സി. ഗണേഷ്./ Photo : C Ganesh Cherukat, Fb Page

‘എഴുത്തുകാർ അടുക്കളയിൽ’
​രാഷ്ട്രീയം വേവിക്കുമ്പോൾ സംഭവിക്കുന്നത്

കരിയർലാഭത്തിനുവേണ്ടി, രാഷ്ട്രീയം കൈയൊഴിഞ്ഞ്, മത്സരത്തിന്റെയും പ്രൊഫഷണൽ എഞ്ചിനീയറിംഗിന്റെയും ക്യാപ്‌സൂളുകൾ ആഹരിക്കുന്നവരായി എഴുത്തുകാർ മാറുന്നത് എത്രമാത്രം ആശാവഹമാണ്?

കൂട്ടുകാരാ, പറയേണ്ടത് പറയാതെ ഒരു പട്ടി പോലുമല്ലാതെ വാലു പോലുമില്ലാതെ നരകത്തിൽപ്പോലും പോകാതെ ഈ സൗധങ്ങളിൽ നാം ചീഞ്ഞുനാറുന്നു.- ‘കഷണ്ടി’, കെ. ജി. ശങ്കരപ്പിള്ള.

ലയാളത്തിൽ രണ്ടുതരത്തിലുള്ള എഴുത്തുകാരേ ഉള്ളൂ.
ഒന്ന്, പൊളിറ്റിക്കലായ യാതൊരംശവും തങ്ങളുടെ കൃതികളിൽ അറിയാതെപോലും വന്നുപെടരുത് എന്നുവിചാരിക്കുന്ന ശുദ്ധസൗന്ദര്യവക്താക്കളായ നിഷ്‌ക്കുകൾ, രണ്ടാമത്തേത്, പ്രത്യയശാസ്ത്രത്തിന്റെ മേലങ്കിയണിഞ്ഞ് പാർലമെന്ററി പ്രാഗ്​മാറ്റിസത്തിന്റെ എല്ലാ തല്ലുകൊള്ളിത്തരങ്ങളുടെയും വിടുപണിയുടെയും പൃഷ്ഠം മണത്തും മലിനമായ അധോവായുവിനെ സുഗന്ധപൂരിതമെന്ന് വാഴ്ത്തിപ്പാടിയും സ്വയം ജൈവബുദ്ധിജീവിയെന്ന് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന അഭിനവ എഴുത്തുകാർ. ഇവർ രണ്ടുപേർക്കുമിടയിൽ ജീവനോടെ കുഴിച്ചിടപ്പെട്ട്, ചീഞ്ഞ ഗന്ധം വമിക്കുന്ന ഒന്നായി തീരുകയാണ് എഴുത്തിന്റെ രാഷ്ട്രീയം.

ഭൂതകാലാഭിരതിയായി എഴുതിത്തള്ളില്ലെങ്കിൽ ഒരു കാര്യം പറയാൻ അനുവദിക്കുക; നമുക്കൊരു എം. ഗോവിന്ദൻ ഉണ്ടായിരുന്നു. നമുക്കൊരു ഒ. വി. വിജയൻ ഉണ്ടായിരുന്നു.

സമകാല എഴുത്തുകാരുടെ രാഷ്ട്രീയ പ്രതികരണങ്ങളുടെ സ്കാൻ ടെസ്റ്റ് റിസൾട്ടിൽ ഇങ്ങനെയല്ലാതെ മറ്റൊരു കുറിപ്പ് രേഖപ്പെടുത്താൻ സാധ്യമല്ല. എന്നാൽ എല്ലാ കാലത്തും ഇങ്ങനെയായിരുന്നുവെന്നോ, വരാനിരിക്കുന്ന കാലത്തും ഇത് ഇത്തരത്തിൽ തന്നെയാവുമെന്നോ വിധി കൽപ്പിക്കേണ്ടതുമില്ല.

ഭൂതകാലാഭിരതിയായി എഴുതിത്തള്ളില്ലെങ്കിൽ ഒരു കാര്യം പറയാൻ അനുവദിക്കുക; നമുക്കൊരു എം. ഗോവിന്ദൻ ഉണ്ടായിരുന്നു. നമുക്കൊരു ഒ. വി. വിജയൻ ഉണ്ടായിരുന്നു. ഇന്നത്തെ സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിലും ന്യായീകരണ സർക്കസ്​ കളിക്കുന്നവർക്ക് താല്പര്യമുണ്ടെങ്കിൽ മറിച്ചുനോക്കാവുന്ന പാഠപുസ്തകങ്ങളായിരുന്നു ഇവർ.

എം. ഗോവിന്ദൻ, ഒ. വി. വിജയൻ

ഇല്ല; സ്വതന്ത്ര ബുദ്ധിജീവിതം നയിക്കാൻ ശ്രമിച്ച, മൗലിക പ്രതിഭകളായ ഇരുവരെയും സി.ഐ.എ ഏജന്റുമാരായി ചാപ്പ കുത്തിയ ചരിത്രമാണല്ലോ നമ്മുടേത്. ഇവരെ ഒരു കാരണവശാലും എഴുത്തുകാർ മാതൃകയാക്കുകയില്ല. മാതൃകാസങ്കൽപ്പത്തിൽ വിശ്വസിക്കാഞ്ഞിട്ടല്ല, മെഗാ കരിയറിസത്തിൽ എഴുത്തുകാരുടെ മനസ്സ് സമ്പൂർണമായും പണയംവെച്ചതുകൊണ്ട്! പറയപ്പെടുന്ന അന്തസ്സ്, ചരിത്രത്തിന്റെ വേസ്റ്റ്ബിന്നിൽ നിക്ഷേപിച്ച്, സ്വതന്ത്രരായതുകൊണ്ട്!

എഴുത്തുകാരുടെ നിക്ഷേപതത്ത്വം

എഴുത്തുകാർ ഒരു പ്രത്യേക വിധത്തിൽ ഇൻവെസ്റ്റ്‌മെൻറ്​ തത്വം നടപ്പിലാക്കാൻ ശ്രമിക്കുന്നത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ കാണാനിടയായി. എഴുത്തുകാർ സംഘങ്ങളായി വോട്ടുപിടുത്തത്തിന് നടക്കുന്ന കാഴ്ചയായിരുന്നു അത്. എഴുത്തുകാർക്ക് കക്ഷിരാഷ്ട്രീയം ഉണ്ടാവുന്നതും ഏതെങ്കിലുമൊരു സ്ഥാനാർത്ഥിക്ക് വോട്ട് അഭ്യർത്ഥിക്കുന്നതും കുറ്റമല്ല. എന്നാൽ സ്വന്തം മണ്ഡലത്തിലോ പ്രാദേശികതലത്തിലോ ഒട്ടും രാഷ്ട്രീയത്തിൽ ഇടപെടാതെ പുഴക്കപ്പുറം ചെന്നുള്ള വോട്ടഭ്യർത്ഥന പുരസ്കാരലബ്​ധിക്കും സ്ഥാനമാനത്തിനുമുള്ള പ്രവർത്തനനിക്ഷേപമായി സാധാരണജനം കരുതാനിടയായി. കുറച്ചു കൂടി വ്യക്തമാക്കട്ടെ, രാഷ്ട്രീയകക്ഷിയുടെ പോഷകസംഘടനകളിലോ സാംസ്കാരിക സമിതിയിലോ ഭാരവാഹിത്വം ഏറ്റെടുത്തുകൊണ്ടുള്ള രാഷ്ട്രീയപ്രവർത്തനം സ്വാഭാവികമാണ്. എന്നാൽ അതല്ല ചിലയിടങ്ങളിലെങ്കിലും ഉണ്ടായത്. അവർക്ക് സ്ഥാനമാനങ്ങൾ പിന്നീട് ലഭിച്ചുവോ എന്നതല്ല ഇവിടെ പ്രശ്‌നം. അതിനായി നിക്ഷേപതത്വത്തിന്റെ ചീട്ടിറക്കാൻ കുറേപ്പേർ മുന്നിട്ടിറങ്ങി എന്നതാണ്. കരിയർലാഭത്തിനുവേണ്ടി, രാഷ്ട്രീയം കൈയൊഴിഞ്ഞ്, മത്സരത്തിന്റെയും പ്രൊഫഷണൽ എഞ്ചിനീയറിംഗിന്റെയും ക്യാപ്‌സൂളുകൾ ആഹരിക്കുന്നവരായി എഴുത്തുകാർ മാറുന്നത് എത്രമാത്രം ആശാവഹമാണ്?

സാർത്രും മൗനത്തിന്റെ ദാസൻമാരും

സാർത്രിനെകുറിച്ച് മലയാളത്തിൽ എഴുതപ്പെട്ട ഏറ്റവും ഗംഭീരലേഖനം എം. ഗോവിന്ദന്റേതാണ് എന്നത് യാദൃശ്ചികമല്ല. എഴുത്തിന്റെ രാഷ്ട്രീയം പ്രകടിപ്പിക്കേണ്ടത് എങ്ങനെ എന്നതിന് സാർത്രിന്റെ വാചകം ഓർത്താൽ മതി. അതിങ്ങനെ: സാഹിത്യകാരന്റെ കർത്തവ്യം ആഫ്രിക്കയിലും അതുപോലുള്ള ഇരുണ്ട ലോകങ്ങളിലുമുള്ള ജനതയുടെ മോചനത്തിന് ആയുധമെടുത്ത് സമരം ചെയ്യുക മാത്രമാണ്. ഞാൻ വളരെയധികം എഴുതി. പക്ഷേ ആഫ്രിക്കയിലെ ഒരു കൊച്ചുകുട്ടിയുടെ കണ്ണീരിന് അതിനേക്കാൾ വിലയുണ്ടെന്ന് ഞാൻ കരുതുന്നു.

​​​​​​​അധികാരത്തിന്റെ തണലിൽ നിൽക്കാനുള്ള എഴുത്തുകാരുടെ അഭിവാഞ്ച്ഛയാണ് അവരെ കുറ്റകരമായ മൗനത്തിന്റെ ദാസന്മാരാക്കുന്നത്.

സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചപ്പോൾ അത് വാങ്ങിക്കാൻ സാർത്ര്​പോയില്ല. കാരണം, ഭരണകൂടത്തിന് കൃത്യമായ നിർവചനം കൊടുത്ത്, അതിൽ നിന്ന് കൃത്യമായ അകലം പാലിക്കാൻ അദ്ദേഹം തയ്യാറായി. നമുക്കൊരു സാർത്രിനെ സങ്കൽപ്പിക്കാൻ പോലുമാവില്ല.

ഴാൺ പോൾ സാർത്ര്. / Photo : Wikimedia Commons

അധികാരത്തിന്റെ തണലിൽ നിൽക്കാനുള്ള എഴുത്തുകാരുടെ അഭിവാഞ്ച്ഛയാണ് അവരെ കുറ്റകരമായ മൗനത്തിന്റെ ദാസന്മാരാക്കുന്നത്. വികസനം, പുരോഗതി, നവോത്ഥാനം, സാമ്പത്തിക സംവിധാനം, നയം തുടങ്ങിയ വാക്കുകൾ വിപതിസൗന്ദര്യം കൊണ്ട് തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയാധീശസമൂഹമായി (political society) നിലനിൽക്കാൻ സാംസ്കാരികപ്രവർത്തകരുടെ സംഘത്തിന് കഴിയുന്നു.

ആശാൻ, വൈലോപ്പിള്ളി, സി. ജെ

കവിത്രയത്തിൽ കുമാരനാശാൻ പ്രകടിപ്പിച്ച രാഷ്ട്രീയം വളരെ വ്യതിരിക്തമായിരുന്നു. ജാതിവിമോചനത്തിനായി അദ്ദേഹം സംസാരിച്ചു, ജാതിക്കെതിരെ കൃതികൾ എഴുതി. ദേശീയസമരം കൊടുമ്പിരിക്കൊള്ളുന്ന ഘട്ടത്തിൽ കോൺഗ്രസിനെ അനുകൂലിക്കുന്ന ഒരു അഭിപ്രായവും ആശാൻ പറഞ്ഞിട്ടില്ല എന്നും മനസ്സിലാക്കുക. പിന്നീട് 1960-കളിൽ, എഴുത്തുകാർ എന്നും പ്രതിപക്ഷത്താണെന്ന് വൈലോപ്പിള്ളി പറഞ്ഞു. മലയാളത്തിലെ സാഹിത്യകാരന്മാർക്ക് ഇത്തരം ഒരു ആന്ധ്യം ഭാവിയിൽ വന്നുചേരാമെന്ന് മുൻകൂട്ടി കണ്ട ഒരാൾ സി.ജെ. തോമസ് ആയിരുന്നു. എല്ലാ ചൂഷകസംവിധാനങ്ങൾക്കും എതിരെ നിൽക്കുവാൻ അദ്ദേഹം നിരന്തരം ആവർത്തിച്ചത് അതുകൊണ്ടാണ്.

സി.ജെ. തോമസ്

ഇതുവരെ പറഞ്ഞതെല്ലാം സമകാല വ്യവസ്ഥയോടുള്ള എതിർപ്പിന്റേതാണെന്ന് ആത്മവിമർശനപരമായി കരുതുന്നു. ഒന്നുകൂടി ആലോചിച്ചാൽ അങ്ങേയറ്റം പൊളിറ്റിക്കലാവേണ്ട സന്ദർഭത്തിൽ നമ്മുടെ എഴുത്തുകാർ മൗനാവലംബികളും അധികാരേശ്രണിയോടൊത്ത് കളിക്കുന്ന വരുമായി മാറിയതിനുപിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങൾ കാണുമോ?

ദലിതനും ശൂദ്രനും ക്ഷത്രിയനും ബ്രാഹ്മണനും ആദിവാസിയും തമ്മിൽ സംവാദമുണ്ടായിരുന്നെങ്കിൽ ഇന്ത്യയും കേരളവും ഈ പതനത്തിൽ എത്തുമായിരുന്നില്ല.

സംഭാഷണത്തിന്റെ അന്ത്യം

തീർച്ചയായും മൂന്നു കാരണങ്ങളാണ് കെ. അരവിന്ദാക്ഷൻ കണ്ടെത്തുന്നത്.
നവലിബറലിസത്തിന്റെ പ്രവർത്തനം ഉന്നതിയിലെത്തി. പരസ്പര സംഭാഷണങ്ങളുടെ സാധ്യത നഷ്ടമായി. മനുഷ്യനും മനുഷ്യനും തമ്മിൽ നടക്കുന്ന ഒന്ന് മാത്രമല്ലല്ലോ സംവാദം. മനുഷ്യനും മനുഷ്യേതര ജൈവലോകവും തമ്മിൽ നടക്കേണ്ടുന്ന വിനിമയങ്ങളുണ്ട്. അങ്ങനെ നോക്കുമ്പോൾ, വിനിമയങ്ങളുടെ മഹാശൃംഖലയായി ഭൂമി എന്ന ഗ്രഹത്തെ വിലയിരുത്തണം. നമുക്കിടയിൽ നിന്ന് സംഭാഷണസാധ്യത മറഞ്ഞതോടെ അവരവരിലേക്കുമാത്രം നോക്കാനേ നമുക്ക് കഴിയുന്നുള്ളൂ. സാഹിത്യത്തിലും രാഷ്ട്രീയസംഘടനകളിലും അതാണ്​ സ്ഥിതി. ദലിതനും ശൂദ്രനും ക്ഷത്രിയനും ബ്രാഹ്മണനും ആദിവാസിയും തമ്മിൽ സംവാദമുണ്ടായിരുന്നെങ്കിൽ ഇന്ത്യയും കേരളവും ഈ പതനത്തിൽ എത്തുമായിരുന്നില്ല. പക്ഷം പിടിക്കും മുൻപ് സംവാദസാധ്യത പ്രയോജനപ്പെടുത്താൻ ആര് ആർക്ക് പറഞ്ഞുകൊടുക്കണം?

Photo : Unsplash

അധികാരം, വർഗീയത, ജനാധിപത്യം

അധികാരം, വർഗീയത, ജനാധിപത്യം എന്നീ മൂന്നു സത്തകളിൽ നമ്മുടെ രാഷ്ട്രീയബോധത്തെ അരവിന്ദാക്ഷൻ പ്രതിഷ്ഠിക്കുന്നു. ഓരോ അധികാരമോഹിയുടെ ഉള്ളിലും ഒളിഞ്ഞിരിക്കുന്നത് സമുദായദ്രോഹിയാണെന്ന് ഗോവിന്ദൻ എഴുതി. അധികാരം എന്നും മേലെനിന്ന് കീഴ്‌പോട്ടുമാത്രമാണ് പ്രയോഗിക്കപ്പെട്ടത്. സ്വാതന്ത്ര്യാനന്തരം അടിസ്ഥാനവർഗങ്ങളുടെ മേൽ പലരൂപങ്ങളിൽ അധികാരം പ്രയോഗിക്കപ്പെട്ടു. ആദിവാസികൾ എപ്പോഴും സർക്കാർ ശക്തിക്കുമുന്നിൽ ഞെരിഞ്ഞമർന്നു. പാർലമെന്റിൽ അവരുടെ ശബ്ദം കേട്ടില്ല. ദ്രൗപദി മുർമുവിന്റെ രൂപത്തിൽ 2022-ലെ പ്രത്യേക സുഖപ്പെടുത്തൽ ഗോത്രജനതയുടെ മേലുള്ള അധികാര പ്രയോഗങ്ങളെ എത്രകണ്ട് അതിജീവിക്കാൻ അവരെ സഹായിക്കുമെന്ന് കാത്തിരുന്നു കാണണം. സെക്രട്ടേറിയറ്റ് പടിക്കൽ നിൽപ്പ് / ഇരിപ്പ് /കിടപ്പ് സമരങ്ങളുമായി ആദിവാസികൾ ഇനിയും കരയേണ്ടിവരും. കഞ്ചാവും മയക്കുരുന്നും ഈരുകളിൽ പറന്നുനടക്കും.

ദ്രൗപദി മുർമു. / Photo : Wikimedia Commons

വർഗീയത തിരിച്ചറിയാൻ എപ്പോഴും വൈകുന്ന സമൂഹം എഴുത്തുകാരുടേതാണ്. സാംസ്കാരിക നായകൻമാർ പലരും വർഗീയ ബിംബങ്ങളായി മാറുന്നതിന് ഉദാഹരണങ്ങളുണ്ട്. ജാതിവ്യവസ്ഥയുടെ കറുത്ത അസ്തിവാരത്തിലാണ് വർഗീയത പടുത്തുകെട്ടിയിരിക്കുന്നത്. ഇന്ത്യയിലേതുപോലുള്ള ജാതിവ്യവസ്ഥ ലോകത്തെവിടെയുമില്ല. കേരളത്തിലേതുപോലെ കുടിക്കുന്ന വെള്ളത്തിലും തെളിയുന്ന ജാതിയും! സമീപകാലത്ത് ശബരിമല വിഷയത്തിൽ പകർന്നാടിയ ആട്ടങ്ങൾ ജാതിസമൂഹഭ്രാന്തിന്റെ ഒന്നാന്തരം ഉദാഹരണമാണ്. ഈ വിഷയത്തിൽ എത്ര സാംസ്കാരിക പ്രമുഖർ പ്രതികരിക്കാനെത്തി എന്ന സംഗതി മാത്രം ഓർത്താൽ പ്രമുഖ എഴുത്തുകാരുടെ കാപട്യം ബോധ്യമാവും.

മൂന്നാമത്തേത്, ജീർണിക്കുന്ന ജനാധിപത്യമാണ്. സാമൂഹ്യ ശാസ്ത്രമല്ല, ജീവശാസ്ത്രത്തിനാണ് പ്രാധാന്യമെന്ന് തിരിച്ചറിയേണ്ട കലാകാരന്മാർ പരിമിത സാമൂഹികതയിൽ കാലം കഴിക്കുകയാണ്. ജനാധിപത്യത്തെ മനസ്സിലാക്കുന്നതിലും ഉൾക്കൊള്ളുന്നതിലും പ്രയോഗിക്കുന്നതിലും നമ്മുടെ എഴുത്തുകാർ അമ്പേ പരാജിതരാണ്. സർവകാലികമായി ജനാധിപത്യം നിലനിൽക്കാൻ പോകുന്നില്ലെന്ന് തിരിച്ചറിയാത്ത വിഭാഗമാണ് അവർ.

ശബരിമല വിഷയത്തിൽ പകർന്നാടിയ ആട്ടങ്ങൾ ജാതിസമൂഹഭ്രാന്തിന്റെ ഒന്നാന്തരം ഉദാഹരണമാണ്. ഈ വിഷയത്തിൽ എത്ര സാംസ്കാരിക പ്രമുഖർ പ്രതികരിക്കാനെത്തി എന്ന സംഗതി മാത്രം ഓർത്താൽ പ്രമുഖ എഴുത്തുകാരുടെ കാപട്യം ബോധ്യമാവും.

നടപ്പുകാലത്തെ സാംസ്കാരിക നടത്തിപ്പുകാരുടെ നഷ്ടപ്പെട്ട പ്രതികരണശേഷിയെക്കുറിച്ച് സി. ആർ. പരമേശ്വരൻ എഴുതി: വർത്തമാന ചരിത്രത്തോടുള്ള നമ്മുടെ പ്രതികരണ മാതൃകകൾ വളരെ രസകരമാണ്. സമകാലീന യാഥാർഥ്യത്തോട് ഇടപെടുമ്പോൾ നാം ആവശ്യമായ സുരക്ഷാ സജ്ജീകരണങ്ങകളൊക്കെ സ്വീകരിക്കുന്നു. ഈ എലുമ്പിൻ കൂടിന്റെയും അതിനെ ചൂഴുന്ന ത്വക്​രക്തമാംസങ്ങളുടെയും സുരക്ഷിതത്വവും ഈ സങ്കലനത്തിന്റെ വിഹിതമായ രസനയുടെയും ഞരമ്പുകളുടെയും സുഖങ്ങളുമാണ് ഇക്കാര്യത്തിൽ നമ്മുടെ പ്രാഥമികോപാധി. ധീരതയെയും ആത്മത്യാഗത്തെയും എവിടെയെങ്കിലുമൊക്കെ വെച്ചു കണ്ടാൽ നമുക്ക് തിരിച്ചറിയാം. ദുഃഖവെള്ളിയാഴ്ചയും രകതസാക്ഷിദിനവും തുലാം പത്തുമൊക്കെ ആചരിക്കുന്ന ക്രിസ്ത്യാനികളും ഗാന്ധിയന്മാരും കമ്യൂണിസ്റ്റുകാരും മറ്റുമാണല്ലോ നമ്മൾ. എന്നാൽ സ്വന്തം കാലഘട്ടത്തിലെ ധീരതയെയും കലാപബോധത്തെയുമൊക്കെ കുറ്റകൃത്യങ്ങളായി നാം അവഗണിക്കുന്നു. മനുഷ്യാന്തസ്സിനുവേണ്ടി നടക്കുന്ന കലാപങ്ങളോടനുബന്ധിച്ച് ചോര ചീറ്റിത്തെറിച്ച് അരങ്ങ് വികൃതമാകുമെന്നും ബാറ്റണുകൾ മുതുകും തലച്ചോറും തകർക്കുമെന്നും ബന്ധുജനങ്ങൾ അപമാനിതരാകുമെന്നും തൂക്കുമരങ്ങളും തടവറകളുമൊക്കെ സജ്ജമാകുമെന്നും അറിയാനുള്ള വിശേഷബുദ്ധി നമുക്കുണ്ട്. അതിനാൽ ധീരതയെ ആദരിക്കാൻ സമയത്തിനും സ്ഥലത്തിലുമുള്ള സുരക്ഷിതമായ അകലം നാം ആവശ്യപ്പെടുന്നു.

ആദിവാസികൾ എപ്പോഴും സർക്കാർ ശകതിക്കുമുന്നിൽ ഞെരിഞ്ഞമർന്നു.

സി. ആർ. പരമേശ്വരന്റെ ലേഖനങ്ങൾക്ക് അവതാരിക എഴുതിയ ആനന്ദ് അവസാനിപ്പിക്കുന്ന വാചകത്തിൽ അങ്ങനെ നാം എത്തിച്ചേരുന്നു: കുരയ്ക്കുവാനായിട്ടെങ്കിലും വായിലെ എല്ല് നിലത്തിടുവാനുള്ള അപേക്ഷയാണത്.

ദസ്തയെവ്‌സ്കിയുടെ കരമസോവ് സഹോദരന്മാരിലെ വക്കീലായ ഇപ്പൊലിത്ത ദിമിത്രിയെ വിചാരണ ചെയ്യുമ്പോൾ ചോദിക്കുന്ന ചോദ്യമാണ് ഇപ്പോൾ നമ്മെ അസ്വസ്ഥരാക്കുന്നത്. ഒരു കൊല നടന്നതിലല്ല, ഇതുപോലുള്ള കൊലകൾ നമ്മെ അർഹിക്കും വിധം ഭീതിപ്പെടുത്താതെ ഒരു ശീലമായി മാറുകയാണോ എന്ന ചോദ്യം.

എഴുത്തുകാരുടെ മൗനം വലിയ ശീലമായി മാറുമോ? ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സി. ഗണേഷ്

കഥാകൃത്ത്​, നോവലിസ്​റ്റ്​. തുഞ്ചത്തെഴുത്തച്​ഛൻ മലയാളം സർവകലാശാലയിൽ ക്രിയേറ്റീവ് റൈറ്റിംഗ് അധ്യാപകൻ.ക്രിയാത്മക കഥാപാത്രങ്ങൾ, നനഞ്ഞ പതിവുകൾ, ചിങ്ങവെയിലിനെ തൊടാമോ, ചങ്ങാതിപ്പിണർ, കേരള ഭക്ഷണത്തിന്റെ സംസ്​കാര ചരിത്രം, കാണം വിറ്റും ഓണം ഉണ്ണണോ എന്നിവ പ്രധാന കൃതികൾ.

Comments