ചിത്രങ്ങൾ : ഷഫീഖ് താമരശ്ശേരി

കോളനിപ്പടിയിൽനിന്ന്​ ബസ്​ കയറുന്ന
കുട്ടികളും നമ്മുടെ​ ക്ലാസ്​ മുറികളും

സ്‌കൂൾ കരിക്കുലം പുതുക്കുന്നതിന്​ സർക്കാർ രൂപീകരിച്ച 71 അംഗങ്ങളടങ്ങിയ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയിൽ പട്ടികജാതി മേഖലയ്ക്ക് ശ്രദ്ധ നൽകാൻ ഒരംഗത്തെ ഉൾപ്പെടുത്തിയിട്ടില്ല. ഏറ്റവും ദൗർഭാഗ്യകരം, ഈ ഒഴിവാക്കലിനോട് ദലിത് ജനത പ്രകടിപ്പിക്കുന്ന നിരുത്തരവാദപരമായ മൗനമാണ്.

ക്ലാസ്​ മുറിയിൽ അധ്യാപകർ ഉദാഹരണങ്ങളുപയോഗിച്ച് പാഠഭാഗങ്ങൾ വിശദീകരിക്കുന്നത് സാധാരണയാണ്. പലപ്പോഴും ഉദാഹരണങ്ങൾ സമൂഹത്തിൽ കാണുന്നതോ സ്വന്തം അനുഭവങ്ങളിൽ നിന്ന്​ ലഭിക്കുന്നതോ ആവാം. സാമൂഹ്യശാസ്ത്ര സങ്കൽപനങ്ങൾ പരിചയപ്പെടുത്തുന്ന ഒരു ക്ലാസ്​മുറി സങ്കൽപിക്കുക. അധ്യാപകൻ/ അധ്യാപിക സാമൂഹിക മൂലധനത്തെപ്പറ്റി വിശദീകരിക്കുകയാണ്. സാമൂഹിക മൂലധനം എന്നത് സമൂഹം ഒരു വ്യക്തിക്കോ സാമൂഹിക വിഭാഗത്തിനോ അവരുടെ സ്വന്തം കഴിവുകൾ കൊണ്ടല്ലാതെ ഒരു പ്രത്യേക സാമൂഹിക വിഭാഗത്തിൽപ്പെട്ടു എന്നതുകൊണ്ടുമാത്രം ലഭിക്കുന്ന ഒരംഗീകാരമായി കാണാം. ഈ സാമൂഹിക അംഗീകാരം ജാതിയിലൂടെയോ വർഗത്തിലൂടെയോ ലിംഗഭേദത്തിലൂടെയോ വന്നുചേരുന്നതായിരിക്കാം. ഇത് വിശദീകരിക്കാൻ അധ്യാപകൻ/ അധ്യാപിക താഴെപ്പറയുംവിധത്തിലുള്ള ഒരു ഉദാഹരണമാണ് പങ്കുവെക്കുന്നതെങ്കിലോ?

ടീച്ചർ പറയുന്നു: ""എന്റെ കുട്ടിക്കാലത്ത് സ്‌കൂളിൽ പോകുമ്പോൾ ബാഗ് പിടിക്കാൻ അമ്മ ഒരു വേലക്കാരിയെ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഭക്ഷണപാത്രം ഞാൻ കൈയിൽ വച്ചാൽ മതിയെന്ന് അമ്മ നിർബന്ധിക്കുമായിരുന്നു. എന്നാൽ ഈ ഭക്ഷണപ്പൊതി കൂടി പിടിച്ചാൽ എന്താ എന്ന് ഞാൻ ചോദിക്കുമ്പോൾ, അത് നിനക്ക് മനസ്സിലാവില്ലെന്നും പറയുന്നതനുസരിച്ചാൽ മതിയെന്നും അമ്മ പറയാറുണ്ട്. എന്നെ സ്‌കൂളിലെ ക്ലാസുമുറിയിലാക്കി വേലക്കാരി പോകും. പിന്നെ ക്ലാസ് കഴിഞ്ഞ് എന്നെ കൂട്ടാൻ വരും.''

കുട്ടിക്കാലത്ത് തനിക്കു ലഭിച്ച സാമൂഹിക മൂലധനത്തിന്റെ നേർച്ചിത്രമാണിതെന്ന് അധ്യാപിക/ അധ്യാപകൻ പറയുന്ന മാത്രയിൽ ടീച്ചറുടെ സാമൂഹിക ഇടം കുട്ടികൾക്ക് തെളിഞ്ഞുവരും. ജാതിയും അതിലെ ശ്രേണീബന്ധവും വർഗവുമെല്ലാം വിനിമയം ചെയ്യപ്പെടും. ചില കുട്ടികൾക്ക് ടീച്ചറുടെ അനുഭവ പശ്ചാത്തലത്തോട് അടുക്കാനും മറ്റു ചിലർക്ക് അകലം ഉണ്ടാകാനും ഇത് കാരണമാകും. ഇതിനെ മറികടക്കുന്ന കുട്ടികളും തീർച്ചയായും ഓരോ ക്ലാസിലും ഉണ്ടാകും. അവർ ക്ലാസുമുറികളുടെ വേലികൾക്കപ്പുറം ചാടാൻ കെൽപ്പുള്ളവരായിരിക്കും. എന്നാലും സാമൂഹ്യ മൂലധനത്തെ ഒരു സങ്കൽപനമായി പഠിപ്പിക്കുന്ന സമയത്തുപോലും കടന്നുവരാവുന്ന ഒന്നാണ് ജാതി.

ദുർബല വിഭാഗങ്ങളുടെ പിൻ​ബഞ്ചുകൾ

ജാതിയുടെ കീഴ്‌മേൽ ബന്ധങ്ങൾ മനുഷ്യൻ കൂടുന്ന എല്ലായിടങ്ങളിലും കാണാം. ടീച്ചർ നൽകിയ ഉദാഹരണത്തിലെ ഭക്ഷണപ്പൊതി ഒരു ചിഹ്നമാണ്. ഭക്ഷണത്തിന്റെ ജാതിയും അതിനെ ചുറ്റിപ്പറ്റിയുള്ള തൊട്ടുകൂടായ്മാ സങ്കൽപവുമാണ് ഇതിലൂടെ വെളിവാകുന്നത്. ക്ലാസ്​മുറികളിൽ ഭക്ഷണപ്പൊതി അഴിച്ച് കൂട്ടായി കുട്ടികൾ ഭക്ഷണം കഴിക്കുമ്പോഴും സൗഹൃദവും സ്‌നേഹവും സന്തോഷവും പങ്കുവെക്കുമ്പോൾ പോലും സാമ്പത്തിക- സാമൂഹ്യ വേർതിരിവുകൾ പൊതിച്ചോറിലൂടെ അഴിഞ്ഞെന്നിരിക്കും. ഭക്ഷണം മതേതരമല്ല, ജാതിയില്ലാത്തതുമല്ല. തീർത്തും ജനാധിപത്യപരമെന്ന് നാം കരുതുന്ന ഹോസ്റ്റൽ മെസ് മുറിയിൽ പോലും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ കൂട്ടായ്മയിൽ അറിയാതെ സാമൂഹിക- സാമ്പത്തിക നിലയോടൊപ്പം ജാതിയുടെ ഐക്യപ്പെടലും രൂപപ്പെടുന്നുണ്ട്. സാമൂഹ്യഘടനയിലെ ഉച്ചനീചത്വങ്ങൾ എല്ലാ ഇടങ്ങളിലും പുനരുൽപാദിപ്പിക്കുന്നുവെന്ന് ഇതിനർഥമില്ല. ഇതിനപ്പുറമുള്ള കൂടിച്ചേരലുകൾ ക്ലാസ്​മുറികൾക്കകത്തും പുറത്തും ഉണ്ടാകാം.

ക്ലാസ്​ മുറികളിലെ ഇരിപ്പിടങ്ങൾ തെരഞ്ഞെടുക്കുന്നതിലും സൗഹൃദങ്ങൾ ഉണ്ടാക്കുന്നതിലും അറിയാതെയെങ്കിലും ജാതി പ്രവർത്തിക്കുന്നത് സൂക്ഷ്മമായി നിരീക്ഷിച്ചാൽ കാണാം. ദുർബല വിഭാഗങ്ങളിൽ നിന്ന്​ വരുന്ന കുട്ടികൾ പിൻബെഞ്ചിൽ ഇരിപ്പിടം കണ്ടെത്തുന്നത് സ്വാഭാവിക തെരഞ്ഞെടുപ്പായി മാറുന്നു. സർവകലാശാലാ ക്ലാസ്​മുറികൾ പോലും ഇങ്ങനെയാകുമ്പോൾ സ്‌കൂൾതലത്തിൽ സ്ഥിതി മറിച്ചാവാൻ സാധ്യതയില്ലെന്നാണ് പഠനങ്ങൾ (റോഷ്‌നി പദ്മനാഭൻ, 2013) വ്യക്തമാക്കുന്നത്. വിദ്യാർഥികൾ സൗഹൃദങ്ങൾ സ്ഥാപിക്കുന്നതിൽ സാമൂഹിക-സാമ്പത്തിക നില നോക്കുന്നത് ഒരു സ്വാഭാവിക സാമൂഹ്യ പെരുമാറ്റമായി സ്‌കൂളുകളിലും കലാലയങ്ങളിലും കാണാം.

തിരുവനന്തപുരം നഗരത്തിലെ ഒരു സർക്കാർ വിദ്യാലയത്തിലെ കുട്ടികളുടെ വിദ്യാഭ്യാസാനുഭവങ്ങളെക്കുറിച്ചുള്ള പഠനം (റോഷ്‌നി പദ്മനാഭൻ, 2013) സൂചിപ്പിക്കുന്നത്, ദലിത് കോളനികളിൽ നിന്ന്​ വരുന്ന കുട്ടികളെ മറ്റു കുട്ടികൾ തങ്ങളുടെ സൗഹൃദങ്ങളിൽ നിന്ന്​ ഒഴിവാക്കാറുണ്ടെന്നും അധ്യാപകൻ തന്നെ ഈ കുട്ടികൾ മോശക്കാരാണെന്ന മുൻവിധിയോടെ സംസാരിക്കാറുണ്ടെന്നതുമാണ്. പത്താം ക്ലാസിലെത്തുന്നതിനുമുമ്പുതന്നെ കോളനികളിലെ പല കുട്ടികളും തൊഴിലിന് പോയിത്തുടങ്ങുകയും കൈയിൽ ചെറിയ വരുമാനം കിട്ടിത്തുടങ്ങുമ്പോൾ ഉന്നത വിദ്യാഭ്യാസം ഉപേക്ഷിക്കുകയും ചെയ്യുന്നുവെന്നത് യാഥാർഥ്യമാണ്.

ക്ലാസ്​മുറികളിൽ കുട്ടികളെ അധ്യാപകർ ശിക്ഷിക്കുമ്പോൾ ജാതി കടന്നുവരുന്ന ഒരുപാട് ഉദാഹരണങ്ങൾ പല വിദ്യാർഥികളും പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. അടിയോടൊപ്പം ഉണ്ടാകുന്ന ശാപവാക്കുകളിൽ, "നീയൊക്കെ എവിടെനിന്ന് വരുന്നതാണ്, നീയൊക്കെ കട്ട കുത്താൻ പോകുന്നതാണ് നല്ലത്' എന്ന അധിക്ഷേപങ്ങൾ ചെറിയ ക്ലാസിൽ കേട്ടുശീലിച്ചിട്ടുണ്ടെന്ന് ഒരു യൂണിവേഴ്‌സിറ്റി വിദ്യാർഥി പറഞ്ഞതോർക്കുന്നു.

ക്ലാസ്​ റൂമിലെ കോളനികൾ

ജാതീയമായി വേർതിരിക്കപ്പെട്ട വാസസ്ഥലങ്ങളാണ് ദലിത് കോളനികൾ. കേരളത്തിലെ 3,41,964 പട്ടികജാതി കുടുംബങ്ങൾ ദലിത് കോളനികളിലാണ് താമസിക്കുന്നത് (2009-10 ലെ ‘കില’ റിപ്പോർട്ട്). അവരുടെ ജീവിതനിലവാരവും വിദ്യാഭ്യാസ നിലവാരവും അതിശോച്യമാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കോളനിപ്പടിയിൽ നിന്ന് ബസ് കയറുന്ന കുട്ടികളെ സമൂഹം നോക്കിക്കാണുന്നത് വിലകുറച്ചാണ്. ""കോളനിയിൽ നിന്നാണെന്ന് പറഞ്ഞാൽ പണി കിട്ടൂല, അതുകൊണ്ട് വീടിരിക്കുന്ന സ്ഥലം പറയാറില്ല'' എന്നുപറഞ്ഞ ഒരു ചേട്ടനെ ഓർമ വരുന്നു. താമസസ്ഥലം തന്നെ സാമൂഹ്യ ദുർബലത ഉത്പാദിപ്പിക്കുമ്പോൾ അവർ വന്നുചേരുന്നിടം വിവേചനത്തിന്റേതായി മാറുന്നുണ്ട്. എ.കെ. വാസു തന്റെ കവിതയായ അറസ്റ്റിലൂടെ ഈ സാമൂഹ്യാവസ്ഥയെ വ്യക്തമായി കോറിയിടുന്നു.

Photo : Muhammed Hanan Ak
Photo : Muhammed Hanan Ak

വണ്ടി വരുമ്പോൾ കോളനിപ്പടിക്കേന്ന് കേറാതിരിക്കാൻ പരമാവധി നോക്കിയിട്ടുണ്ട് വേലിപ്പച്ചയുടെ അരികുപറ്റി അമ്പലംമുക്ക് സ്‌റ്റോപ്പിലെത്തി വണ്ടികാത്ത് നിൽക്കും.

വെട്ടം മഴുവും തൂക്കിപ്പോകുന്ന വല്യചാച്ചന്റെ വിളിയെ ഒളിച്ച് പറ്റ് വാങ്ങാൻ പതറി നിൽക്കുന്ന മെയ്യാമ്മായിയെ അറിയില്ലെന്നുറപ്പിച്ച് ആൾക്കൂട്ടത്തെ പുതച്ച് വണ്ടിയെത്തും വരെ ഉരുകി നിന്നിട്ടുണ്ട്.

പാന്റിട്ടു, പൗഡറിട്ടു, എന്നിട്ടും പിടിക്കപ്പെട്ടു സ്റ്റൈപ്പന്റിന് ക്യൂ നിൽക്കുമ്പോഴായിരുന്നു ആദ്യത്തെ അറസ്റ്റ് സ്വന്തം ജാമ്യത്തിലിറങ്ങിയ ഞങ്ങളെല്ലാവരും കൂടി ക്ലാസിന്റെ പിൻബഞ്ചിലൊരു കോളനി വച്ചു...

ജാതിയുടെ വേരുകൾ, താമസിക്കുന്ന ഇടം തൊട്ട് ക്ലാസ്​ മുറികളിലെത്തിയാലും കൂടെ സഞ്ചരിക്കുന്ന ഒന്നാണെന്ന യാഥാർഥ്യം ഭൂരിപക്ഷം പേരും അനുഭവിക്കുന്ന നീറുന്ന യാഥാർഥ്യമാണ്.

ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞ "സാമൂഹ്യമൂലധനം' എന്ന സങ്കൽപനം പഠിപ്പിക്കാനായി ഒരു ടീച്ചർ തന്റെ അനുഭവം താഴെപ്പറയുംവിധം വിശദീകരിക്കുന്നുവെന്ന് കരുതുക.
ടീച്ചർ പറയുന്നു:""സാമ്പത്തിക മൂലധനം പോലെയാണ് സാമൂഹ്യ മൂലധനവും. സമൂഹത്തിൽ നമുക്ക് ലഭിക്കുന്ന അന്തസ്, മാന്യത എന്നിവ നമ്മുടെ മുന്നോട്ടുള്ള വളർച്ചയ്ക്ക് അനിവാര്യമാണ്​. അത് ആത്മവിശ്വാസം കൂട്ടും. ഉദാഹരണത്തിന് ഞാൻ ഓർക്കുന്നു, ഞാൻ സ്‌കൂളിൽ പോകുന്ന സമയത്ത് എനിക്ക് സ്വന്തമായൊരു സൈക്കിളുണ്ടായിരുന്നു. അന്ന് ആ ദേശത്ത് ആർക്കും സൈക്കിളില്ല. അതാണ് കാലം. എന്നാലും പ്രഭാതഭക്ഷണമൊക്കെ കഴിച്ച് സ്‌കൂൾ തുടങ്ങുന്നതിന് തൊട്ടുമുമ്പ് മാത്രമെ ഞാൻ സ്‌കൂളിൽ പോകാറുള്ളൂ. വീട്ടുകാർ അപ്പോഴേ എന്നെ പോകാൻ അനുവദിക്കൂ. നേരത്തെ പോയി അവിടുള്ള മറ്റു കുട്ടികളുമായി കൂടിച്ചേരാതിരിക്കാനാണ് വീട്ടുകാർ ഇങ്ങനെ നിർബന്ധിക്കുന്നത്. എല്ലാവരും ക്ലാസ്​മുറിയിൽ കയറിയിരുന്നാൽ ആ ക്ലാസിൽ ടീച്ചറും എത്തും. ഞാൻ ക്ലാസിൽ കയറുമ്പോൾ തന്നെ ആദ്യം ടീച്ചർ എഴുന്നേൽക്കും. പിന്നെ കുട്ടികൾ ഒന്നടങ്കം എഴുന്നേൽക്കും. ആദ്യത്തെ ബെഞ്ചിൽ ആദ്യ സീറ്റ് എനിക്കായി മാറ്റിവച്ചിട്ടു മാത്രമെ ആ നിരയിലുള്ള കുട്ടികൾ ഇരിക്കൂ. അങ്ങനെ ഞാൻ ആദ്യ ഇരിപ്പിടത്തിൽ ഇരിക്കും.''

സാമൂഹ്യ മൂലധനം എങ്ങനെയാണ് സിമ്പോളിക്കായി മൂലധനം ഉണ്ടാക്കുന്നതെന്ന് വിവരിക്കാൻ ഈ ഉദാഹരണം നല്ലതാണ്. പക്ഷെ ഈ വിവരണം ടീച്ചറും കുട്ടികളും തമ്മിലുള്ള സാമൂഹ്യ അന്തരം (Social Distance) വർധിപ്പിക്കാൻ കാരണമാകും. കേരളം പോലുള്ള സമൂഹത്തിൽ ടീച്ചറുടെ സാമൂഹിക പശ്ചാത്തലമെന്താണെന്നും താനാരാണെന്നും കുട്ടി മനസ്സിലാക്കുകയാണ് സങ്കൽപനം പഠിക്കുന്നതിനേക്കാൾ കൃത്യമായി നടക്കുക. മുമ്പുതന്നെ വേർതിരിക്കപ്പെട്ട ക്ലാസ്​മുറിയെ വീണ്ടും വേർതിരിക്കാനേ ഇത്തരം ഉദാഹരണങ്ങൾ സഹായിക്കൂ.

അധ്യാപകരുടെയും വിദ്യാർഥികളുടെയും (അവരുടെ കുടുംബത്തിന്റെയും) സാമൂഹ്യ ചുറ്റുപാടിലുള്ള വിടവിനെയാണ് സാമൂഹ്യ അന്തരം എന്ന സങ്കൽപനം കൊണ്ട് ഇവിടെ അർഥമാക്കുന്നത്. പൊതുവിദ്യാഭ്യാസത്തെപ്പറ്റിയുള്ള മാനബി മജുംദാറിന്റെ (2004) പഠനം സൂചിപ്പിക്കുന്നത്, വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള സാമൂഹ്യ അന്തരം വർധിച്ചുവരുന്നുവെന്നാണ്. സാമൂഹ്യ അന്തരം കണക്കാക്കുക അത്ര എളുപ്പമല്ല. ജാതിയെ ഒരു സൂചകമായെടുത്താണ് മജുംദാറിന്റെ പഠനം. സംവരണം നിലനിൽക്കുന്നതുകൊണ്ട് സർക്കാർ സ്‌കൂളുകളിലും കോളേജുകളിലും ദലിത് അധ്യാപകരുടെ സാന്നിധ്യമുണ്ട്. എന്നാൽ സർക്കാർ സ്‌കൂളുകളെയും കോളേജുകളെയുംകാൾ കൂടുതൽ എയ്ഡഡ് സ്ഥാപനങ്ങളുള്ള കേരളത്തിൽ പ്രസ്തുത സ്ഥാപനങ്ങളിൽ നാമമാത്രമായിപ്പോലും ദലിത് അധ്യാപകരില്ലെന്നതു സത്യമല്ലേ?
റോബിൻ ജെഫ്രി (1992) നിരീക്ഷിച്ചതുപോലെ, സ്വജാതീയർക്ക് നിയമനം നൽകാനുള്ള സ്ഥാപനങ്ങളല്ലേ കേരളത്തിലെ സ്വകാര്യ മാനേജ്‌മെന്റുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ? വിവരാവകാശ നിയമപ്രകാരം ശേഖരിച്ച കണക്കുകളനുസരിച്ച് (2010 വർഷത്തിലെ കണക്ക്) 150 എയ്ഡഡ് കോളേജുകളിലായി 7199 അധ്യാപകരാണുള്ളത്. എന്നാൽ ദലിത്- ആദിവാസി വിഭാഗത്തിൽപെട്ടവർ വെറും 11 പേർ. അതായത് 0.15%. കേരള വിദ്യാഭ്യാസത്തിലെ സാമൂഹ്യ അന്തരവും സാമൂഹ്യനീതിയില്ലായ്മയും വിളിച്ചോതുന്നവയാണ് മേൽ സൂചിപ്പിച്ച കണക്കുകൾ.

ഇങ്ങനെ ഉപസംഹരിക്കാമെന്ന് തോന്നുന്നു. അടുത്തിടെ കേരള സർക്കാർ സ്‌കൂൾ കരിക്കുലം പുതുക്കുന്നതിന്​ 71 അംഗങ്ങളടങ്ങിയ ഒരു കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇതിൽ പട്ടികവർഗ (ആദിവാസി), ജെൻഡർ, ട്രാൻസ്‌ജെൻഡർ മേഖലകളിൽ ശ്രദ്ധ നൽകാൻ പ്രത്യേകം അംഗങ്ങളുണ്ട്. എന്നാൽ പട്ടികജാതി (ദലിത്) മേഖലയ്ക്ക് ശ്രദ്ധ നൽകാൻ ഒരംഗത്തെ ഉൾപ്പെടുത്തിയിട്ടില്ല. ഏറ്റവും ദൗർഭാഗ്യകരമെന്നത്, ഈ ഒഴിവാക്കലിനോട് ദലിത് ജനത പ്രകടിപ്പിക്കുന്ന നിരുത്തരവാദപരമായ മൗനമാണ്. അയ്യങ്കാളി ആഹ്വാനം ചെയ്തതുപോലെ ഇല്ലിക്കൂട്ടങ്ങളെപ്പോലെ കൈകോർത്ത് നിൽക്കാൻ എന്നാണോ ദലിതർക്ക് കഴിയുക അന്നേ ജാതിയുടെ ഈ "അദൃശ്യമായ വേലികൾ' (invisible barriers) പൊട്ടിച്ചെറിയാൻ കഴിയൂ. ▮

റഫറൻസ്
1. പദ്മനാഭൻ, റോഷ്‌നി (2013), പഠിച്ചുതീരാത്ത പാഠങ്ങൾ ഡി.പി.ഇ.പി.യുടെ പരിണതിയും പരിമിതിയും, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
2. Jeffrey, Robin (1992) Politics, Women and Wellbeing: How Kerala Became a ‘Model', Macmillan.
3. Deshpande, Ashwini (2017) The Grammar of Casteഛ Economic Discrimination in Contemporary India, Oxford University Press, New Delhi.4. Uyl Marion Den (1995) Invisible Barriers: Gender, Caste and Kinship in a Southern Indian Village, International Books.
5. പദ്മനാഭൻ, റോഷ്‌നി, കോമത്ത് രാജേഷ്​ (2011), അനന്തമൂർത്തി കമീഷൻ റിപ്പോർട്ട്: ഒരു ദലിത് വിചാരം, ശാസ്ത്രഗതി, ജനുവരി, വാല്യം 46, ലക്കം 7.
6. Majumdar, Manabi (2004) Classes for the Masses? Social Capital, Social Distance and the Quality of the Government School System in Dwaipayan Bhattacharya ed. Interrogating Social Capital: The Indian Express Sage Publications, New Delhi.


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. രാജേഷ്​ കോമത്ത്​

മഹാത്മാഗാന്ധി സർവകലാശാലയിൽ സാമൂഹ്യശാസ്ത്ര വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ.

റോഷ്​നി പദ്​മനാഭൻ

കേരള സർവകലാശാലയിലെ ഗവേഷണ വിദ്യാർഥി. പഠിച്ചുതീരാത്ത പാഠങ്ങൾ: ഡി.പി.ഇ.പിയുടെ പരിണതിയും പരിമിതിയും എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments