എന്നാണ് എല്ലാവരും എഴുതാൻ തുടങ്ങിയത്?

ജാതിമതഭേദമന്യേ അക്ഷരജ്ഞാനത്തിലേക്ക് ഇന്ത്യൻ ജനതയെ കൈപിടിച്ചുയർത്തിയത് ഇന്ത്യൻ ഭരണഘടനയും ഭരണഘടനയുടെ സൃഷ്ടിക്ക് ആധാരമായ സ്വാതന്ത്ര്യ സമരങ്ങളും നവോത്ഥാന പ്രസ്ഥാനങ്ങളുമാണ്.

ക്ഷരാരംഭത്തിലേക്ക് കടക്കുന്ന ദിനമായി വിജയദശമി ഇന്ന് ആഘോഷിക്കപ്പെടുകയാണ്. ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെയോ വിഭാഗത്തിന്റെയോ മാത്രമല്ലാതായി വിദ്യാരംഭച്ചടങ്ങുകൾ മാറിത്തീർന്നിരിക്കുന്നു. വൈദിക ബ്രാഹ്‌മണമതത്തിന്റെ ഭാഗമായ ഒരാചാരം മതേതരവൽക്കരിക്കപ്പെടുകയും ഏവർക്കും സ്വീകാര്യമായ ഒന്നായി കാലക്രമത്തിൽ പരിവർത്തിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

ധർമസൂത്രങ്ങളനുസരിച്ച് വിദ്യാരംഭം എന്ന ചടങ്ങ് ത്രൈവർണികരുടെ ജീവിതവ്യവസ്ഥയുടെ ഭാഗമായിരുന്നു. ത്രൈവർണികരൊഴികെയുള്ള ഇതര മനുഷ്യരെ ഇത്തരം ചടങ്ങുകൾ അനുഷ്ഠിക്കുന്നതിൽ നിന്നും ധർമശാസ്ത്രങ്ങൾ തടഞ്ഞിരുന്നു. കൂടാതെ, പുകൾപെറ്റ ആർഷഭാരത ഗുരുകുല സമ്പ്രദായം ത്രൈവർണികർക്കായാണ് വിദ്യയും വിദ്യാരംഭവും ധർമസൂത്രങ്ങൾ വിധിച്ചിട്ടുള്ളത്. വേദം കേൾക്കുന്ന ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കണമെന്നും, വേദം ഉച്ചരിക്കുന്ന ശൂദ്രന്റെ നാവ് അരിഞ്ഞു കളയണമെന്നും, വേദം മനസിലാക്കിയാൽ അത്തരം ശൂദ്രരുടെ ശിരസ്സ് വെട്ടിപ്പിളർക്കണമെന്നും കല്പിച്ച ഗൗതമധർമസൂത്രം ഇന്ന് പൊലിമയോടെ ആഘോഷിക്കുന്ന വിദ്യാരംഭത്തിന്റെ യുക്തികളെയാണ് ചോദ്യം ചെയ്യുന്നത്.

ഏവർക്കും തുല്യാവകാശത്തോടെ അക്ഷരജ്ഞാനത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുന്ന ഒന്നായിരുന്നില്ല ഗൃഹ്യസൂത്രങ്ങളും ധർമസൂത്രങ്ങളും വിധിക്കുന്ന വിദ്യാരംഭച്ചടങ്ങുകൾ. കേരളത്തിന്റെ പ്രാചീന ഭരണ ഗ്രന്ഥമായ ശാങ്കര സ്മൃതിയിലും ശൂദ്രൻ നല്ല വാക്കുകൾ സംസാരിക്കുന്നത് ( പ്രത്യേകിച്ച് സംസ്‌കൃതം) അതിന്റെ സംസ്‌കാരം സ്വീകരിക്കുന്നതും കർശനമായി വിലക്കുന്നുണ്ട്. കേരളത്തിലെ മറ്റൊരു ധർമശാസ്ത്രമായ വ്യവഹാര മാലയിലും ത്രൈവർണികരൊഴികെയുള്ളവർക്ക് വിദ്യ നിഷേധിക്കുന്നത് കാണാം. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ന് നടത്തപ്പെടുന്ന ക്ഷേത്ര കേന്ദ്രിതമായ വിദ്യാരംഭ ചടങ്ങുകൾ ഏവരും ബ്രാഹ്‌മണികമായ അനുഷ്ഠാനങ്ങളോടെയാണ് വിദ്യയിലേക്ക് പ്രവേശിച്ചത് എന്ന ചരിത്ര വിരുദ്ധമായ അയഥാർത്യത്തെ യാഥാർത്ഥ്യമായ ചരിത്രമായി തെറ്റിദ്ധരിക്കാൻ ഇടയാക്കിയിട്ടുണ്ട്.

ഇന്ന് ഏവർക്കും വിദ്യാരംഭത്തിനായി ക്ഷേത്രത്തിനുള്ളിലേക്ക് പോലും പ്രവേശിക്കാൻ സാധിച്ചത് വളരെ അടുത്ത കാലത്ത് മാത്രമാണ്. ഇന്നും ക്ഷേത്രത്തിൽ പ്രവേശിച്ചതിനും വിഗ്രഹങ്ങളെ സ്പർശിച്ചതിനും കൊടിയ പീഢകൾ അനുഭവിക്കേണ്ടി വരുന്ന ഒരു ജനതതി ഇന്ത്യയിലുണ്ട്. യാഥാർത്ഥ്യമിതായിരിക്കെ ആയിരത്താണ്ടുകൾ പഴക്കമുള്ള ഒന്നാണ് വിദ്യാരംഭമെന്നും, സർവരും ജാതിഭേദമെന്യേ പങ്കെടുത്തിരുന്ന ഒന്നാണെന്നുമുള്ള ചരിത്രവസ്തുതകൾക്ക് വിരുദ്ധമായ വിധം സ്ഥാപിക്കാൻ ബ്രാഹ്‌മണമതത്തിന്റെ വിദ്യാരംഭ ചടങ്ങുകൾക്ക് കഴിഞ്ഞിട്ടുണ്ട്.

മഹാത്മാ അയ്യൻകാളി തന്റെ സമുദായത്തിൽ ആധുനികമായ വിജ്ഞാനം കൈവരിക്കാൻ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പള്ളിക്കൂങ്ങെൾ സ്ഥാപിക്കാൻ പ്രയത്നിച്ചത്. എന്നാൽ സവർണ മേലാളർ അദ്ദേഹത്തിന്റെ യത്നങ്ങളെ വിഫലമാക്കാൻ ലക്ഷ്യമിട്ടു കൊണ്ട് വിദ്യാലയങ്ങൾ അഗ്നിക്കിരയാക്കുകയാണുണ്ടായത്. സമത്വ ഭാവനയിലധിഷ്ഠിതമായ വിദ്യാഭ്യാസ പ്രക്രിയയെ ബ്രാഹ്‌മണ്യ വ്യവസ്ഥ അത്രമേൽ വെറുത്തിരുന്നു എന്നാണിത് തെളിയിക്കുന്നത്. നാരായണ ഗുരുവിനെ പോലുള്ളവർ വിദ്യ അഭ്യസിച്ചതാവട്ടെ ബ്രാഹ്‌മണ സങ്കേതങ്ങളിൽ നിന്നുമായിരുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. കീഴാള പിന്നോക്ക ജനവിഭാഗങ്ങൾ വൈജ്ഞാനികമായ തുറവിയിലേക്ക് കടക്കുന്നതിന് പ്രേരകമായത് ബ്രാഹ്‌മണ്യ ത്തിന്റ വ്യവസ്ഥാ ക്രമങ്ങളായിരുന്നില്ല. തദ്ദേശീയമായ അറിവു രൂപങ്ങളും, ബൗദ്ധ സംഘങ്ങളുടെയും ജൈന സംഘങ്ങളുടെയും ശ്രമണ പാരമ്പര്യത്തിന്റെയും പിന്തുണകളും പിൽക്കാലത്ത് കൊളോണിയൽ മിഷനറി പ്രവർത്തനങ്ങളുമാണ് ബ്രാഹ്‌മണേ തരരായ മനുഷ്യരെ അറിവിന്റെ ചക്രവാളങ്ങളിലേക്ക് പ്രവേശിക്കാൻ സഹായിച്ചത്. അക്ഷരവിദ്യ ബ്രാഹ്‌മണ്യം നിഷേധിച്ചു എന്നതിന്റെ അർത്ഥം അബ്രാഹ്‌മണ ശരീരങ്ങൾ വിദ്യയുടെ ആത്മാവില്ലാത്ത ശരീരങ്ങളായി ജീവിച്ചു എന്നല്ല. പല വിധത്തിലുള്ള അറിവു രൂപങ്ങൾ കീഴാള ജനവിഭാഗങ്ങളുടെ ആസ്തിയായി നിലനിന്നിരുന്നു. ഈ അറിവു രൂപങ്ങൾ സ്വാംശീകരിച്ചു കൊണ്ടു കൂടിയാണ് ബ്രാഹ്‌മണ്യത്തിന്റെ വിജ്ഞാന ഭാവനകൾ വികസിച്ചത്.

വിദ്യയുടെ ദേവതയായി സരസ്വതി ആരാധിക്കപ്പെട്ടുവെങ്കിലും നിരക്ഷര കുക്ഷികളുടെയും, മഹാലക്ഷ്മിയെ ആരാധിക്കുമ്പോഴും കൊടിയ സാമ്പത്തിക അസമത്വ ക്രമങ്ങളുടെയും ദുരിതഫലം താണ്ടേണ്ടി വരുന്ന ഇന്ത്യൻ ജനതയുടെ കഷ്ട സ്ഥിതി നിലനിർത്തുന്ന ചാതുർവർണ്യ ബ്രാഹ്‌മണ്യ വ്യവസ്ഥ ആ വിധത്തിൽ വിമർശ വിധേയമായില്ല. 'വിദ്യ കൊണ്ട് പ്രബുദ്ധരാവാൻ '' നാരായണ ഗുരുവിന് ഉപദേശിക്കേണ്ടി വന്ന സവിശേഷ സാഹചര്യവും പരിശോധിക്കേണ്ടതുണ്ട്. ശിവഗിരിയിലെ ശാരദാ പ്രതിഷ്ഠയുടെ വാർഷികാഘോഷ വേളകൾ വിജ്ഞാന പ്രസരണത്തിനുള്ള വേദിയാക്കണമെന്ന് ഗുരു കല്പിച്ചതിന്റെ പൊരുളും മറ്റൊന്നല്ല.

ജാതിമതഭേദമന്യേ അക്ഷരജ്ഞാനത്തിലേക്ക് ഇന്ത്യൻ ജനതയെ കൈപിടിച്ചുയർത്തിയത് ഇന്ത്യൻ ഭരണഘടനയും ഭരണഘടനയുടെ സൃഷ്ടിക്ക് ആധാരമായ സ്വാതന്ത്ര്യ സമരങ്ങളും നവോത്ഥാന പ്രസ്ഥാനങ്ങളുമാണ്. മഹാത്മാ ഫൂലെ, സാവിത്രി ബായി, നാരായണ ഗുരു, മഹാത്മാ അയ്യൻകാളി എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രബുദ്ധ ജ്ഞാനികളാണ് ഇന്ത്യൻ ജനതയെ അക്ഷരജ്ഞാനത്തിന്റെ തുറവിലേക്ക് കൈ പിടിച്ചുയർത്തിയത്. എന്നാൽ ഈ ചരിത്ര വസ്തുതകളെയെല്ലാം തമസ്‌കരിച്ച് വിദ്യാഭ്യാസത്തിന്റെയും വിദ്യാരംഭത്തിന്റെയും ചരിത്രത്തെ ബ്രാഹ്‌മണ്യത്തിന്റെ വരദാനമായി വരുത്തി തീർക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ആക്കം കൂടുകയാണ്. ചരിത്രത്തെ വിവേചിച്ചറിയുക എന്നതാണ് ഇതിന്റെ പരിഹാരങ്ങളിലൊന്ന്. എന്നു മുതലാണ് ഇന്ത്യയിലെ കീഴാളരും പിന്നോക്ക ജാതി വിഭാഗങ്ങളും അക്ഷരം പഠിക്കാൻ തുടങ്ങിയത് എന്ന ചോദ്യം അപ്പോൾ പ്രസക്തമായിത്തീരും. ഈ കീഴാളരെ പിന്നോക്കരെ അക്ഷരജ്ഞാനത്തിലേക്ക് തുറന്നിട്ട നവോത്ഥാന പ്രക്രിയകളും, കൊളോണിയൽ മിഷനറി ആധുനികതയും ഭരണഘടനയുമാണ് വിദ്യാരംഭത്തിന്റെ ആദ്യപടിയായി ചരിത്രത്തിൽ പ്രകാശിക്കുന്നത്.


Summary: ജാതിമതഭേദമന്യേ അക്ഷരജ്ഞാനത്തിലേക്ക് ഇന്ത്യൻ ജനതയെ കൈപിടിച്ചുയർത്തിയത് ഇന്ത്യൻ ഭരണഘടനയും ഭരണഘടനയുടെ സൃഷ്ടിക്ക് ആധാരമായ സ്വാതന്ത്ര്യ സമരങ്ങളും നവോത്ഥാന പ്രസ്ഥാനങ്ങളുമാണ്.


ഡോ. ടി. എസ്. ശ്യാംകുമാർ

എഴുത്തുകാരൻ, പ്രഭാഷകൻ, സാംസ്​കാരിക വിമർശകൻ. തന്ത്രപ്രായശ്ചിത്തം: കേരള സമൂഹവും ചരിത്രവും, ശബരിമല: ഹിന്ദുത്വ തന്ത്രങ്ങളും യാഥാർഥ്യവും, ആരുടെ രാമൻ? എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments