‘ഗന്ധോളജി’: ഗന്ധാസക്തി​യുടെ
നിഗൂഢ ചരിതങ്ങൾ

ഗന്ധങ്ങളെക്കുറിച്ച്​ പഠിക്കാൻ ഒരു ‘ഗന്ധോളജി’, മനുഷ്യഗന്ധത്തിന്റെ സാധ്യതകളിലേക്കുള്ള ചില രഹസ്യ കമാനങ്ങൾ തുറക്കുന്നു.

സ്ത്രീകളെ വാറ്റിയാണ് Jean-Baptiste ലോകത്തിലെ ഏറ്റവും നല്ല ഗന്ധമുണ്ടാക്കിയത്. ജർമൻ നോവലിസ്റ്റ് Patrick Süskindന്റെ ‘പെർഫ്യൂം: ദ് സ്റ്റോറി ഓഫ് എ മർഡറർ' എന്ന നോവലിലെ കേന്ദ്രകഥാപാത്രമായിരുന്നു അയാൾ. അമ്മ തെരുവിൽ പെറ്റിട്ടു പോയതിനാൽ Jean-Baptiste മൂക്കു തുറക്കുന്നതേ പാരീസിന്റെ തെരുവുമണങ്ങളിലേക്കായിരുന്നു.

ജനിതക പ്രശ്‌നം കൊണ്ടെന്നപോലെ, നന്നേ ചെറുപ്പത്തിലേ അയാൾക്ക് ഗന്ധങ്ങളോട് അസാധാരണമായ ഒരുതരം മമതയുണ്ടായിരുന്നു. അത്രമേൽ ഗന്ധാസക്തനായതിനാൽ, പൂർണമായൊരു ഗന്ധത്തിനുവേണ്ടി ജീൻ വിശ്രമമില്ലാതെ തിരഞ്ഞുകൊണ്ടിരുന്നു. ഇതിനിടയിൽ പെൺശരീരങ്ങളുടെ ഗന്ധത്തിൽ ആകൃഷ്ടനായ ജീൻ പൂർണമായൊരു ഗന്ധം നിർമിച്ചെടുക്കാൻ പെണ്ണുങ്ങളെ വേട്ടയാടാൻ തുടങ്ങി. താൻ വശീകരിച്ചെടുത്ത സ്ത്രീശരീരങ്ങളെ വാറ്റിയെടുക്കാൻ അയാൾ പ്രത്യേകം ഫെർമെന്ററുകളുപയോഗിച്ചു.

അങ്ങനെയുണ്ടാക്കിയ ഗന്ധങ്ങളുടെ ലൈബ്രറിയിൽനിന്ന് പല അനുപാതത്തിൽ അവയെ കലർത്തി, പൂർണമായ ഒരു ഗന്ധമുണ്ടാക്കി അയാൾ നാസിക കൊണ്ട് ഓർഗാസമനുഭവിച്ചു. ആകർഷണത്തിന്റെ ആ ഒറ്റമൂലി വാരിപ്പൂശി, ഒരു തെരുവിനെയാകെ വശീകരിക്കാൻ നോക്കിയ ജീനിനെ, അപാരസ്‌നേഹം കൊണ്ടെന്തു ചെയ്യണമെന്നറിയാതെ വശായ തെരുവുമനുഷ്യർ പിച്ചിച്ചീന്തി ഇല്ലാതാക്കി. വിലക്ഷണം പിടിച്ച ഒരു പുസ്തകമാണ് (നോവൽ പിന്നീട് ഇതേ പേരിൽ സിനിമയാക്കപ്പെട്ടു) പെർഫ്യൂം എങ്കിലും, അത് ബഷീറിന്റെ മതിലുകൾ എന്ന നോവൽ പോലെ, മനുഷ്യഗന്ധത്തിന്റെ സാധ്യതകളിലേക്കുള്ള ചില രഹസ്യ കമാനങ്ങൾ തുറക്കുന്നുണ്ട്.

പെർഫ്യൂം: ദ് സ്റ്റോറി ഓഫ് എ മർഡറർ' എന്ന സിനിമയിൽ നിന്ന്

നാരായണിയുടെ ഗന്ധം

ഗന്ധാസക്തി Jean-Baptiste നെ മാത്രമല്ല മത്തുപിടിപ്പിക്കുക; പങ്കാളിയെ തിരഞ്ഞെടുക്കുന്ന നമ്മുടെ ചോയ്സുകളെയും ഇണഗന്ധം അബോധമായി സ്വാധീനിക്കുന്നുണ്ട്. മതിലുകളിലെ ബഷീർ നാരായണിയെ ശബ്ദം കൊണ്ടു മാത്രമല്ല, ഗന്ധം കൊണ്ടു കൂടിയാണ് അനുഭവിക്കുന്നത്. അന്തരീക്ഷത്തിനു ലംബമായി മൂക്കു നീട്ടി, മമ്മൂട്ടിയുടെ ബഷീർ, നാരായണിയുടെ ഗന്ധം കാറ്റിൽ നിന്നരിച്ചെടുക്കുന്ന മനോഹരമായൊരു കാഴ്ചയുണ്ട് മതിലുകളിൽ. ജയിൽ വളപ്പിനുള്ളിൽ നട്ടിട്ടുള്ള പനിനീർ പുഷ്പങ്ങളുടെ പരാമർശവും വർണനയും മറ്റുമായി ഗന്ധമൊരു നിതാന്ത സാന്നിധ്യമാണ് സിനിമയിലും പുസ്തകത്തിലും.

ജാതി -മത -കുടുംബ പശ്ചാത്തല മാതൃകയിലുള്ള ഒത്തുകല്യാണങ്ങൾക്കെതിരെ പ്രണയത്തിന്റെ കലാപക്കൊടിയുയർത്തുന്നവർക്കു പിൻപറ്റാവുന്ന ആധുനിക വേദപുസ്തകത്തിന്റെ ഒന്നാമധ്യായം തീർച്ചയായും ഗന്ധത്തെക്കുറിച്ചു ള്ളതായിരിക്കും.

ജീവശാസ്ത്ര പഠനം എന്ന റൊമാന്റിക് അരിപ്പ

വിചിത്രമായ ഒരു സമവാക്യമുപയോഗിച്ച്, മതിലുകളിലെ പ്രണയാനുഭൂതികളെ ജീവശാസ്ത്രം കൊണ്ട് ഹരിച്ചു നോക്കിയാൽ കിട്ടുന്നത് അപ്രതീക്ഷിതമായ ഉത്തരങ്ങളാണ്. പ്രണയാനുഭൂതികൾ എടുത്തുമാറ്റിയാൽ, മതിലുകളിൽ ബഷീർ - നാരായണി courtshipനെ നിർണയിക്കുന്നത് ഗന്ധാസക്തിയാണ്. അങ്ങനെയെങ്കിൽ, ബഷീർ എന്താണ് ഗന്ധം കൊണ്ട് നാരായണിയിൽ തിരയുന്നത്? ജീവശാസ്ത്രത്തിന്റെ ഭാഷയിൽ ഉത്തരം പറഞ്ഞാൽ, ബഷീർ അബോധമായി നാരായണിയിൽ മണത്തെടുക്കുന്നത് അവളുടെ രോഗപ്രതിരോധശേഷിയാണ്.

ജയിൽ വളപ്പിനുള്ളിൽ നട്ടിട്ടുള്ള പനിനീർ പുഷ്പങ്ങളുടെ പരാമർശവും വർണനയും മറ്റുമായി ഗന്ധമൊരു നിതാന്ത സാന്നിധ്യമാണ് സിനിമയിലും പുസ്തകത്തിലും.

ശരീരത്തിന് ഏതുതരം രോഗാണുക്കളോടാണ് പ്രതിരോധ ശേഷിയുണ്ടാകുന്നതെന്നു തീരുമാനിക്കുന്നത് നമ്മുടെ ക്രോമസോം ആറിൽ കുടിയിരിക്കുന്ന ഒരു കൂട്ടം ജീനുകളാണ് (MHC genes). ലളിതമായി പറഞ്ഞാൽ, അവയുണ്ടാക്കുന്ന പ്രോട്ടീനുകളാണ് രോഗാണുക്കളെ ശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥയ്ക്ക് കാട്ടിക്കൊടുക്കുന്നത്. തികച്ചും വ്യത്യസ്തമായ രോഗാണുക്കളെ പ്രതിരോധിക്കാൻ കഴിയുന്ന എം.എച്ച്‌.സി ജീനുകളുള്ള ഇണകളുടെ ഗന്ധങ്ങളാണ് പരസ്പരം ആകർഷിക്കുക. അവർക്കു ഭാവിയിൽ കുട്ടികളുണ്ടാകുമ്പോൾ, ഈ വ്യത്യസ്ത എം.എച്ച്‌.സി ജീനുകൾ കൂടിക്കലരുന്ന കുട്ടികൾക്ക്, അതുകൊണ്ടുതന്നെ, കൂടുതൽ വ്യത്യസ്ത തരം രോഗാണുക്കളെ പ്രതിരോധിക്കാൻ കഴിയുമെന്ന് കരുതപ്പെടുന്നു. പ്രകൃതി രഹസ്യമായി ഒരുക്കിത്തരുന്ന ഒരു അതിജീവനാവസരം കൂടിയാണ് ബഷീറിൽ നിന്ന്​നാരായണിയിലേക്കും, തിരിച്ചും വിനിമയം ചെയ്യപ്പെടുന്ന ഗന്ധങ്ങൾ. അതായത്, ബഷീറിൽ നിന്ന്​ നാരായണിയിലേക്കെത്തുന്ന പുരുഷഗന്ധം അയാളുടെ എം.എച്ച്‌.സി ജീനുകളെക്കുറിച്ചുള്ള പരിണാമത്തിന്റെ രഹസ്യ സന്ദേശങ്ങളാകുന്നു. തന്റെ എം.എച്ച്‌.സി ജീനുകളിൽ നിന്നൊരല്പമെങ്കിലും വ്യത്യാസമുള്ള ഒരു എം.എച്ച്‌.സി ജീൻവാഹകക്കു മാത്രം ഡീകോഡ് ചെയ്തിഷ്ടപ്പെടാൻ കഴിയുന്ന, ഗന്ധം കൊണ്ടൊരു മോഴ്‌സ് കോഡ്! ഇണയുടെ സൗന്ദര്യം, കഴിവുകൾ, സാമൂഹികമായ ചേർച്ച... അങ്ങനെ മസ്തിഷ്‌കത്തിന് ബോധപൂർവം കിട്ടുന്ന നൂറായിരം ഇൻപുട്ടുകൾക്കു പുറമെ പരിണാമം ഭൂതകാലത്തിൽ നിന്നും വർത്തമാന കാലത്തിലേക്ക് അബോധം മീഡിയയാക്കി അയക്കുന്നൊരു കമ്പിയില്ലാ- കമ്പി!

Claus Wedekind

ശരീരത്തിന്റെ ഗന്ധം കൊണ്ടുള്ള ഈ ടെലിഗ്രാം, ‘sweaty T-shirt experiment' എന്നൊരു രസകരമായ പരീക്ഷണത്തിലൂടെ, ശാസ്ത്രത്തിനു ഡീകോഡ് ചെയ്തു കൊടുത്തത് Claus Wedekind എന്ന സ്വിസ്- ബയോളജിസ്റ്റാണ് . കുറേ സ്ത്രീകൾ, പുരുഷന്മാർ ദിവസങ്ങളായി ധരിച്ച ടി- ഷർട്ടുകൾ ഒരു പെട്ടിയുടെ സുഷിരത്തിലൂടെ മണക്കുന്നു. പലരുടെ ടി- ഷർട്ടുകൾ ഇങ്ങനെ മണത്തുനോക്കി ഏതു ഗന്ധമാണ് അവരെ കൂടുതൽ ആകർഷിച്ചതെന്ന്​ റേറ്റ് ചെയ്യുന്നതാണ് പരീക്ഷണം. രസകരമായിരുന്നു പരീക്ഷണഫലം. സ്ത്രീക്ക് ഇഷ്ടപ്പെട്ട വാസനയുള്ള പുരുഷന് ആ സ്ത്രീയിൽ നിന്ന്​ വളരെ വ്യത്യാസമുള്ള എം.എച്ച്‌.സി ജീനുകളായിരുന്നു ഉണ്ടായിരുന്നത്. അതേസമയം സ്ത്രീക്ക് തന്റെ തന്നെ തരം എം.എച്ച്‌.സി ജീനുകളുള്ള പുരുഷന്മാരുടെ ഗന്ധം ആകർഷകമായി തോന്നിയതേയില്ല. എങ്ങനെയാണ്​ വ്യത്യസ്ത എം.എച്ച്‌.സി ജീനുകളുള്ള പുരുഷന്മാർ/സ്ത്രീകൾ വ്യത്യസ്ത ഗന്ധങ്ങൾ പ്രസരിപ്പിക്കുന്നതെന്ന് ഇപ്പോഴും ഗവേഷകർക്കു വ്യക്തമായിട്ടില്ല. ഏതായാലും എം.എച്ച്‌.സി വ്യത്യസ്തമായ ഇണകളുടെ ദാമ്പത്യം അവ ഒരുപോലെയുള്ള ഇണകളേക്കാൾ സംതൃപ്തിയുള്ളതാണെന്ന്​ തെളിയിക്കുന്ന പുതിയ പഠനങ്ങളുണ്ട്. ഇണയുടെ ഗന്ധത്തോടുള്ള ഇഷ്ടം, കൂടുതൽ കുട്ടികൾ വേണമെന്നുള്ള തീരുമാനം ഇവയെല്ലാം എം.എച്ച്‌.സി ജീനുകൾ വ്യത്യാസപ്പെട്ടിരിക്കുന്ന ഇണകളിൽ കൂടുതലാണെന്നു പഠനങ്ങൾ പറയുന്നു.

‘ആന്റി- ഗലീലിയോ'

എന്തിനാണ് ശരീരം ഗന്ധത്തിലൂടെ ഇണയുടെ പ്രതിരോധ ജീനുകളെ അന്വേഷിക്കുന്നതെന്ന് ഹരഹരപ്പെടുന്നവർ തീർച്ചയായും രോഗാണുക്കൾ മനുഷ്യവംശത്തോടു നടത്തിയ യുദ്ധങ്ങളുടെ ചരിത്രമറിയണം. സൂക്ഷ്മലോകത്തിന്റെ റിപ്പബ്ലിക്കിൽ വാഴുന്ന ചില പ്രാചീന ഏകകോശ ജീവിതങ്ങളോട് നാം നടത്തിയ പോരാട്ടങ്ങൾ, ഏതൊരു സംഘർഷവും പോലെ ജയ-പരാജയങ്ങളുടെയും, വെടിനിർത്തലുകളുടെയും, മാറ്റിവരച്ച രാജ്യാതിർത്തികളുടെയും കഥകളാണ്. പക്ഷേ , 17-ാം നൂറ്റാണ്ടു വരെ, നമുക്കെതിരെ ആ പോരാട്ടം നയിച്ച സൂക്ഷ്മജീവിതങ്ങളെക്കുറിച്ച് ഒരു ധാരണയും മനുഷ്യവംശത്തിനില്ലായിരുന്നു. കൗതുകമെന്നു പറയട്ടെ, ആ അറിയാപ്രപഞ്ചം ആദ്യമായി അതിന്റെ ഭൂപടച്ചുരുളഴിച്ചത് 17-ാം നൂറ്റാണ്ടിൽ നെതെർലാണ്ടിൽ ജീവിച്ചിരുന്ന ലീവെൻഹോക് എന്നൊരു കമ്പിളി വ്യാപാരിയുടെ മുൻപിലായിരുന്നു.

മനുഷ്യന്റെ ചരിത്രത്തെയും, ഇന്നു കാണുന്ന അവരുടെ ഡെമോഗ്രഫിക് ഡിസൈനിനെയും നിർണയിച്ചത് രോഗാണുക്കളും അവയോടുള്ള പോരാട്ടത്തിന്റെ കഥകളും കൂടിയാണ്.

തന്റെ കമ്പിളിയുടെ നിലവാരം പരിശോധിക്കാൻ അയാൾ വസ്തുക്കളെ വലുതാക്കി കാണിക്കുന്ന ഒരുതരം ചില്ലുകൾ ഉപയോഗിക്കുമായിരുന്നു. പിന്നീട് അയാൾക്ക് കമ്പിളിയിലുള്ള താല്പര്യം കുറയുകയും, തന്റെ കൗതുക-ചില്ലുകളിലുള്ള ഭ്രമം കൂടുകയും ചെയ്തു. വിചിത്രമായൊരു ആഭിചാരക്രിയ പോലെ അയാൾ തന്റെ കയ്യിലുള്ള ലെൻസിന്റെ കഴിവുകൾ കൂട്ടാൻ പരീക്ഷണങ്ങളിലൂടെ ശ്രമിച്ചുകൊണ്ടേയിരുന്നു. വസ്തുക്കളുടെ സത്തയെ വെളിപ്പെടുത്താൻ തക്കവണ്ണം എന്തോ ഒന്ന്, താൻ ഗുണം കൂട്ടിയെടുത്തുകൊണ്ടിരിക്കുന്ന മാന്ത്രിക ചില്ലുകൾക്കുണ്ടെന്ന് അയാൾ ഉറപ്പിച്ചിരുന്നു. ഒരർത്ഥത്തിൽ, അയാൾക്ക്, സ്ത്രീകളിൽനിന്ന് ഗന്ധം വേർപെടുത്തുന്ന ജീനിന്റെ ഭ്രാന്തു കയറുകയായിരുന്നു. വസ്തുക്കളെ വലുതാക്കി അവയിലൊളിഞ്ഞ സത്ത കണ്ടെത്താൻ അയാൾ തുടങ്ങിയ തപസ്സവസാനിക്കുന്നത് ഒരു നരച്ച പ്രഭാതത്തിലാണ്. അന്നാണ് അയാൾ, രാത്രിയടിച്ച കൊടുങ്കാറ്റിന്റെ ബാക്കിയായി മേൽക്കൂരയിൽ അവശേഷിച്ച കുറച്ചു ജലം, താൻ അടുത്തിടെ രണ്ടു ലെൻസുകൾ ഘടിപ്പിച്ചുണ്ടാക്കിയ ഒരു പ്രാകൃത മൈക്രോസ്‌കോപ്പിന്റെ അടിയിൽ ഫോക്കസ്​ ചെയ്യുന്നത്. മോക്ഷത്തിന്റെ ഒരു ഫോക്കൽ പോയിന്റിൽ ലീവെൻഹോക് തന്റെ കാഴ്ചയുടെ യുറേക്ക മൊമെൻറ്​ അനുഭവിച്ചു. ഒറ്റത്തുള്ളി ജലത്തിൽ നീന്തിനടക്കുന്ന, ബാക്റ്റീരിയയും പ്രോട്ടാേസോവയും ഉൾപ്പെടെയുള്ള, സൂക്ഷ്മപ്രപഞ്ചത്തിന്റെ പ്രാചീനരൂപങ്ങൾ അയാൾക്ക് മുൻപിൽ വെളിപ്പെട്ടു. ഈ വെളിപ്പെടലിനും വർഷങ്ങൾക്കു മുൻപ് ഇറ്റലിയിലെ ഒരു തെരുവിലിരുന്ന് ആകാശത്തേക്കൊരു കണ്ണാടിക്കുഴൽ ചൂണ്ടി ഗലീലിയോ പ്രപഞ്ചത്തിന്റെ സ്ഥൂലരൂപങ്ങളുടെ അർത്ഥമറിയാൻ നോക്കിയിരുന്നു. ലീവെൻഹോക് ആകട്ടെ, ആ കാഴ്ചയുടെ വിപരീതത്തിന്റെ പൊരുളറിയാൻ ശ്രമിക്കുകയായിരുന്നു. ഒരർത്ഥത്തിൽ, ശാസ്ത്രത്തിന്റെ ‘anti- Galileo'.

ലീവെൻഹോക്, ഗലീലിയോ

താൻ കണ്ട സൂക്ഷ്മ പ്രപഞ്ചത്തിന്റെ അറിവുകൾ ലീവെൻഹോക്കിൽ കിടന്നു ശ്വാസം മുട്ടാൻ തുടങ്ങിയപ്പോൾ അയാൾ തന്റെ അത്ഭുത ദർശനത്തെക്കുറിച്ച് ബ്രിട്ടനിലെ റോയൽ സൊസൈറ്റിക്ക് നിരന്തരം കത്തുകളെഴുതി. പക്ഷേ, ശാസ്ത്രത്തിന്റെ ഭാഷയറിയാത്ത, അതിൽ പ്രാഥമിക പരിശീലനം പോലും നേടിയിട്ടില്ലാത്ത വെറുമൊരു കമ്പിളി വ്യാപാരിയെ ആദ്യം റോയൽ സൊസൈറ്റി കാര്യമായെടുത്തില്ല. അവർ അയാളോട് കൂടുതൽ തെളിവുകളാവശ്യപ്പെട്ടു. തെളിവുകൾ എന്നാൽ മറ്റുള്ളവരുടെ സാക്ഷ്യപ്പെടുത്തലാണെന്നു കരുതിയ ലീവെൻഹോക് തന്റെ അയൽക്കാരിൽ ചിലരെ വിളിച്ചുകൂട്ടി വെള്ളത്തിൽ നീന്തുന്ന സൂക്ഷ്മജീവികളെ കാട്ടി അവരുടെ സാക്ഷ്യം വാങ്ങി. പക്ഷേ, അത് ഗൗരവമായി ശാസ്ത്രം കൈകാര്യം ചെയ്യുന്നില്ല എന്ന മട്ടിൽ അയാളുടെ നില കൂടുതൽ അപകടത്തിലാക്കി. ഏതായാലും അയാളുടെ സമകാലികനായ റോബർട്ട് ഹൂക് ഉൾപ്പെടെ ഈ ചില്ലു കാഴ്ചകൾ സാക്ഷ്യപ്പെടുത്താൻ തുടങ്ങിയപ്പോൾ ലോകം ക്രമേണ ലീവെൻഹോക് എന്ന കമ്പിളി വ്യാപാരിയെയും അയാളുടെ ലെൻസുകളെയും വിശ്വസിക്കാൻ തുടങ്ങി. ചരിത്രത്തിന്റെ ലെഡ്ജറിൽ അങ്ങനെ അയാളുടെ പേരും എഴുതിച്ചേർക്കപ്പെട്ടു.

ഗന്ധം, ആ വ്യത്യസ്ത എം.എച്ച്‌.സി ജീനുകൾ മനസിലാക്കാനുള്ള ഒരു മൃഗാസക്തിയാണ്. അതുകൊണ്ടുതന്നെ, ഗന്ധാസക്തനായ മനുഷ്യൻ ജൈവ യുക്തിയുള്ള ഒരു മൃഗമാണ്, അല്ലാതെ കാല്പനികനായ ഒരു കാമുകനല്ല.

പിന്നെയും കാലമേറെ വേണ്ടിവന്നു ലീവെൻഹോക്കിനു മുൻപിൽ ദർശനം നൽകിയ പ്രാചീന ഒറ്റകോശ ജീവിതങ്ങളിൽ ചിലത് നമ്മോടു ചെയ്തുകൊണ്ടിരുന്ന യുദ്ധങ്ങളെക്കുറിച്ചറിയാൻ. ഒരു സ്പീഷിസ് എന്ന നിലയിൽ അവ നമ്മുടെ നിലനിൽപ്പുതന്നെ അപകടത്തിന്റെ വക്കിലെത്തിച്ച നിരവധി ചരിത്രഘട്ടങ്ങളെക്കുറിച്ച് നമുക്കിന്നറിയാം. ഉദാഹരണത്തിന്, യേർസിനിയ പെസ്റ്റിസ് (Yersinia pestis) എന്ന സൂക്ഷ്മജീവിയും, മനുഷ്യനുമായുള്ള വിനിമയങ്ങളുടെ ചരിത്രമെടുക്കാം.

കറുത്ത മരണത്തിന്റെ ചരിത്രം

Ring around the Rosie, A pocket full of posies. Ashes! Ashes! We all fall down. *

കഥ തുടങ്ങുന്നത് 1347-ൽ, കരിങ്കടൽ കടന്നെത്തിയ പന്ത്രണ്ടു വ്യാപാരക്കപ്പലുകൾ സിസിലിയൻ പോർട്ടിൽ അടുക്കുമ്പോഴാണ്. അന്നവയിൽ മരണത്തിന്റെ അദൃശ്യമായൊരു കൊടിക്കൂറ പാറുന്നുണ്ടായിരുന്നു. ഏഷ്യയിലെവിടെയോ മിതമായ രീതിയിൽ പടർന്നിരുന്ന പ്ലേഗ് എന്ന കറുത്ത മരണത്തിനു ഹേതുവായ യേർസിനിയ പെസ്റ്റിസ് എന്ന സൂക്ഷ്മജീവിയെ ആ കപ്പലിൽ കയറിക്കൂടിയ എലികളാണ് യൂറോപ്പിലെത്തിച്ചത്. കട്ടക്കലിപ്പിലായ ഒരു പൈഡ് പൈപ്പറിന്റെ ശാപം പോലെ ആ എലികൾ പെറ്റുപെരുകി യേർസിനിയ പെസ്റ്റിസിനെ യൂറോപ്പാകെ പടർത്തി. അത്രനാൾ, യൂറോപ്പിന് പരിചയമുള്ള ഒരു സൂക്ഷ്മാണുവായിരുന്നില്ല യേർസിനിയ പെസ്റ്റിസ് എന്നതിനാൽ, അതിനെതിരെയുള്ള രോഗപ്രതിരോധ ജീനുകൾ അവിടെയുള്ള മനുഷ്യർക്കില്ലാതെ പോയി. ശരിക്കും യൂറോപ്പിലെ ആ വസന്തകാലം ഈ രോഗത്തിന്റെയും കറുത്ത വസന്തമായിരുന്നു. അവ ഇടിമുഴക്കം പോലെ മരണം സൃഷ്ടിച്ചു. മരണത്തിന്റെ കറുത്ത പൂക്കൾ തീർത്ത വസന്തം. യൂറോപ്പ് ഒരു വലിയ ശവപ്പറമ്പായി. നഗരങ്ങൾ മരണം കൊണ്ട് ഗ്രാമങ്ങളെ വളഞ്ഞു. മരിച്ചവരുടെ വേദനകൾക്ക് സാക്ഷ്യം പറയാൻ പോലും ആളവശിഷ്ടമില്ലാതെ ആയിരം ഗ്രാമങ്ങൾ മരിച്ചു പോയത്രേ. 14-ാം നൂറ്റാണ്ടിൽ യൂറോപ്പിൽ ജീവിച്ചിരുന്ന പകുതി മനുഷ്യരെ യേർസിനിയ പെസ്റ്റിസ് എന്ന ആ സൂക്ഷ്മാണു തീർത്തുകളഞ്ഞെന്നാണ് കണക്ക്. അന്ന് മരിച്ച മനുഷ്യരുടെ ശരീരങ്ങളെ നീളത്തിൽ തൊട്ടുതൊടീച്ചു ഭൂമധ്യ രേഖയിൽ കിടത്തിയാൽ, ശവങ്ങൾ കൊണ്ടൊരു മോതിരം ഇടാമായിരുന്നു ഭൂമിയ്ക്ക്. വംശനാശത്തിന്റെ വക്കോളമെത്തിയ, പരിണാമശാസ്ത്രം കുപ്പിക്കഴുത്തെന്നു (bottle neck) വിശേഷിപ്പിക്കുന്ന ഒരു അടിയന്തരാവസ്ഥയിലൂടെ കടന്നുപോയി അക്കാലത്ത്​ യൂറോപ്പിലെ മനുഷ്യവംശം. യേർസിനിയാ പെസ്റ്റിസിനെതിരെ രോഗപ്രതിരോധം തീർക്കാൻ പാകത്തിന് ജനിതകഘടനയുള്ള മനുഷ്യർ മാത്രമാണ് അന്ന് അതിജീവിച്ചവർ. അവരുടെ പിന്മുറക്കാരാണ് ഇന്നു യൂറോപ്പിലുള്ള മനുഷ്യർ. അതായത്, പ്ലേഗ് എന്ന മഹാമാരി കാരണമാണ് അതിനെ പ്രതിരോധിക്കാൻ പാകത്തിൽ ജനിതകഘടനയുള്ള ഇപ്പോഴത്തെ മനുഷ്യർ യൂറോപ്പിൽ പരിണമിച്ചുണ്ടായതെന്നു പുതിയ പഠനങ്ങൾ പറയുന്നു.

14-ാം നൂറ്റാണ്ടിൽ യൂറോപ്പിൽ ജീവിച്ചിരുന്ന പകുതി മനുഷ്യരെ യേർസിനിയ പെസ്റ്റിസ് എന്ന സൂക്ഷ്മാണു തീർത്തുകളഞ്ഞെന്നാണ് കണക്ക്. / Photo: Wikipedia

അമേരിക്കക്ക് അപരിചിതരായ സൂക്ഷ്മജീവികളെയും വഹിച്ചു കൊണ്ടുള്ള യൂറോപ്പിലെ മനുഷ്യരുടെ അധിനിവേശവും ഇതുപോലെയൊരു ചരിത്രമാണ്. തോക്കും കപ്പലുമായി യൂറോപ്പിൽ നിന്നും ന്യൂ വേൾഡിൽ ജീവിതം പരീക്ഷിക്കാനെത്തിയ വെളുത്ത മനുഷ്യർ കൂടെ കൊണ്ടുവന്നത് ഭൂഖണ്ഡം കണ്ടിട്ടില്ലാത്ത തരത്തിലുള്ള അഞ്ചാംപനിയും (Measles) ഫ്ലൂവും വസൂരി (Smallpox) യുമൊക്കെയായിരുന്നു. യൂറോപ്യൻ അധിനിവേശക്കാർ തോക്കും ഇരുമ്പുമെല്ലാം ചേർത്ത് കൊന്നുതള്ളിയതിന്റെ പതിന്മടങ്ങാണ്, തങ്ങളുടെ കൂടെ കൊണ്ടുവന്ന അദൃശ്യരായ രോഗാണുക്കൾ വഴി ഇല്ലാതാക്കിയ തദ്ദേശവാസികളായ റെഡ് ഇന്ത്യക്കാരുടെ എണ്ണം. ഒരർത്ഥത്തിൽ, തൊണ്ണൂറു ശതമാനം തദ്ദേശവാസികളെയും ഇല്ലാതാക്കിയ, സൂക്ഷ്മാണുക്കളുടെ നേതൃത്വത്തിൽ നടന്നൊരു ‘എത്ത്‌നിക് ക്ലെൻസിങ്ങ്'! അവശേഷിച്ച തദ്ദേശീയരായ മനുഷ്യരിൽ നിന്ന്, ചരിത്രത്തിന്റെ നഷ്ടപരിഹാരം പോലെ, ഈ രോഗങ്ങളെ പ്രതിരോധിക്കുന്ന ജീനുകൾ കുറേ പുതിയ മനുഷ്യരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുമെന്ന് അനുമാനിക്കാം.

പ്ലേഗിനെ അതിജീവിക്കാൻ ശേഷി ആർജ്ജിച്ച യൂറോപ്പിലെ മനുഷ്യരെപ്പോലെ, പുതിയ രോഗാണുക്കളെ നേരിടാൻ ശേഷി കിട്ടിയ ജീനുകളുള്ള മനുഷ്യർ കൂടി ഉരുത്തിരിഞ്ഞു വരുന്നുണ്ട്. Photo: Wikimedia Commons

ചുരുക്കിപ്പറഞ്ഞാൽ മനുഷ്യന്റെ ചരിത്രത്തെയും, ഇന്നു കാണുന്ന അവരുടെ ഡെമോഗ്രഫിക് ഡിസൈനിനെയും നിർണയിച്ചത് രോഗാണുക്കളും അവയോടുള്ള പോരാട്ടത്തിന്റെ കഥകളും കൂടിയാണ്. ഓരോ തവണ ഈ ദുരന്തങ്ങളിലൂടെ കടന്നു പോകുമ്പോഴും പ്ലേഗിനെ അതിജീവിക്കാൻ ശേഷി ആർജ്ജിച്ച യൂറോപ്പിലെ മനുഷ്യരെപ്പോലെ, പുതിയ രോഗാണുക്കളെ നേരിടാൻ ശേഷി കിട്ടിയ ജീനുകളുള്ള മനുഷ്യർ കൂടി ഉരുത്തിരിഞ്ഞു വരുന്നുണ്ട്. വെറും ആയിരം കൊല്ലത്തിലെ മനുഷ്യന്റെ അറിയപ്പെടുന്ന ചരിത്രത്തിൽ ഇത്രയും മാറ്റങ്ങൾ ആ ചെറുജീവികൾക്ക് ഉണ്ടാക്കാൻ കഴിയുമെങ്കിൽ, അറിയപ്പെടാത്ത ലക്ഷക്കണക്കിന് വർഷങ്ങളുടെ മനുഷ്യപരിണാമത്തിൽ എത്രയെത്ര വംശനാശത്തിന്റെ സാദ്ധ്യതകൾ ഉണ്ടാക്കിയിട്ടുണ്ടാകും അവ?. അതുമൂലം എത്രയെത്ര ജനിതക സിദ്ധികൾ ആർജ്ജിച്ചിട്ടുണ്ടാകും നാം? ഇങ്ങനെ കഠിന പരീക്ഷണങ്ങളിലൂടെ നമ്മളാർജ്ജിച്ച രോഗപ്രതിരോധ ജീനുകൾ, മറ്റു സൂക്ഷ്മാണുക്കളുടെ ആക്രമണത്തിലൂടെ കടന്നു വന്നുണ്ടായ മറ്റൊരു ജനിതക കൈയൊപ്പുള്ള (gene signature) ഇണയുമായി കൂടിക്കലർന്ന്​ രോഗാണുക്കളെ പ്രതിരോധിക്കാനുള്ള മനുഷ്യന്റെ ബാൻഡ് വിഡ്ത്ത് കൂട്ടുകയാണ് പരിണാമം ചെയ്യുന്നത്.

Carole Ober

ഗന്ധം, ആ വ്യത്യസ്ത എം.എച്ച്‌.സി ജീനുകൾ മനസിലാക്കാനുള്ള ഒരു മൃഗാസക്തിയാണ്. അതുകൊണ്ടുതന്നെ, ഗന്ധാസക്തനായ മനുഷ്യൻ ജൈവ യുക്തിയുള്ള ഒരു മൃഗമാണ്, അല്ലാതെ കാല്പനികനായ ഒരു കാമുകനല്ല. പരിണാമത്തിന്റെ, ഗന്ധം കൊണ്ടുള്ള ഈ ചെറിയ ആരോഗ്യ മുന്നറിയിപ്പ് സാമൂഹികമായ കാരണങ്ങൾ കൊണ്ട് അവഗണിച്ചാലെന്തു പറ്റും എന്ന കൗതുകകരമായ ചോദ്യത്തിനുത്തരം യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോയിലെ Carole Ober നൽകുന്നുണ്ട് കാരോളിനയിൽ ഹ്യൂറ്റെറൈറ്റ്‌സ് (Hutterites) എന്നൊരു ചെറിയ മതവിഭാഗമുണ്ട്. അവർ തങ്ങളുടെ ഇടയിൽ നിന്നു മാത്രം മത കാരണങ്ങളാൽ വിവാഹബന്ധം കർശനമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അവരുടെയിടയിൽ ഒരേ തരം എം.എച്ച്‌.സി ജീനുകൾ ഉള്ള ദമ്പതികളിൽ ഗർഭഛിദ്രങ്ങളും ഗർഭധാരണത്തിനുള്ള നീണ്ട ഇടവേളകളും കൂടുതലുള്ളതായി കാണപ്പെട്ടു. അതുപോലെ വിചിത്രമായ ചില കാരണങ്ങളാൽ രക്തശുദ്ധി കാത്തുസൂക്ഷിക്കാൻ വേണ്ടി കേരളത്തിലെ ‘മുന്തിയതും' മുന്താത്തതുമായ പല ജാതികളും മതങ്ങളും തങ്ങളുടെ തന്നെ സമൂഹത്തിൽ നിന്ന് ഇണയെ തിരഞ്ഞുപിടിച്ച് ‘കെട്ടിച്ചു 'കൊണ്ട് നടപ്പാക്കുന്ന പ്ലാൻഡ് ഹ്യൂമൻ ബ്രീഡിങ്ങ് കൊണ്ട് ദീർഘകാലത്തേക്ക് സംഭവിക്കുന്ന ജനിതക കുറവുകൾ എന്തൊക്കെയെന്ന് നാം ഭാവിയിൽ അളന്നേക്കും. ഇണകളുടെ തിരഞ്ഞെടുപ്പ് സ്വന്തമായി അസാധ്യമായ, മതപ്രശ്‌നവും പണപ്രശ്‌നവും മാത്രമുള്ള, ‘മണ'പ്രശ്ങ്ങളില്ലാത്ത പാവം നമ്മുടെ വിവാഹങ്ങൾ പരിണാമത്തിന്റെ ദീർഘ മത്സരങ്ങളിൽ എംഎച്ച്‌സി ജീനുകളുടെ വൈജാത്യം കുറഞ്ഞതാക്കാൻ ഈ സാമൂഹിക ഒത്തുകല്യാണങ്ങൾ കാരണമായേക്കാം.

ഹ്യൂറ്റെറൈറ്റ്‌സ് / Photo: Wikipedia

മറ്റൊരു രസകരമായ പഠനമുണ്ട് ഇതിനെക്കുറിച്ച്. യാഥാസ്ഥിതികരായ ജൂതന്മാരുള്ള ഇസ്രായേലിൽ ഇണബന്ധം തീരുമാനിക്കപ്പെടുന്നത് നമ്മുടെ ജാതി-മതം പോലെ കടുത്ത ക്രൈറ്റീരിയകൾക്ക് വിധേയമായാണ്. ജൂതപാരമ്പര്യമുള്ള മനുഷ്യർ തലമുറകളായി കലർപ്പിനെ എതിർക്കുന്നവരാണ്. അതേസമയം, യൂറോപ്പിൽ ഇണയെ തീരുമാനിക്കാനുള്ള അവകാശം വ്യവസായവത്കരണത്തിനും നവോദ്ധാനത്തിനും ശേഷമെങ്കിലും കുറേക്കൂടി സ്വതന്ത്രമാണ്. കണ്ടുമുട്ടുന്ന പരിസരങ്ങളിൽനിന്ന് അടുത്തിടപഴകുന്ന മനുഷ്യരോട്, താരതമ്യേനെ സ്വാതന്ത്ര്യത്തോടെ ഇണബന്ധവും വിവാഹവും സാധ്യമായ അവരുടെ എം.എച്ച്‌.സി വൈജാത്യം ഇസ്രായേലിലുള്ള ജൂതന്മാരുടേതിലും പലമടങ്ങു കൂടുതലാണെന്നു കാട്ടിത്തന്ന ഒരു ക്ലാസിക് പഠനമുണ്ട്. ജാതി -മത -കുടുംബ പശ്ചാത്തല മാതൃകയിലുള്ള ഒത്തുകല്യാണങ്ങൾക്കെതിരെ പ്രണയത്തിന്റെ കലാപക്കൊടിയുയർത്തുന്നവർക്കു പിൻപറ്റാവുന്ന ആധുനിക വേദപുസ്തകത്തിന്റെ ഒന്നാമധ്യായം തീർച്ചയായും ഗന്ധത്തെക്കുറിച്ചുള്ളതായിരിക്കും.

പിൻകുറിപ്പ്: എം.എച്ച്‌.സിയെക്കുറിച്ചുള്ള പഠനങ്ങൾ കൂടുതൽ യൂറോപ്യൻ പശ്ചാത്തലത്തിലാണ്. അവയ്ക്ക് തെറ്റു പറ്റാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല. അവയുടെ പഠനം തീർച്ചയായും ശൈശവദശയിലാണുതാനും.

ഗന്ധത്തിന്റെ സ്വാധീനം മറ്റു പല മേറ്റ് സെലക്ഷൻ ചോയ്സുകളിൽ ഒരു ഘടകം മാത്രമാണ്. ദയവായി അത് മാത്രമാണ് ഘടകം എന്ന അതിവായന അരുത്.

(​​ലേഖനം തയാറാക്കുന്നതിലും സാ​​ങ്കേതിക കാര്യങ്ങളിലുള്ള എഡിറ്റിംഗിലും അഞ്ജു എ.എസിന്റെ സഹായമുണ്ടായിട്ടുണ്ട്​​)

* കുറിപ്പ്​: പ്ലേഗിന്റെ കരി പറ്റിയ മരണത്തെ ഓർമിപ്പിക്കുന്ന ഒരു നഴ്സറിപ്പാട്ട് (നമ്മുടെ കുഞ്ഞുങ്ങൾ അറിയാതെയാണത് പാടുന്നതെങ്കിലും). Ring around the Rosie - പ്ലേഗ് ബാധിതരുടെ ശരീരത്തിൽ കാണപ്പെടുന്ന പ്രത്യേകതരം ചുവന്ന തടിപ്പുകൾ. Pocket full of posies - പ്ലേഗ് രോഗികളുടെ മണത്തെ അകറ്റി നിർത്താൻ പ്ലേഗ് ഡോക്ടർമാർ ഉപയോഗിച്ചിരുന്ന ഒരു കുലപൂവ്. മണം വഴി പ്ലേഗ് പകരുമെന്ന വിശ്വാസവും ഇതിനു പിന്നിലുണ്ടെന്ന് പറയപ്പെടുന്നു. A-tishoo - രോഗലക്ഷണങ്ങളിലൊന്നായ തുമ്മലിനെ സൂചിപ്പിക്കുന്നു. Ashes, ashes - ചാരമാകുന്ന മനുഷ്യർ. We all fall down - മരണം! ഒരിക്കൽ നാമെല്ലാവരും വീഴും. (നിങ്ങളുടെ ബാല്യകാലസ്മരണകളിലുള്ള ഒരു നഴ്സറിപ്പാട്ടിനെ മരണത്തിന്റെ ഗന്ധം കൊണ്ട് ഡീകൺസ്ട്രക്റ്റ് ചെയ്തെങ്കിൽ എന്നോട് ക്ഷമിക്കുക).

Reference :

1. Major histocompatibility complex genes, symmetry, and body scent attractiveness in men and women https://academic.oup.com/beheco/article/14/5/668/186534.2. MHC-dependent mate preferences in humans. https://pubmed.ncbi.nlm.nih.gov/7630893/3. Evolution of immune genes is asosciated with the Black Death https://www.nature.com/articles/s41586-022-05349-x​4. HLA and reproduction: lessons from studies in the Hutterites. Placenta 16:569-577.5. Genomic evidence for MHC disassortative mating in humans.https://www.ncbi.nlm.nih.gov/pmc/articles/PMC6452061/


വിനോദ്​ വിജയൻ

യൂണിവേഴ്​സിറ്റി ഓഫ്​ ഫ്ലോറിഡയിൽ അനാറ്റമി ആൻറ്​ സെൽ ബയോളജി ഡിപ്പാർട്ടുമെൻറിൽ ബയോളജിക്കൽ സയൻറിസ്​റ്റ്​.

Comments