസ്റ്റ് ഗ്ലോബലൈസേഷൻ (പിഎജി) എന്ന ഓൺലൈൻ മാധ്യമത്തിൽ പത്ത് ലക്കങ്ങളുള്ള ഒരു പരമ്പരയായും, ട്രൂ കോപ്പി തിങ്ക് -ൽ സുദീർഘ ലേഖനങ്ങളായും ഇലക്ടറൽ ബോണ്ട് വിമർശനങ്ങൾ പ്രസിദ്ധീകരിച്ചു. നരേന്ദ്ര മോദിയുടെ കഴിഞ്ഞ പത്ത് വർഷക്കാലത്തെ ഇന്ത്യാഭരണം സമഗ്രമായി വിശകലനം ചെയ്ത് ട്രാൻസിഷൻ സ്റ്റഡീസ് എന്ന പ്രസാധക സംരംഭം പ്രസിദ്ധീകരിച്ച 616 പേജുള്ള ''മോദി ദശകം, മുറിവേറ്റ രാഷ്ട്രം'' എന്ന ഗ്രന്ഥത്തിൽ 40 പേജുകളുള്ള ഒരു അധ്യായമായും ഇലക്ടറൽ ബോണ്ട് വിമർശനം ഉൾപ്പെടുത്തിയിട്ടുണ്ട്) ലേഖനങ്ങളിലൊക്കെ ഉന്നയിച്ചിരുന്ന വിമർശനങ്ങളിലെ ആശയങ്ങളിൽ പലതും 2024 ഫെബ്രുവരി15ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിൻ്റെ ഇലക്ടറൽ ബോണ്ട് കേസിലെ വിധിന്യായത്തിൽ പല ഭാഗങ്ങളിലും കാണാം.

ഇലക്ടറൽ ബോണ്ട് കൗടില്യം നരേന്ദ്ര മോദി സർക്കാരിൻ്റെ സംഭാവനയാണെങ്കിലും ഇത് ഒറ്റപ്പെട്ട ഒരു സംഭവമാണോ?

അല്ലേയല്ല. കോൺഗ്രസ് സർക്കാരും ഇതുപോലൊരെണ്ണം നടപ്പാക്കിയിട്ടുണ്ട്.

അതേപ്പറ്റി നാളെ.

(അവസാനിക്കുന്നില്ല..)

ഇലക്ടറൽ ബോണ്ട് പദ്ധതിയെ സമഗ്രമായി വിശകലനം ചെയ്യുന്ന പരമ്പര വായിക്കാം

ഇലക്‌ടറല്‍ ബോണ്ട്: കളളപ്പണത്തിൻ്റെ സർക്കാർ മേൽവിലാസം?


എം. ജയചന്ദ്രൻ

ദേശാഭിമാനി, ദീപിക, മെട്രോ വാർത്ത എന്നീ പത്രങ്ങളിൽ ജോലി ചെയ്തു. ഇപ്പോൾ ഫ്രീലാൻസ് ജേണലിസ്റ്റ്. സഭ ടി.വിയിൽ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്നു.

Comments