ഇന്ന് സമൂഹമാധ്യമങ്ങൾ ഏറെ ചർച്ചചെയ്യുന്ന വിഷയങ്ങളിലൊന്ന് മലബാർ മലയാളത്തിലെ ഉച്ചാരണ സവിശേഷതകളാണ്. അവ സവിശേഷതകളായല്ല പകരം തെറ്റുകളായാണ് ചർച്ചചെയ്യുന്നത് എന്നത് ഏറെ നിരാശയുണ്ടാക്കുന്നതാണ്. ലോകം ഇൻക്ലൂസീവ് രാഷ്ട്രീയത്തെ ഡിമാന്റ് ചെയ്യുന്ന ഒരു കാലത്തുകൂടിയാണ് നാം കടന്നുപോകുന്നത്. യൂണിഫോം സിവിൽകോഡിനെയെല്ലാം എതിർത്തുകൊണ്ടിരിക്കുന്നതും നാം എന്നേ നേടിക്കഴിഞ്ഞ വൈവിധ്യങ്ങളിൽ ചേർന്നുനിൽക്കുന്ന (നാനാത്വത്തിൽ ഏകത്വം) സാംസ്കാരിക മുന്നേറ്റത്തിൽ നിന്നുള്ള പിന്മാറ്റമായതുകൊണ്ടാണ്. വൈവിധ്യമാർന്ന സാംസ്കാരിക മൂല്യങ്ങൾ പാടെ തകർത്തുകൊണ്ടാണ് ഇന്ത്യക്ക് അകത്തും ലോകത്താകമാനവും ഇത്തരത്തിലുള്ള ഏകീകരണങ്ങൾ നടന്നുകൊണ്ടിക്കുന്നത്. ഭാഷയും ഇതിൽ നിന്നും വിട്ടുനിൽക്കുന്ന ഒന്നല്ല. എന്താണ് ഭാഷയുടെ മാനകീകരണം, എന്തിനാണ് മാനകീകരണം, ‘നല്ല’ ഭാഷയും ‘മോശം’ ഭാഷയും എങ്ങനെയാണ് വേർതിരിക്കുന്നത്, ഭാഷയെ തൊടുമ്പോൾ വ്രണപ്പെടുന്ന സാംസ്കാരിക സ്വത്വം എന്നിവ സൂക്ഷ്മമായിത്തന്നെ വിശദീകരിക്കേണ്ടതുണ്ട്.
ഭാഷയുടെ മാനകീകരണം
ഏറെ ഭാഷാഭേദങ്ങൾ നിലനിൽക്കുന്ന ഒരു സമൂഹത്തിനകത്ത് സ്ഥിരവും ദൃഢവുമായ ഭാഷാസംസ്കാരം രൂപപ്പെടുത്തുന്നതിനു വേണ്ടിയാണ് പാരമ്പര്യവ്യാകരണങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ പരമ്പരാഗത വ്യാകരണങ്ങളിൽ നിന്ന് ഭാഷാഭേദങ്ങൾ എല്ലായ്പ്പോഴും വേറിട്ടുനിന്നു.
വ്യാകരണം എന്നത് ഉച്ചാരണം, പദങ്ങൾ, ഇവയുടെ വ്യന്യയങ്ങൾ, വാക്യം എന്നിങ്ങനെ ഭാഷയുടെ എല്ലാ തലങ്ങളെയും ഉൾക്കൊള്ളുന്നതാണ്. ഇത്തരത്തിൽ വ്യാകരണ ഗ്രന്ഥങ്ങൾ, പദാവലികൾ, നിഘണ്ടുക്കൾ, ഒരു പരിധിവരെ സാഹിത്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് മാനകീകരണം നടക്കുന്നത്. സാർവത്രിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഈ ഭാഷ നിർബന്ധിത ഭാഷാപഠനത്തിന്റെ ഭാഗമാവുകയും ഭാഷാഭേദങ്ങൾ പലപ്പോഴും മാറ്റിനിർത്തപ്പെടുകയും ചെയ്തു. എന്നാൽ മാനകം, മാനകേതരം (Standardized, Non-Standardized) എന്നിങ്ങനെയുള്ള വേർതിരിവുകളെ ഭാഷാശാസ്ത്രപഠനങ്ങൾ എന്നേ അപ്രസക്തമാക്കി കഴിഞ്ഞിരിക്കുന്നു.
മാനകീകരണത്തിന്റെ രാഷ്ട്രീയം
മാനകീകരണരാഷ്ട്രീയം ചർച്ചചെയ്യുമ്പോൾ, ആദ്യം പരിചയപ്പെടേണ്ട ഒന്ന് ഭാഷാസൂത്രണം എന്നതാണ്. ഇവ രണ്ടും ഏറെ അടുത്തുനിൽക്കുന്ന കാര്യങ്ങളാണ്. എന്താണ് ഭാഷാസൂത്രണം? ഭരണനിർവഹണത്തിന്റെ ഭാഗമായി ഏത് ഭാഷ എവിടെ എങ്ങനെ ഉപയോഗിക്കണം എന്ന് തീരുമാനമാക്കുന്നതാണ് ഭാഷാസൂത്രണം എന്ന് എളുപ്പത്തിൽ മനസ്സിലാക്കാം. ആധുനിക ലോകത്തിൽ ഭാഷാമാനകീകരണത്തിൽ പ്രധാനപങ്ക് വഹിക്കുന്നത് ഭാഷാസൂത്രണം തന്നെയാണ്. ഭാഷാമാനകീകരണത്തിൽ ഇത്രയേറെ ചർച്ചചെയ്യേണ്ടതുണ്ടോ എന്നെല്ലാം തോന്നിയേക്കാം, എന്നാൽ ഭാഷ മനുഷ്യരുടെ ഏറ്റവും അടിസ്ഥാനപരമായ സ്വത്വമാണ്. അതിൽ ഉൾക്കൊണ്ടിട്ടുള്ളത്, ഒരു ദേശത്തിന്റെ ചരിത്രവും സംസ്കാരവും തന്നെയാണ്. അതുകൊണ്ടുതന്നെ അവയ്ക്കുമേലുള്ള ചെറിയ കടന്നുകയറ്റങ്ങൾ പോലും ചെറുത്തുനിൽക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്യും.
വാർത്താവിനിമയം, വിദ്യാഭ്യാസം, ഭരണനിർവഹണം തുടങ്ങിയ പൊതു ആവശ്യങ്ങൾക്കുവേണ്ടി നിശ്ചിതമായ ഒരു ഭാഷാഭേദം ഉപയോഗിക്കുന്നു എന്നതുമാത്രമാണ് മാനകമലയാളത്തിന്റെ ഉദ്ദേശം. എന്നാൽ, പിന്നീട് അധികാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയുമെല്ലാം അടയാളമായി മാനകഭാഷ മാറുകയും മറ്റു ഭാഷാഭേദങ്ങളെ ‘അൺപ്യൂരിഫൈഡ്’ ആയി കാണാനും പരിഗണിക്കാനും തുടങ്ങി.
എന്താണ് മാനകീകരണത്തിന്റെ രാഷ്ട്രീയം? മാനകഭാഷ തെരഞ്ഞെടുക്കുമ്പോൾ ആരുടെ ഭാഷയാണ് മാനകീയമായി തെരഞ്ഞെടുത്തത്, ആരാണ് തെരഞ്ഞെടുത്തത്, മറ്റു ഭാഷാഭേദങ്ങൾ മാനകേതരമാകുന്നത് എന്നതെല്ലാം മാനകീകരണത്തിന്റെ രാഷ്ട്രീയം ചർച്ചചെയ്യുന്ന മേഖലകളാണ്.
മലയാള ഭാഷയുടെ മാനകീകരണത്തെ അടിസ്ഥാനമാക്കി തന്നെ ചർച്ചചെയ്യാം. മാനകഭാഷ എന്നത് ഏതൊരു ഭാഷാഭേദവും പോലെ ഒന്നാണ്. എന്നാൽ ഇതിനുള്ള ഇൻസ്റ്റിറ്റ്യൂഷണൽ സപ്പോർട്ടാണ് ഇതിനെ മറ്റുള്ളവയിൽനിന്ന് വേർതിരിച്ചു നിർത്തുന്നത്. നിലവിലെ മാനകമലയാളവും ഇതിൽനിന്ന് വ്യത്യസ്തമല്ല. വാർത്താവിനിമയം, വിദ്യാഭ്യാസം, ഭരണനിർവഹണം തുടങ്ങിയ പൊതു ആവശ്യങ്ങൾക്കുവേണ്ടി നിശ്ചിതമായ ഒരു ഭാഷാഭേദം ഉപയോഗിക്കുന്നു എന്നതുമാത്രമാണ് മാനകമലയാളത്തിന്റെ ഉദ്ദേശം. എന്നാൽ, പിന്നീട് അധികാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയുമെല്ലാം അടയാളമായി മാനകഭാഷ മാറുകയും മറ്റു ഭാഷാഭേദങ്ങളെ ‘അൺപ്യൂരിഫൈഡ്’ ആയി കാണാനും പരിഗണിക്കാനും തുടങ്ങി.

മലയാളത്തെ സംബന്ധിച്ച് പ്രധാനമായും ഏറെ ഭാഷാഭേദങ്ങൾ നിലനിൽക്കുന്നുണ്ട്. പ്രദേശം, മതം, മറ്റു ഭാഷകളുമായുള്ള സമ്പർക്കം തുടങ്ങി എല്ലാം ഭാഷയെ സ്വാധീനിക്കുന്നുണ്ട്. മലയാളത്തിന് ഒട്ടേറെ ഭാഷാഭേദങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും മലബാർ മലയാളത്തിന്റെ അത്രയും പരിഹസിക്കപ്പെട്ട മറ്റൊരു വകഭേദം ഇല്ല എന്നുവേണം പറയാൻ. മറ്റു ഭാഷാഭേദങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് മലബാർ മലയാളം. മറ്റു ഭാഷാഭേദങ്ങൾ, പദങ്ങൾ, അവയുടെ അർത്ഥം, സംസാരത്തിന്റെ താളം, ശൈലികൾ തുടങ്ങിയ സവിശേഷതകൾ കൊണ്ട് വ്യത്യസ്തമാകുമ്പോൾ മലബാറിൽ ഉച്ചാരണ സവിശേഷതകൾ കൂടി കടന്നുവരുന്നു; പ്രത്യേകിച്ച് മലയാളത്തിന്റെ സവിശേഷ ശബ്ദങ്ങളിൽ.
എന്നാൽ ഇത്തരം സവിശേഷതകളെ സവിശേഷതകളായി കാണുന്നതിനുപകരം ഭാഷാപിഴവുകളായും അറിവില്ലായ്മയായും എല്ലാം പലപ്പോഴും പരിഗണിക്കപ്പെടാറുണ്ട്. കുറച്ചു കാലം മുമ്പുവരെ ഇറങ്ങിയ സിനിമകളിലെല്ലാം നമ്മളെ പൊട്ടിച്ചിരിപ്പിക്കാൻ ഈ ഭാഷാസവിശേഷതകളെ പരിഹാസരൂപേണ ഉപയോഗിച്ചിരുന്നല്ലോ. എന്നാൽ ഇന്ന് ഇവയെ എല്ലാം വളരെ നോർമലായി തന്നെയാണ് അവതരിപ്പിക്കപ്പെടുന്നത്.
ഇന്ന് ഭാഷാഭേദങ്ങളോടുള്ള സമീപനത്തിൽ മാറ്റം വന്നിട്ടുണ്ടെന്നു പറയാം. പൊതുവായ ഒരു മലയാളി സ്വത്വം നിലനിൽക്കെതന്നെ കഴിഞ്ഞകുറച്ചു വർഷങ്ങളായി തനതുഭാഷാഭേദങ്ങളിൽ വിവിധങ്ങളായ സൃഷ്ടികൾ വിവിധ മേഖലകളിൽ നിന്നും വരികയുണ്ടായി. പലപ്പോഴും ഇത്തരം ഭാഷാഭേദങ്ങൾ സൃഷ്ടിയെ കൂടുതൽ മനുഷ്യരിലേക്ക് അടുപ്പിക്കുന്നതായും കാണാൻ സാധിക്കും. മലബാർ മലയാളം തന്നെ നൈസർഗ്ഗികമായി ഉപയോഗിച്ച മലയാളം സിനിമകൾ തന്നെയുണ്ടായി. ഇതു തന്നെയാണ് മാനകീകരണത്തിന്റെ രാഷ്ട്രീയവും. ഒരു വകഭേദം പ്യൂരിഫൈഡ് ആയും മറ്റുള്ളവ അൺപ്യൂരിഫൈഡ് ആയും കണക്കാക്കുന്നു. പ്രത്യേകിച്ചും ജാതിമത ശ്രേണീകരണങ്ങൾ കാലാകാലങ്ങളായി നിലനിൽക്കുന്ന സമൂഹത്തിനകത്ത്. അതുകൊണ്ടു തന്നെയാണല്ലോ വരേണ്യരുടെ മലയാളം ഇമ്പമാർന്നതാവുന്നതും മറ്റുള്ളവ ആളുകളെ ചിരിപ്പിക്കുന്നതും.
ഭാഷയും സാംസ്കാരിക സ്വത്വവും
വില്ല്യം ലബോവ് എന്ന സാമൂഹികഭാഷാശാസ്ത പണ്ഡിതൻ, ഭാഷയുടെ വിവിധ രൂപങ്ങൾ വിവിധ സാമൂഹിക സാഹചര്യങ്ങളിൽ ഉപയോഗിക്കപ്പെടുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. ഫോർമലായുള്ള സാഹചര്യങ്ങളിൽ ഒരു വകഭേദം, ഇൻഫോർമൽ സാഹചര്യങ്ങളിൽ മറ്റൊന്ന്. ഇതിൽ ഒന്ന് പ്രെസ്റ്റീജിയസ് ഫോം ആകുന്നതിനെക്കുറിച്ചും അദ്ദേഹം ചർച്ചചെയ്യുന്നു. ഒരു വ്യക്തിയെ മറ്റു വ്യക്തികളോടും കൂട്ടത്തോടും ചേർത്തുനിർത്തുന്നതും മാറ്റി നിർത്തുന്നതുമായ മൂല്യങ്ങളാണല്ലോ സ്വത്വം. അത് ദേശം, ഭാഷ, മതം, ജാതി, വിദ്യാഭ്യാസം എന്നിങ്ങനെ എല്ലാവിധ തലങ്ങളെയും ബന്ധപ്പെട്ടിരിക്കുന്നു. ഭാഷാസ്വത്വം ഇതിൽ പ്രധാനമാണ്. കാരണം ഭാഷാസ്വത്വം മറ്റെല്ലാ സ്വത്വങ്ങളുടെയും ഇൻക്ലൂസീവ് ആയ ഫോം ആണെന്ന് വേണമെങ്കിൽ പറയാം. കാരണം, ദേശം, സംസകാരം, ജാതി, മതം, സാമൂഹിക സാഹചര്യങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയവയെ എല്ലാം ഭാഷ ഉൾക്കൊള്ളുന്നുണ്ട് എന്നതാണ്.

മലബാർ മലയാളത്തെ തന്നെ പരിശോധിക്കാം, മലബാർ എന്നത് തിവിതാംകൂറിന്റെ ഭാഗമായിരുന്നില്ല എന്ന ചരിത്രപശ്ചാത്തലം തന്നെ ഈ പ്രദേശത്തെ വ്യത്യസ്തമാക്കുന്നുണ്ട്. ഭാഷാസാഹചര്യങ്ങൾകൊണ്ടും ഏറെ പ്രത്യേകതകൾ മലബാറിനുണ്ട്. അറബി ഭാഷ മതപഠനത്തിന്റെ ഭാഗമായി ഭൂരിഭാഗം വരുന്ന മനുഷ്യരും പഠിക്കുകയും അറബിമലയാളം എന്ന ഒരു പുതിയ ഭാഷാരൂപം തന്നെ സൃഷ്ടിക്കപ്പെടുകയും ചെയ്തു. അറബി മലയാളം മലബാർ മലയാളത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. കൂടാതെ തമിഴ്, കന്നട, തുളു, ഏറെ ഗോത്രഭാഷകൾ എന്നിവയുമായുള്ള പങ്കുവെക്കലുകളും ഭാഷയെ സ്വാധീനിക്കുന്നു.
സമ്പർക്കഭാഷകൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ സാധാരണമാണല്ലോ. മാനകീയമായി നമ്മൾ കണക്കാക്കിപ്പോരുന്ന ഭാഷാഭേദത്തിൽ സംസ്കൃതത്തിന്റെ സ്വാധീനവും ചെറുതല്ല. തനതുമലയാളത്തിലേക്ക് വഴി തെളിയിച്ചു എന്ന് പറയപ്പെടുന്ന എഴുത്തച്ഛൻ കൃതികളിൽ പോലും സംസ്കൃതത്തിന്റെ സ്വാധീനമുണ്ട്.
മലബാർ മലയാളം, ഉച്ചാരണ സവിശേഷതകൾ കൊണ്ടും പ്രത്യേകമായ പദാവലികൊണ്ടും സവിശേഷമാണ്. മലബാർ മലയാളം തന്നെ തമ്മിൽ ഇടഞ്ഞും പിണഞ്ഞും ഏറെ വൈവിധ്യപ്പെട്ടിരിക്കുന്നു. മലയാള ഭാഷയുടെ സവിശേഷ ശബ്ദമായ (Marked sound) ‘ഴ’, ‘യ’ ആയും ‘യ’ പലപ്പോഴും ‘ജ’ ആയും റീപ്ലെയ്സ് ചെയ്ത് അവതരിപ്പിക്കുന്ന രീതി ഈ ഭാഷാഭേദത്തിൽ കാണാൻ സാധിക്കുന്നു. ഈ വ്യത്യസ്തത ഉച്ചാരണങ്ങളിൽ മാത്രമല്ല, പദങ്ങളും അവയുടെ അർത്ഥങ്ങളും തമ്മിൽ വരെ നമുക്ക് കാണാൻ സാധിക്കും.
കാലാകാലങ്ങളായി മലയാളത്തിന്റെ ഒരു ഭാഷാഭേദം പരിഹസിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് മലബാർ ഭാഷാഭേദമാണ്, ഇതിനെ ഒരു മതവിഭാഗത്തിന്റെ ഭാഷ ആയി മാത്രം എത്ര തവണ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഒരു ഭാഷാഭേദം മോശമാണെന്ന് പറയുമ്പോൾ, ഒരു പ്രദേശത്തെയും ആ പ്രദേശത്തിന്റെ സാംസ്കാരിക സ്വത്വത്തെ തന്നെയും മോശമാണെന്ന് പറയുന്നതിന് തുല്യമാണ്. ഇതേ കാരണങ്ങൾക്കൊണ്ട് തന്നെ ഒട്ടേറെ തവണ പരിഹസിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്തതിന്റെ ഭാഗമായി ഭാഷഭേദം തെറ്റെന്ന് കരുതി അതിനെ കൈവിടാൻ ശ്രമിച്ച്, പിന്നീട് വൈവിധ്യങ്ങളുടെ രാഷ്ട്രീയത്തെയും സ്വത്വരാഷ്ട്രീയത്തെയും ഭാഷയുടെ രാഷ്ട്രീയത്തെയും എല്ലാം ചർച്ചചെയ്യപ്പെട്ട കാലത്ത് തങ്ങളുടെ ഭാഷാസ്വത്വത്തെ അഭിമാനത്തോടെ മുറുകെപ്പിടിച്ച ഒരു സമൂഹത്തിൽ ഇത് ഏറെ പ്രതിഷേധങ്ങൾ ഉണ്ടാക്കുന്നത് സ്വാഭാവികമാണ്.
മനുഷ്യരെയും പ്രകൃതിയെയും പോലെ തന്നെ നല്ലതെന്നും മോശമെന്നും വേർതിരിക്കുന്ന മാനദണ്ഡങ്ങളൊന്നും ഭാഷയ്ക്കില്ല. ഭാഷയിലെ നല്ലതും മോശവും തരംതിരിക്കുന്നതിൽ സമൂഹത്തിന്റെ മറ്റു ശ്രേണീകരണങ്ങൾ തന്നെയാണ് ഭാഗമാകുന്നത്. ഭാഷയ്ക്കുമേലുള്ള വേർതിരിവുകൾ, അവയുടെ ശ്രേണീകരണരാഷ്ട്രീയം എന്നിവയൊക്കെയും ജാതി, മതം, ദേശം എന്നിവയെപ്പോലെ വിമർശനാത്മകമായി വിശകലനം ചെയ്യപ്പെടേണ്ടതാണ്. എങ്കിലൊരുപക്ഷെ, എന്റെ മലയാളം ഒരു വേദിയിൽ അപമാനിക്കപ്പെടില്ലായിരുന്നു.
READ:മയയും കുയിയും പുയയും
കെ. ടി. ജലീലിന്റെ ഭാഷയും

