truecoppy
MORE
Truecopy Home
Readers
are
Thinkers

Tuesday, 17 May 2022

truecoppy
Truecopy Logo
Readers are Thinkers

Tuesday, 17 May 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Drama

Drama

മലപ്പുറം ലിറ്റില്‍ എര്‍ത്ത് തിയേറ്ററിന്റെ "ദ വില്ലന്മാര്‍' എന്ന നാടകത്തിലെ ഒരു രംഗം

നായകന്മാരെ ആരാണ്​
സൃഷ്​ടിക്കുന്നത്​? വില്ലന്മാരല്ലേ?

നായകന്മാരെ ആരാണ്​ സൃഷ്​ടിക്കുന്നത്​? വില്ലന്മാരല്ലേ?

മലപ്പുറം ലിറ്റില്‍ എര്‍ത്ത് തിയേറ്ററിന്റെ "ദ വില്ലന്മാര്‍' എന്ന നാടകത്തിന്റെ കാഴ്​ച. കലയെയും കലയുടെ പേരിലുള്ള വ്യാജനിര്‍മിതികളുടെയും വ്യത്യാസത്തെ അടയാളപ്പെടുത്തുമ്പോള്‍ തന്നെ, "നാടകം' എന്ന കലയുടെ സത്യസന്ധതയെയും അതിന്റെ പോരാട്ടവീര്യത്തെയും കുറിച്ചുള്ള ഉയര്‍ന്ന ആത്മവിശ്വാസവും ഈ നാടകം പ്രകടിപ്പിക്കുന്നു.

12 May 2022, 11:27 AM

പി. പ്രേമചന്ദ്രന്‍

നായകരെയും പ്രതിനായകരെയും സംബന്ധിക്കുന്ന ധാരണകളെ ചരിത്രത്തിന്റെയും പുരാണത്തിന്റെയും വര്‍ത്തമാനത്തിന്റെയും സന്ദര്‍ഭത്തില്‍ പരിശോധിക്കുകയാണ് മലപ്പുറം ലിറ്റില്‍ എര്‍ത്ത് തിയേറ്ററിന്റെ "ദ വില്ലന്മാര്‍' എന്ന നാടകം. കലയെയും കലയുടെ പേരിലുള്ള വ്യാജനിര്‍മിതികളുടെയും വ്യത്യാസത്തെ അടയാളപ്പെടുത്തുമ്പോള്‍ തന്നെ, "നാടകം' എന്ന കലയുടെ സത്യസന്ധതയെയും അതിന്റെ പോരാട്ടവീര്യത്തെയും കുറിച്ചുള്ള ഉയര്‍ന്ന ആത്മവിശ്വാസവും "വില്ലന്മാര്‍' പ്രകടിപ്പിക്കുന്നുണ്ട്. നാടകം സ്വയം ആ ശുഭാപ്തിവിശ്വാസത്തെ ചോദ്യചെയ്യുന്നുണ്ടെങ്കിലും.

KSFE

Your browser does not support the video tag.

KSFE

Your browser does not support the video tag.

നായകത്വവും പ്രതിനായകത്വവും സ്വാഭാവികമല്ല എന്നും അത് സാമൂഹിക നിര്‍മിതി മാത്രമാണെന്നും പറയുകയാണ്‌ നാടകം. ഈ നിര്‍മിതി സാധ്യമാക്കുന്നത് നായകരാണ് എന്നുമാത്രം. നായകന്‍ ഒരു വ്യക്തിയല്ല, ഓരോ കാലഘട്ടത്തിലും മേല്‍ക്കൈ നേടുന്ന അധികാരരൂപമാണ്. "അധികാര നായകന്‍' എന്ന വിശേഷണം അയാള്‍ സ്വയം എടുത്തണിയുന്നുണ്ട്. നായകന്‍ ഒരാശയം ആണ്. "അവൻ ഒറ്റയ്ക്കല്ല. അവന്റെ കൂടെ പട്ടാളം, പൊലീസ്... അമേരിക്കവരെ അവന്റെ കൂടെയുണ്ട്' എന്നറിയുന്നത് വില്ലന്മാർക്ക് മാത്രമാണ്. അതുകൊണ്ട് നായകനുവേണ്ടിയല്ലാത്ത ഒരു ആശയത്തിനായുള്ള അന്വേഷണത്തെയാണ്  "വില്ലന്മാര്‍'  ആവശ്യപ്പെടുന്നത്. 

Drama
'ദ വില്ലന്മാര്‍'  എന്ന നാടകത്തില്‍ നിന്ന്

നായകനോട് ഏറ്റുമുട്ടി ഇല്ലാതാവാന്‍ മാത്രം സൃഷ്ടിക്കപ്പെട്ട വില്ലന്മാര്‍ ആരൊക്കെയാണ്? നായകനിര്‍മിതിക്ക് ഉപയുക്തമാകുന്നതെല്ലാം വില്ലന്മാരുടെ ഗണത്തിലാണ് വരിക. സാധാരണ മനുഷ്യര്‍ വില്ലന്മാരാണ്, നായകരെ നിര്‍മിക്കുന്നത് അവരാകുമ്പോള്‍. വിദ്യാര്‍ഥികള്‍ വില്ലന്മാരാണ്, സ്കൂൾ എന്ന സ്ഥാപനത്തെ അവർ ചോദ്യം ചെയ്യുമ്പോൾ. കര്‍ഷകര്‍ വില്ലന്മാരാണ്, അവര്‍ നായകന്റെ വളർച്ചയെ മുരടിപ്പിക്കുന്ന കീടങ്ങളാകുമ്പോൾ. പ്രണയികള്‍ വില്ലന്മാരാണ്, കോടതിയേയുംയും മതത്തേയും അവർ കൂസാക്കാതിരിക്കുമ്പോള്‍. നാടകം തന്നെ ഒരു വില്ലനാണ്, അത് നായകനില്ലാത്തതും സമത്വത്തിൽ ഊന്നുന്നതുമാകുമ്പോൾ.

ALSO READ

ബി ഗ്രേഡില്‍ കേരളത്തിലെ കുട്ടികള്‍ സി. ബി. എസ്. ഇ യുടെ മുന്നില്‍ മുട്ടിലിഴയട്ടെ; ഇതാ മറ്റൊരു അട്ടിമറിക്കഥ

ആരാണ് ഓരോ സന്ദര്‍ഭത്തിലും വില്ലന്മാര്‍ എന്ന് തീരുമാനിക്കുന്നത് നായകനാണ്. അത് നായകന്റെ അവകാശമാണ്. "വില്ലന്മാർ ഇല്ലാതെ നായകന്മാർ ഇല്ല.. അവരെ ഞാൻ തന്നെ സൃഷ്ടിക്കും.. ഞാൻ തന്നെ സംഹരിക്കും.. അതൊരുപക്ഷേ മൃഗമാകാം, മനുഷ്യനാകാം, എന്തിന് രാജ്യം തന്നെയാകാം' എന്നയാള്‍ പറയുന്നുണ്ട്. നായകന് അവകാശപ്പെട്ടതാണ് എല്ലാം. സമ്പത്തും പദവിയും അധികാരവും പ്രണയവും അയാളുടെ മാത്രം അവകാശം. നായകന്‍ ഒരു പ്രതീതിയാഥാര്‍ത്ഥ്യം പോലെയാണ്. അയാള്‍ ഒന്നും ചെയ്യുന്നില്ല, അയാള്‍ക്ക് വേണ്ടി എല്ലാം ചെയ്തുകൊടുക്കപ്പെടുകയാണ്. 

Drama
'ദ വില്ലന്മാര്‍'  നാടകത്തിലെ രംഗം

നായകബിംബത്തിനകത്തെ ഫാസിസ്റ്റ് സ്വഭാവത്തെ വെളിവാക്കാന്‍ നാടകം പ്രയോജനപ്പെടുത്തുന്നത് "മഹാനായ ഏകാധിപതി'യായ അഡോള്‍ഫ് ഹിറ്റ്‌ലറെ ആണ്. ചാപ്ലിന്റെ "ഗ്രേറ്റ് ഡിക്റ്റേറ്റര്‍' പലപ്രകാരത്തിലും നാടകത്തില്‍ കടന്നുവരുന്നുണ്ട്. ഭൂഗോളത്തെ തന്റെ കൈകാലുകള്‍ കൊണ്ടും ചന്തികൊണ്ടും തട്ടിരസിക്കുന്ന ദൃശ്യം സമര്‍ത്ഥമായി നാടകത്തില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. സര്‍വ്വാധികാരിയായ എല്ലാ നായകനിലും പ്രവര്‍ത്തിക്കുന്നത് ഈ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് എന്ന് വ്യക്തമാക്കുന്നിടത്താണ് നാടകം സമകാലികമാവുന്നത്. ആ നായകനെ ചോദ്യം ചെയ്യുന്ന, അലോസരപ്പെടുത്തുന്ന, അയാളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാതിരിക്കുന്ന എല്ലാം തച്ചുടക്കപ്പെടേണ്ടതാണ്. അയാളുടെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്താന്‍ കുഴലൂത്തുകാര്‍ അയാള്‍ക്കൊപ്പം ഉണ്ടാവും. നായകന്റെ ചെയ്തികളെ ന്യായീകരിക്കുകയും സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കുകയും അഭീഷ്ടങ്ങളെ ആവിഷ്കരിക്കുകയും ആണ് കലയുടേയും സാഹിത്യത്തിന്റെയും കടമ എന്നവർ പറയും. എന്നാല്‍ യഥാര്‍ത്ഥകല ഇരുട്ടിനെ ഭയക്കുകയില്ല എന്ന പ്രതീക്ഷയാണ് ശുഭാപ്തിവിശ്വാസത്തോടെ നാടകം മുന്നോട്ടുവെക്കുന്നത്. ആ കലയുടെ ശക്തിയെ അധികാരം ഭയപ്പെടും. കഠാരയേക്കാള്‍ മൂര്‍ച്ചയുള്ള കലയാല്‍ അധികാരത്തെ വെല്ലുവിളിച്ച ചരിത്രത്തിന്റെ തുടര്‍ച്ചയാണ്  "വില്ലന്മാര്‍'  പ്രതീക്ഷിക്കുന്നത്. Drama

ലിറ്റില്‍ എര്‍ത്ത് തിയേറ്ററിന്റെ "ചില്ലറസമരം' എന്ന നാടകം സമീപകാലത്ത് റഹ്മാന്‍ സഹോദരങ്ങള്‍ "ചവിട്ട് ' എന്ന സിനിമയായി മറ്റൊരു രീതിയിൽ ആവിഷ്കരിക്കുകയുണ്ടായി. ചലച്ചിത്രകലയുടെ സവിശേഷ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഒരു നാടകം സിനിമയാവുന്നതിന്റെ സർഗ്ഗാത്മകത ബോധ്യപ്പെടുത്തുന്നു "ചവിട്ട് '. "ദ വില്ലന്മാര്‍' പേരുമുതല്‍ സിനിമയെ നാടകത്തിനായി ഉപയോഗിക്കുന്നതിന്റെ വിസ്മയമാണ് പ്രേക്ഷകന് നല്‍കുക. സിനിമയെ പലതരത്തില്‍ ഈ നാടകം ഉപയോഗിക്കുന്നുണ്ട്. നായകന്‍ / വില്ലന്‍ എന്ന വെളുപ്പും കറുപ്പുമായ ദ്വന്ദ്വം ജനപ്രിയസിനിമയുടെ അടിസ്ഥാനഘടകമാണ്. ജനപ്രിയ സിനിമകളുടെ പതിവ് ഫോര്‍മുലകള്‍ നാടകത്തില്‍ നിശിതവിമര്‍ശനത്തിന് വിധേയമാവുന്നുണ്ട്.

ALSO READ

‘കിരീടം’ സിനിമയിലെ സവർണത: ഒരു വിയോജിപ്പ്​

നായക വേഷങ്ങളുടെ പൊള്ളത്തരങ്ങളും അൽപ്പത്തരങ്ങളും വിശദമാക്കുന്നുണ്ട്. അസംഭവ്യമായ, അത്ഭുതകരമായ സിദ്ധികൾ സിനിമ നായകന് സാധിച്ചു കൊടുക്കുന്നത് അത് ആർജ്ജിച്ച സാങ്കേതിക സൗകര്യങ്ങളാലാണ്. ആ സാങ്കേതിക ഘടകങ്ങളെ കൂട്ടുപിടിച്ചാണ് "വില്ലന്മാർ' എന്ന നാടകം രൂപകൽപ്പന ചെയ്തത്. സിനിമയുടെ വി എഫ് എക്സ് മുഴുവൻ സാധ്യമാവുന്നത് പച്ച നിറത്തിന്റെ പശ്ചാത്തലത്തിലാണ്. എല്ലാ അത്ഭുതങ്ങളും സാധ്യമാക്കുന്നത് പച്ചയുടെ മറവിലും നിഴലിലും ആണ്. പച്ച പശ്ചാത്തലത്തിൽ പച്ചവേഷമിട്ട സഹായികൾ നായകനെ എല്ലാ അമാനുഷിക കൃത്യങ്ങളും ചെയ്യാൻ കഴിവുള്ളവരാക്കും. യഥാർത്ഥ സിനിമയിൽ പക്ഷേ ഈ പച്ച മുഴുവൻ മായ്ക്കപ്പെടും. ആ മനുഷ്യർ ഒറ്റ ക്ലിക്കിൽ അവരുടെ പശ്ചാത്തലത്തോടെ മറിച്ചുമാറ്റപ്പെടും.

എല്ലാം സാധ്യമാക്കുകയും എന്നാൽ തിരശ്ശീലയിൽ കാണാതിരിക്കുകയും ചെയ്യുന്ന പച്ച മനുഷ്യരിലാണ് വില്ലന്മാർ എന്ന നാടകത്തിന്റെ ജീവൻ സംവിധായകൻ കണ്ടെത്തുന്നത്. പച്ച നിറമുള്ള വസ്ത്രങ്ങൾ ധരിച്ച മനുഷ്യർ മാത്രമല്ല അപ്പോൾ അവർ, എല്ലാ അർത്ഥത്തിലും പച്ച മനുഷ്യരാണ്. പച്ചയിലാണ് നാടകം വളരുന്നത്. നാടകത്തിൽ പച്ച നായകനെതിരായ ഒരാശയമാണ്. "പച്ചവെളിച്ചം യാത്ര തുടരാനുള്ള സൂചന മാത്രമല്ല.. അതൊരു ആശയമാണ്. അതു കൊണ്ടുനടക്കുന്ന ഒരു ജനത നമുക്കൊപ്പമുണ്ട്. അവർ അദൃശ്യരായി നമുക്കിടയിൽ പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു.’  നാടകാന്ത്യത്തിൽ നായകന്റെ കുപ്പായത്തിൽ തുന്നിപ്പിടിപ്പിച്ച അധികാരത്തിന്റെ നക്ഷത്രങ്ങൾ കൊഴിഞ്ഞു വീഴുക തന്നെ ചെയ്യുമെന്ന് അവർ വിശ്വസിക്കുന്നു. നാളെ തെളിയുന്ന പുതിയ ലോകത്ത് നായകന്മാരുണ്ടാവില്ലെന്ന് അവർ ഉറപ്പിക്കുന്നു. തുല്യതയിൽ തലയുയർത്തിനിൽക്കുന്ന പച്ചമരം പോലെ പോലുള്ള മനുഷ്യരായാണ്, സിനിമയിൽ വിലകെട്ട ഈ മനുഷ്യർ, നാടകത്തിൽ മാറുന്നത്. 

Villain
എല്ലാം സാധ്യമാക്കുകയും എന്നാൽ തിരശ്ശീലയിൽ കാണാതിരിക്കുകയും ചെയ്യുന്ന പച്ച മനുഷ്യരിലാണ് വില്ലന്മാർ എന്ന നാടകത്തിൻ്റെ ജീവൻ സംവിധായകൻ കണ്ടെത്തുന്നത്. 

നാടകത്തിന്റെ പതിവു രൂപഘടനയെ വില്ലന്മാർ പല പ്രകാരവും മറികടക്കാൻ ശ്രമിക്കുന്നുണ്ട്. വില്ലന്മാർ എന്ന തന്തുവിൽ ഘടിപ്പിക്കപ്പെട്ട ചെറിയ എപ്പിസോഡുകളാണ് നാടക രംഗങ്ങൾ. അഭിനേതാക്കളുടെ പ്രകടനമാണ് ഈ നാടകത്തിന്റെ ശരിയായ ടെക്​സ്​റ്റ്​. ഒന്നിനൊന്ന് വ്യത്യസ്തമായ സംഭവങ്ങളെ കൂട്ടിയിണക്കുന്നത് സിനിമയിലെന്ന പോലെ ചിലരൂപകങ്ങളാണ്. നായകന്റെ അധികാരത്തിന്റെ ചിഹ്നമായ കുതിരയാണ് പ്രധാന രൂപകം. നായകത്വത്തിന്റെ ബിംബമായി കുതിരയെ നാടകത്തിന്റെ തുടക്കത്തിൽ തന്നെ സ്ഥാപിച്ചതുകൊണ്ട് പിന്നീട് ശബ്ദം കൊണ്ടും ചെറു സൂചനകൾ കൊണ്ടും എല്ലാ രംഗങ്ങളിലും കുതിരയെ കണ്ടെത്താൻ പ്രേക്ഷകന് പ്രയാസമില്ല. പച്ചവേഷത്തിലെ മായാജാലക്കാരാണ് രംഗങ്ങളെ കൂട്ടിയിണക്കുന്ന മറ്റൊരു ഘടകം. അവരുടെ തെളിഞ്ഞു കാണാത്ത സാന്നിധ്യം അഥവാ അസാന്നിധ്യം തുടക്കം മുതൽ ഒടുക്കംവരെയുണ്ട്.  

ALSO READ

ജന ഗണ മന: രാഷ്​ട്രീയം പറയുന്ന മലയാള സിനിമ

സിനിമ, നാടകം എന്നീ മാധ്യമങ്ങളെക്കുറിച്ചുള്ള  സംവിധായകന്റെ കാഴ്ചപ്പാട് വില്ലന്മാരിൽ വായിച്ചെടുക്കാം. അത് മലിനകല / ശുദ്ധകല എന്നീ ദ്വന്ദ്വങ്ങളിൽ ചുരുങ്ങുന്നത് ചോദ്യം ചെയ്യപ്പെട്ടേക്കാം. സിനിമയുടെ മൂലധന താത്പര്യങ്ങളും അത് ഉണ്ടാക്കിയെടുക്കുന്ന നായക / പുരുഷ കേന്ദ്രിതമായ വിപണനതന്ത്രങ്ങളും വിമർശന വിധേയമായണ്ടതുണ്ട്. ജനപ്രിയ സിനിമയുടെ ജീർണിച്ച പ്രമേയ ആവിഷ്കാര പരിസരങ്ങൾക്ക് ബദലായി നാടകം എടുത്തുകാട്ടുന്നത് തിയേറ്ററിനെയാണ്. പുതിയ തലമുറയുടെ സ്വതന്ത്രമായ കലാവിഷ്കാരങ്ങളാണ്. അത് മറ്റെല്ലാ നിർദ്ദേശങ്ങളേയും നിബന്ധനകളെയും കൂസാത്തതും നായകന്മാർ ഇല്ലാത്തതും ആണ്. അത് കല മാത്രമല്ല, ജീവിതം കൂടിയാണ്. നാടകവും ജീവിതവും ഇഴചേർത്ത യാത്ര എന്ന് അവർ തന്നെ അതിനെ വിശേഷിപ്പിക്കുണ്ട്. അത്രയും ശരിയാവുമ്പോൾ സ്വാതന്ത്ര്യത്തിന്റെ ആ ആകാശത്തിന് പുതിയ സിനിമകളും അവകാശികളാവുന്നുണ്ട് എന്നത് കാണാതിരുന്നു കൂടാ. ജനപ്രിയ സിനിമകളുടെ ചേരുവകളെ വെല്ലുവിളിച്ച്, അതിന്റെ മൂലധന കച്ചവട താത്പര്യങ്ങളെ അവഗണിച്ച്, ടെക്നോളജിയുടെ മന്ത്രിക സാധ്യതകളെ മാറ്റിനിർത്തി ജീവിതത്തോട് ചേർത്തു നിർത്തി ആവിഷ്കാരത്തിന്റെ പച്ചപ്പുകൾ തേടുന്നതിൽ പുതിയ സിനിമകളും നാടകത്തിനൊപ്പം ഇന്ന് ചേർന്നുനിൽപ്പുണ്ട്. 

വില്ലന്മാരുടെയും നായകന്മാരുടേയും പ്രകൃതത്തെ ചരിത്രത്തിന്റെയും പുരാണത്തിന്റെയും പശ്ചാത്തലത്തിലാണ് നാടകം വ്യക്തമാക്കാൻ ശ്രമിക്കുന്നത്. അങ്ങനെയാണ് നാടകം ബാലി- സുഗ്രീവ കഥയിലേക്ക് പിൻമടങ്ങുന്നത്. ബാലിയും സുഗ്രീവനും കേവലം പുരാണ കഥാപാത്രങ്ങൾ എന്നതിനപ്പുറം മനുഷ്യവംശത്തിന്റെ പ്രപിതാമഹന്മാർ എന്ന നിലയിലാണ് നാടകം പരിഗണിക്കുന്നത്. കൃഷി ചെയ്തും പങ്കിട്ടും ജീവിച്ച ഒരു കാലഘട്ടത്തിൽ നിന്നും പോരിന്റെയും ചതിയുടേയും മറ്റൊരു കാലത്തിലേക്കുള്ള പരിണാമമായാണ് ബാലി- സുഗ്രീവ കഥ നിലകൊള്ളുന്നത്. ധീരനെ, കരുത്തനെ ചതിച്ചു കൊല്ലുകയും അവനെ പ്രതിനായകനാക്കുകയും ചെയ്ത നായകത്വത്തിന്റെ കാപട്യം ഈ ഉപകഥയിലൂടെ വ്യക്തമാകും. നായകൻ വില്ലനാവുകയും വില്ലൻ നായകനാവുകയും ചെയ്ത ചരിത്രഘട്ടത്തെ അത് അടയാളപ്പെടുത്തും. അത് ഇന്നും തുടരുന്നു. ആ നായകന്റെ അപദാനങ്ങൾ പാടാൻ വിധിക്കപ്പെട്ട ബാലിയുടെ പിൻമുറക്കാർ ഇന്നും ചതിയുടേയും കാപട്യത്തിന്റെയും മേലാളന്മാരെ നായകരാക്കി വാഴ്താൻ വിധിക്കപ്പെട്ടവരാണ്. അവരുടെ കപടകാരുണ്യത്തിന്റെ ഇരകൾ മാത്രമാണ്. 

Drama
'ദ വില്ലന്മാരി'ലെ  ഒരു രംഗം

മുദ്രാവാക്യരൂപത്തിലല്ലാതെ പ്രത്യക്ഷപ്പെടുന്ന പൊള്ളുന്ന സമകാലികതയാണ് വില്ലന്മാരുടെ ശക്തി. ഏകശിലാത്മകമായ ഫാസിസത്തിന്റെ രൂപത്തിലേക്ക് പരിണമിക്കുന്ന ഭരണകൂടങ്ങൾ, എതിർശബ്ദങ്ങളെ വേട്ടയാടുന്ന അസഹിഷ്ണുത, പൗരോഹിത്യത്തിന്റെയും നീതിസംവിധാനങ്ങളുടെയും അവിഹിത കൂട്ടുകെട്ടുകൾ, സദാചാര പാഠത്തിന്റെ പ്രയോഗം മാത്രമാവുന്ന വിദ്യാഭ്യാസം, പുതുതലമുറയുടെ അവിഷ്കാരങ്ങളെ സംശയത്തോടെ മാത്രം നോക്കുകയും അവരുടെ സ്വാതന്ത്ര്യത്തെ പിഴുതെറിയാൻ തക്കം നോക്കുകയും ചെയ്യുന്ന സംവിധാനങ്ങൾ, ആണധികാരത്തിന്റെ കൂട്ടിലടക്കപ്പെടുന്ന സ്ത്രീത്വം തുടങ്ങി നാടകം സ്പർശിച്ചു പോകുന്ന വർത്തമാന സാമൂഹിക യാഥാർത്ഥ്യങ്ങൾ നിരവധിയാണെങ്കിലും അവ ശിഥിലമാകാതെയും തിയറ്ററിന്റെ സാധ്യതകൾ സമർത്ഥമായി ഉപയോഗിച്ചും നാടക ശരീരത്തിനകത്ത് മുഴച്ചു നിൽക്കാതെ ഉൾച്ചേർക്കാൻ കഴിഞ്ഞതാണ് വില്ലന്മാരുടെ പെർഫോമൻസ് ടെക്​സ്​റ്റിന്റെ വിജയം.

ALSO READ

മോഹൻലാലിന്റെ ദാസൻ, ശ്രീനിവാസന്റെ വിജയൻ: സിനിമയിലെ തറവാടിത്തവും തൊഴിലാളിത്തവും

അരങ്ങിനെ രണ്ടു മണിക്കൂറോളം ചടുലമാക്കി നിർത്തുന്ന അഭിനേതാക്കളുടെ അസാധാരണമായ പ്രകടനമാണ് ഇത്തരമൊരു ടെക്​സ്​റ്റ്​സാധ്യമാക്കിയത്. രംഗസ്ഥലത്തിന്റെ പല വിതാനങ്ങളിലുള്ള പ്രയോഗത്തിൽ, ഉപയോഗിക്കുന്ന പ്രോപ്പർട്ടികളെ സന്ദർഭാനുസരണം വ്യത്യസ്ത അർത്ഥവിനിമയത്തിനുള്ള  ഉപാധികളാക്കുന്നതിൽ, അഭിനേതാക്കളുടെ ശരീരഭാഷയെ നാടകവിഷയത്തിലേക്ക് വിളക്കിച്ചേർക്കുന്നതിൽ, നാടകത്തിന്റെ ഡിസൈനും ഡയറക്ഷനും നിർവ്വഹിച്ച അരുൺലാൽ അസാധാരണമായ കൈയ്യടക്കമാണ് കാണിച്ചിട്ടുള്ളത്. 

Villain
'ദ വില്ലന്മാര്‍' നാടകത്തില്‍ നിന്ന്

ചാപ്ലിൻ ഈ നാടകത്തിൽ പലകുറി കടന്നുവരുന്നുണ്ട്. മോഡേൺ ടൈംസിലെ പ്രസിദ്ധമായ ഗാനരംഗം ശബ്ദ പഥത്തിൽ സഫലമായി ഉപയോഗിക്കുന്നുണ്ട്. ഗ്രേറ്റ് ഡിക്റ്റേറ്ററിലെ നിരവധി ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. നാടകത്തിനൊടുവിൽ ഗ്രേറ്റ് ഡിക്റ്റേറ്ററിലെ പ്രസിദ്ധമായ ഫാസിസ്റ്റുവിരുദ്ധ പ്രസംഗം നേരിട്ട് സ്റ്റേജിൽ അവതരിപ്പിക്കുന്നുണ്ട്:  "പ്രിയപ്പെട്ടവരെ നിങ്ങൾക്ക് ശക്തിയുണ്ട്. ജീവിതം സുന്ദരവും സ്വതന്ത്രവും ആക്കുവാനുള്ള ശക്തി..രാജ്യാതിർത്തികൾ തകർത്തെറിഞ്ഞ്, ദുരയും വെറുപ്പും അസഹിഷ്ണുതയും ഇല്ലായ്മ ചെയ്ത്, അന്തസ്സോടെ തൊഴിലെടുക്കാൻ കഴിയുന്ന ഒരു ലോകത്തിനായി നമുക്ക് പോരാടാം. ശാസ്ത്രവും സാങ്കേതിക വിദ്യയും പുരോഗതിയും കലയും മനുഷ്യരുടെ നന്മക്കുവേണ്ടിയാകുന്ന ഒരു ലോകത്തിനായി നമുക്ക് പോരാടാം. പ്രിയപ്പെട്ടവരെ, ജനാധിപത്യത്തിന്റെ നാമത്തിൽ നമുക്ക് ഐക്യപ്പെടാം. ഇൻ ദ നെയിം ഓഫ് ഡെമോക്രസി ലെറ്റസ് അൾ  യുണൈറ്റഡ്.’ 

നാടകത്തിന്റെ രാഷ്ട്രീയമാനം അവസാനരംഗത്താണ് ഉജ്ജ്വലമായി ആവിഷ്കരിക്കപ്പെടുന്നത്. ഫാസിസവും ഭരണകൂട ഭീകരതയും പടർത്തുന്ന ഇരുട്ടിൽ ദിശകാണാതെ പരിഭ്രമിക്കുന്ന യുവതയ്ക്കുള്ള ദിശാസൂചിയായി അത് മാറുന്നു. "ഇരുട്ടിനെ ഭയക്കേണ്ട...വെളിച്ചം വരികതന്നെ ചെയ്യും" എന്ന് നാടകം അവരോടൊപ്പം നമ്മോടും പറയുന്നു. 

  • Tags
  • #The Villammar Drama
  • #Drama
  • #Little Earth Theater
  • #Villain
  • #hero
  • #The Great Dictator
  • #Adolf Hitler
  • #Chavittu Malayalam Movie
  • #Art
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Appunni Sasi Interview

Interview

ഷഫീഖ് താമരശ്ശേരി

പുഴുവിലെ നായകൻ

May 15, 2022

30 Minutes Watch

Painting

Art

മുഹമ്മദ് ഫാസില്‍

ആര്‍ടിസ്റ്റ് സത്യഭാമയുടെ തെരിക

Apr 21, 2022

5 Minutes Watch

thankaraj

Obituary

സി. രാധാകൃഷ്ണൻ അമ്പലപ്പുഴ

പഴയ തട്ടകത്തിലേക്ക്​ തിലകൻ വിളിച്ചു, കൈനകരി തങ്കരാജ്​ ഓടിയെത്തി...

Apr 04, 2022

2 minutes read

Lata Mangeshkar

Political Read

പി.എന്‍.ഗോപീകൃഷ്ണന്‍

ലതാ മങ്കേഷ്‌ക്കര്‍ വി.ഡി.സവര്‍ക്കറില്‍ നിന്ന്​ ​​​​​​​രക്ഷപ്പെട്ടതെങ്ങനെ?

Feb 08, 2022

25 Minutes Read

hope

Art

കണ്ണൻ ഉണ്ണി

HOPE Festival: അവതരണ കലയുടെ ഭാവി കാലം

Jan 18, 2022

5 Minutes Read

potato

Truecopy Webzine

Truecopy Webzine

ഉരുളക്കിഴങ്ങിന്റെ ആത്മകഥ

Jan 01, 2022

13 Minutes Read

Interview

ജി.കെ. പിള്ള

ഞാന്‍ മരിച്ചാല്‍ നിങ്ങളെല്ലാം ഓര്‍ക്കുമായിരിക്കും അല്ലേ?''- ജി.കെ. പിള്ള ഓര്‍മ്മകളിലൂടെ

Dec 31, 2021

14 Minutes Read

vk babu

Government Policy

വി.കെ. ബാബു

സർക്കുലർ പിൻവലിച്ചിട്ടെന്തു കാര്യം? സർക്കാറിന്റെ സാഹിത്യപ്പേടി അവിടത്തന്നെയുണ്ട്

Sep 18, 2021

6 Minutes Read

Next Article

മാധ്യമപ്രവർത്തനത്തിന്റെ പുതിയ കാലത്ത്​ എങ്ങനെ വി.പി.ആറിനെ രേഖപ്പെടുത്തും?

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster