‘മാലിക്​’എന്ന സിനിമയിൽ ഫഹദ്​ ഫാസിൽ

ഫഹദ് എന്ന വിമത ശരീരം

നിരന്തരം രാഷ്ട്രീയം സംസാരിക്കുന്ന ന്യൂജനറേഷൻ: കഴിഞ്ഞ ഒരു ദശകത്തിലെ മലയാള സിനിമയുടെ രാഷ്ട്രീയവും സൗന്ദര്യശാസ്ത്രവും വിശകലനം ചെയ്യുന്നു

‘‘കോവിഡ് കാലത്ത് നിർമിക്കപ്പെട്ട സുപ്രധാന സിനിമ''യെന്ന് ജോജിയെ കുറിച്ച്ദി ന്യൂയോർക്കർ എഴുതിയപ്പോൾ ഓസ്‌കർ കിട്ടിയ സന്തോഷമായിരുന്നു മലയാള സിനിമാ പ്രേക്ഷകർക്ക്. പ്രത്യേകിച്ചും പുതുതലമുറ സിനിമയുടെ ആരാധകർക്ക്. 1985ൽ ഇറങ്ങിയ കെ. ജി. ജോർജ്ജിന്റെ ഇരകളിൽ പറഞ്ഞതിൽ കൂടുതലൊന്നും ജോജിയിൽ ഇല്ല എന്ന വിമർശനം നവ സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്‌പോയിലർ അലേർട്ട് ആയി വ്യാപിക്കുമ്പോൾ തന്നെ ആയിരുന്നു വെറും മൂന്നരക്കോടി ജനങ്ങൾ മാത്രം സംസാരിക്കുന്ന പ്രാദേശിക ഭാഷയിലെടുക്കപ്പെട്ട ഒരു ഇന്ത്യൻ സിനിമയെ കുറിച്ച് ന്യൂയോർക്കർ എന്ന ഒന്നാംകിട അമേരിക്കൻ മാധ്യമം എഴുതുന്നത്. പ്രമേയത്തിലെ കോപ്പിയടി ആരോപണത്തിലെ ബാലിശമായ വാദമുഖങ്ങൾ അവിടെ നിൽക്കട്ടെ. പക്ഷേ രണ്ടു സിനിമകളും ഉണ്ടായ കാലത്തിന് അസാധാരണമായ ചില സാമ്യതകളുണ്ട് എന്നത് സൂക്ഷ്മ വിശകലനത്തിൽ കണ്ടെത്താൻ സാധിയ്ക്കും.

ജവഹർലാൽ നെഹ്‌റുവിന്റെ കാർമികത്വത്തിൽ സ്വതന്ത്ര ഇന്ത്യ ആധുനിക സമൂഹമായി പരിണമിക്കാൻ തുടങ്ങിയതിന്റെ ഉത്പന്നമാണ് ഇരകൾ എന്നു വേണമെങ്കിൽ പറയാം. ഇന്ത്യൻ സിനിമ വ്യവസായമെന്ന നിലയിലും കലാരൂപമെന്ന നിലയിലും ഗതിവേഗം പ്രാപിച്ച വർഷമാണ് 1950കളും 60കളും. ഫിലിം എൻക്വയറി കമീഷനും അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലും ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടും ഫിലിം ഫിനാൻസ് കോർപ്പറേഷനും ഒക്കെ തുടങ്ങിയതും ലോക സിനിമയുടെ ഭാവുകത്വ പരിണാമങ്ങളും രാഷ്ട്രീയ ഉള്ളടക്കവും ഇന്ത്യൻ യുവാക്കളെ ആവേശം കൊള്ളിച്ചതും ഈ കാലത്താണ്. കെ. ജി. ജോർജ്ജ് എന്ന സംവിധായകൻ ആ യുവതയുടെ പ്രതീകമായിരുന്നു. സിനിമയുടെ സൗന്ദര്യശാസ്ത്രവും പ്രത്യയശാസ്ത്രവും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയ അയാളിൽ അടിയന്തരാവസ്ഥക്കാലത്തെ ഫാസിസ്റ്റ് വാഴ്ച ഉണ്ടാക്കിയ പ്രതികരണങ്ങളാണ് ഇരകളായി രൂപാന്തരപ്പെട്ടത്.

ഇരകൾ എന്ന സിനിമയുടെ രാഷ്ട്രീയ പശ്ചാത്തലം ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ കാലമാണെങ്കിൽ ജോജിയുടേത്​ നരേന്ദ്ര മോദിയുടെ അപ്രഖ്യാപിത അടിയന്തിരാവസ്ഥാ കാലമാണ്.

സാറാസും മാലിക്കും വരെ

ജോജിയുടെ സംവിധായകൻ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാംപുഷ്‌ക്കരനും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമ പഠിച്ചു വന്നവരല്ല. അതവർക്ക് ഒരു അയോഗ്യതയുമല്ല. കാരണം 1990 കളിൽ ആഗോളവത്ക്കരണം തുറന്നുകൊടുത്ത പുതിയ വാതായനങ്ങളുടെ ഉൽപ്പന്നങ്ങളാണ് അവർ. ചലച്ചിത്രോത്സവങ്ങളും ടോറൻറ്​ സൈറ്റുകളും നഗരങ്ങളിലെ സിനിമാ ഡി.വി.ഡികളുടെ ഗ്രേ മാർക്കറ്റുകളും സ്ട്രീമിങ് പ്ലാറ്റ് ഫോമുകളും അവർക്ക് കാഴ്ചയുടെ അതിരുകളില്ലാത്ത ലോകം കാണിച്ചുകൊടുത്തു. ലോകസിനിമയിലെ മാറുന്ന പ്രവണതകൾ തങ്ങളുടെ ലാപ്‌ടോപ്പിന്റെയും മൊബൈലിന്റെയും ചെറു ചതുരത്തിൽ കണ്ടും അറിഞ്ഞും അനുഭവിച്ചും അവർ പഠിച്ചു. പുതുസിനിമയെ കുറിച്ച് അവർ ഒന്നിച്ചിരുന്ന്​ സ്വപ്നങ്ങൾ നെയ്തു. ആ സ്വപ്നങ്ങളുടെ നിരവധിയായ സാക്ഷാത്ക്കാരങ്ങളിൽ ഒന്നാണ് ജോജി.
1950-85 എന്ന മൂന്നുപതിറ്റാണ്ടുകാലമാണ് ഇരകളെ സൃഷ്ടിച്ചതെങ്കിൽ 1990-2021 എന്ന മൂന്നുപതിറ്റാണ്ട് കാലമാണ് ജോജിയെ സൃഷ്ടിച്ചത്. ആദ്യ സിനിമയുടെ രാഷ്ട്രീയ പശ്ചാത്തലം ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ കാലമാണെങ്കിൽ രണ്ടാമത്തേതിന്റേത് നരേന്ദ്ര മോദിയുടെ അപ്രഖ്യാപിത അടിയന്തിരാവസ്ഥാ കാലമാണ്. ഇന്ത്യാ പാക് വിഭജനവും ഗാന്ധി വധവും ആദ്യ ഘട്ടത്തിൽ മുറിവുകളായെങ്കിൽ 1992ലെ ബാബറി മസ്ജീദ് തകർക്കൽ രണ്ടാം ഘട്ടത്തിന്റെ ഉണങ്ങാത്ത മുറിവാണ്. തട്ടുപൊളിപ്പൻ അസംബന്ധ ജഡിലമായ പടപ്പുകളിൽ നിന്നു വഴിമാറി മുഖ്യധാരാസിനിമയിലെ പുതിയ തലമുറ എന്തുകൊണ്ട് രാഷ്ട്രീയം സംസാരിക്കുന്ന സിനിമകൾ എടുക്കുന്നു എന്ന ചോദ്യത്തെ മൂർത്തമായ ഈ ചരിത്ര സാമ്യതയിൽ നിന്നും സാഹചര്യത്തിൽ നിന്നും കൊണ്ട് വിശകലനം ചെയ്യുന്നത് ഒരു ദിശാസൂചിയാകും എന്ന കാര്യത്തിൽ സംശയമില്ല.

ശ്യാം പുഷ്ക്കരൻ, ദിലീഷ് പോത്തൻ.

സംവിധാനം, തിരക്കഥ, അഭിനയം, ഛായാഗ്രഹണം, എഡിറ്റിംഗ് തുടങ്ങി സിനിമയുടെ സർവ മേഖലകളിലും പുതിയ തലമുറയുടെ കടന്നുവരവിന് സാക്ഷ്യം വഹിച്ച കഴിഞ്ഞ ഒരു ദശാബ്ദക്കാലം എണ്ണം പറഞ്ഞ 100 സിനിമകൾ എങ്കിലും ഗുണമേന്മയുടെ അടിസ്ഥാനത്തിൽ ഉദാഹരിക്കാവുന്ന തരത്തിലേക്ക് മലയാള സിനിമ വളർന്നു കഴിഞ്ഞിരിക്കുന്നു എന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ പറയാൻ കഴിയും. ഒ.ടി.ടി യുഗത്തിലേക്ക് കൂടി ചുവടുവെച്ചതോടെ മലയാള സിനിമയെ കാത്തിരിക്കുന്നത് ഒരു സുവർണകാലമാണ് എന്ന് സങ്കൽപ്പിച്ചാൽ അതൊരു അതിമോഹമായിരിക്കില്ല എന്നാണ് ഏറ്റവും ഒടുവിൽ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സാറാസും മാലിക്കും തെളിയിക്കുന്നത്.

2010 ഓടെയാണ് മറ്റൊരു ‘ന്യൂ ജനറേഷൻ' മലയാള സിനിമയിൽ ഉദയം ചെയ്യുന്നത്. പ്രമേയ സ്വീകരണത്തിലും ആഖ്യാനത്തിലും കഥാപാത്ര അവതരണത്തിലും പുതിയ കാറ്റ് വീശിത്തുടങ്ങി എന്നത് എങ്ങും വ്യക്തമായിരുന്നു.

രണ്ട്​ ന്യൂ ജനറേഷനുകൾ

1970കളുടെ ഒടുവിലും 80കളിലും സജീവമായിരുന്ന ഒരു ന്യൂ ജനറേഷൻ മലയാള സിനിമയിൽ ഉണ്ടായിരുന്നു. കെ.ജി. ജോർജ്ജും ഭരതനും പത്മരാജനും ഐ. വി. ശശിയും മോഹനും ഒക്കെ നയിച്ച ഒരു തലമുറ. എം. ടി. വാസുദേവൻ നായരുടെ ശക്തമായ എഴുത്തും ഇതിന് പിന്തുണയായി ഉണ്ടായിരുന്നു. ‘നിഷ്ഠൂരമായ' റിയലിസമായിരുന്നു ഇവരുടെ മുഖമുദ്ര. തകരയും ലോറിയും ഇരകളും പെരുവഴിയമ്പലവും അരപ്പട്ടകെട്ടിയ ഗ്രാമവും തൃഷ്ണയും അവളുടെ രാവുകളും ഇളക്കങ്ങളുമൊക്കെ ഈ കാലത്ത് പിറന്നുവീണു. പത്മരാജന്റെ തിരക്കഥയിൽ കെ. ജി. ജോർജ്ജ് സംവിധാനം ചെയ്ത ഹിപ്പിയിസത്തിന്റെ കഥ പറഞ്ഞ രാപ്പാടികളുടെ ഗാഥ പോലുള്ള വേറിട്ട സിനിമകൾ ഈ കാലത്ത് നിർമിക്കപ്പെട്ടു. ജനപ്രിയ സിനിമയുടെ ഫോർമാറ്റിൽ നിർമിക്കപ്പെട്ട ഈ ചലച്ചിത്രങ്ങളെല്ലാം അസാമാന്യമായ കഥകളും കഥാപാത്രങ്ങളെയും പ്രേക്ഷകരുടെ മുന്നിലെത്തിച്ചു. മരംചുറ്റി പ്രണയവും കണ്ണീർപടങ്ങളും അധോലോക കസർത്തുകളും അടക്കിഭരിച്ചിരുന്ന പ്രമേയ പരിസരത്ത് ജീവിതത്തിന്റെ പരുക്കൻ ചിത്രങ്ങൾ ഇവർ കോറിയിട്ടു.

കെ.ജി. ജോർജ്ജ്, ഭരതൻ, പത്മരാജൻ, ഐ.വി. ശശി, മോഹൻ, എം.ടി. വാസുദേവൻ നായർ

2010 ഓടെയാണ് മറ്റൊരു ‘ന്യൂ ജനറേഷൻ' മലയാള സിനിമയിൽ ഉദയം ചെയ്യുന്നത്. രാജേഷ് പിള്ള സംവിധാനം ചെയ്ത്​ 2011ൽ പ്രദർശനത്തിനെത്തിയ ട്രാഫിക്കിലാണ് ഇതിന്റെ തുടക്കം എന്നൊക്കെയുള്ളത് കൂടുതൽ ചർച്ചയ്ക്ക് വിധേയമാകേണ്ട അവകാശവാദങ്ങളാണെങ്കിൽ കൂടി പ്രമേയ സ്വീകരണത്തിലും ആഖ്യാനത്തിലും കഥാപാത്ര അവതരണത്തിലും പുതിയ കാറ്റ് വീശിത്തുടങ്ങി എന്നത് എങ്ങും വ്യക്തമായിരുന്നു. മൂന്നോ നാലോ പ്ലോട്ടുകൾ, രേഖീയമല്ലാത്ത കഥ പറച്ചിൽ രീതി, തുച്ഛമായ കഥാപാത്രങ്ങൾ, പരിമിതമായ ഇടങ്ങൾ, മണിക്കൂറുകൾ മാത്രം ദൈർഘ്യമുള്ള കാലം, മറയില്ലാത്ത തുറന്ന സംഭാഷണങ്ങൾ, നഗര കേന്ദ്രീകൃത പശ്ചാത്തലം- ഒരു ന്യൂ ജനറേഷൻ സിനിമയെ ഇങ്ങനെയൊക്കെ ആയിരുന്നു ആദ്യകാലത്ത് വർഗീകരിച്ചിരുന്നത്. ആഷിക് അബു, രാജീവ് രവി, അൻവർ റഷീദ്, അമൽ നീരദ് തുടങ്ങി നിരവധി യുവ സംവിധായകർ പുതുതരംഗ സിനിമകളുമായി രംഗത്തെത്തി.

ആഷിക് അബുവിന്റെ സാൾട്ട് ആൻഡ് പെപ്പറും (2011), ലിംഗഛേദം നടത്തപ്പെടുന്ന താര നായകനെ അവതരിപ്പിച്ച 22 ഫീമെയിൽ കോട്ടയവും (2012) സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള വിഷയ സ്വീകരണത്തിലൂടെ പുതുതലമുറ സിനിമയ്ക്ക് ഉൾക്കാമ്പ് നൽകി. അതോടെ; രൂപത്തിലല്ല, പറയുന്നത്​ എന്താണ്​എന്നതിലാണ് കാര്യം എന്നതിന് പ്രാമുഖ്യം കൈ വന്നു തുടങ്ങി. അവിടുന്നിങ്ങോട്ടുള്ള പത്ത് വർഷം രാഷ്ട്രീയ ഉള്ളടക്കം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ നിരവധി സിനിമകൾ മലയാളത്തിൽ സൃഷ്ടിക്കപ്പെട്ടു.

‘സാൾട്ട് ആൻഡ് പെപ്പറി’ൽ ശ്വേത മേനോൻ

അരികു ജീവിതങ്ങളും നഗരവത്ക്കരണവും

രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും (2013) കമ്മട്ടിപ്പാടവും (2016) ആഗോളവത്ക്കരണം ഗതിവേഗം പകർന്ന നഗരവത്ക്കരണം പ്രാന്തവത്ക്കരിച്ച ചില മനുഷ്യരുടെ കഥയാണ് പറഞ്ഞത്. അന്നയും റസൂലും എന്ന സിനിമയിൽ ഇരു സമുദായത്തിൽ പെട്ട രണ്ടുപേരുടെ പ്രണയമാണ് രാഷ്ട്രീയം പറയാനുള്ള മാധ്യമമെങ്കിൽ കമ്മട്ടിപ്പാടത്തിൽ ദളിത് വിഭാഗത്തിലും ഉന്നത ജാതിയിലും പെട്ട രണ്ടു പേരുടെ സൗഹൃദമാണ് മീഡിയം. ജനപ്രിയ കഥാശരീരത്തിലേക്ക് അരികുജീവിതങ്ങളുടെ രാഷ്ട്രീയം അതിശക്തമായി ചേർത്തു വെയ്ക്കാൻ പറ്റി എന്നതാണ്​ ഈ രണ്ടു സിനിമകളുടെയും വിജയം. കെട്ടിപ്പൊക്കപ്പെടുന്ന ഓരോ നഗരത്തിന്റെ അടിയിലും ഒരു കമ്മട്ടിപ്പാടവും ഗംഗമാരും ഉണ്ടെന്ന് പറഞ്ഞുവെക്കുകയും അവരുടെ ജീവിത വേരുകളുടെ ജൈവികമായ പടരൽ എളുപ്പത്തിലൊന്നും തടയാൻ പറ്റുന്നതല്ല എന്നുറപ്പിക്കുകയും ചെയ്യുന്ന കമ്മട്ടിപ്പാടത്തിലെ വിനായകൻ അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ദളിത് കഥാപാത്രങ്ങളിൽ ഒന്നായി മാറി. ആ ചിത്രത്തിലെ അഭിനയത്തിന്​ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം വിനായകന് നേടാൻ കഴിഞ്ഞത് താരപ്പൊലിമയ്‌ക്കേറ്റ ശക്തമായ തിരിച്ചടികളിൽ ഒന്നാണ്.

‘കമ്മട്ടിപ്പാട’ത്തിൽ വിനായകൻ

ഭരണകൂട ഹിംസയും മനുഷ്യാവകാശവും

‘നിഷ്‌കളങ്കതയെ കുറിച്ചുള്ള നഷ്ടബോധമാണ് ഓരോ കലാപത്തിന്റെയും കാതൽ' എന്ന മുഖവാക്യത്തിൽ ആരംഭിക്കുന്ന, രാജീവ് രവിയുടെ സംവിധാനത്തിൽ 2014ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസും ആഷിക് അബുവിന്റെ മായാനദിയും (2017) ഭരണകൂടവും പൗരനും തമ്മിലുള്ള ഹിംസാത്മക ബന്ധത്തെ നോക്കിക്കാണുന്ന സിനിമകളാണ്. രണ്ടിലെയും നായക കഥാപാത്രങ്ങൾ സാധാരണക്കാരാണ്. രണ്ടു പേരും ചിത്രാന്ത്യത്തിൽ കൊല്ലപ്പെടുകയാണ്. ഒരാൾ ഭരണകൂടത്തിനുവേണ്ടി നിഗൂഢ നീതി നടത്തിപ്പുകാരായി പ്രത്യക്ഷപ്പെടുന്ന ക്വ​ട്ടേഷൻ ഗുണ്ടകളാലും മറ്റേയാൾ പൊലീസിനാലും. നക്‌സലൈറ്റ് വർഗീസിൽ തുടങ്ങിയ ഏറ്റുമുട്ടൽ കൊലപാതകം എന്ന അനീതി നടത്തിപ്പാണ് മായാനദിയുടെ അന്ത്യം. സമൂഹം അനുഭവിക്കുന്ന സ്വാസ്ഥ്യത്തിന്റെ പിറകിൽ ഭരണകൂടം നിർവഹിക്കുന്ന നിഗൂഡമായ ഹിംസകളുണ്ട് എന്നാണ് രണ്ടു സിനിമകളും പറയുന്നത്.

‘മായാനദി’യിൽ ടൊവീനോ തോമസ്​

ആണത്തത്തിന്റെ രാഷ്ട്രീയം, നീതി നടത്തിപ്പിന്റെ വ്യാജ വഴികൾ

മഹേഷിന്റെ പ്രതികാരം (2016) പ്രദർശനത്തിനെത്തിയപ്പോൾ കേട്ട ഒരു വാചകം ഒരു പത്മരാജൻ സിനിമ പോലെ റിയലിസ്റ്റിക് എന്നായിരുന്നു. ഒരിടത്തൊരു ഫയൽവാനിലും പെരുവഴിയമ്പലത്തിലുമൊക്കെ നമ്മൾ കണ്ട ആണത്തവും അതിൽ അന്തർലീനമായ ഹിംസയും തന്നെയാണ് മഹേഷിന്റെ പ്രതികാരത്തിലും അവതരിപ്പിക്കപ്പെട്ടത്. കഥ പറച്ചിലിന്റെ ലാളിത്യവും ദൃശ്യ ഭാഷയും കഥാപാത്രങ്ങളുടെ ഉൾക്കരുത്തുമാണ് നവഭാവുകത്വ സിനിമകളിലെ എണ്ണംപറഞ്ഞ അനുഭവമാക്കി മഹേഷിനെ മാറ്റിയത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും (2017) എന്ന സിനിമയിൽ യാതൊരു രേഖകളുമില്ലാത്ത അരികു ജീവിയായ ഒരു കള്ളന്റെ കഥയിലൂടെ ആഗോള പ്രാധാന്യമുള്ള കുടിയേറ്റത്തിന്റെ രാഷ്ട്രീയത്തെ തന്നെയാണ് ദിലീഷ് പോത്തൻ അവതരിപ്പിച്ചത്. തിരിച്ചറിയൽ കാർഡ് ഇല്ലാത്തതിനാൽ തൊഴിൽ നഷ്ടപ്പെട്ട് കാസർഗോഡ് എത്തപ്പെട്ടവനാണ് കള്ളൻ. ഭിന്നജാതിയിൽ നിന്ന്​ പ്രേമിച്ച് കല്യാണം കഴിച്ചു നാട് വിട്ടോടി കാസർഗോഡ് എത്തിയവരാണ് സുരാജിന്റെയും നിമിഷയുടെയും നവദമ്പതിമാരുടെ കഥാപാത്രങ്ങൾ. എങ്ങനെയാണ് നീതിനടത്തിപ്പിലെ പ്രധാന സംഗതിയായ മൊഴി പൊലീസ് വ്യാജമായി സൃഷ്ടിച്ചെടുക്കുന്നത് എന്നതിന്റെ ക്ലാസിക് ഉദാഹരണമാണ് സിനിമ. പലായനത്തിന്റെയും നീതിനിർവഹണത്തിന്റെയും അതിജീവനത്തിന്റെയും രാഷ്ട്രീയം തന്നെയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും സംസാരിക്കുന്നത്.

‘തൊണ്ടിമുതലും ദൃക്​സാക്ഷിയും’ എന്ന സിനിമയിൽ ഫഹദ്​ ഫാസിൽ, അലൻസിയർ

ആഗോള രാഷ്ട്രീയം കേന്ദ്ര പ്രമേയമാകുമ്പോൾ

ആഗോള സ്വഭാവമുള്ള ഭൗമ രാഷ്ട്രീയ പ്രധാനമായ കഥാ പരിസരമാണ് ടെയ്ക്ക് ഓഫ്, സുഡാനി ഫ്രം നൈജീരിയ, സി. ഐ. എ- കോമ്രേഡ് ഇൻ അമേരിക്ക എന്നീ സിനിമകളെ വ്യത്യസ്തമാക്കുന്നത്. മലയാളിയുടെ പ്രവാസ ചരിത്രത്തിലെ സംഭ്രമജനകമായ ഒരു സംഭവകഥയെ അടിസ്ഥാനമാക്കി നിർമ്മിച്ച മഹേഷ് നാരായണന്റെ ടെയ്ക്ക് ഓഫ് (2017) എന്ന സിനിമയിൽ, തീവ്രവാദവും ആഭ്യന്തര യുദ്ധവും വംശീയ ഉൻമൂലനവും കൊടികുത്തിവാഴുന്ന പശ്ചിമേഷ്യൻ രാഷ്ട്രീയമാണ് പശ്ചാത്തലമായി വരുന്നത്. ബന്ധങ്ങൾക്കിടയിലെ ഛിദ്രങ്ങളും അതിജീവനത്തിനുള്ള അടങ്ങാത്ത മനുഷ്യന്റെ ത്വരയും ഒരു സർവൈവൽ ത്രില്ലർ ജോണറിലേക്ക് പരാവർത്തനം ചെയ്തപ്പോൾ ത്രസിപ്പിക്കുന്ന കാഴ്ചാനുഭവം കൂടിയായി അത് മാറി. ആഫ്രിക്കയിൽ നിന്ന്​ ഉപജീവനാർത്ഥം കേരളത്തിലേക്ക് എത്തുന്ന ഒരു നൈജീരിയൻ ഫുട്‌ബോളറുടെ കഥയാണ് സുഡാനി ഫ്രം നൈജീരിയ (2018) പറയുന്നത്. ദാരിദ്ര്യവും അഭയാർഥി പ്രശ്‌നവും സങ്കീർണമായ ഇമിഗ്രേഷൻ, പൗരത്വ നിയമങ്ങളും ഒക്കെ ഈ സിനിമയിൽ ചർച്ചയാവുന്നുണ്ട്. രോഹിങ്ക്യൻ അഭയാർത്ഥി വിഷയവും സന്ദർഭോചിതമായി കടന്നുവരുന്ന ഈ ചിത്രം ലളിത സുന്ദരമായ ഒരു കഥയിലൂടെ ഗൗരവതരമായ രാഷ്ട്രീയം സംവദിക്കാൻ ശ്രമിക്കുന്നു. അമൽ നീരദ് സംവിധാനം ചെയ്ത സി.ഐ.എ- കോമ്രേഡ്​ ഇൻ അമേരിക്കയിൽ (2017) നിയമവിരുദ്ധമായി രാജ്യാതിർത്തികളിലൂടെ നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വിവിധ രാജ്യക്കാരായ മനുഷ്യരുടെ കഥ കടന്നുവരുന്നുണ്ട്. ട്രംപ് ഭരണകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട മെക്‌സിക്കൻ -യു. എസ് അതിർത്തിയിലെ നുഴഞ്ഞുകയറ്റമാണ് പശ്ചാത്തലം.

സിനിമയുടെ സ്ത്രീപക്ഷം

പുതു തലമുറ സിനിമയുടെ ഏറ്റവും പ്രധാന സവിശേഷത സ്ത്രീകൾ മുഖ്യ കഥാപാത്രങ്ങളായി വരുന്ന കഥകൾ പറയാൻ കാണിക്കുന്ന ധീരതയാണ്. 22 ഫീമെയിൽ കോട്ടയത്തിലൂടെയും റാണി പദ്മിനി (2016) യിലൂടെയും ആഷിക് അബു ഏറ്റവും ശക്തമായി പറഞ്ഞുവെച്ച പ്രതലത്തിലേക്ക് നിരവധി സിനിമകളാണ് പിറന്നുവീണത്. ‘‘ഏത് ടൈപ്പ് ചേട്ടനായാലും വേണ്ടില്ല, എടീ പോടീന്നു വിളിക്കാൻ പറ്റില്ല'' എന്ന ഡയലോഗ് ഒരു സൂപ്പർതാര ഡയലോഗ് പോലെ ആഘോഷിക്കപ്പെട്ട കാലമാണിത്. ഈ ഗണത്തിലെ പ്രധാനപ്പെട്ട സിനിമകളാണ് ഉയരെയും സ്റ്റാൻഡ് അപ്പും ഹലാൽ ലൗ സ്റ്റോറിയും സാറാസുമൊക്കെ. കാമുകന്റെ കയ്യാൽ ആസിഡ് അറ്റാക്കിന് വിധേയമായ ഇരയുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ഉയരെയും (2019) കാമുകനാൽ ബലാത്സംഗം ചെയ്യപ്പെട്ട നായികയുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടമായ വിധു വിൻസെൻറിന്റെ സ്റ്റാൻഡ് അപ്പും (2019) വേറിട്ട സൃഷ്ടികളാണ്. സക്കറിയ സംവിധാനം ചെയ്ത ഹലാൽ ലൗ സ്റ്റോറി (2020) മുസ്​ലിം സമുദായത്തിന്റെ പശ്ചാത്തലത്തിൽ പ്രണയത്തെയും ഭാര്യ ഭർതൃ ബന്ധത്തെയും നോക്കിക്കാണുന്ന സിനിമയാണ്. ഇതിലെ ഗ്രെയ്‌സ് ആന്റണിയുടെ സുഹറ സമീപകാലത്തെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിൽ ഒന്നാണ്. ഈ ഗണത്തിൽ പെടുത്താവുന്ന ശക്തമായ രചനകളിൽ ഒന്നാണ് ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസ് (2021). ഗർഭഛിദ്ര അവകാശവും ശരീരത്തിനുമേലുള്ള അധികാരവും സ്ത്രീകൾക്ക് തന്നെയാണ് എന്ന സ്ത്രീപക്ഷ രാഷ്ട്രീയത്തെ അതിശക്തമായി അവതരിപ്പിക്കാൻ സാറാസിന് കഴിഞ്ഞിട്ടുണ്ട്.

22 ഫീമെയിൽ കോട്ടയം എന്ന സിനിമയിൽ ഫഹദ്​ ഫാസിലും റിമ കല്ലിംഗലും, ‘റാണി പത്​മിനി’യിൽ മജ്​ഞു വാര്യർ, റിമ കല്ലിംഗൽ

അഞ്ജലി മേനോൻ (ബാംഗ്ലൂർ ഡേയ്‌സ്, കൂടെ), ഗീതു മോഹൻദാസ് (മൂത്തോൻ), വിധു വിൻസൻറ്​ (മാൻ ഹോൾ, സ്റ്റാൻഡ് അപ്), കാവ്യ പ്രകാശ് (വാങ്ക്) തുടങ്ങിയ വനിതാ സംവിധായകരുടെ മികച്ച സൃഷ്ടികൾ കൊണ്ടും പർവ്വതി (ടെയ്ക്ക് ഓഫ്, ചാർലി, ഉയരെ, ബംഗ്ലൂർ ഡേയ്‌സ്), രജിഷ വിജയൻ (സ്റ്റാൻഡ് അപ്), റിമ കല്ലിങ്കൽ (22 ഫീമെയിൽ കോട്ടയം) നിമിഷ സജയൻ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും, നായാട്ട്), ഐശ്വര്യ ലക്ഷ്മി (വരത്തൻ, മായാനദി), അന്ന ബെൻ (കുമ്പളങ്ങി നൈറ്റ്‌സ്, സാറാസ്) തുടങ്ങിയ നടിമാർ അവതരിപ്പിച്ച മികച്ച കഥാപാത്രങ്ങൾ കൊണ്ടും ശ്രദ്ധേയമായിരുന്നു കഴിഞ്ഞ ദശകം.

എന്താണ് വീട്? കുമ്പളങ്ങി നൈറ്റ്‌സ് പറയുന്നത്

തെരുവിൽ നിന്ന്​ ഒരു കൂരയ്​ക്കുകീഴിലേക്കെത്തിയ രക്തബന്ധമില്ലാത്ത കുറച്ചുപേരുടെ കഥയാണ് ഷോപ്പ് ലീഫ്‌റ്റേഴ്‌സ് എന്ന ജാപ്പനീസ് സിനിമ. കുടുംബം എന്ന സ്ഥാപനത്തെ പ്രശ്‌നവത്ക്കരിക്കാനാണ് കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ നേടിയ ആ ചിത്രം ശ്രമിച്ചത്. അച്ഛനും അമ്മയുമില്ലാത്ത, ഒരു തീട്ടപ്പറമ്പിന് സമീപമുള്ള ചെത്തിത്തേക്കാത്ത വീട്ടിൽ താമസിക്കുന്ന സഹോദരങ്ങളും അവരുടെ ഇടയിലേക്ക് കടന്നുവരുന്ന മൂന്നു സ്ത്രീകളും ചേർന്ന് ഒരു കുടുംബവും വീടും ഉണ്ടാകുന്നതിനെ കുറിച്ചാണ് കുമ്പളങ്ങി നൈറ്റ്‌സ് പറയുന്നത്. സിനിമയിലെ ബോബി എന്ന കഥാപാത്രം നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണ് ഇതൊരു വീടാണോ എന്നത്. ഷൈൻ നിഗം അഭിനയിച്ച വലിയ പെരുന്നാളും (2019) മട്ടാഞ്ചേരിയുടെ പശ്ചാത്തലത്തിൽ ചേരി സമാനമായ ജീവിത സാഹചര്യത്തിൽ കഴിയുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥ പറയുന്നു.

കുമ്പളങ്ങി നൈറ്റ്​സ്​: സൗബിൻ ഷാഹിർ, ഫഹദ്​ ഫാസിൽ, ഷെയ്​ൻ നിഗം, ശ്രീനാഥ്​ ഭാസി

വേട്ടയുടെ ഗാഥകൾ

ഒരു വേട്ടയാടലിന്റെ കഥയാണ് ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കട്ട് (2019). ഒരു മലയോര ഗ്രാമത്തിൽ വെട്ടാൻ കൊണ്ടുവന്നപ്പോൾ പുറത്തു ചാടിയ പോത്തിനെയാണ് ഗ്രാമീണർ ഒന്നടങ്കം വേട്ടയാടൻ ഇറങ്ങുന്നത്. ഹിംസയും അധികാരവും തമ്മിലുള്ള ബന്ധത്തെ സറിയലിസ്റ്റിക് ആയി അവതരിപ്പിച്ച ജല്ലിക്കട്ട് ഈ കാലത്ത് സൃഷ്ടിക്കപ്പെട്ട മനോഹരമായ രചനകളിൽ ഒന്നാണ്. ആദ്യ ചിത്രമായ നായകൻ മുതൽ ആമേൻ (2013) ഡബിൾ ബാരൽ (2015), അങ്കമാലി ഡയറീസ് (2017) ഈ. മ.യൗ (2018) എന്നീ സിനിമകളിലൂടെ പുതുതലമുറയുടെ ദൃശ്യഭാഷയിൽ തന്റേതായ കയ്യൊപ്പ് പതിപ്പിച്ച സംവിധായകനാണ് ലിജോ ജോസ് ​പെല്ലിശ്ശേരി.

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് (2021) മറ്റൊരു വേട്ടയുടെ കഥയാണ് പറയുന്നത്. ഭരണകൂടത്തിന്റെ ഉപകരണങ്ങളായ പൊലീസുകാർ ത്തന്നെയാണ് ഇവിടെ വേട്ടയാടപ്പെടുന്നത്. രാഷ്ട്രീയ മേലാളൻമാരും പോലീസും തമ്മിലുള്ള അവിശുദ്ധമായ കൊടുക്കൽ വാങ്ങലുകളുടെ ഇരകൾ ഇവിടെ അധികാരമുണ്ടെന്ന് കരുതുന്ന പോലീസുകാർ തന്നെയായി മാറുന്നു. അതേസമയം ദളിത് ജന വിഭാഗത്തെ കുഴപ്പക്കാരായി അവതരിപ്പിച്ചു എന്ന വിമർശനവും സിനിമ നായാട്ടിനെതിരെ ഉയരുകയുണ്ടായി. തന്റെ മണ്ണിലേക്ക് അധിനിവേശം നടത്തിയ നായകനെ വേട്ടയാടുന്ന ദളിത് (പ്രതി)നായകന്റെ വിജയത്തിന്റെ കഥയാണ് കള. കുടിയേറ്റത്തിന്റെയും ആദിവാസി ജീവിതത്തിന്റെയും രാഷ്ട്രീയ പരിസരം പറയുന്ന ഈ സിനിമ ആരാണ് യഥാർഥത്തിൽ ‘കള' എന്ന ചോദ്യമാണ് ഉയർത്തുന്നത്.

സദാചാരവും സ്വവർഗ പ്രണയവും

സദാചാര പൊലീസിംഗ് സജീവ ചർച്ചയായി മാറിയ സമയത്താണ് അനുരാജ് മനോഹറിന്റെ ഇഷ്‌ക് (2019) പുറത്തിറങ്ങുന്നത്. സദാചാര സംരക്ഷകരായി നടിക്കുന്ന ആണിനെ വില്ലന്റെയും നായകന്റെയും സ്ഥാനത്ത് നിർത്തി നടുവിരൽ കാട്ടി സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന നായികയാണ് ഇഷ്‌കിലെ താരം. മലയാള സിനിമയിൽ സമീപകാലത്തുണ്ടായ ഏറ്റവും ശക്തമായ ക്ലൈമാക്‌സുകളിൽ ഒന്നാണ് ഈ നടുവിരൽ പ്രതിഷേധം.

യാഥാസ്ഥിതികമായ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ സ്വവർഗ്ഗ പ്രണയത്തെ അവതരിപ്പിച്ച സിനിമയാണ് ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ (2019). ഓഫ് ബീറ്റ് സിനിമകൾ മാത്രം തൊട്ടിരുന്ന ലൈംഗിക ന്യൂനപക്ഷങ്ങളുടെ വിഷയം ഒരു മുഖ്യധാരാ സിനിമയുടെ പ്രമേയ പരിസരത്തിൽ അതിശക്തമായി കടന്നുവരുന്നു എന്നത് പുതുനിര സിനിമാക്കാരുടെ ഉറച്ച രാഷ്ട്രീയ ബോധ്യത്തിന്റെ തെളിവുകൂടിയാണ്.

ഗീതുമോഹൻദാസ്, ലിജോ ജോസ് ​പെല്ലിശ്ശേരി.

ആത്മീയ വ്യവസായവും ഇസ്​ലാമിക രാഷ്ട്രീയവും

എപിക് സ്വഭാവമുള്ള രണ്ടു സിനിമകളാണ് ഫഹദ് ഫാസിൽ നായകനായ ട്രാൻസും മാലികും. അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസ് (2020) ആത്മീയ വ്യവസായത്തിന്റെ അധോലോകങ്ങൾ തുറന്നു കാണിച്ച സിനിമയാണ്. ജാതി- മത ഭേദമന്യേ കോടികൾ മറിയുന്ന ഈ ബിസിനസ് എങ്ങനെയാണ് മനുഷ്യന്റെ ആകുലതയെയും ഭയത്തെയും അരക്ഷിതത്വത്തെയും ചൂഷണം ചെയ്യുന്നത് എന്ന കാര്യം ധീരമായി പറയാൻ ട്രാൻസിന് സാധിച്ചിട്ടുണ്ട്.

ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരുടെ മുൻപിലെത്തിയ മാലിക് വർഗീയ സംഘർഷം എങ്ങനെയാണ് ഭരണകൂടത്തിന്റെയും കോർപ്പറേറ്റ് ഗൂഢാലോചനയുടെയും സൃഷ്ടിയായി മാറുന്നത് എന്നതിന്റെ ഞെട്ടിക്കുന്ന ചിത്രമാണ് അവതരിപ്പിക്കുന്നത്. ബീമാ പള്ളി വെടിവെപ്പുമായി സാദൃശ്യം കൽപ്പിക്കപ്പെടുന്നുണ്ടെങ്കിലും യഥാർത്ഥ സംഭവ കഥകളിൽ നിന്ന്​ വേറിട്ട അസ്തിത്വമുള്ള ഒരു കഥയാണ് മാലിക് പറയുന്നത്. പൊതുസമൂഹം പ്രതിനായകൻമാരായി കരുതുന്നവരല്ല യാഥാർഥ വില്ലൻമാർ എന്നും അവരെല്ലാം ഭരണകൂടത്തിനെ കയ്യിലെ ഉപകരണങ്ങൾ മാത്രമാണെന്നും മാലിക് പറയുന്നു. ഇസ്​ലാമോഫോബിയയുടെ വേരുകൾ എവിടെക്കാണ് നീണ്ടുകിടക്കുന്നത് എന്നും മാലിക് വ്യക്തമാക്കി തരുന്നുണ്ട്.

‘മാലിക്കി’ൽ ഫഹദ് ഫാസിൽ

ഉണ്ട: രാഷ്ട്രീയം സംസാരിച്ച ഏക സൂപ്പർതാര സിനിമ

ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ഉണ്ട (2019)യാണ് ഈ കാലത്ത് പ്രത്യക്ഷ രാഷ്ട്രീയം സംസാരിച്ച ഏക ‘സൂപ്പർ താര' സിനിമ. മാവോയിസ്റ്റ് രാഷ്ട്രീയ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഛത്തീസ്ഗഢിലേക്ക് പോകുന്ന പൊലീസുകാരുടെ കഥ പറഞ്ഞ സിനിമ സേനയ്ക്കുള്ളിലെ ജാതീയതയെ ശക്തമായി തുറന്നുകാട്ടുന്ന ഒന്നായി.

‘ഷമ്മി’ എന്ന ഹീറോ

ഒരു കാലത്ത് ഭരത് ഗോപി എങ്ങനെയാണോ തന്റെ ശരീരം കൊണ്ട് മുഖ്യധാര സിനിമയെ രാഷ്ട്രീയവത്ക്കരിച്ചത് അതിനെക്കാൾ പതിൻമടങ്ങ് ശക്തിയിലാണ് ഫഹദ് ഫാസിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ ഇപ്പോൾ രാഷ്ട്രീയം സംസാരിക്കുന്നത്. ‘ഏത് മരമോന്തയ്ക്കും സിനിമയിൽ അഭിനയിക്കാമെന്നായി' എന്നു പറഞ്ഞത് കബനീനദി ചുവന്നപ്പോൾ എന്ന സിനിമയിലെ നായകനായ ടി. വി. ചന്ദ്രനെ ചൂണ്ടിക്കാട്ടിയാണ് (മങ്കമ്മ). പ്രേംനസീർ പൗഡർ പൂശി തിളങ്ങി നിൽക്കുന്ന കാലത്താണ് കബനീനദി സംഭവിക്കുന്നത് എന്നും ഓർക്കണം. അടൂർ ഗോപാലകൃഷ്ണന്റെ കൊടിയേറ്റത്തിലൂടെ മികച്ച നടനുള്ള അവാർഡ് നേടിയ ഗോപി അഭിനയിച്ച സിനിമകൾ വിതരണം ചെയ്യാൻ വിമുഖത കാണിച്ച കാലവും ഉണ്ടായിരുന്നു. ആ ഇടത്തിലേക്കാണ്
വ്യവസ്ഥാപിത താരത്തിന്റെ രൂപസൗകുമാര്യം ഇല്ലാത്ത ഫഹദ് എന്ന നടൻ സ്വന്തം സിംഹാസനം വലിച്ചിട്ടിരിക്കുന്നത്.

ഭരത് ഗോപി

‘ഷമ്മി ഹീറോയാടാ ഹീറോ' എന്ന ഡയലോഗിലൂടെ നായക സ്വരൂപത്തെ അപനിർമ്മിക്കുകയാണ് കാൽപ്പനിക നായകനും വില്ലനും ദുർബലനും കോമാളിയും സൈക്കോയുമൊക്കെയായി പകർന്നാടുന്ന ഈ നടൻ. ഈ വിമതത്വം തന്നെയാണ് പുതുകാല രാഷ്ട്രീയ സിനിമകളുടെ പ്രിയ താരമാക്കി ഫഹദിനെ മാറ്റുന്നത്. ചാപ്പാ കുരിശ്, അന്നയും റസൂലും, ആമേൻ, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ടേയ്ക്ക് ഓഫ്, വരത്തൻ, കുമ്പളങ്ങി നൈറ്റ്‌സ്, സി യു സൂൺ, ജോജി, മാലിക് തുടങ്ങി നിരവധി സിനിമകളിൽ ഫഹദ് മുഖ്യകഥാപാത്രമായി ഈ കാലത്ത് രംഗത്തെത്തി. മലയാളത്തിലെ നവസിനിമയുടെ ‘പതാകാവാഹകൻ' എന്ന്​ അൽജസീറ അഭിമുഖത്തിൽ ഫഹദ് വിശേഷിപ്പിക്കപ്പെട്ടത് അതുകൊണ്ടു കൂടിയാണ്. മലയാളത്തിൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യപ്പെട്ട സിനിമകളുടെ എണ്ണം നോക്കിയാൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലെ സൂപ്പർ താരമാണ് ഫഹദ് എന്ന് പറയേണ്ടി വരും. ഒ.ടി.ടി നേരിട്ടു റിലീസ് ചെയ്യുന്നത് തടയാൻ ഫഹദിനെ വിലക്കാൻ വരെ സിനിമാ വ്യവസായ ഗൂഢ സംഘം ആലോചിച്ചിരുന്നു എന്ന കാര്യം ഓർക്കുക.

ഒ.ടി.ടി എന്ന സാധ്യത

രാഷ്ട്രീയം പറയുന്ന സീരീസുകളിലൂടെയാണ് നെറ്റ്ഫ്‌ളിക്‌സ്, ആമസോൺ തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയിൽ വിവാദ കേന്ദ്രങ്ങളായത്. പാതാൾ ലോക്, സാക്രഡ് ഗെയിംസ്, താണ്ഡവ് തുടങ്ങിയ സീരീസുകൾ ഇന്ത്യൻ രാഷ്ട്രീയത്തെയും ചരിത്രത്തെയും അതിനിശിതമായി തന്നെ അവതരിപ്പിക്കുകയുണ്ടായി. സിനിമകൾക്കും ഒ.ടി.ടി തുറന്നുകൊടുക്കുന്നത് അത്തരമൊരു സാധ്യതയാണ്. ആഗോളമായ പ്രേക്ഷക സമൂഹമാണ് ഒ.ടി.ടിയുടെ മുന്നിലിരിക്കുന്നത് എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷതയും സാധ്യതയും. ഏതെങ്കിലും ഒരു രാജ്യത്തെ കരിനിയമങ്ങൾക്കൊണ്ട് ഒ.ടി.ടിയിൽ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ വരിഞ്ഞുമുറുക്കാൻ കഴിയില്ല എന്നത് പുതുനിര ചലച്ചിത്രകാരൻമാർക്ക് ധൈര്യം പകരുന്ന കാര്യമാണ്. ചിലപ്പോൾ പഴയ ‘ഉച്ചപ്പടം' പോലെ ഒടുങ്ങുമായിരുന്ന ദി ഗ്രേറ്റ് ഇൻഡ്യൻ കിച്ചൻ (2021) പോലുള്ള സിനിമകൾ കൂടുതൽ ആളുകളിലേക്ക് എത്തുന്നതിന് ഒ.ടി.ടി പ്ലാറ്റ് ഫോം സഹായിച്ചു എന്നത് തർക്കമില്ലാത്ത കാര്യമാണ്.

'മഹേഷിന്റെ പ്രതികാര'ത്തിൽ ഫഹദ് ഫാസിൽ

സോഷ്യൽ മീഡിയ ഓഡിറ്റിംഗ്

മുഖ്യധാര സിനിമയിലെ ആരെയും കൂസാത്ത പാരമ്പര്യ വാദികൾക്ക് പോലും പൊളിറ്റിക്കൽ കറക്റ്റ്‌നെസിനെ കുറിച്ച് വ്യാകുലപ്പെടുന്ന തരത്തിലേക്ക് സിനിമകളെ വിശകലനം ചെയ്യുന്ന വേദിയായി സമൂഹമാധ്യമങ്ങൾ മാറിയതും പുതു ജനറേഷൻ സിനിമകളെ രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ഒരു സിനിമയുടെ വിജയത്തെ നിർണയിക്കുന്ന പ്രേക്ഷക സമൂഹം നവ സാമൂഹ്യ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്നവരാണ് എന്നത് സിനിമാ നിർമാതാക്കളുടെ ദുഃസ്വപ്നത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു. കൂടാതെ സമൂഹത്തിലെ എല്ലാ തരം വിഷയങ്ങളും ഇഴ കീറി ചർച്ച ചെയ്യുന്ന സമൂഹ മാധ്യമങ്ങൾ പ്രേക്ഷക സമൂഹത്തെ രാഷ്ട്രീയവത്ക്കരിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടാണ് താരതമ്യേന തട്ടുപൊളിപ്പൻ സ്വഭാവമുള്ള ഗോദ (2017) എന്ന സിനിമയിൽ പോലും ഒരു ഉത്തരേന്ത്യൻ സംസ്ഥാനത്ത് ബീഫും പൊറോട്ടയും എന്ന തന്റെ ഇഷ്ട വിഭവം തേടി നടക്കുന്ന നായകൻ കടന്നു വരുന്നത്. രുചിയുടെ രാഷ്ട്രീയം അല്ലാതെ മറ്റെന്താണ് ഇത്?

വിമൻ ഇൻ സിനിമ കലക്ടീവിന്റെ സ്വാധീനം

ലിംഗ പദവിയുടെ രാഷ്ട്രീയം പരിഗണിക്കാതെ നിങ്ങൾക്ക് ഇനി സിനിമ പിടിക്കാൻ സാധ്യമല്ല എന്ന ധാരണ മലയാള സിനിമയിൽ ഉറപ്പിക്കുന്നതിന് വിമൻ ഇൻ സിനിമ കലക്ടീവ് പോലുള്ള കൂട്ടായ്മ വഹിച്ച പങ്ക് ചരിത്രപരമാണ്. കസബ പോലുള്ള സിനിമകൾ അതിറങ്ങിയ കാലത്ത് ആഘോഷിക്കപ്പെടുകയും പിന്നീട് അതിരൂക്ഷമായ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാവുകയും ചെയ്തത് നടി പാർവ്വതി തെരുവോത്ത് നടത്തിയ പ്രസ്താവനയിലൂടെയാണ്. പുരുഷാധിപത്യ സമൂഹത്തിന്റെ കണ്ണിലൂടെയല്ലാതെ സ്ത്രീ ജീവിതത്തെ നോക്കിക്കാണാനുള്ള ഈ ശ്രമം 2011ൽ ഇറങ്ങിയ സാൾട്ട് ആൻഡ് പെപ്പർ മുതൽ തുടങ്ങിവെച്ചെങ്കിലും അത് ശക്തമായ രാഷ്ട്രീയ വാണിംഗ് സിഗ്‌നലായി സമീപകാലത്ത് മാറി.

'ദ ന്യൂയോർക്കർ' വെബ്‌സൈറ്റിൽ വന്ന 'ജോജി'യുടെ റിവ്യു

ആഗോള സിനിമയിലെ പാരസൈറ്റ്‌സ് പ്രതിഭാസം

2019ൽ റോമ എന്ന ചിത്രത്തിനുവേണ്ടി നെറ്റ്ഫ്‌ളിക്‌സ് നടത്തിയ പ്രചണ്ഡമായ പ്രചാരണത്തെ തോൽപ്പിച്ച്​ ഓസ്‌കാർ നേടിയത് വർണവിവേചനത്തിന്റെ കഥപറഞ്ഞ താരതമ്യേന ചെറുചിത്രമായ ഗ്രീൻബുക്ക് ആണ്. 2020ൽ ഏവരെയും ഞെട്ടിച്ച്​ കൊറിയൻ ചിത്രമായ പാരസൈറ്റ്‌സ് ഓസ്‌കാർ നേടി. നഗരവത്ക്കരണത്തിൽ അരികിലേക്ക് തള്ളപ്പെടുന്ന മനുഷ്യരുടെ കഥ പറഞ്ഞ സാമൂഹ്യ ആക്ഷേപ സിനിമയാണ് പാരസൈറ്റ്‌സ്. അഞ്ചുകോടി ജനങ്ങൾ അധിവസിക്കുന്ന ഒരു രാജ്യത്തു നിന്നുള്ള സിനിമ കൃത്യമായ രാഷ്ട്രീയം സംസാരിച്ചുകൊണ്ടു തന്നെ ഹോളിവുഡ് സ്റ്റുഡിയോ ഭീമൻമാരുടെ പടങ്ങളെ പരാജയപ്പെടുത്തി ഗ്ലാമർ പുരസ്‌കാരം കയ്യെത്തി പിടിച്ചെങ്കിൽ അതാർക്കും സാധ്യമാണ് എന്ന സ്ഥിതിവിശേഷമാണ് സംജാതമാക്കിയിരിക്കുന്നത്.ജോജിയെ കുറിച്ചുള്ള ന്യൂയോർക്കർ കുറിപ്പ് ആ വഴിയിലേക്കുള്ള മലയാളിയുടെ യാത്രയുടെ തുടക്കമാവാം. ​കോവിഡ് മഹാമാരിയും ഒ.ടി.ടി സ്ട്രീമിംഗ് പ്ലാറ്റ് ഫോമുകളും അതിനുള്ള പുതിയ സാധ്യതകളാവാം.
​നിരന്തരം രാഷ്ട്രീയം സംസാരിച്ചുകൊണ്ടുതന്നെ ലോകസിനിമയുടെ പടവുകൾ കയറാൻ മലയാളത്തിലെ യുവ ചലച്ചിത്ര പ്രവർത്തകർ പ്രാപ്തരായിക്കഴിഞ്ഞിരിക്കുന്നു. ▮


സാജു ഗംഗാധരൻ

സ്വതന്ത്ര മാധ്യമ പ്രവർത്തകൻ. അഴിമുഖം ന്യൂസ് ഓൺലൈൻ പോർട്ടലിന്റെ കോർഡിനേറ്റിംഗ് എഡിറ്റർ ആയി ഏഴു വർഷം പ്രവർത്തിച്ചു. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഫെസ്റ്റിവൽ ബുക്കിന്റെയും മലയാള സിനിമാ അവാർഡ്: (1969- 2019) എന്ന പുസ്തകത്തിന്റെയും എക്സിക്യൂട്ടീവ് എഡിറ്റർ ആയിരുന്നു.

Comments