ആണുറകളെപ്പറ്റി

വലിയ ഒരു ആശയം ചെറിയ ഒരു ഉപകരണമായിത്തീർന്ന് വ്യക്തിജീവിതത്തിലെ ഏറ്റവും സ്വകാര്യമായ പ്രവൃത്തിയിൽ ഇടപെട്ട് മനുഷ്യസംസ്‌ക്കാരത്തെ സ്വാധീനിച്ചതിന്റെ, മനുഷ്യരാശിയുടെ ജീവിതത്തെ മാറ്റിത്തീർത്തതിന്റെ ചരിത്രമാണ് ഉറയുടെ ചരിത്രം- പ്രമുഖ കോൺഡം നിർമാതാക്കളായ എച്ച്. എൽ. എൽ ലൈഫ്‌കെയർ ലിമിറ്റഡിൽ എഞ്ചിനീയറായ ലേഖിക, കോൺഡത്തിന്റെ സാമൂഹിക ശാസ്​ത്രത്തെക്കുറിച്ച്​ എഴുതുന്നു.

തൊണ്ണൂറുകളുടെ ആദ്യം. അന്ന് ഞാൻ ജോലിയിൽ പ്രവേശിച്ചിട്ട് അധികകാലമായിട്ടില്ല. ഒരു ശനിയാഴ്ച വൈകുന്നേരം ഫാക്ടറിയിൽ നിന്ന് നേരത്തേ ഇറങ്ങി നേരേ ഓടിച്ചെന്ന് അഞ്ചുമണിയുടെ തീവണ്ടി പിടിച്ചു. വണ്ടിയിൽ നല്ല തിരക്ക്. വാതിലിനടുത്തുള്ള സീറ്റിന്റെ കമ്പിയിൽ ചാരി നിന്ന്, കാഴ്ചയുടെ ചട്ടം മുറിച്ചു പറക്കുന്ന വീടുകൾ, മരങ്ങൾ, പുഴകൾ, പാലങ്ങൾ എന്നിങ്ങനെ കണ്ടു കണ്ട് കുടുങ്ങിയുമുലഞ്ഞും നിൽക്കുമ്പോൾ കൊല്ലം കഴിഞ്ഞിട്ടുണ്ടാവണം, ലേശം തിരക്കൊഴിഞ്ഞു, പതിവില്ലാതെ ടിക്കറ്റ് എക്‌സാമിനർ വന്നു. കുപ്പായത്തിന്റെ ഒരു വശത്തെ കീശയിൽ നിന്ന് ടിക്കറ്റ് പുറത്തേക്കെടുക്കുമ്പോൾ ഒപ്പം ഒരു പിടി ആണുറകൾ പുറത്തേക്ക്, നിറമില്ലാത്തതും പാടലവുമായ, പായ്ക്കു ചെയ്യാത്ത ലോലമായ ഉറകൾ, കാറ്റിൽ അവ കമ്പാർട്ട്‌മെന്റിന്റെ നിലത്തും സീറ്റുകൾക്കിടയിലേക്കും ചിതറിപ്പറന്നു...

ചില നിമിഷങ്ങളിലെ ലോകാവസാനത്തിനു ശേഷം, ഞാൻ കുനിഞ്ഞ് തൊട്ടടുത്ത് വീണുകിടന്നവ പെറുക്കി കീശയിൽ തിരികെ നിക്ഷേപിച്ചു, തീവണ്ടിക്കു പുറത്തെ ലോകത്ത് പിന്നെയും പറക്കുന്ന വണ്ടികൾ, വൈദ്യുതത്തൂണൂകൾ, അവയിലിരിക്കുന്ന പറവകൾ... അടുത്ത സ്റ്റേഷനിൽ ഞാൻ കമ്പാർട്ട്‌മെന്റ് മാറിക്കയറി.

'നിരോധ് ഫാക്ടറി'യിൽ

കെമിക്കൽ എഞ്ചിനിയറിങ്ങിലാണ് ഞാൻ അടിസ്ഥാന ബിരുദമെടുത്തത്. വ്യവസായശാലകൾ പൊതുവേ, രാസവ്യവസായങ്ങൾ പ്രത്യേകിച്ചും നന്നേ കുറവായ കേരളത്തിൽ ഒരു ജോലി കിട്ടുക ഏതാണ്ട് അസാധ്യമായിരുന്നു. മറ്റെവിടെയെങ്കിലും പോകാൻ തയ്യാറെടുക്കുമ്പോഴാണ് തിരുവനന്തപുരത്ത് ഹിന്ദുസ്ഥാൻ ലാറ്റക്‌സിൽ ജോലി കിട്ടുന്നത്. പഠിത്തം കഴിഞ്ഞ് ഉടനേ കിട്ടിയ ജോലി, അത് ഒരു വലിയ കാര്യമായിരുന്നു. ഹിന്ദുസ്ഥാൻ ലാറ്റക്‌സിനെ നിരോധ് കമ്പനി എന്നാണ് നാട്ടുകാർ പറയുക. അന്നും ഇന്നും ഇൻഡ്യയിൽ കോൺഡം അഥവാ ആണുറ എന്നാൽ നിരോധ് തന്നെ. വാസ്തവത്തിൽ നിരോധ് എന്നത് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഒരു ബ്രാൻഡാണ്. പിന്നീട് ആ ബ്രാൻഡിനു തന്നെ പല വകഭേദങ്ങൾ വന്നു, സർക്കാരിന്റെ പലതരം പുതിയ ബ്രാൻഡുകൾ വന്നു. പക്ഷെ നിരോധ് ഇപ്പോഴും ഉറയുടെ പേരായിത്തന്നെ തുടരുന്നു. അത് അത്രമേൽ അർത്ഥപൂർണമായതു കൊണ്ടായിരിക്കാം.

എച്ച്.എൽ.എൽ ലൈഫ്കെയർ ലിമിറ്റഡ് ഓഫിസ്, തിരുവനന്തപുരം.

സൗജന്യമായും തുച്ഛമായ വിലയ്ക്കും ജനങ്ങൾക്ക് വിതരണം ചെയ്യാൻ വേണ്ടിയാണ് 1968 ൽ സർക്കാർ നിരോധ് തുടങ്ങിയത്. അതുവരെ വിദേശത്തുനിന്നുള്ളവയും വിലകൂടിയവയുമായ ഉറകളേ ഇന്ത്യയിൽ ഉണ്ടായിരുന്നുള്ളു. 1948 ൽ റ്റി.റ്റി.കെ കമ്പനി ഇൻഡ്യയിൽ ഡ്യൂറക്‌സ് ഉറകൾ ലണ്ടൻ റബ്ബർ കമ്പനിയിൽ നിന്ന് എത്തിച്ചുതുടങ്ങിയിരുന്നു. 1963 ൽ അവർ ഇന്ത്യയിൽ ലണ്ടൻ റബ്ബർ കമ്പനിയുമായി ചേർന്ന് മദിരാശിയിൽ ഉൽപാദനവും തുടങ്ങി. 1952ലാണ് ഇന്ത്യ ദേശീയകുടുംബക്ഷേമ പരിപാടി തുടങ്ങുന്നത്. ‘ചെറിയ കുടുംബം സന്തുഷ്ടകുടുംബം' എന്ന പ്രയോഗവും തലകീഴായ ചുവന്ന ത്രികോണവും ഇന്ത്യയൊട്ടുക്കും പ്രചാരമായി; ഒപ്പം ഉറകളും വന്ധ്യംകരണവും.

