സ്ത്രീകൾ എങ്ങനെ ആരാധനാ പദ്ധതികളിൽ നിന്ന് ബഹിഷ്‌കൃതരായി?

ഋഗ്വേദത്തിൽ പൃഥ്വി, അദിതി, ഇന്ദ്രാണി, ഉഷസ്, സൂര്യ, സരസ്വതി മുതലായ നിരവധി ദേവിമാർ പരാമൃഷ്ടരാവുന്നുണ്ടെങ്കിലും സ്വതന്ത്രശക്തികളായി ആരാധനാ പാരമ്പര്യക്രമത്തിനകത്ത് ഇവരാരും പ്രത്യക്ഷപ്പെടുന്നില്ല. പുരുഷ ദേവതാ അനുഷ്ഠാനങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒന്നാണ് യാഗ യജ്ഞ പാരമ്പര്യം. താന്ത്രികാരാധനകളുടെ കാര്യത്തിലും, ആർത്താവാശുദ്ധി സങ്കൽപങ്ങളിലൂടെ പൗരോഹിത്യം സ്ത്രീകളെ ബഹിഷ്‌കൃതരാക്കുകയാണുണ്ടായത്. ആത്മീയ പദവിയിലൂടെ സ്വതന്ത്രാസ്ഥിത്വം പ്രകടിപ്പിക്കുന്ന സ്ത്രീകളെ കടിഞ്ഞാണിട്ട് പിതൃമേധാവിത്വത്തിന് കീഴിൽ നിലനിർത്താൻ പാതിവ്രത്യം മുതലായ സങ്കൽപങ്ങളിലൂടെ കഴിഞ്ഞു.

‘രക്തരഹിതനായൊരു ദേവന് രക്തദാഹിയായൊരു ദേവി ഭാര്യയായുണ്ട് എന്ന ക്രൂരമായൊരു വൈരുധ്യം തൽഫലമായി നാം കാണുന്നു. ഇതൊരു പ്രഹേളികയല്ലേ?'-ഡോ. ബി ആർ അംബേദ്കർ

വൈദിക യാജ്ഞിക ബ്രാഹ്മണരുടെ വിശ്വാസാനുഷ്ഠാന പാരമ്പര്യത്തിൽ നിന്ന് ഏറെ വ്യത്യാസമുള്ള ഒന്നാണ് മാതൃദേവത ആരാധനാക്രമങ്ങൾ. ഋഗ്വേദത്തിൽ പൃഥ്വി, അദിതി, ഇന്ദ്രാണി, ഉഷസ്, സൂര്യ, സരസ്വതി മുതലായ നിരവധി ദേവിമാർ പരാമൃഷ്ടരാവുന്നുണ്ടെങ്കിലും സ്വതന്ത്രശക്തികളായി ആരാധനാ പാരമ്പര്യക്രമത്തിനകത്ത് ഇവരാരും പ്രത്യക്ഷപ്പെടുന്നില്ല. വൈദിക യജ്ഞ പാരമ്പര്യം മാതൃദേവതാ അനുഷ്ഠാനങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒന്നല്ല താനും. പുരുഷ ദേവതാ അനുഷ്ഠാനങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒന്നാണ് യാഗ യജ്ഞ പാരമ്പര്യം. ഈ യാജ്ഞിക വൈദികക്രമം വിഗ്രഹാരാധനകളിലൂടെ അനുഷ്ഠാന ക്രമം നിലനിർത്തുന്ന പാരമ്പര്യവുമല്ല.

വിഗ്രഹാരാധനകളിലൂടെ തുടരുന്ന ആരാധനാ പാരമ്പര്യം ബ്രാഹ്മണേതരമാണെന്നാണ് ഇത് ബോധ്യപ്പെടുത്തുന്നത്. ബ്രാഹ്മണർ വിഗ്രഹാരാധന നടത്തുന്നതിൽ നിന്ന് മനുസ്മൃതി വിലക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. മനുസ്മൃതിയുടെ കുല്ലുക ഭട്ടന്റെ വ്യാഖ്യാനത്തിലും ബ്രാഹ്മണർ വിഗ്രഹാരാധന നടത്തുന്നതിനെ നിഷേധിക്കുന്നുണ്ട്. ഇത് സൂചിപ്പിക്കുന്നത് ഇത്തരം ആരാധനാ പാരമ്പര്യം ബ്രാഹ്മണേതരമാണെന്നാണ്.

