ചിത്രീകരണം: ദേവപ്രകാശ്

പ്ർർർ...

വളി എന്തുകൊണ്ട് വിലക്കുവാക്കാകുന്നു, വിലക്കുപ്രവൃത്തിയാകുന്നു?

ണവും മണമില്ലായ്മയും ശബ്ദവും ശബ്ദമില്ലായ്മയും നിയന്ത്രണവും നിയന്ത്രണമില്ലായ്മയും ചേർന്ന് അപരസാന്നിധ്യത്തിൽ പ്രയാസങ്ങളും പ്രശ്നങ്ങളും സൃഷ്ടിക്കുന്ന ദഹനപ്രക്രിയയുടെ ഉപോൽപന്നമായ വളിയുടെ സാംസ്‌കാരിക പരിസരം വിശകലനം ചെയ്യാനാണ് ഈ ലേഖനത്തിൽ ശ്രമിക്കുന്നത്. സാർവത്രികമായ ജൈവിക പ്രക്രിയയാണെന്ന് തിരിച്ചറിയുമ്പോഴും അത് സ്വകാര്യവും വൈകാരികവുമാണെന്നത് പ്രശ്നത്തെ സങ്കീർണമാക്കുന്നു. മാനാപമാനങ്ങളും ശ്ലീലാശ്ലീലങ്ങളും കൂട്ടിക്കലർത്തിയാണ് നമ്മുടെ സാംസ്‌കാരിക പരിസരം വളിയെ വിലക്കുവാക്കും വിലക്കുപ്രവൃത്തിയുമായി നീക്കിനിർത്തിയിരിക്കുന്നത്. പുരുഷകേന്ദ്രീകൃത കുടുംബവ്യവസ്ഥക്കകത്ത് വളിയിടാനുള്ള സ്വാതന്ത്രത്തിനും സ്ത്രീ- പുരുഷഭേദങ്ങളുണ്ടെന്നത് അതിനെ പ്രശ്നവത്കരിക്കേണ്ടതിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്തുന്നു.

വളിയുണ്ടാക്കിയ ദുരന്തങ്ങൾ, യുദ്ധങ്ങൾ, മരണങ്ങൾ

2008 മുതൽ അന്താരാഷ്ട്ര വളിദിനം (ഫെബ്രുവരി 5) ആഘോഷിച്ചു വരുന്നുണ്ടെങ്കിലും നമ്മുടെ മാധ്യമങ്ങൾ ഇതറിഞ്ഞ മട്ടു കാണിക്കാറില്ല. വാലന്റയിൻ ഡേ പോലെ സ്വീകരിക്കപ്പെടാറുമില്ല. കിഴക്കായാലും പടിഞ്ഞാറായാലും ഈ ദിനം ഇച്ചീച്ചി ദിനം തന്നെ. ജർമൻ കാർട്ടൂണിസ്റ്റായ ബാസ്റ്റെയ്ൻ മെയ്നിക്കിനെയാണ് ഈ ദിനത്തിന്റെ ആവിഷ്‌കർത്താവായി കണക്കാക്കുന്നത്.

എ.ഡി. 44-ൽ ജറുസലേമിൽ പതിനായിരം പേരുടെ മരണത്തിനിടയാക്കിയ യുദ്ധമാണ് വളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം. ബി.സി. 569-ൽ ഈജിപ്തിലെ അപ്രിസ് രാജാവിനെ ജനങ്ങൾ പുറത്താക്കുന്നതിലേക്കു നയിച്ചതും വളി തന്നെയാണ്.

മനഃപ്പൂർവമോ അറിയാതെയോ ഒരാൾ ചെയ്ത പ്രവൃത്തി അപരനിലും പൊതുവിടത്തിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ വളിവിടൽ നിസാര പ്രക്രിയയല്ല, നിയമപ്രശ്നം കൂടിയാണ്. പ്രേമഭംഗം മുതൽ മരണശിക്ഷ വരെ നേടിക്കൊടുത്ത ചരിത്രമാണ് ഈ ‘രംഗബോധമില്ലാത്ത കോമാളി'ക്കുള്ളത്. 2014-ൽ റിച്ചാർഡ് ക്ലെമിനി വെടിയേറ്റ കേസ് വന്നത് ഭാര്യയുടെ മുഖത്ത് വളിവിട്ടതിനാണ്. 2017-ൽ ഗൾഫിൽ മുഹമ്മദ് അൽ വഹാബിക്ക് മരണശിക്ഷ കിട്ടിയത് പുണ്യമാസമായ റമദാനിൽ 6 പളളികളിലായി 17 തവണ വളിയിട്ടതിനാണ്. 2016-ൽ കാലിഫോർണിയ ഗവർണർ കന്നുകാലികളുടെ വളി നിയന്ത്രിക്കാൻ ഫാം ഉടമകൾക്ക് നിയന്ത്രണം കൊണ്ടുവന്നിരുന്നു. 2011-ൽ മലാവിയൻസിലെ ബിങ്ക വാ മുതരികാസ് സർക്കാർ പൊതുസ്ഥലത്തെ വളയിടൽ നിരോധിച്ച നിയമം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

എ.ഡി. 44-ൽ ജറുസലേമിൽ പതിനായിരം പേരുടെ മരണത്തിനിടയാക്കിയ യുദ്ധമാണ് വളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം. ബി.സി. 569-ൽ ഈജിപ്തിലെ അപ്രിസ് രാജാവിനെ ജനങ്ങൾ പുറത്താക്കുന്നതിലേക്കു നയിച്ചതും വളി തന്നെയാണ്. വിമതരാജാവ് അമാസിസ് റോമിലേക്ക് ‘എന്റെ വളി തിരിച്ചുകൊണ്ടു പൊയ്ക്കോ' എന്നുപറഞ്ഞ് പറഞ്ഞയച്ച ദൂതന്റെ മൂക്കും കാതും മുറിച്ച് അംഗഭംഗം വരുത്തിയതിനെ തുടർന്നുണ്ടായ കലാപമാണ് അപ്രിസ് രാജാവിനെ നിഷ്‌കാസിതനാക്കിയത്. ഹിറ്റ്‌ലർ അനിയന്ത്രിതമായ ഗ്യാസ്ട്രബിളും മലബന്ധവും കാരണം ബുദ്ധിമുട്ടിയ സസ്യാഹാരിയായ ആളായിരുന്നു. ആഴ്ചയിൽ 120- 150 ഗുളികകൾ വരെ കഴിക്കുക വഴി ശരീരത്തിൽ ധാരാളം വിഷാംശം എത്തിയിരുന്നു. സ്ട്രൈക്നൈൻ, അട്രോപീൻ എന്നിവയടങ്ങിയ മരുന്നുകളാണ് ഇതിനു കാരണമായത്.

വിമാനത്താവളങ്ങളിലെയും മറ്റും തെർമൽ, ഇൻഫ്രാറെഡ് ക്യാമറയിൽ വളി പീലിവിടർത്തി നിറങ്ങളിൽ കാഴ്ചപ്പെടുന്നത് പലരും അറിഞ്ഞിട്ടില്ലാത്ത സത്യമാണ്

2018-ൽ ദുബൈയിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പുറപ്പെട്ട ട്രാൻസാവിയ എയർലൈൻസിന്റെ ഫ്ളൈറ്റ് അടിയന്തിരമായി വിയന്നയിൽ ഇറക്കിയത് വളിവിട്ട യാത്രക്കാരനെ വഴിയിൽ തള്ളാനായിരുന്നു. രാത്രി കിടക്കുമ്പോഴുള്ള സഹയാത്രക്കാരുടെ വളി പേടിച്ച് എ.സി.കമ്പാർട്ട്മെന്റിലെ ട്രെയിൻ യാത്ര ഒഴിവാക്കാറുള്ള സുഹൃത്തിനെ ഓർത്തുപോകുന്നു. വിമാനത്താവളങ്ങളിലെയും മറ്റും തെർമൽ, ഇൻഫ്രാറെഡ് ക്യാമറയിൽ വളി പീലിവിടർത്തി നിറങ്ങളിൽ കാഴ്ചപ്പെടുന്നത് പലരും അറിഞ്ഞിട്ടില്ലാത്ത സത്യമാണ്.

ദൈവം തന്ന പീപ്പി

‘മലദ്വാരത്തിലൂടെ പുറത്താക്കപ്പെടുന്ന വായു' എന്നാണ് വൈദ്യശാസ്ത്ര സാഹിത്യത്തിൽ വളിയെ നിർവചിക്കുന്നത്. ദഹനത്തോടൊപ്പം പെരിസ്റ്റാൽട്ടിക് പ്രക്രിയയിലൂടെ അധോവായുവും മലാശയത്തിലെത്തുന്നു. കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ച് ഏറ്റക്കുറച്ചിലുകളുണ്ടാവുന്ന ഇതിലുള്ളത് വിവിധ വാതകങ്ങളുടെ മിശ്രിതമാണ്. 59 % നൈട്രജൻ, 21 % ഹൈഡ്രജൻ, 9% കാർബൺ ഡൈ ഓക്സൈഡ്, 7% മീഥൈൻ, 4% ഓക്സിജൻ, 1 % സൾഫർ ഡൈ ഓക്സൈഡ്, ഹൈഡ്രജൻ സൾഫൈഡ് എന്നിവ ഇതിലടങ്ങിയിരിക്കുന്നു. ഒരു സെക്കൻഡിൽ 10 അടിയും ഒരു മണിക്കൂറിൽ ഏഴ് മൈലും ആണ് വളിയുടെ വേഗം. ആരോഗ്യമുള്ള ഒരു വ്യക്തി ദിവസം ശരാശരി 14 തവണ വളിവിടുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. നഞ്ഞെന്തിന് നാനാഴി എന്ന് പറഞ്ഞതുപോലെ വളിയിലെ വാതക മിശ്രിതങ്ങളിൽ 99 ശതമാനവും ഗന്ധമില്ലാത്തവയാണെങ്കിലും ഒരു ശതമാനം വരുന്ന സൾഫൈഡ്, ഹൈഡ്രജൻ സൾഫൈഡ്, മീഥൈനെത്തിയോൾ എന്നിവ പ്രശ്നക്കാരാണ്. മലദ്വാരത്തിലെ സ്ഫിങ്ക്റ്റർ പേശിക്ക് വായുമർദ്ദത്താലുള്ള കമ്പനമാണ് കീഴ്ശ്വാസത്തിന് ശബ്ദം നൽകുന്നത്, അഥവാ ദൈവം തന്ന പീപ്പിയായി അതിനെ മാറ്റുന്നത്.

എല്ലാ സസ്തനികൾക്കും ഉള്ള ഈ ജൈവിക പ്രക്രിയയിൽ ലിംഗവ്യത്യാസം ഇല്ലെങ്കിലും നമ്മുടെ സമൂഹത്തിൽ അതിന്റെ സ്വീകാര്യതയിൽ ലിംഗഭേദം പ്രകടമാണ്. പുരുഷൻ ചെയ്യുമ്പോൾ അതൊരു തമാശയും മേനി നടിക്കലുമാകുമ്പോൾ സ്ത്രീയെ അപമാനിതയാക്കുകയാണ് ചെയ്യുന്നത്. ഹിന്ദി നടി നീനാഗുപ്തയെക്കൊണ്ട് സ്ത്രീകൾക്കെന്താ ഗ്യാസില്ലേ? എന്ന് ട്വിറ്ററിൽ ട്വീറ്റു ചെയ്യാൻ പ്രേരിപ്പിച്ചത് ഈ അസമത്വത്തിനെതിരായ ധാർമികരോഷമാണ്. ഈ പുരുഷ അസഹിഷ്ണുതയുടെ പ്രതിഫലനമാണ് പൊതുസ്ഥലത്തെ സ്ത്രീയുടെ വളിയിടൽ മാത്രം വിലക്കിയുള്ള ചില രാജ്യങ്ങളുടെ വിവേചനപരമായ നിയമനീക്കങ്ങൾ. ഈ നിയമം സമൂഹമാധ്യമങ്ങളിൽ ചർച്ചചെയ്യപ്പെട്ട സമയത്ത് ഇതിനെതിരായി കണ്ട ശക്തവും സർഗാത്മകവുമായ പ്രതികരണമായിരുന്നു ആശാലതയുടെ പ്രതിലോമകാരിഎന്ന കവിത.ബഷീറെന്നും ഓവീ വിജയനെന്നും പറഞ്ഞ രണ്ട് സാറന്മാര് ഇതിനെയൊക്കെപ്പറ്റി ഏതാണ്ടൊക്കെ എഴുതീന്ന് ആരാണ്ടോ പറഞ്ഞ് കേട്ടിട്ടുണ്ട് ആ സാറമ്മാർക്കൊക്കെ ഒരു കൊഴപ്പോമില്ല സാറേന്ന് ഞാൻ സഹികെട്ടപ്പോ ചോദിച്ചു.

സ്ത്രീ ചെയ്യുമ്പോൾ മാത്രം കുറ്റകരമാവുന്ന വ്യവസ്ഥയുടെ വിവേചനത്തെയാണ് കവിത അഭിമുഖീകരിക്കുന്നത്. ഇന്ദ്രപ്രസ്ഥത്തിലെ മലീമസമായ രാഷ്ട്രീയത്തെ ധർമ്മപുരാണം നോവലെഴുതിയാണ് ഒ.വി. വിജയൻ വിമർശിച്ചത്. പ്രജാപതിയുടെ വിസർജ്ജനപ്രക്രിയയെ വിശദാംശങ്ങളോടെ വിവരിച്ചാണ് അദ്ദേഹം രാഷ്ട്രീയ വിമർശനം നിർവഹിച്ചത്. മറ്റു പലതിലും എന്നപോലെ മലയാള സാഹിത്യത്തിൽ വളിയെ ധീരമായി സമീപിച്ച എഴുത്തുകാരനാണ് ബഷീർ. ബഷീറിന്റെ "ഭർർ...' എന്ന കഥക്ക് ബാലസാഹിത്യത്തിന്റെ ലാളിത്യം ഉണ്ടെങ്കിലും വളിയിടലിലെ ലിംഗാസമത്വത്തെ ശക്തമായി പ്രശ്നവൽക്കരിക്കുന്നുണ്ട്. നിനക്കുള്ളതുപോലെ എല്ലാവർക്കും ഉള്ളതുതന്നെയാണ് ഇതെന്ന ഉമ്മയുടെ ഓർമ്മപ്പെടുത്തലിന് ലിംഗനീതിയുടെ നിശ്ചയദാർഢ്യം ഉണ്ട്. പുതുതലമുറ എഴുത്തുകാർ ആൺപെൺ ഭേദമില്ലാതെ എഴുത്തിൽ വളിയെ സ്വീകരിക്കുന്നുണ്ട്. ഇന്ദു മേനോന്റെ ജനാഫ്രസിലെ തീട്ടവളി വിട്ടുനടന്ന മമ്മിക്കോയ, ബിനോയ് എം.ബി.യുടെ വ്യർത്ഥി തുടങ്ങിയ രചനയിലൊക്കെ വളി വിലക്കില്ലാതെ പ്രവേശിക്കുന്നുണ്ട്. മാതൃഭൂമി പത്രത്തോടൊപ്പം ഇടക്കാലത്ത് പ്രസിദ്ധീകരിച്ച നർമഭൂമിയിൽ നമ്പൂതിരി ഫലിതങ്ങൾ പലതും വളിയുമായി ബന്ധപ്പെട്ടവയായിരുന്നു.

വളി തമാശകൾ

രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ വളി തമാശ 1900 ബി.സി.യിൽ സുമേറിയക്കാരുടെ പേരിലാണ്. ‘ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഒരു കാര്യമാണ്, ഭർത്താവിന്റെ മടിയിൽ ഒരു യുവതി വളിവിടുക എന്നത്' എന്നാണ് ആ രേഖപ്പെടുത്തൽ. ‘കാറ്റ് പൊട്ടിക്കൽ' എന്നർത്ഥം വരുന്ന feortan എന്ന പഴയ ഇംഗ്ലീഷ് പദത്തിൽ നിന്നാണ് fart എന്ന പദത്തിന്റെ നിഷ്പത്തി. ക്ലാസിക് കാലഘട്ടം മുതൽ സാഹിത്യത്തിൽ വളി സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഷേക്സ്പിയർ, ഡാന്റെ, ചോസർ, മില്ലർ, ജോനാഥൻ സ്വിഫ്റ്റ് തുടങ്ങിയവരുടെ രചനകളിൽനിന്നും ഇത് മനസ്സിലാക്കാൻ സാധിക്കും. 1532-ൽ ഫ്രാങ്കോയിസ് റാബെലൈസ് രചിച്ച ഗാർഗന്റെുവയിലും പാന്റഗ്രുയലും എന്ന ആദ്യത്തെ ഫാന്റെസി നോവലിൽ അധോവായുവിട്ട് ആളുകളെ കുള്ളന്മാരാക്കുന്ന കഥാപാത്രത്തെ കാണാം. 53,000 പേരാണ് ഇങ്ങനെ കുള്ളന്മാരാക്കപ്പെട്ടത്.

ബ്രിട്ടീഷ് പാർലമെന്റംഗം ഹെന്റി ലുഡ്​ലോക്ക്​ 1607 -ൽ പാർലമെന്റിലെ ഗൗരവപൂർണമായ രാഷ്ട്രീയ സംവാദത്തിനിടെ സംഭവിച്ച അബദ്ധം പിന്നീട് നാടോടിക്കഥയായും കവിതയായും സാംസ്‌കാരിക പ്രവേശനം നേടി. കാന്റർബറി കഥകളിലൊന്നായ ദി സമ്മർസ് ടെയിലിൽ പണം ചോദിച്ചു വന്ന കപട സന്യാസിയുടെ കയ്യിലേക്ക് വളിയിട്ടുകൊടുത്ത് എല്ലാ സന്യാസിമാരോടും തുല്യമായി എടുത്തോളാൻ പറയുന്ന ഭാഗം ഉണ്ട്.

മാധ്യമങ്ങളെ സംബന്ധിച്ച് വിനോദ വ്യവസായത്തിലെ വിപണിമൂല്യമുള്ള വിൽപ്പന ചരക്കാണിത്. കുട്ടികളെ ഇത്രയേറെ ചിരിപ്പിക്കുന്ന മറ്റൊരു ശാരീരിക പ്രക്രിയയും ഇല്ലെന്ന് തോന്നുന്നു. അതുകൊണ്ടുതന്നെ കുട്ടികളെ സാമാന്യമായും കുടുംബസദസ്സുകളെ സവിശേഷമായും ലക്ഷ്യംവയ്ക്കുന്ന ചലച്ചിത്ര ടി.വി വിനോദ പരിപാടികളുടെ ഇഷ്ടചേരുവയാണിത്. സൂര്യ ടി.വി.യിലെ കുട്ടിപ്പട്ടാളത്തിൽ അവതാരിക സുബി വീട്ടുവിലക്കിന്റെ നിയന്ത്രണങ്ങളെ സവിശേഷമായ വൈഭവത്തോടെ പൊളിച്ചടുക്കി ചികഞ്ഞെടുത്ത് മാതാപിതാക്കളെ കളിയാക്കിവിട്ട് ‘വളി വിടുന്ന നിന്റെ അച്ഛനെ ഇന്ത്യ-പാക് അതിർത്തിയിലേക്ക് കൊണ്ടു പോകാം' എന്നൊക്കെപ്പറഞ്ഞു ആഘോഷമാക്കി മാറ്റുന്നു.

മങ്കിപെന്നിലെ ‘എടാ ജുഗ്റു, ഞാൻ നിന്നോട് പല പ്രാവശ്യം പറഞ്ഞതാ ക്ലാസിലിരുന്ന് കുശു വിടാതെയെന്ന് ' എന്ന ഡയലോഗിനെ Tik Tok ൽ കൗമാരക്കാരികൾ ഏറ്റെടുത്താണ് തങ്ങളുടേതായ അവതരണങ്ങൾ കൊണ്ട് സമ്പന്നമാക്കിയത്.

വളിയിടലിനെ ഒരു പ്രകടന കലയായി അഥവാ പെർഫോമിംഗ് ആർട്സ് ആയി വികസിപ്പിച്ചത് 1857- 1945 കാലഘട്ടത്തിൽ ജീവിച്ച ജോസഫ് പുജോളാണ്. മലദ്വാരത്തിലൂടെ ശ്വസിക്കാനും നിശ്വസിക്കാനും കഴിവുണ്ടായിരുന്ന ഇദ്ദേഹം, ‘കല പെറ്റോ മാനേ' (ഫാർട്ട് മാനിയാക്) എന്ന അപരനാമത്തിൽ അറിയപ്പെട്ടു.

പുലിവാൽ കല്ല്യാണം എന്ന സിനിമയിൽ പരിപ്പും ഉരുളക്കിഴങ്ങുമാണ് കഴിച്ചതെന്നു പറഞ്ഞ കൊച്ചിൻഹനീഫയുടെ അടുത്ത് നിന്ന് റിസ്‌ക് എടുക്കേണ്ടെന്ന് പറഞ്ഞ് തലതിരിച്ചു കിടന്നാണ് സലിംകുമാർ നമ്മെ പൊട്ടിച്ചിരിപ്പിച്ചത്.
ഹം ദിൽ ദേ ചുകേ സനം എന്ന ഹിന്ദി (1999) സിനിമയിൽ സൽമാൻഖാന്റ ഗ്യാസ്ട്രബിളിനെ ഐശ്വര്യ റായി കളിയാക്കുന്നത് സമീർ ഹവാ കാ ജോ കാ എന്നുപറഞ്ഞാണ്. തേന്മാവിൻ കൊമ്പത്ത് എന്ന ചലച്ചിത്രത്തിൽ ‘ശ്രീഹള്ളിയിലേക്കുള്ള വളി’ ചോദിച്ച മോഹൻലാലിന്റെ രംഗം പ്രേക്ഷകലക്ഷങ്ങളെ കുടുകുടെ ചിരിപ്പിച്ചതാണ്.
നായകന്റെ നായകപരിവേഷത്തെ ഇത്തരം രംഗങ്ങൾ പൊലിപ്പിച്ചെടുക്കുന്നത് സമൂഹത്തിൽ നിലനിൽക്കുന്ന സദാചാര സങ്കൽപ്പത്തിനനുസരിച്ചാണ്. അപൂർവമാണെങ്കിലും ചില തിരുത്തലുകൾ ഷോർട്ട് ഫിലിമുകളിൽ വരുന്നുണ്ട്. പത്മിനി എന്റർടൈംമിന്റെ ‘ഡൂ ഗേൾസ് ഫാർട്ട്?' എന്ന മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ഹിന്ദി വീഡിയോ പുരുഷന്മാരിരിക്കുന്ന കാറിനകത്തേക്ക് ഗ്യാസ് വിട്ട് ഡോറടച്ചിറങ്ങുന്ന നായികയെ താര പരിവേഷത്തോടെ സ്ലോമോഷനിൽ അവതരിപ്പിക്കുന്നു.

സ്ത്രീകൾക്ക് ഗ്യാസ് ഇല്ലെന്നു വിശ്വസിക്കുന്ന നിഷ്‌കളങ്കരുടെ എണ്ണവും അത്ര കുറവല്ല. 2019 സെപ്റ്റംബർ 22 ന് ഗുജറാത്തിലെ സൂറത്ത് പ്രദേശം ദേശീയ ശ്രദ്ധയാകർഷിച്ചത് ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി വളിയിടൽ മത്സരം സംഘടിപ്പിക്കപ്പെട്ടതിലൂടെയായിരുന്നു. സൂറത്ത് നിവാസികളായ യതിൻ സംഗോയിയും മുൽ സാംഗ് വിയുമാണ് ഈ മത്സരത്തിന് നേതൃത്വം നൽകിയത്.
ദൈർഘ്യമേറിയത്, ഉയർന്ന ശബ്ദത്തിലുള്ളത്, സംഗീതാത്മകമായത് എന്നിങ്ങനെ മൂന്നിനങ്ങളിൽ ആയിരുന്നു മത്സരം. വളിയിടലിനെ ഒരു പ്രകടന കലയായി അഥവാ പെർഫോമിംഗ് ആർട്സ് ആയി വികസിപ്പിച്ചത് 1857- 1945 കാലഘട്ടത്തിൽ ജീവിച്ച ജോസഫ് പുജോളാണ്. മലദ്വാരത്തിലൂടെ ശ്വസിക്കാനും നിശ്വസിക്കാനും കഴിവുണ്ടായിരുന്ന ഇദ്ദേഹം, ‘കല പെറ്റോ മാനേ' (ഫാർട്ട് മാനിയാക്) എന്ന അപരനാമത്തിൽ അറിയപ്പെട്ടു. സിഗരറ്റ് വലിക്കുക, ഫ്ളൂട്ട് വായിക്കുക, മെഴുകുതിരികൾ ആളിക്കത്തിക്കുക എന്നിവ അദ്ദേഹത്തിന്റെ പ്രകടനത്തിൽ ഉൾപ്പെട്ടിരുന്നു. അക്കാലത്തെ ഫിലിം സെലിബ്രിറ്റി ആയിരുന്ന സാറാ ബെർണാഡിനെക്കാളും ജനപ്രിയനായിരുന്നു ഇദ്ദേഹം. ജോനാഥൻ സ്വിഫ്റ്റ്, ഡോൻ ഫർട്ടി നാൻ എന്ന ഹാസ്യനാമത്തിലാണ് വളിയെക്കുറിച്ച് ലേഖനമെഴുതിയത്. ഷേക്സ്പിയുടെ The Comedy of Errors, മില്ലറുടെ നിക്കോളാസും അബ്സാലോമും തുടങ്ങിയ കൃതികളിലും വളി ഉണ്ട്. മാർക് ട്വയിനിന്റെ 1601 എന്ന ലഘുലേഖയിൽ എലിസബത്ത് രാജ്ഞിയും എഴുത്തുകാരും തമ്മിലുള്ള ഭാവനാ സംഭാഷണത്തിലുമെല്ലാം വളി കടന്നുവരുന്നുണ്ട്.

ന്യൂസ്റൂമിലും ഉച്ചകോടിയിലും അഭിമുഖങ്ങളിലും ടാലന്റ്ഷോയിലും ആകസ്മികമായി നിയന്ത്രണംവിട്ട പ്രശസ്തരുടെയും അപ്രശസ്തരുടെയും ചമ്മലുകളെ ഒപ്പിയെടുത്ത് യു-ട്യൂബ് ചാനലുകളും ആഘോഷിക്കുന്നു. പ്രശസ്ത താരങ്ങളെ ഇത്തരം ചോദ്യങ്ങളാൽ ഞെട്ടിപ്പിക്കുന്നതും ചിലർക്ക് ഹരമാണ്. സൽമാൻഖാനോട് ഒരിക്കൽ അഭിമുഖത്തിൽ കൃഷ്ണ ചോദിച്ചത് നായികമാരുടെ ഫാർട്ടിനെക്കുറിച്ചാണ്. ബിഗ്‌ബോസ് പതിമൂന്നിൽ ശിൽപാ ഷെട്ടിയുടെ യോഗ പ്രാക്ടീസിനിടെ അർതിക്ക് സംഭവിച്ച അബദ്ധവും കാഴ്ചക്കാരെ കൂട്ടി. ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള ടിക് ടോക് ഒന്നാം നമ്പർ താരം ഹെലൻ ഓഫ് സ്പാർട്ട എന്ന കൗമാരക്കാരി പെൺകുട്ടി തിളങ്ങുന്നത് തന്റെ നേരെ വരുന്ന വിലക്കുവാക്കുകൾക്കും പ്രയോഗങ്ങൾക്കും അതേ നാണയത്തിൽ മറുപടി പറഞ്ഞാണ്.ദ നോട്ടി പ്രൊഫസർ പോലുള്ള ധാരാളം ഇംഗ്ലീഷ് സിനിമകളിലും ഹിന്ദി സീരിയലുകളിലും വളിയിടലിന്റെ ഭ്രമാത്മകമായ ഭാവനകൾ കാണാം. വലിയ ശരീരത്തിൽനിന്ന് കൊടുങ്കാറ്റുപോലെ വരുന്നവ ( നോട്ടി പ്രൊഫസർ ) ആഹാരം കഴിച്ച് വിഷവാതക വളി ഉൽപ്പാദിപ്പിക്കാനും ആളുകളെ ഉപദ്രവിക്കാനും കഴിയുന്ന വില്ലൻ തുടങ്ങിയവരൊക്കെ പിറന്നത് ഇത്തരം ഭാവനകളിൽ നിന്നാണ്.

2015ൽ 2.42 മിനിറ്റ് ദൈർഘ്യമുള്ള വളി വിട്ട ലണ്ടൻകാരൻ ബെർണാഡ് ക്ലെമൻസിന്റെ പേരിലാണ് ഗിന്നസ് ലോക റെക്കോർഡ്. ബലൂൺ പൊട്ടിച്ചും മെഴുകുതിരി കെടുത്തിയും റെക്കോർഡിട്ടവരെക്കൂടാതെ കണ്ണുകൊണ്ടും കക്ഷം കൊണ്ടും വായ് കൊണ്ടും വളി അനുകരിച്ച് റെക്കോഡിട്ടവരും ഉണ്ട്. എന്നാൽ പുരുഷകോയ്മകളുടെ ഈ റെക്കോർഡുകളിൽ ഒരെണ്ണം 2017-ൽ ഷെല്ലി എൻ ഗുയെൻ എന്ന സസ്യാഹാരിയായ വനിതക്കുള്ളതാണ്. 2017-ൽ സ്ഥാപിച്ച 477 എണ്ണത്തിന്റെ റെക്കോർഡ് ഇതുവരെ തകർക്കപ്പെട്ടിട്ടില്ല.

മുസ്‌ലിംകൾ അവർക്കു നിർബന്ധമായ അഞ്ചുനേരം നമസ്‌കാരത്തിനു മുന്നോടിയായി ജലംകൊണ്ട് ശരീരശുദ്ധി വരുത്തണം, അഥവാ വുളു എടുക്കണം. എന്നാൽ വളി പോയാൽ വുളു മുറിയും, വീണ്ടും ശരീരശുദ്ധി വരുത്തണം. അതുകൊണ്ടുതന്നെ നമസ്‌കാരം പൂർത്തിയാവാതെ വീണ്ടും വുളു എടുത്ത് നമസ്‌കാരത്തിൽ പ്രവേശിക്കേണ്ടിവരുന്ന സ്ത്രീക്ക് കുടുംബാംഗങ്ങളുടെ പരിഹാസം ഏൽക്കേണ്ടി വരാറുണ്ട്.

ബി.ജി.ടി. 2019 ടാലന്റ് ഷോയിൽ വയലിൻ വായിക്കുന്ന പോലെ സംഗീതാത്മകമായി രണ്ട് മിനിറ്റ് വളി വിട്ട യുവാവിന്റെ അവിസ്മരണീയ പ്രകടനത്തെ വിധികർത്താക്കളും സദസ്സും എഴുന്നേറ്റുനിന്ന് ആദരിക്കുകയും നിറഞ്ഞ കൈയടിയോടെ സ്വീകരിക്കുകയും ചെയ്തു. പ്രാങ്ക് വീഡിയോകളുടെ ഇഷ്ട വിഭവമാണിത്. ആണധികാരത്തിന്റെ മേൽക്കോയ്മയിലാണ് ഇവയെല്ലാം നിലകൊള്ളുന്നതെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കിഴക്കിനേക്കാൾ പടിഞ്ഞാറിന് ഇത്തരം കാര്യങ്ങളിൽ സത്യസന്ധത കൂടുതലാണ്. നമ്മുടെ പുരാണേതിഹാസങ്ങളിലും പ്രാചീന സംസ്‌കൃത സാഹിത്യത്തിലും വളി വരുന്നില്ലെന്നത് ശുദ്ധാശുദ്ധിയെ നിർണയിക്കുന്നതിൽ അധോവായുവിന് സ്ഥാനം കൽപിക്കാത്തതു കൊണ്ടാവാം. മലം, മൂത്രം തുടങ്ങിയ വിസർജ്യങ്ങൾ പോലെ പ്രതിഷേധത്തിന്റെയും പ്രതികാരത്തിന്റെയും പ്രതിരോധത്തിന്റെയും ആയുധമായോ മാർഗമായോ വളി മാറാത്തത് അതിന്റെ അമൂർത്തതയും അൽപായുസും കൊണ്ടാവാം.

വാവിട്ട വാക്കും വയർവിട്ട വളിയും

മലയാളിയുടെ ദൈനംദിന വ്യവഹാരത്തിൽ ശൈലിയായും പഴഞ്ചൊല്ലായും കടങ്കഥയായും പ്രയോഗമായും വളി സ്ഥാനപ്പെടുന്നുണ്ട്. ‘ഇടി വന്നു പേടിച്ചിട്ടില്ലാ, പിന്നാ വളി' എന്ന ചൊല്ല് ശത്രുവിനെ നിസാരനാക്കുമ്പോൾ ‘വാവിട്ട വാക്കും വയർവിട്ട വളിയും തിരിച്ചെടുക്കാനാവില്ലെ'ന്നത് ആലോചിക്കാതെ പ്രവർത്തിക്കരുതെന്ന ഓർമപ്പെടുത്തലാണ്. ‘ഒന്നു വളിയിടാനുള്ള ആവതു പോലും ഇല്ലാതായല്ലോ' എന്നതിൽ ആരോഗ്യ ക്ഷയത്തെക്കുറിച്ചുള്ള വിലാപമാണ്. ‘തീട്ടവളി' തറ പ്രവൃത്തിയും ‘തീട്ടവെളവ് ' തരം താണ തന്ത്രവുമാണ്. ‘ഒച്ചയ്ക്ക് ഒച്ചയൊത്തു, മണത്തിനോ?' എന്നത് പാളിപ്പോയ അടവുകളാണ്. കുടുംബസദസ്സുകളിൽ കടങ്കഥയായും ഇത് അവതരിക്കുന്നു.
‘ഇട്ടാൽ പൊട്ടും തിരഞ്ഞാൽ കാണില്ല', ‘ഇട്ടവന് ആശ്വാസം, കേട്ടവന് പരിഹാസം' എന്നിങ്ങനെ ബാലഭാവനകൾ പരിലസിക്കുന്നു.

ചില വിരുതർ നാവിനു വഴങ്ങാത്തവ വേഗത്തിൽ ചൊല്ലാൻ കൊടുത്ത് നേരമ്പോക്കിനു വഴിയുണ്ടാക്കും. പുളി വടി-വടി പുളി പോലെ. കീഴ്ശ്വാസത്തിന്റെ ഭാഷാഭേദങ്ങൾ തെക്കും വടക്കുമായി രണ്ടായി മാത്രം മുറിയാതെ ഊസ്, ഊച്ച്, നസ്‌ക്, കുശു, കുച്ച്, പൊറി, പുയ്യ് എന്നിങ്ങനെ പലതായി പരക്കുന്നു. ഹിന്ദി ചലച്ചിത്ര ഗാനങ്ങളിൽ സംഗീതസാന്ദ്രമായി ആസ്വദിക്കുന്ന കുച്ച് അതിൽനിന്ന് വേർപ്പെട്ട് മലപ്പുറത്ത് ഉച്ചരിക്കുമ്പോൾ സഭയിൽ പ്രവേശനം കിട്ടാത്തതാകുന്നു. മുസ്‌ലിംകൾ, അവർക്കു നിർബന്ധമായ അഞ്ചുനേരം നമസ്‌കാരത്തിനു മുന്നോടിയായി ജലംകൊണ്ട് ശരീരശുദ്ധി വരുത്തണം, അഥവാ വുളു എടുക്കണം. എന്നാൽ വളി പോയാൽ വുളു മുറിയും, വീണ്ടും ശരീരശുദ്ധി വരുത്തണം. അതുകൊണ്ടുതന്നെ നമസ്‌കാരം പൂർത്തിയാവാതെ വീണ്ടും വുളു എടുത്ത് നമസ്‌കാരത്തിൽ പ്രവേശിക്കേണ്ടിവരുന്ന സ്ത്രീക്ക് കുടുംബാംഗങ്ങളുടെ പരിഹാസം ഏൽക്കേണ്ടി വരാറുണ്ട്. വുളു മുറിയാതിരുന്നാൽ ഒരൊറ്റ വുളുകൊണ്ട് അഞ്ചുനേരവും നമസ്‌കരിക്കാം. ഈ സാഹചര്യത്തിൽനിന്നാണ് മലബാറിൽ ‘അവസാനത്തെ അത്വഹിയാത്തിൽ വളിവിട്ട പോലെ' എന്ന ചൊല്ലുണ്ടായത്. ജോലി പൂർത്തിയാകാൻ നിൽക്കുമ്പോൾ പിണഞ്ഞ അബദ്ധം മൂലം ആദ്യം മുതൽ ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയെയാണിത് വ്യക്തമാക്കുന്നത്. വുളുവും വുളു മുറിയലും ആർത്തവവും പ്രസവ രക്തവുമെല്ലാം ഈശ്വരാരാധനയുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാൽ മുസ്‌ലിംകളുടെ മതവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്.
‘അലറിപ്പോയാൽ ആപത്തില്ല, പുകഞ്ഞുപോയാൽ പരമദയനീയ’ മെന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല. ഇതേകാര്യം തന്നെ മറ്റൊരു രീതിയിൽ അല്പം കപടമായും സൂചിപ്പിക്കാറുണ്ട്: ‘കുരക്കും പട്ടി കടിക്കില്ല', ‘മിണ്ടാപൂച്ച കലമുടയ്​ക്കും' എന്നിങ്ങനെ. ഴ കാര മില്ലാത്ത തമിഴിലെ ള കാര ഉച്ചാരണം മലയാളിക്ക് ചിരിക്കാൻ ധാരാളം വക നൽകാറുണ്ട്. വളിയോടുള്ള വെറുപ്പ് വെറുപ്പുളവാക്കുന്ന ഇതര പ്രവൃത്തികളിലേക്കും വ്യാപിപ്പിക്കുന്നതിനാലാണ് ഭാഷയിൽ വളിച്ച, വളിപ്പ് തുടങ്ങിയ പദങ്ങൾ ഉണ്ടാകുന്നത്. വിടുവായത്തത്തെ വളിപ്പാക്കാൻ മലയാളിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരുന്നില്ല.

പരിപ്പും ഉരുളക്കിഴങ്ങും ചക്കക്കുരുവും മലയാളി ചിരിച്ചുകൊണ്ടേ സ്വീകരിക്കൂ. ചക്കക്കുരുവിന് ‘വെടിക്കുരു' എന്ന ഓമനപ്പേര് വന്നതിന് പിന്നിൽ ചക്കയും ചക്കക്കുരുവും സുലഭമായ മലയാളിയുടെ അനുഭവസാക്ഷ്യം ഉണ്ട്. ആഹാരം കഴിക്കുന്ന വേളയിൽ വളി വിടുന്നത് മലയാളിക്ക് ക്ഷമിക്കാൻ പ്രയാസമാണ്. ശാന്തനെ പോലും അത് പ്രകോപിതനാക്കി എന്ന് വരാം. കുറുക്കനെ പോലുള്ള ചില ജീവികൾക്ക് ഇത് ശത്രുക്കളിൽ നിന്ന് രക്ഷ നേടാനുള്ള ഉപായം കൂടിയാണ്.

അഭിമാനത്തോടെ വളി വിടൂ

‘സാഭിമാനം വളിവിടാൻ' (fart proudly) ആഹ്വാനം ചെയ്തത് രണ്ടു നൂറ്റാണ്ടുമുമ്പ് ബെഞ്ചമിൻ ഫ്രാങ്ക്ലിൻ ആണ്. ബ്രസൽസ്സിലെ റോയൽ അക്കാദമി ശാസ്ത്രീയ രചനകൾ ക്ഷണിച്ചപ്പോൾ അതിനുള്ള പ്രതികരണമെന്ന നിലയിലാണ് ബെഞ്ചമിൻ 1781-ൽ ‘ടു ദി റോയൽ അക്കാദമി ഓഫ് ഫാർടിംഗ് ' എന്നു കൂടി പേരുള്ള ലേഖനമെഴുതിയത്.

വളിയുടെ ശബ്ദത്തേക്കാൾ അതിനെ അപഹാസ്യവും അരോചകവും അപമാനകരവുമാക്കുന്നത് അതിന്റെ ദുർഗന്ധം ആയതിനാലാവാം സുഗന്ധപൂരിതമായ വളിയെക്കുറിച്ചുള്ള ഭാവന ചിറകുവിരിക്കാൻ തുടങ്ങിയത്. ക്രിസ്റ്റ്യൻ പോയിൻ ഷെവാൽ എന്ന ഫ്രഞ്ച് വ്യവസായി ചോക്കളേറ്റിന്റെയും റോസാപ്പൂവിന്റെയും പരിമളം പരത്തുന്ന അകത്തു കഴിക്കാവുന്ന ക്യാപ്സൂൾ വിപണിയിലിറക്കിയാണ് ഭാവനയെ യാഥാർത്ഥ്യമാക്കിയത്.

ഫ്രാങ്ക്ലിൻ അക്കാദമിയിൽ സബ്മിറ്റ് ചെയ്തില്ലെങ്കിലും സ്വകാര്യമായി അച്ചടിച്ച് ബ്രിട്ടനിലെ മന്ത്രിക്കും ഗ്യാസ് ഉൽപാദിപ്പിക്കുന്ന കെമിസ്റ്റിനും സുഹൃത്തുക്കൾക്കും നൽകി. ഭക്ഷണത്തിലും സോസിലും ചേർത്ത് കഴിക്കാൻ കഴിയുന്ന സുഗന്ധപൂരിതമായ ഗ്യാസ് ഉല്പാദിപ്പിക്കാനുള്ള മരുന്നുകൾ വികസിപ്പിച്ച് ജനനന്മയ്ക്കുതകുന്ന പ്രായോഗിക ഗവേഷണത്തിലേർപ്പെടാനാണ് അദ്ദേഹം ഈ ലേഖനത്തിലൂടെ ആവശ്യപ്പെട്ടത്. മരിച്ച് ദീർഘകാലം അദ്ദേഹത്തിന്റെ സമ്പൂർണരചനകളുടെ സമാഹാരത്തിൽനിന്ന് ഈ ഉപന്യാസം ഒഴിവാക്കപ്പെട്ടതിൽനിന്നും വളിയെ പടിക്കു പുറത്താക്കുന്നതിൽ കിഴക്കിനും പടിഞ്ഞാറിനും ദേദമില്ലെന്നാണ് മനസ്സിലാക്കേണ്ടത്.

വളിയുടെ ശബ്ദത്തേക്കാൾ അതിനെ അപഹാസ്യവും അരോചകവും അപമാനകരവുമാക്കുന്നത് അതിന്റെ ദുർഗന്ധം ആയതിനാലാവാം സുഗന്ധപൂരിതമായ വളിയെക്കുറിച്ചുള്ള ഭാവന ചിറകുവിരിക്കാൻ തുടങ്ങിയത്. ക്രിസ്റ്റ്യൻ പോയിൻ ഷെവാൽ എന്ന ഫ്രഞ്ച് വ്യവസായി ചോക്കളേറ്റിന്റെയും റോസാപ്പൂവിന്റെയും പരിമളം പരത്തുന്ന അകത്തു കഴിക്കാവുന്ന ക്യാപ്സൂൾ വിപണിയിലിറക്കിയാണ് ഭാവനയെ യാഥാർത്ഥ്യമാക്കിയത്.
ഗ്യാസ്ട്രബിൾ എന്നത് സർവസമ്മതവും സാർവത്രികമായി വ്യവഹരിക്കുന്നതും പൊതുസമ്മതിയുള്ളതുമായ പദമാണ്. മലയാളത്തിന് പ്രവേശനം കിട്ടാത്തിടത്ത് സായിപ്പ് മാന്യമായും അന്തസ്സായും സഭാപ്രവേശനം നേടുന്നതിനെ മലയാളിയുടെ കപട സദാചാരത്തോട് ചേർത്താണ് വിലയിരുത്തേണ്ടതെന്നു തോന്നുന്നു.▮


ഡോ. മുഹമ്മദ് ബഷീർ കെ. കെ.

കൊടുങ്ങല്ലൂർ കെ.കെ.ടി.എം​ ഗവ. കോളേജിലെ മലയാളം വിഭാഗത്തിൽ അസിസ്​റ്റൻറ്​ പ്രൊഫസർ. ഗവേഷണ ജേണലുകളിൽ പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2015 മുതൽ മലയാളവിഭാഗത്തിൽ നിന്ന്​ പ്രസിദ്ധീകരിക്കുന്ന മലയാളപ്പച്ച അർദ്ധവാർഷിക റിസർച്ച് ജേണൽ, KKTM Cognizance വാർഷിക റിസർച്ച് ജേണൽ എന്നിവയുടെ ചീഫ് എഡിറ്റർ. അറബിമലയാളത്തിൽ നിന്ന് മലയാളത്തിലേക്ക് ലിപ്യന്തരണം നടത്തിയ നാലുനോവലുകളുടെ എഡിറ്റർ.

Comments