ഷെയ്ൻ വോൺ എന്ന ക്രിക്കറ്ററെ ഞാൻ ഇഷ്ടപ്പെടുന്നത് അദ്ദേഹം തുടർച്ചയായി വിജയിച്ചതുകൊണ്ടു മാത്രമല്ല. ഇടയ്ക്ക് പരാജയപ്പെട്ടതുകൊണ്ടുകൂടിയാണ്. ജർമ്മൻ പുരുഷ ഫുഡ്‌ബോൾ ടീമിനെ എനിക്ക് ഇഷ്ടമില്ലാത്തത് അവർ സ്ഥിരമായി ജയിക്കുന്നതുകൊണ്ടാണെന്ന് ജർമ്മൻ ആരാധകരോട് ഞാൻ തമാശ പറയാറുണ്ടായിരുന്നു. ഫാസ്റ്റ് ബൗളിംഗിന്റെ പ്രഭാവകാലത്ത് സ്പിൻ ബോളുകൾ എല്ലായിടത്തേക്കും പറ്റിയ ഒരായുധമായിരുന്നില്ല. ഒരു സ്പിന്നർ ബൗളിംഗ് ഓപ്പൺ ചെയ്യുന്നതും അപൂർവ്വമായിരുന്നു. വോണിന്റെ ലെഗ്‌സ്പിൻ ശൈലിയും ക്രിക്കറ്റ് പണ്ഡിതന്മാരുടെ അംഗീകാരം നേടിയതായിരുന്നില്ല. ലെഗ്‌സ്പിന്നിന്റെ പ്രവചനീയത കൃത്യമായി പഠിച്ചാൽ നല്ലൊരു ബാറ്റർക്ക് കൊട്ടാനുള്ള ചെണ്ടയാകാൻ അധികം ബുദ്ധിമുട്ടേണ്ടി വരില്ല എന്നതു തന്നെയാവണം കാരണം. എന്നിട്ടും വോൺ ലോകം കണ്ട ഇതിഹാസതാരങ്ങളിലൊരാളായി. സ്പിൻബോളർമാർ ഓരോ ടീമിലും വജ്രായുധങ്ങളായി.
1993 - ൽ മെൽബണിൽ നടന്ന ആഷസ് പരമ്പരയിലെ ഒന്നാം മാച്ചിൽ വോൺ എറിഞ്ഞ ആദ്യപന്താണ് അതുവരെ അപ്രശസ്തനായിരുന്ന വോണിനെ ലോകോത്തര താരമാക്കിയത്. സ്പിൻ ബോളിനെതിരെ മികച്ച റിക്കോർഡുണ്ടായിരുന്ന ഇംഗ്ലീഷ് ബാറ്ററായിരുന്നു മൈക്ക് ഗാറ്റിംഗ്. മെൽബൺ പിച്ച് പരമ്പരാഗതമായി സ്പിന്നിനെ തുണയ്ക്കുന്നതായിട്ടും അലൻ ബോർഡർ തന്റെ ടീമിൽ അപരിചിതനും ശരാശരിക്കാരനുമായ ഒറ്റ സ്പിന്നറെ മാത്രമേ ഉൾപ്പെടുത്തിയിരുന്നുള്ളൂ. പതിനൊന്നു മത്സരങ്ങളിൽനിന്നായി 30.80 ശരാശരിയിൽ പതിനൊന്നു വിക്കറ്റുകൾ മാത്രമായിരുന്നു അതുവരെ വോണിന്റെ ക്രെഡിറ്റിൽ ഉണ്ടായിരുന്നത്. എന്നാൽ എറിഞ്ഞ ആദ്യത്തെ ബോൾതന്നെ നൂറ്റാണ്ടിലെ പന്തായി തിരഞ്ഞെടുക്കപ്പെട്ടു. 2002-ൽ ബ്രിട്ടീഷ് ടെലിവിഷൻ നൂറ് മികച്ച സ്‌പോർട്‌സ് മുഹൂർത്തങ്ങളിലൊന്നായി ഈ പന്തിനെ തിരഞ്ഞെടുത്തു.
ഗാറ്റിംഗിന്റെ പ്രതിരോധത്തെ നിഷ്പ്രഭമാക്കിയ ആ പന്ത് ക്രിക്കറ്റ് പ്രേമികൾ ആവർത്തിച്ചു കണ്ടിട്ടുണ്ട്. ക്രിക്കറ്റ് പണ്ഡിതന്മാരും ലെഗ്‌സ്പിൻ പ്രാക്ടീസ് ചെയ്യുന്ന കളിക്കാരും സൂക്ഷ്മമായി പഠിച്ചിട്ടുണ്ട്. ഡ്രിഫ്റ്റും സ്പിന്നും പെയ്‌സും പന്തിന്റെ കറക്കം അന്തരീക്ഷത്തിലുണ്ടാക്കുന്ന മാഗ്‌നസ് പ്രഭാവവും ചേർന്ന് ആ പന്ത് എക്കാലത്തെയും അത്ഭുതപ്രതിഭാസമാകുന്നു. ഫുൾടോസ് പോലെ ബാറ്റർക്കു നേരെ വന്ന പന്ത് വലത്തോട്ടു തിരിഞ്ഞ് ലെഗ്സ്റ്റംപിനു പുറത്തായി പിച്ചു ചെയ്തു. പന്ത് വൈഡായേക്കാം, ടേൺ ചെയ്ത് ബാറ്റർ നീക്കിവെച്ച ഇടംകാലിൽ കൊണ്ട് അവസാനിക്കാം. പിന്നെയും ടേൺ ചെയ്താൽ ബാറ്റിൽ തട്ടി നിഷ്‌ക്രിയമാവാം. എന്നാൽ ഗാറ്റിംഗിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ആ പന്ത് ഓഫ് സ്റ്റംപിന്റെ ബെയ്ൽ ഇളക്കി വിക്കറ്റ് കീപ്പറുടെ തലയ്ക്കു മുകളിലൂടെ പറത്തിച്ചു കളഞ്ഞു. ഭൗതികശാസ്ത്രത്തിന്റെ സഹായത്തോടെയല്ലാതെ ഇത്തരം പന്തുകളുടെ ചലനനിയമങ്ങൾ വിശദീകരിക്കാൻ പറ്റില്ല. ഉയർന്നു പറക്കുന്ന പന്ത് വേഗതയറ്റ് ഇലകൊഴിയും പോലെ മുറിഞ്ഞു വീഴുക. അവിടെനിന്ന് അസാധ്യമായ തരത്തിൽ ജീവൻവെച്ച് കുത്തിത്തിരിയുക. ഏതു ബാറ്ററും അസ്തപ്രജ്ഞരാകും ഇത്തരം മാജിക്കുകൾക്കു മുന്നിൽ. മികച്ച രീതിയിൽ കളിച്ചു തുടങ്ങിയ ഇംഗ്ലണ്ട് ആ വിക്കറ്റോടെ നിറം കെട്ടുപോയി. വോൺ മുൻനിരവിക്കറ്റുകളടക്കം ആ ഇന്നിംഗ്‌സിൽ നാലു വിക്കറ്റും രണ്ടാമിന്നിംഗ്‌സിൽ വേറൊരു നാലു വിക്കറ്റും നേടി ഓസ്‌ട്രേലിയയെ ജയിപ്പിച്ചു. പരമ്പരയിൽ 25.79 ശരാശരിയിൽ 34 വിക്കറ്റുകൾ വീഴ്ത്തിയ വോണിന്റെ ക്ലാസിക് ബൗളിംഗിന്റെ ബലത്തിൽ ഓസ്‌ട്രേലിയ 4-1 ന് പരമ്പര തൂത്തുവാരി.
ലെഗ്ഗ് കട്ടറുകൾക്കൊപ്പം ബാറ്റർക്കു മുന്നിൽ പിച്ചു ചെയ്ത് പന്തിനെ നിരക്കിയിടുന്ന ഫ്‌ലിപ്പറുകളും ലെഗ് കട്ടറാണെന്നു തോന്നിച്ച് പന്ത് എതിർ ദിശയിലേക്ക് ടേൺ ചെയ്യിക്കുന്ന റോങ് അൺ ബോളുകളുമായിരുന്നു വോണിന്റെ വജ്രായുധങ്ങൾ. നൂറുക്കണക്കിന് മണിക്കൂറുകൾ നെറ്റ്‌സിൽ പരിശീലിച്ചാൽ മാത്രം നേടിയെടുക്കാവുന്ന സിദ്ധികളായിരുന്നു ഈ പന്തുകൾ. വോൺ അതിൽ വിജയിച്ചു. പക്ഷേ പരാജയപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ കാലത്തെ ലോകോത്തര ബാറ്റർമാരായ ഇന്ത്യയുടെ സച്ചിൽ ടെൻഡുൽക്കറും വെസ്റ്റ് ഇന്റീസിന്റെ ബ്രയൻ ലാറയും വോണിന്റെ മാസ്മരികതയെ അടിച്ചുപരത്തി. സച്ചിൻ ടെൻഡുൽക്കർ ഷെയ്ൻ വോൺ എന്ന ഒന്നാംനമ്പർ സ്പിൻ ഇതിഹാസത്തെ ഒരു വേള അവസാനിപ്പിച്ചു എന്നു തന്നെ കരുതിയതാണ്. വോണിലെ പോരാളിയെ ഓസ്‌ട്രേലിയ കൈവിട്ടില്ല. മാസ്മരിക സ്‌പെല്ലുകളുമായി അയാൾ ടെസ്റ്റിലും ഏകദിനത്തിലും തിരിച്ചെത്തി. ടെസ്റ്റിൽ 708-ഉം ഏകദിനത്തിൽ 293-ഉം വിക്കറ്റുകൾ നേടി അന്താരാഷ്ട്ര ക്രിക്കറ്റിൽ ആയിരം വിക്കറ്റ് എന്ന മാന്ത്രികസംഖ്യയിൽ തൊട്ട് വിരമിച്ചു.
19 വർഷമായിരുന്നു വോണിന്റെ ക്രിക്കറ്റ് കരിയർ. ഏതാനും ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രം കളിച്ച് നേരെ ഓസ്‌ട്രേലിയൻ കാപ്പണിഞ്ഞവനാണ് വോൺ. 1992-ൽ സിഡ്‌നിയിൽ ഇന്ത്യക്കെതിരെയാണ് അദ്ദേഹം അരങ്ങേറിയത്. 60.5 ശരാശരിയിൽ ബാറ്റു ചെയ്ത സച്ചിൻ ടെൻഡുൽക്കറിനും 54.02 ശരാശരിയിൽ ബാറ്റു ചെയ്ത ബ്രയൻ ലാറയ്ക്കും മാത്രമാണ് വോണിനെതിരെ സ്ഥിരത പുലർത്താനായാത്. വേറൊരു ബാറ്റർക്കും ചില നേരങ്ങളിലല്ലാതെ വോണിനെതിരെ പിടിച്ചു നിൽക്കാനായില്ല. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റർമാരായി ഈ രണ്ടു താരങ്ങളെയാണ് വോൺ തിരഞ്ഞെടുത്തത്. കളിക്കളത്തിനു പുറത്ത് മികച്ച സൗഹൃദം പടുത്തുയർത്തി വോൺ ഇവരുടെ മനം കവർന്നു. കളിക്കളത്തിൽ തനിക്കൊത്ത എതിരാളികളായി നേരിട്ടു. ഇവരെ നേരിട്ട് കരിയർതന്നെ അവസാനിച്ചേക്കുമെന്ന ഘട്ടത്തിൽനിന്ന് പിന്നെയും അയാൾ തിരിച്ചുവന്നു. അവസാനം വോൺ വീണത് കോവിഡിനു മുന്നിലാണ്.
തായ് ലാന്റിലെ കോസാമൂയിയിൽ ഭാരംകുറച്ച് ആരോഗ്യം വീണ്ടെടുക്കാനെത്തിയതായിരുന്നു വോൺ. അവിടെനിന്നാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാകുന്നത്. 52-വയസ്സ് ഒരു കായികതാരത്തിനെന്നല്ല, ഏതൊരു മനുഷ്യനും മരിക്കാനുള്ള പ്രായമല്ല. വോണിന് എന്തുപറ്റി എന്നാലോചിക്കുമ്പോഴാണ് കുറച്ചു മുമ്പ് അദ്ദേഹത്തിന് കോവിഡ് വന്ന് വെന്റിലേറ്റർ സഹായം വേണ്ടിവന്നിരുന്നു എന്ന വാർത്ത ഓർമ്മ വരുന്നത്. കോവിഡ്-19-ന്റെ ആഫ്റ്റർ ഇഫക്ടാണ് ഹൃദയാഘാതമായി വോണിന്റെ പ്രാണനെടുത്തത് എന്നതിന് സ്ഥിരീകരണമില്ല. പക്ഷേ അങ്ങനെയാകാനുള്ള വലിയ സാധ്യത കാണുന്നു. അങ്ങനെയെങ്കിൽ കോവിഡ്-19 അപഹരിച്ച മഹാപ്രതിഭകളിൽ ഒരാളായിരിക്കും ഷെയ്ൻ വോൺ എന്ന മാന്ത്രികസ്പിന്നറും.
ഒരു ക്രിക്കറ്റ് ആസ്വാദകൻ എന്ന നിലയിൽ ഞാനേറ്റവുമധികം ആരാധിക്കുന്ന ക്രിക്കറ്റർമാരിലൊരാണ് ഷെയ്ൻ വോൺ. എൺപതുകളിലും തൊണ്ണൂറുകളിലും ക്രിക്കറ്റ് ജനകീയമായ കാലത്ത് ടെന്നീസ് ബോളുകൊണ്ടുള്ള കണ്ടം ക്രിക്കറ്റ് ഞാനും കളിച്ചിട്ടുണ്ട്. ഭാരം കുറഞ്ഞ ടെന്നീസ് ബോളുകൊണ്ട് പെയ്‌സുണ്ടാക്കാനുള്ള ആരോഗ്യമില്ലാതിരുന്നതുകൊണ്ട് ഞാനൊരു സ്പിൻ ബോളറായി. മിക്കപ്പോഴും തല്ലുവാങ്ങിയെങ്കിലും ചിലപ്പോഴൊക്കെ ചലിപ്പിക്കാനായ പന്തുകളിൽ വിക്കറ്റ് നേടിയപ്പോഴൊക്കെ ഞാൻ ഷെയ്ൻ വോണിനെ ഓർത്തു. പ്രൊഫഷണൽ കളിക്കാർക്കൊപ്പം ലോകത്തുള്ള കൗമാരക്കാരായ കണ്ടംക്രിക്കർമാരൊക്കെ അദ്ദേഹത്തെ മനസ്സിൽ പ്രതിഷ്ഠിച്ചുകാണണം. എന്നെ സംബന്ധിച്ച് അനിൽ കുംബ്ലെയോ മുത്തയ്യ മുരളീധരനോ സഖ്‌ലൈൻ മുഷ്താഖോ ഡാനിയൽ വെട്ടോറിയോ ഷാഹിദ് അഫ്രീദിയോ ഹർഭജൻ സിംഗോ ഒന്നും ഷെയ്ൻ വോണിനെപ്പോലെ ഹൃദയത്തിലേക്ക് പന്തെറിഞ്ഞിട്ടില്ല.
വിട ഷെയ്ൻ വോൺ