അന്ന് ജനങ്ങൾക്ക് ആവശ്യമായ ഉറകൾ വ്യാപകമായി ലഭ്യമാക്കാൻ 1966 ൽ സർക്കാർ രൂപീകരിച്ച കമ്പനിയാണ് ഹിന്ദുസ്ഥാൻ ലാറ്റക്‌സ്. ഇൻഡ്യയിൽ ഏറ്റവുമധികം സ്വാഭാവിക റബ്ബർ ഉൽപാദിപ്പിക്കുന്ന സ്ഥലമെന്ന നിലയിലാണ് ഫാക്ടറി കേരളത്തിൽ തുടങ്ങിയത്. (ഇപ്പോഴും രാജ്യത്ത് 90 ശതമാനത്തിലധികം സ്വാഭാവിക റബർ ഉണ്ടാകുന്നത് കേരളത്തിൽ തന്നെ). 1967 ൽ ഫാക്ടറിക്ക് തിരുവനന്തപുരം പേരൂർക്കടയിൽ കല്ലിട്ടു, 1969 ൽ, ജപ്പാനിലെ ‘ഒകോമോട്ടൊ' എന്ന കമ്പനിയുടെ സാങ്കേതിക സഹായത്തോടെ വ്യാവസായികാടിസ്ഥാനത്തിൽ 144 മില്യൻ ഉറകൾ ഉൽപാദനം തുടങ്ങി. പിന്നീടുള്ള വർഷങ്ങളിൽ ഉൽപാദനം വർദ്ധിപ്പിച്ച് ഇപ്പോൾ പ്രതിവർഷം 2000 മില്യൻ ഉറകളാണ് കമ്പനി ഉണ്ടാക്കുന്നത്. പ്രസിദ്ധമായ ‘മൂഡ്‌സ്' ബ്രാൻഡ് ശ്രേണി ലാറ്റക്‌സ് കമ്പനിയുടെ സ്വന്തം ബ്രാൻഡാണ്. തൊണ്ണൂറുകളുടെ ആദ്യം ഉദാരവൽക്കരണത്തോടെ സ്വകാര്യമേഖലയിൽ നിരവധി ഉറ നിർമ്മാണ കമ്പനികൾ വന്നു. പരസ്യങ്ങളുടെ രീതി മാറി. 1991 ൽ കാമസൂത്ര എന്ന ബ്രാൻഡിനുവേണ്ടി പൂജാ ബേഡി മോഡലായി വന്ന പരസ്യങ്ങൾ പലരും ഓർക്കുന്നുണ്ടാവണം.

നിരോധിന്റെ പരസ്യങ്ങളിലൊന്ന്.

2000 നു ശേഷം ലാറ്റക്‌സ് കമ്പനി ആരോഗ്യരംഗത്തെ മറ്റ് ഉൽപന്നങ്ങൾ, അമൃത് ഫാർമസികൾ, ടെസ്റ്റിങ്ങ് ലാബുകൾ പോലെയുള്ള സേവനങ്ങൾ, ആശുപത്രി നിർമ്മാണം പോലെയുള്ള അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലേക്ക് ഇന്ത്യയൊട്ടാകെ വളർന്നു. ഇന്ന് എച്ച്.എൽ.എൽ ലൈഫ്കെയർ ലിമിറ്റഡ് എന്ന് അറിയപ്പെടുന്ന പഴയ ഹിന്ദുസ്ഥാൻ ലാറ്റക്‌സ് 1682 കോടി രൂപ വിറ്റുവരവുള്ള, ലാഭകരമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള ഒരേയൊരു പൊതുമേഖലാ സ്ഥാപനം. കൊറോണാകാലത്ത് സർക്കാരിനുവേണ്ടി പി.പി.ഇ കിറ്റുകളും മെഡിക്കൽ ഓക്‌സിജനും മറ്റും ഫലപ്രദമായി ഇന്ത്യയൊട്ടുക്ക് വിതരണം ചെയ്യുന്നത് എച്ച്.എൽ.എൽ ആണ്. ഇപ്പോൾ കേന്ദ്രസർക്കാർ വിൽപനയ്ക്ക് വച്ചിരിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളിൽ ഒന്ന്.

1952 ൽ ഇന്ത്യയുടെ ജനസംഖ്യ 39 കോടി. വാർഷിക ജനസംഖ്യാവളർച്ച 1.68%. അതു വർദ്ധിച്ച് 1974ൽ 2.36% വരെയെത്തി. പിന്നീട് ഒരു പതിറ്റാണ്ടോളം അതേ നിലയിൽ നിന്നിട്ട് ക്രമാനുഗതമായി കുറഞ്ഞ് ഇപ്പോൾ അതായത് 2020 ൽ വാർഷിക വളർച്ച 0.99 % ൽ എത്തി. ജനസംഖ്യ 138 കോടി കടന്നു (Ref: UN- World Population Prospects). 2010 ൽ ഫെർട്ടിലിറ്റി 2.1 എന്ന റീപ്ലേസ്‌മെന്റ് നിലയിൽ എത്തുമെന്നും അവിടുന്ന് 35 വർഷം കൊണ്ട് 2045 ൽ ജനസംഖ്യ നിയന്ത്രണവിധേയമായിത്തീർന്ന് സ്ഥിരത കൈവരിക്കും എന്നുമായിരുന്നു കണക്കുകൂട്ടൽ. പക്ഷെ അതുണ്ടായില്ല. 14 സംസ്ഥാനങ്ങൾക്കു മാത്രമേ അത് നേടാൻ കഴിഞ്ഞുള്ളൂ. 2045 ൽ 145 കോടി ജനങ്ങൾ എന്ന ആദ്യലക്ഷ്യത്തിനു പകരം 2060 ൽ 165 കോടി ജനങ്ങൾ എന്നതാണ് ഇന്ത്യൻ ജനസംഖ്യ പരമാവധി എത്തി സ്ഥായിയാകുന്ന ലക്ഷ്യമായി ഇപ്പോൾ ആരോഗ്യമന്ത്രാലയം പറയുന്നത്. അതായത് എത്തിച്ചേരാനുള്ള ലക്ഷ്യം അത്ര എളുപ്പമല്ല.

യു.എന്നിന്റെ തന്നെ ഒരു പഠനമനുസരിച്ച് ഇന്ത്യയിൽ ഒരു വർഷം ഒരു കോടിയിലധികം സ്ത്രീകൾക്ക് അവർക്കു വേണ്ടാത്ത ഗർഭധാരണം സംഭവിക്കുന്നുണ്ട്. അശാസ്ത്രീയമായ അലസിപ്പിക്കൽ മൂലം ദിവസം ശരാശരി എട്ടു സ്ത്രീകളെങ്കിലും മരിക്കുന്നുമുണ്ട്. അതുപോലെ തന്നെ, അടുത്ത കാലത്ത് ഇന്ത്യയിൽ ലൈംഗികരോഗങ്ങളുടെ കാര്യത്തിൽ വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് റിപ്പോർട്ടുകളുണ്ട്.

ആണുറകൾ ആണുങ്ങൾ ഉപയോഗിക്കുന്നത്, ഉപയോഗിക്കേണ്ടത് ആണ് എങ്കിലും ലോകമെമ്പാടും, രോഗപ്രതിരോധത്തിലും ഗർഭനിരോധത്തിലും സ്ത്രീകളുടെ ജീവിതം ഇത്രമാത്രം മാറ്റിമറിച്ച മറ്റൊരു ഉത്പന്നമില്ല. ഏറ്റവും നല്ല ജനനനിയന്ത്രണമാർഗം ഉയർന്ന വിദ്യാഭ്യാസവും ജീവിതനിലവാരവും ആണെന്ന് പറയാറുണ്ട്. തിരിച്ച്, ഗർഭധാരണം നിയന്ത്രിക്കുക വഴി സ്ത്രീകളുടെ (കുട്ടികളുടെയും) വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തിക നില, ഒക്കെ വർദ്ധിക്കുകയും ചെയ്യുന്നു. ധാരാളം പഠനങ്ങൾ പ്രത്യുൽപാദന ആരോഗ്യത്തെപ്പറ്റിയും ഗർഭനിരോധനോപാധികളെപ്പറ്റിയും ഉണ്ട്.

ഈ ലേഖനം ആ വിഷയത്തിലേക്ക് കടക്കുന്നില്ല. എങ്കിലും ശ്രദ്ധേയമായ ചില കാര്യങ്ങൾ മാത്രം പരാമർശിക്കാം. യു.എൻ കണക്ക് പ്രകാരം ലോകത്ത് ഇന്ന് ഉപയോഗിക്കപ്പെടുന്ന ഗർഭനിരോധനോപാധികളിൽ പതിനെട്ട് ശതമാനം മാത്രമാണ് ഉറകൾ. ഇന്ത്യയിൽ ഇത് വെറും 4.3 % മാത്രം. ഇന്ത്യയിൽ എഴുപതുകളിലെ നിർബന്ധിത പുരുഷവന്ധ്യംകരണത്തെ തുടർന്നുണ്ടായ ചീത്തപ്പേരു കൊണ്ടോ എന്തോ അതിനുശേഷം അനേക പതിറ്റാണ്ടുകളായി സ്ത്രീവന്ധ്യംകരണമാണ് പ്രധാന ജനനനിയന്ത്രണ മാർഗമായി സ്വീകരിച്ചുപോരുന്നത്. യു.എന്നിന്റെ തന്നെ ഒരു പഠനമനുസരിച്ച് ഇന്ത്യയിൽ ഒരു വർഷം ഒരു കോടിയിലധികം സ്ത്രീകൾക്ക് അവർക്കു വേണ്ടാത്ത ഗർഭധാരണം സംഭവിക്കുന്നുണ്ട്. അശാസ്ത്രീയമായ അലസിപ്പിക്കൽ മൂലം ദിവസം ശരാശരി എട്ടു സ്ത്രീകളെങ്കിലും മരിക്കുന്നുമുണ്ട്. അതുപോലെ തന്നെ, അടുത്ത കാലത്ത് ഇന്ത്യയിൽ ലൈംഗികരോഗങ്ങളുടെ കാര്യത്തിൽ വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് റിപ്പോർട്ടുകളുണ്ട്. അതായത് ഉറകളുടെ നിർമ്മാണവും ഫലപ്രദമായ വിതരണവും വില്പനയും ഏറെക്കാലത്തേക്ക് ഇന്ത്യയിൽ പ്രധാനം തന്നെയാണ്. അത് സർക്കാരിന്റെ നയപരമായ ഉത്തരവാദിത്തത്തിന്റെ ഭാഗവുമാണ്.

ഫാക്ടറിക്കുള്ളിൽ നീണ്ട കൺവേയർ ചെയിനുകളിൽ നിർത്താതെ ഓടുന്ന ഉദ്ധൃതമായ ചില്ലുലിംഗങ്ങൾ, ലോഹലിംഗങ്ങൾ.. വല്ലാത്ത കാഴ്ച്ചയായിരുന്നു അത്. ലോകത്തെ സകല ആൺമയും ഒന്നിച്ച് നിരനിരയായി നേർക്കുന്നതുപോലെ

‘പെണ്ണെഞ്ചിനിയർ'.

ഞാൻ ജോലിയിൽ ചേരുമ്പോൾ ഫാക്ടറിയിലെ തൊഴിലാളികളിൽ മൂന്നിലൊന്ന് പെണ്ണുങ്ങളാണെങ്കിലും എഞ്ചിനിയർമാരെല്ലാം ആണുങ്ങളായിരുന്നു. പെൺതൊഴിലാളികൾ ടെസ്റ്റിങ്ങ്, പാക്കിങ്ങ് വിഭാഗങ്ങളിലാണ് ജോലിചെയ്യുക. ഉറകൾ നിർമ്മിക്കുന്ന പ്ലാന്റിലെ തൊഴിലാളികൾ എല്ലാവരും തന്നെ ആണുങ്ങൾ. ആരംഭകാലത്ത് ജോലിയിൽ പ്രവേശിച്ച വളരെ സീനിയറായ ഒരു എഞ്ചിനീയർ കഴിഞ്ഞാൽ പിന്നെ കാൽനൂറ്റാണ്ടോളം കഴിഞ്ഞ് ജോലിയിൽ ചേരുന്ന ഞാനാണ് അടുത്ത ‘പെണ്ണെഞ്ചിനിയർ'. ഫാക്ടറിയിൽ സ്ത്രീകളെ എടുത്താൽ ശരിയാകില്ല എന്നൊരഭിപ്രായം അന്നുണ്ടായിരുന്നു എന്നാണ് കേട്ടത്. സ്ത്രീകൾക്ക് പ്ലാന്റിൽ ജോലി ചെയ്യാൻ കഴിയില്ല എന്ന്. അതുകൊണ്ട് വലിയ പരിഭ്രമത്തോടെയാണ് ഞാൻ ജോലിക്ക് എത്തിയത്. ചെന്നപ്പോഴോ, ഭീമൻ യന്ത്രങ്ങൾ വലിയ പുകയിലും പൊടിയിലും മുരണ്ട് കറങ്ങുന്നു, ഉരുളുന്നു, ഓടുന്നു. അൻപതു കിലോ പോലും ഇല്ലാത്ത കാറ്റത്തെ തണ്ടുപോലെയുള്ള ഞാൻ ഇതൊക്കെ എങ്ങനെ ഓടിക്കും എന്നു ഭയന്നുപോയി. ഈ യന്ത്രങ്ങളൊന്നും മനുഷ്യർ ഓടിക്കേണ്ടതില്ലെന്നും വൈദ്യുതി അതുചെയ്തുകൊള്ളുമെന്നും പിന്നെ തെളിഞ്ഞു.

അതിന്റെ നിയന്ത്രണസ്വിച്ചുകൾ ആണുങ്ങൾ തന്നെ പ്രവർത്തിപ്പിക്കണമെന്ന് വൈദ്യുതിക്ക് ഒരു നിർബന്ധവുമില്ലെന്നും. ജോലിജീവിതത്തിലെ എന്റെ ഏറ്റവും സന്തോഷകരമായ കാലം ഷോപ്ഫ്‌ലോറിൽ ചെലവഴിച്ച ഈ ആദ്യവർഷങ്ങളായിരുന്നു. ഫാക്ടറിയിലെ മുതിർന്ന തൊഴിലാളികൾക്കൊപ്പം ജോലി ചെയ്ത് അവരിൽ നിന്നാണ് ഞാൻ പഠിച്ചത്. എന്നെക്കാൾ വളരെ മുതിർന്ന അവരായിരുന്നു എന്റെ ഗുരുക്കന്മാർ. ആൺപെൺ ഭേദമോ പ്രായത്തിലെ ഇളപ്പമോ അവർക്ക് വിഷയമായതേയില്ല, അവർ ഒരു കുടുംബാംഗത്തെപ്പോലെ എന്നെ സ്വീകരിച്ചു, സ്‌നേഹിച്ചു.

എച്ച്.എൽ.എൽ ലൈഫ്കെയർ ലിമിറ്റഡ് കോണ്ടം നിർമാണ ഫാക്ടറി, പേരൂർക്കട, തിരുവനന്തപുരം.

ഫാക്ടറിക്കുള്ളിൽ നീണ്ട കൺവേയർ ചെയിനുകളിൽ നിർത്താതെ ഓടുന്ന ഉദ്ധൃതമായ ചില്ലുലിംഗങ്ങൾ, ലോഹലിംഗങ്ങൾ.. വല്ലാത്ത കാഴ്ച്ചയായിരുന്നു അത്. ലോകത്തെ സകല ആൺമയും ഒന്നിച്ച് നിരനിരയായി നേർക്കുന്നതുപോലെ. റബ്ബർപാലിൽ മുങ്ങിപ്പൊങ്ങി ചൂടും കാറ്റും കൊണ്ട് ഉണങ്ങി സോപ്പിലും വെള്ളത്തിലും കുളിച്ച് തലകുത്തിമറിഞ്ഞുയർന്നുതാഴുന്ന ആയിരക്കണക്കിന് അവയവങ്ങൾ. അവ ഒരേസമയം ആൺലോകത്തിന്റെ അഭിലാഷങ്ങളും ആധികളും പീഢകളും ആവിഷ്‌ക്കരിക്കുന്ന ഒരു പ്രതിഷ്ഠാപനം എന്നപോലെ അവസാനമില്ലാതെ കരഞ്ഞും മുരണ്ടും കിടുങ്ങിയും ഓടിക്കൊണ്ടിരുന്നു.

ലാറ്റക്‌സ് എന്ന റബ്ബർപാലിൽ നിന്നാണ് ഉറകൾ നിർമ്മിക്കുന്നത്. പ്രത്യേകമായി തയ്യാറാക്കിയ ലാറ്റക്‌സാണ് ഉപയോഗിക്കുക. സൾഫറും അത് ലാറ്റക്‌സുമായി ചേർന്ന് പ്രവർത്തിക്കാൻ സഹായിക്കുന്ന മറ്റ് പദാർത്ഥങ്ങളും ചേർത്ത് ആവശ്യമായ പ്രക്രിയകൾ നടത്തി തയ്യാറാക്കുന്നു. കൺവേയർ ബെൽറ്റിൽ ഓടുന്ന ചില്ലിന്റെ മോൾഡുകൾ കഴുകി ഉണങ്ങി ഈ ലാറ്റക്‌സിൽ രണ്ടുവട്ടം മുങ്ങി ഉയരുമ്പോൾ അതിനുമേൽ റബ്ബർപാട രൂപംകൊള്ളും. അവ വേണ്ടവിധം ചൂടിൽ ഉണക്കി പല പ്രക്രിയകളിലൂടെ കടത്തി ഒട്ടിച്ചേരാതിരിക്കാൻ സിലിക്കാ പൗഡർ കലർത്തി മോൾഡിൽ നിന്നും വേർപെടുത്തി, ഉയർന്ന താപത്തിൽ ഉണക്കിയെടുക്കും. പിന്നീട് ലോഹ മോൾഡുകളിൽ ഇവ ഓരോന്നും ഹൈ വോൾട്ടേജിൽ പരിശോധിച്ച് ഉറയ്ക്ക് കേടുകളില്ല എന്നുറപ്പാക്കും. ഒടുവിൽ ആവശ്യാനുസരണം പായ്ക്ക് ചെയ്യും.

പുരുഷ കോൺഡം നിർമാണത്തിലെ ഒരു ഘട്ടം.

ഈ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും അനവധി വിശദവും സൂക്ഷ്മവുമായ ഗുണനിലവാര പരിശോധനകൾ ഉണ്ട്. ഉറയും അതുണ്ടാക്കുന്ന പ്രക്രിയയും ലളിതമെന്ന് തോന്നാമെങ്കിലും അതീവ ശ്രദ്ധ ആവശ്യപ്പെടുന്ന സങ്കീർണ്ണമായ നിയന്ത്രണ സംവിധാനങ്ങൾ അതിന് അത്യാവശ്യമാണ്. ഉറകളുടെ നീളം, കുറഞ്ഞത് 160 mm, വീതി 49 - 53 mm, കനം 0.055mm മുതൽ 0.08mm വരെ, ഭാരം 1.4 +/- 0.3 gms എന്നിങ്ങനെയാണ് അംഗീകൃത അളവുകൾ (NF EN ISO 4074).

ആണുറകളുടെ ചരിത്രം

എളുതും പ്രാകൃതവുമായ തുടക്കമാണ് ആണുറകളുടേത്. ക്രിസ്തുവിനു 12000 വർഷം മുൻപുള്ള ഫ്രാൻസിലെ ഗുഹാചിത്രങ്ങളിൽ ഉറകൾ കണ്ടെത്തിയിട്ടുണ്ടെന്ന് ഇന്റർനെറ്റ് പറയുന്നു. അതുപോലെ ക്രിസ്തുവിനു നാലായിരം വർഷം മുൻപുള്ള ചില ഈജിപ്ഷ്യൻ പ്രതിമകളിലും. ക്രിസ്തുവിനു മൂവായിരം വർഷം മുൻപ് ക്രീറ്റിലെ മിനോസ് രാജാവിന്റെ രേതസ്സിൽ പാമ്പുകളും തേളുകളും ഉണ്ടായിരുന്നത്രെ. രാജാവ് ബന്ധപ്പെടുന്ന സ്ത്രീകൾ വേഴ്ച കഴിഞ്ഞാൽ മരിച്ചുവീഴും. അതുകൊണ്ട് രാജാവിനും സ്ത്രീകൾക്കും സംരക്ഷണമായി ആടിന്റെ മൂത്രസഞ്ചി ഉപയോഗിച്ചു. ഇതാണ് ഉറയുടെ അറിയപ്പെടുന്ന ആദ്യത്തെ ഉപയോഗമായി കരുതപ്പെടുന്നത്. പുരാതന ഇന്ത്യയിൽ ഉറകൾ ഉപയോഗിച്ചിരുന്നിരിക്കാം എങ്കിലും അതേപ്പറ്റിയുള്ള ആധികാരിക വിവരങ്ങൾ എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. കാമസൂത്രം ഉറകളെപ്പറ്റി പ്രതിപാദിക്കുന്നില്ല. ക്രിസ്തുവിനു ശേഷം പത്താം നുറ്റാണ്ടിൽ ഈജിപ്തുകാർ ലിനൻ കൊണ്ടുള്ള ഉറകൾ ഉപയോഗിച്ചിരുന്നതിന് തെളിവുകളുണ്ട്. റോമാക്കാരും ലൈംഗികരോഗങ്ങളുടെ പ്രതിരോധത്തിനായി ലിനൻ കൊണ്ടും, മൃഗങ്ങളുടെ കുടലും മൂത്രസഞ്ചിയും കൊണ്ടും ഉണ്ടാക്കിയ ഉറകൾ ഉപയോഗിച്ചിരുന്നു.

ഇന്ന് ലോകത്ത് വർഷത്തിൽ മുപ്പതു ബില്യനോളം ഉറകൾ ഉത്പദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. അതിൽ രണ്ടു ബില്യൻ, അതായത് ഇരുന്നൂറു കോടി ഇന്ത്യയിലാണ്. സർക്കാർ ഇപ്പോൾ വർഷത്തിൽ ശരാശരി പത്തു പന്ത്രണ്ട് കോടി ഉറകൾ വാങ്ങി വിതരണം ചെയ്യുന്നുണ്ട്

ചൈനക്കാർ വഴുക്കെണ്ണയോടു കൂടി സിൽക്കു കൊണ്ടുള്ള ഉറകളും ജപ്പാനിൽ ആമത്തോടു കൊണ്ട്, ചിലപ്പോൾ തോലുകൊണ്ടും, ലിംഗാഗ്രത്തെ പൊതിയുന്ന തരം ഉറകളും ഉണ്ടാക്കി ഉപയോഗിച്ചിരുന്നു. ഇംഗ്ലണ്ടിലും പതിനേഴാം നൂറ്റാണ്ടിൽ മൃഗങ്ങളുടെ കുടൽ കൊണ്ടുള്ള ഉറകൾ ഉപയോഗിച്ചിരുന്നു. ചാൾസ് രണ്ടാമന്റെ ഡോക്ടറായിരുന്ന കേണൽ കോൺഡം രാജാവിന്റെ നിയമവിധേയമല്ലാത്ത ബന്ധങ്ങളിൽ മക്കളുണ്ടാകാതിരിക്കാനും രോഗങ്ങൾ പകരാതിരിക്കാനും ഉറകൾ നിർദ്ദേശിച്ചു, അദ്ദേഹത്തിന്റെ പേരിൽ നിന്നാണ് കോൺഡം എന്ന പേര് ഉണ്ടായതെന്ന് പറയപ്പെടുന്നു. പാത്രം, ശേഖരണി എന്നൊക്കെ അർത്ഥമുള്ള കോൺഡസ് എന്ന ലാറ്റിൻ വാക്കിൽ നിന്നാണെന്നും കരുതപ്പെടുന്നുണ്ട്. എന്തായാലും പതിനെട്ടാം നൂറ്റാണ്ടോടെ കോൺഡം എന്ന ആണുറ വലിയ പ്രചാരം നേടി. വേശ്യാലയങ്ങളിൽ ഉറയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കപ്പെട്ടു. കാസനോവ തന്റെ ആത്മകഥയിൽ ഉറകൾ ഉപയോഗിക്കുന്നതിനെപ്പറ്റി എഴുതുന്നുണ്ട്. ആൾ, ഉറ ഉപയോഗത്തിനു മുൻപ് ഊതി കേടുപാടില്ല എന്നുറപ്പിക്കുമായിരുന്നത്രെ.

നേക്കഡ് കോൺഡം

പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയിൽ റബ്ബറിൽ സൾഫർ ചേർത്ത് ബലപ്പെടുത്തുന്ന വിപ്ലവകരമായ 'വൾക്കനൈസേഷൻ' കണ്ടുപിടിച്ച ചാൾസ് ഗുഡ് ഇയർ റബ്ബർ കൊണ്ട് കട്ടിയുള്ള ഉറയും ഉണ്ടാക്കി. 1912 ൽ ജൂലിയസ് ഫ്രോം എന്നയാളാണ് റബ്ബർ പാലിൽ ഗ്ലാസ് മോൾഡുകൾ മുക്കിയെടുത്ത് ഇന്നത്തെ ഉറകളുണ്ടാക്കുന്ന വിദ്യ കണ്ടുപിടിച്ചത്. ഒന്നാം ലോകയുദ്ധകാലത്ത് ജർമൻ പട്ടാളത്തിന് വെടിക്കോപ്പുകൾക്കൊപ്പം ഉറകളും നൽകിയിരുന്നു. പക്ഷെ അമേരിക്കൻ പട്ടാളം ലൈംഗികരോഗങ്ങൾ കൊണ്ട് വലഞ്ഞിരുന്നുവെങ്കിലും അവർ ഉറകൾ ഉപയോഗിക്കുന്നത് രണ്ടാം ലോകയുദ്ധകാലത്തു മാത്രമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്താണ് ഇന്നുപയോഗിക്കുന്നതുപോലെയുള്ള റബ്ബർപാലിൽ നിന്നുള്ള ഉറകൾ ഉണ്ടാക്കിത്തുടങ്ങുന്നത്. നേർമ്മയും ഉയർന്ന ഇലാസ്തികതയും ബലവും ഉള്ള ഉറകൾ. പെനിസിലിൻ കണ്ടുപിടിച്ചതിനുശേഷം ലൈംഗികരോഗങ്ങൾ പലതും വലിയ ഭീഷണി അല്ലാതെയായി, പിന്നീട് ജനനനിയന്ത്രണമായി മുഖ്യവിഷയം. നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ എയിഡ്‌സിന്റെ വരവും വാഴ്ച്ചയുമാണ് ഉറകളുടെ ഉപയോഗം വീണ്ടും അതിപ്രധാനമാക്കിയത്. ഇന്ന് ലോകത്ത് വർഷത്തിൽ മുപ്പതു ബില്യനോളം ഉറകൾ ഉത്പദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. അതിൽ രണ്ടു ബില്യൻ, അതായത് ഇരുന്നൂറു കോടി ഇന്ത്യയിലാണ്. സർക്കാർ ഇപ്പോൾ വർഷത്തിൽ ശരാശരി പത്തു പന്ത്രണ്ട് കോടി ഉറകൾ വാങ്ങി വിതരണം ചെയ്യുന്നുണ്ട്. പക്ഷെ കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി ഇത് നിരന്തരമായി കുറഞ്ഞുവരികയാണ്.

ഉറകളുടെ ലൈംഗികേതര ഉപയോഗങ്ങൾ അനവധിയാണ്. ഹോളിയുടെ സമയത്ത് ബലൂണുകളായും നിറമുള്ള വെള്ളം നിറച്ചും ഒക്കെ ഉറകൾ ഉപയോഗിക്കുന്നത് ഉത്തരേന്ത്യയിൽ കണ്ടിട്ടുണ്ട്. വഴുക്കെണ്ണ ഇല്ലാത്ത വെറും ഉറകൾ, സഞ്ചാരികൾക്കും മറ്റും കഠിനയാത്രകളിൽ അതിജീവന വസ്തുക്കളിൽ പ്രധാനമാണ്.

ആണുറകൾ മാത്രമല്ല, പെണ്ണുറകളുമുണ്ട്. പോളിയൂറെത്തേനോ സ്വാഭാവിക റബ്ബറോ കൊണ്ടാണ് അവയും നിർമ്മിക്കുക. എന്നാൽ കട്ടിയിലും വലിപ്പത്തിലും ആണുറകളെക്കാൾ വളരെ വലുതാണ് അവ. സ്ത്രീകൾക്ക് സ്വയം സംരക്ഷിക്കാനായി രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ് പെണ്ണുറകൾ. അതിന്റെ വലിപ്പവും രൂപവും കൊണ്ടായിരിക്കാം, പെണ്ണുറകൾക്ക് പ്രചാരം വളരെ കുറവാണ്. ലൈംഗികത്തൊഴിലാളികളോ അനേകം പങ്കാളികൾ ഉള്ളവരോ പങ്കാളി ഉറ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാൻ കഴിയാത്തവരോ ഒക്കെയാണ് പെണ്ണുറകൾ ഉപയോഗിക്കുക.

എണ്ണമറ്റ പേരുകൾ, ഉപയോഗങ്ങൾ

ആണുറക്ക് ലോകത്തെമ്പാടും അനവധി ഇരട്ടപ്പേരുകളുണ്ട്. റബ്ബർമാൻ എന്നും വെറുതെ റബ്ബർ എന്നും ഷീത് എന്നും സ്‌കിൻ എന്നും ബലൂൺ എന്നും വിളിക്കാറുണ്ട്. ഫ്രെഞ്ച് ലെറ്റർ എന്ന് ഇംഗ്ലീഷുകാരും തിരിച്ച് റെയിൻകോട്ട് എന്ന് ഫ്രഞ്ചുകാരും വിളിക്കും. ഇടനിലക്കാരൻ എന്നും തലയാട്ടി എന്നും അനിവാര്യമാരണം എന്നും ആനന്ദത്തൊപ്പി എന്നും ലവ് ഗ്ലവ് എന്നും തുടങ്ങി എണ്ണമറ്റ പേരുകൾ. കുസൃതിയും ഭാവനയും കൊണ്ട് എത്ര വിളിപ്പേരുകളും ഉണ്ടാക്കാവുന്ന ഒന്നാണല്ലോ അത്.

ഉറകളുടെ ലൈംഗികേതര ഉപയോഗങ്ങൾ അനവധിയാണ്. ഹോളിയുടെ സമയത്ത് ബലൂണുകളായും നിറമുള്ള വെള്ളം നിറച്ചും ഒക്കെ ഉറകൾ ഉപയോഗിക്കുന്നത് ഉത്തരേന്ത്യയിൽ കണ്ടിട്ടുണ്ട്. വഴുക്കെണ്ണ ഇല്ലാത്ത വെറും ഉറകൾ, സഞ്ചാരികൾക്കും മറ്റും കഠിനയാത്രകളിൽ അതിജീവന വസ്തുക്കളിൽ പ്രധാനമാണ്. തീ പിടിപ്പിക്കാൻ, മഴകൊള്ളാതെ മൊബൈലും രേഖകളും മറ്റും പൊതിഞ്ഞു വയ്ക്കാൻ, എന്തെങ്കിലും വലിച്ചുകെട്ടണമെങ്കിൽ അതിന്, വലിയ മുറിവുകൾ ഉണ്ടായാൽ രക്തം നഷ്ടപ്പെടാതെ മുറുകെ കെട്ടാൻ, കാലുറകളായോ കൈയ്യുറകളായോ ഒക്കെ. കുറുകെ മുറിച്ചെടുത്താൽ ഒരു ഉറയിൽ നിന്ന് അനേകം റബ്ബർ ബാൻഡുകൾ ഉണ്ടാക്കാം. ഗൾഫ് യുദ്ധകാലത്ത് സൗദിഅറേബ്യയിലെ പട്ടാളക്കാരുടെ റൈഫിളുകൾ മണലിൽ നിന്ന് സംരക്ഷിക്കാൻ ലക്ഷക്കണക്കിന് ഉറകളാണത്രെ ബ്രിട്ടീഷ് പ്രതിരോധ വിഭാഗം എത്തിച്ചത്. ബനാറസിലെ നെയ്ത്തുകാർ അവരുടെ തറികൾ സുഗമമായും വേഗത്തിലും പ്രവർത്തിക്കാൻ വഴുക്കെണ്ണയുള്ള ഉറകൾ ഉപയോഗിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. അതുപോലെ കസവ് പോളിഷ് ചെയ്യാനും ഉറ ഉപയോഗിക്കാറുണ്ട്. കാരണം ഉറകളിൽ ഉപയോഗിക്കുന്ന സിലിക്കോൺ എണ്ണ രാസസ്വഭാവമുള്ളതല്ല, അതിന് നിറമോ കറയോ ഇല്ല. സിൽക്ക് സാരികളിൽ സുരക്ഷിതമായി ഉപയോഗിക്കാം. യന്ത്രഭാഗങ്ങളും ലീക്കുള്ള പൈപ്പുകളും ഇളക്കമുള്ള ചേർപ്പുകളും മറ്റും താത്ക്കാലികമായി പിടിച്ചുനിർത്താൻ ടെക്‌നീഷ്യന്മാർ ഉറകൾ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്.

കോൺഡത്തിൻറെ ബേസ്റ്റ് വോളിയം ടെസ്റ്റ്

ഉറകളുടെ വക്കത്തെ കട്ടിയുള്ള റബ്ബർ വളയം നല്ല ശക്തിയുള്ളതും ഏറേക്കാലം കേടുകൂടാതെ നിലനിൽക്കുന്നതുമാണ്. ഫാക്റ്ററിയിൽ ജോലിചെയ്യുമ്പോൾ ഞാനവ മുടികെട്ടിവയ്ക്കാനും കവറുകളും മറ്റും കെട്ടാനും ഒക്കെ ഉപയോഗിച്ചിരുന്നു. ഉറകൾ വെള്ളം നിറച്ച് ഫ്രീസ് ചെയ്ത് ആശുപത്രികളിൽ ഐസ് പാക്കിനും ഉപയോഗിക്കാറുണ്ട്. മയക്കുമരുന്ന് ഉറകളിൽ നിറച്ച് വിഴുങ്ങിയിട്ടോ വൻകുടലിൽ തിരുകിയിട്ടോ കടത്തുന്നതായി കേട്ടിട്ടുണ്ട്, ഉറകൾ പൊട്ടി അമിതമായി മയക്കുമരുന്ന് ഉള്ളിലായി മരിച്ചുപോയവരെപ്പറ്റിയും.
എനിക്ക് ഏറ്റവും പ്രധാനമായി തോന്നിയ ഉപയോഗം, കഠിനപ്രദേശങ്ങളിലൂടെയുള്ള യാത്രകളിൽ വെള്ളം കൊണ്ടുപോകാൻ ഉറകൾ വളരെ സൗകര്യമായി ഉപയോഗിക്കാം എന്നതാണ്. ഇതൊക്കെക്കൊണ്ട് മിലിറ്ററിക്കാർക്ക് അവശ്യവസ്തുക്കളുടെ കിറ്റിൽ ഉറകളും ഉണ്ടാകാറുണ്ട്. ഇന്ത്യയിൽ ഉണ്ടോ എന്നറിയില്ല. കണ്ടാൽ തോന്നുകയില്ലെങ്കിലും ഒരു സാധാരണ ഉറക്ക് വായു നിറച്ചാൽ ഏതാണ്ട് 18 - 20 ലിറ്ററിനു മേൽ വികസിക്കാനും കുറഞ്ഞത് ഒരു കിലോ പാസ്‌കൽ മർദ്ദം താങ്ങാനും ഉള്ള കെൽപുണ്ട്. ഫാക്ടറിയിൽ സന്ദർശകർ വരുമ്പോൾ ഉറകൾ എടുത്ത് പരമാവധി വലിച്ചു നീട്ടിക്കാണിച്ച് അമ്പരപ്പിക്കുക ഞങ്ങളുടെ വിനോദമായിരുന്നു. ഒരുപാട് പ്രമുഖവ്യക്തികൾ സന്ദർശകരായി എത്താറുണ്ടായിരുന്നു. നിത്യവും നാലു മില്യനോളം ഉറകളാണ് ഫാക്ടറിയിൽ ഉണ്ടാക്കുക. ഫാക്ടറിക്കുള്ളിൽ ജോലിക്കിടയിൽ കേടുപാടുകൾ പരിശോധിക്കാൻ അവ ഞങ്ങൾ നിരന്തരം വാരിയെടുത്തുകൊണ്ടിരിക്കും.

ഉറകളുടെ വക്കത്തെ കട്ടിയുള്ള റബ്ബർ വളയം നല്ല ശക്തിയുള്ളതും ഏറേക്കാലം കേടുകൂടാതെ നിലനിൽക്കുന്നതുമാണ്. ഫാക്റ്ററിയിൽ ജോലിചെയ്യുമ്പോൾ ഞാനവ മുടികെട്ടിവയ്ക്കാനും കവറുകളും മറ്റും കെട്ടാനും ഒക്കെ ഉപയോഗിച്ചിരുന്നു. ഉറകൾ വെള്ളം നിറച്ച് ഫ്രീസ് ചെയ്ത് ആശുപത്രികളിൽ ഐസ് പാക്കിനും ഉപയോഗിക്കാറുണ്ട്

അങ്ങനെ കുപ്പായക്കീശയിൽ കിടന്ന ഉറകളാണ് ഒരിക്കൽ തീവണ്ടിയാത്രയിൽ പുറത്തേക്ക് ചിതറിവീണ് എന്നെ വിഷമിപ്പിച്ചത്. ഫാക്ടറിയിൽ രാപകൽ ചെലഴിക്കുന്ന ഞങ്ങൾക്ക് നിത്യപരിചയം കൊണ്ടും സാങ്കേതികവും ശാസ്ത്രീയവുമായ ബന്ധം കൊണ്ടും അത് ഒരു സാധാരണ ഉൽപന്നം മാത്രമായിത്തീർന്നിരുന്നു. എന്നാൽ സന്ദർശകരാകട്ടെ, ആദ്യമായി ഇത്രയധികം ഉറകൾ എമ്പാടും കാണുമ്പോൾ ഉണ്ടാകുന്ന വല്ലായ്മയും ചൂളലും പരുങ്ങലും സംഭ്രമവും ഒളിപ്പിക്കാൻ പാടുപെട്ടു. ചുവന്ന മുഖത്തോടെയും താഴ്ന്ന ശബ്ദത്തോടെയുമാണ് മിക്കവാറും പേർ സന്ദർശനം അവസാനിപ്പിക്കുക. ചില്ലിലും ലോഹത്തിലുമുള്ള ആയിരക്കണക്കിന് ആണവയവങ്ങൾ കൂസലില്ലാതെ മുരണ്ടുകറങ്ങുന്നത് നോക്കിനിൽക്കാൻ ഒട്ടും എളുപ്പമല്ല. ലിംഗാരാധനയുടെ പരമക്ഷേത്രം. അവിടെ ആരും പതറിപ്പോകും. ഒരിക്കൽ ഒരു പ്രമുഖ പോലീസ് ഉദ്യോഗസ്ഥ അപ്രതീക്ഷിതമായ ഈ ഫാലിക് ദൃശ്യം തന്നെ അമ്പരപ്പിച്ചുകളഞ്ഞു എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്.

ആണുറ എന്ന രൂപകം

മനുഷ്യജീവിതഗതിയിൽ അതിന്റെ അളവുകോലെന്ന പോലെ കാണാവുന്ന ചില വസ്തുക്കളുണ്ട്. വ്യക്തിപരമായി ഉപയോഗിക്കുന്നവ, സാമൂഹ്യമായ മാനങ്ങളുള്ളവ, ഇന്നോളം അന്യം നിന്നുപോകാത്തവ, അതീവലളിതമായവ. ഈ ഗണത്തിൽ എനിക്കു തോന്നിയിട്ടുള്ള ചില വസ്തുക്കൾ കസേര, ചെരിപ്പ്, കണ്ണട, കണ്ണാടി തുടങ്ങിയവയാണ്. ഇപ്പോൾ മാസ്‌ക്കും ഇതിൽപ്പെടുത്താമെന്നു തോന്നുന്നു. ഓരോരുത്തർക്കും ഈ ശ്രേണിയിൽ വരുന്ന വസ്തുക്കളെപ്പറ്റി ഇനിയും ആലോചിച്ചു നോക്കാവുന്നതാണ്. വസ്തുക്കളുടെ ‘വസ്തുത'യെപ്പറ്റി ആലോചിച്ചുപോയാൽ പലപ്പോഴും നാം വിചാരിക്കാത്തിടങ്ങളിൽ എത്തും. ഈ വസ്തുക്കളിൽ ഒരുപക്ഷെ ഏറ്റവും ചെറുതും ലളിതവും ആയതും മനുഷ്യരാശിയുടെ ഭാഗധേയത്തിൽ നേരിട്ടും ദീർഘകാല ഫലങ്ങളോടെയും ഇടപെട്ടുപോരുന്നതുമായ ഒന്നാണ് ആണുറകൾ.

പുരുഷ കോൺഡം നിർമാണത്തിലെ ഒരു ഘട്ടം.

അതിലളിതമാണ് ഒരു സാധാരണ ആണുറയുടെ രൂപവും ഘടനയും. തൊലി പോലെ ലോലമായ റബ്ബർ പാട കൊണ്ടുള്ള ഒരു കുഴൽ, അതിന്റെ തുറന്ന അറ്റത്ത് ചുരുട്ടിയ ഉറപ്പുള്ള വക്ക്. അടഞ്ഞ അറ്റത്ത് ലേശം നീണ്ട ഒരു ചെറിയ തുമ്പ് (receptacle അഥവാ തുമ്പുറ). അത്രമാത്രം. അതിന്റെ ധർമമാവട്ടെ, രണ്ടാണ്. ഒരുതരത്തിൽ പ്രകൃതിവിരുദ്ധമെന്ന് വിശേഷിപ്പിക്കാവുന്നതുമാണ്. ശ്വാസത്തിലൂടെ പകരുന്ന വൈറസിനെ തടയാൻ നാം ഇപ്പോൾ മാസ്‌ക് ധരിക്കുന്നതു പോലെ. ആദ്യത്തേത്, സംയോഗവേളയിൽ പുരുഷബീജം സ്ത്രീയിൽ എത്താതെ തുമ്പുറയിൽ ശേഖരിക്കുക, ഗർഭധാരണം തടയുക. രണ്ടാമത്തേത്, ലൈംഗികസമ്പർക്കത്തിലൂടെ പകരുന്ന രോഗങ്ങൾ തടയുക. രണ്ടായാലും പരസ്പരം നേരിട്ടുള്ള ഗാഢസമ്പർക്കം തടയുക എന്നതാണ് ഉറയുടെ ധർമ്മം. വലിയ ഒരു ആശയം ചെറിയ ഒരു ഉപകരണമായിത്തീർന്ന് വ്യക്തിജീവിതത്തിലെ ഏറ്റവും സ്വകാര്യമായ പ്രവൃത്തിയിൽ ഇടപെട്ട് മനുഷ്യസംസ്‌ക്കാരത്തെ സ്വാധീനിച്ചതിന്റെ, മനുഷ്യരാശിയുടെ ജീവിതത്തെ മാറ്റിത്തീർത്തതിന്റെ ചരിത്രമാണ് ഉറയുടെ ചരിത്രം. മനുഷ്യവംശത്തിന്റെ പ്രകൃതിസഹജമായ വർദ്ധനവിന് തടയിടുക. രണ്ടു മനുഷ്യർക്കിടയിൽ സാധ്യമായ ഏറ്റവും ഗാഢമായ ശാരീരിക അടുപ്പത്തെ, സ്പർശത്തെ, ഇഴുകിച്ചേരലിനെ, അപൂർണ്ണമാക്കിക്കൊണ്ട് ഏറ്റവും സ്വകാര്യമായ, ‘അസാധ്യമായ' ആ ഇടത്തിൽ ഇടപെട്ട് അവിടെ സുരക്ഷയെന്ന ആശയം പ്രാവർത്തികമാക്കുക. രോഗമെന്ന സാധ്യതയിൽ നിന്ന്, ജനനമെന്ന സാധ്യതയിൽ നിന്ന് ഉള്ള സുരക്ഷ. മനുഷ്യസംസ്‌ക്കാരത്തിന്റെ മുന്നോട്ടുള്ള ഗതിയിൽ നിർണ്ണായകമായത്, വാസ്തവത്തിൽ ഒരേ പ്രേരണയുടെ രണ്ട് എതിർമുഖങ്ങൾ, ഹിംസയും സുരക്ഷയും.

കോണ്ടങ്ങളുടെ ചോർച്ച പരിശോധന.

എഴുത്തുകാരിയും കാമുകിയുമായ ലൂയിസ് കൊലെത്തിന് ഗുസ്താവ് ഫ്‌ലൊബേർ 1854 ജനുവരി പതിനെട്ട് പാതിരാത്രി എഴുതിയ വരികൾ:
ക്ഷുദ്രവും ക്ഷണികവും വിരൂപവും നശ്വരവുമായവയെച്ചൊല്ലി നമുക്ക് വൈകാരികമാകാതിരിക്കാം. അവയൊക്കെനമ്മുടെ ഉള്ളിൽതട്ടിയെന്ന് തോന്നിപ്പിക്കണമെങ്കിൽ അങ്ങനെ നമുക്ക്നടിക്കാം; എന്നാൽ നടിക്കുക മാത്രമേ ചെയ്യാവൂ. ഇല്ലായ്മയോളം തുച്ഛമായതുകൊണ്ട് കീറിപ്പോകുന്നതും ഏറ്റവും ലോലമായ സ്പർശത്താൽ അടിമുടി പ്രകമ്പനം കൊള്ളുന്നതുമായ ആ പ്രകൃതങ്ങളെ സംരക്ഷിക്കാൻ മേഘപടലങ്ങളെക്കാൾ ലോലവും ലോഹകവചത്തെക്കാൾ പ്രതിരോധിക്കുന്നതുമായ ഒന്നിന്റെ ആവശ്യമുണ്ട്. സകല മനുഷ്യരുടെയും പീഡാനുഭവങ്ങളുടെ ഭാരവും നമുക്കുണ്ട് (നമുക്കത് മറക്കാതിരിക്കാം). ഇരുപിടികളിലും പിടിച്ചുലച്ചുകൊണ്ടിരിക്കെ പാത്രം നിറഞ്ഞിരിക്കുമെന്ന് കരുതുന്നതെങ്ങനെ? അണുബാധയുള്ളയോനികളിൽനിന്ന് രോഗം പകരാതിരിക്കാൻ സുരക്ഷയ്ക്കായി വേശ്യാലയങ്ങൾ കോൺഡം കൊടുക്കാറുണ്ട്. ചേറിലേക്ക് കൂപ്പുകുത്തുന്ന നമ്മുടെ ആത്മാവിന്റെ സൗഖ്യത്തിനായി നമ്മുടെയുള്ളിൽ അപാരമായൊരു കോൺഡത്തിന്റെ ആവശ്യമുണ്ട്. ശരിയാണ്, സുഖം കുറയും, ചിലപ്പോൾ ആവരണം പൊട്ടിപ്പോയെന്നും വരാം.

അഴുക്കിൽ നിന്ന്, രോഗത്തിൽ നിന്ന്, വൈരൂപ്യത്തിൽ നിന്ന്, അധമത്വത്തിൽ നിന്ന് ഉള്ള സംരക്ഷണം എന്നതാണ് ഫ്‌ലൊബേറിന്റെ രൂപകയുക്തി. സുഖം കുറയ്ക്കുമെങ്കിലും കീറിപ്പോകാം എന്നു വരികിലും അപാരമായ ആ സംരക്ഷണ ഉറ ധരിച്ചിരിക്കണം. കാരണം നാം തേടുന്നത്, തേടേണ്ടത്, ആത്മാവിന്റെ കറയറ്റ, അളവറ്റ അനുഭവമാണ്, അരയ്ക്കുതാഴെ മാത്രം ലോകജീവിതത്തിൽ ആഴുക, അതിനു മേലേ അപരലോകത്തിൽ മുഴുകുക. മാംസത്തിന്റെ ഭാരം ആത്മാവിനെ ഞെരുക്കാതെ സംരക്ഷിക്കുക. ഫ്‌ലൊബേറിന്റെ രൂപകം പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയിൽ വേശ്യാലയങ്ങളിൽ ലഭ്യമായിരുന്ന ഉറയാണെന്നോർക്കണം. അത് സ്ത്രീകളുടെ സംരക്ഷണത്തിനല്ല, മറിച്ച് അഴുക്കിൽ ആഴേണ്ടിവരുന്ന അന്യഥാ ഉത്തമരായ പുരുഷന്മാരുടെ സംരക്ഷണത്തിനുള്ളതാണ്. ശരീരത്തിൽ നിന്ന് ആത്മാവിനെ സംരക്ഷിക്കുന്നത്. ഫ്‌ലൊബേറിന്റെ ഈ ആത്മീയ ഉറ അദ്ദേഹത്തിന്റെ കാലത്തിനു പിന്നിലേക്കും മുന്നിലേക്കും ദീർഘവിശാലമായി വിടർന്നു വർത്തിക്കുന്ന ഒന്നാണ്.

സ്ത്രീ കോൺഡം നിർമാണത്തിലെ ഒരു ഘട്ടം.

പെട്ടെന്നോർമ്മ വരുന്ന ഒരു മലയാളകൃതി എം.ടിയുടെ മഞ്ഞ് ആണ്. ‘അശ്ലീലമായിത്തോന്നുന്നെങ്കിൽ മാപ്പുതരൂ' എന്ന മുഖവുരയോടെ സുധീർകുമാർ മിശ്ര, വിമലയോട് തന്റെ പൂർവകാല ബന്ധങ്ങളെപ്പറ്റി പറയുകയാണ്. വിദ്യാർഥിയായിരുന്നപ്പോൾ താൻ പ്രേമിച്ച, കാമിച്ച അയൽപക്കത്തെ പെൺകുട്ടി. ഒടുവിൽ അവൾ ""സ്വയം തനിക്കായി സമർപ്പിക്കുമ്പോൾ'' അയാൾ ചോദിക്കുന്നു, പേടിയുണ്ടോ എന്ന്. താൻ ഡയഫ്രം ധരിച്ചിട്ടുണ്ട് എന്ന അവളുടെ മറുപടി അയാളുടെ സ്വപ്നങ്ങളെ തകർത്തുകളഞ്ഞു! വിമലയോട് അയാൾ പറയുന്നു, പക്ഷെ ഒരിക്കലും നീ നൈരാശ്യപ്പെടുത്തിയിട്ടില്ല എന്ന്. എം.ടി, ഡയഫ്രം എന്നാണ് എഴുതിയിട്ടുള്ളതെങ്കിലും വിഷയം സുരക്ഷ തന്നെ. പ്രത്യേകിച്ച് തനിക്ക് സ്വയം സമർപ്പിക്കുന്ന സ്ത്രീ അവളുടെ സുരക്ഷ ഉറപ്പാക്കുന്നുവെന്നതാണ്, അവളുടെ ലൈംഗികമായ അറിവാണ് അയാളെ നിരാശനാക്കുന്നത്. ഇന്നും ഇന്ത്യൻ പുരുഷന്മാർ ഉറ ഉപയോഗിക്കാൻ വിമുഖരാണ് എന്ന് പഠനങ്ങൾ പറയുന്നു.

ഏഷ്യയിൽ ഉറയുടെ ഉപയോഗം ഏറ്റവും കുറവുള്ളതും ഇന്ത്യയിലാണ്. അതിനുള്ള കാരണങ്ങൾ സുധീർകുമാർ മിശ്രയുടെ കാരണങ്ങൾ മാത്രമല്ലെങ്കിലും.
വളരെക്കാലം മുൻപ് ആസ്‌ത്രേലിയൻ കവി ലെസ് മറെയുടെ ബിംബങ്ങൾ മാത്രം (The Images Alone) എന്ന കവിത പരിഭാഷപ്പെടുത്തുമ്പോൾ ഉറകൾ പ്രത്യക്ഷപ്പെട്ടു. ആ കവിതയിൽ ഉടനീളം ബിംബങ്ങളുടെ വരുത്തുപോക്കാണ്. ബിംബങ്ങൾ മാത്രം. അവയെ ചേർത്തോ വിടർത്തിയോ ഒളിപ്പിച്ചോ ധ്വനിപ്പിച്ചോ ഒന്നും കാവ്യപരമായി വച്ചുകെട്ടാത്ത ഒരു കവിത.

...ടൈപ്പടിക്കുംപടി ചോളമണിക്കട്ടകൾ കൊത്തിക്കൊത്തിനടക്കുന്നു കോഴിപ്പറ്റങ്ങൾ പീച്ചിമരപ്പൂക്കുടതൻ പാടലവർണ്ണം കവിഞ്ഞാർത്തു വാനിലേക്ക് പെരുമ്പച്ചകൾ ചുളിഞ്ഞ് കാറ്റൊഴിഞ്ഞതാം പഴയവാക്കിൻ വലിഞ്ഞൊട്ടും ബലൂണുകൾ പുഴയിലൂടെ ഭൂഗുരുത്വം മുറിച്ചെതിർപറക്കലായി ശരം പോലെ നീർക്കിളികൾ പുഴയ്ക്കു മീതേ.

കവിയെ ദില്ലിയിൽ വച്ച് നേരിട്ടുകണ്ടപ്പോൾ ഉറപ്പാക്കാനായി ഞാൻ ചോദിച്ചു, ആ കാറ്റൊഴിഞ്ഞ് ചുളിഞ്ഞ് പുഴയിലൂടെ ഒഴുകുന്ന വലിഞ്ഞൊട്ടും ബലൂണുകൾ എന്താണെന്ന്, കവി പറഞ്ഞു: ഹാ, അത് കോൺഡമല്ലാതെ മറ്റെന്ത്?
മറാഠി - ഇംഗ്ലീഷ് കവി അരുൺ കൊലാട്കർ തന്റെ കാലാഘോടാ കവിതകളിൽ തെരുവിലെ അനേകം പാഴ്വസ്തുക്കൾക്കൊപ്പം എറിഞ്ഞുകളഞ്ഞ് കിടക്കുന്ന ഉറകളെപ്പറ്റി എഴുതിയിട്ടുണ്ട്. നിത്യവും തൂപ്പുകാരി തൂത്തുമാറ്റുന്നവ. പി.പി. രാമചന്ദ്രൻ ‘ഉത്തരകാലം' എന്ന കവിതയിൽ ഭാഷയെ അപരജീവനിൽ തൊടാതെ, അർത്ഥം ധരിക്കാതെ, കേവലശബ്ദധാരിയായി നിർത്തുന്ന റബ്ബറുറയിട്ട വാക്കുകളെപ്പറ്റി എഴുതിയിട്ടുള്ളതും ഓർക്കുന്നു. ആണുറകളെ ഈ കവിതയിൽ ഉടനീളരൂപകമായി സ്വീകരിച്ചിരിക്കുകയാണ് രാമചന്ദ്രൻ. 1998 ലാണ് രാമചന്ദ്രൻ ഈ കവിത എഴുതുന്നത്. അക്കാലത്ത് ഞാൻ ഫാക്ടറിക്ക് തൊട്ടടുത്ത് ഒരു വാടകവീട്ടിലാണ് താമസം. അൻവർ അലി, വി.എം. ഗിരിജ, എസ്. ജോസഫ്, കെ.ആർ. ടോണി, രാമചന്ദ്രൻ, പി. രാമൻ, കെ.ജെ. ജോണി ഇവരൊക്കെ ഇടയ്ക്കിടെ ആ വീട്ടിൽ ഒത്തുകൂടാറുണ്ടായിരുന്നു. ഇവരാരെങ്കിലും എന്റെ കൂടെ ഫാക്ടറി സന്ദർശിച്ചിരുന്നോ? വ്യക്തമായി ഓർക്കുന്നില്ല. ഫാക്ടറിയുടെ സാമീപ്യം ഒരു പക്ഷെ രാമചന്ദ്രനെ ഈ കവിതയുടെ അബോധത്തിൽ സ്വാധീനിച്ചിട്ടുണ്ടാവുമോ? അനേകവർഷങ്ങൾ ഫാക്ടറിയിൽ രാപകൽ ജോലി ചെയ്തിട്ടും അനേകകോടി ഉറകൾ നിർമിച്ചിട്ടും എന്റെ ഒരു കവിതയിൽപ്പോലും പ്രത്യക്ഷമായോ പരോക്ഷമായോ ഉറകൾ വന്നുപോയില്ല. അതും മനഃപൂർവമല്ല.

രാമചന്ദ്രന്റെ ഉത്തരകാലം എന്ന കവിതയുടെ തുടക്കം ഇങ്ങനെയാണ്:ലോലമാം റബ്ബറുറയിട്ട വാക്കുകൾ കാതിൽ വഴുവഴുക്കുന്നുവെന്നോ സഖീ? ഹാ, സുഖം! കേവല ശബ്ദം ധരിച്ചൊരീ ഭാഷ തൊടില്ല നിൻ ജീവനെ; ആകയാൽ പേടിച്ചിടേണ്ട നാം അർത്ഥഗർഭങ്ങളെ കാലം പഴയതേക്കാളും സുരക്ഷിതം.

ഉറയെന്ന രൂപകബദ്ധമായ മൂല്യവിചാരം കവിതയ്ക്കുള്ളിൽ സ്വയം ഖണ്ഡിക്കുന്നുണ്ടോ? പഴയകാലം സുരക്ഷിതമല്ലായിരുന്നു, അപകടകരമായിരുന്നു, പക്ഷെ അതായിരുന്നോ കാമ്യം? ഇപ്പോൾ ഉറകളിൽ സുരക്ഷിതമായി, പക്ഷെ തമ്മിൽ അകലമായി. പണ്ട് കവിയും സഖിയും പത്താം തരത്തിൽ പഠിക്കുന്ന കാലത്ത് പതിവായി ‘കവിത്രയം കൂട്ടി മുറുക്കിച്ചുവന്നുദ്ധരിച്ചെത്തിടാറുള്ള' മാഷ്, മുൻബഞ്ചിലിരുന്ന് നിലാവു പൊഴിക്കുന്ന ചന്ദ്രിക, അവരുടെ ലൈബ്രറിക്കുള്ളിലെ സംഗമങ്ങൾ, അവൾ ‘അർത്ഥവതി' യായി എന്ന് അറിഞ്ഞപ്പോൾ സ്ഥലം വിടുന്ന മാഷ്, ഉത്തരത്തിൽ ചോദ്യചിഹ്നമായി മാറിയ ചന്ദ്രിക.

ഇതൊക്കെയോർത്തിട്ട് കവിത അവസാനിക്കുന്നതിങ്ങനെ:ഇപ്പൊഴോർക്കുമ്പോൾ ചിരിവരും; വാക്കിന്റെ ഉത്തരകാലമിതെത്ര സുരക്ഷിതം. എത്രമേൽ കെട്ടിപ്പുണർന്നാലുമിന്നു നാം തൊട്ടുപോകില്ലാ പരസ്പരം മേനിയിൽഒച്ചൊഴിഞ്ഞൂരിയടർന്ന തൊണ്ടിൽ ഊതി ഒച്ചയുണ്ടാക്കുന്ന പോലെ ഞാൻ ചൊല്ലിയ- തൊട്ടുമോർമ്മിക്കയും വേണ്ടാ; പിരിയുക, മറ്റൊരിക്കൽ കണ്ടുമുട്ടാതിരിക്കുക.


അനിത തമ്പി

കവി, വിവർത്തക. ആദ്യ കവിതാസമാഹാരം മുറ്റമടിക്കുമ്പോൾ. അഴകില്ലാത്തവയെല്ലാം, ആലപ്പുഴ വെള്ളം എന്നിവ മറ്റു സമാഹാരങ്ങൾ​. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, സ്വീഡിഷ് ഭാഷകളിലേക്ക്​ കവിതകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

Comments