​ക്രിക്കറ്റിലെ ഒരു വെസ്​റ്റ്​ ഇൻഡീസ്​ ചരമകാവ്യം

പ്രതിഭാ ദാരിദ്ര്യമല്ല, വിഭവങ്ങളുടെ മിസ്​ മാനേജ്‌മെൻറ്​ തന്നെയാണ് വിന്‍ഡീസ് ക്രിക്കറ്റിലെ വില്ലന്‍. ഇക്കാരണത്താല്‍, പണക്കൊഴുപ്പുള്ള അതിവേഗ മത്സരങ്ങള്‍ക്കായി കളിക്കാര്‍ സ്വയം പരുവപ്പെട്ടു. ദേശീയ ടീം എന്നത് ഒരനിവാര്യതയല്ലാതാവുകയും ഫ്രാഞ്ചൈസി ലീഗുകള്‍ കളിക്കാരുടെ കേളീശൈലിയെയും ജീവിതരീതിയെയും മാറ്റിപ്പണിതതോടെ വിന്‍ഡീസ് ദേശീയ ടീമിന്റെ കെട്ടുറപ്പും വിജയിക്കാനുള്ള ത്വരയും ഇല്ലാതായി.

വെസ്റ്റ് ഇന്‍ഡീസ് എന്നാല്‍ നമുക്ക് ക്രിക്കറ്റാണ്. തുടര്‍ച്ചയായി മൂന്ന് ലോകകപ്പ് ഫൈനല്‍ കളിച്ച, രണ്ട് തുടര്‍ ലോക ചാമ്പ്യന്‍പട്ടങ്ങള്‍ നേടിയ, ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായ, രണ്ടുവട്ടം ഐ .സി.സി.ട്വന്റി-20 ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസ് എന്ന പ്രതാപികളായ 'ക്രിക്കറ്റ് രാജ്യം '2023- ലെത്തിനില്‍ക്കുമ്പോള്‍ ക്രിക്കറ്റിന്റെ ഭൂപടത്തില്‍ എവിടെ നില്‍ക്കുന്നു?

ഒരു പക്ഷേ വിന്‍ഡീസ് യോഗ്യത നേടാത്ത ചരിത്രത്തിലെ ആദ്യ ഏകദിന ലോകകപ്പാവും 2023- ല്‍ ഇന്ത്യയില്‍ നടക്കാന്‍ പോകുന്നത്.

യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ അതിദീര്‍ഘമായ ചരിത്രം പേറുന്ന ദ്വീപ് സമൂഹങ്ങള്‍ ചേര്‍ന്ന പ്രദേശമാണ് ഇന്നത്തെ വെസ്റ്റ് ഇന്‍ഡീസ്. 15-ാം നൂറ്റാണ്ടില്‍ സ്പാനിഷ് അധിനിവേശത്തോടെ ആരംഭിക്കുന്ന ഈ ദ്വീപ് സമൂഹങ്ങളുടെ അധിനിവേശത്തിന്റെ കഥ 20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ തുടര്‍ന്നു. കരീബിയന്‍ കടലിനാലും വടക്കേ അറ്റ്‌ലാന്റിക് സമുദ്രത്താലും വലയം ചെയ്യപ്പെട്ട് കിടക്കുന്ന വടക്കേ അമേരിക്കയിലെ ഉപപ്രദേശങ്ങളാണ്, 13 സ്വതന്ത്ര ദ്വീപ് രാജ്യങ്ങളും 18 ആശ്രിത പ്രദേശങ്ങളുമടങ്ങിയ ദ്വീപ് സമൂഹമമായ വെസ്റ്റ് ഇന്‍ഡീസ്.

അപകോളനീകരണത്തോടെ ( 1958 - 1962 കാലത്തിനിടയില്‍), ബ്രട്ടീഷ് കോളനികളായിരുന്ന ദ്വീപുകളെ രാഷ്ട്രീയമായി ഐക്യപ്പെടുത്തി ഒറ്റ ഫെഡറേഷന്‍ ആക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയുണ്ടായെങ്കിലും വിജയിച്ചില്ല. എങ്കിലും പഴയ കോളനികളായിരുന്ന ട്രിനിഡാഡ് & ടുബാഗോ, ജമൈക്ക, ബാര്‍ബഡോസ്, ഗ്രനേഡ, സെന്റ് ലൂസിയ, ആന്റിഗ്വ ഉള്‍പ്പെടെയുള്ള സ്വതന്ത്ര ദ്വീപുകള്‍ അടങ്ങിയ രാജ്യങ്ങളെ അംഗങ്ങളാക്കി വെസ്റ്റ് ഇന്‍ഡീസ് എന്ന് പേരു നല്‍കി ഒരു ക്രിക്കറ്റ് ടീം രൂപീകരിച്ചു. പില്‍ക്കാലത്ത് ഇംഗ്ലീഷ് സംസാരിക്കുന്ന 15 കരീബിയന്‍ ദ്വീപ്​ രാജ്യങ്ങളിലെയും ഭരണപ്രദേശങ്ങളിലെയും കളിക്കാരെയാണ് വിന്‍ഡീസ് ടീമിലേക്ക് തിരഞ്ഞെടുത്തിരുന്നത്. നിശ്ചയമായും മറ്റെവിടെയും പോലെ കൊളോണിയലിസത്തിന്റെ കപ്പലേറിയാണ് കരീബിയന്‍ ദ്വീപുകളിലും ക്രിക്കറ്റ് പടര്‍ന്നുപന്തലിച്ചത്.

വെസ്റ്റ് ഇന്‍ഡീസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം ഓര്‍മ്മയില്‍ മിന്നുന്നത് ക്രിക്കറ്റാണ്. നിറയെ ആരാധകരുള്ള, പ്രതിഭാധനന്മാരടങ്ങിയ ടീമായിരുന്നു ചരിത്രത്തിലെ വിന്‍ഡീസ്. കളിയിലെ വന്യമായ ശൈലിയായിരുന്നു അവരുടെ കൊടിയടയാളം. പെയ്‌സ് ബൗളിങ്ങും പവര്‍ഹിറ്റിംഗും തന്നെയായിരുന്നു അവരുടെ കരുത്ത്. വെളുത്തവന്റെ അധിനിവേശത്തിനു മേല്‍ കേളീശൈലിയുടെ വന്യതയും കരുത്തും കൊണ്ട് ആധിപത്യം നേടിയ ചരിത്രമുള്ള സാങ്കല്പിക രാഷ്ട്രമാണല്ലോ വെസ്റ്റിന്‍ഡീന്‍സ്. (വെസ്റ്റ് ഇന്‍ഡീസ് എന്നൊരു ദേശരാഷ്ട്രമില്ലെങ്കിലും ക്രിക്കറ്റ് കളിക്കുന്നതിനായി രൂപീകരിച്ച ഒരു ഭാവനാരാഷ്ട്രമുണ്ട്.)

1950-ല്‍ ലോഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റ് മത്സര വിജയം നേടുന്ന വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം / Photo : ICC FB Page

1890-ല്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന്റെ ചരിത്രം ആരംഭിച്ചെങ്കിലും 1928-ല്‍ മാത്രമാണ് ഈ ക്രിക്കറ്റ് രാജ്യത്തിന് ടെസ്റ്റ് പദവി ലഭിച്ചത്. ഇംഗ്ലണ്ടുമായി ആദ്യ മത്സരം. 1950-ല്‍ ലോഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റ് മത്സര വിജയം. വെസ്റ്റ് ഇന്‍ഡീസ് അതികായരുടെ പടവുകളിലേക്ക് നടന്നു കയറിയ സുപ്രധാന കാലം വെള്ളക്കാരായ കളിക്കാരില്‍ നിന്ന് കറുത്തവര്‍ഗക്കാരായ കളിക്കാരുടെ മേല്‍ക്കോയ്​മ ടീമില്‍ വന്ന ഘട്ടത്തിലാണ്. 1970- കളില്‍ ക്ലൈവ് ലോയിഡ് എന്ന ഇതിഹാസനായകന്റെ വരവ്, തുടര്‍ച്ചയായി 1975- ലും 1979- ലും ലോക ചാമ്പ്യന്മാര്‍, 1983- ലെ റണ്ണേര്‍സ് അപ്. 1970- കള്‍ മുതല്‍ 1990- കള്‍ വരെയുള്ള രണ്ട് പതിറ്റാണ്ട് വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ്, ഏകദിന മത്സരങ്ങളിലെ നെടുനായകത്വം വഹിച്ചു. ഒരര്‍ത്ഥത്തില്‍ കരീബിയന്‍ ക്രിക്കറ്റിന്റെ പ്രതാപകാലം അതായിരുന്നു. ഇതിഹാസ സമാനരായ ബാറ്റര്‍മാരും വേഗതയും ബൗണ്‍സും കൊണ്ട് ബാറ്റര്‍മാരെ വട്ടംകറക്കിയ ബൗളര്‍മാരും അടങ്ങിയ വിന്‍ഡീസ് എതിരാളികളുടെ പേടിസ്വപ്നമായി. പല ബാറ്റര്‍മാരും കരീബിയന്‍ പേസ് കരുത്തില്‍ പരുക്കേറ്റ് മടങ്ങിയതടക്കം ചരിത്രം. മാല്‍ക്കം മാര്‍ഷല്‍, മൈക്കല്‍ ഹോല്‍ഡിംഗ്, ഗാരി സോബേര്‍സ്, ജോയില്‍ ഗാര്‍നര്‍, കര്‍ട്ടിലി അംബ്രോസ്, കോട്നി വാല്‍ഷ് തുടങ്ങിയ ബൗളര്‍മാരും ഗോര്‍ഡന്‍ ഗ്രീനിഡ്ജും വിവിയന്‍ റിച്ചാര്‍ഡ് സണും ബ്രയന്‍ ലാറയും ചന്ദര്‍പോളും ഗെയിലും അടക്കമുള്ള ഇതിഹാസ സമാനാരായ താരങ്ങളും കൊണ്ട് ലോക ക്രിക്കറ്റിനെ അടക്കി ഭരിച്ച ഒരു കാലം വിന്‍ഡീസിനുണ്ടായിരുന്നു. ക്രിക്കറ്റ് ലോകത്തെ വിറപ്പിച്ച പാരമ്പര്യമുള്ള അതേ ടീമാണ് ഇന്ന് ഏത് ടീമിനോടും തോല്‍ക്കുന്ന മട്ടില്‍ വിറച്ച് നില്‍ക്കുന്നത്.

ക്ലൈവ് ലോയിഡ്

രണ്ടുവട്ടം ലോക ചാമ്പ്യന്‍മാരായ, 2004- ല്‍ ഐ.സി.സി.ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായ 2012-ലും 2016- ലും ഐ.സി.സി.ട്വന്റി-20 ചാമ്പ്യന്‍മാരായ ഈ ടീമിന് പല കാരണങ്ങളാല്‍ 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ശൈഥില്യം സംഭവിച്ചു.

ഈ തകര്‍ച്ചയ്ക്ക് ആഭ്യന്തരവും ബാഹ്യവുമായ കാരണങ്ങളുണ്ട്. അതില്‍ സുപ്രധാന ഒന്ന് കരീബിയന്‍ രാഷ്ട്രങ്ങളിലുണ്ടായ സാമ്പത്തിക പരാധീനതകളാണ്. കൂടാതെ ക്രിക്കറ്റ് ബോര്‍ഡും കളിക്കാരും തമ്മിലുണ്ടായ കൂലി തര്‍ക്കവും വിന്‍ഡീസ് ബോര്‍ഡ് ക്രിക്കറ്റിനെ അമച്വര്‍ തലത്തില്‍ നിന്ന് പ്രൊഫഷണലിസത്തിലേക്ക് വളര്‍ത്തിയെടുക്കുന്നതില്‍ പരാജയപ്പെട്ടതും മറ്റുകാരണങ്ങളായി. നിരവധി മുന്‍നിര താരങ്ങള്‍ വേതന തര്‍ക്കവുമായി ബന്ധപ്പെട്ട് ടീമില്‍ നിന്ന് ദീര്‍ഘനാള്‍ വിട്ടുനിന്നു. കോഴയാരോപണങ്ങള്‍ കൊണ്ട് ചിലര്‍ പുറത്തായി. മതിയായ ആഭ്യന്തര മത്സരങ്ങളുടെ അഭാവം പുതുതലമുറകളിക്കാരെ വാര്‍ത്തെടുക്കുന്നതിന് വിഘാതമായി. അതു കൊണ്ടു തന്നെ പുതിയ തലമുറ ക്രിക്കറ്റ് വിട്ട് അത്‌ലറ്റിക്‌സിലേക്കും ഫുട്‌ബോളിലേക്കും കൂടുമാറി.

1979 ലെ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 92 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തിന് ശേഷം രണ്ടാം കീരീടവുമായി ടീം വിന്‍ഡീസ്

വിന്‍ഡീസ് ക്രിക്കറ്റിന്റെ ദശാപരിണാമത്തിനുള്ള മറ്റൊരു സുപ്രധാന കാരണം ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളുടെ വരവാണ്. ട്വിന്റി- 20 മത്സരങ്ങളുടെ അതിവേഗശൈലിയും ഫ്രാഞ്ചൈസി ലീഗിന്റെ വ്യാപനവും കെട്ടുറപ്പുള്ള ദേശീയ ടീം എന്ന നിലയില്‍ചുവടുറപ്പിക്കുന്നതിനും മത്സരങ്ങള്‍ തുടര്‍ച്ചയായി വിജയിക്കുന്നതിനും വിന്‍ഡീസിന് തടസ്സമായി. എങ്കിലും ഇക്കാലത്ത് വിന്‍ഡീസ് ട്വന്‍ടി- 20 ക്രിക്കറ്റില്‍ ശോഭിച്ചിരുന്നു താനും. എന്നാല്‍ ടെസ്റ്റ്, ഏകദിന മത്സരങ്ങളില്‍ ടീം തുടര്‍പരാജയങ്ങള്‍ ഏറ്റുവാങ്ങി. ഒരു കാലത്ത് ഉഗ്രപ്രതാപികളായ ടീമിന്റെ പതനത്തിന്റെ ആഴം കൂട്ടുന്നതാണ് ഇന്നത്തെ സ്ഥിതി. വിന്‍ഡീസ് ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഐ.സി.സി. എകദിന ലോകകപ്പ് മത്സരത്തിന് യോഗ്യത നേടാതെ പുറത്താവലിന്റെ പടിവാതിലില്‍ നില്‍ക്കുകയാണ് ടീം. ഐ. സി.സി.യുടെ അസോസിയേറ്റ് രാജ്യങ്ങളോട്, താരതമ്യേന ദുര്‍ബലരായ ടീമുകളോടടക്കം യോഗ്യതാ മത്സരങ്ങളില്‍ പരാജയപ്പെട്ട് നില്‍ക്കുകയാണവര്‍.

ഇനി അദ്ഭുതവും ഭാഗ്യവും മറ്റ് ടീമുകളുടെ ജയപരാജയങ്ങളും കണക്കിലെ കളികളും അനുകൂലമായാല്‍ മാത്രമേ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ വിന്‍ഡീസ് ഇടം പിടിക്കൂ. അതൊരു വിദൂര സാധ്യത മാത്രമായി നിലനില്‍ക്കുന്നു. 2017- ലെ ചാമ്പ്യന്‍സ് ട്രോഫിയിലും 2022- ലെ ടി-20 ലോകകപ്പിലും യോഗ്യത നേടാന്‍ കഴിയാത്ത വിന്‍ഡീസ് ഇന്നവരുടെ പതനത്തിന്റെ പടുകുഴിയിലാണ് ചെന്നു നില്‍ക്കുന്നത്. ടീമിന്റെ സ്ഥിരതയും സന്തുലിതാവസ്ഥയും മുമ്പെങ്ങുമില്ലാത്ത വിധം തകര്‍ന്നു. ഐ.സി.സി.ഏകദിനറാങ്കിങില്‍ പത്താമതും ടി-20യിലും ടെസ്റ്റിലും എട്ടാമതുമാണ് ഇന്നവരുടെ സ്ഥാനം എന്നത് ശ്രദ്ധേയമാണ്. (ഈ മൂന്ന് ഫോര്‍മാറ്റിലും അവര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ കാലമുണ്ടായിരുന്നു എന്നത് ചരിത്രം)

നിലവിലെ വിന്‍ഡീസ് ക്രിക്കറ്റ് ടീം

ഫ്രാഞ്ചൈസികൾ റാഞ്ചിയ താരങ്ങൾ

പുതിയ കാലത്ത് ക്രിക്കറ്റ് കേവലം ഒരു കളി മാത്രമല്ല. പണക്കൊഴുപ്പിന്റെയും ഗ്ലാമറിന്റെയും വിപണിബന്ധങ്ങളുടെയും വലിയ സാമ്രാജ്യമാണത്. കളിയുടെ സമവാക്യങ്ങളും കളിയോടുള്ള സമീപനങ്ങളും അടിമുടി മാറിയത് ട്വന്റി-20 എന്ന ക്രിക്കറ്റ് വ്യവസായം വന്നതോടെയാണ്. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് സംസ്‌കാരത്തിന്റെ തലവര മാറ്റിയതും ഇത്തരം മത്സരക്രമങ്ങളാണെന്ന് നിരീക്ഷിക്കാം. 2003- ല്‍ ആരംഭിച്ച ആദ്യ ട്വന്റി-20 ലീഗായ ടി- 20 ബ്ലാസ്റ്റ് മുതല്‍ ഐ.പി.എല്‍ (2008), ബിഗ് ബാഷ് (2011), ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് (2012), കരീബിയന്‍ പ്രീമിയര്‍ ലീഗ് (2013), പാക്കിസ്ഥാന്‍ പ്രീമിയര്‍ ലീഗ് (2016), ലങ്ക പ്രീമിയര്‍ ലീഗ് (2020), അഫ്ഗാന്‍ പ്രീമിയര്‍ ലീഗ്, എസ്.എ- 20 ലീഗ്, യു.എ.ഇ.ഇന്റര്‍നാഷണല്‍ ലീഗ് (2023) വരെയുള്ള എല്ലാ ലീഗ് മത്സരങ്ങളിലും മുന്‍നിര വെസ്റ്റീന്‍ഡീസ് കളിക്കാര്‍ ഐക്കണ്‍ താരങ്ങളായും അല്ലാതെയും പങ്കെടുക്കുന്നുണ്ട്. ബോര്‍ഡുമായി പിണക്കത്തിലുള്ള താരങ്ങള്‍ക്ക് സാമ്പത്തികമായ സമാശ്വാസമാണ് വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ലീഗ് മത്സരങ്ങള്‍. വിന്‍ഡീസ് താരങ്ങളുടെ ആക്രമണോത്സുക ബാറ്റിംഗും ബൗളിങ്ങും ലീഗ് മത്സര കച്ചവടക്കാര്‍ പരമാവധി ചൂഷണം ചെയ്​തു. ഡെയ്ന്‍ ബ്രാവോ, പൊള്ളാര്‍ഡ്, നരേയ്ന്‍, റസ്സല്‍ എന്നിവരെപ്പോലുള്ള പ്രതിഭാധനര്‍ ബോര്‍ഡുമായുള്ള പിണക്കത്താല്‍ വിന്‍ഡീസ് ടീമില്‍ നിന്ന് പുറത്തായപ്പോഴും ഫ്രാഞ്ചൈസികള്‍ അവരെ പൊന്നുംവില കൊടുത്ത്​ സ്വന്തമാക്കി.

2012 ലെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയ വെസ്റ്റ് ഇന്‍ഡീസ് ടീം

ചുരുക്കത്തില്‍ പ്രതിഭാ ദാരിദ്ര്യമല്ല, വിഭവങ്ങളുടെ മിസ്​ മാനേജ്‌മെന്റ് തന്നെയാണ് വിന്‍ഡീസ് ക്രിക്കറ്റിലെ വില്ലന്‍. ഇക്കാരണത്താല്‍, പണക്കൊഴുപ്പുള്ള അതിവേഗ മത്സരങ്ങള്‍ക്കായി കളിക്കാര്‍ സ്വയം പരുവപ്പെട്ടു. ദേശീയ ടീം എന്നത് ഒരനിവാര്യതയല്ലാതാവുകയും ഫ്രാഞ്ചൈസി ലീഗുകള്‍ കളിക്കാരുടെ കേളീശൈലിയെയും ജീവിതരീതിയെയും മാറ്റിപ്പണിതതോടെ വിന്‍ഡീസ് ദേശീയ ടീമിന്റെ കെട്ടുറപ്പും വിജയിക്കാനുള്ള ത്വരയും ഇല്ലാതായി. ഇക്കാലത്തുണ്ടായ ഏറ്റവും കൗതുകമുള്ള കാര്യം, വിന്‍ഡീസ് പുതുനിര താരങ്ങള്‍ അടിമുടി കുട്ടിക്രിക്കറ്റിനായി സ്വയം രൂപാന്തരപ്പെട്ടു എന്നതാണ്. അത് തെളിയിക്കുന്നതാണ് ടെസ്റ്റ്, ഏകദിന മത്സരങ്ങളിലെ അവരുടെ തുടര്‍ച്ചയായ വമ്പന്‍ പരാജയങ്ങളും അവര്‍ നേടിയ ചെറിയ ടോട്ടലുകളും. ദേശീയ ടീമില്‍ സ്ഥാനമില്ലെങ്കിലും ഫ്രാഞ്ചൈസികളില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ കളിക്കാര്‍ അപ്പോഴും ശ്രദ്ധാലുക്കളായി. ഇന്ന് ദേശീയ ടീമില്‍ അംഗങ്ങളായ ഹെറ്റ്മയറും പൂരനും ഹോള്‍ഡറും അടക്കുമുള്ളവര്‍ ഒട്ടുമിക്ക പ്രീമിയര്‍ ലീഗ് ടീമുകളിലും അംഗങ്ങളാണ്. ക്ഷമയോടെ, ഏകാഗ്രതയോടെ ഇന്നിംഗ്‌സ് കെട്ടിപ്പടുക്കേണ്ട അമ്പത് ഓവര്‍ മത്സരങ്ങളില്‍ അവര്‍ ഇരുപത് ഓവര്‍ മത്സരങ്ങളുടെ കേളീശൈലി പുറത്തെടുക്കുന്നു എന്നതാണ്​ സമകാലികതയില്‍ വിന്‍ഡീസിനെ ബാധിച്ച വലിയ ശാപം. പല രാജ്യങ്ങളും മൂന്ന് ക്രിക്കറ്റ് ഫോര്‍മാറ്റുകള്‍ക്കും വെവ്വേറെ ടീമുകളെ തിരഞ്ഞെടുക്കുമ്പോള്‍ കരീബിയന്‍ ബോര്‍ഡ് അതിലൊന്നും ഏറെ ശ്രദ്ധ കാണിച്ചില്ല എന്നത് മറ്റൊരു വസ്തുതയാണ്. ടീം തിരഞ്ഞെടുപ്പിലെ പോരായ്മകളും കളിക്കാരുടെ സ്ഥിരതയില്ലാത്ത പ്രകടനങ്ങളും അടിക്കടി മാറിവരുന്ന ക്യാപ്റ്റന്മാരും കോച്ചുമാരും പുതുനിരതാരങ്ങളെ കണ്ടെത്തുന്നതില്‍ വന്ന പിടിപ്പുകേടും പ്രതിഭാധനരായ സീനിയര്‍ താരങ്ങളോടുള്ള ബോര്‍ഡിന്റെ ശത്രുതാഭാവവും വെസ്റ്റ് ഇന്‍ഡ്യന്‍ ക്രിക്കറ്റിന്റെ ശോഭ കെടുത്തി. ചരിത്രത്തില്‍ ഉഗ്രപ്രതാപികളായി വാണിരുന്ന വെസ്റ്റ് ഇന്‍ഡീസ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ട്വി-20 ക്രിക്കറ്റിലല്ലാതെ ഒരു മേല്‍വിലാസമുണ്ടാക്കിട്ടിയിട്ടില്ല. ചരിത്രത്തില്‍ അവരെ നിര്‍ണയിച്ച ഏകദിന, ടെസ്റ്റ് മത്സര ഫോര്‍മാറ്റുകളില്‍ പഴയ പ്രതാപത്തിന്റെ നിഴല്‍ പോലും അവര്‍ക്കില്ലാതെ വന്ന സന്ദര്‍ഭത്തിലാണ്, ഇതിഹാസതാരം ബ്രയന്‍ ലാറ പറഞ്ഞത്, 'A resurgence is needed.West Indies Cricket needs a resurgence'. അതേ വെസ്റ്റ് ഇന്‍ഡിസിന്റെ ചരിത്രമറിയുന്ന ഏതൊരു ക്രിക്കറ്റ് പ്രേമിയും ആ ഉയിര്‍പ്പിനായി തന്നെയാണ് കാത്തിരിക്കുന്നത്.

Comments