ജാതിബന്ധനങ്ങളുടെ
ഉത്തര കേരളം;
ഭാഗം രണ്ട്
▮
ജാതികളും അനുഷ്ഠാന ബന്ധങ്ങളും
വടക്കേ മലബാറിലെ ജാതികൾ അവരുടെ സാമൂഹിക ബന്ധങ്ങളിൽ സ്ഥാനപ്പെടുന്നത് അനുഷ്ഠാന കർമ്മത്തിലുള്ള പങ്കിന്റെ അടിസ്ഥാനത്തിലാണ്. നാടുവാഴി ജാതിത്തറവാടുകൾ മേലധികാരം സമ്പത്തിന്റെയും ഭൂമിയുടെയും നിയന്ത്രണത്തിൽ നടത്തുമ്പോൾ കീഴ്ജാതികൾ ഈ തറവാടുമായുള്ള തൊഴിൽ ബന്ധത്തിലും വിശിഷ്യാ അനുഷ്ഠാനബന്ധത്തിലും കെട്ടി ബന്ധിപ്പിക്കുന്നു. ഈ അനുഷ്ഠാന തൊഴിൽ ബന്ധമാണ് ചെറുജന്മാവകാശമെന്ന വ്യവസ്ഥയെ ഉണ്ടാക്കുകയും നിലനിർത്തുകയും ചെയ്യുന്നത്.
എന്തുകൊണ്ട് കാലാന്തരത്തിൽ വടക്കേ മലബാറിലെ പിന്നാക്ക സമുദായമായ തിയ്യർക്ക് സാമൂഹിക പുരോഗതി കൈവരിക്കാൻ മറ്റ് തെയ്യംകെട്ട് ജാതികളെക്കാൾ കഴിഞ്ഞു? ചരിത്രപരമായ ഈ ചോദ്യത്തിന് തിയ്യർക്ക് ജാതി തറവാടുകളുമായുള്ള അനുഷ്ഠാനബന്ധം പൊട്ടിക്കാൻ കഴിഞ്ഞു എന്നാണുത്തരം. എന്നാൽ തെയ്യംകെട്ട് ജാതികൾക്ക് അവരുടെ കുലത്തൊഴിൽ അനുഷ്ഠാന കടമയായതിനാൽ അനുഷ്ഠാന ബന്ധങ്ങൾ പൊട്ടിച്ചെറിയാൻ കഴിയാതെയും പോയി. അനുഷ്ഠാനബന്ധം സാമൂഹിക പുരോഗതിയെയും സാമൂഹിക സ്വാതന്ത്ര്യത്തെയും തടയിടുന്ന സാമൂഹ്യയാഥാർത്ഥ്യമായി മാറുന്നു.
READ: ജാതിബന്ധനങ്ങളുടെ
ഉത്തര കേരളം
അനുഷ്ഠാന ബന്ധങ്ങൾ ജാതിബന്ധങ്ങളെയും അതിന്റെ ശ്രേണിയെയും ഓർമ്മിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. തറവാടുകളിൽ തെയ്യവും മറ്റ് അനുബന്ധ അനുഷ്ഠാനങ്ങളും നിവർത്തിക്കുന്ന തെയ്യക്കാർ സ്വയം കീഴാളത്തം സമ്മതിക്കേണ്ടി വരുന്നുണ്ട്. അനുഷ്ഠാനത്തിലൂടെ സാമൂഹിക വിധേയപ്പെടൽ നടത്തേണ്ടതായി വരും. വിധേയപ്പെടുന്നത് ജാതിത്തറവാട്ടുകാരുടെ കാവിലോ (ഇപ്പോൾ അമ്പലങ്ങളായി മാറ്റുന്നുണ്ട്) തറവാട്ട് മുറ്റത്തോ ആയതിനാൽ തറവാട്ടിലെ അംഗങ്ങൾക്ക് മേൽക്കോയ്മാ ബോധം തുടരുവാനുള്ള അവസരം കൈവരുന്നു.

മധ്യകാല ജാതി നാടുവാഴി കേന്ദ്രിത ഭരണക്രമത്തിൽ സ്വായത്തമാക്കിയ ബഹുമതിയുടെ ജാതിനിലയെ പുനരുൽപ്പാദിപ്പിക്കുന്ന സന്ദർഭങ്ങൾ അനുഷ്ഠാന കർമ്മങ്ങൾ നിരന്തരം ഉൽപ്പാദിപ്പിക്കുന്നു. തിയ്യ വിഭാഗത്തിലെ തൊഴിലുകൾ ബഹുമുഖ കൈത്തൊഴിലുകളായതിനാലും പ്രദേശത്തെ അംഗബലമുള്ള സമുദായമാണ് തിയ്യർ എന്നതിനാലും ചിലർ തൊഴിൽ സേവനം നിഷേധിച്ചാൽ അല്ലെങ്കിൽ തറവാട്ടുകാരുടെ ജാതി ഹുങ്കിനെ എതിർത്തുകൊണ്ട് അവർക്ക് പുതിയ തൊഴിൽദാതാവിനെ കണ്ടെത്താനാകും. അതുകൊണ്ട് തിയ്യജാതിക്കാരെ ഒന്നടങ്കം നിയന്ത്രിക്കാൻ കഴിയാതെ വരുന്നതുകൊണ്ട് ചിലരെ തള്ളുകയും ചിലരെ കൊള്ളുകയും ചെയ്യുന്ന സാമൂഹിക സന്ദർഭങ്ങളിൽ തിയ്യർ തറവാടുമായുള്ള അനുഷ്ഠാന ജാതികീഴ്നിലയെ ചോദ്യം ചെയ്യാവുന്ന നിലയിൽ രൂപപ്പെട്ടു.
ഉദാഹരണത്തിന് നമ്പ്യാർ തറവാട്ടിലെ തെയ്യാനുഷ്ഠാനത്തിന് കുരുത്തോലയും കലശത്തിന് കള്ളും എത്തിക്കേണ്ടുന്ന ജാതിക്കടമ തിയ്യർക്കാണ്. ദേശത്തെ ചെറുജന്മാവകാശമുള്ള കുടുംബത്തിലെ അംഗങ്ങളുടെ കടപ്പാടാണ് ഈ അനുഷ്ഠാനത്തിലൂടെ ഉറപ്പ് വരുത്തുന്നത്. നാടുവാഴി ജാത്യാധികാരം കാലാന്തരത്തിൽ ശോഷിക്കുമ്പോൾ ഈ സേവനം ചില കുടുംബങ്ങൾ നിവർത്തിക്കാതെ വരും. അപ്പോൾ അടുത്ത ഏതെങ്കിലും കുടുംബത്തിനോ അംഗത്തിനോ ഈ കർമ്മം നടത്തുവാൻ തറവാട്ടിലെ അംഗങ്ങൾക്ക് കഴിയും. എന്നാൽ തെയ്യവും അനുഷ്ഠാന കർമ്മവും നിഷേധിക്കാൻ ശ്രമിക്കുന്ന തെയ്യക്കാരെ നിയന്ത്രിക്കാനും ഹിംസാത്മകമായി ദ്രോഹിക്കാനും ജാതിത്തറവാട്ടുകാർക്ക് കഴിയുന്നതിന്റെ പ്രധാന കാരണം ഈ ജാതികൾ ചെറുജാതികളായതിനാലാണ്.
ഒരു ദേശത്ത് പത്തിൽ കൂടുതൽ കുടുംബങ്ങൾ കണ്ടില്ലെന്ന് വരും. അതുകൊണ്ട് അവരെ ഊരു വിലക്കാനും പീഡിപ്പിക്കാനും കഴിഞ്ഞേക്കും. അതുകൊണ്ടാണ് ഇന്നും തെയ്യക്കാരെ ഊരു വിലക്കുന്ന വാർത്തകൾ നമ്മൾ കേൾക്കുന്നത്. കള്ള് കാവിലെത്തിക്കാത്ത തിയ്യനെ ഊരു വിലക്കാൻ കഴിയില്ല. കാരണം ഊരിൽ അംഗബലമുള്ള ജാതിയായി നിലനിൽക്കുന്നത് തിയ്യരാണ്. മാത്രമല്ല തിയ്യർക്കിടയിൽ സാമൂഹിക നവീകരണ പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ശ്രീനാരായണഗുരു ജന്മം നൽകിയ നവോത്ഥാന പ്രസ്ഥാനങ്ങൾ തിയ്യ ജീവിതത്തെ നവീകരിക്കുന്നുണ്ട്. ഗുരു തന്നെ തെയ്യത്തെയും മറ്റ് മന്ത്രവാദ പ്രാകൃതാനുഷ്ഠാനങ്ങളെയും തള്ളിപ്പറയുന്നുണ്ട്. കള്ള് മേൽജാതിക്കാർക്ക് സൗജന്യമായി ലഭിക്കാനുള്ള തട്ടിപ്പാണ് തിയ്യരുടെ ചെറുജന്മാവകാശ കടമകളെന്ന് തുറന്നു പറയുന്നുണ്ട്. ‘കാവി കള്ളുഷാപ്പല്ല, അറവു ശാലയുമല്ല’ എന്ന് ഗുരു വടക്കേ മലബാറിൽ വന്ന് പറയുന്നുണ്ട്. കാവുകളിൽ കോഴി അറുക്കുന്നതിനെയും കള്ളു കുടിച്ച് തുള്ളി മറിയുന്നതിനെയും ഗുരു എതിർത്തിരുന്നു. കൊട്ടിയൂരിലെ ഉത്സവത്തിന് വിവിധ ദേശങ്ങളിൽ നിന്നും തേങ്ങയും ഇളനീരും ചുമലിലേറ്റ് പോകുന്ന വഴി കാണുന്നവരെ തെറിയും വിളിച്ച് ഇളനീർ കൊട്ടിയൂരിലെത്തിക്കുന്നത് തിയ്യരുടെ അനുഷ്ഠാന കടമയായിരുന്നു. നമ്പ്യാർ ജാതിവിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൗജന്യമായി തേങ്ങയും ഇളനീരും ലഭിക്കാനുള്ള അനുഷ്ഠാനത്തട്ടിപ്പായി ഈ അനുഷ്ഠാനത്തെയും ശ്രീനാരായണീയർ വ്യാഖ്യാനിച്ചു. ഗുരു ഇതിനായി ഒരു പ്രതിവിധിയും കൽപ്പിച്ചു. ഇളനീരും തേങ്ങയും കൊടുക്കുന്നത് അത്ര നിർബന്ധമാണെങ്കിൽ അത് തലശ്ശേരിയിലെ ഗുരു തന്നെ സ്ഥാപിച്ച ജഗന്നാഥ ക്ഷേത്രത്തിൽ എത്തിച്ചാൽ മതി. കൊട്ടിയൂരിലേക്കുള്ള യാത്ര തലശ്ശേരിയിലേക്ക് മാറ്റിയ അനേകം അനുഷ്ഠാനക്കൂട്ടങ്ങളെ ഇന്ന് നമുക്ക് കാണാം.
ഇത്തരം നാനാവിധ സാമൂഹിക വ്യവഹാരങ്ങളിലൂടെ തിയ്യർക്ക് തറവാടുകളുമായുള്ള അനുഷ്ഠാന ബന്ധങ്ങളെ പൊട്ടിച്ചെടുക്കാൻ കഴിഞ്ഞപ്പോൾ തെയ്യംകെട്ട് ജാതികൾക്ക് സാമൂഹിക മാറ്റത്തിനിടയിലും ഇത് കാര്യമായി ഉലക്കാൻ കഴിഞ്ഞില്ല. സാമൂഹിക നവീകരണ പ്രസ്ഥാനങ്ങളോ നവീകരണ സന്യാസ പാരമ്പര്യങ്ങളോ അവരുടെ ജീവിതത്തെ തേടി വരികയോ അവർ സ്വയം ഉണ്ടാക്കിയെടുക്കുകയോ ചെയ്തില്ല. തെയ്യംകെട്ടു ജാതികളുടെ പിന്നാക്കാവസ്ഥയുടെയും സാമൂഹിക വിധേയപ്പെടലിന്റെയും കാരണങ്ങളിൽ പ്രധാനം ഈ അനുഷ്ഠാന ബന്ധനമാണ്. അനുഷ്ഠാനം ആവർത്തനമാണ്. അത് നേരത്തെ ഉണ്ടായിരുന്നതിന്റെ ആവർത്തനമാണ്. അത് പാഠങ്ങൾ കേന്ദ്രീകരിച്ച് നിർവഹിക്കുന്നതല്ല. പാരമ്പര്യത്തിന്റെ തുടർച്ചയിൽ കാണുന്ന ആവിഷ്കാരങ്ങളാണ്. അതിന് യുക്തിയില്ല. എന്തിനാണ് മേലേരിയിലിരിക്കുന്നത് എന്ന് ചോദിച്ചാൽ കഴിഞ്ഞ വർഷവും അമ്പത് വർഷങ്ങൾക്ക് മുമ്പും മേലേരിയിൽ ഇരുന്നിരുന്നു എന്ന മുൻകാല ചെയ്തികളെയാണ് ആധാരമാക്കുന്നത്. അനുഷ്ഠാനത്തിന് നിയതമായ അർത്ഥങ്ങളില്ല. എന്നാൽ അനുഷ്ഠാനം വിധേയപ്പെടാതെ നിർവഹിക്കാൻ കഴിയില്ല. ഈ വിധേയപ്പെടൽ അനുഷ്ഠാനത്തോട് മാത്രമല്ല, അനുഷ്ഠാനം ചെയ്യാൻ പറഞ്ഞവരോടും കാണിക്കേണ്ടി വരും.
അനുഷ്ഠാന വിധേയത്വം കീഴ്ജാതികൾ ചെയ്യുമ്പോൾ ജാതിവിധേയത്വമായി സമൂഹം മനസ്സിലാക്കുന്നു. അനുഷ്ഠാന ജാതികൾ അനുഷ്ഠാന നിർവഹണം നിർത്തിയാൽ അവരുടെ വിധേയത്വ സ്വഭാവവും കാലക്രമത്തിൽ മാഞ്ഞുപോകും. അതിന് കഴിയുന്ന സാമൂഹിക-സാമ്പത്തിക സ്വാതന്ത്ര്യം അംഗബലമില്ലാത്ത കീഴാള ജാതികൾക്ക് നേടിയെടുക്കാൻ കഴിയാത്തിടത്തോളം കാലം അവർ വിധേയപ്പെട്ട് ദലിത് ജാതികളായി തന്നെ തുടരും.

വെറും അനുഷ്ഠാന ബന്ധങ്ങൾ പൊട്ടിക്കാൻ കഴിഞ്ഞത് മാത്രമല്ല മറ്റ് കീഴ്ജാതികളായ തിയ്യർക്കും വാണിയർക്കും പിന്നോക്ക ജാതികൾക്കും പുരോഗതിയിലേക്കുള്ള വാതിൽ തുറന്നത്. തെയ്യരുടെ കുലത്തൊഴിലായ കള്ള് ചെത്തും തെങ്ങ് കയറ്റവും സാമൂഹിക മാറ്റത്തിന്റെ ഭാഗമായി കമ്പോളത്തിലുള്ള അദ്ധ്വാനരൂപങ്ങളായി മാറി. തേങ്ങയുടെ വിപണി മൂല്യം കൂടി. കൊപ്രയാക്കി വെളിച്ചെണ്ണ ഉൽപ്പാദിപ്പിക്കാനുള്ള വ്യവസായത്തിന്റെ ഭാഗമായി തെങ്ങ് കൃഷി മാറി. കള്ള് വ്യാവസായികമായി ഉൽപ്പാദിപ്പിക്കുന്ന ചരക്കായി മാറി. അതുകൊണ്ട് ആധുനിക വ്യാവസായിക രംഗത്ത് കള്ള് വിപണന മൂല്യമുള്ള ചരക്കായി മാറി. അബ്കാരിനയങ്ങളും മറ്റും കള്ള് ചെത്ത് ഒരു വ്യാവസായിക തൊഴിലാക്കി മാറ്റി. ജാതിത്തൊഴിൽ ഒരു സാമ്പത്തിക വിനിമയ മൂല്യമുള്ള അദ്ധ്വാനമായി മാറിയതോടെ തിയ്യർക്ക് പാരമ്പര്യ ജാതി- തൊഴിൽ ബന്ധങ്ങളിൽ നിന്നും അനുഷ്ഠാന കെട്ടുകളിൽ നിന്നും മോചനം നേടാൻ കഴിഞ്ഞു.
സാമൂഹിക മാറ്റത്തിന്റെ സാമ്പത്തിക മാറ്റത്തിൽ വെളിച്ചെണ്ണ വ്യാവസായികാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കാൻ തുടങ്ങിയപ്പോൾ ചക്കിലാട്ടുന്ന വെളിച്ചെണ്ണ അപ്രത്യക്ഷമായി. ആർക്കും ലഭിക്കുന്ന കമ്പോള ഉൽപ്പന്നമായി വെളിച്ചെണ്ണ മാറിയപ്പോൾ ചക്കാട്ടുന്ന നാടൻ യന്ത്രം വാണിയരുടെ വീട്ടിൽ നിന്നും അപ്രത്യക്ഷമായി. കാതലുള്ള മരം കൊണ്ടു നിർമ്മിച്ച ഇത്തരം പാരമ്പര്യ സാങ്കേതിക വിദ്യകൾ പൊളിച്ചു മാറ്റി മരക്കഷണങ്ങൾ മറ്റാവശ്യങ്ങൾക്കായി ഉപയോഗിച്ചു.
ആശാരിമാർ ദേശ തൊഴിൽ സേവന ചെറുജന്മങ്ങളായി തുടരാതെ പുതിയ സാങ്കേതിക വിദ്യകളുടെ വരവോടെ പുതിയ കണക്കുകളും മാതൃകകളും വിപുലപ്പെട്ടു. ആശാരിപ്പണി വെറും ആശാരി ജാതികളുടെ പണിയല്ലാതായി മാറി. മറ്റ് ജാതികളിൽ നിന്നും ആശാരിപ്പണിയെടുക്കുന്ന അനേകം തൊഴിലാളികൾ കടന്നുവന്നു. നിർമ്മാണ പ്രവർത്തനങ്ങളുടെ എണ്ണം കൂടിയപ്പോൾ ആശാരിമാർ മുഴക്കോലുകൾ മാറ്റി പുതിയ അളവുകോലുകളിലേക്ക് മാറി. പുതിയ സാമ്പത്തിക ഭ്രമം ആശാരിമാരെയും പാരമ്പര്യ തറവാട് ബന്ധങ്ങളിൽ നിന്ന് പൂർണമായും മോചിപ്പിച്ചു.
സ്വർണപ്പണിക്കാരുടെയും കൊല്ലപ്പണിക്കാരുടെയും അവസ്ഥ ഏതാണ്ടിതുപോലെ മാറ്റി മറിച്ചു. അവർ മറ്റു തൊഴിലുകളിലേക്കും വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ വളരുന്നതിനനുസരിച്ച് കൈത്തൊഴിലാളികളായി, സാങ്കേതിക മികവുള്ള ആധുനിക തൊഴിലാളികളായി മാറി.
തിയ്യ- മണിയാണി- വാണിയ ജാതികളിലുണ്ടായ സാമൂഹ്യചലനത്തിന്റെ മറ്റൊരു പ്രധാന കാരണം ഭൂപരിഷ്കരണത്തിലൂടെ കൈവന്ന ഭൂമി നൽകിയ സാമ്പത്തിക നിലയാണ്. 1970 കളിൽ ഒരു കുടുംബത്തിന് ശരാശരി 50 സെന്റ് വരെയുള്ള ഭൂമി ഈ വിഭാഗങ്ങൾക്ക് ലഭിച്ചു. പൊതുവിൽ പണിക്കാരായിരുന്ന ജാതികൾ പാട്ടത്തിനും മറ്റും ഭൂമിയിൽ കൃഷി ചെയ്തിരുന്നവരായതുകൊണ്ട് ഭൂപരിഷ്കരണത്തിന്റെ നേട്ടം ഈ ജാതി വിഭാഗങ്ങൾക്ക് ലഭിച്ചു. ഭൂമി നായർ- നമ്പ്യാർ-നമ്പൂതിരി മൂലധനമായി മാത്രം പ്രവർത്തിച്ചിരുന്ന കഴിഞ്ഞകാല സാമൂഹിക ബന്ധത്തിൽ നിന്നും ഭൂമി സ്വജാതിയുടെ സ്വത്തായി മാറിയപ്പോൾ ഈ ജാതികളിൽ സ്വാതന്ത്ര്യബോധവും തന്റേടവും അംഗീകാരവും ഉണ്ടായിവന്നു.
ഭൂമിയുടെ ഉടമസ്ഥത സ്വന്തം ഭവനങ്ങൾ ഉണ്ടാക്കാനും കൃഷി സ്വന്തം ഭൂമിയിൽ ചെയ്യുവാനുള്ള അവകാശം സാമൂഹിക അംഗീകാരം ലഭിക്കുവാൻ സഹായിച്ചു. ഇത്തരം ജാതികളിലെ ചില കുടുംബക്കാർ നേരത്തെ ഭൂവുടമകളായിട്ടുണ്ട്. ബ്രിട്ടീഷ് അധിനിവേശ കാലത്ത് ബ്രിട്ടീഷുകാരുമായുള്ള അടുപ്പം കൊണ്ടും വിദ്യാഭ്യാസം കൊണ്ടും മുന്നോട്ടു വന്ന ചില കുടുംബങ്ങളൊഴിച്ചാൽ ഭൂരിപക്ഷം ജനതയുടെയും അവസ്ഥ സവർണ തറവാടുകളുടെ അധികാരത്തിനുള്ളിൽ വിധേയപ്പെട്ട് ജീവിക്കുകയെന്നതായിരുന്നു. എന്നാൽ തെയ്യംകെട്ട് ജാതികൾക്ക് ഭൂപരിഷ്കരണം കൊണ്ട് കാര്യമായ നേട്ടമുണ്ടായില്ല. കുടികിടപ്പ് അവകാശമെന്ന നിലയിൽ 10 സെന്റ് ഭൂമി ലഭിച്ചവർ കാണാം. എന്നാൽ ഈ ഭൂമി സാമൂഹിക മൂലധനമോ സാമ്പത്തിക മൂലധനമോ ഉണ്ടാക്കിയെടുക്കാൻ പര്യാപ്തമല്ലായിരുന്നു.
തെയ്യംകെട്ട് ജാതികൾ അനുഷ്ഠാന നിർവഹണ ജാതിയും പാരമ്പര്യ വൈദ്യം, ചികിത്സ എന്നിവയിലും ഏർപ്പെട്ടിരുന്നതുകൊണ്ട് അവർക്ക് കൃഷി ചെയ്യുവാനുള്ള അറിവും അംഗബലവുമുണ്ടായിരുന്നില്ല. അതുകൊണ്ട് കൃഷി ചെയ്തിരുന്നവരുടെ സഹായവും അവർക്കാവശ്യമായിരുന്നു. നെൽകൃഷി ചെയ്തിരുന്നവർ തൊഴിലാളികളോ സവർണ തറവാട്ടുകാരോ നെല്ലിന്റെ ഒരു പങ്ക് തെയ്യക്കാർക്ക് സമ്മാനമായി കൊടുക്കുന്ന പതിവുണ്ടായിരുന്നു. നെല്ലും മറ്റു വിഭവങ്ങളും തെയ്യക്കാർക്ക് ലഭിക്കണമെങ്കിൽ മറ്റു ജാതിക്കാരുടെ ഔദാര്യം വേണം എന്നു സാരം. ഒരു ആശ്രിത ജാതികളായിരുന്നു തെയ്യം കെട്ട് ജാതികൾ. ഭൂപരിഷ്കരണത്തിലൂടെ ലഭിച്ച ഭൂമിയിലെ തേങ്ങയോ മറ്റ് വിഭവങ്ങളോ ലഭിക്കണമെങ്കിലും അവർക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്നിരുന്നു. കുടികിടപ്പ് ഭൂമിയിലെ തെങ്ങുകൾ പോലും അവർ പാട്ടത്തിന് തിയ്യ വിഭാഗക്കാർക്കോ മറ്റ് പിന്നോക്ക ജാതികൾക്കോ കൊടുത്തിരുന്നു. ഇതൊക്കെ വാക്കാലോ പ്രയോഗത്തിലോ മാത്രം നിലനിന്നതാണെങ്കിലും പാട്ടത്തിന് ഭൂമിയെടുത്തുവർക്ക് പ്രഥമ പരിഗണന ഭൂപരിഷ്കരണനിയമത്തിലുള്ളതുകൊണ്ട് ഭൂമി പാട്ടക്കാർക്കാണ് പ്രധാനമായും കൈവന്നത്. ഭൂമി കൃഷി ചെയ്യുന്നവർക്ക് പോയാലും അത് തെയ്യക്കാർക്ക് ലഭിക്കില്ലായിരുന്നു. പാട്ടക്കാർക്ക് ലഭിച്ചതുകൊണ്ട് തിയ്യ- വാണിയ- പിന്നാക്ക ജാതികൾക്ക് ഭൂപരിഷ്കരണം കൊണ്ട് വലിയ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. അനുഷ്ഠാന ജാതികൾക്ക്, പ്രത്യേകിച്ച് കീഴാള-ദലിത് ജാതി വിഭാഗങ്ങൾക്ക് ഭൂപരിഷ്കരണ നിയമത്തിലെ പുരോഗമന നിലപാടുകൾ ഗുണം ചെയ്തില്ല.

ഭൂപരിഷ്കരണ നിയമത്തിന്റെ നടപ്പിലാക്കലിന്റെ ഭാഗമായി പിന്നാക്ക ജാതികളിൽ ഭൂമി ലഭിച്ചപ്പോൾ അവർക്ക് പല കാവുഭൂമികളും ലഭിക്കുകയുണ്ടായി. ഈ ഭൂമിയെയും കാവുകളെയും അവരുടെ കാവുകളാക്കി മാറ്റുകയും നേരത്തേ നായർ-നമ്പ്യാർ തറവാട്ടുകാർക്കുണ്ടായിരുന്ന പാരമ്പര്യ കാവധികാരം കരസ്ഥമാക്കാനുള്ള അവസരം അവർക്ക് കൈവന്നു. അനുഷ്ഠാന നിർവഹണ ജാതികളായിരുന്നവർ അനുഷ്ഠാനം നടത്തിപ്പിക്കുന്നവരായി മാറിയപ്പോൾ കാവധികാര ജാത്യാധികാരം തെയ്യക്കാരുടെ മുന്നിൽ ഹിംസാത്മകമായി കാണിക്കുന്നവരായി ഈ പിന്നാക്ക ജാതികളും മാറി. ഭൂമി വെറും ഒരിടമല്ല. അത് ആത്മനിഷ്ഠതയെ നിർണയിക്കുന്ന വിഭവമാണ്. വിദ്യാഭ്യാസത്തേക്കാൾ ഭൂമിയുടെ കൈവശാവകാശം ഗ്രാമങ്ങളിൽ ഒരധികാരമായി ഇന്നും പ്രവർത്തിക്കുന്നുണ്ട്. നാടുവാഴി തറവാട്ടിലെ തെയ്യക്കാവുകളോടൊപ്പം പുതിയ പിന്നാക്ക ജാതി തറവാടുകളും തെയ്യത്തിന്റെ കെട്ടിയാട്ടത്തിലൂടെ സാമൂഹിക മൂലധനവും അംഗീകാരവും നേടിയെടുത്തു. ഈ കാവുകളൊക്കെ 1970- കളിൽ ഉണ്ടായതാണെന്നല്ല ഞാൻ വാദിക്കുന്നത്. ചിലത് മുന്നേ ഉണ്ടായിരുന്നിരിക്കാം. മുന്നേ ഉണ്ടായിരുന്നതും പിന്നീട് ഉണ്ടായിവന്നതും സമഗ്രമായി സാമൂഹിക കർതൃത്വമായി ജാതി സ്വത്വമായി രൂപപ്പെടുന്നതിൽ 1970 കൾ പിന്നാക്ക ജാതികൾക്ക് ശക്തി നൽകി.
ഈ കാലത്ത് തെയ്യക്കാർക്ക് കൂടുതൽ തെയ്യം കെട്ടാനുള്ള ഇടങ്ങൾ വർദ്ധിച്ചു. പക്ഷെ പഴയ തറവാടുകളുടെ മുന്നിൽ മാത്രം വിധേയപ്പെട്ടിരുന്ന് തെയ്യക്കാർ പുതിയ ജാതിത്തറവാട്ട് കാരണവന്മാർക്കും വിധേയപ്പെടുന്നതിനും ചൂഷണം ചെയ്യപ്പെടുന്നതിനും നിർബന്ധിതരാക്കി. നേരത്തേ ഒരു മർദ്ദന രൂപം മാത്രമായിരുന്നെങ്കിൽ പുതിയ കാലത്ത് അനേകം ജാതിമേൽക്കോയ്മകളെ തെയ്യക്കാർക്ക് നേരിടേണ്ടിവരുന്നു. അനുഷ്ഠാന നിർവഹണം മധ്യകാല ജാതിബോധത്തെ നിർമ്മിക്കുകയും പഴയതും പുതിയതുമായ അനേകം ജാതിത്തറവാടുകളെ അത് നിർമ്മിക്കുകയും നിലനിർത്തുകയും ചെയ്യുന്നു എന്ന സാമൂഹിക പ്രതിഭാസത്തെയാണ് ഞാൻ വിശദീകരിക്കുന്നത്.
ജാതികളുടെ ഉൽപ്പത്തി:
മിത്തും യാഥാർത്ഥ്യവും
ഓരോ ജാതിക്കും ഉൽപ്പത്തിക്കഥയുണ്ടാകും. ഉൽപ്പത്തിക്കഥകൾ ജാതിയുടെ ഉറവിടവും അതിന്റെ ദൈവിക ജനനത്തെക്കുറിച്ചുള്ള ന്യായീകരണവുമായിരിക്കും ഉദ്ദേശം. കേരളോൽപ്പത്തി നമ്പൂതിരിമാരുടെ നിർമ്മിതിയാകാനേ തരമുള്ളൂ. കേരളം ഉണ്ടാക്കിയത് പരശുരാമനാണെന്നും അത് നമ്പൂതിരിമാർക്ക് ദാനം ചെയ്ത ഭൂമിയാണെന്നും കഥയിലൂടെയും പറച്ചിലിലൂടെയും ഐതിഹ്യങ്ങളാക്കി പ്രചരിപ്പിച്ചതും നമ്പൂതിരിമാർ തന്നെയാവും. അത് കീഴ്ജാതികളുടെയിടയിൽ പ്രചുരപ്രചാരം നൽകാനും അങ്ങനെ അവരുടെ നാടോടി സംസ്കാരത്തിന്റെ പല അവതരണങ്ങളിലും ഈ മിത്ത് ഉൾച്ചേർക്കാനും അവർ ശ്രമിച്ചിട്ടുണ്ട്.
പരശുരാമൻ മഴുവെറിഞ്ഞ കഥയാണ് നമ്മുടെ ദേശങ്ങളിൽ പ്രചരിപ്പിക്കുന്നതെങ്കിൽ പരശുരാമൻ മറ്റെന്തെങ്കിലും അത്ഭുതം കാണിച്ചിട്ടായിരിക്കും മറ്റേതെങ്കിലും ദേശം നിർമ്മിച്ചിട്ടുണ്ടാകുക. കഥയുടെ ഘടന ഒന്നാണെങ്കിലും അതിലെ കഥാപാത്രങ്ങളും അവർ ഉപയോഗിക്കുന്ന ഉപകരണങ്ങളും സാമൂഹിക സന്ദർഭങ്ങളും മാറുമെന്നു മാത്രം. ഒന്ന് എങ്ങനെ ഉണ്ടായി? എന്തിനാണ് ഉണ്ടായത്? ആരാണ് ഉണ്ടാക്കിയത്? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നത് ചിലതിനെ ന്യായീകരിക്കാനും വിശദീകരിക്കാനും ഇല്ലാത്ത ഒരു ചരിത്രാഖ്യാനത്തെ നിർമ്മിക്കാനുമാണ്.
എഴുത്തും വായനയും പഠിക്കുന്നതിന് മുന്നേ തന്നെ പല ജാതികൾക്കും അവരുടെ ഉൽപ്പത്തി കഥകൾ ഉണ്ടായിരുന്നു. കീഴ്ജാതികളുടെ ഉത്ഭവത്തെപ്പറ്റി ആരാണ് ഇത്തരം കഥകൾ ഉണ്ടാക്കിയതെന്ന് ചോദിച്ചാൽ ആ സമൂഹമാണെന്നേ ഉത്തരം പറയാൻ കഴിയൂ. ആ സമൂഹത്തിലെ ചില ആവശ്യങ്ങൾക്കനുസരിച്ച് അവരും മറ്റുള്ളവരും ചേർന്ന് കാലങ്ങളിലൂടെ പറഞ്ഞും പറയിപ്പിച്ചും പ്രചരിപ്പിച്ചതായിരിക്കണം ഇത്തരം കഥകൾ. ഈ കഥകൾക്ക് അഥവാ മിത്തുകൾക്ക് അതാത് ജാതികളുടെ ഭൗതികയാഥാർത്ഥ്യങ്ങളുമായി ബന്ധമുണ്ടെന്ന് പറയുവാനാണ് ഞാൻ വിവിധ ജാതികളുടെ ഉൽപ്പത്തി കഥ വിവരിക്കാൻ ശ്രമിക്കുന്നത്.

1931-41 ലെ സെൻസസ് റിപ്പോർട്ടിൽ തിരുവിതാംകൂറിലെ അരയ സമുദായത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. അരയർക്ക് കൊച്ചി രാജകുടുംബമായും മറ്റ് സവർണ കുടുംബങ്ങളുമായും അനുഷ്ഠാനബന്ധമുള്ളതായി വിവക്ഷിക്കുന്നു. കൊച്ചി രാജാവിന്റെ തറവാട്ടിലെ ഒരംഗം മരിച്ചാൽ അരയ സമുദായത്തിലെ ഒരാളായിരിക്കണം ആ മൃതദേഹം ആദ്യം ദർശിക്കേണ്ടത്. അതൊരു അനുഷ്ഠാന കടമയായി നിലനിന്നിരുന്നു. ദേശത്തെ അരയൻ മൃതശരീരം കണ്ടതിന് ശേഷമേ മറ്റുള്ളവർക്ക് മൃതശരീരം കാണുവാനുള്ള അവസരം രാജകുടുംബം അനുവദിച്ചിരുന്നുള്ളൂ.
കായലിലൂടെ രാജാവോ മറ്റ് പ്രധാന അംഗമോ തോണിയിൽ യാത്ര ചെയ്യുമ്പോൾ രാജാവിനെ അനുഗമിക്കേണ്ടത് അരയനായിരിക്കണമെന്നത് അനുഷ്ഠാനകടമയും അവകാശവുമായിട്ടാണ് കണക്കാക്കിയിരുന്നത്. ഈ അനുഗമന ബന്ധവും മൃതശരീരം ആദ്യം കാണുവാനുള്ള അനുഷ്ഠാനാവകാശവും അരയർ വലിയ കാര്യമായി കണ്ട് സവർണരുമായുള്ള ബന്ധത്തെ ആഘോഷിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്തു. അവർ താഴ്ന്ന ജാതിയല്ലാത്തതിന്റെ കാരണങ്ങളിൽ ഒന്നായി ഈ അനുഷ്ഠാന ബന്ധം അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു. മൺപാത്രം നിർമ്മിക്കുന്ന കുമ്പാരൻമാരുടെ ഉൽപ്പത്തി കഥ ശിവനുമായി ബന്ധപ്പെടുത്തിയാണ് പറയുന്നത്. പരമശിവൻ പ്രത്യക്ഷപ്പെട്ടപ്പോൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുമ്പാരന്മാർ ശിവനെ ഗൗനിക്കാത്തതുകൊണ്ട് ശിവൻ ശപിച്ചതാണത്രേ അവർ മണ്ണുകൊണ്ട് ജീവിക്കട്ടെയെന്ന്. ആയിരം വർഷം കഴിഞ്ഞാൽ ഇതിൽ നിന്നും മോചിതരാവുമെന്നും കൽപ്പനയുണ്ടായി. കുമ്പാരന്മാർ യഥാർത്ഥത്തിൽ ബ്രാഹ്മണന്മാരായിരുന്നുവെന്നും ഈ ശിവശാപത്തിന്റെ കാലാവധി തീരുന്ന മാത്രയിൽ അവർ ബ്രാഹ്മണരായി തിരിച്ചു വരുമെന്നും മിത്തിലൂടെ ആശ്വാസം കൊള്ളുന്നു. എന്തുകൊണ്ട് മണ്ണുകൊണ്ട് ജീവിക്കുന്നു എന്ന് വിശദീകരിക്കുകയാണ് ഈ മിത്തിൽ. അതോടൊപ്പം ബ്രാഹ്മണ ജന്മം കേമവും അന്തസ്സുള്ളതുമാണെന്ന് ബോധ്യപ്പെടുത്താൻ ഈ കഥ ശ്രമിക്കുകയും ചെയ്യുന്നു. ഭൗതിക യാഥാർത്ഥ്യത്തിന്റെ കാരണങ്ങളെ വിശദീകരിക്കാനുള്ള വൃഥാ ശ്രമങ്ങളാണിവ.
തെയ്യംകെട്ട് ജാതിക്കുള്ളിൽ വണ്ണാൻ ജാതിയുടെ ഉൽപ്പത്തിക്കഥ ശുദ്ധസങ്കൽപ്പങ്ങളുമായുള്ള ബന്ധത്തെ വെളിവാക്കുന്നു. സവർണ തറവാട്ടിലെ വസ്ത്രങ്ങൾ വണ്ണാൻ ജാതിയിലെ ആൾക്കാർ കഴുകി കൊടുത്താൽ പുല മാറി ശുദ്ധമാകുമെന്ന വിശ്വാസം വണ്ണാൻ ജാതിയെ സവർണ തറവാടുകളുമായി അനുഷ്ഠാനപരമായി ബന്ധപ്പെടുത്തുന്നു. സവർണ ജാതിയിലെ സ്ത്രീകൾ പ്രായമറിയിച്ചാൽ വണ്ണാന്റെ വസ്ത്രം അവരെ ശുദ്ധരാക്കുന്നു. ആർത്തവത്തിന് ശേഷം സ്ത്രീകൾ ശുദ്ധരായി പരിഗണിക്കുന്നതിൽ വണ്ണാൻ മാറ്റ് എന്ന ചടങ്ങ് പ്രധാനമാകുന്നു. വണ്ണാൻ അലക്കിയ വസ്ത്രം ശുദ്ധവും പുലയെ അകറ്റാൻ കഴിവുള്ളതുമാണെന്നുള്ള വിശ്വാസമാണ് ഈ തൊഴിൽക്കൂട്ടത്തെ ദേശത്ത് പ്രാധാന്യമുള്ളവരായി മാറ്റുന്നത്. ദേശത്തെ വണ്ണാൻമാരുടെ ജീവിതം സവർണ തറവാട്ടുകാർക്ക് അനിവാര്യമായ സേവനമായും മാറുന്നു. വണ്ണാന്മാർ കെട്ടുന്ന തെയ്യങ്ങളിൽ ഭൂരിഭാഗവും സവർണ തറവാടുകളിൽ ജീവിച്ച് മരിച്ച അത്ഭുതങ്ങൾ സൃഷ്ടിച്ച മനുഷ്യരുടെ പ്രതിനിധാനങ്ങളാണ്. കാരണവർ, വിവിധ തരം ദേശഭഗവതിമാർ, മുത്തപ്പൻ, കതിവനൂർ വീരൻ, വയനാട്ട് കുലവൻ, കണ്ടനാർ കേളൻ എന്നിങ്ങനെയുള്ള പൂർവിക വീര കഥാപാത്രങ്ങളാണ് പ്രധാന തെയ്യങ്ങൾ. വീര കഥാപാത്രങ്ങൾ ഒരു ദേശത്തിന്റെ വീരഗാഥ കൂടി പറയും. അതിൽ ദേശതറവാട്ടിലെ പഴയ പ്രതാപകാലം വെളിവാക്കുകയും ചെയ്യും.
