കെ. കണ്ണൻ: 1975ലെ അടിയന്തരാവസ്ഥക്കാലത്താണ് എം. ഗോവിന്ദൻ ‘എഴുത്തോ നിന്റെ കഴുത്തോ' എന്ന ചോദ്യമുന്നയിച്ചത്. അതിനുമുമ്പും പിമ്പും താങ്കൾ ഉൾപ്പെടെയുള്ള എഴുത്തുതലമുറ, കൃത്യമായ പക്ഷത്തോടെ, ഈ ചോദ്യത്തെ സർഗാത്മകമായി അഭിമുഖീകരിച്ചവരാണ്. എഴുത്തിന്റെയും സാംസ്‌കാരിക ഇടപെടലുകളുടെയും ബൗദ്ധികചിന്തയുടെയുമെല്ലാം മേഖലയിൽ സജീവ ഇടപെടൽ നടത്തുന്ന താങ്കളുടെ കാഴ്ചപ്പാടിൽ, താങ്കൾ അടക്കമുള്ള ഇപ്പോഴത്തെ എഴുത്തുകാർക്കുമുന്നിൽ ഇങ്ങനെയൊരു ചോദ്യവും ഇങ്ങനെയൊരു പ്രതിന്ധിയുമുണ്ടോ? ഉണ്ടെങ്കിൽ, അതിനെ കൃത്യമായ പക്ഷത്തുനിന്ന് മറികടക്കാൻ കഴിയുന്നുണ്ടോ?
ഇന്നത്തെ കാലം ആവശ്യപ്പെടുന്ന എഴുത്തിന്റെ രാഷ്ട്രീയം ഏതുവിധത്തിലുള്ളതാകണം എന്നാണ് അഭിപ്രായം? എഴുത്തിന്റെ രാഷ്ട്രീയവും എഴുത്തുകാരുടെ രാഷ്ട്രീയവും തമ്മിൽ വേർതിരിഞ്ഞുപോകുന്ന സന്ദർഭങ്ങളുണ്ടാകാറുണ്ടോ?
സച്ചിദാനന്ദൻ: സത്യസന്ധരായ എഴുത്തുകാർ എന്നും ഭരണകൂടങ്ങൾക്ക് കണ്ണിൽ കരടാണ്. ഇന്ത്യയിൽ മാത്രമല്ല മിക്ക നാടുകളിലും. എന്നാൽ അടിയന്തരാവസ്ഥക്കുശേഷം മനുഷ്യാവകാശങ്ങൾക്കുവേണ്ടി സംസാരിക്കുന്നവർക്ക് ഇത്രയും ഭീകരമായ ഒരവസ്ഥയെ നേരിടേണ്ടിവന്നിട്ടില്ല. ഞാൻ ഇതെഴുതുമ്പോൾ എനിക്ക് പരിചിതയായ ടീസ്ത സെത്തൽവാദ്, സുഹൃത്തായ ആർ. ബി. ശ്രീകുമാർ എന്നിവർ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ഏതുസമയവും ആർക്കെതിരെയും ഒരു സാമ്പത്തിക ക്രമക്കേടോ ദേശദ്രോഹമോ ഗൂഢാലോചനയോ ആരോപിക്കപ്പെടാം എന്ന നിലയാണ്. ഇതിൽനിന്ന് എഴുത്തുകാർക്കുമാത്രമല്ല, പത്രാധിപന്മാർക്കും സിവിൽ സർവീസിലോ പൊലീസ് സർവീസിലോ ഉള്ളവർക്കും ഭരണഘടനാസംരക്ഷകർക്കും രക്ഷയില്ലെന്നു വന്നിരിക്കുന്നു. ഇത് ഒരു വൈയക്തികപ്രശ്‌നമായി കാണുക വയ്യ. ഞാൻ പേരുകൾ നിരത്തേണ്ടതില്ല. അക്കാദമിക്കുകൾ, ചരിത്രകാരന്മാർ, പാട്ടുകാർ, നടീ-നടന്മാർ, ചിത്രകാരർ, അന്വേഷണപരമായ പത്രപ്രവർത്തനം നടത്തുന്നവർ, ദലിത് ചിന്തകർ, ആദിവാസികൾക്കുവേണ്ടി പ്രവർത്തിക്കുന്നവർ, ന്യൂനപക്ഷങ്ങൾക്കുവേണ്ടി നിലപാടെടുക്കുന്നവർ, കോളം എഴുത്തുകാർ, ന്യായാധിപർ, പൊതുവേ ഭരണഘടനയുടെ സംരക്ഷകർ- ആരും ഏതു സമയവും ഭരണകൂടവേട്ടയ്ക്ക് വിധേയരാകാം.
എല്ലാത്തരം സമഗ്രാധിപത്യത്തിന്നുമെതിരായ സ്വതന്ത്ര ജനാധിപത്യത്തിന്റെ സമത്വോന്മുഖ- സർവ്വമതസഹവർത്തിത്വ രാഷ്ട്രീയമായിരിക്കണം ഇന്നത്തെ കാലം ആവശ്യപ്പെടുന്ന എഴുത്തിന്റെ രാഷ്ട്രീയം. എഴുത്തിൽ പ്രതിഫലിക്കുന്ന രാഷ്ട്രീയം ചിലപ്പോൾ എഴുത്തുകാരൻ / എഴുത്തുകാരി ലക്ഷ്യമാക്കുന്നതാകണം എന്നില്ല. ഒരു രചനയുടെ രാഷ്ട്രീയമായ പ്രത്യക്ഷബോധവും അതിന്റെ രാഷ്ട്രീയ അബോധവും വ്യത്യസ്തമാകാം എന്ന് എംഗൽസും ലെനിനും മുതൽ വാൾട്ടർ ബെന്യാമിനും ബ്രെഹ്റ്റും വരെയുള്ളവർ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീവാദിയായ ഒരു സ്ത്രീ, കമ്യൂണിസ്റ്റായ ഒരു പുരുഷൻ, ജനാധിപത്യത്തിനുവേണ്ടി വാദിക്കുന്ന ഒരു ബുദ്ധിജീവി- ഇവരുടെ രചനകൾ എപ്പോഴും തങ്ങൾ പ്രത്യക്ഷത്തിൽ പറയുന്ന മൂല്യങ്ങൾ പ്രതിഫലിപ്പിക്കണം എന്നില്ല. ഫ്രെഡ്രിക് ജെയിംസൺ പാഠത്തിന്റെ ഈ അബോധത്തെ ‘പൊളിറ്റിക്കൽ അൺകോൺഷ്യസ്' എന്നുവിളിച്ചു. എഴുത്തുകാർ അറിയാതെ അവരുടെ രചനകളിൽ അവരുടെ ഉള്ളിലുള്ള മുൻവിധികൾ കടന്നുവന്നേക്കാം. നമ്മുടേതുപോലെ ഒരു കാലത്ത് ഇത് കൂടുതൽ വ്യാപകമാണ്. ജാതി, മതം, വർഗ്ഗം... ഇങ്ങനെ പലതും എഴുത്തുകാരുടെ ബാഹ്യവിശ്വാസത്തെ ചോദ്യം ചെയ്യും വിധം രചനയിൽ പ്രതിഫലിച്ചേക്കാം. നമ്മുടെ പല അറിയപ്പെടുന്ന ലിബറൽ ചിന്തകരും ഹിന്ദുത്വത്തെ അനുകൂലിക്കുന്നതായി ചിലപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടില്ലേ? അല്ലെങ്കിൽ ഇടതുപക്ഷ രാഷ്ട്രീയ കക്ഷികളിലുള്ളവർ റഷ്യയിലും ചൈനയിലും ഇന്ന്നിലവിലുള്ള പ്രച്ഛന്നമുതലാളിത്തത്തെ അനുകൂലിക്കുന്നത്? അഥവാ ജനാധിപത്യനേതാക്കൾ ഏകാധിപത്യം ആഗ്രഹിക്കും പോലെ തോന്നുന്നത്?
എന്റെ ഇടതുപക്ഷസങ്കൽപ്പത്തിൽ മാർക്‌സും പിറകേ വന്ന സ്റ്റാലിനിസ്റ്റുകൾ അല്ലാത്ത മാർക്‌സിസ്റ്റ് ചിന്തകരും ഗാന്ധിയും അംബേദ്കറും ഉണ്ട്. ഒരു പക്ഷെ പിറകോട്ടുപോയാൽ ക്രിസ്തുവിലും മുഹമ്മദിലും ബുദ്ധനിലും ഭാവിസമൂഹത്തെക്കുറിച്ചുള്ള മൂല്യപരമായ ചില യോജിപ്പുകൾ കാണാനായേക്കാം.
ഇടതുപക്ഷ ജനാധിപത്യ രാഷ്ട്രീയം പിന്തുടരുന്ന ആളാണ് താങ്കൾ എന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. ഇടതുപക്ഷത്തെ കക്ഷിരാഷ്ട്രീയമായി തെറ്റിധരിക്കുന്ന ഒരു പൊതുബോധം നിലനിൽക്കുന്ന കേരളത്തെപ്പോലൊരു സമൂഹത്തിൽ, താങ്കളുടെ ഇടതുപക്ഷത്തെ എങ്ങനെ കൃത്യമായി വ്യാഖ്യാനിക്കാം? എഴുത്തുകാരെ സംബന്ധിച്ച് അവരുടെ എഴുത്ത് അടക്കമുള്ള സർഗക്രിയകൾ തന്നെയാണല്ലോ അവർ ജീവിക്കുന്ന കാലത്തോടുള്ള പ്രതികരണം എന്നുപറയുന്നത്. എഴുത്തുകാർക്കുമേൽ പ്രതികരണം എന്നത് ഒരു ബാദ്ധ്യതയെന്ന മട്ടിൽ അടിച്ചേൽപ്പിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?
സ്വാതന്ത്ര്യം, വർഗ- ലിംഗ - വംശ- വർണ- സമത്വം, ജനാധിപത്യം, വിശ്വാസികൾ തമ്മിൽ തമ്മിലും വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള സഹവർത്തിത്വം, പരിസ്ഥിതിവിനാശകമല്ലാത്ത വികസനം: ഇവയിലുള്ള വിശ്വാസമാണ് ഇടതുപക്ഷ നിലപാടിന്റെ അടിസ്ഥാന മൂല്യങ്ങൾ. എന്റെ ഇടതുപക്ഷസങ്കൽപ്പത്തിൽ മാർക്‌സും പിറകേ വന്ന സ്റ്റാലിനിസ്റ്റുകൾ അല്ലാത്ത മാർക്‌സിസ്റ്റ് ചിന്തകരും ഗാന്ധിയും അംബേദ്കറും ഉണ്ട്. ഒരു പക്ഷെ പിറകോട്ടുപോയാൽ ക്രിസ്തുവിലും മുഹമ്മദിലും ബുദ്ധനിലും ഭാവിസമൂഹത്തെക്കുറിച്ചുള്ള മൂല്യപരമായ ചില യോജിപ്പുകൾ കാണാനായേക്കാം, അവർ തങ്ങളുടെ കാലത്തെ ഭാഷ സംസാരിച്ചു എന്നേയുള്ളൂ. ശ്രീനാരായണനിലും ഇത് കണ്ടേക്കാം. ഇതു കണ്ടെത്താൻ സ്ഥാപനങ്ങളെയും ആചാരങ്ങളെയും മറ്റും വകഞ്ഞുമാറ്റി അവരുടെ ചിന്തകളുടെ പ്രഭവത്തിലേക്ക് സഞ്ചരിക്കണം. വർഗ്ഗീയതയിൽനിന്ന് ആത്മീയതയിലേക്കുള്ള ദൂരം മുഴുവൻ താണ്ടണം. എനിക്കറിയാം, കേരളത്തിൽ ഇങ്ങനെ ഒരു സമീപനം പുലർത്തുക ഒട്ടും അനായാസമല്ലെന്ന്, എല്ലാ ഭാഗത്തുനിന്നും സംശയിക്കപ്പെടുകയും ശകാരിക്കപ്പെടുകയും ചെയ്യുമെന്ന്. കക്ഷികളിലും ഗ്രൂപ്പുകളിലും കൂടി മാത്രം എല്ലാം വിലയിരുത്തുന്നതാണ് എന്തും കറുപ്പും വെളുപ്പും മാത്രമായി കാണുന്ന, സൈബർലോകത്തും മറ്റും വിഹരിക്കുന്ന, നമ്മുടെ വിദ്വേഷനിർഭരമായ ഭൂരിപക്ഷസമൂഹം.
എഴുത്തുകാർ കൂടുതൽ കൂടുതലായി എല്ലാത്തരം സമഗ്രാധിപത്യങ്ങളുടെയും മതത്തിന്റെ ആയാലും വർഗ്ഗത്തിന്റെ ആയാലും- വിപത്ത് തിരിച്ചറിയുന്നുണ്ട്. പലതരം അധീശത്വങ്ങൾക്കെതിരെ അവർ നിലപാടെടുക്കുന്നു. അതുകൊണ്ട് തന്നെ പലതരം ഭീഷണികളും നേരിടുന്നു. കലയെ അലങ്കാരമായി കാണുന്നവർക്ക് ഇത് ബാധകമല്ല. പക്ഷെ കല സാക്ഷ്യവും പ്രതിരോധവും കൂടിയാണ് എന്ന് വിശ്വസിക്കുന്നവർക്ക് കലയുടെ അനശ്വരതയെക്കുറിച്ചുള്ള ഭ്രമങ്ങൾ ഒന്നും തന്നെയില്ല.
എഴുത്ത് ഒരു സങ്കീർണ പ്രക്രിയയാണ്. അത് എപ്പോഴും കറുപ്പും വെളുപ്പുമായി കാര്യങ്ങളെ കാണണം എന്നില്ല. പക്ഷെ പലപ്പോഴും ആളുകൾ, മുഖ്യധാരാ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെ, പ്രതീക്ഷിക്കുന്നത് ഏതെങ്കിലും രാഷ്ട്രീയകക്ഷിയുടെയോ ഗ്രൂപ്പിന്റെയോ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങളാണ്. സ്വതന്ത്രവീക്ഷണങ്ങളെ നമുക്ക് ഭയമാണ്. ആ ഭയത്തിന്റെ ചേറിലാണ് ഫാഷിസത്തിന്റെ മുതല വളരുന്നത്. കഥയോ കവിതയോ ഭാവനാത്മക വ്യവഹാരങ്ങളോ അല്ല, ഉവ്വ് അല്ലെങ്കിൽ ഇല്ല എന്ന ഋജുപ്രസ്താവങ്ങളാണ് പലരും എഴുത്തുകാരിൽനിന്ന് പ്രതീക്ഷിക്കുന്നത്. എന്നല്ല, ഏതു നിസ്സാരമായ രാഷ്ട്രീയ- സാമൂഹ്യപ്രശ്‌നത്തിലും എല്ലാ എഴുത്തുകാരും പ്രതികരിച്ചുകൊണ്ടിരിക്കണം എന്നും അവർ ആഗ്രഹിക്കുന്നു. അസാദ്ധ്യമാണ് അത്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.