ക്രിക്കറ്റ്, സ്നേഹവും ആഹ്ലാദവുമായ ഒരാൾക്കൂട്ടകാലത്തെ ഒരാളുടെ ലോകകപ്പ് നൊസ്റ്റാൾജിയ

ഇന്ന് ഒരു ലോകകപ്പ് നേടിയാൽ സന്തോഷിക്കാനാവുമോ എന്നറിയില്ല. ഗുജറാത്തിലെ നരേന്ദ്രഭായ് മോദി സ്റ്റേഡിയത്തിൽ പാകിസ്താനെതിരെ കളി നടക്കുമെന്നറിഞ്ഞാൽ നെഞ്ചിൽ തീയാണ്. ആര് ജയിച്ചാലും അക്രമാസക്തമായി ആടിത്തിമിർക്കാൻ പോകുന്ന പൗരുഷഹിന്ദുത്വത്തിന്റെ വെറുപ്പിന്റെ ആൾക്കൂട്ടങ്ങളെ ഓർത്ത്.

ൺപതുകളുടെ പകുതിയിലെപ്പോഴോ ആണ് ശിവൻചേട്ടനും കുടുംബവും ഞങ്ങളുടെ ഗ്രാമത്തിലേക്ക് എറണാകുളം നഗരത്തിൽ നിന്ന് താമസം മാറിയെത്തുന്നത്. ചെറിയ തോതിൽ ഫുട്‌ബോളും കബഡിയും മടൽബാറ്റ്- റബ്ബർ ബോൾ ക്രിക്കറ്റുമായി വൈകുന്നേരങ്ങളാഘോഷിച്ചിരുന്ന നാട്ടിൽ അവരുടെ വരവ് ഒരു കൾച്ചറൽ വിപ്ലവം സൃഷ്ടിച്ചു. ശിവൻ ചേട്ടന് സഹോദരങ്ങൾ നാലാണ്. രണ്ടു പേർ മൂത്തവർ. രണ്ടു പേർ ഇളയവർ. ഏറ്റവും മൂത്ത രാമൻചേട്ടൻ ഒഴികെ ബാക്കി നാലു പേരും രംഗത്തിറങ്ങിയതോടെ സ്റ്റിച്ച് ബോളും വില്ലീസ് ബാറ്റും ബൗണ്ടറിയും വൈഡും നൊബോളുമുള്ള ക്രിക്കറ്റ് നിലവിൽ വന്നു. ഞങ്ങളും പരിഷ്‌കാരികളായി.

1983-ലെ ലോകകപ്പ് കാണാൻ കപ്രശേരിയിൽ ഒരു വീട്ടിലും റ്റി.വി ഉണ്ടായിരുന്നില്ല. പക്ഷേ കപിൽ ദേവെന്ന പേര് അന്നത്തെ മൂന്നാം ക്ലാസുകാരന്റെ തലയിൽ ഉറച്ചു. കറുത്ത കോട്ടണിഞ്ഞ് ചുരുണ്ട കറുത്ത മുടിയും കട്ടിമീശയും ഉള്ള അയാൾ ട്രോഫിയുമുയർത്തി ചിരിച്ച് നിൽക്കുന്ന ഫോട്ടോ പത്രത്തിൽ നിന്ന് വെട്ടിയെടുത്ത് ചോറ്റുവറ്റ് തേച്ച് ഒരു നോട്ട് ബുക്കിൽ പതിച്ചു. കപിൽ ദേവ് ടെസ്റ്റിൽ മുന്നൂറ് വിക്കറ്റും മൂവായിരം റൺസും തികയ്ക്കുന്ന സമയത്ത് മാതൃഭൂമിയുടെ സ്‌പോർട്‌സ് പേജിൽ വന്നത് ഒരു ആക്ഷൻ ചിത്രമായിരുന്നു. ഫോട്ടോഷോപ്പ് ഒക്കെ വരുന്നതിനുമുമ്പുള്ള കാലത്തെ ആ ലേ ഔട്ട് ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ ഉജ്ജ്വലമായിരുന്നുവെന്ന് തോന്നുന്നു. കപിൽദേവ് രാംലാൽ നിഖഞ്ജ് എന്ന മുഴുവൻ പേര് അക്കാലത്തേ തലയിൽ ഉറച്ചു. മഹാനായ സുനിൽ ഗവാസ്‌കർക്കോ യുവജനങ്ങളുടെ അക്കാലത്തെ ഹരമായിരുന്ന രവിശാസ്ത്രിക്കോ അത്രയും താരപ്രഭയുണ്ടായിരുന്നില്ല.

അല്ലെങ്കിലും എൺപതുകൾ ക്രിക്കറ്റിന്റെ കാലമായിരുന്നു. ഞങ്ങൾ ആ ഭ്രമത്തിലേയ്ക്ക് വീഴാനിരുന്നതായിരുന്നു. ശിവഞ്ചേട്ടനും സംഘവും അതിനെ ത്വരിതപ്പെടുത്തിയെന്ന് മാത്രം. എല്ലാദിവസവും വൈകുന്നേരം ഒരോരോ പുതിയ പുതിയ ഗ്രൗണ്ടുകളിൽ ഞങ്ങൾ ക്രിക്കറ്റ് കളിച്ചു. മൂന്ന് പൂവ് കൃഷി നടക്കുന്ന പാടങ്ങളായതിനാൽ അവിടേയ്ക്ക് ഇറങ്ങാൻ പറ്റില്ല. നമുക്ക് വേണ്ടത്ര വലിയ ഫീൽഡുകൾ കിട്ടാത്തതിനാൽ പുതിയ നിയമങ്ങൾ സൃഷ്ടിച്ച് കളിയെ പരിഷ്‌കരിച്ചു. അമ്പല പറമ്പ്, കപ്പകൃഷി കഴിഞ്ഞ പാടങ്ങൾ, റോഡ്, സ്‌കൂൾ ഗ്രൗണ്ട് എന്നിങ്ങനെ ക്രിക്കറ്റ് മൈതാനങ്ങൾ മാറ്റി മാറ്റി പിടിച്ചു. കൃഷ്ണന്റമ്പലത്തിന്റെ ഓടുകളും കപ്രശേരി യു.പി. സ്‌കൂളിന്റെ ഓടുകളും സ്റ്റിച്ച് ബാൾ തകർക്കാൻ തുടങ്ങിയതോടെ സീനിയർ തലമുറ വടിയെടുത്തു. മാത്രമല്ല, സ്റ്റിച്ച് ബോൾ കളിക്കാരുടെ കയ്യിലും കാലിലും തലയിലുമൊക്കെ വച്ച് കെട്ട് സൃഷ്ടിക്കാനും തുടങ്ങി. ഒരോ ബോൾ വാങ്ങുന്നതിലും അമ്പത് പൈസമുതൽ രണ്ട് രൂപ വരെയുള്ള പല പിരിവുകൾ വേണ്ടി വരുന്ന ഞങ്ങൾക്ക് പാഡുകളൊന്നും താങ്ങില്ലായിരുന്നല്ലോ. ആഘാതങ്ങൾ വർദ്ധിച്ചപ്പോൾ ഞങ്ങൾ ടെന്നീസ് ബോളിലേയ്ക്ക് തിരിച്ച് പോയി.

ആദ്യ കളിയിൽ ഇന്ത്യ ആസ്ത്രേലിയയോട് തോറ്റത് അംമ്പയിറങ്ങിന്റെ പ്രശ്‌നമാണെന്ന് പിന്നീടുള്ള കാലത്ത് തെളിയേണ്ട കാര്യമൊന്നും ഞങ്ങൾക്കില്ലായിരുന്നു. കപിൽദേവിനെ ഞങ്ങൾക്കത്ര വിശ്വാസമായിരുന്നു.

വലിയ വെക്കേഷൻ എന്നറിയപ്പെടുന്ന മിഡ് സമ്മർ ഏപ്രിൽ മെയ് അവധികളിൽ കുറച്ചപ്പുറം നെടുമ്പാശേരിയിലെ പാടങ്ങൾ ഗ്രൗണ്ടായി മാറും. (പിന്നേയും ഒരു പതിറ്റാണ്ടിനുശേഷമാണ് ആ പാടത്ത് വിമാനമിറങ്ങുന്നതും ക്രോസ് ചെയ്ത് നടന്ന് പോയ പാടത്ത് ഗോൾഫ് ക്ലബ്ബ് വരുന്നതും പരിസരം നഗരമായി മാറുന്നതും) അവിടെ പലയിടത്തും രണ്ട് പൂവേ കൃഷിയുള്ളൂ. വേനൽ കാലങ്ങളിൽ അവിടെ ടൂർണമെന്റുകൾ നടന്നു. നെടുവന്നൂരും അത്താണിയിലും നെടുമ്പാശേരിയിലുമുള്ള ടീമുകളുമായി കപ്രശേരി ക്രിക്കറ്റ് ക്ലബ്ബ് ഏറ്റുമുട്ടി. അപ്പോഴും ഞങ്ങൾ പലരും ടീമിന്റെ ബഞ്ചിലായിരുന്നു. മൂന്നോ നാലോ വയസിന് മൂത്ത ചേട്ടന്മാരായിരുന്നു ആദ്യ ഇലവൻ. സ്ഥിരം ബഞ്ച് അംഗങ്ങളായ ഞങ്ങൾ ചിലർ ചേർന്ന് ജൂനിയർ ടീമുണ്ടാക്കി മറ്റിടങ്ങളിലെ ജൂനിയർ സംഘങ്ങളുമായി ചില സമാന്തര ടൂർണമെന്റുകൾക്ക് ശ്രമിച്ചു. രാവിലെ മുതൽ വൈകുന്നേരംവരെ ഇടതടവില്ലാതെ വെയിൽ കൊണ്ടു. വെയിൽ മങ്ങുമ്പോൾ കുളത്തിൽ കൂട്ടമായി ചാടി ഇരുട്ടാകുന്നതുവരെ, മുതിർന്നവരുടെ ചീത്ത കേൾക്കുന്നതുവരെ നീന്തി.

സിദ്ദുവിന്റെ പടക്കമാരംഭിക്കുന്നതിന് മുമ്പ് ക്ലാസിൽ കേറേണ്ടി വന്നു. വൈകുന്നേരം ബസ്‌സ്റ്റോപ്പിലെത്തിയപ്പോ, കടയിലെ റേഡിയോയിൽ കമന്ററി ഉണ്ട്. ഇംഗ്ലീഷൊന്നും മനസിലാകുന്നില്ലേലും അവസാന ഓവറിൽ ഒരു റൺസിന് കളി തോറ്റത് ഓർമ്മയുണ്ട്.

അങ്ങനെ ഞങ്ങൾ പൂർണമായും ക്രിക്കറ്റ് കളിക്കാരായിക്കേയാണ് 1987-ലെ ലോകകപ്പ് വരുന്നത്. വീട്ടിലപ്പോഴേയ്ക്കും കെൽട്രോണിന്റെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ടി.വി വന്നു. അതുവരെ അടുത്ത് ടി.വിയുള്ള വീട്ടിലെ ജനൽപ്പടിയിൽ തൂങ്ങിക്കിടന്നാണ് ഞങ്ങൾ കളി കണ്ടിരുന്നത്. അതിങ്ങനെ ഏത് വീട് എന്നൊന്നുമില്ല. സക്കൂളിനടുത്ത വീടുകൾ, സ്‌കൂളിലേയ്ക്കുള്ള വഴിയിലുള്ള വീടുകൾ, നാട്ടിലെ വീടുകൾ എന്നിങ്ങനെ എവിടേയും നിൽക്കും. വീടിനുള്ളിൽ കയറി ഇരുന്ന് റ്റി.വി കണ്ടോളൂ എന്ന് കുട്ടികളോട് ആരും പറഞ്ഞില്ല. അതൊന്നും പക്ഷേ അക്കാലത്തൊരു പ്രശ്‌നമായിരുന്നില്ല. കണ്ണുകൾ റ്റി.വിയിൽ തന്നെ ഉറച്ച് നിന്നു. അക്കാലത്ത് അമ്മ പഠിപ്പിച്ചിരുന്ന കുറ്റിപ്പുഴ ഹൈസ്‌ക്കൂളിലെത്തിയിരുന്നു ഞാൻ. ഏഴിലോ എട്ടിലോ ആയിരിക്കണം വേൾഡ് കപ്പ് നടക്കുമ്പോൾ. ക്രിക്കറ്റായിരുന്നു ജ്വരം. മധുവിനോടും തോമസിനോടും ബിജുവിനോടും നിയാസിനോടും ക്രിക്കറ്റിനെ കുറിച്ച് മാത്രം സംസാരിച്ചു. കളികൾ തങ്ങളുടേതായ നിലയിൽ വിശകലനം ചെയ്തു.

കപിൽദേവ് ആഞ്ഞടിച്ച ദിവസമായിരുന്നു. ബോൾ കൊണ്ടല്ല, ബാറ്റ് കൊണ്ടായിരുന്നു പെർഫോമൻസ്. 58 ബോളിൽ നിന്ന് 72 റൺസ്. അടുത്ത കളി ശനിയാഴ്ചയായിരുന്നു. ആവേശത്തോടെ കളികാണാൻ ഇരുന്നെങ്കിലും ആവേശമൊന്നുമുണ്ടായില്ല. എല്ലാം പെട്ടന്ന് തീർന്നു.

ആദ്യ കളിയിൽ ഇന്ത്യ ആസ്ത്രേലിയയോട് തോറ്റത് അംമ്പയിറങ്ങിന്റെ പ്രശ്‌നമാണെന്ന് പിന്നീടുള്ള കാലത്ത് തെളിയേണ്ട കാര്യമൊന്നും ഞങ്ങൾക്കില്ലായിരുന്നു. കപിൽദേവിനെ ഞങ്ങൾക്കത്ര വിശ്വാസമായിരുന്നു. വെള്ളിയാഴ്ചയായിരുന്നു അന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്കൂർ ഇന്റർവെല്ലുള്ള ദിവസം. പന്ത്രണ്ടരക്ക് ചോറ് കഴിച്ചെന്നുവരുത്തി ഓടി. അപ്പോഴേയ്ക്കും ആസ്ത്രേലിയയുടെ ഇന്നിങ്‌സ് തീർന്നിരുന്നുവെന്ന് തോന്നുന്നു. അവരുടെ ലഞ്ച് ബ്രേക്കിനുശേഷം തുടങ്ങിയപ്പോ ശ്രീകാന്തിന്റെ ബാറ്റിങ് തകർപ്പ് അല്പം കണ്ടതോർമ്മയുണ്ട്. ഏത് വീടിന്റെ ജനലിലായിരുന്നോ ആവോ അന്ന് തൂങ്ങിനിന്നത്. സിദ്ദുവിന്റെ പടക്കമാരംഭിക്കുന്നതിന് മുമ്പ് ക്ലാസിൽ കേറേണ്ടി വന്നു. വൈകുന്നേരം ബസ്‌സ്റ്റോപ്പിലെത്തിയപ്പോ, കടയിലെ റേഡിയോയിൽ കമന്ററി ഉണ്ട്. ഇംഗ്ലീഷൊന്നും മനസിലാകുന്നില്ലേലും അവസാന ഓവറിൽ ഒരു റൺസിന് കളി തോറ്റത് ഓർമ്മയുണ്ട്. കപിൽദേവിന് വിക്കറ്റൊന്നും കിട്ടിയില്ലായിരുന്നു എന്നതായിരുന്നു മറ്റൊരു മൗഢ്യം.

ബാറ്റ് കൊണ്ടും ബോളുകൊണ്ടും ഹീറോയായി അസറുദ്ദീൻ. അസറുദ്ദീൻ സ്‌നേഹം അവിടെ തുടങ്ങിയതാണ്

ന്യൂസിലാൻഡുമായുള്ള അടുത്ത മത്സരവും കാണാൻ പറ്റിയില്ല. പക്ഷേ അപ്പോഴേയ്ക്കും പോക്കറ്റ് റേഡിയോ എന്നൊരു അത്ഭുതവസ്തു സീനിയർ ക്ലാസിലാരോ കൊണ്ടുവന്നു. ഓരോ പിരീഡ് കഴിയുമ്പോഴേയ്ക്കും സ്‌കോർ അറിയാൻ ഓടി. കപിൽദേവ് ആഞ്ഞടിച്ച ദിവസമായിരുന്നു. ബോൾ കൊണ്ടല്ല, ബാറ്റ് കൊണ്ടായിരുന്നു പെർഫോമൻസ്. 58 ബോളിൽ നിന്ന് 72 റൺസ്. അടുത്ത കളി ശനിയാഴ്ചയായിരുന്നു. ആവേശത്തോടെ കളികാണാൻ ഇരുന്നെങ്കിലും ആവേശമൊന്നുമുണ്ടായില്ല. എല്ലാം പെട്ടന്ന് തീർന്നു. സിംബാബ്‌വേ ചീട്ട് കൊട്ടാരം പോലെ വീണു. മുപ്പത് ഓവറിന് മുന്നേ ഇന്ത്യ നിസാരമായി ജയിച്ചു. ഓസ്‌ട്രേല്യയുമായും സിംബാബ്‌വേയുമായും ഓരോ മത്സരങ്ങൾ കൂടെ ഇന്ത്യ ജയിച്ചു. കപിൽദേവിന് ഒരു മാൻ ഓഫ് ദ മാച്ച് കൂടെ. ഓസ്‌ട്രേല്യക്കെതിരെ ബാറ്റ് കൊണ്ടും ബോളുകൊണ്ടും ഹീറോയായി അസറുദ്ദീൻ. അസറുദ്ദീൻ സ്‌നേഹം അവിടെ തുടങ്ങിയതാണ്. പോക്കറ്റ് റേഡിയോയും ഹൈലൈറ്റ്‌സും എല്ലാം കൂടി അതും അവസാനിച്ചു.

അമ്മ പാഞ്ഞുവരുമ്പോൾ കാണുന്ന കാഴ്ച കീപ്പർ കിരൺമോറയ്ക്ക് മുന്നിൽ ആഹ്ലാദത്തോടെ ഇരുന്ന ചേതൻ ശർമ്മ പുറകോട്ട് മറഞ്ഞ് വീണ് കിടക്കുന്നതായിരുന്നു. 'അയാൾക്കാണോ ഹാർട്ട് അറ്റാക്ക്' എന്ന് അമ്മയുടെ ചോദ്യം തീരുന്നതിന് മുമ്പ് ചേതൻ ശർമ്മ എഴുന്നേറ്റു.

ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരാണ് എന്ന് തീരുമാനിക്കുന്നത് ഇന്ത്യയും ന്യൂസിലാന്റും തമ്മിലുള്ള ആദ്യമത്സരമായിരുന്നു. ആദ്യം ബാറ്റ് കിട്ടി എത്രയോ സ്‌കോർ ചെയ്താൻ ഗ്രൂപ്പിൽ ഇന്ത്യ ഒന്നാമതെത്തും. അല്ലേൽ ഓസ്‌ട്രേല്യ. ബി ഗ്രൂപ്പിൽ ഒന്നാമത് പാകിസ്താനാണ്. സെമിഫൈനലിൽ അവരെ നേരിടാത്തതാകും ഉചിതം. പാകിസ്താൻ ഉജ്ജ്വല ടീമായിരുന്നു. ഗ്രൂപ്പിൽ രണ്ട് വട്ടമാണ് ഇംഗ്ലണ്ടിനെ അവർ തോൽപ്പിച്ചത്. രമീസ് രാജയും മിയാൻദാദും സലിം മാലികും ഉജ്ജ്വല ഫോമിൽ. ബൗളിങ്ങിലാകട്ടെ ഇമ്രാൻഖാനും വസീം അക്രവും അബ്ദുൾ ഖാദറും. ഹെയ്ൻസും സിമ്മൺസും റിച്ചിറിച്ചാർഡ്‌സണും വിവ്‌റിച്ചാർഡ്‌സും ഹൂപ്പറുമുള്ള ബാറ്റിങ്ങും വാൽഷും പാറ്റേഴ്‌സണും ബെഞ്ചമിനുമുള്ള ബൗളിങ് നിരയും വെസ്റ്റ് ഇൻഡീസിനെ ഭയപ്പെടേണ്ട റ്റീമായി നിലനിർത്തിയിരുന്നു. പോരാത്തതിന് '83-ൽ കപിൽദേവ് സ്ഥാപിച്ച 175 നോട്ട് ഔട്ട് എന്ന ഏകദിനത്തിലെ ഉയർന്ന സ്‌കോർ ശ്രിലങ്കയ്‌ക്കെതിരെയുള്ള മത്സരത്തിൽ വിവ് റിച്ചാർഡ്‌സ് മറി കടന്നു. ആ ഗ്രൂപ്പിൽ നിന്ന് ചാമ്പ്യന്മാരായി വരുന്ന പാകിസ്താനെതിരെ സെമി കളിക്കാതിരിക്കുകയാണ് നല്ലതെന്ന് ഞങ്ങൾ 13 വയസുകാർ വിലയിരുത്തി.

അമ്മ പാഞ്ഞുവരുമ്പോൾ കാണുന്ന കാഴ്ച കീപ്പർ കിരൺമോറയ്ക്ക് മുന്നിൽ ആഹ്ലാദത്തോടെ ഇരുന്ന ചേതൻ ശർമ്മ പുറകോട്ട് മറഞ്ഞ് വീണ് കിടക്കുന്നതായിരുന്നു. 'അയാൾക്കാണോ ഹാർട്ട് അറ്റാക്ക്' എന്ന് അമ്മയുടെ ചോദ്യം തീരുന്നതിന് മുമ്പ് ചേതൻ ശർമ്മ എഴുന്നേറ്റു.

അവസാനത്തെ ഗ്രൂപ്പ് മത്സരം ശനിയാഴ്ചയായിരുന്നു. അമ്മയോട് പ്രത്യേകം അനുമതി വാങ്ങി റ്റി.വിക്ക് മുന്നിൽ പായവിരിച്ച് ഞങ്ങളൊരു സംഘം ഇരുന്നു. ബാറ്റിങ് ന്യൂസിലാൻഡിന് ലഭിച്ചത് തന്നെ നിരാശയായിരുന്നു. അവർ പതുക്കെയാണെങ്കിലും സ്റ്റഡിയായി ബാറ്റ് ചെയ്യുന്നു. ഇടവേളകളിൽ വിക്കറ്റ് വീഴുന്നുണ്ടെങ്കിലും അത് ന്യൂസിലാൻഡിനെ ബാധിക്കുന്നില്ല. ക്യാപ്റ്റൻ ജെഫ്‌ക്രോയെ മണീന്ദർ സിങ്ങ് ക്ലീൻ ബൗൾഡ് ചെയ്തു. നന്നായി ബാറ്റ് ചെയ്തിരുന്ന ദീപക് പട്ടേലിനെ ശാസ്ത്രിയുടെ പന്തിൽ കപിൽ ദേവ് പിടിച്ചു. പക്ഷേ റുഥർഫോർഡ് ഉള്ളയിടത്തോളം ഭയക്കണം. അങ്ങനെ അമ്മ തന്ന ചക്ക ഉപ്പേരിയും തിന്ന് കഞ്ഞിവെള്ളത്തിൽ മോരൊഴിച്ച് ഉള്ളി ചതച്ചിട്ടതും കുടിച്ച് ഞങ്ങൾ ചിയേഴ്‌സ് പറഞ്ഞിരിക്കുമ്പോഴാണ് അന്നേവരെ പ്രത്യേകിച്ച് ബഹുമാനമൊന്നും തോന്നാത്ത ചേതൻ ശർമ്മ 42-ാമത്തെ ഓവർ എറിയുന്നത്. ആദ്യ മൂന്ന് ബോളുകൾ അങ്ങനെയങ്ങ് പോയി. നാലാമത്തേത് എണ്ണം പറഞ്ഞ ഇൻസിങ്ങറായിരുന്നു. റുഥർബോർഡിന്റെ മിഡിൽ സ്റ്റംപ് തെറിച്ചു. തുടർന്ന് വന്ന ഇയാൻ സ്മിത്തിന്റെ ഓഫ്സ്റ്റമ്പ് തെറിപ്പിച്ച യോർക്കർ കണ്ടതോടെ ഞങ്ങളെ പോലെ തന്നെ നാഗ്പൂരിലെ അന്നത്തെ കാണികളും ആർത്ത് വിളിക്കാൻ തുടങ്ങി. അടുത്ത ബാറ്ററായി ചാറ്റ്ഫീൽഡ് വരികയും ബോളെറിയാൻ ചേതൻ ശർമ്മ സ്റ്റെപ്പെടുക്കുകയും ചെയ്തതോടെ ശ്വാസം വിടാൻ പറ്റാത്ത നിശ്ശബ്ദതയിലായി ഞങ്ങൾ. മറ്റൊരു യോർക്കർ ചാറ്റ്ഫീൽഡിന്റെ കാലുകൾക്കിടയിൽ പിച്ച് ചെയ്ത് ലെഗ്സ്റ്റമ്പ് തെറിപ്പിച്ച് വീണതും ഞങ്ങളഞ്ചുപേരുടെ തൊള്ളയിൽ നിന്ന് ഹാട്രിക്ക് എന്ന അലർച്ച പുറത്ത് വന്നതും അടുക്കളയിൽ വലിയ ശബ്ദത്തിലെന്തോ വീണുടഞ്ഞതും ഒപ്പമായിരുന്നു. അമ്മ പാഞ്ഞുവരുമ്പോൾ കാണുന്ന കാഴ്ച കീപ്പർ കിരൺമോറയ്ക്ക് മുന്നിൽ ആഹ്ലാദത്തോടെ ഇരുന്ന ചേതൻ ശർമ്മ പുറകോട്ട് മറഞ്ഞ് വീണ് കിടക്കുന്നതായിരുന്നു. 'അയാൾക്കാണോ ഹാർട്ട് അറ്റാക്ക്' എന്ന് അമ്മയുടെ ചോദ്യം തീരുന്നതിന് മുമ്പ് ചേതൻ ശർമ്മ എഴുന്നേറ്റു.

തുടർന്ന് ഞങ്ങളിത്തിരി ശാന്തമായിരുന്നാണ് കളികണ്ടത്. 37 ഓവറിലോ മറ്റോ ന്യൂസിലാൻഡിന്റെ സ്‌കോർ മറികടന്നാൽ ഇന്ത്യയ്ക്ക് ഗ്രൂപ്പിൽ ഒന്നാമതായി ഇംഗ്ലണ്ടിനെ നേരിടാം. ഊണുകഴിച്ചെന്ന് വരുത്തി തുടർന്ന് കളികാണാനിരുന്നു. ഡോണി മോറിസണിന്റെ ആദ്യ ബോൾ തന്നെ ഫോറടിച്ചാണ് ഗവാസ്‌കർ ഇന്ത്യയുടെ ബാറ്റിങ് ആരംഭിച്ചത് എന്നുതോന്നുന്നു. ശ്രീകാന്തിനേക്കാൾ വേഗതയിലായിരുന്നു പതിവില്ലാതെ ഗവാസ്‌കർ. ആദ്യ ഫീൽഡിങ് റസ്ട്രിക്ഷൻ കഴിഞ്ഞപ്പോഴാണ് എന്ന് തോന്നുന്നു, ഗവാസ്‌കർ 20-25 റൺസോ മറ്റോ ആണ്, ശ്രീകാന്ത് 17-18 റൺസ്. പെട്ടന്ന് ശ്രീകാന്ത് വിശ്വരൂപം പുറത്തെടുത്തു. ഗവാസ്‌കർ പിന്നീട് മൂന്നോ നാലോ റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ശ്രീകാന്ത് ഹാഫ് സെഞ്ചുറി പിന്നിട്ടിരുന്നു. ഗ്രൗണ്ട് നിറഞ്ഞ അതി മനോഹര പ്രകടനം. 58 ബോളുകളിൽ നിന്ന് 75 റൺസെടുത്ത് ഇന്ത്യയുടെ റൺറേറ്റ് ഉറപ്പ് വരുത്തി ശ്രീകാന്ത് മടങ്ങി. പകരമെത്തിയ അസ്ഹർ ഗവാസ്‌കർക്ക് പിന്തുണ പ്രഖ്യാപിച്ചു.

88 പന്തുകളിൽ 103 റൺസുമായി ഗവാസ്‌കർ പുറത്താകാതെ നിന്നു. ടെസ്റ്റ് ക്രിക്കറ്റിലെ അതുവരെയുള്ള മുഴുവൻ ബാറ്റിങ് റിക്കോർഡും സ്വന്തമായി ഉണ്ടായിരുന്ന ഇതിഹാസതാരത്തിന്റെ ആദ്യ വൺഡേ സെഞ്ചുറി. സ്‌കോറിങ്ങിന്റെ വേഗത കുറയ്ക്കാതെ തന്നെ ഗവാസ്‌കർക്ക് സെഞ്ചുറി അടിക്കാനുള്ള അവസരം നഷ്ടപ്പെടാതെ ബാറ്റ് ചെയ്ത അസ്ഹറിനോട് അന്ന് തോന്നിയ സ്‌നേഹം, വിവാദങ്ങളുടെ കാലത്ത് പോലും നഷ്ടപ്പെട്ടിട്ടില്ല.

ഗവസ്‌കറാകട്ടെ കൺസിസ്റ്റന്റായിരുന്നു. ഫോറുകൾ അടിക്കുന്നു. രണ്ടും മൂന്നുമെല്ലാം ഓടുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കമന്റേറ്റർമാർ പറയുന്നത് മനസിലായി. ഗവാസ്‌കർക്ക് നല്ല പനിയാണ്. അതീവ ക്ഷീണിതനുമാണ്. 104 ഡിഗ്രി പനി ഗവാസ്‌കർക്കന്നുണ്ടായിരുന്നുവെന്ന് പിറ്റേദിവസത്തെ മാതൃഭൂമിയിൽ വായിച്ചു. എന്നാൽ ആ ക്ഷീണിത രൂപം പതുക്കെ പതുക്കെ വൺഡേ ക്രിക്കറ്റിന്റെ സൗന്ദര്യത്തിലേയ്ക്ക് പ്രവേശിച്ചു. സ്‌കോറിങ് വേഗതയാർജ്ജിച്ചു. കളിയവസാനിക്കുമ്പോൾ 88 പന്തുകളിൽ 103 റൺസുമായി ഗവാസ്‌കർ പുറത്താകാതെ നിന്നു. ടെസ്റ്റ് ക്രിക്കറ്റിലെ അതുവരെയുള്ള മുഴുവൻ ബാറ്റിങ് റിക്കോർഡും സ്വന്തമായി ഉണ്ടായിരുന്ന ഇതിഹാസതാരത്തിന്റെ ആദ്യ വൺഡേ സെഞ്ചുറി. പത്തു ഫോറുകളുടേയും മൂന്ന് മനോഹര സിക്‌സറുകളുടേയും അകമ്പടിയോട് കൂടിയത്. സ്‌കോറിങ്ങിന്റെ വേഗത കുറയ്ക്കാതെ തന്നെ ഗവാസ്‌കർക്ക് സെഞ്ചുറി അടിക്കാനുള്ള അവസരം നഷ്ടപ്പെടാതെ ബാറ്റ് ചെയ്ത അസ്ഹറിനോട് അന്ന് തോന്നിയ സ്‌നേഹം, വിവാദങ്ങളുടെ കാലത്ത് പോലും നഷ്ടപ്പെട്ടിട്ടില്ല. അയാളൊരു ഉഗ്രൻ സ്‌പോർട്‌സ്‌പേഴ്‌സനാണ് എന്നത് ആദ്യം പതിഞ്ഞ ഇംപ്രഷനായിരുന്നു. വേണ്ടതിലും എത്രയോ നേരത്തേ ഇന്ത്യ അന്ന് വിജയിച്ചു.

കപിൽ ദേവിന്റെ രണ്ട് മാൻ ഓഫ് ദ മാച്ച്, ചേതൻ ശർമ്മയുടെ ഹാട്രിക്, ഗവാസ്‌കറിന്റെ സെഞ്ചുറി, യുവതാരങ്ങളുടെ ഫോം, എല്ലാം ഉണ്ടായിട്ടും വാങ്കഡേ സ്റ്റേഡിയത്തിൽ സർവ്വതും പിഴച്ചു.

പക്ഷേ സെമിഫൈനലിൽ എല്ലാം പിഴച്ചു. ഗ്രൂപ്പ് മത്സരത്തിൽ അംപയറുടെ പിഴവ് മൂലം ഒരു റൺസിന് ആദ്യ മത്സരത്തിൽ തോറ്റതൊഴിച്ചാൽ നിലവിലെ ചാംമ്പ്യന്മാരായിരുന്ന ഇന്ത്യ തുടർന്നുള്ള അഞ്ച് മത്സരവും ആധികാരികമായി ജയിച്ചാണ് സെമിയിൽ എത്തിയത്. കപിൽ ദേവിന്റെ രണ്ട് മാൻ ഓഫ് ദ മാച്ച്, ചേതൻ ശർമ്മയുടെ ഹാട്രിക്, ഗവാസ്‌കറിന്റെ സെഞ്ചുറി, യുവതാരങ്ങളുടെ ഫോം, എല്ലാം ഉണ്ടായിട്ടും വാങ്കഡേ സ്റ്റേഡിയത്തിൽ സർവ്വതും പിഴച്ചു. ടോസ് കിട്ടിയിട്ടും ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങിനയക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് തോന്നുന്നു. എവിടെ നിന്നാണ് അന്ന് കളി കണ്ടത് എന്നറിയില്ല. കുറ്റിപ്പുഴയിലെ ഏതോ വീടിന്റെ പുറത്ത് നിന്നാകും. ഗ്രഹാം ഗൂച്ചും ക്യാപ്റ്റൻ മൈക്ക് ഗാറ്റിങ്ങും ചേർന്ന് മിഡിൽ ഓവറുകളിൽ ഇന്ത്യൻ ബൗളിങ്ങിനെ നിഷ്പ്രഭമാക്കിയത് കുറച്ചൊക്കെ കണ്ടു. ഉച്ചയ്ക്ക് ഊണുകഴിക്കുമ്പോൾ, എങ്കിലും 255 റൺസ് മതി ജയിക്കാനെന്ന് ആശ്വസിച്ചു.

1987ലെ ലോകകപ്പ് വിജയം ധീരുബായ് അംബാനിയ്‌ക്കൊപ്പം ആഘോഷിക്കുന്ന ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ അലൻ ബോർഡർ

കാര്യമുണ്ടായില്ല. നിശ്ചിത ഇടവേളകളിൽ ഒരോരുത്തരായി മടങ്ങി. അസ്ഹറുദ്ദീൻ മാത്രം പിടിച്ച് നിന്നു. അസ്ഹറിനൊപ്പം മിന്നൽ വേഗതയിൽ 30 റൺസെടുത്ത കപിൽദേവ് ചേർന്നപ്പോൾ ഒന്നുത്സാഹം പൂണ്ടു. പക്ഷേ അതൊന്നും നീണ്ട് നിന്നില്ല. നാൽപ്പത്തിയാറാമത്തെ ഓവറിൽ ഹെമ്മിങ്‌സിനെ രവിശാസ്ത്രി സ്വീപ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഉയർന്ന പന്ത് ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പർ പോൾഡൗൺടണിന്റെ കയ്യിൽ സുരക്ഷിതമായി എത്തി. സ്‌ക്കൂളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം അന്ന് മാത്രമല്ല, രണ്ട് ദിവസത്തേയ്ക്ക് നിശബ്ദതയായിരുന്നു. രണ്ടാമത്തെ പ്രിയപ്പെട്ട റ്റീമായ വെസ്റ്റ്ഇൻഡീസ് സെമിയിലേ എത്തിയില്ല. മൂന്നാമത്തെ പ്രിയ റ്റീം പാകിസ്താൻ തലേന്ന് തന്നെ ഓസ്‌ട്രേല്യയോട് തോറ്റിരുന്നു. അങ്ങനെ ആദ്യ ലോകകപ്പ്, -അന്ന് റിലയൻസ് കപ്പെന്നായിരുന്നു അതറിയപ്പെട്ടത്- അവസാനിച്ചു.

തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ ആദ്യ പതിറ്റാണ്ടിലും വരെ പാകിസ്താൻ ക്രിക്കറ്റ് റ്റീം നമുക്ക് സ്വന്തം അയൽവാസികളായിരുന്നു. വസീം അക്രത്തിനെ ഇന്ത്യൻ ബൗളിങ് കോച്ചായി ലഭിച്ചാലേ നമ്മുടെ ബൗളിങ് മെച്ചപ്പെടുകയുള്ളൂവെന്ന് പറഞ്ഞത് ആർ.എസ്.എസ് ശാഖകൾക്ക് പോകുന്ന പരിചയക്കാരനായിരുന്നു.

എങ്കിലും അതൊരു ഉത്സവമായിരുന്നു. ഇലക്ട്രോണിക്‌സ് കമ്പനിയായ ബുഷ് ഒരോ ഇന്ത്യൻ ബാറ്റർക്കും ഒരോ സിക്‌സറിനും 1000 രൂപ വീതവും ഫോറുകൾക്ക് 500 രൂപ വീതവും പ്രഖ്യാപിച്ചു. ബൗളർമാർക്ക് വിക്കറ്റൊന്നിന് ആയിരം, മെയ്ഡൻ ഓവറുകൾക്ക് 500. പരസ്യങ്ങൾ, മാച്ച് ഫീ, റ്റെലിവിഷൻ സെറ്റുകളുടെ കച്ചവടം എന്നിങ്ങനെ റിലയൻസ് എന്ന പിന്നീടുള്ള മൂന്നര പതിറ്റാണ്ടിൽ ഇന്ത്യയെ ഭരിച്ച എം.എൻ.സിയുടെ വരവറിച്ച ഉത്സവമായിരുന്നു അത്. സൂപ്പർസ്റ്റാർ അമിതാഭ് ബച്ചന്റെ ഷഹൻഷായുടെ റിലീസ് ലോകകപ്പിന്റെ ജ്വരമടങ്ങുന്നതുവരെ നീട്ടിവച്ചു. ആരവങ്ങൾക്കൊടുവിൽ 1987 നവംബർ എട്ടിന് കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ ഏഴ് റൺസിന് പരമ്പരാഗത വൈരികളായ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഓസ്‌ട്രേല്യ ആദ്യ ലോകകപ്പ് നേടി. അതൊരു യുഗാരംഭമായിരുന്നു. അന്നത്തെ ക്യാപ്റ്റൻ അലൻ ബോർഡറുടെ തുരുപ്പു ചീട്ടായിരുന്ന സ്റ്റീവ് വോയിൽ നിന്ന് റിക്കി പോണ്ടിങ്ങിലേയ്ക്ക്.. അങ്ങനെ അവരുടെ കാലമായിരുന്നു പിന്നീട്.

ഇൻസാം ഉൾ ഹഖ്

അതിനിടയിലുള്ള കാലം പാകിസ്താനും ശ്രീലങ്കയും സൃഷ്ടിച്ചതായിരുന്നു. പ്രത്യേകിച്ചും പാകിസ്താൻ. 1992-ലെ ബെൻസൻ ആൻഡ് ഹെഡ്‌ജെസ് വേൾഡ് കപ്പിൽ നോക്ക് ഔട്ടിൽ നിലവിലുള്ള ചാമ്പ്യന്മാരും സഹ ആതിഥേയരായ ഓസ്‌ട്രേല്യയും മുൻ ചാംമ്പ്യരായ ഇന്ത്യയും വെസ്റ്റ് ഇൻഡീസും അടക്കം പുറത്തായപ്പോൾ ഏഷ്യയിൽ നിന്ന്, നാലാം സ്ഥാനത്താണെങ്കിലും, പാകിസ്താനായിരുന്നു. ഏഷ്യയിൽ നിന്നുള്ള ഏക ടീം എന്നുള്ള നിലയിൽ ഇന്ത്യാക്കാരടക്കം പാകിസ്താനെ പിന്തുണച്ച കാലമായിരുന്നു അത്. ഇന്ത്യ ചാമ്പ്യന്മാരായതിന് അടുത്ത വർഷം പാകിസ്താൻ കിരീടം ചൂടുക എന്നത് കാവ്യ നീതി പോലൊന്നായിരുന്നു. അക്കാലത്ത് ഗുജറാത്തിലെ പൂർണ ഹിന്ദു ഗ്രാമങ്ങളിൽ പാകിസ്താനുവേണ്ടി ആരവമുയർന്ന അനുഭവസാക്ഷ്യങ്ങൾ രേവതി ലോളിന്റെ 'അനാട്ടമി ഓഫ് ഹേറ്റിൽ' ഉണ്ട്. ഇൻസാം ഉൾ ഹഖ് എന്ന യുവ പ്രതിഭയുടെ പ്രഭാവകാലമായിരുന്നു അത്. ഇമ്രാൻ ഖാനും ജാവേദ് മിയാൻദാദും അപ്പോഴും ഫോമിലായിരുന്നു.

പാകിസ്താൻ അതിനുശേഷവും ഉജ്ജ്വല ടീമായിരുന്നു. ഉഗ്രൻ ബാറ്റേഴ്‌സും ബൗളേഴ്‌സും ഉള്ള ടീം. പാകിസ്താനിലെ സാഹിവാൾ ജില്ലയിൽ നിന്നുള്ളവരാണ് ഇന്ത്യയിലെ ക്രിക്കറ്റ് കരുത്തൻ കപിൽദേവിന്റെ വീട്ടുകാർ പോലും. അവർ വിഭജന കാലത്ത് ഇന്ത്യയിലെത്തിയവരാണ്. തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ ആദ്യ പതിറ്റാണ്ടിലും വരെ പാകിസ്താൻ ക്രിക്കറ്റ് റ്റീം നമുക്ക് സ്വന്തം അയൽവാസികളായിരുന്നു. വസീം അക്രത്തിനെ ഇന്ത്യൻ ബൗളിങ് കോച്ചായി ലഭിച്ചാലേ നമ്മുടെ ബൗളിങ് മെച്ചപ്പെടുകയുള്ളൂവെന്ന് പറഞ്ഞത് ആർ.എസ്.എസ് ശാഖകൾക്ക് പോകുന്ന പരിചയക്കാരനായിരുന്നു. അക്രം ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ്, വെസ്റ്റ് ഇൻഡീസ് ഫാസ്റ്റ് ബൗളർമാരിൽ പ്രിയരായ വാൽഷിനും അംബ്രോസിനും മീതെയാണ് എന്ന് എത്രയോ സുഹൃത്തുക്കളോട് തർക്കിച്ചിട്ടുണ്ട്.

വസീം അക്രത്തിനെ ഇന്ത്യൻ ബൗളിങ് കോച്ചായി ലഭിച്ചാലേ നമ്മുടെ ബൗളിങ് മെച്ചപ്പെടുകയുള്ളൂവെന്ന് പറഞ്ഞത് ആർ.എസ്.എസ് ശാഖകൾക്ക് പോകുന്ന പരിചയക്കാരനായിരുന്നു.

ഇമ്രാനും അക്രമും മിയാൻദാദും സലിം മാലിക്കും രമീസ് രാജയും ഉള്ള കാലത്തിനുശേഷം സയീദ് അൻവർ ഇടയ്ക്ക് വന്ന് പോയി. വഖായ യൂസൂസ് വലിയ താരമായിരുന്നു. ഇന്ത്യയിലെ ബി.സി.സി.ഐ പോലൊരു ശക്തമായ സംവിധാനം ഉണ്ടായിരുന്നുവെങ്കിൽ ഇൻസമാം ഉൾ ഹഖ് എന്ന പ്രതിഭ സച്ചിൻ തെണ്ടുൽക്കർ എന്നതുപോലെ ലോകമോർത്തിരിക്കേണ്ടതായിരുന്നുവെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അഫ്രീദി തന്റെ പ്രായമേതെന്ന് വെളിപ്പെടുത്താത്ത വിധം എത്രയോ കാലം നിറഞ്ഞ് നിന്നു. റാവൽപിണ്ടിയിൽ നിന്ന് ഷൊഹൈബ് അക്തർ എക്പ്രസ് വേഗത്തേയും തോൽപ്പിച്ച് നിന്നു. ക്രിക്കറ്റ് ഭ്രമക്കാർക്ക്, ഇന്ത്യ പോലെ തന്നെയോ, ഇടക്കാലത്ത് ഇന്ത്യയേക്കാളധികമോ പ്രിയപ്പെട്ട റ്റീമായി തീർന്നു പാകിസ്താൻ.

ഹിന്ദുത്വക്കുമുന്നേയുള്ള കാലമായിരുന്നു. ആൾക്കൂട്ടം മനുഷ്യർ തന്നെയായിരുന്നു. ക്രിക്കറ്റ് കളി ഇഷ്ടമുള്ളവരായിരുന്നു. തെണ്ടുൽക്കറിനേയും ധോണിയേയും യുവരാജിനേയും സഹീർ ഖാനേയും സ്‌നേഹിച്ചവരും ആരാധിച്ചവരുമായിരുന്നു. ഉന്മത്ത ദേശീയതയായിരുന്നില്ല, ആ കളിയോടുള്ള സ്‌നേഹവും ആഹ്ലാദവുമായിരുന്നു ആൾക്കൂട്ടത്തിന്.

ഇന്ത്യ തോൽക്കുമ്പോൾ കരഞ്ഞിരുന്ന, പല വീടുകളുടെയും ജനാലയിൽ തൂങ്ങിനിന്ന് ക്രിക്കറ്റ് മത്സരം കണ്ടിരുന്ന ആ എട്ടാം ക്ലാസുകാരൻ ഏതാണ്ടൊരു കാൽനൂറ്റാണ്ടിനുശേഷം, 2011-ൽ ലോകകപ്പ് ക്രിക്കറ്റ് റിപ്പോർട്ട് ചെയ്തു. ആദ്യത്തേത് വെസ്റ്റ് ഇൻഡീസും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഉഗ്രൻ മത്സരമായിരുന്നു. വേദി ദൽഹിയിലെ ഫിറോഷ് ഷാ കോട്‌ല സ്റ്റേഡിയം. കേട്ടുപരിചയം മാത്രമുള്ള റിപ്പോർട്ടർമാർ, കമന്റേറ്റേഴ്‌സ്, അവരെ കാണാൻ ഇടയ്ക്ക് പ്രസ് റൂമിലേയ്ക്ക് കടന്ന് വരുന്ന താരങ്ങൾ. ഡ്രിങ്‌സ് ബ്രേക്കിനിടെ ബാത്ത് റൂമിൽ പോയി. മൂത്രമൊഴിച്ച് നിൽക്കേ അപ്പുറത്തെ കാബിനിൽ ഒരു വലിയ രൂപം. കൺമിഴിച്ചാകാശത്തേയക്കെന്ന വണ്ണം നോക്കി. മുകളിൽ നിന്ന്, തന്റെ മൂത്രമൊഴിക്കലിന് ഒരു തടസവും ഇല്ലാതെ ഇല്ലാതെ, ഇപ്പുറത്തെ ക്യാബിനിൽ നിൽക്കുന്ന എന്റെ മുഖത്ത് നോക്കി, 'ഹലോ സർ, ഗ്രേറ്റ് മാച്ച്, റൈറ്റ്?' എന്നൊരു ചോദ്യം. ഒരു നിമിഷം നാവിലെ വെള്ളം വറ്റി. വാക്കുകൾ തടസപ്പെട്ടു. സർ ക്ലൈവ് ലോയ്ഡ്. വെസ്റ്റ്ഇൻഡീസ് റ്റീമിന്റെ മുൻ ക്യാപ്റ്റൻ. ക്രിക്കറ്റ് ഇതിഹാസം. 'യെസ്, സർ. ഗ്രേറ്റ് മാച്ച്.' എന്ന് വിക്കി വിക്കി പറഞ്ഞു.

ക്ലൈവ് ലോയ്ഡ്

പിന്നീട് കൈകഴുകി പുറത്തുവന്ന് ഒരു ചായയെടുത്ത് നിൽക്കുമ്പോൾ അവിടെ ഇ എസ് പി എന്നിന്റെ ടീമിനോട് സംസാരിച്ച് നിൽക്കുന്നുണ്ട് ഇതിഹാസം. ധൈര്യമായി ചെന്ന് പരിചയപ്പെട്ടു. ഒരു ഫോട്ടോ എടുക്കണമെന്നുണ്ടായിരുന്നു. അപ്പോഴേയ്ക്കും കളി വീണ്ടും തുടങ്ങി. മൊഹാലിയിൽ ഇന്ത്യ- പാകിസ്താൻ മാച്ച് കണ്ടു. അതേ കുറിച്ചെഴുതി. സെവാഗിന്റെ ധൃതിപിടിച്ചൊരു 38-ഉം തെണ്ടുൽക്കറുടെ സാവധാനമെങ്കിലും ഉറച്ച 85-ഉം റെയ്‌ന പുറത്താകാതിടുത്ത 36-ഉം മാത്രമായിരുന്നു കാര്യമായ ബാറ്റിങ് ബലം. പക്ഷേ സഹീർ ഖാനും റ്റീമും കൃത്യമായി പന്തെറിഞ്ഞു. അമ്പതാമത്തെ ഓവറിൽ ഒരു പന്തവശേഷിക്കേ പാകിസ്താൻ ഓൾ ഔട്ട് ആയി. പന്തെറിഞ്ഞ അഞ്ചുപേർക്കും രണ്ട് വിക്കറ്റുകൾ വീതം.

ഗുജറാത്തിലെ നരേന്ദ്രഭായ് മോദി സ്റ്റേഡിയത്തിൽ പാകിസ്താനെതിരെ കളി നടക്കുമെന്നറിഞ്ഞാൽ നെഞ്ചിൽ തീയാണ്.

ഫൈനൽ ഡേ ആൻഡ് നൈറ്റ് ആയിരുന്നു. മറ്റെല്ലാ വാർത്തകൾക്കുമിടയിൽ ഓഫീസിലെ ടി.വിയിലേക്ക് കണ്ണുനട്ട് ശ്രീലങ്കയുടെ ബാറ്റിങ് കണ്ടുകൊണ്ടിരുന്നു. ധോണിക്ക് പതിവ് കണക്കുകൾ തെറ്റുന്നതുപോലെ. ഏഴ് ബൗളർമാരെ മറ്റോ മാറിമാറി പരീക്ഷിച്ചു. പക്ഷേ മഹേല ജയവർദ്ധനെ പാറപോലെ നിന്ന് സ്വന്തമായി 103 റൺസും ടീമിന് 274 റൺസും കണ്ടെത്തി. ജെ.എൻ.യു പരിസരങ്ങളിലെത്തി കൂട്ടുകാർക്കൊപ്പം കളി കാണണോ ഐ.എൻ.എസിലെ ഓഫീസിൽ സഹ ജേണിലിസ്റ്റുകൾക്കും ആവേശഭരിതരായ ഓഫിസ് സ്റ്റാഫുകൾക്കും ഇടയിൽ തന്നെ തുടരണോ എന്നാലോചിച്ചു. സെക്കൻഡ് ഇന്നിങ്‌സ് ആരംഭിച്ചു. സെവാഗിന് പുറകെ ഒന്നാളിക്കത്തിയ ശേഷം സച്ചിൻ തെണ്ടുൽക്കറും പോകുന്നത് കണ്ടപ്പോൾ മനസിടിഞ്ഞു. വണ്ടിയോടിച്ച് ജെ.എൻ.യു പരിസരത്തെത്തുമ്പോഴേയ്ക്കും ബേർ സരായിയിൽ സുഹൃത്തുക്കളുടെ വീട്ടിൽ എല്ലാവരും ഒത്തുകൂടിയിരുന്നു. കമന്ററി കേട്ടായിരുന്നു യാത്ര. കോലിയും ഗംഭീറും ചുവടുപ്പിച്ചു. പിന്നെ ധോണി വന്നു. ഗംഭീർ 223 റൺസിൽ 42-ാം ഓവറിൽ പുറത്താകുമ്പോഴേയ്ക്കും കാര്യങ്ങൾ ഏതാണ്ട് തീരുമാനമായിരുന്നു. ആ വേൾഡ് കപ്പിലെ താരമായ യുവരാജിനൊപ്പം ക്യാപ്റ്റൻ ധോണി അത് പൂർത്തിയാക്കി.

ആ രാത്രി ഉറങ്ങിയിട്ടില്ല. ദൽഹിയിലെ സുന്ദരമായ തണുപ്പിൽ ധോലക്കും ബ്യൂഗിളുമായി ആൾക്കൂട്ടങ്ങൾ പലതും തെരുവിലുണ്ടായിരുന്നു. അവരെ കണ്ട് അവർക്കൊപ്പം ആഘോഷിച്ച് ഹിന്ദിയിലെ ആരവങ്ങൾ അറിഞ്ഞ് വണ്ടി ഓടിക്കൊണ്ടേയിരുന്നു. ഹിന്ദുത്വക്കുമുന്നേയുള്ള കാലമായിരുന്നു. ആൾക്കൂട്ടം മനുഷ്യർ തന്നെയായിരുന്നു. ക്രിക്കറ്റ് കളി ഇഷ്ടമുള്ളവരായിരുന്നു. തെണ്ടുൽക്കറിനേയും ധോണിയേയും യുവരാജിനേയും സഹീർ ഖാനേയും സ്‌നേഹിച്ചവരും ആരാധിച്ചവരുമായിരുന്നു. ഉന്മത്ത ദേശീയതയായിരുന്നില്ല, ആ കളിയോടുള്ള സ്‌നേഹവും ആഹ്ലാദവുമായിരുന്നു ആൾക്കൂട്ടത്തിന്. ഹിന്ദുത്വ ദേശീയതയുടെ വെറുപ്പായിരുന്നില്ല ആരവമായി മുഴങ്ങിയിരുന്നത്.

ഇന്ന് ഒരു ലോകകപ്പ് നേടിയാൽ സന്തോഷിക്കാനാവുമോ എന്നറിയില്ല. ഗുജറാത്തിലെ നരേന്ദ്രഭായ് മോദി സ്റ്റേഡിയത്തിൽ പാകിസ്താനെതിരെ കളി നടക്കുമെന്നറിഞ്ഞാൽ നെഞ്ചിൽ തീയാണ്. ആര് ജയിച്ചാലും അക്രമാസക്തമായി ആടിത്തിമിർക്കാൻ പോകുന്ന പൗരുഷഹിന്ദുത്വത്തിന്റെ വെറുപ്പിന്റെ ആൾക്കൂട്ടങ്ങളെ ഓർത്ത്. അതിനിടയിൽ പെട്ട് പോകുന്ന ഇന്ത്യൻ മുസ്‍ലിംകളെ ഓർത്ത്.

ഹിന്ദുത്വക്കുമുമ്പും പിമ്പും ലോകകപ്പ് ക്രിക്കറ്റ് വേറെയാണ്.

Comments