അസ്രാളൻ - മീൻമണമുള്ള ദൈവം

അസ്രാളൻ തെയ്യത്തിന്റെ കഥ പറയുകയാണ് വി.കെ. അനിൽ കുമാർ. ഇതിൽ കടലും കപ്പലോട്ടവും കടലോരവും മീനും മീൻ ചട്ടിയും വീടുമുണ്ട്. ഒറ്റ രാത്രി കൊണ്ട് മൂന്നു പുഴ നീന്തിക്കടന്ന അമ്പാടി മൊയോനും അമ്പാടിയെ കാത്തുകരഞ്ഞിരുന്ന പാറു മൊയിയുമുണ്ട്. അസ്രാളൻ തമ്പാച്ചിയുടെ , മീൻ മണമുള്ള തെയ്യത്തിന്റെ അധികമാരും കേട്ടിട്ടില്ലാത്ത കഥയിൽ രേഖപ്പെടുത്താതെ പോയിട്ടുള്ള ചരിത്രത്തിന്റെ കടലോര ഊടുവഴികളുമുണ്ട്. തെയ്യക്കഥയുടെ ആദ്യഭാഗം

നീലക്കടലാനകൾക്കൊപ്പം മരക്കലം തുഴഞ്ഞ
മീൻമണമുള്ള ദൈവം

"എല്ലാറും ഒറങ്ങിയാ... എല്ലാറും ഒറങ്ങിയാ....'
ചെവിയിൽ അടുത്ത് വന്നു ചോദിക്കുകയാണ്. എന്നും കോൾക്കാറുള്ള ശബ്ദം. ഉറക്കം ഞെട്ടിയ അമ്പാടി മൊയോൻ ഓളെ വിളിച്ചു. "എണേ പൊർത്താരോ വന്നിറ്റ്ണ്ട്. ചോയിക്ക്ന്നത് കേട്ടില്ലേ എല്ലാറും ഒറങ്ങിയോ എല്ലാറും ഒർങ്ങിയോന്ന്. 'ശരിയാണ്. ഞാനും കേട്ടു. എന്നും കേൾക്കാറുള്ള ശബ്ദം. ആരാണ് ഈ നട്ടപ്പാതിരക്ക് വന്ന് വിളിക്കുന്നത്. അമ്പാടി മൊയോന്റെ ഓള് പാറുമൊയി ചാടിയെഴുന്നേറ്റു. പൊട്ടിയലറുന്ന കടൽപോലെ, മലങ്കാറ്റിളകുന്ന കാടുപോലെ ഉള്ളിളക്കത്തിൽ അമ്പാടിയുടെ തടി വിറച്ചു.

അതിഞ്ഞാലിലെ പുറങ്കടലിൽ തണ്ടുവലിച്ചും തലക്കാവേരിക്കാട്ടിൽ മഴുവെറിഞ്ഞും തഴമ്പിച്ച ഉരുക്കു പോലുറച്ച ശരീരത്തിൽ വേലിയേറ്റത്തിലെ കടലിരമ്പി. എന്താണ് സംഭവിക്കുന്നത്. ഒന്നും തിരിയുന്നില്ല. മീനച്ചൂടിൽ മൊയോൻ വിയർത്തൊഴുകി.
പാറു മൊയ്യിയും അമ്പാടി മൊയോനും മുറ്റത്തേക്കിറങ്ങി. ആരാണ് വിളിച്ചത്. തികഞ്ഞ നിശ്ശബ്ദത. സർവ്വ ചരാചരങ്ങളും മതിമറന്നുറങ്ങുകയാണ്. പേടിപ്പെടുത്തുന്ന ആഴങ്ങളിലേക്കാഴങ്ങളിലേക്ക് രാവൊലിച്ചു പോകുന്നു. പൂപോലെ നിലാവ് പതഞ്ഞൊഴുകുന്നു. അങ്ങ് ദൂരെദൂരെ ആണൂർ നാട് വരെ തെളിഞ്ഞ് കാണാം. അലക്കിവെളുപ്പിച്ച മേപ്പൊട ചുറ്റി ന്‌ലാവെളിച്ചത്തിന്റെ വെള്ളയിലാട്ടം.
അത്രയും പരിചയമുള്ള കൂറ്റായിരുന്നു. മലമുടിയിലും കടലാഴങ്ങളിലും എന്നും കേൾക്കുന്ന പ്രിയമാർന്ന ഒരാളുടെ ശബ്ദം പോലെ. പക്ഷേ മുറ്റത്തിറങ്ങി നോക്കിയപ്പോൾ ആരേയും കാണുന്നില്ല. ഭയപ്പെടുത്തുന്ന വിജനത. ആരാണ് ഈ രാത്രിയിലും ഞങ്ങൾ ഉറങ്ങിയോ എന്നന്വേഷിക്കാൻ വന്നിരിക്കുന്നത്. എല്ലാവരും ഗാഢനിദ്രയിലാകുമ്പോൾ ഞാൻ മാത്രം ഉണർന്നിരിക്കണമെന്നത് ആരുടെ നിയമമാണ്. ഇന്നോളമുള്ള കഠിനജീവിതത്തിനിടയിൽ ഇങ്ങനെയൊന്നുണ്ടായിട്ടില്ലല്ലോ. വിറയടങ്ങാത്ത ശരീരം വിയർത്തൊഴുകി. മുമ്പില്ലാത്ത സങ്കടത്തിലും സംഭ്രമത്തിലും മൊയോന്റെ ഓടമുലഞ്ഞു. പാൽനിറമൊത്ത ഓളപ്പരപ്പുകളിലൊഴുകുന്ന കടൽക്കാക്കകൾ പോലെ ദൈവശരീരികൾ അന്തമില്ലാത്ത നിലാപ്പരപ്പിൽ പങ്കായമെറിഞ്ഞു.
പിറ്റെന്നാൾ കൊയോങ്കര മൊയോറെ താനത്ത് പൂരംകുളിയായിരുന്നു. വെന്തുതിളക്കുന്ന മീനവെയിലിൽ വിണ്ടുകീറിയ കണ്ടത്തിലൂടെ നടക്കുമ്പോൾ കാലുകൾക്ക് വല്ലാത്ത ഭാരം. പൂരക്കടവ് ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. മാനത്ത് പടിഞ്ഞാറേകീറ്റിൽ പൊന്നുപൊടിക്കുന്ന നേരത്ത് നൂറ്റെട്ടഴികളിൽ നീരാടിയ ദേവകന്യാക്കന്മാർ ചുകപ്പിലിട്ട കൂറചാർത്തി, മെയ്യാഭരണങ്ങളണിഞ്ഞ് പുഞ്ചക്കണ്ടത്തിൽ കിലുങ്ങിത്തിളങ്ങി. വടേലിക്കരക്കാറ്റിൽ മത്തിപ്പുലപ്പിലൂടെ സ്വർണ്ണം ചൂടിയ കന്യമാർ ഓടം തുഴഞ്ഞു. അമരത്ത് നിൽക്കുന്ന വില്ലാപുരത്ത്‌വീരന്റെ തീക്കണ്ണിലേക്ക് നോക്കിയപ്പോൾ അമ്പാടി ബോധം മറഞ്ഞട്ടഹസിച്ചു. പാറപോലെ ഉറച്ച പുഞ്ചക്കണ്ടം ചവിട്ടിച്ചേറാക്കി കിളച്ചുമറിച്ചലറി. കണ്ടവർ കണ്ടവർ പേടിച്ച് കണ്ണു പൊത്തി. പരിഭ്രമിച്ച ദേവിമാർ കുണിയൻചിറയിൽ നീരണിഞ്ഞ് പൂരം കുളിച്ച് മാടം കേറി.
കരക്കടിഞ്ഞ ഏടിയെ പോലെ പൂരക്കടവത്ത് അമ്പാടി മൊയോൻ വീണുപിടഞ്ഞ് ബോധരഹിതനായി. വിറയടങ്ങിയ ശരീരം ശാന്തമായി. കടലിൽ പോകുന്ന മൊയോർ എന്നും കൊതിക്കുന്ന നിറഞ്ഞു പരന്നഴുകിയ ചേറായി സ്വന്തം ശരീരം വടക്കരക്കരനീരിൽ പൊങ്ങിക്കിടക്കുന്നത് അമ്പാടി മൊയോൻ കണ്ടു. പൊട്ടിയലറുന്ന കടലിനെ അമർത്തിയടിഞ്ഞ ചേറിന് ചുറ്റും പുളയ്ക്കുന്ന പലജാതി മീൻപുലപ്പുകൾ. മീനുകൾ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം തേടിയെത്തുന്നത് ചേറിലെ ജീവൽ സമൃദ്ധിയിലാണ്. കടലിനടിയിൽ അഴുകിയടിഞ്ഞ് കാടും മലയും മഴയും ജീവിതവും മണക്കുന്ന സ്വന്തം ശരീരം. ചേറിന്റെ രുചിയിൽ ദൈവങ്ങൾ ആർത്തുല്ലസിച്ചു. വെള്ളിത്തലപ്പാളി കെട്ടി ചോപ്പുചിറ്റിയുറയുന്ന മീനവതാരങ്ങളുടെ പുലപ്പുകൾ അമ്പാടി മോയൊന്റെ ചേറഴുകിയ ശരീരത്തെ പൊതിഞ്ഞു.

അവസാനമില്ലാത്ത രണ്ട് കാര്യങ്ങൾക്കുള്ള ഉത്തരമാണ് അമ്പാടി മൊയോന്റെ ജീവിതം. അറ്റമില്ലാത്ത കടലും അറ്റമില്ലാത്ത ദൈവവും. വലിയ ചില്ലുപാത്രങ്ങളിൽ വർണ്ണമത്സ്യങ്ങൾ നൃത്തം ചെയ്യുന്നത് നമ്മൾ കൗതുകത്തേടെ നോക്കിനിൽക്കാറില്ലേ. അതുപോലൊരു ചില്ലുഭരണിയാണ് അമ്പാടിമൊയോന്റെ ശരീരം. രണ്ട് ജലജീവികളായി നീലിച്ച കടലും ഇരുണ്ട ദൈവവും ഈ ചില്ലുപാത്രത്തിൽ പിടച്ചുപുളയുന്നത് കാണാം. അനന്തമായ ദൈവത്തേയും കടലിനേയും തുളുമ്പാതെ ഈ ശരീരത്തിൽ കാത്തുവെച്ചിട്ടുണ്ട്. അമ്പാടിമൊയോൻ ഇന്ന് തേളപ്പുറത്ത് അമ്പാടി വെളിച്ചപ്പാടനാണ്.

അസ്രാളൻ ദർശനപ്പെടൽ / ചിത്രങ്ങൾ: പ്രസൂൺ കിരൺ

അമ്പാടി എന്ന പേരുപോലും ഇന്ന് പലർക്കുമറിയില്ല. താനത്തെ സ്ഥാനികർക്കും നാട്ടുകാർക്കും അസ്രാളൻ തമ്പാച്ചിയാണ്. അമ്പത്തിയൊമ്പത് വർഷമായി അമ്പാടി മൊയോൻ അസ്രാളൻ തമ്പാച്ചിയായിട്ട്. കൊമ്പൻ സ്രാവുകളും നീലക്കടലാനകളും മദിക്കുന്ന പെരുങ്കടലിനെ തന്റെ ശരീരം കൊണ്ട് പിടിച്ചു കെട്ടിയ മൊയോന് ഇന്ന് തൊണ്ണൂറ് വയസ്സുണ്ട്. തുളുനാട്ടിൽ പുഴയിലും കായലിലും തോട്ടിലും തെളിയംവല വീശി മീൻ പിടിക്കുന്നരാണ് മുകയരെന്ന മൊയോർ. കേരളത്തിലെ മുക്കുവരല്ല കാസർഗോട്ടെ മൊയോർ. പണ്ട് കാലത്ത് മുക്കുവർ കടലിലും മുകയർ പുഴയിലുമാണ് മീൻ പിടിച്ചത്. ആണുങ്ങൾ പിടിച്ച മീനുകൾ പെണ്ണുങ്ങൾ കൂട്ടയിലാക്കി തലച്ചുമടായി കൊണ്ടുനടന്നു വിൽക്കുന്നു. മീൻ വിൽക്കുന്ന സ്ത്രീയാണ് മൊയി. അരയർ, വാലർ, വള്ളുവർ തുടങ്ങിയ ജാതി വിഭാഗങ്ങളും മുക്കുവജാതിയിൽ പെടുന്നു. പക്ഷേ തുളുനാട്ടിലെ മുകയറെന്ന മൊയോറുടെ ചരിത്രം, ആചാരം, അനുഷ്ഠാനം ഇവയൊക്കെ കേരളത്തിലെ മുക്കുവ ജാതിയിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. മൊയോനും മൊയ്യിയും കേരളത്തിൽ കാസർഗോഡ് ജില്ലയിൽ മാത്രമേയുള്ളു.

1940കളിലെ കാഞ്ഞങ്ങാട്. കൊങ്ങിണിയന്മാരുടെ ഒന്നുരണ്ട് ഓല മേഞ്ഞ ചായപ്പീടികയും വഴിയോരത്തെ ചന്തയും മാത്രം. മണികിലുക്കി വലിയ എരുതുകൾ വണ്ടി വലിച്ച് പൊടിപറത്തിപ്പോകുന്ന ചെമ്മൺനിരത്ത്. കാഞ്ഞങ്ങാട് തീവണ്ടിയാപ്പീസിൽ രാവിലെയും വൈകുന്നേരവും കരിതുപ്പി വരുന്ന തീവണ്ടികൾ. നീണ്ടുനീണ്ടുപോകുന്ന കരിവണ്ടി കിതയ്ക്കുന്ന പാളങ്ങൾ. വസ്ത്രവും ഭക്ഷണവുമില്ലാതെ കഷ്ടപ്പെടുന്ന മനുഷ്യർ. വലിയ ഭൂമിയും സമ്പത്തുമുള്ള യശ്മാന്മാൻ. ഇത്രയുമാണ് അന്നത്തെ കാഞ്ഞങ്ങാട്. ചെതുമ്പലുകളടർന്ന കാലുകളിൽ ചിലമ്പണിഞ്ഞ് അസ്രാളൻ തമ്പാച്ചി എൺപതാണ്ടുകൾക്കപ്പുറത്തേക്ക് നടന്നു. ഉപ്പുകാറ്റുലർന്ന തുളുനാടിന്റെ നെയ്തൽത്തിണപ്പൊരുളുകളിലേക്ക്.
അമ്പാടിക്ക് പത്തു വയസ്സുള്ളപ്പോൾ അച്ഛൻ മുട്ടത്ത് കൊട്ടൻ മരിച്ചു. അമ്മ തേളപ്പുറത്ത് മാതിയും ഏട്ടൻ രാമനുമാണ് കുടുംബം പുലർത്തുന്നത്. എഴുത്ത് പഠിക്കാൻ രാമൻ അനിയനെ മാണിക്കോത്ത് സ്‌ക്കൂളിൽ ചേർത്തു. എഴുത്തിനോട് ഒരിഷ്ടവുമുണ്ടായിരുന്നില്ല. സ്‌ക്കൂളിൽ പോകാൻ മടിച്ച് ചാണം നാറുന്ന കരക്കയിൽ ഒളിച്ചിരിക്കും. കണ്ട്കണ്ട് കരക്കയിലെ കാലികളുമായി കൂച്ചായി. നാലുവരെ കാലികൾക്കൊപ്പം കരക്കയിലും പുള്ളർക്കൊപ്പം സ്‌ക്കൂളിലും കഴിച്ചുകൂട്ടി. ഒരൊറ്റയക്ഷരം പോലും പഠിച്ചില്ല. അന്ന് അക്ഷരം പഠിക്കലൊന്നും വലിയ കാര്യമായിരുന്നില്ല. എല്ലാവർക്കും കഷ്ടപ്പാടായിരുന്നു. അച്ഛനും ഏട്ടനും അമ്മയും എല്ലാവരും മീൻപണിയെടുക്കും. അച്ഛന് ഓടൂം വലയുമുണ്ട്. അച്ഛൻ മാണിക്കോത്ത് പുന്നക്കാൽ ഭഗവതിയുടെ വെളിച്ചപ്പാടനായിരുന്നു. അമ്മയുടെ വീട് ചന്തേരയാണ്. അമ്മയുടെ താനം നീലമ്പത്തെ (തൃക്കരിപ്പൂരിന്റെ പഴയ പേര്) കൊയോങ്കരയാണ്. അവിടെയൊന്നും പോകാറില്ല. വീട് കാഞ്ഞങ്ങാടായതിനാൽ അച്ഛന്റെ മാണിക്കോത്ത് താനത്ത് പോകും. വീട്ടിൽ വലിയ കഷ്ടപ്പാടായിരുന്നു. പൊളിഞ്ഞു വീഴാറായ ഒരോലപ്പുപരയാണ് വീട്. അന്ന് വീടെന്നാൽ അതിനപ്പുറം മറ്റൊന്നുമായിരുന്നില്ല.

അച്ഛൻ മരിച്ചതോടെ വീട്ടിലെ കഷ്ടപ്പാടേറി. മൊയോനായതിനാൽ ഒന്നുമില്ലെങ്കിലും പയമ പറഞ്ഞിരിക്കാൻ സ്വന്തമൊയൊരു കടലുണ്ട്. കാഞ്ഞങ്ങാട് അതിഞ്ഞാൽ കടൽ നമ്മുടെ സ്വന്തമാണ്. പതിനഞ്ച് വയസ്സായപ്പോൾ കടലിൽ പോകാൻ തുടങ്ങി. തീരെ ചെറുതായതിനാൽ ആദ്യം കടൽപ്പണിക്ക് കൂട്ടിയില്ല. കടലിനെ പേടിയല്ലായിരുന്നു. എണങ്ങന്മാരോട് തോന്നുന്ന ചങ്ങായിത്തം കടലിനോട് എന്നും തോന്നിയിരുന്നു. അന്ന് ക്ഷാമകാലമായിരുന്നു. അരിയില്ലാതെ കോതമ്പ് തിന്ന് ബൈരംകൊടുക്കുന്ന അമ്മയേയും ചീത്ത പറയുന്ന ഏട്ടനേയും കുറിച്ചാലോചിച്ചപ്പോ പിന്നൊന്നും ചിന്തിച്ചില്ല. ഓടത്തിലെ പണിക്ക് പോവാൻ തുടങ്ങി. ഇപ്പോഴത്തെ കാര്യമല്ല. എഴുപത്തിയഞ്ച് കൊല്ലം മുമ്പത്തെ ഓടവും വലയും കടലും മീനുമാണ് നമ്മളോട് പഞ്ചാത്തിക്ക പറഞ്ഞിരിക്കാൻ വന്നിട്ടുള്ളത്.
ഒരോടത്തിൽ ഏഴാളുകൾ വേണം. അഞ്ച് പേർ തണ്ടുവലിക്കും. ഒരാൾ ചുക്കാൻ പിടിക്കും. മറ്റേയാൾ സഹായത്തിനുണ്ടാകും. പാള കോട്ടി ഓടത്തിലെ ഉപ്പുവെള്ളം കോരിക്കളയലായിരുന്നു ആദ്യം കിട്ടിയ പണി. ഓടത്തിൽ നിവർന്നുനിന്നാൽ വേറെയാരും കാണില്ല. കുഞ്ഞിയല്ലെ, ഉയരം കുറവായിരുന്നു. കടലിനെ കൂട്ടിത്തൊട്ട് അറിയുകയാണ്. മീൻപണിയെടുക്കുന്ന മൊയോൻ കടലിനെ പഠിക്കില്ല. കടലിനെ അറിയും. ഒരു മൊയോൻ നീരും കാറ്റും വാങ്ങിക്കയ്യേറ്റ് കടലിനെ അറിഞ്ഞു തുടങ്ങുന്നതങ്ങനെയാണ്. തെക്കുനിന്നും വടക്കുനിന്നും വരുന്ന കാറ്റും നീരുമാണ് ചട്ടിയിലേക്ക് മീനിനെ കൊണ്ടു വരുന്നതും ചട്ടിയിലെ മീനിനെ കടലിലൊഴുക്കിക്കളയുന്നതും. തെക്കൻകാറ്റടിച്ചാൽ ചട്ടിയിലെ മീൻ വരെ ഒഴുകിപ്പോകും എന്ന് കാർന്നോന്മാർ പറയും. കടലിന്റെ നേരം, കാലം, ദേശം, വിചാരം അതൊന്നും ഒരാൾക്കൊരാളെ പഠിപ്പിക്കാനാകില്ല. മൊയോനും മീനും ഒരുപോലെയാണ് കടലിനെ അറിയുന്നത്. കടലിലെ രാത്രിയും കടലിലെ പകലും രണ്ടും രണ്ടനുഭവങ്ങളാണ്. നീരും കാറ്റും മീനും നക്ഷത്രങ്ങളുമാണ് മൊയോന് കടലിനെ വായിക്കാനുള്ള എഴുത്തുകൾ. എല്ലാവർക്കും വായിക്കാവുന്ന ലിപിയില്ലാത്ത എഴുത്താണ് കടൽ.

അന്നത്തെ കടൽപ്പണി ഇന്നത്തേത് പോലെ പണം ഉണ്ടാക്കാനുള്ളതായിരുന്നില്ല. ജീവിക്കാനായിരുന്നു. അന്ന് മീൻ കറിക്ക് മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. വീട്ടിൽ നട്ടുവളർത്തുന്ന ചണം പൊതിർത്ത് നൂല് പിരിച്ചുണ്ടാക്കുന്ന വലയിൽ എപ്പോഴും മീൻ നിറയില്ല. മീനം കഴിഞ്ഞാൽ തുലാമാസം വരെ കഷ്ടപ്പാടാണ്. നിനച്ചിരിക്കാതെ കടൽ പൊട്ടും. പോയപോലെ തിരിച്ചു വരവുണ്ടാകില്ല. ഇന്നത്തെ പോലെ മീനുകൾ പുറത്തേക്ക് കയറ്റി അയച്ചിരുന്നില്ല. ഇന്നേറ്റവും വിലയുള്ള ചെമ്മീൻ അന്നാർക്കും വേണ്ടായിരുന്നു. നങ്കിന്റെ പുലപ്പ് വലയിലായാൽ അങ്ങനെത്തന്നെ കടപ്പുറത്ത് പൂഴിമണ്ണിൽ വിതറും ഉണക്കിയെടുത്ത് ഉണക്കായിട്ട് ഉപയോഗിക്കും. അന്ന് ഐസുണ്ടായിരുന്നില്ല. പെടക്കുന്ന മീനിനെത്തന്നെയാണ് കറിവെച്ചിരുന്നത്. വിറക് കത്തുമ്പോൾ മീഞ്ചട്ടിയിൽ കടൽ തിളച്ചുമറിയും. മീനിന്റെ രുചി ഇന്നുള്ളതല്ല. ഇന്നത്തെ മീനിൽ കടലില്ല കടൽരുചിയില്ല. കടലിന്റെ മനസ്സില്ല. മരുന്നുപയോഗിച്ച് മീനിന്റെ കടലോർമ്മകളെ മുഴുവനായി നശിച്ചിച്ച് മരിച്ച കടലുമായാണ് മീൻ ചട്ടിയിൽ വെന്തു തിളക്കുന്നത്. കരയിലെത്താൻ വൈകുന്ന അപൂർവ്വാവസരങ്ങളിൽ പഴുത്ത പുളി പിഴിഞ്ഞ വെള്ളത്തിൽ മീനിട്ടു വെക്കും. ചിലപ്പോൾ കടപ്പുറത്തെ പൂഴി മണ്ണിൽ മീൻ പൂഴ്ത്തിവെക്കും. ശുദ്ധമായ മീനിലൂടെ കടലാണ് ഒരു മനുഷ്യന്റെ ആരോഗ്യമായി മാറുന്നത്. മീനിൽ തെയ്യമുണ്ട്. തെയ്യമാണ് മീനിലേക്കുള്ള കടൽവഴികൾ ഞങ്ങൾക്ക് പറഞ്ഞു തന്നിട്ടുള്ളത്.
ഉപ്പുകാറ്റടിച്ച് ശരീരം കറുത്ത് കരുവാളിച്ചിട്ടും വീട്ടിലെ കഷ്ടപ്പാടിന് കുറവൊന്നുമുണ്ടായില്ല. ചെറുവാല്ല്യക്കാരനായതിനാൽ മീനോഹരി കുറച്ചേ കിട്ടൂ. അച്ഛന്റെ മരണശേഷം ഏട്ടനാണ് വീട്ടിലെ കാര്യങ്ങളൊക്കെ നോക്കിനടത്തുന്നത്. പതിനേഴ് വയസ്സ് കഴിഞ്ഞപ്പോ മംഗലം കഴിച്ചു. രണ്ടരക്കൊല്ലം മാത്രമേ ഓള് വാണുള്ളു. പിന്നെ ഓളെ ഒഴിവാക്കി. അന്ന് ആണും പെണ്ണും മൂന്നും നാലും മംഗലം കഴിക്കും. ഇരുപത്തിരണ്ട് വയസ്സിൽ ഇപ്പോഴുള്ള ഓള് പുതിയടവൻ പാറുവിനെ മംഗലം കഴിച്ചു. ആദ്യത്തെ ഭാര്യ പുതിയ പെണ്ണിനെ കാണാനായി കയ്യാലമ്മൽ വന്നു നിന്നു.

മീൻപണി കൊണ്ട് മാത്രം ജീവിതം മുന്നോട്ട് പോകില്ല. ആച്ച് മോശായാൽ പിന്നെ അന്ന് പട്ടിണിയാണ്. മീനം കഴിഞ്ഞാൽ പിന്നെ തുലാമാസം വരെ കടലിൽ പോകാനാകില്ല. നല്ല തടിയും ആരോഗ്യവുമുണ്ട്. എന്തു പണിയുമെടുക്കും. അങ്ങനെയാണ് കിഴക്കൻമലമുകളിൽ കുടക്‌നാട്ടിൽ പണിക്ക് പോകാൻ തുടങ്ങിയത്. പനത്തടി, സുള്ള്യ, തലക്കാവേരി കാടുകളിലും മലകളിലും ഗൗണ്ടർമാരുടെ തോട്ടങ്ങളിലും എല്ലുവെള്ളമാക്കി പണിയെടുത്തു. കാട്ടിൽ ആനയും പുലിയുമൊക്കെയുണ്ട്. സഹിക്കാൻ കഴിയാത്ത തണുപ്പാണ്. ഇലകളടിഞ്ഞ മണ്ണിൽ ചവിട്ടുമ്പോൾ ഉമ്പുഷു കാലിൽ കടിക്കും. ചോരകുടിച്ച് ഒരു പന്തിനോളം വലുപ്പം വെക്കും. എങ്ങിനെയും പറിച്ചെടുക്കാനാകില്ല. പൊട്ടിച്ചാൽ ചോരയൊഴുകും. നടക്കുമ്പോൾ നീളമുള്ള മുളവടി മുറിച്ച് അറ്റത്ത് തുണികെട്ടി ചുമ്മിണിയിൽ മുക്കും. ഉമ്പുഷുവിന്റെ ശരീരത്തിൽ തുണികൊണ്ട് അമർത്തി പിടിക്കും. അങ്ങനെയേ അതിനെ കൊല്ലാനാകൂ. ആന ചവുട്ടിക്കൊല്ലാതിരിക്കാൻ വലിയ മുളങ്കാലു നാട്ടി മാടമുണ്ടാക്കി കാട്ടിൽ അതിൽത്തന്നെയാണ് കിടക്കുക. കാടും കടലും ഒരു പോലെയാണ്. കാട്ടിലുള്ളതൊക്കെ കടലിലുമുണ്ട്. കടലറിഞ്ഞവന് കാടറിയാനെളുപ്പമാണ്. അന്ന് കാടിനേയും കടലിനേയും പിടിച്ചു കെട്ടാനുള്ള കരുത്തുണ്ട് ധൈര്യമുണ്ട്.
തോട്ടത്തിൽ പണിയില്ലാത്തപ്പോൾ മടിക്കേരിയിൽ റോഡ് പണിക്കു പോകും. കരിങ്കല്ലു നിറഞ്ഞ വലിയ മലമ്പാതകൾ വെട്ടി റോഡുണ്ടാക്കണം. വല്ലപ്പോഴും മാത്രമേ വീട്ടിൽ വരൂ. പനത്തടിക്ക് കിഴക്ക് കൊടക് മലകളിൽ കുരുമുളക് വിളഞ്ഞ് കഴിഞ്ഞാൽ എന്നും പണിയുണ്ടാകും. എത്ര ഉയരത്തിലുള്ള മരത്തിലും കേറും. ചില്ലകളിലേക്ക് പടർന്ന വള്ളികളിലേക്ക് ഒരഭ്യാസിയെപോലെ കയറി മൊള് പറിക്കാൻ പ്രത്യേക കഴിവുണ്ടായിരുന്നു.

അമ്പാടി വെളിച്ചപ്പാടനും പാറു മോയിയും

അന്ന് വെയിലു മൂക്കുന്നതിന് മുമ്പേ മരത്തിൽ കേറാൻ തുടങ്ങി. മലമുകളിലെ വലിയ ഉരുപ്പ് മരമാണ്. കുരുമുളകിന്റെ കാടുമായാണ് ഉരുപ്പ് നെഞ്ചു വിരിച്ചുലർന്ന് നിൽക്കുന്നത്. മരത്തിൽ പൊത്തിപ്പിടിച്ച് താഴത്തെ കൊമ്പിലെ മുളക് പറിച്ചു തുടങ്ങി. മുകളിലാണ് കൂടുതലും പാകമായ കുരുമുളകുള്ളത്. മുകളിലേക്ക് നോക്കിയപ്പോൾ എന്തോ ഒരന്തക്കേട്. വല്ലാതെ ഭയപ്പെട്ടു പോയി. മരത്തിന്റെ ചില്ലകൾ ആകാശം തുളച്ച് മോളിലേക്ക് മോളിലേക്ക് പോകുന്നു. തിമിംഗലങ്ങൾക്കും കൊമ്പൻസ്രാവുകൾക്കുമൊപ്പം ജീവിക്കുന്നവനെന്തിനാ പേടി. മുകളിലേക്ക് കയറാൻ തുടങ്ങി. കേറീട്ടും കേറീട്ടും മുകളിലെത്തുന്നില്ല. മരം ഉയർന്നുയർന്നു പോകുന്നു. നീലയും വെള്ളയും നിറത്തിലുള്ള ആകാശത്തിന്റെ കഷണങ്ങൾ മരച്ചില്ലകളിൽ കീറത്തുണികൾ പോലെ കുരങ്ങിക്കിടന്നാടുന്നു. കുരുമുളക് കായ്ച്ചു വിളഞ്ഞ് കനത്ത വള്ളികൾ ആകാശത്തെ വിതാനിച്ചു പടർന്നു കിടന്നു. പൂത്താലിയും തിരിയോലയും കൊണ്ട് വിതാനിച്ച താനത്തെ പന്തലു പോലെയായിരുന്നു ആകാശം. പറിച്ചിട്ടും പറിച്ചിട്ടും കുരുമുളക് തീരുന്നില്ല.
ഏറ്റവും കൂടുതൽ കുരുമുളക് പറിച്ച ദിവസമായിരുന്നു അന്ന്. അറ്റമില്ലാത്ത ഉരുപ്പ് മരത്തിന്റെ ഉച്ചിയിൽ നിന്നും താഴെ വീണു എന്നാണ് കരുതിയത്. നിലത്ത് കിടക്കുകയായിരുന്നു. ശരീരം നിർത്താതെ വിറയ്ക്കുന്നുണ്ട്. മണ്ണ് കുത്തിയിളക്കുന്ന ഒറ്റക്കൊമ്പന്റെ തെറവും അർക്കത്തും പേശികളിൽ കുത്തിമറിയുന്നു. എങ്ങനെയൊക്കെയോ സഹിച്ച് പിടിച്ചുനിന്നു. പിടിവിട്ടാൽ ചിതറിത്തെറിച്ചു പോകുന്ന അവസ്ഥയായിരുന്നു. കടലും കാടും ഇളക്കിമറിച്ചിട്ടും ഇങ്ങനെയൊരനുഭവാവസ്ഥ മുമ്പുണ്ടായിട്ടില്ല.

മായക്കാർ വന്നനാൾ

ജീവിതത്തിൽ പതിവിന് വിപരീതമായി എന്തോ സംഭവിക്കുന്നുണ്ടെന്ന്, നിയന്ത്രണത്തിനും അപ്പുറമുള്ള എന്തോ ഒന്നിന് താൻ വിധേയപ്പെടുന്നുണ്ടെന്ന് അമ്പാടിക്ക് തോന്നിത്തുടങ്ങി. കാലദേശങ്ങൾക്കപ്പുറത്തേക്കും ഇപ്പുറത്തേക്കും തോന്നിയ പോലെ സഞ്ചരിക്കുന്ന ഒരാൾ തന്റെ ശരീരത്തിന്റെ കൂടു പൊളിക്കാൻ നോക്കുകയാണ്. ആരോടും പറയാതെ മനസ്സിനകത്ത് ഇതൊരു നടുക്കമായി കൊണ്ടു നടന്നു. കടലിനേയും കാടിനേയും മെരുക്കാം. പക്ഷേ ജീവിതം മെരുങ്ങാതെ വഴി മാറി നടന്നു കൊണ്ടിരുന്നു. മലയിലും കടലിലും നയിച്ചിറ്റും കഷ്ടപ്പെട്ടു തന്നെ കുടുംബം പുലർത്തി. രണ്ടു കുട്ടികളുണ്ടായി രണ്ടും ചത്തുപോയി. ആകെ പിടിവിട്ടുപോയ അവസ്ഥയായിരുന്നു.

മൂന്നുവയസ്സാകുമ്പോഴേക്കും കുട്ടികൾ മരിച്ചു പോകുന്നു. ഓള് പാറുവിന്റെ ഇടത്തേ മൊലയിൽ വിഷമുണ്ട്. പാലിൽ മൊലമൂർഖൻ പുളയുന്നുണ്ട്. പാലിലെ മൊലമൂർഖൻ കടിച്ചാണ് കുഞ്ഞുങ്ങളൊക്കെ ചാകുന്നത്. കടുത്ത വിഷമാണ്. രണ്ട് മുലകളിലേയും പാല് രണ്ടു പാത്രത്തിലെടുത്ത് അതിൽ ഒരുറുമ്പിനെയിട്ടാൽ ഒരു പാത്രത്തിലെ ഉറുമ്പ് മാത്രം അപ്പോത്തന്നെ പെടച്ച് ചാകും. ആ ഉറുമ്പിനെ മൊലമൂർഖനാണ് കൊല്ലുന്നത്. മൊലമൂർഖൻ നാല് മക്കളെ കൊന്നു. ആറു പ്രസവിച്ചതിൽ പപ്പനും സുരേശനുമാണ് ബാക്കിയായത്. ഇംഗ്ലീഷ് ചികിത്സയൊന്നും ഫലിച്ചില്ല. മൂന്നു വയസ്സാകുമ്പോഴേക്കും കുഞ്ഞി ചാകും. പുറങ്കടലിലെ മത്തിപ്പുലപ്പുകളിലും തലക്കാവേരി മലമുകളിലെ മൂടൽമഞ്ഞിലും അമ്പാടി സ്വന്തം ദു;ഖങ്ങളെ ഒഴുക്കിക്കളഞ്ഞു.
നേരം അത്തുദിച്ചപ്പോഴാണ് കിഴക്ക് മലമുകളിൽ നിന്നും പണി കഴിഞ്ഞ് മാണിക്കോത്തെ വീട്ടിലെത്തിയത്. മോന്തിയായിപ്പോയി. മലഞ്ചരക്കുമായി വരുന്ന കാളവണ്ടിയിലാണ് വന്നത്. കുളിച്ച് കഞ്ഞിമോന്തിക്കുടിച്ച് മുറ്റത്തെ ചൂടിക്കട്ടിലിൽ മാനം നോക്കി കിടന്നു. മാണിക്കോത്ത് താനത്ത് നിന്നും ചെണ്ടക്കൂറ്റ് കേക്കുന്നുണ്ട്. അകത്ത് കുഞ്ഞിയുടെ കരച്ചിൽ. പടിഞ്ഞാറ് നിന്നും കടൽ ചെവിയിലേക്ക് ഇരമ്പിയെത്തുന്നുണ്ട്. കച്ചോൻ കാറ്റിന് പതിവില്ലാത്ത ഊക്കുണ്ട്. കോട്ടിക്കുളത്തു നിന്നും ഉരുവുമായി പോകുന്നവർക്ക് നല്ല കാലമാണ്. തെക്കൻ കാറ്റാഞ്ഞു വീശുമ്പോഴാണ് പായ്ക്കപ്പലുകൾ കടലിലിറങ്ങുന്നത്. വൃശ്ചികവും ധനുവും കച്ചോൻ കാറ്റിന്റെ ഇളകിയാട്ടത്തിന്റെ കാലമാണ് കൊടകിൽ തോട്ടത്തിലെ പണി കുറയുകയാണ്. ഇനി കടലിലേക്ക് തന്നെ പോകണം. ചൂടിക്കട്ടിലിൽ ഓരോന്നാലോച്ച് കിടന്നു. പുറങ്കടലിൽ ശക്തമായ നീരൊഴുക്ക്. എവിടെയോ കടൽ പൊട്ടുന്നുണ്ട്. ദേവിമാർ എഴുന്നള്ളുമ്പോ വാല്യക്കാർ പിടിച്ച മേലാപ്പ് പോലെ സുവർണ്ണസുമങ്ങൾ തുന്നിച്ചേർത്ത മാനം അമ്പാടിമൊയോന് മോളിൽ നിവർന്നു. പടിഞ്ഞാറ് നിന്നും വീശിയ കാറ്റിൽ മേലാപ്പിളകി. നക്ഷത്രങ്ങളടർന്ന് മൊയോന്റെ പെരുത്ത ശരീരത്തിൽ വീണുചിതറി. മാണിക്കോത്തെ വൃശ്ചികക്കുളിരിൽ, അതിഞ്ഞാൽക്കടലിലെ കച്ചോൻകാറ്റിൽ അമ്പാടി മൊയോൻ കുളിർത്തു. കപ്പലോട്ടക്കാരും ദേവകന്യാക്കന്മാരും കടലിലിറങ്ങുന്ന നേരമാണ്. പലപല വിചാരങ്ങളുമായി അമ്പാടി ചൂടിക്കട്ടിലിൽ മയങ്ങി. പൊട്ടിയലറുന്ന കടലിൽ പാലൊളി തിരളുന്ന വെള്ളം ആകാശത്തേക്ക് ചീറ്റിക്കളിക്കുന്ന ഭീമൻ നീലക്കടലാനകളെയാണാദ്യം കണ്ടത്. അവയ്ക്കിടയിലൂടെ അരമണികിലുക്കി തെക്കൻ കാറ്റിലാറാടി വരുന്ന കപ്പൽ പിന്നെക്കണ്ടു. തലയ്ക്കുള്ളിൽ തിരമാലകൾ പൊട്ടിച്ചിതറി. പെട്ടെന്ന് ചൂടിക്കട്ടിലിനപ്പുറത്തുണ്ടായ തെങ്ങിൽ നിന്നും പച്ചോലയും മട്ടലും വലിയ ശബ്ദത്തോടെ മണ്ണിൽ വീണു. ഒച്ച കേട്ട് മുറ്റത്തിറങ്ങിയ പാറുമൊയി പേടിച്ച് നിലവിളിച്ചു. ആർത്തട്ടഹസിച്ച് വെട്ടിവിറച്ച് തുള്ളുന്ന തന്റെ മൊയോൻ. ഉപ്പുമണ്ണിലടിഞ്ഞ കൊമ്പൻസ്രാവിനെ പോലെ പെടപെടക്കുന്ന പുരുവൻ. ഇട്ടിരുന്ന നിറം കെട്ട കുപ്പായം പറിച്ചു കീറിയെറിഞ്ഞു. അട്ടഹസിച്ചുകൊണ്ട് കാറ്റിലേക്കും ഇരുട്ടിലേക്കും മറഞ്ഞുപോയി. പാറുമൊയി തലീക്കൈവെച്ച് ബൈരം കൊടുത്തു. അടുത്ത കുടികളിൽ നിന്നും വാല്ല്യക്കാർ കരച്ചിൽ കേട്ടു വന്നു. സമയം രാത്രി ഒമ്പത് മണിയായിട്ടുണ്ടാകും. അവർ മൊയൊനെ ചൂട്ടും വീശി എല്ലാ വഴികളിലും പരതി. എവിടേയും കണ്ടില്ല. എങ്ങുപോയി എന്നറിയില്ല. ഉറക്കമില്ലാതെ ഒരു രാത്രി പാറു കുടിയിൽ കഴിച്ചുകൂട്ടി. ഓറ് ഏടെയോ പൊയ്‌പ്പോയി എന്നു തന്നെ വിചാരിച്ചു.

പിറ്റെന്നാൾ ഉച്ചക്കു ശേഷം തൃക്കരിപ്പൂർ കൊയോങ്കര താനത്തു നിന്നും വാല്യക്കാർ മാണിക്കോത്ത് വീട്ടിൽ വന്നു. അറേക്ക പാട്ടുത്സവമായിരുന്നു. അസ്രാളന്റെ തിരുവായുധം എഴുന്നള്ളിക്കുമ്പോഴേക്കും മൊയോൻ അട്ടഹസിച്ചു കൊണ്ട് അറയിലെത്തി. ദർശനപ്പെട്ട് തുള്ളിയുറഞ്ഞു. വന്നവർ കാര്യം പറഞ്ഞു പോയി. 1960-കളാണ് കാലം. ഇന്നത്തെ പോലെ ബസ്സോ സൗകര്യങ്ങളോ ഇല്ല. എല്ലാവരും എല്ലാ സ്ഥലത്തേക്കും നടന്നിട്ടാണ് പോകുന്നത്. തേളപ്പുറത്ത് അമ്പാടിയുടെ ജീവിതം മറ്റൊന്നായിമാറുകയാണ്. തന്റെ ശരീരം തന്റെ മാത്രം സ്വന്തമല്ലെന്ന സത്യം അമ്പാടിക്ക് മനസ്സിലായി. എന്തു പണിയെടുത്തിട്ടും എവിടെ പോയിട്ടും മോചനമുണ്ടായില്ല. ഒന്നരക്കൊല്ലക്കാലം കോഴിക്കോട്ട് ഹോട്ടലിൽ അടുക്കള പണിയെടുത്തു. വീട്ടിലെ കഷ്ടപ്പാടിനൊരു കുറവുമുണ്ടായില്ല. കാലിന് പാമ്പു പോലെ ചുറ്റിയ ദൈവം പിടിവിട്ടില്ല.
പലസ്ഥലങ്ങളിലായി ഏഴ് കൊല്ലക്കാലം ദർശിച്ചു വെളിച്ചപ്പെട്ടു കൊണ്ടിരുന്നു. തേളപ്പുറത്ത് തറവാട്ടിലെ വാല്യക്കാർക്ക് അസ്രാളൻ എന്നു വിളിക്കുന്ന അസുരകാലൻ ദൈവത്തിന്റെ വെളിച്ചപ്പാടനാകാം. സ്വയം ദർശനപ്പട്ട് വെട്ടിയുറഞ്ഞ് വെളിച്ചപ്പെട്ടാലേ തമ്പാച്ചിയാകാനാകൂ. അസ്രാളൻ തെയ്യത്തിന്റെ വെളിച്ചപ്പാടൻ മരിച്ചിട്ട് നാൽപത് കൊല്ലമായി. കൊയോങ്കര താനത്ത് അസ്രാളന്റെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. കിഴക്ക് മൊളക് പറിക്കാൻ മലങ്കാട്ടിൽ ഉക്കൻ ഉരുപ്പ് മരത്തിൽ കേറിയപ്പോഴും മാണിയാട്ടെ ഓളെ വീട്ടിൽ പൂനിലാവ് പൂത്ത രാത്രിയിലും മാണിക്കോത്ത് വീട്ടിൽ കച്ചാൻ കാറ്റിൽ ചൂടിക്കട്ടിലിൽ കുളിർത്ത് കിടന്നപ്പോഴും കടലിനേയും കാടിനേയും വിറപ്പിക്കുന്ന തെറവും അർക്കത്തുമുള്ള ഒരാളുടെ തീവ്രസാമീപ്യം അറിയുന്നുണ്ടായിരുന്നു. വില്ലാപുരത്ത് ദേവന് പൂകൊയ്യാൻ പോകുന്ന അഞ്ഞൂറ് വീരന്മാരിൽ ഏറ്റവും ബലവും വീര്യവുമുള്ള കന്ന് വില്ലാപുരത്ത് അസ്രാളൻ ദൈവം മത്തി മണക്കുന്ന, കുരുമൊളകെരിയുന്ന മൊയൊന്റെ ഉപ്പുകാറ്റിലുറച്ച ശരീരത്തിന്റെ വലഭാഗം ശേഷിപ്പെട്ട് കൂട്ടുവിളിച്ചു.

അസ്രാളൻ തമ്പാച്ചി കുറുവപ്പള്ളിയറയിൽ

അസ്രാളൻ തമ്പാച്ചിയോട് അറുപത് കൊല്ലം മുമ്പത്തെ ദർശനാനുഭവം ചോദിച്ചപ്പോൾ നിസ്സംഗമായ നിഷ്‌കളങ്കമായ പുഞ്ചിരിയാണ് മറുപടി. അതൊന്നും പറയാൻ കയ്യ. ഏഴ് കൊല്ലക്കാലം ദിരിശിച്ചു കൊണ്ടിരുന്നു. കേക്ക് പണിക്ക് പോയി വന്ന് തെക്കൻ കാറ്റിൽ മുറ്റത്തെ ചൂടിക്കട്ടിലിൽ കിടന്നതും ചെറുതായി മയങ്ങിപ്പോയതും വലിയ ശബ്ദത്തോടെ മുറ്റത്ത് തെങ്ങിൻ മുകളിൽ നിന്നും ഓലീം മട്ടലും വീണതും ഓർമ്മയുണ്ട്. പിന്നൊന്നും ഓർമ്മയില്ല. അതൊന്നും നമ്മക്ക് പറയാനാവൂല. അതൊക്കെ മായക്കാറുടെ കളിയാ. മായക്കാർ വന്ന് വിളിച്ചാ പൊവാണ്ട് ന്ക്കാനാവൂല. എനക്ക് കൊയോങ്കര താനത്തെക്കുറിച്ചോ അസ്രാളൻ തമ്പാച്ചിയെക്കുറിച്ചോ ഒന്നുമറിയില്ല. ഇന്നത്തെ കാര്യങ്കോട് പൊഴകണ്ടിട്ടില്ലേ. നീലേശ്വരം പൊഴയും കാര്യങ്കോട് പൊഴയും മയീച്ചപ്പൊഴയും കടന്ന് വേണം മാണിക്കോത്ത് നിന്നും മുപ്പത്തിയഞ്ച് കിലോമീറ്റർ അപ്പുറമുള്ള തൃക്കരിപ്പൂരിലെ താനത്തെത്താൻ. രണ്ട് വലിയ പൊഴയും ഒരു ചെറിയ പൊഴയും കടക്കണം. അറുപത് കൊല്ലം മുമ്പല്ലേ ഒരൊറ്റ പൊഴയ്ക്കും പാലമില്ല. അപ്പോ എന്ത് ചെയ്യും. അതാണ് പറഞ്ഞത് അതൊക്കെ മായക്കാറുടെ കളിയാ. ഈ മൂന്ന് പൊഴയും ഈ നേരം കെട്ട നേരത്ത് എനക്ക് നീന്തിക്കടക്കാനാകുമോ. പിന്നെങ്ങനെ മാണിക്കോത്തു നിന്നും തൃക്കരിപ്പൂരിലെ കൊയോങ്കര താനത്തെത്തും.

അസ്രാളൻ തമ്പാച്ചി

തേളപ്പുറത്ത് അമ്പാടി മൊയോന്റെ ദർശനപ്പെടൽ ഇതിനോടകം ഒരു വാർത്തയായി മാറി. കേട്ടവർ കേട്ടവർ വിശ്വാസം വരാതെ പരസ്പരം കണ്ണുമിഴിച്ചു. മാണിക്കോത്ത് നിന്നും തൃക്കരിപ്പൂരിലേക്ക് പാലമില്ലാത്ത മൂന്നു പുഴകൾ ചാടിക്കടന്നെത്തിയ മൊയോന്റെ നിയോഗത്തെക്കുറിച്ച് സംസാരിക്കാൻ പോലും നാട്ടുകാർ ഭയന്നു. അവസാനം ഇടയിലെക്കാട്ട് കാവിലെ പാട്ടുത്സവത്തിൽ ദർശിച്ച് ഇനിയും എന്നെ ആചാരപ്പെടുത്തിയില്ലെങ്കിൽ ഈ ദേഹം വെള്ളത്തിലോ തീയിലോ നശിപ്പിക്കുമെന്ന് അരുളപ്പാടുണ്ടായി. അങ്ങനെയാണ് കൊയോങ്കര പയ്യാക്കാൽ കാവിലെ ആചാരസ്ഥാനികരും അച്ചന്മാരും ഊർക്കകത്തെ വാല്ല്യക്കാരും ചേർന്ന് അമ്പാടിയെ ആചാരപ്പെടുത്തുന്ന കാര്യം തീരുമാനിക്കുന്നത്.

ചിത്രങ്ങൾ: പ്രസൂൺ കിരൺ

തൃക്കരിപ്പൂരിലെ കൊയോങ്കര പയ്യക്കാൽ കാവ് ഉത്തരകേരളത്തിലെ മുകയരുടെ പതിനൊന്ന് സ്ഥാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. കൊയോങ്കര, കാടങ്കോട്, നീലേശ്വരം, മാണിക്കോത്ത്, ആദൂര്, കാറള, മൊറായി, വാമഞ്ചൂർ, ഉദ്യാവര, വിട്ട്‌ള, അടുക്ക എന്നിവയാണ് മൊയോറുടെ കഠിനമായ കടൽ ജീവിതത്തിന് സാംസ്‌ക്കാരികവും ചരിത്രപരവുമായ അടിത്തറ നിർമ്മിച്ചു കൊടുത്ത തുളുനാട്ടിലെ സാന്നിദ്ധ്യസ്ഥാനങ്ങൾ. മീൻപണികഴിഞ്ഞുള്ള നേരങ്ങളിൽ മൊയോർ അവരുടെ പതിനൊന്ന് താനങ്ങളിൽ ഒത്തുകൂടി. തങ്ങളുടെ തന്നെ വംശസ്മൃതികളുറങ്ങുന്ന മണ്ണിൽ അവരുടെ ആരാധനകൾ രൂപപെടുത്തി. കാർന്നോന്മാരെ കൂടിക്കണ്ടു. ഇതിൽ അട്ക്കയും വിട്ട്‌ളയും കർണ്ണാടകത്തിലാണ്. കണ്ണൂർ ജില്ലയിൽ മുകയർക്ക് പ്രത്യേക സ്ഥാനമൊന്നുമില്ല. കോഴിക്കോട് ജില്ലയിലെ മടപ്പള്ളിയാണ് മറ്റൊരു സ്ഥാനം. ഇതിന് നീലേശ്വരം കടിഞ്ഞിക്കടവ് ആര്യക്കരഭഗവതി സ്ഥാനവുമായാണ് ബന്ധം.
പാരമ്പര്യ ദൈവസങ്കൽപങ്ങൾക്ക് പുറത്താണ് മുകയരുടെ ദൈവവിചാരം. ദൈവത്തിന് തീർത്ഥം തളിച്ച് സ്‌നാനപ്പെടുത്തിയ ചന്ദനഗന്ധം മാത്രമല്ലെന്നും ജീവിതപ്പോരാട്ടത്തിന്റെ ഉപ്പുരസം കൂടിയുണ്ടെന്നും മുകയരുടെ പതിനൊന്ന് താനങ്ങൾ അഭിമാനത്തോടെ വിളിച്ചുപറയുന്നു. മരണത്തിന്റെ അഴിമുഖത്തു തുഴയെറിയുന്ന കടൽത്തൊഴിലാളികളുടെ ഉടൽക്കരുത്തിലുറഞ്ഞ മീൻനാറ്റമുള്ള ദൈവങ്ങൾ ഇനിയും പുറംലോകം അറിഞ്ഞിട്ടില്ലാത്ത സംസ്‌ക്കാരത്തിന്റെയും ചരിത്രത്തിന്റേയും സൂക്ഷിപ്പുകാരാണ്. പ്രമാണിമാരായ അവതാരദൈവങ്ങൾ സർവ്വശക്തരായി ആഢ്യത്വത്തോടെ വിരാജിക്കുമ്പോൾ തന്നെയാണ് ഉപ്പുകാറ്റടിച്ചു നിറം കെട്ടുപോയ പതിനൊന്ന് താനങ്ങളിൽ ദേവതകൾ മൊയോറെ കൂടിക്കണ്ട് സങ്കടക്കൂറുകൾക്ക് കാതോർക്കുന്നത്. കേരളത്തിൽ തുളുനാട്ടിൽ മാത്രം കാണുന്ന അനുഷ്ഠാനമാണിത്. കേരളത്തിന്റെ സാംസ്‌ക്കാരികചരിത്രത്തിൽ ഒരുകാലത്തും ഇടംപിടിക്കാതെ പോയതാണ് കടൽ കടന്ന് തുളു നാടൻ മഹിമയിൽ കപ്പലിറങ്ങിയ ദേവതകളുടെ ജീവിതവും സംസ്‌ക്കാരവും. മുകയരുടെ താനങ്ങളിലെ അനുഷ്ഠാനങ്ങളും ആചാരങ്ങളും മറഞ്ഞുപോകുന്ന ഇന്നലകളുടെ ചരിത്രസ്മരണകളെ നിലനിർത്താനുള്ള അവസാന ശ്രമമാണ്. പാഠപുസ്തകങ്ങളാൽ ഏകീകരിച്ച് സംസ്‌ക്കരിച്ച ചരിത്രപാഠങ്ങൾ മാത്രമാണല്ലോ നമ്മളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. പാരമ്പര്യ ചരിത്ര നിർമ്മിതികൾ അധികാരവും അതിന്റെ ശക്തിയും ഉപയോഗിച്ച് സംസ്‌ക്കാരത്തിന് മുകളിൽ ആധിപത്യമുറപ്പിക്കുമ്പോൾ ആയിരത്താണ്ടു പഴക്കമുള്ള ജാതിസ്വത്വത്തെ നിലനിർത്താൻ ഓടവും വലയും നഷ്ടപ്പെട്ടുപോയ മുകയർ ഇന്ന് ഏറെ കഷ്ടപ്പെടുന്നുണ്ട്. ആയിറ്റിപ്പോതിയും അസ്രാളനും ഇളവെയിലേറ്റ കടൽത്തീരങ്ങളും തുളുനാടൻ പച്ചത്തുരുത്തുകളും പുതിയ കാലത്തിന്റെ കടലേറ്റത്തിൽ കടപുഴകുമ്പോൾ കരയിലകപ്പെട്ട മീനുകളെപ്പോലെ ദൈവങ്ങളും ശ്വാസംമുട്ടിപ്പിടയുകയാണ്.

പാട്ടുത്സവം. അസ്രാളൻ വെളിച്ചപ്പാടായി

കടലും കപ്പലോട്ടവും ദൈവവും മീനും കൂടിക്കലർന്ന സംസ്‌ക്കാരത്തിലാണ് തുളുനാട്ടിലെ മുകയരുടെ സംഘജീവിതം വളർന്ന് വികസിച്ചിട്ടുള്ളത്. ഉത്തരമലബാറിന്റെ ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ അദ്ധ്യായമാണ് കടൽ കടന്ന് ഇരാമകടമൂവരുടെ, നന്നന്റെ, അതുലന്റെ ഏഴിൽമല ബന്തറിൽ കപ്പലടുപ്പിച്ച വിദേശദൈവങ്ങളും അവരെ പരിപാലിക്കുന്ന മാലാംമൊയോൻ നാൽപത്തിനാലില്ലമെന്ന മുകയരും. സാമ്പ്രദായിക ചരിത്രസൗധങ്ങളെ, ഭാവനയുടെ ചരിത്രഗായകരെ നിഷ്പ്രഭമാക്കമാക്കുന്നതാണ് അസ്രാളൻ തെയ്യത്തിന്റേയും ആയിറ്റിപ്പോതിയുടേയും മൊഴികളും തോറ്റംപാട്ടുകളും. നൂറ്റെട്ട് കടൽദൂരങ്ങൾ താണ്ടിയാണ് അറബികളെ പോലെ ചീനരെ പോലെ ഇതല്ല്യരെ പോലെ പറങ്കികളെ പോലെ ലന്തക്കാരെ പോലെ തെയ്യവും വരുന്നത്. മുകയരുടെ തെയ്യത്തിന്റെ ചരിത്രമെന്നത് കേവലം ദൈവം വന്ന കെട്ടുകഥ മാത്രമല്ല. അത് പുരാതന കേരളത്തിന്റെ തുറമുഖ നഗരങ്ങളുടേയും കടൽ വാണിജ്യത്തിന്റേയും കപ്പൽ നിർമ്മാണത്തിന്റേയും ചരിത്രമാണ്. ഏഴിൽ മലയും പെരുങ്കാനവും കൊങ്കാനവും, പാഴിപട്ടണവും, കച്ചിൽപട്ടണവും വലഭപട്ടണവും മാരാഹിയും അചലപത്തനവും കടൽ കടന്നെത്തിയവരെ സ്വീകരിച്ച തുറമുഖനഗരങ്ങളാണ്. പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഗാമയുടെ കപ്പലോട്ടത്തിനും മുമ്പെയുള്ള ഉത്തരകേരളത്തിന്റെ സ്വന്തമായ കപ്പലോട്ടവും കപ്പൽ നിമ്മാണവും എന്താണെന്ന ചരിത്രം തന്നെയാണ് അസ്രാളന്റേയും കടൽദേവതകളുടേയും ചരിത്രം. തുളുനാടിന് സ്വന്തമായ കപ്പൽ നിർമ്മാണ ശാസ്ത്രമുണ്ടായിരുന്നു. കച്ചിൽ പട്ടണത്തുനിന്നും ഏഴിമലയിൽ നിന്നുമുള്ള കപ്പൽപ്പാതയുണ്ടായിരുന്നു. കുന്നും അലയും താലോലിക്കുന്ന സമ്പന്നമായ, മനോഹരമായ തുളുനാടിന്റെ പെരുമ ലോകത്താകമാനം പടർന്നിരുന്നു.
മീൻ നാറുന്ന മൊയോന്റേയും ജാതിയിൽ താണവനായ തെയ്യക്കാരന്റേയും അറിവുകൾക്കെന്ത് ശാസ്ത്രീയാടിത്തറയെന്ന പ്രാമാണികപ്പുച്ഛത്തിൽ അവരുടെ അറിവുകളൊന്നും ഒരു കാലത്തും വെളിച്ചം കണ്ടില്ല. സഞ്ചാരികളായ ഫാഹിയാനേയും ഇബ്ൻ ബത്തൂത്തയേയും ബുക്കാനനേയും പണ്ഡിതകേസരികൾ മത്സരിച്ച് വായിച്ചുപഠിച്ചു. പക്ഷേ നമ്മുടെ വീട്ടുമുറ്റത്ത് ആയിരത്താണ്ടുകൾക്കു മുമ്പത്തെ കേരളമെന്ന നൂറ്ററുപത് കാതം ഭൂമിയുടെ പട്ടോലപ്പഴമ വായിക്കുന്ന ആയിറ്റിപ്പോതിയേയും അസ്രാളനേയും കേൾക്കാനുള്ള ഔചിത്യം കാണിച്ചില്ല. നൂറ്റാണ്ടുകൾക്കു മുമ്പേ രൂപപ്പെടുത്തിയ ആരാധനയോ അനുഷ്ഠാനമോ അല്ല ചരിത്രമാണ്, ജാതിവിവേചനത്തെ വംശീയതയെ പടിക്കു പുറത്താക്കിയ പുരോഗമന ചിന്തയാണ്, പതിനൊന്ന് താനങ്ങളെ ഇന്നും നിലനിർത്തുന്നത്. ആര്യർനാട്ടിൽ നിന്നുമെത്തിയ അസ്രാളനും ആയിറ്റിപ്പോതിയും ഉച്ചൂളിക്കടവത്ത് പോതിയുമാണ് കടലിൽ കഠിനാധ്വാനം ചെയ്യുന്ന തൊഴിൽ കുലത്തിന് അന്തസ്സും അഭിമാനവും മറ്റെവിടെയുമില്ലാത്ത സാസ്‌ക്കാരിക ജീവിതവും പകർന്നു നൽകിയത്.

ഉത്തരകേരളത്തിലെ അത്യപൂർവ്വമായ തെയ്യമാണ് അസുരകാലൻ എന്ന അസ്രാളൻ. തൃക്കരിപ്പൂർ കടലിനടുത്തുള്ള കുറുവാപ്പള്ളിയറയിലാണ് ഈ തെയ്യത്തെ കെട്ടിയാടിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് മധ്യേഷ്യയിൽ നിന്നും കപ്പലോടിച്ച് കേരളക്കരയിലെത്തി മലാംമൊയോനായി മാറിയ ആ വീരപുരുഷനെ നിങ്ങൾക്ക് കാണാം. ആ കാലത്തെ കേൾക്കാം. ദേവതമാർ നീരാടിയ പെരുങ്കടലിനെ അറിയാം. കടലറിവുകളിലൂടെ സഞ്ചരിക്കാം. അസുരകാലൻ എന്ന നാവികന്റെ ആത്മാവുമായി ഒരാൾ ഇവിടെ കാഞ്ഞങ്ങാട് പട്ടണത്തിൽ നിന്നും മൂന്നാലു കിലോമീറ്റർ ദൂരെ മാണിക്കോത്തെ വീട്ടിൽ കടലിരമ്പങ്ങൾക്കും പടവിളികൾക്കും കപ്പൽഛേദങ്ങൾക്കും കാതോർത്തിരിക്കുന്നുണ്ട്. അസ്രാളൻ എന്ന കടൽദൈവത്തിന്റെ മനുഷ്യരൂപം. തേളപ്പുറത്ത് അമ്പാടി മൊയോനെന്ന അസ്രാളൻ തമ്പാച്ചി. അമ്പാടി വെളിച്ചപ്പാടൻ. വയസ്സ് തൊണ്ണൂറായി. ആരോഗ്യത്തിന് ചെറിയ തളർച്ചയല്ലാതെ ഓർമ്മകൾക്ക് യാതൊരു ക്ഷതവും സംഭവിച്ചിട്ടില്ല. തെയ്യമെന്നാൽ കേവലം ഒരാരാധനയല്ലെന്ന് അത് ഭൂമിയെക്കുറിച്ചും കടലിനെക്കുറിച്ചും കടൽജീവിതത്തെക്കുറിച്ചും ഒരു നാടിന്റെ ചരിത്രത്തെക്കുറിച്ചുമുള്ള അന്വേഷണമാണെന്ന് ബോധ്യപ്പെടുന്നത് ഈ കപ്പലോട്ടക്കാരനോട് സംസാരിക്കുമ്പോഴാണ്. വസൂരിക്കലകൾ കുരുത്ത മുരത്ത ശരീരവുമായി വെളിച്ചപ്പാടൻ മൊയോൻ നടന്നു പോകുമ്പോൾ അസ്രാളൻ തമ്പാച്ചിയെന്ന് ജനങ്ങൾ ഭയഭക്തി ബഹുമാനത്തോടെ വിളിച്ചു. അസ്രാളൻ എന്നത് നമുക്ക് കേട്ടുകേൾവി പോലുമില്ലാത്ത, പിടികിട്ടാത്ത ദൈവസങ്കൽപമെന്ന കടലാണ്. അമ്പാടി മൊയോനെന്നത് കടലിലവസാനിക്കുന്ന പുഴയും. ഉപ്പുനീരിലലിഞ്ഞ് പുഴ കടലാകുന്നതുപോലെ ദൈവത്തിന്റെ ഉപ്പിലലിഞ്ഞ് അമ്പാടി അസ്രാളനായി രൂപാന്തരപ്പെടുന്നു. അമ്പാടിയെന്ന പേരുപോലും എല്ലാവരും മറന്നു. മധ്യേഷ്യയിലെ ഏതോ രാജാവിന്റെ പോരാളിയായ അസുരകാലൻ ഇങ്ങിവിടെ മാണിക്കോത്ത് പാറുമൊയിയുടെ പുരുവനാണിന്ന്. ഒരുപാതിയിൽ ദൈവവും മറുപാതിയിൽ മനുഷ്യനുമായി പപ്പന്റേയും സുരേശന്റേയും അച്ഛനായി കുടുംബജീവിതം നയിക്കുന്നു. കടലിൽ വലയിളക്കുന്ന മൊയോനായി, കൊയോങ്കര താനത്തെ ആചാരക്കാരനായി, മീൻപണിക്കാരുടെ ദൈവമായി ഒരേ ജീവിതത്തിൽ പലപല വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ആര്യർനാട്ടിൽ നിന്നും നീലംബം കടപ്പുറത്തെത്തിയ കപ്പിത്താന് അസുരകാലൻ, അസുരാളൻ, അസ്രാളൻ എന്നിങ്ങനെ പലതാണ് പേരുകൾ.

അസ്രാളൻ തമ്പാച്ചിയുടെ താനമായ പയ്യക്കാലിൽ അസുരാളന് തെയ്യരൂപമില്ല. അസ്രാളന്റെ നായനാരായ ആയിറ്റിപ്പോതിയിരിക്കുന്ന കുറുവാപ്പള്ളിയിലാണ് കോലരൂപത്തിൽ പ്രത്യക്ഷപ്പെടുന്നത്. എല്ലാവർഷവും തുലാ വരിഷത്തിൽ തെങ്ങരക്കരക്കാറ്റ് വീശുമ്പോൾ പുലർച്ച മൂന്ന് മണിക്ക് കൊടുംപുരികവും എരിഞ്ഞിപ്പൂവും മോത്തെഴുതി, താടിയും മീശയുമണിഞ്ഞ് തലപ്പാളി കെട്ടി കൊതച്ച മുടി വെച്ച് ഒത്തവാല്യക്കാരനായ ഈ കടൽ യാത്രികനെ തെയ്യമായി കുറുവാപ്പള്ളിയറയുടെ തിരുമുറ്റത്ത് കാണാം. ആഴക്കടലിൽ തുഴയെറിഞ്ഞ് ജീവിതത്തെ പിടിക്കുന്ന മത്സ്യത്തൊഴിലാളികളും മീൻകുട്ട തലയിൽ വെച്ച് വീടുകൾ തോറും കയറിയിറങ്ങി വിൽപന നടത്തുന്ന കഠനിനാധ്വാനികളായ പെണ്ണുങ്ങളും വിളിച്ചാ വിളിപ്പുറത്തെത്തുന്ന ദൈവമാണ് അസ്രാളൻ. തെയ്യമില്ലാത്ത സമയങ്ങളിലൊക്കെ അസുരകാലൻ ജനങ്ങൾക്ക് വെളിപ്പെടുന്നത് അമ്പാടി വെളിച്ചപ്പാടനിലൂടെയാണ്. വെളിച്ചപ്പാടന്റെ സ്ഥാനമായ കൊയോങ്കര പയ്യക്കാലിൽ തെയ്യക്കോലത്തിൽ അസ്രാളനെ ആരാധിക്കാത്തതിനാൽ അമ്പാടി വെളിച്ചപ്പാടനിലൂടെയാണ് അസ്രാളൻ ദൈവം ജനങ്ങളുടെ സങ്കടങ്ങൾ കേൾക്കുന്നത്.

മൊയിയോരുടെ വെളിച്ചപ്പാടുകൾ

കേരളത്തിലെ മറ്റ് പ്രദേശങ്ങളിലുള്ള വെളിച്ചപ്പാടുകളും അസ്രാളൻ തമ്പാച്ചിയും തികച്ചും വ്യത്യസ്തങ്ങളായ അനുഷ്ഠാന സമ്പ്രദായങ്ങളാണ്. ഗോത്രജീവിതത്തിന്റെ തിരുശേഷിപ്പുകളായ ഇത്തരം ദ്രാവിഡ ജീവിതവഴക്കങ്ങൾ കാസർഗോഡ് ജില്ലയിൽ പയ്യക്കാൽ കാവുപോലുള്ള അത്യപൂർവ്വം സ്ഥലങ്ങളിൽ മാത്രമാണ് ഇന്ന് കാണാൻ കഴിയുന്നത്. ഒരു വർഷത്തിൽ പയ്യക്കാൽ കാവിൽ നിരവധി അനുഷ്ഠാനങ്ങൾ നടക്കുന്നുണ്ട്. അപ്പോഴൊക്കെ അസ്രാളൻ തമ്പാച്ചി കാഞ്ഞങ്ങാട് മാണിക്കോത്തു നിന്നും തൃക്കരിപ്പൂരിലെ പയ്യക്കാൽ കാവിലെത്തണം. കർക്കിടകത്തിലെ നിറ, ചിങ്ങത്തിലെ പുത്തരി, തുലാമാസത്തിലെ പത്താമുദയം, കുറുവാപ്പള്ളിയറയിലെ തെയ്യം, വൃശ്ചികത്തിലെ പാട്ട്, മേടത്തിലെ വിഷു, മീനത്തിലെ പൂരം, എല്ലാ മാസസംക്രമങ്ങളും അങ്ങനെ ഒരു വർഷത്തിലെ നിരവധി അനുഷ്ഠാന സന്ദർഭങ്ങളിൽ അസ്രാളൻ ദൈവത്തിന്റെ പ്രതിപരുഷനായി പയ്യക്കാൽ കാവിൽ തമ്പാച്ചിയുണ്ടാകണം. ഇതിൽ രണ്ടു വർഷം കൂടുമ്പോൾ വൃശ്ചിക മാസത്തിൽ നടക്കുന്ന പാട്ടുത്സവത്തിനാണ് ഏറ്റവും പ്രാധാന്യം. ആറ് ദിവസം നീണ്ടുനിൽക്കുന്ന പാട്ടുത്സവത്തിലാണ് അസ്രാളന്റേയും ആയിറ്റിപ്പോതിയുടേയും അതിവിപുലവും സങ്കീർണ്ണവുമായ ചരിത്രം മനസ്സിലാക്കാൻ സാധിക്കുക. കണിയാന്മാർ അനുഷ്ഠാന നിഷ്ഠകളോടെ പാടുന്ന മരക്കലപ്പാട്ടിലും അസ്രാളൻ തമ്പാച്ചിയുടെ മൊഴികളിലുമാണ് തെയ്യങ്ങളുടെ കടൽ സഞ്ചാരത്തിന്റെ സൂക്ഷ്മ ചരിത്രം ഒളിഞ്ഞിരിക്കുന്നത്. ഏതൊരു ചരിത്രാന്വേഷിയേയും വിസ്മയിപ്പിക്കുന്ന പൗരാണികമായ അറിവുകളുടെ ആവിഷ്‌ക്കാരമാണ് മൊയോറുടെ പാട്ടുത്സവം. കണിയാന്മാരുടെ പാട്ടിലും മൊയോറുടെ മൊഴിയിലും വണ്ണാന്റെ വാചാലിലും പായനീർത്തിയൊഴുകി വരുന്ന കപ്പലിലെ മനുഷ്യജീവിതത്തിന്റെ വിസ്മയക്കാഴ്ച്ചകൾ നമുക്ക് കൺനിറയെ കാണാം.

(തുടരും)


രണ്ടാം ഭാഗം: ആവീരെ നീരും കൈതേരെ തണലും വെളുത്ത മണലും കുളുത്ത പടലും

Comments