വടക്കേ മലബാറിലെ മലയരുടെ ഉൽപ്പത്തിക്കഥയും ശിവനുമായി ബന്ധപ്പെട്ടതാണ്. മലയൻ എന്നാൽ മലയിൽ വസിക്കുന്നവർ എന്നാർത്ഥം. ശിവനും പാർവതിയും കാട്ടിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുമ്പോൾ ശിവൻ മുഖം കഴുകുവാനായി ഒരു പുഴയുടെ അരികിൽ പോയി. ശിവന്റെ മുഖം വെള്ളത്തിൽ പ്രതിബിംബിച്ചപ്പോൾ സ്വന്തം സൗന്ദര്യത്തിൽ ശിവൻ അത്ഭുതപ്പെട്ടു. തന്റെ തന്നെ കണ്ണേറു കിട്ടിയ ശിവന് അസുഖമായി. ശിവൻ അവശനായി കണ്ടു. പലരോടും അവശത മാറ്റാനുള്ള മന്ത്രം തിരക്കിയെങ്കിലും ആർക്കും കഴിയാതെ വന്നു. ശിവൻ പുറ്റിൽ നിന്നും മലയനെ സൃഷ്ടിച്ചു. അവൻ ശിവന്റെ കണ്ണേറ് ദോഷം തീർത്തു കൊടുത്തു. അങ്ങനെയാണ് മലയർ മന്ത്രവാദികളായി മാറിയതെന്നാണ് ഐതിഹ്യം. മലയരുടെ അനുഷ്ഠാന കർമ്മത്തിൽ കണ്ണേറ് ദോഷപ്പാട്ട് വളരെ പ്രധാനപ്പെട്ടതാണ്. മന്ത്രവാദം, ദുർമന്ത്രവാദം പാട്ട് എന്നിവ മലയരുടെ തെയ്യങ്ങളുടെ സവിശേഷതയാണ്.

മലയരുടെ ജനനം മനുഷ്യരുടെ ജനനം പോലെ യോനിയിൽ നിന്ന് സംഭവിക്കുന്നതല്ലെന്നും ശിവന്റെ സൃഷ്ടിയാണെന്നും മിത്തിൽ അടിവരയിടുന്നു. മലയരുടെ ഉൽപ്പത്തി പാവനവും പരിശുദ്ധവുമാണെന്ന് ഈ കഥ ന്യായീകരിക്കുന്നു. തച്ചുമന്ത്രം, കുഴിപ്പുറത്തെ മന്ത്രം എന്നിവ മലയരുടെ അനുഷ്ഠാന കർമ്മമായി മാറുന്നു. മലയർ കെട്ടിയാടുന്ന തെയ്യങ്ങളും പ്രധാനമായും മന്ത്രമൂർത്തികളാണ്. മലയ സ്ത്രീകൾ ദേശത്ത് നടത്തിപ്പോരുന്ന പ്രസവമെടുപ്പും മന്ത്രവാദ സിദ്ധിയുടെ ഭാഗമായാണ് മനസ്സിലാക്കുക. ഈ സേവനങ്ങളൊക്കെയും ദേശത്ത് നിർവഹിക്കുന്നത് പ്രധാനമായും സവർണ തറവാടുകളിലാണ്. ജാതിയുടെ ശ്രേണീബന്ധമനുസരിച്ച് കീഴ്ജാതി വീടുകളിലും ഈ സേവനം നടത്തിപ്പോന്നിരുന്നു. മേൽ വിവരിച്ച എല്ലാ ഉൽപ്പത്തി കഥകളും അവരുടെ തൊഴിലിനെ അനുഷ്ഠാനമായും സവർണ തറവാടുകളുമായുള്ള അടുപ്പത്തിലും ഉണ്ടാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് ഈ ജാതികളുടെ നിലനിൽപ്പ് സവർണ തറവാടിന്റെ അഭിവൃദ്ധിക്കനുസരിച്ച് നിലനിൽക്കുന്നതായിരുന്നു.
അവർ അനുഷ്ഠാനപരമായാണ് സമൂഹത്തിൽ ഉൾച്ചേർന്നിരിക്കുന്നത്. ഈ അനുഷ്ഠാന ബന്ധം അവരുടെ കീഴായ്മയെയും നിർമ്മിച്ചെടുക്കുന്നു. തൊഴിൽപരമായ സ്വാതന്ത്ര്യം ഈ ജാതികൾക്കുണ്ടായിരുന്നില്ല. അവരുടെ സേവനം തൊഴിലായിട്ടല്ല കണ്ടിരുന്നത്. മറിച്ച് അനുഷ്ഠാനമായിട്ടാണ്. എന്നാൽ ഇത്തരം ഉൽപ്പത്തി കഥയിൽ നിന്നും വിഭിന്നമാണ് തിയ്യരുടെ ഉൽപ്പത്തി കഥ.
ശിവനും പാർവതിയും പയ്യന്നൂർ അമ്പലത്തിനടുത്തൂടെ നടക്കുമ്പോൾ ശിവൻ ഒരു മരത്തെ ശ്രദ്ധിച്ചു. മരത്തിന്റെ അടിയിൽ നിന്നും അതിന്റെ ഫലം പൊട്ടിവരുന്നുണ്ട്. തെങ്ങിന്റെ വേരിന്റെ ഭാഗത്തായിരുന്നുവത്രേ കള്ള് പൊട്ടിയിരുന്നത്. ശിവൻ കള്ള് കുടിക്കാൻ തുടങ്ങി. മധുരമുള്ള കള്ള് കുടിക്കുന്ന ശീലം ശിവനിൽ രൂപപ്പെട്ടു. പിന്നീട് അതിന് അടിമപ്പെട്ടു. ഇത് പാർവതിയെ ദുഃഖിതയാക്കി. അവർക്ക് ഈ പ്രശ്നം പരിഹരിച്ചേ പറ്റൂ. പാർവതി തെങ്ങിന്റെ താഴെ നിന്നും പൊട്ടിവന്നിരുന്ന കള്ളിനെ സ്വന്തം കൈകൾ കൊണ്ട് തടവിത്തടവി മുകളിലേക്കാക്കി. യഥേഷ്ടം കള്ള് ലഭിച്ച ശിവന് ഇതൊരു പ്രശ്നമായി. ആരാണ് തെങ്ങിൽ കയറി കള്ള് ചെത്തുക എന്ന അന്വേഷണത്തിൽ ആരെയും കിട്ടാതെയായി. അവസാനം ശിവൻ സ്വന്തം തുടയിൽ അടിച്ച് ഒരു ദിവ്യനെ സൃഷ്ടിച്ചു. ആ ദിവ്യൻ ലോപിച്ച് പിന്നീട് തിയ്യനായി അറിയപ്പെട്ടു.
മറ്റ് ഉൽപ്പത്തിക്കഥയിൽ നിന്നും ഈ കഥ വ്യത്യസ്തമായിരിക്കുന്നു. അനുഷ്ഠാന സ്ഥാനപ്പെടലിനായിരുന്നു നേരത്തെ വിവരിച്ച മിത്തുകൾ ശ്രദ്ധിച്ചതെങ്കിൽ തിയ്യരുടെ ഉൽപ്പത്തി കഥ ഒരു തൊഴിലിനെ മഹത്വവൽക്കരിക്കാനാണ് ശ്രമിക്കുന്നത്. സവർണ ജാതികളും തറവാടുകളും അശുദ്ധമായി കണ്ടിരുന്ന കള്ള് ചെത്തിനെ ശിവന്റെയും പാർവതിയുടെയും സാന്നിധ്യത്തിൽ പുണ്യവൽക്കരിക്കുന്നു. അതോടൊപ്പം തിയ്യരെ ഒരു തൊഴിൽക്കൂട്ടമായാണ് മിത്ത് സമർത്ഥിക്കുന്നത്. ഈ മിത്ത് അനുഷ്ഠാനപരതയെയോ സവർണ ജാതികളുടെ പുലയെ ഇല്ലാതാക്കാനോ ശ്രമിക്കുന്നില്ല. അത് കഠിനമായ ഒരു തൊഴിലിനെ മഹത്വവൽക്കരിക്കുന്നു.
എന്തുകൊണ്ട് തിയ്യർക്ക് സവർണ തറവാടിന്റെ അധികാരത്തെയും വിധേയത്വ വിവഹാരങ്ങളെയും ചോദ്യം ചെയ്യുവാനും മറികടക്കാനും കഴിഞ്ഞു എന്ന് ചോദിച്ചാൽ, അവർ സവർണ തറവാടുകളുമായി അനുഷ്ഠാന ബന്ധത്തിലല്ല സമൂഹ ബന്ധത്തിലാണ് ഉൾച്ചേർന്നിരിക്കുന്നത് എന്നാണ് ഉത്തരം. ഒരു തൊഴിലാളിക്കൂട്ടമെന്ന രീതിയിലാണ്. അതുകൊണ്ടുതന്നെ ജാതീയമായ കടമകൾക്കും വിധേയപ്പെടലിനും പാത്രമാകാതെ സവർണ തറവാടുകളുടെ അധികാര വ്യവസ്ഥയിൽ നിന്നും പുറത്തു കടക്കാൻ തിയ്യർക്ക് എളുപ്പമായിരുന്നു. വിഷ്ണുമൂർത്തിയുടെ ഐതിഹ്യത്തിൽ പറയുന്ന പാലത്തായി കണ്ണൻ കാലികനായ തിയ്യ യുവാവാണ്.

കുറുവാടൻ കുറുപ്പിന്റെ മരുമകളെ പ്രേമിച്ചു എന്നതാണ് കണ്ണൻ ചെയ്ത കുറ്റം. ജാതി മര്യാദകൾക്കപ്പുറമുള്ള പ്രവർത്തിയാണ് കണ്ണൻ ചെയ്തത്. കാര്യമറിഞ്ഞ കുറുവാടൻ കുറുപ്പ് കണ്ണനെ കൊന്നുകളയാൻ തീരുമാനിക്കുന്നു. പേടിച്ച കണ്ണൻ മംഗലാപുരത്തേക്ക് ഒളിച്ചോടുന്നു. വീട്ടിലേക്കും നാട്ടിലേക്കും വരാൻ കൊതിച്ച കണ്ണൻ വർഷങ്ങൾ കഴിഞ്ഞ് ഗ്രാമത്തിൽ തിരിച്ചെത്തുന്നു. വാർത്ത അറിഞ്ഞ കുറുപ്പ് കണ്ണന്റെ കഴുത്ത് അറുത്ത് കൊന്നുകളയുന്നു. അനീതിയുടെ ഇരയായ കണ്ണനാണ് വിഷ്ണുമൂർത്തി തെയ്യമായി മാറുന്നത്. ഈ കഥയും ഒരു തരത്തിൽ തിയ്യരുടെ എതിരിടാനുള്ള സാമൂഹിക വാഞ്ഛയെ വെളിവാക്കുന്നു. തൊഴിൽക്കൂട്ടവും അംഗസംഖ്യാ ബലവും തിയ്യർ വീണ്ടും സാമൂഹികമായി മുന്നോട്ടു പോകുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുമായുള്ള അവരുടെ അടുത്ത ബന്ധത്തിലൂടെയാണ്. വടക്കേ മലബാറിലെ സാമൂഹിക വ്യവസ്ഥാ രൂപമായ ചെറുജന്മാവകാശം നിലനിർത്തിയത് തന്നെ ചെറുജാതികളുടെ സേവനം സവർണ ജാതി തറവാട്ടുകാർക്ക് സ്വമേധയാ ലഭിക്കാനായിരുന്നു. തറവാടിന്റെ അധികാരത്തിനുള്ളിൽ ചിലപ്പോൾ ഉൾച്ചേർത്തും ചില സാഹചര്യങ്ങളിൽ തറവാടിന്റെ ഭാഗമാണെന്ന തോന്നലുകൾ ജനിപ്പിച്ചും തറവാടിന്റെ അധികാര പരിധിയെ ചുരുക്കി കാണിച്ചും ഉൾച്ചേർത്തിരുന്ന ജാതികൾ അനുഷ്ഠാനപരമായി ഉൾപ്പെടുത്തിയാണ് നിലനിർത്തിയത്. കാലാന്തരത്തിലും സാമൂഹിക പരിഷ്കരണഘട്ടത്തിലും സവർണവും അവർണവുമായ തറവാടുകൾ ഈ ചെറുജന്മാവകാശ സാമൂഹിക രൂപത്തെ തുടരുന്നതായി കാണാം. അനുഷ്ഠാനപരമായി ബന്ധിപ്പിച്ച ജാതികൾക്ക് അവരുടെ ജാതി വേരുകൾ അറുത്തു മാറ്റാൻ കഴിയാതെ വരികയും എന്നാൽ അനുഷ്ഠാനപരമായി ഉൾച്ചേർത്തിട്ടില്ലാത്ത തൊഴിൽക്കൂട്ടമായ തിയ്യരെ പോലുള്ള ജാതികൾക്ക് ഈ വേരുകൾ എളുപ്പത്തിൽ പൊട്ടിക്കാൻ കഴിയുന്നതിന്റെയും സാമൂഹിക രഹസ്യം തിയ്യരുടെ ചെറുജന്മാവകാശ കടമ പ്രധാനമായും അനുഷ്ഠാനപരമായല്ല ബന്ധപ്പെട്ടിരിക്കുന്നത് മറിച്ച് തൊഴിൽക്കൂട്ടമായി മാത്രമാണ് എന്നതാണ്. അനുഷ്ഠാന ബന്ധം ഒരു സാമൂഹിക ബന്ധനമായി പ്രതിപ്രവർത്തിക്കുന്നു.
(അവസാനിച്ചു)

