ആലുബിരിയാണി.

ആലുബിരിയാണിയുടെ കഥ

കൊൽക്കത്തയിൽനിന്നാണ് ഉരുളക്കിഴങ്ങു ചേർത്ത ബിരിയാണി ആദ്യമായി കഴിച്ചത്. സത്യത്തിൽ അത് ഉരുളക്കിഴങ്ങു ബിരിയാണിയായിരുന്നില്ല. ഉരുളക്കിഴങ്ങു ചേർത്ത ചിക്കൻബിരിയാണിയായിരുന്നു. ബിരിയാണി ഒരുപാട് രുചികൾക്കുള്ള ഒറ്റപ്പേരാണല്ലോ പലപ്പോഴും.

ബംഗാൾ ഒഡിഷ ബോർഡറിലെ കെന്ദുളിയിൽ അജോയ് നദിക്കരയിലായി ജയദേവകവിയുടെ പേരിൽ ഒരു ക്ഷേത്രമുണ്ട്. മകരസംക്രാന്തികാലത്ത് അവിടെ ബാവുളുകളുടെ സംഗീതോത്സവമുണ്ടാകും. അവിടേയ്ക്കുള്ള യാത്രയ്ക്കിടയിലാണ് ആദ്യമായി കൊൽക്കത്തയിലിറങ്ങുന്നത്. അതിനുമുമ്പും ആ വഴി പോയപ്പോൾ കൊൽക്കത്തയുടെ രുചിയും മണവും കിട്ടിയിട്ടുണ്ടെങ്കിലും കൊൽക്കത്തയിലെ തിരക്കുകളിലൂടെ അലഞ്ഞു തിരിയുന്നത് അപ്പോൾ മാത്രമാണ്. സുഹൃത്ത് മുസ്തഫ ജീവിതത്തിരക്കിൽനിന്ന് അവധിയെടുത്ത് കൊൽക്കത്തയിൽ ഫോട്ടോഗ്രഫി പരീക്ഷണങ്ങളും പെയിന്റിംഗ് പഠനവുമൊക്കെയായി കഴിയുന്നതിനിടയിൽ ഞങ്ങളെ അങ്ങോട്ടു വിളിച്ചതാണ്, കെന്ദുളിയിലും പോകാം കൊൽക്കത്തയും കാണാം എന്ന മട്ടിൽ.

കൊൽക്കത്തയിൽനിന്നാണ് ഉരുളക്കിഴങ്ങു ചേർത്ത ബിരിയാണി ആദ്യമായി കഴിച്ചത്. സത്യത്തിൽ അത് ഉരുളക്കിഴങ്ങു ബിരിയാണിയായിരുന്നില്ല. ഉരുളക്കിഴങ്ങു ചേർത്ത ചിക്കൻബിരിയാണിയായിരുന്നു. ബിരിയാണി ഒരുപാട് രുചികൾക്കുള്ള ഒറ്റപ്പേരാണല്ലോ പലപ്പോഴും. പല നാടുകളിലെ ബിരിയാണികൾ അതിന്റെ മസാലക്കൂട്ടുകൊണ്ടും ഉള്ളടക്കംകൊണ്ടും വേറിട്ടു നിൽക്കുന്നു. കൊൽക്കത്തബിരിയാണിയിലെ മുഴുത്ത ഉരുളക്കിഴങ്ങുകളാണ് കാര്യമായി ശ്രദ്ധിച്ചത്.

ബാവുളുകളുടെ സംഗീതോത്സവത്തിൽ നിന്ന്. / Photo: Screenshot, Pother Galppo ​

കൊൽക്കത്തയിലുണ്ടായിരുന്ന ദിവസങ്ങളിൽ രാവിലെ ചെറിയ ചായക്കടകളിൽനിന്നാണ് ആഹാരം കഴിച്ചിരുന്നത്. കട എന്നൊന്നും പറയാൻ മാത്രം വലിപ്പമില്ലാത്ത കുഞ്ഞു സംവിധാനങ്ങൾ. പാചകവും പാത്രം കഴുകലും നിന്നോ ഇരുന്നോ ഒക്കെ ആഹാരം കഴിക്കുന്നതുമെല്ലാം മിക്കവാറും നടപ്പാതയിലാകും. വാഹനങ്ങളുടെ പൊടിയും തിരക്കും കാൽനടയാത്രക്കാരുടെ ബഹളവുമൊക്കെയായി കേരളത്തിൽനിന്നാലോചിച്ചാൽ ഒട്ടും വൃത്തിയില്ലാത്ത അന്തരീക്ഷം. ഈ കടകളാണ് ശരിക്കും കൊൽക്കത്തയെ ഊട്ടുന്നത് എന്നു തോന്നിയിട്ടുണ്ട്. പാവപ്പെട്ടവർ മാത്രമല്ല റൈറ്റേഴ്‌സ് ബിൽഡിംഗിലേക്ക് തിരക്കിട്ടു പോകുന്ന ഉദ്യോഗസ്ഥരും കഴിക്കുന്നത് ഈ വഴിയോരഭോജനശാലകളിൽനിന്നാണ്. സാമാന്യം വയറുനിറയെ പൂരിയും കിഴങ്ങുസബ്ജിയും വളരെച്ചെറിയ വിലയ്ക്ക് കിട്ടും എന്നതാണ് ആകർഷണം. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഒരാൾക്കു കഴിക്കാനുള്ള പൂരിയും സബ്ജിയും വെറും എട്ടു രൂപയ്ക്കു കിട്ടും. ഒരു ചായകൂടി കഴിച്ചാൽ പന്ത്രണ്ടുരൂപ. ചെറിയ ബഡ്ജറ്റിൽ ജീവിക്കാൻ ഈ ഭക്ഷണം മതി. ഇങ്ങനെ കിട്ടുന്ന ആഹാരത്തിൽ നല്ലൊരു പങ്ക് ഉരുളക്കിഴങ്ങായിരിക്കും.

ബംഗാളിലൂടെ യാത്ര ചെയ്യുമ്പോൾ ഉരുളക്കിഴങ്ങിനെക്കുറിച്ച് അങ്ങോട്ടു ചെന്ന് ആലോചിച്ചില്ലെങ്കിലും ഉരുളക്കിഴങ്ങ് ഇങ്ങോട്ടുവന്ന് അതിന്റെ കഥ പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലുമൊക്കെ യാത്ര ചെയ്യുമ്പോൾ ബ്രാഹ്‌മണജാതിയിൽ പെട്ടവരൊഴികെ ധാരളം സവാള കഴിക്കുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നല്ലാതെ ഉരുളക്കിഴങ്ങിനെ അങ്ങനെ ശ്രദ്ധിച്ചിട്ടില്ല. പലതരം സബ്ജികളും സ്റ്റ്യൂവും ആലു പറാത്തയും ഒക്കെയായി ഉരുളക്കിഴങ്ങ് നിരന്തരം നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുമെങ്കിലും ഒരു ശല്യക്കാരൻ/കാരി കിഴങ്ങ് എന്നല്ലാതെ അതിന്റെ രാഷ്ട്രീയം അന്വേഷിച്ചിരുന്നില്ല.

കൊൽക്കത്തയിൽനിന്ന് ഖരക്പൂരേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് ഞങ്ങൾ ബംഗാളി ബിരിയാണിയിലെ ഉരുളക്കിഴങ്ങിന്റെ കാര്യം ചർച്ച ചെയ്യുന്നത്. മുസ്തഫ ഒരു ജോലിയും ചെയ്യാതെ മടുപ്പായപ്പോൾ കൊൽക്കത്തയിൽ ഒരു ബിരിയാണിക്കട നടത്തിയിരുന്നു. ഉസ്താദ് ഫുഡ്‌കോർണർ എന്നായിരുന്നു ആ കടയുടെ പേര്. കൊൽക്കത്തയിൽനിന്ന് ചിക്കൻബിരിയാണിയിൽനിന്ന് വലിയ ഉരുളക്കിഴങ്ങുകൾ കിട്ടിയതിന്റെ പൊരുളാണ് ചർച്ചയായിരുന്നത്. നമുക്ക് എഗ്ഗ് ബിരിയാണി കിട്ടുന്നതുപോലെ അവിടെ ആലുബിരിയാണിയും കിട്ടുമെന്ന് മുസ്തഫ വെളിപ്പെടുത്തി. ചിക്കൻബിരിയാണി കഴിക്കാൻ കാശില്ലാത്തവർക്ക് ആലുബിരിയാണി കഴിക്കാം. ബിരിയാണിയിൽ മുഴുത്ത ഒന്നു രണ്ടു കഷണം ഉരുളക്കിഴങ്ങ് എനിക്കൊരു അസൗകര്യമായിട്ടാണ് തോന്നിയത്. പക്ഷേ കാര്യങ്ങൾ അങ്ങനെയല്ലെന്നാണ് മുസ്തഫ പറഞ്ഞത്. ആലു ബിരിയാണിയിലാണെങ്കിലും ചിക്കൻബിരിയാണിയിലാണെങ്കിലും ഉരുളക്കിഴങ്ങിന്റെ വലിപ്പം കുറഞ്ഞു പോയാൽ ആളുകൾ ദേഷ്യപ്പെടുമത്രെ! ഭക്ഷണത്തിൽ ആളുകൾ താൽപര്യത്തോടെ പ്രതീക്ഷിക്കുന്ന ഒന്നാണ് ഇവിടങ്ങളിൽ ഉരുളക്കിഴങ്ങ്. സബ്ജിയിലും ബിരിയാണിയിലും മാത്രമല്ല, മീൻകറിയിൽപ്പോലും മുഴുത്ത ആലു ഈ ഭാഗങ്ങളിൽ നിർബന്ധമാണ്.

കൊൽക്കത്തയിലുണ്ടായിരുന്ന ദിവസങ്ങളിൽ രാവിലെ ചെറിയ ചായക്കടകളിൽനിന്നാണ് ആഹാരം കഴിച്ചിരുന്നത്. ചെറിയ ബഡ്ജറ്റിൽ ജീവിക്കാൻ ഈ ഭക്ഷണം മതി. ഇങ്ങനെ കിട്ടുന്ന ആഹാരത്തിൽ നല്ലൊരു പങ്ക് ഉരുളക്കിഴങ്ങായിരിക്കും. / Photo : Wikimedia Commons

ഞങ്ങളുടെ സംസാരം ശ്രദ്ധിച്ച ഒരു ബംഗാളിസ്ത്രീ ആലു അവരുടെ പ്രധാന ആഹാരമായതിന്റെ കഥ പറഞ്ഞു. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ സമ്പന്നമായ പ്രദേശങ്ങളിലൊന്നായിരുന്നു ബംഗാൾ. മുർഷിദ് ഖുലി ഖാനും അലിവർദിഖാനും ഷാജുദ്ദീനും ബംഗാളിലെ നവാബുമാരായിരുന്ന കാലത്ത് മുഗൾ സാമ്രാജ്യത്തിന് അവിടെ നാമമാത്രമായ പിടിയേ ഉണ്ടായിരുന്നുള്ളൂ. ചിട്ടയായ ഭരണത്തിലൂടെ രാജ്യത്ത് കൃഷിയും വ്യവസായങ്ങളും വികസിപ്പിച്ചെടുത്തതിലൂടെയാണ് ബംഗാൾ സമ്പന്നമായ പ്രവിശ്യയായത്. കലഹങ്ങളില്ലാത്ത ഈ ഭരണകാലത്തിന്റെ സമ്പന്നതയിലേക്കാണ് ഡച്ചുകാരും ഫ്രഞ്ചുകാരും അവസാനം ബ്രിട്ടീഷുകാരും കടന്നുവരുന്നത്. ചുങ്കം കൂടാതെ കച്ചവടം ചെയ്യാനുള്ള ഒരു മുഗൾ ഫർമാനുമായായണ് ബ്രിട്ടീഷുകാർ ബംഗാളിലെത്തിയത്. ഈ കച്ചവടം ക്രമേണ വളർന്ന് 1756-ലെ പ്ലാസി യുദ്ധത്തിൽ കലാശിച്ചു. ബംഗാളിൽ പിടിമുറുക്കിയ ഇംഗ്ലീഷുകാർ ബംഗാളിന്റെ സമ്പത്താകെ ഊറ്റിയെടുത്തു. 1766-67-68 വർഷങ്ങളിലായി 5.7 ലക്ഷം പൗണ്ടാണത്രെ ബ്രിട്ടൻ ബംഗാളിൽനിന്നു കടത്തിയത്. ഒടുക്കം പൂർണ്ണമായും സ്ഥാനഭ്രഷ്ടരാക്കപ്പെട്ട നവാബും ബീവിമാരും ബ്രിട്ടന്റെ ഔദാര്യത്തിൽ കഴിയേണ്ട അവസ്ഥ വന്നു. ഇക്കാലത്ത് നവാബിനെയും ബീവിമാരെയും തീറ്റിപ്പോറ്റുന്നതുപോലും ബ്രിട്ടന് വലിയ ചെലവായി തോന്നുകയും ബിരിയാണിയിൽ കോഴിക്കു പകരം ഉരുളക്കിഴങ്ങ് ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു എന്നാണ് കഥ. തങ്ങളുടെ നവാബിന്റെ ദുസ്ഥിതിയോട് ഐക്യപ്പെടുന്നതിന്റെ ഭാഗമായാണത്രെ ബംഗാളികൾ ബിരിയാണിയിൽ ഉരുളക്കിഴങ്ങു ചേർത്തു കഴിക്കാൻ തുടങ്ങിയത്.

ഈ കഥയോട് ഉരുളക്കിഴങ്ങിന്റെ ചരിത്രവും ചേർന്നുനിൽക്കുന്നതു കാണാം. പതിനാറാം നൂറ്റാണ്ടുവരെ പെറുവിൽ മാത്രമുണ്ടായിരുന്ന ഒരു കിഴങ്ങിനമായിരുന്നത്രെ ഉരുളക്കിഴങ്ങ്. അത് യൂറോപ്പിലും ആഫ്രിക്കയിലുമൊക്കെ എത്തിച്ചത് സ്‌പെയിൻകാരും പോർച്ചുഗീസുകാരുമൊക്കെയാണ്. ബംഗാളിൽ പിടിമുറുക്കുന്ന കാലത്ത് ബ്രിട്ടീഷുകാരെ സംബന്ധിച്ചും ഉരുളക്കിഴങ്ങ് ഏറെ പരിചിതമായ ഒന്നായിരുന്നില്ല. നാടൻ പച്ചക്കറികളുടെ മേൽ ആഭിജാത്യമുള്ള യൂറോപ്യൻ ഇനം എന്ന മട്ടിലും പുതിയൊരു വാണിജ്യ സാധ്യത എന്ന മട്ടിലുമാണ് ബ്രിട്ടീഷുകാർ ബംഗാളിൽ വ്യാപകമായി ഉരുളക്കിഴങ്ങു കൃഷി വ്യാപിപ്പിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടോടുകൂടിയാണ് ബംഗാളികളുടെ ആഹാരത്തിൽ ഉരുളക്കിഴങ്ങ് ഒഴിച്ചുകൂടാത്ത ഒരു ഇനമായി മാറുന്നത് എന്ന് ഇന്നു നോക്കിയാൽ അത്ഭുതമായി തോന്നും. നവാബുമാരുടെ കഥയിൽ ദാരിദ്ര്യത്തിന്റെ അടയാളമായാണ് ഉരുളക്കിഴങ്ങ് സ്ഥാനപ്പെടുന്നതെങ്കിലും അക്കാലത്ത് ലഭ്യമായ പുതിയൊരു വിഭവം എന്ന മട്ടിലും അത് രാജവിഭവമാകാൻ സാധ്യതയുണ്ട്. ക്രമേണ ഉരുളക്കിഴങ്ങ് സാധാരണക്കാരുടെ പട്ടിണി മാറ്റുന്ന ആഹാരമായി വളരുന്നതിന് ചരിത്രം സാക്ഷ്യം വഹിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലാണ് (1885-ൽ) വിൻസന്റ് വാൻഗോഗ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ ദി പൊട്ടാറ്റോ ഈറ്റേഴ്‌സ് എന്ന ചിത്രം വരയ്ക്കുന്നത്. അപ്പോഴേയ്ക്കും ഉരുളക്കിഴങ്ങ് ദരിദ്രജനതയുടെ വിലകുറഞ്ഞ ആഹാരമായി ലോകം മുഴുവൻ വ്യാപിച്ചു കഴിഞ്ഞിരുന്നു എന്ന് മനസ്സിലാക്കാം. റഷ്യൻ നോവലുകളിലും കഥകളിലുമൊക്കെ കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്ന ഒരു രൂപകമാണ് ഉരുളക്കിഴങ്ങ്. ഇതു മനസ്സിൽവെച്ച് റഷ്യയിൽ കുറേക്കാലം ജീവിച്ച ഒരു സുഹൃത്തിനോട് അവരുടെ പ്രധാന ഭക്ഷണമാണോ ഉരുളക്കിഴങ്ങ് എന്നു ചോദിച്ചതോർക്കുന്നു. സത്യത്തിൽ ഗോതമ്പോ അരിയോ മറ്റു ധാന്യങ്ങളോ ഒക്കെത്തന്നെയാണ് ലോകത്തെവിടെയും മനുഷ്യരുടെ പ്രധാന ആഹാരം. അതിലേക്ക് എത്താൻ കഴിയാത്ത മനുഷ്യരാണ് ഉരുളക്കിഴങ്ങു തീറ്റക്കാരായ പാവങ്ങൾ.

ഭക്ഷണത്തിൽ ആളുകൾ താൽപര്യത്തോടെ പ്രതീക്ഷിക്കുന്ന ഒന്നാണ് ഇവിടങ്ങളിൽ ഉരുളക്കിഴങ്ങ്. സബ്ജിയിലും ബിരിയാണിയിലും മാത്രമല്ല, മീൻകറിയിൽപ്പോലും മുഴുത്ത ആലു ഈ ഭാഗങ്ങളിൽ നിർബന്ധമാണ്.

ബംഗാളിലെ ക്ഷാമത്തിന്റെ കഥ പറയുമ്പോൾ കേരളത്തെ പട്ടിണിയിൽനിന്നു രക്ഷിച്ചത് സമ്പന്നമായ കിഴങ്ങുവർഗ്ഗങ്ങളാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. കേരളത്തിൽ ഇന്ന് ഏറ്റവുമധികം കൃഷി ചെയ്യുന്ന കിഴങ്ങായ കപ്പ കേരളത്തിൽ ഏറ്റവുമവസാനം കൃഷി ചെയ്യാൻ തുടങ്ങിയ കിഴങ്ങിനമാണ്. മലബാറിലെ പഴയ കഥകളിലൊക്കെ സ്വീറ്റ് പൊട്ടാറ്റോ എന്ന് ഇംഗ്ലീഷിൽ പറയുന്ന മധുരക്കിഴങ്ങാണ് കൃഷി ചെയ്തിരുന്നത്. എന്തായാലും കേരളത്തിലും അരിയ്ക്കും ഗോതമ്പിനും സമാന്തരമായി കിഴങ്ങ് ഒരു പ്രധാനഭക്ഷണമായിരുന്നു. വാഴക്കിഴങ്ങുപോലും മനുഷ്യർ പുഴുങ്ങിക്കഴിക്കുന്ന കാലമുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്.

ആസാമിലെ മജൂലി ദ്വീപിൽ ഒരു പ്രത്യേകതരം ഉരുളക്കിഴങ്ങ് കണ്ടത് ഓർക്കുന്നു. ഏതാണ്ട് മണിക്കിഴങ്ങ് എന്ന മട്ടിലൊരു പേരാണ് അവർ പറയുന്നത്. ഒരു ചെറിയ നെല്ലിക്കയോളമേ അതിനു വലിപ്പമുള്ളൂ. കോഴിക്കറിയിലൊക്കെ ധാരാളമായി അതു ചേർക്കും. ബ്രഹ്‌മപുത്രയിലെ വലിയൊരു ദ്വീപായ മജൂലിയുടെ തനതു കിഴങ്ങു വർഗ്ഗമാണോ ഈ മണിക്കിഴങ്ങെന്നറിയില്ല. രുചികൊണ്ട് ഉരുളക്കിഴങ്ങുപോലെത്തന്നെയിരിക്കുന്ന ഈ ഇനം വേറെ എവിടെയും കണ്ടതായി ഓർമ്മയില്ല. കേരളത്തിലെ മലയോര കർഷകർക്കിടയിലും രുചിയിലും ഗുണത്തിലും ഉരുളക്കിഴങ്ങിനോട് ഏറെ സാദൃശ്യമുള്ള ഒരു കിഴങ്ങിനം പ്രചാരത്തിലുള്ളതായി പറഞ്ഞുകേട്ടിട്ടുണ്ട്.

മനുഷ്യന്റെ അടിസ്ഥാന ആഹാരമായി ഉരുളക്കിഴങ്ങു മാറുമ്പോൾ ഉറപ്പായും അതൊരു വാണിജ്യവിഭവവുമാകണം. ഉരുളക്കിഴങ്ങുകൃഷിയിലെ വിളവു കുറവ് രാജ്യങ്ങളെ ദാരിദ്യത്തിലേക്കും മരണത്തിലേക്കും തള്ളിവിട്ടതിന്റെ ചരിത്രമുണ്ട്. വിലകുറഞ്ഞ ഒരിനം എന്ന നിലയിൽനിന്ന് വൈവിധ്യവൽക്കണത്തിലൂടെ അത് പാവപ്പെട്ടവർക്ക് ലഭ്യമാകാത്ത ആഹാരവുമാകുന്നുണ്ട്. സമ്പന്നരെയും മധ്യവർഗക്കാരെയും ഊട്ടാൻവേണ്ടി ഉരുളക്കിഴങ്ങുപോലും കഴിക്കാനില്ലാതെ കോർപ്പറേറ്റുകൾ നിർദ്ദേശിക്കുന്ന മുന്തിയജനുസ്സ് ഉരുളക്കിഴങ്ങ് കൃഷി ചെയ്യേണ്ടിവരുന്ന കർഷകരുടെ കഥകളും വരാൻ തുടങ്ങിയിരിക്കുന്നു.

ആംസ്റ്റർഡാമിൽ രണ്ടു വട്ടം വാൻഗോഗ് മ്യൂസിയത്തിൽ പോയി പൊട്ടാറ്റോ ഈറ്റേഴ്‌സ് അടക്കമുള്ള വാൻഗോഗ് ചിത്രങ്ങൾ കാണാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. കേരളത്തിൽനിന്ന് ഒരു ബഡ്ജറ്റ് യാത്രികനായി യൂറോപ്പിലൂടെ നടക്കുമ്പോൾ നമ്മുടെ ഭക്ഷണത്തിലേക്ക് ചെലവുകുറഞ്ഞ ഇനമായി പിന്നെയും ഉരുളക്കിഴങ്ങ് കടന്നുവരും. ബഡ്ജറ്റ് യാത്രികരെ സംബന്ധിച്ച് മിക്കപ്പോഴും മക്‌ഡൊണാൾഡ് പോലുള്ള ഫുഡ്ഔട്ട്‌ലെറ്റുകളാണ് ആശ്രയം. അവിടെ മിക്ക കോമ്പിനേഷനുമൊപ്പം ഉരുളക്കിഴങ്ങ് നീട്ടിയരിഞ്ഞുണ്ടാക്കുന്ന ഫ്രഞ്ച് ഫ്രൈസ് ഒരു പ്രധാന ഇനമാണ്. വിലക്കുറവു മാത്രമല്ല, യൂണിവേഴ്‌സലായ അതിന്റെ രുചി വല്ലാതെ മടുപ്പിക്കുന്നില്ല എന്നതുകൂടിയാണ് ആകർഷണം. കൊൽക്കത്തയിൽനിന്ന് പടിഞ്ഞാറൻ യൂറോപ്പിലെത്തുമ്പോഴും വഴിയോരക്കടകൾ പുതിയ കുപ്പായമിട്ട് നമ്മെ ഉരുളക്കിഴങ്ങു തീറ്റാൻ കാത്തിരിക്കുന്നത് ഒരു യാഥാർത്ഥ്യമാണ്.▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments