കാലുകഴുകിച്ചൂട്ടാൻ വിധിക്കുന്ന അതേ കേരളീയ തന്ത്രഗ്രന്ഥങ്ങളിലാണ് ആചാര്യലക്ഷണവും വിവരിക്കുന്നത്. ഈ ആചാര്യലക്ഷണങ്ങളാവട്ടെ, ബ്രാഹ്മണരുടെ കുത്തകയായും പാരമ്പര്യമൂലധനമായും പ്രതിഷ്ഠാധികാരത്തെയും ക്ഷേത്രധികാരത്തെയും നിലനിർത്തുക എന്ന സ്ഥാപിതതാൽപര്യത്തോടുകൂടി എഴുതിക്കൂട്ടിയവയാണ്.

ഇന്നും കാലുകഴുകിച്ചൂട്ടാൻ വിധിക്കുന്ന
​മലയാളി ബ്രാഹ്​മണ്യം!

കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉത്സവച്ചടങ്ങുകളുടെ ഭാഗമായും അല്ലാതെയും ബ്രാഹ്മണരുടെ ‘കാലുകഴുകിച്ചൂട്ട്' നടത്തുന്നു എന്ന വാർത്ത ‘നവോത്ഥാന കേരളം' ആർജിച്ചു എന്നവകാശപ്പെടുന്ന പുരോഗമനമൂല്യങ്ങളെയും സാമൂഹികചരിത്രധാരണകളെയും പുനഃപരിശോധനയ്ക്ക് വിധേയമാക്കാനാവശ്യപ്പെടുന്നുണ്ട്.

കേരളീയസമൂഹം പലനിലകളിൽ ബ്രാഹ്മണ്യമൂല്യബോധം കൊണ്ടുനടക്കുന്നവരാണെന്ന യാഥാർഥ്യമാണിത് വെളിവാക്കുന്നത്. നവോത്ഥാനഭാവനകളിലൂടെ മലയാളി പരിഷ്‌കരിക്കപ്പെട്ടുവെന്ന് പൊതുവെ കരുതാമെങ്കിലും, ജാതിവ്യത്യാസങ്ങളിലും അതിന്റെ ഭേദബോധങ്ങളിലും ശുദ്ധ- അശുദ്ധി വ്യവഹാരങ്ങളിലും ജാത്യാനുഷ്ഠാനങ്ങളിലും ഉറച്ച മലയാളി മനസ്സ് നവീകരിക്കപ്പെടുകയോ പരിഷ്‌കരിക്കപ്പെടുകയോ ചെയ്തില്ല എന്നതാണ് കാലുകഴുകിച്ചൂട്ടലിന്റെ പശ്ചാത്തലം തെളിയിക്കുന്നത്. കേരളത്തിലെ ക്ഷേത്രകേന്ദ്രിതമായ ആചാരാനുഷ്ഠാനങ്ങൾ ബ്രാഹ്മണ്യ ല്യവ്യവസ്ഥയെയും അശുദ്ധിവ്യവഹാരങ്ങളെയും ഊട്ടിയുറപ്പിക്കുന്നവയായിരുന്നു. അതിലെ ഒരേട് മാത്രമാണ് ​ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച കാലുകഴുകിച്ചൂട്ട്.

പ്രാചീന- മധ്യകാല ‘മലയാളദേശത്തി'ൽ നിലനിന്ന കാലുകഴുകിച്ചൂട്ടിന്റെ ചരിത്രം പരിശോധിയ്ക്കുമ്പോൾ മാത്രമേ കേരളസമൂഹം എത്തിച്ചേർന്ന അപരിഷ്‌കൃതത്വത്തിന്റെയും എതിർനവോത്ഥാനത്തിന്റെയും ആഴം മനസ്സിലാക്കാൻ കഴിയൂ.

ആത്യന്തികമായി ബ്രാഹ്മണരെ കാലുകഴുകിച്ചൂട്ടുന്ന ചടങ്ങ് കേരളത്തിൽ
ഇന്നും നിലനിൽക്കുന്ന ജാതിബ്രാഹ്മണ്യ മനോബോധത്തെ തന്നെയാണ് അനാവരണം ചെയ്യുന്നത്. പ്രാചീന- മധ്യകാല ‘മലയാളദേശത്തി'ൽ നിലനിന്ന കാലുകഴുകിച്ചൂട്ടിന്റെ ചരിത്രം പരിശോധിയ്ക്കുമ്പോൾ മാത്രമേ കേരളസമൂഹം എത്തിച്ചേർന്ന അപരിഷ്‌കൃതത്വത്തിന്റെയും എതിർനവോത്ഥാനത്തിന്റെയും ആഴം മനസ്സിലാക്കാൻ കഴിയൂ.

ആരാണ് ബ്രാഹ്മണൻ?

കാലുകഴുകിച്ചൂട്ടിനും തദനുബന്ധമായി ബ്രാഹ്മണ്യത്തിനുമെതിരായി വിമർശനമുയർന്നപ്പോൾ, ബ്രാഹ്മണ്യവാദികൾ ഉന്നയിച്ച മറുവാദം ബ്രാഹ്മണൻ എന്നാൽ ബ്രഹ്മജ്ഞാനിയാണെന്നും ബ്രഹ്മത്തെ അറിയുന്ന ആർക്കും ബ്രാഹ്മണനാകാൻ കഴിയും എന്നുമാണ്. മറ്റുചിലരാകട്ടെ
കുണ്ഡലിനി ഉണരുന്ന ആരെയും ബ്രാഹ്മണരെന്നാണ് അഭിസംബോധന ചെയ്യേണ്ടതെന്നും വാദിച്ചു. ബ്രാഹ്മണൻ എന്ന പദത്തിന് വിശാലാർഥം നൽകി, ഉന്നയിക്കപ്പെട്ട വിമർശനങ്ങളിൽ നിന്ന്​ മാറിനിൽക്കാനാണ് ഇതിലൂടെ ബ്രാഹ്മണ്യവാദികൾ ശ്രമിച്ചത്. ആർക്കും ബ്രാഹ്മണരാകാൻ
കഴിയും എന്ന തത്ത്വശാസ്ത്രം അവതരിപ്പിച്ച് കാലുകഴുകിച്ചൂട്ടിനെ മഹത്ത്വപ്പെടുത്താനാണ് ഇത്തരക്കാർ ശ്രമിക്കുന്നത്. അങ്ങനെ ആർക്കും വളരെ വേഗം ആർജിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല ബ്രാഹ്മണ്യം.

ദേവസ്വം, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ

വിശ്വാമിത്രനും വസിഷ്ഠനും തമ്മിൽ നടന്ന യുദ്ധത്തിന്റെയും കലഹങ്ങളുടെയും കഥ ഇതാണ് ബോധ്യപ്പെടുത്തുന്നത്. ബ്രാഹ്മണ്യം നേടാൻ വിശ്വാമിത്രൻ നടത്തിയ പോരാട്ടങ്ങൾ കർമബ്രാഹ്മണ്യം എന്ന വാദം അസംബന്ധമാണെന്നാണ് തെളിയിക്കുന്നത്. കേരളത്തിലെ ധർമശാസ്ത്രഗ്രന്ഥമായ വ്യവഹാരമാലയിൽ ബ്രാഹ്മണനെപ്പോലെ പൂണൂലുമിട്ട് നടക്കുന്ന ഇതരജാതികളിൽപെട്ടവരെ കഠിനശിക്ഷകൾക്ക് വിധേയമാക്കണമെന്ന് വിധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ബ്രാഹ്മണൻ ആരാണെന്നും അതിന് തന്ത്രഗ്രന്ഥങ്ങൾ നൽകുന്ന നിർവചനങ്ങൾ എന്തെന്നും വിശദമായി പരിശോധിക്കേണ്ടതുണ്ട്.

പ്രാചീന കേരളീയ തന്ത്രഗ്രന്ഥമായ പ്രയോഗമഞ്ജരിയിൽ (സി.ഇ. 10-11) ആചാര്യലക്ഷണം വിവരിക്കുമ്പോൾ താന്ത്രിക പ്രതിഷ്ഠയ്ക്കധികാരിയായ ഗുരു ‘ആര്യാവർത്തത്തിൽ ജനിച്ചവനും കുലീനനും ദേവന്മാരിലും ബ്രാഹ്മണനിലും ഭക്തിയുള്ളവനും' ആയിരിക്കണമെന്ന് നിഷ്‌കർഷിക്കുന്നുണ്ട്. (പ്രയോഗമഞ്ജരി, 1.12). വസിഷ്ഠധർമസൂത്രമനുസരിച്ച് വിന്ധ്യന് വടക്കാണ് ‘ആര്യാവർത്തം' എന്ന പ്രദേശം (1.8-14). ഇതനുസരിച്ച് ആര്യാവർത്തത്തിൽ ജനിച്ച ആര്യബ്രാഹ്മണനാണ് താന്ത്രികപ്രതിഷ്ഠയ്ക്കധികാരിയെന്നുവരുന്നു. അതേസമയം, കേരളത്തിൽ രചിക്കപ്പെട്ട പ്രയോഗമഞ്ജരി, ‘ആര്യാവർത്ത സമുദ്ഭവനായ ബ്രാഹ്മണൻ' എന്ന പ്രയോഗത്തിലൂടെ പ്രാചീനമായ ആര്യബ്രാഹ്മണപാരമ്പര്യം കേരളത്തിലും ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്. കുലീനൻ, ബ്രാഹ്മണരിൽ ഭക്തിയുള്ളവൻ എന്നീ പദപ്രയോഗങ്ങളിലൂടെ ജന്മംകൊണ്ട് ബ്രാഹ്മണനായ, ഒരു വ്യക്തിയെ തന്നെയാണ് പ്രയോഗമഞ്ജരി ലക്ഷ്യംവയ്ക്കുന്നത്.

അയിത്തത്തിന്റെയും ശുദ്ധ- അശുദ്ധി ബന്ധങ്ങളുടെയും അടിസ്ഥാനത്തിൽ അടിക്കണക്കിന് അകലം പാലിച്ചിരുന്ന ബ്രാഹ്മണേതര സമുദായങ്ങൾക്ക് പ്രതിഷ്ഠ ചെയ്യാൻ ബ്രാഹ്മണർ അനുവാദം നൽകിയിരുന്നില്ല എന്നതാണ് ചരിത്രസത്യം

പതിനഞ്ചാം നൂറ്റാണ്ടിലെഴുതപ്പെട്ട തന്ത്രസമുച്ചയത്തിൽ പ്രതിഷ്ഠ ചെയ്യാൻ യോഗ്യനായ ഒരുവൻ ‘ബ്രാഹ്മണരിൽത്തന്നെ ഉന്നതകുലത്തിൽ ജനിച്ചവനും ഷോഡശസംസ്‌കാരങ്ങൾ എല്ലാം ചെയ്തവനും വർണാശ്രമാചാരങ്ങളിൽ തൽപരനും വേദങ്ങളുടെയും ആഗമങ്ങളുടെയും താൽപര്യാർഥം അറിഞ്ഞവനും...'' (തന്ത്രസമുച്ചയം, 1.5) ആയിരിക്കണമെന്ന് നിർദേശിക്കുന്നു. ‘ഗുരുഃ വിപ്രഃ അസ്തു' എന്ന തന്ത്രസമുച്ചയഭാഗം വ്യാഖ്യാനിച്ച്​ കെ.പി.സി. അനുജൻ ഭട്ടതിരിപ്പാട് ‘യജമാനൻ ഏതു ജാതിയാണെങ്കിലും ആചാര്യൻ ബ്രാഹ്മണൻ തന്നെ
വേണം' (തന്ത്രസമുച്ചയം, ഭാഗം -1, പഞ്ചാംഗം പുസ്തകശാല, കുന്നംകുളം, 1178, പുറം. 4) എന്ന് ഉറപ്പിച്ചുപറയുന്നു. ആചാര്യലക്ഷണം വിവരിക്കുമ്പോൾ തന്ത്രസമുച്ചയത്തിൽ ആചാര്യൻ വർണാശ്രമാചാരപരനായിരിക്കണമെന്നും നിഷ്‌കർഷിക്കുന്നുണ്ട്. (തന്ത്രസമുച്ചയം,1.5). ചാതുർവർണ്യനിബദ്ധമായ ആശ്രമധർമമാണ് ഇവിടെ ലക്ഷ്യമാക്കുന്നത്. അതായത്, ബ്രാഹ്മണ- ക്ഷത്രിയ- വൈശ്യ -ശൂദ്രാദി ചാതുർവർണ്യധർമം പരിപാലിക്കാനാഗ്രഹിക്കുന്ന ബ്രാഹ്മണനായിരിക്കണം ആചാര്യനെന്ന് (താന്ത്രിചാര്യൻ) തന്ത്രസമുച്ചയം ഉദ്‌ഘോഷിക്കുന്നു.

തന്ത്രസമുച്ചയത്തിലെ ആചാര്യലക്ഷണ ശ്ലോകം (1.5) വ്യാഖ്യാനിച്ച്​ പ്രസിദ്ധ സംസ്‌കൃതവ്യാഖ്യാനമായ വിമർശിനിയിൽ ‘വിപ്രോ ഗുരുരസ്തു ബ്രാഹ്മണോ ഗുരൂർഭവതു സർവവർണേഷു മധ്യേ ബ്രാഹ്മണസ്യൈവ പ്രതിഷ്ഠാദി കർമണ്യധികാര ഇത്യർഥഃ' (തന്ത്രസമുച്ചയം, 1.5 ന്റെ വിമർശിനി) എന്നു വ്യക്തമാക്കുന്നു. ഗുരു വിപ്രനായിരിക്കണം, വിപ്രനെന്നാൽ ബ്രാഹ്മണൻ. എല്ലാ വർണങ്ങളിലും (ചാതുർവർണ്യം) വച്ച് ബ്രാഹ്മണനാണ് പ്രതിഷ്ഠാദികർമങ്ങൾ നിർവഹിക്കാനധികാരിയെന്ന് സംശയലേശമെന്യേ പറഞ്ഞുവയ്ക്കുന്നു. പ്രതിഷ്ഠ ചെയ്യാൻ അധികാരിയായ ബ്രാഹ്മണൻ ഷോഡശസംസ്‌കാരങ്ങൾ ചെയ്ത വ്യക്തിയായിരിക്കണമെന്നും ത​ന്ത്രസമുച്ചയം നിർദേശിക്കുന്നുണ്ട്. മധ്യകാല കേരളത്തിലെ സാമൂഹികസാഹചര്യങ്ങളനുസരിച്ച് ഗർഭാധാനാദി അഗ്‌ന്യാധാനന്തമുള്ള ഷോഡശക്രിയകൾ പൂർത്തീകരിക്കാൻ തീർച്ചയായും സാധിക്കുമായിരുന്നത് ബ്രാഹ്മണർക്ക് മാത്രമായിരുന്നു. അയിത്തത്തിന്റെയും ശുദ്ധ- അശുദ്ധി ബന്ധങ്ങളുടെയും അടിസ്ഥാനത്തിൽ അടിക്കണക്കിന് അകലം പാലിച്ചിരുന്ന ബ്രാഹ്മണേതര സമുദായങ്ങൾക്ക് പ്രതിഷ്ഠ ചെയ്യാൻ ബ്രാഹ്മണർ അനുവാദം നൽകിയിരുന്നില്ല എന്നതാണ് ചരിത്രസത്യം. അരുവിപ്പുറത്ത് പ്രതിഷ്ഠ ചെയ്ത നാരായണഗുരുവിനെ ചോദ്യംചെയ്ത ബ്രാഹ്മണ്യപ്രത്യയബോധം, കീഴോർ സമൂഹങ്ങളെ പ്രതിഷ്ഠാദികർമങ്ങൾ നിർവഹിക്കുന്നതിൽ തീർത്തും അലോസരപ്പെടുത്തിയിരുന്നു. ‘‘നമ്മുടെ ശിവനെയാണ്'' പ്രതിഷ്ഠിച്ചതെന്ന് നാരായണഗുരുവിന് പറയേണ്ടിവരുന്നത് ബ്രാഹ്മണ്യധികാരം പ്രതിഷ്ഠ ചെയ്യാൻ യോഗ്യനാക്കി നിശ്ചയിച്ചിരിക്കുന്നത് ജന്മംകൊണ്ട് ബ്രാഹ്മണനായ ഒരുവനെ മാത്രമാണെന്നതുകൊണ്ടാണ്.

പശുപതിനാഥ് മുഖർജി നിർമിച്ച ശിവഗിരി സമാധി മന്ദിരത്തിലെ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ.

കേരളത്തിലെ പ്രസിദ്ധ തന്ത്രഗ്രന്ഥമായ കുഴിക്കാട്ടുപച്ചയിൽ ആചാര്യലക്ഷണം വിവരിക്കുമ്പോൾ, ‘‘ഗുരു എന്ന ആചാര്യൻ ‘വിപ്രഃ’ എന്ന നല്ല ബ്രാഹ്മണനായിരിക്കണം, ‘കുലീനഃ’ എന്ന മാതൃപിതൃകുലങ്ങൾ രണ്ടും ശുദ്ധമായിരിക്കണം....'' (കുഴിക്കാട്ടുപച്ച, പഞ്ചാംഗം പുസ്തക
ശാല, 1180, പുറം.) എന്ന് എഴുതുന്നുണ്ട്. ‘‘മാതൃപിതൃകുലങ്ങൾ രണ്ടും ശുദ്ധമായിരിക്കണം'' എന്നുപറയുന്നതിലൂടെ വർണസങ്കരത്തിന് വിധേയപ്പെടാത്ത ഉത്തമ ബ്രാഹ്മണനായിരിക്കണം പ്രതിഷ്ഠയ്ക്കധികാരി എന്നുതന്നെയാണ് വ്യക്തമാക്കുന്നത്. ‘കുലീനഃ' എന്ന തന്ത്രസമുച്ചയ ഭാഗം വ്യാഖ്യാനിയ്ക്കുമ്പോൾ ‘‘ബ്രാഹ്മണരിൽ തന്നെ ഉന്നതകുലത്തിൽ ജനിച്ചവൻ'' (തന്ത്രസമുച്ചയം,1.5) എന്നാണ് കെ.പി.സി. അനുജൻ ഭട്ടതിരിപ്പാട് ആചാര്യലക്ഷണത്തിൽ എഴുതുന്നത്.

കാലുകഴുകിച്ചൂട്ടാൻ വിധിക്കുന്ന അതേ കേരളീയ തന്ത്രഗ്രന്ഥങ്ങളിലാണ് ആചാര്യലക്ഷണവും വിവരിക്കുന്നത്. ഈ ആചാര്യലക്ഷണങ്ങളാവട്ടെ, ബ്രാഹ്മണരുടെ കുത്തകയായും പാരമ്പര്യമൂലധനമായും പ്രതിഷ്ഠാധികാരത്തെയും ക്ഷേത്രധികാരത്തെയും നിലനിർത്തുക എന്ന സ്ഥാപിതതാൽപര്യത്തോടുകൂടി എഴുതിക്കൂട്ടിയവയാണ്. ആധുനികഘട്ടത്തിൽ ബ്രാഹ്മണേതര ജാതിവിഭാഗങ്ങളും ബ്രാഹ്മണർ എഴുതിയ തന്ത്രഗ്രന്ഥങ്ങളും ബ്രാഹ്മണാനുഷ്ഠാനങ്ങളും പഠിച്ച് പൂജാരിമാരായി മാറുന്നുവെങ്കിലും അവർ ശാശ്വതമായി ബ്രാഹ്മണ്യമൂല്യവ്യവസ്ഥയിലേയ്ക്കാണ് ഉപനയിക്കപ്പെടുന്നത്. ബ്രാഹ്മണേതര ജാതിവിഭാഗങ്ങൾക്ക് അവരുടേതായ താന്ത്രികകർമങ്ങൾ ഉണ്ടെന്നിരിക്കെ, ബ്രാഹ്മണ്യ കർമാനുഷ്ഠാനങ്ങളിലേയ്ക്കുള്ള അവരുടെ മാറ്റം ബ്രാഹ്മണ്യപൗരോഹിത്യത്തെ ശക്തിപ്പെടുത്തുകയേയുള്ളൂ. എന്തെന്നാൽ, ബ്രാഹ്മണേതര വിഭാഗങ്ങളും കർമംകൊണ്ട് ബ്രാഹ്മണരാവാനുള്ള തത്രപ്പാടിൽ ബ്രാഹ്മണ്യവ്യവസ്ഥയിൽ തന്നെയാണ് എത്തിച്ചേരുന്നത്. കേരളീയ തന്ത്രഗ്രന്ഥങ്ങളിൽ എവിടെയും ആചാര്യലക്ഷണം വിവരിക്കുന്നിടത്ത് കർമംകൊണ്ട് ബ്രാഹ്മണനായ ഒരുവൻ താന്ത്രികാചാര്യനാകും എന്ന് പറയുന്നേയില്ല. കാര്യമിങ്ങനെയാണെന്നിരിക്കേ ബ്രാഹ്മണൻ എന്ന പദത്തിന് ബ്രഹ്മജ്ഞാനി എന്ന് അർഥം കൽപിക്കുന്നത്, ചരിത്രവിരുദ്ധമായ വാദമാണെന്നേ പറയേണ്ടൂ.

ക്ഷേത്രത്തിലെ നിത്യനിദാനത്തിന്റെ ഭാഗമായിരുന്നു ബ്രാഹ്മണ ഭോജനമെങ്കിലും കാലുകഴുകിച്ചുട്ടിന് സവിശേഷ പ്രാധാന്യം കൈവരുന്നത് അത് അശുദ്ധിക്കും പാപത്തിനുമുള്ള പരിഹാരമായി ചെയ്യുന്നു എന്നതുകൊണ്ടാണ്.

‘വിശുദ്ധ ബ്രാഹ്മണ ഭോജനം’

കേരളത്തിലെ പ്രാചീന- മധ്യകാല തന്ത്രഗ്രന്ഥങ്ങളായ പ്രയോഗമഞ്ജരി, തന്ത്രസമുച്ചയം, വിമർശിനി- വിവരണ വ്യാഖ്യാനങ്ങൾ, കുഴിക്കാട്ടുപച്ച എന്നിവ പരിശോധിച്ചതിൽ നിന്ന്​, തന്ത്രഗ്രന്ഥങ്ങൾ നിർവചിക്കുന്ന ബ്രാഹ്മണർ ‘ജാതി ബ്രാഹ്മണ’രാണെന്ന് വ്യക്തമാണ്. ‘കർമബ്രാഹ്മണ്യം' എന്ന സങ്കല്പത്തിന് ഈ ഗ്രന്ഥങ്ങളിൽ അല്പം പോലും സ്ഥാനമില്ല. ബ്രാഹ്മണ ജാതിയിൽ ജനിച്ച ബ്രാഹ്മണരെയാണ് കേരളത്തിലെ തന്ത്രഗഗന്ഥങ്ങൾ ആചാര്യനായും ഗുരുവായും വിപ്രനായും പ്രതിഷ്ഠചെയ്യാൻ അധികാരിയായും കാണുന്നത്.
കേരളത്തിലെ ക്ഷേത്രങ്ങളിലും ഇതര താന്ത്രികചടങ്ങുകളുടെയും വൈദികകർമങ്ങളുടെയും ഭാഗമായി നടന്നുപോരുന്ന ബ്രാഹ്മണരുടെ കാലുകഴുകിച്ചൂട്ടിനെ ന്യായീകരിച്ച്​, ‘ക്ഷേത്രങ്ങളിൽ ഇപ്പോൾ ബ്രാഹ്മണരുടെ കാലുകൾ കഴുകാറില്ല, കാലുകഴുകിച്ചൂട്ടെന്നാൽ ജലം
ആരും കുടിക്കാറില്ല, ഒഴുകിപ്പോവുകയേ ഉള്ളൂ' എന്നിങ്ങനെയാണ് ബ്രാഹ്മണ ഊട്ടിനെ ന്യായീകരിക്കുന്നത്. എന്നാൽ ഇപ്പറയുന്ന രീതികളിലായിരുന്നില്ല കേരളചരിത്രത്തിൽ ബ്രാഹ്മണഭോജനം നടന്നുവന്നത്. ക്ഷേത്രത്തെ ബാധിക്കുന്ന അശുദ്ധി പരിഹരിക്കാനുള്ള പ്രായശ്ചിത്തമായിട്ടായിരുന്നു പ്രധാനമായും ബ്രാഹ്മണരുടെ കാലുകഴുകിച്ചൂട്ട് നടന്നിരുന്നത്. ക്ഷേത്രത്തിലെ നിത്യനിദാനത്തിന്റെ ഭാഗമായിരുന്നു ബ്രാഹ്മണ ഭോജനമെങ്കിലും കാലുകഴുകിച്ചുട്ടിന് സവിശേഷ പ്രാധാന്യം കൈവരുന്നത് അത് അശുദ്ധിക്കും പാപത്തിനുമുള്ള പരിഹാരമായി ചെയ്യുന്നു എന്നതുകൊണ്ടാണ്. അശുദ്ധികളും പാപങ്ങളും പരിഹരിക്കാനുള്ള ശക്തിയും ദിവ്യത്വവും ബ്രാഹ്മണരിൽ ആരോപിയ്ക്കപ്പെടുന്നു എന്നതും കാലുകഴുകിച്ചൂട്ടിന്റെ പ്രത്യേകതയാണ്.

ക്ഷേത്രത്തിലെ നിത്യനിദാനത്തിന്റെ ഭാഗമായിരുന്നു ബ്രാഹ്മണ ഭോജനമെങ്കിലും കാലുകഴുകിച്ചുട്ടിന് സവിശേഷ പ്രാധാന്യം കൈവരുന്നത് അത് അശുദ്ധിക്കും പാപത്തിനുമുള്ള പരിഹാരമായി ചെയ്യുന്നു എന്നതുകൊണ്ടാണ്.

കേരളീയ തന്ത്രഗ്രന്ഥങ്ങളിലെ പ്രായശ്ചിത്തവിധികളിൽ പ്രമുഖമായ ഒരു സ്ഥാനം കാലുകഴുകിച്ചൂട്ടിനുണ്ട്. ക്ഷേത്രത്തിനുള്ളിൽ അയിത്തജാതിവിഭാഗങ്ങളോ അശുദ്ധരോ പ്രവേശിക്കുക, ക്ഷേത്രത്തിന് മറ്റുവിധത്തിൽ അശുദ്ധിബാധ, ചൈതന്യഹാനി എന്നിവ വന്നുചേരുക തുടങ്ങിയ സന്ദർഭങ്ങളിലും പാപപരിഹാരാർഥവും ബ്രാഹ്മണരുടെ കാലുകഴുകിച്ചൂട്ടൽ കേരളീയ തന്ത്രഗ്രന്ഥങ്ങൾ നിർദേശിക്കുന്നുമുണ്ട്. ക്ഷേത്രത്തിൽ അശുദ്ധി ബാധിച്ചാൽ അശുദ്ധി വന്ന സ്ഥാനം/ സ്ഥലം ബ്രാഹ്മണന്റെ കാലുകഴുകിയ ജലത്താൽ നിറച്ച് (‘പൂരയേത്' എന്ന് പ്രയോഗമഞ്ജരി, തളിയ്ക്കുകയാണ് സാധാരണ പ്രയോഗം) ശുദ്ധിവരുത്തണമെന്ന് പ്രയോഗമഞ്ജരി അനുശാസിക്കുന്നു (... വിപ്രപാദ പ്രഗളിതസലിലൈഃ പുരയേത് പഞ്ചഗവൈ്യഃ, പ്രയോഗമഞ്ജരി, 21.22). വിഷ്ണുസംഹിത (സി.ഇ. 11-14) എന്ന മറ്റൊരു കേരളീയ തന്ത്രഗ്രന്ഥത്തിൽ ബ്രാഹ്മണനെ ഭുജിപ്പിച്ചതിന്റെ ഉച്ഛിഷ്ടം അശുദ്ധമായ സ്ഥാനത്ത്
സ്പർശിച്ച് (അത് ബിംബമോ ക്ഷ്രേതത്തിന്റെ മറ്റുഭാഗങ്ങളോ ആവാം) അശുദ്ധി നീക്കണമെന്ന് വ്യക്തമായി നിർദേശിക്കുന്നു: ‘‘വിപ്രോച്ഛിഷ്ടം ച ഗവ്യം ച സപ്‌തൈതാഃ സ്ഥാനശുദ്ധയഃ'' (വിഷ്ണുസംഹിത, 25-16-17).

ബ്രാഹ്മണനെ ദൈവമായി കാണുന്ന ഈ പ്രക്രികിയയിൽ ബ്രഹ്മണേതര ശരീരങ്ങളെ ആത്മാവില്ലാത്ത ഹീന/ അധമശരീരങ്ങളാക്കി നിലനിർത്തുന്ന അയിത്തവ്യവഹാരങ്ങളാണ് ഉള്ളടങ്ങിയിട്ടുള്ളത്.

‘ഗാം നിവാസ്യാശയേദ് വിപ്രാൻ പായസം വൈഷ്ണവാൻ ബഹുൻ തദുച്ഛിഷ്ടേ ഹൃതേ സിഞ്ചേദ് ഗവ്യശ്ച വികിരൈഃ കിരേത്' (വിഷ്ണുസംഹിത, 25.19-20)
അശുദ്ധിയ്ക്ക് പരിഹാരമായി ‘വിപ്രോച്ഛിഷ്ടം' പ്രധാനമായ ഒന്നായിട്ടാണ് തന്ത്രസമുച്ചയം (10.6) രേഖപ്പെടുത്തുന്നത്. തന്ത്രസമുച്ചയത്തിന്റെ മലയാള വ്യാഖ്യാനത്തിൽ വിപ്രോച്ഛിഷ്ടം എന്നതിന് ‘‘ബ്രാഹ്മണരെ കാലുകഴുകിച്ചൂട്ടിയ എച്ചിലിടൽ'' എന്നുതന്നെ കെ.പി.സി. അനുജൻ ഭട്ടതിരിപ്പാട് അർഥവിശദീകരണം നൽകുന്നു. കുഴിക്കാട്ടുപച്ചയുടെ പ്രായശ്ചിത്തപടലത്തിൽ അശുദ്ധിനാശനത്തിനായി ‘വിപ്രോച്ചിഷ്ടം എടുത്ത് ബിംബത്തിൽ സ്പർശിക്കണമെന്നാണെന്ന്' അർഥശങ്കയ്ക്കിടമില്ലാത്തവണ്ണം രേഖപ്പെടുത്തിയിട്ടുണ്ട്. യഥാർഥത്തിൽ ബ്രാഹ്മണരെ ഇരുത്തി ഭുജിപ്പിച്ച് അവരുടെ കാലുകഴുകിയ ജലവും അവരുടെ ഭക്ഷണാവശിഷ്ടവും (എച്ചിൽ) അശുദ്ധസ്ഥാനത്ത് തളിക്കുന്ന ക്രിയയായിരുന്നു കാലുകഴുകിച്ചുട്ടൽ. തന്ത്രസമുച്ചയത്തിലെ പ്രായശ്ചിത്തപടലത്തിൽ ബ്രാഹ്മണന്റെ കാലിലെ പൊടി ശുദ്ധിയ്ക്കായി ഉപയോഗിക്കുന്നതിവെപ്പറ്റി വിവരിക്കുന്നുണ്ട്. എഴുത്തച്ഛൻ അദ്ധ്യാത്മ രാമായണത്തിൽ ബ്രാഹ്മണരുടെ കാലിലെ പൊടി തന്റെ മനോദർപ്പണത്തിന്റെ മാലിന്യം തീർക്കാൻ (‘‘കാരണഭൂതന്മാരാം ബ്രാഹ്മണരുടെ ചര-/ണാരുണാംബുജ ലീനപാംസു സഞ്ചയം മമ/ ചേതോദർപ്പണത്തിന്റെ മാലിന്യമെല്ലാം തീർത്തു,/ ശോധന ചെയ്തിടുവാനാവോളം വന്ദിക്കുന്നേൻ- അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, ബാലകാണ്ഡം) പ്രാർഥിക്കുന്നത് വെറുതെയല്ലെന്ന് സാരം.

മധ്യകാല ഗ്രന്ഥവരികളിൽ ബ്രാഹ്മണരുടെ കാലുകഴുകിച്ചൂട്ടിയതിന്റെ നിരവധി രേഖകൾ ലഭ്യമാണ്. കൊല്ലവർഷം 684 മേടം 27-നുശേഷം (സി.ഇ. 1509) എഴുതപ്പെട്ട തിരുവല്ലാ ഗ്രന്ഥവരിയിൽ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്: ‘‘... പിന്നെ അന്നുതന്നെ 36 ബ്രാഹ്മണരെ എണ്ണയും തേച്ചുകുളിപ്പിച്ച്​ കാലും കഴുകിച്ച് ഇടനാഴിക അകത്തും മണ്ഡപത്തിലും ഇരുത്തി പായസം ഭുജിപ്പിച്ച്​, ദക്ഷിണയുഞ്ചൈത വിപ്രൊശ്ചിഷ്ടമവ്വണ്ണമെ ഇട്ടെച്ച അന്നസ്തമിച്ച എച്ചിലെടുത്ത അടിച്ചുതളിയും
വെച്ചെച്ചിത.'’
കേരളീയ തന്ത്രഗഗന്ഥങ്ങൾ അനുശാസിക്കും പ്രകാരം ബ്രാഹ്മണരുടെ കാലുകഴുകിച്ചൂട്ടുന്ന ക്രിയ കേരളത്തിൽ നിലനിന്നിരുന്നു എന്നാണ് തിരുവല്ലാ ഗ്രന്ഥവരി തെളിയിക്കുന്നത്.

കേരളത്തിൽ ചരിത്രപരമായി ആഴത്തിൽ വേരുന്നിയ താന്ത്രികാനുഷ്ഠാനമായിരുന്നു ബ്രാഹ്മണരുടെ കാലുകഴുകിച്ചൂട്ടൽ. ബ്രാഹ്മണനെ ദൈവമായി കാണുന്ന ഈ പ്രക്രികിയയിൽ ബ്രഹ്മണേതര ശരീരങ്ങളെ ആത്മാവില്ലാത്ത ഹീന/ അധമശരീരങ്ങളാക്കി നിലനിർത്തുന്ന അയിത്തവ്യവഹാരങ്ങളാണ് ഉള്ളടങ്ങിയിട്ടുള്ളത്. അയിത്തശരീരങ്ങൾ ക്ഷേത്രത്തെ അശുദ്ധമാക്കുമെന്ന് കേരളീയ തന്ത്രഗന്ഥങ്ങൾ പേർത്തും പേർത്തും പ്രസ്താവിക്കുന്നതിന്റെ കാരണമിതാണ്. അയിത്തജാതിക്കാർ ക്ഷേത്രത്തിൽ പ്രവേശിച്ച് അശുദ്ധമാക്കിയാൽ ബ്രാഹ്മണരെ കാലുകഴുകിച്ചുട്ടുന്നത് പ്രായശ്ചിത്ത വിധിക്രമങ്ങളുടെ ഭാഗമായത് വെറുതെയല്ല. അശുദ്ധിവ്യവഹാരങ്ങളുടെ സുദീർഘചരിത്രം ഇതിനുപിന്നിലുണ്ട്. ബ്രാഹ്മണനെ കാലുകഴുകിക്കുന്നതിലൂടെ ജാതിബ്രാഹ്മണനെ ഉത്തമശരീരവും മറ്റു ജാതിശരീരങ്ങളെ ഹീനവും നിന്ദ്യവുമാക്കുന്ന സാമൂഹ്യപ്രക്രിയയും അതിൽത്തന്നെ നിലീനമായിട്ടുണ്ട്. ബ്രാഹ്മണന്റെ എച്ചിൽ ബിംബത്തിൽ സ്പർശിക്കണമെന്ന് കുഴിക്കാട്ടുപച്ച പറയുമ്പോൾ ദൈവം പോലും ശുദ്ധീകരിക്കപ്പെടാൻ ബ്രാഹ്മണന്റെ എച്ചിൽ വേണമെന്നാണ് സ്ഥാപിക്കുന്നത്.

ശബരിമല സന്നിധാനത്ത് തന്ത്രി കണ്ഠരര് രാജീവരരുടെ കാർമികത്വത്തിൽ പൂജ നടത്തുന്നു /Photo : sabarimala.kerala.gov.in

ചരിത്രകാരനായ ഡോ. കെ.എസ്. മാധവന്റെ നിരീക്ഷണം ഈ സന്ദർഭത്തിൽ പ്രധാനമാണ്. അദ്ദേഹം പ്രസ്താവിക്കുന്നു: ‘"തീറ്റയുടെ ധാരാളിത്തത്തിൽ, അതായത് ബ്രാഹ്മണൻ തിന്ന് ഒഴിവാക്കുന്ന എച്ചിലിൽ ബ്രാഹ്മണന്റെ ശുദ്ധിയെ അത്യാരോപിക്കുന്നു. എച്ചിൽ എന്ന വസ്തു ദൈവത്തെ ബിംബത്തിൽ അത്യാരോപിക്കുന്ന മാധ്യമമാകുന്നു. അത് ആചാരവും വിധിക്രമവുമാകുന്നു. പിന്നീട് തന്ത്രവിധികളാകുന്നു. അതുകൊണ്ടുതന്നെ ദൈവത്തെ വിശുദ്ധമാക്കുന്ന തീറ്റസംസ്‌കാരത്തിലാണ് ബ്രാഹ്മണ്യം ദൈവത്തെ നിലനിർത്തുന്നത്. അതായത് ദൈവത്തിനതീതമായ ഒരു ശുദ്ധശരീരം സ്വയം നേടിയെടുത്തുകൊണ്ടാണ് ബ്രാഹ്മണൻ ക്ഷേത്രത്തിനും ദൈവത്തിനും മുകളിൽ വരുന്ന പുരോഹിതനാകുന്നത്. ബ്രാഹ്മണ പൗരോഹിത്യത്തിന്റെ പരാന്ന തീറ്റസംസ്‌കാരമാണ് ബ്രാഹ്മണ്യശുദ്ധിയുടെ ഭൗതികതലം.''

വർത്തമാനകേരളത്തിൽ വ്യാപകമായും പ്രത്യക്ഷമായും ബ്രാഹ്മണരെ കാലുകഴുകിച്ചൂട്ടുന്ന പ്രകിയ നടക്കാതെ പോകുന്നത് ബ്രാഹ്മണർ ഏതെങ്കിലും വിധത്തിലുള്ള ഔദാര്യചിത്തത്തോടെ പ്രസ്തുത ആചാരം വേണ്ടെന്നുവച്ചതുകൊണ്ടല്ല, അത് ഉപേക്ഷിക്കത്തക്കവിധം സാമൂഹിക- സാംസ്‌കാരിക-രാഷ്ട്രീയ ബലത്രന്ത്രങ്ങൾ രൂപപ്പെട്ടതുകൊണ്ടാണ്. നവോത്ഥാന സമരപ്രവർത്തനങ്ങളും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണവും, ക്രിസ്ത്യൻ മിഷനറി പ്രവർത്തനങ്ങളുമാണ് ബ്രാഹ്മണരുടെ ഇത്തരം ജാത്യാചാരങ്ങൾക്ക് ഒരു പരിധിവരെ തടയിട്ടത്. ജനാധിപത്യസ്വരൂപമുള്ള മനുഷ്യശരീരങ്ങളായി പരിണമിക്കണമെങ്കിൽ ഇത്തരം ആചാരങ്ങളിൽ നിന്ന്​ തീർച്ചയായും മോചിക്കപ്പെടേണ്ടതുണ്ട്. തീർത്തും അപകടകരമായ ബ്രാഹ്മണന്റെ കാലുകഴുകിച്ചൂട്ടുന്ന പ്രത്യയശാസ്ത്രമൂല്യങ്ങളിൽ നിന്ന്​ പുറത്തുകടക്കാതെ കേരളത്തിന് സാമൂഹികമായോ സാംസ്‌കാരികമായോ രാഷ്ട്രീയമായോ ഒരടി മുന്നോട്ടുപോകുവാൻ സാധ്യമല്ല. ‘ഹാ തത്ത്വം വേത്തി കോപി ന', ‘ആരും ഈ
തത്വം അറിയുന്നില്ലല്ലോ' എന്ന് നാരായണഗുരു കരുണാർദ്രമായി ചിന്തിച്ചത് കേരളത്തിലെ ഇത്തരം ജാത്യാചാരങ്ങളുടെ ‘ദുർമേദസ്സ്' കണ്ടിട്ടുതന്നെയാണ്. ▮​


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം


ഡോ. ടി. എസ്. ശ്യാംകുമാർ

എഴുത്തുകാരൻ, പ്രഭാഷകൻ, സാംസ്​കാരിക വിമർശകൻ. തന്ത്രപ്രായശ്ചിത്തം: കേരള സമൂഹവും ചരിത്രവും, ശബരിമല: ഹിന്ദുത്വ തന്ത്രങ്ങളും യാഥാർഥ്യവും, ആരുടെ രാമൻ? എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments