കോവിഡ് വാക്‌സിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ

ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ പ്രക്രിയയുടെ ഭാഗമാകുകയാണ് ഇന്ത്യയും കേരളവും. രണ്ട് കോവിഡ് വാക്‌സിനുകൾ ഉപയോഗത്തിനെത്തിക്കഴിഞ്ഞു. വാക്‌സിൻ സുരക്ഷിതമാണോ, അത് എങ്ങനെ, ആർക്കൊക്കെ, എപ്പോൾ, എത്ര ഡോസ്, എവിടെവച്ച് നൽകും എന്നീ ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നു. ഈ സംശയങ്ങൾക്ക് ഉത്തരം നൽകുകയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോവിഡ് വാക്‌സിൻ കമ്മിറ്റി ചെയർമാനായ ലേഖകൻ

ലോക വ്യവസ്ഥയെ തകിടം മറിച്ച് ഒരു വർഷമായി വിഹരിക്കുന്ന കോവിഡ് എന്ന മഹാമാരിയെ പിടിച്ചു കെട്ടാനുള്ള ഏറ്റവും ശക്തമായ ആയുധമായാണ് വാക്‌സിൻ എത്തുന്നത്. അത് സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ പ്രതീക്ഷ നൽകുമ്പോൾ തന്നെ സംശയങ്ങളും ആശങ്കകളും പങ്കുവെക്കപ്പെടുന്നു. വസ്തുതാവിരുദ്ധമായ കാര്യങ്ങൾക്ക് പ്രചാരം ലഭിക്കുവാൻ താരതമ്യേന എളുപ്പമായ ഈ കാലഘട്ടത്തിൽ വാക്‌സിനെക്കുറിച്ച് ശരിയായ അറിവ് എല്ലാവർക്കും ലഭിക്കേണ്ടത് ആവശ്യമാണ്.

വാക്‌സിൻ എന്നാൽ...

ശരീരത്തിനുപുറത്ത് സ്വതന്ത്രമായി ജീവിക്കാൻ കഴിയാത്ത സൂക്ഷ്മജീവിയാണ് വൈറസ്. അത് ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ കോശങ്ങൾക്കുള്ളിലെത്തുകയും പെരുകുകയും ചെയ്യുന്നു ഇതേതുടർന്ന് നശിക്കുന്ന കോശത്തിനുള്ളിൽനിന്ന് പുറത്തുവരുന്ന വൈറസ് മറ്റു കോശങ്ങളിൽ പ്രവേശിക്കുകയും ഈ പ്രക്രിയ തുടരുകയും ചെയ്യും.

ഈ രീതിയിലാണ് വൈറസ് അവയവങ്ങൾക്ക് നാശമുണ്ടാക്കുന്നത്. ഈ വൈറസിനെ പുറത്തുനിന്നുള്ള വസ്തുവായി നമ്മുടെ ശരീരത്തിലെ കോശങ്ങൾ മനസ്സിലാക്കുകയും ആന്റിബോഡി ഉൾപ്പെടെയുള്ള വസ്തുക്കൾ ഉപയോഗിച്ച് നശിപ്പിക്കുകയും ചെയ്യുന്നു. ഒരിക്കൽ ഒരു സൂക്ഷ്മജീവിക്കെതിരെ പ്രതിരോധ പ്രവർത്തനം നടത്തിയാൽ ശരീരം അത് ഓർത്തുവയ്ക്കുകയും പിന്നെ അണുബാധയുണ്ടായാൽ ശക്തമായ പ്രതിരോധ പ്രവർത്തനം നടത്തുകയും ചെയ്യുന്നു. സൂക്ഷ്മജീവികൾക്കു പകരം അതിന്റെ ഘടകങ്ങളെയോ നിർജ്ജീവമായ സൂക്ഷ്മജീവിയെയോ ശരീരത്തിലേക്ക് കടത്തിവിട്ടാലും ഇതേപ്രക്രിയ ആവർത്തിക്കപ്പെടുന്നു. വാക്‌സിനുകൾ ഈ രീതിയിലാണ് പ്രവർത്തിക്കുന്നത്. പ്രത്യുൽപാദന ശേഷി ഇല്ലാത്ത ജീവനുള്ള കോവിഡ് വൈറസിനെയോ വൈറസിന്റെ ഘടകങ്ങളെയോ ആണ് കോവിഡ് വാക്‌സിൻ ആയി ഉപയോഗിക്കുന്നത്.

രണ്ട് വാക്‌സിനുകൾ ഇന്ത്യയിൽ

ഇപ്പോൾ തന്നെ പോളിയോ, ക്ഷയം, തൊണ്ടമുള്ള്, വില്ലൻചുമ, ടെറ്റനസ്, ടൈഫോയ്ഡ്, പേവിഷ ബാധ, ഇൻഫ്‌ളുവൻസ വൈറസുകൾ, ചിക്കൻപോക്‌സ് തുടങ്ങിയ രോഗങ്ങൾക്ക് വിജയകരമായി വാക്‌സിൻ ഉപയോഗിച്ചുവരുന്നു. കോടിക്കണക്കിനാളുകളുടെ മരണത്തിനിടയാക്കിയ വസൂരിയും പോളിയോയും തുടച്ചു നീക്കിയത് വാക്‌സിനുകളുടെ പ്രവർത്തനം മൂലമാണ്.

സംസ്ഥാനത്തെ കോവിഡ് വാക്‌സിൻ കുത്തിവയ്പ്പിനുള്ള ഡ്രൈ റണ് (മോക് ഡ്രിൽ) നടത്തിയപ്പോൾ

കോവിഡിനെതിരെ നൂറോളം വാക്‌സിനുകൾ പരീക്ഷണഘട്ടങ്ങളിലുണ്ടെങ്കിലും ആറോ ഏഴോ വാക്‌സിനുകളാണ് മനുഷ്യനിൽ ഉപയോഗിക്കുവാൻ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ രണ്ടുതരം വാക്‌സിനുകൾ നമ്മുടെ രാജ്യത്ത് നിർമിക്കുന്നു എന്നത് അഭിമാനാർഹമായ കാര്യമാണ്. പൂനെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവിഷീൽഡ്, ഭാരത് ബയോടെക് നിർമ്മിക്കുന്ന കോവാക്‌സിൻ എന്നിവയാണ് ഇന്ത്യയിൽ നിർമ്മിക്കുന്നത്.
ഈ വാക്‌സിൻ സുരക്ഷിതമാണെന്നും ഫലപ്രദമാണെന്നും ഇതുവരെയുള്ള പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ശാസ്ത്രരംഗത്ത് നടക്കുന്ന ചർച്ചകളുടെ ഭാഗികമായ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ച ചെയ്ത് ആശങ്ക സൃഷ്ടിയ്ക്കുന്നത് അഭികാമ്യമല്ല.

കോവിഡ് വാക്‌സിൻ സുരക്ഷിതമാണ്

വാക്‌സിൻ പരീക്ഷണം പൂർത്തിയാക്കിയതാണോ, അതുകൊണ്ട് അപകടം ഉണ്ടോ എന്നിവയാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ആദ്യം അംഗീകരിക്കപ്പെട്ട പരീക്ഷണ രീതികളിലൂടെ സുരക്ഷിതത്വം ഉറപ്പാക്കിയ എന്നതിന് സംശയം വേണ്ട ഫലപ്രദമാണോ രോഗപ്രതിരോധശേഷി നൽകുമോ എന്ന ചോദ്യം ഉയരാറുണ്ട്. വാക്‌സിൻ ഫലപ്രദമാണെന്നും നല്ല രീതിയിൽ രോഗപ്രതിരോധശേഷി നൽകാൻ കെൽപുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

വാക്‌സിനുകൾ മനുഷ്യനിൽ ജനിതകവ്യതിയാനം ഉണ്ടാക്കുമോ, മറ്റു രോഗങ്ങൾ വരാൻ ഇടയാക്കുമോ എന്നൊക്കെ സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. വാക്‌സിനിലുള്ള ഘടകങ്ങൾ ജനിതക വ്യതിയാനം ഉണ്ടാക്കുവാനോ, മറ്റു രോഗങ്ങൾ ഉണ്ടാക്കുവാനോ ശേഷിയുള്ളതല്ല എന്നത് ശാസ്ത്രസത്യവും തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്.
വാക്‌സിനുകളിൽ മറ്റു മൃഗങ്ങളുടെ ഘടകങ്ങളുണ്ടോ എന്ന് സംശയം പ്രകടിപ്പിക്കുന്ന മതവിശ്വാസികളും ഉണ്ട്. അംഗീകരിക്കപ്പെട്ട കോവിഡ് വാക്‌സിനുകളിൽ അത്തരം ഘടകങ്ങൾ ഇല്ല, അതുകൊണ്ടുതന്നെ മതവിശ്വാസങ്ങളെയും ഹനിക്കുന്നില്ല.
ജനിതക മാറ്റം സംഭവിച്ച വൈറസുകൾക്കെതിരെ, വാക്‌സിൻ പ്രവർത്തിക്കുമോ എന്ന സംശയം ഉന്നയിക്കപ്പെടാറുണ്ട്. ഇപ്പോൾ നിലവിലുള്ള വിവിധ തരം വാക്‌സിനുകൾ ഫലപ്രദമാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ആദ്യം ആരോഗ്യപ്രവർത്തകർക്ക്

വാക്‌സിൻ എങ്ങനെ, ആർക്കൊക്കെ, എപ്പോൾ, എത്ര ഡോസ്, എവിടെവച്ച് നൽകുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന ഒരു കാര്യം. ഇന്ത്യയിൽ എല്ലാവർക്കും വാക്‌സിൻ എത്തിക്കുന്നതിന് കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാരുകളുമായി യോജിച്ച് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും, അടുത്തഘട്ടത്തിൽ പോലീസ്- മുനിസിപ്പൽ ജീവനക്കാർ / ഫയർഫോഴ്‌സ് തുടങ്ങിയ മുൻനിര പ്രവർത്തകർക്കും, മൂന്നാംഘട്ടത്തിൽ 50 വയസ്സിനു മുകളിലുള്ള പൗരന്മാർക്കും. ഇതിന് രജിസ്‌ട്രേഷൻ നിർബന്ധമാണ്. സർക്കാർ നിശ്ചയിക്കുന്ന കേന്ദ്രങ്ങളിൽ മാത്രമായിരിക്കും വാക്‌സിൻ നൽകുക. തിരിച്ചറിയൽ രേഖ നിർബന്ധമാണ്. ഒരാൾക്ക് 28 ദിവസത്തെ ഇടവേളകളിൽ രണ്ട് ഡോസ് വാക്‌സിനാണ് നൽകുക.
വാക്‌സിൻ എടുക്കണമെന്ന് നിർബന്ധമില്ല, സ്വന്തം ഇഷ്ടപ്രകാരം മാത്രം എടുത്താൽ മതിയാകും. വാക്‌സിൻ എടുക്കാത്തവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുന്നതിന് സാധ്യത കൂടുതലാണ്. കോവിഡ് വന്നവരും വാക്‌സിൻ എടുക്കണം. രോഗം ഭേദമായി 14 ദിവസത്തിനുശേഷം എടുക്കുന്നതാണ് നല്ലത്. മറ്റ് രോഗങ്ങളുള്ളവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം വാക്‌സിൻ എടുക്കാം.
മാനവരാശിയെ ഭീതിയിലാക്കുകയും, സാമ്പത്തികരംഗം തകിടം മറിക്കുകയും, സാമൂഹ്യജീവിതം ഇല്ലാതാക്കുകയും ചെയ്ത ഈ രോഗത്തിന് അന്ത്യം കാണാൻ, രോഗമുക്തമായ, ഐശ്വര്യപൂർണമായ ഭാവിക്കായി, വാക്‌സിൻ പദ്ധതിയുമായി നാം പൂർണമായി യോജിച്ചു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.


Also Read: വാക്‌സിൻ എത്തി, ഇനി കോവിഡാനന്തര കാലത്തെക്കുറിച്ച് ചിന്തിക്കാം


Comments