truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 27 January 2021

truecoppy
Truecopy Logo
Readers are Thinkers

Wednesday, 27 January 2021

Close
Banking
Random Notes
US Election
5 Minutes Read
Abhaya case verdict
Agriculture
Art
Astronomy
Babri Masjid
Bihar Ballot
Bihar Verdict
Biography
Book Review
Books
Capital Thoughts
Cartoon
Cas
Caste Politics
Caste Reservation
Cinema
Climate Emergency
Community Medicine
Contest
Controversy
corp
Covid-19
Crime
Crime against women
Cultural Studies
Cyberspace
Dalit Lives Matter
Dalit Politics
Dance
Data Privacy
Developmental Issues
Digital Economy
Digital Surveillance
Disaster
Documentary
Dream
Earth P.O
Economics
Economy
EDITOR'S PICK
Editorial
Education
Endosulfan Tragedy
Environment
Expat
Facebook
Fact Check
Farm Bills
Farmers' Protest
Feminism
Film Review
GAIL Pipeline Project
Gandhi
Gautam Adani
Gender
Gender and Economy
General strike
Government Policy
GRAFFITI
GRANDMA STORIES
Health
History
International Day of Older Persons
International Politics
International Politics
International Translation Day
Interview
Investigation
Kerala Budget 2021
Kerala Election
Kerala Politics
Kerala State Film Awards
Labour Issues
Labour law
Law
lea
learning
Life
Life Sketch
Literary Review
Literature
Long Read
LSGD Election
Media
Media Criticism
Memoir
Memories
Monsoon
Music
music band
National Politics
Nobel Prize
Novel
Nursing Bill
Obituary
Open letter
Opinion
Other screen
panel on Indian culture's evolution
Petition
Philosophy
Photo Story
Picture Story
POCSO
Podcast
Poetry
Police Brutality
Political Read
Politics
Politics and Literature
Pollution
Post Covid Life
Poverty
Promo
Racism
Rationalism
Re-Reading-Text
Refugee
Remembering Periyar
Science
Second Reading
Service Story
Sex Education
SFI@50
Sherlock Holmes
Spirituality
Sports
Statement
Story
Surrogacy bill
Tax evasion
Teachers' Day
Team Leaders
Technology
Theatre
Travel
Travelogue
Tribal Issues
Trolls
True cast
Truecopy Webzine
Truetalk
UAPA
UP Politics
Video Report
Vizag Gas Leak
Weather
Women Life
Youtube
ജനകഥ
വി. കെ. അനില്‍കുമാര്‍  - പ്രസൂണ്‍ കിരണ്‍

Cultural Studies

ചിത്രങ്ങള്‍: പ്രസൂണ്‍ കിരണ്‍

ആവീരെ നീരും
കൈതേരെ തണലും
വെളുത്ത മണലും
കുളുത്ത പടലും

ആവീരെ നീരും കൈതേരെ തണലും വെളുത്ത മണലും കുളുത്ത പടലും

അസ്രാളൻ തെയ്യത്തിന്റെ കഥയുടെ രണ്ടാം ഭാഗം. മനുഷ്യരും കടലും മീനുകളും കരയും ചേർന്ന് രൂപം കൊള്ളുന്ന ഒരു ആവാസ വ്യവസ്ഥയുടെ കലയിലേക്കുള്ള പരിണാമം. ഭാഷകൊണ്ടും ഭാഷയാൽ വരച്ചിടുന്ന ദേശ കാലങ്ങൾ കൊണ്ടും വായിക്കുന്നവരുടെ ലോകത്ത് തിരകളും കടൽക്കാറ്റും മീൻ മണവും സൃഷ്ടിക്കുകയാണ് അനിൽകുമാർ

2 Jun 2020, 04:05 PM

വി. കെ. അനില്‍കുമാര്‍

ഏഴുകടലാഴങ്ങള്‍ക്കുമക്കരെ, നൂറ്റെട്ടാഴികള്‍ക്കുമക്കരെ ആര്യക്കെട്ടിലെ ആര്യര്‍രാജന്റെ പൊന്‍മകള്‍ ആരിയപൂമാല ആരിയപൂങ്കാവനത്തില്‍ പൂമുറിപ്പാന്‍ പോയി. ആയിരം തോഴിമാര്‍ താനുംകൂട ആയിരംപൂക്കുരിയ കയ്യില്‍കൊണ്ടു. പൂ മുറിപ്പാന്‍ തുടങ്ങി. ചെമ്പകം, ചേമന്തി ചെമ്പരത്തി, പിച്ചകം, ചെക്കി, ചെങ്കുറുഞ്ഞി ആയിരം പൂക്കുരിയ പൂനിറഞ്ഞു. ആയിരം തോഴിമാര്‍ താനുംകൂട ആര്യപൊന്‍കുളത്തില്‍ നീരുമാടി. നീരാടി കന്യമാര്‍ മാറ്റുടുത്തു. ആരിയപൂമാല ദേവകന്യാവ് ആദിത്യദേവന് പൂചൊരിഞ്ഞു. ഒരു പൂവെടുത്തവള്‍ ആരാധിച്ചു. ഒരു പൂവെടുത്തവള്‍ മുടിക്കണിഞ്ഞു. പൂങ്കാവനം കാറ്റിലിളകിനിന്നു. ദേവകന്യാവ് മോഹാലസ്യപ്പെട്ടു. മോഹിച്ച കന്യാവ് മണ്ണില്‍ വീണു. അടഞ്ഞ നീള്‍മിഴികളില്‍ മണ്ണഴകിന്റെ താഴ്‌വാരപ്പച്ചകള്‍ പൊലിച്ചു. പൂമാരുതന്‍ മയക്കിയ പെണ്ണ് ഇടവിലോകത്തിന്റെ മായാക്കാഴ്ചകളില്‍ ഉന്മാദിനിയായി. സുഗന്ധവ്യഞ്ജനങ്ങള്‍ പൂത്ത മലങ്കാട്ടിലും കുരുമുളകു വള്ളികള്‍ പടര്‍ന്ന കരിമ്പാറക്കെട്ടിലും കന്യയുടെ സ്വപ്നങ്ങള്‍ എരിഞ്ഞു പൊള്ളി. കണ്ണെത്താത്ത കനവെത്താത്ത മണ്‍വീറുകള്‍. ഏഴാംകടലിനക്കരെ ദേവകന്യാക്കന്മാര്‍ വിളയാടുന്ന മലയും കടലും കായലും. പുല്ലാഞ്ഞികളിണചേര്‍ന്നു പുളയുന്ന ഏഴില്‍മല. പുന്നയും നെല്ലിയും പൂത്ത കുളങ്ങാട്ട്മല. ഏത് കടല്‍ക്ഷോഭത്തിലും അഭയമാകുന്ന ആകാശത്തിലേക്കെകര്‍ന്ന ദേവമുദ്രകള്‍. നീലത്തിമിഗംലങ്ങളും സ്രാവുകളും പുള്ളിത്തെരണ്ടികളും മദിക്കുന്ന മത്സ്യകന്യമാരുടെ കടല്‍ക്കൊട്ടാരങ്ങള്‍. നവതാരുണ്യം തിരളുന്ന നഗ്നശരീരികളായ കടല്‍ത്തീരസമൃദ്ധി. നീലിച്ച കായലോളങ്ങളിലും നീര്‍ച്ചാലുകളുടെ കണ്ണാടിത്തിളക്കത്തിലും ചായമൂട്ടി നിറപ്പിച്ച തിണയുടലുകള്‍. കൈതപ്പൂക്കള്‍ വിടര്‍ന്ന ഓരിയരക്കാവിന്റെ തീരങ്ങള്‍. വിയര്‍പ്പിന്റെ ഉതിര്‍മണികള്‍ വെള്ളിപ്പരല്‍മീനുകളായി തുള്ളിമറിയുന്ന മൊയോന്റെ ഉപ്പുകാറ്റിലുറച്ച കറുത്ത ശരീരം. കാടങ്കോടിന്റേയും നീലംബത്തിന്റേയും ലവണഗന്ധിയായ നെയ്തല്‍ത്തിണവഴക്കങ്ങള്‍. മനുഷ്യരുടെ അറ്റമില്ലാത്ത സങ്കടപ്പെരുക്കങ്ങള്‍.  
ഉദിമാനം പൊന്നിന്‍ തലപ്പാളി കെട്ടിയ മലയും അസ്തമനം ചോപ്പുകൂറ ചിറ്റിയ കായലും. തുളുനാടിന്റേയും നന്നന്റെ മലനാടിന്റേയും എതിരില്ലാ ഭംഗികള്‍. ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ച്ചയില്‍ ദേവകന്യാവ് മതിമറന്നു.

 Asralan-theyyam  അനില്‍ കുമാര്‍
അസ്രാളന്‍ തെയ്യം

സ്വപ്നത്തിന്റെ മുകിലുകളില്‍ കന്യ കച്ചോന്‍കാറ്റടിച്ചുലഞ്ഞു. മീനവരുടെ ദേശം മീനവരുടെ ആടല്‍ മീനവരുടെ പാടല്‍. തോഴിമാര്‍ മന്ത്രകന്നിയെ താങ്ങിയെടുത്ത് കൊട്ടാരത്തിലെത്തിച്ചു. പരിഭ്രമിച്ച രാജന്‍ നല്ലറിവോനെ വിളിച്ചു വരുത്തി. ജലഗന്ധപുഷ്പവും ഹോമവും ദൂമവും മടക്കാടയും ചന്ദനവും ചാണകവും കൊണ്ടു വന്നു. നല്ലറിവോന്‍ പ്രശ്‌നചിന്ത നടത്തി. പെണ്ണിന്റെ പിണിയകറ്റി. പേടിക്കാനൊന്നുമില്ല. പക്ഷേ പൂമാല ഈ നാട്ട്ന്ന് പോവുകയാണ്. ആര്യക്കെട്ടിലെ രാജകുമാരിയായി പൂങ്കന്യാവിനിയിരിക്കില്ല. അങ്ങ് ആയിരം കാതങ്ങളകലെ മലനാടെന്നൊരു ദേശമുണ്ട്. മലനാട് കാണാനായി കന്യാവ് നിനച്ചു നില്‍ക്കയാണ്. ആര് പറഞ്ഞാലും അടങ്ങില്ല. ഏഴ് കടലുകള്‍ക്കുമക്കരെ മലയും മനുഷ്യനുമുള്ള ഭൂമിയിലേക്കവള്‍ വഴിതിരിഞ്ഞു. എത്രയും പെട്ടെന്ന് കന്യയുടെ യാത്രയ്ക്ക് വേണ്ടുന്ന ഒരുക്കങ്ങള്‍ ചെയ്യുക. നല്ലറിവോന്‍ പറഞ്ഞു നിര്‍ത്തി. 
ആര്യക്കെട്ടില്‍ നിന്നും നൂറ്റെട്ടഴികള്‍ താണ്ടി മൊഴിപെയര്‍ദേശത്തേക്കാണ് പോകേണ്ടത്. ഇരാമകടന്റെ ഏഴില്‍മലയെപ്പറ്റിയും പെരുങ്കാനത്തെപ്പറ്റിയും കച്ചില്‍ പട്ടണത്തെപ്പറ്റിയുമൊക്കെ കടല്‍ വാണിഭക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ഇതുവരെ ആരും പോയിട്ടില്ല. ആര്യരാജന്‍ പേരുകേട്ട സമുദ്രസഞ്ചാരികളെ വിളിച്ചുവരുത്തി. മരക്കലത്തില്‍ മാത്രമേ ഇത്രയും ദൂരം സഞ്ചരിച്ച് ഏഴില്‍ മലയിലെത്താനാകൂ. ഏറ്റവും വിദഗ്ധനായ വിശ്വകര്‍മ്മാവിനെ അന്വേഷിച്ച് ഭടന്മാര്‍ പോയി. വിന്ധ്യന്റെ താഴ്‌വാരത്തില്‍ നിന്നും മരക്കലം നിര്‍മ്മിക്കുന്ന മേലാശാരി വിശ്വകര്‍മ്മാവ് വന്നു. മരക്കലം തീര്‍ക്കുന്നതിനുള്ള നാള്‍കുറിച്ചു. മാടം തുറന്നവന്‍ മഴുവെടുത്തു. കൂടം തുറന്നവന്‍ ഉളിയെടുത്തു. കൊത്തുളി ചെത്തുളി കൈമേല്‍ കൊണ്ടു. വായുളി വരയുളി കൈമേല്‍ കൊണ്ടു. ചിത്രുളി, പത്രുളി കൈമേല്‍ കൊണ്ടു. വെണ്‍നൂല് കരിനൂല് കൈമേല്‍ കൊണ്ടു. നെടുമുഴക്കോല്‍ കുറുമുഴക്കോല്‍ കൈമേല്‍ കൊണ്ടു. കോടാലിയെന്നൊരു മഴുവെടുത്തു. പടിഞ്ഞാറ്റകം തൊഴുത് തറ്റുടുത്തു. തന്നുടെ മണിക്കുട തൊഴുതെടുത്തു. പക്ഷേ മരക്കലത്തിന് പാകമായ മരം മാത്രം കിട്ടിയില്ല. മേലാശാരിയും കൂട്ടരും മരക്കലം തീര്‍ക്കുന്നതിന് പാകമായ മരം തേടിയലഞ്ഞു.  ആര്യനാടും മലനാടും കഴികെപ്പോയി. അകമല പുറമല കഴികെപ്പോയി. മകരക്കലമരം മാത്രം കണ്ടതില്ല. ഇനിയൊരു മല മാത്രേ ബാക്കിയുള്ളു. കുറുന്തോട്ടിയെന്ന വന്‍മലമുടിയിലേക്ക് നടകൊണ്ടു. മേലാശാരി മനസ്സില്‍ കണ്ട മരക്കലങ്ങള്‍ നിറഞ്ഞ വനമായി കുറുന്തോട്ടി മല എകര്‍ന്നു നിന്നു.  ഉളിയും നൂലും മുഴക്കോലുമായി ചന്ദനമരത്തിന്റെ തണലിരുന്നു. കുങ്കുമമരത്തിന്റെ കുളിരണിഞ്ഞു. അകില്‍മരകാറ്റില്‍ വിശ്രമിച്ചു. 

A-T-(3).jpg

കുറുന്തോട്ടിമലയില്‍ നിന്നും ആചാരവിധിപ്രകാരം മരക്കലം തീര്‍ക്കുന്ന നാള്‍ മരം മുറിച്ചെടുത്തു. നല്ലൊരു നാളായ നന്മുഹൂര്‍ത്തത്തില്‍ മരത്തിന് ഈര്‍ച്ച പിടിച്ചു. മരക്കലത്തിന്റെ പലകകള്‍ ചന്ദനമരത്തില്‍ പണികഴിച്ചു.

മരക്കലം തീര്‍ക്കുന്നതിനുള്ള നാള്‍കുറിച്ചു. മാടം തുറന്നവന്‍ മഴുവെടുത്തു. കൂടം തുറന്നവന്‍ ഉളിയെടുത്തു. കൊത്തുളി ചെത്തുളി കൈമേല്‍ കൊണ്ടു. വായുളി വരയുളി കൈമേല്‍ കൊണ്ടു. ചിത്രുളി, പത്രുളി കൈമേല്‍ കൊണ്ടു. വെണ്‍നൂല് കരിനൂല് കൈമേല്‍ കൊണ്ടു.

ഉറപ്പേറിയ ദേവന്‍കാലുകള്‍ കുങ്കുമമരത്തിലുറപ്പിച്ചു. മരക്കലത്തിന് നാല്‍പത്തിയൊമ്പത് കോല്‍ നീളം കണ്ടു. ഇരുപത്തിയിരുകോല്‍ വീതി കണ്ടു. അടിപ്പലകയെല്ലാം അടി നിരത്തി. മേല്‍പ്പലകയെല്ലാം മേല്‍ നിരത്തി. കൂമ്പുമരങ്ങള്‍ ചേര്‍ത്തുവെച്ചു. നാലുപുറത്തു നല്‍വാതില്‍ വെച്ചു. തണ്ടാളര്‍ക്ക് വേണ്ടുന്ന തണ്ടുവെച്ചു. നങ്കൂരം താങ്ങിനില്‍ക്കാനായി കമ്പക്കയര്‍ കപ്പികളില്‍ ചേര്‍ത്തുകെട്ടി. പായി കൊളുത്താനായി പാമരങ്ങളും തീര്‍ത്തു.  ആര്യപൂങ്കന്നിക്കും പരിവാരങ്ങള്‍ക്കും ഇരിക്കുന്നതിന് നാല്‍പത്തൊമ്പത് കള്ളി തീര്‍ത്തു. നാല്‍പത്തൊമ്പത് പീഠം വെച്ചു. നാല്‍പത്തൊമ്പത് പീഠത്തിന്മേല്‍ നാല്‍പത്തൊമ്പത് ചുകപ്പുമിട്ടു. നാല്‍പത്തൊമ്പത് വട്ടകയില്‍ നാല്‍പത്തൊമ്പത് ശൂലം വെച്ചു. നാല്‍പത്തൊമ്പത് നാന്ദകവാളും നാല്‍പത്തമ്പത് പരിചയും വെച്ചു. മരക്കലം നീരണിയുന്നതിനായി ഒരുങ്ങിനിന്നു. ആര്യര്‍രാജന്‍ നല്ലറിവോനായ നേരറിവോനോട് മരക്കലം നീരണിയുന്നതിനുള്ള നാളും നന്മുഹൂര്‍ത്തവും കുറിക്കാന്‍ പറഞ്ഞു. 

നാല്‍പത്തൊമ്പത് അറകളില്‍  നാല്‍പത്തിയെട്ട് വെള്ളി പീഠത്തില്‍ തോഴിമാരും നാല്‍പത്തൊമ്പതാമത്തെ സ്വര്‍ണ്ണപീഠത്തില്‍ ആര്യപൂങ്കന്നിയുമിരുന്നു. മലനാട്ടിലേക്ക് കപ്പലോടിക്കുന്ന പെണ്ണിനെ കാണാന്‍ ആര്യക്കെട്ടിലെ നാട്ടുകാരൊത്തുകൂടി. വന്നവര്‍ വന്നവര്‍ ദക്ഷിണ കൊടുത്തു. മുത്തും പവിഴവും രത്‌നവും ആര്യരാജന്‍ മകള്‍ക്ക് കാഴ്ച്ച വെച്ചു. ജനങ്ങള്‍ നെല്ലും അരിയും പുടവയും കൊണ്ട് കപ്പല്‍ നിറച്ചു. പൂമാലയുടെ കപ്പല്‍ യാത്രയ്ക്ക് മംഗളങ്ങളുമായി ചേകവന്മാരും പടയാളികളും അഴിമുഖത്ത് വന്നു ചേര്‍ന്നു. ആര്യക്കെട്ടഴിയില്‍ നിന്നും ദേവമരക്കലം ഓടിത്തുടങ്ങി. 

 Asralan-story-new-(16).jpg  Asralan-theyyam  അനില്‍ കുമാര്‍

കപ്പലില്‍ പെണ്ണുങ്ങള്‍ മാത്രമേയുള്ളു. വീര്യമുള്ള ആണ്‍ചങ്ങാത്തമുണ്ടെങ്കിലേ നൂറ്റെട്ടഴിമുഖങ്ങള്‍ക്കപ്പുറമുള്ള മലായാളനാട്ടിലെത്താനാകൂ. കപ്പല്‍ വില്ലാപുരത്തടുപ്പിക്കാന്‍ ദേവി നിര്‍ദ്ദേശം നല്‍കി. വില്ലാപുരത്ത് കപ്പലിറങ്ങിയ ദേവി വില്ലാപുരത്ത് ദേവന്റെ കോട്ടപ്പടി തട്ടിത്തുറന്നു. ശാസ്താവിനോട് തനിക്ക് നല്ലോരു ആണ്‍ചങ്ങാത്തം വേണമെന്ന് പറഞ്ഞു. വില്ലാപുരത്ത് ദേവന് വീരന്മാരായ അഞ്ഞൂറ് ചേകോന്മാരുണ്ട്. ദേവന് പൂ കൊയ്യാന്‍ പോകുന്ന അഞ്ഞൂറ് വീരന്മാരേയും പൂങ്കന്യാവ് കണ്ടു. ഇതില്‍ ഏറ്റവും ബലവും വീര്യവുമുള്ള കന്നിനെ നീ പിടിച്ചോ വില്ലാപുരത്ത് ദേവന്‍ പറഞ്ഞു.

വില്ലാപുരത്ത് അസ്രാളന്‍ അമരക്കാരനായി മരക്കലം കടല്‍ വഴക്കങ്ങളിലൂടെ തെക്കോട്ട് പായനിവര്‍ത്തിയോടി. ഒരുകടലേയുള്ളു. പല അഴിമുഖങ്ങളാണ്. പലജീവിതങ്ങളാണ്.

വില്ലാപുരത്ത്‌കോട്ടയും കൊട്ടാരവും തകര്‍ത്ത്  അന്തിയും പൂജയും മുടക്കി. വില്ലാപുരത്ത് ദേവന്റെ കോട്ടയും തട്ടിപ്പൂട്ടി നട്ടുച്ചയ്ക്ക് തീയുംവെച്ചു. അഞ്ഞൂറ് വീരന്മാരിലെ അതികടവീരനായ വില്ലാപുരത്ത് അസുരാളനെ മൂന്നുവട്ടം പേര്‍ചൊല്ലി വിളിച്ചു. തൊടുകുറിയണിയിച്ച് കച്ചിലപ്പുറത്ത് പിടിച്ച് മരക്കലത്തില്‍ കേറ്റി. ഞാനും തോഴിമാരും ഈ നാടുവിട്ട് മറ്റൊരു നാട്ടിലേക്ക് പോകയാണ്. എന്നെ കാത്ത് അവിടെ മലയും പുഴയും കായലും കടലും മനുഷ്യരും അവരുടെ ദു:ഖവുമുണ്ട്. വില്ലാപുരത്ത് അസ്രാളാ കൂടെ ആണ്‍ചങ്ങാത്തമായി എന്റെ വലഭാഗം നീയുണ്ടാകണം. കൂടവഴിയേ വന്നാല്‍ എനക്കെന്തു തരും ആണ്‍ചങ്ങാതി ചേദിച്ചു. ഞാനിരിക്കുന്നിടത്തൊക്കെ എന്റെ നേര്‍ചങ്ങാതിയുണ്ടാകും. മലനാട്ടിലെ എന്റെ ഊര്‍ക്കകങ്ങളില്‍ മുമ്പും പിമ്പും വമ്പും പൂര്‍ണ്ണ അധികാരവും നല്‍കാം. എണ്ണൂം വണ്ണൂം നാഴിയും താക്കോലും പെട്ടിയും പ്രമാണവും കൊട്ടും കോവും തെക്കിനിക്കൊട്ടാരവും നിന്‍പക്കല്‍ സമ്മതിക്കാം. വില്ലാപുരത്ത് അസ്രാളന്‍ അമരക്കാരനായി മരക്കലം കടല്‍ വഴക്കങ്ങളിലൂടെ തെക്കോട്ട് പായനിവര്‍ത്തിയോടി.
ഒരുകടലേയുള്ളു. പല അഴിമുഖങ്ങളാണ്. പലജീവിതങ്ങളാണ്. ആര്യക്കര, ഗംഗാക്കര, അറബിക്കര, അനന്തക്കര, ഗോകര്‍ണ്ണക്കര, അനന്താശി, ജഗവള്ളി കടലുകളും കാലവും ദേശങ്ങളും വയ്യലേക്ക് വയ്യലേക്ക് മറഞ്ഞുകൊണ്ടിരുന്നു.

തെക്കന്‍ കാറ്റടിച്ചു തുടങ്ങുന്നതേയുള്ളു. കന്നി, തുലാമാസത്തിലെ തെക്കന്‍വാട. തുലാക്കോളില്‍ പുറങ്കടല്‍ അസ്വസ്ഥമാണ്. മരക്കലത്തിലെ പെണ്ണുങ്ങള്‍ പാട്ടിലും പുരാണത്തിലും മാത്രം കേട്ടിട്ടുള്ള കടല്‍ക്കാഴ്ച്ചകളില്‍ മതിമറന്നു. വില്ലാപുരത്ത് അസ്രാളന്റെ കഴിവിലും കരുത്തിലും പെണ്‍ചങ്ങാതിമാരുടെ പേടിയകന്നു. സ്വപ്നം പോലെ  കടല്‍ സ്വയം ആവിഷ്‌ക്കരിച്ചു കൊണ്ടിരുന്നു. രാത്രിയില്‍ കടല്‍ ആകാശത്തിലേക്കും ആകാശം കടലിലേക്കും മൂര്‍ച്ചിച്ച് ഒന്നാകുന്നു. ഇളകുന്ന അലകള്‍ കടലാണോ ആകാശമാണോ എന്ന് രാത്രിയില്‍ തിരിച്ചറിയാനാകുന്നില്ല. കടലിലാണോ ആകാശത്തിലാണോ എന്ന് തിരിയാത്ത വിഭ്രാന്തി. തെക്കോട്ട് പോകുന്തോറും തുലാക്കോള്‍ കൂടിക്കൂടി വന്നു. കിഴക്കേമാനത്ത് അണിയറക്കൊട്ടുയരുന്നുണ്ട്. ഇടിയൊച്ചകളുടെ പെരുക്കങ്ങളിലേക്ക് കടല്‍ മലച്ചുപൊന്തി. കിഴക്കേമേഘമാലകളില്‍നിന്നും ഉതിരുന്ന  മിന്നല്‍പ്പൊലിമയിലേക്ക് കൂട്ടത്തോടെ ആര്‍ത്തുല്ലസിച്ചു പായുന്ന മീന്‍പുലപ്പുകളുടെ മായാക്കാഴ്ച്ചയില്‍ സഞ്ചാരികള്‍ അമ്പരുന്നു. വെളിച്ചം കുടിക്കുന്നതിനായി കുതിക്കുന്ന മീന്‍കൂട്ടങ്ങള്‍ മരക്കലത്തെ പൊതിഞ്ഞു. കിഴക്കന്‍ കടലിലേക്ക് മതിഭ്രമത്താല്‍ പായുന്ന മീന്‍കാഴ്ച്ച ഒരു സ്വപ്നം പോലെ തോന്നി. ആകോലിയുടേയും തളയന്റേയും ലക്ഷക്കണക്കിനുള്ള പുലപ്പുകള്‍ മദിച്ചു പുളയ്ക്കുന്നു. നീലജലത്തിലെ ആഴങ്ങളിലേക്കാഴങ്ങളിലേക്ക് മിന്നലൊളികള്‍ തിണര്‍ത്തു തിളച്ചു. സമുദ്രശരീരത്തില്‍ സ്വര്‍ണ്ണവെളിച്ചത്തിന്റെ അതിപ്രഭാവം. മരക്കലകന്യമാര്‍ ആഴക്കടലിന്റെ വര്‍ണ്ണവിന്യാസങ്ങളില്‍ മിഴി പാര്‍ത്തു. മിന്നല്‍ക്കൊടി മനേലയില്‍ മുക്കി മോത്തെഴുതി കടലിനെ ചമയിക്കുന്ന തുലാവര്‍ഷക്കോളില്‍ മരക്കലമുലഞ്ഞു.
തുലാവരിഷമൊഴിഞ്ഞ് മോത്ത് തെളിഞ്ഞ നീലാകാശം വെയില് തട്ടി തിളങ്ങി. ഇന്ദ്രനീലച്ചേലയിലെ അഴകാണ് ജലത്തിന്റെ ഏഴഴകില്‍ ഏറ്റമുജ്ജ്വലമെന്ന് കന്യമാര്‍ തമ്മാമില്‍ കിസ പറഞ്ഞു. നീലക്കല്ലുകള്‍ പോലെ തെളിഞ്ഞു തിളങ്ങുന്ന ലവണാകരത്തിലെ മീനഴക് വാക്കുകള്‍ക്കതീതമാണ്. മീനുകളെ നീലക്കണ്ണാടി വെള്ളത്തില്‍ തെളിഞ്ഞുകാണാം. പുറങ്കടല്‍ കലാശം കഴിഞ്ഞ് കുറികൊടുക്കുന്ന തെയ്യത്തെ പോലെ സൗമ്യമാണ്. തെങ്ങരക്കരനീരും കാറ്റും യാത്രയ്ക്കനുകൂലം. ദിവസങ്ങളങ്ങനെ കടന്നുപോയി. ഭൂമിയിലെ കാഴ്ച്ചകളും കടലിലെ കാഴ്ച്ചകളും ജീവിതത്തിന്റെ ആരും പറയാത്ത  ആഴവും അര്‍ത്ഥവുമാണ് കപ്പലോട്ടക്കാര്‍ക്ക് പറഞ്ഞു കൊടുക്കുന്നത്. കരയും കടലും ജീവിതത്തെ കാഴ്ച്ചകള്‍ കൊണ്ടു മാത്രമല്ല പകുക്കുന്നത്. 
കടല്‍ക്കാഴ്ച്ചകളുടെ വിസ്മയങ്ങള്‍ അവസാനിക്കുന്നില്ല. കടല്‍മീനുകളുടെ നവതാരുണ്യം. കടലിലെ ചെറുവാല്യക്കാരേയും വാല്യക്കാര്ത്തികളെയുമാണ് പിന്നെ കണ്ടത്. ചെകിളപ്പൂ ചീറ്റുന്ന വെള്ളത്തിനിടയില്‍ ചോര പടര്‍ന്നപോലെ ചോപ്പിന്റെ തിരയിളക്കം. കണ്ണെത്താ ദൂരത്തോളം ചോപ്പ് പടര്‍ന്നിരിക്കുന്നു. എന്താണ് കടലില്‍ സംഭവിക്കുന്നതെന്ന് ആര്‍ക്കും ആദ്യം തിരിഞ്ഞില്ല. കാതങ്ങളകലെ ചോപ്പിളകിവരുന്നു. അടുത്തെത്തിയപ്പോഴാണ് ചിത്രം വ്യക്തമായത്. ചെകിളപ്പൂക്കളുലര്‍ത്തി ഉപ്പുവെള്ളം കുടിച്ച്  അയിലപ്പുലപ്പിന്റെ ആര്‍ത്തുല്ലസിച്ചുള്ള വരവാണ്. വല്ലാത്തൊരു കാഴ്ച്ചയായിരുന്നു. അയിലകളുടെ സ്വരൂപത്തിലൂടെയാണ് മരക്കലം കാറ്റിലൊഴുകിക്കൊണ്ടിരിക്കുന്നത്. പെട്ടെന്നാണ് വലിയ വെരിമീനുകള്‍ കൂട്ടത്തേടെ വെള്ളം തെറിപ്പിച്ച് ആകാശത്തേക്ക് ചാടുന്നത് കണ്ടത്. പുലപ്പിനുള്ളില്‍ ഒളിഞ്ഞു കയറി അയിലക്കുഞ്ഞങ്ങളെ പിടിക്കാനായുള്ള വെരിമീനുകളുടെ കുതിച്ചു ചാട്ടം. എന്തെന്ത് കാഴ്ച്ചകളാണ് കടല്‍ ഒളിച്ചു വെച്ചിരിക്കുന്നത്.

Asralan-story-new-(28).jpg  Asralan-theyyam  അനില്‍ കുമാര്‍

കടലില്‍ കച്ചാന്‍കാറ്റ് വീശാന്‍ തുടങ്ങിയതോടെ വര്‍ധിതരണവീര്യം ഉള്ളിലടക്കിയ ചേകോനെ പോലെ കടല്‍ യുദ്ധസജ്ജമായി. അസ്രാളന്‍ നയിക്കുന്ന മരക്കലം തെക്കന്‍തീരം ലക്ഷ്യമാക്കി പായ നിവര്‍ത്തിയൊഴുകി.

അയിലകളുടെ സ്വരൂപത്തിലൂടെയാണ് മരക്കലം കാറ്റിലൊഴുകിക്കൊണ്ടിരിക്കുന്നത്. പെട്ടെന്നാണ് വലിയ വെരിമീനുകള്‍ കൂട്ടത്തേടെ വെള്ളം തെറിപ്പിച്ച് ആകാശത്തേക്ക് ചാടുന്നത് കണ്ടത്.

പെട്ടെന്ന് കടലിളക്കങ്ങള്‍ നിന്നു. മുകിലലകള്‍ ഭയപ്പെട്ട് നിശബ്ദമായി. മരക്കലം ശക്തമായി ഉലയാന്‍ തുടങ്ങി. കടലാഴങ്ങളില്‍ നിന്നും വെള്ളത്തിന്റെ മുഴക്കം. കടലലകള്‍ക്ക് മുകളില്‍ എറിച്ചു നില്‍ക്കുന്ന കൊമ്പാണ് ആദ്യം കണ്ടത്.

പിന്നെയത് ഇളകാന്‍ തുടങ്ങി. കടുംനീലപ്പാറക്കല്ലുകളിളകിവരികയാണ്. വലിയ കൂട്ടമായാണ് മരക്കലത്തിലേക്ക് പാറകള്‍ ഒഴുകി വരുന്നത്. പിന്നെ പിളര്‍ന്ന ഭീമന്‍ വായ കണ്ടു. കടലില്‍ വെള്ളിപ്പൂത്തിരി കത്തിച്ചുവെച്ചതു പോലെ വെള്ളത്തിന്റെ പൂത്തിരികള്‍ ആകാശത്തിലേക്ക് ചീറ്റുകയാണ്. അത്രയും ഉയരത്തിലേക്കാണ് വെള്ളം അതിശക്തമായി ചീറിയൊഴുകുന്നത്. ഇത്രയും നാളത്തെ കടല്‍ യാത്രയില്‍ ഇങ്ങനെയൊന്ന് ആദ്യമായിരുന്നു. തണ്ടാളര്‍ തണ്ടു വലിച്ച് മരക്കലം നിര്‍ത്തി. ആരും ഭയപ്പെടരുത് നീലക്കടലാനകളാണ് അസ്രാളന്‍ മുന്നറീപ്പ് കൊടുത്തു. എല്ലാവരും കണ്‍നിറയെ ആ കാഴ്ച്ച കണ്ടു. ഇനിയൊരിക്കലും ഇതൊന്നും കണാന്‍ പറ്റില്ല. ജീവിത്തിലെ ആദ്യത്തേയും അവസാനത്തേയും കാഴ്ചയാണ്. നെറ്റിപ്പട്ടം കെട്ടിയ നീലക്കടലനാകളുടെ എഴുന്നള്ളത്ത്. എണ്ണകിനിയുന്ന കടുംനീലമേനിയഴക് നിറയെപ്പൊലിയെ കണ്ടു. പുറത്തു നിന്നും ഉയര്‍ന്നു നില്‍ക്കുന്ന കൊമ്പുകള്‍. വായക്ക് മുകള്‍ ഭാഗത്തു നിന്നും ആകാശത്തേക്ക്  വെള്ളം ചീറ്റിക്കൊണ്ടിരിക്കുന്നു. കടലിലെ രാജാക്കന്മാരാണ് നീലക്കടലാനകള്‍. ആരും ഒന്നും ശബ്ദിച്ചില്ല. കാര്യമറിയാതെയെത്തിയ ലക്ഷക്കണക്കിന് അയിലകള്‍ കടലാനകളുടെ പിളര്‍ന്ന വായയുടെ കയങ്ങളില്‍ അപ്രത്യക്ഷമാകുന്ന ഭീതിതമായ കാഴ്ച്ച എല്ലാവരും ശ്വാസമടക്കി നോക്കി നിന്നു. 
നീലക്കടലാനകള്‍ കടലിലെ വാഴ്ച്ചക്കാരാണ്. ഭൂമിയിലെ ഏറ്റവുംവലുപ്പമുള്ളവര്‍. അവരോളം ശക്തര്‍ വേറാരുമില്ല. ആരും ഒന്നും ശബ്ദിച്ചില്ല. നീലക്കടലാനകള്‍ക്ക് വല്ലാത്ത ചെവിടോര്‍മ്മയാണ്. മതിയാവോളം ഭക്ഷണം കഴിച്ച് കടലിളക്കി വലിയ ശബ്ദത്തിലൂടെ വെള്ളം ആകാശപ്പരപ്പിലേക്ക് ചീറ്റിയൊഴുക്കി പുറങ്കടല്‍ക്കാട്ടിലേക്ക് ചെവിയാട്ടി തുമ്പി ഉയര്‍ത്തി അവര്‍ തുഴഞ്ഞു പോയി. എല്ലാവരും ആ മതിവരാക്കാഴ്ച്ചയില്‍ മിണ്ടാതെ ഉരിയാടാതെ തൊഴുത് നിന്നു. വൃശ്ചികം പിറന്നതോടെ കച്ചാന്‍ കാറ്റും നീരൊഴുക്കും വര്‍ധിച്ചു. ഓരോ ദിനവും കാറ്റും കടലും പെരുത്തു. അസ്രാളന്‍ മരക്കലത്തിന്റെ ആഞ്ചക്ക് നിന്ന് കപ്പല്‍ നിയന്ത്രിച്ചു. കടലും കാഴ്ച്ചകളും മാറി മറിയുകയാണ്. കുറേദൂരം മുന്നോട്ട് പോയപ്പോള്‍ നീരിന്റെ ബലം കുറഞ്ഞു വന്നു. നോക്കെത്താ ദൂരത്തോളം കടല്‍ കറുത്തിരുണ്ട് ബലപ്പെട്ട് കിടക്കുന്നു. കടലിനുള്ളില്‍ ചേറെന്ന കരയിലെ മനുഷ്യരുടെ പ്രാര്‍ത്ഥന.  കര്‍ക്കിടകം പെയ്തമരുമ്പോള്‍ കിഴക്കന്‍ മലയരികില്‍ മണ്ണും മരങ്ങളും ജീവജാലങ്ങലും ചണ്ടിയും ചപ്പും അടിഞ്ഞഴുകി മലവെള്ളം വലിയ ചേറിന്റെ കെട്ടായി കടലിനടിയില്‍ അലിയാതെ കിടക്കും. കരയിലേയും കടലിലേയും മക്കള്‍ക്ക് കടലമ്മയുടെ വരദാനമാണ് ചേറ്. വന്‍മല പൊട്ടിയളി വരുന്ന കാടും പടലും മലവെള്ളവും ഈ ചേറിലേക്ക് വന്നടിഞ്ഞു കൊണ്ടിരിക്കും. വലുപ്പത്തിനനുസരിച്ച് കടലിലെ നീരൊഴുക്കിനെ ചേറ് അമര്‍ത്തി വെക്കും. നല്ലയൊരു ചേറ് പൊന്തിയാല്‍ കടലും കരയും രക്ഷപ്പെടും. രുചിതേടിയുള്ള മീനുകളുടെ സംഘയാത്രയാണ് കരയിലെ മനുഷ്യന്റെ ചാകര.

A-T-(9).jpg

    ചേറിന്റെ രുചി സമ്രാജ്യത്തിലേക്ക് പലജാതി മീനന്‍പുലപ്പുകളുടെ പ്രവാഹമാണ്. ചെറുതും വലുതുമായ മീനുകള്‍ ചേറിന് ചുറ്റും പുളച്ചു. അയില, മത്തി, തളയന്‍, കൊയല, ഇരിമീന്‍, ചെമ്പല്ലി, ഏരി, മുള്ളന്‍, വറ്റ, പ്രാച്ചി, കറ്റ്‌ല മീനുകളുടെ പെരുങ്കടല്‍. പുള്ളിത്തെരണ്ടികളും കാക്കത്തെരണ്ടികളും പുളയ്ക്കുന്നു. മീന്‍പുലപ്പുകള്‍ തിന്നാനെത്തുന്ന സ്രാക്കുട്ടികള്‍. മുള്ളന്‍സ്രാവും കൊമ്പന്‍സ്രാവും. ചേറ് തിന്നു മദിക്കുന്ന മീനുടലുത്സവങ്ങളുടെ മായക്കാഴ്ച്ചകളില്‍ സ്വയം മറന്നാനന്ദിച്ചു. വൃശ്ചികക്കാറ്റിലൂടെ മരക്കലം മുന്നോട്ട് പോയ്‌ക്കൊണ്ടിരുന്നു. എത്രയോ കടലിരവുകളും കടല്‍പ്പകലുകളും കടന്നു പോയി. മീനുകളൊഴുകുന്ന മുകിലുകളില്‍ കടല്‍ക്കാക്കകളെ കാണാന്‍ തുടങ്ങി. കാറ്റും നീരുമടങ്ങി കടല്‍ ശാന്തമായി. മരക്കലം പല അഴികള്‍ താണ്ടി. കുന്ദാപുരം, മംഗലാപുരം, ഉഉളാപുരം, കുമ്പളക്കര, കാഞ്ഞിരങ്ങോട്, പാണ്ട്യന്‍കല്ല്, ചീക്കൈക്കടവ് തെക്കന്‍ അഴിമുഖങ്ങളിലേക്ക് മരക്കലം അടുത്തുതുടങ്ങി. 
മീനുകള്‍ക്ക് പുറമെ പലദേശങ്ങളില്‍ നിന്നുമുള്ള കടല്‍ വാണിഭക്കാരേയും കണ്ടു. വലിയ വളര്‍വഞ്ചികളില്‍ കച്ചവടം ചെയ്യുന്ന കോളാഞ്ചിയരും വളഞ്ചിയരും. ഇതല്യരും ചീനരും അറബികളും കടലിലൂടെ ചരക്കുമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. അറബിക്കച്ചവടക്കാരോട് കന്യമാര്‍ അറബിക്കുപ്പായവും വിലകൂടിയ തുണിത്തരങ്ങളും വാങ്ങിച്ചു. ചീനരോട് പട്ടുവസ്ത്രങ്ങളും വാങ്ങി. കരയും കാടും മലയും ഇടതൂര്‍ന്ന പ്രദേശങ്ങള്‍. ആര്യപ്പൂമാല സന്തോഷത്താല്‍ മതിമറന്നു. തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയാണ്. കിനാവില്‍ മാദകമധുഗന്ധവാഹിയായ കാറ്റ് കാട്ടിത്തന്ന മലനാടെന്ന സ്വപ്നഭൂമി കണ്ടുതുടങ്ങി. നീലേശ്വരം അഴിത്തലക്കടല്‍ കണ്ടു. ദൈവമരക്കലം പിന്നേയും ഓടിത്തുടങ്ങി. നീലജലവിതാനത്തില്‍ മൈനാകം പോലെ എകര്‍ന്ന നരിമുരളുന്ന കുളങ്ങാട്ടുവന്മല കണ്ടു. മരക്കലപ്പായയില്‍ കാറ്റുലര്‍ന്നു. കവ്വായിക്കടല്‍ കണ്ടു. ദൂരെ നിന്നും ഏഴില്‍ മലയുടെ കൊമ്പുകള്‍ കണ്ടു. ഏഴില്‍മല മുനമ്പു കണ്ടു. എത്രയോ ദിവസങ്ങളായുള്ള കഠിനശ്രമത്തിന്റെ ഫലപ്രാപ്തി. എടത്തൂരിലെ അഴിക്കാനത്ത് മരക്കലം നിശ്ചലമായി. ഏഴില്‍മലയില്‍ എടത്തൂരഴിയില്‍ ദേവിയും പരിവാരങ്ങളും മരക്കലമടുത്തു. 

 Asralan-story-photos-(92).jpg

ഏഴിമല കുറുവന്തട്ടയില്‍ നിന്നും ദേവിമാരും കപ്പിത്താനായ അസ്രാളനും പലതായി വഴി പിരിഞ്ഞു. ഓരോരോ പേര്‍പകര്‍ച്ചകള്‍ സ്വീകരിച്ചു. ആര്യക്കെട്ടില്‍ നിന്നും വരുമ്പോള്‍ അവര്‍ക്കൊരു തീരുമാനമുണ്ടായിരുന്നു. മലനാട്ടിലെ മനുഷ്യരുടെ കഷ്ടതള്‍ അകറ്റുക. കൊടുങ്കാട്ടില്‍ നായാടിയും തോട്ടില്‍ നിന്നും പൊഴയില്‍ നിന്നും മീന്‍പിടിച്ചും ജീവിക്കുന്ന മനുഷ്യരെ തങ്ങളുടെ കുടക്കീഴില്‍ കൊണ്ടു വന്ന് ശക്തമായ ഗോത്രസംസ്‌കൃതിയിലൂടെ കെട്ടുറപ്പുള്ള സമൂഹമായി അവരെ ഒന്നിപ്പിച്ച് നിര്‍ത്തുക. കൂടുതല്‍ അധ്വാനിച്ച് കൂടുതല്‍ ഉയര്‍ന്ന ഒരു സാമൂഹിക ജീവിതത്തിലേക്ക് അവരെ കൊണ്ടു വരിക.  ആര്യപൂങ്കന്നി പൂമാലയായി ചങ്ങാതി പൂമാരന്റെ കൂടെ തീയ്യരുടെ കുലദേവതയായി കുറുവന്തട്ടയിലിരുന്നു. കടല്‍ ജീവിതങ്ങളും അവരുടെ കുലനായകരെയും തേടി രണ്ട് ദേവിമാര്‍ ആണ്‍ ചങ്ങാതിമാരുടെ കൂടെ എടത്തൂരഴിയില്‍ നിന്നും പിന്നേയും വടക്കോട്ട് തന്നെ സഞ്ചരിച്ചു.

Ezhimala.jpg
ഏഴിമല

കടല്‍ സഞ്ചാരികള്‍ക്ക് വഴികാട്ടിയായി മസ്തകമുയര്‍ത്തി അതിസമ്പന്നമായ തുളുനാടന്‍ മഹിമ തിടമ്പേറ്റിയ കുളങ്ങാട്ട് വന്‍മല ലക്ഷ്യം കണ്ട് അസ്രാളന്‍ മരക്കലം തുഴഞ്ഞു.

മരക്കലപ്പായയില്‍ കാറ്റുലര്‍ന്നു. കവ്വായിക്കടല്‍ കണ്ടു. ദൂരെ നിന്നും ഏഴില്‍ മലയുടെ കൊമ്പുകള്‍ കണ്ടു. ഏഴില്‍മല മുനമ്പു കണ്ടു. എത്രയോ ദിവസങ്ങളായുള്ള കഠിനശ്രമത്തിന്റെ ഫലപ്രാപ്തി.

കച്ചില്‍പട്ടണത്തിന്റെ തീരസമൃദ്ധി കണ്ട് കവ്വയിക്കാറ്റുപിടിച്ച കപ്പല്‍ മുന്നോട്ട് പോകവേ ഒരു പെണ്ണ് മറ്റേ പെണ്ണിനോട് പറഞ്ഞു. ഇനിയങ്ങോട്ടുള്ള യാത്രയില്‍ നമ്മള്‍ ഒരുപോലെയാണ്. രണ്ട് കിട്ടിയാല്‍ ഓരോന്ന് ഒന്ന് കിട്ടിയാല്‍ പപ്പാതി. നമുക്കിരിക്കാന്‍ ഒരേ സ്ഥലം. അങ്ങനെയൊരുടമ്പടിയിലാണ് യാത്ര തുടര്‍ന്നത്. പെട്ടെന്ന് ആച്ച് മാറി. കാറ്റ് ചൊല്ലിയുറയാന്‍ തുടങ്ങി. കടല്‍ എടഞ്ഞു. പൊറങ്കടല്‍ പൊട്ടി. തിരമാലകള്‍ വായി പിളര്‍ന്ന് മലയോളം ഉയരത്തില്‍ ചീറി. അസ്രാളന്‍ന്റെ കയ്യില്‍ നിന്നും കപ്പല്‍ നിയന്ത്രണം വിട്ടു. ഭീമന്‍തിരമാലകളില്‍ ആടിയുലഞ്ഞു. മരക്കലത്തിന്റെ കൂമ്പ്  തകര്‍ന്നു, കുളങ്ങാട്ട് മലയും ഏഴില്‍മലയും മുങ്ങിപ്പോകുന്ന വന്‍തിരമാല മലര്‍ന്നുപൊന്തി മരക്കലത്തിനെ വിഴുങ്ങി. കുങ്കുമമരത്തിന്റെ അടിപ്പലകയും ചന്ദനമരത്തിന്റെ മേല്‍പ്പലകയും അകിലിന്റെ പുറംപലകയും പൊട്ടിപ്പിളര്‍ന്നു. ദൈവങ്ങള്‍ നടുക്കടലില്‍ മുങ്ങിത്താഴാന്‍ തുടങ്ങി. കപ്പല്‍ച്ഛേദത്തില്‍ തകര്‍ന്ന മരപ്പലകയില്‍ ഉറ്റവരായ തോഴിമാര്‍ മുങ്ങാതെ പിടിച്ചു നിന്നു. ഏഴുരാവും ഏഴു പകലും മരപ്പലകയില്‍ കെട്ടിപ്പിടിച്ച് കിടന്നു. അസ്രാളന്‍ കരയിലേക്ക് നീന്തി. 

meen.jpg

    എട്ടാം നാള്‍ കാറ്റടങ്ങി. എട്ടാം നാള്‍ തിരയടങ്ങി. എട്ടാം നാള്‍ കടലടങ്ങി. കന്യമാര്‍ ഉപ്പുവെള്ളത്തില്‍ കെട്ടിപ്പിടിച്ചുകിടന്ന മരപ്പലക കരയിലടുത്തു. കടലും കായലും ആവിയും നീര്‍ക്കെട്ടുകളും ഇടകലര്‍ന്ന അതിമനോഹര ഭൂമി. കായലിനക്കരെ കുളങ്ങാട്ട് മലയുടെ മനോരഞ്ജകമായ താഴ്‌വാരം. എങ്ങും കൈതപൂത്ത കാടുകള്‍. കൈതപ്പൂക്കളുടെ മനം മയക്കുന്ന സൗരഭ്യം. ഓരിയരക്കാവെന്ന ആവീരെ നീരില്‍കുതിര്‍ന്ന മണ്ണ്. അശുദ്ധി കലരാത്ത കന്യാഭൂമി. ദേവിമാര്‍ ചിലമ്പനക്കി വെളളിവിതാനിച്ച മണല്‍പ്പരപ്പിന്റെ നഗ്നമേനിയില്‍ തൊട്ടു. കന്യമാര്‍ ആവീരെ നീരും കൈതേരെ തണലും വെളുത്ത മണലും കുളുത്ത പടലും ആധാരമായി നിലകൊണ്ടു. കറുപുരളാത്ത വെളുത്ത മണലും ഉപ്പുനീരില്‍ നീലിച്ച ആവിക്കരയും കൈതപ്പൂവെണ്‍മയില്‍ കുളിര്‍ത്ത പടലും തേടിയാണല്ലോ, തീരശോഭയിലെ മനുഷ്യജീവിതം തേടിയാണല്ലോ ഈക്കടല്‍ ദൂരങ്ങളൊക്കെ താണ്ടി ഇവിടെ വരെ എത്തിയത്. കടലില്‍ നിന്നും തണുത്ത കാറ്റുവീശി. ഓരിയരക്കാവിലേക്ക് പടര്‍ന്ന കാറ്റിന്റെ കെട്ടഴിഞ്ഞ് നൂറ്റെട്ടഴികള്‍ക്കുമപ്പുറമുള്ള ആര്യപൂങ്കാവനത്തിന്റെ കാട്ടുഗന്ധമുലര്‍ന്നു.   

നെല്ലിക്കാത്തീയ്യന്‍ തലക്കാട്ടെകൂറന്‍

നെല്ലിക്കാതീയ്യന്‍ തലക്കാട്ടെകൂറന്‍ കുളങ്ങാട്ട് മലയടിവാരത്തിലെ തീയ്യനാണ്. കാടങ്കോട്ടെ മൊയോന്റെ ചങ്ങാതിയാണ്. രണ്ടുപേരും പതിവുപോലെ കുളങ്ങാട്ട് മലയില്‍ മണിനായാട്ടിന് പോയി. നെല്ലിക്കാതീയന് നായട്ടുകഴിഞ്ഞ് ഏറാനും മൊയോന് പൊഴയില്‍ തെളിയംവല വീയാനും പോണം. നെല്ലിക്കാത്തീയന്റെ കള്ളും മലാംമൊയോന്റെ മീനും കരയിലും നീരിലുമായി അവരവരുടെ ഉടയോരെ കാത്തിരുന്നു. ഓരിയരക്കാവിലെ കാട്ടില്‍ ദേവിമാര്‍ ഇളവെയില്‍ കൊള്ളാനിറങ്ങി. നെല്ലിക്കാത്തീയ്യന്‍ അമ്പും വില്ലുമായി നായാട്ട് മെരുവത്തെ തേടി. പെട്ടെന്നാണ് മുന്നില്‍ മുള്ളുകള്‍ വിടര്‍ത്തി കരികരിപോലൊരെയ്യന്‍. അമ്പുകൊണ്ട എയ്യന്‍ മുള്ളുകള്‍ കുടഞ്ഞു. ശരത്തെക്കാള്‍ വേഗത്തില്‍ കൈതക്കാട്ടിലെ പൊന്തയിലേക്ക് കുതിച്ചു. മെരുവത്തിന് പിന്നാലെ തീയ്യന്‍ പാഞ്ഞു. കാട്ടു പൊന്തയ്ക്കുള്ളിലൂടെ ആവിയുടെ തീരത്തെത്തി. തീയ്യന് പെട്ടെന്നൊന്നും തിരിഞ്ഞില്ല. മൃഗങ്ങള്‍ പോലും വരാന്‍ മടിക്കുന്ന കാട്ടില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വേഷത്തിലും ഭാഷയിലും രൂപത്തിലുമുള്ള മനുഷ്യര്‍. തീയ്യന്‍ പേടിച്ചു നിലവിളിച്ചുവെങ്കിലും കൂറ്റ് പുറത്തു വരാതെ ആവിയായിപ്പോയിരുന്നു. 
മണിനായാട്ടിനറങ്ങിയ നെല്ലിക്കാത്തീയ്യന് നായാട്ട് മൃഗത്തെ കാട്ടിക്കൊടുത്തവര്‍ ആരാണ്. അമ്പും വില്ലും താഴെ വെച്ച് നെല്ലിക്കാത്തീയ്യന്‍ ഭയഭക്തിയോടെ പുറനാട്ടില്‍ നിന്നും വന്നവരെ തൊഴുതു. ചരക്ക് കൊണ്ടുപോകുന്നതിനായി കപ്പലോടിച്ച് വരുന്ന ചിലരെയൊക്കെ തീയ്യന്‍ കണ്ടിട്ടുണ്ടായിരുന്നു.

Asralan-story-photos-(85).jpg
ആയിറ്റിക്കാവ്

പറങ്കിപോലെ ചോന്ന വര്‍ത്തകപ്രമാണിമാരെ അഴിത്തലത്തീരത്തൊക്കെ വല്ലപ്പോഴും കാണാറുണ്ടായിരുന്നു. പക്ഷേ ഇവര്‍ അവരെ പോലെയല്ല. തീയ്യന്‍ ഒന്നും ആലോചിച്ചില്ല ഓരിയരക്കാവിലെ കായലോരത്തേക്ക് നടന്നു. തെങ്ങില്‍ കേറി നാലിളനീരുമായിവന്ന് അതിഥികള്‍ക്ക് മുന്നില്‍ വെച്ച് ദൂരേക്ക് മാറിനിന്നു. നെല്ലിക്കാത്തീയനെ കാണാതെ കാത്തിരുന്ന് മടുത്ത ചങ്ങാതി മലാംമൊയോന്‍ മടക്കുകത്തിയും തലക്കുടയുമായി കൈതക്കാട്ടിലെത്തി. കൈതക്കാട്ടിലെ കാഴ്ചയില്‍ മൊയോന്‍ ഭയന്നില്ല. കല്‍ത്തറയില്‍ പാകമായ നാലിളനീരും നാല് ദേവതമാരേയും കണ്ടു. വിദേശീയരായ സഞ്ചാരികളെ ഉപചാരപൂര്‍വ്വം തലക്കുടയൂരി കെട്ടിത്തൊഴുതു. അരയില്‍ നിന്നും പീശാക്കത്തിയൂരി നാലിളനീരും ചെത്തി കുടിക്കാനായി കൊടുത്തു. ചെത്തിവെച്ച ഇളനീരിനുമുന്നില്‍ വെളുത്ത മണലില്‍ നിരന്നിരിക്കുന്ന കടല്‍യാത്രികരെ മൊയോന്‍ ആദരപൂര്‍വ്വം നോക്കിനിന്നു. ആരും ഒന്നും സംസാരിച്ചില്ല.  തീയ്യന്‍ ഇളനീര്‍ കൊത്തിവെച്ചു കൊടുത്തിരുന്നില്ല. ദേവിമാരും അസ്രാളനും സന്തോഷിച്ചു. മലാംമൊയോന്റെ പ്രവര്‍ത്തിയില്‍ അതിയായ സന്തോഷം തോന്നിയ കന്യാക്കന്മാരില്‍ ഒരാള്‍  പരസ്പരം സമ്മതം ചോദിക്കാതെ ഒരുകയ്യില്‍ ഇളനീര്‍ക്കലശമെടുത്തുല്ലസിച്ചു. ഇതുകണ്ട് മറ്റേ പെണ്ണാള്‍ കോപിച്ചു. നേര്‍ചങ്ങാതി  എന്നോടന്വേഷിക്കാതെ നെല്ലിക്കാതീയ്യന്‍ കൊത്തിവെച്ച ഇളനീര്‍ വാങ്ങിയനുഭവിച്ചതില്‍ വെറുത്തരിശപ്പെട്ടു. കൈതക്കാട്ടിലേക്ക് വരുമ്പോഴുള്ള ചങ്ങായിത്തം നീ മറന്നുവെന്ന് ഓരാളൊരാളോട് പരിഭവം പറഞ്ഞു.  
 കൈതക്കാടുകളും ആവീരെ നീരും വെളുത്ത മണലും കുളുത്ത പടലും കടന്ന് പെണ്ണുങ്ങളിലൊരാള്‍ ആണ്‍ചങ്ങാതിയേയും കൂട്ടി യാത്ര തുടര്‍ന്നു. മുന്നില്‍ ആകാശത്തോളം പടര്‍ന്ന കൊടുങ്കാടും മൃഗങ്ങളും നിറഞ്ഞ് സമൃദ്ധമായ കുളങ്ങാട്ട് മല കണ്ടു. മലമുടിയില്‍ കത്തിച്ചുവെച്ച വെളിച്ചം കണ്ടു. മലയിലെ ആദിമ സംസ്‌ക്കാരം കണ്ടു. അസ്രാളന്റെ വില്ല് പാലമാക്കി വിലങ്ങിയ പുഴ കടന്ന് കൊളങ്ങാട്ടുവന്മല മുമ്പേതുവായി ശേഷിപ്പെട്ടു. കൊളങ്ങാട്ടപ്പന്റേയും കൈതക്കാട്ട്ശാസ്താവിന്റേയും പൂവും നീരും കയ്യേറ്റ് നിലകൊണ്ടു. കൈതക്കാട്ട് ശാസ്താവിന്റെ വെള്ളിവിളക്കിലെ ദീപം നിറയെപൊലിയേകണ്ടു. പുന്നമരത്തമണലില്‍ വിശ്രമിച്ചു. കുളങ്ങാട്ട് മലങ്കൊമ്പില്‍ നിന്നും പെണ്ണ് ചുറ്റിലും നോക്കി. നീലപ്പെരുങ്കടലുടല്‍ വലിയ സ്രാവിനെ പോലെ ദൂരെ പച്ചത്തലപ്പുകള്‍ക്ക് മുകളില്‍ വാലും ചെകിളയും ഇളക്കിക്കിടക്കുന്നു. കിഴക്ക് പൊന്നിനെക്കാള്‍ വിലയുള്ള കുരുമുളകും ഏലവും കറുവപ്പട്ടയും പൂത്ത ഗന്ധമാദനങ്ങള്‍. നീരാഴികളും നീര്‍ക്കെട്ടുകളും നീലത്തടാകങ്ങളും നിറഞ്ഞ തീരസമൃദ്ധി. കഠിനാധ്വാനികളായ ചെറുമാനുഷര്‍. സ്വപ്നത്തില്‍ കണ്ടതിനേക്കാള്‍ മനോജ്ഞമാണീ മണ്ണഴകുകള്‍. 

Asralan-story-photos-(55).jpg

  നേരെ തെക്കോക്കികൊള്ള തിരിഞ്ഞ് മലയിറങ്ങി. തെക്കുനിന്നാരാണ് വിളിക്കുന്നത്. കുളങ്ങാട്ടപ്പനും കൈതക്കാട്ട് ദേവനും പിന്‍മറഞ്ഞു. ഉച്ചൂളികള്‍ നിറഞ്ഞ കടവില്‍ വെച്ച് മൊയോന്‍ ചെത്തിക്കൊടുത്ത ഇളനീര്‍ക്കലശം വാങ്ങിയനുഭവിച്ച പെണ്ണ് കൊളങ്ങാട്ട് മലയിലെ പുന്നമരത്തണലിലിരുന്നു.  രണ്ടു ദേവിമാരും മോയോയറുടേയും തീയ്യരുടേയും തെക്കും കിഴക്കും രണ്ടു ദേശത്തേക്ക് കൊള്ളതിരിഞ്ഞു.  കൊളങ്ങാട്ട് മലയിലിരുന്ന് തെക്കും കിഴക്കും ദേശം ഭരിക്കുന്ന നായനാര്‍മാരെ കണ്ടു. തെക്ക് മടിയന്‍ക്ഷേത്രപാലകനും കിഴക്ക് വൈരജാതനും. രണ്ട് തമ്പുരാക്കന്മാരുടെ ജമ്മമാണ്. തമ്പുരാന്‍ വാഴ്ച്ചയുടെ പ്രതാപകാലം. ജാതിയെയും ദേശത്തേയും കടലിലൊഴുക്കി മനുഷ്യരായാണ് ഞങ്ങള്‍ മലനാട്ടില്‍ മരക്കലമിറങ്ങിയത്. നീരിലും കരയിലും മലയിലും കഷ്‌പ്പെടുന്നവര്‍ക്ക് വേണ്ടിയാണ് നീലക്കടലാനകളെ കടന്ന് കൊമ്പന്‍ സ്രാവുകളെ കടന്ന് നൂറ്റെട്ടഴിയാല്‍ നീരാടി നൂറ്റെട്ട് ദേശപ്പലമകളിലെ ഉപ്പും നീരുമണിഞ്ഞ് ഈ കുളങ്ങാട്ട് മലങ്കാട്ടില്‍ ഞങ്ങള്‍ എത്തിയത്. പെണ്ണുങ്ങള്‍ പരസ്പരം മൊഴി പറഞ്ഞ് പിരിഞ്ഞു.

ജാതിയെയും ദേശത്തേയും കടലിലൊഴുക്കി മനുഷ്യരായാണ് ഞങ്ങള്‍ മലനാട്ടില്‍ മരക്കലമിറങ്ങിയത്.

 വഴിപിരിഞ്ഞ പെണ്‍ചങ്ങാതിമാരിലൊരുവള്‍ ബലമുള്ള നായരും ഉശിരുള്ള നാല്‍പ്പാടിയും എതമുള്ള സ്ഥലവും വേണമെന്ന് നിനച്ച് ഓരിച്ചേരിക്കല്ലും പടന്ന കൊട്ടാരവും കടന്ന് പിന്നെയും തെക്കോട്ട് ഉദിനൂരിലേക്ക് നടന്നു. അള്ളടസ്വരൂപത്തിന്റെ അധിപന്‍ വാതില്‍കാപ്പാനായ മടിയന്‍ ക്ഷേത്രപാലകന്റെ ഉദിനൂര്‍കൂലോത്തെ പടിഞ്ഞാറെ കീറ്റിലെത്തി. ഒരു പെണ്ണാണല്ലോ വന്ന് വരമിരിക്കുന്നത്. നായനാര്‍ മടിയന്‍ ക്ഷേത്രപാലകന്‍ വന്ന പെണ്ണിനോട് ലക്ഷ്യമെന്താണെന്ന് ചോദിച്ചു. ഉശിരുള്ള പെണ്ണ് നായന്മാരുടെ ഇരുനൂറ്റിഅയിമ്പത് ലോകര്‍ക്കും കന്നുകാലി പൈതങ്ങള്‍ക്കും അപ്പോത്തന്നെ ലക്ഷ്യത്തെ കാട്ടികൊടുത്തു. കൂട്ടത്തോട് കുരിപ്പോട് വാപ്പോട് വസൂരിയേട് മാറാവ്യാധി വാരിയെറിഞ്ഞു. മടിയന്‍ നായരച്ചന് തന്റെ മുന്നില്‍ വന്നിരിക്കുന്നത് ഒരു സാധാരണ പെണ്ണല്ലെന്ന് തിരിഞ്ഞു. അന്ന് നായിനാര്‍ മടിയന്‍ക്ഷേത്രപാലകന്‍ വെള്ളിതൃക്കൈക്കടുത്തില കൊണ്ട് ചൂണ്ടിക്കാട്ടി നീര്‍വീഴ്ത്തി തെക്ക് നാലില്ലത്തിന്റെ കൊയോങ്കര നാട് വരച്ചുകാണിച്ച് ബോധിപ്പിച്ചു കൊടുത്തു. 

 AAyittikkavu_0.jpg

    വെള്ളിതൃക്കൈക്കടുത്തില കൊണ്ട് ചൂണ്ടിത്തന്ന പറ്റുവന്‍, പറമ്പന്‍, തിരുനെല്ലി, പേക്കടവന്‍ എന്നിങ്ങനെ നാലില്ലത്തുനായന്മാരുടെ കൊയോങ്കര നാട്ടിലെത്തി. തേളപ്പുറത്ത് മൊയോന്‍ കത്തിച്ചുവെച്ച വെളളിവിളക്കിലെ ദീപം കണ്ടുകൊതിച്ച് തേളപ്പുറത്തച്ചന്റെ പടിഞ്ഞാറ്റിയില്‍ ശേഷിപ്പെട്ടു. തേളപ്പുറത്ത് പടിഞ്ഞാറ്റ പയ്യക്കാല്‍ കാവെന്ന പേരും പെരുമയും വളര്‍മയും നേടുന്നതിന് മുമ്പ് നീലംബം കടല്‍ക്കരയില്‍ ആയിറ്റിത്തുരുത്തിലെ ആയിറ്റിക്കാവില്‍ ആണ്‍ചങ്ങാതി അസ്രാളനൊപ്പം തണലിരുന്നു. ആയിറ്റിപ്പോതിയെന്ന് പേര്‍പൊലിച്ചു. ആയിറ്റിക്കാവെന്ന നെയ്തല്‍ത്തിണയിലിരുന്ന് കടലിന്റേയും ജീവിതത്തിന്റേയും വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും കണ്ടു. എത്രയോ രാപ്പകലുകള്‍ ജീവിതം പണയപ്പെടുത്തി കപ്പലോട്ടം നടത്തിയ കടലാഴങ്ങളുടെ നിതാന്തതയിലേക്ക് നോക്കിക്കൊണ്ടിരിരുന്നു. ആണ്‍ചങ്ങാതി അസ്രാളനെ നാട് നടന്നു കാണാനായി പറഞ്ഞുവിട്ടു. കാവിലെ വന്‍മരത്തണലില്‍ വിശ്രമിക്കുമ്പോഴാണ് അതു കണ്ടത്. മരത്തണലില്‍ കല്‍ത്തറയില്‍ വായ്‌പൊതി കെട്ടിയ കലശകുംഭം.

Ayitti-pothyiyude-mudi.jpg
ആയിറ്റിപ്പോതിയുടെ മുടി

രണ്ടാമതാലോചിക്കാന്‍ നിന്നില്ല. വായ്‌പ്പൊതി തുറക്കുമ്പോള്‍ പൂമ്പാറ്റകള്‍ ചിറകു വീശിപ്പറന്നു. ആര്യപൂങ്കാവനത്തേക്കാള്‍ ഹൃദ്യസുഗന്ധം. മണമാണല്ലോ എപ്പോഴും ജീവിതത്തെ വഴി തിരിച്ചുവിടുന്നത്. മണ്‍പാനി  തുറന്ന് കലശം മതിയവോളം എടുത്തുല്ലസിച്ചു. ജീവിതത്തില്‍ ഇന്നോളം അനുഭവിക്കാത്ത ആനന്ദത്തില്‍ ആയിറ്റിപ്പോതി നീന്തി. ആര്യപൂങ്കാവനത്തിലെ പൂക്കളുടെ മധു മുഴുവന്‍ വായ്‌പ്പൊതി കെട്ടിയ ഈ മണ്‍പാത്രത്തിലാണോ പോര്‍ന്നു വെച്ചിട്ടുള്ളത്. ഇതെന്ത് മറിമായം ഈ കൊടുങ്കാട്ടില്‍ ആരാണീ മധുലഹരി കൊണ്ടു വെക്കുന്നത്. പിറ്റെന്നാള്‍ അതികാലത്തുണര്‍ന്ന് വന്‍മരത്തണലില്‍ മറപറ്റിനിന്നു. വെള്ളത്തുണികൊണ്ട് തലപൊതിഞ്ഞ് പൂക്കലശവുമായി വന്നത് മെലിഞ്ഞു കറുത്തൊരാള്‍. കലശകുംഭം കലശത്തറയില്‍ വെച്ച് അയാള്‍ തൊഴുതുനിന്നു. തൊടങ്കലും കത്തിയും ഒണ്ടയും അരയിലുണ്ട്. തിളങ്ങുന്ന മൊട്ടത്തല. കയ്യിലും കാലിലും തളയിട്ടതിന്റെ കറുത്ത് തിണര്‍ത്ത തഴമ്പുകള്‍. മോത്ത് കടല്‍കുറുക്കിയ കഠിനഭാവം. കണ്ണില്‍ തീവെയില്‍ തിളക്കുന്നു. കലയക്കാരന്‍ ഏറ്റുകത്തിയും കാല്‍ത്തളത്തഴമ്പുമായി കാടിറങ്ങി. ആളും അനക്കവുമില്ലാത്ത ഈ പെരുങ്കാട്ടില്‍ ഒറ്റയ്ക്കു വന്നു പോകുന്നവന്‍ ആരാണ്.
നാടലഞ്ഞ അസ്രാളന്‍ പേക്കടത്തെ തീയ്യക്കാര്‍ന്നോരാണ് കലശവുമായി ആയിറ്റിക്കാവില്‍ വരുന്നതെന്ന് ദേവിയോട് തിരുവുള്ളം വിശേഷിച്ചു. അവനൊരു പേക്കടത്തീയനാണെങ്കില്‍ ഞാനൊരു ആര്യപ്പൂങ്കന്യാവ് ആയിറ്റിപ്പോതി. തീയ്യനെ എനക്കുപേക്ഷിക്കാനാവൂല. ദേവി തീയന്റെ ആഗമനത്തിനായി കാത്തു. സംക്രമനാളില്‍ എതിരെപ്പുലരെ ഉദയാരംഭകാലത്ത് പേക്കടത്തീയ്യന്‍ കലശവുമായി ആയിറ്റിക്കാവില്‍ വീണ്ടുമെത്തി. മൂത്ത കള്ള് തറയില്‍ വെച്ചു. മൂത്തകലശം രുചിച്ച ദേവി മൂന്നുവട്ടം എന്റെ മൂത്തേടത്തീയ്യാ മൂത്തേടത്തീയ്യാ എന്ന് വിശേഷിച്ചു. ആയിറ്റിക്കാവിലെ കുളിര്‍ത്ത പടലിലും വെളുത്ത മണലിലും കണ്ടു മുട്ടിയ പെണ്ണിനെ എന്റെ ആയിറ്റിപ്പോതീ എന്ന് ഏറ്റുകാരനായ തീയ്യന്‍ മറുകൂറ്റു കാട്ടി. മൂത്തേടത്തീയ്യന്റെ കെട്ടും ചുറ്റും ഞൊറിയും കുറിയം അടക്കവും ആചാരവും കണ്ട് കയ്യൊഴിച്ചുകൂട എന്നവസ്ഥ കരുതി മൂത്തേടത്തീയ്യന്‍ ഏറിയ മൂത്തകള്ളും മൂത്തടത്തീയന്‍ പിടിച്ച വെള്ളോലമെയ്ക്കുടയും മൂത്തേടത്തീയ്യന്റെ സങ്കടങ്ങളും ആധാരമായി പേക്കടത്ത് പടിഞ്ഞാറ്റയില്‍ ശേഷിപ്പെട്ടു.

അവനൊരു പേക്കടത്തീയനാണെങ്കില്‍ ഞാനൊരു ആര്യപ്പൂങ്കന്യാവ് ആയിറ്റിപ്പോതി. തീയ്യനെ എനക്കുപേക്ഷിക്കാനാവൂല. ദേവി തീയന്റെ ആഗമനത്തിനായി കാത്തു.

മാപ്പിളക്കുട്ടികള്‍ ഖുര്‍ ആന്‍ ഓതുന്ന സ്ഥലമായിരുന്നു അക്കാലം ആ പ്രദേശം. മൂത്തേടത്തീയ്യന് ദേവിയെ ഇരുത്തുന്നതിന്  മതിയായ സ്ഥലമില്ലായിരുന്നു. തീയ്യന്‍ സങ്കടപ്പെട്ടു. നായും നരിയും കളിയാടുന്ന കാട്ടില്‍ നിന്നു കിട്ടിയ ഈ പൊന്നിന്‍പഴുക്കയെ എന്തു ചെയ്യും. മാപ്പിളസഹോദരന്മാരിരിക്കുന്ന ഈ പുണ്യഭൂമിയില്‍ ഞങ്ങളുടെ അമ്മയായി ഈ നാടിന്റെ കുലദൈവമായി ഞങ്ങള്‍ക്ക് തുണയായി നീ വേണം. ആയതുപ്രകാരം ദേവി ഖുര്‍ ആന്‍ ഓതുന്ന പള്ളിയില്‍ തണലിരുന്നു. ഖുര്‍ ആനിലെ വിശുദ്ധ വചനങ്ങളുടെ വെളിച്ചം വീണ് പരിശുദ്ധമായ ഭൂമി കുറുവാപ്പളളിയറെയെന്ന് പേര്‍ പൊലിച്ചു. തീയ്യനും മാപ്പിളയും ഏകോദരസഹോദരരെ പോലെ കഴിയുന്ന വിശുദ്ധഭൂമി, ആയിറ്റിപ്പോതി തൃപ്പാദമൂന്നിയ മണ്ണ് നാലുനാട്ടിലും എട്ട് ദിക്കിലും പേരും പെരുമയും വളര്‍മ്മയും നേടി. 

Asrala-vellattam.jpg

    മൂത്തേടത്തീയ്യന്റെ കലശം ഭുജിച്ച് ആയിറ്റിപ്പോതി കുറുവാപ്പള്ളിയറയില്‍ നിലകൊണ്ടു. പക്ഷേ ആണ്‍ചങ്ങാതി അസ്രാളനെ എന്തുചെയ്യും. നൂറ്റെട്ടഴികള്‍ക്കുമക്കരെ നിന്നും തന്നെ കടല്‍ക്ഷോഭത്തിനും കടല്‍ക്കൊള്ളക്കാര്‍ക്കും വിട്ടുകൊടുക്കാതെ കാത്ത് ഇവിടെ വരെയെത്തിച്ച നേര്‍ചങ്ങാതിയെ കയ്യൊഴിച്ച് കളയാനാകില്ലല്ലോ. ഞാനിരിക്കുന്നിടത്തൊക്കെ മുമ്പും പിമ്പും വടക്കിനിക്കൊട്ടാരവും സമ്മതിക്കാമെന്ന് വാക്കു കൊടുത്തതല്ലേ. നേര്‍ചങ്ങാതി എന്നരികത്തുതന്നെയിരിക്കണം. ആയിറ്റിപ്പോതി മൂത്തേടത്തീയ്യനോട് കാര്യം പറഞ്ഞു. കലയക്കാരനും നോക്കനും കുറുവാപ്പള്ളി ഊര്‍ക്കകത്തെ പത്തും കൂടിയാലോചിച്ച് ദേവകന്യാവിനോട് പരിഹാരം നിര്‍ദേശിച്ചു. ദേവിയിരിക്കുന്ന കുപ്പൊരയുടെ വലത്തായി പടിഞ്ഞാറ് കന്നിക്ക് ആകാശത്തിലേക്ക് പടര്‍ന്ന പൊലീന്ത്രന്‍ പാലയുണ്ട്. ആന പിടിച്ചാല്‍ പോലും ഇളക്കാന്‍ കഴിയാത്ത വന്‍മരം. അതിളക്കിത്തന്നാല്‍ ആണ്‍ചങ്ങാതിക്ക് സ്ഥാനം നല്‍കാം. ആയിറ്റിപ്പോതി അസ്രാളനെ തന്നരികിലേക്ക് വിളിച്ചു. ഏതാപത്തിലും തനിക്ക് ആണ്‍തുണയായിരുന്ന വില്ലാപുരത്ത് വീരന്‍ വലഭാഗം തന്നെ വേണം. അസ്രാളന്‍ തന്റെ കടല്‍ക്കരുത്ത് മുഴുവനുമെടുത്ത് പൊലീന്ത്രന്‍ പാല ഇളക്കിമറിച്ചു. വീരന്റെ ശക്തിയും കരുതലും കാവലും ഈ നാടിന് വേണമെന്ന് കരുതി കുറുവാപ്പള്ളിയുടെ കന്നിക്ക് പടിഞ്ഞാറ് ഭാഗം വില്ലാപുരത്ത് അസ്രാളന് പള്ളിയറ പണിതു. തൃക്കരിപ്പൂരിന്റെ ആരും കണ്ടെടുക്കാത്ത ചരിത്രത്തിന്റെ പുറങ്കടലില്‍ ഈ നാവികന്‍ ഇപ്പോഴും കപ്പലോടിക്കുന്നുണ്ട്. തൃക്കരിപ്പൂരിലെ കുറുവാപ്പള്ളിയറയിലാണ് അസുരകാലനെന്ന അസ്രാളന്‍ തെയ്യമുള്ളത്. നാളുകള്‍ കഴിയന്തോറും ചരിത്രത്തിന്റെ പിന്‍ബലം ഓരോന്നായി നഷ്ടപ്പെട്ട് അസ്രാളന്‍ എന്നത് കുറുവാപ്പള്ളിയറയിലെ തീരെ പ്രസക്തിയില്ലാത്ത ഒരു വീരന്‍തെയ്യം മാത്രമായി ചുരുങ്ങിപ്പേയി. ഇത്രയും വിപുലമായ ഐതിഹാസിക ജീവിതം ആ വീരന്‍തെയ്യത്തിനുണ്ടെന്ന് എത്ര പേര്‍ക്കറിയാം. പുലര്‍ച്ചെ മൂന്ന് മണിക്ക് നമ്മളെല്ലാവരും സുഖനിദ്രയിലമരുമ്പോള്‍ ഉറക്കൊഴിച്ച് വയറ് കാഞ്ഞ് തെയ്യക്കാരന്‍  ആര്‍ക്കും  വേണ്ടാത്ത, കാണുവാന്‍ ആരുമില്ലാത്ത ചരിത്രത്തിന്റെ കെട്ടഴിക്കും. ആരും പറയാത്ത സത്യം വിളിച്ചു പറയും. അസ്രാളന്‍ തെയ്യമായി തെക്കുംകര വണ്ണാനും പ്രതിപുരുഷനായ അസ്രാളന്‍ വെളിച്ചപ്പാടനായി തേളപ്പുറത്ത് മൊയോനും പാരമ്പര്യ ചരിത്ര സങ്കല്‍പങ്ങളുടെ കല്‍ക്കെട്ടുകള്‍ക്കുമുകളില്‍ കയറി നിന്ന് ചൊല്ലിയുറയും ഉറഞ്ഞുരിയാടി ഉച്ചത്തിലുച്ചത്തില്‍ സത്യം വിളിച്ചുപറയും.

നെയ്തല്‍ത്തിണയിലെ മീനവരുടേയും തീയ്യരുടേയും കഠനിനാധ്വാത്തിന്റേയും സങ്കടത്തിന്റേയും അഴിമുഖങ്ങളിലേക്ക് മരക്കലം തുഴഞ്ഞു വരുന്ന സഞ്ചാരിയായ ദൈവത്തെ വാഴ്ത്തുവതെങ്ങനെ.

പത്താമുദയസൂര്യന്‍ പടിഞ്ഞാറനാവിയില്‍ നീരണിയുമ്പോള്‍, തുലാക്കോളിലും നീരിലും പുറങ്കടല്‍ പൊട്ടിയലറുമ്പേള്‍, ആഴിത്തിരകളില്‍ സ്രാവുകള്‍ കൊമ്പുകോര്‍ത്തുല്ലസിക്കുമ്പോള്‍, തുലാമേഘത്തിന്റെ പിളര്‍ന്ന വായില്‍ ഇടിത്തീയാളുമ്പോള്‍, ആകോലിപ്പുലപ്പുകള്‍ പൊട്ടിയൊലിച്ച വൈദ്യുതിവെളിച്ചം കുടിക്കനായി കിഴക്കന്‍ തീരത്തേക്കാര്‍ത്തലയ്ക്കുമ്പോള്‍, പൊന്നിന്‍പഴുക്ക പോലുള്ള പെണ്‍മണികളുമായി ആയിരം കാതങ്ങളകലെ പുറങ്കടലില്‍ ദേവമരക്കലത്തിന്റെ കൂമ്പ് കാണാം. ആര്യപൂങ്കാവനം മണക്കുന്ന എരിഞ്ഞിപ്പൂങ്കുലകളും കരിമഷിക്കൊടുംപുരികവും മോത്തെഴുതി കൊതച്ചമുടിയും കറുത്ത താടിയും മീശക്കൊമ്പുമായി വെളുത്ത മണലും കുളിര്‍ത്ത പടലും ആധാരമായി  ഉലകീയുന്ന കപ്പലോട്ടക്കാരനായ ദൈവം. അരയില്‍  ഞൊറിയുടുത്ത വെളിമ്പന്‍. അര്‍ക്കനോടെതിര്‍ പോരുന്ന തൃക്കണ്ണും നാസികയും. കര്‍ണ്ണകുണ്ഡലങ്ങള്‍, മുത്തുമാല, വനമാല, തുളസിമാല, കളകളനിനദം,തൃക്കരങ്ങളില്‍ കട്ടാരം, കടുത്തില, പലിശ, പൊന്തി, ചേടകം. തിരുമെയ്‌ശോഭയില്‍ കടല്‍പോരാട്ടത്തിന്റെ ഉതിരത്തിരകള്‍, ചിലമ്പൊലിശിഞ്ചിതം. അതികാലം കുളിര്‍ത്ത കച്ചാന്‍കാറ്റില്‍ മാനത്ത് പെരിമീന്‍ ചെകിളവിടര്‍ത്തി നീന്തുമ്പേള്‍ കപ്പല്‍ഛേദങ്ങളും കടല്‍ക്ഷോഭങ്ങളും താണ്ടി ദേവനൗക ഒഴുകിയുലഞ്ഞു വരും. നെയ്തല്‍ത്തിണയിലെ മീനവരുടേയും തീയ്യരുടേയും കഠനിനാധ്വാത്തിന്റേയും സങ്കടത്തിന്റേയും അഴിമുഖങ്ങളിലേക്ക് മരക്കലം തുഴഞ്ഞു വരുന്ന സഞ്ചാരിയായ ദൈവത്തെ വാഴ്ത്തുവതെങ്ങനെ. എല്ലാ തുലാവരിഷപ്പകര്‍ച്ചയിലും രാക്കൊണ്ടനേരത്ത് കൂമ്പുതകര്‍ന്ന കപ്പലുമായി മൂത്തേടത്തീയനും തേളപ്പുറത്ത് മൊയോനും മുതിര്‍ത്ത മൂത്ത കള്ളും മത്സ്യഗന്ധവും മോഹിച്ചുവരുന്ന ഈ കടല്‍ച്ചങ്ങാതിയെ ഇന്ന് എത്ര പേര്‍ തമ്മില്‍ കൂടിക്കാണുന്നുണ്ട്. 


ആദ്യഭാഗം: അസ്രാളന്‍ -  മീന്‍മണമുള്ള ദൈവം

മൂന്നാം ഭാഗം: തേളപ്പുറത്തെവെള്ളിവെളിച്ചം

അസ്രാളന്‍ - വി. കെ. അനില്‍കുമാര്‍ - പ്രസൂണ്‍ കിരണ്‍ 1
അസ്രാളന്‍ - വി. കെ. അനില്‍കുമാര്‍ - പ്രസൂണ്‍ കിരണ്‍ 2
അസ്രാളന്‍ - വി. കെ. അനില്‍കുമാര്‍ - പ്രസൂണ്‍ കിരണ്‍ 3
അസ്രാളന്‍ - വി. കെ. അനില്‍കുമാര്‍ - പ്രസൂണ്‍ കിരണ്‍ 4
അസ്രാളന്‍ - വി. കെ. അനില്‍കുമാര്‍ - പ്രസൂണ്‍ കിരണ്‍ 5
അസ്രാളന്‍ - വി. കെ. അനില്‍കുമാര്‍ - പ്രസൂണ്‍ കിരണ്‍ 6
അസ്രാളന്‍ - വി. കെ. അനില്‍കുമാര്‍ - പ്രസൂണ്‍ കിരണ്‍ 7
അസ്രാളന്‍ - വി. കെ. അനില്‍കുമാര്‍ - പ്രസൂണ്‍ കിരണ്‍ 8
അസ്രാളന്‍ - വി. കെ. അനില്‍കുമാര്‍ - പ്രസൂണ്‍ കിരണ്‍
അസ്രാളന്‍ - വി. കെ. അനില്‍കുമാര്‍ - പ്രസൂണ്‍ കിരണ്‍
അസ്രാളന്‍ - വി. കെ. അനില്‍കുമാര്‍ - പ്രസൂണ്‍ കിരണ്‍
അസ്രാളന്‍ - വി. കെ. അനില്‍കുമാര്‍ - പ്രസൂണ്‍ കിരണ്‍
അസ്രാളന്‍ - വി. കെ. അനില്‍കുമാര്‍ - പ്രസൂണ്‍ കിരണ്‍
  • Tags
  • #Cultural Studies
  • #VK Anilkumar
  • #Theyyam
  • #Asralan Series
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

susmitha chandran

28 Jul 2020, 12:42 PM

excellent. thanks for revealing the history and myth of asralan .

സുരേശൻ കെ.വി

25 Jun 2020, 08:40 PM

എം.ടി.യുടെ ഭാവഗീത കഥനങ്ങളെ പോലും നിഷ്പ്രഭമാക്കുന്ന കോരിത്തരിപ്പിക്കുന്ന അസ്രാളന്റെ ഉത്ഭവ കഥ കൂടെ ആര്യപൂങ്കന്നി മാരുടെ ധീരയാത്രാവിവരണങ്ങളും അനിൽകുമാറിനോട് അസൂയ്യ തോന്നുന്നു. ഒരായിരം ആശംസകൾ

ജിഷ്ണു സുകുമാർ

20 Jun 2020, 11:57 PM

നന്നായി

സന്ദീപ് കൊക്കോട്ട്

17 Jun 2020, 05:28 PM

ആര്യനാട് മലനാട് എന്നിങ്ങനെയുള്ള ഭൂഭാഗങ്ങളും അവിടെനിന്ന് മരക്കലമേറി വന്ന ദേവതാസങ്കല്‍പ്പങ്ങളും ശ്രവണാനുഭവം മാത്രമായിരുന്നു. മരക്കലപാട്ടിലും തെയ്യം വാചാലുകളിലും ഇതേപറ്റിയുള്ള പരാമര്‍ശങ്ങള്‍ അവ്യക്തവുമാണല്ലോ. ആര്യ രാജാവിന്‍റെ മകള്‍ തോഴിമാരോടൊന്നിച്ച് പൂ പറിക്കാന്‍ പോയി... ഉല്സിച്ചുല്ലസിച്ച് പൂപറിച്ചുകൊണ്ടിരിക്കവെ മോഹാലസ്യപ്പെട്ടുവീണു. രാജാവ് കാര്യമന്വേഷണം നടത്തി...........എന്നിങ്ങനെ വാക്സാമര്‍ത്ഥ്യക്കാര്‍ പരയുന്നത് എന്നും അപൂര്‍ണ്ണമായിരുന്നു. ഇവിടെ ഇതാ അതിന്‍റെ പൂര്‍ണ്ണമായ രൂപം ഒഴുക്കുനിലക്കാത്ത നദിപോലെ എഴുതിച്ചേര്‍ത്ത് കൊണ്ടിരിക്കുന്നു. കുളങ്ങാട്ടപ്പന്‍റെയും കൈതക്കാട് ശാസ്താവിന്‍റെയും കുറുവാപ്പള്ളി അറയുടെയും ആയിറ്റിക്കാവിന്‍റെയും ഇതുപോലുള്ള ചരിത്രങ്ങള്‍ അതിന്‍റെ പരിപാലകര്‍ക്കു പോലും അന്യമാണ്. മരക്കലത്തിലേറി ഏഴാഴികളിലൂടെയുള്ള യാത്രയില്‍ അതിന്‍റെ യാത്രാസുഖവും ഭീകരതയും അത്ഭുതങ്ങളും ഈ എഴുത്തിലെ ഭവനാ സങ്കല്‍പ്പങ്ങളിലൂടെ നേരിട്ട് അനുഭവിച്ചുപോലെയായി..........എഴുത്തിലെ ആലങ്കാരിക പ്രയോഗങ്ങളും ശൈലിയും ആവര്‍ത്തന വായനയിലേക്ക് എത്തിക്കുന്നു. അനിലേട്ടന്‍റെ എഴുത്തൊഴുക്ക് ഇനിയും തുടരട്ടെ......................................

എം.രവീന്ദ്രൻ പയ്യട്ടം

15 Jun 2020, 10:47 AM

ആവീരെ നീരും കൈതേരെ തണലും വെളുത്ത മണലും കുളുത്ത പടലും കണ്ടും അനുഭവിച്ചും ആര്യർ നാട്ടിൽ നിന്നും എഴുന്നള്ളി വന്ന പൂമങ്കമാർക്കെന്ന പോലെ വായനക്കാരനും മനം കുളിർത്തു. ഉദിമാനം പൊൻ തലപ്പാളി കെട്ടിയ മാമലയും അസ്തമനം ചോപ്പു കൂറ ചുറ്റിയ കടലും കവിത തന്നെ. തോറ്റം പാട്ടുകളിൽ നിന്നും തെയ്യം വാചാലുകളിൽ നിന്നും ചേറ്റിയെടുത്തിയ ഭാഷയുടെ സൗന്ദര്യം അനന്യം. ഒരു പാട് അലച്ചിലുകൾക്കും പഠനത്തിനും ശേഷം ലേഖകൻ കണ്ടെത്തി പ്രകാശിതമാക്കുന്ന പുരാവൃത്തങ്ങൾ വെെകാതെ തന്നെ ഈ മേഖലയിൽ പ്രവൃത്തിക്കുന്ന ചില പരാന്ന ഭോജികൾ സ്വകീയമാക്കി അവതരിപ്പിക്കുന്നുണ്ടു എന്നതു സങ്കടകരം. അസ്രാളൻ ഗംഭീരമായ വായനാനുഭവമായി. ലേഖകനും ട്രൂ കോപ്പിക്കും നന്ദി.,

ജയലാൽ

4 Jun 2020, 05:16 PM

വടക്കൻ മലയാളത്തിൻ്റെ തോറ്റ വഴക്കത്തിൽ തോറ്റിയെടുത്ത ഭാഷയിൽ അനിൽ കുമാർ ഈ പുരാവൃത്തം പുനഃരവതരിപ്പിക്കുമ്പോൾ തെളിയുന്നത് മലനാടിൻ്റെ ഒരു ചരിത്രാഖ്യായിക കൂടിയാണ് . യുക്തിക്കപ്പുറമുള്ള ഭാവന കൊണ്ട് ജീവിതം സ്വപ്നതുല്യമാക്കിയ ഒരു കൂട്ടം മനുഷ്യരുടെ കഥാ ചരിത്രം കൂടിയായി മാറുന്നു . അനിൽ എഴുത്തും അന്വേഷണവും തുടരണമെന്നാശിക്കുന്നു

പുതിയ Sത്ത് ശശി, എടാട്ടുമ്മൽ

3 Jun 2020, 11:33 AM

പയ്യക്കാൽ ഭഗവതി ക്ഷേത്രത്തിലെ 33 വർഷത്തിന് ശേഷം നടന്ന കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് പുറത്തിറക്കിയ സോവനീറിൽ വി.കെ.അനിൽകുമാറിൻ്റെ ഇതുപോലുളള ചരിത്ര വസ്തുതകളും കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ സോവനീർ കുറച്ചു കൂടി നിലവാരം പുലർത്തുമായിരുന്നെനെ. അനിൽകുമാറിൻ്റെ ഭാഷ അത്ര മാത്രം എടുത്തു പറയേണ്ടതാണ്. എഴുത്തിലൂടെ നല്ല അറിവുകൾ നൽകിക്കൊണ്ടിരിക്കുന്ന അനിൽക്കുമാറിൻ നന്ദി.

Sajesh

3 Jun 2020, 12:30 AM

Nalla ezhuth

ayyappan

Cultural Studies

ഡോ. ടി.എസ്. ശ്യാംകുമാര്‍

ചരിത്രം ശരണം വിളിക്കുന്നത് ഈ അയ്യപ്പനെയാണ്  

Nov 17, 2020

21 Minutes Listening

25YearsOfDDLJ

Cultural Studies

റിമ മാത്യു

ബോളിവുഡ്​ അഥവാ  ദ ഗ്രേറ്റ് ഇന്ത്യന്‍ മൊറാലിറ്റി

Oct 31, 2020

18 Minutes Read

Lakshmi Rajeev and Dr. TS Shyamkumar 2 3

Opinion

ഡോ.ടി.എസ്. ശ്യാംകുമാര്‍, ലക്ഷ്മി രാജീവ്

സ്ത്രീകള്‍ എങ്ങനെ ആരാധനാ പദ്ധതികളില്‍ നിന്ന് ബഹിഷ്‌കൃതരായി?

Oct 26, 2020

6 Minutes Read

adfdaf

Opinion

ഡോ.ടി.എസ്. ശ്യാംകുമാര്‍, ലക്ഷ്മി രാജീവ്

അവര്‍ണരുടെ കാളിയും ദുര്‍ഗയും എങ്ങനെ ബ്രാഹ്മണരുടേതായി?

Oct 22, 2020

3 Minutes Read

Sreenarayana Guru

Cultural Studies

കെ. എസ്. ഇന്ദുലേഖ

നാരായണ ഗുരുവിന്റെ പ്രതിമയാണ് സ്ഥാപിക്കുന്നത്, വിഗ്രഹമല്ല

Sep 20, 2020

11 Minutes Read

പപ്പുവാന്യൂഗിനിയ

Cultural Studies

അശോകകുമാർ വി.

കൊന്ത, കബറ് , സുറുമ എജ്ജാതി ഭാഷകളാണ്...

Aug 29, 2020

13 Minutes Read

Sreejan

Cultural Studies

വി. സി. ശ്രീജന്‍

ശൂദ്രൻ, ചട്ടമ്പിസ്വാമിയുടെ പ്രയോഗങ്ങൾ

Aug 18, 2020

19 Minutes Read

Anilkumar

Cultural Studies

വി. കെ. അനില്‍കുമാര്‍

കുരങ്ങുകളിക്കാരുടെ കെണി

Aug 06, 2020

31 Minutes Read

Next Article

നാല്പതു കഴിഞ്ഞാലും 'അങ്ങാടി' നിലനില്‍ക്കാന്‍ കാരണമെന്ത്?

About Us   Privacy Policy

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster