കുറിഞ്ഞി; ഉള്ളുപൊള്ളുന്ന മേലേരിക്കനലുകൾ

നാലുനാൾ കുറിഞ്ഞിയിൽ കളിയാട്ടമാണ്. (2023 ഫെബ്രു. 10 - 13 വരെ) കളിയാട്ടത്തിന്റെ വരവറിയിച്ചു കൊണ്ട് അപ്രതീക്ഷിതമായി ആദ്യത്തെ കതിനപൊട്ടുമ്പോൾ അതിന്റെ പ്രതിധ്വനി ഉണ്ടാകുന്നത് ദേശത്തിന്റെ ആത്മാവിൽ നിന്നുതന്നെയാണ്. കേട്ടുകേട്ട് ഹൃദിസ്ഥമായ ചെണ്ടയുടെ മുറുകുന്ന താളത്തോടും ഉറഞ്ഞുതുള്ളുന്ന ഓട്ടുകുടകളുടെ കിലുക്കത്തോടും ദേശവാസികളുടെ അകക്കോവിലിൽ അപ്പോൾ മുതൽ തെയ്യങ്ങൾ പുറപ്പെടുകയാണ്.

ലയാളത്തിലെ ഏറ്റവും മനോഹരമായ നാമപദങ്ങളിൽ ഒന്നാണ് കുറിഞ്ഞി. പൂവില്ലാതെ തന്നെ പൂജിക്കാവുന്ന ഒന്ന്. ഓർമ്മയുടെ അങ്ങേത്തലപ്പിൽ തെളിച്ചത്തോടെ വിരിഞ്ഞുനിൽക്കുന്ന കുറിഞ്ഞി എന്ന അനുഭവം ചരിത്രത്തിന്റെ ഭാരത്തോടെ സാമൂഹ്യപാഠ ക്ലാസുകളിൽ മറ്റൊന്നായി മാറി. സംഘകാലത്തെ ഐന്തിണകളിൽ ഒന്ന്. കുറിഞ്ഞി, മുല്ല, മരുതം, പാല, നെയ്തൽ. ഓരോന്നും നുണഞ്ഞിറക്കാവുന്ന മിഠായികൾ പോലെ മനോഹരമായ പേരുകൾ. ഇതെല്ലാം സ്ഥലനാമങ്ങൾ ആണെന്നോർക്കുമ്പോൾ അതിലും രസം. നല്ല സ്ഥലനാമങ്ങൾ യാത്രയ്ക്കിടയിൽ ശ്രദ്ധയിൽപ്പെട്ടാൽ കവി കുഞ്ഞിരാമൻ നായർ അവിടെ ഇറങ്ങുമായിരുന്നു എന്നു വായിച്ചിട്ടുണ്ട്. അതുപോലെ, ആരും ഇറങ്ങി വരാവുന്ന സ്ഥലനാമങ്ങൾ... സംഘകാലത്തെ ഈ സ്ഥലങ്ങളിൽ ചിലത് പയ്യന്നൂരടങ്ങുന്ന പ്രദേശമാണ് എന്ന് ചില ഗവേഷകർ അഭിപ്രായപ്പെട്ടിരുന്നു. അപ്പോഴും കുറിഞ്ഞിയാണ് ഉദാഹരണം.

കുറിഞ്ഞി കാവ് ആയിരുന്നു പഴയ തലമുറയ്ക്ക്. അവരുടെ നാവിൽ ഇപ്പോഴും അങ്ങനെയേ വരൂ. വലിയ നടപ്പന്തലിനു പുറത്തെ ക്ഷേത്രമെന്ന ബോർഡ് പിൽക്കാലത്ത് ഉണ്ടായതാണ്. ക്ഷേത്രം എന്ന് സംസ്‌കൃതത്തിൽ പറയുമ്പോൾ നമ്മൾ പാവം ദ്രാവിഡന്മാരുടെ കാവുകൾക്കും ഒരു ഗാംഭീര്യം വരുന്നെന്നു കരുതിയാകാം പെട്ടെന്ന് ഉണ്ടായ ഈ പേരുമാറ്റം. ക്ഷേത്രങ്ങളിലെ ചടങ്ങുകളും ആചാരങ്ങളും പൂജാരീതികളുമല്ല കാവുകളുടേത്. നമ്മുടേത് അത്ര മെച്ചമല്ല എന്ന് തോന്നിപ്പിച്ചാൽ എന്തും മാറ്റുന്ന കാലമാണ്, പേരല്ലേ മാറിയുള്ളൂ മറ്റൊന്നും മാറില്ലല്ലോ എന്ന തോന്നലിനെ ഭയപ്പെടുത്തുന്നത്. പേര് കൊണ്ട് സംഘകാല ചരിത്രത്തോളം പഴക്കം, സംഘകാവ്യങ്ങളിലെ അതിന്റെ നറുമണം പൊഴിയുന്ന പേര്.... മാറ്റം ഇവയെ സ്പർശിക്കാൻ മടിക്കും.

കാവ്. / ഫോട്ടോ: വിഷ്ണു കുട്ടമത്ത്

കുറിഞ്ഞി പണ്ഡിതന്മാർക്ക് അറിവാണ്. കാവിനെക്കുറിച്ചുള്ള ഐതിഹ്യങ്ങളും അവിടുത്തെ തെയ്യക്കോലങ്ങളുടെ കഥകളും അവർ നിമിഷനേരം കൊണ്ട് പാട്ടുപോലെ മൊഴിയും. പക്ഷേ തായിനേരി ദേശവാസികളെ സംബന്ധിച്ചിടത്തോളം ആ കഥകൾ അവരുടെ കുറിഞ്ഞിയുമായുള്ള ബന്ധത്തിന്റെ അടുപ്പവും അകൽച്ചയും നിർണ്ണയിക്കുന്ന ഒന്നല്ല. അത് അറിവിനപ്പുറം ഉള്ള അനുഭവമാണ്. കുറിഞ്ഞി സത്യത്തിൽ ഒരു വലിയ അനുഭവമാണ്. ഈ ദേശവാസികളുടെ ഏറ്റവും മൂർത്തമായ അനുഭവം.

എല്ലാ വീട്ടിലും ബന്ധുക്കളും വിരുന്നുകാരും എത്തുന്ന കാലം. ദൂരെപ്പോയവർ എങ്ങാനും പറ്റുമെങ്കിൽ ഓടി നാടണയുന്ന കാലം. അവരുടെ എല്ലാ വേർതിരിവുകളെയും അലിയിച്ചുകളയുന്ന സവിശേഷമായ സന്ദർഭം. കുറിഞ്ഞിയിലെ കളിയാട്ടം കാത്തിരിക്കുന്നത് ദേശത്തെ ഹിന്ദു കുടുംബങ്ങൾ മാത്രമല്ല. മുസ്‌ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും അനുഭവങ്ങളിലും കുറിഞ്ഞി ജ്വലിച്ചു നിൽക്കുന്നുണ്ട്. മതപരിഗണനകൾ കുടഞ്ഞെറിഞ്ഞ് ആളുകളെ ഒരുമിപ്പിക്കുന്ന സവിശേഷമായ ഒരു സാംസ്‌കാരികഭൂമിക കുറിഞ്ഞിക്കുണ്ട്. അതിനു മുഖ്യസംഭാവന നൽകുന്നത് ഉത്സവാഘോഷത്തോടനുബന്ധിച്ച് കുറിഞ്ഞിയിൽ നടക്കുന്ന കലാസാംസ്‌കാരിക പരിപാടികളുടെ പൊലിമയാണ്.

പൂമാരൻ ദൈവം. / ഫോട്ടോ: വിഷ്ണു കുട്ടമത്ത്

കുറിഞ്ഞിയിലെ തെയ്യങ്ങളോരോന്നും അതീവ ദൃശ്യപ്പൊലിമയുള്ളതാണ്. പൂമാരൻ ദൈവവും മടയിൽ ചാമുണ്ഡിയും വിഷ്ണുമൂർത്തിയും പുതിയ ഭഗവതിയും രക്തചാമുണ്ഡിയും കണ്ടാൽ മതിവരാത്ത തെയ്യങ്ങളാണ്. എങ്കിലും കുറിഞ്ഞിയിലെ വെള്ളാട്ടത്തിന്റെ പുറപ്പാട് പോലെ സ്വപ്‌നസന്നിഭമായ, മനോഹാരിതയുള്ള മറ്റൊരു തെയ്യം പുറപ്പാടില്ല. വലിയ മുടിയുടെയും നിറച്ചാർത്തുകളുടെയും ആഭരണങ്ങളുടെയും ഭംഗിയാൽ നമ്മുടെ മനസ്സിൽ നിവരുന്ന തെയ്യങ്ങൾ ഏറെയുണ്ട്. എന്നാൽ അലങ്കാരങ്ങളുടെ ഭാരം ഒട്ടുമില്ലാതെ വെള്ളാട്ടം പുറപ്പെടുമ്പോൾ അതിനു മേൽനിൽക്കുന്ന തെയ്യക്കോലത്തിന്റെ ഭാവങ്ങളാണ് ഈ പുറപ്പാടിനെ അവിസ്മരണീയമാക്കുന്നത്. പൂമാരൻ ദൈവത്തിന്റെ മുടി ചുവപ്പിൽ പടുത്തുയർത്തിയ ഒരു ചരിഞ്ഞ ഗോപുരമാണ്. തെയ്യമില്ലാത്തപ്പോൾ മതിലിനുള്ളിൽ ആരെങ്കിലും ആ മുടിയെടുത്തു എവിടെയെങ്കിലും മാറ്റിവെക്കുമ്പോൾ പോലും തെയ്യം ഉണ്ടെന്നു തോന്നുമാറ് തിരുമുടി തന്നെ തെയ്യമാകുന്ന അവസ്ഥ.

വെള്ളാട്ടം പുറപ്പാട്. / ഫോട്ടോ: വിഷ്ണു കുട്ടമത്ത്

കുറിഞ്ഞിയിലെ ഉത്സവാഘോഷത്തോടനുബന്ധിച്ചുള്ള കലാ പരിപാടികളെക്കുറിച്ചുള്ള ആദ്യ ഓർമ്മ "ആലംമൂടന്റെ മൂട്ട' യാണ്. സ്‌കൂളിൽ മാഷുമാരാരോ ആ നോട്ടീസ് "ആലംമൂടന്റെ മൂ..........ട്ട' എന്ന് നീട്ടി വായിച്ചത് ഓർമ്മയുണ്ട്. അൽപ്പം കുറുക്കി വായിച്ചു ഞങ്ങൾ നാലാം ക്ലാസുകാർ വായപൊത്തി ചിരിച്ചതും. മൂട്ട അക്കാലത്ത് ഏറ്റവും പോപ്പുലറായ കഥാപ്രസംഗമാണ്. ആലംമൂടൻ തിരക്കുള്ള സിനിമാ നടനും. ഓർമ്മയിലുള്ള വിപുലമായ മറ്റൊരു പരിപാടി ഉണ്ണിമേരിയുടെ നൃത്തനൃത്യങ്ങളാണ്. അത്രയും വലിയ ഒരാൾകൂട്ടം അതിനു മുൻപ് പയ്യന്നൂരിൽ തന്നെ മറ്റൊരു പരിപാടിക്കും ഇല്ലായിരുന്നു. മലയാളത്തിലെ പ്രശസ്തഗായകരിൽ മിക്കവരും കുറിഞ്ഞിയിൽ വന്നു പാട്ടുപാടിയിട്ടുണ്ട്. വിശാലമായ വയലിൽ കണ്ണെത്താത്ത ദൂരത്തിൽ തിങ്ങിക്കൂടിയിരിക്കുന്ന ജനാവലിയെക്കണ്ട് മിക്കവരും അമ്പരന്നിട്ടുണ്ട്. പയ്യന്നൂരിലെയും സമീപപ്രദേശങ്ങളിലെയും നാനാജാതി മതസ്ഥരും ആ ദിവസങ്ങളിൽ കുറിഞ്ഞിയിലേക്ക് ഒഴുകി എത്തും; പ്രത്യേകിച്ചും ചെറുപ്പക്കാർ. ഇതിനുള്ള മറ്റൊരു കാരണം വെടിക്കോട്ടയാണ്. കരിമരുന്നു പ്രയോഗം എന്ന നോട്ടീസിലടിക്കുന്ന, വിളിച്ചു പറയുന്ന വാക്ക് അന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. കുറിഞ്ഞിയിലെ വെടിക്കോട്ടയുടെ ഖ്യാതി ഇങ്ങ് രാമന്തളി കടപ്പുറം മുതൽ അങ്ങ് കുടിയാന്മല വരെ അലയടിച്ചിരുന്നു. ജീപ്പുകളും ലോറികളും മറ്റു വാഹനങ്ങളും എല്ലാ റോഡുകളും റോഡിനടുത്തുള്ള വീടുകളും കൈയ്യടക്കും. വെടിക്കോട്ട പരമാവധി അടുത്തു നിന്ന് കാണുവാനും അവസാനം ചെവി പൊത്തിപ്പിടിച്ച് ഓടിമാറാനും ഉള്ള അസുലഭമായ അവസരത്തിന് വേണ്ടി ആ രാത്രി മുഴുവൻ ഒരുപാട് കാലം ഉത്സവപ്പറമ്പിൽ അലഞ്ഞിരുന്നു.

രക്ത ചാമുണ്ഡി / ഫോട്ടോ: വിഷ്ണു കുട്ടമത്ത്

കുറിഞ്ഞിയിലെയും കൊട്ടണച്ചേരിയിലെയും വെടിക്കോട്ടകളാണ് എപ്പോഴും താരതമ്യം ചെയ്യപ്പെട്ടത്. മാലപ്പടക്കം പൊട്ടാൻ തുടങ്ങുമ്പോൾ "ഞാൻ എത്ര കൊല്ലമായി ഇതൊക്കെ കാണുന്നു' എന്ന ഭാവത്തിൽ പടക്കം പൊട്ടുന്നതിനു സമീപത്തുതന്നെ നിൽക്കുകയും അതിന്റെ അവസാന ഭാഗത്ത്, ഉലകം മുഴുവൻ വിറയ്ക്കുന്ന മാതിരി എല്ലാം ചേർന്ന് പൊട്ടിത്തെറിക്കുമ്പോൾ റോഡും പറമ്പും മതിലും ചാടിക്കടന്ന്, അതിനിടയിൽ ഉരുണ്ടു പിരണ്ടു വീണ് ജീവനും കൊണ്ട് ഓടിയ കൂട്ടർ പോലും "ങേ.. ഇക്കൊല്ലത്തെ വെടിക്കെട്ട് തീരെ പോരാ.. 'എന്ന് നടുവ് തടവിക്കൊണ്ടുതന്നെ പറയുന്നത് കേട്ടിട്ടുണ്ട്. ആർക്കായിരിക്കും ഇക്കൊല്ലത്തെ വെടി? കളിയാട്ടത്തിനു മുൻപ് തന്നെ ആളുകൾ ആകാംക്ഷയോടെ അറിയാൻ ചെവികൂർപ്പിക്കുന്നത് ഇതിനു വേണ്ടിയാണ്.

എടാട്ട് ബാലൻ, നീലേശ്വരം മുഹമ്മദ് കുഞ്ഞി തുടങ്ങിവരാണ് ഈ കോട്ടയിലെ പഴയ രാജാക്കന്മാർ. ഇനി ഒരു വർഷം കഴിയണമല്ലോ വീണ്ടും ഇത് അനുഭവിക്കാൻ എന്ന് ഉള്ളുനിറഞ്ഞ് വിഷമിച്ചിട്ടുള്ളത് കുറിഞ്ഞിയിലെ വെടിക്കോട്ട കഴിയുമ്പോഴാണ്. എല്ലാം പൊട്ടിത്തീർന്നതിനു ശേഷമുള്ള നിശബ്ദതയിലാണ് എല്ലായ്‌പോഴും ആ ചിന്ത ഉടലെടുക്കുക. മലബാറിന്റെ തൃശൂർ പൂരമാണ് കുറിഞ്ഞിയിലെ കളിയാട്ടം എന്ന് അതിഥിയായെത്തിയ സുഹൃത്തുക്കളാരോ പറഞ്ഞിട്ടുണ്ട്. ആൾകൂട്ടത്തിന്റെ കാര്യത്തിലും വെടിക്കെട്ടിന്റെ കാര്യത്തിലും ഇക്കാര്യം ശരിയാണ്. (വെടിക്കെട്ടിനെക്കാൾ നല്ല വാക്ക് വെടിക്കോട്ട തന്നെയാണെന്ന് തോന്നുന്നു. അതിന്റെ ഗാംഭീര്യം അതിൽ തുടിക്കുന്നുണ്ട്. കോട്ടപോലെ അമിട്ടുകൾ പാകിയ, ആകാശത്തു വിസ്മയത്തിന്റെ ഉന്നതമായ കോട്ടകൾ തീർക്കുന്ന എന്നിങ്ങനെ അർഥങ്ങൾ അനേകം ഉത്പാദിപ്പിക്കാൻ പര്യാപ്തമാണ് ആ പദം). ഇന്ന് വെടിക്കോട്ടയുടെ രൂപവും ഭാവവും മാറി. ശബ്ദത്തിനല്ല ഇപ്പോൾ കൂടുതൽ പ്രാധാന്യം. അമിട്ടുകളുടെ ഭംഗിയും വർണ്ണ വിന്യാസവും വൈവിധ്യവുമാണ്. ചൈനീസ് വെടിക്കെട്ട് എന്ന പ്രത്യേക ഇനം തന്നെ കളിയാട്ടത്തിൽ സ്ഥാനം പിടിച്ചു. ആളുകൾ വെടിക്കോട്ട നടക്കുന്ന മൈതാനത്തിൽ കടലകൊറിച്ചിരുന്നു കൊണ്ട് തലയ്ക്കു മുകളിൽ പൊട്ടുന്ന അമിട്ടുകളുടെ ഭംഗി ആസ്വദിക്കാൻ തുടങ്ങി.

കുറിഞ്ഞിയിലെ തെയ്യം കാണിക്കാനായി പ്രശസ്തരായ പലരെയും കൊണ്ടുവന്നിരുന്നു. അക്കൂട്ടത്തിൽ കെ.എൻ. ഷാജി (നിയോഗം, സംക്രമണം മാസികകളുടെ പത്രാധിപരും ജോൺ എബ്രഹാം തുടങ്ങിയ പുസ്തകങ്ങളുടെ കർത്താവുമായ ഷാജിയേട്ടൻ) തെയ്യം കണ്ടു കരഞ്ഞു പോയതാണ് മറക്കാനാകാത്ത ഒരു കുറിഞ്ഞിയോർമ്മ. ഒറ്റക്കോലം കാണാനായി പൊള്ളിക്കുന്ന ചൂടിനെ കൂസാതെ രാത്രി മുഴുവൻ നിന്ന് മേലേരിയുടെ പരമാവധി അടുത്തുതന്നെ സീറ്റ് പിടിച്ചു. മേലേരി ആളിക്കൊണ്ട് വളരുന്തോറും ഷാജിയുടെ വേവലാതി വർദ്ധിച്ചു. ഇതിലാണോ തെയ്യം ചാടുക എന്ന് ചോദിച്ചു കൊണ്ടിരുന്നു. രാത്രി മുഴുവൻ വാല്യക്കാർ പച്ച മട്ടലുമായി പകുതികത്തി കനലുകളാകാത്ത വിറകുമുട്ടികളുടെ അവശിഷ്ടങ്ങൾ, സമീപിക്കാൻ പോലുമാകാത്ത അഗ്‌നിയുടെ താണ്ഡവനൃത്തത്തിനിടയിൽ നിന്നു മേലേരിയിൽ നിന്ന് വലിച്ചു മാറ്റിക്കൊണ്ടിരുന്നു. പുലരാറാവുമ്പോഴേക്കും രണ്ടാളുടെ ഉയരത്തിൽ ഒരേ വലിപ്പത്തിലുള്ള ചെങ്കനലുകളാൽ ഒരു പിരമിഡ് പോലെ മേലേരി ഉയർന്നു വന്നിരുന്നു. ചൂടുകൊണ്ട് തൊട്ടടുത്തുള്ള കെട്ടിടത്തിന് ആപത്തു വരാതിരിക്കാനായി വിരിച്ച പച്ചവാഴപ്പോളകൾ അപ്പോഴേക്കും കരിഞ്ഞുണങ്ങിയിരുന്നു. ചുറ്റും ചതറിയ കനലുകൾ അടിച്ചു മേലേരിക്കൊപ്പം കൂട്ടിയും അമർത്തിയാൽ താഴേക്കു ഊർന്നുപോകാത്ത വണ്ണം കനലുമല അടിച്ചുറപ്പിച്ചും കൊള്ളിക്കമ്മറ്റിക്കാർ അവരുടെ ത്യാഗത്തിന്റെ അവസാനത്തെ വേർപ്പുതുള്ളികളും ഒഴുക്കിക്കൊണ്ടിരുന്നു.

ഒറ്റക്കോലം. / ഫോട്ടോ: വിഷ്ണു കുട്ടമത്ത്

കുഞ്ഞിരാമൻ പണിക്കരായിരുന്നു അക്കൊല്ലം ഒറ്റക്കോലം കെട്ടിയത്. പുരുഷാരത്തിന്റെ തിക്കും തള്ളലും അപ്പോൾ മേലേരിയേക്കാൾ ഉയർന്നിരുന്നു. ഉറക്കമിളപ്പും സഹിക്കാവുന്നതിനപ്പുറത്തുള്ള ചൂടും കൊണ്ട് അപ്പോഴേക്കും തളർന്നിരുന്നുവെങ്കിലും തെയ്യം പുറപ്പെടാനായപ്പോൾ ഞങ്ങളും ഉഷാറായിരുന്നു. തെയ്യം ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി മേലേരിക്ക് ചുറ്റും വലം വെച്ചു. ചെണ്ടയുടെ താളം ഇപ്പോൾ രൗദ്രത്തിന്റെ പരകോടിയിലാണ്. മേലേരിക്ക് ചുറ്റും ഓടി നടന്ന തെയ്യം അടുത്ത നിമിഷം ആ വന്മലയുടെ മുകളിലേക്ക് കമിഴ്ന്നുവീണു. സഹായികൾ അരയിലെ, ഓലകൊണ്ടുതന്നെ മെടഞ്ഞുണ്ടാക്കിയ കയറുപോലുള്ള വള്ളിയിൽ പിടിച്ച് തെയ്യത്തെ മേലേരിയിൽ നിന്ന് വലിച്ചെടുത്തു. മുഖം കനലിൽ താഴാതെ തെയ്യം മേലേരിക്കുന്നിൽ നിന്നും താഴേക്കു നിരക്കി വലിക്കപ്പെട്ടു. എഴുന്നേറ്റ ഉടനെ വീണ്ടും ആവേശത്തോടെ മറ്റൊരു ഭാഗത്തൂടെ മേലേരിയിലേക്ക് എടുത്തു ചാടി. സഹായികൾ വള്ളിയിലുള്ള പിടിവിടാതെ പിറകെ ഓടി. തെയ്യം മേലേരിക്കുന്നിനെ ആഞ്ഞു പരിരംഭണം ചെയ്യുന്നതു പോലെ കമിഴ്ന്നുവീഴുകയും സഹായികൾ ചുട്ടുപൊള്ളുന്ന കനൽ കൂമ്പാരത്തിൽ നിന്ന് ആയാസപ്പെട്ട് തെയ്യത്തെ വലിച്ചെടുക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇതിനിടയിൽ ഒരു വൃദ്ധൻ കയ്യിലെ പാത്രത്തിലെ മഞ്ഞൾ വെള്ളത്തിൽ തോർത്തുമുക്കി പരിഭ്രമത്തോടെ തെയ്യത്തിനു പിറകെ ഓടുന്നത് ഷാജിയുടെ കണ്ണിൽപ്പെട്ടിരുന്നു. ആരാണത് എന്ന് പെട്ടെന്നുതന്നെ എന്നോട് തിരക്കുകയും ചെയ്തു. അമ്പുപ്പണിക്കരായിരുന്നു അത്. കുഞ്ഞിരാമൻ പണിക്കരുടെ അച്ഛൻ. ഒരു കാലത്ത് അവിസ്മരണീയമായ തെയ്യക്കോലങ്ങളിലൂടെ ദേശത്തിന്റെ പട്ടും വളയും വാങ്ങിയ കോലാധികാരി. അഭ്യാസപാടവവും ഭാവഗരിമയും ഒത്തിണങ്ങിയ തെയ്യക്കാരൻ. ഒറ്റക്കോലം കെട്ടിയാൽ നൂറ്റൊന്നു തവണ തീയിൽ ചാടാതെ ആര് പിടിച്ചാലും നിക്കാത്ത ആരോഗ്യവാൻ. തീയിൽ വീണും ഭാരമുള്ള മുടിചൂടിയും ഇപ്പോൾ തീർത്തും വയ്യാതായ വൃദ്ധൻ.

ഷാജിക്ക് അത് അവിശ്വസനീയമായിരുന്നു. മകൻ തെയ്യക്കോലമായി തീയിൽ ചുട്ടുനീറവേ, ഒരു നിമിഷമെങ്കിലും ആ വേവലിൽ നിന്ന് ഇള നൽകാൻ മഞ്ഞൾ വെള്ളം മുക്കിത്തുവർത്താൻ ഓടിനടക്കുന്ന വൃദ്ധനായ പിതാവ്. പക്ഷെ പലപ്പോഴും ചിതറിത്തെറിക്കുന്ന കനൽ കൂമ്പാരത്തിനിടയിൽ നിന്നും വലിച്ചെടുക്കുന്ന നിമിഷം തന്നെ തെയ്യം അടുത്ത ചാട്ടത്തിലേക്ക് കൂപ്പുകുത്തുന്നു. അച്ഛന് മഞ്ഞൾ വെള്ളത്തിന്റെ ആശ്വാസം പുരട്ടാൻ കഴിയുന്നതിനു മുൻപ് അടുത്ത കനൽ ചൂടിലേക്ക് മകൻ വീണു കൊണ്ടിരുന്നു. ചുറ്റും തെറിക്കുന്ന കനലുകളിൽ ചവിട്ടിക്കൊണ്ട് തന്നെ ചിലപ്പോഴെങ്കിലും അച്ഛൻ മകന്റെ സമീപത്ത് എത്തുകയും ഒരു നിമിഷം കൊണ്ട് തോർത്ത് മകന്റെ നെഞ്ചിലേക്ക് ചേർത്തു വെക്കുകയും ചെയ്തു. ചുവന്നു തിളങ്ങുന്ന കനലുകൾ, പച്ച കുരുത്തോലയിൽ മൂടിയ ഒറ്റക്കോലം, മഞ്ഞത്തുണിയുമായി കറുത്തു മെലിഞ്ഞ ഒരു വൃദ്ധൻ, ഓരോ ചാട്ടത്തിലും തിരമാലകൾ പോലെ ഇളകിയാടുന്ന പുരുഷാരം ... ഷാജി കാണുന്ന കാഴ്ചകൾ മറ്റാരും കാണുന്നുണ്ടായിരുന്നില്ല. ഞാൻ നോക്കുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പാറായി നിൽക്കുകയാണ്. കാണക്കാണെ ഒറ്റക്കോലത്തിന്റെ പച്ച അണിയലുകൾ കരിഞ്ഞു തീർന്നു. വലിച്ചുയർത്താൻ കൂടെ ഓടുന്നവരും ചെണ്ടക്കാരും കൊള്ളിക്കമ്മറ്റിക്കാരും തളർന്നവശരായി. അപ്പോഴേക്കും തമ്പാച്ചിയുടെ തീർപ്പു വന്നു; മതിയാക്കാം. ആളുകൾ പിരിഞ്ഞു തുടങ്ങി. ഷാജി പിന്നെയും കരിഞ്ഞുണങ്ങിയ തെയ്യത്തെ നോക്കി നിന്നു. വീട്ടിലേക്കുള്ള വഴിയിലും ഒന്നും മിണ്ടാതെ ഉള്ളിൽ വീണ ഏതോ തീക്കനലാൽ പൊള്ളി വെന്തുകൊണ്ടിരുന്നു.

പുതിയഭഗവതി./ ഫോട്ടോ: വിഷ്ണു കുട്ടമത്ത്

കുറിഞ്ഞി നൽകുന്ന ഓർമ്മകൾ എഴുതിത്തീർക്കാവുന്നതല്ല. അത് ആത്മീയ വ്യവസായത്തിന്റെ ഭാഗമായി ചേർന്നു നിൽക്കുന്നവയുമല്ല. കുറിഞ്ഞി ഈ പ്രദേശത്തെ ഓരോ മനുഷ്യരുടെയും ഏറ്റവും വലിയ അനുഭവമാണ്. ആണ്ടും തീയതിയും കല്യാണവും പ്രസവവും ഓർത്തുവയ്ക്കപ്പെടുന്നത് കളിയാട്ടവുമായി ചേർത്താണ്. വീട് മോടിപിടിപ്പിക്കുന്നതും വീട്ടിലേക്കു പുതിയ സാധനങ്ങൾ വാങ്ങുന്നതും ഈ കളിയാട്ടക്കാലത്ത് തന്നെ. അക്കാലം ഞങ്ങൾ പുതിയ കുപ്പായങ്ങൾ വാങ്ങിച്ചിരുന്നത് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കല്യാണം പ്രമാണിച്ചല്ല; കുറിഞ്ഞിയിലെ കളിയാട്ടക്കാലത്താണ്. വീട്ടിൽ കോഴിക്കറി വെക്കുന്ന അപൂർവം അവസരങ്ങളിൽ ഒന്ന് അപ്പോഴാണ്. ഇന്ന് ഇതൊന്നും കുറിഞ്ഞിയിലെ കളിയാട്ടവുമായി ബന്ധപ്പെടുത്തിയല്ല ഞങ്ങൾ അനുഭവിക്കുന്നത്. എല്ലാം ഓർത്തുവെക്കാൻ മൊബൈൽ ഫോണിലെയും ഐ പാഡിലെയും റിമൈന്ററുകളും കലണ്ടറുകളും ഉണ്ട്. വീട്ടിലേക്കു പുതിയ സാധനങ്ങൾ ഓരോ സന്ദർഭത്തിലും കടന്നു വന്നു കൊണ്ടേയിരിക്കുന്നുണ്ട്. വസ്ത്രങ്ങൾ വാങ്ങാനും കോഴിക്കറിയുണ്ടാക്കാനും കാരണങ്ങൾ ഇന്ന് ആവശ്യമേയില്ല. ഞങ്ങളുടെ ദേശവും മാറിയിരിക്കുന്നു. എങ്കിലും കുറിഞ്ഞി ഞങ്ങൾക്ക് വെറുമൊരു പൂവിന്റെ പേരല്ല ഇന്നും.

നാലുനാൾ കുറിഞ്ഞിയിൽ കളിയാട്ടമാണ്. (2023 ഫെബ്രു. 10 - 13 വരെ) കളിയാട്ടത്തിന്റെ വരവറിയിച്ചു കൊണ്ട് അപ്രതീക്ഷിതമായി ആദ്യത്തെ കതിനപൊട്ടുമ്പോൾ അതിന്റെ പ്രതിധ്വനി ഉണ്ടാകുന്നത് ദേശത്തിന്റെ ആത്മാവിൽ നിന്നുതന്നെയാണ്. കേട്ടുകേട്ട് ഹൃദിസ്ഥമായ ചെണ്ടയുടെ മുറുകുന്ന താളത്തോടും ഉറഞ്ഞുതുള്ളുന്ന ഓട്ടുകുടകളുടെ കിലുക്കത്തോടും ദേശവാസികളുടെ അകക്കോവിലിൽ അപ്പോൾ മുതൽ തെയ്യങ്ങൾ പുറപ്പെടുകയാണ്.

Comments