ബീഫ്​, സദ്യ, കുഴിമന്തി: ഭക്ഷണം എന്ന പ്രതിരോധ മാധ്യമം

ഭക്ഷണത്തിന്റെ 'ഇടം' അത് ഉപയോഗിക്കുന്ന, സൃഷ്ടിക്കുന്ന മനുഷ്യരുടെ ശരീരത്തെ അടയാളപ്പെടുത്തുന്നുണ്ട്. ശരീരത്തിന്റെ പ്രതിരോധങ്ങൾ ഏതൊക്കെ വിധത്തിലാണ് ഭക്ഷണത്തെ സ്വീകരിക്കുകയും തള്ളുകയും ചെയ്യുന്നത് എന്നിടത്ത്, ഭക്ഷണം ശരീരത്തിന്റെയും പ്രതിരോധമാർഗമാകുന്നു.

ക്ഷണം എന്നാൽ മനുഷ്യന്റെ പ്രാഥമിക അവകാശങ്ങളോടും ജൈവികാവശ്യങ്ങളോടും ബന്ധപ്പെട്ട ഒന്നാണെന്ന് എളുപ്പം വ്യാഖ്യാനിക്കാം. കാല-ദേശ ഭേദങ്ങൾക്കനുസരിച്ചുള്ള മാറ്റം അവിടെ സ്വാഭാവികമാണ്. യഥാർത്ഥത്തിൽ സംസ്കാര നിർമ്മിതിയുടെ ഭാഗമാണ് ഭക്ഷണവും അതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും. അതിന്റെ തെരഞ്ഞെടുക്കൽ, ഉല്പാദനം, പങ്കുവെക്കൽ എന്നിവയെല്ലാം ഓരോ ചിഹ്നങ്ങളാണ്. അവയ്ക്ക് ചിലപ്പോൾ ഒരു ശത്രുവിനെ നിർവചിച്ചെടുക്കുവാൻ സാധിക്കും, മറ്റുചിലപ്പോൾ അധികാരത്തിന്റെ വിവിധ തലങ്ങളെ ഊട്ടിയുറപ്പിക്കുവാനാകും, ഭക്ഷണം എന്നാൽ പ്രതിരോധത്തിന്റെ ഏറ്റവും ശക്തമായ മാധ്യമവും ആകുന്നു.

ഭക്ഷണവുമായി ബന്ധപ്പെട്ട് 2022-ൽ മാധ്യമങ്ങളിൽ വന്ന മൂന്ന് വാർത്തകൾ പരിശോധിക്കാം.

മധ്യപ്രദേശിലെ ഉജ്ജയിനിൽ ഒരു ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് ബോളിവുഡ് നടൻ റൺബീർ കപൂറിനെയും ആലിയ ഭട്ടിനെയും ബജ്റംഗ്ദൾ പ്രവർത്തകർ തടഞ്ഞുതാണ് ഒരു വാർത്ത. ബീഫ് ഇഷ്ടമാണെന്ന റൺബീറിന്റെ മുൻപരാമർശത്തിൽ പ്രതിഷേധിച്ചാണ് ബജ്​റംഗ്​ദൾ പ്രവർത്തകർ ഇവരെ തടഞ്ഞത്.

ഭക്ഷണം എന്നാൽ ഒരു വ്യക്തിയല്ല, സമൂഹം തന്നെയാകുന്നു. പൊതുസമ്മതി നേടിയ ഒരാൾ നിരുപദ്രവകരമായ തന്റെ ഇഷ്ടത്തെ തുറന്നുപറഞ്ഞതുമൂലം പൊതുഇടങ്ങളിലും തൊഴിലിടത്തും പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടതായിവരുന്നു. ഇവിടെ ഭക്ഷണം വിശ്വാസരൂപീകരണത്തിനുള്ള വഴിയായി മാറ്റപ്പെടുന്നു. എപ്പോഴത്തെയും പോലെ അതിനോട് എതിർക്കാനാവാത്ത ഒരു സമൂഹം നിരന്തരമായ വേട്ടയാടലുകൾക്ക് വിധേയമാകുന്നു. ബോധപൂർവ്വം സൃഷ്ടിച്ചെടുക്കുന്ന മുഖ്യധാരാ സംസ്കാരമെന്നത് ഒരേസമയം മരവിച്ചതും മയക്കുന്നതുമാകുന്നു. ഫാഷിസത്തിന്റെ അധികാരദണ്ഡ് ആരാണ് തീരുമാനിക്കുന്നത് എന്നിടത്തുതന്നെ, ഭക്ഷണമെന്ന ‘കുറുക്കുവഴി’യ്ക്ക് ബഹുസ്വരതയോടുള്ള അതൃപ്തികൾ രൂപപ്പെടുന്നത് കാണാം.

ജന്മസിദ്ധമായതിനെ / സ്വാഭാവികതയെ ഒതുക്കിമാറ്റുന്ന വിധത്തിൽ സമീപസാഹചര്യങ്ങൾ ഒരു കുട്ടിയുടെ ബാല്യം മുതൽക്കുതന്നെ ഇടപെട്ടു തുടങ്ങുന്നു. ഭാഷ, സംസ്കാരം, പരിതസ്ഥിതികൾ ഇതെല്ലാം പരിശീലനത്തിനനുസരിച്ചുള്ള പ്രിയ-അപ്രിയങ്ങളായി വളരുന്നു, കൈമാറ്റം ചെയ്യപ്പെടുന്നു. കൃത്യമായി പറഞ്ഞാൽ ഒറ്റയൊറ്റ ഇടങ്ങളിൽ അല്ല ഓരോരോ കൂട്ടങ്ങളിലാണ് ഭക്ഷണത്തിന്റെ രാഷ്ട്രീയവും പ്രതിരോധവും പ്രാബല്യത്തിൽ വരുന്നത്. നിരന്തര പ്രയോഗത്തിലൂടെ കൃത്രിമമോ ജൈവികമോ ആയ ഒരു സംസ്കാരമണ്ഡലത്തെ ഉറപ്പിച്ചെടുക്കാൻ സാധിക്കും.

ഭക്ഷണവും നിരന്തരമായ വിനിയോഗിക്കലുകളിലൂടെ ഒരു സാംസ്കാരിക പരിതസ്ഥിതിയെ വിഭാവനം ചെയ്തെടുക്കുന്നു. അത് മറ്റ് സാമ്പത്തിക സാമൂഹിക മേഖലകളിലേക്ക് സ്വാധീനം ചെലുത്തുന്നു. ഭക്ഷണം സാംസ്കാരിക സ്വത്വ നിർമ്മിതിയുടെ ഭാഗം തന്നെയാകുന്നു. അതിലൂടെ സാമ്പത്തികമായും ജാതിപരമായും ലിംഗപരമായും ദേശപരമായും വേർതിരിവുകൾ സംഭവിക്കുന്നു. ഫൈവ്സ്റ്റാർ ഹോട്ടലുകളും തട്ടുകടകളും മുമ്പോട്ട് വെക്കുന്ന ഭക്ഷണ നാമങ്ങളും അഭിമുഖീകരിക്കേണ്ടിവരുന്ന ഉപഭോക്താക്കളും പെരുമാറ്റരീതികളും വിശപ്പിന്റേതു മാത്രമല്ല എന്ന് വ്യക്തമാണ്. ആരാധനാലയങ്ങളിൽ നൽകുന്ന ഭക്ഷണങ്ങൾക്കും അവരുടേതായ മതബോധത്തിന്റെ സൂക്ഷ്മാടയാളങ്ങളും അതിലൂന്നിയുള്ള ഒരു വിഭാഗത്തിന്റെ സംഘടിത സ്വഭാവരൂപീകരണവും പ്രകടമാകും. സ്കൂളുകളിൽ, ജോലിസ്ഥലങ്ങളിൽ, ആഘോഷവേളകളിൽ ഒക്കെ വിനിമയത്തിലൂടെയുള്ള സ്വത്വസ്ഥിരീകരണം നടക്കുന്നു. അത് ഒരേസമയം അതിസൂക്ഷ്‌മ സ്വത്വപ്രതിഷേധ സ്വഭാവവും പ്രകടിപ്പിക്കുന്നുണ്ട്. ആവർത്തനത്തിന്റെ സ്വഭാവത്തോടു കൂടിയ, പുതുമയേയും പഴമയേയും അതാത് ഗർവ്വോടെ പ്രദർശിപ്പിക്കുന്ന/ ഒളിച്ചുവയ്ക്കുന്ന നിശ്ശബ്ദ പ്രകടനപരതയായും ഇതിനെ കാണാം.

ഭക്ഷണത്തിന്റെ 'ഇടം' (space) അത് ഉപയോഗിക്കുന്ന, സൃഷ്ടിക്കുന്ന മനുഷ്യരുടെ ശരീരത്തെ അടയാളപ്പെടുത്തുന്നുണ്ട്. ശരീരത്തിന്റെ പ്രതിരോധങ്ങൾ ഏതൊക്കെ വിധത്തിലാണ് ഭക്ഷണത്തെ സ്വീകരിക്കുകയും തള്ളുകയും ചെയ്യുന്നത് എന്നിടത്ത്, ഭക്ഷണം ശരീരത്തിന്റെയും പ്രതിരോധമാർഗമാകുന്നു.

ഭക്ഷണം വലിച്ചെറിഞ്ഞ് സമരം ചെയ്ത ശുചീകരണ തൊഴിലാളികള്‍ക്കെതിരെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ നടപടിയെടുത്തതാണ്, 2022-ലെ മറ്റൊരു വാർത്ത. ജോലിസമയത്ത് ഓണാഘോഷം നടക്കുമ്പോൾ മാലിന്യമെടുക്കുന്ന ജോലി ചെയ്യുന്ന കുറച്ചുപേർക്ക്​ മുഷിഞ്ഞ വേഷത്തിൽ വന്ന് സദ്യ കഴിക്കുവാൻ സാധിക്കാത്തതിനാൽ, സ്വീകരിച്ചതാണ് ഈ സമരരൂപം. തെറ്റുകുറ്റങ്ങൾക്കതീതമായ സാധാരണക്കാരുടെ സ്വാഭാവിക പ്രതിഷേധങ്ങളിൽ ഒന്നായി ചർച്ച ചെയ്യപ്പെട്ട സംഭവമാണിത്. പ്രശ്നത്തെ വ്യവസ്ഥാപരമായി സമീപിക്കാതെയിരിക്കുക എന്ന നീതി നിലനിൽക്കുമ്പോൾ തന്നെ 'ഭക്ഷണം' ഒരു വ്യവസായമാകുന്നതും മാധ്യമ സൃഷ്ടിയാക്കപ്പെടുന്നതിന്റെയും ആന്തരതലങ്ങൾ കൂടി വിലയിരുത്തേണ്ടതുണ്ട്.

ഇവിടെ ഭക്ഷണം ആത്മാഭിമാനത്തിന്റെ പ്രതീകമാകുന്നു. അതേസമയം, ശബ്ദമില്ലാതാക്കപ്പെടുന്നവരുടെ നിസ്സഹായതയും ഇവിടെ വെളിവാക്കപ്പെടുന്നു. കേന്ദ്രീകൃതമായ ചെറിയ ഇടങ്ങളും ദേശരാഷ്ട്രങ്ങളുടെ ഭാഗമാണെന്ന് ഊട്ടിയുറപ്പിക്കുന്ന ഒരു സന്ദർഭമാണിത്. ദേശങ്ങളുടെയും തൊഴിലിടങ്ങളുടെയും സ്വാതന്ത്ര്യലംഘനങ്ങൾക്ക് നേരെയുള്ള പ്രതിരോധം ഭക്ഷണമെന്ന മാധ്യമത്തിലൂടെയും സാധ്യമാകുന്നു.

ആഗോള, പ്രാദേശിക, ദേശീയ തലങ്ങളിൽ വിശപ്പ് സമഗ്രമായി അളക്കുന്നതിനും ട്രാക്കുചെയ്യുന്നതിനുമുള്ള ഒരു ഉപകരണമാണ് ഗ്ലോബൽ ഹംഗർ ഇൻഡക്സ് (GHI). 2022-ൽ കഴിഞ്ഞ വർഷത്തേക്കാൾ ആറ് സ്ഥാനം കൂടി ഇന്ത്യ പിന്നോട്ടു പോയി. ജി എച്ച്‌ ഐ, ഇന്ത്യയിലെ പട്ടിണിയുടെ അവസ്ഥയെ ‘അപകടകരം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നിവയെല്ലാം ഇന്ത്യയെക്കാൾ മെച്ചപ്പെട്ട നിലയിലാണ്.

ഭക്ഷണം ഒരു പ്രതിരോധ മാധ്യമം എന്ന രീതിയിൽ ഫലവത്തായ വിധത്തിൽ വിനിയോഗിക്കാൻ നമ്മുടെ സമൂഹത്തിന് കഴിഞ്ഞിട്ടില്ല എന്ന് വർത്തമാനകാല സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ വ്യക്തമാകുന്നു. സഹോദരൻ അയ്യപ്പൻ, പന്തിഭോജനത്തിലൂടെ ഭക്ഷണത്തിൽ അധിഷ്ഠിതമായി ജനതുല്യതയ്ക്ക് പ്രാമുഖ്യം നൽകി. അവിടെ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന ഒന്നായി, ഐക്യത്തിന്റെ ജനകീയ സമരസ്വഭാവം രൂപപ്പെട്ടു. വിനിമയങ്ങൾ, പ്രകടനങ്ങൾ, അവതരണങ്ങൾ എന്നിവയെല്ലാം ഓരോ തരത്തിലുള്ള സമരമുഖങ്ങളെ അഭിസംബോധന ചെയുന്നതായി കാണാം.

വി.കെ ശ്രീരാമന്‍

കേരള കാർഷികസംസ്കൃതിയെ ഊട്ടിയുറപ്പിക്കുന്ന വിധത്തിലുള്ള ഭക്ഷ്യമേളകൾ കേന്ദ്രീകൃത മുതലാളിത്ത അധിനിവേശങ്ങൾക്കെതിരെയുള്ള പ്രതിരോധം എന്ന നിലയിൽ ശക്തമായി സ്വീരിക്കപ്പെടുന്നു. യൂട്യൂബ് ചാനലുകളിലൂടെ, അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന ഗോത്രസംസ്കൃതികളും പഴയ കാലത്തിന്റെ ഭക്ഷ്യരുചികളും സ്വദേശ-വിദേശ ഭേദമില്ലാതെ സ്വീകരിക്കപ്പെടുന്നു. ഉപഭോഗപരതയുടെ സ്വീകാര്യതകൾക്കൊപ്പം, പ്രാദേശികതയും പരിസ്ഥിതിയും മികച്ച രീതിയിൽ അംഗീകരിക്കപ്പെടുന്നു.

കേരളത്തിന്റെ ഏകാധിപതിയായി നിയമിക്കപ്പെട്ടാൽ മലയാള ഭാഷയെ മാലിന്യത്തിൽ നിന്ന് മോചിപ്പിക്കുവാൻ, ആദ്യം ചെയ്യുക കുഴിമന്തി എന്ന് എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുകയായിരിക്കുമെന്ന എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമന്റെ അഭിപ്രായമാണ് മൂന്നാമത്തെ വാർത്ത. ഭക്ഷണം, സംസ്കാരത്തിൽ എന്നതുപോലെ ഭാഷയിലും സ്വാധീനം ചെലുത്താറുണ്ട്. ഭാഷ പിന്നീട് സവർണം/അവർണ്ണം എന്നിങ്ങനെയുള്ള വിഭജനങ്ങളിലേക്ക് അതിന്റെ പരിതസ്ഥിതികളെ കൊണ്ടുചെന്നെത്തിക്കുന്നത് കാണാം. സംസ്കാരത്തിന്റെ കലർപ്പുകളുടെ ഭാഗമായി ഭക്ഷണം ഭാഷയിൽ ഇടപെടാറുണ്ട്. അബോധപൂർവം ഉരുവം കൊണ്ട ഭാഷാപദങ്ങളെ അതിവൈകാരികതയാൽ സമീപിക്കുന്നത്, തൽഫലമായുള്ള ഭാഷാശുദ്ധീകരണങ്ങൾ എന്നിവയെല്ലാം തികച്ചും അനാവശ്യമാണ്. എല്ലാ സാഹിത്യങ്ങളിലും സഹിഷ്ണുതയുടേയും സമഭാവനയുടേയും സമരസപ്പെടലിന്റെയും പ്രതീകമായി ഭക്ഷണം കടന്നുവരുന്നുണ്ട്. അതുപോലെ വാക്കുകൾ പ്രതിനിധീകരിക്കുന്ന ആശയലോകവും അതിന്റെ പിന്നാമ്പുറങ്ങളും റദ്ദു ചെയ്യപ്പെടാറുമുണ്ട്.

സാംസ്‌കാരിക വൈവിധ്യങ്ങളോടെ എല്ലാ വിഭാഗം ജനങ്ങളെയും, (ഭക്ഷണരീതികളെയും) ചേർത്തുനിർത്തുന്നതാണ് ജനാധിപത്യം. ഭാഷ, വേഷം, ഭക്ഷണരീതി ഇവയെ 'വരേണ്യ'മായ ഏതെങ്കിലുമൊന്നിലേക്ക് ചുരുക്കുന്നതും പുറംതള്ളുന്നതും അപരവിദ്വേഷത്തിന്റെയും അധീശസങ്കല്പനങ്ങളുടെയും ഭാഗം കൂടിയാണ്. കലർപ്പിന്റെ (Fusion) ഭാഷ ഏറ്റവുമധികം ഒരു സംസ്കാരത്തിലേക്ക് കടന്നുവരുന്നത് ഭക്ഷണങ്ങളിലെ വിനിമയങ്ങളിലൂടെയാണ്. ബർഗർ, സാൻവിച്ച്, ഷവർമ്മ, പിസ തുടങ്ങിയവ ഉദാഹരണങ്ങൾ. എല്ലാതരത്തിലുമുള്ള ശുദ്ധവാദങ്ങളുടേയും പുറംപൂച്ചുകളെ, ആഴമില്ലായ്മയെ തിരിച്ചറിയുക എന്നത് ഭാഷാമേഖലയിലെ പ്രതിരോധമാണ്. അവിടെ സാധ്യതകൾക്ക് വികാസത്തിന്റെയും സമഗ്രതയുടേയും ഉൾക്കൊള്ളലിന്റെയും മാനവികസ്വഭാവം കൈവരുന്നു.

വ്യക്തികളെ സ്വതന്ത്രരും സ്വയാധികാരമുള്ളവരുമാക്കലാണ് സ്വാതന്ത്ര്യത്തിലേക്കുള്ള യഥാർത്ഥ വഴി. സൂക്ഷ്മവും സുസ്ഥിരസ്വഭാവം പുലർത്തുന്നതുമായ 'ഭക്ഷണം' ഇത്തരത്തിൽ എല്ലായിടങ്ങളുടെയും ശക്തമായ പ്രതിരോധസാധ്യതയാകുന്നു.

Comments