ട്രൂകോപ്പി തിങ്കിൽ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എഴുതിയ ഇനി തമിഴാണ് മലയാളികൾ പഠിക്കേണ്ടത് എന്ന ലേഖനം മലയാളികളോട് വായിക്കാനാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. തൃശ്ശൂരിൽ വെച്ച് നടക്കുന്ന മനോരമ ന്യൂസ് കോൺക്ലേവ് 2022 ൽ സംസാരിക്കവേ ആണ് സ്റ്റാലിൻ ട്രൂ കോപ്പിതിങ്ക് 2022 ഏപ്രിൽ പതിമൂന്നിന് പ്രസിദ്ധീകരിച്ച ലേഖനത്തെക്കുറിച്ച് പരാമർശിച്ചത്. ഇന്ത്യൻ ഫെഡറലിസത്തിന്റെ സവിശേഷതകളെക്കുറിച്ചും വ്യത്യസ്ത സംസ്ഥാനങ്ങൾ തമ്മിലുള്ള ഐക്യത്തെക്കുറിച്ചും സംസാരിക്കുന്നതിനിടെയാണ് ട്രൂ കോപ്പി പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തമിഴ് വിവർത്തനം ഡി.എം.കെ അവരുടെ മുഖപത്രമായ മുരശൊലിയിൽ പ്രസിദ്ധീകരിച്ച കാര്യം സ്റ്റാലിൻ അറിയച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സ്പീക്കർ എം.ബി. രാജേഷ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേന്ദ്ര മന്ത്രി വി. മുരളീധരൻ എന്നിവരും സദസ്സിലുണ്ടായിരുന്നു.
സ്റ്റാലിന്റെ വാക്കുകൾ
പ്രിയപ്പെട്ട മലയാളികളേ,
മലയാളത്തിൽ പ്രമുഖ എഴുത്തുകാരനായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ട്രൂകോപ്പി തിങ്ക് വെബ്സൈറ്റിൽ എഴുതിയ ഒരു ലേഖനത്തിന്റെ തമിഴ് വിവർത്തനം ഞാൻ വായിച്ചു. അത് ഡി.എം.കെ മുഖപത്രമായ മുരശൊലിയിൽ പബ്ലിഷ് ചെയ്തിരുന്നു. പുതിയ ശാസ്ത്ര കണ്ടുപിടുത്തങ്ങൾക്ക് പോലും തനതായ തമിഴ് വാക്കുകളുണ്ട്. പക്ഷേ മലയാളത്തിന്റെ പല നാട്ടുമൊഴികളിലുമുള്ള നല്ല വാക്കുകൾ ഇപ്പോൾ കേൾക്കാനില്ല എന്ന് അദ്ദേഹം വേദനയോടെ എഴുതിയിട്ടുണ്ട്. മലയാളവും തമിഴും തമ്മിലുള്ള ആഴമേറിയ ബന്ധത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. അതോടൊപ്പം അന്യഭാഷാ വാക്കുകളുടെ കടന്നുവരവിനെ തമിഴ് എങ്ങിനെ തടുത്തു എന്നും അദ്ദേഹം ആ ലേഖനത്തിൽ പറയുന്നു. മലയാളികൾ എല്ലാവരും ആ ലേഖനം വായിക്കണം എന്നാണ് എന്റെ ആഗ്രഹം.
"ഇന്ത്യക്ക് ഒരു ദേശീയ ഭാഷ സാധ്യമല്ല, കാരണം ഇന്ത്യയിൽ ഒരുപാട് ഭാഷകളുണ്ട്. എല്ലാർക്കും ഒരു മതം എന്നത് അംഗീകരിക്കാനാവില്ല. കാരണം ഇവിടെ ജനങ്ങൾ ഒരുപാട് മതങ്ങൾ അനുവർത്തിക്കുന്നു. ഇന്ത്യയിൽ ഒരൊറ്റ സംസ്‌കാരം അല്ല ഉള്ളത്. ഓരോന്നിലും വ്യത്യാസങ്ങളുണ്ടെങ്കിലും നമ്മെ ചേർത്തുനിർത്തുന്നത് സ്നേഹവും സാദോഹര്യവുമാണ്. ഏകമതം, ഏകഭാഷ, ഏക സംസ്‌കാരം എന്നിവയെല്ലാം അടിച്ചേൽപിക്കുന്നത് നമ്മുടെ ഒരുമയെ തകർക്കുന്നു. നമ്മുടെ ഒരുമ തകർക്കാൻ നോക്കുന്നവർ ഇന്ത്യയുടെ ശത്രുക്കളാണ്', എന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.