ആദത്തിന്റെ സൃഷ്ടി, മൈക്കെലാഞ്ജലോ / Photo: Wikimedia Commons

ലൈംഗികതയെക്കുറിച്ച് സംസാരിക്കാൻ
മതങ്ങൾക്ക് ഇപ്പോഴും പേടിയാണ്

ണ്ട് പതിറ്റാണ്ട് മുമ്പ് ഒരു ഫ്രഞ്ച് ഫോക് ലോറിസ്റ്റിനൊപ്പം ഗുരുവായൂരിൽ പോയപ്പോൾ, അവിടെയുള്ള ഒരു വിമൻസ് കോളേജിൽ പോകാനിടയായി. വിദ്യാർത്ഥിനികൾ ഒരേ നിറത്തിലുള്ള സാരിയും ബ്ലൗസും ഹെയർസ്റ്റയിലുമുള്ള യൂണിഫോമിലായിരുന്നു. വൈവിധ്യവും ചലനാത്മകതയും അതിന്റെ ആവിഷ്‌ക്കാരത്വരയും ഏറ്റവും തീവ്രമായി അനുഭവപ്പെടുന്ന യുവത്വത്തിന്റെ പടിവാതിൽക്കൽ നിയന്ത്രിക്കപ്പെടുന്നതിനാൽ ഉണ്ടായേക്കാവുന്ന വൈകാരിക ക്ഷതങ്ങളും വ്യക്തിവൈകല്യങ്ങളും ചർച്ചയായി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ‘ഉഷ്ണമേഖല പ്രദേശത്ത് ഇത്തരം നിയ്രന്തണങ്ങൾ ആവശ്യമാണ്. അതിശൈത്യമേഖലയിൽ, യൂറോപ്പിലടക്കം അതിന്റെ ആവശ്യമില്ല.' പരിസ്ഥിതിയും ലൈംഗിക പെരുമാറ്റവും തമ്മിലുള്ള അഭേദ്യ ബന്ധം അടിവരയിടുകയായിരുന്നു അദ്ദേഹം.

എവിടേയും ഏതുസമയത്തും ലൈംഗികമായി ബന്ധപ്പെടാൻ പാരിസ്ഥിതികമായി സൗകര്യമുള്ള നമ്മുടേതുപോലുള്ള കാലാവസ്ഥയിൽ യൂണിഫോം ഒരു നിയന്ത്രണോപാധിയാണെന്ന് പറഞ്ഞ് വെക്കുകയായിരുന്നു. സാമ്പത്തിക സമത്വം വസ്ത്രധാരണത്തിൽ ഉറപ്പിക്കുകയാണ് യൂണിഫോമിന്റെ ലക്ഷ്യം എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ, അന്തിമ ലക്ഷ്യം സ്‌ത്രൈണോർജ നിയന്ത്രണമാണെന്ന് അത് നടപ്പാക്കുന്നവർ പോലും അറിഞ്ഞിരിക്കുകയില്ല.

സമാന ലൈംഗിക താൽപര്യങ്ങൾ ഉള്ളവരുടെ ഒത്തുവരവ് വൈവാഹികജീവിതത്തിൽ അത്ര എളുപ്പമല്ലായെന്നാണ് അനുഭവം. സങ്കീർണത മനസ്സിലാക്കാതെ, ലൈംഗികതയെ സാമാന്യവൽക്കരിക്കുന്നതാണ് ലൈംഗിക തലത്തിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം എന്ന് പറയേണ്ടിവരും

സമാന ലൈംഗിക താൽപര്യങ്ങൾ തമ്മിൽ ചേരുന്നില്ല

ഒരു ജനസമൂഹത്തിന്റെ ജീവിതശൈലിയുടെ ആകെത്തുകക്കാണല്ലോ സംസ്‌കാരം എന്ന് ശാസ്ത്രീയമായി പറയുന്നത്. സംസ്‌കാരത്തിന്റെ പരിമിതാർത്ഥമാണ് കല- സാഹിത്യം എന്നത്. ഓരോ സമൂഹത്തിന്റേയും ജീവിതശൈലി നിയന്ത്രിക്കുന്നത് പ്രകൃതി അല്ലെങ്കിൽ പരിസ്ഥിതിയാണ്. പ്രകൃതിയിൽ വിളയുന്നതാണ് ഭക്ഷണം; പ്രകൃതിക്കനുസരിച്ചാണ് പാർപ്പിടം, അതുപോലെ വസ്ത്രവും. ശൈത്യമേഖല പ്രദേശത്ത് ലൈംഗിക ഉത്തേജനം എല്ലാ ജീവികൾക്കും താരതമ്യേന കുറവാണ്. അതിനാൽ, സന്താനങ്ങളും കുറവ്. എന്നാൽ, മനുഷ്യന്റെ വിശേഷബുദ്ധിയുപയോഗിച്ച് ജീവിതശൈലിയിലും ലൈംഗിക രീതിയിലും ശരീരത്തിൽ തന്നേയും മാറ്റങ്ങൾ സൃഷ്ടിച്ച് ലൈംഗികതയെ നിയന്ത്രിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന രീതികൾ ലോകമെമ്പാടും നിലനിൽക്കുന്നു.

പുരാതന ആറ്റിക് കപ്പിൽ ആലേഖനം ചെയ്യപ്പെട്ട സ്വവർഗ ലൈംഗികതയുടെ ചിത്രം.
പുരാതന ആറ്റിക് കപ്പിൽ ആലേഖനം ചെയ്യപ്പെട്ട സ്വവർഗ ലൈംഗികതയുടെ ചിത്രം.

ആന്ധ്രപ്രദേശിലെ വനാന്തരങ്ങളിൽ ഇതര സംസ്‌കൃതികളുമായി ബന്ധമില്ലാതെ പാർക്കുന്ന ആദിവാസികൾ ലൈംഗികമായി ബന്ധപ്പെടുന്നത്, മൃഗങ്ങളെ അനുകരിച്ച് കാലാനുസൃതമായാണ്. എന്നാൽ, ചില ഉത്തരേന്ത്യൻ ആദിവാസി വിഭാഗങ്ങൾക്കിടയിൽ, ലൈംഗിക രീതികൾ പരിചയപ്പെടുത്താൻ ഡോർമെറ്ററികൾ ഉണ്ട്. എന്നാൽ, ആധുനിക വാർത്താവിനിമയ മാർഗങ്ങളിലൂടെ ലോകമെമ്പാടുമുള്ള വ്യത്യസ്തമായ ലൈംഗികപെരുമാറ്റ ശൈലികൾ ഏത് കുഞ്ഞിനും ലഭ്യമായപ്പോൾ, ഇന്ന് ഏറ്റവും സങ്കീർണ്ണമായ മാനുഷിക പ്രശ്നം സ്വീകാര്യമായ ലൈംഗിക പെരുമാറ്റരീതിയാണ്.

ലൈംഗികാഭിമുഖ്യം (sexual orientation) അതനുസരിച്ചുള്ള ലൈംഗിക പെരുമാറ്റം (sexual behaviour) വ്യക്തികൾ തോറും വ്യത്യസ്തമാണ്. സ്വലിംഗരമികൾ (homosexuals) വിഭാഗത്തിൽ തന്നെ ഒരു ഡസനിലേറെ ഉപവിഭാഗങ്ങൾ ഉണ്ട്. അവർ ഓരോരുത്തരുടേയും ലൈംഗികാവശ്യങ്ങൾ വ്യത്യസ്തമാണ്; അതുപോലെ, ലൈംഗിക പെരുമാറ്റവും. എതിർലിംഗരമികളും (hetero sexuals) ഇതുപോലെ, നിരവധി വിഭാഗത്തിൽ പെട്ടവരുണ്ട്. അതുകൊണ്ടാണ് വൈവാഹികജീവിതത്തിൽ അസ്വാരസ്യങ്ങൾ രൂപപ്പെടുന്നത്.

സമാന ലൈംഗിക താൽപര്യങ്ങൾ ഉള്ളവരുടെ ഒത്തുവരവ് വൈവാഹികജീവിതത്തിൽ അത്ര എളുപ്പമല്ലായെന്നാണ് അനുഭവം. നിരവധിയായ ലൈംഗിക ആവിഷ്‌ക്കാരങ്ങളുടെയും അതനുസരിച്ചുള്ള പെരുമാറ്റരീതിയുടേയും സങ്കീർണത മനസ്സിലാക്കാതെ, ലൈംഗികതയെ സാമാന്യവൽക്കരിക്കുന്നതാണ് ലൈംഗിക തലത്തിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം എന്ന് പറയേണ്ടിവരും.

മതങ്ങൾ ആണിനോടും പെണ്ണിനോടും ചെയ്തത്

ലൈംഗികതയെക്കുറിച്ച് ഒന്ന് തുറന്നുസംസാരിക്കാൻ പോലും കഴിയാത്തവിധം ലജ്ജാസാന്ദ്രമാക്കിയത്, വ്യത്യസ്ത മതധാരകളും അവയുടെ ലൈംഗിക ധാർമികതയുമാണ്. ഒരു നൂറ്റാണ്ട് മുമ്പ് കേരളം ലൈംഗികമായി വളരെ സ്വാതന്ത്ര്യം, പ്രത്യേകിച്ചും സ്ത്രീകൾക്ക്, ഉണ്ടായിരുന്ന ഇടമായിരുന്നു. എന്നാൽ, ഇന്ന് ലൈംഗിക നിയന്ത്രണങ്ങൾ മൂലം ഞെളിപിരികൊള്ളുന്ന സ്ഥലമായി മാറിയിരിക്കുന്നു കേരളം. ഇതിന് പ്രധാന കാരണം, മനുഷ്യചേതനയെയും വൈകാരിക ഊർജ്ജത്തേയും നിയന്ത്രിക്കുന്ന മൂന്ന് സെമിറ്റിക്ക് മതധാരകളായ, ക്രിസ്ത്യൻ, ഇസ്‌ലാം, വൈഷ്ണവിസം (ബ്രാഹ്മണിസം) എന്നിവ തുല്യശക്തികളായി ഇവിടെ വിരാജിക്കുന്നതാണ്. നാലാമത്തെ സെമിറ്റിക്ക് മതമായ യഹൂദമതത്തിനും കേരളത്തിൽ ഒരു കാലത്ത് മോശമല്ലാത്ത സാന്നിധ്യം ഉണ്ടായിരുന്നല്ലോ!

കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കാൻ പുരുഷന് ജൈവപരമായി പങ്കാളിത്വമുണ്ടെന്നത് മനുഷ്യ ചരിത്രത്തിൽ താരതമ്യേന അടുത്തകാല അറിവാണ്. എണ്ണായിരം വർഷത്തിന് താഴെ മാത്രമെ ആയിട്ടുള്ളൂ ഈ അറിവ് മനുഷ്യരാശിക്ക് ലഭിച്ചിട്ട്

മനുഷ്യസമൂഹങ്ങളുടെ അതിജീവനരീതിയനുസരിച്ചാണ്, അതാത് സമൂഹങ്ങളിലെ സ്ത്രീയുടെ സ്ഥാനം നിർണയിക്കപ്പെട്ടിരുന്നത്. കായബലവും സംഘടിതശക്തിയും നേതൃത്വവും സാങ്കേതിക വൈദഗ്ധ്യവും വേണ്ടിയിരുന്ന നായാട്ടുകാരായ ആര്യൻ വംശത്തിൽ (hunting tribe) സ്ത്രീകൾക്ക് സമൂഹത്തിൽ രണ്ടാം സ്ഥാനം മാത്രമാണുണ്ടായിരുന്നത്. ഇവിടെ സ്ത്രീകൾ അധികവും സന്താനോൽപാദനത്തിലും പരിചരണത്തിലും ഒതുങ്ങി. എന്നാൽ, കായ്കനികൾ ശേഖരിച്ച് ഉപജീവനം കഴിച്ചിരുന്ന "പെറുക്കിത്തീനി'- വിഭാഗത്തിൽ (food gathering tribe ) പെട്ട സ്ത്രീകൾക്ക് സമൂഹത്തിൽ ഒരു പ്രധാന സ്ഥാനം കൈവന്നു. ഭക്ഷണ സംഭരണവും സംരക്ഷണവും അവരുടെ തൊഴിൽ ആയിരുന്നതിനാൽ, അത്തരം സമൂഹത്തിൽ അവർക്ക് മാന്യമായ സ്ഥാനം ലഭിച്ചിരുന്നു.

കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കാൻ പുരുഷന് ജൈവപരമായി പങ്കാളിത്വമുണ്ടെന്നത് മനുഷ്യ ചരിത്രത്തിൽ താരതമ്യേന അടുത്തകാല അറിവാണ്. എണ്ണായിരം വർഷത്തിന് താഴെ മാത്രമെ ആയിട്ടുള്ളൂ ഈ അറിവ് മനുഷ്യരാശിക്ക് ലഭിച്ചിട്ട്. നമ്മുടെ പുരാണങ്ങളിലും ഭാഷയിലും ഇതിന് ധാരാളം തെളിവുകളുണ്ട്. പുരാണങ്ങളിൽ പുത്രന്മാർക്ക് അവരുടെ പിതാക്കന്മാരുടെ പേര് ഇട്ടിരുന്നില്ല; "സൂര്യപുത്രൻ', "വായുപുത്രൻ', എന്നൊക്കെയായിരുന്നു; ഇവരെല്ലാം അറിയപ്പെട്ടിരുന്നത് അമ്മമാരുടെ പേരിലാണ്.

ഈജിപ്തിലെ നബാമുൻ കല്ലറയിൽ വരയ്ക്കപ്പെട്ട ചിത്രം.
ഈജിപ്തിലെ നബാമുൻ കല്ലറയിൽ വരയ്ക്കപ്പെട്ട ചിത്രം.

അതുപോലെ, ഈജിപ്തിലെ ഫറവോമാർ, അവരുടെ അമ്മമാരുടെ പേരിലും താവഴിയിലുമാണ് അറിയപ്പെട്ടിരുന്നത്. സ്ത്രീകളുടെ സന്താനോൽപാദന കാലം ആയുസ്സിന്റെ കേവലം മൂന്നോ നാലോ പതിറ്റാണ്ടിൽ ഒതുങ്ങുന്നതിനാൽ ശാരീരിക തെളിവ് പോലും പുരുഷ പങ്കാളിത്വത്തിന് എതിരായിരുന്നു. അക്കാരണത്താൽ, പുരുഷന്മാർ സമൂഹത്തിൽ ഒരധികപ്പറ്റാണെന്ന് കരുതുകയും ജൈവികമായ അപകർഷത അനുഭവിക്കുകയും ചെയ്തിരുന്നു. സ്വന്തം ശരീരം കൊണ്ടുതന്നെ ഒരു ചാന്ദ്ര മാസ കലണ്ടറിന്റെ ചര്യപുലർത്തുന്ന സ്ത്രീകൾ തന്നെയാണ് കുഞ്ഞുങ്ങൾ ഉണ്ടാവാൻ പുരുഷന്റെ ജൈവപരമായ പങ്കാളിത്വം വേണമെന്ന അറിവ് കണ്ടെത്തിയതും പുരുഷന്മാരെ ബോധ്യപ്പെടുത്തിയതും.

ഇതോടെ, പുരുഷന്മാർ സ്ത്രീകളെ നിയന്ത്രിക്കാൻ തുടങ്ങി. കുടുംബ സംവിധാനം വരാനുള്ള ഒരു കാരണം, പുരുഷന് തന്റെ കുഞ്ഞിനെ തിരിച്ചറിയാൻ, തന്റെ പെണ്ണ് ഒപ്പം പാർക്കണം എന്ന ആവശ്യത്തിൽ നിന്നുമാണ്. ഇതിന് ആദ്യം വഴങ്ങാൻ വിമുഖത കാണിച്ച സ്ത്രീസമൂഹത്തെ ഒന്നടങ്കം വരുതിക്ക് നിർത്താൻ ആവിഷ്‌ക്കരിച്ച പുരുഷതന്ത്രമായിരുന്നു ആർത്തവരക്ത അശുദ്ധിയും സ്‌ത്രൈണ വൈകാരിക ഊർജ്ജ ഭയവും. സ്ത്രീയെ പുറത്ത് നിർത്തുന്ന മതാനുഷ്ഠാനങ്ങളും ആചാരങ്ങളും ഉപയോഗിച്ച് സ്ത്രീകളെ കാണികളായി മാറ്റി, സാമൂഹികമായ നിയന്ത്രണങ്ങൾ അടിച്ചേൽപിച്ചു, സ്വാതന്ത്ര്യം നിഷേധിച്ചു. സ്‌ത്രൈണോർജ നിയന്ത്രണം, സ്വതന്ത്രമായ ലൈംഗിക നിഷേധത്തിലൂടെ പ്രാവർത്തികമാക്കി. ആൺപെൺ ഊർജ്ജവിസ്ഫോടനമാണല്ലോ, ലൈംഗികാസ്വാദനത്തിലൂടെ നടക്കേണ്ടത്, ഒപ്പം വൈകാരിക വിരേചനവും.

ക്രിസ്തുമതത്തിലെ പ്രബലരായ കത്തോലിക്കാവിഭാഗത്തിന്റെ പുരോഹിതർക്ക് ബ്രഹ്മചര്യം നിർബന്ധമാണ്. ഇതെന്തോ വലിയ ഔന്നിത്യമുള്ള പദവിയാണെന്ന് കരുതി ഇതര ക്രിസ്ത്യൻ വിഭാഗങ്ങളും ഇവരെ അനുകരിക്കാനാഗ്രഹിക്കുന്നു

ബ്രഹ്മചര്യം, അഗ്രചർമ ഛേദനം

പുരുഷന്മാരായ മതനേതാക്കൾ, ഈ ആധുനികയുഗത്തിലും വിശ്വാസികളെ നിയന്ത്രിക്കുന്നത് ലൈംഗികതയെ നിയന്ത്രിച്ചുകൊണ്ടാണ്. ക്രിസ്തുമതത്തിലെ പ്രബലരായ കത്തോലിക്കാവിഭാഗത്തിന്റെ പുരോഹിതർക്ക് ബ്രഹ്മചര്യം നിർബന്ധമാണ്. ഇതെന്തോ വലിയ ഔന്നിത്യമുള്ള പദവിയാണെന്ന് കരുതി ഇതര ക്രിസ്ത്യൻ വിഭാഗങ്ങളും ഇവരെ അനുകരിക്കാനാഗ്രഹിക്കുന്നു. കത്തോലിക്കാ മതവിഭാഗത്തിലെ സർവപ്രതാപിയായി, എല്ലാറ്റിന്റേയും അന്തിമ വാക്കായി പരിലസിക്കുന്ന ബ്രഹ്മചാരി പുരോഹിതനെപ്പോലെ, ആവണമെന്ന് ചിന്തിക്കാത്ത ഒരൊറ്റ കത്തോലിക്ക ആൺകുട്ടിയും അതുപോലെ, കന്യകയായ കന്യാസ്ത്രീകളെപ്പോലെ, കർത്താവിന്റെ മണവാട്ടി ആവണമെന്നാഗ്രഹിക്കാത്ത പെൺകുട്ടിയും ഉണ്ടാവില്ല. വളർന്നുവരുമ്പോൾ, അവരവരുടെ ലൈംഗികാവിഷ്‌ക്കാരാനുസരം അപൂർവം പേർ ബ്രഹ്മചാരികളായി ജീവിക്കുന്നു. കുരുന്നായിരുന്നപ്പോഴെ കുട്ടികളിൽ ഉളവാക്കിയ ഒരു ലൈംഗിക കുറ്റബോധം അവരെ ജീവിതകാലം മുഴുവൻ വേട്ടയാടുകയും അത് ജീവിതത്തിന്റെ സമസ്ത മേഖലയിലും വ്യാപിച്ച് ആത്മധൈര്യം തകർക്കുകയും ചെയ്യുന്നു. ഒപ്പം, സർഗാത്മകതയും ക്രിയാത്മകതയും നശിപ്പിച്ച് ജഡിക വ്യക്തിത്വങ്ങളായി മാറ്റുന്നു.

റംബ്രാൻഡിൻറെ 'ദി ജ്യൂയിഷ് ബ്രൈഡ്' എന്ന ചിത്രം.
റംബ്രാൻഡിൻറെ 'ദി ജ്യൂയിഷ് ബ്രൈഡ്' എന്ന ചിത്രം.

അതുപോലെ, യഹൂദ- ഇസ്‌ലാം മതങ്ങൾ. മധ്യപൂർവ ഏഷ്യയിലെ പാരിസ്ഥിതികമായ ആരോഗ്യ പ്രശ്നങ്ങളുടെ ഭാഗമായി അഗ്രചർമം ഛേദിക്കുന്നത് ആദിവാസി സമ്പ്രദായമായിരുന്നു. ക്രമേണ അതിനെ ഒരു മതാചാരമായി മാറ്റി, നന്നേ ചെറുപ്പത്തിലെ, വരും വരായ്കകൾ തിരിച്ചറിയും മുമ്പേ, ഇനി ഒരിക്കലും തിരിച്ചുപോവാനാവാത്തവിധം സ്ഥായിയായി, അഗ്രചർമം മാറ്റി തളച്ചിടുന്നു.

പാരിസ്ഥിതികമായി അഗ്രചർമം ഛേദിക്കേണ്ടാത്ത ഇടങ്ങളിൽ പോലും അതൊരു മതാചാരമാക്കി മാറ്റി, ജീവിതത്തിന്റെ സന്തുലിത തകിടം മറിച്ച്, വിശ്വാസത്തിന്റെ അടിസ്ഥാനശിലയാക്കി മാറ്റുന്നു, തീർത്തും യുക്തിരഹിതമായ ഒരു ആചാരത്തിന്റെ നീക്കിവയ്പുകൾ എന്നോണം. യഹൂദർക്കിടയിലും ഇത്തരം ഛേദനാചാര പ്രശ്നങ്ങൾ ഇല്ലാതില്ല. എന്നിരുന്നാലും, അവർ വരാനിരിക്കുന്ന രക്ഷകനെ കാത്തിരിക്കുന്നതിനാൽ, ആക്രമ സ്വഭാവത്തിന് വൈകാരിക ബൗദ്ധികമാനങ്ങളുടെ സ്വാധീനം ഉണ്ട്. കുറേക്കൂടി ക്രിയാത്മക തലത്തിലേക്ക് ശൂന്യതാബോധത്തെ ഉണർത്താനാവുന്നു.

സ്ത്രീകളെ വെറുക്കുന്ന സെമിറ്റിക് മതങ്ങൾ

ആര്യൻ സെമിറ്റിക്ക് മതവിഭാഗത്തിലെ നാലാമത്തേതാണ് വൈഷ്ണവിസം. മനോഘടനയിലും അനുഷ്ഠാനത്തിലും മറ്റ് സെമിറ്റിക്ക് മതങ്ങൾ പോലെ, സ്ത്രീയെ ചൂഷണം ചെയ്തു, ലൈംഗികാസ്വാദനം വികലമാക്കുന്നു. ആർത്തവകാലശുദ്ധി ഇത്ര ഹീനമായി സമസ്തമേഖലയിലും അടിച്ചേൽപ്പിക്കുന്ന മറ്റൊരു മതധാരയില്ല. വൈഷ്ണവിസത്തിന്റെ ജീവിതശൈലിയിലൂടെ മൂർത്തമായ ബ്രാഹ്മണിക് സമ്പ്രദായങ്ങൾ നടത്തുന്ന സ്ത്രീപീഡനങ്ങൾ, സ്മാർത്തവിചാരമടക്കം, ജുഗുപ്സാവഹമാണ്.

സെമിറ്റിക്ക് മതങ്ങൾ, അവിശ്വസിക്കുന്നതും വെറുക്കുന്നതും സ്ത്രീകളെ മാത്രമല്ല, അവരുടെ പരസ്പരപൂരക സഹകരണത്തോടെയുള്ള ലൈംഗികതയുടെ പവിത്രതയുമാണ്

അങ്ങനെ, ഈ നാല് സെമിറ്റിക്ക് മതധാരകളും, സ്ത്രീകളെ അനുഷ്ഠാനങ്ങളിൽ നിന്ന് അകറ്റി നിർത്തി അവഹേളിക്കുന്നതിൽ മത്സരിക്കുന്നു. യഹൂദ- ക്രിസ്തീയ മതങ്ങൾ സ്ത്രീകൾക്ക് പൗരോഹിത്യം നിഷേധിച്ച്, ഇസ്‌ലാം സ്ത്രീകൾക്ക് പള്ളിപ്രവേശം പോലും നിഷേധിച്ച്, വൈഷ്ണവിസം സ്ത്രീകൾക്ക് പൗരോഹിത്യത്തോടൊപ്പം അമ്പലപ്രവേശം നിഷേധിച്ച്. ഇതിലൂടെയെല്ലാം സെമിറ്റിക്ക് മതങ്ങൾ, അവിശ്വസിക്കുന്നതും വെറുക്കുന്നതും സ്ത്രീകളെ മാത്രമല്ല, അവരുടെ പരസ്പരപൂരക സഹകരണത്തോടെയുള്ള ലൈംഗികതയുടെ പവിത്രതയുമാണ്. ഇന്നത്തെ മനുഷ്യത്വം ചോർന്നുപോയ എല്ലാ ആകമണങ്ങൾക്കും കാരണം, സമഭാവത്തോടെയുള്ള ലൈംഗികാസ്വാദനത്തിന്റെ അഭാവമാണ്.

എന്നാൽ, പിന്നീട് കാർഷിക സംസ്‌കാരമായി മാറിയ കായ്കനികൾ ശേഖരിച്ച് ഉപജീവനം നടത്തിയിരുന്ന ഫുഡ് ഗേദറിങ്ങ് സമൂഹങ്ങളിൽ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ പ്രാധാന്യം ഉണ്ടായിരുന്നു. ഇവർ രൂപം കൊടുത്തത് മിസ്റ്റിക്ക് മതങ്ങൾ ആണ്, ഇന്ത്യയിലും പുറത്തുമുള്ള ആദിവാസി പ്രകൃതിയാരാധന മതങ്ങൾ, അമ്മയാരാധനയിൽ അധിഷ്ഠിതമായ ശാക്തിസം, സ്ത്രീപുരുഷ ഘടകങ്ങൾക്ക് തുല്യപ്രാധാന്യം നൽകുന്ന ശൈവിസം. ഈ മതസംസ്‌ക്കാരധാരയിൽ ലൈംഗികാസ്വാദനം താരതമ്യേന സ്വതന്ത്രവും ഉയർന്ന നിലവാരം പുലർത്തുന്നതുമായിരുന്നു. ഏക പതിത്വമോ, ഏക ഭാര്യ നിർബന്ധങ്ങളോ ഇല്ലാതെ, വൈകാരിക ഊർജ്ജത്തിന്റെ ആഘോഷങ്ങൾ ആയിരുന്നു ലൈംഗികത. അത് ഏറെക്കുറെ പാശ്ചാത്യാധിനിവേശം വരെ തുടർന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പോലും സ്ത്രീലൈംഗിക സ്വാതന്ത്ര്യത്തിന്റെ ഈടുവെയ്പുകളായ ദേവദാസി പാരമ്പര്യം കേരളത്തിൽ ഉണ്ടായിരുന്നു.

പുരുഷ മേധാവിത്വ മതങ്ങളുടെ ആത്മീയതയായ അസറ്റിസിസത്തിൽ മുഖ്യമൂല്യം മിതത്വമാണ്. ഇവിടെ ആൺ എന്ന സ്ഥായി ഭാവം, പെൺ എന്ന ചലനാത്മഭാവത്തിന് മേൽ ആധിപത്യം സ്ഥാപിക്കുന്നു, പവിത്രമായ ലൈംഗികബന്ധത്തിൽ പോലും

ലൈംഗികത അക്രമമാകാതിരിക്കാൻ...

നേരത്തെ പ്രതിപാദിച്ച സെമിറ്റിക്ക് മതങ്ങൾക്ക് അനുഷ്ഠാനം തന്നെയാണ് ആത്മീയത. ആത്മീയതയായി അവതരിപ്പിക്കുന്നത് തന്നെ നിയന്ത്രണങ്ങളിൽ അധിഷ്ഠിതമായ വെറും ചൊല്ലിതീർക്കലുകളാണ്. ലൈംഗികതയോട് കുറ്റബോധം തോന്നാത്ത സ്വതന്ത്ര സമീപനം എടുക്കാൻ കഴിയാതെ പോകുന്നത് ഇക്കാരണത്താലാണ്. നിയന്ത്രണങ്ങൾ പ്രത്യേകിച്ചും അടിസ്ഥാനപ്രവണതകളിലെ നിയന്ത്രണം മനുഷ്യനെ കൂടുതൽ അക്രമാസക്തനാക്കുന്നു. എന്നാൽ, മിസ്റ്റിക്ക് മതങ്ങളിൽ, നിയന്ത്രണവിമുക്തമായ ആത്മീയ സമീപനമാണ്. പരിധികളും വിലക്കുകളുമില്ലാതെ അറിവനുഭവങ്ങളിൽ ആറാടുന്നതാണ് മിസ്റ്റിസിസം. എല്ലാ നിയന്ത്രണങ്ങൾക്കും അതീതമായി അനന്തമായ സ്‌ത്രൈണോർജ്ജസംഭരണിയിൽ മുങ്ങിത്തുടിക്കുന്നതാണ് മിസ്റ്റിക്ക് ധാരാളിത്വം. ഇവിടെ പ്രകൃതിയും ശരീരവും അതിന്റെ പൂർണതയിൽ അനുഭവിക്കുന്ന ചെകിടിപ്പാണ് നിയന്ത്രണരേഖ. ‘അധികമായാൽ അമൃതും വിഷം' എന്നത് മാത്രമാണ് മാനദണ്ഡം.

പുരുഷ മേധാവിത്വ മതങ്ങളുടെ ആത്മീയതയായ അസറ്റിസിസത്തിൽ മുഖ്യമൂല്യം മിതത്വമാണ്. ഇവിടെ ആൺ എന്ന സ്ഥായി ഭാവം, പെൺ എന്ന ചലനാത്മഭാവത്തിന് മേൽ ആധിപത്യം സ്ഥാപിക്കുന്നു, പവിത്രമായ ലൈംഗികബന്ധത്തിൽ പോലും. ഇവിടെ ലൈംഗികത അക്രമത്തോളം എത്തുന്ന പ്രതികൂല ഊർജ്ജമായി മാറുന്നു. എന്നാൽ, മിസ്റ്റിക്ക് ലൈംഗികതയിൽ ലൈംഗികബന്ധം പരസ്പരപൂരകമാണ്. ആൺ എന്ന സ്ഥായി ഭാവവും പെൺ എന്ന ചലനാത്മ ഭാവവും സമന്വയിക്കുന്ന മനുഷ്യത്വത്തിന്റെ പൂർണത. ഇവിടെ ലൈംഗികത അനുകൂല ഊർജ്ജം ഉൽപാദിപ്പിക്കുന്നു, പ്രതിസന്ധികളെ മറികടക്കാൻ കരുത്തേകുന്നു.

മുഖ്യമായി കേരളവും കൊങ്കൻ മേഖലയിലെ ചില സ്ഥലങ്ങളും ഒഴിച്ചാൽ, വീടും പറമ്പുമായി പാർക്കുന്ന സ്ഥലം ലോകത്ത് തന്നെ ഇല്ലെന്ന് പറയാം. അതിന്റെ ഫലമായി മലയാളിക്ക് കലശലായ ശരീരബോധവും ലൈംഗിക ലജ്ജയുമുണ്ട്. കേരളത്തിന് പുറത്ത് ഗ്രാമങ്ങളിൽ ഒന്നിച്ച് തിങ്ങിപാർക്കുകയും കൃഷിഭൂമി വേറിട്ട് നിൽക്കുകയും ചെയ്യുന്ന ഇടങ്ങളിൽ, സ്ത്രീ പുരുഷ നഗ്‌നത കാണുകയെന്നത് അത്ര വലിയ സംഭവമൊന്നുമല്ല. അവർ വെളിക്കിറങ്ങുന്നതുപോലും തുറസ്സായ സ്ഥലത്താണ്. ഒരു ശരാശരി മലയാളിക്ക് അക്കാരണത്തിൽ വെറും സ്ത്രീ സ്പർശം തന്നെ വൈകാരിക മൂർച്ചയുളവാക്കുന്ന ലൈംഗികാനുഭവമാണ്. ആരോ പറഞ്ഞത് പോലെ, പുരുഷ ശരീരം മുഴുവൻ പുരുഷ ലിംഗം ആണെന്നും സ്ത്രീ ശരീരം മുഴുവൻ യോനിയാണെന്നും കരുതുന്ന ലോകത്തിലെ ഏക സ്ഥലം കേരളമാണ്.

കൊറോണയെ നിയന്ത്രിക്കാൻ മാസ്‌ക്ക് എന്നപോലെ, കൗമാരക്കാരികളുടെ ഗർഭധാരണം ഒഴിവാക്കാൻ മുൻകരുതലുകൾ എടുക്കേണ്ടുന്ന കാലമായി. ഇതിന് മാറേണ്ടത് സാമൂഹിക, സാംസ്‌ക്കാരിക ഘടകങ്ങളെക്കവിഞ്ഞും മതാചാര്യന്മാരും മതാചാരങ്ങളും അനുഷ്ഠാനങ്ങളുമാണ്

ഇത്രയേറെ ലൈംഗിക അടിച്ചമർത്തലുകൾ, മതപരമായും സാമൂഹികമായും സാംസ്‌കാരികമായും അനുഭവിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലേക്കാണ്, സിനിമ, ടെലിവിഷൻ, കമ്പ്യൂട്ടർ ഇന്റർനെറ്റ്, തുടങ്ങി ആധുനിക മാധ്യമങ്ങളിലൂടെ ലൈംഗികബന്ധപ്പെടൽ ലൈവായി ഒഴുകിയെത്തുന്നത്. കൗമാരക്കാർ, പെൺകുട്ടികൾ, പോലും കൂട്ടം കൂടിയിരുന്നു ലൈംഗികബന്ധ ഇടപെടലുകളുടെ ലൈവ് വീഡിയോ കാണുന്നു. ഈ സാഹചര്യത്തിൽ കൗമാരക്കാരായ ആൺ പെൺകുട്ടികൾ ലൈംഗികമായി മുൻകൈ എടുക്കുക സാധാരണം. നേരുപറഞ്ഞാൽ, പെൺകുട്ടികളാണ് കൂടുതൽ മുൻകൈ എടുക്കുന്നതെന്നാണ് സമപ്രായക്കാരായ ആൺകുട്ടികൾ പറയുന്നത്. ഇതുവരെയുണ്ടായിരുന്ന മതപരവും പാരമ്പര്യവുമായ വിലക്കുകൾക്ക് ഈ അടിസ്ഥാനപ്രവണതക്ക് തടയിടാനാവുമെന്ന് തോന്നുന്നില്ലായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൗമാര ലൈംഗികബന്ധങ്ങളിലൂടെ കുട്ടികൾ ഉണ്ടാവുന്ന സാഹചര്യങ്ങൾ ഒന്നിനൊന്ന് കൂടിവരാൻ സാദ്ധ്യത ഏറെയാണ്. അങ്ങനെ സംഭവിച്ചാൽ നമ്മുടെ സമൂഹത്തിന്റെ അടിത്തറ തന്നെ ഇളകും. നാടിന്റെ നിയമസംഹിത തകരാറിലാവും. അതുകൊണ്ട് കൊറോണയെ നിയന്ത്രിക്കാൻ മാസ്‌ക്ക് എന്നപോലെ, കൗമാരക്കാരുടെ ഗർഭധാരണം ഒഴിവാക്കാൻ മുൻകരുതൽ എടുക്കേണ്ട കാലമായി. ഇതിന് മാറേണ്ടത് സാമൂഹിക, സാംസ്‌ക്കാരിക ഘടകങ്ങളേക്കാൾ, മതാചാര്യന്മാരും മതാചാരങ്ങളും അനുഷ്ഠാനങ്ങളുമാണ്. കാലത്തിന്റെ ചുവരെഴുത്ത് മനസ്സിലാക്കി ആരോഗ്യപരമായ നിലപാട് എടുത്തില്ലെങ്കിൽ ലൈംഗിക അരാജകത്വമായിരിക്കും ഫലം. ▮


ഡോ.ജെ.ജെ. പള്ളത്ത്​

വൈദികനായിരുന്നു. ഇപ്പോൾ എക്‌സ് പ്രീസ്റ്റ്‌സ് ആന്റ് നൺസ് ഫോറം വൈസ് പ്രസിഡന്റ്. കണ്ണൂർ കക്കാട് പുല്ലൂപ്പിയിലെ പള്ളത്ത് അക്കാദമി ഓഫ് റിസർച്ച് മെത്തഡോളജി ആന്റ് അപ്ലൈഡ് ഇംഗ്ലീഷ് ഡയറക്ടർ.

Comments