Photo : Manila C. Mohan

ദലിതരുടേയും ബ്രാഹ്മണരുടേയും പശു

ബ്രാഹ്‌മണ്യ ഹിന്ദുത്വത്തിന്റെ പശുഭക്തിയും മാംസനിരോധനവും മാംസഭുക്കുകളെ അശുദ്ധരാക്കുന്ന അപരവിധ്വേഷത്തിലധിഷ്ഠിതമായ വർണധർമ സിദ്ധാന്തത്തിന്റെ സ്ഥാപനവൽക്കരണത്തിനാണ് ശ്രമിക്കുന്നത്

ഗോമാതാപൂജ ഹിന്ദുത്വബ്രാഹ്‌മണ്യവാദികളും തികഞ്ഞ യാഥാസ്ഥിതിക വലതുപക്ഷവും രാഷ്ട്രീയ അജണ്ടയായും ബ്രാഹ്‌മണ്യദേശരാഷ്ട്രത്തിന്റെ അടിയടരായും സാർവജനീനമായി അവതരിപ്പിക്കാൻ ശ്രമിക്കുകയാണ്. നീതിന്യായസ്ഥാപനങ്ങളിൽ നിന്നുപോലും പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്നും പശു ഓക്‌സിജൻ പുറത്തുവിടുന്നുവെന്നും മറ്റുമുള്ള അശാസ്ത്രീയവും യുക്തിരഹിതവുമായ വിധിന്യായങ്ങൾ പുറപ്പെടുവിക്കുകയാണ്. ഇതേസമയത്ത് തന്നെയാണ് പശുവിന്റെ പേരിൽ ദലിതരെയും മുസ്​ലിംകളെയും അതിക്രൂരമായ ഹിംസാവധത്തിന് വിധേയമാക്കുന്നത്. ഇന്ത്യൻഭരണഘടനയ്ക്കു മുകളിൽ പശുഭക്തി സ്ഥാപിച്ചുകൊണ്ട് ആന്തരികമായി ജനാധിപത്യത്തെയും ഭരണഘടനയെയും ദുർബലമാക്കി ത്രൈവർണിക പുരുഷാധിപത്യത്തിലധിഷ്ഠിതമായ ബ്രാഹ്‌മണ്യവ്യവസ്ഥയെ രാഷ്ട്രശരീരത്തിന്റെ ആത്മാവും മനസുമായി സ്ഥാനപ്പെടുത്താനാണ് ബ്രാഹ്‌മണ്യശക്തികൾ ശ്രമിക്കുന്നത്. പശുവിനെയും മറ്റ് നിരവധി മൃഗങ്ങളെയും ഹവിസായി ഹോമിക്കുകയും ഭക്ഷിക്കുകയും ചെയ്തിരുന്ന ചരിത്രവസ്തുതകളെ തമസ്‌ക്കരിച്ചുകൊണ്ട് പശുഭക്തി ദേശരാഷ്ട്രത്തിന്റെ ആധാരശിലയാക്കാനാണ് ബ്രാഹ്‌മണ്യവാദികൾ അതിയത്‌നം ചെയ്യുന്നത്.

ആര്യ ബ്രഹ്‌മണരുടെ യാഗയജ്ഞാദികർമ്മങ്ങളിൽ പശുമാംസം പ്രധാനപ്പെട്ട ഒരു ഹോമവസ്തുവായിരുന്നു. ഹോമാനന്തരം പുരോഹിത ബ്രാഹ്‌മണർ ഗോമാംസം ഭക്ഷിക്കുകയും ചെയ്തിരുന്നു. യാഗയജ്ഞാദിക്രിയാ മാർഗങ്ങൾ വിശദീകരിയ്ക്കുന്ന ശതപഥം ഉൾപ്പെടെയുള്ള ബ്രാഹ്‌മണങ്ങളിൽ പശുമാംസം ഹോമിക്കുന്ന ഗോമേധം എന്ന യജ്ഞത്തെ പറ്റി വിവരിക്കുന്നുണ്ട്. അതിഥിയായി ഗൃഹത്തിലെത്തുന്ന വിശിഷ്ടബ്രാഹ്‌മണർക്ക് പശുമാംസം ഉൾപ്പെടുന്ന ഭക്ഷണപദാർത്ഥങ്ങൾ നൽകിയിരിക്കുന്നതിനെ പറ്റി ധർമസൂത്രങ്ങളിലും പുരാണങ്ങളിലും നിരവധി പരാമർശങ്ങളുണ്ട്. വാല്മീകീരാമായണത്തിൽ ദശരഥൻ നടത്തിയ അശ്വമേധയാഗത്തിൽ നിരവധി മൃഗങ്ങളെ ബലി നൽകുന്നതിനെപറ്റി വിവരിക്കുന്നുണ്ട്. മാംസം വെന്ത ആവിഗന്ധം മണത്തിട്ട് ദശരഥൻ പാപമുക്തനായി ഭവിച്ചു എന്ന് (ധൂമഗന്ധം വപായാസ്തു ജിഡ്രതിസ്മ നരാധിപ:/ യഥാകാലം യഥാന്യായം നിർണുദൻ പാപമാത്മന://) വാല്മീകിരാമായണം പ്രസ്താവിക്കുന്നു. ആടിന്റെ മാംസം, പന്നിമാംസം മുതലായവ ഭരദ്വാജമഹർഷി ആശ്രമത്തിലെത്തിയ ഭരതാദികൾക്ക് നൽകിയതിനെക്കുറിച്ചും വാല്മീകിരാമായണത്തിൽ പരാമർശിക്കുന്നുണ്ട്. എന്തിനധികം പറയുന്നു രാമനും സീതയും മാംസം ആഹരിച്ചിരുന്നു എന്ന് വാല്മീകി പ്രസ്താവിക്കുന്നുമുണ്ട്. താന്ത്രികഗ്രന്ഥങ്ങളിലാവട്ടെ മാംസം ഉപയോഗിച്ചുള്ള പൂജാദി കർമങ്ങളും അനുഷ്ഠിക്കപ്പെട്ടിരുന്നു. ബ്രഹ്‌മയാമളം എന്ന തന്ത്രഗ്രന്ഥത്തിൽ ഗോമാംസം ഒരു പ്രധാന പൂജാദ്രവ്യവുമായിരുന്നു. സാധകർ ഗോമാംസം ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ബ്രഹ്‌മയാമളം പ്രത്യേകം നിർദ്ദേശിക്കുക കൂടി ചെയ്യുന്നുണ്ട്. ഇങ്ങനെ ഗോമാംസം ഉൾപ്പെടെയുള്ള വിവിധ മൃഗങ്ങളുടെ മാംസം യാഗയജ്ഞാദികളിലും താന്ത്രിക കർമങ്ങളിലും ഉപയോഗിച്ചിരുന്ന വിപുലമായ ചരിത്രപാരമ്പര്യം നിലനിന്നിടത്തു നിന്നും പശുമാംസം സൂക്ഷിച്ചതിന്റെ പേരിൽ ദലിതരും മുസ്​ലിംകളും ക്രൂരഹിംസകൾക്ക് വിധേയമായി ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിലാണെത്തിച്ചേർന്നിരിക്കുന്നത്.

ബ്രാഹ്‌മണേതര ദലിത വിഭാഗങ്ങൾ തങ്ങളുടെ ആരോഗ്യശേഷിയേയും സാമൂഹിക അതിജീവനത്തെയും സാധ്യമാക്കിയ പ്രോട്ടിന്റെ പ്രധാന ആശ്രയം കാലിസമ്പത്തും ബ്രാഹ്‌മണ്യം വിശുദ്ധമാക്കിയ മൃഗവും തന്നെയായിരുന്നു.

ബ്രാഹ്‌മണ്യത്തിന്റെ അനുഷ്ഠാനജീവിതപാരമ്പര്യങ്ങളിൽ ഗോമാംസത്തിന് സവിശേഷസ്ഥാനമുണ്ടായിരുന്നുവെന്ന് സംസ്‌കൃതസാഹിത്യഗ്രന്ഥങ്ങൾ തന്നെ സാക്ഷിയാണ്. എന്നാൽ ഒരു സവിശേഷഘട്ടത്തിൽ ശുദ്ധവെജിറ്റേറിയനിസത്തിന്റെ സംവാഹകരായിത്തീരുന്ന ബ്രാഹ്‌മണ്യവ്യവസ്ഥ ദലിതരും മുസ്​ലിംകളും മാംസം ഭക്ഷിക്കരുതെന്നും പശുവിനെ ദിവ്യമാതാവായി കാണണമെന്നും ഉദ്‌ഘോഷിക്കുന്നത് അവരുടെ അതിജീവനത്തെ തന്നെ തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്. ബ്രാഹ്‌മണേതര ദലിത വിഭാഗങ്ങൾ തങ്ങളുടെ ആരോഗ്യശേഷിയേയും സാമൂഹിക അതിജീവനത്തെയും സാധ്യമാക്കിയ പ്രോട്ടിന്റെ (മാംസ്യത്തിന്റെ) പ്രധാന ആശ്രയം കാലിസമ്പത്തും ബ്രാഹ്‌മണ്യം വിശുദ്ധമാക്കിയ മൃഗവും തന്നെയായിരുന്നു.

പശുവിറച്ചി ഉൾപ്പെടെയുള്ള കന്നുകാലി മാംസ്യത്തിലൂടെ അതിജീവനത്തെയും അതിന്റെ തോലും മറ്റുല്പന്നങ്ങളും ചെറുകിട വില്പനമാർഗ്ഗങ്ങളിലൂടെ സാമ്പത്തിക അതിജീവനത്തിനും ദലിതരെയും മുസ്​ലിംകളെയും കർഷകബഹുജനങ്ങളെയും സഹായിച്ചിരുന്നു. ത്രൈവർണിക ബ്രാഹ്‌മണവിഭാഗങ്ങളുടെ പശുഭക്തിയുടെ വക്താക്കളോ പ്രോക്താക്കളോ ആയിരുന്നില്ല ഇന്ത്യയിലെ ദലിതരും പിന്നോക്കജാതിവിഭാഗങ്ങളും. കാർഷിക ജീവിതത്തിൽ പശു ഉൾപ്പെടെയുള്ള മൃഗങ്ങൾ അധ്വാനത്തിന്റെ ഭാഗവും മനുഷ്വാധ്വാനത്തിന്റെ പങ്കുകാരുമായിരുന്നു. ദലിത ജാതിവിഭാഗങ്ങൾ ഒരിക്കലും പശുവിനെ വിശുദ്ധമൃഗമായി ആരാധിച്ചിരുന്നില്ല എന്നാണിത് കാണിക്കുന്നത്. വിശുദ്ധത കല്പിക്കുന്നതിന്റെ പേരിൽ സുലഭമായി ദലിതർക്കും മുസ്​ലിം ജനവിഭാഗങ്ങൾക്കും ലഭ്യമാവുന്ന മാംസം വിലക്കുന്നതിലൂടെ അവരുടെ ആരോഗ്യ- അതിജീവനം തന്നെ തകർക്കുവാനാണ് ഹിന്ദുത്വബ്രാഹ്‌മണ്യം ലക്ഷ്യമിടുന്നത്. കൂടാതെ ബ്രാഹ്‌മണ്യം വിശുദ്ധപദവി കല്പിക്കുന്ന പശു, ബ്രാഹ്‌മണന്റെ പശുവാണെന്നും തിരിച്ചറിയേണ്ടതുണ്ട്. ചണ്ഡാലന്റെയോ ദലിതന്റെയോ പശുവിന് ചണ്ഡാലപദവിയും ദലിതപദവിയും മാത്രമാണ് ബ്രാഹ്‌മണ്യം കല്പിച്ചിരുന്നത്. ബ്രാഹ്‌മണനും പശുവിനും സുഖമായാൽ ലോകം മുഴുവൻ സുഖമായിരിക്കുമെന്ന് പറയുമ്പോൾ ബ്രാഹ്‌മണരും ബ്രാഹ്‌മണരുടെ പശുവും മാത്രമാണ് കേന്ദ്രസ്ഥാനത്തുള്ളതെന്നും അറിയേണ്ടതുണ്ട്.

ദലിതരും മുസ്​ലിംകളും അപരരാക്കപ്പെടുന്ന ദേശീയമായ രാഷ്ട്രസങ്കല്പത്തെ സ്ഥാപനവൽക്കരിക്കുന്ന ബ്രാഹ്‌മണ്യ യുക്തിയാണ് പശുഭക്തിക്ക് പിന്നിലുള്ളത്.

പശുഭക്തിയെ ദേശരാഷ്ട്രത്തിന്റെ ആത്മശരീരമായി പ്രതിഷ്ഠിക്കുന്നതിലൂടെ ദലിതരെയും മുസ്​ലിംകളെയും സമ്പൂർണമായി അപരവല്ക്കരിക്കുന്ന ദേശീയതാവ്യാഖ്യാനങ്ങൾക്ക് സ്വഭാവികസാധൂകരണം നൽകാനാണ് ഹിന്ദുത്വശക്തികൾ ശ്രമിക്കുന്നത്. പശുവിനെ ആരാധിക്കുന്നവർ ദേശഭക്തരും മാംസം ഭക്ഷിക്കുന്നവർ ദേശവിരുദ്ധരുമാകുന്ന പ്രതിഭാസമാണിത്. ദലിതരും മുസ്​ലിംകളും അപരരാക്കപ്പെടുന്ന ദേശീയമായ രാഷ്ട്രസങ്കല്പത്തെ സ്ഥാപനവൽക്കരിക്കുന്ന ബ്രാഹ്‌മണ്യ യുക്തിയാണ് പശുഭക്തിക്ക് പിന്നിലുള്ളത്. ആത്യന്തികമായി പശുഭക്തിയിലൂടെ ബ്രാഹ്‌മണ്യത്തിന്റെ അധീശസാംസ്‌കാരികബോധത്തെ രാജ്യത്തിന്റെ അഖണ്ഡഭാവനയായി സ്ഥാനപ്പെടുത്തുകയാണ് ലക്ഷ്യം. ഇങ്ങനെ പശുഭക്തിയിലാധാരമായ ദേശരാഷ്ട്രത്തെ ഭാവനപ്പെടുത്തി ഹിന്ദുത്വം അതിന്റെ ഹിംസാത്മക അപരവൽക്കരണം സാധൂകരിക്കുകയാണ്. ഈ സാധൂകരണയുക്തിയാണ് രാജ്യത്തെ പ്രധാനപ്പെട്ട അക്കാദമിക സ്ഥാപനങ്ങളിൽ നിന്നും മാംസഭക്ഷണം പുറത്താക്കുന്നതിന് നിദാനമായിരിക്കുന്നത്. മാംസഭക്ഷണം ഇങ്ങനെ വെറുപ്പിന്റെ രാഷ്ട്രീയത്തിന് ഇന്ധനം പകരുന്നു. മാംസം ഭക്ഷിക്കുന്നവർ അക്കാദമികളിൽ യോഗ്യരല്ലെന്ന് സ്ഥാപിക്കാൻ പശുവിന്റെ വിശുദ്ധ പദവി ഉപയോഗിക്കപ്പെടുന്നു.

പശുഭക്തിയിൽ നിലീനമായ ബ്രാഹ്‌മണ്യം ശ്രേഷ്ഠമായി അവതരിപ്പിക്കപ്പെടുകയും ബ്രാഹ്‌മണ്യത്തിന്റെ വിമർശനപാഠങ്ങളെ തമസ്‌ക്കരിക്കുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട സർവകലാശാലയിൽനിന്നും മഹാശ്വേദാദേവിയുടേയും പാമയുടേയും മറ്റ് ദലിതെഴുത്തുകളും തമസ്‌ക്കരിക്കപ്പെടുന്നതിന് അടിസ്ഥാനകാരണം. പശുരാഷ്ട്രീയത്തെ വിമർശിക്കുന്നവരെ അദൃശരാക്കി അക്കാദമികപാഠമായി ബ്രാഹ്‌മണ്യത്തെ സ്ഥാപനവൽക്കരിക്കുന്ന യുക്തിയാണ് ഇവിടെ പ്രവർത്തിച്ചുവരുന്നത്. പശുവിനെ ദേശീയമൃഗമാക്കി പ്രഖ്യാപിക്കുന്നവർ അധികം വൈകാതെ ബ്രാഹ്‌മണപുരുഷനാണ് ഇന്ത്യൻ പൗരത്വത്തിന്റെ നായകബിംബം എന്ന പ്രഖ്യാപിക്കാനുമിടയുണ്ട്. പശുഭക്തിയിലൂടെ ബ്രാഹ്‌മണ്യവ്യവസ്ഥയാണ് യഥാർത്ഥത്തിൽ സ്ഥാപിക്കപ്പെടുന്നത്. പശുവിനെ ആരാധിക്കുന്നവർ ദേശവിരുദ്ധരാകുന്ന രാഷ്ട്രീയയുക്തിയാണ് വാരിയൻകുന്നത്ത് കുഞ്ഞുമുഹമ്മദ് ഹാജിയും ആലി മുസ്​ലിയാരും ഉൾപ്പെടെയുള്ള 381 സ്വാതന്ത്രസമനരസേനാനികളെയും; ഇന്ത്യയെന്ന ആധുനികദേശരാഷ്ട്രത്തെ ശാസ്ത്രബോധത്തിലും മതേതരത്വത്തിലും അധിഷ്ഠിതമാക്കി ഭാവന ചെയ്ത് പ്രയോഗവൽക്കരിച്ച നെഹ്‌റുവിനെയും പുറന്തുള്ളുന്നതിന്റെ സാംസ്‌കാരികയുക്തി.

ഗോമാംസം ഭക്ഷിച്ചിരുന്ന ബ്രാഹ്‌മണ്യത്തിന്റെ പാരമ്പര്യത്തെ തമസ്‌ക്കരിച്ചുകൊണ്ട് ഏകശിലാത്കമായ ഭാവനാസമൂഹത്തെ സൃഷ്ടിച്ചെടുക്കുകയാണ് നവബ്രാഹ്‌മണ്യം.

ബ്രാഹ്‌മണ്യ ഹിന്ദുത്വത്തിന്റെ പശുഭക്തിയും മാംസനിരോധനവും മാംസഭുക്കുകളെ അശുദ്ധരാക്കുന്ന അപരവിധ്വേഷത്തിലധിഷ്ഠിതമായ വർണധർമ സിദ്ധാന്തത്തിന്റെ സ്ഥാപനവൽക്കരണത്തിനാണ് ശ്രമിക്കുന്നത്. ഗോമാംസം ഭക്ഷിച്ചിരുന്ന ബ്രാഹ്‌മണ്യത്തിന്റെ പാരമ്പര്യത്തെ തമസ്‌ക്കരിച്ചുകൊണ്ട് ഏകശിലാത്കമായ ഭാവനാസമൂഹത്തെ സൃഷ്ടിച്ചെടുക്കുകയാണ് നവബ്രാഹ്‌മണ്യം. ചരിത്രത്തിലില്ലാത്തത് ചരിത്രത്തിലുള്ളതായി ആരോപിക്കുന്നതിലൂടെ വിശുദ്ധപശു അപരഹിംസയുടെ ആയുധമായിത്തീരുന്നു. ചരിത്രത്തിലെ ഒരുഘട്ടത്തിൽ ബ്രാഹ്‌മണർ, യജ്ഞയാഗങ്ങളിൽ സുലഭമായി ഉപയോഗിച്ചിരുന്ന പശു ഇന്ന് ഹിന്ദുത്വ രാഷ്ട്രീയത്തിന് വിഭജനസിദ്ധാന്തങ്ങൾ ആവിഷ്‌ക്കരിക്കുന്നതിനുള്ള ‘വിശുദ്ധ മൃഗ'മായിത്തീർന്നിരിക്കുന്നു. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ. ടി. എസ്. ശ്യാംകുമാർ

എഴുത്തുകാരൻ, പ്രഭാഷകൻ, സാംസ്​കാരിക വിമർശകൻ. തന്ത്രപ്രായശ്ചിത്തം: കേരള സമൂഹവും ചരിത്രവും, ശബരിമല: ഹിന്ദുത്വ തന്ത്രങ്ങളും യാഥാർഥ്യവും, ആരുടെ രാമൻ? എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments