മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുത്ത് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ, ട്രൂ കോപ്പി തിങ്കിൽ വന്ന ഒരു ലേഖനത്തെ പരാമർശിച്ചിരുന്നു; ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എഴുതിയ, ‘ഇനി തമിഴാണ് മലയാളികൾ പഠിക്കേണ്ടത്’. ഈ ലേഖനം എല്ലാ മലയാളികളും വായിക്കണം എന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു.
സ്റ്റാലിന്റെ അഭിപ്രായത്തിന് ഭാഷാചരിത്രത്തിലും സാംസ്‌കാരിക ചരിത്രത്തിലും പ്രസക്തിയുണ്ട്. ഭാഷ എന്നത് വെറും വാക്കുകൾ മാത്രമല്ല, അതൊരു സംസ്‌കാരത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ‘വൺ ഇന്ത്യ വൺ ലാംഗ്വേജ്’ എന്നത് ഇന്ത്യയുടെ ബഹുസ്വരതയെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ്. അതുകൊണ്ട് നമ്മൾ നമ്മുടെ സാംസ്‌കാരിക ചരിത്രത്തെ പുനർനിർമാണം ചെയ്യേണ്ട കാലഘട്ടത്തിലാണ് ജീവിക്കുന്നത്.
തമിഴ്‌നാട്ടിൽ മധുരക്കടുത്ത പുതുക്കോട്ടയിൽ കീഴടി എന്ന സ്ഥലത്ത് പുരാവസ്തു ഗവേഷണം നടത്തിയപ്പോൾ നൂറിലേറെ വസ്തുക്കളാണ് കണ്ടുകിട്ടിയത്. അതിൽ ഒരു താളിയോലയിൽ ആതൻ എന്ന് എഴുതപ്പെട്ടിരുന്നു. ചേരനാട് ഭരിച്ച രാജാക്കന്മാരിൽ ഒരാളുടെ പേര് ആടുക്കോട്പ്പാട്ടു ചേരലാതൻ എന്നാണ്. തമിഴ് സംഘ സാഹിത്യങ്ങളിൽ പെരുഞ്ചേരലാതൻ എന്ന കുറിപ്പും ഉണ്ട്.
ചരിത്രപരമായി പരിശോധിക്കുകയാണെങ്കിൽ ദ്രാവിഡ ഭാഷാ ഗോത്രത്തിൽ പെട്ട തമിഴും മലയാളവും മറ്റുള്ള എല്ലാ ഭാഷകളും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. ദ്രാവിഡ ഗോത്രവർഗത്തിൽ 86ലേറെ ഭാഷകളാണുള്ളത്.1856ൽ റോപർട്ട് കാഡ്വൽ തന്റെ ഭാഷാപഠനത്തിൽ ദ്രാവിഡ ഗോത്രഭാഷകളിൽ തമിഴ് ഭാഷയിലെപ്പോലെ വ്യാകരണത്തിലും, ഭാഷാശാസ്ത്രത്തിലും, സാഹിത്യങ്ങളിലും വളർന്നുകൊണ്ടിരിക്കുന്ന ഭാഷയാണ് മലയാളം എന്ന്അഭിപ്രായപ്പെടുന്നു. ചേര, ചോഴ, പാണ്ഡ്യരുടെ ഭരണത്തിലായിരുന്ന പണ്ടത്തെ തമിഴകത്തിന്റെ ഭാഗമാണ് ഇന്നത്തെ കേരളം. ലളിതമായി പറഞ്ഞാൽ ഈ നാടുകളിൽ സംസാരിക്കപ്പെട്ടിരുന്ന ഭാഷയാണ് തമിഴ്. ഫിലിനിയുടെ യാത്രാക്കുറുപ്പിൽ താമിളി എന്നാണ് ഈ ഭാഷയെ രേഖപ്പെടുത്തിയിട്ടുള്ളത്.
ചേര രാജാക്കൻമാരെ സംഘസാഹിത്യങ്ങൾ ‘മലൈനാടൻ’ എന്നാണ് പരാമർശിക്കുന്നത്. തമിഴ് ആദിമ ഗ്രന്ഥങ്ങളിൽ പറയപ്പെടുന്ന കൊറ്റവൈ എന്ന ഭദ്രകാളിയുടെ തോറ്റം പാട്ട് കേരളത്തിൽ ഇന്നും തെയ്യപ്പാട്ടായി നിലനിൽക്കുന്നു. മാത്രമല്ല, ചിലപ്പതികാരത്തിൽ മധുരയെ കത്തിച്ചതിനുശേഷം കണ്ണകി വഞ്ചി നാട്ടിലേക്കാണ് യാത്രയായത് എന്ന കുറിപ്പുണ്ട്. കേരളത്തിലെ നാടൻപാട്ടുകളിലും നാടൻ കലാരൂപങ്ങളിലും ദൈവപ്രാർത്ഥനകളിലും കണ്ണകിയുടെ സ്ഥാനം വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ഇത് തമിഴ്‌നാടും കേരളവും തമ്മിലുള്ള സാംസ്‌കാരിക ബന്ധത്തെ സൂചിപ്പിക്കുന്നു.
ആര്യഭാഷാ അധിനിവേശം ഇന്ത്യയെ കവർന്നെടുത്തപ്പോൾ തനതായ സാംസ്‌കാരിക മൂല്യങ്ങളെ ഒരുപാട് ഗോത്രവർഗങ്ങൾക്ക് നഷ്ടപ്പെടേണ്ടിവന്നു. അങ്ങനെ നഷ്ടപ്പെടാതെ സൂക്ഷിക്കണം എന്ന കരുതലാണ് ഈ കാലഘട്ടത്തിൽ ‘മലയാളികൾ തമിഴ് പഠിക്കണം’ എന്ന വാക്കിനെ പ്രസക്തമാക്കുന്നത്. തമിഴ് ഗ്രന്ഥങ്ങളിൽ പറയപ്പെട്ട സാംസ്‌കാരിക മൂല്യമാണ് മലയാളിയുടെ ഉത്സവങ്ങളും ഭാഷയും. അക്കാദമിക പണ്ഡിതന്മാർ അല്ലാതെ സാധാരണ ജനങ്ങളിൽ എത്രപേർക്ക് ഇത്തരത്തിൽ ഒരു ചരിത്രം മലയാളികൾക്കുണ്ടെന്നറിയാം?
മലയാളി എന്ന വാക്കിന്റെ അർത്ഥം മലൈ + ആളി, അതായത്, മലയെ ആൾപവൻ എന്നാണ്. നേരത്തെ പറഞ്ഞ ‘മലൈനാടൻ’ എന്ന വാക്കിൽ മലൈ എന്ന ചെന്തമിഴ് വാക്ക് മല എന്നുരുത്തിരിഞ്ഞ് കേരളത്തിൽ നിലനിൽക്കുന്നു. ഈ വാക്ക് പ്രതിനിധീകരിക്കുന്നത് ഒരു സാംസ്‌കാരിക ചരിത്ര ബോധത്തെയാണ്. ചിലപ്പതികാരത്തിൽ പരാമർശിക്കുന്ന തിയ്യൽ, അവിയൽ, ചെന്നെൾ, ചോറ് (ചേമ്പാവ്), പുളിശ്ശേരി തുടങ്ങിയവ ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ട ഭക്ഷണമാണ്. അതുകൊണ്ട് തമിഴ് തമിഴരുടെ മാത്രം ഭാഷയല്ല, മറിച്ചു ദ്രാവിഡനാടിന്റെ ഗോത്രഭാഷയാണ്.
കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ സംസാരിക്കപ്പെടുന്ന ഒട്ടേറെ ഭാഷകൾക്ക് തമിഴ് ഭാഷയും ആ ഭാഷ പ്രതിനിധീകരിക്കുന്ന സംസ്‌കാരവും തമ്മിൽ പഴമയേറിയ ഒരു ബന്ധമുണ്ട്. മലയാളിയുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന ഒരുപാട് വാക്കുകൾ ആ ബന്ധത്തിന് തെളിവാണ്. കടൽ, ചോറ്, കാറ്റ്, കാട്, വീട്, മല, മരം, മനസ്, പഴം, പണം, കിനാവ് (കനവു ) കണ്ണ്, വായ (വായ് ), വായു, നീർ, തൊണ്ട (തൊണ്ടൈ ), അകം, പുറം തുടങ്ങിയ വാക്കുകൾ ചെന്തമിഴ് വാക്കുകളാണ്. തമിഴ് സാഹിത്യഭാഷയിൽ മാത്രം നിലനിൽക്കുന്ന ഈ വാക്കുകൾ മലയാളിയുടെ ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത വാക്കായി മാറി.
നിര, വനം, കാനം, പൊൻ, പെണ്ണ്, ആണ്, അപ്പൻ, അമ്മ, തളിർ, ചെടി, പൂ, മലർ, വണ്ട്, നാൾ ഇങ്ങനെ ആയിരക്കണക്കിന് വാക്കുകൾ രണ്ടു ഭാഷകളും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. മാത്രമല്ല, മധുരയിൽ സംഘകാലത്ത്ഓണം ആഘോഷിക്കപ്പെട്ടിരുന്നു. ആ കാലഘട്ടത്തിൽ ഓണം എന്നല്ല ആവണി അവിട്ടം എന്നാണ് അറിയപ്പെട്ടിരുന്നത്. തിരുആവണി നാൾ മുതൽ അവിട്ടം തിരുനാൾ വരെ പത്ത് ദിവസങ്ങളും ആഘോഷിക്കുന്ന പതിവ് ഇന്ന് കേരളത്തിൽ മാത്രമാണുള്ളത്. തമിഴ് സംഘ ഗ്രന്ഥമായ മധുരൈകാഞ്ചിയിൽ മലയാളികളുടെ പഴഞ്ചൊല്ലിനെ അർത്ഥമാക്കുന്ന വരികൾ കാണാം- കണംകൊൾ അവുണർക്ക് കടന്ത പൊലന്താർ മായോൻ മേയ ഓണ നന്നാൾ (മധുരൈകാഞ്ചി:- 590-599)
ഓണനാളിൽ പഴം- പച്ചക്കറികളെല്ലാം കൂട്ടി സദ്യയുണ്ട്, സന്തോഷിച്ച്, ആനക്കളി നടത്തി സമ്മാനമായി പശുക്കളെ നൽകി അത്രയും ഗംഭീരമായി ആഘോഷിച്ചിരുന്ന ഓണം ഇന്ന് തമിഴ്‌നാട്ടിൽ ആവണി അവിട്ടം എന്ന ഒരു പൂജാദിവസമായി ചുരുങ്ങി. തമിഴകത്ത് ഓണത്തെ ഇല്ലായ്മ ചെയ്തത് ആരാണ്? എന്തുകൊണ്ട് കേരളീയർക്കുമാത്രം ഒരുപാട് സാംസ്‌കാരിക ആധിപത്യങ്ങൾ കടന്ന് ഇന്നും ഓണം ആഘോഷിക്കാൻ സാധിച്ചു എന്ന് ചിന്തിക്കേണ്ടതാണ്. ദ്രാവിഡ സംസ്‌കാരത്തിൽ വിള്ളൽ എവിടെ മുതലാണ് സംഭവിച്ചത്? എന്നതൊക്കെ വെറും ചോദ്യമായി അവശേഷിക്കുന്നു.
മുല്ലെപ്പാട്ടു എന്ന സംഘകൃതി വാമനൻ മഹാബലിയെ ചവിട്ടി താഴ്ത്തി എന്നു പരമർശിക്കുന്നുണ്ട്. ഓണത്തെ കുറിച്ച് വിശദാംശങ്ങളൊന്നും ഈ കൃതിയിൽ ഇല്ല. എ.ഡി 10 ൽ രൂപപ്പെട്ടു എന്നറിയപ്പെടുന്ന പെരിയാഴ്വാറിന്റെ പെരുമാൾ തിരുമൊഴി എന്ന തമിഴ് ഭക്തിഗ്രന്ഥം, വൈഷ്ണവ ദൈവമായ ശ്രീകൃഷ്ണന്റെ കീർത്തിയെ പാടുവാൻ നല്ല സന്ദർഭമാണ് തിരുവോണനാൾ എന്ന് പരാമർശിക്കുന്നുണ്ട്. ഇത്തരം തമിഴ് ഗ്രന്ഥങ്ങളിലാണ് മലയാളികളുടെ സാംസ്‌കാരിക ഉത്സവമായ ഓണത്തിന്റെ കുറിപ്പുകൾ അവശേഷിക്കുന്നത്.
ചെന്തമിഴ് ഭാഷയുടെ ഗവേഷണ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ തമിഴും മലയാളവും ഒരേ ഗോത്രത്തിൽ നിന്ന് രൂപപ്പെട്ട് പിന്നീട് കാലഘട്ടത്തിന്റെ ഗതിചലനങ്ങൾ ഉൾക്കൊണ്ട് ഉരുത്തിരിഞ്ഞ ഭാഷകളാണ്. ഈ രണ്ടു ഭാഷകളും ദ്രാവിഡഗോത്രത്തിന്റെ സാംസ്‌കാരിക അടയാളമായി നിൽക്കുന്നു. ഭാഷാചരിത്രം പരിശോധിക്കുമ്പോൾ ചെന്തമിഴ് വാക്കുകൾ ഇരു ഭാഷകൾക്കും അവകാശപ്പെട്ടതാണ്. ആ വാക്കുകൾ തമിഴ് സംഘ സാഹിത്യഗ്രന്ഥങ്ങളിൽ നിലയുറപ്പിക്കുകയും മലയാളിയുടെ സംസാരഭാഷയിൽ ജീവിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഈ ഭാഷയുടെയും ഈ ഭാഷ പ്രതിനിധീകരിക്കുന്ന സംസ്‌കാരത്തിന്റെയും അവകാശം രണ്ട് ഭാഷകൾക്കും തത്തുല്യമാണ്. അതുകൊണ്ടുതന്നെ മലയാളികൾ തമിഴ് പഠിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യമാണ്.
തമിഴ് പ്രതിപാദിക്കുന്നത് കേവലം ഭാഷാദേശീയവാദമല്ല, മറിച്ച്, ആ ഭാഷയിലൂടെ നിലനിൽക്കുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്‌കാരിക പ്രതിരോധമാണ്. അതുകൊണ്ട്, മലയാളികൾ തമിഴ് ഭാഷയെ അന്യഭാഷയായി കാണരുത്, മറിച്ച് സാംസ്‌കാരിക അടയാളമായി സമീപിക്കണം. എങ്കിൽ, കേരളീയരുടെ ഈ ചരിത്രത്തെ ആർക്കും അത്ര എളുപ്പം ഇല്ലാതാക്കാൻ സാധിക്കില്ല. തമിഴ് സംഘസാഹിത്യവും മലയാള ഭാഷയും സംസ്‌കാരവും തമ്മിലുള്ള ദൂരം അകലെയല്ല. അതുകൊണ്ട് മലയാളികൾ, തങ്ങൾക്കും കൂടി അവകാശപ്പെട്ട ആ ഭാഷാമൂല്യം തിരിച്ചറിയണം.
തമിഴ് നാട്ടിൽ കാഞ്ചിപുരം ജില്ലയിൽ മഹാബലിപുരം എന്ന നാടുണ്ട്. മഹാബലിപുരം ശിൽപങ്ങൾ വളരെ പ്രശസ്തമാണ്. തെക്കേ ഇന്ത്യ ഭരിച്ചിരുന്ന ജനകീയ രാജക്കൻമാരെ ആര്യരുടെ അധിനിവേശം ഇല്ലായ്മ ചെയ്തു എന്നാണ് പ്രശസ്ത ചരിത്ര പണ്ഡിതാവ് റൊമീല ഥാപ്പർ തന്റെ വഞ്ചിക്കപ്പെട്ട ചരിത്രം എന്ന പുസ്തകത്തിൽ പരമർശിക്കുന്നത്. അതുകൊണ്ട് ദ്രാവിഡ സംസ്‌കാര ഉത്സവമായ ഓണം തമിഴ്നാട്ടിലും ആഘോഷിക്കണം. മലയാളിയുടേയും തമിഴരുടേയും നാടൻ സംസ്‌കാരത്തിൽ നിലനിൽക്കുന്ന ദ്രാവിഡരുടെ തനതായ സംസ്‌കാരം വീണ്ടെടുക്കണം. ഇത് ഈ കാലഘട്ടത്തിന്റെ ആവശ്യവും ബ്രാഹ്മണ മേൽക്കോയ്മയ്‌ക്കെതിരായ സംസ്‌കാരിക പ്രതിരോധവുമാണ്. അതുകൊണ്ട് തമിഴരും മലയാളികളും സാംസ്‌കാരികമായ ഒത്തുചേരലിന് ഇനിയെങ്കിലും തയ്യാറാവണം. ആര്യരുടെ അതിനിവേശത്തിനുമുമ്പേ ഇവിടെ ഓണം ഒരു ഉൽസവമായി ആഘോഷിക്കപ്പെട്ടിരുന്നു എന്നതിന്റെ തെളിവാണ് തമിഴ് സംഘം. മധുരൈ കാഞ്ചിയിലും മുല്ലെപാട്ടിലും ഓണത്തെക്കുറിച്ചുള്ള നിരീക്ഷണം വളരെ വ്യത്യസ്തമാണ്. മധുരൈ കാഞ്ചി, കൃഷിക്കാരുടെ നാടൻ ഉത്സവമാണ് ഓണം എന്നു പരാമർശിക്കുന്നു പക്ഷേ, മുള്ളിപ്പാട്ടിൽ മഹാവിഷ്ണുവിന്റെ ധീരതയെ സൂചിപ്പിക്കുന്ന രീതിയിലാണ് മഹാബലിയെ ചവിട്ടി താഴ്ത്തി എന്ന പരാമർശമുള്ളത്. പിന്നീട് വൈഷ്ണവഭക്തിസാഹിത്യങ്ങളിൽ ഓണം വിഷ്ണുവിന്റെ തിരുന്നാൾ എന്നു കാണാൻ കഴിയുന്നു.
ആര്യരുടെ അധിനിവേശം പത്താം നൂറ്റാണ്ടോടെ വ്യാപകമായി, തെക്കേ ഇന്ത്യയിൽ ആധിപത്യമുറപ്പിക്കുകയും നാടൻ സംസ്‌കാരങ്ങളെ ആര്യസംസ്‌കാരമായി മാറ്റിയെടുക്കുകയും ചെയ്തതിന്റെ തെളിവാണ് പെരിയാഴ്വാറിന്റെ തിരുമൊഴി എന്നും വൈഷ്ണവഭക്തി ഗ്രന്ഥത്തിൽ ഓണം വൈഷ്ണവ ഉത്സവമാക്കപ്പെട്ടു എന്നും മനസ്സിലാക്കാൻ കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ ഓണം എന്നത് വാമനജയന്തിയല്ല, മറിച്ച്, മഹാബലി എന്ന കർഷക രാജാവിന്റെ വരവിന് കാത്തിരിക്കുന്ന ഉത്സവമാണ്. ഈ ഉത്സവത്തിൽ ബ്രാഹ്മണ പൂജാ രീതികളും ഭക്ഷണരീതികളും പിന്നീട് കൂട്ടിച്ചേർത്തതാണ്.
തമിഴ്‌നാട്ടിനേക്കാൾ കേരളത്തിലാണ് വൈഷ്ണവപൂജകൾ ജീവിതരീതിയിൽ ആധിപത്യം വ്യാപകമാക്കിയിരിക്കുന്നത്. അതുകൊണ്ടാണ് കർക്കടകമാസത്തിൽ രാമായണം വായിക്കുന്നത്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും കാണാൻ കഴിയാത്ത ഒരു പതിവാണിത്. കേരളീയ സമൂഹത്തിനുമേലുള്ള ബ്രാഹ്മണ മേൽക്കോയ്മയാണ് ഇതിൽനിന്ന് പ്രകടമാകുന്നത്. ഇത്തരത്തിലുള്ള സംസ്‌കാരബോധത്തെയാണ് നാം ചോദ്യം ചെയ്യേണ്ടത്.
മലയാള ഭാഷയിൽ നിന്ന് സംസ്‌കൃത വാക്കുകൾ എടുത്തുമാറ്റിയാൽ മലയാളത്തിന് സ്വമേധയാ നിലനിൽക്കാനാകില്ല എന്നത് ബ്രാഹ്മണ ഭാഷാ പണ്ഡിതന്മാരുടെ പൊള്ളയായ വാദമാണ്. മലയാളിയുടെ സംസ്‌കാരം ബ്രഹ്മണ സംസ്‌കാരം അല്ല, അത് മലനാടൻ സംസ്‌കാരമാണ്. ആ സംസ്‌കാരത്തിൽ നിന്ന്ബ്രാഹ്മണ മേൽക്കോയ്മയെ തുടച്ചുനീക്കാൻ കഴിഞ്ഞാൽ, തനതായ ഗോത്രസംസ്‌കാരത്തിന്റെ മേന്മ കേരളീയർക്ക് തിരിച്ചറിയാൻ കഴിയും. അതുകൊണ്ട് മലയാളികൾ ദ്രാവിഡ ഗോത്രവർഗത്തിന്റെ ഭാഷയെയും സംസ്‌കാരത്തെയുമാണ് ഇനി ഉൾക്കൊള്ളേണ്ടത്.