മാപ്പിള രാമായണത്തിന് മാപ്പിള ബന്ധമില്ല; അബ്ദുള്ളക്കുട്ടി ബന്ധം അപകടവുമാണ്

''കുട്ടിക്കാലത്ത് മലബാറിലെ ഉമ്മമാർ കുട്ടികളെ ഉറക്കാൻ ഈ പാട്ട് പാടിയിരുന്നതായി ബി.ജെ.പി.നേതാവ് എ.പി.അബ്ദുള്ളക്കുട്ടി ജന്മഭൂമിയിലെഴുതിയ ഒരു ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജന്മഭൂമിയും അബ്ദുള്ളക്കുട്ടിയും ഈ പാട്ട് ഏറ്റെടുത്തു എന്നതു തന്നെ അപകടസൂചനയാണ്. അബ്ദുള്ളക്കുട്ടിയല്ലാതെ ആരും ഉമ്മമാർ ഈ പാട്ട് പാടിയിരുന്നതായി സാക്ഷ്യപ്പെടുത്തിയിട്ടില്ല. മാപ്പിളപ്പാട്ടിന്റെ പാരമ്പര്യത്തിൽ അങ്ങനെയൊന്നിന് സാധ്യതയുമില്ല.''

മാപ്പിളരാമായണം എന്നൊരു പാട്ടുണ്ടല്ലോ. ഇന്നത് ഒന്നൂടി വായിച്ചപ്പോൾ ഭാഷാപരമായ ചില പൊരുത്തക്കേടുകൾ കണ്ടു. അരിച്ചുപെറുക്കി വായിച്ചൊന്നുമില്ല. കണ്ണിൽക്കണ്ട ചില പൊരുത്തക്കേടുകൾ പറയാം. മാപ്പിളപ്പാട്ടു രൂപത്തിൽ ആരോ എഴുതിയതാണ് മാപ്പിള രാമായണം. സൂക്ഷ്മവായനയിൽ ഇത് ഒരു മാപ്പിളയെഴുതിയതു തന്നെയോ എന്ന് സംശയം തോന്നും. മുസ്ലീമായ ഒരാളാണ് ഇതെഴുതിയത് എന്ന് ആരും അവകാശപ്പെട്ടും കാണുന്നില്ല. പിൽക്കാലത്ത് മാപ്പിളരാമായണത്തെ പഠിച്ച ചിലർ മഹത്തായ മാപ്പിളപ്പാട്ടു പാരമ്പര്യത്തിലെ ഈടുവെപ്പായി ഇതിനെ ചൂണ്ടിക്കാട്ടിയിട്ടുള്ളത് വിസ്മരിക്കുന്നില്ല.

1976-ജൂലൈയിലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അക്കാലത്ത് ഗവേഷകനായിരുന്ന എം.എൻ.കാരശ്ശേരി മാപ്പിളരാമായണം കണ്ടെത്തി എന്നൊരു വാർത്ത പത്രങ്ങളിലൊക്കെ കൊടുക്കുന്നത്. അത് അക്കാലത്ത് ദേശീയതലത്തിൽ വരെ ചർച്ച ചെയ്യപ്പെട്ടതായി കാരശ്ശേരി രേഖപ്പെടുത്തുന്നുണ്ട്. അധ്യാപകനായ കെ.കെ.ശിവദാസൻ മാഷ് വഴിയാണത്രെ കാരശ്ശേരി മാഷ് മാപ്പിളരാമായണത്തെക്കുറിച്ച് കേൾക്കുന്നത്. അതനുസരിച്ച് വടകരയിലെ ശിവദാസൻ, വി.ടി.കുമാരൻ എന്നിവരിലൂടെയാണ് കാരശ്ശേരി ടി.എച്ച്.കുഞ്ഞിരാമൻ നമ്പ്യാരിലെത്തി ഈ പാട്ട് അദ്ദേഹത്തിന്റെ മുഖത്തുനിന്ന് പാടി രേഖപ്പെടുത്തുന്നത്. കുട്ടിക്കാലത്തെന്നോ കേട്ട പാട്ട് എന്നല്ലാതെ ആ പാട്ട് മാപ്പിളമാർ പാടിയിരുന്നതായോ കൃത്യമായി ആരിൽനിന്നാണ് കിട്ടിയതെന്നോ നമ്പ്യാർ ഓർക്കുന്നുമില്ല. ആയിരക്കണക്കിന് വരികൾ ഹൃദിസ്ഥമായിരുന്ന കുഞ്ഞിരാമൻനമ്പ്യാർക്ക് ഈ വരികൾ എവിടെനിന്നുകിട്ടി എന്ന കാര്യത്തിൽ ഓർമ്മപ്പിശകാണ്. രമായണത്തെക്കുറിച്ച് ഗവേഷണം നടത്തിയ അമേരിക്കൻ ഗവേഷകയായ പോളാ റിച്ച്മാൻ രേഖപ്പെടുത്തിയതനുസരിച്ച് (Ramayana stories in modern south indIa) കുഞ്ഞിരാമൻ നമ്പ്യാർക്ക് ഈ പാട്ടു കിട്ടുന്നത് ഒരു ഹസ്സനിൽനിന്നാണ്. അതും സഞ്ചാരിയായ, മാനസികാസ്വാസ്ഥ്യമുള്ള ഒരാൾ. ഈ പാട്ടിന്റെ തുടക്കത്തിലുള്ള രാമായണകഥാസംഗ്രഹം അങ്ങനെയൊരാൾക്ക് പാടാൻ കഴിയില്ലെന്ന് രാമായണപഠിതാവായ അസീസ് തരുവണ സാക്ഷ്യപ്പെടുത്തുന്നു.

എം.എൻ.കാരശ്ശേരി

അങ്ങനെയൊരു ഹസ്സൻ ഉണ്ടെങ്കിൽ അയാൾ വടകരക്കാൻ തന്നെയാവാനാണ് സാധ്യത. അത്രയുമധികമാണ് ഈ പാട്ടിന് വടകരമൊഴിയുമായുള്ള ചാർച്ച. സ്വനതലത്തിലും പദതലത്തിലും അതു കാണാം. ഈ പാട്ടിൽ മൂത്തുമ്മ എന്നൊരു പ്രയോഗമുണ്ട്. കേരളത്തിൽ മറ്റെല്ലായിടത്തും മുസ്ലീങ്ങൾക്കത് മൂത്തമ്മയാണ്. അതുപോലെ പത്തൽ, ഓറ് തുടങ്ങിയ പ്രയോഗങ്ങളും ഈ പാട്ടിനെ വടകരദേശത്ത് ബന്ധിപ്പിച്ചു നിർത്തുന്നു. അപ്പോൾ വടകരക്കാരനായ ആ ഹസ്സനിൽനിന്നാണ് നമ്പ്യാർക്ക് ഈ പാട്ട് കിട്ടിയത്.

കഴിഞ്ഞദിവസം കവി സച്ചിദാനന്ദൻ അദ്ദേഹത്തിന്റെ എഫ്.ബി.പേജിൽ ഈ പാട്ടിന്റെ ഓഡിയോ ഷെയർ ചെയ്തിരിക്കുന്നു. പാടിയത് മലയാളം യൂണിവേഴ്സിറ്റി പ്രൊഫസറും ഫോക് ലോർ ഗവേഷകനുമായ ഡോ.കെ.എം.ഭരതനും സംഘവും. മലബാറിൽ മുസ്ലീങ്ങൾക്കിടിയിൽ ഒരുകാലത്തു പാടിവന്നിരുന്ന പാട്ട് എന്ന ക്യാപ്ഷനോടുകൂടി ഇത് വാട്സാപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ട്. പ്രൊഫസർ ഭരതനുമുമ്പ് ഇതു പാടിയത് ടി.എച്ച്.കുഞ്ഞിരാമൻ നമ്പ്യാരാണ്. പിന്നെ അദ്ദേഹത്തിന്റെ മക്കളും ശിഷ്യന്മാരും. കുട്ടിക്കാലത്ത് മലബാറിലെ ഉമ്മമാർ കുട്ടികളെ ഉറക്കാൻ ഈ പാട്ട് പാടിയിരുന്നതായി ബി.ജെ.പി.നേതാവ് എ.പി.അബ്ദുള്ളക്കുട്ടി ജന്മഭൂമിയിലെഴുതിയ ഒരു ലേഖനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജന്മഭൂമിയും അബ്ദുള്ളക്കുട്ടിയും ഈ പാട്ട് ഏറ്റെടുത്തു എന്നതു തന്നെ അപകടസൂചനയാണ്. അബ്ദുള്ളക്കുട്ടിയല്ലാതെ ആരും ഉമ്മമാർ ഈ പാട്ട് പാടിയിരുന്നതായി സാക്ഷ്യപ്പെടുത്തിയിട്ടില്ല. മാപ്പിളപ്പാട്ടിന്റെ പാരമ്പര്യത്തിൽ അങ്ങനെയൊന്നിന് സാധ്യതയുമില്ല.

ഈ പാട്ടു തുടങ്ങുന്നത്
ലാമ ലാമ ലാമ ലാമ ലാമ ലാമ ലാമാ
ലാമ ലാമ ലാമ ലാമ ലാമ ലാമ ലാമാ
എന്ന ഈരടിയോടെയാണ്. രാമൻ മാപ്പിളരാമായണകാരന്/കാരിക്ക് ലാമനാണ്. മാപ്പിളമൊഴിയിൽ ര>ല വിനിമയം ഉണ്ടെങ്കിലും അത് സാർവത്രികമായ നിയമമല്ല. വാമൊഴിയിൽ രാവ്>ലാവ് ആകാറുണ്ട്. എന്നാൽ പഴയ വട്ടെഴുത്തു പാരമ്പര്യമനുസരിച്ചുള്ള ദ്രാവിഡ സ്വനനിയമങ്ങളാണ് അറബിമലയാളസാഹിത്യവും മാപ്പിളപ്പാട്ടു പാരമ്പര്യവും പിന്തുടരുന്നത്. അതനുസരിച്ച് രാമൻ ഇരാമനും ലങ്ക ഇലങ്കയും ഒക്കെയാണ് ആകേണ്ടത്. മാപ്പിളരാമായണത്തിൽ ലാമൻ, ലാവണൻ, ലാവണലാജാവ്, ലണ്ട്, ദശരതലാജാവ് ലാജിയക്കാര്, ലോമം എന്നൊക്കെ പദാദിയിൽ ര>ല വിനിമയം കാണാം. എന്നാൽ രണ്ട് എന്ന് ര തന്നെ വരുന്ന ഉദാഹരണങ്ങൾ ടെക്സ്റ്റിൽ കാണാം. എന്റെ കൈയിൽ കിട്ടിയ പാഠത്തിൽ അത്തരം പ്രയോഗങ്ങൾ കണ്ടു. ഈ വരികൾ നോക്കൂ.

എ.പി.അബ്ദുള്ളക്കുട്ടി

കർക്കിടകം കാത്തുകാത്തു കുത്തിരിക്കും പാട്ട്
കാതുരണ്ടിലും കൈവിരലിട്ടോരികൂട്ടും പാട്ട്

ഇതിലേറെ പ്രധാനപ്പെട്ട കാര്യം ഈ രചനയിൽ രാവണന്റെ അശോകവനികാപ്രവേശനഭാഗത്തുള്ള ഒരു ഈരടി മോയിൻകുട്ടി വൈദ്യരുടെ മുത്തുനവ രത്നമുഖം എന്ന പാട്ടിലെ വരികളാണ് എന്നതാണ്. ആ വരികളിൽ വൈദ്യർ കൃത്യമായി രാജിയക്കാർ എന്നാണ് ഉപയോഗിക്കുന്നത്. വൈദ്യരുടെ രാജിയമാണ് മാപ്പിളരാമായണക്കാരന്റെ/കാരിയുടെ ലാജിയം.

ഡോ.അസീസ് തരുവണയുടെ എത്രയെത്ര രാമായണങ്ങൾ എന്ന പുസ്തകത്തിൽ നിന്ന്

എൻ കരളെ നമ്മളൊരു ലാജിയക്കാറല്ലേ
എന്നതിൽ ബിശേശവും സന്തോശമെനിക്കില്ലേ

പദാദിയിൽ മാത്രമേ ഈ ര>ല മാറ്റം മാപ്പിളരാമായണത്തിൽ കാണാനുള്ളൂ. ദശരതലാജാവ് എന്നൊക്കെ സമസ്തപദമാക്കിപ്പറയുന്നിടത്ത് പദമദ്യത്തിലുമുണ്ട്. രണ്ടാമത്തെ ഈരടിയിൽത്തന്നെ (ലാമപ്രകീർത്തനം നടത്തുന്ന ആദ്യ ഈരടിയ്ക്കു ശേഷം) പദമധ്യത്തിൽ ര വരുന്നതിന് ഉദാഹരണമുണ്ട്. താടിക്കാരൻ, ഒരു എന്നീ വാക്കുകളിൽ ര-യുണ്ട്. പദാദിയിൽ ര-യും ല-യും സ്വരസഹായമില്ലാതെ ഉച്ചരിക്കുന്നതിനായിരുന്നല്ലോ പഴയ മലയാളത്തിന് പ്രശ്നം. എന്തായാലും മോയിൻകുട്ടി വൈദ്യരുടെ രാജിയം ലാജിയമാക്കാൻ മാത്രമുള്ള ലാവേശം ഉത്തരമലബാറിലെ മാപ്പിളമാർക്കുണ്ടായിരുന്നോ എന്നു സംശയമാണ്.

പണ്ട് താടിക്കാരനൗലിയ പാടിവന്നൊരു പാട്ട്
കണ്ടതല്ലേ ഞമ്മളീ ലാമായണം കത പാട്ട്

മാപ്പിളരാമായണത്തിൽ നിറയെയുള്ള ഒരു പ്രയോഗമാണ് ഞമ്മൾ. ഉത്തമപുരുഷ ഏകവചനമായിട്ടാണ് ഈ ബഹുവചനരൂപം ഉപയോഗിച്ചിരിക്കുന്നത്. ഈ പ്രയോഗവും മാപ്പിളമൊഴിയിൽ ആരോപിക്കപ്പെട്ട ഒന്നായാണ് എനിക്കു തോന്നിയിട്ടുള്ളത്. സ്വാഭാവികമുസ്ലിംപരിസരങ്ങളിലേതിനേക്കാൾ മോണോ ആക്ടുകളിലും സിനിമകളിലുമൊക്കെയുള്ള മുസ്ലിം മൊഴിയനുകരണങ്ങളിലാണ് ഇതു കൂടുതലായി കണ്ടിട്ടുള്ളത്. താഴെകൊടുത്ത വരികളിൽ ഇംക്ലൂസീവ് പ്രോനൗണായി വരുന്നിടത്ത് അതു കാണുന്നുമില്ല. മോയിൻകുട്ടിവൈദ്യരുടെ വരികൾ അങ്ങനെ തന്നെ എടുത്തതുകൊണ്ടുമാവാം ഇത്.

ഡോ.അസീസ് തരുവണ മാപ്പിളരാമായണം നാടോടി മാപ്പിളപ്പാട്ടോ നിർമ്മിതിയോ? എന്ന പുസ്തകത്തിൽ നിന്ന്

എൻ കരളെ നമ്മളൊരു ലാജിയക്കാറല്ലേ
എന്നതിൽ ബിശേശവും സന്തോശമെനിക്കില്ലേ

മാപ്പിളമൊഴിയിൽ സാധാരണ കാണാറുള്ള വ>ബ വിനിമയം മാപ്പിളരാമായണത്തിൽ അധികം കാണാനുമില്ല. വില്ലൊടിച്ച പാട്ട് ബില്ലൊടിച്ച പാട്ട് ആവേണ്ടതാണ്. ഭരതൻ വരതനാകുന്നതിലും എളുപ്പം ബരതൻ ആകാനാണ്. പക്ഷേ നമ്മുടെ മാപ്പിളരാമായണ കർത്താവ് വരതൻ എന്നാണ് എഴുതിയിരിക്കുന്നത്. വാല്യക്കാരൻ, വൈ തടയുക, എന്നൊക്കെ കാണുന്ന കൃതിയിൽ ബിശേശം, ബാപ്പ, ബീവി, ബീടര്,ബീഡര് എന്നൊക്കെ കാണുകയും ചെയ്യും. ബീടര് വ>ബ വിനിമയത്തിലൂടെ വീടർ>ബീടർ ആയതാണ്. ബിശേഷവും അങ്ങനെത്തന്നെ. അതനുസരിച്ച് ബാല്യക്കാരനും, ബൈ തടയലും ഒക്കെ വേണം. അതു കാണുന്നുമില്ല.

മാപ്പിളമലയാളത്തിന്റെ അടയാളമായി ഇതിൽ കാണുന്ന മറ്റൊരു കാര്യം ഴ>യ മാറ്റമാണ്.
കോയി ബിരിയാണി കൂട്ടിപ്പത്തലും കൊയച്ച്
നാലു ചാല് തിന്നു കോട്ടെ ലങ്ക വണോലെല്ലാം

ഇവിടെ കോയി, കൊയച്ച്, കോടമയ, ഇപ്പയക്കം തുടങ്ങിയ പദങ്ങൾ അത്തരത്തിലുള്ളതാണ്. എന്നാൽ പൊട്ടക്കിണറുകണക്കു കുഴിഞ്ഞ വട്ടക്കണ്ണ്
ചുറ്റിലുമഞ്ഞനമിട്ടുനല്ലൊരു കൽത്ത കെട്ടി
കൈവളപത്തിനു മേലും കീഴും കൊത്തിവെച്ച
ശേലിൽക്കല്ല് പതിച്ച രണ്ടു തണ്ടു വള

ഈ വരികളിൽ കീഴും, ഏഴുനിലമാളിക എന്നൊക്കെ ഴ-കാരം തന്നെ പ്രത്യക്ഷപ്പെടുന്നു. ബിരിയാണി ഈ കാവ്യത്തിന്റെ പ്രധാനപ്പെട്ട ഒരു കാലസൂചനയാണ്. കേരളീയമായ ഒരു ആഹാരമല്ല ബിരിയാണി. അത് ഹൈദരാബാദ് വഴി പിൽക്കാലത്ത് കേരളത്തിലെത്തിയ ഒരു ആഹാരമാണെന്ന് പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ലന്തൻബത്തേരിയിലെ ലുത്തിനിയകൾ എന്ന എൻ.എസ്.മാധവന്റെ നോവലിൽ ബിരിയാണി വന്ന വഴി വിവരിക്കുന്നതു കാണാം.

ഞാനോ ലാമൻ സീതാ ബീടര്, പെറ്റിട്ടില്ല
കൂടെയനുസൻ കൂട്ടിന് ലക്ഷ്മണനങ്ങോട്ടുണ്ട്

ഈ വരികളിൽ അനുസൻ എന്നു കാണാം. അതായത് ജ>സ വിനിമയം. ഇത് ചിലയിടങ്ങളിൽ അനുശൻ എന്നും ചിലയിടത്ത് അനുജൻ എന്നുതന്നെയുമാണ്. ജ ഉപയോഗിക്കാൻ മാപ്പിളരാമായണകാരന്/കാരിക്ക് മടിയൊന്നുമില്ലെന്നു കാണിക്കുന്ന ധാരാളം വരികളുണ്ട്. എന്നാലും ലാശലാശൻ എന്നൊക്കെ പ്രയോഗിച്ചുകളയുകയും ചെയ്യും.

“ഞമ്മക്കെന്തിന് മേലെ മേലെ പെണ്ണും നിക്കാഹും?
അമ്മാനക്കിളി അനുജനു ബേണൊരു പെണ്ണും നിക്കാവും.
ഒക്കും അനുജന്, പൂതി നിന്നെ പൂക്കും കാലോ,
മൂക്കും മുലയും കാതും തുടയും കണ്ടാലൊഴിയുന്നോ?”

അടുത്തടുത്ത വരികളിൽ നിക്കാഹ് എന്നും നിക്കാവ് എന്നും പ്രയോഗിച്ചിരിക്കുന്നു. ഹനുമാനെ അനുമാൻ എന്നു വിളിക്കുന്ന പാട്ടിൽത്തന്നെ ഹാലിളകിത്താടിലാമൻ എന്നും കാണാനാകും. വേറെയുമുണ്ട് ധാരാളം ഹ-കാരപ്രയോഗങ്ങൾ.

ശൂർപ്പണഖ, മാലാഖ, ലക്ഷ്മണൻ എന്നൊക്കെയും ഈ നാട്ടുമൊഴിപ്പാട്ടിൽ കാണാം. മാപ്പിളമലയാളത്തിൽ മാലാഖയും ശൂർപ്പണഖയുമൊക്കെ ഉണ്ടോ? മാലാഖ മലക്കാണ്. രാജരാജൻ ലായലായനായിടത്താണ് ശൂർപ്പണഖയും ലക്ഷ്മണനുമൊക്കെ തെളിഞ്ഞു നിൽക്കുന്നത്. ലായൻ എന്നും രാജൻ എന്നും പ്രയോഗിക്കാനറിയാവുന്ന കവി ചിലയിടത്ത് സുൽത്താൻ എന്നും പ്രയോഗിച്ചിട്ടുണ്ട്.

സങ്കല്പനപരമായ ചില പ്രശ്നങ്ങളും ഒറ്റനോട്ടത്തിൽ ഈ കൃതിയിൽ മുഴച്ചു നിൽക്കുന്നുണ്ട്. നഞ്ഞുനക്കിയ പടച്ചോൻ എന്നാണ് പരമശിവനെ വിവരിച്ചിരിക്കുന്നത്. മുസ്ലീങ്ങൾ വേറൊരു ദൈവത്തെയും പടച്ചോൻ എന്നു പറയാറില്ലെന്ന് ചിലർ സൂചിപ്പിച്ചത് ഇവിടെ ഓർക്കുന്നു. ശരീഅത്ത് നിയമം ഉദ്ധരിക്കുന്നുണ്ട് ശൂർപ്പണഖ. ഇതനുസരിച്ച് ആണിന് നാലോ അഞ്ചോ ഒക്കെ കെട്ടിക്കൂടേ എന്നാണ് ചോദിക്കുന്നത്. വക്താവിന് ശരീഅത്തു നിയമം അറിയില്ല എന്നുറപ്പ്. അഞ്ചുകെട്ടാൻ ശരീഅത്തു പ്രകാരം വിധിയില്ല. ഭർത്താവു മരിച്ച ശൂർപ്പണഖ പുനർവിവാഹം കാംക്ഷിക്കുന്നതിനെ ശീലക്കേടായാണ് മാപ്പിളരാമായണകാരൻ/കാരി കാണുന്നത്. പുനർവിവാഹം പ്രശ്നമേയല്ലാത്ത മാപ്പിള സമുദായത്തിൽനിന്നുള്ള ഒരാൾക്ക് ഒരിക്കലും ഇതൊരു ശീലക്കേടായി തോന്നാനിടയില്ല.

അതുപോലെ കേരളത്തിലെ മുസ്ലിം പള്ളികളുടെ വാസ്തുശില്പത്തെക്കുറിച്ചു പഠിച്ച ഒരു ഗവേഷകൻ (The mosque in the land of temples: sebastian R. Prang)എന്തുകൊണ്ടാണ് ഉത്തരേന്ത്യയിൽ കാണുംവിധം വലിയ പള്ളികൾ കേരളത്തിൽ കാണാത്തത് എന്നതിന് സമാധാനം കാണുന്നത് ഹിന്ദുരാജാക്കന്മാർക്കിടയിൽ ജീവിച്ച മുസ്ലീങ്ങൾ അവരെ വെല്ലുവിളിക്കുന്ന ഒരു വാസ്തുശില്പമാതൃകയ്ക്ക് ഒരുങ്ങില്ല എന്നാണ്. അവിടെയാണ് നമ്മുടെ മാപ്പിളരാമായണകാരൻ/കാരി രാമനെ പന്നിരാമനാക്കുന്നത്. ഒരിക്കലും മലബാർ മാപ്പിളഭാവനയിൽ അപരമതദേവൻ പന്നിരാമനായി പ്രത്യക്ഷപ്പെടില്ല. മാപ്പിളരാമായണത്തിന്റെ തുടക്കത്തിൽ കാണുന്ന ഒന്നുരണ്ടു പ്രയോഗങ്ങളിലും പൊരുത്തക്കേടുകളുണ്ട്. കർക്കിടകം കാത്തുകാത്തു കുത്തിരിക്കും പാട്ട് എന്ന പറച്ചിലിൽ കുഴപ്പമുണ്ട്. ആരാണ് കേരളത്തിൽ കർക്കിടത്തിൽ രാമായണം വായിച്ചത്? ബ്രാഹ്മണർ എഴുത്തച്ഛന്റെ രാമായണം വായിച്ചതായി അറിയില്ല. നായർ ജാതിയിൽ താഴെയുള്ളവരും രാമായണം വായിച്ചിട്ടില്ല. കർക്കിടകമാസവും രാമായണവായനയുമായുള്ള ബന്ധവും അത്ര പഴക്കമുള്ളതല്ല. ഹൈന്ദവസമുദായത്തിന്റെ സംസ്കാരം ഉയർന്ന സാംസ്കാരികഭാവനയോടെ മാപ്പിളസംസ്കാരത്തിലേക്കു പകർത്തി എന്ന വാദവും അസ്ഥാനത്താണ്. തൊട്ടടുത്ത വരികളിൽ തെളിയുന്നത് പരിഹാസവുമാണ്.

ഡോ.അസീസ് തരുവണ

കാതുരണ്ടിലും കൈവിരലിട്ടോരികൂട്ടും പാട്ട് എന്നാണ് ആ വരി. കാതിൽ കൈവിരലിട്ടുള്ള ആലാപനം ബാങ്കുവിളിയാണ്. ബാങ്കുവിളിയെ ഒരു മാപ്പിള ഓരികൂട്ടലായി പറയില്ല. കുറുക്കന്മാരും നായ്ക്കളുമൊക്കെയാണ് ഓരികൂട്ടുക പതിവ്. ഒരു മാപ്പിളകവി തങ്ങളുടെ സഹോദരസമുദായത്തിന്റെ വിശിഷ്ടമായ ഒരു അനുഷ്ഠാനത്തെ ഓരികൂട്ടലായി വിശേഷിപ്പിക്കുന്നുവെങ്കിൽ അത് കുറച്ചു കവിഞ്ഞ ഭാവനയുമാണ്. അതുപോലെ കൃതിയിൽ ധാരാളം കാണുന്ന പെങ്ങളുമ്മ, ഉമ്മ തുടങ്ങിയ സംബോധനാപദങ്ങൾ മുസ്ലീം സമുദായത്തിനകത്തുപയോഗിക്കുന്നവയല്ല എന്നാണു തോന്നുന്നത്. പുറം സമുദായക്കാർ മുസ്ലീങ്ങളെ സംബോധന ചെയ്യുന്ന തരത്തിലുള്ളതാണ് ഇതിലുള്ള ഉമ്മപ്രയോഗങ്ങൾ. പ്രണയാഭ്യർത്ഥന നടത്താനെത്തുന്ന ശൂർപ്പണഖയെ രാമൻ ഉമ്മാ എന്നാണ് സംബോധന ചെയ്യുന്നത്. കവി ശൂർപ്പണഖയെ അവതരിപ്പിക്കുന്നതും പുന്നാരപ്പൊന്നുമ്മ എന്നാണ്. മൂത്തുമ്മയുടെകാര്യം നേരത്തേ സൂചിപ്പിച്ചല്ലോ.

പുന്നാരപ്പൊന്നുമ്മ ബീവി ശൂർപ്പണഖാ
കിന്നാരക്കണ്ണിച്ചിയോതി ലാമനോട്

ഒറ്റനോട്ടത്തിൽ കണ്ട പൊരുത്തക്കേടുകളാണിതൊക്കെ. പ്രാഥമികമായ രാമായണകഥാവതരണത്തിനുശേഷം ശൂർപ്പണഖയുടെ പുറപ്പാട്, ശൂപ്പണഖയും രാമനും തമ്മിലുള്ള സംഭാഷണം, രാവണൻ അശോകവനികയിൽ സീതയെ കാണുന്നത്. ഹനുമാൻ ലങ്കയിൽവന്ന് സീതയെ കാണുന്നതും തുടർന്നുള്ള യുദ്ധവുമൊക്കെയായി വളരെ ലളിതമായ ആഖ്യാനമാണ് മാപ്പിളരാമായണത്തിലുള്ളത്. ആകെ 148- വരികൾ. രാമായണത്തിന്റെ മുഖ്യധാരാപാഠങ്ങൾക്കു സമാന്തരമായി കാണുന്ന മറ്റു രാമായണങ്ങളിൽ കാണുന്ന പോലെ എന്തെങ്കിലും വ്യതിരിക്തത ഏതാനും പദപ്രയോഗങ്ങൾക്കപ്പുറം മാപ്പിളരാമായണത്തിൽ കാണാനാവില്ല. മാപ്പിളരാമായണപഠിതാക്കൾ ഭാഷാപരമായും സാംസ്കാരികമായും കുറേക്കൂടി സൂക്ഷ്മമായി ഏറെക്കുറെ ഒരു പരിഹാസകവനമായ ഈ രചനയെ സമീപിച്ചാൽ നന്നാവും എന്നു തോന്നുന്നു. ലഭ്യമായ തെളിവുകൾവെച്ച് ടി.എച്ച്.കുഞ്ഞിരാമൻ നമ്പ്യാർക്കപ്പുറത്തേക്ക് ഇതു പോയിട്ടില്ല. അദ്ദേഹവും അദ്ദേഹം പഠിപ്പിച്ചവരുമല്ലാതെ ആരും ഇതു പാടിക്കേട്ടിട്ടുമില്ല. പ്രൊ.കെ.എം.ഭരതന്റെയും മറ്റും ആലാപനമാണ് ആധികാരികമായി ഇപ്പോൾ പ്രചരിക്കുന്നത്. ഒറ്റനോട്ടത്തിൽത്തന്നെ ഇത് മാപ്പിളയല്ലാത്ത ഏതോ രസികൻ/രസിക എഴുതിയതാണെന്ന് വ്യക്തം. ഏതെങ്കിലും കാലത്ത് മാപ്പിളസമുദായം ഇതു പാടിയതിനും തെളിവില്ല, സാധ്യതയുമില്ല.

റഫറൻസ്
1) മാപ്പിളരാമായണം കണ്ടെത്തിയ കിസ്സ
പ്രൊഫ.എം.എൻ.കാരശ്ശേരി. (മാപ്പിളരാമായണവും നാടൻ പാട്ടുകളും)
2)മാപ്പിളരാമായണം നാടോടി മാപ്പിളപ്പാട്ടോ നിർമ്മിതിയോ?
ഡോ.അസീസ് തരുവണ
(എത്രയെത്ര രാമായണങ്ങൾ ചിന്ത പബ്ലിഷേഴ്സ്)
3)ഇതിഹാസത്തിന്റെ ഇശൽ മുറുക്കം
അശ്റഫ് കൊണ്ടോട്ടി, സുപ്രഭാതം
4)ചില മാപ്പിളരാമായണ ചിന്തകൾ
എ.പി.അബ്ദുള്ളക്കുട്ടി, ജന്മഭൂമിവി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments