മതകേന്ദ്രീകൃതമായ മുന്നേറ്റമോ ഹിന്ദുമത നീരസമോ ലക്ഷ്യം വെച്ചല്ല അംബേദ്കർ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. സാമ്പത്തികവും സാമൂഹികവുമായ പ്രശ്‌നങ്ങളെ ഗൗരവവിചിന്തനത്തിനു വിധേയമാക്കാൻ സമർപ്പിതമായിരുന്നു അദ്ദേഹത്തിന്റെ പഠനം. 1916-ൽ ജാതിയെക്കുറിച്ചെഴുതിയ ലേഖനത്തിൽ, ഹിന്ദുമതവുമായി വേർപിരിച്ചെടുക്കാനാവാത്തവിധം കെട്ടുപിണഞ്ഞുകിടക്കുന്ന ഒന്നായിട്ടല്ല ജാതിയെ അംബേദ്കർ വിലയിരുത്തിയത്. മറിച്ച് വളരെ മുമ്പുണ്ടായിരുന്ന ഒരു വ്യവസ്ഥയെ ന്യായീകരിക്കുക മാത്രമായിരുന്നു മനു ചെയ്തതെന്നു മാത്രമാണ്.
ഒരു സാമ്പ്രദായിക മതാത്മക കുടുംബമായിരുന്നു അംബേദ്കറുടേത്. എന്നാൽ പരമ്പരാഗതമായ ജീവിതവൃത്തത്തിനുള്ളിലെ അനുഷ്ഠാനപരമായ ആവശ്യങ്ങളോട് ഉദാസീനനായ സമീപനമായിരുന്നു അംബേദ്കറിന്റേത്. ഉദാഹരണത്തിന്, തന്റെ അച്ഛന്റെ ആദ്യ ശ്രാദ്ധം ആചരിക്കാനായി അംബേദ്കർ സ്വഭവനത്തിൽ നടത്തിയ ചടങ്ങിൽ പങ്കുകൊള്ളാനെത്തിയ മഹാർ വിദ്യാർഥികൾക്ക് അംബേദ്കർ ഒരുക്കിയ സദ്യയിൽ രമാഭായി വിളമ്പിയത് ആട്ടിറച്ചിയായിരുന്നു. വീടുകളിൽനിന്ന്മഹാറുകൾക്ക് ഒരിക്കലും ലഭിക്കാത്ത വിഭവമെന്ന നിലയിലാണ് അംബേദ്കർ അതൊരുക്കിയത്.
രമാഭായിയുടെ സംസ്‌കാരച്ചടങ്ങുകളിലും സമ്പ്രദായങ്ങൾ അപ്രസക്തമാണെന്നു തെളിയിച്ചു അംബേദ്കർ. രമാഭായിയുടെ മൃതദേഹത്തെ അണിയിച്ചൊരുക്കാൻ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഹരിതവർണത്തിലുള്ള വസ്ത്രത്തിനു പകരം അവർക്ക് ഏറെ പ്രിയപ്പെട്ട വെള്ളനിറത്തിലുള്ള ഒരു സാരിയാണ് അംബേദ്കർ തെരഞ്ഞെടുത്തത്. അംബേദ്കറുടെ യൗവനകാലത്ത് മതപരമോ തത്വചിന്താപരമോ ആയ വിവാദങ്ങളെന്തെങ്കിലും നടന്നതിന് തെളിവുകളില്ല. അക്കാലത്ത് അദ്ദേഹം ദൈവാസ്തിത്വം ചോദ്യം ചെയ്യുകയോ പരമ്പരാഗത മതത്തോട് നീരസം കാട്ടുകയോ ചെയ്തതായി അറിവില്ല. മതം പരമപ്രധാനമോ പ്രസക്തമോ ആയി അംബേദ്കർ പരിഗണിച്ചിരുന്നില്ലെന്ന് ചുരുക്കം.
മതപരമായ തന്റെ ഉദാസീനത അദ്ദേഹം സർവരോടും തുറന്നടിക്കുകയും ചെയ്തു. നാസിക്കിലെ കലാറാം ക്ഷേത്രത്തിൽ അയിത്തജാതിക്കാർ നടത്തിയ സത്യാഗ്രഹത്തിന് നാമമാത്രമായ നേതൃത്വമേ അംബേദ്കർ നൽകിയുള്ളൂ. സമരത്തിന്റെ യഥാർഥ സംഘാടകനും നേതാവും അംബേദ്കറുടെ അടുത്ത അനുയായി ബി. കെ. ദാദാസാഹെബ് ഗെയ്ക്ക്വാദ് ആയിയിരുന്നു. തുടക്കത്തിലൊഴികെ സത്യാഗ്രഹത്തിൽ അംബേദ്കർ നേരിട്ടു പങ്കെടുത്തതേയില്ല. 1934 മാർച്ച് അഞ്ചിന് ഗെയ്ക്ക്വാദിന് അയച്ച കത്തിൽ അംബേദ്കർ എഴുതി: ‘ക്ഷേത്രപ്രവേശന സമരത്തിന് ഞാൻ നേതൃത്വം നൽകിയത് അധഃസ്ഥിത വർഗങ്ങളെ വിഗ്രഹാരാധകരാക്കി മാറ്റുവാനല്ല. അല്ലെങ്കിൽ ക്ഷേത്രപ്രവേശനം കൊണ്ട് അവർക്ക് ഹിന്ദുസമൂഹത്തിൽ തുല്യത ലഭിക്കുമെന്ന് വ്യാമോഹിച്ചിട്ടല്ല. പ്രത്യുത, അധഃസ്ഥിത ജാതികളുടെ അവകാശങ്ങൾക്കായുള്ള സമരത്തിൽ അവരെ ഊർജ്ജ്വസ്വലരാക്കാനും സ്വന്തം സാമൂഹികനിലയെക്കുറിച്ച് ബോധവാന്മാരാക്കാനുള്ള ഉചിതമായ മാർഗമെന്ന നിലയ്ക്കാണ്'.
നിലവിലുള്ള സാമൂഹികഘടനയുടെ ഭാഗമായിത്തീരുന്നതിന് പകരം ഹിന്ദുസമൂഹവും ഹിന്ദു ദർശനവും അടിമുടി അഴിച്ചു പണിയേണ്ടതാണെന്ന തോന്നൽ പിന്നീട് അംബേദ്കറിൽ ശക്തമായി തുടങ്ങി. തങ്ങളുടെ ഊർജ്ജവും വിഭവശേഷിയും ദലിതുകൾ രാഷ്ട്രീയത്തിലും വിദ്യാഭ്യാസത്തിലുമായി കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കരുതി. എന്നാൽ കോളനി
വാഴ്ചയുടെ കീഴിൽ ശക്തമായ ഒട്ടേറെ സാമൂഹികചലനങ്ങളുടെ ഫലമായി, ഇന്ത്യയുടെ ദേശസ്വത്വത്തിന്റെ ഭാഗമായി മതം അതിന്റെ വക്രീകൃത രൂപത്തിൽ ഇഴചേർന്നു കഴിഞ്ഞിരുന്നു. ഒരു മതനിരപേക്ഷ ബഹുജനപ്രസ്ഥാനമായി രാജ്യത്തിലെ വിവിധ വിഭാഗങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടാൻ കോൺഗ്രസ്സ് ആഗ്രഹിച്ചിരുന്നുവെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിൽ ഒടുവിൽ വ്യാപകമായി ഹിന്ദുമത സ്വത്വനിർമിതിയുടെ ഫലങ്ങൾ സമൂഹത്തിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു.
ഹിന്ദുദർശനം ആത്യന്തികാർഥത്തിൽ ഇന്ത്യയുടെ ദേശീയ മതമാണെന്നതായിരുന്നു സവർക്കറുടെ നിർവചനത്തിന്റെ സാരം. ആയതിനാൽ, മുസ്ലിംകളും ക്രിസ്ത്യാനികളും വിദേശീയരാണെന്നു പറയേണ്ടി വരും. ഇന്ത്യൻ രക്തത്തിന്റെ പിന്മുറക്കാരാണെന്നു വന്നാലും വൈദേശിക മതത്തിന്റെ അനുയായികൾ.
വാസ്തവത്തിൽ കോളനിവാഴ്ചയ്ക്കു മുമ്പ് ഹിന്ദുവിന് മതപരമായ സ്വത്വം തന്നെയുണ്ടായിരുന്നില്ല. സിന്ധുനദിയുടെ പശ്ചിമഭാഗത്തോട് ചേർന്നു വസിക്കുന്ന ജനതയെ സൂചിപ്പിക്കുന്നതിനുള്ള ഭൂമിശാസ്ത്രപരമായ പരാമർശം മാത്രമായിരുന്നു അത്. ഇതാണ് പിന്നീട് അൽ ഹിന്ദ് അല്ലെങ്കിൽ ഹിന്ദുസ്ഥാൻ ആയി പരിണമിച്ചത്. മുസ്ലിം ഭരണകാലത്തു പോലും ഹിന്ദുവെന്ന പദം മതാത്മകമായ അർഥത്തിൽ അപൂർവമായേ ഉപയോഗിച്ചിരുന്നുള്ളൂ. മുസ്ലിംകൾക്കും ബ്രാഹ്മണിക ജാതിവ്യവസ്ഥയെ പിന്തുടരുന്നവർക്കുമിടയിൽ സംഘർഷം നിലനിന്നിരുന്നുവെങ്കിലും അതിനെ സൂചിപ്പിച്ചിരുന്നത് വംശീയ പദാവലികൾ ഉപയോഗിച്ചായിരുന്നു (ഹിന്ദു- തുർക്കി എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങൾ). പക്ഷേ, അധിനിവേശ ശക്തികളുടെ ഭരണത്തിന് കീഴിൽ ദേശീയത എന്ന സങ്കൽപം ശക്തമായ പുനർവ്യാഖ്യാനങ്ങൾക്കു വിധേയമായി. എല്ലാ ജാതികളുടേയും ഉറവിടം വേദമാണെന്നും വേദാന്തത്തെ പോതുവായ അടിസ്ഥാനമാക്കി ബ്രാഹ്മണമതത്തിന്റെ വികാസത്തിന് സാധ്യതയുണ്ടെന്നുമുള്ള ദർശനം മേൽജാതിക്കാരായ ബുദ്ധിജീവികൾക്കിടയിൽ പൊടുന്നനെ സ്വീകാര്യത നേടി.
ജാത്യാചാരങ്ങളുടെയും ഗോത്രവ്യവസ്ഥയുടേയും ജീർണത വേദങ്ങളിൽ ഉണ്ടായിരുന്നില്ലെന്നും അതു ശാസ്ത്രത്തിനെതിരാണെന്നും സമുദായ പരിഷ്‌കരണവാദികൾ വാദിച്ചു. പൗരാണിക വേദങ്ങളോടുള്ള കൂറ് വ്യക്തമാക്കി ബ്രഹ്മസമാജം, ആര്യസമാജം, പ്രർഥനാസമാജം എന്നൊക്കെയുള്ള പേരുകളിലാണ് പരിഷ്‌കരണ-നവീകരണ സംഘടനകൾ ഉടലെടുത്തത്. ഇവർ വേദ്രന്ഥങ്ങളേയും ഹിന്ദുശാസ്ത്രങ്ങളേയും അടിസ്ഥാനമാക്കിയാണ് തങ്ങളുടെ വാദമുഖങ്ങളെ അവതരിപ്പിച്ചിരുന്നത്. ഹിന്ദുത്വശാസ്ത്രത്തിന്റെ തലമുതിർന്ന നേതാക്കളിലൊരാളായി വാഴ്ത്തപ്പെടുന്ന വി. ഡി. സവർക്കർ, ‘ഇന്ത്യ തന്റെ വിശുദ്ധനാടും മാതൃരാജ്യവുമായി സ്വീകരിച്ചവനാണ് ഹിന്ദു' എന്ന നിർവചനത്തിലൂടെ ഹിന്ദുത്വ ദേശീയതയുടെ അനുമാനങ്ങളെ സുതാര്യമാക്കി കാട്ടുകയായിരുന്നു. ഹിന്ദുദർശനം ആത്യന്തികാർഥത്തിൽ ഇന്ത്യയുടെ ദേശീയ മതമാണെന്നതായിരുന്നു സവർക്കറുടെ നിർവചനത്തിന്റെ സാരം. ആയതിനാൽ, മുസ്ലിംകളും ക്രിസ്ത്യാനികളും വിദേശീയരാണെന്നു പറയേണ്ടി വരും. ഇന്ത്യൻ രക്തത്തിന്റെ പിന്മുറക്കാരാണെന്നു വന്നാലും വൈദേശിക മതത്തിന്റെ അനുയായികൾ.
ദേശീയവാദികളിലെ പ്രമാണിവർഗത്തിനിടയിൽ ആശയഭിന്നതകളുണ്ടായിരുന്നു. എന്നാലത് ദേശീയസ്വത്വത്തിന്റെ പേരിലായിരുന്നില്ല. മറിച്ച് ദേശീയസ്വത്വത്തെ എങ്ങനെ രാഷ്ട്രീയവൽകരിക്കുമെന്നതിനെ ചൊല്ലിയായിരുന്നു. ഹിന്ദുമഹാസഭ പോലുള്ള സംഘടനകളിൽ വളർന്നുവന്ന ദേശീയവാദികൾ ഹിന്ദുമതവുമായി രാഷ്ട്രസ്വത്വത്തെ നേരിട്ടുബന്ധിപ്പിക്കണമെന്നും അങ്ങനെ ഇന്ത്യയെ ഹിന്ദുരാഷ്ട്രം എന്നു നിർവചിക്കണമെന്നും വാദിച്ചു.
മതേതര പ്രതിച്ഛായ വേണമെന്നാഗ്രഹിച്ച നേതാക്കളാകട്ടെ ഇന്ത്യയെന്നത് ബഹുമതങ്ങളുടേയും ഒട്ടേറെ സമുദായങ്ങളുടേയും സംഗമവേദിയാണെന്നും അതിനെ പ്രതിനിധാനം ചെയ്യുന്നത് കോൺഗ്രസ് സംഘടനയാണെന്നുമുള്ള നിലപാടിലെത്തി. അപ്പോഴും ഹിന്ദുസ്വത്വനിർമിതികളെ കോൺഗ്രസ് ചോദ്യം ചെയ്തതേയില്ല. അയിത്തജാതിക്കാരും ഹിന്ദുക്കളാണെന്ന ഗാന്ധിയുടെ പ്രസ്താവനയിൽ ഈ വസ്തുത പ്രകടമാണ്. ഇന്ത്യയെ കണ്ടെത്തൽ എന്ന കൃതിയിൽ നെഹ്‌റു ഇന്ത്യാചരിത്രത്തെ വീക്ഷിക്കുന്നത് ഇതേ മട്ടിലാണ്- വേദങ്ങൾ ഇന്ത്യൻ സംസ്‌കൃതിയുടെ ഉറവിടമെന്നു കണ്ടെത്തിയ നെഹ്‌റു പാതിമനസോടെ ഇന്ത്യയുടെ സാമൂഹിക ജീവിതത്തിന്റെ അനിവാര്യഭാഗമാണു ജാതിയെന്ന ന്യായീകരണത്തിലാണ് എത്തിച്ചേരുന്നത്. അലക്‌സാണ്ടർ ചക്രവർത്തിയുടെ അധിനിവേശ ശ്രമത്തിനിടെ മഗധ സാമ്രാജ്യ കാലത്ത് ഉയർന്നുവന്നതാണ് ഹിന്ദുമതം എന്നാണ് ഈ കൃതിയിൽ നെഹ്‌റു അനുമാനിക്കുന്നത്.
അബ്രാഹ്മണ പ്രസ്ഥാനങ്ങളും പുതുതായി രൂപം കൊണ്ട ദലിത് പ്രസ്ഥാനങ്ങളുമാണ് ഇന്ത്യയെ ഹിന്ദുമതത്തോട് ചേർത്ത് ആദർശപരമായി നവീകരിക്കാനുള്ള യജ്ഞത്തിന് സാംസ്‌കാരികമായ വെല്ലുവിളി ഉയർത്തിയത്. ദലിതുകൾ ഹിന്ദു ദർശനത്തിൽനിന്ന് പൂർണമായും അകന്നുനിന്നു. 1930- 32ലെ സംഭവങ്ങൾക്കു ശേഷം ഹിന്ദുമതവുമായി ബന്ധപ്പെടുത്തിയ ദലിതരുടെ സാമുദായിക സ്വത്വം അടിമത്തത്തിന്റെ അടയാളമായി അംബേദ്കർ തിരിച്ചറിഞ്ഞു തുടങ്ങി. അങ്ങനെയാണ് അദ്ദേഹം മതസ്വത്വത്തെത്തന്നെയും ചോദ്യം ചെയ്യാൻ തുടങ്ങിയത്.
മുപ്പതുകളിൽ, വ്യക്തിപരമായ ജീവിതത്തിലെ ദുരിതങ്ങളും പ്രശ്‌നകലുശിതമായ അവസ്ഥാന്തരങ്ങളും അംബേദ്കറെ വേട്ടയാടാൻ തുടങ്ങി. നിയമം പ്രാക്ടീസ് ചെയ്തതിൽനിന്ന് അദ്ദേഹത്തിന് അപ്പോഴും മതിയായ വരുമാനം ആർജിക്കാൻ കഴിഞ്ഞിരുന്നില്ല.
ഭാര്യയേയും മകനേയും വിദഗ്ധ ചികിത്സയ്ക്കു ലണ്ടനിലേക്ക് കൊണ്ടുപോകാൻ ആവശ്യമായ പണം താൻ ഒരു ദിവസം സ്വരൂപിക്കുമെന്ന് അംബേദ്കർ ഇടയ്ക്കിടെ പറയുമായിരുന്നു
ബോത്‌ലി വാലാ ഇൻസ്റ്റിറ്റ്യൂട്ടിലേയും 1928 മുതൽ ലോകോളേജിലെ അധ്യാപകജോലിയും അദ്ദേഹത്തിനു നേട്ടമുണ്ടാക്കിയില്ല. പുസ്തകങ്ങൾ വാങ്ങിക്കൂട്ടാനും സംഘടനാ പ്രവർത്തനങ്ങൾക്കും അദ്ദേഹം രണ്ടാമതൊരു വട്ടം ആലോചിക്കാതെ പണം ചെലവഴിക്കുമായിരുന്നു. ഇതോടെ അംബേദ്കറുടെ കുടുംബം കടുത്ത കഷ്ടപ്പാടിലായി. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന അംബേദ്കറുടെ ഭാര്യയ്ക്ക് ഭർത്താവിന്റെ ഇത്തരം ശീലങ്ങൾ കടുത്ത വേദനയുണ്ടാക്കിയത്. ഭാര്യ രമാഭായിയുടേയും വാതരോഗിയായ പുത്രൻ യശ്വന്തിന്റെയും ആരോഗ്യനില, പൊതുതാൽപര്യ വ്യവഹാരങ്ങൾക്കിടയിൽ താൻ മറന്നുപോയെന്ന് വർഷങ്ങൾക്കു ശേഷം അംബേദ്കർ ഏറ്റുപറയുകയുണ്ടായി.
അക്കാലത്ത് ഭാര്യയേയും മകനേയും വിദഗ്ധ ചികിത്സയ്ക്കു ലണ്ടനിലേക്ക് കൊണ്ടുപോകാൻ ആവശ്യമായ പണം താൻ ഒരു ദിവസം സ്വരൂപിക്കുമെന്ന് അംബേദ്കർ ഇടയ്ക്കിടെ പറയുമായിരുന്നു. എന്നാൽ, രോഗാവസ്ഥയ്ക്കു മാറ്റം വരുത്താൻ ഹൃദയം നിറഞ്ഞ ഇത്തരം പ്രസ്താവനകൾക്കു കഴിയുമായിരുന്നില്ല. 1935 മെയ് 29-ന് നാൽപതാം വയസ്സിൽ അംബേദ്കറുടെ ഭാര്യ രമാഭായി മരിച്ചു. ഈ അപ്രതീക്ഷിതമായ വിയോഗം അംബേദ്കറുടെ മനസ്സിൽ ഉണങ്ങാത്ത മുറിവായി എന്നും ബാക്കിനിന്നു.
നിരാശ ചെറിയ തോതിലെങ്കിലും അദ്ദേഹത്തെ കീഴടക്കിയ കാലഘട്ടമായിരുന്നു അത്. പ്രവിശ്യാ തെരഞ്ഞെടുപ്പുകൾ അടുത്തെത്തി. മദ്രാസിൽ ജസ്റ്റീസ് പാർട്ടിയും മഹാരാഷ്ട്രയിൽ നോൺ ബ്രാഹ്മൺ പാർട്ടിയും ക്ഷയിച്ച നിലയിലായിരുന്നതിനാൽ ശക്തമായ സാന്നിധ്യം കോൺഗ്രസിനായിരുന്നു. പ്രതിപക്ഷമെന്നു പറയാൻ പേരിനുണ്ടായിരുന്നത് മുസ്ലിം ലീഗ് മാത്രമായിരുന്നു. ഈ ഘട്ടത്തിലാണ് രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെപ്പറ്റി അംബേദ്കർ ചില സൂചന നൽകിത്തുടങ്ങിയത്.
ഹിന്ദുമതം ഉപേക്ഷിക്കാനുള്ള അംബേദ്കറുടെ തീരുമാനം അവിശ്വസനീയമാണെന്നായിരുന്നു ഗാന്ധിയുടെ പ്രതികരണം.
1935 ജൂലൈ 25-ാം തീയതി അംബേദ്കർ രാഷ്ട്രീയത്തിൽനിന്ന് വിടവാങ്ങുന്നുവെന്ന വാർത്ത ടൈംസ് ഓഫ് ഇന്ത്യയിൽ വരികയും ചെയ്തു. എന്നാൽ രാഷ്ട്രീയം വിടുന്നതിന് പകരം പൂർവാധികം ശക്തിയോടെ അതിൽ മുഴുകുകയാണ് അദ്ദേഹം ചെയ്തത്. 1935 ഒക്ടോബർ 12-ാം തീയതി ഗെയ്ക്വാദ് നാസിക്കിൽ സംഘടിപ്പിച്ച ഒരനുമോദനച്ചടങ്ങിൽ അംബേദ്കർ പ്രസംഗിച്ചു. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ, സ്വയം പര്യാപ്തമാകാൻ അദ്ദേഹം അധഃസ്ഥിത ജാതികളെ ആഹ്വാനം ചെയ്തു. ഹിന്ദുമതത്തിൽനിന്ന് അധഃസ്ഥിതർക്ക് പ്രയോജനമൊന്നും കിട്ടിയില്ല. ആ നിലയ്ക്ക് അവർ ഹിന്ദുക്കളായി തുടരുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്നു രാത്രിയിലെ ഒരു പൊതുയോഗത്തിൽ അദ്ദേഹം മതപരിവർത്തനത്തിന് പരസ്യമായി ആഹ്വാനം നടത്തി. അംബേദ്കറുടെ നേതൃത്വത്തിൽ നാസിക്കിലെ കലാറാം ക്ഷേത്രത്തിന് വേണ്ടിനടക്കുന്ന സത്യാഗ്രഹവും വെള്ളമെടുക്കുന്നതിന് വേണ്ടിയുള്ള അവകാശത്തിന് വേണ്ടി മഹദിൽ നടക്കുന്ന സമരവും ഫലമൊന്നും ഉണ്ടാക്കാത്തതിനാൽ ഈ രണ്ടു സമരങ്ങളും അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്ന പ്രമേയവും പാസാക്കി. അയിത്തജാതിക്കാർ, അയിത്തം ആചരിക്കുന്ന മേൽജാതികളിൽനിന്ന് മോചനം നേടി അവകാശങ്ങൾക്കായി സ്വാതന്ത്ര്യം പ്രഖ്യാപിക്കണമെന്ന് അംബേദ്കർ ആവശ്യപ്പെട്ടു.
അടുത്ത ദിവസം, ബോംബെ പ്രസിഡൻസി ഡിപ്രസ്ഡ് ക്ലാസസ് കോൺഫറൻസ് സംഘടിപ്പിക്കപ്പെട്ടു. ഈ യോഗത്തിലാണ് മറാത്തിയിൽ ദലിത് വർഗീയ പരിഷത്ത് രൂപം കൊടുക്കാനുള്ള തീരുമാനമെടുത്തത് (ദലിത് എന്ന പ്രയോഗം രേഖകളിൽവരുന്ന ആദ്യ സന്ദർഭങ്ങളിലൊന്നാണിത്). ഇതേ സമ്മേളനത്തിൽ ആവേശാധിക്യം കൊണ്ട് ഇളകിമറിയുന്ന പതിനായിരം പേരെ സാക്ഷിനിർത്തി മതപരിവർത്തനത്തിനുള്ള പ്രമേയം അംബേദ്കർ അവതരിപ്പിച്ചു. ഞാനൊരു ഹിന്ദുവായി ജനിച്ചു. അതിനാൽ അയിത്തത്തിന്റെ വേദനാജനകമായ അനന്തരഫലങ്ങൾ ഞാനനുഭവിച്ചു. ഞാനൊരു ഹിന്ദുവായി മരിക്കില്ല, തീർച്ച...
രണ്ടു ദിവസങ്ങൾക്കു ശേഷം ഒരു പത്രപ്രസ്താവനയിലൂടെ ഗാന്ധി ഇതിനോട് പ്രതികരിച്ചു. ഹിന്ദുമതം ഉപേക്ഷിക്കാനുള്ള അംബേദ്കറുടെ തീരുമാനം അവിശ്വസനീയമാണെന്നായിരുന്നു ഗാന്ധിയുടെ പ്രതികരണം. തൊട്ടുകൂടായ്മ എന്ന ആചാരം അതിന്റെ അന്ത്യഘട്ടത്തിലെത്തിയ സാഹചര്യത്തിൽ വിശേഷിച്ചും. തന്നിഷ്ടപ്രകാരം മാറിക്കൊണ്ടിരിക്കാൻ വീടോ വസ്ത്രമോ പോലെയല്ല മതം... തുടർന്നങ്ങോട്ട് ഗാന്ധി ഈ പ്രശ്‌നത്തിൽ നിരന്തരമായി ഇടപെട്ടു കൊണ്ടിരുന്നു.
കൂട്ടമതപരിവർത്തനത്തെപ്പറ്റി സംസാരിക്കുന്ന അംബേദ്കറും കൂട്ടരും പാവം അധഃസ്ഥിതജാതിക്കാരെ കാലിക്കൂട്ടങ്ങളെയെന്നവണ്ണം ദയാരഹിതമായി തളച്ചിട്ടിരിക്കുകയാണെന്ന് ഗാന്ധി കുറ്റപ്പെടുത്തി.
കൂട്ടമതപരിവർത്തനത്തെപ്പറ്റി സംസാരിക്കുന്ന അംബേദ്കറും കൂട്ടരും പാവം അധഃസ്ഥിതജാതിക്കാരെ കാലിക്കൂട്ടങ്ങളെയെന്നവണ്ണം ദയാരഹിതമായി തളച്ചിട്ടിരിക്കുകയാണെന്ന് ഗാന്ധി കുറ്റപ്പെടുത്തി. 1936 ഓഗസ്റ്റ് 26-ാം തീയ്യതി ഹരിജനിൽ ഗാന്ധി എഴുതി- ‘ലക്ഷക്കണക്കിനു വരുന്ന മൂകരായ ഹരിജനങ്ങളെ പരിവർത്തനം ചെയ്യിപ്പിക്കാനായി, വസ്തുവകകൾപോലെയാണ് അംബേദ്കർക്കും സവർണർക്കുമിടയിൽ വിലപേശൽ നടക്കുന്നത്. ഈ നെറികെട്ട ഏർപ്പാട് ഇവിടെയെങ്കിലും അവസാനിപ്പിക്കുമെന്ന് നമുക്കു പ്രതീക്ഷിക്കാം'. സെപ്റ്റംബർ എട്ടിന് ജുഗൽ കിഷോർ വിർളയ്ക്ക് എഴുതിയ കത്തിൽ മതപരിവർത്തനത്തെക്കുറിച്ച് സൂചിപ്പിച്ച് ഗാന്ധി എഴുതി- ഹരിജനങ്ങളെ സമീപിക്കുകയോ അവരുടെ അഭിപ്രായം ആരായുകയോ പോലും ചെയ്യാതെ അംബേദ്കർ സ്വയമുണ്ടാക്കിയ ഒരു തന്നിഷ്ടമാണിത്.
ഒടുവിലായി, നവംബർ ആറിന് ഗാന്ധി, ദലിതുകളെ വിവേകശൂന്യരായ അനുയായികൾ എന്നുവരെ വിശേഷിപ്പിച്ചു. വി. എസ്. ആൻഡ്രൂസിനുള്ള കത്തിലാണ് ഇത് പ്രത്യക്ഷപ്പെട്ടത്- ‘പാവം ഹരിജനങ്ങൾക്ക് വിവേകമില്ല. വിചാരശക്തിയും ധിഷണയുമില്ല. ദൈവമല്ലാത്തതേത് എന്നു തിരിച്ചറിയാനുള്ള ശേഷി പോലുമില്ല അവർക്ക്. ഹരിജനങ്ങളെ ഒന്നാകെ തന്നോടൊപ്പം കൊണ്ടുനടക്കാനാകുമെന്ന് ഒരു വ്യക്തി വീരവാദം മുഴക്കുന്നത് തനി വിഡ്ഢിത്തമാണ്. ഒരു എടുപ്പിൽനിന്ന് മറ്റൊന്നിലേയ്ക്ക് കൊണ്ടുപോകാൻ അവരെന്താ ഇഷ്ടികകൾ മാത്രമാണോ?'
യാഥാർഥ്യത്തെ അവഗണിച്ചുള്ള ഈ വിലയിരുത്തലിൽ ഗാന്ധിക്കു പക്ഷേ പിഴവു പറ്റി. മതതലത്തിലേയ്ക്കുള്ള മാറ്റം അംബേദ്കറെ സംബന്ധിച്ചിടത്തോളം വലിയൊരു മാറ്റമായിരുന്നുവെങ്കിലും ദലിതുകളെ സംബന്ധിച്ചിടത്തോളം ഒരു നിമിഷത്തിന്റെ ആവേശത്തിൽ കൈക്കൊണ്ട തീരുമാനമായിരുന്നില്ലത്. നേതാവിനെ അന്ധമായി പിന്തുടരുകയുമായിരുന്നില്ലത്. ഇസ്ലാമിലേക്കും ക്രിസ്തുമതത്തിലേയ്ക്കും അധഃസ്ഥിതർ ആകർഷിക്കപ്പെട്ടതിന്റെ മുഖ്യകാരണം ആ മതങ്ങൾ വർണവർഗവിവേചനമില്ലാതെ വാഗ്ദാനം ചെയ്ത മതപരമായ തുല്യതയായിരുന്നു. ആത്മാഭിമാനവും അവകാശസുരക്ഷിതത്വവും കൊതിക്കുന്നവർക്ക് ഈ മതങ്ങളിൽ ആദർശപരമായ പ്രതീക്ഷയുണ്ടായിരുന്നു.
ഒരു നിലയ്ക്ക് അംബേദ്ക്കറുടെ മതപരിവർത്തനാഹ്വാനം ദലിതരെ രണ്ടു തട്ടിലാക്കി. ദലിതുകളിൽ പാരമ്പര്യ ചിന്തകൾ രൂഢമായ പല പ്രമാണികളും മതപരിവർത്തന നീക്കത്തെ എതിർത്തു
1936-ൽ പ്രസിദ്ധീകരിച്ച ഒരു ലഘുലേഖയിൽ ഒരു സുവിശേഷകർ എഴുതിയതിങ്ങനെ- കുറച്ചു വർഷങ്ങളായി, അയിത്തജാതിക്കാരുടെ ഗ്രാമങ്ങളിൽനിന്നും തൊട്ടടുത്ത പള്ളികളിലേക്കോ സുവിശേഷവേലക്കാരുടെ കേന്ദ്രത്തിലേക്കോ ആധ്യാത്മിക ശിക്ഷണമാവശ്യപ്പെട്ട് വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ പെരുകിയിട്ടുണ്ട്. ഇവരുടെ ആവശ്യങ്ങൾ ശരിയാംവിധം സാധിച്ചു കൊടുക്കുവാൻ പലപ്പോഴും സാധിക്കുന്നുമില്ല. ദലിതരുടെ ഇത്തരം കൂട്ടമതപരിവർത്തനം (ചിലപ്പോൾ ഒരു ഗ്രാമമൊട്ടാകെ അല്ലെങ്കിൽ ഒരു പ്രദേശമൊട്ടാകെ) നഷ്ടപ്പെട്ട മനുഷ്യാവകാശം തിരിച്ചു പിടിക്കാൻ നിശ്ചയിച്ച ശക്തമായ സാമൂഹിക മുന്നേറ്റങ്ങളായിരുന്നു.
പരിവർത്തന ചിന്തയുടെ അടരുകൾ എത്രത്തോളം അവരുടെ മനസ്സിൽ പടർന്നുകിടന്നിരുന്നുവെന്നതിന്റെ പ്രത്യക്ഷസാക്ഷ്യമാണ് അംബേദ്കറുടെ ആഹ്വാനത്തിന് ലഭിച്ച ആവേശകരമായ പ്രതികരണം. ഒരു നിലയ്ക്ക് ഈ മതപരിവർത്തനാഹ്വാനം തുടർന്നുള്ള സംഭവവികാസങ്ങളും ദലിതരെ രണ്ടു തട്ടിലാക്കി. ദലിതുകളിൽ പാരമ്പര്യ ചിന്തകൾ രൂഢമായ പല പ്രമാണികളും മതപരിവർത്തന നീക്കത്തെ എതിർത്തു. അതേസമയം അവകാശ സംരക്ഷണ സമരത്തിന് സ്വയം സമർപ്പിച്ച അനേകായിരം യുവജനങ്ങളുടെ മാനസികാവസ്ഥയുടെ യഥാർത്ഥ സാക്ഷാത്കാരമായിരുന്നു അത്.
1935 ഡിസംബറിൽ അംബേദ്കർ മദ്രാസിലെത്തി. അവിടെ വെച്ചാണ് തന്റെ പ്രായക്കാരനും ജസ്റ്റീസ് പാർട്ടിയുടെ നിയമസഭാംഗവുമായ എൻ. ശിവരാജിനെ കണ്ടുമുട്ടുന്നത്. സാമ്പത്തികമായി ഉയർന്ന ബുദ്ധിസ്റ്റ് കുടുംബത്തിൽ പിറന്ന ശിവരാജ് ആദ്യകാല ദലിത് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ദലിത് ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന വിവേചനങ്ങളെപ്പറ്റി അംബേദ്കർ അവിടെ കേൾക്കാനിടയായി. 1936 ജനുവരി 11-നും 12-നും പൂനെയിൽ സംഘടിപ്പിച്ച മഹാരാഷ്ട്രയിലെ അയിത്തജാതിക്കാരുടെ യുവജനപ്രസ്ഥാനങ്ങളുടെ മഹാസമ്മേളനത്തിൽ ആധ്യക്ഷ്യം വഹിക്കാൻ ശിവരാജ് ക്ഷണിക്കപ്പെട്ടു.
മതപരിവർത്തനാഹ്വാനത്തിനു പിന്തുണ പ്രഖ്യാപിക്കുന്ന സമ്മേളനമായിരുന്നു അത്. സമുദായത്തിനകത്തുനിന്നും ഈ നിർണായക നീക്കത്തിന് വ്യക്തമായ പിന്തുണയാർജ്ജിക്കാൻ മെയ് 30 മുതൽ ജൂൺ രണ്ടു വരെയുള്ള ദിവസങ്ങളിൽ ബോംബെ പ്രാദേശിക മഹാർസമ്മേളനം വിളിച്ചുകൂട്ടി. കാൽലക്ഷത്തോളം ആളുകൾ പങ്കെടുത്ത സമ്മേളനത്തിന്റെ അധ്യക്ഷൻ ഹൈദരാബാദിൽനിന്നുള്ള ബി. എസ്. വെങ്കടറാവുവായിരുന്നു. ക്രൈസ്തവ, മുസ്ലിം, സിഖ് മതനേതാക്കളെല്ലാം സമ്മേളനത്തിൽ സാന്നിധ്യമറിയിച്ചു. ഇസ്ലാമിലേക്ക്, ഒരു ആധുനിക ഇസ്ലാമിലേക്ക് പ്രത്യേക താൽപര്യം ഇക്കാലത്തുണ്ടായി. ചെറുപ്പക്കാരൊക്കെ തുർക്കിത്തൊപ്പി ധരിച്ചാണ് പ്രത്യക്ഷപ്പെട്ടത്.
സമ്മേളനത്തിൽ അംബേദ്കർ നടത്തിയ പ്രസംഗം ‘മോചനത്തിന് എന്ത് വഴി’ എന്ന തലക്കെട്ടിൽ ജൂൺ 20-ാം തീയതി ഇറങ്ങിയ ‘ജനത'യിൽ അച്ചടിച്ചുവന്നു. ദലിതുകൾക്ക് എന്തുകൊണ്ട് ഇനിയും ഹിന്ദുമതത്തിൽ തുടരാൻ സാധിക്കില്ലെന്നതിന് സമ്പൂർണമായ തെളിവുകൾ യുക്തിയുക്തം ഈ പ്രഭാഷണത്തിൽ അക്കമിട്ടുനിരത്തിയിരുന്നു. പരമ്പരാഗത മതം ഉപേക്ഷിക്കരുതെന്ന ഗാന്ധിയുടെ നിലപാടിനുള്ള വ്യക്തമായ മറുപടിയും അംബേദ്കർ നൽകി.
പൈതൃകമായി കിട്ടിയതു കൊണ്ടു മാത്രം ഒരു മതത്തിൽ തുടരാൻ ഒരു വിഡ്ഢിക്കു മാത്രമേ കഴിയൂ. ചിന്തിക്കുന്ന മനുഷ്യനു സ്വീകാര്യമായ നന്മയല്ലത്. തനിക്കു മൃഗതുല്യമായ പരിഗണനയേ ലഭിക്കുന്നുള്ളൂ എന്നു ബോധ്യപ്പെട്ടിട്ടും അവിടെത്തന്നെ തുടരാൻ ആത്മാഭിമാനമുള്ള മനുഷ്യർക്ക് സാധിക്കില്ല. മനുഷ്യനും മൃഗങ്ങൾക്കുമിടയിലെ പ്രധാന വ്യത്യാസം മനുഷ്യനു പുരോഗമിക്കാൻ സാധിക്കും. മൃഗങ്ങൾക്കതു കഴിയില്ല എന്നതാണ്...
അംബേദ്കറുടെ മതപരിവർത്തനാഹ്വാനത്തെ തുടർന്ന് ദേവദാസി സമ്പ്രദായത്തിലെ ഇരകളായി എത്തിയ ദലിത് സ്ത്രീകൾ ഒരു സമ്മേളനം വിളിച്ചു കൂട്ടി. തങ്ങളും മതപരിവർത്തനത്തെക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയാണെന്ന നിലപാടിൽ അവർ അംബേദ്കറെ യോഗത്തിൽ പ്രസംഗിക്കാൻ ക്ഷണിച്ചു
സുപ്രധാനമായ ഈ സമ്മേളനത്തിനു ശേഷം കബീർപാന്ത്, വർക്കാരി തുടങ്ങിയ ഭക്തിപ്രസ്ഥാന പാരമ്പര്യത്തിൽ വിശ്വസിക്കുന്ന മഹാറുകളായ സന്ന്യാസിമാരുടെ ഒരു യോഗം സംഘടിപ്പിക്കപ്പെട്ടു. ഈ യോഗത്തിൽ മുടിക്കെട്ടു മുറിച്ചും മുഖക്ഷൗരം ചെയ്തും പാരമ്പര്യത്തിന്റെ അടയാളങ്ങൾ നീക്കം ചെയ്താണ് സന്ന്യാസിമാർ സന്നിഹിതരായത്. കിഴക്കൻ മഹാരാഷ്ട്രയിലെ വാർധ ജില്ലയിൽ ദലിത് സന്ന്യാസി നേതാവായ പതിത്പവൻദാസ് അമരാവതിയിൽ വലിയൊരു സമുദായസമ്മേളനം വിളിച്ചുകൂട്ടി. ഹിന്ദുമത ഗ്രന്ഥങ്ങളും ബിംബങ്ങളും ജനമധ്യത്തിൽ തീയിട്ടു നശിപ്പിച്ചാണ് ഹിന്ദുനിരാസം പ്രകടിപ്പിച്ചത്.
സന്ന്യാസിമാരുടെ പ്രതിഷേധങ്ങളുടെ പിന്നാലെ ഭിന്നമായ സാഹചര്യത്തിൽ മറ്റൊരു സമ്മേളനം നടന്നു. ബോംബെയിലെ കാമാത്തിപ്പുര വേശ്യാവൃത്തിയുടെ കേന്ദ്രമാണ്. ദേവദാസി സമ്പ്രദായത്തിലെ ഇരകളായി എത്തിയ ദലിത് സ്ത്രീകളായിരുന്നു അവരിലേറെയും. അംബേദ്കറുടെ മതപരിവർത്തനാഹ്വാനത്തെ തുടർന്ന് ഇവരും ഒരു സമ്മേളനം വിളിച്ചു കൂട്ടി. തങ്ങളും മതപരിവർത്തനത്തെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന നിലപാടിൽ അവർ അംബേദ്കറെ യോഗത്തിൽ പ്രസംഗിക്കാൻ ക്ഷണിച്ചു. ജൂൺ 16-ാം തീയതി നടന്ന സമ്മേളനത്തിൽ പ്രസംഗിക്കവേ, അംബേദ്കർ വേശ്യാവൃത്തി മഹാറുകൾക്ക് അപമാനമാണെന്നും ആയതിനാൽ അവർ അത് ഉപേക്ഷിക്കണമെന്നും ആഹ്വാനം ചെയ്തു. അതോടെ യോഗാന്തരീക്ഷം ശബ്ദമയമായി യോഗത്തിൽ പങ്കെടുക്കാൻ വന്ന സ്ത്രീകളൊന്നാകെ ആക്ഷേപവാക്കുകളും ശകാരവർഷങ്ങളുമായി തെരുവിലേക്കിറങ്ങി.
പൊലീസ് നടത്തുന്ന അതിക്രമങ്ങളും പീഡനങ്ങളും അവസാനിപ്പിക്കാൻ അംബേദ്കറുടെ സാന്നിധ്യവും പിന്തുണയും സഹായകരമാവുമെന്ന പ്രതീക്ഷയിലാണ് സ്ത്രീകൾ ഇത്തരമൊരു യോഗം വിളിച്ചുകൂട്ടിയതു തന്നെ.
വേശ്യാവൃത്തിയെ സംബന്ധിച്ച ആദ്യകാല സംവാദത്തിന് യോഗം നിമിത്തമായി. കഠിനമായ സാമ്പത്തിക പരാധീനതയാണ് സ്ത്രീകളെ വേശ്യാവൃത്തിക്കു നിർബന്ധിതരാക്കുന്നതെന്ന യാഥാർഥ്യം അംബേദ്കർ വിസ്മരിച്ചു കളഞ്ഞതായി പല ഹിന്ദുസമുദായ പരിഷ്‌കർത്താക്കളും വിമർശിച്ചു. സാമ്പത്തിക പരാധീനതകൾക്കപ്പുറം, തിരഞ്ഞെടുക്കപ്പെടാനും പ്രവർത്തിക്കാനുമുള്ള സ്ത്രീകളുടെ കഴിവിലും ആത്മാഭിമാനത്തിലും ബോധവാനായ അംബേദ്കർ സ്ത്രീകളെ വെറും ഇരകളായി കാണാനും തയ്യാറായില്ല. ദലിതുപക്ഷത്തു നിന്ന് അംബേദ്കറുടെ ഉറച്ച നിലപാടിന് വൻ പിന്തുണയും ലഭിച്ചു.
മതപരിവർത്തനാഹ്വാനത്തിനു വിവിധ മതനേതാക്കളിൽ നിന്ന് ആവേശകരമായ പിന്തുണയാണു ലഭിച്ചത്. സിഖ്, മുസ്ലിം, ക്രൈസ്തവ വൃത്തങ്ങളിൽനിന്നും പല പ്രധാനികളും അദ്ദേഹത്തെ കാണാനെത്തി. ഹിന്ദുമതസ്ഥർക്കിടയിൽ വ്യാപകമായ സംവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഹിന്ദുമഹാസഭയുടെ ഡോ. മൂഞ്‌ജെ സിഖ് മതത്തിലേയ്ക്ക് പരിവർത്തനം ചെയ്യുന്നതിനെ സ്വാഗതം ചെയ്തു. 1936 ജൂണിൽ എ. സി. രാജയ്‌ക്കെഴുതിയ കത്തിൽ മൂഞ്‌ജെ തുറന്നെഴുതി- ഇസ്ലാമിനും ക്രിസ്തുമതത്തിനും പകരം സിഖ് മതത്തിലേയ്ക്ക് പരിവർത്തനം നടത്താൻ അംബേദ്കറും അനുയായികളും തയ്യാറാണെങ്കിൽ, തങ്ങളുടെ കൂട്ടത്തിലേയ്ക്ക് ഹിന്ദു അധഃസ്ഥിതരെ ആകർഷിക്കുന്ന ഇസ്ലാമിന്റെ പ്രചാരണത്തിനു ഞങ്ങൾ പിന്തുണ നൽകും. പട്ടികജാതിക്കാർക്കിടയിലെ നിയോ- സിഖുകാർ എന്നിവരെ സമുദായപ്പട്ടികയിൽ പെടുത്താനും പിന്തുണ നൽകും. എന്നാൽ, സിഖുകാർക്കില്ലാത്ത സാമ്പത്തിക സുസ്ഥിതിയും വിഭവസ്രോതസ്സുകളും ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കുമുണ്ടെന്നും വിദേശമതങ്ങളിലേക്ക് ചേക്കേറാതെ അയിത്തജാതിക്കാർ ഹിന്ദുമതത്തെ സഹായിക്കണമെങ്കിൽ, ആ മതത്തിന്റെ ആളുകൾക്കിടയിലും സിഖുകാർക്കിടയിലും സാമ്പത്തിക അവശത മാറ്റാൻ മതനേതാക്കൾ തയ്യാറാകണമെന്നായിരുന്നു അംബേദ്കറുടെ പ്രതികരണം.
അംബേദ്കറുടെ മതപരിവർത്തനാഹ്വാന ശേഷമാണ് ഹിന്ദുമഹാസഭയിൽ ഭിന്നിപ്പിന്റെ സ്വരങ്ങൾ ഉയർന്നുതുടങ്ങിയത്.
ഇന്ത്യയിൽ പിറവി കൊണ്ട മതങ്ങളെല്ലാം ഹിന്ദുമതത്തിന്റെ ഭാഗമാണെന്ന ഇന്നത്തെ ഹിന്ദുനേതാക്കളുടെ സമീപനമായിരുന്നു മൂഞ്‌ജെയും സ്വീകരിച്ചത്. അതിനാൽ സിഖ് മതത്തിലേയ്ക്കുള്ള മാറ്റം യഥാർഥ അർഥത്തിൽ പരിവർത്തനമേ ആകുന്നില്ല. അത് മാർഗത്തിൽ നിന്നുള്ള വ്യതിയാനം മാത്രമാണ്. ധർമത്തിലുള്ള മാറ്റമല്ല. എന്നാൽ രാജ ഈ അഭിപ്രായത്തോടു ശക്തമായി വിയോജിച്ചു.
1936 ജൂലൈയിൽ അദ്ദേഹം മൂഞ്‌ജെയ്ക്കു മറുപടിയെഴുതി. മൂഞ്‌ജെ സൂചിപ്പിച്ചത് പോലെയുള്ള മതപരിവർത്തനം സാമുദായിക കുടിയേറ്റം മാത്രമാണ്. അതുമുലം സിഖ്- ഹിന്ദു- മുസ്ലീം സംഘർഷമുണ്ടാക്കാനേ സാധിക്കൂ. ഗാന്ധിയുടെ വഴി പിന്തുടർന്ന് അദ്ദേഹം പറഞ്ഞത് കൂട്ടമതപരിവർത്തനം ഒരു രാഷ്ട്രീയാഭ്യാസമാണെന്നും അതു മതത്തിന്റെ ആത്മീയ വശത്തെ അവഗണിക്കുന്നുവെന്നുമാണ്. ഇതിനെ പിന്തുണച്ച് ജൂലൈ 26-ാം തീയതി സംബന്ധിച്ച് ഗാന്ധി പറഞ്ഞത് സിഖുകാർതന്നെ തങ്ങൾ ഹിന്ദുമതത്തിന്റെ ഭാഗമാണെന്നു സമ്മതിക്കുന്നുവെന്നാണ്. അല്ലെങ്കിൽ അക്കാര്യം അവർ തന്നെ പറയട്ടെ.
തികച്ചും യാഥാസ്ഥിതികമായ നിലപാടായിരുന്നു ഗാന്ധിയുടേത്. ഹിന്ദുമഹാസഭയ്ക്കുള്ളിൽ ഗാന്ധിയുടേതിനു സമാനമായ നിലപാടെടുത്തിരുന്നത് പണ്ഡിറ്റ് മദൻമോഹൻ മാളവ്യയായിരുന്നു. പരമ്പരാഗതമായ ഹിന്ദൂയിസത്തിന് വേണ്ടി അവർ ജാതിവ്യവസ്ഥയുടെ ഹീനതകളിൽനിന്നും ഹിന്ദൂയിസത്തെ ശുദ്ധീകരിക്കാനാകുമെന്നു വിശ്വസിച്ചു. ദലിതുകൾക്ക് സിഖ് മതത്തെ പകരമാക്കി നീട്ടിക്കൊടുക്കാൻ ഇവർ സന്നദ്ധമാകുന്നില്ല. 1936 ഒക്ടോബർ21 മുതൽ23 വരെ ലാഹോറിൽ നടന്ന ഹിന്ദു മഹാസഭയുടെ പതിനെട്ടാം സമ്മേളനത്തിൽ, അയിത്ത ജാതിക്കാർ സിഖ് മതത്തിൽ ചേരാനാണ് നിശ്ചയിക്കുന്നതെങ്കിൽ അതിനെ ഹിന്ദുമഹാസഭ പിന്തുണയ്ക്കുമെന്ന് യോഗാധ്യഭൻ ശങ്കരാചാര്യ പ്രഖ്യാപിക്കുകയുണ്ടായി. രണ്ടാം ദിവസം യോഗത്തിൽ സംബന്ധിക്കാൻ ഉത്തർപ്രദേശിൽ നിന്നെത്തിയ മാളവിയയുടെ പ്രതിനിധികൾക്കു പ്രവേശനം നിഷേധിക്കപ്പെട്ടത് വലിയ കലാപത്തിന് ഇടയാക്കി. പ്രതിഷേധ സൂചകമായി മാളവിയയെ പിന്തുണയ്ക്കുന്നവർ സമ്മേളനത്തിൽ നിന്നിറങ്ങിപ്പോയി.
മതപരിവർത്തനത്തിന് ഒരുങ്ങുന്ന അയിത്തജാതിക്കാരെ സ്വാഗതം ചെയ്ത് കൊണ്ട് സമ്മേളനത്തിൽ പങ്കെടുത്ത സിഖ് മത വക്താവ് പറഞ്ഞു- ക്രിസ്തു മതത്തിലേക്കോ ഇസ്ലാമിലേക്കോ പോകരുതെന്ന് അധഃസ്ഥിതരോട് ഞാൻ കേണപേക്ഷിക്കുന്നു. അവർ ഏതെങ്കിലും വൈദേശികമതം സ്വീകരിക്കണമെന്ന ആശയം നാം സഹിക്കില്ല. അംബേദ്കറുടെ മതപരിവർത്തനാഹ്വാന ശേഷമാണ് ഹിന്ദുമഹാസഭയിൽ ഭിന്നിപ്പിന്റെ സ്വരങ്ങൾ ഉയർന്നുതുടങ്ങിയത്. മാളവിയയുടെ വിമത സ്വരം അതിലൊന്നായിരുന്നു.
സിഖ് മതത്തിലുള്ള താൽപര്യം കുറച്ചു കാലം നീണ്ടു. സിഖ് മിഷനിലെ പ്രവർത്തകനുമായി അംബേദ്കർ ചർച്ചകൾ നടത്താനും അടുത്തിടപഴകാനും തുടങ്ങി. അതിനിടെ, ബോംബെയിൽ ഒരു ഖൽസ കോളേജ് സ്ഥാപിക്കാമെന്നു ധാരണയായി. 1935-ൽ സിഖുകാരുടെ ചെലവിൽ അംബേദ്കർ യൂറോപ്പിലേക്ക് യാത്ര നടത്തി. തന്റെ മതപരിവർത്തന സംരംഭം സംവരണതലത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം ഇംഗ്ലണ്ടിലെ വിദഗ്ധരുമായി ചർച്ച നടത്തി. നിർദിഷ്ട കോളേജിന് വേണ്ടി റോമിലെ വാസ്തുശിൽപ വിദഗ്ധർ, നിയോ ക്ലാസിക്കൽ മാതൃകയിൽ തയ്യാറാക്കിയ രൂപ കൽപന അദ്ദേഹത്തിന് ലഭിച്ചു.
എഫ് എന്ന ഫാനി ഫിറ്റ്‌സ് ജെറാൾഡിനെ അദ്ദേഹം അവസാനമായി സന്ദർശിക്കുന്നതും റോമിലാണ്. സിഖ് മതത്തിൽ പരിശീലനം നേടാൻവേണ്ടി പതിനാറംഗസംഘം 1936 സെപ്തംബറിൽ 25-ാം തീയതി അമൃത് സറിലേക്ക് പുറപ്പെട്ടു. ഇവരുടെ നേതാവായ ബാർവെയും മറ്റു ചിലരും മടക്കയാത്രയിൽ സിഖ് മതം സ്വീകരിക്കുകയും മതപ്രചാരണാർഥം പിന്നീട് നാടുചുറ്റുകയും ചെയ്തു. എന്നാൽ താമസിയാതെ അംബേദ്കറും അദ്ദേഹത്തിന്റെ
സിഖ് സുഹൃത്തുക്കൾക്കുമിടയിൽ ഭിന്നതകൾ രൂപം കൊണ്ടു. നിർമാണത്തിനു പദ്ധതിയിട്ടിരുന്ന സ്ഥാപനങ്ങളുടെ പേരിലും മതപരിവർത്തനത്തിന്റെ കാര്യങ്ങളുടെ നിയന്ത്രണത്തിന്റെ പേരിലുമായിരുന്നു വഴക്ക്. ഭിന്നതകൾക്കൊടുവിൽ സിഖുകാരുമായുള്ള ബന്ധം അംബേദ്കർ അവസാനിപ്പിച്ചു.
ബുദ്ധിസവുമായി ബന്ധപ്പെട്ട് വേറെ ചില കൗതുകകരമായ സംഭവങ്ങൾ നടന്നിരുന്നു. അതിലൊന്ന് ധർമാനന്ദ് കൊസാംബിയുമായി ബന്ധപ്പെട്ടതാണ്. ഈ കൊസാംബിയുടെ മകനാണു വിഖ്യാതനായ മാർക്‌സിസ്റ്റു പണ്ഡിതനായിത്തീർന്നത്. കൊസാംബി അംബേദ്കറുമായി ചർച്ച നടത്തിയത് 1935 ഒക്ടോബറിലാണ്. താമസിയാതെ കൊസാംബി ഗാന്ധിയെ കണ്ടു ഈ വിഷയം ചർച്ച നടത്തി. അംബേദ്കർക്ക് അടുപ്പം ബുദ്ധിസവുമായിട്ടാണ്, അദ്ദേഹം ഗാന്ധിയോട് പറഞ്ഞു. പരേലിൽ ഒരു ബുദ്ധവിഹാരം പണിയുന്നതിന് വേണ്ടി കുറച്ചധികം പണം വേണം. ഗാന്ധി തന്റെ അരികിലിരുന്ന ജുഗൽ കിഷോർ ബിർളയെ നോക്കി. കൊസാംബിക്കു ബിർള നൽകിയത് 17,500 രൂപയുടെ ചെക്കാണ്.
ഈ പണമുപയോഗിച്ചാണ് പരേലിൽ ബഹുജൻ ബുദ്ധിസ്റ്റ് വിഹാർ നിർമാണത്തിന് പദ്ധതിയിട്ടത്. എന്നാൽ ഇതു സംബന്ധിച്ച ആദ്യയോഗം തന്നെ പൊളിഞ്ഞുപോയി.രണ്ടു ചംബാർ നേതാക്കൾ പരസ്പരം ഉടക്കായി. ശിവരാം ശിവതർക്കറും ബാലകൃഷ്ണ ദിയോതർക്കറും തമ്മിലായിരുന്നു കലഹം ഏതായാലും ബുദ്ധവിഹാരം നിർമിക്കാനുള്ള തീരുമാനം യാഥാർഥ്യമായില്ല. ഗാന്ധി സാമ്പത്തികസഹായം നൽകിയ പദ്ധതിയെ പിന്തുണയ്ക്കാനുള്ള അംബേദ്കറുടെ വിസമ്മതവും അതിനു കാരണമായിരിക്കാം. മതപരിവർത്തന സംവാദം ചെന്നെത്തിയത് അംബേദ്കറും ഗാന്ധിയും തമ്മിലുള്ള രൂക്ഷമായ സംവാദത്തിലേക്കാണ്.
മിശ്രജാതി വിവാഹങ്ങൾ പ്രോത്സാഹിപ്പിച്ച് ജാതിവ്യവസ്ഥയെ ഇല്ലായ്മ ചെയ്യാൻ സ്വയം സമർപ്പിതരായവരുടെ കൂട്ടായ്മയായ ജാഡ്പത് തോഡക് മണ്ഡൽ എന്ന സംഘടന 1935 ഡിസംബറിൽ അംബേദ്കറുടെ ഒരു പ്രഭാഷണത്തിനായി പഞ്ചാബിലേക്ക് ക്ഷണിച്ചു. ചില പ്രമുഖ ആര്യസമാജം നേതാക്കളുടെ പിന്തുണയോടെ കീഴ്ജാതിക്കാരനും പഞ്ചാബുകാരനായ സന്ത്‌റാം ആണ് സംഘടനയുടെ സ്ഥാപകൻ.
താൻ നടത്താൻ പോകുന്ന പ്രസംഗത്തിന്റെ എഴുതി തയ്യാറാക്കിയ രൂപം ഏപ്രിലിൽ അംബേദ്കർ സംഘാടകർക്ക് അയച്ചുകൊടുത്തു. അതിലെ ആശയങ്ങൾ സംഘടനകൾക്കുള്ളിൽ ശക്തമായ ഭിന്നതകൾക്കു കാരണമായി. ഇതേത്തുടർന്ന് ആ പ്രഭാഷണത്തിൽ ചില മാറ്റങ്ങൾ വേണമെന്നു സംഘാടകർ ആവശ്യപ്പെടുകയുണ്ടായി. ഇതിനായി മൂന്നുമാസത്തോളം അവർക്കിടയിൽ ആശയവിനിമയം നടന്നുവെങ്കിലും ഫലമുണ്ടായില്ല. പഞ്ചാബിലെ ചടങ്ങിൽ പ്രസംഗിക്കുന്നതിൽനിന്ന് പിൻവാങ്ങിയ അംബേദ്കർ അവിടെ നടത്താനിരുന്ന പ്രസംഗം പിന്നീട് ലേഖനരൂപത്തിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു.
ഇംഗ്ലീഷ് പതിപ്പിന് 1500 കോപ്പികൾ വേഗത്തിൽ വിറ്റഴിഞ്ഞു. താമസിയാതെ അതിന്റെ മലയാളം, മറാത്തി, പഞ്ചാബി തുടങ്ങിയ ഭാഷകളിറക്കുകയും അവയ്ക്കു വ്യാപകമായ പ്രചാരം ലഭിക്കുകയും ചെയ്തു. സന്താറാം തന്നെയായിരുന്നു പഞ്ചാബിയിലേക്കുള്ള മൊഴിമാറ്റം നടത്തിയത്. ഗാന്ധി ഈ ലേഖനത്തിനു ഹരിജനിലെഴുതിയ മറുപടിയും അതിനുള്ള പ്രതികരണവും കൂടി ഉൾപ്പെടുത്തിയാണ് പ്രബന്ധത്തിന്റെ രണ്ടാം പതിപ്പിറങ്ങിയത്.
ആ പ്രഭാഷണലേഖനത്തിന്റെ തീവ്രസ്വഭാവം തന്നെയായിരുന്നു അതു സംബന്ധിച്ച് സംഘാടകർക്കുണ്ടായിരുന്ന എതിർപ്പിന് കാരണമായിത്തീർന്നത്. ജാതിയുടെ ഉന്മൂലനം എന്ന പേരിലിറങ്ങിയ ഈ പ്രബന്ധം ഹിന്ദുമതത്തോടുള്ള ധീരമായ യുദ്ധപ്രഖ്യാപനമായിരുന്നു. അതിൽ നിരത്തിയ അടിസ്ഥാന വസ്തുക്കൾ വളരെ ലളിതമായിരുന്നു. അയിത്തജാതിക്കാരുടെ പുരോഗതിയുടെ തടസ്സം ഹിന്ദുമതം തന്നെയാണ്- സോഷ്യലിസ്റ്റുകൾക്കുള്ള മറുപടിയിൽ അംബേദ്കർ എഴുതി: സമ്പത്ത് മാത്രമല്ല അധികാരത്തിന്റെ സ്രോതസ്സ്. മതവും സാമൂഹികനിലയും ചരിത്രത്തിലെ സവിശേഷഘട്ടങ്ങളിൽ അധികാരത്തെ സൃഷ്ടിച്ചിരുന്നു. ഇന്ത്യക്കിപ്പോൾ ആവശ്യം ഒരു സാമ്പത്തിക വിപ്ലവമല്ല. മതസാമൂഹിക വിപ്ലവമാണ്.
ചന്ദ്രഗുപ്ത മൗര്യ ചക്രവർത്തിയുടെ രാഷ്ട്രീയ വിപ്ലവത്തിന് തൊട്ടുമുമ്പാണ് ബുദ്ധന്റെ സാമൂഹിക വിപ്ലവം നടന്നത്. ശിവാജി നയിച്ച രാഷ്ട്രീയ വിപ്ലവത്തിനു തൊട്ടു മുമ്പാണ് മഹാരാഷ്ട്രയിലെ സന്ന്യാസിമാർ മതസാമൂഹിക വിപ്ലവം വിജയിച്ചത്. ഗുരുനാനാക്ക് നയിച്ച മതസാമൂഹ്യ വിപ്ലവത്തിന് ശേഷമാണ് സിഖ് രാഷ്ട്രീയത്തിൽ നവോത്ഥാനം സംഭവിച്ചത്. സാമൂഹിക പരിഷ്‌കരണവും വിപ്ലവവും തമ്മിലുള്ള വ്യത്യാസമെന്തെന്ന് വ്യക്തമാക്കുകയാണ് അംബേദ്കർ ചെയ്തത്. പത്തൊമ്പതാം നൂറ്റാണ്ടിൽ, എം. ജി. റാണയുടെ പ്രസിദ്ധമായ മറാത്ത ശക്തിയുടെ വളർച്ച എന്ന ലേഖനത്തിൽ സമാനമായ ആശയമാണ് അവതരിപ്പിക്കുന്നത്.
തൊട്ടുകൂടായ്മ ഹിന്ദുവേദഗ്രന്ഥങ്ങളിലെ അവിഭാജ്യഭാഗമല്ലെന്ന് ഗാന്ധി അവകാശപ്പെട്ടു. പരമ്പരാഗതമായി നമുക്ക് ലഭിച്ചിരിക്കുന്ന വേദങ്ങളിൽ എതിർക്കപ്പെടേണ്ടതായി എന്തെങ്കിലും ഉണ്ടെന്ന് തനിക്കു തോന്നിയിട്ടില്ലെന്ന് ഗാന്ധി എഴുതി.
രാംദാസിന്റെ നേതൃത്വത്തിലുള്ള പുനരുദ്ധാരണ പ്രസ്ഥാനവും തുക്കാറാം, ജ്ഞാനേശ്വർ എന്നിരുടെ നേതൃത്വത്തിൽ സംഭവിച്ച വർക്കാരി പ്രസ്ഥാനവും സൃഷ്ടിച്ച സാമൂഹിക മാറ്റങ്ങൾ മറാത്ത ദേശീയതയ്ക്ക് അടിത്തറ പാകിയെന്നാണ് റാണയുടെ വാദം. മഹാരാഷ്ട്രയുടെ സാമൂഹിക ജീവിതത്തിലും സാഹിത്യത്തിലും തുക്കാറാമിനെ പോലുള്ളവർ ശക്തമായ ജാതിവിരുദ്ധ ചിന്താഗതിക്കാണ് ശക്തി പകർന്നത്. ഇവരുടെ കൃതികൾകളിൽ അംബേദ്കർ നന്നായി വായിച്ചിരുന്നു. എന്നാൽ വർക്കാരി സന്ന്യാസിമാരുടെ പ്രവർത്തനങ്ങളും രചനകളും സാമൂഹിക പരിഷ്‌കരണ സ്വഭാവമുള്ളതിയിരിക്കുമെന്നു വാദിച്ചു. കീഴ്ജാതിക്കാരെയും ഹിന്ദുമതത്തിനു കീഴിലേക്കു കൊണ്ടുവരികയായിരുന്നു ആ പ്രസ്ഥാനങ്ങളും ലക്ഷ്യമിട്ടത്. പിന്നെന്താണു മാർഗം? ഹിന്ദുമതത്തെ തന്നെയും ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു. കാരണം, ഇന്ത്യയിലെ സാമൂഹിക തിന്മകളുടെ പ്രഭവകേന്ദ്രമായ ചാതുർവർണ്യത്തെ പിന്തുണയ്ക്കുകയാണ് ഹിന്ദുമതം ചെയ്യുന്നതെന്ന് അംബേദ്കർ ചൂണ്ടിക്കാട്ടി.
ജാതിവ്യവസ്ഥയ്ക്ക് ചാർത്തിക്കൊടുത്തിരിക്കുന്ന പാവനത്വവും ദിവ്യത്വവും നിങ്ങൾ തകർത്തെറിയണം. വേദങ്ങളുടെയും ഹിന്ദുശാസ്ത്രങ്ങളുടെയും അധീശത്വത്തെ നിങ്ങൾ നിരാകരിക്കണമെന്നാണ് ഞാൻ അർഥമാക്കിയത്.
ബുദ്ധൻ സ്വീകരിച്ച നിലപാടാണ് നിങ്ങൾക്കും ഉചിതം. ഗുരുനാനാക്കിന്റെ രീതിയാണ് സ്വീകരിക്കേണ്ടത്. ബുദ്ധനും നാനാക്കും ചെയ്തതു പോലെ ശാസ്ത്രങ്ങളെ നിരാകരിക്കുക മാത്രമല്ല അവയുടെ അധികാരത്തെ എതിർക്കുകയും വേണം. അവരുടെ മതം തന്നെയാണ് അവരുടെ പ്രശ്‌നമെന്ന് ഹിന്ദുക്കളോട് വിളിച്ചുപറയാനുള്ള ധൈര്യം നിങ്ങൾക്കുണ്ടാകണം. കാരണം, ഹിന്ദുമതമാണ് ജാതിയെ പാവനമാക്കിയത്.
ഇതു ഹിന്ദുമതത്തിന്റെ മാത്രം വിലയിരുത്തലായിരുന്നില്ല. സിഖ് മതത്തിന്റെയും ബുദ്ധിസത്തിന്റെയും കൂടി വിലയിരുത്തലായിരുന്നു. ബ്രാഹ്മണിസത്തെ മൗലികമായ തലത്തിൽ തന്നെയും നിരാകരിച്ച രണ്ടുസ്വദേശി മതങ്ങളെന്ന നിലയിലാണ് അദ്ദേഹം അവയെ വിലയിരുത്തിയത്. ഇസ്ലാമിലേയ്ക്കും ക്രിസ്തുമതത്തിലേയ്ക്കും പരിവർത്തനം ചെയ്യുന്നതിന് പകരം ഇന്ത്യയുടെ തന്നെ പാരമ്പര്യത്തിൽ നിന്ന് പരിഹാരം കണ്ടെത്തിനുള്ള ശ്രമത്തിലായിരുന്നു അംബേദ്കർ.
അംബേദ്കർക്കുള്ള മറുപടി ഹരിജനിൽ ഗാന്ധി എഴുതി. തൊട്ടുകൂടായ്മ ഹിന്ദുവേദഗ്രന്ഥങ്ങളിലെ അവിഭാജ്യഭാഗമല്ലെന്ന് ഒരു പ്രതിരോധമെന്നോണം ഗാന്ധി അവകാശപ്പെട്ടു. യുക്തിയും ആത്മീയാനുഭവവും ആണ് ദൈവവചനത്തെ വിലയിരുത്താനുള്ള മാനദണ്ഡം. ഇതിന്റെ അടിസ്ഥാനത്തിൽ പരമ്പരാഗതമായി നമുക്ക് ലഭിച്ചിരിക്കുന്ന വേദങ്ങളിൽ എതിർക്കപ്പെടേണ്ടതായി എന്തെങ്കിലും ഉണ്ടെന്ന് തനിക്കു തോന്നിയിട്ടില്ലെന്ന് ഗാന്ധി എഴുതി. പുനർവ്യഖ്യാനങ്ങളുടെ കാര്യത്തിൽ ഗാന്ധിയുടേത് തുറന്ന നിലപാടായിരുന്നുവെങ്കിലും ഹിന്ദു വേദങ്ങളെയും മനുവിന്റേത് ഉൾപ്പെടെ ശാസ്ത്രങ്ങളെയും തള്ളിപ്പറയാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. അവയിൽ ചില ഭാഗങ്ങൾ തെറ്റാണെന്നു സമ്മതിക്കാൻപോലും തയ്യാറായതുമില്ല. പകരം ജാതിയുടെ ആദർശരൂപത്തെ വാഴ്ത്തുന്ന നിലപാടാണ് ഗാന്ധി സ്വീകരിച്ചത്.
മതവുമായി ജാതിക്ക് ഒരു ബന്ധവുമില്ല. ദേശീയ പുരോഗതിക്കും മതനവോഥാനത്തിനും വിഘാതമാണ്.
വർണാശ്രമ ധർമങ്ങൾക്ക് ജാതിയുമായി ബന്ധമില്ല. പൈതൃകമായി ലഭിച്ച ശിക്ഷണമനുസരിച്ചാണ് ഒരോ വ്യക്തിയും സ്വന്തം ഉപജീവനമാർഗ്ഗം സ്വീകരിക്കേണ്ടതെന്നാണു വർണം പഠിപ്പിക്കുന്നത്. അതു നമ്മുടെ അവകാശങ്ങളെയാണു പഠിപ്പിക്കുന്നത്. ഉത്തരവാദിത്തങ്ങളെയല്ല. വളരെ താഴ്ന്നതോ ഔന്നത്യത്തിലുമുള്ളതോ ആയ തൊഴിൽ ഇല്ലെന്ന് വർണനിയമം പറയുന്നു. എല്ലാവരും നല്ലവരാണ്. നിയമമനുസരിക്കുന്നവർ.
ബ്രാഹ്മണനായാലും കർഷകനായാലും തോട്ടിപ്പണിക്കാരനായാലും കുലത്തൊഴിൽ കുറ്റമറ്റ രീതിയിൽ ചെയ്യണമെന്ന് ഉദ്‌ഘോഷിക്കുന്ന സ്വധർമചിന്തയിലുള്ള തന്റെ വിശ്വാസം വ്യക്തമാക്കുകയായിരുന്നു ഗാന്ധി.
സ്ഥാനമാനങ്ങളിലും തുല്യരാണ്. ആധ്യാത്മിക ആചാര്യനായ ബ്രാഹ്മണന്റെ പ്രവർത്തിയും ഒരു തോട്ടിയുടെ പ്രവർത്തിയും തമ്മിൽ വ്യത്യാസമൊന്നുമില്ല. ദൈവത്തിന് മുമ്പിൽ തുല്യപരിഗണനയാണ് രണ്ടിനും. ഒരു വർണത്തിന്റെ ആളുകൾ മറ്റൊരു വർണത്തിനു മീതെ ഉന്നതരെന്ന നാട്യത്തിൽ ആധിപത്യം സ്ഥാപിക്കുന്നതും പരസ്യമായ ലംഘനമാണ്. അയിത്തത്തെ ന്യായീകരിക്കുന്ന ഒന്നും തന്നെയും വർണാശ്രമത്തിൽ കണ്ടെത്തുവാനാകില്ല (ഏകദൈവമാണു പരമ സത്യമെന്ന പ്രഖ്യാപനവും മാനവകുടുംബത്തിന്റെ നിയമം അഹിംസയാണെന്നുമുള്ള ധീരമായ നിലപാടാണ് ഹിന്ദുമതത്തിന്റെ അന്തഃസത്ത).
ചാതുർവർണ്യത്തിലുള്ള വിശ്വാസം മാത്രമല്ല ഗാന്ധി ഈ വാക്യങ്ങളിൽ ആണയിട്ടത്, ബ്രാഹ്മണനായാലും കർഷകനായാലും തോട്ടിപ്പണിക്കാരനായാലും കുലത്തൊഴിൽ കുറ്റമറ്റ രീതിയിൽ ചെയ്യണമെന്ന് ഉദ്‌ഘോഷിക്കുന്ന സ്വധർമചിന്തയിലുള്ള തന്റെ വിശ്വാസം വ്യക്തമാക്കുകയായിരുന്നു ഗാന്ധി. ദലിതുകൾക്ക് ഗാന്ധിയുടെ ഈ നിലപാട് സ്വീകാര്യമായിരുന്നില്ല. അംബേദ്കർ അതു പാടെ നിരാകരിക്കുകയും ചെയ്തു.
മതപരിവർത്തനാഹ്വാനത്തിനു ശേഷം അംബേദ്കർ വ്യക്തിപരമായി അതിൽ തിടുക്കം കാട്ടിയില്ല. വിശാലമായി അവസരങ്ങൾ ദലിതർക്ക് പ്രദാനം ചെയ്യാൻ ഇസ്ലാമിനും ക്രിസ്തുമതത്തിനും കഴിയുമെന്ന് അറിഞ്ഞിരുന്നിട്ടും ആ മതങ്ങളിലേക്ക് അംബേദ്കർ കാര്യമായി ആകർഷിക്കപ്പെട്ടില്ല. എങ്കിലും മതപരിവർത്തനം ഒരു വലിയ സാമൂഹികപ്രക്രിയയാണ്. അത് അദ്ദേഹത്തിനു വ്യക്തിതലത്തിൽ ചെയ്യാവുന്നതായിരുന്നില്ല. അത് സാമുദായികാടിസ്ഥാനങ്ങൾ ജനങ്ങൾ കൂട്ടായി തീരുമാനിക്കേണ്ടതായിരുന്നു. സ്വസമുദായ മഹാറുകൾക്കിടയിലാണ് അതിന്റെ പ്രവർത്തനങ്ങൾ തുടങ്ങേണ്ടത്. അവരേയാണ് അംബേദ്കർക്കു നിർബന്ധമായും കൂടെക്കൂട്ടിയിരുന്നത്.
ബുദ്ധമതത്തിലേയ്ക്കും സിഖ് മതത്തിലേയ്ക്കുള്ള ആദ്യ കാല ചായ്വ്, അംബേദ്കറുടെ 1936-ലെ ലേഖനത്തിലും മഹാർ യുവജനസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലും വ്യക്തമായിരുന്നു. ‘നീ നിന്റെ തന്നെ വിളക്കാവുക' എന്ന ബുദ്ധവാക്യം ഈ യുവജന സമ്മേളനത്തിൽ അംബേദ്കർ ഉദ്ധരിക്കുന്നുണ്ട്. രാജഗൃഹ എന്നായിരുന്നു അംബേദ്കറുടെ വീടിന്റെ പേര്. ബുദ്ധൻ തന്റെ പ്രബോധനങ്ങളിലേറെയും നടത്തിയ മഗധയുടെ തലസ്ഥാനനഗരത്തിന്റെ പേരായിരുന്നു അത്. എന്നാൽ അംബേദ്കർ എളുപ്പം തീരുമാനമെടുക്കുന്ന വ്യക്തിയായിരുന്നില്ല. ഹിന്ദുമത ഗ്രന്ഥങ്ങലെ വിശദമായും ആഴത്തിലും പഠിച്ച ശേഷമാണ്, ജാതി ഹിന്ദുമതത്തിൽ രൂഢമൂലമാണെന്നും അതാണ് കീഴ്ജാതിക്കാരുടെ അടിച്ചമർത്തലിന് കാരണമെന്ന നിലപാടിലേക്ക് അദ്ദേഹം വന്നത്. ബുദ്ധമതത്തെയും അദ്ദേഹം ഇതുപോലെ വിശദമായ പഠനത്തിനു വിധേയമാക്കിയിരുന്നു.
1932-നു ശേഷം ഗാന്ധിയെ യഥാർഥ പരിഷ്‌കർത്താവായി പരിഗണിക്കാൻ അംബേദ്കർ തയ്യാറായില്ല. ജാതിബന്ധിതമായ ഹിന്ദുമതത്തിന്റെ സംരക്ഷകനായും ഇന്ത്യൻ ഗ്രാമങ്ങൾക്കു വിശിഷ്ടഗുണങ്ങൾ ചാർത്തിക്കൊടുക്കുന്ന കാൽപനികവാദവുമായിട്ടാണ് ഗാന്ധിയെ അംബേദ്കർ വിലയിരുത്തിയത്. മൗലികമാറ്റങ്ങൾക്ക് ശ്രമിക്കാതെ, ബാഹ്യശരീരത്തിൽ മാത്രം ചില്ലറ മാറ്റങ്ങൾ വരുത്തി പൂർവ്വസ്ഥിതി തുടരുവാനാണ് ഗാന്ധി ആഗ്രഹിച്ചത്. 1939-ൽ നടത്തിയ ഒരു പ്രഭാഷണത്തിൽ ( ഫെഡറേഷൻ വെഴ്സസ് ഫ്രീഡം) തന്റെ നിലപാട് പരുക്കൻ ഭാഷയിൽ തന്നെ അംബേദ്കർ വ്യക്തമാക്കി: ഗാന്ധിയുഗം ഇന്ത്യയുടെ ഇരുണ്ട കാലഘട്ടമാണെന്ന കാര്യത്തിൽ എനിക്കു സംശയമില്ല. മനുഷ്യൻ ആദർശങ്ങൾക്കായി ഭാവിയിലേക്ക് ഉറ്റുനോക്കുന്നതിനു പകരം പൗരാണികതയിലേയ്ക്കു തിരിച്ചുപോയ കാലമാണിത്. ▮
(ഗെയിൽ ഓംവെദ് എഴുതിയ Ambedkar: Towards an Enlightened India എന്ന പുസ്തത്തിലെ ഒരു അധ്യായമാണിത്. അജയ് പി. മങ്ങാട്ട് വിവർത്തനം ചെയ്ത് കോഴിക്കോട് അദർ ബുക്സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്)