എസ്. ജോസഫ്. / Photo : S Joseph, Fb

എനിക്ക്നിലപാടുകളില്ല

​ഞാനൊരു നിലപാടില്ലാത്ത കവിയാണ്. നിലം ഉള്ളവർക്കേ നിലപാടുണ്ടാവൂ. എനിക്ക് നിലമില്ല. ഞാൻ ദലിതനല്ല , ക്രിസ്ത്യനല്ല. ആണുതാനും, അല്ലതാനും. അല്പം കമ്യൂണിസ്റ്റ് അനുഭാവിയാണ്. എന്നാൽ കമ്യൂണിസം കാലഹരണപ്പെട്ടിരിക്കുന്നു. ഫാസിസ്റ്റ് വിരുദ്ധനാണ്, എന്നാൽ ഫാസിസ്റ്റ് ഇന്ത്യയിൽ ഭയന്നുജീവിക്കുന്നു. കേരളീയനാണ്, എന്നാൽ കേരളത്തിൽ എനിക്ക് ഇടമില്ല. ഇന്ത്യനാണ്, ഇന്ത്യനല്ല.

ന്റെ ഓർമയിൽ വിഷാദമായി നിലകൊള്ളുന്ന ചിന്തകനാണ് വാൾട്ടർ ബെഞ്ചമിൻ. അദ്ദേഹത്തിന്റെ ആത്മഹത്യ ഫാസിസ്റ്റുകളെ ഭയന്നായിരുന്നു എന്ന് വായിച്ചിട്ടുണ്ട്.

നാസികളുടെ കൈകളിലേക്ക് തിരിച്ചയയ്ക്കപ്പെടുമെന്നുകരുതി ബെഞ്ചമിൻ ഹോട്ടൽ ഡി ഫ്രാൻസിയയിൽ താമസിക്കവെ മോർഫിൻ ഗുളികകൾ അമിതമായി കഴിച്ച് ആത്മഹത്യ ചെയ്തു. നാസികൾ ഏറ്റവും കൂടുതൽ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തത് യഹൂദന്മാരെയും റോമ (ജിപ്‌സികൾ) യേയും ആണ്. റോമയെ കൊന്ന കാര്യം ആരും പറയാറില്ല; പലർക്കും അതൊന്നും അറിഞ്ഞും കൂടാ. ഈ വംശഹത്യകളുടെയൊന്നും കൃത്യമായ കണക്ക് ഇന്നും ലഭ്യമല്ല.
സ്വന്തം രാജ്യം ഇല്ലാത്തവരായിരുന്നു രണ്ടു കൂട്ടരും. പക്ഷേ ഇന്നും റോമകൾക്ക് രാജ്യമില്ല. ഇന്ത്യൻ പ്രവാസികളായി അവരെ അംഗീകരിക്കണം എന്നുപറയുന്നുണ്ട്. ഇവരെല്ലാം വംശീയ ന്യൂനപക്ഷങ്ങളും ആയിരുന്നു. പിന്നെ നാസികൾ പീഡിപ്പിച്ചത് കവികൾ, കലാകാരന്മാർ, ചിന്തകർ, ബുദ്ധിജീവികൾ, കമ്യൂണിസ്റ്റുകൾ എന്നിവരെയാണ്. നാസികളെ തുരത്തിയതിൽ കമ്മ്യൂണിസ്റ്റുകൾക്ക് വലിയ പങ്കുണ്ട്.

വാൾട്ടർ ബെഞ്ചമിൻ. / Photo : Wikimedia Commons

ഇന്ത്യൻ ഫാസിസത്തെ മനസിലാക്കാൻ ഫാസിസത്തിന്റേയും നാസിസത്തിന്റെയും ചരിത്രം തന്നെയാണ് മാതൃകയാകുന്നത്. ജനാധിപത്യത്തിന്റെ ഒരു പ്രത്യേകത, അത് ഏത് ദിശയിലേക്കും തിരിയാവുന്ന ഒരു രാഷ്ട്രീയ പ്രക്രിയയാണ് എന്നതാണ്. അതിനാൽ അത് ഫാസിസത്തിന്റെ നിയന്ത്രണത്തിലാകുമ്പോൾ ചരിത്രത്തെ അനാദിയായി കാണാതെ ഒരു കാലഘട്ടം വരെ പിന്നോട്ടുപോയിട്ട് ആ ഘട്ടത്തിലെ ഭാഷയിലോ ദൈവവിശ്വാസങ്ങളിലോ
അസ്​പൃശ്യത തുടങ്ങിയ അനാചാരങ്ങളിലോ ആധുനികോത്തര ലോകത്ത് ബലം ഉപയോഗിച്ചുമാത്രം പ്രയോഗിക്കാൻ കഴിയുന്ന വർണ - ജാതി വ്യവസ്ഥയിലോ അതിന്റെ പ്രത്യയശാസ്ത്രത്തെ ഉറപ്പിക്കും എന്നതാണ്. അങ്ങനെ നോക്കുമ്പോൾ പുതിയ ടെക്‌നോളജിയും മാർക്കറ്റ് കേന്ദ്രിത മൂല്യങ്ങളും പഴകിയ ബ്രാഹ്മണ്യവും പ്രാന്തവൽക്കരണവും അജ്ഞതകളും കൂട്ടിക്കലർത്തിയ ഒരു വ്യവസ്ഥയാണ് ഇന്നത്തെ ഇന്ത്യൻ ഭരണകൂടവ്യവസ്ഥ എന്നു പറയേണ്ടിവരും. അതുണ്ടാക്കുന്നത് ഭയമാണ്. മൗനമാണ്. ക്ഷയമാണ്. അതുകൊണ്ട്, സമകാലിക ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥ നമ്മുടെ സാഹിത്യത്തെ ഒരു അരാഷ്ടീയോല്പന്നമാക്കി മാറ്റുന്നുണ്ട്.

സ്കൂളിൽ ഉയർന്ന ജാതിക്കാർക്കായി കുടിവെള്ളം സൂക്ഷിച്ച പാത്രത്തിൽ നിന്ന് വെള്ളമെടുത്ത് കുടിച്ചതിന് അധ്യാപകൻ മർദ്ദിച്ച് കൊലപ്പെടുത്തിയ ഇന്ദ്രകുമാർ മേഘ്വാൾ എന്ന ഒമ്പത് വയസ്സുകാരൻ

ഒരു മതത്തേയും ജാതിയേയും ദൈവങ്ങളേയും വിമർശിക്കാൻ പറ്റാത്ത അവസ്ഥയാണ് സംജാതമായിട്ടുള്ളത്. ഇന്ത്യയിലെ ദലിതരും ആദിവാസികളും മുസ്​ലിംകളും അനുഭവിക്കുന്ന ഡിസ്‌ക്രിമിനേഷൻ വലുതാണ്. ഒരു ദലിതിനെ ആർക്കും തല്ലികൊല്ലാം. രാജസ്ഥാനിൽ ഒരു വിദ്യാർത്ഥിയെ സ്വന്തം അധ്യാപകൻ വെള്ളം കുടിച്ചതിന് മർദ്ദിക്കുകയും കുട്ടി മരിക്കുകയും ചെയ്തു. ഇത്തരം ആക്രമണം കിഴക്കൻ യൂറോപ്പിലെ ജിപ്‌സികൾക്കെതിരേയും ഉണ്ടായിട്ടുണ്ട്. ജിപ്‌സികൾ രാജ്യം ഇല്ലാത്തവരാണ്. എന്നാൽ ദലിതരുടേതു കൂടിയാണ് ഈ രാജ്യം.

ഇവിടെ ഭയം എല്ലാവരെയും വിഴുങ്ങിയിട്ടുണ്ട്. സാഹിത്യം ഒരു പരിധി വരെ സല്ലാപമായി മാറിയിട്ടുണ്ട്. അടിയൊഴുക്കുപോലെ ഭയം സഞ്ചരിക്കുന്നു.

ചാരു നിവേദിതയുടെ സീറോ ഡിഗ്രിയാണ് പണ്ടേ തുടരുന്ന ദലിത് പീഡനത്തിന്റെ ഒരു അനുഭവരേഖ അതിതീക്ഷ്ണമായി വരച്ചിട്ട ഒരു നോവൽ. മലയാളത്തിൽ അത്രയും ശക്തമായ എഴുത്ത് ഫിക്ഷനിലോ കവിതയിലോ കണ്ടിട്ടില്ല. തുടർന്നുവന്ന ശ്രീലങ്കൻ എഴുത്തുകാരനായ ഷോഭാ ശക്തിയുടെ മ് എന്ന നോവൽ ഭയത്തെ മറികടക്കുന്നു. ഒ.വി.വിജയന്റെ ധർമപുരാണം പോലൊരു കൃതി പിന്നീട് മലയാളത്തിലുണ്ടായിട്ടില്ല. ഇവിടെ ഭയം എല്ലാവരെയും വിഴുങ്ങിയിട്ടുണ്ട്. സാഹിത്യം ഒരു പരിധി വരെ സല്ലാപമായി മാറിയിട്ടുണ്ട്. അടിയൊഴുക്കുപോലെ ഭയം സഞ്ചരിക്കുന്നു.

ഇന്ത്യയിലെ ദലിതരും ആദിവാസികളും മുസ്​ലിംകളും അനുഭവിക്കുന്ന ഡിസ്‌ക്രിമിനേഷൻ വലുതാണ്.

സത്യം പറയാമല്ലോ എനിക്ക് ഭയമുണ്ട്. റുഷ്ദിക്കെതിരേയുള്ള ആക്രമം നടന്നിട്ട് അധികമായില്ല. ഇന്ത്യയിൽ ഫാസിസത്തിനെതിരേ പ്രവർത്തിച്ചവർ കൊല്ലപ്പെട്ടു, ജയിലുകളിലായി.

എനിക്ക് ഓടക്കുഴൽ അവാർഡ് കിട്ടിയ കാലത്ത് എന്നെ കാണാനും അവാർഡു കിട്ടിയതിൽ അഭിനന്ദിക്കാനും രണ്ടു കാറുകളിലായി ആർ.എസ്. എസുകാർ വീട്ടിൽ വന്നു. സാഹിത്യകാരന്മാരുടെ വീടുകൾ സന്ദർശിക്കുന്ന ഒരു പദ്ധതി അവർക്കുണ്ട്. അതിന്റെ പേരിലാണ് വന്നത് എന്നവർ പറഞ്ഞു. വളരെ മാന്യമായിട്ടാണവർ പെരുമാറിയത്. ഇന്ത്യയിലുള്ള എല്ലാവരും ഹിന്ദുക്കൾ ആണെന്നവർ പറഞ്ഞു. തങ്ങൾക്ക് ഇതര മതസ്ഥരോട് ഒരു അവഗണനയും ഇല്ലെന്നവർ പറഞ്ഞു. 2040 ൽ ആർ എസ്. എസ് ഇന്ത്യ നേരിട്ടു ഭരിക്കുമെന്നവർ പറഞ്ഞു. 2040 ൽ ഞാൻ ഉണ്ടാവില്ലല്ലോ എന്നു ഞാനും പറഞ്ഞു. അവർ സന്തോഷപൂർവ്വം പിരിയുകയും ചെയ്തു.

ഇന്ത്യയിൽ എല്ലാവരും ഹിന്ദുക്കളാണോ?
ആ പരികല്പനയുടെ വ്യാപ്തി എന്താണ്?
ബഹുസ്വരതകളുടെ ആകെത്തുകയല്ലേ ഇന്ത്യൻ സംസ്‌കാരം.

ചാരു നിവേദിത (Prabhu Photography), ഷോഭാ ശക്തി (Kiran Mudigonda)

ഞാൻ രാഷ്ട്രീയവിഷയങ്ങൾ എഴുതുന്ന ആളല്ല. ജീവിതത്തിൽ നീതി കിട്ടാതെ പോയ പാർശ്വവൽക്കരിക്കപ്പെട്ട കീഴാള സമൂഹങ്ങൾക്ക് ഒരു കവിത വേണം. അത് എന്റെ കാലം വരെ മലയാള കവിതയിൽ വേണ്ടവണ്ണം ഉണ്ടായിട്ടില്ല. അതിന് ഒരു ഭാഷ കണ്ടെത്താനുള്ള ശ്രമമായിരുന്നു എന്റേത്. എന്നാലും രാഷ്ടീയം എഴുതുമ്പോൾ എന്തെഴുതും എന്നതൊരു ചോദ്യമാണ്.

ഞാനൊരു നിലപാടില്ലാത്ത കവിയാണ് എന്നാണ് അറിയപ്പെടുന്നത്. എഫ്.ബിയിൽ ആളുകളെ സത്യം ബോധ്യപ്പെടുത്തുക പ്രയാസമാണ്. എങ്കിലും ഞാൻ എഴുതി: നിലം ഉള്ളവർക്കേ നിലപാടുണ്ടാവൂ. എനിക്ക് നിലമില്ല. അത്​ ഞാൻ പറയുന്നത് അതൊരു സ്വത്വപ്രതിസന്ധിയായതു കൊണ്ടാണ്.

ദലിത് ക്രൈസ്തവർ ദലിതരുമല്ല, ക്രൈസ്തവരുമല്ല എന്നെനിക്ക് മനസ്സിലായി. ഞാനവരിൽ ഒരാളാണ്. എന്റെ ആളുകൾ അവരാണ്. അവരുടെ ജീവിതം എന്നെ വേദനിപ്പിക്കുന്നു. ദലിത് ക്രൈസ്തവർക്കും ദലിതർക്കും ആദിവാസികൾക്കും വേണ്ടി മാത്രല്ല, പതിതരായ എല്ലാവർക്കും വേണ്ടി കവിത എഴുതുന്ന ഒരു കവിയാണ് ഞാൻ.

ഞാൻ ദലിതനല്ല എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ശരിക്കും ദലിതർ എന്നത് ജാതിപരവും മതപരവും ആയ ഒരു ഐഡന്റിറ്റിയായിട്ടാണ് അറിയപ്പെടുന്നത്. വംശീയസമൂഹമെന്ന നിലയിൽ ഒരു സ്വത്വം ദലിതർക്കുണ്ട്. ആ നിലയിൽ ദലിതർ മതാതീതമായി ഒരു വംശീയസമൂഹമാണ്. എന്നാൽ ഹിന്ദുഇന്ത്യയിൽ ദലിത് ഹിന്ദുവിന് മാത്രമായി സംവരണം പരിമിതപ്പെട്ടപ്പോൾ, ഹിന്ദുവിതര ദലിത് സമൂഹങ്ങൾ പുറത്തായി. പഠിക്കുന്നതിൽ നിന്നും ജോലി നേടുന്നതിൽ നിന്നും അവർ അന്യരാക്കപ്പെട്ടു.

ക്രിസ്തുമതത്തിൽ ജാതിയില്ലെന്നു പറഞ്ഞ ക്രിസ്ത്യാനികൾ ബ്രാഹ്മണരെന്ന് അവകാശപ്പെട്ടു. ഹിന്ദുമതത്തിലെ വർണജാതിവ്യവസ്ഥയെ ക്രിസ്തുമതം രണ്ടുതട്ടിലാക്കി. സവർണരും അവർണരും എന്ന രണ്ട് തട്ട്.
ദലിതരും ആദിവാസികളുമൊഴികേ ആര്​ ക്രിസ്ത്യാനിയായി മാറിയാലും സവർണ ക്രിസ്ത്യാനിയായി. ദലിത് ക്രൈസ്തവരാകട്ടെ, ദലിത് എന്ന ജാത്യാപമാനം ചുമക്കുകയും എന്നാൽ വിദ്യാഭ്യാസം, തൊഴിൽ എന്നിവയിലൂടെ മെച്ചപ്പെടാനുള്ള സാഹചര്യം ഇല്ലാതെ വരികയും ചെയ്യുന്ന ഒരു അവസ്ഥയാണിത്.

ഹിന്ദുമതത്തിലെ വർണജാതിവ്യവസ്ഥയെ ക്രിസ്തുമതം രണ്ടുതട്ടിലാക്കി. സവർണരും അവർണരും എന്ന രണ്ട് തട്ട്. ദലിതരും ആദിവാസികളുമൊഴികെ ആര്​ ക്രിസ്ത്യാനിയായി മാറിയാലും സവർണ ക്രിസ്ത്യാനിയായി. / Photo : Shafeeq Thamarassery

വിനിൽ പോൾ നല്കിയ കണക്കുപ്രകാരം മൈനോരിറ്റി പദവിയിൽ
സ്‌കൂളുകളും കോളേജുകളും നേടിയെടുത്ത സവർണ / സമ്പന്ന ക്രൈസ്തവ സമൂഹങ്ങൾ ദലിത് ക്രിസ്ത്യാനികളെ പാർശ്വവൽക്കരിക്കുകയാണു ചെയ്യുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവർക്ക് അകലെയാകുന്നു. നോക്കുക, ഗവ. കോളേജുകളിൽ ബിരുദ ബിരുദാനന്തര കോഴ്‌സുകളിലെ പ്രവേശനത്തിൽ ഒ.ഇ.സിയിൽ വരുന്ന ഒ.ബി.എക്‌സ് എന്നൊരു ഉപ കാറ്റഗറിയുണ്ട്. അത് ക്രിസ്ത്യൻ എയിഡഡ് കോളേജുകളിൽ സമീപകാലത്തു കാണുന്നില്ല. അവരെ മുമ്പ് സി.സി. എന്നും വിളിച്ചിരുന്നു. ഗവൺമെൻറ്​ കോളേജിൽ ഒ.ഇ.സിക്ക് മൊത്തത്തിൽ 1% സംവരണമാണ്. അതിലാണ് ഒ.ബി.എക്‌സ് വരുന്നത്. 40 ഓ 20 ഓ കുട്ടികളുടെ സ്ട്രെംഗ്​ത്​ വരുമ്പോൾ അത് സ്വയം അദൃശ്യമാവുകയും ഒന്നിലധികം ഡിപ്പാർട്ടുമെന്റുകളിൽ മാറിമാറി തെളിയുകയും ചെയ്യും. ദീർഘകാലം അഡ്മിഷൻ നടത്തിയുള്ള എന്റെ അനുഭവത്തിൽ, 16 വർഷമായി ബി.എ, എം. എ മലയാളം ക്ലാസുകളിൽ മൊത്തമായി ഒരു കുട്ടിയ്ക്കാണ് അഡ്മിഷൻ ലഭിച്ചിട്ടുളളത് എന്നാണ് ഓർമ.

പി.കെ.രാഘവൻ. / Photo : P.K Raghavan, Fb Page

1990 കൾ ആദ്യം ഞാൻ ഗവേഷണത്തിന് ഹിന്ദു ദലിതർക്കും ആദിവാസികൾക്കും അക്കാലത്ത് പുതുതായി അനുവദിച്ച സ്‌റ്റൈപ്പൻറിന് ഒ.ഇ.സി ആയ ദലിത് ക്രൈസ്തവർക്കും അർഹതയുണ്ടെന്ന് പറയുവാൻ പട്ടിക ജാതി- പട്ടിക വർഗ വകുപ്പിൽ ചെന്നു. അന്ന് നായനാർ ഗവൺമെന്റാണ് ഭരിക്കുന്നത് എന്ന ആത്മവിശ്വാസത്തോടെ. എന്റെ കൂട്ടുകാർ പലരും കമ്യൂണിസ്റ്റുകാർ. ഞാനും അങ്ങനെ തന്നെ. വകുപ്പിലെ ഡയറക്ടർ ഒരു മുസ്​ലിം സ്ത്രീയായിരുന്നു. അവർ എന്നെ ഒരു ഓർഡർ കാണിച്ചു. അതിൽ എ. സി, എസ്. ടി, ഒ.ഇ.സി എന്നിവർക്ക് ഗവേഷണത്തിന് സാമ്പത്തിക സഹായം നല്കണമെന്നായിരുന്നു എഴുതിയത്. അത് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ വെട്ടിക്കളഞ്ഞു എന്നവർ എന്നോടു പറഞ്ഞു. ആരാണ് ആ ഉദ്യോഗസ്ഥർ എന്നൂഹിഹിക്കാം. ഇതറിഞ്ഞ ഞാൻ അന്നത്തെ പട്ടികജാതി- പട്ടികവർഗ മന്ത്രിയായ പി.കെ.രാഘവനെ പോയി കണ്ടു. ക്രിസ്തുമതത്തിലേക്കുള്ള മതം മാറ്റത്തേപ്പറ്റി പറഞ്ഞ് അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടു. മന്ത്രിയാണെന്ന് നോക്കാതെ ഞാനും ചിലതെല്ലാം പറഞ്ഞു.
ഒന്നാം ക്ലാസു മുതൽ പി.ജി വരെ SC / ST/ OEC എന്നിവർക്ക് സ്റ്റെപ്പൻറുണ്ട്​. അത് ഗവേഷണ മേഖലയിൽ OEC യ്ക്ക് കൊടുക്കേണ്ട എന്നവർ വച്ചതിനുപിന്നിൽ മതപരിവർത്തനം ആണെന്നർത്ഥം. അതിൽ നിയമപരമായ എന്ത് യുക്തിയാണുള്ളത്?

ലോകത്തിലുള്ള ജിപ്‌സികൾ ഒന്നുകിൽ ക്രൈസ്തവരാണ് അല്ലെങ്കിൽ മുസ്​ലിംകളാണ്. / Photo: Unsplash.com

ഞാൻ ഗവേഷണം നിർത്തി, അതുപേക്ഷിച്ച് വിജയപുരം രൂപതയുടെ ഭാഗമായ വെള്ളിയാമറ്റം സ്‌കൂളിൽ താല്കാലികമായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ഇക്കാലത്ത് സോവിയറ്റ്​ യൂണിയൻ തകർന്നു കഴിഞ്ഞു. സോഷ്യലിസം വഴിയാധാരമായി. മുതലാളിത്വവും സ്വകാര്യവൽക്കരണവും ഉദാരനയങ്ങളും ഹിന്ദു വൈസേഷനും ഇന്ത്യയിൽ ആധിപത്യം ചെലുത്തി. ദലിത് ക്രൈസ്തവരോടുള്ള
ഈ വിവേചനം , ജോലിയിലെ ഒരു ശതമാനം മാത്രം സംവരണം, വിദ്യാഭ്യാസത്തിനുള്ള അവസരമില്ലായ്ക, സവർണ ക്രൈസ്തവരുടെ അക്രൈസ്തവമായ വിവേചനം ഇതെല്ലാം കൊണ്ട്
ദലിത് ക്രൈസ്തവർ ദലിതരുമല്ല, ക്രൈസ്തവരുമല്ല എന്നെനിക്ക് മനസ്സിലായി. ഞാനവരിൽ ഒരാളാണ്. എന്റെ ആളുകൾ അവരാണ്. അവരുടെ ജീവിതം എന്നെ വേദനിപ്പിക്കുന്നു. ദലിത് ക്രൈസ്തവർക്കും ദലിതർക്കും ആദിവാസികൾക്കും വേണ്ടി മാത്രല്ല, പതിതരായ എല്ലാവർക്കും വേണ്ടി കവിത എഴുതുന്ന ഒരു കവിയാണ് ഞാൻ.

കേരളത്തിൽ സോഷ്യലിസം ചില മേഖലകളിൽ ഉണ്ട്. വിദ്യാഭ്യാസത്തിലും ജോലികളിലും അത് പാലിക്കാൻ സ്വകാര്യമേഖലയ്ക്ക് കഴിയുന്നില്ല.

ലോകത്തിലുള്ള ജിപ്‌സികൾ ഒന്നുകിൽ ക്രൈസ്തവരാണ് അല്ലെങ്കിൽ മുസ്​ലിംകളാണ്. രണ്ട് മതങ്ങളിൽ നിന്നും അവർക്ക് വിവേചനമുണ്ട്. ദലിത് ക്രൈസ്തവരുടെ അവസ്ഥയുമായി സമാനത പങ്കിടുന്ന ഒരു സമൂഹം ജിപ്‌സികൾ മാത്രമാണ്. സർവ്വവും ശിഥിലമാകുന്നു എന്ന അവസ്ഥയാണിത്.
സമീപകാലത്ത് കെ.കെ. ബാബുരാജ് പറഞ്ഞത്, സോഷ്യലിസം പ്രധാനമാണെന്നാണ്. അത്തരത്തിൽ ഇടതുപക്ഷത്തിന് വലിയ ദൗത്യങ്ങൾ കേരളത്തിൽ നടപ്പിലാക്കാനുണ്ട്. സോഷ്യലിസം ഇല്ലാത്ത രാജ്യങ്ങൾ കുറവാണ് ലോകത്തിൽ. ദൂപ് ചെക്കും ഹാവേലും മുന്നോട്ടുവച്ചത് അതാണ്. ഏറെ തുറന്ന ലോകം. ആദിവാസി ജീവിതാവസ്ഥകളെ മെച്ചപ്പെടുത്തുക. ദലിതരുടെയും ദലിത് ക്രൈസ്തവരുടേയും ജീവിതം മെച്ചപ്പെടുത്തുക. വൈവിധ്യങ്ങളെ അംഗീകരിക്കുന്ന തുല്യതയ്ക്കായി നിലകൊള്ളുക എന്നിങ്ങനെ പലതുണ്ട്.

പാലക്കാട് അട്ടപ്പാടിയിൽ കുറുംബ വിഭാഗത്തിൽപ്പെട്ട ആദിവാസികൾ താമസിക്കുന്ന ഒരു കോളനിയുണ്ട്. എത്ര ശോചനീയമാണെന്നോ അവരുടെ അവസ്ഥ. / Photo : Muhammed Hanan A. K

കേരളത്തിൽ സോഷ്യലിസം ചില മേഖലകളിൽ ഉണ്ട്. വിദ്യാഭ്യാസത്തിലും ജോലികളിലും അത് പാലിക്കാൻ സ്വകാര്യമേഖലയ്ക്ക് കഴിയുന്നില്ല. ക്ലാസിക്കൽ മാർക്‌സിസത്തിന്റെ തലം വിട്ട് പിൽക്കാല മാർക്‌സിസ്റ്റ് ചിന്തകർ പറഞ്ഞ പല കാര്യങ്ങളുണ്ട്. അഡോണയും ബഞ്ചമിനും ഈഗിൾട്ടനും ഫ്രെഡറിക് ജയിംസണും ഒക്കെ. ഇതിനെ സംബന്ധിച്ച് പുതിയ തലമുറയ്ക്ക് എന്തറിയാം എന്നത് ഒരു ചോദ്യമാണ്. കേരളത്തിലെ കോളനികളെ ബി. രാജീവൻ ജയിലുകൾ എന്നാണ് വിളിച്ചത്. പാലക്കാട് അട്ടപ്പാടിയിൽ കുറുംബ വിഭാഗത്തിൽപ്പെട്ട ആദിവാസികൾ താമസിക്കുന്ന ഒരു കോളനിയുണ്ട്. എത്ര ശോചനീയമാണെന്നോ അവരുടെ അവസ്ഥ.

ഇതുകൊണ്ടെല്ലാമാണ് ഞാൻ ഇങ്ങനെ എഴുതിയത്: ‘ഞാനൊരു നിലപാടില്ലാത്ത കവിയാണ്. നിലം ഉള്ളവർക്കേ നിലപാടുണ്ടാവൂ. എനിക്ക് നിലമില്ല. ഞാൻ ദലിതനല്ല , ക്രിസ്ത്യനല്ല. ആണുതാനും, അല്ലതാനും. അല്പം കമ്യൂണിസ്റ്റ് അനുഭാവിയാണ്. എന്നാൽ കമ്യൂണിസം കാലഹരണപ്പെട്ടിരിക്കുന്നു. ഫാസിസ്റ്റ് വിരുദ്ധനാണ്, എന്നാൽ ഫാസിസ്റ്റ് ഇന്ത്യയിൽ ഭയന്നുജീവിക്കുന്നു.
കേരളീയനാണ്, എന്നാൽ കേരളത്തിൽ എനിക്ക് ഇടമില്ല. ഇന്ത്യനാണ്, ഇന്ത്യനല്ല.

അതേ ഇതൊക്കെയാണ് സത്യമായും ഞാൻ.

അത് ഒരു വല്ലാത്ത അവസ്ഥയാണ്. നിങ്ങൾക്ക് മനസിലാവില്ല.


എസ്. ജോസഫ്

കവി. എറണാകുളം മഹാരാജാസ്​ കോളേജിൽ മലയാളം അധ്യാപകനായിരുന്നു. കറുത്ത കല്ല്, മീൻകാരൻ, ഐഡന്റിറ്റി കാർഡ്, ഉപ്പന്റെ കൂവൽ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, വെള്ളം എത്ര ലളിതമാണ് തുടങ്ങിയവ പ്രധാന കൃതികൾ.

Comments