ഓട്ടൻ തുള്ളൽ / Photo: Wikimedia Commons

തുള്ളൽ മരുന്ന്

21ാം നൂറ്റാണ്ടിലും കുഞ്ചൻ നമ്പ്യാർ ഒരു സാധ്യതയാണ്. ഭരണകൂടത്തോടും ദൈവത്തോടും അധികാരത്തോടുമുള്ള സമൂഹത്തിന്റെ ഭയം ഒഴിയാനുള്ള തുള്ളൽമരുന്ന്!

കേരളത്തെ സംബന്ധിച്ച് 18ാം നൂറ്റാണ്ടും 21ാം നൂറ്റാണ്ടും തമ്മിലുള്ള വ്യത്യാസമെന്താണ്? മനുഷ്യന്റെ ജീവിതം കവിതയിലേതുപോലെ വൃത്തങ്ങളിൽ നിന്നഴിഞ്ഞ് ജ്യാമിതീരഹിതമായ തുറസ്സുകളിലേക്ക് എത്രമാത്രം മാറിയിട്ടുണ്ട്?

അധികാരത്തിന്റെ വൃത്തങ്ങൾ, ജാതിയുടെ വൃത്തങ്ങൾ, സ്‌നേഹത്തിന്റെ വൃത്തങ്ങൾ, പ്രതികാരത്തിന്റെ വൃത്തങ്ങൾ, സംവേദനത്തിന്റെ വൃത്തങ്ങൾ, രാഷ്ട്രീയ ബോധത്തിന്റെ വൃത്തങ്ങൾ തുടങ്ങി നാനാതരം വിനിമയങ്ങൾ അതിന്റെ അതിരുകളെ പുനർനിർവചിചിട്ടുണ്ടോ? ഏതെങ്കിലും സ്ഥാപനങ്ങൾ അതുൾക്കൊള്ളുന്ന വൃത്തങ്ങളുടെ പരിധിയെ ക്രിയാത്മകമായി ലംഘിച്ചിട്ടുണ്ടോ? 21ാം നൂറ്റാണ്ടിന്റെ വാതിൽപ്പടിയിലിരുന്ന് 18ാം നൂറ്റാണ്ടിൽ ജീവിച്ച കുഞ്ചൻ നമ്പ്യാരെ ഓർത്തപ്പോൾ പൊന്തിവന്ന ചോദ്യങ്ങളാണ്.

ജാതിവ്യവസ്ഥയുടെ തദ്ദേശീയക്രമത്തിൽ അമർന്നുപോയ അടിമ ജനതയുടെ ശരീരവും കലയും എന്തായിരുന്നു എന്ന ചോദ്യത്തിലേക്കാണ് കുഞ്ചൻ നമ്പ്യാരുടെ കാവ്യബുദ്ധി വിരൽ ചൂണ്ടുന്നത്

ചിലതരം വൃത്തങ്ങൾ പൂർണമായും മായ്ക്കപ്പെടുന്നില്ല എന്നാണ് ചരിത്രം പറയുന്നത്. പുതിയ വൃത്തങ്ങളോ വൃത്തബാഹ്യമായ മറ്റ് രൂപങ്ങളോ സൃഷ്ടിക്കാൻ ചരിത്രം മനുഷ്യനെ സഹായിച്ചിട്ടുണ്ടെങ്കിലും ചാർളി ചാപ്ലിനെ പോലെ സമയചക്രത്തിന്റെ ചുറ്റുവട്ടത്തിനുള്ളിൽ പുതിയതാകാനുള്ള കൊതിയിൽ ഓരോ മനുഷ്യനും കാലത്തിന്റെ സൂചികളുമായി പോരാടുന്നു.

കുഞ്ചൻ നമ്പ്യാരുടെ കാലത്ത് ആധുനിക യന്ത്രങ്ങളോ പൽചക്രങ്ങളോ ഇല്ലായിരുന്നു. പൊതുസമൂഹത്തിന് തന്നിഷ്ടപ്രകാരം ജീവിതസമയം ക്രമീകരിക്കാനായിട്ട് അധികം കാലമായിട്ടില്ല. സമൂഹവുമായി ചേർന്നു നിൽക്കുമ്പോഴും സ്വന്തം സമയം സമൂഹത്തിന്റെ സമയവുമായി ചേർന്നുപോകാത്ത ദുരവസ്ഥ ജനാധിപത്യകാലത്തും മനുഷ്യർ അനുഭവിച്ചു കൊണ്ടിരിക്കുന്നു. 18ാം നൂറ്റാണ്ടിലെ കേരള സമൂഹത്തിന്റെ സമയം നിർണയിച്ചത് ഇവിടം ഭരിച്ച രാജാക്കന്മാരും ബ്രാഹമണരുമായിരുന്നു. ജീവിതത്തിന്റെ ക്രമവും സമയവും സ്വയമേവ നിർവചിക്കാനോ നിർണയിക്കാനോ അർഹതയില്ലാതിരുന്ന അടിമ ജനത കൂടി ഉൾപ്പെടുന്ന സമൂഹത്തിലേക്കാണ് നമ്പ്യാർ കണ്ണുകൾ തുറന്നുവെച്ചത്. സമൂഹത്തിന്റെ സമയം അയാളെ സംബന്ധിച്ച് കവിതയുടെയും ജീവിതത്തിന്റെയും സമയം കൂടിയായിരുന്നു. കേരളത്തിലെ ക്രിയാത്മക സമൂഹങ്ങളിൽ പ്രധാനപ്പെട്ട പറയൻ, പുലയൻ, വേലൻ, പാണൻ, കണിയാൻ, കുറവൻ തുടങ്ങിയ സമുദായങ്ങളുടെ കലാപ്രയോഗ പദ്ധതികളെ ആശ്രയിച്ച് ഇതിഹാസ പുരാണ കഥകളുടെ അവതരണസാദ്ധ്യതയെ തുള്ളൽ എന്ന സങ്കേതത്തിലൂടെ പുനർനിർവചിച്ച കലാകാരനും കവിയുമാണ് കുഞ്ചൻ നമ്പ്യാർ.

അമ്പലപ്പുഴയിലെ കുഞ്ചൻ നമ്പ്യാർ സ്മാരകം / Photo: Wikimedia Commons

പ്രധാനമായും രണ്ടുതരം ധാരകളിൽ നിന്നുള്ള ഊർജം ഉൾക്കൊണ്ടാണ് കുഞ്ചൻ നമ്പ്യാർക്ക് മുൻപുണ്ടായിരുന്ന മലയാള കവിതാ സാഹിത്യം വികസിച്ചുവന്നത്. ഒന്ന്, മേൽ സൂചിപ്പിച്ച ക്രിയാത്മക സമൂഹങ്ങൾ മനോശരീരമൂർത്തമായ പാരമ്പര്യത്തിലൂടെ തുള്ളിയും പാടിയും പ്രകാശിപ്പിച്ച ദ്രാവിഡ സ്വഭാവമുള്ള രൂപങ്ങൾ. സംസ്‌കൃതത്തിന്റെ സ്വാധീനത്തിൽ രൂപം കൊണ്ടവയായിരുന്നു രണ്ടാമത്തെ രൂപങ്ങൾ. ശരീരവും ഭാഷയും കേന്ദ്രമാക്കിയാണ് രണ്ടുധാരകളും വികസിച്ചതെങ്കിലും നമ്പ്യാർക്ക് മുൻപുള്ള കാവ്യരൂപങ്ങളുടെ വികാസപടർച്ചകൾ ഭാഷാകേന്ദ്രിതമായ കൊടുക്കൽവാങ്ങലുകളിലൂടെയാണ് കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. കാവ്യാവതരണവുമായി ബന്ധപ്പെട്ട സന്ദർഭങ്ങളിൽ ശരീരവും ഭാഷയും രണ്ട് സംവർഗങ്ങളായി തരംതിരിക്കുന്നതിലെ അനൗചിത്യം 21ാം നൂറ്റാണ്ടിലെ കവികളും തുടരുന്നുണ്ടെങ്കിലും മനുഷ്യശരീരം എത്രമാത്രം ഭാഷയുമായി ഇടകലർന്നു നിൽക്കുന്നുവെന്ന് മലയാള കാവ്യചരിത്രം തന്നെ സാക്ഷ്യം പറയുന്നുണ്ട്. ശരീരവും ഭാഷയും ഒന്നാണെന്ന ബോധ്യവും ശരീരസമേതമായ കാവ്യസങ്കേതം അവതരണോപകരണമാണെന്നും തിരിച്ചറിഞ്ഞ കവിയാണ് കുഞ്ചൻ നമ്പ്യാർ. കവിതയിലൂന്നിയുള്ള വസ്തുബോധവും ശരീരബന്ധിയായ കർതൃത്വബോധവും ഒരുമിച്ചു നിൽക്കുന്നതിന്റെ ഉത്സവമാണ് നമ്പ്യാരുടെ തുള്ളൽ എന്ന് പറയാൻ കഴിയും.

നമ്പ്യാർ ഭാഷക്കുമപ്പുറം ദ്രാവിഡശരീരപ്രയോഗങ്ങളെകൂടി തന്റെ കലാവസ്തുവാക്കി എന്നതാണ് മലയാളകാവ്യാവതരണ ചരിത്രത്തിലുള്ള അദ്ദേഹത്തിന്റെ സുപ്രധാനമായ ഇടപെടൽ.

ജാതിവ്യവസ്ഥയുടെ തദ്ദേശീയക്രമത്തിൽ അമർന്നുപോയ അടിമ ജനതയുടെ ശരീരവും കലയും എന്തായിരുന്നു എന്ന ചോദ്യത്തിലേക്കാണ് കുഞ്ചൻ നമ്പ്യാരുടെ കാവ്യബുദ്ധി വിരൽ ചൂണ്ടുന്നത്. കേരളത്തിലെ ടൂറിസ്റ്റ് പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്ന "പൈതൃക' സ്വഭാവമുള്ള രൂപങ്ങൾ മിക്കതും "ക്ലാസിക്കൽ' എന്ന് ഇനം തിരിച്ച കലാരൂപങ്ങളുടെ ശരീരബിംബങ്ങൾ കൊണ്ടാണ് ഏറെക്കുറെ വിനിമയം ചെയ്യപ്പെട്ടിട്ടുള്ളത്. ‘പൈതൃകം' എന്നും ‘ക്ലാസിക്കൽ' എന്നുമുള്ള നാമകരണത്തിൽ ഉൾചേർന്ന സാമൂഹ്യ ഭാവനയെ പരിശോധിച്ചാൽ കേരളത്തിൽ നിലനിന്നുപോന്ന ആര്യ/ദ്രാവിഡ പാരമ്പര്യങ്ങളുടെ സത്താപരമായ വിടർച്ചകളെ എളുപ്പം മനസ്സിലാക്കാം. ഔദ്യോഗികമായി മാനകം ചെയ്യപ്പെട്ട തദ്ദേശീയവും വിദേശീയവുമായ ബോധത്തിൽ നിന്നാണ് ലോകത്താകമാനം ക്ലാസിക്കൽ/ഫോക്ക് എന്ന ദ്വന്ദം അതിന്റെ അടിസ്ഥാനപരമായ വിഭിന്നതയെ സ്ഥാപനവൽക്കരിച്ചിട്ടുള്ളത്. ദ്രാവിഡ പാരമ്പര്യത്തിലുള്ള കലാവിനിമയങ്ങൾ ഒന്നും "പൈതൃക'മല്ല, മറിച്ച് അമ്മ ദൈവത്തിന്റെ അനുഷ്ഠാന സ്വഭാവങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞതാണെന്ന് സ്ഥാപിക്കാൻ തെളിവന്വേഷിച്ച് പരക്കം പായേണ്ടതില്ല.

കേരളത്തിന്റെ അവതരണ പാരമ്പര്യങ്ങളിലെറെയും മാതൃകേന്ദ്രിതമായ ഒരു സത്താപരതയെ ഉള്ളേറ്റുന്നുവെന്ന് ഇവിടുത്തെ അനുഷ്ഠാന ചരിത്രം പരിശോധിച്ചാൽ മതി. ശൈവിസത്തോടും ബുദ്ധ-ജൈന വിശ്വാസങ്ങളോടും താദാത്മ്യം പ്രാപിച്ച സംഘകാല ദേവതകളുടെ പാരമ്പര്യത്തിലൂടെ തുടരുന്ന അനുഷ്ഠാനാത്മകവിശ്വാസത്തിന്റെ ശേഷിപ്പുകളാണ് പടയണി, മുടിയേറ്റ്, തൂക്കം തുടങ്ങിയ രൂപങ്ങളിൽ നിഴലിച്ചുകിടക്കുന്നത്. ‘മാതൃകം' എന്ന ഭാഷയിലാണ് അതിന്റെ വേരുകൾ പടർന്നുകിടക്കുന്നത്. അത്തരം രൂപങ്ങളുടെ ആന്തരികതയെ സ്വാംശീകരിച്ച നമ്പ്യാരിലും മാതൃപാരമ്പര്യത്തിലൂന്നിയ അവതരണങ്ങളുടെ ശാരീരികോർജ്ജമാണ് അവതരണത്തിന്റെ ആധാരശിലയായി വർത്തിച്ചത്. പറയന്റെ പാക്കനാർ തുള്ളലും, കണിയാന്റെ കോലം തുള്ളലും, പുലയന്റെ ആചാരവഴക്കവും സ്വാംശീകരിച്ചു കൊണ്ടുള്ള ഒരു സമീകരണം തുള്ളൽക്കലയുടെ വികാസപരിണാമങ്ങളിൽ ശക്തിരൂപങ്ങളായി പ്രവർത്തിച്ചിരുന്നു.

ദ്രാവിഡപാരമ്പര്യത്തിൽ നിന്ന് ഭാഷയെ മാത്രമല്ല പകരം ശരീരത്തെ കൂടി സ്വാംശീകരിച്ചുകൊണ്ടുള്ള ഒരു സങ്കേതത്തിന്റെ സാധ്യതകളാണ് നമ്പ്യാർ പരീക്ഷിച്ചത്. ചീരാമനും കണ്ണശനും എഴുത്തച്ഛനും ഭാഷയുടെ സമ്മിശ്ര പ്രകരണങ്ങളെ അറിവിന്റെയും കവിതയുടെയും സാധ്യതകളായി കണ്ടപ്പോൾ, നമ്പ്യാർ ഭാഷക്കുമപ്പുറം ദ്രാവിഡശരീരപ്രയോഗങ്ങളെകൂടി തന്റെ കലാവസ്തുവാക്കി എന്നതാണ് മലയാളകാവ്യാവതരണ ചരിത്രത്തിലുള്ള അദ്ദേഹത്തിന്റെ സുപ്രധാനമായ ഇടപെടൽ.

കുഞ്ചൻ നമ്പ്യാരുടെ ഛായാചിത്രം

അറിവും അക്ഷരവും നിഷേധിക്കപ്പെട്ടവരുടെ കല എന്തായിരിക്കും എന്ന ചോദ്യത്തിൽ നിന്നാണ് വാമൊഴി പാരമ്പര്യത്തിന്റെയും ശരീരപാരമ്പര്യങ്ങളുടെയും പ്രസക്തി നമുക്കുമുന്നിൽ വെളിവാകുന്നത്. എഴുതാനും വായിക്കാനും സമ്മതിച്ചില്ലെങ്കിൽ മനുഷ്യർ അത് ചൊല്ലാൻ തുടങ്ങും. അല്ലെങ്കിൽ തങ്ങളുടെ പ്രകാശനങ്ങളെ ശരീരകേന്ദ്രിതമായ അവതരണങ്ങളിലൂടെ വിനിമയം ചെയ്യും. ഇത്തരത്തിൽ ലിപിയും അക്ഷരവും നിഷേധിക്കപ്പെട്ടവരുടെ ശരീരത്തെയാണ് നമ്പ്യാർ ഏറ്റെടുത്തത്. ലിപി നിഷേധിക്കപ്പെട്ടവരുടെ ആനന്ദവും പ്രപഞ്ഞാന്വേഷണവും അവർ ആചരിച്ച തുള്ളലുകളിലും ചാറ്റുകളിലുമാണ് നിലനിന്നിരുന്നത്. ഭാഷയ്‌ക്കൊപ്പം അരികുവത്ക്കരിക്കപ്പെട്ട കലാശരീരങ്ങളുടെ മൂർത്തതയെക്കൂടി സംക്രമിപ്പിച്ചു കൊണ്ടുള്ള ഒരു അവതരണകാവ്യപ്രസ്ഥാനം നിർമിച്ചതിലൂടെ കുഞ്ചൻ നമ്പ്യാർ സങ്കീർണമായ ഒരു കവിതാധാരയ്ക്ക് നാന്ദികുറിക്കുകയാണ് ചെയ്തത്.

കേരളത്തിലെ അടിസ്ഥാന ക്രിയാത്മക സമൂഹങ്ങളുടെ ജ്ഞാനരൂപീകരണവും കലാസമ്പർക്കങ്ങളും എങ്ങനെ പ്രവർത്തിച്ചു എന്നതിന്റെ അന്വേഷണം കൂടി തുള്ളൽകലയുടെ ഉത്ഭവപരിസരത്തെ മനസ്സിലാക്കാൻ കൂടുതൽ സഹായിക്കും. മേൽത്തട്ട് സമുദായങ്ങളുടെ ആത്മകേന്ദ്രിതമായ ജ്ഞാനപാരമ്പര്യങ്ങൾക്കൊപ്പം സമാന്തരമായ ഒരു അറിവുലോകം കൂടി ഇവിടെ സജീവമായി നിലനിന്നിരുന്നു. തൊഴിൽ അല്ലെങ്കിൽ അടിമവേല എന്ന സങ്കീർണമായ കർതൃത്വപരിധിക്കുള്ളിൽ നിന്നാണ് ആര്യവത്ക്കരണത്തിനു ശേഷമുള്ള ഇവിടുത്തെ അടിസ്ഥാന ക്രിയാത്മക സമൂഹങ്ങളുടെ കലയും ജീവിതവും വികസിച്ചുവന്നിട്ടുള്ളത്. ശരീരമായിരുന്നു ഇങ്ങനെയൊരു കർതൃത്വത്തിന്റെ അടിസ്ഥാന ഘടകം. വാമൊഴി കേന്ദ്രിതമായ ഒരു ജ്ഞാന പാരമ്പര്യമാണ് ഇന്ത്യ മുഴുക്കെ എല്ലാ ആദിമ സമൂഹങ്ങളിലും നിലനിന്നതെങ്കിലും ജാതിവ്യവസ്ഥയുടെ വിഷമവൃത്തത്തിനുള്ളിൽ അരികുജീവിതം നയിക്കേണ്ടിവന്ന മനുഷ്യരുടെ മനോശരീരമൂർത്തത സങ്കീർണമായ സാമൂഹിക ചരിത്രത്തിന്റെ പ്രതിസന്ധിക്കുള്ളിൽ ലിപിരഹിതമായ ആകാരങ്ങളിൽ നിന്നാണ് ഉരുത്തിരിഞ്ഞത്.

ശുദ്ധമായ ഒരു സംസ്‌ക്കാരത്തിന്റെ നിർണയബിന്ദുവിൽ മാത്രം കലയുടെ സാദ്ധ്യതകളെ കേന്ദ്രീകരിക്കാതെ സമ്മിശ്രമായ ഒരു അവതരണ സങ്കേതം നമ്പ്യാരിലൂടെ ഉദ്ഘാടനം ചെയ്യപ്പെട്ടു.

ബ്രാഹ്‌മണിക/വൈദികമൂല്യങ്ങളും ജ്ഞാനപദ്ധതികളും ഇതിഹാസങ്ങളിലൂടെയും പുരാണങ്ങളിലൂടെയും അക്ഷരം നിഷിദ്ധമായിരുന്ന കീഴ്തട്ടുജനതയിലേക്ക് സംക്രമിപ്പിച്ച ഭക്തിപ്രസ്ഥാനം ഭാഷയിൽ കേന്ദ്രീകരിച്ച ഒരു വിനിമയമായിരുന്നു. വൈദികപാരമ്പര്യത്തെ പ്രക്ഷേപിക്കുന്ന ശരീരാവതരണങ്ങൾ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വികസിച്ചെങ്കിലും അതിന്റെ പ്രകടന സ്ഥലികൾ മേൽത്തട്ട് വ്യവഹാരങ്ങളുമായി മാത്രം ബന്ധപ്പെട്ടതായിരുന്നു. തുള്ളലിനെ ക്ഷേത്രകലയായി അടയാളപ്പെടുത്തുന്നുണ്ടെങ്കിലും സാഹോദര്യ സ്വഭാവമുള്ള ജനകീയ ഇടങ്ങളായിരുന്നു അതിന്റെ അവതരണവേദി. അതുവരെ നിലനിന്നിരുന്ന മേൽക്കൂര- അടിത്തട്ട് ക്രമത്തെ നമ്പ്യാർ തുള്ളലിന്റെ പ്രകാശനത്തിലൂടെ പൊളിച്ചുമാറ്റുകയായിരുന്നു. ശുദ്ധമായ ഒരു സംസ്‌ക്കാരത്തിന്റെ നിർണയബിന്ദുവിൽ മാത്രം കലയുടെ സാദ്ധ്യതകളെ കേന്ദ്രീകരിക്കാതെ സമ്മിശ്രമായ ഒരു അവതരണ സങ്കേതം നമ്പ്യാരിലൂടെ ഉദ്ഘാടനം ചെയ്യപ്പെട്ടു.

കുഞ്ചൻ നമ്പ്യാർ ഉപയോഗിച്ച മിഴാവ് / Photo: Wikimedia Commons

അടിസ്ഥാന ക്രിയാത്മക സമൂഹങ്ങളുടെ ശരീരപാരമ്പര്യങ്ങളെ സ്വാംശീകരിച്ച് തനിക്കാവശ്യമായ അവതരണശരീരത്തെ നമ്പ്യാർ എങ്ങനെയാണ് സൃഷ്ടിച്ചത് എന്ന ചോദ്യവും പ്രസക്തമാണ്. ക്ഷേത്ര വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്ന നമ്പ്യാന്മാർ പ്രധാനമായും മിഴാവുവാദകരായിരുന്നു. ഉറങ്ങിപ്പോയ നമ്പ്യാരുടെ കെട്ടുകഥയിൽ ഉറക്കം എന്ന പ്രവൃത്തി മാത്രമാണ് ഒരുപക്ഷെ തുള്ളലിന്റെ ഉണർച്ചയ്ക്ക് കാരണമായി ഭവിച്ചത്. മനുഷ്യശരീരത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉറക്കം. എന്നാൽ ഏതെങ്കിലും പ്രവൃത്തി ചെയ്യുമ്പോഴുള്ള ഉറക്കം ആ പ്രവൃത്തിയോടുള്ള മടുപ്പുമായി കൂടി ബന്ധപ്പെട്ടുനിൽക്കുന്നതാണ്. താളവാദ്യക്കാരൻ എന്ന നിലയിൽ മിഴാവ് വായിക്കുമ്പോഴുള്ള നമ്പ്യാരുടെ ഉറക്കം അലസതയോ ശരീരക്ഷീണമോ ഒക്കെയായി വായിക്കാമെങ്കിലും ഒരു കവിയെ സംബന്ധിച്ച് അപ്രതീക്ഷിതമായ ഒരുറക്കത്തിനു ശേഷം സംഭവിക്കുന്ന പെട്ടെന്നുള്ള ഉണർച്ച പുതുതാവാനുള്ള കൊതിയെ സൂചിപ്പിക്കുന്നു.

തുള്ളലിൽ ഊന്നിയുള്ള തെളിച്ചവും കൃത്യതയുമാണ് കേരളത്തിലെ ആദിമ ജാതിസമൂഹങ്ങളുടെ ശരീരകേന്ദ്രിതമായ അറിവിന്റെയും കലയുടെയും മൂലധനങ്ങളിൽ ഒന്ന്.

കുട്ടനാട്ടിലേക്ക് ചേക്കേറിയ കുഞ്ചൻനമ്പ്യാരുടെ ശരീരം മധ്യകേരളത്തിലെ ക്രിയാത്മക സമൂഹങ്ങളുടെ അവതരണ പാരമ്പര്യവുമായി ജാതിഭേദമന്യേ സങ്കരപ്പെടുന്ന സാഹചര്യമാണുണ്ടായത്. അക്ഷരത്തോടൊപ്പം ശരീരകലകളും പരിശീലിച്ച കുഞ്ചൻ നമ്പ്യാർ മൊഴിവഴക്കവും മെയ്ത്താരിയും ഒരേപോലെ സംയോജിപ്പിച്ചാണ് തുള്ളലിന് അടിത്തറ പാകിയത്. കൂത്തും കൂടിയാട്ടവും പ്രയോഗിച്ചു ശീലിച്ച ശരീരത്തിലേക്കാണ് കളരിപ്പയറ്റിന്റെയും വേലകളിയുടെയും പടയണിയുടെയും പാക്കനാർ തുള്ളലിന്റെയും കോലം തുള്ളലിന്റെയും ശരീരഭാഷ നമ്പ്യാർ ആവഹിച്ചത്. നായന്മാരുടെ ആയോധന പാരമ്പര്യവുമായി ബന്ധപ്പെട്ടാണ് കളരിപ്പയറ്റെന്ന ശരീരകല കേരളത്തിൽ അടയാളപ്പെടുന്നത്. മധ്യകേരളത്തിലെ ഇടനാടൻ പാട്ടുകൾ പരിശോധിച്ചാൽ നായരേതരമായ ജാതിസമൂഹങ്ങൾ കൂടി അവരുടെതായ പയറ്റുവിദ്യകൾ പരിശീലിചിരുന്നതിന്റെ തെളിവുകൾ ലഭ്യമാണ്.

മധ്യകേരളത്തിൽ നിലനിന്നിരുന്ന 18 കളരികളെ പറ്റി ചെങ്ങന്നൂരാതിയുടെ പാട്ടിൽ പരാമർശമുണ്ട്. വൈദികപാരമ്പര്യത്തിലുള്ള ജ്ഞാനവിദ്യയ്ക്ക് സമാന്തരമായി അടിസ്ഥാന ക്രിയാത്മക സമൂഹങ്ങൾ കാവും കളരിയും കേന്ദ്രീകരിച്ച് വികസിപ്പിച്ചെടുത്ത സമാന്തര വിദ്യാഭ്യാസത്തെപറ്റിയുള്ള പരാമർശങ്ങളും ചെങ്ങന്നൂരാതിയുടെ കഥയിലുണ്ട്. മധ്യകേരളത്തിൽ നിലനിന്നിരുന്ന കളരിമുറകളായിരുന്നു തുള്ളലിന്റെ മെയ്‌വഴക്കത്തിനു നമ്പ്യാരെ സഹായിച്ചത്. തുള്ളലിന് ആവശ്യമായ കായബലം അദ്ദേഹം സിദ്ധിച്ചത് ദ്രോണമ്പള്ളി ആചാര്യന്റെയും നന്തിയാട്ട് ഉണ്ണിരവിക്കുറുപ്പിന്റെയും ശിഷ്യത്വത്തിലാണെന്ന് സൂചനകളുണ്ട്. കൂടാതെ പറയൻ, ശീതങ്കൻ, ഓട്ടൻ തുടങ്ങി മൂന്ന് വിധത്തിലുള്ള തുള്ളൽശൈലികൾ പറയരുടെയും പുലയരുടെയും കണിയാരുടെയും അനുഷ്ഠാന കലകളിൽ നിന്നാണെന്ന് അതിന്റെ ആഹാര്യവും ശരീരഭാഷയും തെളിവു തരുന്നു.
സംഘകാല കൃതികളായ തൊൽക്കാപ്പിയം, കുറുംതൊകൈ, കലിത്തൊകൈ, ചിലപ്പതികാരം തുടങ്ങിയവയിലെല്ലാം ശരീരാവതരണങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് മലയാളത്തിൽ കാണുന്ന ആട്ടം, കൂത്ത് തുടങ്ങിയ വാക്കുകൾ പ്രയോഗിക്കപ്പെടുന്നതായി കാണാം. മേൽസൂചിപ്പിച്ച വാക്കുകളിൽ നിന്ന് വ്യത്യസ്തമായി ശരീരത്തിന്റെ സ്വാഭാവികതയുമായി ഏറ്റവും കൂടുതൽ അടുത്തുനിൽക്കുന്ന പദമാണ് തുള്ളൽ. പേടി കൊണ്ടും സന്തോഷം കൊണ്ടും തുള്ളുന്നവരുണ്ട്. പനി കൊണ്ടും ആവേശം കൊണ്ടും തുള്ളുന്നവരുണ്ട്. ദേവതക്കുമുന്നിൽ നടത്തപ്പെടുന്ന ശരീരാവേശിതമായ ചലനം സൂചിപ്പിക്കാനാണ് അനുഷ്ഠാന പാരമ്പര്യങ്ങളിൽ തുള്ളൽ എന്ന വാക്ക് ഉപയോഗിച്ചുപോരുന്നത്. ശരീരത്തെ ചുറ്റിക പോലെ ഭൂമിയിലേക്ക് അടിക്കുന്ന ലംബമാനമായ ചലനമാണ് നമ്പ്യാർക്കും മുൻപുള്ള തുള്ളലിന്റെ അനുഷ്ഠാനഭാഷ. തുള്ളൽ എന്ന വാക്കിനെ വെളിച്ചപ്പാടിന്റെ അനുഷ്ഠാന ശരീരത്തിലേക്ക് ചുരുക്കാൻ കഴിയില്ല എന്നതും ഇവിടെ ഓർക്കാവുന്നതാണ്.

ആനന്ദം പരമാനന്ദമാണെന്റെ കുടുംബം കേക്കണേ കേക്കണേ എന്റെ ലോകരു കൂട്ടം ഈരേഴു പതിനാലു ലോകവും എന്റെ കുടുംബം എന്റെ കുടുംബത്തിൽ ഞാനൊന്നു തുള്ളി തെളിയും ഒന്നാം ചുവടിട്ടെ ഒരു മുച്ചുവടിട്ടെ കേക്കണേ കേക്കണേ എന്റെ ലോകരു കൂട്ടം കേക്കണേ കേക്കണേ എന്റെ ലോകരു കൂട്ടം

മദ്ധ്യകേരളത്തിൽ നില നിൽക്കുന്ന ചാറ്റ് സമ്പ്രദായത്തിലുള്ള ഒരു പാട്ടിലെ വരികളാണിത്. തന്റെ കുടുംബം ആനന്ദത്തിലാണെന്ന് വിളിച്ചുചൊല്ലുന്ന മാതൃകയിലാണ് ഈ വരികളുള്ളത്. എല്ലാ ലോകവും തന്റെ കുടുംബമാണെന്ന് പറയുന്ന ഈ പാട്ടിൽ തുള്ളൽ എന്ന വാക്ക് ഒരു വംശത്തിന്റെ ജീവിതാനന്ദത്തെയും അവർ ചെയ്യുന്ന നൃത്തത്തെയുമാണ് സൂചിപ്പിക്കുന്നത്. തങ്ങൾ ആനന്ദം കൊണ്ട് നൃത്തമാടുകയും തെളിയുകയും ചെയ്യുമെന്ന് പാട്ടിൽ പറയുന്നു. ഇവിടെ തുള്ളൽ എന്ന വാക്ക് കേവലമായ അനുഷ്ഠാനത്തിനും ആചാരത്തിനുമപ്പുറം ഒരു വംശത്തിന്റെ ആനന്ദസൂചികയായി വർത്തിക്കുന്നു. ശരീരത്തെ ആചരിച്ചവരുടെ ജീവിത തത്വചിന്തയായിരുന്നു തുള്ളൽ. തുള്ളലിൽ ഊന്നിയുള്ള ഈ തെളിച്ചവും കൃത്യതയുമാണ് കേരളത്തിലെ ആദിമ ജാതിസമൂഹങ്ങളുടെ ശരീരകേന്ദ്രിതമായ അറിവിന്റെയും കലയുടെയും മൂലധനങ്ങളിൽ ഒന്ന്.

കാലൻ കോലം

കേരളത്തിൽ നിലനിന്നിരുന്ന ഹാസ്യ പ്രധാനവും വെളിപാട് കേന്ദ്രിതവുമായ അനേകം അനുഷ്ഠാന-അവതരണങ്ങളുടെ മെയ്ത്താരിയിലാണ് നമ്പ്യാർ ആവിഷ്‌ക്കരിച്ച തുള്ളലിന്റെ പൂർവ്വമാതൃക തെളിഞ്ഞു കിടക്കുന്നത്. അനുഷ്ഠാനാത്മക തുള്ളൽ രൂപങ്ങളായ വെളിച്ചപ്പാട് തുള്ളൽ, പുലയ സമുദായത്തിലെ ചാവ് തുള്ളൽ, ഭാഗവതികാവുകളിൽ നിലനിൽക്കുന്ന കോമരം തുള്ളൽ, പടയണിയുടെ പ്രാരംഭ ചടങ്ങായി അരങ്ങേറുന്ന കുറവന്മാരുടെ ഊരാളി തുള്ളൽ; പുലയൻ, പാണൻ, വേലൻ, മന്നാൻ, കണിയാൻ തുടങ്ങിയ ജാതിക്കാരുടെ ഭൂതംതുള്ളൽ, അമ്പലപ്പുഴ ക്ഷേത്രത്തിൽ നടത്തി വരുന്ന പള്ളിപ്പാനയും നായ്ക്കൻ തുള്ളലും, മധ്യതിരുവിതാം കൂറിലെ പറയർക്കിടയിൽ കണ്ടു വരുന്ന മാരണം തുള്ളൽ, ആലപ്പുഴ കൊല്ലം ജില്ലകളിലെ പറയ സമുദായക്കാർക്കിടയിൽ നടത്തുന്ന പാക്കനാർ തുള്ളൽ തുടങ്ങിയവയിലെല്ലാം തുള്ളൽക്കലയുടെ ആദിരൂപങ്ങൾ പതിഞ്ഞുകിടപ്പുണ്ട്. മദ്ധ്യ തിരുവിതാം കൂറിലെ പടയണിയിലെ വിനോദ വേഷങ്ങളും മദ്ധ്യകേരളത്തിലെ കണ്യാർ കളിയിലെ പൊറാട്ട് വേഷങ്ങളും തെക്കൻ മലബാറിലെ തെയ്യക്കോലങ്ങളോടനുബന്ധിച്ചു കളത്തിലെത്തുന്ന വിനോദ വേഷങ്ങളും നമ്പ്യാർ ആവിഷ്‌ക്കരിച്ച തുള്ളലിന്റെ ഹാസ്യഭാവത്തിന് ശക്തി നൽകുന്നുണ്ട്. പൂർവമാതൃകകളിൽ ഭക്തിയും വിശ്വാസവും വെളിപാടും കലർത്തി പ്രയോഗിച്ചുപോന്ന അനുഷ്ടാനങ്ങളെ ഹാസ്യ പ്രധാനമായ ഒരു രാഷ്ട്രീയ- സാമൂഹ്യ അവതരണമായി തുള്ളൽക്കലയിലൂടെ നമ്പ്യാർ പരിവർത്തിപ്പിച്ചു.

അനുഷ്ഠാനാത്മക സമൂഹങ്ങൾ രൂപം നൽകിയ താളങ്ങളെ നമ്പ്യാർ തന്റെ തുള്ളലിലൂടെ നിലനിർത്തിയതുപോലെ താളത്തെ പരീക്ഷണാത്മകമായി വിനിയോഗിക്കാനുള്ള പുതിയ ശ്രമങ്ങൾ കവിതാവരണങ്ങളിൽ ആവശ്യമാണ്.

അവതരണത്തെ ധ്വനിപ്പിക്കുന്ന ധാരാളം വാക്കുകൾ മലയാളത്തിൽ സജീവമായിരിക്കെ എന്തുകൊണ്ടായിരിക്കും തുള്ളൽ എന്ന വാക്ക് നമ്പ്യാർ തെരഞ്ഞെടുത്തത് എന്ന ചോദ്യം കൗതുകമുണർത്തുന്നതാണ്. അവതരണത്തെ സൂചിപ്പിക്കുന്ന മറ്റ് വാക്കുകളിൽ നിന്ന് വ്യത്യസ്തമായി ജീവിതത്തെയും ശരീരത്തെയും ഒരു പോലെ ധ്വനിപ്പിക്കാൻ ശേഷിയുള്ള ഒരു വാക്കാണ് തുള്ളൽ. തുള്ളൽ എന്ന വാക്കിൽ അനുഷ്ഠാനത്തിന്റെ വെളിപാട് നൃത്തമുണ്ട്. സന്തോഷത്തിന്റെ ചാട്ടമുണ്ട്. കോപത്തിന്റെ വെറിയുണ്ട്. ഭീതിയുടെ വിറയലുണ്ട്. മരണത്തിന്റെ പിടച്ചിലുണ്ട്. മനുഷ്യന്റെ നിത്യജീവിതത്തിലെ നാനാതരം ഭാവ വൈവിദ്ധ്യങ്ങളെ ഉള്ളടക്കം ചെയ്യാൻ ശേഷിയുള്ള ഒരു വാക്കാണിത്. കൃത്യമായ ചിട്ടകളെ മുൻനിർത്തി രൂപഘടനയിൽ അണുവിട വ്യത്യാസമില്ലാതെ പൂർത്തീകരിക്കപ്പെടുന്ന അവതരണങ്ങളിൽ നിന്ന് വ്യത്യസ്തമായി ശബ്ദം കൂടിയതും ഏറെക്കുറെ അയഞ്ഞതുമായ ഒരു ഘടനയെ ഉൾവഹിക്കാൻ തുള്ളൽ എന്ന വാക്കിനും കലയ്ക്കും കഴിയുന്നുണ്ട്. രൂപത്തിലധിഷ്ഠിതമായ ഈ സ്വാതന്ത്ര്യത്തെ അനുഗമിക്കാൻ പറ്റിയ ഏറ്റവും നല്ല രസം ഹാസ്യമാണെന്ന തിരിച്ചറിവിനാലാവണം നമ്പ്യാർ ആക്ഷേപ-പരിഹാസങ്ങളെ തുള്ളലിന്റെ പുറംപാളിയായി കരുതിയത്.

എം.ആർ. വിഷ്​ണുപ്രസാദ്​ ന്യൂഡൽഹിയിൽ നടത്തിയ കവിത അവതരണം

ഭാഷയിലും ശരീരത്തിലുമുള്ള സവിശേഷമായ ബിംബാത്മക സ്വഭാവത്തിലൂടെയാണ് നമ്പ്യാർ തുള്ളലിനെ അവതരണമായി ചിട്ടപ്പെടുത്തിയത്. മലയാളം അതുവരെ അനുഭവിച്ചിട്ടില്ലാത്ത ചാരുകേരളഭാഷയുടെ നിർമിതിക്കൊപ്പം തുള്ളലവതരണത്തിനാവശ്യമായ ഒരു പുതിയ ആഹാര്യഭാഷ കൂടി അദ്ദേഹം കണ്ടെത്തി. അവതരണകലയുടെ മൂർത്തമായ സംവേദനത്തെ ഒരു പരിധി വരെ സഹായിക്കുന്നത് അതിന്റെ വേഷവിധാനമാണ്. പുതുകാല കവിതാവതരണങ്ങൾ കുഞ്ചൻ നമ്പ്യാരെ ഓർമിക്കണം എന്നുപറയുമ്പോൾ തുള്ളലിന്റെ വേഷം കെട്ടൽ മാത്രമല്ല നമ്മൾ കടമെടുക്കേണ്ടത്. തുള്ളൽ എന്ന അവതരണ കലയിൽ അടങ്ങിയിട്ടുള്ള സൂക്ഷ്മഘടകങ്ങളെ സ്വാംശീകരിക്കാനും കവിതയുടെ സംവേദനത്തിൽ നവീനമായ ഒരു അനുഭവം സൃഷ്ടിക്കാനുമാണ് ശ്രമിക്കേണ്ടത്. ഉദാഹരണത്തിന് ഇവിടുത്തെ അനുഷ്ഠാനാത്മക സമൂഹങ്ങൾ രൂപം നൽകിയ താളങ്ങളെ നമ്പ്യാർ തന്റെ തുള്ളലിലൂടെ നിലനിർത്തിയതുപോലെ താളത്തെ പരീക്ഷണാത്മകമായി വിനിയോഗിക്കാനുള്ള പുതിയ ശ്രമങ്ങൾ കവിതാവരണങ്ങളിൽ ആവശ്യമാണ്.

പടയണിയുടെ രാഷ്ട്രീയബോധത്തെ അതിന്റെ സംവേദന സൂക്ഷ്മതയോടെ തന്റെ കാവ്യചിന്തയിൽ കലർത്തുവാനും അവതരിപ്പിക്കാനും കടമ്മനിട്ടയ്ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നത് പ്രശ്‌നകരമായ വസ്തുതയാണ്

ലേഖകൻ നടത്തിയ കവിതാവതരണങ്ങളിൽ മിഴാവിന്റെ ഉപയോഗത്തെ പരീക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ട്. കലാമണ്ഡലം രതീഷ് ഭാസ് എന്ന മിഴാവ് കലാകാരന്റെ സഹായത്തോടെയാണ് അങ്ങനെയൊരു അവതരണം ചിട്ടപ്പെടുത്തിയത്. നമ്പ്യാരുടെ താളപദ്ധതിയിലേക്ക് ആഴത്തിൽ കടന്നു ചെല്ലുവാൻ സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ വിരലനക്കങ്ങളെ പുനരവതരിപ്പിക്കാനും ഓർത്തെടുക്കാനുമുളള ശ്രമങ്ങളിലൊന്നായിരുന്നു അത്.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആഗോള അവതരണകവിതയുടെ സംവേദനങ്ങൾ പരിശോധിച്ചാൽ തദ്ദേശീയമായ ഊർജങ്ങളെ ഉൾക്കൊണ്ടതിന്റെ തെളിവുകൾ ധാരാളമാണ്. അറുപതുകളിൽ സജീവമായ ബ്ലാക്ക് ആർട്ട് മൂവ്‌മെന്റിന്റെ അവതരണസ്വഭാവങ്ങളിലൊക്കെയും ആഫ്രിക്കയുടെ ചൊല്ല് പാരമ്പര്യത്തിന്റെ അടരുകൾ അടങ്ങിയിട്ടുണ്ട്. പാരമ്പര്യത്തെ സ്വാംശീകരിക്കുക എന്നത് ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രക്രിയയാണ്.

കേരളത്തെ സംബന്ധിച്ച് ആധുനിക പൂർവ്വഘട്ടത്തിലും ആധുനികാനന്തരഘട്ടത്തിലും രൂപം കൊണ്ട കാവ്യാവതരണങ്ങൾ മിക്കതും ഇവിടുത്തെ ഗോത്രപാരമ്പര്യത്തിന്റെ ശക്തി ബിന്ദുക്കളെ സ്വാംശീകരിച്ച് രൂപപ്പെട്ടതാണെന്ന് മനസ്സിലാക്കാം. കുഞ്ചൻ നമ്പ്യാരിൽ പടയണി ആവേശിച്ചതുപോലെ കടമ്മനിട്ടയിലും പടയണിയുടെ ചൊൽവഴക്കം നിഴലിക്കുന്നുണ്ട്. എന്നാൽ പടയണിയുടെ രാഷ്ട്രീയബോധത്തെ അതിന്റെ സംവേദന സൂക്ഷ്മതയോടെ തന്റെ കാവ്യചിന്തയിൽ കലർത്തുവാനും അവതരിപ്പിക്കാനും കടമ്മനിട്ടയ്ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നത് പ്രശ്‌നകരമായ വസ്തുതയാണ്. പടയണിയിൽ നിന്ന് ചൊല്ലും മൊഴിയും മാത്രമാണ് കടമ്മനിട്ട സ്വാംശീകരിച്ചതെങ്കിൽ ഒരു പടികൂടി മുന്നോട്ടു പോവുകയും ഗോത്ര ശരീരത്തിന്റെ താളവും ചുവടും കൂടി സ്വാംശീകരിക്കുന്ന അതിസങ്കീർണമായ ഒരു പ്രവൃത്തിയിലാണ് നമ്പ്യാർ ശ്രദ്ധ വെച്ചത്.

ഭെെരവി കോലം

18ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ നമ്പ്യാർ തീർത്തും നാഗരികനായ ഒരു കവിയായിരുന്നു. നമ്പ്യാരിലെ ഹാസ്യം കേവലം മനുഷ്യനെ ചിരിപ്പിക്കുക എന്ന ദൗത്യത്തിലല്ല ഊന്നി നിൽക്കുന്നത്. ഹാസ്യം എന്നത് നാഗരികതയുടെ ചിഹ്നമാണെന്ന് പി. എം. ജ്യൂസെ അഭിപ്രായപ്പെടുന്നു. പാശ്ചാത്യസാഹിത്യത്തിലെ നിയോ ക്ലാസിക് ഘട്ടത്തിൽ ഹാസ്യരസ പ്രധാനങ്ങളായ കൃതികൾ സുലഭമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ദുരാചാരങ്ങളെയും ദുഷ്പ്രവണതകളെയും നിർമാർജനം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ എൽപ്പിക്കപ്പെടുന്ന നാഗരികമായ ഒരു ശിക്ഷണസമ്പ്രദായമാണ് ഹാസ്യമെന്ന് അദ്ദേഹം വിലയിരുത്തുന്നു. ഭയമുള്ളവർ ചിരിക്കാൻ വിസമ്മതിക്കുമെന്ന് പറയാറുണ്ട്. ചീരാമാനിൽ തുടങ്ങുന്ന മലയാള കവിത കണ്ണശനിലും എഴുത്തച്ഛനിലും ചെറുശ്ശേരിയിലും പ്രവർത്തിച്ച ശൈലിയിൽ നിന്ന് വേറിട്ട് ഒരു പുതിയ നാഗരികതയുടെ സ്വപ്നവും ലക്ഷണങ്ങളും കവിതയിൽ പകർത്തുകയുമാണ് നമ്പ്യാർ ചെയ്തത്. തങ്ങൾ ജീവിച്ച കാലത്തെ ദൈവത്തോടും അധികാരികളോടുമുള്ള ഭയവും വിധേയത്വവും നമ്പ്യാരുടെ പൂർവ്വകാല കവിതയിൽ അൽപ്പാൽപ്പമായി നിഴലിക്കുമ്പോൾ ഭയത്തെ ഹാസ്യം കൊണ്ടും വിധേയത്വത്തെ അവതരണം കൊണ്ടും നേരിടുന്ന ഒരു പുതിയ ശൈലി നമ്പ്യാരിലൂടെ വെളിച്ചം കാണുകയായിരുന്നു.

കവിത ഒരു ശാരീരിക പ്രതിഭാസമാണെന്ന സത്യം നിലനിൽക്കേ അത് റാപ്പായും റോക്കായും ബ്ലൂസായും തുള്ളലായും മറ്റനേകം മെയ്ത്താരികളായും കാലഭേദമെന്യേ സമൂഹത്തിൽ അവതരിച്ചു കൊണ്ടിരിക്കും

ദൈവവും ജാതിയും രാജഭക്തിയും 21ാം നൂറ്റാണ്ടിലും മറ്റൊരു ഭാഷയിൽ സമൂഹം തുടരുന്നുണ്ട്. ഭരണകൂടത്തെ ഭയപ്പെടുകയും, വിധേയത്വം പുലർത്തുകയും ചെയ്യുന്ന ഒരു ജനാധിപത്യസമൂഹത്തിൽ കവിതയുടെ പ്രതിപക്ഷ ദൗത്യങ്ങൾ വളരെയേറെയാണ്. കവിത അടിസ്ഥാനപരമായി ഒരു ജ്ഞാനരൂപം കൂടിയാണ്. കവിതയുടെ ജ്ഞാനസംവേദനത്തിൽ അവതരണം വഹിക്കുന്ന പങ്ക് എണ്ണമറ്റ ഉദാഹരണങ്ങളോടെ നമുക്ക് ചുറ്റുമുണ്ട്. കവിത ഒരു ശാരീരിക പ്രതിഭാസമാണെന്ന സത്യം നിലനിൽക്കേ അത് റാപ്പായും റോക്കായും ബ്ലൂസായും തുള്ളലായും മറ്റനേകം മെയ്ത്താരികളായും കാലഭേദമെന്യേ സമൂഹത്തിൽ അവതരിച്ചു കൊണ്ടിരിക്കും. 21ാം നൂറ്റാണ്ടിലും കുഞ്ചൻ നമ്പ്യാർ ഒരു സാദ്ധ്യതയാണ്. ഭരണകൂടത്തോടും ദൈവത്തോടും അധികാരത്തോടുമുള്ള സമൂഹത്തിന്റെ ഭയം ഒഴിയാനുള്ള തുള്ളൽമരുന്ന്! ▮


എം.ആർ. വിഷ്​ണുപ്രസാദ്​

കവി, അവതരണ കലാകാരൻ. ന്യൂഡൽഹി ജവഹർലാൽ സർവകലാശാലയിൽ സ്​കൂൾ ഓഫ് ആർട്​സ്​ ആൻഡ്​ ഈ​സ്​തെറ്റിക്​സിൽ അവതരണകലയെക്കുറിച്ച്​ ഗവേഷണം നടത്തുന്നു. ഋതുക്കളും ശ്രീബുദ്ധനും, ആണിറച്ചി തുടങ്ങിയ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. ഡൽഹിയിലെ Goethe Institute-ന്റെയും Raqs Media Collective-ന്റെയും സഹകരണത്തോടെ ശ്രീബുദ്ധന്റെ അനിത്യത എന്ന സങ്കൽപ്പത്തെ അധികരിച്ച് കവിതയും തത്വചിന്തയും നിത്യജീവിത ലഹരിയും കടന്നു വരുന്ന Anicca-Network എന്നൊരു കലാപദ്ധതിയുടെ ആവിഷ്​കർത്താവ്​

Comments