പ്രാചീന സംസ്‌കാരത്തിൽ ദേവതാരാധനക്കായി അനുഷ്ഠിച്ചുപോന്ന വൈദിക യജ്ഞ സമ്പ്രദായങ്ങൾക്ക് നേരിട്ട കോട്ടം മൂലവും താന്ത്രികരാധനകളുടെ ജനപ്രിയത്വവുമാണ് ബ്രാഹ്മണരെ ക്രമേണ താന്ത്രിക പദ്ധതികളിലേക്ക് അടുപ്പിച്ചത്. പൊതുവർഷം (CE ) അഞ്ചാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയിലുള്ള കാലത്താണ് ഇത്തരമൊരു അനുഷ്ഠാനപരമായ കലർപ്പ് ശക്തി പ്രാപിക്കുന്നത്.

താന്ത്രികാരാധനാ അനുഷ്ഠാനങ്ങൾ നിർവഹിച്ചുപോരുന്ന തദ്ദേശീയ ഗോത്ര വിഭാഗങ്ങളുമായി കലർന്നതിന് ശേഷമാണ് ബ്രാഹ്മണർ തന്ത്രഗ്രന്ഥങ്ങൾ രചിയ്ക്കാനാരംഭിക്കുന്നതെന്ന് ചരിത്രകാരനായ ആർ.എസ്. ശർമ നിരീക്ഷിക്കുന്നുണ്ട്. ആദ്യകാല തന്ത്രഗ്രന്ഥങ്ങളായ സിദ്ധയോഗേശ്വരീ മതം (CE7 ) ബ്രഹ്മയാമള തന്ത്രം (CE 7 ) തുടങ്ങിയവയിലെ പ്രാകൃത ഭാഷാപദങ്ങളും, ബൗദ്ധ സങ്കര സംസ്‌കൃത പദങ്ങളുടെ പ്രയോഗവും ശർമ്മയുടെ നിരീക്ഷണം സാധൂകരിക്കുന്നവയാണ്. ബ്രാഹ്മണർ താന്ത്രിക പദ്ധതികൾ സ്വാംശീകരിച്ചതിനുശേഷമുള്ള കാലത്ത് രചിയ്ക്കപ്പെട്ട പുരാണങ്ങളാണ് ശക്ത്യാരാധനയ്ക്ക് പ്രാധാന്യം നൽകി രചിയ്ക്കപ്പെട്ടവയെന്നും കാണണം. ഇത്രയും കാര്യങ്ങൾ ആമുഖമായി ചിന്തിച്ചാൽ മാത്രമേ രക്തദാഹിയായ ഒരു ദേവി രക്ത രഹിതനായ ദേവന് ഭാര്യയായി തീർന്നതിന്റെ ചരിത്രം തെളിഞ്ഞു കിട്ടൂ.

Painting: Keshav Venkataraghavan
Painting: Keshav Venkataraghavan

തദ്ദേശീയ ദേവതകൾ ബ്രാഹ്മണ്യത്തിലേക്ക്

ബ്രാഹ്മണർ തദ്ദേശീയ ഗോത്രവുമായി കലർന്നതിന്റെ കൂടി ഫലമായിട്ടാണ് തദ്ദേശീയ ദേവതകൾ ബ്രാഹ്മണ പാരമ്പര്യക്രമത്തിൽ ഉൾച്ചേർന്നത്. ദേവന്മാരെയും ദേവിമാരെയും പരസ്പരം വിവാഹം കഴിപ്പിച്ച് കുടുംബസ്ഥരാക്കിയതിലൂടെയാണ് ഈ ഉൾച്ചേർക്കൽ പ്രക്രിയ പൂർത്തിയായത്. ഋഗ്വേദ രചനാകാലത്ത് വൈദികാര്യ ബ്രാഹ്മണർ പിൽക്കാല പുരാണങ്ങളിൽ കാണുന്നപോലെ കുടുംബ ജീവിതം ആരംഭിച്ചിരുന്നില്ല. കാർഷിക ജീവിത വ്യവസ്ഥയാണ് ഒരിടത്ത് സ്ഥിരമായി വസിച്ചുള്ള കുടുംബ വ്യവസ്ഥയ്ക്ക് ആധാരശില പാകിയത്. പുരാണങ്ങളുടെ രചനാ പ്രപഞ്ചം ഉദ്ഭൂതമാവുന്നതും വികസിക്കുന്നതും ഇക്കാലത്താണ്.

തദ്ദേശീയ ദൈവങ്ങളെ സ്വാംശീകരിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ പുരാണങ്ങളിൽ കാണാം. അജപാല ഗോത്രങ്ങളുടെ ദൈവമായ ‘വിഠൽ ' പിൽക്കാലത്ത് വിഷ്ണു -കൃഷ്ണനായി മാറുന്നത് ഇതിന്റെ നിദർശനമാണ്. ഈയൊരു പശ്ചാത്തലത്തിൽ വേണം സ്വതന്ത്ര അസ്ഥിത്വമുള്ള കാളി എന്ന ദേവത പിൽക്കാലത്ത് ശിവന്റെ മകളായും ചില വേളയിൽ ഭാര്യയായും മറ്റും മാറിത്തീർന്നതിന്റെ ചരിത്രം പരിശോധിക്കുവാൻ.

തദ്ദേശീയ ഗോത്ര വിഭാഗങ്ങളുടെ അനുഷ്ഠാന ക്രമങ്ങളെയും ഐതിഹ്യങ്ങളെയും സ്വാംശീകരിച്ചതിന്റെ ഭാഗമായാണ് പുരാണങ്ങളിൽ ഭദ്രകാളി ഐതിഹ്യങ്ങൾ ഇടം പിടിച്ചത്. എന്തെന്നാൽ ബ്രാഹ്മണരുടെ ആരാധനാമൂർത്തി ആയിരുന്നില്ല കാളി. വൈഖാനസ ധർമ്മസൂത്രത്തിൽ പാർശവർ എന്ന അബ്രാഹ്മണ വിഭാഗമാണ് കാളിയെ പൂജിക്കാൻ അവകാശപ്പെട്ടവർ എന്ന് വ്യക്തമായി പറയുന്നുണ്ട് (143. 1-2 ). ബ്രഹ്മയാമള തന്ത്രത്തിലും സപ്തമാതൃക്കളെയും കാളിയെയും പൂജിക്കേണ്ടത് പാരശവർ എന്ന അബ്രാഹ്മണ വിഭാഗങ്ങളാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഇങ്ങനെ വളരെ സ്പഷ്ടമായി ബ്രാഹ്മണേതര പാരമ്പര്യ ക്രമത്തിനകത്ത് നിലനിന്നിരുന്ന കാളി പുരാണങ്ങളുടെ രചനാകാലത്താണ് ശിവന്റെ മകളായും പാർവതിയുടെ അംശമായും ഒക്കെ രൂപാന്തരം കൈവരിക്കുന്നത്.

ലൈംഗിക താന്ത്രികാനുഷ്ഠാനം

താന്ത്രികാരാധനകളുടെ വളരെ പ്രധാനപ്പെട്ട ഒരു സവിശേഷത അത് ലൈംഗികാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ഒന്നായിരുന്നുവെന്നതാണ്. ഉത്തരേന്ത്യൻ ബ്രഹ്മയാമളത്തിൽ ശ്മശാനത്തിൽ നടക്കുന്ന ലൈംഗിക താന്ത്രികാനുഷ്ഠാനത്തെ പറ്റി വിവരിക്കുന്നുണ്ട്. ആരാധനയുടെ ഭാഗമായി സാധകിയായ യോഗിനി എന്ന് സങ്കൽപിയ്ക്കപ്പെട്ട സ്ത്രീയെ സാധകൻ പൂജിക്കുകയും പ്രാപിക്കുകയും ചെയ്യുന്നത് ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്.

കുല ക്രീഢ, കൗള ക്രീഡ എന്നിങ്ങനെ വിവരിക്കപ്പെടുന്നവ ലൈംഗിക - രത്യാനുഷ്ഠാനങ്ങളാണെന്ന് താന്ത്രിക ചരിത്രപണ്ഡിതനായ Alexis Sanderson വ്യക്തമാക്കുന്നുണ്ട്. വളരെ പ്രത്യക്ഷമായി നിലനിന്നിരുന്ന യോന്യാരാധന പിൽക്കാലത്ത് സിംബലൈസ് ചെയ്യപ്പെടുകയായിരുന്നുവെന്ന് The Touch of Sakthi എന്ന ഗ്രന്ഥത്തിൽ Ernst Furlinger സമർത്ഥിക്കുന്നുണ്ട്. പ്രത്യക്ഷമായി നിലനിന്ന ലൈംഗിക യോന്യാരാധനയാണ് പിന്നീട് യോനീചക്രമായും ശ്രീചക്ര ആരാധനയായും പരിണമിച്ചത്.

Painting: Keshav Venkataraghavan
Painting: Keshav Venkataraghavan

കാശ്മീരിലെ ശ്രീവിദ്യാ സമ്പ്രദായത്തിൽ ലൈംഗികാനുഷ്ഠാനങ്ങൾ ആരാധനാക്രമത്തിന്റെ ഭാഗമായിരുന്നുവെന്നും Furlinger നിരീക്ഷിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിൽ സ്മാർത്ത ബ്രാഹ്മണരുടെ ജീവിതക്രമം താന്ത്രികതയിൽ നേടിയ മേൽക്കൈ ഇവിടെ ശ്രീചക്ര ആരാധനയ്ക്ക് പ്രചാരം നൽകുകയും ചെയ്തു. ഘോരരൂപിണിയായ കാളി ഒരു ശ്രീചക്ര മൂർത്തിയായി തീരുന്നതിന്റെ കാരണവും മറ്റൊന്നല്ല. 10-12 നൂറ്റാണ്ടുകളിൽ രചിയ്ക്കപ്പെടുന്ന ലളിതാസഹസ്രനാമത്തിൽ ദേവിയെ വിപ്ര പ്രിയ, വിപ്ര രൂപ എന്നൊക്കെ അടയാളപ്പെടുത്തുന്നതിലൂടെ വരുന്ന മാറ്റം തദ്ദേശീയ ആരാധന പൗരാണികമായി സ്വാംശീകരിയ്ക്കപ്പെടുന്നതിന്റെ കൂടി ദൃഷ്ടാന്തമാണ്.

സ്ത്രീകൾക്ക് കൽപിച്ചുകൊടുത്തത്​ ഭർത്താവിന്റെ പാദസേവ മാത്രം

പ്രാചീന ശക്തി തന്ത്ര പാരമ്പര്യത്തിന്റെ ചരിത്രം അനാവരണം ചെയ്യുമ്പോൾ സ്ത്രീകൾ താന്ത്രിക കർമങ്ങൾ അനുഷ്ഠിച്ചിരുന്നു എന്ന് കാണാം. താന്ത്രികരായ സ്ത്രീകളെ സാധകി, യോഗിനി, ശക്തി എന്നിങ്ങനെ അടയാളപ്പെടുത്തുന്നുണ്ട്. ഭവഭൂതിയുടെ മാലതീ മാധവത്തിൽ (C E 8) സിദ്ധി കൈവരിച്ച് ആകാശത്തിൽ ഗമനം ചെയ്യുന്ന താന്ത്രികയായ സ്ത്രീയെ പറ്റി പരാമർശിക്കുന്നുണ്ട്.

താന്ത്രികാരാധനകളിലുള്ള സ്ത്രീകളുടെ പ്രധാന്യത്തെ പറ്റി സിദ്ധ യോഗേശ്വരീമതം, തന്ത്രസദ്ഭാവം, പരാത്രിംശികാ വിവരണം തുടങ്ങിയ തന്ത്ര ഗ്രന്ഥങ്ങളിൽ വിവരിക്കുന്നുണ്ട്. എന്തിനേറെ പറയുന്നു, ആർത്തവകാലത്ത് സ്ത്രീകൾ അനുഷ്ഠിയ്‌ക്കേണ്ട താന്ത്രിക കർമങ്ങളെ കുറിച്ച് ബ്രഹ്മയാമള തന്ത്രത്തിൽ വിശദീകരിക്കുന്നുണ്ട്. പ്രസിദ്ധ താന്ത്രിക ചരിത്ര പണ്ഡിതനായ Alexis Sanderson അദ്ദേഹത്തിന്റെ പഠനത്തിൽ സ്ത്രീകൾ താന്ത്രികാരാധനകൾ നിർവഹിച്ചിരുന്നതായി തെളിവുകൾ നിരത്തി സ്ഥാപിക്കുന്നുണ്ട്.

കാലക്രമത്തിൽ ആർത്താവാശുദ്ധിയുമായി ബന്ധപ്പെട്ട ശുദ്ധി സങ്കൽപങ്ങളിലൂടെ പൗരോഹിത്യം സ്ത്രീകളെ ബഹിഷ്‌കരിച്ചു. ആർത്തവ രക്തം ദേവിയെ ആവാഹിച്ച ത്രിശൂലത്തിൽ അഭിഷേകം ചെയ്യുന്നതിനെ പറ്റി ജയദ്രഥ യാമളത്തിൽ വിവരിക്കുന്നുണ്ട്. ഇതിലൂടെ വ്യക്തമാവുന്നത് ആർത്താവാശുദ്ധി സങ്കൽപങ്ങളിലൂടെ പൗരോഹിത്യം സ്ത്രീകളെ ബഹിഷ്‌കൃതരാക്കുകയാണുണ്ടായത് എന്നാണ്.

വർണ്ണാശ്രമ ധർമ്മത്തിന്റെ വക്താക്കളായ ബ്രാഹ്മണ പൗരോഹിത്യ ശക്തികളാണ് ഇതിന്റെ വക്താക്കൾ. 10-ാം നൂറ്റാണ്ടിൽ രചിയ്ക്കപ്പെട്ട ബൃഹത് കാലോത്തരതന്ത്രം പറയുന്നത് സ്ത്രീകൾ ഭർത്താവിന്റെ പാദസേവ ചെയ്താൽ മാത്രം മതി അവർക്ക് മോക്ഷം ലഭിക്കും എന്നാണ്. ഇങ്ങനെ ആത്മീയ പദവിയിലൂടെ സ്വതന്ത്രാസ്ഥിത്വം പ്രകടിപ്പിക്കുന്ന സ്ത്രീകളെ കടിഞ്ഞാണിട്ട് പിതൃമേധാവിത്വത്തിന് കീഴിൽ നിലനിർത്താൻ പാതിവ്രത്യം മുതലായ സങ്കൽപങ്ങളിലൂടെ കഴിഞ്ഞു.

കാളി എന്താണിത്ര കോപാകുലയായത്?

കാളിയെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച് ആരാധിക്കാൻ തുടങ്ങിയതിനു പിന്നിൽ യുദ്ധങ്ങളുടെയും കലഹങ്ങളുടെയും ചരിത്രം കൂടി ഉൾച്ചേരുന്നുണ്ട്. നാടുവാഴി പ്രഭുക്കളും രാജാക്കന്മാരും യുദ്ധവിജയത്തിനും രാജ്യാഭിവൃദ്ധിക്കും വേണ്ടിയാണ് കാളി ക്ഷേത്രങ്ങൾ നിർമിച്ച് ആരാധിക്കാൻ തുടങ്ങിയതെന്ന് Sanderson വാദിക്കുന്നുണ്ട്. കാളീ പ്രതിഷ്ഠയെ പറ്റി വിവരിക്കുന്ന ബ്രഹ്മയാമളത്തിൽ രാജ്യാഭിവൃദ്ധിക്കും യുദ്ധജയത്തിനും കാളിയെ പ്രതിഷ്ഠിക്കണമെന്ന് നിർദ്ദേശിയ്ക്കുന്നു. ഉഗ്രരൂപിണിയായ കാളിയുടെ ആരാധന നാടുവാഴികൾക്ക് അത്യന്താപേക്ഷിതമായിരുന്നു. ശത്രുസംഹാരിണിയായ കാളി ചരിത്രത്തിൽ കൂടുതൽ സ്ഥാനപ്പെടുത്തപ്പെട്ടത് ഇങ്ങനെയാണ്. കാളിയെ പ്രീതിപ്പെടുത്താൻ ആനയെ പോലും ബലി കൊടുക്കുന്നതിനെ പറ്റി ബ്രഹ്മയാമളത്തിൽ നിർദ്ദേശിക്കുന്നുണ്ട്.

ചുരുക്കത്തിൽ കാളിയെ കോപാകുലയാക്കി നിലനിർത്തി സങ്കൽപിക്കേണ്ടത് കലഹങ്ങളുമായി കഴിഞ്ഞിരുന്ന നാടുവാഴികളുടെ ആവശ്യകത കൂടി ഉൾച്ചേർന്നത് ആയിരുന്നു. കാളി അനുഗ്രഹിച്ച് നൽകിയ വാളുമായി യുദ്ധത്തിന് പോയി ജയിയ്ക്കുന്ന രാജാവിനെ പറ്റി ആചാര്യ ദണ്ഡി ദശകുമാര ചരിതത്തിൽ (CE7 ) വിവരിക്കുന്നുണ്ട്. കാളിയുടെ കോപം യുദ്ധവിജയത്തിന്റെ അനുഗ്രഹ ശക്തിയാണെന്നും വിശ്വസിക്കപ്പെട്ടു.

കോപാപിഷ്ഠയായ കാളിയെ ശിവന്റെ കൺസോർട്ടായി മാറ്റിയതിലൂടെ ആ കോപത്തെ പോലും പിതൃമേധാവിത്വ വ്യവസ്ഥക്ക് കീഴ്‌പ്പെടുത്താൻ പൗരോഹിത്യം ശ്രമിച്ചു. യഥാർത്ഥത്തിൽ കാളിയിൽ വിരിയുന്ന ഭാവം കോപാവിഷ്ഠത അല്ലെന്നും ലൈംഗികതയുടെ ഉന്നതാവസ്ഥയിൽ ഉടലെടുക്കുന്ന രതി ലഹരിയുടെ ഭാവമാണതെന്നും ബൗദ്ധതന്ത്രത്തിൽ ഗവേഷണം നടത്തിയ ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്. ചില ബൗദ്ധദേവതകളിലും ഇത്തരം ഭാവാ വിഷ്ഠതകൾ കാണാം എന്നതാണ് അവരെ ഇത്തരം ഒരു അനുമാനത്തിലേക്ക് നയിക്കുന്നത്.

പിൻ മൊഴി: കാളിയുടെ ചരിത്രം എന്നത് മനുഷ്യർ കടന്നുവന്ന വഴിത്താരകളുടെ ചരിത്രം കൂടി ഉൾച്ചേർന്നതാണ്. ഇതാകട്ടെ ഭാവനയും അനുഷ്ഠാനവും സാമൂഹിക ജീവിത സന്ദർഭങ്ങളും വിലയം പ്രാപിച്ച ആരാധനാ ഇടമാണ്. കേരളത്തിലെ കാളി ആരാധനാ ചരിത്രം വിപുലമായി പഠിക്കേണ്ട മറ്റൊരു മേഖലയാണ്.

അവർണരുടെ കാളിയും ദുർഗയും എങ്ങനെ ബ്രാഹ്മണരുടേതായി


Summary: ഋഗ്വേദത്തിൽ പൃഥ്വി, അദിതി, ഇന്ദ്രാണി, ഉഷസ്, സൂര്യ, സരസ്വതി മുതലായ നിരവധി ദേവിമാർ പരാമൃഷ്ടരാവുന്നുണ്ടെങ്കിലും സ്വതന്ത്രശക്തികളായി ആരാധനാ പാരമ്പര്യക്രമത്തിനകത്ത് ഇവരാരും പ്രത്യക്ഷപ്പെടുന്നില്ല. പുരുഷ ദേവതാ അനുഷ്ഠാനങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒന്നാണ് യാഗ യജ്ഞ പാരമ്പര്യം. താന്ത്രികാരാധനകളുടെ കാര്യത്തിലും, ആർത്താവാശുദ്ധി സങ്കൽപങ്ങളിലൂടെ പൗരോഹിത്യം സ്ത്രീകളെ ബഹിഷ്‌കൃതരാക്കുകയാണുണ്ടായത്. ആത്മീയ പദവിയിലൂടെ സ്വതന്ത്രാസ്ഥിത്വം പ്രകടിപ്പിക്കുന്ന സ്ത്രീകളെ കടിഞ്ഞാണിട്ട് പിതൃമേധാവിത്വത്തിന് കീഴിൽ നിലനിർത്താൻ പാതിവ്രത്യം മുതലായ സങ്കൽപങ്ങളിലൂടെ കഴിഞ്ഞു.


Comments