ദൈവക്കോലത്തെ ആസ്പദമാക്കി ഈയിടെയിറങ്ങിയ കാന്താര എന്ന കന്നഡ സിനിമ, ഒരു തെയ്യത്തിന്റെ കഥയിലൂടെ കഴിഞ്ഞുപോയ അല്ലെങ്കിൽ നിലനിൽക്കുന്ന ഒരു പ്രാദേശിക ചരിത്രമാണ് വരച്ചുകാട്ടുന്നത്. ഗ്രാഫിക് ഡിസൈൻ, വിഷ്വൽ എഫക്റ്റ്എന്നിവയുടെ കാര്യത്തിൽ മികച്ച സിനിമയായ കാന്താരയിൽ ശരിക്കും ചർച്ച ചെയ്യപ്പെടേണ്ടത് അതിലെ സാമൂഹിക ഉള്ളടക്കമാണ്.
കർണാടക-കേരള അതിർത്തി പ്രദേശങ്ങളിൽ കെട്ടിയാടുന്ന പഞ്ചുരുളി തെയ്യത്തിന്റെ കഥ മുൻനിർത്തി ഒരു വിഭാഗം ജനങ്ങളുടെ ജീവിതചരിത്രം അവതരിപ്പിക്കുകയാണ് സിനിമ. ഗോത്ര- വരേണ്യ വിഭാഗക്കാർ തമ്മിലുള്ള അന്തരമാണ് പ്രമേയം. ഒരു വിഭാഗം മനുഷ്യർക്ക് ജാതിയുടെയും വർഗത്തിന്റെയും പേരിൽ തീണ്ടൽ കൽപ്പിക്കുമ്പോൾ അനീതി കാണിക്കുന്ന മേലാളനെ ശിക്ഷിക്കാൻ ഗോത്രവിഭാഗക്കാരുടെ കുലദൈവമായ പഞ്ചുരുളി തെയ്യം മുന്നിട്ടിറങ്ങുന്നു. ശിക്ഷയുടെയും സത്യത്തിന്റെയും പ്രതിരൂപമായിട്ടാണ് പഞ്ചുരുളി തെയ്യത്തെ ആവിഷ്കരിക്കുന്നത്. വരേണ്യ വർഗത്തിന്റെ ചൂഷണങ്ങൾക്കെതിരെ മർദ്ദിത വിഭാഗക്കാരുടെ സംരക്ഷണത്തിനായി അവതരിക്കുന്ന അധികാര മൂർത്തിയാണിവിടെ പഞ്ചുരുളി തെയ്യം. സാമൂഹിക ശ്രേണീവത്ക്കരണത്തിനെതിരായ പ്രതിഷേധത്തിന്റെ പ്രകടനരൂപമായി തെയ്യത്തെ ബന്ധപ്പെടുത്തുന്നതാണ്, പ്രമേയത്തെ വ്യത്യസ്തമാക്കുന്നത്.
സ്ത്രീകൾ ദേവതമാർ എന്ന നിലയിൽ
പുരാതനകാലം മുതലേ മനുഷ്യർ, ദൈവമെന്ന സങ്കല്പത്തെ പല രീതിയിലും ഭാവത്തിലും ആരാധിച്ചിരുന്നതായി കാണാം. മനുഷ്യരുടെ ആരാധനാരീതിയുടെ തുടക്കം ഭയത്തിൽ നിന്നാണെന്ന് അനുമാനിക്കാം. പ്രാചീന മനുഷ്യർ പ്രകൃതി പ്രതിഭാസങ്ങളെയും മറ്റു സങ്കൽപ്പങ്ങളെയും ആരാധിക്കുന്നതിലൂടെയാണ് ദൈവമെന്ന സങ്കല്പത്തിന് തുടക്കം കുറിച്ചത്. വായു, ജലം, അഗ്‌നി, സൂര്യൻ, നദികൾ, മരങ്ങൾ, നാഗം, കാള, തുടങ്ങിയ പ്രകൃതിവസ്തുക്കളെയും ജീവജാലങ്ങളെയും പ്രാചീന മനുഷ്യർ ആരാധിച്ചിരുന്നു. പിന്നീട് അതൊരു സാമൂഹിക വ്യവസ്ഥയായി മാറുകയും വിശ്വാസത്തിലൂടെ മനുഷ്യരെ ഒന്നിച്ചുനിർത്താനുള്ള നിയമസംഹിതകൾക്ക് പ്രേരണയായെന്നും യുവാൽ നോഹ ഹരാരി പറയുന്നു.
അതിനൊരു ഉദാഹരണമാണ് 1792-1750 ബി.സി.ഇ കാലത്ത് ബാബിലോൺ രാജാവായ ഹമുറാബി, ഷമാസ് എന്ന ദൈവത്തിന്റെ പ്രതിപുരുഷനായി ഭരണം നടത്തിയത്. ഇതിനൊക്കെ പുറമെ സ്ത്രീദൈവങ്ങളെയും ആരാധിച്ചിരുന്നു. ഇതിനെ ശരിവെക്കുന്ന അടിസ്ഥാന തെളിവാണ് പ്രാചീന മെസോപൊട്ടോമിയയിൽ ‘ഇനാന' എന്ന സ്ത്രീദേവതയെ ആരാധിച്ചിരുന്നത്. കൂടാതെ, ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് അദ്ദേഹത്തിന്റെ ഒമ്പത് ഭാഗങ്ങളുള്ള പുസ്തകങ്ങൾക്ക് ഒമ്പത് ഗ്രീക്ക് മ്യൂസുകളുടെ പേരാണ് നൽകിയത്. ആദ്യ ഭാഗത്തിൽ ‘ക്ലിയോ' എന്ന ചരിത്രത്തിന്റെ ദേവതയുടെ പേര് നൽകിയിരിക്കുന്നു.
ഏതൊരു തെയ്യത്തിന്റെയും അനുഷ്ഠാനങ്ങളിൽനിന്നും പുരാവൃത്തത്തിൽ നിന്നും മുമ്പ് ജീവിച്ചിരുന്ന ഒരു സമൂഹത്തിന്റെ ചരിത്രം ഇഴപിരിച്ചെടുക്കാനാകും. ഇന്ന് കെട്ടിയാടുന്ന ഓരോ തെയ്യവും കഴിഞ്ഞുപോയ കാലത്തിന്റെ ഗതിവിഗതികൾ ഓർമപ്പെടുത്തുന്നു.
ഇന്ത്യയിൽ, ഹാരപ്പൻ കാലഘട്ടം മുതൽ സ്ത്രീദേവതകളെ പ്രാധാന്യം നൽകി ആരാധിച്ചിരുന്നു. മോഹൻജോദാരയിൽ നിന്ന് കണ്ടെടുത്ത ടെറാകോട്ടയിൽ നിർമിച്ച മാതൃദേവതകളുടെ പ്രതിമകളും സ്ത്രീരൂപങ്ങളും അതിനുദാഹരണമാണ്. ഇന്ത്യയിൽ ആദ്യമായി സ്ത്രീ- മാതൃ ദേവതകളെയാണ് മനുഷ്യർ ആരാധിച്ചുതുടങ്ങിയതെന്ന് ഡി. ഡി. കൊസാബിയുടെ ‘മിത്ത് ആൻഡ് റിയാലിറ്റി' എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ആര്യവംശജരുടെ കടന്നുകയറ്റത്തോടെയാണ് പുരുഷസങ്കൽപ്പങ്ങളുള്ള ദൈവങ്ങൾക്ക് പ്രാധാന്യം ലഭിച്ചുതുടങ്ങിയത്. തെക്കേ ഇന്ത്യയിൽ, സംഘകാലത്ത് കൊട്രാവായി ദേവതയെ ആരാധിച്ചിരുന്നതായി മനസിലാക്കാം. പല രീതിയിലും ഭാവത്തിലും ഒരു സങ്കല്പത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ ദൈവങ്ങളെ ആരാധിച്ചിരുന്നുവെന്നും അതിൽ സ്ത്രീദേവതകൾക്ക് പ്രാധാന്യമുണ്ടായിരുന്നുവെന്നും മനസിലാക്കാം. പ്രാചീനസമൂഹത്തിലെ സ്ത്രീകളെ ഭക്തിയോടെയും വിശ്വാസത്തോടെയും സമൂഹത്തിൽ നല്ലൊരു സ്ഥാനം നൽകി ആരാധിച്ചിരുന്നുവെന്നാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്.
സംസ്‌കാരങ്ങളുടെ വൈവിധ്യഭൂമികയാണ് ഇന്ത്യ. ഓരോ പ്രദേശത്തും വ്യത്യസ്ത സംസ്‌കാരവും ആരാധനാരീതിയും ഉയർത്തിപ്പിടിക്കുന്ന വിവിധ ജനവിഭാഗങ്ങളുണ്ട്. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കേരളത്തിന്റെ സ്ഥാനവും ഇതുപോലെത്തന്നെയാണ്. വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും ആരാധിച്ചിരുന്നതുപോലെ പ്രാചീനകാലം മുതലേ കേരളത്തിൽ സ്ത്രീദേവതകളെ ആരാധിച്ചിരുന്നുവെന്ന് കേരള ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും. കേരളത്തിൽ വടക്കുമുതൽ തെക്കുവരെ വ്യത്യസ്ത സംസ്‌കാരങ്ങളും ആരാധനാ രീതികളും നിലനിൽക്കുന്നു. പ്രത്യേകിച്ച് ഉത്തര കേരളത്തിൽ, തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന വടക്കേ മലബാർ കേരളത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും സാംസ്‌കാരികമായും ആരാധന രീതികൊണ്ടും വ്യത്യസ്ത പുലർത്തുന്നു. മലബാറിൽ തന്നെ കണ്ണൂർ, കാസർഗോഡ് ജില്ലകൾ ഉൾകൊള്ളുന്ന ഉത്തര മലബാറും ദക്ഷിണ മലബാറും ഒരുപോലെയല്ല. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ജീവിതക്രമങ്ങളിലും ആ വ്യത്യാസം പ്രകടമാണ്. വിവിധ ഭഗവതീസങ്കൽപ്പങ്ങളുള്ള സ്ത്രീദൈവങ്ങളെയും, തെയ്യങ്ങളെയും കേരളത്തിൽ ഇന്നും ആരാധിച്ചുവരുന്നു. ഏതൊരു തെയ്യത്തിനും ഒരു പുരാവൃത്തം ഉണ്ടായിരിക്കുമല്ലോ. അതിന്റെ അടിസ്ഥാനത്തിലായിരിക്കും തെയ്യം കെട്ടിയാടുന്നതും അവരെ ജനം ആരാധിക്കുന്നതും.
മാക്കം എന്ന പുരാവൃത്തം ഉയർന്നുവന്നത് വടക്കൻ പാട്ട് ആദ്യമായി പ്രചരിച്ച കാലഘട്ടത്തിനുശേഷമാണെന്ന് അനുമാനിക്കാം. എന്നാൽ തെയ്യം എന്ന കലയുടെ മൂലരൂപത്തിന് അതിനേക്കാൾ പഴക്കമുണ്ടെന്ന് നരവംശ ശാസ്ത്രജ്ഞരും ചരിത്രകാരന്മാരും തെളിയിച്ചിട്ടുണ്ട്.
ദേവി- ദേവൻ സങ്കൽപ്പങ്ങളോ, വീരമൃത്യുവരിച്ച മനുഷ്യരോ, ചതിയിൽപെട്ട്മൃത്യു വരിച്ച മർദ്ദിതരോ, പുരുഷാധിപത്യത്തിന്റെ ക്രൂരതയിൽ ജീവത്യാഗം ചെയ്യേണ്ടി വന്ന സ്ത്രീകളോ ആണ് തെയ്യക്കോലരൂപമായി കെട്ടിയാടി ആരാധിക്കുന്നത്. ഏതൊരു തെയ്യത്തിന്റെയും അനുഷ്ഠാനങ്ങളിൽനിന്നും പുരാവൃത്തത്തിൽ നിന്നും മുമ്പ് ജീവിച്ചിരുന്ന ഒരു സമൂഹത്തിന്റെ ചരിത്രം ഇഴപിരിച്ചെടുക്കാനാകും. ഇന്ന് കെട്ടിയാടുന്ന ഓരോ തെയ്യവും കഴിഞ്ഞുപോയ കാലത്തിന്റെ ഗതിവിഗതികൾ ഓർമപ്പെടുത്തുന്നു. തെയ്യത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെടുത്തി വായിച്ചാൽ അത് മനസിലാകും. ഒരു സമൂഹത്തിൽ നിലനിന്നിരുന്ന ആചാരനുഷ്ഠാനങ്ങൾ, കുടുംബവ്യവസ്ഥ, ജാതിവ്യവസ്ഥ, സ്ത്രീകൾക്കെതിരായ അനീതി തുടങ്ങിയ സാമൂഹികാവസ്ഥകൾ തെയ്യത്തിന്റെ ഉറവിട ചരിത്രവുമായി ബന്ധപ്പെടുത്തി പരിശോധിച്ചാൽ കണ്ടെത്താൻ സാധിക്കും.
സ്ത്രീതെയ്യങ്ങളുടെ ജന്മരഹസ്യം
വടക്കേ മലബാറിലെ സ്ത്രീതെയ്യങ്ങളെ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. പുരുഷാധിപത്യത്തിന്റെയും ദുരഭിമാനക്കൊലയുടെയും ഇരകളാക്കപ്പെട്ട്, അതിനുശേഷം പുനർജനിച്ച് തെയ്യമായി മാറിയതാണ് മിക്ക സ്ത്രീ തെയ്യങ്ങളും. ഇവരിൽ പ്രധാനപ്പെട്ടവരാണ് മുച്ചിലോട്ട് ഭഗവതി, ഉമ്മച്ചി തെയ്യം, വണ്ണാത്തിപ്പോതി, തോട്ടുംകര ഭഗവതി, മാക്കം ഭഗവതി തുടങ്ങിയ തെയ്യങ്ങൾ. മാക്കം തെയ്യത്തിന്റെ പുരാവൃത്തം ഒരു ഉദാഹരണമാണ്. ചെയ്യാത്ത തെറ്റിന് സ്വന്തം സഹോദരന്മാരുടെ കൈകൊണ്ട് മാക്കവും മക്കളും കൊലചെയ്യപ്പെടുന്നു, പിന്നീട് തെയ്യമായി മാറുന്നു. ഗതകാല സമൂഹത്തിൽ സ്ത്രീകൾക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങളെക്കുറിച്ചുള്ളതോ അല്ലെങ്കിൽ അവരുടെ അവസ്ഥകളെക്കുറിച്ചുള്ളതോ ആയ ഓർമപ്പെടുത്തൽ കൂടിയാണ് മാക്കവും മറ്റ് സ്ത്രീതെയ്യങ്ങളും. മാക്കത്തിന്റെ പുരാവൃത്തത്തിൽ നിന്ന്, മാക്കം ജീവിച്ചിരുന്ന ഒരു സമൂഹത്തിന്റെ ചരിത്രപരമായ വിവരങ്ങൾ മാക്കപ്പോതി തോറ്റത്തിൽ വിശദീകരിക്കുന്നതായി കാണാം. മാക്കം ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന കടാങ്കോട്ട് തറവാട് നിലനിന്നിരുന്നത് പയ്യന്നൂർ കുഞ്ഞിമംഗലം ദേശത്തായിരുന്നു. കുഞ്ഞിമംഗലം കടാങ്കോട്ട് തറവാട്ടിൽ ഉണ്ണിച്ചെറിയക്ക് ജനിച്ച പെൺകുഞ്ഞാണ് മാക്കം. പന്ത്രണ്ട് സഹോദരന്മാരുടെ ഒരേയൊരു സഹോദരി. തറവാടിന്റെ പിന്തുടർച്ചയ്ക്കായി ഇഷ്ടദേവതയ്ക്ക് പ്രാർത്ഥനയും വഴിപാടുകളും നടത്തിയ ഉണ്ണിച്ചെറിയക്ക് വരദാനമായി കിട്ടിയ കുട്ടിയായിരുന്നു മാക്കം. പന്ത്രണ്ട് സഹോദരന്മാരോടും അവരുടെ ഭാര്യമാരോടപ്പം വളർന്നുവന്ന മാക്കം വിവാഹിതയാവുകയും ചാത്തു, ചീരു എന്നീ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്തു.
കുട്ടികളില്ലാത്ത നാത്തൂന്മാർക്ക് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ മാക്കത്തിനോട് വിദ്വേഷം തോന്നി. ഈ സമയത്ത് കടാങ്കോട്ട് തറവാട്ടിലെ പന്ത്രണ്ട് സഹോദരന്മാർക്ക് അന്ന് ആ പ്രദേശം ഭരിച്ചിരുന്ന കോലത്തിരി രാജാവിന്റെ ഉത്തരവിനെ തുടർന്ന് പടയ്ക്ക് പോകേണ്ടിവന്നു. ഈ സമയത്ത്, കടാങ്കോട്ട് തറവാട്ടിലെ കുലദൈവമായ വീരചാമുണ്ഡിയുടെ കോവിലകത്തെ എണ്ണ തീർന്നുപോയപ്പോൾ എണ്ണയാട്ടുന്നതിന് മാക്കം പറമ്പുങ്കരെ വാണിയനെ വിളിച്ച് വരുത്തി. എണ്ണയാട്ടിക്കാൻ എള്ള് കൊടുത്ത് വിടുകയും എത്രയും വേഗം എണ്ണ കൊണ്ടുതരാൻ മാക്കം വാണിയനോട് ആവശ്യപ്പെടുകയും ചെയ്തു. ആർത്തവ സമയമായതിനാൽ മാക്കം മുറിക്കുള്ളിൽ കഴിയുന്ന സമയത്ത് എണ്ണയാട്ടി വന്ന വാണിയൻ കടാങ്കോട്ട് തറവാട്ടിൽ ആരെയും കാണാതെ വന്നപ്പോൾ മാക്കത്തെ ഉറക്കെ നീട്ടിവിളിച്ചു. വിളികേട്ട മാക്കം വാണിയനോട്, ‘നാത്തൂന്മാർ വിറകിന് പോയി, എനിക്കാണേൽ തീണ്ടലാണ്, മക്കൾ എന്നെ തൊട്ട് അശുദ്ധിയുമായി, അതുകൊണ്ട് എണ്ണപാത്രം മുറിക്കുളളിലേക്ക് നീക്കി വെച്ചോളളൂ' എന്നുപറഞ്ഞു.
ഇതുകേട്ട വാണിയൻ ഒരു കാലെടുത്ത് അകത്തുവെക്കുകയും അവിടെ നിന്ന് എണ്ണപാത്രം മുറിക്കുള്ളിലേക്ക് നീക്കി വെക്കുകയും ചെയ്തു. ഇതെല്ലാം ഒളിച്ചിരുന്ന് കണ്ട നാത്തൂന്മാർ കിട്ടിയ അവസരം മുതലാക്കുകയും മാക്കത്തെ ഇല്ലായ്മ ചെയ്യുന്നതിന് നുണപ്രചാരണം നടത്തുകയും ചെയ്തു. കടാങ്കോട്ട് നായന്മാർ പടയ്ക്ക് പോയി വന്നനേരം നാത്തൂന്മാർ മാക്കത്തെക്കുറിച്ചും വാണിയനെക്കുറിച്ചും ഭർത്താക്കന്മാരോട് അപവാദം പറഞ്ഞുകൊടുത്തു. ഇതുകേട്ട കടാങ്കോട്ട് നായന്മാർക്ക് മാക്കത്തിനോട് പൊറുക്കാൻ പറ്റാത്ത വെറുപ്പ് തോന്നി. കോട്ടയം വിളക്കുമാടം കാണാമെന്നുപറഞ്ഞ് സഹോദരന്മാർ മാക്കത്തെയും കുട്ടികളെയും നിർബന്ധിപ്പിച്ച് കടാങ്കോട്ട് തറവാട്ടിൽ നിന്നിറക്കി കൊണ്ടുപോയി. പിന്നീട് അയ്യങ്കരപ്പള്ളി എന്ന സ്ഥലത്തെ പൊട്ടക്കിണറിൽ മാക്കത്തെയും കുട്ടികളെയും കൊന്നുതള്ളി. ഈ സംഭവത്തിന്റെ ഏക ദൃക്സാക്ഷിയായ മാവിലൻ എന്ന കാട്ടിടയനെയും ഇവർ കൊന്ന് കിണറ്റിലെറിഞ്ഞു. സത്യം തെളിയിക്കുന്നതിന് മാക്കവും മക്കളും മാവിലയനും ദേവക്കരുവാകുകയും പിന്നീട് തെയ്യക്കോലമായി കെട്ടിയാടിക്കുകയും ആരാധിക്കപ്പെടുകയും ചെയ്തു. മാക്കപ്പോതിയുടെ പുരാവൃത്തതിന്റെ രത്നചുരുക്കമാണിത്.
കീഴാളർ കെട്ടുന്ന തെയ്യത്തിനുമുന്നിൽ മേലാളർ കൈകൂപ്പി അനുഗ്രഹം വാങ്ങുന്നു. വൈരുദ്ധ്യാത്മകമായ ഈയൊരു സമ്പ്രദായത്തിലൂടെയാണ് തെയ്യം ഒരു സമൂഹത്തെയും അവിടത്തെ ജനതയെയും ജാതിമതഭേദമന്യേ ഒരു സന്നിധിയിൽ ചേർത്തുനിർത്തുന്നത്.
മാക്കത്തിന്റെ തോറ്റംപാട്ടിൽ മാക്കം എന്ന സ്ത്രീയുടെ ജീവിതാവസ്ഥ വിവരിക്കുന്നത് മേൽപറഞ്ഞ പ്രകാരമാണ്. മാക്കം നായർ ജന്മി കുടുംബത്തിലാണ് ജനിച്ചതെങ്കിലും അവൾക്ക് സ്വന്തമായി തീരുമാനമെടുക്കുന്നതിന് അവകാശമുണ്ടായിരുന്നില്ല. ആ സമൂഹത്തിൽ സ്ത്രീകൾ നേരിടേണ്ടിവന്ന വെല്ലുവിളികൾ മാക്കത്തിന്റെ ജീവിത കഥയിൽ നിന്ന് മനസിലാക്കാം. വരേണ്യജാതിയിൽപെട്ട സ്ത്രീകളും പുരുഷമേധാവിത്വത്തിനുകീഴിൽ തന്നെയാണ് ജീവിച്ചിരുന്നത്. സ്വന്തമായി തീരുമാനമെടുക്കാൻ അവർക്ക് അവകാശമുണ്ടായിരുന്നില്ലെന്ന് മാക്കം തോറ്റം പാട്ടിൽ കണ്ടെത്താൻ കഴിയും. മാക്കം തോറ്റം പാട്ടിൽ മാക്കത്തിന്റെ ജനനം മുതൽ മരണം വരെ പൂർണ ജീവചരിത്രം വിവരിക്കപ്പെടുന്നുണ്ട്. മാക്കം എന്ന പുരാവൃത്തം ഉയർന്നുവന്നത് വടക്കൻ പാട്ട് ആദ്യമായി പ്രചരിച്ച കാലഘട്ടത്തിനുശേഷമാണെന്ന് അനുമാനിക്കാം. എന്നാൽ തെയ്യം എന്ന കലയുടെ മൂലരൂപത്തിന് അതിനേക്കാൾ പഴക്കമുണ്ടെന്ന് നരവംശ ശാസ്ത്രജ്ഞരും ചരിത്രകാരന്മാരും തെളിയിച്ചിട്ടുണ്ട്.
മാക്കം ജീവിച്ചിരുന്ന കാലഘട്ടത്തിൽ നായർ കുടുംബത്തിലെ സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിന് അവകാശമുണ്ടായിരുന്നില്ല. മാക്കത്തിന്റെ വിദ്യാഭ്യാസ കാലത്ത്മാക്കത്തിന് കൂടുതലായി പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അന്നത്തെ സാമൂഹിക ചുറ്റുപാട് അതിന് അനുവദിച്ചില്ല. വരേണ്യ വിഭാഗത്തിലുള്ള സ്ത്രീകൾക്ക് പോലും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട മധ്യകാലഘട്ടത്തിൽ മറ്റ് സ്ത്രീകൾക്ക് വിദ്യാഭ്യാസം നേടാൻ ഒരു വഴിയുമില്ലായിരുന്നുവെന്ന് പറയേണ്ടതില്ലലോ. ജാതിവ്യവസ്ഥ അതിശക്തമായിരുന്നതിനാൽ, വരേണ്യ ജാതിയിലെ സ്ത്രീകൾ മർദ്ദിത ജാതിയിൽപ്പെട്ട പുരുഷന്മാരെ സ്നേഹിക്കുന്നതും വിവാഹം കഴിക്കുന്നതും നിഷിദ്ധമാക്കിയിരുന്നു. അങ്ങനെ ചിന്തിക്കാൻ പോലും കഴിയാത്ത സാമൂഹിക സാഹചര്യമായിരുന്നു അന്ന്. അതിനൊരുദാഹരണമാണ് മണ്ണാൻ പേടിയും പുലപ്പേടിയും എന്ന ജാത്യാധിഷ്ഠിതമായ മധ്യകാല ആചാരം.
ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ അശുദ്ധകളായി കണ്ടിരുന്ന ഒരു സമൂഹത്തെക്കുറിച്ച് മാക്കം തോറ്റം പാട്ടിലുണ്ട്.
പെൺകുട്ടികളെ ചെറിയ പ്രായത്തിൽ വിവാഹം കഴിപ്പിച്ചിരുന്നുവെന്നതിന് മാക്കം തോറ്റം പാട്ടിൽ തെളിവുണ്ട്. വിവാഹം ഉൾപ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ അന്ന് സ്ത്രീകൾക്ക് അവകാശമുണ്ടായിരുന്നില്ല. മാതൃദായക്രമം നിലനിന്നിരുന്നതിനാൽ തറവാട് നിലനിർത്താൻ സന്താനങ്ങളെ പ്രസവിച്ച് വളർത്തുക എന്ന ഒരൊറ്റ പ്രവൃത്തി മാത്രമാണ് സ്ത്രീകൾക്കുമേൽ അടിച്ചേൽപ്പിച്ചിരുന്നത്. ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ അശുദ്ധകളായി കണ്ടിരുന്ന ഒരു സമൂഹത്തെക്കുറിച്ച് മാക്കം തോറ്റം പാട്ടിലുണ്ട്. മാക്കപ്പോതി തോറ്റത്തിലെ ഏതാനും വരികൾ നോക്കുക:
‘എന്തൊരു ദുർഗ്ഗതി മാക്കത്തിന് മാക്കവുമപ്പോൾ തിരണ്ടുപോയി...... തൊട്ടാലശുദ്ധിയെനിക്കു വന്നു മക്കളും തൊട്ടങ്ങു ശുദ്ധിപോയി'.
ആർത്തവ സമയത്ത് നായർ സ്ത്രീകളെ പ്രത്യേക മുറിയിലേക്ക് മാറ്റി പാർപ്പിച്ചിരുന്നതിനെക്കുറിച്ച് ഈ വരികൾ സൂചിപ്പിക്കുന്നു. ഇങ്ങനെ മാറ്റി താമസിപ്പിക്കുന്ന സ്ത്രീകൾക്ക് വസ്തുക്കളെയോ മറ്റു മനുഷ്യരെയോ തൊടാൻ പോലും അനുവാദമില്ലായിരുന്നു. തൊട്ടാൽ അവരും അശുദ്ധരാകും. സത്യം തെളിയിക്കുന്നതിന് സ്ത്രീകൾക്ക് തീയിൽ ചാടുക, ചൂടുള്ള കോടാലികൊണ്ട് ദേഹത്ത് പൊള്ളിക്കുക തുടങ്ങിയ ക്രൂരകൃത്യങ്ങൾക്കിരകളാകേണ്ടിവന്നു. തെറ്റ് ചെയ്തുവെന്ന് കരുതപ്പെടുന്ന സ്ത്രീകൾക്കുള്ള ശിക്ഷ മരണമായിരുന്നു. അതിനൊരു ഉദാഹരണമാണ് കടാങ്കോട്ട് മാക്കം.
‘ഞാനേതും പിഴയില്ലെന്റാങ്ങളാരേ തീക്കുഴി കൂട്ടി ഞാൻ ചാടിക്കോളാം ചുട്ടമഴുവേറ്റ് കൊള്ളാം ഞാനും കാണിയോളം പിഴ ഞാനും ചെയ്‌തോളല്ലാ'.
മാക്കപ്പോതി തോറ്റത്തിലെ ഈ വരികൾ, ഇത്തരം ശിക്ഷകളെക്കുറിച്ച് സൂചന നൽകുന്നു. ചെയ്യാത്ത തെറ്റിനാണ് മാക്കം കൊല ചെയ്യപ്പെടുന്നത്. ഒരുപക്ഷേ അതുകൊണ്ടുകൂടിയാവാം മാക്കം തെയ്യമായി അവതരിച്ചതും. ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെട്ടതുകൊണ്ടുതന്നെ സത്യം തെളിയിക്കുന്നതിനും ഒരു സമൂഹത്തിന്റെ പ്രതിച്ഛായയെക്കുറിച്ചുള്ള ഓർമപ്പെടുത്തലിനും വേണ്ടി കൂടിയാണ് മാക്കത്തെ പോലുള്ള സ്ത്രീതെയ്യങ്ങളെ കെട്ടിയാടിക്കുന്നത്. മാക്കത്തെ പോലെ പുരുഷാധിപത്യത്തിന്റെ ഭാഗമായി ദുരഭിമാന കൊലക്കിരയായ വേറെയും സ്ത്രീ തെയ്യങ്ങൾ വടക്കേ മലബാറിലുണ്ട്. അങ്ങനെ മരിച്ച് സ്ത്രീതെയ്യങ്ങളായി മാറിയ തെയ്യക്കോലങ്ങളാണ് മുച്ചിലോട്ട് ഭഗവതി, ഉമ്മച്ചി തെയ്യം, വണ്ണാത്തിപ്പോതി, തോട്ടുംകര ഭഗവതി തുടങ്ങിയവർ. വേഷവിധാനത്തിലും പുരാവൃത്തത്തിലും വ്യത്യസ്തത പുലർത്തുന്നുണ്ടെങ്കിലും ഇവരുടെ ഉത്ഭവത്തിന്റെ കാരണം, പുരുഷാധിപത്യത്തിനിരകളായി നടത്തേണ്ടിവന്ന ജീവത്യാഗമാണ്.
തെയ്യത്തിന്റെ ജാതി
ഉത്തരേന്ത്യയിൽ സ്വാഭിമാനക്കൊലയുടെയും ഘാപ് പഞ്ചായത്ത് കൊലകളുടെയും വാർത്തകൾക്ക് ഇന്നും കുറവില്ല. കേരളത്തിൽ പോലും ഇത്തരം സംഭവങ്ങൾ ഇപ്പോഴും നടക്കാറുണ്ട്. ആ നിലയ്ക്ക്, നമ്മുടെ പഴയകാല സാമൂഹിക സ്ഥിതി എന്തായിരുന്നുവെന്ന് ഊഹിക്കാമല്ലോ. സാഹചര്യ തെളിവുകളും കള്ളസാക്ഷിയും ഉണ്ടെങ്കിൽ പ്രതിക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് സത്യം തെളിയിക്കാൻ മരിച്ച് ദേവക്കരുവാകാതെ മറ്റൊരു മാർഗവുമില്ലായിരുന്നു.
ദൈവത്തിന്റെ സേവനം നടത്തുവാൻ അവകാശമുണ്ടെന്ന് വിശ്വസിക്കുന്ന ഏതെങ്കിലും ബ്രാഹ്മണർ തെയ്യം കെട്ടിയാടുന്നുണ്ടോ? ഇല്ല, കാരണം ഒന്നേയുള്ളൂ, തെയ്യം ഉയർന്നുവന്നത് മർദ്ദിത വിഭാഗത്തിൽ നിന്നാണ്. അതൊരു പ്രതിഷേധത്തിന്റെയും സാമൂഹിക അസമത്വങ്ങളില്ലാതാക്കാനുള്ള വെമ്പലിന്റെയും പ്രതീകാത്മക പോരാട്ടമായാണ്. മാക്കം തോറ്റംപാട്ടിൽ പല ജാതിയിൽപ്പെട്ട മനുഷ്യരെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ആ സമൂഹത്തിൽ ജാതിവ്യവസ്ഥ നിലനിന്നിരുന്നത് തൊഴിലിന്റെ അടിസ്ഥാനത്തിലായിരുന്നു. സ്വർണപ്പണിക്കാരനായ തട്ടാൻ, എണ്ണയാട്ടുന്ന വാണിയൻ, തെങ്ങിൽ കയറുന്ന തിയ്യൻ, മണ്ണുകൊണ്ട് നിർമാണ പ്രവൃത്തികൾ ചെയ്യുന്ന കുഴവൻ, പ്രസവ ശുശ്രൂഷ ചെയ്യുന്ന മാലി അല്ലെങ്കിൽ പേറ്റിച്ചി എന്നിങ്ങനെ വ്യത്യസ്ത സമുദായങ്ങൾ ആ കാലത്തും നിലനിന്നിരുന്നതായി മാക്കം തോറ്റം പാട്ട് പരിശോധിച്ചാൽ മനസിലാകും. തിയ്യ സമുദായത്തിലുള്ളവർക്കും മറ്റ് ചില മർദ്ദിത സമുദായത്തിലുള്ളവർക്കും നായർ തറവാടിന്റെ അകത്തളങ്ങളിലേക്ക് പ്രവേശനം നിഷിദ്ധമായിരുന്നു. നായർ തറവാടിന്റെ പറമ്പുകളിൽ മാത്രമായിരുന്നു അവർക്ക് പ്രവേശനം അനുവദിച്ചിരുന്നത്. കീഴാളജാതിയിൽപ്പെട്ടവർ പാരമ്പര്യ തൊഴിൽ അടിസ്ഥാനമാക്കിയാണ് ജീവിച്ചിരുന്നത്. അന്നത്തെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ പാരമ്പര്യ തൊഴിൽ ചെയ്ത് ജീവിക്കുന്നവർ ഇന്ന് കുറവാണെങ്കിലും ആശാരി, തട്ടാൻ, കണിശൻ പോലുള്ളവർ ഇന്നും കുലപരമായ തൊഴിൽ ചെയ്തുവരുന്നു. അതുപോലെ മറ്റൊരു വിഭാഗക്കാരാണ് തെയ്യം കെട്ടുന്നവർ.
ഇന്ന് തെയ്യം കെട്ടുന്നത് പ്രത്യേക ജാതിയിൽപ്പെട്ടവരാണ്. മുമ്പത്തേതിൽനിന്ന് മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും തെയ്യത്തിൽ ജാതിബദ്ധമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും, വിശ്വാസങ്ങളും ഇന്നും നിലനിൽക്കുന്നതായി കാണാം. എന്നാൽ ഏതൊരു സമൂഹത്തിലും മേലാളരും കീഴാളരും ഒരുപോലെ തെയ്യത്തെ ആരാധിക്കുന്നു. മാക്കം ഭഗവതി ക്ഷേത്രത്തിൽ പല ജാതിയിൽപ്പെട്ടവർ ഒരു സങ്കേതത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നതുകാണാം. നായർ വിഭാഗത്തിൽപ്പെട്ട മാക്കത്തെ ആരാധിച്ചതും പ്രതിഷ്ഠിച്ചതും നായർ സമുദായത്തിലെ പുതിയ വീട് തറവാട്ടുകാരും, മാക്കം ക്ഷേത്രത്തിൽ പൂജാകർമം ചെയ്യുന്നത് ബ്രാഹ്മണരുമാണ്. എന്നാൽ മാക്കം തെയ്യം കെട്ടിയാടുന്നത് മർദ്ദിത സമുദായത്തിലെ വണ്ണാൻ വിഭാഗക്കാരാണ്. ജാതീയ സങ്കലനമുണ്ടെങ്കിലും സൂക്ഷ്മമായി നിരീക്ഷിച്ചാൽ ദൈവസന്നിധിയിലും ജാതീയ വേർതിരിവ് കാണാം. ബ്രാഹ്മണർ എന്നും ജാതി ശ്രേണിയുടെ മുകൾതട്ടിൽ തന്നെ പൂജാകർമങ്ങളുടെ കുത്തകാവകാശത്തിന്റെ ഉടമയായി നിലകൊള്ളുന്നു.
എന്നിരുന്നാലും മറ്റേതൊരു സ്ഥലത്തുനിന്നും വ്യത്യസ്തമായി തെയ്യം ഒരു സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ള മനുഷ്യരെയും ഒരേ വികാരത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നു. കീഴാളർ കെട്ടുന്ന തെയ്യത്തിനുമുന്നിൽ മേലാളർ കൈകൂപ്പി അനുഗ്രഹം വാങ്ങുന്നു. വൈരുദ്ധ്യാത്മകമായ ഈയൊരു സമ്പ്രദായത്തിലൂടെയാണ് തെയ്യം ഒരു സമൂഹത്തെയും അവിടത്തെ ജനതയെയും ജാതിമതഭേദമന്യേ ഒരു സന്നിധിയിൽ ചേർത്തുനിർത്തുന്നത്. അതുകൊണ്ടുതന്നെ അനുഷ്ഠാനകലയായ തെയ്യത്തിന് വർത്തമാനകാല കേരളീയ സാമൂഹിക ജീവിതത്തിലുള്ള പ്രാധാന്യവും ഏറെയാണ്. ▮