ഇശൽ രാമായണം
മാപ്പിളപ്പാട്ടായും
രാമായണം

ഇശൽ രാമായണം എന്ന കൃതിയുടെ രചനയിലൂടെ മാപ്പിള പാട്ടുശാഖയുടെ ചരിത്രത്തിൽ നൂതനാധ്യായം എഴുതിച്ചേർക്കുകയാണ് ഒറ്റമാളിയേക്കൽ മുത്തുക്കോയ തങ്ങൾ എന്ന ഒ. എം. കരുവാരക്കുണ്ട്.

ഴിഞ്ഞ രണ്ടര സഹസ്രാബ്ദത്തിനിടയിൽ നിരന്തരം വളർന്നുവികസിച്ചു കൊണ്ടിരിക്കുന്ന വടവൃക്ഷമാണ് രാമായണ സാഹിത്യം. അതിന് ആഴമാർന്ന വേരുകളും ശാഖോപശാഖകളുമുണ്ട്. വേരുകൾ ഭാരതീയമാണെങ്കിലും ശാഖകൾ ഏഷ്യൻ രാജ്യങ്ങളിലേക്കാകെ വളർന്നുപന്തലിക്കുകയും അവിടങ്ങളിലെ സംസ്‌കൃതികളെ കരുപ്പിടിപ്പിക്കുന്നതിൽ നിർണായക സ്ഥാനം ആർജിക്കുകയും ചെയ്തിട്ടുണ്ട്. ഭാരതത്തിലേയും സമീപരാജ്യങ്ങളിലേയും വാമൊഴി, വരമൊഴി സാഹിത്യരൂപങ്ങളെ ഇത്രമേൽ അഗാധമായി സ്വാധീനിച്ച മറ്റൊരു ഇതിവൃത്തമില്ലെന്ന് നിസ്സംശയം പറയാം.

ഇന്ത്യക്കുപുറമെ ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക, തായ്‌ലാൻറ്​, ചൈന, ജപ്പാൻ, ഭൂട്ടാൻ, ബർമ, ഫിലിപ്പൈൻസ്, ബംഗ്ലാദേശ്, പാക്കിസ്താൻ തുടങ്ങി ഒട്ടേറെ ഏഷ്യൻ രാജ്യങ്ങളിൽ രാമായണ സാഹിത്യത്തിന്റെ ബഹുരൂപങ്ങൾ നിലവിലുണ്ട്. അതേപോലെ ഹൈന്ദവ - ബൗദ്ധ , ജൈന - മുസ്​ലിം - ദലിത് - ആദിവാസി രാമായണ പാഠരൂപങ്ങളുണ്ട്. വാല്മീകി രാമായണം സംസ്‌കൃതത്തിലും ബൗദ്ധരുടെ ബൗദ്ധ അനാമകം ജാതകവും ബൗദ്ധദശരഥ ജാതകവും പാലിഭാഷയിലാണ്. ജൈനരുടെ രാമായണമായ വിമലാസുരി രചിച്ച പഉമ ചരീയമാകട്ടെ പ്രാകൃതത്തിലുമാണ്. ഇവ സൂചിപ്പിക്കുന്നത് പൗരാണിക ഇന്ത്യയിലെ മൂന്ന് പ്രബല മതങ്ങളെ എന്ന പോലെ മൂന്ന് പൗരാണിക ഭാഷകൾക്കും അവകാശപ്പെട്ടതാണ് രാമായണം എന്നതാണ്. ഹൈന്ദവ - ബൗദ്ധ - ജൈന - മുസ്​ലിം - ദലിത് - ആദിവാസി രാമായണ പാഠരൂപങ്ങൾ അവതരിപ്പിക്കുന്നതാകട്ടെ, ഒരേ രാമകഥയല്ല. രാമനും സീതയും തമ്മിലുള്ള ബന്ധം പോലും ഭിന്നരാമായണങ്ങളിൽ വ്യത്യസ്ത രീതികളിലാണ് ആവിഷ്‌ക്കരിക്കുന്നത്.

വാല്മീകി രാമായണത്തിൽ രാമന്റെ ഭാര്യയാണ് സീത. ബൗദ്ധദശരഥ ജാതകത്തിൽ രാമന്റെ പെങ്ങളാണ് സീത. നിരവധി വിദേശരാമായണങ്ങൾ പ്രകാരം സീത രാവണപുത്രിയണ്. പഴയ ടർക്കിസ്താന്റെ കിഴക്കൻ പ്രദേശങ്ങൾ ചേർന്ന ഖോത്താൻ പ്രദേശത്ത് നിലനിൽക്കുന്ന രാമായണ കഥയനുസരിച്ച് (പ്രൊഫ. എച്ച്. ഡബ്ല്യു. ബെയ്‌ലി എഡിറ്റു ചെയ്തത് ) സീത ദശഗ്രീവന്റെ പുത്രിയാണ്. ഖോത്താനി രാമായണത്തിൽ രാമന്റെയും ലക്ഷ്മണന്റെയും ഭാര്യയാണ് സീത. ബഹുഭർതൃത്വം നിലനിൽക്കുന്ന പ്രദേശത്ത് പ്രചരിച്ച കഥയായതുകൊണ്ടാവാം ഇത്തരമൊരു പാഠരൂപമുണ്ടായത്. ചുരുക്കത്തിൽ, ഓരോ മണ്ണിലും പെയ്തിറങ്ങുന്ന മഴവെള്ളം ആ മണ്ണിന്റെ നിറവും ഗന്ധവും കലർന്നൊഴുകുന്നതുപോലെ ഓരോ ദേശങ്ങളിലേക്കും സമുദായങ്ങളിലേക്കും ചെന്ന രാമായണകഥകൾ ആ നാടിന്റേയും സമുദായത്തിന്റെയും മുദ്രകളണിഞ്ഞ് പരന്നൊഴുകുകയാണ് ചെയ്തത്.

ഇന്തോനേഷ്യയിലെ ‘ഹിക്കായത്ത് സെരിരാം' എന്ന രാമായണം മുഴുവൻ മുസ്​ലിം പശ്ചാത്തലമുള്ളതാണ്. ഈ പാഠത്തിൽ രാമനും രാവണനും പ്രാർഥിക്കുന്നത് അല്ലാഹുവിനോടാണ്.

രാമായണം ഗ്രന്ഥരൂപത്തിൽ മാത്രമല്ല, ചിത്രങ്ങളായും നാടകങ്ങളായും പാട്ടുകളായും സിനിമകളായും നോവലുകളായും മറ്റും ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്. ഇന്തോനേഷ്യയിലെ രാമായണ പാവനാടകങ്ങൾ ഏറെ പ്രസിദ്ധമാണ്. അവ അവതരിപ്പിക്കുന്ന കലാകാരന്മാരേറെയും മുസ്​ലിംകളാണ്. താടി വളർത്തിയ, മുസ്​ലിം പുരുഷന്മാരെപ്പോലെ വസ്ത്രധാരണം ചെയ്യുന്ന രാമലക്ഷ്മണന്മാരെയാണ് അവിടുത്തെ രാമായണനാടകങ്ങളിൽ അവതരിപ്പിക്കുന്നത്. ഇന്തോനേഷ്യയിലെ ‘ഹിക്കായത്ത് സെരിരാം' എന്ന രാമായണം മുഴുവൻ മുസ്​ലിം പശ്ചാത്തലമുള്ളതാണ്. ഈ പാഠത്തിൽ രാമനും രാവണനും പ്രാർഥിക്കുന്നത് അല്ലാഹുവിനോടാണ്. ജാവയിലെ നേരത്തുകാണ്ഡത്തിലെ രാമകഥ സെരീരാമിൽ നിന്ന്​ ഒട്ടും ഭിന്നമല്ല. ഇതിന്റെ വിസ്തൃതമായ ഭൂമികയിൽ മുഹമ്മദ് നബിയുടേയും ആദം നബിയുടേയും കഥകൾ കാണാം. ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിലെ രാമായണങ്ങളിൽ ഇസ്​ലാമിക മുദ്രകൾ ആഴത്തിൽ പതിഞ്ഞുകിടക്കുന്നു. മലേഷ്യൻ മുസ്​ലിം രാമായണ പാരമ്പര്യത്തെപ്പറ്റി അവിടുത്തെ മുൻ ഉപപ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഒരഭിമുഖത്തിൽ പറയുന്നത് ഇങ്ങനെ: ‘ഞാൻ അഞ്ചുനേരവും പ്രാർഥിക്കുന്ന മുസ്​ലിമാണ്. ഞങ്ങളുടെ സാംസ്‌കാരികാഘോഷങ്ങളിൽ രാമായണത്തിനും മഹാഭാരതത്തിനും നിർണായക സ്ഥാനമുണ്ട്. മലേഷ്യയുടെ മിക്ക ഭാഗങ്ങളിലും ഇവ പതിവായി പാരായണം ചെയ്യുന്ന മുസ്​ലിംകളുണ്ട്. ഞങ്ങളുടെ രാമായണ - മഹാഭാരതാദികൾ ഒരു പക്ഷേ, ഇന്ത്യയിൽ നിങ്ങൾ കാണുന്ന അതേ പ്രകാരത്തിൽ ആയിക്കൊള്ളണമെന്നില്ല. എനിക്കു തോന്നുന്നത് അവ മലേഷ്യയിൽ ഇസ്​ലാമികമായി മാറ്റിയെഴുതപ്പെട്ടിട്ടുണ്ട് എന്നാണ്. ഞങ്ങളുടെ പരിമിതികൾക്കകത്തു നിന്നുകൊണ്ട് സംസ്‌കാരത്തിന്റെ ഭാഗമായി ഈ ഇതിഹാസങ്ങളെ ഉൾക്കൊണ്ടു എന്നതാണ്...'

ഇവ്വിധം, തങ്ങളുടെ സാംസ്‌കാരികാവിഷ്‌ക്കാരങ്ങളിലേക്ക് രാമായണത്തെ സന്നിവേശിപ്പിക്കുവാനുള്ള എളിയ ശ്രമങ്ങൾ ഇന്ത്യയിൽ പലേടത്തുമുണ്ടായിട്ടുണ്ട്. മുഗൾ ചക്രവർത്തിമാർ രാമായണ - മഹാഭാരത സാഹിത്യത്തെ പേർഷ്യൻ, ഉറുദു ഭാഷ കളിലേക്കു മൊഴിമാറ്റം ചെയ്യുന്നതിനും മറ്റും വളരെയേറെ പ്രോത്സാഹനം ചെയ്തിരുന്നു. അക്ബറുടെ ആവശ്യാനുസരണം അൽ ബദായൂനി (അബ്ദുൽ ഖാദിർ ഇബ്‌നു ഇ - മുലൂക്ക ശാഹ് ) കൃസ്തുവർഷം 1584-1589 ൽ വാൽമീകി രാമായണം പദ്യരൂപത്തിൽ പേർഷ്യൻ ഭാഷയിലേക്ക്​ വിവർത്തനം ചെയ്യുകയുണ്ടായി.

കേരളത്തിലും ഇത്തരത്തിലുള്ള ചില ഉദ്യമങ്ങൾ മുമ്പുണ്ടായിട്ടുണ്ട്. പാലക്കാട് സ്വദേശിയായ ഇസ്​ലാമിക പണ്ഡിതൻ കരുമൻ കുരിക്കൾ രചിച്ച ‘നവീന രാമായണം' ഏറെ പ്രസിദ്ധമാണ്. 720 പുറങ്ങളുള്ള ഈ പദ്യകൃതിക്ക് അവതാരികയെഴുതിയത് വടവന്നൂർ വടക്കേപ്പാട്ട് നാരായണൻ നായരാണ്. കേര ളത്തിലെ മാപ്പിള മുസ്​ലിംകളുടെ തനതുസാഹിത്യശാഖയായ മാപ്പിളപ്പാട്ടിൽ മാപ്പിള രാമായണം എന്നൊരു കാവ്യമുണ്ട്. 143 വരികളുള്ള ഈ കൃതി ഏറെക്കുറെ പാരഡി സ്വഭാവത്തിലുള്ളതാണ്. എങ്കിലും കേരളത്തിലെ മാപ്പിള മുസ്​ലിം സാമുദായിക ജീവിതാംശവുമായി രാമൻ, രാവണൻ, സീത, ലക്ഷ്മണൻ, ശൂർപ്പണഖ എന്നീ കഥാപാത്രങ്ങളെ ബന്ധിപ്പിക്കുന്നു.

അറബി മലയാളത്തിന്റെ ഗാനരൂപമായ മാപ്പിളപ്പാട്ടിൽ, പ്രണയവും യുദ്ധവും വിനോദവും മതതത്വങ്ങളും തുടങ്ങി സാഹിത്യത്തിന്റെ സകല മേഖലകളും ആവിഷ്‌കരിക്കുന്ന കാവ്യങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്.

പരിഷ്‌ക്കരിച്ച അറബി അക്ഷരമാല ഉപയോഗിച്ച് മലയാളം എഴുതുന്ന ലിപിസമ്പ്രദായമായ അറബി - മലയാളത്തിൽ സംസ്‌കൃതഭാഷയിൽ രചിക്കപ്പെട്ട ശീലാവതി, അഷ്ടാംഗഹൃദയം തുടങ്ങിയ ഏതാനും കൃതികൾ മുമ്പേ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും രാമായണത്തിന് പരിഭാഷകളുണ്ടായതായി കണ്ടിട്ടില്ല. അറബി മലയാളത്തിന്റെ ഗാനരൂപമായ മാപ്പിളപ്പാട്ടിലാവട്ടെ, പ്രണയവും യുദ്ധവും വിനോദവും മതതത്വങ്ങളും തുടങ്ങി സാഹിത്യത്തിന്റെ സകല മേഖലകളും ആവിഷ്‌കരിക്കുന്ന കാവ്യങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. കെസ്സു പാട്ടുകൾ, കിസ്സ പാട്ടുകൾ, പടപ്പാട്ടുകൾ, മാലപ്പാട്ടുകൾ, സർക്കീട്ട് പാട്ടുകൾ, ഒപ്പനപ്പാട്ടുകൾ തുടങ്ങി വിവിധ ശാഖകളിലായി അനേകം പാട്ടുകൃതികൾ മാപ്പിളപ്പാട്ടു ശാഖയെ സമ്പന്നമാക്കുന്നു.

ഒ. എം. കരുവാരക്കുണ്ട് / Photo : Sirajlive.com

ഇശൽ രാമായണം എന്ന കൃതിയുടെ രചനയിലൂടെ മാപ്പിള പാട്ടുശാഖയുടെ ചരിത്രത്തിൽ നൂതനാധ്യായം എഴുതിച്ചേർക്കുകയാണ് ഒറ്റമാളിയേക്കൽ മുത്തുക്കോയ തങ്ങൾ എന്ന ഒ. എം. കരുവാരക്കുണ്ട്. മാപ്പിളപ്പാട്ട് രചനയുടെ മൂന്നരപതിറ്റാണ്ടുകൾ പിന്നിട്ട കരുവാരക്കുണ്ട്, ഇതിനകം ആയിരത്തിലേറെ മാപ്പിളപ്പാട്ടുകൾ രചിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ടിന്റെ തനതുപാരമ്പര്യരീതിയിൽ രചന നിർവഹിക്കുന്ന ഇദ്ദേഹം, മാപ്പിളപ്പാട്ടിന്റെ ‘ന്യൂജെൻ പ്രവണതക’ളുടെ ശക്തനായ വിമർശകൻ കൂടിയാണ്. ആദ്യ മാപ്പിളപ്പാട്ട് മ്യൂസിക് ആൽബമായ ‘മിദാദി'ന്റെ രചയിതാവായ ഒ. എം., വിവിധ മാപ്പിളപ്പാട്ട് റിയാലിറ്റിഷോകളിലെ സ്ഥിരം വിധികർത്താക്കളിലൊരാളാണ്. വൈദ്യർ സ്മാരകത്തിന്റെ പുലിക്കോട്ടിൽ ഹൈദർ പുരസ്‌ക്കാരം, എം.എ. മലയാളി അവാർഡ്, സമഗ്ര സംഭാവനയ്ക്കുള്ള ദുബൈ ഹരിതചന്ദ്രിക അവാർഡ് തുടങ്ങി നൂറോളം പുരസ്‌ക്കാരങ്ങൾ നേടിയ അദ്ദേഹം അമ്പതോളം മാപ്പിളപ്പാട്ടുകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വൈലോപ്പിള്ളി ശ്രീധരമേനോൻ

പാട്ടെഴുത്തിൽ ഒ.എമ്മിനെ പ്രോത്സാഹിപ്പിച്ചവരിൽ പ്രധാനി വൈലോപ്പിള്ളി ശ്രീധരമേനോനാണ്. അതേപ്പറ്റി ഒ.എം.പറയുന്നത് ഇങ്ങനെയാണ്:
‘‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് ഓണാഘോഷത്തോടനുബന്ധിച്ച് മാപ്പിളപ്പാട്ടെഴുത്ത് മത്സരം സംഘടിപ്പിച്ചിരുന്നു. ഞാനും ആ മത്സരത്തിൽ പങ്കെടുത്തു. ഓണമായിരുന്നു പാട്ടെഴുത്തിനുതന്ന വിഷയം. മാപ്പിളപ്പാട്ട് രചനാ നിയമങ്ങൾ പാലിച്ചുള്ളതായിരുന്നു എന്റെ പാട്ട്:
‘പൊയ്കയിൽ വിടർന്നുനിൽക്കും താമര പറഞ്ഞു
പൊന്നൊളി ചിതറിടും പൊന്നോണമിങ്ങണഞ്ഞു
പൊയ്മുഖം അണിഞ്ഞുനാടൊന്നായ് ചമഞ്ഞിടുന്നു
പൊട്ടിയ കരച്ചിലടക്കി ചിരി തുറന്നു
പാർട്ടിയായ് മതങ്ങളായ് ജാതിയായ് പിരിഞ്ഞുപോരടിക്കയാണ് മർത്യൻ അങ്ങയെന്തറിഞ്ഞു പട്ടിണിയിൽ പെട്ടുഴന്ന്
വിറ്റു ഞങ്ങൾ കാണം പൊന്നു തിരുമേനിക്കു
തീർത്തതാണീ ഓണം.’ ഞാനെഴുതിയ ഈ പാട്ടിനായിരുന്നു ഒന്നാം സ്ഥാനം. അക്കിത്തം, വൈലോപ്പിള്ളി, ഗുപ്തൻ നായർ എന്നിവരായിരുന്നു വിധികർത്താക്കൾ. തികച്ചും വ്യത്യസ്തമായി കണ്ട എന്റെ പാട്ട് വൈലോപ്പിള്ളിക്ക് ഏറെ ഇഷ്ടമായി. അദ്ദേഹം എന്നെ അടുത്തുവിളിച്ച് അഭിനന്ദിക്കുകയും പാട്ടെഴുത്തിൽ ഉറച്ചുനിൽക്കുവാൻ ഉപദേശിക്കുകയും ചെയ്തു. പാട്ടെഴുത്തിൽ ആത്മവിശ്വാസമുണ്ടാക്കുന്നതായിരുന്നു വൈലോപ്പിള്ളിയുടെ വാക്കുകൾ.

ഇതിനകം ആയിരത്തിലേറെ മാപ്പിളപ്പാട്ടുകൾ എഴുതിയിട്ടുണ്ട്. അവയിൽ പലതും ജനമനസ്സുകളിൽ ഇടം പിടിച്ചവയാണ്. യേശുദാസും ചിത്രയുമടക്കം പ്രഗത്ഭ ഗായകരെല്ലാം ഒ.എമ്മിന്റെ വരികൾക്ക് ശബ്​ദം പകർന്നിട്ടുണ്ട്.

യേശുദാസ്, കെ.എസ്. ചിത്ര

വാല്മീകി രാമായണത്തെ ആദികാണ്ഡം, അയോദ്ധ്യാകാണ്ഡം, കിഷ്‌ക്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ തരം തിരിച്ച് 141 മാപ്പിളപ്പാട്ടുകളായി രചിച്ചിട്ടുള്ളതാണ് ഇശൽ രാമായണം. ഇശൽ എന്ന പദത്തിനർത്ഥം രീതി, ഈണം എന്നൊക്കെയാണ്. മാപ്പിളപ്പാട്ടുശാഖയിലെ പ്രധാന ഇശലുകളെല്ലാം ഈ കാവ്യത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണമായി, സീതാസ്വയംവരത്തിലെ ഒരു മുഹൂർത്തം ‘ഒപ്പനച്ചായൽ' എന്ന ഇശലിലാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.
അതിലെ ഒരു ഭാഗം ഇങ്ങനെ: ‘കുണുക്കുണുങ്ങി രാജപുത്രി മണിയറ കിനാവുകണ്ടു കണവനാകാൻ യോഗ്യനീ വില്ലാളി വീരൻ എന്നറിഞ്ഞു കസവണിഞ്ഞ് ലങ്കിലങ്കി മങ്കയാൽ മോദം നുണഞ്ഞു നുണയവെ പിതാവ് ദശരഥരാജനെ ക്ഷണിച്ചുവല്ലോ നാടും വീടും ഒത്തു രാജൻ മിഥിലപുരിയിൽ എത്തിയല്ലോ സ്വർണമുണ്ട് വെള്ളിയുണ്ട് രത്‌നവും വൈരങ്ങളേറെ, സകല സമ്മാനങ്ങളുമായ് കുതിരവണ്ടികൾ വേറെ വേറെ...'

ഓരോ ഗാനത്തിനും അനുയോജ്യമായ ഇശലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. രാവണപുത്രൻ അതികായനും രാമസഹോദരനായ ലക്ഷ്മണനും തമ്മിലുള്ള
സംഘട്ടനരംഗം ആവിഷ്‌ക്കരിച്ചിട്ടുള്ളത് ഇങ്ങനെയാണ്: ‘കൂടി ഇരുമല്ലരും ശണ്ഠയും ഒത്തിരി നേരമെ തുടരുവതായെ കൂരമ്പുകൾ എയ്തു തടുത്തത പടയിടം എരിപൊരിയായ് പടച്ചട്ട കവചമായ് പെരും ബാണം വിഫലമായ് കഥയിതു തുടരുകയായ് അതികായൻ കുതികുതിച്ചീടുകയായ് .... '
ഈ പാട്ടിലനുപയോഗിച്ചത് ചാടിചമറക്കളം എന്ന ഇശലാണ് .

ഇശൽ രാമായണ രചനയ്ക്ക് അധ്യാത്മരാമായണം മുതൽ ഒട്ടേറെ കൃതികൾ റഫർ ചെയ്തിട്ടുണ്ടെങ്കിലും മാതൃഭൂമി ബുക്​സ്​ പ്രസിദ്ധീകരിച്ച ചേർക്കിൽ ഗോവിന്ദൻ കുട്ടി നായർ രചിച്ച കുട്ടികളുടെ രാമായണമാണ് മുഖ്യമായും അവലംബിച്ചിട്ടുള്ളത്.

ഇശൽ രാമായണ രചനയുടെ പിന്നിലെ ലക്ഷ്യത്തെപ്പറ്റി ഒ.എം. കരുവാരക്കുണ്ട് പറയുന്നത് ഇങ്ങനെ: ‘‘ഇശൽ രാമായണ'ത്തിന്റെ രചന ആരംഭിക്കുമ്പോൾ ഒട്ടേറെ ചിന്തകൾ എന്റെ മനസ്സിലുണ്ടായിരുന്നു. അനുദിനം കലുഷിതമായി ക്കൊണ്ടിരിക്കുന്ന മതേതര ഇന്ത്യയുടെ സാമൂഹിക മണ്ഡലത്തിൽ സഹവർത്തിത്വത്തിന്റെയും പരസ്പരം ഉൾക്കൊള്ളലിന്റേയും സമന്വയത്തിന്റേതു മായ ഒരു പുത്തൻ അധ്യായം തന്നാലാവുംവിധം കൂട്ടിച്ചേർക്കുക എന്നതാണ് അതിലൊന്ന്. രാമായണം ഇത്തരത്തിൽ വിവിധ സമുദായങ്ങൾക്കിടയിലേക്ക് പല വിതാനത്തിൽ പരന്നൊഴുകിയ ഇതിഹാസമാണ്. ഹൈന്ദവർക്കെന്ന പോലെ ബൗദ്ധ - ജൈന - ദലിത് - മുസ്​ലിം - ആദിവാസി രാമായണ പാഠരൂപങ്ങൾ ഇന്ത്യയിലുണ്ടായിട്ടുണ്ട് . ഇന്തോനേഷ്യയിലും മലേഷ്യയിലും ഫിലിപ്പൈൻസിലുമെല്ലാം രാമായണത്തിന്റെ മുസ്​ലിം പാഠരൂപങ്ങൾ പ്രചാരത്തിലുണ്ട്. കേരളത്തിലുൾപ്പെടെ ഇന്ത്യയിൽ പലേടത്തും രാമായണത്തിന് മുസ്​ലിം വേർഷനുകൾ കാണാം. ഇതെല്ലാം സൂചിപ്പിക്കുന്നത് രാമായണത്തിന്റെ അനന്തസാധ്യതകളാണ്. നാടോടിപ്പാട്ടുകളായും ചുമർച്ചിത്രങ്ങളായും പാവനാടകങ്ങളായും കഥകളായും നോവലുകളായും നാടകങ്ങളായും രാമായണത്തിന് നിരവധി ആഖ്യാനങ്ങളും പാഠരൂപങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ മാപ്പിളപ്പാട്ടു ശാഖയിലേക്ക് രാമായണത്തെ മുഴുവനായി കൊണ്ടുവരാനുള്ള ശ്രമങ്ങൾ കാര്യമായൊന്നും മുമ്പുണ്ടായിട്ടില്ല. മാപ്പിളപ്പാട്ട് ശാഖയിലും അറബി മലയാളത്തിലും ധാരാളം ഗദ്യപദ്യഗ്രന്ഥങ്ങൾ ഉണ്ടായിട്ടുണ്ട്. ഗവേഷകനായ കെ. കെ. അബ്ദുൽ കരീമിന്റെ അഭിപ്രായത്തിൽ ആറായിരത്തോളം പദ്യഗ്രന്ഥങ്ങളും 1200​- ലേറെ ഗദ്യഗ്രന്ഥങ്ങളും അറബി മലയാളത്തിലുണ്ടായിട്ടുണ്ട്. കൊണ്ടോട്ടിയിൽ സ്ഥിതിചെയ്യുന്ന മഹാകവി മോയിൻ കുട്ടിവൈദ്യർ സ്മാരകം ഇത്തരം നിരവധി ഗ്രന്ഥങ്ങൾ ശേഖരിച്ചുകഴിഞ്ഞു. വൈദ്യശാസ്ത്രം, ഗണിതശാസ്ത്രം, കൃഷി സംബന്ധമായ കൃതികൾ, ഗോളശാസ്ത്രം, ചരിത്രം, സഞ്ചാര സാഹിത്യം, മാലപ്പാട്ടുകൾ, പടപ്പാട്ടുകൾ, നോവലുകൾ, വിവർത്തനങ്ങൾ, പരിഭാഷകൾ തുടങ്ങി നിലവിലുണ്ടായിരുന്ന ഒട്ടുമിക്ക വൈജ്ഞാനിക സാഹിത്യശാഖകളിലുമുള്ള കൃതികൾ അറബി മലയാള സാഹിത്യത്തിൽ രചിക്കപ്പെട്ടിട്ടുണ്ട്. ശീലാവതി, (കണക്കു സംബന്ധിയായ സംസ്‌കൃത ഗ്രന്ഥം ) അഷ്ടാംഗഹൃദയം (വൈദ്യശാസ്ത്രം) തുടങ്ങി സംസ്‌കൃതത്തിൽ പ്രചാരത്തിലുള്ള നിരവധി ഗ്രന്ഥങ്ങൾക്ക് അറബി മലയാളത്തിൽ പരിഭാഷകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ രാമായണത്തിന് അറബി - മലയാളത്തിന്റെ ഗാനശാഖയായ മാപ്പിളപ്പാട്ടിൽ വേണ്ടവിധം ഇടംകിട്ടിയിട്ടില്ല. ഇതൊരു പോരായ്മ തന്നെയാണ്. അതിനാൽ മാപ്പിളപ്പാട്ടിന്റെ ഗണത്തിൽ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയ്‌ക്കൊടുവിലാണ് ‘ഇശൽ രാമായണം' എന്ന ആശയം മനസ്സിലുദിച്ചത്...’’

​​​​​​​മോയിൻകുട്ടി വൈദ്യർ, മലയാളപദങ്ങൾക്കുപുറമെ തമിഴ്, സംസ്‌കൃതം, അറബി, പേർഷ്യൻ തുടങ്ങി പല ഭാഷാപദങ്ങളും പാട്ടിലുപയോഗിച്ചിട്ടുണ്ട്. ഇതൊരു അനന്തസാധ്യതയാണ്, പരിമിതിയല്ല.

രാമായണം പോലുള്ള ഒരു ഇതിഹാസത്തെ മാപ്പിളപ്പാട്ട് രൂപത്തിൽ ആവിഷ്‌ക്കരിക്കുമ്പോൾ ധാരാളം പ്രശ്‌നങ്ങൾ നേരിടുവാനുള്ള സാധ്യതകൾ ഉണ്ടല്ലോ. പ്രത്യേകിച്ച്, ഭാഷയും മറ്റും ബന്ധപ്പെട്ട് രാമായണത്തെ ആവിഷ്‌ക്കരിക്കുവാൻ മാത്രം മാപ്പിളപ്പാട്ട് ശക്തമാണോ എന്ന സന്ദേഹത്തിന് ഒ.എം. നൽകുന്ന മറുപടി ഇങ്ങനെയാണ്: ‘‘പ്രണയം, ഭക്തി, പ്രകീർത്തനം, വിനോദം തുടങ്ങി ആകാശത്തിനു ചുവട്ടിലുള്ള ഏതു വിഷയവും മാപ്പിളപ്പാട്ടിനു വഴങ്ങും. എന്റെ ഗുരു ആലപ്പുഴ എം. എം. റസാഖ് മാപ്പിളപ്പാട്ട് ആറുവിധമുണ്ടെന്നാണ് പഠിപ്പിച്ചത്. പേരിമ്പം, ചിറ്റിമ്പം, ഒയ്യാരം, വിസ്താരം, ആശ്, മധുരക്കവി എന്നിവയാണവ . ഇതിൽ ഭക്തിഗാനങ്ങൾ പേരിമ്പം, ലൗകികകാര്യങ്ങൾ ചിറ്റിമ്പം, ആശ് പ്രകീർത്തനവും, ഒയ്യാരം ശോകവും മധു രക്കവി പ്രണയവുമാണ്. പടപ്പാട്ടുകളും ഖിസ്സപ്പാട്ടു (ചരിത്രഗാനങ്ങൾ ) കളുമടങ്ങുന്ന ഖണ്ഡകാവ്യങ്ങൾ വിസ്താരവും. അതിനാൽ മാപ്പിളപ്പാട്ടിൽ രാമായണമെന്നല്ല, എന്തും ആവിഷ്‌ക്കരിക്കുവാനാകും. അവസരോചിമായി മറ്റു ഭാഷാപദങ്ങൾ സ്വീകരിക്കുവാനുള്ള സ്വാതന്ത്ര്യവും മാപ്പിളപ്പാട്ടിലുണ്ട്.

ഡോ.അസീസ് തരുവണയുടെ എത്രയെത്ര രാമായണങ്ങൾ എന്ന പുസ്തകത്തിൽ നിന്ന്

മോയിൻകുട്ടി വൈദ്യർ, മലയാളപദങ്ങൾക്കുപുറമെ തമിഴ്, സംസ്‌കൃതം, അറബി, പേർഷ്യൻ തുടങ്ങി പല ഭാഷാപദങ്ങളും പാട്ടിലുപയോഗിച്ചിട്ടുണ്ട്. ഇതൊരു അനന്തസാധ്യതയാണ്, പരിമിതിയല്ല. ‘‘ഇശൽ രാമായണ'ത്തിൽ പരമാവധി പരിചിത മലയാള പദങ്ങൾ തന്നെയാണ് ഞാനുപയോഗിച്ചിട്ടുള്ളത്. മാപ്പിളപ്പാട്ടിന്റെ പ്രാസ, വൃത്ത നിയമങ്ങൾ പാലിക്കുവാനാവശ്യമായ ചില അറബി പദങ്ങളും മറ്റും ഞാനുപയോഗിച്ചിട്ടുണ്ട് എന്നുമാത്രം.’’

എന്നാൽ ഇതിവൃത്തഘടനയിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന് ഒ.എം പറയുന്നു; ‘രാമായണത്തിനൊരു വിശ്വാസി സമൂഹം ഇവിടെയുണ്ട്. അവരുടെ മനസ്സുകളിൽ ഒരു മുറിവും ഏൽപ്പിക്കരുതെന്ന് എനിക്ക് നിർബന്ധമുണ്ട്. എന്റെ ലക്ഷ്യം സൗഹാർദ്ദവും പരസ്പര സ്‌നേഹവും സൃഷ്ടിക്കലാണ്. അതിനാൽ ഏറെ അവധാനത പാലിച്ചുകൊണ്ടാണ് ഓരോ വരിയും ആവിഷ്‌ക്കരിച്ചിട്ടുള്ളത്... '

ഇശൽ രാമായണം വായിച്ച ശേഷം മഹാകവി അക്കിത്തം എഴുതിയ വരികൾ, ഇശൽ രാമായണത്തിന്റെ തുടക്കത്തിൽ കൊടുത്തിട്ടുണ്ട്. അതിങ്ങനെ: ‘‘രാമായണകഥ മുഴുവൻ മാപ്പിളപ്പാട്ടാക്കി അവതരിപ്പിക്കുക എന്നത് നിസ്സാരകാര്യമല്ല . രാമായണം ലോകം മുഴുവൻ വിവിധ കലാരൂപങ്ങളിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട് . എന്നാൽ മാപ്പിളപ്പാട്ടിന്റെ രൂപത്തിലുള്ള രാമായണം ഒരു നവ്യാനുഭവം തന്നെ. കർക്കടകമാസം രാമായണമാസമായി കൊണ്ടാടുന്നവരാണ് മലയാളികൾ. മാപ്പിളപ്പാട്ടിന്റെ രൂപത്തിലും കേരളം രാമായണം ആസ്വദിക്കട്ടെ.’’

(ഇശൽ രാമായണം, ഒ. എം. കരുവാരക്കുണ്ട്, ഒലീവ് ബുക്‌സ്, വില: 480)


ഡോ. അസീസ്​ തരുവണ

എഴുത്തുകാരൻ. കോഴിക്കോട്​ ഫാറൂഖ്​ കോളേജിൽ മലയാള വിഭാഗം മേധാവി. വയനാടൻ രാമായണം, എത്രയെത്ര രാമായണങ്ങൾ, ഗോത്രപഠനങ്ങൾ, വയനാട്ടിലെ ആദിവാസികൾ: ചരിത്രവും വർത്തമാനവും തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments