പ്രതിഷേധം കെടും, ലൈംഗികാക്രമണം തുടരും; ഇത് സവർണ ‘ആത്മനിർഭർ' ലോകമാണ്​

ഉത്തർപ്രദേശിലെ ബൂൽഗഢിൽ ലൈംഗികാക്രമണത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബം ചോദിക്കുന്നത്, ബ്രാഹ്മണരോ ഠാക്കൂറോ ആയിരുന്നു എങ്കിൽ ഞങ്ങളുടെ കുട്ടി കൊല്ലപ്പെടുമായിരുന്നോ എന്നാണ്. ഇത് ഇന്ത്യൻ പൊതുസമൂഹത്തോടുള്ള ചോദ്യമാണ്. ഈ രാജ്യം ഇതിന് മറുപടി പറയണം. എത്ര ബ്രാഹ്മൺ, ഠാക്കൂർ സ്ത്രീകൾ യു.പിയിൽ, അല്ലെങ്കിൽ ഏതെങ്കിലും ഉത്തരേന്ത്യൻ ഗ്രാമത്തിൽ ലൈംഗികാക്രമണത്തിന് ഇരയാവുന്നുണ്ട്? ഈ കണക്ക് നോക്കിയാലറിയാം ഇന്ത്യൻ ഗ്രാമങ്ങളിലെ, പൊതു ഇടങ്ങളിലെ, സാമൂഹിക വിവേചനം എത്രയുണ്ടെന്ന്. ഇതിന്റെ അനുപാതങ്ങൾ തമ്മിലുള്ള വ്യത്യാസമാണ് സങ്കൽപത്തിനപ്പുറമുള്ള ‘റിയൽ ഇന്ത്യ’- യു.പിയിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ദളിത് വിരുദ്ധ അക്രമങ്ങളുടെ ഞെട്ടിപ്പിക്കുന്ന യാഥാർഥ്യവും അതിനുപുറകിലെ രാഷ്ട്രീയവും വെളിപ്പെടുത്തുകയാണ് യു.പിയിൽ മാധ്യമപ്രവർത്തകനായിരുന്ന ലേഖകൻ

19 വയസ്സുള്ള ദളിത് പെൺകുട്ടി അതിക്രൂരമായ ലൈംഗികാക്രമണത്തിനിരയായി കൊല്ലപ്പെടുകയും പൊലീസ് മൃതദേഹം കത്തിച്ചുകളയുകയും ചെയ്ത സംഭവം നടന്ന ഉത്തർപ്രദേശിലെ ഹത്രാസിൽ നേരത്തെയും ദളിതർക്കുനേരെ ഒരുപാട് അതിക്രമം നടന്നിട്ടുണ്ട്. കൗതുകരവും ഒപ്പം ഖേദകരവുമായ കാര്യം; ഇത് ദളിത് ഭൂരിപക്ഷ മേഖലയാണ് എന്നതാണ്. 24 ശതമാനത്തോളം ദളിത് വോട്ടർമാരുള്ള ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണ് ബൂൽഗഢി. അത്രയും ദളിത് വോട്ടുള്ള മേഖലയിൽ തന്നെയാണ് ഠാക്കൂർ- ബ്രാഹ്മണ വിഭാഗങ്ങളുടെ ദളിതർക്കെതിരായ നിരന്തര അതിക്രമമുണ്ടാകുന്നതും.

ഹത്രാസിൽ നിന്നുള്ള പാർലമെന്റ് അംഗമായ രാജ്​വീർ ദിലറിന്റെ സമുദായമായ വാൽമീകി വിഭാഗത്തിൽ പെട്ടതാണ് കൊല്ലപ്പെട്ട പെൺകുട്ടിയും. ബി.ജെ.പി. നേതാവായ രാജ്​വീർ ദിലറിനെ ഇതിനുമുമ്പ് അറിയുന്നത് 2017 ലാണ്.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയം. ക്യാമ്പയിന് പോകുന്ന സമയത്ത് അദ്ദേഹം ചായ കുടിക്കാനുള്ള സ്റ്റീൽ ഗ്ലാസ് സ്വയം കയ്യിൽ കരുതും. അതിന് അദ്ദേഹം പറയുന്ന ന്യായം ഇതാണ്: ഉയർന്ന ജാതിക്കാർക്ക് തനിക്ക് ചായ തരണമെന്നു തോന്നിയാൽ അവരുടെ ഗ്ലാസിൽ തരാൻ ബുദ്ധിമുട്ടുണ്ടാകും. അത് ഒഴിവാക്കാം.

‘ഞാനൊരു താഴ്ന്ന ജാതിക്കാരനാണ്. ക്ലീനിങ് പണി ചെയ്യുന്നവരാണ് ഞങ്ങളുടെ സമുദായക്കാർ. അതുകൊണ്ട് മേൽജാതിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല, അവരുടെ ജാത്യാഭിമാനത്തിന് കോട്ടമുണ്ടാക്കാൻ ഞാനുദ്ദേശിക്കുന്നില്ല'. അങ്ങേയറ്റം വിധേയത്വത്തോടെ പ്രചാരണം നടത്തി അന്ന് രാജ്​വീർ, 2017ലും എം.എൽ.എയായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എം.പിയും.
ഭൂരിപക്ഷ സമുദായത്തോട് അടിമ മനോഭാവത്തോടെ പെരുമാറുന്നയാളെ ജയിപ്പിക്കാനുള്ള താൽപര്യം അവർക്കും കാണുമല്ലോ.

തെരഞ്ഞെടുപ്പു സമയത്ത് വോട്ടർമാരെ കാണുമ്പോൾ എല്ലാവരും തൊഴുന്നത് പതിവാണ്. പക്ഷേ, രാജ്​വീർ ദിലർ, ജാട്ട്-ക്ഷത്രിയ-ബ്രാഹ്മണ നേതാക്കളെ കണ്ടാലുടൻ കാൽക്കൽ വീണ് നമസ്‌കരിക്കും. എന്നിട്ടു പറയും, ‘ഞാനെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എന്നോട് പൊറുക്കണം, എനിക്ക് വോട്ടുചെയ്യണം' എന്ന്. എന്തിനാണ് നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുന്നത്, ഇത്രയും ദളിത് ജനസംഖ്യയുളള മണ്ഡലത്തിൽ നിങ്ങൾക്ക് ഇത്തരം ചങ്ങലകൾ പൊട്ടിക്കാൻ കഴിയേണ്ടതല്ലേ എന്നു ചോദിച്ചപ്പോൾ അദ്ദേഹം അന്നു പറഞ്ഞത്, ഇതൊക്കെ ഒരു പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമാണ്, ഞാനീ പാരമ്പര്യം തകർക്കാനുദ്ദേശിക്കുന്നില്ല എന്നാണ്.

ഇത് അക്കാലത്ത് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. അടിമമനോഭാവം അബോധത്തിൽ തന്നെയുള്ളവരാണ് ജനതയെ നയിക്കുന്നത് എങ്കിൽ ഇങ്ങനെയുള്ള എം.പിയുള്ള ഒരു സ്ഥലത്ത് എന്ത് നീതിയാണ് ദളിതർക്ക് കിട്ടുകയെന്നുള്ളതു കൂടി ആലോചിക്കേണ്ടതുണ്ട്. അത്തരമൊരു സാമൂഹ്യ പിന്നാക്കാവസ്ഥ കൂടി സ്ഥിതിഗതി ഗുരുതരമാക്കുന്നുണ്ട്.

ലൈംഗികാക്രമണം അവകാശമാക്കിയ ബ്രാഹ്മണ്യം

തങ്ങൾക്കെത്ര ശക്തിയുണ്ടെന്നോ എത്ര ശതമാനം വോട്ടുണ്ടെന്നോ ദളിതരും തിരിച്ചറിഞ്ഞിട്ടില്ല. ബി.എസ്.പിക്കാരുണ്ടായിരുന്ന ഈ മേഖലയിലിപ്പോൾ ഭീം ആർമിയൊക്കെ ശക്തിപ്പെട്ടുവരുന്നുണ്ട്. ഏതെങ്കിലും ഒരു ജാതിവിഭാഗം പ്രത്യേക മേഖലയിൽ കൂടുതലായി താമസിക്കുകയെന്നത് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ പതിവാണ്.

ഹത്രാസിലൊക്കെ സംഭവിക്കുന്നത് എന്താണെന്നുവെച്ചാൽ, ഠാക്കൂറുകളുടെ മേഖലയിൽ കുറച്ച് ദളിത് കുടുംബങ്ങൾ ഉണ്ടെങ്കിൽ അവർ അവിടെ താമസിക്കും, അവിടുത്തെ പണിക്കാരായിരിക്കും. അവർ മലംകോരാനും മറ്റ് ക്ലീനിങ് ജോലികൾക്കും, പാടത്തെ പണിക്കും ഒക്കെ വരും. അവരെ മൃഗങ്ങളെ ഉപയോഗിക്കുന്നതുപോലെ തല്ലിയും കൊന്നും ബലാത്സംഗം ചെയ്തും ഉപയോഗിക്കാം എന്ന് ഉയർന്ന ജാതി വിഭാഗങ്ങൾ കരുതും, അത് തങ്ങളുടെ അവകാശമായിട്ടാണ് അവർ കാണുന്നത്.

ദളിത് പെൺകുട്ടി ലൈംഗികാക്രമണത്തിനിരയായ സംഭവത്തിൽ പ്രതിഷേധം പുറത്തുവരുന്നത്, പ്രദേശത്തെ ഭീം ആർമി പ്രവർത്തകരെപ്പോലുള്ളവർ അറിഞ്ഞശേഷമാണ്. മറ്റ് മാധ്യമങ്ങളും ശ്രദ്ധിക്കുന്നത് അപ്പോഴാണ്. സാധാരണമട്ടിൽ, ഇത്തരം അതിക്രമങ്ങൾ മാധ്യമങ്ങളുടെ ശ്രദ്ധയിൽ വരാറില്ല, കാരണം, ഇത്തരം വാർത്തകൾ കൊടുക്കുകയാണെങ്കിൽ അതിനേ നേരമുണ്ടാവൂ എന്നാണ് മുഖ്യധാരാ മാധ്യമങ്ങൾ കരുതുന്നത്. അത്രയ്ക്കധികം ആക്രമണങ്ങൾ നടക്കുന്നുണ്ട്. മറ്റൊന്ന്, ഇത്തരം അതിക്രമങ്ങൾക്കെതിരെ കുറെക്കൂടി സംഘടിക്കേണ്ടതുണ്ട് എന്ന ദളിതരുടെ മനോഭാവം ഇല്ലാതാക്കാൻ പല പാർട്ടികൾക്കും കഴിയുന്നുമുണ്ട്.

ഉദാഹരണത്തിന് ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞതും, യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായിരുന്ന സമയത്ത് സ്ഥിരമായി പറയുന്നതുമായ ഒരു കാര്യം ജാതീയത ഇല്ലാതാക്കുമെന്നാണ്. ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്ക് നോക്കിയാൽ പോലും 2017 നുശേഷം ദളിതർക്കെതിരായ അതിക്രമം 20%ത്തിന് മുകളിൽ വർധിക്കുകയാണുണ്ടായത്. ദളിത് സ്ത്രീകൾക്കെതിരായ ലൈംഗികാക്രമണങ്ങളും വർധിച്ചു.

കാല് മേൽജാതിക്കാരന്റെ മേൽ തട്ടിയാൽ ദളിത് വിദ്യാർഥിയെ തല്ലിക്കൊല്ലും

മുടിവെട്ടിന്റെ പേരിൽ ജാതിപ്രശ്‌നമുണ്ടായ സ്ഥലമാണ് ഹാത്രസ്, ഇപ്പോൾ നടന്നതുപോലുള്ള ക്രൂരതകൾ മുമ്പും നടന്ന സ്ഥലമാണിത്. ‘വാൽമീകി സമുദായത്തെ ഞങ്ങൾ സാധാരണ ഉപഭോക്താവായി കാണാൻ തയ്യാറാണ്' എന്ന് അവിടുത്തെ ജാട്ടുകളുടെ ഗ്രാമപ്രധാൻ പറയുന്നതുപോലും 2017ലാണ്. പ്രതാപ് ഘഢിലെ ലാൽഗഢിൽ മിതാലി ലാൽ എന്ന 19കാരിയായ ദളിത് പെൺകുട്ടിയെ തീകൊളുത്തി കൊന്നിട്ടുണ്ട്. ഉന്നാവിൽ ബാരാബസാറിൽ ദളിത് പെൺകുട്ടിയെ ജീവനോടെ കത്തിച്ചിട്ടുണ്ട്. ഹത്രാസിൽ ഖണ്ഡാരി ഘട്ട് എന്ന സ്ഥത്ത് അമിത് കുമാർ ഗൗതം എന്ന ദളിതനെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നിട്ടുണ്ട്.

പണിക്ക് വിളിച്ചപ്പോൾ വന്നില്ലെന്ന പ്രശ്‌നത്തിന്റെ പേരിലോ, കൃഷിയിടത്തിൽ മൂത്രമൊഴിച്ചതിനോ ഒക്കെയാകും ആളുകളെ തല്ലിക്കൊല്ലുന്നത്. സ്ത്രീകളെയാണെങ്കിൽ ബലാത്സംഗത്തിനുശേഷം കൊന്നു കെട്ടിത്തൂക്കും. മീററ്റിനടുത്ത്​ ബാഗ്പതിൽ മേൽജാതിക്കാരിയെ പ്രേമിച്ചതിന് ആകാശ് ഘോണ്ട് എന്ന 19കാരനായ ദളിത് യുവാവിനെ തല്ലിക്കൊന്നിരുന്നു. തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത് വെടിവെച്ചതിനുശേഷം കെട്ടിത്തൂക്കിയ സംഭവം മീററ്റിലെ ജാനി എന്ന ഗ്രാമത്തിൽ നടന്നിട്ടുണ്ട്.

അലഹബാദിൽ കേണൽ ഗഞ്ച് എന്ന സ്ഥലത്ത് മുമ്പൊരിക്കൽ, ഒരു ദളിത് നിയമ വിദ്യാർഥിയുടെ കാൽ ഉന്നത ജാതിക്കാരന്റെ മേൽ തട്ടിയെന്നു പറഞ്ഞ് വിദ്യാർഥിയെ തല്ലിക്കൊന്നു. റസ്റ്റോറന്റിലേക്ക് കയറുമ്പോൾ സൈഡിലിരുന്നയാളുടെ മേൽ അവന്റെ കാൽ തട്ടിപ്പോയി എന്നു പറഞ്ഞായിരുന്നു ആക്രമണം, അപ്പോൾ തന്നെ അവിടെ നിന്ന് വലിച്ചിറക്കി അടിച്ചുകൊന്നു. ഇതേ മേഖലയിൽ കൃഷിയിടത്തിൽ രാത്രി വിളവിന് കൂട്ട് കിടക്കുന്ന പണിക്കാരന്റെ രണ്ട് പെൺകുട്ടികളെ രാത്രി വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കിയത് രണ്ടുവർഷം മുമ്പാണ്. പ്രതികൾ എല്ലായ്‌പ്പോഴും മേൽജാതിക്കാരാവും. പൊലീസ് സ്റ്റേഷനിലെത്തിയാൽ കേസ് കീഴ്‌മേൽ മറിയും. ഇത്തരം അക്രമങ്ങൾ നിരന്തരം നടക്കുന്ന സ്ഥലമാണിതെല്ലാം.

ലൈംഗികാക്രമണം എന്തുകൊണ്ട് വാർത്തയായി?

ബോളിവുഡ് താരങ്ങൾ മരുന്നടിച്ചോ ഇല്ലയോ, മദ്യപിക്കുമോ ഇല്ലയോ എന്നീ വാർത്തകളുടെ ബഹളത്തിനിടെ ഒരു ദിവസം ഗ്യാപ്പ് കിട്ടിയതുകൊണ്ട് പുറത്തുവന്നതാണ് ഹത്രാസിലെ ദാരുണ വാർത്ത. അല്ലെങ്കിൽ ഇത് പത്രങ്ങളുടെ ഒന്നാംപേജിൽ വരില്ല, അകത്ത് ഒന്നോ രണ്ടോ കോളത്തിൽ ഒതുങ്ങിയേനേ. കൂടിയാൽ, ലോക്കൽ പേജിൽ മൂന്നുകോളം. ഇതൊക്കെ വലിയ വാർത്തയാണോയെന്ന് സംശയിക്കുന്നവർ മാധ്യമങ്ങളിലുമുണ്ടല്ലോ.

ഇതേ സ്ഥലത്തുതന്നെ മുമ്പ് ദളിത് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്നിട്ടുണ്ട്. പി.ടി.ഐയിലൊക്കെ ന്യൂസ് ഫീഡ് സെർച്ചു ചെയ്താൽ നമുക്കറിയാം, ഇത്തരം ഒരുപാട് സംഭവങ്ങൾ ആ മേഖലയിൽ തുടരുന്നു.

ബൂൽഗഢിൽ കഴിഞ്ഞദിവസം കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബം ചോദിക്കുന്നത് ദളിതർക്ക് പകരം ബ്രാഹ്മണരോ ഠാക്കൂറോ ആയിരുന്നു എങ്കിൽ ഞങ്ങളുടെ കുട്ടി കൊല്ലപ്പെടുമായിരുന്നോ എന്നാണ്. ഇത് ഇന്ത്യൻ പൊതുസമൂഹത്തോടുള്ള ചോദ്യമാണ്. ഈ രാജ്യം ഇതിന് മറുപടി പറയണം. എത്ര ബ്രാഹ്മൺ, ഠാക്കൂർ സ്ത്രീകൾ യു.പിയിൽ, അല്ലെങ്കിൽ ഏതെങ്കിലും ഉത്തരേന്ത്യൻ ഗ്രാമത്തിൽ ലൈംഗികാതിക്രമത്തിന് ഇരയാവുന്നുണ്ട് എന്ന കണക്ക് നോക്കിയാലറിയാം ഇന്ത്യൻ ഗ്രാമങ്ങളിലെ, പൊതു ഇടങ്ങളിലെ, സാമൂഹിക വിവേചനം എത്രയുണ്ടെന്ന്. ഇതിന്റെ അനുപാതങ്ങൾ തമ്മിലുള്ള വ്യത്യാസമാണ് സങ്കൽപത്തിനപ്പുറമുള്ള ‘റിയൽ ഇന്ത്യ’.

ദളിതർ ആരോട് പരാതി പറയും?

ദളിതർക്കെതിരായ അതിക്രമങ്ങൾക്ക് രാഷ്ട്രീയ മറുപടികളുമുണ്ടാകുന്നില്ല, ഇതും പ്രശ്‌നം രൂക്ഷമാക്കുന്നു. ഉപരിപ്ലവമായ ഇടപെടലുകളാണ് ദളിത് വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്കുള്ളത്. മായാവതിയുടെ സമയത്ത് മഹാമായാ നഗർ എന്ന് ജില്ലയുടെ പേര് മാറ്റി. പ്രമുഖ ദളിത് ചിന്തകരുടെയും നേതാക്കളുടെയുമൊക്കെ പേര് മായാവതി ജില്ലകൾക്ക് നൽകിയ സമയമായിരുന്നു അത്. ജ്യോതിബാഫൂലെ, കാൻഷിറാം നഗർ, അംബേദ്കർ നഗർ എന്നൊക്കെ പേരുമാറ്റിയിരുന്നു. അഖിലേഷ് യാദവ് വന്നപ്പോൾ തിരിച്ച് പഴയ പേര് തന്നെയാക്കി.

ഇത്തരം നടപടികളല്ലാതെ, ദളിതരുടെ ശാക്തീകരണത്തിനോ അവർക്ക് വിദ്യാഭ്യാസം നൽകാനുള്ളതോ ആയ ഒരു പരിപാടിയും ഈ മേഖലകളിലൊന്നും നടക്കുന്നില്ല. ഹാത്രസ് ഒരു പട്ടികജാതി സംവരണ ലോക്‌സഭാ മണ്ഡലം കൂടിയാണല്ലോ. അലിഗഢിന്റെയും മധുരയുടെയും ഭാഗങ്ങൾ കൂടിച്ചേർന്നുണ്ടായ ജില്ല. ഠാക്കൂറുകളും ജാട്ടുകളും ഇവിടെ ശക്തരാണ്. മുമ്പ് കോൺഗ്രസിനും ആർ.എൽ.ഡിക്കും സ്വാധീനമുണ്ടായിരുന്നു. 2009ൽ ജാട്ടു പാർട്ടി ജയിച്ചു. അതിനിടെ ബി.ജെ.പി പിന്നെയും ശക്തിപ്പെട്ടു. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷവും മുമ്പും ബി.ജെ.പിയുടെ കയ്യിലാണ് ഈ മേഖല.

ഹത്രാസിലെ ദളിത് പെൺകുട്ടിയുടെ കൊലയിലും നേരത്തെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് രാവണിനെ അറസ്റ്റുചെയ്ത സമയത്തും അവിടെ തന്നെ ഭീം ആർമിയിലെ പ്രവർത്തകനായ സച്ചിൻ കൊല്ലപ്പെട്ട സമയത്തും ദളിത് ആക്ടിവിസ്റ്റുകൾ പറഞ്ഞ കാര്യം ഇതാണ്: ബി.എസ്.പി ഒഴികെയുള്ളവർ അധികാരത്തിലെത്തുന്ന സമയത്ത് ഞങ്ങൾക്ക് പൊലീസ് സ്റ്റേഷനുകളിൽ നിന്ന് നീതി ലഭിക്കുന്നില്ല.

അതായത്, എസ്.പി ഭരിക്കുകയാണെങ്കിൽ മുലായത്തിന്റെയോ അഖിലേഷിന്റെയോ കാലത്ത്, മിക്കവാറും പൊലീസ് മേധാവികളും മിക്ക സ്റ്റേഷനുകളും ഭരിക്കുന്നവരും യാദവരോ ഒ.ബി.സിക്കാരോ അതുപോലുള്ളവരോ ആയിരിക്കും, അപ്പോൾ, അവർക്ക് സ്വാഭാവികമായും മേൽക്കൈയുണ്ടാകും. അവിടെ ദളിതർക്ക് സ്ഥാനമോ, സ്വാധീനമോ ഇല്ല. ബ്രാഹ്മണ-ക്ഷത്രിയ വിഭാഗങ്ങളുടെ ജാതീയത ബി.ജെ.പി വരുന്നതോടെ ശക്തിപ്പെടും.

പൊലീസിൽനിന്നുമാത്രമല്ല, പൊതുഇടത്തിലും യാതൊരു നീതിയും ദളിതർക്ക് ലഭിക്കാറില്ല. ബി.ജെ.പി വന്നാൽ പിന്നെ യാതൊന്നും നോക്കാനില്ല എന്നാണ് ദളിത് ആക്ടിവിസ്റ്റുകളുടെ അനുഭവം. കുറച്ചുവർഷം മുമ്പ് കമാൽ വാൽമീകിയെന്ന 25കാരൻ കസ്റ്റഡിമരണത്തിനിരയായപ്പോൾ ദളിത് സംഘടനകൾ കാൺപൂരിൽ റോഡുപരോധിച്ച് വൻ പ്രക്ഷോഭം നടത്തി. കസ്റ്റഡി മരണത്തിനുശേഷം, കമാലിനൊപ്പം കസ്റ്റഡിയിലെടുത്ത സഹോദരൻ നിർമലിനെ പുറത്തുവിട്ടപ്പോഴാണ്, പൊലീസ് നടത്തിയ ക്രൂരപീഡനം പുറത്തറിഞ്ഞത്. മരിച്ചിട്ടും കമാലിനെ പൊലീസ് ഫുട്‌ബോൾ തട്ടുമ്പോലെ തട്ടിയെന്നാണ് സഹോദരൻ പൊലീസിൽ നൽകിയ പരാതിയിലും പിന്നീട് മാധ്യമങ്ങൾക്കു മുമ്പിലും പറഞ്ഞത്.

ഷാജഹാൻപൂരിൽ ഒരു കുടുംബത്തിലെ രണ്ടുപേർ ഇതുപോലെ കൊല്ലപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ മനുഷ്യാവകാശ കമീഷൻ നോട്ടീസ് കൊടുക്കും, പൊലീസ് മറുപടി നൽകും... ഇതാണ് സാധാരണ സംഭവിക്കാറ്. ബി.എസ്.പി ഭരിക്കുന്ന സമയത്ത് മാത്രമാണ് ഇതിൽനിന്ന് അൽപമെങ്കിലും ഭേദമുണ്ടാകുന്നത് എന്നാണ് ജനം പറയുന്നത്.

പൊലീസ് ഉദ്യോഗസ്ഥരുടെ മനോഭാവത്തിൽ ശക്തമായ ജാതിയുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മിക്കവാറും മേൽജാതിക്കാരായിരിക്കും. പിന്നെ ദളിതർ ആരോടാണ് പരാതി പറയുക? ജാതി നോക്കാതെ നീതി നിർവഹിക്കുന്ന ചില നല്ല പൊലീസ് ഓഫീസർമാർ ഉണ്ടാവാം. പക്ഷേ, അങ്ങനെയല്ലാത്ത ആളുകളും ധാരാളം. ജാതി നോക്കുന്ന, കീഴാള വിഭാഗമായി ദളിതരെ കണക്കാക്കുന്ന, ദളിതൻ അടിച്ചമർത്തപ്പെടേണ്ടവനാണ് എന്ന് ഉള്ളിൽ കരുതുന്ന, സവർണ മനോഭാവമുള്ള ഉദ്യോഗസ്ഥനാണ് സീറ്റിലെങ്കിൽ പിന്നെ അവിടെനിന്ന് നീതി ലഭിക്കുന്ന പ്രശ്‌നമേയില്ല.

ഒരു ഉദാഹരണം പറയാം. പട്ടികജാതി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്ന ബില്ലിന്റെ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടായ സമയത്ത് യു.പിയിൽ ബന്ദ് നടന്നിരുന്നു. മഥുര, വൃന്ദാവൻ, വാരണാസി, ലഖ്‌നൗ മേഖലകളിൽ വൻ പ്രതിഷേധങ്ങളുണ്ടായി. ഹൈവേകൾ സ്തംഭിപ്പിച്ചു. ‘മേൽജാതിക്കാരാണ് എന്നെ എം.എൽ.എയാക്കിയത്, അല്ലാതെ പട്ടികജാതിക്കാരും മുസ്ലിംകളുമല്ല' എന്ന് ബി.ജെ.പിയുടെ ജാട്ട് വിഭാഗത്തിൽ നിന്നുള്ള എം.എൽ.എ അന്ന് പരസ്യ പ്രസ്താവന പോലും നടത്തി, നിരവധി നേതാക്കൾ സമരത്തെ രഹസ്യമായും പരസ്യമായും പിന്തുണച്ചു.

ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ മുഖ്യമന്ത്രി യോഗി പറഞ്ഞത്, അവർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നാണ്. ക്ഷത്രിയ മഹാസഭ, രാഷ്ട്രീയ ബ്രാഹ്മിൺ മഹാസഭ, കർണി രജപുത് മഹാസമാജ്, ഗരീബ് സേന, രജ്പുതാന യൂത്ത് ബ്രിഗേഡ്, അഖിൽ ഭാരതീയ വൈശീയ സമാജ്, എന്നൊക്കെ പറയുന്ന മേൽജാതി സംഘടനകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ദളിതർക്ക് സംരക്ഷണം നൽകുന്ന നിയമങ്ങളോടൊന്നും അവർക്ക് യോജിപ്പില്ല. അവരെ സംബന്ധിച്ച് അവർക്ക് തല്ലിക്കൊല്ലാനോ ഉപയോഗിക്കാനോ ഉള്ളതാണ് ദളിത് വിഭാഗം.

എ പ്ലസ് കിട്ടിയ ദളിത് വിദ്യാർഥികളുടെ വീടുകളിൽ കല്ലേറ്

ഹത്രാസിൽ നടന്ന ഒരു കല്ല്യാണത്തെക്കുറിച്ച് ഞാൻ നേരത്തെ ‘തിങ്കി'ൽ സംസാരിച്ചിരുന്നു. നിസാംപൂരിൽ ശീതൾ എന്ന പെൺകുട്ടിയുടെ വിവാഹം നടക്കുന്നു. ഠാക്കൂറുകളുടെ ഭീഷണിയുള്ളതുകൊണ്ട് കല്ല്യാണ പരിപാടികളൊന്നും നടത്താൻ പറ്റുന്നില്ല. കാസ്ഗഞ്ചിലുള്ള അഭിഭാഷകൻ സഞ്ജയ് കുമാർ ജാടവാണ് വരൻ. വർഗീയ സംഘർഷം നടക്കുന്ന സ്ഥലമാണിത്. പരമ്പരാഗത വിവാഹ ചടങ്ങുകൾ നടത്താൻ ഠാക്കൂറുകൾ സമ്മതിക്കുന്നില്ലെന്നുപറഞ്ഞ് അദ്ദേഹം അലഹബാദ് കോടതിയെ സമീപിച്ചു. സുരക്ഷയൊരുക്കാൻ കാസ്ഗഞ്ച് ജില്ലാ ഭരണകൂടത്തോട് കോടതി ആവശ്യപ്പെട്ടു. കലക്ടർ യോഗം വിളിച്ചു, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വന്നു, മറ്റ് ജാതിക്കാരുമായി ചർച്ച നടത്തി. 150ഓളം പൊലീസുകാരെ അവിടെ വിന്യസിച്ചു. വിവാഹശേഷമുള്ള ഘോഷയാത്ര ചടങ്ങ് 150 പോലീസുകാരുടെ അകമ്പടിയോടെയാണ് നടന്നത്. നിയമത്തിൽ ബിരുദം നേടിയ ആളായതിനാലും ഹൈക്കോടതിയിൽ പോയതുകൊണ്ടും മാത്രം ഇത് നടന്നു. എന്നിട്ടുപോലും മജിസ്‌ട്രേറ്റുതല ചർച്ച നടത്തേണ്ടി വന്നു, ഠാക്കൂറുകളുടെ സമ്മതം ആവശ്യമായി വന്നു. അവരെ ചടങ്ങിന് ക്ഷണിച്ചിരുന്നുവെങ്കിലും തങ്ങൾ വരില്ലെന്നും പാരമ്പര്യത്തിന് വിരുദ്ധമാണെന്നും പറഞ്ഞു. ഇങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ, ഘോഷയാത്രക്കുനേരെ കല്ലേറുണ്ടായേനേ എന്നാണ് അവർ പറഞ്ഞത്.

പ്ലസ് ടു പരീക്ഷക്ക് മുഴുവൻ എ പ്ലസ് കിട്ടിയ ദളിത് വിദ്യാർഥികളുടെ വീടുകളിൽ അന്നുരാത്രി കല്ലേറുണ്ടാകും. അതൊരു ചടങ്ങായി മാറിയ ഇടങ്ങളുണ്ട്. നിങ്ങളെന്തിനാണ് പഠിച്ച് മാർക്കു വാങ്ങുന്നത് എന്നതാണ് ആ കല്ലേറിലെ ചോദ്യം.

കുശീനഗറിലെ ദളിത് മേഖലകളിൽ പോളിയോ വാക്‌സിൻ പരിപാടിക്ക് യോഗി ആദിത്യനാഥ് ചെല്ലുന്നതിന്റെ തലേന്ന്, അവിടെ ദളിത് മേഖലകളിൽ ജില്ലാ ഭരണകൂടം സോപ്പും ഷാമ്പുവും കൊടുക്കുകയും റെഡ് കാർപ്പറ്റ് വിരിച്ച് ഒരുക്കുകയും ചെയ്തത് വലിയ വാർത്തയായപ്പോൾ ഇതിൽ പ്രതിഷേധിക്കാൻ ആന്ധ്രയിൽ നിന്നും മധ്യപ്രദേശിൽ നിന്നും ദളിത് ആക്ടിവിസ്റ്റുകൾ യു.പിയിലെത്തി. ചിത്രകൂട് മേഖലയിലെ ദളിത് അധികാർമഞ്ച് പ്രവർത്തകർ വലിയ സോപ്പുണ്ടാക്കി മുഖ്യമന്ത്രി യോഗിക്ക് കൊടുക്കാൻ യു.പിയിലേക്ക് വരികയാണ്. മധ്യപ്രദേശ്- യു.പി അതിർത്തിയായ ഝാൻസി റെയിൽവേ സ്റ്റേഷനിൽ അവരെ പൊലീസ് തടഞ്ഞു. ഇത്തരത്തിൽ ഒരുപാട് കാര്യങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്.

ദളിതർ അതേജീവിതം തുടരും

തുടക്കത്തിൽ പറഞ്ഞതിലേക്ക് തിരിച്ചുവരികയാണ്. ദളിതനായ താൻ മേൽജാതിയെ പ്രീതിപ്പെടുത്തേണ്ടതുണ്ട്, ജാതീയമായ അവരുടെ അഹന്തയെ മുറിവേൽപ്പിക്കേണ്ടതില്ല എന്ന ചിന്തയുള്ള ജനപ്രതിനിധിയുടെ മണ്ഡലത്തിലാണ് ദളിത് പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ടത്. ദളിത് സമൂഹത്തെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധിയുടെ മനോഭാവം വരെ ഇതാണ്. യു.പിയിൽ 80% ദളിത് ജനങ്ങളും ഗ്രാമങ്ങളിലാണ്. ഇവിടെ വികസനവും അറിവുകളുടെ കൊടുക്കൽ വാങ്ങലുകളും നടക്കുന്ന മേഖലയല്ല. അഥവാ നടക്കുന്നുണ്ടെങ്കിൽ തന്നെ അത് പ്രത്യേക ജാതിവിഭാഗങ്ങളിൽ മാത്രമായി കേന്ദ്രീകരിക്കപ്പെടും.

എല്ലാ അർത്ഥത്തിലും അവഗണിക്കപ്പെടുന്ന വിഭാഗമാണിവർ. അങ്ങേയറ്റം ദുഃഖകരമായ സംഭവങ്ങൾ നടക്കുമ്പോൾ പോലും വലിയ അത്ഭുതമൊന്നുമില്ല എന്ന് പറയേണ്ടിവരുന്ന ഗതികേടിലാണ്. യോഗി ആദിത്യനാഥ് വന്നശേഷം മാത്രമുള്ള പ്രവണതയല്ല ഇത്, അല്ലെങ്കിൽ ബി.ജെ.പിയുടെ മാത്രം പ്രശ്‌നമല്ല. പക്ഷേ അക്രമം കൂടിയതല്ലാതെ കുറയുന്നില്ല എന്നതാണ് സത്യം.

ജാതിഘടനയും ജാതി മേധാവിത്തവും സാമൂഹിക പിന്നാക്കാവസ്ഥയും ആയി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ തുടർച്ചയാണത്. ‘ഞങ്ങൾ ദളിതർക്കുനേരെയുള്ള അക്രമം ഇല്ലാതാക്കും' എന്ന് പറയുന്ന യോഗി വന്നശേഷം ദളിത് വിരുദ്ധ അതിക്രമം കൂടിയെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ഭരണഘടനാ ശിൽപിയായ ഡോ. ബി.ആർ. അംബേദ്കറെ നമ്മൾ കാണുന്നതുപോലെയല്ല, യു.പിയിലെയും മറ്റും സവർണ നേതാക്കൾ കാണുന്നത്. പുറമേ അവർ അംബേദ്കറിന് പുഷ്പാർച്ചന നടത്തും, ഫോട്ടോക്കുമുമ്പിൽ നമസ്‌കരിക്കും. പക്ഷേ, അവരുടെയുള്ളിൽ അംബേദ്കർ ദളിതരുടെ മാത്രം നേതാവാണ്; വേറൊരു തരത്തിൽ അംബേദ്കറെ മാറ്റി നിർത്തേണ്ടതുണ്ട് എന്ന രാഷ്ട്രീയമാണ് ഇതിലൂടെ അവർ മുന്നോട്ടുവെക്കുന്നത്. അംബേദ്കർ ഭരണഘടനാ ശിൽപിയാണ്, രാജ്യംകണ്ട ഏറ്റവും വലിയ സാമൂഹ്യ പരിഷ്‌കർത്താവാണ്, ഇന്ത്യയെ മാറ്റിത്തീർക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച വ്യക്തിയാണ് തുടങ്ങിയ കാര്യങ്ങളെല്ലാം മറക്കുകയും യു.പിയിലെ ഏതെങ്കിലും മേഖലയിലെ ദളിതരുടെ നേതാവാണ് എന്ന മട്ടിൽ പ്രത്യേകിച്ച് ക്ഷത്രിയ- ബ്രാഹ്മണ വിഭാഗങ്ങൾ അദ്ദേഹത്തെ ചുരുക്കുകയും ചെയ്യുന്നുണ്ട്.

അതുകൊണ്ടാണ് ബദ്വാനിലൊക്കെ അംബേദ്കർ പ്രതിമ തകർക്കുന്ന സംഭവങ്ങൾ വ്യാപകമായത്. സഹാരൺപൂരിലെ ചില മേഖലകളിലും ഹത്രാസിലും ദളിതർക്കുനേരെയുള്ള അതിക്രമത്തിന്റെ രൂപകമായാണ് അംബേദ്കർ പ്രതിമ അടിച്ചുതകർക്കുന്നത്. ക്ഷത്രിയ നേതാവായിരിക്കും സ്വന്തം നേതാവ്. അല്ലെങ്കിൽ അതിന്റെ വീര്യം ഉള്ളിൽ കൊണ്ടുനടക്കുന്നവരായിരിക്കും. ക്ഷാത്രവീര്യത്തിന്റെ ‘ആത്മനിർഭർ' ലോകത്തായിരിക്കും അവർ ജീവിക്കുന്നത്. പുറമേ അവർ അംബേദ്കർ മഹാനാണെന്നു പറയുകയും ചെയ്യുന്നവരാണ് ഇത്തരം സവർണ വിഭാഗത്തിൽ പെട്ട നേതാക്കൾ.

പൊതുവേ പിന്നാക്കാവസ്ഥയുണ്ടെങ്കിലും വാൽമീകി സമുദായത്തിൽനിന്ന് നിരവധി നേതാക്കളും ഏതാനും ഉദ്യോഗസ്ഥരുമൊക്കെ ഉണ്ടായിട്ടുണ്ട്. ചമാറുകളെപ്പോലെ അത്ര ദയനീയമല്ല ഇവരുടെ സ്ഥിതി. ചില മേഖലകളിലെങ്കിലും അവർ കുറെക്കൂടി മെച്ചമുള്ള ജീവിതം നയിക്കുന്നവരാണ്. ആർ.എസ്.എസും ബി.ജെ.പിയുമായി ഗ്രൂപ്പുകളുമായി അനുഭാവമുള്ളവരും ഇവരിൽ ധാരാളമുണ്ട്. ദളിത് വോട്ടുകൾ ഭിന്നിപ്പിക്കുന്ന സമയത്ത് മായാവതിക്കെതിരെ ബി.ജെ.പി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഭാഗം കൂടിയാണ് ഈ സമുദായം.

പല മേഖലകളിലും അവർ ബി.ജെ.പിയുടെ വോട്ടുബാങ്കാണ്. ദളിതർക്ക് ഭൂരിപക്ഷമുള്ളിടങ്ങളിലും ചിലര് നല്ല ഭൂരിപക്ഷത്തോടെ ജയിക്കുന്നു. എന്നാൽ അടിമ മനോഭാവം മൂലം ഭരിക്കുക ഠാക്കൂർമാരും ബ്രാഹ്മണരുമാകുന്നു പലപ്പോഴും. ദളിത് വിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ള ഒരുതരം പരിപാടികളും മുന്നേറ്റങ്ങളും ഉണ്ടാകുന്നില്ല, മറുവശത്ത് മേൽജാതിക്ക് സ്വാധീനമുള്ള ഭരണകൂടവും. അതിക്രമങ്ങൾ സാധാരണമായി മാറുന്നു. ഇപ്പോഴുള്ള പ്രതിഷേധങ്ങൾ ഒരുതരത്തിലുമുള്ള രാഷ്ട്രീയ മാറ്റങ്ങളും ഉണ്ടാക്കാൻ പോകുന്നില്ല, ഇങ്ങനെ ഒരുതരം കുഴഞ്ഞുമറിഞ്ഞ സാഹചര്യമാണ് പല യു.പി ഗ്രാമങ്ങളിലുമുള്ളത്.


വി. എസ്. സനോജ്

മാധ്യമപ്രവർത്തകൻ, ചലച്ചിത്ര​ പ്രവർത്തകൻ. സനോജ്​ സംവിധാനം​ ചെയ്​ത ‘ബേണിങ്​’ എന്ന ഹിന്ദി ചിത്രം ഗോവ ഉൾപ്പെടെ നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​.

Comments