ആർ. രാജശ്രീ

ജാതി(യില്ലാ)ക്കേരളത്തിലെ
​രണ്ട്​ സന്ദർഭങ്ങൾ

ഇതിലൊന്നും ജാതി കലർത്തണ്ട എന്നുപദേശിക്കുന്നവർ അത്രയ്ക്ക് ശുദ്ധാത്മാക്കളാണ് എന്നു കരുതാൻ വയ്യ. അഥവാ, ആണെങ്കിൽ അവരോടാണ്. നമ്മളായിട്ട് കലർത്തുന്നതല്ല. നാം ആലോചിക്കുന്നതിനു മുമ്പേ ജാതി ഓടി വന്ന് കലങ്ങിക്കഴിയും. നോക്കുമ്പോൾ കാണില്ലെന്നേയുള്ളൂ. അങ്ങനെയാണ് നമുക്ക് ജാതിയില്ലാതായത്.

ലവ് യു സർ ...

അതാണ്. കാരണം പറയാം. അക്കാരണങ്ങൾ കൊണ്ട് എനിക്കല്പം ‘വിഷ'മുണ്ടെന്ന് മറ്റുള്ളവർ പറഞ്ഞാൽ അത് പണ്ട് മത്തായി പറഞ്ഞതുപോലെയാണ്; അത്രേയുള്ളൂ.

ഈ പേരിൽ ഒരു സിനിമയുമുണ്ട്. ഇവിടെ അതല്ല വിഷയം. ഒരു പേരിലെന്തിരിക്കുന്നുവെന്ന് നാം സത്യത്തിൽ ഒരു സമാധാനത്തിനു പറയുന്നതാണ്. പേര് അലോസരപ്പെടുത്തും, നൊമ്പരപ്പെടുത്തും, ആഹ്ലാദിപ്പിക്കും, ചിലപ്പോഴെങ്കിലും ചിന്തിപ്പിക്കുകയും ചെയ്യും.സാറും മാഡവും വേണ്ട പേരുമതി എന്ന് തീർപ്പാക്കാനെളുപ്പമാണ്. പക്ഷേ ജാതി (യില്ലാ)ക്കേരളത്തിൽ പേരിനെ അത്ര നിഷ്‌കളങ്കമായി കാണണ്ട.

രണ്ട് സംഭവങ്ങളാണ്.

ഒന്ന്: ജാതി (യില്ലാ)ക്കേരളത്തിലെ രണ്ടായിരത്തിമൂന്നാമാണ്ട്‌ ഡിസംബർ.

രണ്ടു പേരും കൊളോണിയൽ മനുഷ്യരാണ്, രണ്ടു പേരും മലയാളിയുടെ അടുപ്പമില്ലായ്മയ്ക്ക് ഉദാഹരണങ്ങളാണ്, രണ്ടുപേരും ഒരു ചിരപുരാതന വിധേയത്വത്തിന്റെ ബാക്കിപത്രങ്ങളാണ്, രണ്ടുപേരും നമ്മുടേതല്ലാത്ത കൊമ്പനും പിടിയുമാണ്.

കൃത്യമായി ഓർക്കാൻ കാരണങ്ങളുണ്ട്; ഒന്ന്, അത് ക്രിസ്​മസ്​ അവധിയായിരുന്നു, രണ്ട്, സീസണൽ ദാമ്പത്യത്തിൽ മറന്നുകളയുന്നതിലുമധികം ഓർക്കാനാണുണ്ടാവുക.

കല്യാണം കഴിഞ്ഞിട്ട് എട്ടു മാസം കഷ്ടി. കാര്യങ്ങളുടെ കിടപ്പ് അങ്ങനെയല്ല, ഇങ്ങനെയൊക്കെയാണെന്ന് നവവധുക്കൾ പഠിക്കാൻ തുടങ്ങുന്ന സമയമാണ്. ജോലി സ്ഥലമായ കോഴിക്കോട്ടുനിന്ന് രാത്രി വണ്ടി കയറി പുലർച്ചെ മൂന്നു മണിക്ക് ഓച്ചിറയിലെ ഭർത്തൃഗൃഹത്തിലെത്തി പതിവുപോലെ എല്ലാത്തരത്തിലുമുള്ള ചാർജ്ജ് കൈപ്പറ്റിയിരിക്കയാണ്. ട്രെയിനിൽ ഭയങ്കരമായി ഉറങ്ങിയതുകാരണം ഇനി പിറ്റേന്ന് ഉറങ്ങിയാൽ മതിയല്ലോ. അത്തരം സന്ദർഭങ്ങളിൽ അഞ്ചു മണിക്കുതന്നെ തുടങ്ങുന്ന അടുക്കളപ്പോരാട്ടം ഏഴ് ഏഴരയ്ക്ക് അവസാനിക്കുന്നു. വിശേഷാവസരങ്ങളിലുപയോഗിക്കുന്ന പാത്രങ്ങളടക്കം നമ്മെ പരിചയപ്പെടാൻ വരിനില്ക്കുന്നുണ്ടാവും. ജോലിസ്ഥലത്ത് ഇളവേല്ക്കാനായി ഇട്ടേച്ചു പോയതിലുള്ള പ്രതിഷേധം വീട് പലതരത്തിൽ പ്രകടിപ്പിക്കും. തുടർന്ന് സേവനവാരമാണ്.

Photo: Pexels

അത്തവണ പതിവ് അടിക്കലും തുടയ്ക്കലും പുരോഗമിക്കുന്നു. പുറത്തുനിന്ന് അമ്മായിയച്ഛൻ പെട്ടെന്ന് കേറി വന്ന് ഹാളിൽ കിടക്കുന്ന കസേരകൾ മാറ്റാൻ നിർദ്ദേശിക്കുന്നു. ഞാൻ എന്തിനെന്നറിയാതെ അനുസരിക്കുന്നു. വലിച്ചു മാറ്റാൻ പറ്റാത്ത സോഫയിൽ ലാൻഡ് ഫോണിരിക്കുന്ന സ്റ്റാന്റിനടുത്തായി അദ്ദേഹം പത്രവും പിടിച്ച് ഇരിക്കുന്നു.

‘കഴിഞ്ഞ തവണ ഇവിടുത്തെ ഫോൺ ചെയ്യക്കം കണ്ടപ്പഴേ ഞാനിത് തീരുമാനിച്ചതാ. കണ്ട തണ്ടാത്തികളുടെ അട്ട ചന്തി വയ്ക്കാനാണോ ഞാനിവിടെ സോഫ മേടിച്ചിട്ടിരിക്കുന്നത്? അവടെയൊക്കെ ഒര ഹമ്മതി!’

ഇതിന് പത്തു മിനിട്ട് മുമ്പ് ലാൻഡ് ഫോണിൽ വന്ന കോൾ ദുബായിൽ നിന്നായിരുന്നു. അപ്പുറത്തെ വീട്ടിലെ യുവതിയെ ഭർത്താവ് വിളിച്ചതാണ്. ഫോൺ വന്ന വിവരം അവരെ അറിയിച്ച് വരുന്ന വരവിലാണ് കസേര മാറ്റാനുള്ള നിർദ്ദേശം അമ്മായിയച്ഛൻ തന്നത്. ഞാൻ നിലം തുടച്ചുകൊണ്ടു നിന്നപ്പോൾ അപ്പുറത്തെ യുവതി വന്നുകയറി. ഏതാനും നിമിഷങ്ങൾക്കുള്ളിൽ വീണ്ടും ഫോൺ റിങ് ചെയ്യേണ്ടതാണ്. അവൾ അങ്ങോട്ടു നോക്കിനില്ക്കുകയാണ്. പക്ഷേ അന്ന് ആ നില്പ് പതിനഞ്ചുമിനിട്ടോളം നീണ്ടു. ഹാളിലെ ചുവരിൽ ചാരി, കൈകൾ എന്തു ചെയ്യണമെന്നറിയാതെ മുടി കെട്ടിയും വിരലുകൾ കോർത്തും മാലയിൽ തെരുപ്പിടിച്ചും കുറേ നേരം. പിന്നെ ഫോൺ വന്നു. പത്തു മിനിട്ട് സംസാരിച്ചു. അവർ പോയി.

‘കഴിഞ്ഞ തവണ ഇവിടുത്തെ ഫോൺ ചെയ്യക്കം കണ്ടപ്പഴേ ഞാനിത് തീരുമാനിച്ചതാ. കണ്ട തണ്ടാത്തികളുടെ അട്ട ചന്തി വയ്ക്കാനാണോ ഞാനിവിടെ സോഫ മേടിച്ചിട്ടിരിക്കുന്നത്? അവടെയൊക്കെ ഒര ഹമ്മതി! സോഫേലിരുന്നേ ഫോൺ ചെയ്യത്തൊള്ളൂ... ഇപ്പം എങ്ങനൊണ്ട്?', വിരിച്ചുപിടിച്ച പത്രം താഴ്ത്തി അമ്മായിയച്ഛൻ പറഞ്ഞു.

എന്നെക്കൊണ്ടാണല്ലോ അതു ചെയ്യിച്ചത്!
മരോട്ടിക്കാ തിന്ന കാക്കയെ മാതിരി ഞാൻ നിന്നു.

Photo: Unsplash

രാവിലെ ഇഡ്ഡലിത്തട്ട് പൊക്കുമ്പോൾ ആവി കയറി വിരലുകൾ വെന്തുപോയിരുന്നു. പക്ഷേ അതിന്റെ നീറ്റൽ അസഹ്യമായത് സ്വപിതാവിന്റെ ഈ വീരകൃത്യം പറഞ്ഞ് മക്കൾ ചിരിച്ചപ്പോഴാണ്.

അവർ തമ്മിൽ താഴെക്കൊടുത്ത പ്രകാരം സംഭാഷണവും നടന്നു.

‘ഇടയ്ക്ക് അത്രേമൊക്കെ ആവശ്യമാ. അതുങ്കൂടില്ലെങ്കിൽ എന്തോ ചെയ്തേനേ? എവനൊക്കെ കേറി അങ്ങ് മോളിപ്പോയേനേ!
പക്ഷേ നമ്മക്ക് അത് പറയാൻ പറ്റത്തില്ലല്ലോ.'

‘യ്യോ സത്യവാ!'

നമുക്ക് ജാതിയില്ല എന്നു പ്രഖ്യാപിച്ച് ക്രോസ് ബ്രീഡായ എനിക്കൊരു ജീവിതം തരാൻ സന്മനസ്സു കാണിച്ച നവവരനെ നോക്കി ഞാൻ അന്തം വിട്ടു. ഭർത്തൃ സഹോദരിയുടെ ചെറിയ മക്കളടക്കം അവരുടെ അച്ഛനെക്കാൾ പ്രായമുള്ള ഈ അയൽക്കാരനെയും അങ്ങനെ പലരെയും പേരാണ് വിളിക്കുന്നതെന്ന് അതിനെത്തുടർന്നാണ് ഞാൻ കണ്ടെത്തിയത്. ഏച്ചീ ഏട്ടാ എന്നു ചേർത്ത് സർവരെയും വിളിച്ചിരുന്ന എനിക്കത് വല്ലാത്ത അമ്പരപ്പാണുണ്ടാക്കിയത്. (ഞാൻ അതുവരെ ജീവിച്ചിരുന്നയിടം ജാതിമുക്തമായിരുന്നെന്നൊന്നും അതിന് അർത്ഥമില്ല.)

താൻ സർക്കാർ ആപ്പീസുകളിൽ പോവാൻ ഇഷ്ടപ്പെടാത്തത് ചിലരെ സാറേന്നു വിളിക്കാൻ വയ്യാഞ്ഞിട്ടാണെന്ന് അമ്മായിയച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. ‘ഒരു കാലത്ത് ഒരുത്തനും ഇതിലേ തലപൊക്കി നടക്കത്തില്ലായിരുന്നു. ഇപ്പോ എല്ലാവനും മോളിൽ വീണു. നമ്മള് താഴേമായി.’

ഒറ്റനിമിഷം കൊണ്ട് ആ കുടുംബത്തിൽ ഞാൻ അന്യയായതുപോലെ തോന്നി. എന്റെ സ്ഥാനത്ത് ജാതിക്കലർപ്പില്ലാത്ത ഒരു തദ്ദേശീയ യുവതിയായിരുന്നെങ്കിൽ അവൾക്ക് ആ സാഹചര്യം അത്രമേൽ അരോചകമായിത്തോന്നണമെന്നില്ല എന്ന് ഇന്ന് തിരിച്ചറിയാനാവുന്നുണ്ട്. ഒരു പക്ഷേ അവൾക്കും ആ ചിരിയിൽ പങ്കെടുക്കാൻ സാധിച്ചേക്കുമെന്നും.

രണ്ട്: (അതേ ഡിസംബർ )

നവദമ്പതികളായ ഞങ്ങൾ ബൈക്കിൽ ആചാരപ്രകാരം ഒട്ടിപ്പിടിച്ചിരുന്ന് വരുന്നു. എനിക്ക് സേഫ്റ്റിപിൻ വാങ്ങണമെന്ന ഓർമയും വരുന്നു. നേരത്തേ ഫോൺ ചെയ്യാൻ വന്ന യുവതിയെക്കുറിച്ചു പറഞ്ഞല്ലോ. അവർക്ക് വീടിനോടുചേർന്ന് വളരെ ചെറിയ ഒരു കടയുണ്ട്. ബലൂൺ, കടല, സിഗരറ്റ്, മുറുക്കാനൊക്കെ വില്ക്കുന്ന കട. അവളുടെ അച്ഛന് തെങ്ങുകയറ്റത്തൊഴിലിൽ നിന്നു കിട്ടുന്ന വരുമാനവും കടയിൽ നിന്നുള്ള വരുമാനവുമായി അവർ തട്ടിയൊപ്പിച്ച് ജീവിച്ചു പോവുകയാണ്. ആ കടയുടെ മുന്നിൽ ബൈക്ക് നിർത്തുന്നു. യുവതിയുടെ അമ്മയാണ് പിൻ എടുത്തുതന്നത്.

Photo: businesscalltoaction.org

സങ്കടത്തോടെയും അനിഷ്ടത്തോടെയും അവർ എന്റെ ഭർത്താവിനോട് പറയുന്നു, ‘ഞങ്ങളെ ഇന്ന് അവിടുത്തെ വല്യദ്ദേഹം ഒത്തിരി ചീത്തവിളിച്ചു, കുഞ്ഞേ. പറഞ്ഞതൊന്നും ഒരാളോടും പറയാൻ കൊള്ളത്തില്ല.'

കൂടുതലൊന്നും വിശദീകരിക്കാതെ കടയുടെ മുന്നിലെ ടാർപോളിൻ താഴ്ത്തി അവർ അകത്തേക്കു വലിഞ്ഞു.

വീട്ടിലെത്തിയപ്പോൾ അമ്മ സംഭവം വിശദീകരിച്ചു.

മീൻകാരൻ വന്ന സമയത്ത് മോള് (എന്റെ നാത്തൂൻ) പുറത്തുനില്പുണ്ടായിരുന്നു. അന്നേരം അപ്പുറത്തെ അവള് വിളിച്ചു ചോദിക്കുവാണ്, ‘സീതേ , അയില വേണോന്ന്! അതും കേട്ടോണ്ടാ അങ്ങേര് വന്നത്. അവളൊരു അദ്ധ്യാപികയാ. ഒന്നുകിൽ അവളെ സാറേന്ന് ചേർത്ത് വിളിക്കണം അല്ലെങ്കിൽ മോളേന്ന് വിളിക്കണം, നീയൊക്കെ അവളെ പേര് വിളിക്കാനോ എന്നു പറഞ്ഞങ്ങ് തൊടങ്ങി. ഞാനൊന്നും ഇടയ്ക്ക് ചാടാൻ പോയില്ല. ഇച്ചിരി കേക്കട്ട് എന്നു കരുതി.അവളുമാർക്ക് അത്രം അഹമ്മതി കൊള്ളത്തില്ലല്ലോ.'

പറഞ്ഞതൊക്കെ ഇത്തിരി അധികവാ. പക്ഷേ കേറിയങ്ങ് പേര് വിളിക്കുക ന്ന് വച്ചാൽ... എന്ന് നാത്തൂൻ പാതിക്ക് നിർത്തി.

പരിഷ്‌കരണങ്ങളുടെ അരിപ്പയിൽ കുടുങ്ങിയതിന്റെ പ്രതിഷേധമാണ്. പക്ഷേ
പഴമയുടെയും കള്ളിന്റെയും തികട്ടലുകൾ മാപ്പ് അർഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. മാപ്പർഹിക്കാത്തത്, അതിനെ പുരോഗമനവാദത്തിൽ പൊതിഞ്ഞ് സഭയിൽ കൊണ്ടുവരുന്നതാണ്.

സീതേ, അയില വേണോന്നോ! കൊള്ളാം എന്തായാലും! അച്ഛൻ പറഞ്ഞത് പറഞ്ഞു. അങ്ങേരാവുമ്പം പ്രശ്നമില്ലല്ലോ. നമ്മള് പറഞ്ഞാലല്ലേ?'
ഷർട്ട് ഊരി ഹാംഗറിലിട്ട് ഭർത്താവ് പാതി തന്നോടും പാതി എന്നോടുമായി പറഞ്ഞു. 'നമ്മളി'ൽ ഒരു പൊടി ബലം കൂടുതലുണ്ടായിരുന്നു.

നമ്മൾ?

അതിലെന്തായാലും ഞാനില്ല, ഞാനുണ്ടാവില്ല എന്ന് ഉള്ളാലെ പൊടിഞ്ഞു കൊണ്ട് ഞാൻ മുറി വിട്ടിറങ്ങി.

താൻ സർക്കാർ ആപ്പീസുകളിൽ പോവാൻ ഇഷ്ടപ്പെടാത്തത് ചിലരെ സാറേന്നു വിളിക്കാൻ വയ്യാഞ്ഞിട്ടാണെന്ന് അമ്മായിയച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്.
‘ഒരു കാലത്ത് ഒരുത്തനും ഇതിലേ തലപൊക്കി നടക്കത്തില്ലായിരുന്നു. ഇപ്പോ എല്ലാവനും മോളിൽ വീണു. നമ്മള് താഴേമായി.’ അമ്മായിയമ്മ പറയും.

പരിഷ്‌കരണങ്ങളുടെ അരിപ്പയിൽ കുടുങ്ങിയതിന്റെ പ്രതിഷേധമാണ്. പക്ഷേ
പഴമയുടെയും കള്ളിന്റെയും തികട്ടലുകൾ മാപ്പ് അർഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. മാപ്പർഹിക്കാത്തത്, അതിനെ പുരോഗമനവാദത്തിൽ പൊതിഞ്ഞ് സഭയിൽ കൊണ്ടുവരുന്നതാണ്.

‘നന്നായി, നമുക്കത് പറയാൻ പറ്റില്ലല്ലോ' എന്ന അമർത്തിയ സംസാരമാണ്. അത്തരം വാക്കുകൾ കേൾക്കുമ്പോൾ, ചെന്നുപെട്ട ഇടങ്ങളിൽ നിന്ന് നിമിഷനേരം കൊണ്ട് ഭ്രഷ്ടരായിപ്പോകും ചിലർ. തങ്ങൾക്കൊരിക്കലും ഇവിടത്തെ നീതി പാകമാവില്ലല്ലോ എന്ന് നീറിപ്പോകും.

തങ്ങൾക്കുനേരെ വച്ചുനീട്ടപ്പെട്ട ഔദാര്യങ്ങളോർത്ത് മനംപുരട്ടിപ്പോകും.
ഒരു പേര് വെറും പേരല്ല.

അതുകൊണ്ടാണ് നേരത്തേ പറഞ്ഞത്, ഐ ലവ് യൂ സർ.
ഐ ലവ് യൂ മാഡം.

രണ്ടു പേരും കൊളോണിയൽ മനുഷ്യരാണ്, രണ്ടു പേരും മലയാളിയുടെ അടുപ്പമില്ലായ്മയ്ക്ക് ഉദാഹരണങ്ങളാണ്, രണ്ടുപേരും ഒരു ചിരപുരാതന വിധേയത്വത്തിന്റെ ബാക്കിപത്രങ്ങളാണ്, രണ്ടുപേരും നമ്മുടേതല്ലാത്ത കൊമ്പനും പിടിയുമാണ്.

പക്ഷേ നമുക്ക് ജാതിയില്ല എന്ന് ഇനിയൊരറിയിപ്പു കൂടിയുണ്ടാകുന്നതുവരെ നമ്മളത് എടുത്തു വയ്ക്കേണ്ടതുണ്ട്.

വാല്: ഇതിലൊന്നും ജാതി കലർത്തണ്ട എന്നുപദേശിക്കുന്നവർ അത്രയ്ക്ക് ശുദ്ധാത്മാക്കളാണ് എന്നു കരുതാൻ വയ്യ. അഥവാ, ആണെങ്കിൽ അവരോടാണ്. നമ്മളായിട്ട് കലർത്തുന്നതല്ല. നാം ആലോചിക്കുന്നതിനു മുമ്പേ ജാതി ഓടി വന്ന് കലങ്ങിക്കഴിയും. നോക്കുമ്പോൾ കാണില്ലെന്നേയുള്ളൂ. അങ്ങനെയാണ് നമുക്ക് ജാതിയില്ലാതായത്.

ഉണ്ടാവാനിടയുള്ള ചില മുറിവുകൾക്ക് വീണ്ടും ക്ഷമാപണം,
ഒരു പേരൊഴികെ എല്ലാം സത്യമാണ്. ▮


ആർ. രാജശ്രീ

എഴുത്തുകാരി, നോവലിസ്റ്റ് കല്ല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത, അപസർപ്പകാഖ്യാനങ്ങൾ: ഭാവനയും രാഷ്ട്രീയവും തുടങ്ങിയവ പ്രധാന കൃതികളാണ്.

Comments