മനുഷ്യന്റെ എക്കാലത്തെയും ആഗ്രഹമാണ് പറക്കുക എന്നത്. തൂവലുകളും മെഴുകും ചേർത്ത് ചിറകു നിർമിച്ച ഡെഡാലസിന്റെ കഥ, പ്രത്യാശയുടെ കഥയാണ്. തന്റെ പിതാവിൻ്റെ മുന്നറിയിപ്പുകൾ അവഗണിച്ച് സൂര്യനോട് വളരെ അടുത്ത് പറന്ന് ചിറകുകൾ ഉരുകി കടലിൽ വീണ മകൻ ഇക്കാറസിന്റെ കഥ, പറക്കാൻ കൊതിക്കുന്ന മനുഷ്യന്റെ സങ്കല്പഭാവനയിലെ ദുഃസ്വപ്നങ്ങളാണ്.
ഇന്നിതാ മനുഷ്യർ ചിറകു വിരിച്ച് പക്ഷിയെ പോലെ പറക്കുന്ന കാലഘട്ടം വന്നിരിക്കുന്നു. അസാധ്യമായത് സാധ്യമാക്കാനുള്ള മനുഷ്യന്റെ പ്രയത്നത്തിൽ ഒന്നു കൂടി ചേർക്കുകയാണ് ഡ്രോൺ ടെക്നോളജി.
പതിനെട്ടാം നൂറ്റാണ്ടിലെ വായു ബലൂണുകൾ കടന്ന് റൈറ്റ് സഹോദരന്മാരുടെ വിമാനത്തിൻ്റെ ഇടിമുഴക്കം കടന്ന്, ഗുരുത്വാകർഷണ നിയമങ്ങളെ മറികടന്ന്, സാഹസികതയുടെയും പര്യവേക്ഷണത്തിൻ്റെയും ആകാശകാലഘട്ടം തുറന്നിരിക്കുന്നു. പ്രകൃതിയുടെ അചഞ്ചലമായ നിയമങ്ങൾക്ക് മേൽ ഇച്ഛാശക്തിയോടെ മനുഷ്യൻ ഇന്നും പറക്കാൻ ശ്രമിക്കുകയാണ്.
ഇന്ന് ബഹിരാകാശവാഹനങ്ങൾ പ്രപഞ്ചത്തിൻ്റെ ആഴങ്ങൾ അന്വേഷിക്കുന്ന കാലത്ത് ഇവിടെ ഭൂമിയിൽ ഡ്രോണുകൾ എന്ന ആളില്ലാ വിമാനങ്ങൾ (UAVs) ഡിജിറ്റൽ ഫാൽക്കണുകൾ പോലെ വായുവിലൂടെ കുതിച്ചു പായുകയാണ്. ഹെലികോപ്റ്ററുകളും വിദഗ്ദ്ധരായ പ്രൊഫഷണലുകളും ചെയ്തിരുന്ന ജോലി ഇന്ന് ഡ്രോണുകൾ കൊണ്ട് സാധ്യമാകുന്നു.
ഓരോ മനുഷ്യനും തന്റെ ഇടം മറ്റൊരു വീക്ഷണകോണിൽ നിന്ന് നോക്കിക്കാണാനാഗ്രഹിക്കുന്നത് യാദൃച്ഛികമല്ല. ഡ്രോണുകളുടെ കാഴ്ചകൾ സാധാരണ മനുഷ്യന് പുതിയതാണ്. ഭൂമിയിൽനിന്ന് ഒരു മനുഷ്യൻ മനസിലാക്കുന്ന കാഴ്ചകൾ പ്രത്യേക ദൂരത്തുനിന്ന്, ആകാശത്തുനിന്ന് പകർത്താൻ പറ്റുന്നതാണ് ഇവയുടെ പ്രത്യേകത.
തുടർച്ചയായി ചിത്രങ്ങൾ പകർത്തുന്നതിനും, മൾട്ടി ഡയമൻഷനൽ രീതിയിൽ കാഴ്ചകളെ കാണുന്നതിനും ഡ്രോണുകൾ സഹായിക്കും. ഉയർന്ന വേഗതയിൽ പറക്കാനും പരമ്പരാഗത ക്യാമറകൾക്ക് സാധിക്കാത്ത തരത്തിലുള്ള കാഴ്ച സംവേദനം നടത്തുവാനും ഡ്രോണുകൾക്ക് കഴിയും.
ഡ്രോൺ ചിത്രീകരണം കാഴ്ചക്കാർക്ക് സവിശേഷവും ആഴത്തിലുള്ളതുമായ അനുഭവം നൽകുന്നു. ഈ ‘മുഴുകൽ’ പരമ്പരാഗത ചിത്രീകരണ രീതികൾ ഉപയോഗിച്ച് നല്കാൻ കഴിയില്ല.
ഡ്രോണുകൾ കേരളത്തിന്റെ സൗന്ദര്യാത്മക മേഖലയ്ക്ക് എന്ത് സംഭാവന നൽകി എന്നത് അന്വേഷണാത്മകമായ വിഷയമാണ്. കേരളത്തിലെ ഉത്സവസംഘാടകർ മത്സരം എന്ന പോലെ അനുദിനം പുതിയ ട്രെൻഡുകൾ അവതരിപ്പിക്കുകയും കാണികളുടെ എണ്ണം കൂട്ടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമ്പോൾ വർഷം തോറും വലുതും മികച്ചതുമായ അനുഭവങ്ങൾ സൃഷ്ടിക്കുന്നതിനുള്ള വഴികൾ തേടുന്നതിൽ ഡ്രോണുകളെ കൂട്ടുപിടിക്കുന്നു.
ഉത്സവങ്ങൾക്കിടയിൽ തലയ്ക്കു മുകളിൽ വട്ടമിട്ടു പറക്കുന്ന, ഡ്രോണുകൾ കേരളത്തിലെ സ്ഥിരം കാഴ്ചയാണ്. തെയ്യം പോലെയുള്ള പ്രകടനാത്മകമായ കലകളിൽ നിറങ്ങൾ, ചടുലത, ഇരുട്ട്, തീ തുടങ്ങി ഗാംഭീര്യവും ബൃഹത്തായതും ആയ കാഴ്ചയ്ക്ക് പ്രാധാന്യം നൽകുന്ന കലാസൃഷ്ടികളിൽ ഡ്രോൺ സാങ്കേതികവിദ്യ എങ്ങനെ സമ്മേളിപ്പിക്കുകയും പുനരാവിഷ്‌കരിക്കപ്പെടുകയും ചെയ്യുന്നു എന്നതും ഡ്രോൺ സാങ്കേതികവിദ്യകൾ ആ ഇടത്തിൽ സാംസ്കാരികമായി മനുഷ്യനെ പരിവർത്തനം ചെയ്യുന്നുണ്ടോ എന്നതും പരിശോധിക്കേണ്ടതാണ്.
ഡ്രോണുകൾ മനുഷ്യരെ കീഴടക്കുന്നു എന്നത്, അത് മനുഷ്യൻ്റെ ഇടപെടൽ ഇല്ലാതാക്കുന്നു എന്നല്ല അർത്ഥമാക്കുന്നത്. പകരം മനുഷ്യനും വസ്തുക്കളും തമ്മിലുള്ള ബന്ധത്തിലുള്ള പരസ്പര ആശ്രിതത്വം ഈ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് പ്രധാനം.
മലബാറിലെ സാംസ്‌കാരിക മണ്ഡലത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ് കാവുകളും തെയ്യങ്ങളും ഉത്സവങ്ങളും. ഇത്തവണയും ഉത്സവാന്തരീക്ഷം കയ്യാളിയത് ഡ്രോണുകളാണ്.
10 വർഷം മുമ്പ് ബലൂണിനും പീപ്പിക്കും വേണ്ടി ഉത്സവങ്ങൾ കാണാൻ പോയിരുന്ന കുട്ടികൾ ഇന്ന് ഡ്രോണുകൾ നോക്കി കൈവീശുന്നു. ഏരിയൽ ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും ആണ് ഉത്സവസംസ്കാരത്തിൽ ഡ്രോണുകളുടെ ഏറ്റവും ശ്രദ്ധേയമായ ഇഫക്റ്റുകൾ. ഡ്രോൺ വഴി പകർത്തിയ കാഴ്ചകൾ പ്രേക്ഷകർക്ക് ഒരു bird’s-eye view നൽകുകയും മുഴുവൻ കാഴ്ചകളും മറ്റൊരു വീക്ഷണകോണിൽ നിന്ന് കാണാൻ സഹായിക്കുകയും ചെയ്യുന്നു.
സാമൂഹികമായും സാംസ്കാരികമായും കൂട്ടായ സ്വത്വങ്ങൾ രൂപപ്പെടുത്തുന്നതിൽ ഡ്രോണുകൾ വലിയ പങ്കുവഹിക്കുന്നുണ്ട്. ഉത്സവത്തിൻ്റെ ഊർജ്ജവും ആവേശവും പകർത്താൻ കഴിയുന്ന ചലനാത്മക ഷോട്ടുകൾ ഇവ പകർത്തുന്നു. ജനക്കൂട്ടത്തിൻ്റെ പ്രതികരണം പിടിച്ചെടുക്കുകയാണെങ്കിലും, ദൃശ്യപരമായി അതിശയിപ്പിക്കുന്ന കാഴ്ച സൃഷ്ടിക്കാൻ ഇവയ്ക്ക് സാധിക്കും.
മറ്റൊന്ന്, ഇത് ഏറ്റവും ചെലവു കുറഞ്ഞ ചിത്രീകരണരീതിയാണ് എന്നതാണ്. പരമ്പരാഗത ചിത്രീകരണ രീതികൾക്ക് പലപ്പോഴും ചെലവേറിയ ഉപകരണങ്ങളും ഒന്നിലധികം ജോലിക്കാരും ആവശ്യമാണ്, അതേസമയം ഡ്രോണിനെ ഒരു ഓപ്പറേറ്റർക്ക് ഒറ്റയ്ക്ക് നിയന്ത്രിക്കാനാകും. ഉയർന്ന നിലവാരമുള്ള ഫൂട്ടേജുകൾ എടുക്കുമ്പോൾ തന്നെ ചിത്രീകരണ ചെലവിൽ പണം ലാഭിക്കാം.
ഡ്രോൺ ചിത്രീകരണം വിവിധ ക്രമീകരണങ്ങളിൽ നടത്താം. അകത്തോ പുറത്തോ പറത്താം, വിവിധ കോണുകളിൽ നിന്നും ഉയരങ്ങളിൽ നിന്നും ദൃശ്യങ്ങൾ പകർത്താം. ക്ലോസ്-അപ്പുകൾ മുതൽ കാഴ്ചയുടെ സമ്പൂർണമായ വിശാലമായ ഷോട്ടുകൾ വരെ പകർത്താം. തടസ്സങ്ങളൊന്നുമില്ലാതെ ഏറ്റവും പൂർണ്ണതയോടെ വളരെ വേഗത്തിൽ ചുരുങ്ങിയ സമയത്തിൽ റെക്കോർഡു ചെയ്യാനാകും. സോഷ്യൽ മീഡിയയും വാർത്താ കവറേജും നിലനിർത്താൻ ചിത്രങ്ങൾ എഡിറ്റ് ചെയ്യുകയും വേഗത്തിൽ പങ്കിടുകയും ചെയ്യേണ്ട ഉത്സവങ്ങൾക്ക് ഡ്രോണുകളുടെ വേഗത ഫലപ്രദമാണ്.
ഉത്സവങ്ങളുടെ ഇടം മനുഷ്യന് സമാധാനത്തിന്റെ ഇടം കൂടിയാണ്. തങ്ങളുടെ ദൈനംദിന ജീവിതത്തിൽ നിന്നും തിരക്കിൽ നിന്നും പ്രയാസങ്ങളിൽ നിന്നും മനുഷ്യൻ മറ്റൊരു ഇടത്തേക്ക് മാറുന്നു. നിറവും മണവും രുചിയും പ്രാർത്ഥനയും ശബ്ദകോലാഹലവും ആഘോഷവും ക്രയവിക്രയവും മനുഷ്യരും ഓർമകളും അങ്ങനെ പലതുമാണ് ഉത്സവങ്ങൾ. ആ ഉത്സവങ്ങളെ തനിക്ക് അപ്രാപ്യമായ ഒരു വീക്ഷണകോണിൽ നിന്ന് മനുഷ്യൻ നോക്കിക്കാണാനാഗ്രഹിക്കുന്നത് സ്വാഭാവികമാണ്. മനുഷ്യർ അന്യോന്യം പെരുമാറുന്നതിനുള്ള ഇടം കൂടിയാണ് ഉത്സവങ്ങൾ. ഈ പ്രത്യേക ഡെമോഗ്രാഫിക് മാർക്കറ്റ് സൃഷ്‌ടിച്ച സംഘാടകർ ആ ഉത്സവത്തിന്റെ ഗാംഭീര്യവും മികവും വിപണനത്തിലൂടെ സമൂഹത്തിൽ സന്നിവേശിപ്പിക്കുന്നു.
ഡ്രോണുകളെ ഉത്സവപ്പറമ്പുകളിലെ സദാചാരബോധവുമായി കൂടി കലർത്തിയാൽ, 'നിരീക്ഷണം' അഥവാ ‘സർവൈലൻസ്’ എങ്ങനെയാണ് മനുഷ്യന്റെ ബോധമണ്ഡലത്തെ അനുകൂലമായും പ്രതികൂലമായും ബാധിക്കുന്നത് എന്ന് മനസിലാക്കാം. മുൻപ് ഉത്സവപ്പറമ്പുകൾ അതിസ്വാതന്ത്ര്യത്തിന്റെ ഇടമായിരുന്നു. നിരോധിതമായ മുച്ചീട്ട് കളി, ചട്ടികളി, തിരിപ്പ് കളി തുടങ്ങി പലയിനം ചൂതാട്ടങ്ങൾക്ക് ഡ്രോണുകളുടെ പ്രവേശം ഒരു ബാധ്യതയാകുന്നുണ്ട്.
ആളുകളുടെ ‘നിരീക്ഷണ ഉത്കണ്ഠ’ അല്ലെങ്കിൽ ‘സർവൈലൻസ് ഉൽക്കണ്ഠ’ ഉത്സവങ്ങളിൽ പ്രകടമായി ഇല്ലെങ്കിലും ചില സാഹചര്യങ്ങളിൽ കണ്ടുവരുന്നുണ്ട്. പോലീസ്, അച്ചടക്ക കമ്മറ്റികൾ എന്നിവയൊക്കെയുണ്ടെങ്കിലും പല തരത്തിലുള്ള മനുഷ്യർ കൂടിച്ചേരുന്ന ഇടത്തിൽ ഉണ്ടാകാനിടയുള്ള നിഷേധാത്മക സമീപനത്തെ, അസ്വാരസ്യങ്ങളെ ഡ്രോണുകൾ കൊണ്ട് ഒരു പരിധി വരെ നിയന്ത്രിക്കാൻ അധികാരം ശ്രമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഉത്സവങ്ങളിൽ ഉട്ടോപ്യൻ വ്യവഹാരങ്ങൾ നിർമിക്കാൻ ഡ്രോണിന് സാധിക്കുന്നുണ്ട് എന്ന് അനുമാനിക്കാം. നിലവിലുള്ള അസമത്വങ്ങൾ പരിഹരിച്ച് അധികാര ഘടനകളെ പുനർനിർമിക്കാൻ ഇവ സഹായിക്കുമെന്ന് കരുതാം.
വനമേഖലയ്ക്ക് പുറത്തുള്ള ചെറുവനങ്ങളാണ് കാവുകൾ. കുന്നുകളിലും തീരപ്രദേശങ്ങളിലും ചതുപ്പുനിലങ്ങളിലും കാവുകൾ കാണാം. നോർത്ത് മലബാറിലെ കാവുകൾ ഡ്രോണുകൾ വഴി പകർത്തുമ്പോൾ ‘കാവ്’ എന്ന സങ്കല്പത്തിന്റെ ത്രിമാനരൂപം പൂർണമാവുന്നത് ഈയൊരു വീക്ഷണകോണിലൂടെയാണെന്നു കാണാം.
ഭൂമിയിൽ നിന്ന് സാധ്യമല്ലാത്ത, ദൈനംദിന ജീവിതത്തിന്റെ ദ്വിമാന വീക്ഷണം, അടിമുടി 3-D ആയി അനുഭവപ്പെടുന്നു. കാടിനിടയിലെ കാവും അതിനകത്തെ തെയ്യവും തെയ്യത്തിനു ചുറ്റുമുള്ള മനുഷ്യരും ആ ഇടത്തെ ഒരു രഹസ്യസങ്കേതമാക്കി മാറ്റുന്നു. പല കാവുകളും ഇന്നും വ്യക്തികളുടെയോ സ്വകാര്യ കമ്മിറ്റികളുടെയോ കയ്യിലാണ്.
വർഷാവർഷം ഡ്രോണുകളിൽ പകർത്തുന്ന ചിത്രങ്ങൾ കാവുകളുടെ സംക്ഷിപ്തരൂപത്തിന്റെ പ്രകടമായ മാറ്റങ്ങളെ പരിശോധിക്കാൻ സഹായിക്കും. കാവ് എന്ന പച്ചപ്പിന്റെ കുട അല്ലെങ്കിൽ മേലാപ്പ് കുറഞ്ഞുവരുന്നതടക്കമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ സംബോധന ചെയ്യാൻ കാവധികാരികൾക്ക് സാധിക്കും. അനുദിനം ചുരുങ്ങുന്ന കാവുകളെ, അവയുടെ ഭൂപ്രകൃതിയുടെ വൈവിധ്യത്തെ സംരക്ഷിക്കാൻ ഈ ടെക്നോളജി ഉപയോഗപ്പെടുത്താം.
പച്ചപ്പിനിടയിൽ മറഞ്ഞിരിക്കുന്ന ചുവന്ന വലിയ മുടി തെയ്യവും തെയ്യക്കാവുകളും ശക്തമായ പ്രതീകങ്ങളാണ്. പ്രകൃതിയും ആത്മീയതയും ദൃശ്യപരമായി സംയോജിക്കുമ്പോൾ കാവ് എന്ന സ്ഥലബോധത്തിന്റെ പ്രാധാന്യം കൂടുതലായി അനുഭവവേദ്യമാകുന്നു. കാവുകളും സസ്യജാലങ്ങളും സാമ്പ്രദായികരീതിയിലുള്ള കെട്ടിടനിർമാണങ്ങളും ഭൂമിശാസ്ത്രപരമായി പകർത്തുമ്പോൾ ഇവ ഡിജിറ്റൽ ആർക്കൈവുകളായി സൂക്ഷിക്കാൻ ഡ്രോൺ സഹായിക്കുന്നു.
വാസ്തുവിദ്യയുടെയും ചിത്രരചനയുടെയും സാംസ്‌കാരിക പൈതൃകത്തിന്റെയും ഇടമായ ക്ഷേത്ര കെട്ടിടങ്ങളുടെ ത്രിമാനഭാഗങ്ങളും മറ്റും ഡിജിറ്റലായി സൂക്ഷിച്ചു വെക്കുവാനും പ്രചരിപ്പിക്കുവാനും ഡ്രോണുകൾക്ക് കഴിയും. ജിയോ റഫറൻസ് പോലുള്ള സാങ്കേതികവിദ്യകൾ ഇവയെ കൂടുതൽ എളുപ്പമാക്കുന്നു. പരിസ്ഥിതിയുടെ സ്ഥലഘടനയും രൂപഘടനയും അതിൻ്റെ സവിശേഷതകളും ഗ്രഹിച്ച് ആഘോഷത്തിന്റെ സാംസ്‌കാരിക സ്വത്വം മനസിലാക്കാനും ഡ്രോണുകൾ ഉപകരിക്കും.
ഡ്രോണുകൾക്കുള്ള സ്വയംഭരണാധികാരം ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. പോസ്റ്റ് ഫെനോമെനോളജി എന്ന തിയറി ഉത്ഭവിക്കുന്നതു തന്നെ ലോകവുമായുള്ള മിക്കവാറും എല്ലാ മനുഷ്യബന്ധങ്ങളും സാങ്കേതികവിദ്യയാൽ രൂപപ്പെട്ടതാണെന്ന ധാരണയിൽ നിന്നാണ്. നിലവിലുള്ള മനുഷ്യരുമായി ഡ്രോണുകളുടെ ബന്ധം എങ്ങനെയാണ് എന്ന് പരിശോധിച്ചാൽ അവ മനുഷ്യനേക്കാൾ ഉയരത്തിൽ നിൽക്കുന്നതും മനുഷ്യന് അജ്ഞാതമായ ഒന്നായി നിലകൊള്ളുന്നതുമാണ്.
ഡ്രോണുകൾ ഒരു ഇടത്തിൽ ദൈനംദിന മനുഷ്യയാഥാർത്ഥ്യത്തെ മറ്റൊരു മാനത്തിൽ പ്രതിഫലിപ്പിക്കുന്നു. ഇവ ഒരേ സമയം ഉപകരണവും ഏജൻ്റും, എന്നാൽ പേരില്ലാത്തതും ആണ്. അജ്ഞാതമായി പകർത്തുന്ന ചിത്രങ്ങൾ, മാറുന്നതും പിടികിട്ടാത്തതുമായ സ്വഭാവം, ഇതൊക്കെ ഡ്രോണുകളെ ശക്തരും ഭയപ്പെടുത്തുന്നവരുമാക്കുന്നു.
ഡ്രോണുകളുടെ ഈ അസ്ഥിരത ‘ഡ്രോൺ സംസ്കാരം’ എന്നൊരു വാക്കിനു ജന്മം നൽകി. സാങ്കേതികവിദ്യ കടന്നു പോകാതെ ഇന്ന് സംസ്കാരം എന്ന വാക്കിനെ നിർവചിക്കാൻ കഴിയുകയില്ല. ഡ്രോണുകളുടെ നോട്ടം, 'ഡ്രോൺ ഗേസ്' എന്നത് ഭൂപ്രകൃതികളെ പുനർവിചിന്തനം ചെയ്യുകയും ലോകത്തെക്കുറിച്ചുള്ള നമ്മുടെ ഭൂമിശാസ്ത്രപരമായ ധാരണകളെ പുനർനിർമ്മിക്കുകയും ചെയ്യുന്നു.
പനോരാമിക് വ്യൂ എന്നത് പ്രതീകാത്മകവും ആഖ്യാനപരവുമാണ് എന്നതിനാൽ തന്നെയും മനുഷ്യരുടെ കാഴ്ചകൾ മാറുന്നതോടൊപ്പം തങ്ങളുടെ ചുറ്റുപാടുകളുമായുള്ള ബന്ധവും ധാരണയും മാറുന്നുണ്ട്. പുതിയ കാഴ്ചകൾ പരിസ്ഥിതിയുമായി അഗാധ ബന്ധം പുലർത്തുന്നതിനാൽ തന്നെ അതുവഴി കാഴ്ചക്കാർക്ക് സംസ്കാരത്തെ പുനർനിർവചിക്കാൻ കഴിയുന്നു. സാമൂഹിക സാംസ്കാരിക ഭാവനകളെ ആകാശചിത്രങ്ങളായി നേടുകവഴി അവയുടെ അർത്ഥനിർമ്മാണ രീതികൾ, ദൃശ്യപരത, ചരിത്രത്തിൽ അവയുടെ സാമൂഹിക സാംസ്കാരിക ഫലങ്ങൾ എന്നിവ ചർച്ച ചെയ്യുവാനും ഉപകരിക്കും.
ആളുകൾ ഡിജിറ്റൽ സാംസ്കാരിക വിഭവങ്ങളെ ശ്രദ്ധയോടെ പരിഗണിക്കാൻ തുടങ്ങിയ കാലം വന്നിരിക്കുന്നു. ഡ്രോണുകൾ ചേർത്തുവെച്ചുള്ള ഡ്രോൺ ഷോകൾക്ക് പ്രചാരമേറുന്നു. അതിനാൽ ഡ്രോണുകളുടെ ഉപയോഗം വ്യാപകമായ അറിവ് സൃഷ്ടിക്കുന്നതിനുള്ള, കൂടുതൽ പ്രകടന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു വിഭവമായി കണക്കാക്കണം.
പൊതുസ്ഥലത്ത് സദാ സമയവും നിരീക്ഷിക്കപ്പെടുന്നു എന്ന തോന്നൽ യുവതലമുറയുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിലും സൂപ്പർമാർക്കറ്റിലും പാർക്കിലും ആശുപത്രികളിലും എന്നുവേണ്ട വീടുകളിലും നിരീക്ഷണ ക്യാമെറകളാണ്. തലയ്ക്കു മുകളിലുള്ള കാമറകൾ യുവത്വത്തിന്റെ ആനന്ദത്തെ എങ്ങനെ ബാധിക്കുന്നു എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു.
ഉത്സവ സംസ്കാരത്തിൽ ഡ്രോണുകളുടെ ദീർഘകാല പ്രത്യാഘാതങ്ങളും ഈ പരിതസ്ഥിതികളിൽ അവയുടെ ഉപയോഗത്തെ ചുറ്റിപ്പറ്റിയുള്ള ധാർമ്മികവും നിയമപരവും നിയന്ത്രണപരവുമായ ഉപയോഗത്തെ ഭാവിയിലെ പഠനങ്ങളിൽ പര്യവേക്ഷണം ചെയ്തേക്കാം. പക്ഷെ ഡ്രോണുകളുടെ ഉപഭോക്താവ് എന്ന നിലയിൽ നമ്മുടെ ആവശ്യാനുസരണം നമ്മൾ ആസൂത്രണം ചെയ്യേണ്ട ഡ്രോണിനെ മറ്റൊരാൾ നിയന്ത്രിക്കുന്നു എന്നത് നിരീക്ഷണ ഉത്കണ്ഠ ഉണ്ടാകുന്നതും, മനുഷ്യന്റെ ദുർബലതയുടെ ആഴം കൂട്ടുന്നതുമാണ്. ഇവയുടെ വ്യക്തിഗത ഇടത്തിലെ അധിനിവേശം മനുഷ്യരിൽ ജാഗ്രത വർധിപ്പിച്ചിട്ടേയുള്ളു.
ഇന്ന് മനുഷ്യൻ, മനുഷ്യനെയും കൂടെ ലോകത്തെയും മനസിലാക്കുന്നത് സാങ്കേതികവിദ്യയിലൂടെയാണ്. സ്മാർട്ട് ഫോണുകൾ ശരീരത്തിന്റെ മറ്റൊരു അവയവമായി മാറിയ കാലഘട്ടത്തിൽ ടെക്നോളജിയിൽ കൂടി മാത്രമേ മനുഷ്യനാവശ്യമായ എന്തിലേക്കും എത്താൻ കഴിയൂ എന്ന നിലയിലേക്ക് ലോകം മാറുകയാണ്. ഈ നിലയിൽ ‘നിരീക്ഷണം’ തന്നെ വിനോദമായി വിപണനം ചെയ്യപ്പെടുന്ന സാധ്യതയാണ് ഉയർന്നുവരുന്നത്. ഈ പുതിയ സാങ്കേതികവിദ്യകൾ ആസ്വാദനത്തിന്റെ പുതിയ തലം കൂടി സൃഷ്ടിക്കും എന്ന് പ്രത്യാശിക്കാം.