വേള്‍ഡ് ഹാപ്പിനെസ്സ് റിപ്പോര്‍ട്ടിലെ ഇന്ത്യയുടെ മോശം പ്രകടനം പലപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. അതേസമയം അതിനെ മുൻനിർത്തി രൂപപ്പെടുന്ന സംവാദങ്ങൾ ഈ റിപ്പോർട്ടിനെ സംബന്ധിക്കുന്ന അതിപ്രധാനമായ ചില യാഥാർഥ്യങ്ങളെ തമസ്കരിക്കുന്നുണ്ട്.
ഫെഡറലിസത്തിനും മതനിരപേക്ഷതയ്ക്കും നേരെയുള്ള കടന്നുകയറ്റം, കര്‍ഷകകരുടെയും തൊഴിലാളികളുടെയും ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്ന സാമ്പത്തികനയങ്ങള്‍, ന്യൂനപക്ഷജീവിതങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, എതിര്‍സ്വരങ്ങളെ അടിച്ചമര്‍ത്തുന്ന ഫാഷിസ്റ്റ് സമീപനങ്ങള്‍ തുടങ്ങിയ പ്രമേങ്ങളെയും മോദി ഭരണത്തിനുകീഴില്‍ കൂടുതല്‍ അസമമായികൊണ്ടിരിക്കുന്ന സമകാലിക ഇന്ത്യന്‍ സന്ദര്‍ഭത്തെയും മുൻനിർത്തി ആലോചിച്ചാല്‍ ഇന്ത്യ വളരെ പിന്നിലുള്ള ഈ സന്തോഷസൂചികയെ പ്രശ്‌നവല്‍ക്കരിക്കേണ്ടതുണ്ടോ എന്ന് ആലോചിക്കുക സ്വാഭാവികമാണ്.
സമാന്തരമായി ‘മതങ്ങളില്ലാത്ത’ സ്‌കാന്‍ഡിനേവിയന്‍ രാഷ്ട്രങ്ങള്‍ സന്തോഷത്തിന്റെ സൂചികയില്‍ ഉയര്‍ന്നുനില്‍ക്കുന്നത് നവനാസ്തികരും ഏറെ ആഘോഷിക്കുന്നുണ്ട്. പക്ഷെ, ഈ ആഘോഷങ്ങളെല്ലാം സൗകര്യപൂര്‍വ്വം മറച്ചുപിടിക്കുന്ന ചില വസ്തുതകളുണ്ട്. ഇവിടെ പ്രാഥമികമായി പരിശോധിക്കപ്പെടുന്ന രണ്ടുകാര്യങ്ങള്‍ ഈ റിപ്പോര്‍ട്ടിന്റെ രീതിശാസ്ത്രപരമായ പരിമിതികളും (methodological limitation) പ്രത്യയശാസ്ത്രതാല്പര്യങ്ങളുമാണ്.
ഇത്തരം സര്‍വേകളില്‍ പൊതുവേ സംഭവിക്കുന്ന രീതിശാസ്ത്രപരമായ പരിമിതകളെ സംബന്ധിക്കുന്ന ആശങ്കകള്‍ ഇതിനകം നിരവധി ഗവേഷകര്‍ പങ്കുവച്ചിട്ടുണ്ട്. ഡാനിയല്‍ ജെ. ബെഞ്ചമിനും അദ്ദേഹത്തിന്റെ സഹഗവേഷകരും മുന്നോട്ട് വയ്ക്കുന്ന നിരീക്ഷണങ്ങള്‍ ഈ നിലയില്‍ പ്രസക്തമാണ്. സന്തോഷത്തെയും ക്ഷേമത്തെയും അളക്കുന്ന ഇത്തരം സര്‍വേകളിലെ ചോദ്യങ്ങള്‍പലപ്പോഴും അവ്യക്തത നിറഞ്ഞതാണെന്ന് അവരുടെ പഠനം പറയുന്നു. സന്തോഷം എങ്ങനെ നിശ്ചിതമായി അളക്കാനും വിശകലനം ചെയ്യാനുമാവും, അതിന്റെ അനിശ്ചിതാവസ്ഥകളെ എങ്ങനെ മനസ്സിലാക്കാനാവും തുടങ്ങിയ പ്രസക്തമായ വിമര്‍ശനം ഈ ഗവേഷകര്‍ ഉന്നയിക്കുന്നുണ്ട്. ഈ ചോദ്യങ്ങളെ അഭിമുഖീകരിക്കാതെയും സങ്കീര്‍ണമായ മറ്റനേകം പ്രശ്‌നങ്ങളെ പഠനവിധേയമാക്കാതെയുമാണ് വേള്‍ഡ് ഹാപ്പിനെസ്സ് റിപ്പോര്‍ട്ട് പോലെയുള്ളവയെ ആധികാരികമായി പ്രതിഷ്ഠിക്കുന്നത് എന്നതാണ് ഗൗരവതരമായി കാണേണ്ട ഒരു കാര്യം. ഇത്തരം സര്‍വേകളില്‍ ചോദിക്കപ്പെടുന്ന ‘ഈ ജോലിയില്‍ നിങ്ങളെത്ര സന്തുഷ്ഠനാണ്’ എന്നതുപോലെയുള്ള വ്യക്ത്യതിഷ്ഠിത ചോദ്യങ്ങള്‍ വ്യക്തിയെ സാമൂഹികബന്ധങ്ങളുടെ കണ്ണിയില്‍ നിന്ന് പുറത്തുനിര്‍ത്തി കേവലവ്യക്തിയായി ചുരുക്കുകയാണ് എന്ന വിമര്‍ശനവും പ്രസക്തമാണ്. ഇതിനോട് ചേര്‍ത്തുവായിക്കേണ്ട വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം, മനുഷ്യരെ ആഴത്തില്‍ ബാധിക്കുന്ന പല പ്രശ്‌നങ്ങളും ഈ സര്‍വേകള്‍ കയ്യൊഴിയുന്നു എന്നതാണ്. ഈ വിമര്‍ശനങ്ങളുടെ വെളിച്ചത്തില്‍ വേണം വേള്‍ഡ് ഹാപ്പിനെസ്സ് റിപ്പോര്‍ട്ടിന്റെ രാഷ്ട്രീയം ചര്‍ച്ചയ്‌ക്കെടുക്കേണ്ടത്.
ഈ റിപ്പോര്‍ട്ടില്‍ പ്രധാനമായും രണ്ട് ഘടകങ്ങളാണ് വിലയിരുത്തുന്നത്; പ്രതിശീര്‍ഷ ജി ഡി പി പോലെ ലഭ്യമായ വിവരങ്ങളും, അഭിപ്രായ സര്‍വേയുടെ ഫലവും. Gallup, Inc എന്ന പോളിംഗ് കമ്പനിയാണ് ലോകവ്യാപകമായി ഈ സര്‍വേ നടത്തുന്നത്. Cantril ഗോവണി എന്നറിയപ്പെടുന്ന ചോദ്യാവലി, പ്രതികരിക്കുന്നവരോട് അവര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച ജീവിതം 10 ആയതും ഏറ്റവും മോശം ജീവിതം 0 ആയതുമായ ഒരു ഗോവണിയെക്കുറിച്ച് ചിന്തിക്കാനും അവരുടെ നിലവിലെ ജീവിതത്തെ ആ സ്‌കെയിലില്‍ വിലയിരുത്താനും ആവശ്യപ്പെടുന്നു. സാമൂഹിക പിന്തുണ, വരുമാനം, ആരോഗ്യം, സ്വാതന്ത്ര്യം, ഉദാരത (Generousity), അഴിമതിയുടെ അഭാവം എന്നീ ആറ് പ്രധാന ഘടകങ്ങള്‍ സന്തോഷം അളക്കാന്‍ ഉപയോഗിക്കുന്നു. പ്രതിശീര്‍ഷ വരുമാനം പോലെയുള്ള മാനദണ്ഡങ്ങള്‍ മുതലാളിത്തവികസനത്തെ പെരുപ്പിച്ചുകാണിക്കുകയും അതിന് അനുഗുണമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് എങ്ങനെ എന്നതിനെ സംബന്ധിക്കുന്ന അനേകം പഠനങ്ങള്‍ നമുക്ക് മുന്നില്‍ തന്നെയുണ്ട്. ഉദാഹരണത്തിന് പ്രതിശീര്‍ഷ വരുമാനം എടുത്താല്‍കേരളവും ഗുജറാത്തും ഒരേനിലയിലുള്ള രണ്ട് സംസ്ഥാനങ്ങളാണ്. അതേസമയം, ഈ രണ്ട് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസം, പാര്‍പ്പിടം, ആരോഗ്യം തുടങ്ങിയ മേഖലകള്‍ താരതമ്യം ചെയ്താല്‍ ഇത്തരം സൂചികകളുടെ താത്പര്യവും അവ മറച്ചുപിടിക്കുന്ന വസ്തുതകളും കൂടുതല്‍ വെളിപ്പെടുകയും ചെയ്യും. സര്‍വേയിലാവട്ടെ ഉന്നയിക്കപ്പെടുന്ന ഭൂരിപക്ഷം ചോദ്യങ്ങളും ഇതേനിലയില്‍ മുതലാളിത്ത വികസനതാത്പര്യങ്ങള്‍ക്ക് അനുസൃതമായി സൃഷ്ടിക്കപ്പെട്ടവയാണ്.
ഉദാരതയെ വിലയിരുത്താന്‍ വേള്‍ഡ് ഹാപ്പിനസ്സ് റിപ്പോര്‍ട്ടിന്റെ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒരു ചോദ്യം, ‘നിങ്ങള്‍ കഴിഞ്ഞ മാസം ചാരിറ്റിയിലേക്ക് പണം സംഭാവന ചെയ്തിട്ടുണ്ടോ?’ എന്നാണ്. കൃത്യമായും മുതലാളിതത്തിന്റെ ഉപകരണമായ ‘ചാരിറ്റി’ യെ സന്തോഷം അളക്കാനുള്ള മാനദണ്ഡമായി ഉപയോഗിക്കുന്നതില്‍നിന്നുതന്നെ ഈ സര്‍വേയുടെ പ്രത്യയശാസ്ത്രതാല്‍പര്യങ്ങള്‍ എളുപ്പത്തില്‍ അഴിച്ചെടുക്കാനാവും. രീതിശാസ്ത്രപരമായ പരിമിതികള്‍ പോലെ തന്നെ ഇത്തരം സര്‍വേകളുടെ ചരിത്രവും പ്രത്യയശാസ്ത്രതാല്പര്യങ്ങളും കൂടി അതിനാല്‍ പ്രശ്‌നവല്‍ക്കരിക്കപ്പെടേണ്ടതുണ്ട്.
ലോക ഹാപ്പിനെസ് ഇൻഡെക്സില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഡെന്മാര്‍ക്കിനെ പറ്റി ‘Sorry, liberals, Scandinavian countries aren't utopias’ എന്ന പേരില്‍ കെയില്‍ സ്മിത്ത് എഴുതിയ ലേഖനത്തില്‍ നിരീക്ഷിക്കുന്നത്, ‘നഗരത്തിലെ ഏറ്റവും വലിയ ആഘോഷത്തിരക്കുകള്‍ക്കിടയിലും ഒരാള്‍ക്ക് തനിക്ക് ഏറെ പരിചിതനായ മറ്റൊരു സുഹൃത്തിനെ കണ്ടെത്താന്‍ നിമിഷങ്ങള്‍ മാത്രം മതിയാകുന്ന, നിങ്ങള്‍ സന്തോഷവാനാണോ എന്ന ചോദ്യത്തിന് അല്ല എന്നുത്തരം നല്‍കുന്നത് നാണക്കേടാണ് എന്ന് വിശ്വസിക്കുന്ന ജനങ്ങളുള്ള രാജ്യമാണ് അത്' എന്നാണ്. സാംസകാരികവൈവിധ്യം ഏറെ കുറഞ്ഞ, 90% നു മുകളില്‍ ഒരേ തരത്തില്‍ ഭക്ഷണം കഴിക്കുന്ന, ഒരേ തരത്തില്‍ സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ജനങ്ങളുള്ള നാടിന്റെ സന്തോഷ സൂചകമാണ് പുരോഗമനത്തിന്റെ മാതൃകയായി മുഖ്യധാരയില്‍ ഇടം പിടിക്കുന്നതെന്നത് വിമര്‍ശനാത്മകമായി സമീപിക്കേണ്ടതാണ്.
ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്വകാര്യ കടബാദ്ധ്യതയുള്ള രാജ്യങ്ങളിലൊന്നായ ഡെന്മാര്‍ക്ക് 2012-ലെ വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറിന്റെ കണക്കുകള്‍ പ്രകാരം പ്രതിശീര്‍ഷ പാരിസ്ഥിതിക പാദമുദ്രയില്‍ ആഗോളതലത്തില്‍ നാലാം സ്ഥാനത്താണ്. 5 മാസം മുന്‍പ് പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും കൂടിയ സാമ്പത്തിക അസമത്വ നിരക്ക് കണക്കാക്കപ്പെട്ടിരിക്കുന്ന അവസ്ഥയിലൂടെയാണ് ഡെന്മാര്‍ക്ക് കടന്നുപോകുന്നത്. പാരിസ്ഥിതിക വിഭവചൂഷണങ്ങളുടെയും സാമ്പത്തിക അസമത്വത്തിന്റെയും സമൂര്‍ത്തസാഹചര്യങ്ങള്‍ക്കിടയിലും ആഗോള സന്തോഷസൂചികയില്‍ ഡെന്മാര്‍ക്കിനെ വിസ്മയം പോലെ അവതരിപ്പിക്കുന്നതിന് പുറകില്‍ നവലിബറല്‍ സാമ്പത്തികതാല്പര്യങ്ങൾ പ്രകടമാണ്.
സ്‌കാന്‍ഡിനേവിയയില്‍ ഏറെക്കാലം ചിലവഴിച്ച് ഈ മേഖലയില്‍ ഗവേഷണം നടത്തിയ മൈക്കിള്‍ ബൂത്തിന്റെ The Almost Nearly Perfect People: The Truth About the Nordic Miracle എന്ന പുസ്തകവും ആഘോഷിക്കപ്പെടുന്ന സ്‌കാന്റിനേവിയന്‍ സാമൂഹിക-സാമ്പത്തിക മാതൃകയുടെ ഉള്ളടരുകളില്‍ മേല്‍സൂചിപ്പിച്ചതിന് സമാനമായ അനേകം പ്രശ്നങ്ങളുണ്ട് എന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്.
2012-ല്‍ ഭൂട്ടാന്‍ ഗവര്‍ണ്മെന്റ് അന്താരാഷ്ട്ര വിദഗ്ധരോടൊപ്പം ചേര്‍ന്ന് ‘ഹാപ്പിനെസ്സ്’ കേന്ദ്രീകരിച്ച് ആവിഷ്‌കരിക്കാവുന്ന സാമ്പത്തിക നയമാതൃകയുമായി ബന്ധപ്പെട്ടു നടത്തിയ ഉന്നതതല ചര്‍ച്ചയിലാണ് ‘ഹാപ്പിനെസ്സ് ഇന്റക്സ്’ എന്ന ആശയം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധനേടുന്നത്. ഭൂട്ടാന്‍ പ്രധാനമന്ത്രി ജിഗ്മി തിന്‍ലെ ചര്‍ച്ചയില്‍ നിര്‍ദ്ദേശിച്ച വിദഗ്ധ കമ്മീഷന്‍ ഐക്യരാഷ്ട്ര സഭയുമായി സംയോജിച്ച് ‘ഹാപ്പിനെസ്സ് ഇന്റക്സി’ന് രൂപം നല്കാന്‍ ധാരണയാവുകയായിരുന്നു. പിന്നീട് ജിഗ്മി തിന്‍ലെയുടെയും സാമ്പത്തിക ശാസ്ത്രവിദഗ്ദന്‍ ജെഫ്രി. ഡി സാച്ചസിന്റെയും നേതൃത്വത്തിലുള്ള കമ്മീഷന്‍ ആദ്യ ഹാപ്പിനെസ്സ് റിപ്പോര്‍ട്ട് അവലോകനം ചെയ്തു പുറത്തുവിട്ടു. ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 20 ‘ഹാപ്പിനെസ്സ് ഡേ’ ആയി ആചരിക്കുന്നതിനും എല്ലാവര്‍ഷവും അന്നേദിവസം ലോക ഹാപ്പിനെസ്സ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നതിനും തീരുമാനമായി. ഇന്ന് ജി. ഡി. പി പോലെ ഒരു രാജ്യത്തിന്റെ പുരോഗമനം വിലയിരുത്തുന്നതിനും പൊതു നയരൂപീകരണത്തിനും ആശ്രയിക്കാവുന്ന ഏകകമായാണ് പലരും ‘ഹാപ്പിനെസ്സ് ഇന്റക്സി’ നെ കണക്കാക്കുന്നത്.
ബ്യുണസ് എയ്റിസ് സര്‍വകലാശാലയിലെ പ്രൊഫ. മോണിക്കാ കോറിയയുടെ ഭൂട്ടാനിലെ ഹാപ്പിനെസ്സ് ഇന്റക്സിന്റെ ചരിത്രവുമായി ബന്ധപ്പെട്ട പഠനത്തില്‍സൂചിപ്പിക്കുന്നത്, 1979-ല്‍ ഭൂട്ടാനിലെ നാലാമത്തെ രാജാവ് ജിഗ്മെ വാങ്ചുക്കാണ് മുംബൈയില്‍ വച്ചുള്ള അഭിമുഖത്തിനിടയില്‍ ‘ഗ്രോസ് നാഷ്ണല്‍ ഹാപ്പിനെസ്സ്’ എന്ന ആശയം അവതരിപ്പിക്കുന്നത് എന്നാണ്. ജി ഡി പിയെക്കാള്‍ ഗ്രോസ് നാഷ്ണല്‍ ഹാപ്പിനെസ്സ് ആണ് തങ്ങളുടെ രാജ്യത്തിന് പ്രധാനമെന്ന ജിഗ്മെ വാങ്ചുക്കിന്റെ അഭിപ്രായം വരാനിരുക്കുന്ന സന്തോഷകേന്ദ്രീകൃതമായ ഏകകത്തിന്റെ രൂപീകരണത്തിന്റ സൂചനകൂടിയായിരുന്നു. കേവലം ജി. ഡി. പിക്ക് സമാന്തരമായ രാജ്യ പുരോഗമന സൂചിക എന്നതിനപ്പുറം ഭൂട്ടാനിലെ ഗ്രോസ് നാഷ്ണല്‍ ഹാപ്പിനെസ്സ് ഭരണകൂടത്തിന്റെ വിഭാഗീയ രാഷ്ട്രീയത്തിന്റെ ഉപകരണമായി പലരും വിലയിരുത്തുന്നുണ്ട്. ഗ്രോസ് നാഷ്ണല്‍ ഹാപ്പിനെസ്സിലെ സുപ്രധാനഘടകങ്ങളായ സാംസ്‌കാരികസംരക്ഷണം, ഭരണനൈപുണ്യം എന്നിവ വംശീയ ഉന്മൂലനത്തിനും മതാത്മക വിഭാഗീയതക്കുമായി ഭൂട്ടാന്‍ രാജഭരണകൂടം ഉപയോഗിച്ചുവെന്നുള്ള നിരീക്ഷണങ്ങള്‍ ഈ ആശയത്തിന്റെ രാഷ്ട്രീയ- സാമൂഹിക ബലതന്ത്രത്തെപ്പറ്റി വ്യക്തമായ ധാരണകള്‍ നല്‍കുന്നുണ്ട്.
സാംസ്‌കാരിക വൈവിധ്യങ്ങളില്ലാത്ത, ഒരേതരം മനുഷ്യരുള്ള ഭരണകൂടങ്ങള്‍ക്ക് തങ്ങളുടെ മികവിന്റെയും പുരോഗമനത്തിന്റെയും അളവുകോലായി 'ഗ്രോസ് നാഷ്ണല്‍ ഹാപ്പിനെസ്സ് ഇന്റക്സി' നെ ഉയര്‍ത്തികാണിക്കാനായേക്കാം എന്നതിലാണ് ഇതിന്റെ അപകടകരമായ രാഷ്ട്രീയം പതിയിരിക്കുന്നത്. ഭൂട്ടാനില്‍ ഭരണകൂട പിന്തുണയോടെ പതിനായിരക്കണക്കിന് നേപ്പാള്‍ വംശജരെ രാജ്യത്തുനിന്ന് പുറത്താക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനും നടന്ന പ്രവര്‍ത്തനങ്ങളെ ഭൂട്ടാന്റെ സംസ്‌കാരിക വിശുദ്ധി ഉയര്‍ത്തുന്നതിനുള്ള പദ്ധതിയായാണ് ഭരണകൂടം അവതരിപ്പിച്ചത്. വംശീയരാഷ്ട്രീയത്തിന് ചേരുന്ന ഏകകങ്ങളെ നിര്‍മിച്ച് സമൂഹത്തിന്റെ പൊതുബോധത്തില്‍ ശക്തമായ വിഭാഗീയപ്രത്യയശാസ്ത്രത്തെ ഉണ്ടാക്കിയെടുക്കാനാകുമെന്ന ജര്‍മന്‍ നാസി ചരിത്രാനുഭവങ്ങളെ ശരിവെക്കുന്നുണ്ട് ഭൂട്ടാന്‍ ചരിത്രവിശകലനങ്ങള്‍.
സമൂഹത്തിന്റെ സന്തോഷം അളന്നെടുത്ത് വിശകലനം ചെയ്യുന്നതിലൂടെ ഒരു രാജ്യത്തിന്റെ പുരോഗതിയ്ക്കും നയരൂപീകരണത്തിനും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ആവിഷ്‌ക്കരിക്കാം എന്ന ആശയത്തിന്റെ തത്വചിന്താപരിസരത്തെ മനസ്സിലാക്കുക എന്നതും പ്രസക്തമാണ്. ഒരു പ്രവര്‍ത്തിയുടെ അനന്തരഫലം അതിന്റെ ധാര്‍മികതയെ നിര്‍ണ്ണയിക്കുന്നുവെന്ന ‘കോണ്‍സിക്വന്‍ഷലിസ്റ്റ്’ തത്വചിന്തയുടെ ഭാഗമായി ജെറെമി ബെന്താമും ജോണ്‍ സ്റ്റുവര്‍ട്ട് മില്ലും അവതരിപ്പിച്ച ‘യുട്ടിലിറ്റേറിയനിസം’ അഥവാ പ്രയോജനവാദം എന്ന സിദ്ധാന്തം മുന്നോട്ട് വയ്ക്കുന്ന അതേ ചിന്തയാണ്
ഹാപ്പിനെസ്സ് ഇൻറക്സും അവലംബിക്കുന്നത്. പ്രയോജനവാദ സിദ്ധാന്തമനുസരിച്ച്, ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ഏറ്റവും കൂടുതല്‍ സന്തോഷം പ്രദാനം ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തിയാണ് ധാര്‍മികമായ ശരിയെ നിര്‍ണ്ണയിക്കുന്നത്. ജെറെമി ബെന്താം സന്തോഷത്തിനെ അതിന്റെ തീവ്രതക്കനുസരിച്ച് വര്‍ഗീകരിക്കുകയും, കൂടുതല്‍ പേര്‍ക്ക് സന്തോഷം നേടിയെടുക്കാനാകുന്ന പ്രവര്‍ത്തിയെ ഏറ്റവും ധാര്‍മികമായതെന്ന് നിശ്ചയപ്പെടുത്തുകയും ചെയ്തു. ഹാപ്പിനെസ് ഇന്റക്സിന്റെ തത്വശാസ്ത്ര നിര്‍മ്മിതിയില്‍ യൂട്ടിലിറ്റേറിയന്‍ സിദ്ധാന്തത്തിന്റെ സ്വാധീനം പ്രകടമാണ്. വ്യക്തിതലത്തിലും സാമൂഹിക തലത്തിലും സങ്കീര്‍ണമായ രീതിയില്‍ അനുഭവവേദ്യമാവുകയും സമീപിക്കുകയും ചെയ്യേണ്ടുന്ന സന്തോഷം എന്ന വ്യവഹാരത്തിനെ അളക്കുന്നതിലൂടെ അതിനെ അതിന്റെ കേവലതയിലേക്ക് ചുരുക്കാന്‍ ശ്രമിക്കുകയാണ് യൂട്ടിലിറ്റേറിയന്‍ സിദ്ധാന്തം ചെയ്തതെന്ന വിമര്‍ശനം സജീവമാണ്. ഏറ്റവും കൂടുതല്‍ ആളുകളുടെ സന്തോഷത്തിന് കാരണമാവുന്ന പ്രവൃത്തിയെ ധാര്‍മ്മികമായി ശരി എന്ന് വിലയിരുത്തുന്ന യുട്ടിലിട്ടേറിയന്‍ സിദ്ധാന്തം ന്യൂനപക്ഷങ്ങളെയും പാര്‍ശ്വവത്ക്കരിക്കുന്നവരെയും പരിഗണിക്കുന്നതില്‍ പരാജയപ്പെട്ട ഒന്നാണെന്നും അതിനാല്‍തന്നെ അതിന്റെ ഉള്ളടക്കം നീതിരഹിതമാണ് എന്നുമുള്ള വിമര്‍ശനങ്ങള്‍ സൈദ്ധന്തികര്‍ മുന്‍പോട്ട് വയ്ക്കുന്നുണ്ട്.
പ്രയോജനവാദത്തിന്റെ പ്രധാന പ്രയോക്താക്കളിലൊരാളായ ജോണ്‍ സ്റ്റുവര്‍ട്ട് മില്‍, മില്‍ട്ടനെ വായിക്കുന്നതും ഓപ്പറ കാണുന്നതും നല്ല ഭക്ഷണം കഴിക്കുന്നതിനെക്കാള്‍ ‘ആനന്ദകരമായ’ കാര്യമായി വിലയിരുത്തുന്നുണ്ട് എന്നത് ഇതിനോട് ചേര്‍ത്തു വായിക്കാം. യുട്ടിലിറ്റേറിയനിസത്തിന്റെ അതേ ചിന്തയെ അവലംബിക്കുന്ന ഹാപ്പിനെസ്സ് ഇന്റ്ക്‌സിനെ സംബന്ധിച്ചും ഇതേ വിമര്‍ശനങ്ങള്‍ പ്രസക്തമാണ്. മറ്റൊരര്‍ത്ഥത്തില്‍ സന്തോഷം എന്നതിനെ അതിന്റെ കേവലതയിലേക്ക് ചുരുക്കുന്നു എന്നതു മാത്രമല്ല, ഭൂരിപക്ഷത്തിന്റെ വ്യവഹാരങ്ങളെ മാത്രം പരിഗണിക്കുന്ന സന്തോഷസൂചികകള്‍ ആവിഷ്‌കരിച്ച് ഭൂരിപക്ഷതാത്പര്യങ്ങളെ നയരൂപീകരണങ്ങളുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നു എന്ന വിമര്‍ശനവും അവയെ സംബന്ധിച്ച് സാധുവാണ്.
ആഗോള തലത്തില്‍ തന്നെ സന്തോഷത്തെ വിലയിരുത്തുകയും ഏതാണ്ട് ഇതേ കാലയളവില്‍ നിഗമനങ്ങള്‍ പുറത്തുവിടുകയും ചെയ്ത ഐ. പി. ഒ. എസ്. ഹാപ്പിനെസ്സ് സര്‍വ്വേ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനതയുള്ള രാജ്യമായി കണ്ടെത്തിയത് ചൈനയെയായിരുന്നു, ഇതേ ചൈന ഗ്ലോബല്‍ ഹാപ്പിനെസ്സ് ഇന്റക്‌സില്‍ ഏറെ പുറകിലാണ്. ഹാപ്പിനെസ്സ് ഇന്റക്സില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നോര്‍വീജിയന്‍ രാജ്യങ്ങളെ ഐ. പി. ഒ. എസ് സര്‍വ്വേയില്‍ ഉള്‍പെടുത്തിയിട്ടില്ല. ചൈനീസ് സമൂഹം കുടുംബ-സമൂഹ്യ ബന്ധങ്ങളില്‍ അനുഭവിക്കുന്ന സന്തോഷം അവരുടെ പ്രതികരണങ്ങളില്‍ പ്രകടമാകുന്നതായി ഐ. പി. ഒ. എസ് സര്‍വ്വേ നിഗമനങ്ങള്‍ സൂചിപ്പിക്കുന്നു. ഐ. പി. ഒ. എസ്സിന്റെയും ഗ്ലോബല്‍ ഹാപ്പിനെസ്സ് ഇന്റക്സിന്റെയും വ്യത്യസ്തമായ നിഗമനങ്ങള്‍ പലപ്പോഴും പഠനത്തിന്റെ വ്യത്യസ്തസ്വഭാവത്തെ സൂചിപ്പിക്കുന്നതാണെന്നു ഐ. പി. ഒ. എസ് വൈസ് ചെയര്‍മാന്‍ നിക്കോളാസ് ബോയോന്‍ അഭിപ്രായപെടുന്നുണ്ട്. സന്തോഷം അളക്കുന്നതിലെ സൂചകങ്ങളും പ്രതികരിക്കാനാവിശ്യപ്പെടുന്ന ചോദ്യങ്ങളുമായി ഏറെ ബന്ധപ്പെട്ടതാണ് അതിലൂടെ ലഭ്യമാവുന്ന നിഗമനങ്ങളെന്നത് ഇത്തരം പഠനങ്ങളുടെ പരിമിതിയെ സൂചിപ്പിക്കുന്നുണ്ട്. പഠനരീതിശാസ്ത്രത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ ലഭ്യമാവുന്ന ഫലങ്ങളിലും മാറ്റങ്ങളുണ്ടാക്കുന്നുണ്ട് എന്നത് വ്യക്തമാണ്. അങ്ങനെയായിരിക്കുമ്പോള്‍ ചില സര്‍വേഫലങ്ങള്‍ മാത്രം ആഘോഷിക്കപ്പെടുകയും മറ്റ് ചിലത് മുഖ്യധാരയില്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കുകയും ചെയ്യുന്നതിനു പിന്നില്‍ പ്രത്യയശാസ്ത്രതാല്‍പര്യങ്ങള്‍ പ്രകടമാണ്. ചൈന ഒന്നാമതെത്തുന്ന റിപ്പോര്‍ട്ടിനെക്കാള്‍ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ മുന്നിലെത്തുന്ന റിപ്പോര്‍ട്ട് ആഘോഷിക്കപ്പെടുന്നതിന് പിന്നില്‍ തെളിഞ്ഞുകാണുന്നതും അതേ താല്‍പര്യങ്ങള്‍ തന്നെയാണുള്ളത്.
വിഭവങ്ങള്‍ക്കുമേലുള്ള ഭാവിതലമുറയുടെ അവകാശങ്ങളെ ഒരു നിലയിലും പരിഗണിക്കാതെയാണ് ഹാപ്പിനെസ്സ് ഇന്റക്സ് റിപ്പോര്‍ട്ടില്‍ ഇന്നത്തെ സന്തോഷത്തിന്റെ തോത് രേഖപ്പെടുത്തുന്നതെന്ന ഓക്സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്രവിഭാഗം മേധാവി പ്രോഫസര്‍ ഫ്രാന്‍സെസ് സ്റ്റെവാര്‍ട്ടിന്റെ വിമര്‍ശനത്തെ മുന്‍നിര്‍ത്തി ആലോചിച്ചാല്‍ ഹാപ്പിനെസ്സ് ഇന്റക്സ് മുന്നോട്ടുവയ്ക്കുന്ന വിഭവചൂഷണത്തിന്റെ പ്രത്യയശാസ്ത്രം കൂടുതല്‍ വ്യക്തമാകും. ഹാപ്പിനെസ്സ് ഇന്റക്സില്‍ മുന്നില്‍ നില്‍ക്കുന്ന സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ പ്രതിശീര്‍ഷ പാരിസ്ഥിതിക പാദമുദ്രയിലും മുന്നിലാകുന്നത് അതുകൊണ്ടു കൂടിയാണ്. വംശീയ ഉന്മൂലന രാഷ്ട്രീയത്തിന്റെ ജനിതകം പേറുന്ന ഭൂട്ടാന്റെ ഗ്രോസ്സ് നാഷ്നല്‍ ഹാപ്പിനെസ്സിനെ ഓസ്ട്രേലിയന്‍ റെഫ്യുജി കൗണ്‍സില്‍ നിര്‍വചിച്ചത് ‘ഗ്രോസ് നാഷനൽ ഹിപ്പോക്രസി’ എന്നാണ്. ഗ്രോസ് നാഷനൽ ഹാപ്പിനെസ്സിന്റെ തുടര്‍ച്ചയില്‍ രൂപപ്പെട്ട വേൾഡ് ഹാപ്പിനെസ്സ് ഇന്‍ഡെക്സ് രാജ്യങ്ങളുടെ പുരോഗതിയുടെ അളവുകോലാകുമ്പോള്‍ വംശീയ ഉന്മൂലന-വിഭാഗീയ രാഷ്ട്രീയങ്ങള്‍ക്ക് അതിനെ അവയുടെ ആധികാരികമായ പ്രോഗ്രസ്സ് റിപ്പോര്‍ട്ടായി ഉപയോഗിക്കാനായേക്കാം.