ക്രിക്കറ്റ് വ്യാകരണവിരോധികളുടെ കളിയാണ്

ഇന്ത്യ ഇനി ലോകകപ്പ് ജയിക്കുമോ എന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ട്. പക്ഷേ അതിനേക്കാൾ വിലപ്പെട്ട വേറൊരു ചോദ്യമുണ്ട്- ഒരു കപിലോ ധോണിയോ ഇനി ഉണ്ടാകുമോ?

''2003-ലെ ലോകകപ്പിൽ ഞാൻ നയിച്ച ഇന്ത്യൻ ടീമിൽ മഹേന്ദ്രസിംഗ് ധോണി കൂടി ഉണ്ടാവണമായിരുന്നു എന്ന് ഞാൻ പിന്നീട് ചിന്തിച്ചിട്ടുണ്ട്. പക്ഷേ അക്കാലത്ത് ധോണി ഇന്ത്യൻ റെയിൽവേയിൽ ടിക്കറ്റ് കളക്ടറുടെ ജോലി ചെയ്യുകയായിരുന്നു...''
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻകാലനായകനായ സൗരവ് ഗാംഗുലിയുടെ ആത്മകഥയിലെ വരികളാണിത്. 2003-ലെ ലോകകപ്പ് ഫൈനലിലെ പരാജയം നമ്മെ ഇന്നും വേദനിപ്പിക്കുന്നുണ്ട്. അന്ന് റിക്കി പോണ്ടിങ്ങിന്റെ ഓസ്ട്രേലിയൻ ടീം ഉയർത്തിയ പടുകൂറ്റൻ ടോട്ടലിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയത് വീരേന്ദർ സെവാഗായിരുന്നു. ഓപ്പണറായിരുന്ന സെവാഗിന് കൂട്ടായി ധോണി എന്ന ഫിനിഷർ കൂടിയുണ്ടായിരുന്നുവെങ്കിൽ ആ ലോകകപ്പ് ജയിക്കാമായിരുന്നു എന്ന് ഗാംഗുലി വിശ്വസിക്കുന്നുണ്ടാവണം.
പുതിയ ക്രിക്കറ്റ് ലോകകപ്പ് വിരുന്നിനെത്തുമ്പോഴെല്ലാം ധോണിയുടെ പേര് ചർച്ചകളിൽ സജീവമാകാറുണ്ട്. ധോണിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ഏകദിന ലോകകപ്പും ടി-20 ലോകകപ്പും വിജയിച്ചിരുന്നു. അവക്കുപുറമെ ഒരു ചാമ്പ്യൻസ് ട്രോഫി കൂടി ധോണിയുടെ ശേഖരത്തിലുണ്ട്.

2007 ലെ ട്വന്റി ട്വന്റി വേൾഡ് കപ്പിലെ പാകിസ്ഥാനെതിരെയുള്ള ഫൈനൽ മൽസരത്തിൽ ധോണി

പലപ്പോഴും അത്ഭുതം തോന്നാറുണ്ട്. ധോണി എന്ന നായകന് എങ്ങനെയാണ് ഇത്രയേറെ കിരീടങ്ങൾ അണിയാൻ സാധിച്ചത്?
മുംബൈ, ബാംഗ്ലൂർ, ചെന്നൈ, ദൽഹി തുടങ്ങിയ മഹാനഗരങ്ങളിലെ കളിക്കാരാണ് എന്നും ഇന്ത്യൻ ക്രിക്കറ്റിനെ ഭരിക്കാറുള്ളത്. കോച്ചിംഗ് മാനുവൽ അനുസരിച്ച് ബാറ്റ് വീശുന്നവർ. അടിയുറച്ച ടെക്നിക്കുകൾ കൈമുതലായി ഉള്ള അത്‍ലറ്റുകൾ.
റാഞ്ചി എന്ന ചെറിയ പട്ടണത്തിൽ  ജനിച്ചുവളർന്ന ധോണി അവരിൽനിന്ന് തികച്ചും വ്യത്യസ്തനായിരുന്നു. അദ്ദേഹത്തിന് ഔപചാരികമായ ക്രിക്കറ്റ് വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. ഒരു കോപ്പിബുക്ക് ഷോട്ട് പോലും ധോണി നേരേ ചൊവ്വേ കളിക്കില്ല. പക്ഷേ ധോണി അമരത്ത് നിലയുറപ്പിച്ചതോടെ ഇന്ത്യൻ ടീമിന്റെ ഗതി തന്നെ മാറിമറിഞ്ഞു.
ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് കളി പഠിച്ചില്ല എന്നതായിരുന്നു ധോണിയുടെ ഏറ്റവും വലിയ കരുത്ത്. അതുകൊണ്ട് ധോണിയുടെ പ്രതിഭയ്ക്ക് നിയന്ത്രണങ്ങളോ പരിമിതികളോ ഉണ്ടായില്ല.

ഓർത്തഡോക്സ് ആയ ഒരു ബാറ്റർ പന്ത് ബൗണ്ടറി കടന്നതുകൊണ്ട് മാത്രം തൃപ്തനാവില്ല. തൻറെ പാദചലനങ്ങളും തലയുടെ സ്ഥാനവും കൃത്യമായിരുന്നു എന്ന് അയാൾ ഉറപ്പുവരുത്തും.


നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്-
''അമേരിക്കയിലെ പ്രശസ്ത നോവലിസ്റ്റായിരുന്ന സ്കോട്ട് ഫിസ്ജെറാൾഡ് തിരക്കഥാകൃത്ത് എന്ന നിലയിൽ പരാജയമായിരുന്നു. തിരക്കഥാരചന സാങ്കേതികമായ ഒരു സംഗതിയാണെന്ന് സ്കോട്ട് തെറ്റിദ്ധരിച്ചു. ഷോട്ടുകൾ, ക്യാമറ ആംഗിളുകൾ മുതലായ കാര്യങ്ങളെക്കുറിച്ച് വല്ലാത്ത ശ്രദ്ധ ചെലുത്തി. അങ്ങനെ തിരക്കഥയുടെ ആത്മാവ് നഷ്ടപ്പെടുകയും ടെക്നിക്കുകൾ മുന്നിട്ട് നിൽക്കുകയും ചെയ്തു...''
സാങ്കേതികതകൾ മനുഷ്യരുടെ കഴിവിന് ചിലപ്പോഴെങ്കിലും കടിഞ്ഞാണിടാറുണ്ട്. ഇതിൻറെ പ്രതിഫലനം ക്രിക്കറ്റിലും കാണാറുണ്ട്.
ഓർത്തഡോക്സ് ആയ ഒരു ബാറ്റർ പന്ത് ബൗണ്ടറി കടന്നതുകൊണ്ട് മാത്രം തൃപ്തനാവില്ല. തൻറെ പാദചലനങ്ങളും തലയുടെ സ്ഥാനവും കൃത്യമായിരുന്നു എന്ന് അയാൾ ഉറപ്പുവരുത്തും. ചില കളിക്കാരെ ഇത്തരം ടെക്നിക്കുകൾ ശ്വാസം മുട്ടിക്കാറുണ്ട്. ഇന്ത്യൻ ക്രിക്കറ്റിൻറെ വരദാനം എന്ന് വിലയിരുത്തപ്പെട്ട സഞ്ജയ് മഞ്ജരേക്കറുടെ കരിയർ തകർന്നുപോയത് അങ്ങനെയാണ്. ടെക്നിക്കിൽ പരിപൂർണ്ണത കൈവരിക്കാനുള്ള ശ്രമത്തിനിടയിൽ റൺസ് സ്കോർ ചെയ്യാനുള്ള സിദ്ധി സഞ്ജയിന് കൈമോശം വന്നു!

ശ്രീലങ്കക്കെതിരെയുള്ള 2011 വേൾഡ് കപ്പ് ഫൈനലിൽ യുവരാജിനെ കൂട്ട് പിടിച്ച് ധോണി ഇന്ത്യക്ക് കിരീടം സമ്മാനിക്കുന്നു

ധോണി പ്രായോഗികതയിൽ വിശ്വസിച്ചിരുന്ന ബാറ്ററായിരുന്നു. ബാറ്റിന്റെ എഡ്ജ് മുഖേന ബൗണ്ടറി ലഭിച്ചാലും ധോണി സന്തുഷ്ടനായിരുന്നു. ടീമിന്റെ ജയം മാത്രം ലക്ഷ്യമിട്ടാണ് ധോണി ബാറ്റ് വീശിയിരുന്നത്. സാങ്കേതികതയോടുള്ള ഈ നിഷേധം തന്നെയാണ് അദ്ദേഹത്തിന്റെ നായകത്വത്തിലും പ്രതിഫലിച്ചത്.

2007-ലെ ടി-20 ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിൽ വെച്ച് ഇന്ത്യ പാക്കിസ്ഥാനെ ബോൾ ഔട്ടിൽ പരാജയപ്പെടുത്തിയിരുന്നു. ധോനിയുടെ സ്ട്രീറ്റ് സ്മാർട്ട്നെസ് ആണ് ആ കളിയിൽ നിർണ്ണായകമായത്. ബോൾ ഔട്ടിന്റെ സമയത്ത് പാക് വിക്കറ്റ് കീപ്പർ സ്ഥിരം പൊസിഷനിൽ തന്നെയാണ് നിന്നത്. എന്നാൽ ധോനി സ്റ്റംമ്പ്സിന്റെ കൃത്യം പുറകിലായി നിലയുറപ്പിച്ചു. അതോടെ ഇന്ത്യൻ ബോളർമാർക്ക് എളുപ്പത്തിൽ ലക്ഷ്യം ഭേദിക്കാൻ കഴിഞ്ഞു. ഒരു 'ടെക്നിക്കൽ ക്രിക്കറ്റർ' ആ രീതിയിൽ ചിന്തിക്കാനിടയില്ല.

തെരുവിലെ ടെന്നീസ് ബോൾ ക്രിക്കറ്റിൽ കൊണ്ടും കൊടുത്തും വളർന്നതിന്റെ ചങ്കൂറ്റമാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിലേയ്ക്ക് കൊണ്ടുവന്നത്. 2011-ലെ ലോകകപ്പ് ഫൈനലിൽ ഉജ്ജ്വല ഫോമിലായിരുന്ന യുവ് രാജ് സിങ്ങിനുമുമ്പേ ബാറ്റിങ്ങിനിറങ്ങിയതും ടീമിനെ ജയിപ്പിച്ചതും ചങ്കൂറ്റത്തിന്റെ പ്രകടനമായിരുന്നു.

ധോണിയുടെ വിക്കറ്റ് കീപ്പിങ്

2007-ലെ ടി-20 ലോകകപ്പ് ഫൈനലിലെ അവസാന ഓവർ ജോഗീന്ദർ ശർമ്മ എന്ന പുതുമുഖത്തിന് നൽകിയ ധോണിയുടെ ബ്രില്യൻസിനെപ്പറ്റി എല്ലാവരും സംസാരിക്കാറുണ്ട്. 2013-ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ തോൽവിയിലേയ്ക്ക് നീങ്ങുകയായിരുന്ന ഘട്ടത്തിൽ ഇഷാന്ത് ശർമ്മയിലൂടെ മത്സരം തിരിച്ചുപിടിച്ചതും അസാധാരണമായ നീക്കമായിരുന്നു.

കപിൽ ദേവിന്റെ ബാറ്റിംഗ്

ധോണിക്കുമുമ്പ് ഇന്ത്യയിലേക്ക് ലോകകിരീടം കൊണ്ടുവന്നത് കപിൽദേവായിരുന്നു. ഒരു ചെറിയ പട്ടണത്തിന്റെ സൃഷ്ടി തന്നെയായിരുന്നു കപിലും. ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട സമയത്ത് കപിലിന് കൽപ്പിച്ചു നൽകിയ ഏറ്റവും വലിയ അയോഗ്യത ഇംഗ്ലിഷ് അറിയില്ല എന്നതായിരുന്നു. ''എങ്കിൽ നിങ്ങൾ ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിലെ ആരെയെങ്കിലും നായകനായി നിയമിക്കൂ'' എന്ന് കപിലിന് പറയേണ്ടിവന്നു.

കപിൽ എന്ന ബാറ്ററുടെ ടെക്നിക് വളരെ ലളിതമായിരുന്നു. ''See the ball; hit the ball'' എന്ന സിദ്ധാന്തമാണ് കപിൽ നെഞ്ചിലേറ്റിയത്. സാങ്കേതികതയുടെ ഭാരമില്ലാതെ കളിച്ച കപിൽ അക്കാലത്ത് അതിശക്തരായിരുന്ന വെസ്റ്റ് ഇൻഡീസിനെ അടിയറവ് പറയിച്ചിട്ടാണ് ലോകകിരീടം ചൂടിയത്.

ടെക്നിക്കിന് നൽകിയിരുന്ന അമിതപ്രാധാന്യം തുടച്ചുനീക്കിയപ്പോഴാണ് 1996-ൽ ശ്രീലങ്ക ലോകകപ്പിൽ ജേതാക്കളായത്. അതിനുശേഷം അൺഓർത്തഡോക്സ് ആയ നിരവധി കളിക്കാർ അവിടെ ജന്മം കൊള്ളുകയും ശ്രീലങ്കൻ ടീം കൂടുതൽ ശക്തമാവുകയും ചെയ്തു. ലസിത് മലിംഗ, അജാന്ത മെൻഡിസ് തുടങ്ങിയവരെല്ലാം ഉദാഹരണങ്ങൾ. ഈ നിരീക്ഷണം നടത്തിയത് ശ്രീലങ്കയുടെ ഇതിഹാസതാരമായ കുമാർ സംഗക്കാരയാണ്.

ക്രിക്കറ്റിലെ വ്യാകരണങ്ങളെയും ചിട്ടവട്ടങ്ങളെയും വകവെയ്ക്കാത്ത നായകൻമാരാണ് പലപ്പോഴും വലിയ നേട്ടങ്ങൾ കൊയ്തിട്ടുള്ളത്. ബൗൺസറുകളെ ശരീരം കൊണ്ട് തടുത്തിട്ടിരുന്ന, ഫുട് വർക്കിന്റെ മാഹാത്മ്യത്തെക്കുറിച്ച് ചിന്തിക്കാതിരുന്ന ധോണി ഏറ്റവും വലിയ വ്യാകരണവിരോധിയായിരുന്നു.

ഇന്ത്യ ഇനി ലോകകപ്പ് ജയിക്കുമോ എന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ട്. പക്ഷേ അതിനേക്കാൾ വിലപ്പെട്ട വേറൊരു ചോദ്യമുണ്ട്- ഒരു കപിലോ ധോണിയോ ഇനി ഉണ്ടാകുമോ?

Comments