പി. സനൽ മോഹൻ.

ദലിത്​ പഠനങ്ങൾക്ക്​ ഒരു പുതിയ വഴി

പി. സനൽ മോഹന്റെ ‘കീഴാളപക്ഷ ചരിത്രവും വീണ്ടെടുപ്പിന്റെ പാഠങ്ങളും’ എന്ന പുസ്തകത്തിന്റെ വായന

പി. സനൽ മോഹന്റെ ‘കീഴാളപക്ഷ ചരിത്രവും വീണ്ടെടുപ്പിന്റെ പാഠങ്ങളും​​​​​​​’ എന്ന പുസ്തകത്തെ പല രീതിയിൽ സമീപിക്കാം. ഓരോ സമീപനങ്ങളും ഓരോ തരത്തിലുള്ള പുതിയ ഉൾക്കാഴ്ച നല്കുന്നവയുമായിരിക്കും. ‘അൺ ആർക്കൈവ്​ഡ്​’ ("unarchived') എന്ന പ്രയോഗത്തിലൂടെ പുസ്തകത്തെയും സനൽ മോഹന്റെ വിമർശചിന്തയെയും സമീപിക്കുവാനാണ് ഇവിടുത്തെ ശ്രമം. അതിനു പ്രേരിപ്പിച്ചത് പുസ്തകത്തിന്റെ തലക്കെട്ടിലെ പ്രധാന പദങ്ങളിലൊന്നായ ‘കീഴാളപക്ഷ ചരിത്രം' ആണ്. ഇതിൽ "പക്ഷം' എന്ന പദം ബോധപൂർവം ഉപയോഗിച്ചതുതന്നെ. "പക്ഷം' എന്നത് ചരിത്രവിജ്ഞാനീയത്തിൽ അധീശവർഗ്ഗ ചരിത്രരചനാരീതിയും, ചരിത്രം ഒട്ടും കുറയാത്ത ശാസ്ത്രമാണെന്നു പറയുന്നവരും, രാജ്യചരിത്രമെഴുതുന്നവരും സ്വീകരിക്കാത്ത പദമാണ്. അവർക്ക് "പക്ഷം' സത്യമല്ലാത്തതും, യാഥാർത്ഥ്യത്തെ മറച്ചുവെക്കുന്നതും, പക്ഷപാതപരമായി സമീപിക്കുന്നതും, വളച്ചൊടിച്ചതും മറ്റുമാണ്. അതുകൊണ്ടുതന്നെ അവരെ സംബന്ധിച്ച്​ "പക്ഷചരിത്രം' സ്വീകാര്യമല്ലാത്ത അറിവായിരിക്കാനേ തരമുള്ളൂ.

"അൺ ആർക്കൈവ്​ഡ്​' എന്ന സങ്കല്പനം ഉപയോഗിക്കുമ്പോൾ രേഖകളില്ലാത്ത ചരിത്രമെന്നല്ല അർത്ഥമാക്കുന്നത്, മറിച്ച്, ചരിത്രത്തിന്റെ മണ്ഡലത്തിൽനിന്നും ബോധപൂർവം മാറ്റിനിർത്തപ്പെട്ടതും സാധൂകരിക്കാൻ കഴിയാത്ത രൂപമായി കണക്കാക്കപ്പെടുന്നതുമായ ചരിത്രം കണ്ടെത്തുക എന്നതാണ്.

"പക്ഷം' എന്ന പദമുപയോഗിക്കുമ്പോൾ കടന്നുവന്നേക്കാവുന്ന ഇത്തരം പ്രത്യാഘാതങ്ങളെപ്പറ്റി അറിയാത്തയാളല്ല സനൽ മോഹൻ. അവയെയും അവയിലൂടെ പ്രവർത്തനക്ഷമമാവുന്ന രാഷ്ട്രീയത്തേയും നന്നായി തിരിച്ചറിഞ്ഞ പണ്ഡിതനാണദ്ദേഹം. അങ്ങനെവരുമ്പോൾ ഈ പക്ഷം വെറും പക്ഷം പിടിക്കലല്ലെന്നും ചരിത്രരചനയുടെ സ്വീകാര്യമായ രീതിശാസ്ത്രത്തെ എതിരിട്ടെത്തിച്ചേർന്ന ഒരു നിലപാടാണെന്നും വന്നുചേരും. അത് തങ്ങളുടേത് ശാസ്ത്രീയവും സത്യസന്ധവും സമഗ്രവുമായ ചരിതമാണെന്ന നാട്യത്തിൽ അധീശവർഗ്ഗത്തിന്റെ ചരിത്രം എഴുന്നള്ളിക്കുന്നവർക്കേൽക്കുന്ന തിരിച്ചടി തന്നെ. സനൽ മോഹൻ ഈ പുസ്തകത്തിലൊരിടത്തിങ്ങനെ പറയുന്നുണ്ട്: ""ഏതു ചരിത്രരചനയും പ്രത്യയശാസ്ത്രനിഷ്ഠമാണ്. അതുപോലെതന്നെ ഏതൊരു ചരിത്രവസ്തുതയ്ക്കു പിന്നിലും ഒരു തെരഞ്ഞെടുക്കലുണ്ട്. പക്ഷെ ഇവ രണ്ടും പണ്ഡിതസമൂഹത്തിൽ അംഗീകരിക്കപ്പെടണം. അതുപോലെതന്നെ ചരിത്രവസ്തുതകളെ വ്യാഖ്യാനിക്കുന്ന പ്രക്രിയയിൽ വസ്തുനിഷ്ഠത നിലനിർത്തുകയും വേണം.'' (മോഹൻ 2021 :196). സവിശേഷമായ "പക്ഷം' സ്വീകാര്യമായ ചരിത്രമാകുന്നതിങ്ങനെയാണ്. ഇവയൊക്കെ മനസിലാക്കാൻ കൂടിയാണ് "അൺ ആർക്കൈവ്​ഡ്​' എന്ന സങ്കല്പനം സ്വീകരിക്കുന്നത്.

"അൺ ആർക്കൈവ്​ഡ്​' എന്ന സങ്കല്പനം ഉപയോഗിക്കുമ്പോൾ രേഖകളില്ലാത്ത ചരിത്രമെന്നല്ല അർത്ഥമാക്കുന്നത്, മറിച്ച്, ചരിത്രത്തിന്റെ മണ്ഡലത്തിൽനിന്നും ബോധപൂർവം മാറ്റിനിർത്തപ്പെട്ടതും സാധൂകരിക്കാൻ കഴിയാത്ത (de-legitimised) രൂപമായി കണക്കാക്കപ്പെടുന്നതുമായ ചരിത്രം കണ്ടെത്തുക എന്നതാണ്. അത്തരം ചരിത്രമെഴുത്തിൽ "ആർക്കൈവ്' എന്നത് നേരത്തെതന്നെ നിലനിൽക്കുന്ന ഒന്നല്ല, മറിച്ച്, ഗ്യാനേന്ദ്ര പാണ്ഡെ പറയുന്നതുപോലെ, നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളിലൂടെ ഉണ്ടായിവരുന്നതാണ്.

"ആർക്കൈവ്' ചെയ്യാത്ത, രേഖപ്പെടുത്താത്ത, അനേകം ചരിത്രങ്ങളുണ്ട്; ചരിത്രത്തിന്റെ ജ്ഞാനമേഖലയിൽ കുടിയിരുത്താത്തവയുമുണ്ട്. ഇത്തരത്തിലുള്ളവയെ വീണ്ടെടുക്കുകയോ നിർമിച്ചെടുക്കുകയോ ആണ് ചരിത്രകാരന്റെ ഇടപെടൽ ചെയ്യുന്നതെന്നും അത്തരത്തിലുള്ള നിർമിതിയിലൂടെയാണ് കീഴാളപക്ഷ ചരിത്രമുണ്ടാകുകയെന്നും സനൽ മോഹൻ തന്റെ പുസ്തകത്തിലൂടെ നമ്മെ അനുഭവപ്പെടുത്തുന്നു. ചരിത്രം ഇവിടെ ഒരേ സമയം ഭൂതകാലത്തിന്റെ യഥാതഥമായ വീണ്ടെടുപ്പും, സമകാലത്തിൽനിന്നുള്ള ഭുതകാലനിർമ്മിതിയുമാണ്.

ഇമ്മട്ടിൽ കീഴാളപക്ഷ ചരിത്രമെഴുതാൻ/നിർമിക്കാൻ തെളിവുകൾ/ രേഖകൾ വേണം. അവ അവരുടെ സ്വരങ്ങൾ ഉൾകൊള്ളൂന്നവയുമായിരിക്കണം. അക്കാര്യത്തിൽ സനൽ മോഹന് എതിരഭിപ്രായമൊന്നുമില്ല. പക്ഷെ, അവയെന്തായിരിക്കണം , എങ്ങനെയുണ്ടാക്കണം/വായിക്കപ്പെടണം എന്നതിന് അദ്ദേഹത്തിന് വ്യക്തവും നൂതനവുമായ കാഴ്ചപ്പാടുണ്ട്. അതു മനസ്സിലാക്കുന്നതിനു മുന്നോടിയായി മുമ്പ് കെ. ശാരദാമണി ‘എമർജൻസ് ഓഫ് സ്ലേവ് കാസ്റ്റ്: പുലയാസ് ഓഫ് കേരള’ എന്ന പുസ്തകത്തിൽ തെളിവുകളെ കുറിച്ചെഴുതിയത് ഒന്നു പരിശോധിക്കാം. പുലയരുടെ അവസ്ഥയെ പുലയർ എങ്ങനെ കണ്ടു എന്നറിയാൻ തെളിവുകളൊന്നും അവശേഷിച്ചിട്ടില്ലെന്നും മറ്റുള്ളവർ പുലയരെ രേഖപ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും അവർ പറയുന്നുണ്ട്. കാണുക:''What did the pulayas and other slaves think about their condition? There are no records about it. Even in folksongs of the period, reference to their conditions are vague and scanty. It is only natural that these illiterate people, who were no better than any other beast of burden in the possession of their masters could not leave any records. Even the English officers who were in position to make enquiries directly from the slaves did not do that.' (Saradamoni : 69)

കേരളത്തിലെ അടിമവംശത്തെ ആത്മാർത്ഥമായി പഠിക്കാൻ ശ്രമിച്ച ശാരദാമണി ഇത്തരത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിൽ, അത് അന്നത്തെ സാമ്പ്രദായിക "ആർക്കൈവിങ്ങി'ന്റെ സ്വാഭാവികപരിണതിയായിരുന്നുവെങ്കിൽ, ഈ പ്രശ്‌നത്തെ എങ്ങനെ മറികടക്കാമെന്നു കാണിച്ചുതരുന്നവയാണ് സനൽ മോഹന്റെ പഠനങ്ങൾ.

മാർക്‌സിയൻ ചരിത്രരചനാരീതി സാമ്പത്തികനിർണ്ണയവാദത്തിനു പ്രാധാന്യം നല്കുമ്പോൾ, സംസ്‌കാരത്തെ മേൽപ്പുരയുടെ നിർണ്ണയാധികാരമില്ലാത്ത ഒരു ഘടകമായി കണക്കാക്കുമ്പോൾ, ഒരു തരത്തിലുള്ള 'അൺ ആർക്കൈവിങ്​' ആണ് നടക്കുന്നത്.

സനൽ മോഹൻ സ്വന്തമായി ഒരു ആർക്കൈവ് ഉണ്ടാക്കുകയാണ്. മിഷനറിമാരുടെ രേഖകളിലും വാമൊഴികളിലും പാടത്തും പറമ്പിലും ഇറങ്ങിയാണവ കണ്ടെത്തുന്നതും വീണ്ടെടുക്കുന്നതും നിർമിച്ചെടുക്കുന്നതും. ഇവയുടെ വായനയിലൂടെ "അൺ ആർക്കൈവ്​ഡി' നെ കണ്ടെത്തുകയാണദ്ദേഹം. അതു സാധ്യമായത് പുതിയ ചോദ്യങ്ങളുമായി വംശീയചരിത്ര (എത്‌നോഗ്രഫിക് ഹിസ്റ്ററി) ത്തിന്റെ രീതിയിൽ രേഖകളെ പുനർസമീപിച്ചപ്പോഴാണ്. ആ ചോദ്യങ്ങൾ കീഴാളന്റെ സ്വരമെന്തെന്നു നമുക്കു കാണിച്ചുതരുന്നു. മറ്റൊരിടത്തു വംശീയ ചരിത്രം (ethnographic history) എന്താണെന്നു സനൽമോഹൻ വിശദീകരിക്കുന്നുണ്ട്.''Ethnographic history research combines archival research with ethnographic fieldwork. The data generated through fieldwork yield a much better understanding of the research problem when analysed along with the data generated from the reading of the archive. The imaginative reading of the archival materials could be considered a reverse ethnographic fieldwork. At the same time, I have made use of some alternative sources such as oral traditions for the reconstruction of the social experiences of slave castes in Kerala.' (Mohan 2015:7)
അതായത് രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ എഴുതപ്പെടുന്നതു തന്നെയാണ് കീഴാള ചരിത്രവും എന്നർത്ഥം. പക്ഷെ, രേഖകൾ വായിക്കുന്ന രീതി അടിമുടി മാറ്റിയിരിക്കുന്നു. ഈ മാറ്റിമറിക്കലിലൂടെ ആർകൈവ്, തെളിവ്, ചരിത്രം എന്നിവയെക്കുറിച്ചുതന്നെയുള്ള നടപ്പുധാരണകൾ മാറിപ്പോവുന്നു; അതിലന്തർഭവിച്ച അധികാരബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടുന്നു. ഇതാണ് കീഴാള ചരിത്രത്തെ വീണ്ടെടുക്കാനുള്ള വഴി.

കീഴാളന്/ദലിതന് ശബ്ദമുണ്ട് / നിർവ്വാഹകത്വമുണ്ട് എന്നുറപ്പിക്കാൻ/തെളിയിക്കാൻ ഈ മാർഗ്ഗം സഹായിക്കുന്നു. ഈ പുസ്തകത്തിലുടനീളം ദലിതന്റെ നിർവ്വാഹകത്വ (agency) ത്തിലുള്ള രീതിശാസ്ത്രപരമായ ഊന്നൽ കാണാം. അതുവഴി അടിമാനുഭവങ്ങളുടെ ഓർമ്മ, ഒരു കഥയായി കേട്ടുമറക്കേണ്ടതല്ലാത്ത സജീവതയായി നിലനിൽക്കുന്നതും കാണാൻ കഴിയുന്നു.

ഇത് തിരിച്ചറിയണമെങ്കിൽ ചരിത്രത്തെ പഴയരീതിയിലുള്ള രാജ്യചരിത്രമോ സാമ്പത്തികനിർണ്ണയവാദചരിത്രമോ മതാധിഷ്ഠിതചരിത്രമോ ആയി ചുരുക്കിയെടുക്കുന്ന രീതി കയ്യൊഴിയേണ്ടതുണ്ട്. സംസ്‌കാരത്തിന്റെ മേഖല എന്താണെന്ന് സൂക്ഷ്മമായി അന്വേഷിക്കണം. ഇവിടെ റെയ്​മണ്ട്​ വില്യംസിന്റെ സംസ്‌കാരത്തെക്കുറിച്ചുള്ള നിരീക്ഷണം സനൽ മോഹന്​ തുണയാകുന്നു. അദ്ദേഹം സംസ്‌കാരത്തെ സമൂഹത്തിന്റെ ഉപരിഘടനയിലുള്ള ഒരു ഘടകമായിട്ടല്ല, മറിച്ച് സമൂഹരൂപീകരണപ്രക്രിയയിലെ അടിസ്ഥാനഘടകമായാണ് കാണുന്നത്. മാത്രമല്ല, അദ്ദേഹത്തിന്, 'സാമൂഹ്യാനുഭവം' 'സാമ്പത്തികാനുഭവം' തുടങ്ങിയ അമൂർത്തതയിൽനിന്നും വിഭിന്നമായി സംസ്‌കാരം യാഥാർത്ഥ്യത്തിന്റെ വിപുലമായ മണ്ഡലത്തെ അനുഭവിപ്പിക്കുന്നതാണ്. ഈ രീതിയിൽ, ഏജൻസിയും സംസ്‌കാരവും സുപ്രധാന സങ്കല്പങ്ങളായി വിശകലനത്തിലും വ്യാഖ്യാനത്തിലും സ്വീകരിക്കുകവഴി ദലിത് പഠനങ്ങൾക്ക് പുതിയ വഴി തുറന്നിടുക കൂടിയാണ് സനൽ മോഹൻ ചെയ്തിട്ടുള്ളത്.

സനൽ മോഹൻ ഈ പുസ്തകത്തിൽ പരാമർശിക്കുന്ന ഒരു കാര്യം, ‘‘കർഷകൻ എന്നതിന് കേരളത്തിന്റെ സാഹചര്യത്തിൽ തുല്യമായ പദമില്ല. കുടിയാൻ എന്നൊക്കെ പറഞ്ഞാൽ അർത്ഥം വേറെയാണ്'' എന്നാണ്.

ഇതെങ്ങനെയാണ് അംഗീകൃത ചരിത്രത്തെ മാറ്റിത്തീർക്കുന്നത്? നിലവിലുള്ള എല്ലാത്തരം അധീശചരിത്രരചനാരീതികളെയും അദ്ദേഹം ചോദ്യംചെയ്യുന്നു; അത് വൈരുധ്യാത്മകഭൗതികവാദത്തിലധിഷ്ഠിതമായതായാലും, ദേശീയവാദത്തിനടിപ്പെട്ടതായാലും, ഒരു പരിധിവരെ സബാൾട്ടൺ സ്റ്റഡീസിനെ അധികരിച്ചുള്ളവയായാലും. ഇതിലേറ്റവും കൂടുതൽ വിമർശനവിധേയമാക്കുന്നതു ദേശീയവും മാർക്‌സിയനുമായ ചരിത്രരചനാപദ്ധതികളെയാണ്. ഇതിലാദ്യത്തേത് കീഴാളരെ സ്വതന്ത്രമായി സംസാരിക്കാൻ സമ്മതിക്കാത്തവയായിരുന്നു. ദേശത്തിനടിമപ്പെട്ട്, മേലാളനടിമപ്പെട്ട് ജീവിക്കേണ്ട അടിമകൾ തന്നെയായിരുന്നു കീഴാളർ. മാർക്‌സിയൻ ചരിത്രരചനാരീതി സാമ്പത്തികനിർണ്ണയവാദത്തിനു പ്രാധാന്യം നല്കുമ്പോൾ, സംസ്‌കാരത്തെ മേൽപ്പുരയുടെ നിർണ്ണയാധികാരമില്ലാത്ത ഒരു ഘടകമായി കണക്കാക്കുമ്പോൾ, ഒരു തരത്തിലുള്ള 'അൺ ആർക്കൈവിങ്​' ആണ് നടക്കുന്നത്. മാത്രമല്ല വർഗ്ഗത്തെ വിശകലനഘടകമായി എടുക്കുമ്പോൾ അടിമകളുടെ സവിശേഷമായ അനുഭവങ്ങളെ അദൃശ്യവത്കരിക്കുകയുമാണ്.

കെ. ശാരദാമണി / Photo : K Rajan

രാഷ്ട്രീയ സമ്പദ് വ്യവസ്ഥയ്ക്കു പ്രാധാന്യം നൽകി കർഷകരെയും മറ്റും പറ്റി പഠിക്കുമ്പോൾ അവരുടെ ദൈനംദിനജീവിതം കാണാതെ പോകുന്നു. സനൽ മോഹൻ ഈ പുസ്തകത്തിൽ പരാമർശിക്കുന്ന ഒരു കാര്യം, ‘‘കർഷകൻ എന്നതിന് കേരളത്തിന്റെ സാഹചര്യത്തിൽ തുല്യമായ പദമില്ല. കുടിയാൻ എന്നൊക്കെ പറഞ്ഞാൽ അർത്ഥം വേറെയാണ്'' (മോഹൻ 2021: 247) എന്നാണ്. കർഷകൻ (peasant) ഇന്നും വിശദീകരിക്കാതെ കിടക്കുന്ന സങ്കല്പനം തന്നെ. സനൽ മോഹൻ തുടർന്നു പറയുന്നു, ''കർഷകൻ എന്നുപറയുമ്പോൾ ജാതി രേഖപ്പെടുത്തിയ ഒരു കർഷകനെക്കുറിച്ചു സംസാരിക്കുന്നില്ല. ഏത് റാഡിക്കലായ എഴുത്തുകൾ (radical writing) എടുത്താലും അങ്ങനെയാണ്.'' (മോഹൻ 2021: 248)

സബാൾട്ടേൺ അഥവാ കീഴാളൻ എന്ന പരികല്പന മലയാളത്തിൽ രൂപപ്പെട്ടതിലും ചില പ്രശ്‌നങ്ങൾ സനൽ മോഹൻ കാണുന്നുണ്ട്. ജാതിപ്രശ്‌നത്തെ അഭിമുഖീകരിക്കാതെയാണ് കീഴാളൻ എന്ന പരികല്പന ഇവിടെ പലപ്പോഴും ഉപയോഗിച്ചത്. അത് വർഗ്ഗത്തിന്റെ (class) പര്യായമായോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പുസ്തകത്തിൽ സനൽ മോഹൻ ഇങ്ങനെ കുറിക്കുന്നു: "സബാൾട്ടേൺ/കീഴാളൻ എന്ന പദം കർഷകസമൂഹത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുമ്പോൾ അത് മായ്ച്ചുകളയുന്നത്​ കർഷക സമൂഹത്തിന്റെ വലിയൊരു വിഭാഗമായ ദലിതരുടെ ലോകത്തെയാണ്.'' (മോഹൻ 2021:168 ). ദലിതർക്ക് സ്വരം നിഷേധിക്കുന്നതാണ് 'കീഴാളൻ' എന്ന പദമെങ്കിൽ അത് പുനർനിർവ്വചിക്കപ്പെടണം.

ഇവിടുത്തെ നവോത്ഥാനം ശ്രേണീകൃതസമൂഹത്തിന്റെ പുനർനിർമിതിയ്ക്കാണ് വഴിവെച്ചത്. ഇത് ദലിതരെ/അടിമകളെ അടിമകളായിത്തന്നെ നിലനിർത്തുകയേയുള്ളു.

ദലിതരുടെ സ്വരം അവരുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഉയരുന്നതാണ്. ദലിതരുടെ അനുഭവവിവരണം ചരിത്രചിന്തയുടെ കേന്ദ്രസ്ഥാനത്തെത്തുമ്പോൾ നേരത്തെ സൂചിപ്പിച്ചതുപോലെ, എത്‌നോഗ്രാഫി ദലിതരുടെ ഏജൻസിയെ കണ്ടെതുന്നതിനു മാത്രമല്ല അതിന്റെ പുതിയ ഉയിർപ്പിനു വഴിയൊരുക്കുന്നതിനും നിമിത്തമാവുന്നു. ഈ നിർവ്വാഹകത്വ മാണ് മിഷനറി ആർകൈവിനെ അവരുടേതിൽനിന്ന് വ്യത്യസ്തമായി (അതായതു മിഷനറിമാരുടെ അർത്ഥത്തിലല്ലാതെ) വ്യാഖ്യാനിക്കാൻ പ്രാപ്തമാക്കുന്നത് . അവയുടെ റിവേഴ്സ് എത്‌നോഗ്രാഫിക് റീഡിങ്ങിലൂടെ ജാതിക്കപ്പുറം അടിമത്തം, സ്വാതന്ത്ര്യം, സമത്വം, സ്വത്വം തുടങ്ങിയ മൂല്യകല്പനകളുടെ ചർച്ച ജീവത്താവുന്നു.

ദലിതരുടെ നിർവ്വാഹകത്വശക്തിയിലുള്ള ഈ ഊന്നൽ 19, 20 നൂറ്റാണ്ടുകളിലെ നവോതഥാനപ്രസ്ഥാനത്തെ കീഴാളകാഴ്ചപ്പാടിൽനിന്നും പ്രശ്‌നനവത്കരിക്കാൻ സനൽ മോഹനെ പ്രേരിപ്പിക്കുന്നു. എന്തായിരുന്നു ഈ നവോത്ഥാനം? ഇവിടെ നവോത്ഥാനമെന്നു കൊട്ടിഘോഷിക്കപ്പെട്ടതു യഥാർത്ഥത്തിൽ മേലാളരുടെ ജാതിനവീകരണപ്രസ്ഥാനമായിരുന്നു. അല്ലാതെ പടിഞ്ഞാറൻ രാജ്യങ്ങളിലുണ്ടായതു പോലുള്ള നവോതഥാനമൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ശ്രേണികൃതസമൂഹത്തെ ഇല്ലാതാക്കി സമത്വാധിഷ്ഠിതസമൂഹം നിർമിക്കലായിരുന്നില്ല. ഈ പുസ്തകത്തിൽ സമാഹരിക്കപ്പെട്ട ലേഖനങ്ങളിൽ ആദ്യഭാഗത്തു പ്രത്യേകിച്ചും വിശകലനം ചെയ്യപ്പെടുന്ന പ്രധാന പ്രമേയം നവോത്ഥാനമാണ്. ഇവിടുത്തെ നവോത്ഥാനം ശ്രേണീകൃതസമൂഹത്തിന്റെ പുനർനിർമിതിയ്ക്കാണ് വഴിവെച്ചത്. ഇത് ദലിതരെ/അടിമകളെ അടിമകളായിത്തന്നെ നിലനിർത്തുകയേയുള്ളു. സനൽ മോഹൻ ഇങ്ങനെ നിരീക്ഷിക്കുന്നു: ''ദേശരാഷ്ട്രരൂപീകരണത്തിലെ അധീശവ്യവഹാരമാണ് നവോത്ഥാനം എന്ന ആശയത്തിന്റെ ആധാരശില.'', മാത്രമല്ല അത് ''സ്റ്റേറ്റ് ഐഡിയോളജി ആയി മാറുന്നു'', 'കേരളത്തിലെ എല്ലാ പ്രബല ജാതി-മത-സമുദായങ്ങളും തങ്ങളുടെ സ്വത്വബോധത്തെ, ദേശീയതയുമായി കലർത്തി വരേണ്യവും സാർവ്വലൗകികവുമാക്കി മാറ്റു’’കയും ചെയ്യുന്നു.
ഈ തിരിച്ചറിവും കൂടിയാണ് കീഴാളപക്ഷചരിത്രരചനയിലേക്കു സനൽ മോഹനെ നയിക്കുന്നത് .

നവോത്ഥാനത്തെ നിശിതമായി വിമർശിക്കുന്ന സനൽ മോഹൻ, ആധുനികതയെ സ്വീകരിക്കുന്നുണ്ട്. എന്തുകൊണ്ട് സനൽ മോഹന് മോഡേണിറ്റി സ്വീകാര്യമായി എന്നതിനുത്തരം, മോഡേണിറ്റിയെ, അദ്ദേഹം ഒരു ധനാത്മകമായ അധികാരസ്വരൂപമായി കാണുന്നു എന്നതാണ്. ഡേവിഡ് സ്‌കോട്ടിന്റെ ആധുനികതയെക്കുറിച്ചുള്ള നിരീക്ഷണം ഇവിടെ സനൽ മോഹനു പിന്തുണയായുണ്ട് . ആധുനികതയെ ധനാത്മകമായ അധികാരഘടനയായി നിർവചിക്കുന്നതും നിരീക്ഷിക്കുന്നതും അവ പ്രത്യക്ഷമാകുന്ന ഇടങ്ങളെ സൃഷ്ട്യുന്മുഖ ഇടപെടലിനുള്ള (creative engagement) ഇടങ്ങളായി മാറ്റുമെന്നു സനൽ മോഹൻ വിലയിരുത്തുന്നു. ജെയിംസ് സ്‌കോട്ടിന്റെ, ജീവിതത്തെയും ചിന്തയെയും രൂപപ്പെടുത്തുന്ന ഭൗതികവും ജ്ഞാനശാസ്ത്രപരവുമായ അവസ്ഥയുടെ ചരിത്രപരമായ നിർമ്മിതിയാണ് ആധുനികത എന്ന നിരീക്ഷണത്തെ പിന്തുടർന്ന് സനൽ മോഹൻ ഇങ്ങനെ എഴുതിയിട്ടുണ്ട്:''According to him [Scott] it was in these new conditions that the possibility and idiom of resistance took shape, and was articulated. My concern here is to emphasise the fact that this particular relationship of slaves with modernity has explanatory potential in relation to the empirical context of Kerala, although it lacks anything comparable to the momentous events of revolution. The comparative dimension lies in the fact that a creative engagement with modernity determined the limits and possibilities of the agential acts of the slaves.' (Mohan 2015:46)

"സബാൾട്ടേൺ/കീഴാളൻ എന്ന പദം കർഷകസമൂഹത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുമ്പോൾ അത് മായ്ച്ചുകളയുന്നത്​ കർഷക സമൂഹത്തിന്റെ വലിയൊരു വിഭാഗമായ ദലിതരുടെ ലോകത്തെയാണ്.'' / Photo : Wikimedia Commons

മിഷനറി വ്യവഹാരങ്ങളെ സനൽ മോഹൻ പരിശോധിക്കുന്നത് ഈ സൃഷ്ട്യുന്മുഖ ഇടപെടലിനുള്ള (creative engagement) സാധ്യത കണ്ടാണ്. അവർ പകർത്തിയ അടിമാനുഭവങ്ങളും മതപരിവർത്തനം നടത്തിയവരുടെ മതബോധവും അനുഭവങ്ങളും ദൈവശാസ്ത്രപരമായ മാനങ്ങൾ (theological dimension) ഉള്ളതാണെങ്കിൽ അടിമയായിരുന്നവരെ സംബന്ധിച്ചിടത്തോളം അവ വലിയ സാമൂഹ്യമായ മാനങ്ങൾ ഉള്ളവയായിരുന്നു. അതായത് സമത്വം, സ്വാതന്ത്ര്യം, സ്വത്വം തുടങ്ങിയ മൂല്യങ്ങൾ വളർന്നുവരുന്നതിന്റെ മാനങ്ങൾ. സനൽമോഹൻ പറയുന്നു: '...എങ്ങനെയാണ് മിഷനറി വ്യവഹാരങ്ങൾ അടിമത്തത്തെ വിലയിരുത്തിയത് എന്ന് പുതിയ രീതിയിൽ അന്വേഷിക്കുകയാണ്. അതാകട്ടെ ആധുനികതയുമായി ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്... അടിമത്ത അനുഭവങ്ങൾ പുനർനിർമ്മിക്കപെടുന്നു (reconstitute). പഴയ ജാതി അടിമത്തത്തെ മിഷനറിമാർ പുനർവ്യാഖ്യാനം (reinterpret) ചെയ്യുന്നതുവഴി പുതിയ ഒരു മാനസികാഖ്യാനം സാദ്ധ്യമാകുന്നു.'' (മോഹൻ 2021: 252)

നിർമ്മിക്കപ്പെടുന്നത് പുതിയ ചരിത്രമാണ്. ഭൂതകാലത്തെക്കുറിച്ചുള്ള സത്യമായ വചനവിസ്താരമെന്ന്​ അവകാശവാദമുന്നയിക്കുന്നതിനു പകരം, അനുഭവയാഥാർത്ഥ്യത്തിലൂടെ പുതുതായി നിർമിച്ചുകൊണ്ടിരിക്കേണ്ടുന്ന ഒരു ജ്ഞാനപ്രക്രിയയായി ചരിത്രം മാറുന്നു. അതുകൊണ്ടു ദലിതൻ എന്നത് അധീശശക്തികൾ നൽകിയ പ്രതിബിംബങ്ങളുടെ പൂർണ്ണമായ സ്വയം തിരസ്‌കരിക്കലാണെങ്കിൽ, കീഴാളന്റെ ചരിത്രവും അധീശവ്യവഹാരങ്ങൾ നിർമിച്ച ജ്ഞാനബിംബങ്ങളുടെ തള്ളിക്കളയൽ തന്നെയാണ്. ഇത് തെളിയിക്കുന്നതാണ് സനൽ മോഹന്റെ പുസ്തകം. ഈ പുസ്തകത്തിന് കേരളത്തിന്റെ / കേരളത്തെക്കുറിച്ചുള്ള ചരിത്രാന്വേഷണങ്ങളിൽ ഒരു അട്ടിമറി (പാരഡൈം ഷിഫ്റ്റ്) വരുത്താൻ ശക്തിയുണ്ടെന്നതിൽ സംശയമില്ല .▮


Reference:
മോഹൻ, പി. സനൽ. (2021). കീഴാളപക്ഷചരിത്രവും വീണ്ടെടുപ്പിന്റെ പാഠങ്ങളും. പത്തനംതിട്ട: പ്രസക്തി ബുക്ക്‌സ്..Mohan, P. Sanal. 2015. Modernity of Slavery: Struggle Against Caste Inequality in Colonial Kerala. New Delhi: Oxford University Press.Saradamoni, K. (2021 [1984]). Emergence of a Slave Caste: Pulays of Kerala. New Delhi' People's Publishing House.

(പ്രാക്‌സിസ് പരമ്പരയുടെ ഭാഗമായി ഇൻസൈറ്റ് പബ്ലിക്ക പുറത്തിറക്കുന്ന ‘ആരുടെ കേരളം’ എന്ന പുസ്തകത്തിലെ ഒരു ഭാഗം)


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ദിനേശൻ വടക്കിനിയിൽ

ചരിത്രഗവേഷകൻ, കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ.വനിതാ കോളേജിൽ ചരി​ത്രാധ്യാപകൻ. അനുഷ്ഠാനം കാലം സമൂഹം: തെയ്യത്തെ ആധാരമാക്കി ചില അന്വേഷണങ്ങൾ, ഇസ്ലാമും കേരളവും: സംസ്കാരം രാഷ്ട്രീയം എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments