പുതുപുതു പൊയ്കൾ

വ്യത്യസ്ത ഭാഷയെയും സംസ്കാരങ്ങളെയും ഉൾക്കൊള്ളാനാകാത്ത ഫാസിസ്റ്റ് സംവിധാനമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്, അതുകൊണ്ടാണ്, തെന്നിന്ത്യക്ക് സ്വന്തം സംസ്കാരത്തെക്കുറിച്ച് നിരന്തരം ഓർമപ്പെടുത്തേണ്ടിവരുന്നത് എന്ന് പ്രഭാഹരൻ കെ. മൂന്നാർ.

ന്ത്യ എന്ന സങ്കല്പത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ തുടർച്ചയായി നടക്കുന്നുണ്ട്. 1600- കളിൽ ഈസ്റ്റിന്ത്യ കമ്പനി ആധിപത്യമുറപ്പിച്ചതിനുശേഷമാണ് ഇങ്ങനെയൊരു സങ്കല്പത്തിലേക്ക് ഇവിടുത്തെ മനുഷ്യർ എത്തിച്ചേർന്നത്. അതിനുമുമ്പ് ഭാഷയുടെയോ സംസ്കാരത്തിന്റെയോ മറ്റ് പ്രവർത്തികളുടെയോ പേരിൽ ഒന്നുചേർന്ന് പ്രവർത്തിച്ചതായി ചരിത്രത്തിൽ അടയാളങ്ങളില്ല. വെസ്റ്റ് ഏഷ്യയിൽനിന്ന് സിന്ധു നദീതീരത്ത് കുടിയേറിയവർ ആര്യർ എന്നും അതേ നദിക്കരയിൽ എതിർവശത്ത് കുടിയേറിയവർ ദ്രാവിഡർ എന്നും ഒരു സങ്കല്പമുണ്ട്. ആഫ്രിക്കയുടെ അടർന്ന കാടുകളിൽ ആയിരക്കണക്കിന് മനുഷ്യസ്പിഷീസുകൾ രൂപപ്പെടുകയും അവയ്ക്ക് നിലനിൽക്കാൻ ശേഷിയില്ലാത്തതുകൊണ്ട് വംശനാശം സംഭവിച്ചതായും യുവൽ നോവോ ഹരാരി സാപിയൻസ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യുമൻകൈൻഡ് എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഏതാണ്ട് 75,000 വർഷങ്ങൾക്കു മുമ്പാണ് സാപ്പിയൻസ് ഇവിടെ നിലയുറപ്പിച്ചത് എന്നും അദ്ദേഹം സൂചിപ്പിക്കുന്നു. അങ്ങനെയിരിക്കെ, ലോകമെമ്പാടും പരന്ന സാപ്പിയൻസ് എങ്ങനെയാണ് അതിജീവിച്ചത് എന്നതിനെ കുറിച്ചുള്ള പഠനങ്ങൾ പുരോഗമിക്കുകയാണ്.

ഇന്ത്യയെ മാറിമാറി ഭരിച്ച ഗവൺമെന്റുകൾ ദ്രാവിഡനാട് അല്ലെങ്കിൽ സൗത്ത് ഇന്ത്യ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളെ രണ്ടാംതരം ജനങ്ങളായിട്ടാണ് കണക്കാക്കുന്നത്.

വാസ്തവത്തിൽ വെറും കാടുകളും മലകളും കടലുകളും മാത്രമാണ് ഈ ലോകം. ഒരു കാലത്ത് ഈ രൂപഘടനയെ അതിജീവിക്കുന്ന മനുഷ്യർ ഇവിടെയുണ്ടായിരുന്നു. അങ്ങനെയാണ് ഗോണ്ടുവ എന്ന നിലപ്പരപ്പിൽ നിലനിന്നിരുന്ന ലമൂറിയ എന്ന ഭൂഖണ്ഡം കടൽ ക്ഷോഭത്താൽ ഇല്ലാതായി എന്ന് ചരിത്രപണ്ഡിതനായ നീലകണ്ഠശാസ്ത്രി തെന്നിന്ത്യ ചരിത്രം എന്ന പുസ്തകത്തിൽ പറയുന്നത്. എങ്കിലും ശാസ്ത്രീയമായി അവ തെളിയിക്കപ്പെട്ടിട്ടില്ല. 1920- കളിൽ ജോൺ മാർഷലും ദയാറാം സാഹ്നിയും തുടർച്ചയായി നടത്തിയ ആർക്കിയോളജിക്കൽ ഗവേഷണത്തിലാണ് സിന്ധു നദീതടത്തിന്റെ സാംസ്കാരിക രൂപങ്ങളെ അടയാളപ്പെടുത്തുന്നത്. ആ പഠനം പുരോഗമിക്കവേ ഹിരോസ് പാതിരി, ഐരാവതം മഹാദേവൻ, ഇളങ്കുളം കുഞ്ഞൻപിള്ള, എ. ശ്രീധരമേനോൻ, അച്യുത വാര്യർ തുടങ്ങിയ ചരിത്ര പണ്ഡിതന്മാർ തെന്നിന്ത്യയെ കുറിച്ചുള്ള ചരിത്രമെഴുത്തിന് ദിശാബോധം നൽകി. ആര്യരുടെ വരവിനുമുമ്പ് ഇവിടെ നിലനിന്നിരുന്ന സംസ്കാരം ഏതാണെന്ന് കണ്ടെത്താൻ പലർക്കും കഴിയാതെ പോയി. അതിന് വ്യക്തമായ കാരണമുണ്ട്. ആര്യ മേൽക്കോയ്മയുള്ള ഒരു രാജ്യമായി ഇന്ത്യ അതിനുമുമ്പ് മാറിക്കഴിഞ്ഞിരുന്നു.

ലോകമെമ്പാടും പരന്ന സാപ്പിയൻസ് എങ്ങനെയാണ് അതിജീവിച്ചത് എന്നതിനെ കുറിച്ചുള്ള പഠനങ്ങൾ പുരോഗമിക്കുകയാണ്. / യുവൽ നോവോ ഹരാരി

ഋഗ്വേദത്തിലും മറ്റു സംസ്കൃത സാഹിത്യത്തിലും ദ്രാവിഡ അല്ലെങ്കിൽ ദ്രാമിളി എന്ന സാംസ്കാരിക തനിമയെ കുറിച്ച് സൂചനകളുണ്ടെന്ന് തമിഴ് സാംസ്കാരിക പണ്ഡിതർ പറയുന്നു. തമിഴ് ഭാഷാ ചരിത്രത്തിൽ കെ.കെ. പിള്ള അടക്കമുള്ളവരും തെ. പൊ. മീനാക്ഷി സുന്ദരം, അകത്തിയ ലിംഗം, എസ്. ശക്തിവേൽ തുടങ്ങിയവരും ഇത്തരം വാദങ്ങളെ മുൻനിർത്തി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ബി.സി മൂന്നാം നൂറ്റാണ്ട് തൊട്ട് ലഭിക്കുന്ന തമിഴ് ബ്രഹ്മി കല്ലെഴുത്തുകളെ മുൻനിർത്തി നടക്കുന്ന ഗവേഷണത്തെക്കുറിച്ചും കെ.കെ. പിള്ള തെന്നിന്ത്യ ചരിത്രം എന്ന പുസ്തകത്തിൽ സൂചിപ്പിക്കുന്നു.

നീലകണ്ഠശാസ്ത്രി

ഇന്ത്യയെ മാറിമാറി ഭരിച്ച ഗവൺമെന്റുകൾ ദ്രാവിഡനാട് അല്ലെങ്കിൽ സൗത്ത് ഇന്ത്യ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളെ രണ്ടാംതരം ജനങ്ങളായിട്ടാണ് കണക്കാക്കുന്നത്. അത് എല്ലാ കാലത്തും അങ്ങനെ തന്നെയാണ്. സാംസ്കാരിക മേൽക്കോയ്മയ്ക്ക് വിധേയമായിക്കൊണ്ടാണ് ഇത്തരം പ്രവർത്തനങ്ങൾ ഇന്ത്യയിൽ അരങ്ങേറുന്നത്. വർഷങ്ങൾക്കുമുമ്പുതന്നെ നിർമിച്ചെടുക്കപ്പെട്ട ഈ വൈദിക സാംസ്കാരിക മേൽക്കോയ്മയെ ഇല്ലാതാക്കുക എന്നത് എളുപ്പമല്ല. പക്ഷേ അതിനെ മാറ്റിത്തീർക്കാനാകും എന്നാണ് Historical Deconstruction എന്ന ചിന്തയിലൂടെ ജാക്വസ് ദെരിദ എന്ന പോസ്റ്റ് മോഡേൺ ഫിലോസഫർ വ്യക്തമാക്കുന്നത്. മിഷേൽ ഫൂക്കോ ഈ അവസ്ഥയെ ആർക്കിയോളജി ഓഫ് നോളേജ് എന്നാണ് അടയാളപ്പെടുത്തിയത്. അതായത്, നമ്മുടെ അറിവുകൾ പോലും പുരാതന വസ്തുക്കളെ പോലെയാണ്, ചിന്ത ഒരിക്കലും പുതുക്കി പ്രവർത്തിക്കുന്നില്ല എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.

തങ്ങളുടെ അധികാരത്തിന്റെ പരിധിയിൽ വരുന്ന എല്ലാത്തിനെയും തങ്ങളുടേതാക്കുക എന്നതാണ് അധികാര കേന്ദ്രിത രാഷ്ട്രീയത്തിന്റെ സ്വഭാവം.

സെമറ്റിക് മതമായ ക്രിസ്ത്യൻ മതം ലോകമെമ്പാടും അവരുടെ മത സംസ്കാരം അടിച്ചേൽപ്പിച്ചത് തന്ത്രപരമായ യുക്തിബോധത്തിലൂന്നിയാണ്. ജെറുസലേമിൽ യേശുക്രിസ്തു ജനിച്ചു എന്നു പറയുമ്പോഴും യേശുക്രിസ്തു ഏഷ്യയുടെ ദൈവമല്ലാതാകുന്നത് എങ്ങനെയാണ്? ക്രിസ്തു യൂറോപ്പിന്റെ ദൈവമായി മാറിയത് എങ്ങനെയാണ് എന്ന് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥ ലോകത്ത് നിലനിൽക്കുന്നു. അധികാരത്തിന്റെ രാഷ്ട്രീയമാണ് യേശുക്രിസ്തുവിനെ ലോകമെമ്പാടും എത്തിച്ചത്. ഈ അവസ്ഥയെയാണ് എഡ്വേർഡ് സെയ്ദ് പവർ സെൻട്രിക് പൊളിറ്റിക്സ് എന്ന് വിശേഷിപ്പിച്ചത്. ഇന്ത്യയിൽ ഇന്ന് സംഭവിക്കുന്നതും ഇത്തരം അധികാര കേന്ദ്രിത രാഷ്ട്രീയമാണ്. തങ്ങളുടെ അധികാരത്തിന്റെ പരിധിയിൽ വരുന്ന എല്ലാത്തിനെയും തങ്ങളുടേതാക്കുക എന്നതാണ് അധികാര കേന്ദ്രിത രാഷ്ട്രീയത്തിന്റെ സ്വഭാവം. അങ്ങനെ മാറ്റാൻ കഴിയുന്നില്ലെങ്കിൽ അതിനെ ഇല്ലായ്മ ചെയ്യാനാണ് പവർ സെൻട്രൽ പൊളിറ്റിക്സ് ശ്രമിക്കുന്നത്.

അധികാരത്തിന്റെ രാഷ്ട്രീയമാണ് യേശുക്രിസ്തുവിനെ ലോകമെമ്പാടും എത്തിച്ചത്. / Painting: Taking of Jerusalem by the Crusaders, Giraudon

ഇന്ത്യയിൽ ഇപ്പോൾ ഉയർന്നു കേൾക്കുന്നത് ലോഗോ സെൻട്രിക് വാദമാണ്. രാമനെ ഉയർത്തിപ്പിടിച്ച് രാജ്യത്തെ രാമരാജ്യമായി മാറ്റുക എന്ന തന്ത്രമാണ് സംഘപരിവാറും ബി.ജെ.പിയും മെനയുന്നത്. 19-ാം നൂറ്റാണ്ടിൽ രൂപപ്പെടുത്തിയെടുത്ത സെമറ്റിക് റിലീജ്യസ് കോൺസെപ്റ്റിലാണ് ഹിന്ദുത്വ രാജ്യം നിലയുറപ്പിച്ചത്. അതിനുമുമ്പ് എട്ടാം നൂറ്റാണ്ടു മുതൽ ഈ ശ്രമം തുടങ്ങിയിരുന്നു. വൈദിക ബ്രാഹ്മണ സങ്കൽപ്പങ്ങൾ ഇന്ത്യ മുഴുവനും പ്രചരിപ്പിക്കുക എന്നതായിരുന്നു ആത്യന്തിക ലക്ഷ്യം.

ഇന്ത്യയുടെ സാംസ്കാരിക ബഹുസ്വരതയെ ഉൾക്കൊള്ളാതെ ഒരു മതത്തിനും ഇവിടെ നിലനിൽക്കാൻ കഴിയല്ല എന്ന് ബ്രാഹ്മണിസം തിരിച്ചറിഞ്ഞിരുന്നു.

ഭക്തിപ്രസ്ഥാനങ്ങൾ രൂപപ്പെടുത്തിയാണ് അവർ ഈ ലക്ഷ്യത്തിലേക്ക് ചുവടു വെച്ചത്. വൈഷ്ണവ ഭക്തിപ്രസ്ഥാനങ്ങൾ എട്ടാം നൂറ്റാണ്ടോടുകൂടിയാണ് ഇന്ത്യയിൽ പലയിടത്തും രൂപപ്പെടുന്നത്. പിന്നീട്, പത്താം നൂറ്റാണ്ടിൽ ഇന്ത്യയെ കവർന്നെടുത്തു. ഇത് ക്രിസ്ത്യൻ മത യുക്തിബോധത്തെ ഉൾക്കൊണ്ടുകൊണ്ടാണ്. സാംസ്കാരിക ബഹുസ്വരതയുള്ള മതമായാണ് ക്രിസ്ത്യാനിറ്റി, ക്രിസ്ത്യൻ മതത്തെ അവതരിപ്പിച്ചത്. ലാറ്റിനമേരിക്കയിലെയും ഈജിപ്തിലെയും ഏഷ്യയിലെയും ക്രിസ്ത്യൻ മത ആരാധനകൾ തമ്മിൽ ഒരുപാട് വൈരുദ്ധ്യങ്ങളുണ്ട്. എങ്കിലും ഇവയെല്ലാം പൊതുവെ ക്രിസ്ത്യൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതുപോലെ തന്നെയാണ് ഇന്ത്യയിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

മതപരമായ ഏക സംസ്കാരത്തെ സ്ഥാപിച്ചെടുക്കുക, അതിലൂടെ ഇന്ത്യയെ ഏക മത രാജ്യമായി മാറ്റിയെടുക്കുക. യുഗങ്ങൾക്കുമുമ്പുതന്നെ ഇത്തരം പ്രവർത്തനം തുടങ്ങിക്കഴിഞ്ഞുവെങ്കിലും ഇന്ത്യയുടെ സാംസ്കാരിക ബഹുസ്വരതയെ ഉൾക്കൊള്ളാതെ ഒരു മതത്തിനും ഇവിടെ നിലനിൽക്കാൻ കഴിയല്ല എന്ന് ബ്രാഹ്മണിസം അന്നേ തിരിച്ചറിഞ്ഞു. അതുകൊണ്ട് ഈ യുക്തിബോധവുമായി ജീവിക്കുന്നവർക്കുമേൽ അവർക്ക് സാംസ്കാരികമായ ആധിപത്യം ചെലുത്താനായി. അവർ തിരുകിക്കയറ്റിയ ആര്യ സംസ്കാരത്തിന്റെ മേൽക്കോയ്മയെ ബഹുഭൂരിപക്ഷവും ഇന്നും തിരിച്ചറിയുന്നില്ല.

രാമനെ ഉയർത്തിപ്പിടിച്ച് രാജ്യത്തെ രാമരാജ്യമായി മാറ്റുക എന്ന തന്ത്രമാണ് സംഘപരിവാറും ബി.ജെ.പിയും മെനയുന്നത്. / Photo: PM Narendra Modi performing Bhumi Pujan for the Ram Mandir, Wikimedia Commons

നമ്മുടെ സാംസ്കാരികതനിമയിൽ പോലും ഒരു ആര്യ മേൽക്കോയ്മ കലർന്നിട്ടുണ്ട്. അതിനെ തിരിച്ചറിയാൻ വളരെ പാടാണ്. കാരണം ഇവിടെ നിലനിന്നിരുന്ന ആയിരക്കണക്കിന് സംസ്കാരങ്ങളെ ആക്രമിച്ചുകൊണ്ടും മാറ്റിത്തീർത്തുമാണ് പ്രാചീന വൈദിക സാംസ്കാരിക സങ്കല്പം ഒരു ബ്രാഹ്മണിക് മേൽക്കോയ്മ അടിച്ചേൽപ്പിച്ചത്. ഈ വൈദിക സാംസ്കാരിക മേൽക്കോയ്മയാണ് പിന്നീട് ഹിന്ദുമതം എന്ന പേരിൽ പ്രചരിക്കപ്പെട്ടത്.

ആ യുക്തികളിലൂടെ തന്ത്രപരമായി ഇന്ത്യയിലെ സാധാരണക്കാരെക്കൊണ്ട് അവരുടെ തനതായ സംസ്കാരങ്ങളെ മരവിപ്പിക്കാനായി. ഈ സാംസ്കാരിക മൂല്യങ്ങളെ തിരിച്ചുപിടിക്കണം എന്ന ചിന്ത പോലും റദ്ദാക്കുംവിധമായിരുന്നു ആ അധിനിവേശം. അതുകൊണ്ടാണ് ആ തനതായ സംസ്കാരം ഹിന്ദുത്വ ഇന്ത്യയിൽ ഇന്നും നഷ്ട സ്വപ്നമായി നിലനിൽക്കുന്നത്. അന്റണിയോ ഗ്രാംഷി എന്ന ചിന്തകൻ ഈ അവസ്ഥയെയാണ് കൾചറൽ ഹെഗിമണി എന്നു വിളിച്ചത്.

അന്റണിയോ ഗ്രാംഷി

500 വർഷങ്ങൾക്കുമുമ്പ് അരങ്ങേറിയ ഈ സംഭവവികാസങ്ങൾക്കെല്ലാം അടിത്തറയിട്ടത് വൈഷ്ണവ ഭക്തിപ്രസ്ഥാനങ്ങളാണ്. എ.ഡി 800- കളിലാണ് വൈഷ്ണവ ഭക്തിപ്രസ്ഥാനങ്ങൾ രൂപപ്പെടുകയും ഇന്ത്യയെമ്പാടും വ്യാപിക്കുകയും ചെയ്തത്. തെന്നിന്ത്യയിൽ വൈഷ്ണവ ഭക്തി പ്രസ്ഥാനങ്ങൾ ആധിപത്യമുറപ്പിക്കാൻ ശ്രമിച്ചപ്പോൾ സാംസ്കാരികമായി ഒരു പൊരുതൽ അവിടെ നിന്നുണ്ടായി. അതാണ് ശൈവ പ്രസ്ഥാനങ്ങൾ. കേരളത്തിന്റെ പ്രാചീന ശാസനം എന്നറിയപ്പെടുന്ന പനമ്പള്ളി ശാസനം ശിവനെ കുറിച്ചാണ് പരാമർശിക്കുന്നത്. തമിഴ് ഭക്തി സാഹിത്യങ്ങളും പൻ ഇരു തിരുമുറൈകൾ, പെരിയപുരാണം തുടങ്ങിയ ശൈവ ഭക്തി ഗ്രന്ഥങ്ങളും ശിവനെ തമിഴ് ദൈവമായി അവതരിപ്പിക്കുന്നു. ശൈവപ്രസ്ഥാനങ്ങൾ ശിവനെയാണ് ദൈവമായി ആരാധിച്ചിരുന്നത്. അതായത് ഇന്ത്യൻ യുക്തിബോധത്തിൽ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്ന ത്രിമൂർത്തികൾ സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ കർമങ്ങൾ ചെയ്തിരുന്നു എന്നാണ് ഹിന്ദുപുരാണങ്ങൾ സൂചിപ്പിക്കുന്നത്. മുമ്പ്, ഒരുമിച്ച് ഒരു വൈഷ്ണവ സങ്കൽപത്തിനകത്ത് പ്രവർത്തിച്ചിരുന്ന ഈ ദൈവസങ്കൽപ്പയുക്തികൾ പിന്നീട് രണ്ടായി തിരിഞ്ഞു, വൈഷ്ണവരും ശൈവരും ഏറ്റുമുട്ടി. ശൈവം ഇപ്പോൾ നിലനിൽക്കുന്നത് കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലും മാത്രമാണ്. വൈഷ്ണവ ആധിപത്യം അതിശക്തമായി തുടരുന്നതുകൊണ്ട് ശിവ ആരാധനകൾ ഈ സംസ്ഥാനങ്ങളിൽ മാത്രമായി ഒതുങ്ങി.

ശിവൻ, വിഷ്ണു, ബ്രഹ്മാവ് എന്നീ സങ്കൽപ്പങ്ങളുടെ ചിത്രീകരണം / Photo: Wikimedia Commons

തമിഴ് ഭക്തിപ്രസ്ഥാനങ്ങൾ വൈഷ്ണവത്തെയും ഒരേ പോലെയാണ് കാണുന്നത്. തമിഴ് സാഹിത്യ ചരിത്രങ്ങളും തമിഴ് ഭാഷാചരിത്രങ്ങളും എഴുതപ്പെട്ടത് 18-ാം നൂറ്റാണ്ടിലാണ്. ഈ ചരിത്രങ്ങൾ എഴുതുന്നത് ബ്രാഹ്മണരും പിള്ളമാരുമാണ്. ബ്രാഹ്മണ മേൽക്കോയ്മ അവരെക്കൊണ്ട് അങ്ങനെയൊരു ചരിത്രം രൂപപ്പെടുത്തിയെടുത്തു എന്നാണ് ചില അധ്യായങ്ങൾ വായിക്കുമ്പോൾ മനസ്സിലാവുന്നത്. ഇവിടെ നിലനിന്നിരുന്ന ഒരു സംസ്കാരത്തെ വൈഷ്ണവ സംസ്കാരവുമായി കലർത്തി മറ്റൊരു രീതിയിൽ മോൾഡ് ചെയ്തെടുത്ത എഴുത്തുകളാണ് ഇന്ന് കണ്ടുവരുന്ന സാംസ്കാരിക ചരിത്ര ബോധത്തെ രൂപ​പ്പെടുത്തിയത്. ഇവയുടെ യഥാർത്ഥ അവസ്ഥകൾ മറയ്ക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു.

സംഘകാലത്ത് നടന്നിരുന്ന കല്യാണങ്ങളെക്കുറിച്ച് ഒരു കൃതി പറയുമ്പോൾ എട്ടുവക കല്യാണത്തിന്റെ രീതിയാണ് സൂചിപ്പിക്കുന്നത്. അവ ബ്രാഹ്മണരുടെ കല്യാണ രീതികളാണ്. ഇതിനെ ചൊല്ലി വയ്യാപുരിപിള്ള എന്ന തമിഴ് പണ്ഡിതൻ തർക്കം മുന്നോട്ടു വെച്ചപ്പോൾ അന്നത്തെ ബ്രാഹ്മണ പണ്ഡിതർ അദ്ദേഹ​ത്തെ ഒറ്റപ്പെടുത്തുകയും തമിഴ് വിരോധി എന്ന് മുദ്രകുത്തുകയും ചെയ്തു.

ആര്യ സംസ്കാരം രൂപപ്പെടുന്നതിന് 2600 വർഷങ്ങൾക്കുമുമ്പുതന്നെ ഒരു സംസ്കാരം ഇവിടെ നിലനിന്നിരുന്നു എന്ന് കീഴടി ആർക്കിയോളജിക്കൽ സർവ്വേ തെളിയിക്കുന്നു / Photo: Wikimedia Commons

ആര്യ സംസ്കാരം രൂപപ്പെടുന്നതിന് 2600 വർഷങ്ങൾക്കുമുമ്പുതന്നെ ഒരു സംസ്കാരം ഇവിടെ നിലനിന്നിരുന്നു എന്ന് കീഴടി ആർക്കിയോളജിക്കൽ സർവ്വേ തെളിയിക്കുന്നു. അന്ന് ഈ വാദങ്ങളുന്നയിച്ച ഹിറോസ്, ഐരാവതം മഹാദേവൻ, വയ്യാപുരിപ്പിള്ള തുടങ്ങിയവരെ അന്നത്തെ അക്കാദമിക് സമൂഹം ഒറ്റപ്പെടുത്തി. പക്ഷേ ഇന്നത്തെ ഗവേഷണങ്ങൾ അവർ പറഞ്ഞ ചരിത്രബോധങ്ങൾ ശരിയാണ് എന്ന് തെളിയിക്കുന്നു. ആര്യരുടെ കലർപ്പ് സംസ്കാരം ഇന്ത്യയിൽ സാംസ്കാരിക തനിമയെ നശിപ്പിച്ചു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇന്ന് നമ്മൾ പിന്തുടരുന്ന പല ആചാരങ്ങളും അനുഷ്ഠാനങ്ങളും.

അടിച്ചേൽപ്പിക്കപ്പെട്ട ചരിത്രം വിശുദ്ധമെന്നും പിന്തുടർന്നുവന്നിരുന്ന ചരിത്രം അശുദ്ധമെന്നും ഇന്ത്യൻ ജനതയെ ചിന്തിപ്പിച്ചതിൽ ബ്രാഹ്മണിസം വിജയിച്ചു. അതുകൊണ്ടാണ് അവരെക്കൊണ്ടുതന്നെ അവരുടെ സാംസ്കാരിക ചരിത്രത്തെ മായ്ച്ചുകളയിക്കാൻ ബ്രാഹ്മണിസത്തിനായത്. ആ സംസ്കാരത്തിന്റെ പിന്തുടർച്ചയിലാണ് ഇപ്പോഴും ഇന്ത്യയിലെ എല്ലാ വിഭാഗം മനുഷ്യരും ജീവിക്കുന്നത്.

തെന്നിന്ത്യയിലുള്ളവരും നോർത്ത് ഈസ്റ്റിലുള്ളവരും സാംസ്കാരിക തനിമ കൊണ്ടാണ് ഇന്ത്യൻ പൊതുസമൂഹത്തിൽ നിന്ന് എപ്പോഴും മാറ്റിനിർത്തപ്പെടുന്നത്. ഇന്ത്യയിൽ നിലനിൽക്കുന്ന ക്രൂരമായ സാംസ്കാരിക മേൽക്കോയ്മ കൊണ്ടുമാത്രമാണ് തെന്നിന്ത്യൻ സംസ്ഥാനങ്ങൾ ഒറ്റപ്പെടുത്തപ്പെടുന്നത്. ഉൽപ്പന്നങ്ങൾ ഏറെയുള്ള ഈ സംസ്ഥാനങ്ങളെ സാമ്പത്തികമായി അടിച്ചമർത്താനാകുന്നതും ഈ സാംസ്കാരിക മേൽക്കോയ്മയുടെ ബലത്തിലാണ്. വ്യത്യസ്ത ഭാഷയെയും സംസ്കാരങ്ങളെയും ഉൾക്കൊള്ളാനാകാത്ത ഫാഷിസ്റ്റ് സംവിധാനമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. അതുകൊണ്ടാണ്, തെന്നിന്ത്യക്ക് സ്വന്തം സംസ്കാരത്തെക്കുറിച്ച് നിരന്തരം ഓർമപ്പെടുത്തേണ്ടിവരുന്നത്.

Comments