ബലാത്സംഗത്തിലെ പ്രതി ഇരയായ യുവതിയുടെ ചൊവ്വാ ദോഷത്തെ സംബന്ധിച്ച് സൂചിപ്പിച്ച മാത്രയിൽ അത് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ലഖ്നൗ സർവകലാശാലയിലെ ജ്യോതിഷ വിഭാഗത്തോട് അലഹബാദ് ഹൈകോടതി ഉത്തരവിടുകയുണ്ടായി. തികച്ചും യുക്തിഹീനമായ ഈ വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തുവെങ്കിലും ജ്യോതിഷം വിമർശവിധേയമാകാതെ അക്കാദമിക വ്യവഹാരങ്ങളിൽ ഇന്നും അപ്രമാദിത്വം പുലർത്തുകയാണ്. ഇന്ത്യയിലെ സർവകലാശാലകളിലും കോളേജുകളിലും ജ്യോതിഷം ഇന്നും പഠനവിഷയമാണ് എന്നത് അതിന്റെ അപ്രമാദിത്വത്തെയാണ് തെളിച്ചു കാട്ടുന്നത്. ഡിഗ്രി മുതൽ പി.എച്ച്. ഡി. വരെയുള്ള വ്യത്യസ്ത കോഴ്സുകൾ ജ്യോതിഷത്തിൽ നിലവിലുണ്ട്. കേരളത്തിൽ തിരുവനന്തപുരം സംസ്കൃത കോളേജിലും തൃപ്പൂണിത്തുറ സംസ്കൃത കോളേജിലും ജ്യോതിഷത്തിൽ ബിരുദാനന്തര ബിരുദ പഠനവും ഗവേഷണവും നടന്നു വരുന്നുണ്ട്. കേരള സർവകലാശാലയും മഹാത്മാ ഗാന്ധി സർവകലാശാലയുമാണ് ജ്യോതിഷ ഗവേഷണ വിഷയങ്ങൾക്ക് ഡോക്ടറൽ ബിരുദങ്ങൾ നൽകുന്നത്. ഇങ്ങനെ അക്കാദമിക മേഖലകളിലും സർവസ്വീകാര്യതയുള്ള ജ്യോതിഷത്തിന് നീതിന്യായ വ്യവഹാരങ്ങളിലും ഇടം ലഭിക്കുന്നതിൽ അത്ഭുതത്തിനവകാശമില്ല.
ജ്യോതിഷത്തിന് എന്താണ് കുഴപ്പം ?
ജ്യോതിഷത്തിന് എന്താണ് പ്രശ്നം എന്ന ചോദ്യത്തിലേക്കാണ് വിമർശനങ്ങൾ യഥാർത്ഥത്തിൽ നീങ്ങേണ്ടത്. ജ്യോതിശാസ്ത്രത്തിൽ (Astronomy ) നിന്നും തികച്ചും വ്യതിരിക്തമാണ് ജ്യോതിഷം അഥവാ ഫലിത ജ്യോതിഷം ( Astrology ) . ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും രാശിചക്ര സ്ഥിതിയനുസരിച്ച് അവ മനുഷ്യജീവിതത്തിലും പ്രകൃതിയിലും സ്വാധീനം ചെലുത്തുമെന്ന ധാരണയിൽ ഫലപ്രവചനം നടത്തുന്ന വിശ്വാസാധിഷ്ഠിത പദ്ധതിയാണ് ജ്യോതിഷം. ആധുനികമായ ജ്യോതിശാസ്ത്രവുമായി ഇത് താരതമ്യത്തിന് പോലും അർഹമല്ല. നിരീക്ഷണവും പരീക്ഷണവും യുക്ത്യധിഷ്ഠിതമായ ചിന്തനവുമില്ലാതെ ജാതകത്തിന്റെയും ഗ്രഹനിലയുടെയും അടിസ്ഥാനത്തിൽ മനുഷ്യജീവിതങ്ങളെ നിർണയിക്കുന്ന, തെളിവ് വട്ടപൂജ്യമായ ഒന്ന് മാത്രമാണ് ജ്യോതിഷം.
ഇന്ത്യയിലെ പ്രാചീന ജ്യോതിഷ ഗ്രന്ഥങ്ങളിൽ ജ്യോതിശാസ്ത്രത്തിന്റെ യും ഫലിത ജ്യോതിഷത്തിന്റെയും മിശ്ര രൂപമാണുള്ളത്. സയൻസിലെ നിരീക്ഷണങ്ങൾ ഉള്ളടങ്ങിയപ്പോഴും ഈ ജ്യോതിഷ ഗ്രന്ഥങ്ങൾ വിശ്വാസ സിദ്ധാന്തങ്ങളിൽ നിന്നും മുക്തി നേടിയിരുന്നില്ല. പ്രാചീന ഇന്ത്യയിലെ ജ്യോതിശാസ്ത്രത്തിലെ അഗ്രഗാമിയായി അറിയപ്പെടുന്ന ആര്യഭടന്റെ കൃതികൾ പോലും ദേവതാ സ്തുതികളോടെയാണ് ആരംഭിക്കുന്നത്. ഗണിത ശാസ്ത്രത്തിലും മറ്റും ഉന്നത സംഭാവനകൾ നൽകിയ ബ്രഹ്മഗുപ്തനും ഫലിത ജ്യോതിഷ വിശ്വാസിയായിരുന്നു. ഇങ്ങനെ "ഇന്ത്യൻ ജ്യോതിഷം" ജ്യോതിശാസ്ത്രത്തിന്റെയും ഫലജ്യോതിഷത്തിന്റെയും ഒരു മിശ്രണമായിരുന്നു. ശാസ്ത്രീയ ഗവേഷണങ്ങളിലൂടെ ഇതിലെ ഫലിത ജ്യോതിഷത്തെ വിമർശവിധേയമാക്കുവാനും ആധുനിക ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളോട് അടുത്തു നിൽക്കുന്ന സിദ്ധാന്ത പന്ഥാവുകളെ തെളിയിച്ചെടുക്കുവാനുള്ള ശ്രമങ്ങൾ പരിതാപകരമായാണ് ഇന്ത്യൻ അക്കാദമിക ലോകത്ത് തുടരുന്നത്. മഹർഷിമാർ കണ്ടെത്തിയതെല്ലാം പരമ സത്യമാണെന്ന പ്രചരിപ്പിക്കുന്ന ബ്രാഹ്മണ്യവാദികൾ ജ്യോതിഷത്തെ വിമർശവിധേയമാക്കുന്ന പഠനങ്ങളെ തികഞ്ഞ അസഹിഷ്ണുതയോടെയാണ് നോക്കിക്കാണുന്നത്.
കേരളത്തിലെ സർവകലാശാലകളിൽ ജ്യോതിഷ വിഷയ സംബന്ധിയായ ഗവേഷണങ്ങളും ബ്രാഹ്മണ്യ വ്യവഹാരങ്ങളിൽ നിന്നും മുക്തമല്ല എന്ന് പ്രസ്തുത ഗവേഷണ പ്രബന്ധങ്ങൾ പരിശോധിക്കുമ്പോൾ ബോധ്യപ്പെടും. കേരള പി. എസ്. എസി ജ്യോതിഷം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഈ ചർച്ച ഉരുത്തിരിയുന്നതെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തിലെ ജ്യോതിഷ ഗവേഷണങ്ങൾ പോലും യാഥാസ്ഥിതികവും പാരമ്പര്യ ബദ്ധവുമായ ധാരണകളെ കൂടുതൽ ഊട്ടിയുറപ്പിക്കാനാണ് ശ്രമിക്കുന്നത്. വിവാഹ പൊരുത്തം, ദശാസന്ധി തുടങ്ങിയവയെ സംബന്ധിച്ച് സമർപ്പിക്കപ്പെട്ട ഗവേഷണ പ്രബന്ധങ്ങൾ തന്നെ ഇതിന് തെളിവാണ്. നവോത്ഥാനം ഇളക്കി മറിച്ചു എന്ന് അവകാശപ്പെടുന്ന കേരളത്തിലെ അക്കാദമിക സ്ഥാപനങ്ങളിൽ പോലും ജ്യോതിഷം വിമർശനാതീതമായി തുടരുന്നു എന്നത് സാംസ്കാരികമായി കേരളം വലതുപക്ഷത്താണ് എന്നതിന്റെ ദൃഷ്ടാന്തമാണ്.
ഫലജ്യോതിഷത്തെ എന്തിന് എതിർക്കണം?
ജ്യോതിഷ സംബന്ധിയായ നൂറ് കണക്കിന് മാസികകളും പുസ്തകങ്ങളും ചൂടപ്പം പോലെ വിറ്റു പോകുന്ന ഒരു സമൂഹമാണ് ഇന്നും കേരളം. പൊരുത്തം നോക്കാതെ നടത്തുന്ന വിവാഹങ്ങൾ ഇന്നും വിരളമാണ്. ഇന്ത്യൻ അവസ്ഥ ആകമാനം പരിശോധിക്കുമ്പോൾ ഇതിലും ഭീകരമാണ്. പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം ഗണപതി ഹോമത്തോടെയും വേദമന്ത്ര ഘോഷണത്തോടെയും ആരംഭിക്കുന്ന ഒരു ഭരണകൂടമുള്ള രാഷ്ട്രത്തിൽ അലഹബാദ് ഹൈകോടതി വിധിയിൽ ആശ്ചര്യജനകമായി ഒന്നുമില്ല തന്നെ.
അടിസ്ഥാനപരമായി ജ്യോതിഷ ഗ്രന്ഥങ്ങൾ ചാതുർവർണ്യത്തെയും ജാതി അസമത്വ വ്യവസ്ഥയെയും പിന്താങ്ങുന്നു എന്നതിനാൽ തന്നെ സാമൂഹ്യ നീതിയും സായൻസിക ചിന്താഗതിയും ഉയർത്തി പിടിക്കുന്ന ജനായത്ത പൗരർക്ക് ഫലിത ജ്യോതിഷം തിരസ്കരിച്ചേ മതിയാവൂ. മനുഷ്യർ ഹീന ജാതി എന്ന് മുദ്ര കുത്തപ്പെട്ട ജാതികളിൽ വന്നു പിറക്കുന്നതിന് കാരണം അവരുടെ മുജ്ജന്മ പാപമാണെന്ന കർമ സിദ്ധാന്തമാണ് വരാഹമിഹിരന്റെ ബൃഹജ്ജാതകവും ബൃഹത്സംഹിതയും , കേരളത്തിലെ പ്രശ്നമാർഗം ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങളും മുന്നോട്ടു വയ്ക്കുന്നത്. ഇന്ത്യൻ സാമൂഹ്യ അസമത്വത്തെ ഗ്രഹനിലയെയും രാശിചക്രത്തെയും അടിസ്ഥാനമാക്കി ന്യായീകരിക്കുന്ന സയൻസ് വിരുദ്ധ അശാസ്ത്രീയ നിലപാട് തള്ളിക്കളയേണ്ടത് ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായി നിലനിൽക്കാൻ അനിവാര്യമാണ്.
രോഗങ്ങൾക്കും ദുരിതങ്ങൾക്കും പരിഹാരമായി ബ്രാഹ്മണർക്ക് അന്നവും വസ്ത്രവും ഭൂമിയും സ്വർണവും ദാനമായി നൽകാൻ വിധിക്കുന്ന ജ്യോതിഷ ഗ്രന്ഥങ്ങൾ അസമത്വ വ്യവഹാരങ്ങളുടെ ഭണ്ഡാഗാരമാണ്. ഒരു നാട്ടിൽ സംഭവിക്കുന്ന ക്ഷാമത്തിന്റെ യും മറ്റ് ദുരിതങ്ങളുടെയും കാരണം ബ്രാഹ്മണ ശാപമാണെന്ന് വിധിയെഴുതുന്ന ജ്യോതിഷ ഗ്രന്ഥങ്ങളുടെ വീക്ഷണം തുല്യതയെ നിരസിക്കുന്ന മനുസ്മൃതിയുടേതാണ്.
ജനാധിപത്യത്തിൽ ജ്യോതിഷത്തിനെന്ത് കാര്യം?
വസ്തു നിഷ്ഠമായ അന്വേഷണങ്ങളെയും ആധുനിക സയൻസിനെയും ആശ്രയിക്കേണ്ട ഉന്നത നീതിപീഠങ്ങൾ ജ്യോത്സ്യന്മാരെ തേടി പോകുന്നത് ഉന്നത ന്യായാലയങ്ങളെ പോലും പിടി മുറുക്കിയിരിക്കുന്ന ബ്രാഹ്മണ്യ ലോകവീക്ഷണത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. മനുഷ്യരെ ഹീനരായി തരംതിരിക്കുകയും അവരുടെ സാമൂഹ്യ പ്രശ്നങ്ങളുടെ കാരണം സർപ്പകോപവും ബ്രാഹ്മണ ശാപവും മുജ്ജന്മ പാപവുമാണെന്ന് പ്രവചിക്കുന്ന ഫലിത ജ്യോതിഷ സിദ്ധാന്തങ്ങൾ ജനാധിപത്യ വ്യവസ്ഥക്കെതിരായ വലിയ വേലിക്കെട്ടാണ്. ഫലിത ജ്യോതിഷത്തിൽ പൗരരില്ല, അതിൽ ശ്രേണീകൃതമായി തരം തിരിക്കപ്പെട്ട പറ്റങ്ങൾ മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ തുല്യ നീതിയിൽ അധിഷ്ഠിതമായ ആധുനിക ജനായത്ത സമൂഹത്തിന് വെല്ലുവിളിയായ ഫലിത ജ്യോതിഷത്തെ വിമർശനാത്മകമായി പരിശോധിക്കുക എന്നത് ഭരണഘടനാ ജനാധിപത്യത്തിന്റെ നിലനിലനില്പിനും സാഹോദര്യ സ്നേഹ സമൂഹത്തിന്റെ സൃഷ്ടിക്കും തീർത്തും അനിവാര്യമാണ്. പ്രതിഷ്ഠയുടെ മുഹൂർത്തം അന്വേഷിച്ചു വന്ന ശാസ്ത്രിയോട് ജ്യോതിഷ വിശ്വാസത്തെ ഒട്ടൊരു ഫലിതത്തോടെ നിരസിച്ച നാരായണ ഗുരുവാണ് ഇക്കാര്യത്തിൽ നമ്മുടെ വഴി വിളക്ക്